2016, ഡിസംബർ 18, ഞായറാഴ്‌ച

ഐസക് ബാഷെവിസ് സിംഗർ - റ്റെയ്ബെലിയും അവളെ പ്രേമിച്ച പിശാചും


ലബ്‌ലിന്‌ അധികം അകലെയല്ലാതുള്ള  ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര്‌ ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന്‌ വില്ലൻചുമയായിരുന്നു, മറ്റേതിന്‌ അഞ്ചാം പനിയും മൂന്നാമത്തേതിന്‌ ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നും മന്ത്രവുമൊന്നും ഫലം കണ്ടില്ല. ദുഃഖം മുഴുത്ത ചെയിം നോസ്സെൻ ലോകത്തിൽ നിന്നേ പിൻവലിഞ്ഞു. അയാൾ ഭാര്യയുടെയടുത്തു പോകാതായി, മാംസം കഴിക്കുന്നത് നിർത്തി, ഉറക്കം പ്രാർത്ഥനാലയത്തിലെ ബഞ്ചിന്മേലുമാക്കി. റ്റെയ്ബെലിയ്ക്ക് ഒരു പീടികയുണ്ടായിരുന്നു; മുമ്പ് അവളുടെ അച്ഛനമ്മമാർ നടത്തിയിരുന്നത്. പകൽ മുഴുവൻ അവൾ കടയിലായിരിക്കും, ഒരു മുഴക്കോൽ വലത്തും കത്രിക ഇടത്തും നിവർത്തിവച്ച യിദ്ദിഷ് പ്രാർത്ഥനാപുസ്തകം മുന്നിലുമായി. തിളക്കം കെട്ട കണ്ണുകളും കുറ്റി പോലത്തെ താടിയുമുള്ള, നീണ്ടുമെലിഞ്ഞ ചെയിം നോസെൻ പണ്ടേ ഒരു ദുർമ്മുഖക്കാരനായിരുന്നു; നല്ല കാലത്തു പോലും അയാളൊന്നു മിണ്ടിക്കണ്ടിട്ടില്ല. ഉയരം കുറഞ്ഞ്, വെളുത്ത റ്റെയ്ബെലിയാവട്ടെ, നീലിച്ച കണ്ണുകളും വട്ടമുഖവുമുള്ള ഒരു സുന്ദരിയായിരുന്നു. സർവ്വശക്തന്റെ ശിക്ഷ ഏറ്റുവാങ്ങിയെങ്കിലും അവൾക്കു ചിരിക്കാൻ വലിയ കാരണമൊന്നും വേണ്ടായിരുന്നു; ആ സമയത്ത് അവളുടെ കവിളിൽ നുണക്കുഴികൾ ഓടിക്കളിക്കുന്നതു കാണാൻ രസമായിരുന്നു. ഇനി വേറേയാർക്കും വേണ്ടി ഒന്നും വെച്ചുണ്ടാക്കേണ്ട ആവശ്യമില്ലെങ്കിലും എന്നും അവൾ അടുപ്പിൽ തീ പൂട്ടി കുറച്ച് കഞ്ഞിയോ സൂപ്പോ ഉണ്ടാക്കും. അവൾ തുന്നലും മുടക്കിയില്ല- ഒരു ജോഡി സ്റ്റോക്കിംഗ്സ്, അതു കഴിഞ്ഞാൽ ഒരു അടിയുടുപ്പ്, അങ്ങനെയെന്തെങ്കിലും; അതുമല്ലെങ്കിൽ ഒരു കാൻവാസെടുത്ത് അതിൽ ചിത്രത്തുന്നൽ ചെയ്യും. വിധിയെ പഴിച്ചുകൊണ്ടിരിക്കുന്നതും ദുഃഖത്തിൽ അള്ളിപ്പിടിച്ചു കൊണ്ടിരിക്കുന്നതും അവളുടെ പ്രകൃതത്തിലുള്ളതല്ല.

ഒരു ദിവസം ചെയിം നോസെൻ തന്റെ പ്രാർത്ഥനാവസ്ത്രവും പുണ്യഗ്രന്ഥം വച്ചിരിക്കുന്ന തോല്പെട്ടിയും ഒരു ജോഡി ഉടുപ്പും കുറച്ചു റൊട്ടിയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. എവിടെ പോകുന്നുവെന്നു ചോദിച്ചവരോടെല്ലം അയാൾ പറഞ്ഞു: “എന്റെ കണ്ണു കൊണ്ടുപോകുന്നിടത്തേക്ക്.”

ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയെന്ന് ആളുകൾ റ്റെയ്ബെലിയോടു ചെന്നു പറയുമ്പോഴേക്കും വൈകിപ്പോയിരുന്നു. അപ്പോഴേക്കും അയാൾ പുഴ കടന്നുകഴിഞ്ഞു. അയാൾ ലബ്‌ലിനിലേക്കു പോകാൻ ഒരു വണ്ടി പിടിച്ചതായി പിന്നീടു വിവരം കിട്ടി. അയാളെ കണ്ടുപിടിച്ചു കൊണ്ടുവരാൻ അവൾ ഒരാളെ അയച്ചു; അയാളെക്കുറിച്ചാവട്ടെ, അവളുടെ ഭർത്താവിനെക്കുറിച്ചാകട്ടെ, പിന്നീട് ഒരു വിവരവും ഉണ്ടായില്ല. അങ്ങനെ മുപ്പത്തൊമ്പതാമത്തെ വയസ്സിൽ താൻ ഭർത്താവുപേക്ഷിച്ച സ്ത്രീ ആയതായി റ്റെയ്ബെലി മനസ്സിലാക്കി.

ഇനിയും പ്രതീക്ഷയും വച്ചിരുന്നിട്ട് കാര്യമില്ലെന്ന് കുറച്ചു നാളത്തെ തിരച്ചിലിനു ശേഷം അവൾക്കു ബോദ്ധ്യമായി. ദൈവം തന്റെ കുട്ടികളേയും തന്റെ ഭർത്താവിനേയും തന്നിൽ നിന്നെടുത്തിരിക്കുന്നു. ഇനിയൊരു വിവാഹം തനിയ്ക്കു പറഞ്ഞിട്ടില്ല; താൻ ഇനിയുള്ള കാലം ഒറ്റയ്ക്കു തന്നെ ജീവിക്കണം. അവൾക്കാകെ ശേഷിച്ചത് താമസിക്കുന്ന വീടും ആ കടയും പിന്നെ അവളുടെ സ്വന്തമായ ചില സാധനങ്ങളും മാത്രമാണ്‌. നാട്ടുകാർക്ക് അവളോടു സഹതാപം തോന്നി; കാരണം അവൾ ബഹളമൊന്നുമില്ലാത്ത, മനസ്സലിവുള്ള ഒരുവളായിരുന്നല്ലോ; കച്ചവടത്തിൽ കപടവുമില്ല. എല്ലാവരും ചോദിക്കുകയായിരുന്നു: ഈ ഭാഗ്യക്കേടൊക്കെ അവൾക്കു തന്നെ വന്നുപെടണമായിരുന്നോ? എന്നാൽ മനുഷ്യൻ കാണുന്നതല്ലല്ലോ ദൈവം കാണുക.

നാട്ടിലെ പ്രായമായ സ്ത്രീകളിൽ പലരും കുട്ടിക്കാലം തൊട്ടേ റ്റെയ്ബെലിയുടെ പരിചയക്കാരായിരുന്നു. വീട്ടമ്മമാർക്ക് പകൽ മുഴുവൻ അടുക്കളയിൽ പിടിപ്പതു പണിയുണ്ടാവും; എന്നാൽ വൈകുന്നേരമാവുന്നതോടെ റ്റെയ്ബെലിയുടെ കൂട്ടുകാരികൾ ഓരോരുത്തരായി വന്നുകൂടുകയായി. വേനല്ക്കാലത്ത് അവർ വീട്ടിനു പുറത്ത് ഒരു ബഞ്ചുമെടുത്തിട്ട് നാട്ടുവർത്തമാനങ്ങളും പരദൂഷണവും പറഞ്ഞിരിക്കും.

നിലാവില്ലാത്ത ഒരു വേനല്ക്കാലരാത്രി; ഈജിപ്ത് പോലെ നാടിരുണ്ടു കിടക്കുന്നു. റ്റെയ്ബെലി ബഞ്ചിലിരുന്ന് അന്നു വാങ്ങിയ ഒരു പുസ്തകത്തിൽ താൻ വായിച്ച ഒരു കഥയെക്കുറിച്ച് കൂട്ടുകാരികളോടു പറയുകയാണ്‌. ഒരു ജൂതയുവതിയും അവളെ വശീകരിച്ച് ഭാര്യയാക്കിയ ഒരു പിശാചുമാണ്‌ കഥാപാത്രങ്ങൾ. റ്റെയ്ബെലി പൊടിപ്പും തൊങ്ങലും വച്ച് കഥ വിസ്തരിച്ചു.

ഒരാൾ സംശയിച്ചു: “ഒരേലസ്സു കെട്ടി അവൾക്കവനെ ഒഴിച്ചുകളഞ്ഞുകൂടായിരുന്നോ?”

“ഏലസ്സിനെ പേടിക്കാത്ത പിശാചുക്കളുമില്ലേ?” റ്റെയ്ബെലി ചോദിച്ചു.

“അവൾക്കൊരു റബ്ബിയെ കാണാൻ പോകാമായിരുന്നല്ലോ?”

“സംഗതി പുറത്തു പറഞ്ഞാൽ താൻ അവളെ കഴുത്തു ഞെക്കിക്കൊല്ലുമെന്ന് പിശാച് അവളെ ഭീഷണിപ്പെടുത്തിയിരുന്നു.”

“കഷ്ടമേ; ദൈവം തന്നെ നമ്മളെ രക്ഷിക്കട്ടെ; ഇതൊന്നും ആർക്കും വരുത്താതിരിക്കണേ!” ഒരു സ്ത്രീ ഉറക്കെപ്പറഞ്ഞു.

“എനിക്കിപ്പോൾ വീട്ടിൽ പോകാൻ പേടിയാവുന്നു,” ഒരാൾ പറഞ്ഞു.

“ഞാൻ കൊണ്ടുപോയാക്കാം,” വേറൊരാൾ സഹായിക്കാമെന്നേറ്റു.

അവർ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അൽക്കൊനോൺ അതു വഴി കടന്നുപോകാനിടയായി; അദ്ധ്യാപകന്റെ സഹായിയായി ജോലി ചെയ്തിരുന്ന അയാൾ വിവാഹച്ചടങ്ങുകളിൽ അതിഥികളെ രസിപ്പിക്കുന്ന വിദൂഷകന്റെ ജോലി തനിക്കു കിട്ടുന്ന ദിവസവും സ്വപ്നം കണ്ടു നടക്കുകയാണ്‌.  അയാളുടെ ഭാര്യ മരിച്ചിട്ട് അഞ്ചു കൊല്ലമായിരിക്കുന്നു; തമാശക്കാരനെന്നും വികടത്തരങ്ങൾ കാണിക്കുന്നവനുമെന്ന ഖ്യാതിയും അയാൾക്കുണ്ടായിരുന്നു: ഒരു പിരി ഇളകിയ ഒരാൾ. ചെരുപ്പ് തേഞ്ഞുതേഞ്ഞ് കാൽവെള്ളയിലാണു നടപ്പെന്നതിനാൽ അയാളുടെ ചുവടുവയ്പുകൾ നിശ്ശബ്ദമായിരുന്നു. റ്റെയ്ബെലി കഥ പറയുന്നതു കേട്ടപ്പോൾ അയാൾ അവിടെ നിന്നു ശ്രദ്ധിച്ചു. നല്ല കുറ്റാക്കുറ്റിരുട്ടായിരുന്നു, പെണ്ണുങ്ങൾ ആ വിചിത്രകഥയിൽ അത്രയ്ക്കാമഗ്നരുമാണ്‌- അയാൾ കഥ കേട്ടുനില്ക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടതേയില്ല. തെമ്മാടിയായ ഈ അൽക്കൊനോണിനറിയാത്ത കുരുട്ടുവിദ്യകളില്ല. അയാൾ അപ്പോൾത്തന്നെ ഒരു പ്ളാൻ മനസ്സിൽ കണ്ടു.

മറ്റു സ്ത്രീകൾ പൊയ്ക്കഴിഞ്ഞപ്പോൾ അൽക്കൊനോൺ റ്റെയ്ബെലിയുടെ വീട്ടുമുറ്റത്തേക്ക് പതുങ്ങിക്കടന്നു ചെന്നു. ഒരു മരത്തിനു പിന്നിൽ പതുങ്ങി നിന്നുകൊണ്ട് അയാൾ ജനാലയിലൂടെ നോക്കി. റ്റെയ്ബെലി കട്ടിലിൽ ചെന്നു കിടക്കുന്നതും വിളക്കു കെടുത്തുന്നതും കണ്ടപ്പോൾ അയാൾ പതുക്കെ വീട്ടിനുള്ളിലേക്കു കടന്നു. റ്റെയ്ബെലി കതകിന്റെ കുറ്റി ഇട്ടിരുന്നില്ല; ആ നാട്ടിൽ കള്ളന്മാരെക്കുറിച്ച് ആരും കേട്ടിട്ടു തന്നെയില്ലല്ലോ. ഇടനാഴിയിൽ വച്ച് അയാൾ തന്റെ മുഷിഞ്ഞ മേൽക്കുപ്പായവും ഇഴ പിഞ്ഞിയ ഉടുപ്പും ട്രൗസറും ഊരിമാറ്റിയിട്ട് പിറന്നപടി നിന്നു. എന്നിട്ടയാൾ റ്റെയ്ബെലിയുടെ കട്ടിലിനടുത്തേക്ക് പമ്മിപ്പമ്മി നടന്നുചെന്നു. ഉറക്കത്തിലേക്കു പതിയെ വീഴുമ്പോഴാണ്‌ ഇരുട്ടത്തൊരു രൂപം നില്ക്കുന്നത് പെട്ടെന്നവൾ കണ്ടത്. ഒന്നും മിണ്ടാൻ പറ്റാത്തപോലെ അവൾ പേടിച്ചരണ്ടുപോയി.

“ആരാത്?” ഉടൽ വിറച്ചുകൊണ്ട് അവൾ പതുക്കെ ചോദിച്ചു.

അൽക്കൊനോൺ ഒരു ഗുഹയിൽ നിന്നു വരുന്ന പോലത്തെ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “കിടന്നു നിലവിളിക്കരുത്, റ്റെയ്ബെലി. വായ തുറന്നാൽ നിന്റെ കഥ കഴിഞ്ഞു. ഹുർമിസ എന്ന പിശാചാണ്‌ ഞാൻ; ഇരുട്ടിനും മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ഇടിമിന്നലിനും കാട്ടുമൃഗങ്ങൾക്കും നാഥൻ. നീ ഇന്നു പറഞ്ഞ കഥയിലെ സ്ത്രീയെ ഭാര്യയാക്കിയ ദുഷ്ടപ്പിശാച് ഞാൻ തന്നെയാണ്‌. അത്ര രസം പിടിച്ചാണ്‌ നീ അക്കഥ പറഞ്ഞതെന്നതിനാൽ പാതാളത്തിൽ വച്ചു ഞാൻ നിന്റെ വാക്കുകൾ കേട്ടു; നിന്റെ ഉടലിനോട് അടക്കവയ്യാത്ത ഒരു മോഹം എനിക്കുണ്ടാവുകയും ചെയ്തു. എതിർക്കാൻ നോക്കരുത്; എന്റെ ഇച്ഛയ്ക്കു വഴങ്ങാത്തവരെ ഇരുട്ടിന്റെ മലകൾക്കുമപ്പുറത്തേക്കു ഞാൻ വലിച്ചിഴച്ചു കൊണ്ടുപോകും- സെയിർ മലയിലേക്ക്, മനുഷ്യന്റെ കാല്പാടുകളറിയാത്ത മരുപ്പറമ്പിലേക്ക്; ഒരു ജന്തുവും കാലു വയ്ക്കാൻ ധൈര്യപ്പെടാത്ത, ഭൂമി ഇരുമ്പും ആകാശം ചെമ്പുമായ ഒരിടം. ഞാനവരെ തീയ്ക്കും മുള്ളിനും അണലികൾക്കും തേളുകൾക്കും മേൽ വലിച്ചിഴയ്ക്കും; അവരുടെ ദേഹത്തെ ഓരോ എല്ലും അരഞ്ഞു പൊടിയാവും; കാലമുള്ള കാലത്തോളം പാതാളക്കയങ്ങളിൽ അവർ പോയിമറയും. എന്നാൽ നീ എന്റെ ഇച്ഛയ്ക്കു വഴങ്ങിയാലോ, നിന്റെ ഒരു മുടിയിഴയ്ക്കു പോലും ഹാനി വരില്ല, നിന്റെ ഏതു സംരംഭത്തെയും ഞാൻ വിജയത്തിലേക്കു നയിക്കുകയും ചെയ്യും.”

ഈ വാക്കുകൾ കേട്ടപ്പോൾ മോഹാലസ്യത്തിലെന്നപോലെ റ്റെയ്ബെലി നിശ്ചേഷ്ടയായി കിടന്നു. അവളുടെ ഹൃദയം ഒന്നു പിടച്ചിട്ട് നിശ്ചലമാകുന്നതായി അവൾക്കു തോന്നി. തന്റെ അന്ത്യമായി എന്ന് അവളോർത്തു. അല്പനേരത്തിനു ശേഷം ധൈര്യം സംഭരിച്ചുകൊണ്ട് അവൾ മന്ത്രിക്കുന്നപോലെ ചോദിച്ചു: “എന്നെക്കൊണ്ടെന്താ വേണ്ടത്? ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയാണ്‌.”

“നിന്റെ ഭർത്താവ് മരിച്ചുപോയി! അയാളുടെ ശവം കൊണ്ടുപോകുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു.” അയാളുടെ ശബ്ദം കിടന്നു മുഴങ്ങി. “റബ്ബിയുടെ അടുത്തു ചെന്ന് സാക്ഷ്യപ്പെടുത്താനും പുനർവിവാഹത്തിനു നിന്നെ മോചിപ്പിക്കാനും എനിക്കു സാദ്ധ്യമല്ല എന്നതു സമ്മതിച്ചു; കാരണം റബ്ബികൾ ഞങ്ങളുടെ തരക്കാർ ഉണ്ടെന്നു വിശ്വസിക്കുന്നില്ലല്ലോ. തന്നെയുമല്ല, റബ്ബിയുടെ മുറിയുടെ വാതിൽ കടക്കാനും എനിക്കു ഭയമാണ്‌- വിശുദ്ധവേദപുസ്തകം വെച്ചിരിക്കുന്നത് അവിടെയല്ലേ. പക്ഷേ ഞാൻ പൊളി പറയുകയല്ല. ഒരു മഹാമാരിയിൽ നിന്റെ ഭർത്താവ് മരിച്ചുപോയി; പുഴുക്കൾ അയാളുടെ മൂക്ക് കരണ്ടു തിന്നുകഴിഞ്ഞു. അഥവാ അയാൾ ജീവനോടിരുപ്പുണ്ടെങ്കിൽത്തന്നെ എന്റെ കൂടെ കിടക്കുന്നതിൽ നിനക്കു വിലക്കുമില്ല, കാരണം, ഷുൽഹാൻ അരൂഹിന്റെ പ്രമാണങ്ങൾ ഞങ്ങൾക്കു ബാധകമല്ല.”


അൽക്കൊനോൺ എന്ന ഹുർമിസ പ്രലോഭനങ്ങളും ഭീഷണികളുമായി തന്റെ അടവുകളൊക്കെയെടുത്തു. മാലാഖമാരെയും പിശാചുക്കളെയും രക്തരക്ഷസ്സുകളെയും പുരാണങ്ങളിലെ വിചിത്രമൃഗങ്ങളേയും അവൻ കൂട്ടിനു വിളിച്ചു. ഭൂതങ്ങളുടെ രാജാവായ അസ്മോദിയൂസ് തന്റെ ചിറ്റപ്പനാണെന്ന് അയാൾ ആണയിട്ടു പറഞ്ഞു. ദുർദ്ദേവതകളുടെ റാണിയായ ലിലിത് തന്നെ കാണിക്കാൻ വേണ്ടി ഒറ്റക്കാലിൽ നൃത്തം ചെയ്തിട്ടുണ്ടെന്നും തന്റെ പ്രീതിയ്ക്കായി പലതും ചെയ്തിട്ടുണ്ടെന്നും അയാൾ  അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അമ്മമാരുടെ അരികിൽ നിന്ന് കൈക്കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന ഷിബ്റ്റ എന്ന പിശാചിനി നരകത്തിൽ അടുപ്പിൽ വച്ച് അയാൾക്ക് പോപ്പിക്കുരുക്കൾ കൊണ്ടുള്ള കേയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടത്രെ; അതിൽ അവൾ മന്ത്രവാദികളുടെയും കറുത്ത നായ്ക്കളുടെയും കൊഴുപ്പ് പുരട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. രസമുള്ള കഥകളും പഴഞ്ചൊല്ലുകളുമായി നീണ്ടുപോയ അയാളുടെ വാദമുഖത്തിനൊടുവിൽ റ്റെയ്ബെലിക്ക് ഒരു ചിരി വന്നതടക്കാൻ പറ്റില്ലെന്നായി. താൻ അവളെ എത്രയോ കാലമായി പ്രേമിക്കുകയായിരുന്നുവെന്ന് ഹുർമിസ സത്യം ചെയ്തു പറഞ്ഞു. അക്കൊല്ലവും അതിനു തലേക്കൊല്ലവും അവൾ ധരിച്ചിരുന്ന ഉടുപ്പുകളും ഷാളുകളും ഇന്നതിന്നതായിരുന്നുവെന്ന് അയാൾ എണ്ണിയെണ്ണിപ്പറഞ്ഞു; മാവു കുഴയ്ക്കുമ്പോൾ, ശാബത്തിന്‌ തീനൊരുക്കുമ്പോൾ, കുളിച്ചുകൊണ്ടു നില്ക്കുമ്പോൾ അവളുടെ മനസ്സിൽ വന്നതൊക്കെ അയാൾ ഒന്നൊന്നായി പറഞ്ഞു. ഒരു ദിവസം കാലത്ത് ഉറക്കമുണർന്നപ്പോൾ മാറത്ത് നീലിച്ചുകറുത്ത ഒരു പാടു കണ്ടത് അയാൾ അവളെ ഓർമ്മിപ്പിച്ചു. ഏതോ ശവംതീനിപ്പിശാചു കടിച്ചതെന്നാണ്‌ അവൾ കരുതിയത്. യഥാർത്ഥത്തിൽ അത് ഹുർമിസയുടെ ചുംബനത്തിന്റെ തിണർപ്പായിരുന്നു, അയാൾ പറഞ്ഞു.

അല്പനേരം കൂടി കഴിഞ്ഞപ്പോഴേക്കും പിശാച് റ്റെയ്ബെലിയുടെ കിടക്കയിൽ കടന്നുകൂടി തന്റെ ഇംഗിതം നിറവേറ്റിക്കഴിഞ്ഞു. ഇനി മുതൽ ആഴ്ചയിൽ രണ്ടു തവണ, ബുധനാഴ്ചയും ശാബത്തിന്റന്നു രാത്രിയിലും, താൻ അവളെ കാണാൻ ചെല്ലുമെന്ന് അയാൾ അവളോടു പറഞ്ഞു; ദുഷ്ടശക്തികളുടെ പോക്കുവരവുകൾ സാധാരണയായി ആ നാളുകളിലാണല്ലൊ. ഇക്കാര്യങ്ങളൊന്നും ഒരാളോടു പോലും പറഞ്ഞുപോകരുതെന്ന് അയാൾ അവളോടു പ്രത്യേകം പറഞ്ഞു; നേരിയൊരു സൂചന പോലും നല്കിയാൽ അവളെ കാത്തിരിക്കുന്ന ദണ്ഡനവിധി അത്ര കടുത്തതായിരിക്കും: താൻ അവളുടെ മുടിയിഴകൾ ഓരോന്നായി പിഴുതെടുക്കുകയും അവളുടെ കണ്ണുകൾ തുരന്നെടുക്കുകയും അവളുടെ പൊക്കിൾ കടിച്ചെടുക്കുകയും ചെയ്യും. നിർജ്ജനമായ ഒരു മരുപ്പറമ്പിലേക്ക് താൻ അവളെ എടുത്തെറിയും; അവിടെ കുടിയ്ക്കാൻ ചോരയും കഴിക്കാൻ ചാണകവുമാണുണ്ടാവുക; രാവും പകലും സൽമാവെത്തിന്റെ നിലവിളി ഉയർന്നുകൊണ്ടിരിക്കും. മരണം വരെയും ഈ രഹസ്യം രഹസ്യമായി വച്ചുകൊള്ളാമെന്ന് അമ്മയെ പിടിച്ചു സത്യം ചെയ്യാൻ അയാൾ അവളോടാജ്ഞാപിച്ചു. അതല്ലാതൊരു വഴിയില്ലെന്ന് റ്റെയ്ബെലിയ്ക്കു ബോദ്ധ്യമായി. അവൾ അയാളുടെ തുടയിൽ കൈ വച്ച് സത്യം ചെയ്തു.

പോകുന്നതിനു മുമ്പ് ഹുർമിസ അവളെ ആവേശത്തോടെ അണച്ചുപിടിച്ചു ചുംബിച്ചു; മനുഷ്യനല്ലാത്ത ആ സത്വത്തെ അവൾ തിരിച്ചു ചുംബിക്കുകയും അവന്റെ താടി തന്റെ കണ്ണീരു കൊണ്ടു നനയ്ക്കുകയും ചെയ്തു. പാപാത്മാവാണെങ്കിലും അവൻ തന്നോടു കാരുണ്യത്തോടെ പെരുമാറുകയെങ്കിലും ചെയ്തല്ലോ...

ഹുർമിസ പൊയ്ക്കഴിഞ്ഞപ്പോൾ റ്റെയ്ബെലി തലയിണയിൽ മുഖമമർത്തി പുലരും വരെ കിടന്നു കരഞ്ഞു.

എല്ലാ ബുധനാഴ്ച രാത്രിയിലും ശാബത് രാത്രിയിലും ഹുർമിസ അവളെ കാണാനെത്തി. തനിക്കു ഗർഭമുണ്ടാവുമെന്നും വാലും കൊമ്പുള്ള ഒരു ജന്തുവിനെ പ്രസവിക്കുമെന്നും അവൾക്കു പേടിയുണ്ടായിരുന്നു; എന്നാൽ അങ്ങനെയൊരു നാണക്കേട് അവൾക്കു വരുത്താതെ നോക്കാമെന്ന് അയാൾ ഉറപ്പു കൊടുത്തു. പുറത്താവുന്ന ദിവസങ്ങളിൽ താൻ പതിവു പോലെ ചടങ്ങു പ്രകാരമുള്ള കുളിയ്ക്കു പോകേണ്ടതുണ്ടോയെന്ന് അവൾ ചോദിച്ചു; ആർത്തവത്തെ സംബന്ധിച്ചുള്ള പ്രമാണങ്ങൾ അവിശുദ്ധജന്മങ്ങളുമായി ബന്ധം പുലർത്തുന്നവർക്കു ബാധകമല്ലെന്നായിരുന്നു ഹുർമിസയുടെ തീർപ്പ്.


പണ്ടുള്ളവർ പറഞ്ഞിട്ടുള്ളതു പോലെ, യാതൊന്നും പഴക്കമാവാതെ ദൈവം നമ്മെ കാക്കട്ടെ. റ്റെയ്ബെലിയുടെ കാര്യവും ഇതായിരുന്നു. തന്റെ രാത്രിസന്ദർശകൻ എന്തൊക്കെ ദോഷങ്ങളാണ്‌ തനിക്കു വരുത്തുക എന്ന് ആദ്യമൊക്കെ അവൾക്കു പേടിയുണ്ടായിരുന്നു: തന്റെ ദേഹമാകെ കുരുക്കൾ പൊന്തുമോയെന്നും തന്റെ മുടി ചെട കെട്ടുമോയെന്നും താൻ നായ്ക്കളെപ്പോലെ കുരയ്ക്കുമോയെന്നും താൻ മൂത്രം കുടിയ്ക്കുമോയെന്നും തനിയ്ക്കാകെ നാണക്കേടാകുമോയെന്നുമൊക്കെ അവൾ പേടിച്ചു. ഹുർമിസ പക്ഷേ, അവളെ ചാട്ട കൊണ്ടടിക്കുകയോ പിച്ചുകയോ അവളുടെ ദേഹത്തു തുപ്പുകയോ ഒന്നും ചെയ്തില്ല. മറിച്ച് അവൻ അവളെ തലോടുകയും അവളുടെ കാതുകളിൽ പുന്നാരങ്ങൾ ചൊല്ലുകയും അവൾക്കു വേണ്ടി ശ്ളോകങ്ങളും ഫലിതങ്ങളും ഉണ്ടാക്കിച്ചൊല്ലുകയുമാണ്‌ ചെയ്തത്. അവൻ കാണിയ്ക്കുന്ന വികടത്തങ്ങളും പറയുന്ന തമാശകളും കേട്ട് അവൾക്കു ചിരിക്കാതെ പറ്റില്ലെന്നായി. അവൻ അവളുടെ കാതിനു പിടിച്ചു വലിയ്ക്കുകയും അവളുടെ തോളത്ത് പ്രേമപൂർവ്വം കടിയ്ക്കുകയും ചെയ്യും. കാലത്തു നോക്കുമ്പോൾ അവന്റെ പല്ലിന്റെ പാടുകൾ അവളുടെ തൊലിയിലുണ്ടായിരുന്നു. അവളുടെ നീണ്ട മുടി അവൻ പിന്നിക്കൊടുക്കും. അവൻ അവൾക്ക് മന്ത്രങ്ങളും വശ്യങ്ങളും പഠിപ്പിച്ചു കൊടുത്തു; തന്റെ രാത്രിസഹചാരികളെക്കുറിച്ചു പറഞ്ഞു: ആ ഭൂതങ്ങൾക്കൊപ്പമാണ്‌ താൻ തകർന്നുകിടക്കുന്ന നഗരങ്ങൾക്കും വിഷക്കൂണുകൾ വളരുന്ന പാടങ്ങൾക്കും മേൽ, സോദോമിലെ ഉപ്പളങ്ങൾക്കു മേൽ, മഞ്ഞുകടലിന്റെ ഉറഞ്ഞ വൈപുല്യത്തിനു മേൽ പറന്നുനടക്കാറുള്ളത്. തനിയ്ക്കു മറ്റു ഭാര്യമാർ ഉണ്ടെന്ന കാര്യം അവൻ നിഷേധിച്ചില്ല; അവരൊക്കെപ്പക്ഷേ, പെൺപിശാചുക്കളാണ്‌. മനുഷ്യസ്ത്രീയായി റ്റെയ്ബെലി മാത്രമേ തനിയ്ക്കുള്ളു. അവന്റെ ഭാര്യമാർ ആരൊക്കെയാണെന്ന് അവൾ ചോദിച്ചപ്പോൾ അവൻ അവരുടെ പേരുകൾ പറഞ്ഞു: നമാ, മൿലാത്ത്, അഫ്ഫ്, ചുൽദ, സ്ലൂക്കാ, നഫ്ക്കാ, പിന്നെ ചീമയും. ആകെക്കൂടി ഏഴു പേർ.

കീലു പോലെ കറുത്തിട്ടാണത്രേ, നമാ; വലിയ ദേഷ്യക്കാരിയുമാണ്‌. അവനോടു വഴക്കിടുമ്പോൾ അവൾ വിഷം തുപ്പുകയും മൂക്കിലൂടെ തീയും പുകയും വമിപ്പിക്കുകയും ചെയ്യും.

മൿലാത്തിന്‌ അട്ടയുടെ മുഖമായിരുന്നു; അവളുടെ നാക്കു തൊടുന്നവരൊക്കെ ഇരുമ്പു പഴുപ്പിച്ചു വെച്ചതുപോലെ പൊള്ളിക്കരിഞ്ഞുപോകും.

അഫ്ഫിന്‌ അണിഞ്ഞൊരുങ്ങാൻ വലിയ കൊതിയാണ്‌; വെള്ളിയും വജ്രവും മരതകവും കൊണ്ട് അവൾ സ്വയം അലങ്കരിക്കും. അവളുടെ മുടി മെടഞ്ഞിരിക്കുന്നത് സ്വർണ്ണനൂലുകൾ കൊണ്ടാണ്‌. കണങ്കാലുകളിൽ അവൾ മണികളും കടകങ്ങളും അണിഞ്ഞിരിക്കുന്നു. അവൾ നൃത്തം വയ്ക്കുമ്പോൾ മരുഭൂമിയാകെ ചിലങ്കകളുടെ മുഴക്കമായിരിക്കും.

ചുൽദായ്ക്ക് പൂച്ചയുടെ രൂപമാണ്‌. പൂച്ച കരയുന്ന പോലെയാണ്‌ അവൾ സംസാരിക്കുക. അവളുടെ കണ്ണുകൾക്ക് നെല്ലിക്കയുടെ പച്ചനിറമാണ്‌. ഇണ ചേരുമ്പോഴൊക്കെയും അവൾ കരടിയുടെ കരൾ കടിച്ചു ചവച്ചുകൊണ്ടിരിക്കും.

സ്ലൂക്കാ പുതുമണവാട്ടിമാരുടെ വൈരിയായിരുന്നു. അവൾ ആണുങ്ങളെ ഷണ്ഡന്മാരാക്കിക്കളയും. ഏഴു ദാമ്പത്യാനുഗ്രഹങ്ങളുടെ കാലത്ത് വിവാഹം കഴിഞ്ഞ ഒരുത്തി ഒറ്റയ്ക്കു പുറത്തേക്കിറങ്ങിയാൽ സ്ലൂക്കാ നൃത്തം ചെയ്തുകൊണ്ട് അവളെ സമീപിക്കും; അതോടെ അവളുടെ സംസാരശേഷി നഷ്ടപ്പെടുകയോ അവൾക്ക് ചുഴലി വരികയോ ചെയ്യും.

നഫ്ക്ക ദുർന്നടപ്പുകാരിയായിരുന്നു. അവനെ വഞ്ചിച്ചുകൊണ്ട് അവൾ എപ്പോഴും മറ്റു പിശാചുക്കളുടെ കൂടെ പോകും. അവൾ അവന്റെ ഇഷ്ടം പോകാതെ നോക്കിയത് ആ ദുഷിച്ച നാവിന്റെ ബലം കൊണ്ടായിരുന്നു; അവളുടെ പുഴുത്ത വാചകമടി കേൾക്കാൻ അവനു വല്ലാത്ത കമ്പമായിരുന്നു.

ചീമ, ആ പേരു വെച്ചു നോക്കിയാൽ, തീർത്തും ദുഷ്ടയാകേണ്ടതായിരുന്നു, നമാ സൗമ്യപ്രകൃതിയാകേണ്ടതു പോലെ; പക്ഷേ തിരിച്ചാണ്‌ സംഭവിച്ചത്. ദ്രോഹബുദ്ധി തീരെയില്ലാത്ത ഒരു പിശാചിനിയായിരുന്നു അവൾ. അവൾ ഓരോ പരോപകാരം ചെയ്തുകൊണ്ടേയിരിക്കും; സുഖമില്ലാതെ കിടപ്പായ വീട്ടമ്മമാർക്ക് മാവു കുഴച്ചു കൊടുക്കുക, തീരെ പാവപ്പെട്ടവർക്ക് വീട്ടിൽ ഭക്ഷണമെത്തിക്കുക എന്നിങ്ങനെ.

ഇപ്രകാരമാണ്‌ ഹുർമിസ തന്റെ ഭാര്യമാരെ വർണ്ണിച്ചത്. അവരോടൊപ്പമുള്ള വിനോദങ്ങളെക്കുറിച്ചും അവൻ പറഞ്ഞു: പുരപ്പുറങ്ങൾക്കു മേൽ അവരുമായി സാറ്റ് കളിക്കുന്നത്, പലതരത്തിലുള്ള കുസൃതിത്തരങ്ങൾ ഒപ്പിക്കുന്നത്...തന്റെ പുരുഷൻ മറ്റൊരു സ്ത്രീയുടെ പിന്നാലെ പോകുന്നുവെന്നു കേൾക്കുമ്പോൾ ഏതൊരുത്തിയ്ക്കും കുശുമ്പു തോന്നുമെന്നുള്ളതാണ്‌ സാധാരണ കണ്ടുവരുന്നത്. എന്നാൽ ഒരു മനുഷ്യസ്ത്രീയ്ക്ക് ഒരു പെൺപിശാചിനോട് എങ്ങനെ വിരോധം വയ്ക്കാൻ പറ്റും? ഹുർമിസയുടെ കഥകൾ റ്റെയ്ബെലിയെ രസിപ്പിക്കുകയാണ്‌ ചെയ്തത്. അതിന്റെ വിശദാംശങ്ങൾ കൂടി അവൾക്കറിയണം. ഒരു മനുഷ്യജീവിയ്ക്കും അറിയാൻ സാദ്ധ്യമല്ലാത്ത നിഗൂഢസത്യങ്ങൾ കൂടി ചിലപ്പോൾ അവൻ അവൾക്കു മുമ്പാകെ തുറന്നുവയ്ക്കും: ദൈവത്തെക്കുറിച്ച്, അവന്റെ മാലാഖമാരെയും ദേവദൂതന്മാരെയും കുറിച്ച്, അവന്റെ സ്വർഗ്ഗീയഹർമ്മ്യങ്ങളെക്കുറിച്ച്, ഏഴു സ്വർഗ്ഗങ്ങളെ കുറിച്ച്. ആണും പെണ്ണുമായ പാപികളെ താർവീപ്പകളിലും എരികനൽ നിറച്ച കുട്ടകങ്ങളിലും ആണി തറച്ച പലകകളിലും മഞ്ഞുകുഴികളിലുമിട്ടു പീഡിപ്പിക്കുന്നതിനെക്കുറിച്ചും കറുത്ത മാലാഖമാർ അഗ്നിദണ്ഡുകൾ കൊണ്ട് അവരെ പ്രഹരിക്കുന്നതിനെക്കുറിച്ചുമൊക്കെ അവൻ വിസ്തരിച്ചു.

ഇക്കിളിപ്പെടുത്തലാണ്‌ നരകത്തിലെ ഏറ്റവും വലിയ ശിക്ഷ, ഹുർമിസ പറഞ്ഞു. ലെക്കിഷ് എന്നു പേരായി ഒരു ചാത്തനുണ്ട്. ലെക്കിഷ് ഒരു വ്യഭിചാരിണിയെ പിടിച്ച് കാൽവെള്ളയിലോ കക്ഷത്തോ ഇക്കിളിപ്പെടുത്തുമ്പോൾ അവളുടെ ദയനീയമായ ചിരി അങ്ങു മഡഗാസ്കർ ദ്വീപു വരേയ്ക്കും അലയടിക്കും.

ഈ രീതിയിൽ രാത്രിയൊടുങ്ങുവോളം ഹുർമിസ റ്റെയ്ബെലിയെ രസിപ്പിച്ചുപോന്നു; അവന്റെ അഭാവം തനിക്കു സഹിക്കാൻ പറ്റാതാവുന്നു എന്ന് അവൾക്കു മനസ്സിലായിത്തുടങ്ങി. വേനല്ക്കാലത്ത് രാത്രികൾ തീരെ ദൈർഘ്യം കുറഞ്ഞവയായി അവൾക്കു തോന്നി; കോഴി കൂവിയാലുടനേ ഹുർമിസ സ്ഥലം വിടുമല്ലോ. മഞ്ഞുകാലരാത്രികൾക്കു പോലും ദൈർഘ്യം കുറവായി അവൾക്കു തോന്നിത്തുടങ്ങി. യാഥാർത്ഥ്യമെന്തെന്നാൽ, അവളിപ്പോൾ ഹുർമിസായെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു; ഒരു മനുഷ്യസ്ത്രീ ഒരിക്കലും ഒരു പിശാചിനെ കാമിച്ചുകൂടെന്നറിയാമായിരുന്നിട്ടും രാത്രിയും പകലും അവൾ അവനെയോർത്തു കഴിച്ചുകൂട്ടി.

II

അൽക്കൊനോൺ വിഭാര്യനായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെങ്കിലും അയാളെ വിവാഹം കഴിപ്പിക്കാൻ ദല്ലാളന്മാർ ശ്രമം അവസാനിപ്പിച്ചിരുന്നില്ല. അവർ കൊണ്ടുവന്ന ആലോചനകൾ മിക്കതും പക്ഷേ, അത്ര നല്ല പേരില്ലാത്ത വീടുകളിൽ നിന്നായിരുന്നു, വിധവകളുടേതും ബന്ധമൊഴിഞ്ഞവരുടേതുമായിരുന്നു; കാരണം, ഒരദ്ധ്യാപകന്റെ സഹായിയായി ജോലി നോക്കുന്ന ഒരാൾക്ക് അത്രയ്ക്കല്ലേ, സാമ്പത്തികസ്ഥിതിയുള്ളു; തന്നെയുമല്ല, അൽക്കൊനോണിന്‌ ഒന്നിലും ഉറച്ചുനില്ക്കാത്തവനെന്നും ഗുണം പിടിക്കാത്തവനെന്നുമുള്ള ദുഷ്പേരുമുണ്ടായിരുന്നു. വന്ന ആലോചനകളൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അൽക്കെനോൺ തള്ളിക്കളഞ്ഞു: ഒരുവൾക്കു സൗന്ദര്യം പോര, ഇനിയൊരുവളുടെ സംസാരം ശരിയല്ല, മൂന്നാമത്തവൾക്ക് വീറും വൃത്തിയുമില്ല. ദല്ലാളന്മാർ മൂക്കത്തു കൈ വച്ചു: ആഴ്ചയിൽ ഒമ്പതു ഗ്രോഷൻ മാത്രം സമ്പാദിക്കുന്ന ഒരാൾ ഇങ്ങനെ ചികഞ്ഞുനോക്കുന്നവനായാലോ! എത്ര കാലമാണ്‌ ഒരു മനുഷ്യൻ ഒറ്റയ്ക്കു ജീവിക്കാൻ പോകുന്നത്? അതേ സമയം ആരെയും പിടിച്ചുവലിച്ച് കല്യാണമണ്ഡപത്തിൽ കയറ്റാനും പറ്റില്ലല്ലോ.

അൽക്കൊനോൺ ഇങ്ങനെ നാട്ടിൽ തട്ടിത്തടഞ്ഞു നടന്നു: നീണ്ടുമെലിഞ്ഞ്, കീറത്തുണിയുമുടുത്ത്, വളർന്നുമുറ്റിയ താടിയും വച്ച്, ഉയർന്നുതാഴുന്ന തൊണ്ടമുഴയുമായി. കല്യാണച്ചടങ്ങുകളിൽ വിദൂഷകവേഷം കെട്ടുന്ന റെബ് സെക്കെൽ മരിച്ചിട്ടു വേണം അയാൾക്ക് ആ ജോലി ഏറ്റെടുക്കാൻ. എന്നാൽ റെബ് സെക്കെൽ മരിക്കാൻ ഒരു തിടുക്കവും കാണിക്കുന്ന മട്ടുമില്ല. അദ്ദേഹം തന്റെ ചെറുപ്പകാലത്തെന്ന പോലെ നേരമ്പോക്കുകളും നിമിഷകവിതകളും തട്ടിവിട്ട് വിവാഹസദസ്സുകളെ ആവേശഭരിതമാക്കുകയാണ്‌. അൽക്കൊനോൺ സ്വന്തനിലയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു തുടക്കമൊക്കെ ഇട്ടുനോക്കിയെങ്കിലും ഒരു രക്ഷിതാവും സ്വന്തം കുട്ടിയെ അയാളെ വിശ്വസിച്ചേല്പിക്കാനുള്ള ധൈര്യം കാണിച്ചില്ല. രാവിലെയും വൈകുന്നേരവും അയാൾ ആൺകുട്ടികളെ മതപാഠശാലയിൽ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യും. പകൽ മുഴുവൻ അയാൾ അദ്ധ്യാപകനായ റെബ് ഇച്ചെലിന്റെ വീട്ടുമുറ്റത്ത് വർഷത്തിൽ ഒരിക്കൽ മാത്രം, പെന്തക്കോസ്തിന്‌, ഉപയോഗപ്പെടുന്ന കടലാസ്സുതോരണങ്ങൾ വെട്ടിയുണ്ടാക്കുകയോ കളിമണ്ണു കൊണ്ട് രൂപങ്ങൾ മെനയുകയോ ചെയ്തുകൊണ്ടിരിക്കും. റ്റെയ്ബെലിയുടെ പീടികയിൽ നിന്നകലെയല്ലാതെ ഒരു കിണറുണ്ടായിരുന്നു; പകൽ പലതവണ അയാൾ വെള്ളം കുടിക്കാൻ അവിടെ ചെല്ലും. ചെമ്പിച്ച താടിയിലൂടെ ഒലിപ്പിച്ചുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അയാൾ ഏറുകണ്ണിട്ട് റ്റെയ്ബെലിയെ നോക്കും. അവൾക്ക് അയാളോടു സഹതാപം തോന്നും: എന്തിനാണ്‌ ഈ മനുഷ്യൻ ഒറ്റയ്ക്കിങ്ങനെ കഴിയുന്നത്? അൽക്കോനോൺ മനസ്സിൽ പറയും: “റ്റെയ്ബെലി, യഥാർത്ഥത്തിൽ നടക്കുന്നതെന്താണെന്ന് നീ മനസ്സിലാക്കിയിരുന്നെങ്കിൽ!”

ബധിരയും പാതി അന്ധയുമായ ഒരു വൃദ്ധവിധവയുടെ തട്ടുമ്പുറത്തുള്ള മുറിയിലാണ്‌ അൽക്കോനോണിന്റെ താമസം. മറ്റു ജൂതന്മാരെപ്പോലെ സിനഗോഗിൽ പ്രാർത്ഥിക്കാൻ പോകാത്തതിന്‌ കിഴവി പലപ്പോഴും അയാളെ ശകാരിക്കാറുണ്ടായിരുന്നു. കുട്ടികളെ വീട്ടിൽ കൊണ്ടുപോയാക്കി തിരിയെ വന്നാൽ തിടുക്കത്തിൽ ഒരു സന്ധ്യാപ്രാർത്ഥനയും നടത്തി കട്ടിലിൽ ചെന്നു വീഴുകയാണ്‌ അയാളുടെ പതിവ്. അയാൾ നടുപ്പാതിരയ്ക്കെഴുന്നേറ്റ് എവിടേയ്ക്കോ പോകുന്നതായി അവർക്കു ചിലപ്പോൾ തോന്നാറുണ്ടായിരുന്നു. രാത്രിയിൽ എങ്ങോട്ടാണു സഞ്ചാരം എന്ന അവരുടെ ചോദ്യത്തിന്‌ അതവർ സ്വപ്നം കണ്ടതായിരിക്കും എന്നാണ്‌ അയാൾ മറുപടി പറയുക. സന്ധ്യയ്ക്ക് തുന്നലും പരദൂഷണവുമായി ബഞ്ചുകളിലിരിക്കുന്ന പെണ്ണുങ്ങൾ പാതിരാത്രി കഴിഞ്ഞാൽ അൽക്കോനോൺ ചെന്നായയായി രൂപം മാറുന്നതായി പറഞ്ഞുപരത്തി. അയാൾക്ക് ഒരു സക്യുബസ്സുമായി വേഴ്ചയുണ്ടെന്നായി വേറേ ചില പെണ്ണുങ്ങൾ. അല്ലെങ്കിൽ പിന്നെങ്ങനെയാണ്‌ ആണൊരാൾ ഇത്രയും കാലം കല്യാണം കഴിക്കാതിരിക്കുന്നത്? പണക്കാർ തങ്ങളുടെ കുട്ടികളെ അയാളോടൊപ്പം അയക്കാതായി. അയാൾക്കിപ്പോൾ പാവപ്പെട്ടവരുടെ കുട്ടികളെ മാത്രമേ കൊണ്ടുവിടാനുള്ളു; ചൂടുള്ള ആഹാരം വല്ലപ്പോഴുമൊരിക്കൽ കിട്ടിയാലായി.

അൽക്കൊനോൺ മെലിഞ്ഞുമെലിഞ്ഞു വന്നു; എന്നാൽ അയാളുടെ ചുവടുകളുടെ ചുറുചുറുക്കിന്‌ ഒരു കുറവും വന്നിരുന്നില്ല. ആ നീണ്ടുമെലിഞ്ഞ കാലുകളിൽ പൊയ്ക്കാലുകളിലെന്നപോലെ അയാൾ തെരുകളിലൂടെ നടന്നു. അയാൾക്കു വല്ലാത്ത ദാഹമായിരുന്നിരിക്കണം; എപ്പോൾ നോക്കിയാലും കിണറ്റിൻ കരയിലേക്കു പോകുന്നതായിട്ടാണ്‌ അയാളെ കാണുക. ചിലപ്പോൾ അയാൾ വെള്ളത്തൊട്ടി കുതിരപ്പുറത്തു കയറ്റാൻ ഏതെങ്കിലും കൃഷിക്കാരനെ സഹായിക്കുക മാത്രമായിരിക്കും. അയാളുടെ കുപ്പായം എന്തുമാത്രം പിഞ്ഞിക്കീറിയതാണെന്ന് ഒരു ദിവസം റ്റെയ്ബെലി ദൂരെ നിന്നു കണ്ടു. അവൾ അയാളെ കടയിലേക്കു വിളിച്ചു. വിളറിവെളുത്തുപോയ അൽക്കോനോൺ പേടിച്ചരണ്ടുകൊണ്ട് അവളെ നോക്കി.

“നിങ്ങളുടെ ഉടുപ്പാകെ കീറിയിരിക്കുന്നല്ലോ,” റ്റെയ്ബെലി പറഞ്ഞു. “വിരോധമില്ലെങ്കിൽ ഞാൻ കുറച്ചു തുണി കടമായി തരാം. വില പിന്നീടു തന്നാൽ മതി, ആഴ്ചയിൽ അഞ്ചു പെനി വെച്ച്.”

“വേണ്ട.”

“അതെന്താ?” അമ്പരപ്പോടെ റ്റെയ്ബെലി ചോദിച്ചു. “തവണ മുടങ്ങിയാൽ ഞാൻ നിങ്ങളെ റബ്ബിയുടെ മുന്നിലേക്കു വരുത്താനൊന്നും പോകുന്നില്ല. കിട്ടുമ്പോൾ തന്നാൽ മതി.”

“വേണ്ട.”

എന്നിട്ടയാൾ പെട്ടെന്ന് കടയിൽ നിന്നിറങ്ങിപ്പോയി; അവൾ തന്റെ ശബ്ദം തിരിച്ചറിയുമോയെന്ന് അയാൾക്കു പേടി തോന്നി.

വേനല്ക്കാലത്ത് പാതിരാത്രിയിൽ റ്റെയ്ബെലിയെ കാണാൻ പോകുന്നത് എളുപ്പമായിരുന്നു. വേറൊന്നും മറയ്ക്കാത്ത ദേഹത്ത് ഒരുടുപ്പു മാത്രം ചുറ്റി ഇടവഴികളിലൂടെ അയാൾക്കു പോകാം. എന്നാൽ മഞ്ഞുകാലമായതോടെ റ്റെയ്ബെലിയുടെ ഇടനാഴിയിൽ വച്ചുള്ള ഉടുപ്പഴിക്കലും ഇടലും കൂടുതൽ കൂടുതൽ പീഡാവഹമാവുകയായിരുന്നു. പുതുമഞ്ഞു വീണ രാത്രികളായിരുന്നു ഏറെ ദുർവഹം. റ്റെയ്ബെലിയോ ഏതെങ്കിലും അയല്ക്കാരനോ തന്റെ കാല്പാടുകൾ കാണുമോയെന്ന് അയാൾക്കു വേവലാതിയായി. തണുപ്പടിച്ച് അയാൾക്കു ചുമ തുടങ്ങി. ഒരു രാത്രിയിൽ റ്റെയ്ബെലിയുടെ കട്ടിലിൽ ചെന്നു കിടക്കുമ്പോൾ അയാളുടെ പല്ലുകൾ കൂട്ടിമുട്ടുന്നുണ്ടായിരുന്നു; കുറേയേറെ നേരം കഴിഞ്ഞിട്ടേ അയാളൊന്നുഷാറായുള്ളു. അവൾ തന്റെ കള്ളക്കളി കണ്ടുപിടിക്കുമോയെന്ന പേടി കാരണം അയാൾ പലതരം വിശദീകരണങ്ങളും ഒഴികഴിവുകളും കണ്ടെത്താൻ തുടങ്ങി. എന്നാൽ റ്റെയ്ബെലി അങ്ങനെ ചുഴിഞ്ഞൊന്നും ചോദിച്ചില്ല, അതിനവൾക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല. മനുഷ്യന്റെ എല്ലാ ശീലങ്ങളും ദൗർബല്യങ്ങളും പിശാചിനുമുണ്ടെന്ന് ഇതിനകം അവൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ഹുർമിസ വിയർക്കുകയും തുമ്മുകയും എക്കിൾ വിടുകയും കോട്ടുവായിടുകയും ചെയ്തിരുന്നു. ചിലപ്പോൾ അവന്റെ ശ്വാസത്തിന്‌ ഉള്ളിയുടെ മണമാണെങ്കിൽ മറ്റു ചിലപ്പോൾ വെളുത്തുള്ളിയുടെ നാറ്റമായിരിക്കും. അവന്റെ ദേഹം തന്റെ ഭർത്താവിന്റെ ദേഹം പോലെയാണ്‌ അവളുടെ കൈവിരലുകൾ അറിഞ്ഞത്; എല്ലു തെഴുത്തതും രോമനിബിഡവുമായ അതിന്‌ തൊണ്ടമുഴയും പൊക്കിളുമുണ്ടായിരുന്നു. ചിലനേരത്ത് ഹുർമിസ നല്ല ഉഷാറിലായിരിക്കും; മറ്റു ചിലപ്പോൾ അവൻ നെടുവീർപ്പിടുന്നതും കേൾക്കാം. അയാളുടെ പാദങ്ങൾ വാത്തിന്റേതു പോലായിരുന്നില്ല; നഖങ്ങളും തഴമ്പുമായി മനുഷ്യന്റേതു തന്നെയായിരുന്നു.

ഇതിന്റെയൊക്കെ അർത്ഥമെന്താണെന്ന് ഒരിക്കൽ റ്റെയ്ബെലി ഹുർമിസയോടു ചോദിച്ചു; അവന്റെ വിശദീകരണം ഇതായിരുന്നു: “ഞങ്ങളിൽ ഒരാൾ മനുഷ്യസ്ത്രീയെ പ്രാപിക്കുമ്പോൾ അയാൾ മനുഷ്യരൂപമെടുക്കും. അല്ലെങ്കിൽ അവൾ പേടിച്ചു മരിച്ചുപോവില്ലേ.”

അതെ, റ്റെയ്ബെലിക്ക് അവനെ ഇഷ്ടമായിക്കഴിഞ്ഞു. അവൾക്ക് അവനോടോ അവന്റെ വികൃതിത്തരങ്ങളോടോ ഉണ്ടായിരുന്ന പേടി മാറിക്കഴിഞ്ഞു. അവന്റെ കഥകൾക്ക് അവസാനമില്ലായിരുന്നു; പക്ഷേ റ്റെയ്ബെലി പലപ്പോഴും അവയിൽ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. എല്ലാ നുണയന്മാരെയും പോലെ അവന്റെയും ഓർമ്മയ്ക്ക് ആയുസ്സ് കുറവായിരുന്നു. പിശാചുക്കൾ ചിരംജീവികളാണെന്നാണ്‌ അവൻ ആദ്യം അവളോട് പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം രാത്രിയിൽ അവൻ അവളോടു ചോദിച്ചു: “ഞാൻ മരിച്ചു പോയാൽ നീ എന്തു ചെയ്യും?”

“പക്ഷേ പിശാചുക്കൾ മരിക്കില്ലല്ലോ!”

“അവരെ പാതാളത്തിന്റെ ഏറ്റവും താഴത്തെ തട്ടിലേക്കു കൊണ്ടുപോവുകയാണ്‌...”

അക്കൊല്ലത്തെ മഞ്ഞുകാലത്ത് നാട്ടിൽ ഒരു പകര്‍ച്ചപ്പനി പടർന്നുപിടിച്ചു. പുഴയിൽ നിന്നും കാട്ടിൽ നിന്നും ചതുപ്പുകളിൽ നിന്നും വിഷക്കാറ്റ് വീശി. കുട്ടികൾ മാത്രമല്ല, പ്രായമായവരും വിഷപ്പനിയ്ക്കിരകളായി. മഴയും മഞ്ഞും നിലയ്ക്കാതെ പെയ്തു. വെള്ളപ്പൊക്കത്തിൽ പുഴയിലെ അണ തകർന്നു. കൊടുങ്കാറ്റിൽ കാറ്റാടിയുടെ ഒരില പറന്നുപോയി. ബുധനാഴ്ച രാത്രിയിൽ ഹുർമിസ എത്തുമ്പോൾ അവന്റെ ഉടൽ ചുട്ടുപൊള്ളുകയാണെന്ന് അവൾ അറിഞ്ഞു; എന്നാൽ അവന്റെ കാലടികൾ മഞ്ഞുകട്ട പോലെ തണുത്തിരുന്നു. പെൺപിശാചുക്കളെയും അവർ ചെറുപ്പക്കാരെ വശീകരിക്കുന്നതിനെ പറ്റിയും മറ്റു പിശാചുക്കളുമായുള്ള അവരുടെ കുഴഞ്ഞാട്ടങ്ങളെപ്പറ്റിയുമൊക്കെപ്പറഞ്ഞു അവളെ രസിപ്പിക്കാൻ അവൻ ശ്രമിക്കുകയായിരുന്നു; പക്ഷേ ശരീരക്ഷീണം കാരണം അവൻ തളർന്നുകിടന്നുപോയി.

ഇങ്ങനെയൊരു ദുരിതം പിടിച്ച അവസ്ഥയിൽ അവൾ ഇതേ വരെ അവനെ കണ്ടിട്ടില്ല. അവൾക്കെന്തോ ആപച്ഛങ്ക തോന്നി. അവൾ ചോദിച്ചു: “റാസ്പ്ബെറി ഇട്ട് കുറച്ചു പാലു ചൂടാക്കിത്തരട്ടെ?”

ഹുർമിസ പറഞ്ഞു: “ആ മരുന്നൊന്നും ഞങ്ങൾക്കു പറ്റില്ല.”

“അസുഖം വന്നാൽ നിങ്ങളെന്താ ചെയ്യുക?”

“ഞങ്ങൾ ചൊറിയുകയും മാന്തുകയും ചെയ്യും...”

അതിനു ശേഷം അവൻ കാര്യമായി മിണ്ടിയില്ല. റ്റെയ്ബെലിയെ ഉമ്മ വയ്ക്കുമ്പോൾ അവന്റെ ശ്വാസത്തിന്‌ പുളിച്ച മണമായിരുന്നു. കോഴി കൂവുന്നതു വരെ ഒപ്പം കിടക്കുകയാണ്‌ അവന്റെ പതിവെങ്കിലും ഇത്തവണ അവൻ നേരത്തേ സ്ഥലം വിട്ടു. ഇടനാഴിയിലെ അനക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് റ്റെയ്ബെലി നിശ്ശബ്ദയായി കിടന്നു. അടച്ചു മുദ്ര വച്ചാൽക്കൂടി ജനാലയിലൂടെ താൻ പറന്നു പുറത്തേക്കു പോവുമെന്നാണ്‌ അവൻ അവളോടു സത്യം ചെയ്തു പറഞ്ഞിരുന്നത്. പക്ഷേ കതകു തുറക്കുന്നതിന്റെ ഞരക്കമാണ്‌ അവൾ കേട്ടത്. പിശാചുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത് പാപമാണെന്നും അവരെ ശപിക്കുകയാണു വേണ്ടതെന്നും അവരെ ഓർമ്മയിൽ നിന്നേ മായ്ച്ചുകളയണമെന്നും അവൾക്കറിയാതെയല്ല; എന്നാൽക്കൂടി അവൾ അന്ന് ഹുർമിസയ്ക്കു വേണ്ടി ദൈവത്തിനോടു പ്രാർത്ഥിച്ചു.

ഉള്ളുരുക്കത്തോടെ അവൾ കരഞ്ഞുപറഞ്ഞു: “എത്രയോ പിശാചുക്കളുണ്ട്, അവർക്കൊപ്പം ഇതിനെക്കൂടി കൂട്ടേണമേ...”


പിന്നത്തെ ശാബത്തിന്‌ റ്റെയ്ബെലി ഹുർമിസായെ കാത്തിരുന്നത് വെറുതെയായി; അവൻ വന്നതേയില്ല. അവൾ ഉള്ളിൽ അവനെ പേരു പറഞ്ഞു വിളിച്ചു, അവൻ പഠിപ്പിച്ചു കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ടു; എന്നാൽ ഇടനാഴി അനക്കമറ്റു കിടന്നു. മരവിച്ച പോലെ റ്റെയ്ബെലി കിടന്നു. താൻ റ്റ്യൂബെൽകെയിനും ഇനോക്കിനും മുന്നിൽ നൃത്തം ചെയ്തിട്ടുണ്ടെന്നും നോഹയുടെ പെട്ടകത്തിന്റെ മേൽക്കൂരയിൽ ഇരുന്നിട്ടുണ്ടെന്നും ലോത്തിന്റെ ഭാര്യയുടെ മൂക്കിൻതുമ്പത്തു നിന്ന് ഉപ്പ് നക്കിത്തിന്നിട്ടുണ്ടെന്നും അഹാസുറസിന്റെ താടിയ്ക്കു പിടിച്ചുവലിച്ചിട്ടുണ്ടെന്നുമൊക്കെ അവൻ വീരവാദം മുഴക്കിയിട്ടുള്ളതാണ്‌. നൂറു കൊല്ലം കഴിഞ്ഞാൽ അവൾ ഒരു രാജകുമാരിയായി പുനർജ്ജന്മമെടുക്കുമെന്ന് അവൻ പ്രവചിച്ചിട്ടുണ്ടായിരുന്നു; അന്നു താൻ ചിറ്റിമിന്റെയും ടാച്റ്റിമിന്റെയും സഹായത്തോടെ അവളെ തട്ടിക്കൊണ്ടുപോയി ഇശാവുവിന്റെ ഭാര്യയായ ബാഷേമത്തിന്റെ കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്യും. ഇപ്പോഴവൻ എവിടെയെങ്കിലും സുഖമില്ലാതെ കിടക്കുകയായിരിക്കും, നിസ്സഹായനായ ഒരു പിശാച്, ഏകാകിയായ ഒരനാഥൻ- അച്ഛനോ അമ്മയോ ഇല്ലാതെ, പരിചരിക്കാൻ വിശ്വസ്തയായ ഒരു ഭാര്യ അടുത്തില്ലാതെ. ഒടുവിൽ കാണുമ്പോൾ അരമിടുന്ന പോലാണ്‌ അവൻ ശ്വാസമെടുത്തിരുന്നതെന്ന് അവൾ ഓർത്തു; അവൻ മൂക്കു ചീറ്റുമ്പോൾ ചൂളമിടുന്ന ശബ്ദമാണ്‌ കേട്ടത്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഒരു സ്വപ്നാടകയെപ്പോലെയാണ്‌ അവൾ നടന്നത്. ബുധനാഴ്ച രാത്രിയിൽ പന്ത്രണ്ടു മണിയടിക്കുന്നതു വരെ അവൾ എങ്ങനെയെങ്കിലും കാത്തിരിക്കുകയായിരുന്നു; രാത്രി കടന്നുപോയി; ഹുർമിസ പ്രത്യക്ഷനായില്ല.റ്റെയ്ബെലി ചുമരിനു നേർക്കു തിരിഞ്ഞുകിടന്നു.

രാത്രി പോലിരുണ്ട് പകൽ തുടങ്ങി. കലങ്ങിയ മാനത്തു നിന്ന് പൊടിമഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. ചിമ്മിനികളിൽ നിന്ന് പുക മുകളിലേക്കു പോയില്ല; പഴകിയ വിരിപ്പുകൾ പോലെ അത് പുരപ്പുറങ്ങൾക്കു മേൽ വീണുകിടന്നു. കാക്കകൾ കാറിയ ഒച്ചയിൽ കരഞ്ഞു. നായ്ക്കൾ കുരച്ചു. ദുർവ്വഹമായ ആ രാത്രിയ്ക്കു ശേഷം അന്നു കടയിൽ പോകാൻ റ്റെയ്ബെലിയ്ക്കു ശരീരബലം ഉണ്ടായില്ല. എന്നിട്ടും അവൾ വേഷം മാറ്റി പുറത്തേക്കിറങ്ങി. നാലു പേർ ഒരു ശവമഞ്ചം ചുമന്നുകൊണ്ടു വരുന്നത് അവൾ കണ്ടു. മഞ്ഞു പൊതിഞ്ഞ ശവക്കോടിയ്ക്കടിയിൽ നിന്ന് ഒരു ജഡത്തിന്റെ നീലിച്ച പാദങ്ങൾ തെറിച്ചുനിന്നിരുന്നു. മരിച്ചയാൾക്കകമ്പടിയായി ഒരു കർമ്മി മാത്രമേ ഉണ്ടായിരുന്നുള്ളു.

മരിച്ചതാരാണെന്ന് റ്റെയ്ബെലി ആരാഞ്ഞു. കർമ്മി പറഞ്ഞു: “അൽക്കൊനോൺ, അദ്ധ്യാപകന്റെ സഹായി.”

റ്റെയ്ബെലിയുടെ മനസ്സിൽ വിചിത്രമായ ഒരാശയം ഉദിച്ചു- അൽക്കൊനോണിനെ അനുയാത്ര ചെയ്യുക; ഏകാകിയായി ജീവിച്ച, ഏകാകിയായി മരിച്ച ചുണ കെട്ട ഒരു മനുഷ്യനെ അയാളുടെ അന്ത്യയാത്രയിൽ അനുഗമിക്കുക. പീടികയിൽ ഇന്നാരു വരാൻ പോകുന്നു? അല്ലെങ്കിൽത്തന്നെ വ്യാപാരം എന്തായാലെന്താ? റ്റെയ്ബെലിയ്ക്ക് എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒന്നുമല്ലെങ്കിൽ നല്ലൊരു കാര്യമാണല്ലോ അവൾ ചെയ്യുന്നത്. സിമിത്തേരിയിലേക്കുള്ള ദീർഘമായ പാതയിൽ അവൾ പരേതനെ അനുയാത്ര ചെയ്തു. കുഴിവെട്ടുകാരൻ തറയിൽ നിന്നു മഞ്ഞു തൂത്തുമാറ്റിയിട്ട് ഉറഞ്ഞ മണ്ണിൽ കുഴിയെടുക്കുന്നത് അവൾ നോക്കിനിന്നു. അവർ അൽക്കൊനോണെ ഒരു പ്രാർത്ഥനാവസ്ത്രത്തിൽ പൊതിഞ്ഞെടുത്തു; അയാളുടെ തലയിൽ ഒരു ശിരോവസ്ത്രവും കണ്ണുകൾക്കു മേൽ പാത്രക്കഷണങ്ങളും വെച്ചിട്ട് അയാളുടെ വിരലുകൾക്കിടയിൽ ഒരു മെർട്ടിൽ കൊമ്പും പിടിപ്പിച്ചു; മിശിഹായുടെ പ്രത്യാഗമനകാലത്ത് അയാൾ പുണ്യദേശത്തു ചെല്ലേണ്ടത് ആ മരക്കൊമ്പു കൊണ്ട് വഴി കുഴിച്ചിട്ടു വേണം. പിന്നെ കുഴി മൂടിയിട്ട് കുഴിവെട്ടുകാരൻ കാദിഷ് ചൊല്ലി. റ്റെയ്ബെലിയ്ക്ക് കരച്ചിൽ പൊട്ടി. ഈ അൽക്കൊനോണും അവളെപ്പോലെ തന്നെ ഒരേകാന്തജീവിതം കഴിച്ചയാളാണ്‌. അവളെപ്പോലെ അയാൾക്കുമില്ല ഒരനന്തരാവകാശി. അതെ, അദ്ധ്യാപകന്റെ സഹായിയായ അൽക്കോനോൺ തന്റെ നൃത്തം കലാശിപ്പിച്ചിരിക്കുന്നു. മരിച്ചവർ നേരേ സ്വർഗ്ഗത്തിലേക്കു പോകുന്നില്ല എന്ന് ഹുർമിസായുടെ കഥകളിൽ നിന്ന് റ്റെയ്ബെലി മനസ്സിലാക്കിയിരുന്നു. ഓരോ പാപവും ഓരോ പിശാചിനെ സൃഷ്ടിക്കുന്നുണ്ട്. ഒരാൾ മരിച്ചാൽ പിന്നെ ഈ പിശാചുക്കളാണ്‌ അയാളുടെ സന്തതികൾ. തങ്ങളുടെ വിഹിതവും ചോദിച്ചുകൊണ്ട് അവർ അയാളുടെ പിന്നാലെ ചെല്ലും. അവർ അയാളെ അച്ഛാ എന്നു വിളിയ്ക്കും, കാടുകളിലും മരുപ്പറമ്പുകളിലും അയാളെ വലിച്ചിഴയ്ക്കും; അയാൾക്കു പറഞ്ഞിട്ടള്ളളവു ശിക്ഷയെത്തുന്നതു വരെയും നരകത്തിലെ ശുദ്ധീകരണത്തിന്‌ അയാൾ സജ്ജനാകുന്നതു വരെയും ഇതു തുടരും.

അതിനു ശേഷം റ്റെയ്ബെലി ഒറ്റയ്ക്കായിരുന്നു; രണ്ടു പേർ ഉപേക്ഷിച്ചവൾ- ഒരു സന്ന്യാസിയും ഒരു പിശാചും. അവൾ പെട്ടെന്നു വൃദ്ധയായി. പുറത്തു പറയാൻ പാടില്ലാത്തതും പറഞ്ഞാൽത്തന്നെ ആരും വിശ്വസിക്കാത്തതുമായ ഒരു രഹസ്യം മാത്രമേ ഭൂതകാലത്തിന്റേതായി അവൾക്കവശേഷിച്ചുള്ളു. ഹൃദയം ചുണ്ടുകൾക്കു പകർന്നുകൊടുക്കരുതാത്ത ചില രഹസ്യങ്ങളുണ്ട്. അവ ശവക്കുഴിയിലേക്കെടുക്കപ്പെടുകയാണ്‌. വില്ലോ മരങ്ങളുടെ ഇലകൾ  മന്ത്രിക്കുന്നതതാവാം, കാക്കകൾ കാറിക്കരയുന്നതതിനെക്കുറിച്ചാവാം, സ്മാരകശിലകൾ ശിലകളുടെ മൂകഭാഷയിൽ അന്യോന്യം അതിനെക്കുറിച്ചു സംസാരിക്കുന്നുണ്ടാവാം. മരിച്ചവർ ഒരുനാൾ കണ്ണു തുറക്കും; എന്നാൽ അവരുടെ രഹസ്യങ്ങൾ സർവ്വശക്തന്റെയും അവന്റെ ന്യായവിധിയുടെയും കൈയിലായിരിക്കും, എല്ലാ തലമുറകളുടെയും അന്ത്യമെത്തുന്നതു വരെയും.


ഐസക് ബാഷെവിസ് സിംഗെർ Isaac Bashevis Singer (1904-1991)- പോളണ്ടിലെ വാഴ്സയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ യിദ്ദിഷ് സംസാരിക്കുന്ന ഒരു ജൂതകുടുംബത്തിൽ ജനിച്ചു. നാസികൾ ശക്തി പ്രാപിച്ചു വന്നതോടെ 1935ൽ യു.എസ്സിലേക്കു കുടിയേറി. 1978ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.

*ലബ്‌ലിൻ (Lublin)- യിദ്ദിഷ് ജൂതന്മാരുടെ കേന്ദ്രമായ പോളിഷ് നഗരം

*റബ്ബി (Rabbi)- ജൂതമതനിയമപണ്ഡിതൻ

*സെയിർ (Seir)- ചാവുകടലിനും അക്കാബയ്ക്കുമിടയിലുള്ള മലനിരകൾ

*ഷുൽഹാൻ അരൂഹ് (Shulchan Aruch) - ജൂതന്മാരുടെ നിയമസംഹിത

*സബത് (Sabbath)- ആഴ്ചയിലൊരിക്കൽ വിശ്രമത്തിനും സ്രഷ്ടാവിനെ ഓർമ്മിക്കാനുമായി മാറ്റി വെച്ച ദിവസം; ജൂതർക്കിത് വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച അസ്തമിക്കുന്നതു വരെ.

*സൽമാവെത്ത് (Zalmaveth)- മരണത്തിന്റെ നിഴൽ

*സോദോം (Sodom)-സ്വവർഗ്ഗപ്രണയത്തിന്റെ പേരിൽ ദൈവം നശിപ്പിച്ക നഗരം; പലായനം ചെയ്യുന്നതിനിടയിൽ തിരിഞ്ഞുനോക്കിയതിനാൽ ലോത്തിന്റെ ഭാര്യ ഉപ്പുതൂണാകുന്നത് ഇവിടെയാണ്‌.

*സക്യുബസ് (succubus)- ഉറങ്ങുന്ന പുരുഷന്മാരുമായി വേഴ്ച നടത്തുന്ന ഒരു പെൺപിശാച്

*പെന്തെക്കോസ്ത് (Pentecost)- ദൈവം മോശയ്ക്ക് പത്തു കല്പനകൾ നല്കിയതിന്റെ ഓർമ്മപ്പെരുനാൾ

* അഹാസുറസ് (Ahasuerus)- പഴയ നിയമത്തിൽ എസ്ത്തേറിന്റെ കഥയിൽ പറയുന്ന പേഴ്സ്യൻ ചക്രവർത്തി

*ബാഷെമത്ത് (Bashemath)- പുറപ്പാടുപുസ്തകത്തിൽ ഇഷ്മായേലിന്റെ പുത്രി

*മെർട്ടിൽ (Myrtle)- പരലോകയാത്ര സുഗമമാവാൻ ജഡത്തോടൊപ്പം വയ്ക്കുന്ന മെർട്ടിൽ മരക്കൊമ്പുകൾ

*കാദിഷ് (Kaddish)- മരിച്ചവർക്കായുള്ള പ്രാർത്ഥന


മലയാളനാട് വെബ് മാസികയില്‍ വന്നത്

2016, നവംബർ 12, ശനിയാഴ്‌ച

ഹുവാൻ ഹൊസേ അറിയോള - സ്വിച്ച്മാൻ




വിജനമായ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ആ വിദേശി കിതയ്ക്കുന്നുണ്ടായിരുന്നു. ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ തനിക്കു തന്നെ ചുമക്കേണ്ടി വന്ന വലിയ പെട്ടി അയാളെ ശരിക്കും ക്ഷീണിപ്പിച്ചു കളഞ്ഞു. തൂവാലയെടുത്ത് മുഖം ഒപ്പിയിട്ട് ഒരു കൈ കണ്ണിനു മേൽ പിടിച്ച് വിദൂരതയിൽ പോയി ലയിക്കുന്ന പാളങ്ങളിലേക്കയാൾ നോക്കിനിന്നു. വിഷണ്ണനും ചിന്താധീനനുമായി അയാൾ വാച്ചിലേക്കു നോക്കി: ട്രെയിൻ പുറപ്പെടുമെന്നു പറഞ്ഞ നേരമായിരിക്കുന്നു. ആരോ ഒരാൾ, അയാൾ എവിടെ നിന്നു പൊട്ടി വീണുവെന്ന് ദൈവത്തിനേ അറിയൂ, അയാളുടെ തോളത്ത് പതിയെ തട്ടി. അയാൾ തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് റയിൽവേ ജീവനക്കാരനെപ്പോലെ തോന്നിക്കുന്ന ഉയരം കുറഞ്ഞ ഒരു വൃദ്ധനെയാണ്‌. അയാളുടെ കൈയിൽ ഒരു ചുവന്ന റാന്തൽ ഉണ്ടായിരുന്നു; പക്ഷേ ഒരു കളിപ്പാട്ടമെന്നു തോന്നിക്കുന്നത്ര ചെറുത്. ഒരു പുഞ്ചിരിയോടെ ആ വൃദ്ധൻ തന്നെ നോക്കുന്നതു കണ്ടപ്പോൾ വിദേശി ഉത്കണ്ഠയോടെ ചോദിച്ചു: “അല്ലാ, ട്രെയിൻ പൊയ്ക്കഴിഞ്ഞോ?” 

“ഈ രാജ്യത്തു വന്നിട്ട് അധികനാളായിട്ടില്ലേ?”

 “എനിക്കിപ്പോൾത്തന്നെ പോയാലേ പറ്റൂ; നാളെയെങ്കിലും എനിക്ക് ടീ-യിൽ എത്തണം.” 

“കാര്യങ്ങളുടെ ഗതിയെ കുറിച്ച് നിങ്ങൾക്കു യാതൊന്നും അറിയില്ലെന്നത് വളരെ വ്യക്തമാണ്‌. നിങ്ങൾ ഉടനേ ചെയ്യേണ്ടത് ആ ഹോട്ടലിൽ പോയി മുറി കിട്ടുമോയെന്ന് നോക്കുകയാണ്‌.” എന്നിട്ടയാൾ കാഴ്ചയ്ക്കു വിചിത്രമായ, ചാരനിറത്തിലുള്ള , ഹോട്ടലിനേക്കാളേറെ ഒരു ജയിലിനെ ഓർമ്മിപ്പിക്കുന്ന ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചു. 

“താമസിക്കാൻ സ്ഥലമല്ല എനിക്കു വേണ്ടത്; എനിക്കു വേണ്ടത് ട്രെയിനാണ്‌.”

 "മുറി ഒഴിവുണ്ടെങ്കിൽ സമയം കളയാതെ പോയി എടുക്കെന്നേ; കിട്ടിയാൽ മാസവാടകയ്ക്കു തന്നെ എടുത്തോളൂ; പണം ലാഭിക്കാം, നിങ്ങൾക്കു കൂടുതൽ ശ്രദ്ധയും കിട്ടും.“ 

”നിങ്ങൾ എന്തു ഭ്രാന്താണ്‌ പറയുന്നത്? എനിക്കു നാളെ ടീ-യിൽ എത്തണം.“ 

”ഉള്ളതു പറഞ്ഞാൽ നിങ്ങളെ സ്വന്തം വിധിയ്ക്കു വിടുകയാണ്‌ ഞാൻ ചെയ്യേണ്ടത്. എന്നാല്ക്കൂടി എനിക്ക് നിങ്ങളോടു ചില വിവരങ്ങൾ പറയാനുണ്ട്.“ 

”പറഞ്ഞാലും-“ 

”റയില്പാതകളുടെ പേരിൽ പ്രസിദ്ധമാണ്‌ ഈ രാജ്യമെന്ന് നിങ്ങൾക്കറിയാമല്ലോ. അതെല്ലാം വേണ്ട വിധമൊന്നു ചിട്ടപ്പെടുത്താൻ  ഇതേ വരെ കഴിഞ്ഞിട്ടില്ല എന്നത് ശരി തന്നെ; എന്നാൽ സമയവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിലും ടിക്കറ്റ് വില്പനയിലും വൻ പുരോഗതി തന്നെ ഉണ്ടായിരിക്കുന്നു. റയിൽവേ ടൈം ടേബിളിൽ നാട്ടിലെ സകല പട്ടണങ്ങളുടെയും പേരുണ്ടാകും; ഏതു കാട്ടുമൂലയിലേക്കും അവർ ടിക്കറ്റ് തരും; ഇനി ബാക്കിയുള്ളത് ടൈം ടേബിളിൽ പറഞ്ഞിരിക്കുന്ന റൂട്ടുകളിലൂടെ വണ്ടിയോടുക എന്നതു മാത്രമാണ്‌; അതും സംഭവിക്കുമെന്നാണ്‌ ഈ രാജ്യവാസികൾ പ്രതീക്ഷിക്കുന്നത്. അതിനാൽ നടത്തിപ്പിൽ ഇപ്പോഴുള്ള അപാകതകൾ അവർ വക വച്ചു കൊടുക്കുകയാണ്‌, എന്തെങ്കിലും അതൃപ്തി പുറത്തു കാണിക്കുന്നതിൽ നിന്ന് ദേശാഭിമാനം അവരെ തടുക്കുകയും ചെയ്യുന്നു.“ 

”അതിരിക്കട്ടെ, ഈ നഗരത്തിലൂടെ ഏതെങ്കിലും ട്രെയിൻ ഓടുന്നുണ്ടോ?“ 

”ഉണ്ടെന്നു പറഞ്ഞാൽ അതത്ര ശരിയായിരിക്കില്ല. പാളങ്ങൾ ഇട്ടിട്ടുണ്ട്; അത് നിങ്ങൾ കാണുന്നുമുണ്ടല്ലോ. അവയുടെ സ്ഥിതി അത്ര മെച്ചമല്ലെന്നേയുള്ളു. ചില പട്ടണങ്ങളിൽ പാളങ്ങൾക്കു പകരം തറയിൽ ചോക്കു കൊണ്ടു വരച്ച രണ്ടു വരകളേയുണ്ടാവൂ. ഇപ്പോഴത്തെ അവസ്ഥയിൽ ഈ നഗരത്തിലൂടെ ഒരു ട്രെയിൻ കടന്നു പോകണമെന്നില്ല. എന്നാൽ അങ്ങനെ സംഭവിച്ചു കൂടെന്നുമില്ല. എത്രയോ ട്രെയിനുകൾ കടന്നുപോകുന്നത് എന്റെ ആയുസ്സിനിടയിൽ ഞാൻ കണ്ടിരിക്കുന്നു; അവയിൽ കയറിപ്പറ്റുന്നതിൽ വിജയിച്ച ചില യാത്രക്കാരെയും എനിക്കറിയാം. ശരിയായ മുഹൂർത്തം വരെ കാത്തു നില്ക്കാൻ നിങ്ങൾ സന്നദ്ധനാണെങ്കിൽ നിങ്ങളെ സുഖസമ്പൂർണ്ണമായ ഒന്നാന്തരമൊരു കോച്ചിൽ കയറ്റി വിടാനുള്ള ഭാഗ്യം എനിക്കു തന്നെ കിട്ടിയെന്നും വരാം.“ 

”ആ ട്രെയിനിൽ എനിക്ക് ടീ-യിൽ പോകാൻ പറ്റുമോ?“ 

”ഈ ടീ-യുടെ കാര്യത്തിൽ നിങ്ങൾക്കെന്താ ഇത്ര നിർബ്ബന്ധം? വണ്ടിയിൽ കയറിക്കൂടാൻ പറ്റിയാൽ അതുകൊണ്ടു തന്നെ നിങ്ങൾ തൃപ്തനായിക്കോളണം. ട്രെയിനിൽ കയറിക്കഴിഞ്ഞിട്ടായിരിക്കാം നിങ്ങളുടെ ജീവിതത്തിന്‌ എന്തെങ്കിലുമൊരു ലക്ഷ്യബോധം കൈവരുന്നത്; ടീ-യിലേക്കല്ല, മറ്റൊരിടത്തേക്കായാൽ അതുകൊണ്ടെന്തു വ്യത്യാസം വരാൻ?“ 

”പക്ഷേ എനിക്കു ടിക്കറ്റ് തന്നിരിക്കുന്നത് ടീ-യിലേക്കാണ്‌; അപ്പോൾ ന്യായമായും എന്നെ കൊണ്ടുപോകേണ്ടത് അങ്ങോട്ടായിരിക്കണമല്ലോ; അത് നിങ്ങൾ സമ്മതിക്കുമല്ലോ?“ 

”നിങ്ങൾ പറഞ്ഞതാണ്‌ ശരിയെന്ന് മിക്കവരും സമ്മതിച്ചുതരും. ആ ഹോട്ടലിൽ ചെന്നാൽ കാണാം, ഒരു മുൻകരുതലായി നൂറു കണക്കിനു ടിക്കറ്റ് വാങ്ങിവച്ചിരിക്കുന്നവരെ; പൊതുവേ പറഞ്ഞാൽ ദീർഘവീക്ഷണമുള്ളവർ സകല സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റ് വാങ്ങിവച്ചിരിക്കും; ടിക്കറ്റ് വാങ്ങാനായി സമ്പാദ്യം മുഴുവൻ ചിലവഴിച്ചവർ തന്നെയുണ്ട്…“ 

”ഞാൻ കരുതിയത് ടീ-യിലേക്കു പോകാൻ ഒരു ടിക്കറ്റ് മതിയാകുമെന്നാണ്‌. ഇതു നോക്കൂ…“ 

”റയിൽവേയുടെ അടുത്ത പദ്ധതിയ്ക്കുള്ള പണം മുഴുവൻ മുടക്കുന്നത് ഒറ്റ വ്യക്തിയാണ്‌. എഞ്ചിനീയർമാർ ഇനിയും അംഗീകാരം കൊടുക്കാത്ത വൻതുരങ്കങ്ങളും പാലങ്ങളുമടങ്ങിയ ആ സർക്കുലർ റയിൽവേയ്ക്കായി അയാൾ ഭീമമായ മൂലധനം ഇറക്കിക്കഴിഞ്ഞു.“ 

”ടീ-യിലൂടെ പോകുന്ന ട്രെയിൻ, അതിപ്പോഴും ഓടുന്നുണ്ടോ?“ 

”ആ ഒരെണ്ണം മാത്രമല്ല, എത്രയോ ട്രെയിനുകൾ രാജ്യത്തോടുന്നുണ്ട്. ചിട്ടപ്പെടുത്തിയതും നിയതവുമായ ഒരു സേവനം പ്രതീക്ഷിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് വല്ലപ്പോഴും അത് ഉപയോഗിക്കാവുന്നതുമാണ്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തനിയ്ക്കു പോകേണ്ട ഒരു സ്ഥലത്തേക്കുള്ള ട്രെയിനിൽ എപ്പോൾ കയറാൻ പറ്റുമെന്ന് ആരും പ്രതീക്ഷിക്കരുത്.“ 

”അതെന്താണങ്ങനെ?“ 

”നാട്ടുകാരെ സേവിക്കാനുള്ള വ്യഗ്രതയിൽ റയിൽവേ ചിലപ്പോൾ ചില സാഹസങ്ങൾ കാണിക്കാൻ നിർബന്ധിതരാവാറുണ്ട്. കടക്കാൻ പറ്റാത്തിടത്തു കൂടിയും അവർ ട്രെയിനുകൾ കടത്തിവിട്ടുവെന്നു വരും. പര്യടനസ്വഭാവമുള്ള അത്തരം ട്രെയിനുകൾ ഒരു യാത്രയ്ക്കു തന്നെ വർഷങ്ങൾ എടുക്കുന്നവയായിരിക്കും; ആ കാലയളവിനുള്ളിൽ യാത്രക്കാരുടെ ജീവിതത്തിൽ സുപ്രധാനമായ പരിവർത്തനങ്ങൾ സംഭവിച്ചു കൂടെന്നുമില്ല. മരണങ്ങളും അപൂർവ്വമല്ല. പക്ഷേ എല്ലാം മുൻകൂട്ടിക്കാണുന്ന അധികാരികൾ അത്തരം ട്രെയിനുകളിൽ ഒരു പള്ളിക്കോച്ചും ഒരു സിമിത്തേരിക്കോച്ചും കൂടി ഘടിപ്പിച്ചിരിക്കും. ടിക്കറ്റ് ചെക്കർമാർ എത്ര അഭിമാനത്തോടെയാണെന്നോ യാത്രക്കാരന്റെ മൃതദേഹം ആഡംബരസമന്വിതം സുഗന്ധലേപനം നടത്തി അയാളുടെ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്റ്റേഷന്റെ പ്ളാറ്റ്ഫോമിൽ ഇറക്കിവയ്ക്കുന്നത്!ചില സ്മയത്ത് ഈ ട്രെയിനുകൾക്ക് ഒരു പാളം മാത്രമുള്ള റൂട്ടിലൂടെ പോകേണ്ടി വരും. അപ്പോൾ കോച്ചുകളുടെ ഒരു വശം സ്ലീപ്പറുകളിൽ ഇടിച്ച് വല്ലാതെ കുലുങ്ങും. ഒന്നാം ക്ളാസ്സ് യാത്രകാർക്ക് പക്ഷേ -റയിൽവേയുടെ ദീർഘവീക്ഷണത്തിന്‌ മറ്റൊരുദാഹരണം- പാളമുള്ള വശത്തായിരിക്കും സീറ്റ് കൊടുത്തിരിക്കുക. ചില ഭാഗത്ത് രണ്ടു പാളങ്ങളും കാണുകയില്ല. അവിടെപ്പിന്നെ എല്ലാ യാത്രക്കാരും ഒരേ പോലെ അനുഭവിക്കാതെ തരമില്ല. ഒടുവിൽ ഉരഞ്ഞും ഇടിച്ചും കുലുങ്ങിയും ട്രെയിൻ ആകെ പൊളിഞ്ഞു നശിക്കുകയും ചെയ്യും.“ 

”എന്റെ ദൈവമേ!“ 

”അറിയാമോ, ഇങ്ങനെ ഒരപകടത്തിൽ നിന്നാണ്‌ എഫ്- എന്ന ഗ്രാമം ഉണ്ടാകുന്നത്. മുന്നോട്ടു നീങ്ങാൻ പറ്റാത്തൊരിടത്ത് ട്രെയിൻ ചെന്നു നിന്നു. പൂഴിയിലുരഞ്ഞ് ചക്രങ്ങൾ തേഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു. അത്രയും കാലം ഒരുമിച്ചു കഴിയേണ്ടി വന്ന യാത്രക്കാർ കുശലപ്രശ്നങ്ങളിൽ തുടങ്ങി ഗാഢസൗഹൃദങ്ങളിലേക്കെത്തി; ചിലത് പ്രണയബന്ധങ്ങളുമായി. അതിന്റെ പരിണതഫലമാണ്‌ എഫ്-. ട്രെയിനിന്റെ തുരുമ്പെടുത്ത അവശിഷ്ടങ്ങൾ കളിപ്പാട്ടങ്ങളാക്കിയ കുസൃതിക്കുട്ടികൾ നിറഞ്ഞ, വളർന്നുവരുന്ന ഒരു പട്ടണം.“ 

”ദൈവത്തിനാണെ അത്തരം സാഹസത്തിനൊന്നും ഞാനില്ല!“ 

”നിങ്ങൾ കുറച്ചു കൂടി ധൈര്യം കാണിക്കണം; നിങ്ങൾ ഒരു വീരനായകനായെന്നുകൂടി വരാം. യാത്രക്കാർക്ക് അവരുടെ ധൈര്യവും ത്യാഗമനോഭാവവും കാണിക്കാനുള്ള അവസരങ്ങൾ കിട്ടാറില്ലെന്നു നിങ്ങൾ കരുതരുത്. അജ്ഞാതനാമാക്കളായ ഇരുന്നൂറു യാത്രക്കാർ ഞങ്ങളുടെ റയിൽവേചരിത്രത്തിൽ ഉജ്ജ്വലമായ ഒരദ്ധ്യായം എഴുതിച്ചേർത്ത ഒരു സന്ദർഭമുണ്ടായി. പുതിയൊരു പാതയുടെ പരീക്ഷണഓട്ടം നടത്തുന്ന സമയം; കോൺട്രാക്റ്റർ ഗുരുതരമായ ഒരു പിഴവു വരുത്തിയത് അവസാനനിമിഷമാണ്‌ എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടുന്നത്: ഒരു കൊക്കയ്ക്കു മുകളിൽ ഉണ്ടാവേണ്ട പാലം അവിടെയില്ല. എഞ്ചിനീയർ എന്തു ചെയ്തു, യാത്ര അവിടെ അവസാനിപ്പിച്ച് ട്രെയിൻ പിന്നിലേക്കെടുക്കുന്നതിനു പകരം യാത്രക്കാരെ പറഞ്ഞിളക്കി മുന്നോട്ടു തന്നെ പോകുന്നതിന്‌ അവരുടെ സഹകരണം നേടിയെടുത്തു. അയാളുടെ നിർദ്ദേശപ്രകാരം ട്രെയിൻ കഷണങ്ങളാക്കി പൊളിച്ചടുക്കി യാത്രക്കാരെക്കൊണ്ടു തന്നെ ചുമപ്പിച്ച് മറുകരയെത്തിച്ചു; കുത്തിമറിഞ്ഞൊഴുകുന്ന ഒരു പുഴ അടിയിൽ ഉണ്ടായിരുന്നുവെന്നതാണ്‌ മറ്റൊരത്ഭുതം. ഈ പരിപാടി ഫലം കണ്ടതിൽ സന്തുഷ്ടരായ അധികാരികൾ പാലം പണി തന്നെ ഉപേക്ഷിക്കുകയും ഈ ഒരു പൊല്ലാപ്പു കൂടി സഹിക്കാൻ ധൈര്യം കാണിക്കുന്നവരുടെ യാത്രക്കൂലിയിൽ ആകർഷകമായ ഒരിളവ് കൊടുക്കാൻ തീരുമാനിക്കുകയുമാണുണ്ടായത്.“ 

”എനിക്കു നാളെ ടീ-യിൽ എത്തണമല്ലോ!“ 

”നല്ല കാര്യം! നിങ്ങൾ നിങ്ങളുടെ പരിപാടി വേണ്ടെന്നു വയ്ക്കുന്നില്ലെന്നത് എനിക്കിഷ്ടപ്പെട്ടു. ദൃഢനിശ്ചയമുള്ള ഒരാളാണ്‌ നിങ്ങളെന്ന് എനിക്കു വ്യക്തമായി. തല്ക്കാലം ഹോട്ടലിൽ ഒരു മുറിയെടുക്കുക, എന്നിട്ട് ഏതു ട്രെയിൻ ആദ്യം വരുന്നുവോ, അതിൽ കയറിക്കൂടുക. കാത്തു മുഷിഞ്ഞ യാത്രക്കാർ ട്രെയിൻ വരുന്ന സമയത്ത് ഹോട്ടലിൽ നിന്നിരച്ചിറങ്ങി ഒച്ചയും ബഹളവുമായി സ്റ്റേഷനിലേക്കോടും. അവരുടെ മര്യാദകേടും അച്ചടക്കമില്ലായ്മയും കൊണ്ട് അപകടങ്ങളും പതിവാണ്‌. വരി നിന്ന് കയറാൻ നോക്കുന്നതിനു പകരം പരസ്പരം ഇടിച്ചുമാറ്റാനാണ്‌ അവർ ശ്രമിക്കുക. ഒടുവിൽ ഒറ്റയാളും കയറാതെ വണ്ടി സ്റ്റേഷൻ വിട്ടു പോവും; യാത്രക്കാർ പ്ളാറ്റ്ഫോമിൽ തൂന്നുകൂടിക്കിടക്കുകയും ചെയ്യും. ക്ഷീണിച്ച്, അരിശം പൂണ്ട യാത്രക്കാർ പിന്നെ മര്യാദയില്ലാത്തതിന്റെ പേരിൽ പരസ്പരം പഴി പറഞ്ഞ് ഒടുവിൽ ഒരടികലശലിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും.“ ”ഇതിലൊന്നും പോലീസുകാർ ഇടപെടാറില്ലേ?“ 

”ഓരോ സ്റ്റേഷനിലും പോലീസുകാരെ നിയോഗിക്കാൻ ഒരിക്കൽ ഒരു ശ്രമം ഉണ്ടായതാണ്‌. പക്ഷേ ട്രെയിനുകളുടെ പ്രവചിക്കാനാവാത്ത വരവും പോക്കും കാരണം ചെലവു കൂടിയതും ഉപയോഗശൂന്യവുമായ ഒരേർപ്പാടായി അതു മാറുകയാണുണ്ടായത്. അതിനു പുറമേ പോലീസുകാർ തങ്ങളുടെ തനിസ്വഭാവം കാണിക്കാനും തുടങ്ങി; കൈയിലുള്ളതെല്ലാം കോഴ കൊടുക്കുന്ന പണക്കാരായ യാത്രക്കാരെ മാത്രമേ അവർ ട്രെയിനിലേക്കു കടത്തിവിടുകയുള്ളു. ഇതിനു ശേഷമാണ്‌ ഭാവിയിലെ യാത്രക്കാരെ പരിശീലിപ്പിക്കാനായി ഒരു പ്രത്യേക സ്കൂൾ സ്ഥാപിക്കുന്നത്. നല്ല പെരുമാറ്റം പഠിക്കുന്നതിനും ശിഷ്ടജീവിതം ട്രെയിനിൽ കഴിച്ചുകൂട്ടുന്നതിനും വേണ്ട പരിശീലനം അവിടെ കിട്ടും. കുതിച്ചുപായുന്ന ഒരു ട്രെയിനിൽ കയറുന്നതിനുള്ള ശരിയായ രീതി യാത്രക്കാർക്ക് അവിടെ നിന്നു പഠിക്കാം; മറ്റു യാത്രക്കാർ ഇടിച്ചു വാരിയെല്ലു തകർക്കുന്നതൊഴിവാക്കാനായി ഒരു തരം കവചവും അവിടെ നല്കുന്നുണ്ട്.“ 

”അതിരിക്കട്ടെ, ട്രെയിനിൽ കയറിപ്പറ്റിക്കഴിഞ്ഞാൽ പിന്നെയൊന്നും പേടിക്കാനില്ലല്ലോ?“ 

”എന്നു വേണമെങ്കിൽ പറയാം. പക്ഷേ സ്റ്റേഷന്റെ കാര്യത്തിൽ നിങ്ങൾക്ക് നല്ല ശ്രദ്ധ വേണമെന്നാണ്‌ ഞാൻ പറയുക. ടീ-യിൽ എത്തി എന്നു നിങ്ങൾക്കു തോന്നാം; എന്നാൽ അതൊരു വിഭ്രമമായേക്കാനും മതി. ആളുകൾ തിങ്ങിനിറഞ്ഞ കോച്ചുകളിലെ ജീവിതം ഒന്നു ചിട്ടപ്പെടുത്തുന്നതിനായി ഔചിത്യപൂർവ്വമായ ചില നടപടികളെടുക്കാൻ റയിൽവേ നിർബന്ധിതമായിട്ടുണ്ട്. ഉദാഹരണത്തിന്‌, കാഴ്ചയ്ക്കു മാത്രമായിട്ടുള്ള ചില സ്റ്റേഷനുകളുണ്ട്: കാടിന്റെ നടുക്കാണവ; ഏതെങ്കിലും വലിയ നഗരത്തിന്റെ പേരുമായിരിക്കും. എന്നാൽ ഒരല്പം ശ്രദ്ധിച്ചാൽ മതി, കളി നിങ്ങൾക്കു മനസ്സിലാകും. നാടകത്തിനുപയോഗിക്കുന്ന സെറ്റുകളായിരിക്കുമവ; ആളുകൾ ഈർച്ചപ്പൊടി നിറച്ച ബൊമ്മകളും. മഴയും വെയിലും അവയിൽ പാടു വീഴ്ത്തിയിരിക്കുന്നത് നിങ്ങൾക്കു കണ്ടെത്താം. പക്ഷേ ചിലനേരത്തു നോക്കിയാൽ അവ യാഥാർത്ഥ്യത്തിന്റെ നേർപകർപ്പുകളുമായിരിക്കും; തീരാത്ത മടുപ്പിന്റെ പാടുകൾ അവയുടെ മുഖങ്ങളിൽ കാണാം.“ 

”എന്റെ ഭാഗ്യത്തിന്‌ ടീ- ഇവിടെ നിന്ന് അത്ര അകലത്തൊന്നുമല്ലല്ലോ.“ 

”ഇപ്പോഴേതായാലും നമുക്ക് നേരിട്ടുള്ള ട്രെയിനുകൾ ഒന്നുമില്ല. എന്നാല്ക്കൂടി നിങ്ങളുടെ ആഗ്രഹം പോലെ നാളെ നിങ്ങൾ ടീ-യിൽ എത്തിച്ചേർന്നുവെന്നും വരാം. പുറപ്പെട്ടാൽ പിന്നെ ലക്ഷ്യസ്ഥാനത്തു മാത്രം നിർത്തുന്ന ഒരു ട്രെയിനിനുള്ള സാദ്ധ്യത, മാനേജ്മെന്റ് അത്ര കാര്യക്ഷമമല്ലെങ്കില്ക്കൂടി, നമുക്ക് തള്ളിക്കളയാൻ പറ്റില്ല. എന്തൊക്കെയാണ്‌ നടക്കുന്നതെന്ന് ബോധമില്ലാത്ത ചില യാത്രക്കാരുണ്ട്: അവർ ടീ-യിലേക്ക് ഒരു ടിക്കറ്റെടുക്കും; എന്നിട്ട് ആദ്യം വരുന്ന ട്രെയിനിൽ കയറും; അടുത്ത ദിവസം ചെക്കർ വിളിച്ചുപറയുന്നതു കേൾക്കാം: ‘നമ്മൾ ടീ-യിലെത്തിയിരിക്കുന്നു.’ അതു കേട്ട പാതി ആളുകൾ അവിടെ ഇറങ്ങും; അവർ ഇറങ്ങിയത് ശരിക്കും ടീ-യിൽത്തന്നെയായിരിക്കുകയും ചെയ്യും.“ 

”അങ്ങനെയൊരു സംഗതി എന്റെ കാര്യത്തിലും സംഭവിക്കാൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്?“ 

”തീർച്ചയായും നിങ്ങളുടെ കാര്യത്തിലും അങ്ങനെയുണ്ടായെന്നു വരാം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന സംശയമേയുള്ളു. എന്തായാലും ഒന്നു ശ്രമിച്ചു നോക്കിക്കോളൂ. ടീ-യിൽ എത്തുമെന്നുള്ള ഉറച്ച വിശ്വാസവുമായി ട്രെയിനിൽ കയറുക. സഹയാത്രക്കാരോടു മിണ്ടാനൊന്നും നില്ക്കരുത്. തങ്ങളുടെ സഞ്ചാരകഥകൾ പറഞ്ഞ് അവർ നിങ്ങളുടെ മനസ്സിടിച്ചുവെന്നു വരാം; ഒരുവേള അവർ നിങ്ങളെ ഒറ്റിക്കൊടുത്തുവെന്നു തന്നെ വരാം.“ ”നിങ്ങൾ എന്തൊക്കെയാണ്‌ പറയുന്നത്!“ 

”ഇപ്പോഴത്തെ പ്രത്യേക പരിതഃസ്ഥിതി കാരണം ട്രെയിൻ നിറയെ ചാരന്മാരാണ്‌. ഈ ചാരന്മാരാവട്ടെ (സ്വയം സന്നദ്ധരായി വന്നവരാണ്‌ മിക്കവരും), റയിൽവേക്കായി സ്വന്തം ജീവിതം തന്നെ സമർപ്പിച്ചവരുമാണ്‌. ചില നേരത്ത് നാം എന്താണ്‌ സംസാരിച്ചതെന്ന് നമുക്കു തന്നെ ഓർമ്മയുണ്ടാവില്ല; സംസാരിക്കാൻ വേണ്ടി മാത്രം നാം ചിലപ്പോൾ സംസാരിക്കാറുമുണ്ട്. പക്ഷേ എത്രയും ലളിതമായ ഒരു വാക്പ്രയോഗത്തിൽ പോലും ഇക്കൂട്ടർ നാം ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ കണ്ടെത്തും; എത്ര നിർദ്ദോഷമായ ഒരു പ്രസ്താവത്തെപ്പോലും അവർ വളച്ചൊടിച്ച് വിപരീതാർത്ഥത്തിലാക്കും. എത്രയും ചെറിയൊരു ബുദ്ധിമോശം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ട താമസം, അവർ നേരേ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്‌; ശിഷ്ടജീവിതം നിങ്ങൾക്ക് ഒരു ജയിൽ കോച്ചിൽ കഴിച്ചുകൂട്ടാം; എന്നു പറഞ്ഞാൽ കാട്ടിനു നടുവിൽ; അതായത്, നിങ്ങൾക്കപരിചിതമായ ഏതെങ്കിലും സ്റ്റേഷനിൽ നിങ്ങളെ തള്ളിയിറക്കിയിട്ടില്ല എങ്കിൽ. യാത്ര ചെയ്യുമ്പോൾ ജാഗ്രതയോടിരിക്കുക; ഭക്ഷണം എത്രയും കുറയ്ക്കുക; ടീ-യിൽ എത്തുമ്പോൾ പ്ളാറ്റ്ഫോമിൽ പരിചയമുള്ള മുഖമൊന്നും കണ്ടില്ലെങ്കിൽ അവിടെ ഇറങ്ങുകയുമരുത്.“ 

”പക്ഷേ എനിക്ക് ടീ-യിൽ ആരെയും അറിയില്ലല്ലോ.“ 

”അപ്പോൾ നിങ്ങൾ ശരിക്കും കരുതിയിരിക്കണം. വഴിയിൽ പല പ്രലോഭനങ്ങളും നിങ്ങളെ തേടിവരും, ഞാൻ പറഞ്ഞില്ലെന്നു വേണ്ട. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ ഒരു മരീചികയുടെ കെണിയിൽ നിങ്ങൾ പെട്ടുപോയെന്നു വരാം. യാത്രക്കാരുടെ മനസ്സിൽ പലതരം മിഥ്യാദർശനങ്ങൾ സൃഷ്ടിക്കാൻ പറ്റിയ വിദഗ്ധമായ ഉപകരണങ്ങൾ ഘടിപ്പിച്ചവയാണ്‌ ട്രെയിനിന്റെ ജനാലകൾ. അവയുടെ മായാജാലത്തിൽ പെട്ടുപോകാൻ നിങ്ങൾ ദുർബലഹൃദയനാവണമെന്നൊന്നുമില്ല. എഞ്ചിനിൽ ഇരുന്നു തന്നെ പ്രവർത്തിപ്പിക്കാവുന്ന ചില ഉപകരണങ്ങൾ വഴി ഒച്ചയും ഇളക്കവും ഉണ്ടാക്കി ട്രെയിൻ നീങ്ങുകയാണെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ അവർക്കു കഴിയും. ഈ സമയത്തു പക്ഷേ, ട്രെയിൻ ആഴ്ചകൾ തുടർച്ചയായി ഒരു സ്ഥലത്തു തന്നെ കിടക്കുകയായിരിക്കും; കണ്ണാടിച്ചില്ലിലൂടെ പുറത്തേക്കു നോക്കുന്ന യാത്രക്കാരോ, മനം കവരുന്ന ഭൂഭാഗങ്ങൾ കടന്നുപോകുന്നതായി കാണുകയും ചെയ്യും.“

 “ഇതൊക്കെക്കൊണ്ട് അവർ എന്താണുദ്ദേശിക്കുന്നത്?” 

“അധികാരികൾ ഇതെല്ലാം ചെയ്യുന്നത് യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുക, കഴിയുന്നിടത്തോളം യാത്രയോടു ബന്ധപ്പെട്ട മനോവ്യാപാരങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. റയിൽവേ പ്രതീക്ഷിക്കുന്നതിതാണ്‌: യാത്രക്കാർ ഒരുനാൾ തങ്ങളുടെ വിധിയ്ക്കു കീഴടങ്ങുകയും സർവ്വശക്തമായ ഒരു മാനേജ്മെന്റിന്‌ തങ്ങളെത്തന്നെ സമർപ്പിക്കുകയും തങ്ങൾ എവിടെ നിന്നു വരുന്നുവെന്നോ എവിടെയ്ക്കു പോകുന്നുവെന്നോ ഉള്ള ബോധമൊക്കെ നശിച്ചവരായിത്തീരുകയും ചെയ്യും.”

 “നിങ്ങളോ? നിങ്ങൾ വളരെയധികം യാത്ര ചെയ്തിട്ടുള്ള ആളായിരിക്കുമല്ലേ?” 

“സാറേ, ഞാൻ വെറുമൊരു സ്വിച്ച്മാൻ മാത്രമാണ്‌. നേരു പറഞ്ഞാൽ പെൻഷൻ പറ്റിയ ഒരു സ്വിച്ച്മാൻ. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരുന്നത് ആ പഴയ കാലമൊക്കെ ഒന്നോർമ്മിക്കാൻ മാത്രമാണ്‌. ഞാൻ ഇന്നേ വരെ ട്രെയിൻ യാത്ര ചെയ്തിട്ടില്ല; അങ്ങനെയൊരാഗ്രഹവും എനിക്കില്ല. എന്നാൽ യാത്രക്കാർ എന്നോടു കഥകൾ പറയാറുണ്ട്. ട്രെയിനുകൾ മുമ്പു പറഞ്ഞ എഫ്- അല്ലാതെ മറ്റു പല പട്ടണങ്ങളും  സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ചില നേരത്ത് ട്രെയിൻ ജോലിക്കാർക്ക് ദുരൂഹമായ ചില ഉത്തരവുകൾ ലഭിക്കാറുണ്ട്. അപ്പോൾ അവർ യാത്രക്കാരെ പുറത്തേക്കിറങ്ങാൻ ക്ഷണിക്കും; ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കേണ്ടേ എന്നൊരു ന്യായമായിരിക്കും അവർ പറയുക. ഗുഹകളുണ്ട്, ജലപാതങ്ങളുണ്ട്, ചരിത്രാവശിഷ്ടങ്ങളുണ്ട് എന്നൊക്കെപ്പറഞ്ഞ് അവർ പ്രലോഭിപ്പിക്കും. ‘ഈ ഗുഹ കണ്ട് അത്ഭുതം കൊള്ളാൻ പതിനഞ്ചു മിനുട്ട്!’ ട്രെയിൻ കണ്ടക്റ്റർ സൗഹാർദ്ദത്തോടെ വിളിച്ചു പറയുന്നു; യാത്രക്കാർ ഇറങ്ങി അല്പമകലെയാവേണ്ട താമസം, ട്രെയിൻ കത്തിച്ചു വിടുകയായി.“ 

”യാത്രക്കാരുടെ ഗതിയോ?“

 ”കുറേ നേരം അവർ അവിടെയും ഇവിടെയുമൊക്കെ നൈരാശ്യത്തോടെ കറങ്ങി നടന്നുവെന്നു വരും; ഒടുവിൽ എല്ലാവരും ഒരുമിച്ചുകൂടി അവിടെ ഒരു കോളണി സ്ഥാപിക്കുകയും ചെയ്യും. നാഗരികതയിൽ നിന്ന് വളരെയകലെ കിടക്കുന്ന സ്ഥലങ്ങളിലാണ്‌ ഇത്തരം അനവസരത്തിലുള്ള സ്റ്റോപ്പുകൾ ഉണ്ടാവുക. പക്ഷേ ആവശ്യത്തിനുള്ള പ്രകൃതിവിഭവങ്ങൾ അവിടെ ഉണ്ടായിരിക്കും. ചെറുപ്പക്കാർ, പ്രത്യേകിച്ചും സ്ത്രീകളാണ്‌ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരിൽ അധികവും. മനോഹരവും അജ്ഞാതവുമായ ഒരു സ്ഥലത്ത് ഒരു ചെറുപ്പക്കാരിയോടൊപ്പം ജീവിതാന്ത്യം കഴിക്കാൻ നിങ്ങൾക്കും ആഗ്രഹമുണ്ടാവില്ലേ?“ 

വൃദ്ധൻ അയാളെ നോക്കി കണ്ണിറുക്കി; എന്നിട്ട് ദയാമസൃണമായ ഒരു പുഞ്ചിരിയോടെ ഒരു കുസൃതിനോട്ടവുമായി അയാളെത്തന്നെ നോക്കിനിന്നു. ആ നിമിഷം അവ്യക്തമായ ഒരു ചൂളം വിളി അകലെ നിന്നു കേട്ടു. സ്വിച്ച്മാനാകട്ടെ, ഒന്നു ഞെട്ടിയിട്ട് കൈയിലിരുന്ന റാന്തൽ കൊണ്ട് നിയന്ത്രണം വിട്ട പോലെ ചില ചേഷ്ടകൾ കാണിക്കാൻ തുടങ്ങി. 

”ട്രെയിനാണോ അത്?“ 

വൃദ്ധൻ ഒന്നും ശ്രദ്ധിക്കാതെ പാളങ്ങൾക്കു നടുവിലൂടെ ഓടുകയായിരുന്നു. കുറേ ദൂരം ചെന്നിട്ട് തിരിഞ്ഞു നിന്നുകൊണ്ട് അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിങ്ങൾക്കു ഭാഗ്യമുണ്ട്! നാളെ നിങ്ങൾക്ക് നിങ്ങളുടെ ആ പേരു കേട്ട സ്റ്റേഷനിലെത്താം. അതിന്റെ പേരെന്താണെന്നാ പറഞ്ഞത്?” 

“എക്സ്- !” യാത്രക്കാരൻ പറഞ്ഞു. അതേ നിമിഷം ആ വൃദ്ധൻ തെളിഞ്ഞ പ്രഭാതത്തിൽ അലിഞ്ഞു ചേർന്നു. എന്നാൽ അയാളുടെ റാന്തൽ ട്രെയിനിനെ എതിരേല്ക്കാനായി ഒരു ചുവന്ന പൊട്ടു പോലെ പാളങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും പൊയ്ക്കൊണ്ടിരുന്നു. വിദൂരതയിൽ നിന്ന്  ആരവത്തോടെ ട്രെയിൻ വന്നടുക്കുകയായിരുന്നു. 
-------------------------------------------------------------------------------------------------------------------------

Juan Jose Arreola (1918-2001)- ബോർഹസിനെപ്പോലെ ചെറുകഥ എന്ന സാഹിത്യരൂപത്തോട് സമർപ്പിതചേതസ്സായിരുന്നു അറിയോളയും. ഒരു നോവൽ (La Feria)കൂടി എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് Confabulario(1952) എന്ന കഥാസമാഹാരത്തിന്റെ പേരിലാണ്‌.   ഒരു മെക്സിക്കൻ കുടുംബത്തിലെ പതിന്നാലു മക്കളിൽ ഒരാളായി ജനിച്ച അറിയോളയ്ക്ക് എട്ടാമത്തെ വയസ്സിൽ പഠിത്തം നിർത്തേണ്ടി വന്നു. പിന്നീട് പല തരം ജോലികളിൽ ഏർപ്പെട്ട അദ്ദേഹം പത്രപ്രവർത്തനം, അദ്ധ്യാപനം, എഡിറ്റിംഗ് തുടങ്ങിയവയും പരീക്ഷിച്ചു. മെക്സിക്കോയിലും തുടർന്ന് ഫ്രാൻസിലും അഭിനയം പഠിച്ചതിനു ശേഷം പാരീസിലെ Comedie Francaiseൽ 1945-46ൽ ഒരു എക്സ്ട്ര ആവുകയും ചെയ്തിരുന്നു. പിന്നീട് മെക്സിക്കോയിൽ മടങ്ങിയെത്തി ഒരു പത്രസ്ഥാപനത്തിൽ എഡിറ്ററായി.   ഹാസ്യമാണ്‌ അറിയോളയുടെ എഴുത്തിന്റെ മുഖമുദ്ര. ആധുനികസാങ്കേതികവിദ്യയേയും അതിന്റെ രാക്ഷസീയമായ ഉപോല്പന്നങ്ങളേയും കളിയാക്കിക്കൊല്ലുന്നതിൽ ആനന്ദം കണ്ടിരുന്നപോലെ തന്നെ മതവിശ്വാസത്തെയും ദൈവവും മനുഷ്യനുമായുള്ള നീതിരഹിതമായ ബന്ധത്തെയും അദ്ദേഹം വിമർശിച്ചു.   ബോർഹസിനെപ്പോലെ അറിയോളയും ലേഖനകഥ (Essay-story)യുടെ വക്താവായിരുന്നു. “സ്വിച്ച്മാൻ” എന്ന ഈ കഥയാണ്‌ അദ്ദേഹത്തിന്റെ രചനാരീതിയെ പ്രതിനിധാനം ചെയ്യാൻ ഏറ്റവും ഉചിതം. ആളൊഴിഞ്ഞ ഒരു റയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുന്ന ഒരു യാത്രക്കാരൻ ഒരിക്കലും വന്നുചേരാത്ത ഒരു ട്രെയിനിനായി മാസങ്ങൾ കാത്തിരിക്കുന്നു. ടൈം ടേബിളും റൂട്ടുകളും തീവണ്ടിമുറികളുടെ ജനാലകളിലൂടെ കാണുന്ന പുറത്തെ ഭൂദൃശ്യങ്ങൾ പോലും വ്യാജമാണെന്ന് പിന്നീടേ അയാൾക്ക് ബോദ്ധ്യമാകുന്നുള്ളു. മെക്സിക്കൻ റയിൽവേ സംവിധാനത്തിന്റെ വിമർശനമായി ചിലർ ഇതിനെ വായിക്കുന്നു; മറ്റു ചിലർ മെക്സിക്കൻ സമൂഹത്തിന്റെ ഒരു പരിഛേദമായും. രണ്ടും ശരി തന്നെ; ഒപ്പം ടെക്നോളജിയെ അമിതമായി ആശ്രയിക്കുന്ന ആധുനികസമൂഹത്തിന്റെയും ഈ പ്രപഞ്ചത്തിന്റെ തന്നെയും ഒരു അന്യാപദേശമായും ഇതിനെ കാണാം; ഒരു ബൃഹദ്സംവിധാനത്തിന്റെ പരിപാലനം ഏല്പിച്ചിരിക്കുന്നത് ഒരു സ്വിച്ച്മാനെയാണ്‌, അത്ര സമർത്ഥനല്ലാത്ത ഒരു മൈനർ ദൈവത്തെ! 

Published in the November issue of Malayalanatu web magazine

2016, നവംബർ 9, ബുധനാഴ്‌ച

റിൽക്കെ - ഫ്രഞ്ച് കവിതകൾ





എന്തിനാണ്‌ ഒരു കവി, മറ്റൊരാൾക്കും കഴിയാത്ത പോലെ അമൂർത്തവും സാന്ദ്രവുമായ ഒരു കാവ്യാത്മകതയിലേക്ക് സ്വഭാഷയെ ഉയർത്തിയ ഒരാൾ, തന്റെ ജീവിതാന്ത്യകാലത്ത് മറ്റൊരു ഭാഷയിൽ കവിതയെഴുതുന്നത്? അക്കാലഘട്ടത്തിൽ സ്വന്തം ഭാഷയിൽ എഴുതിയതിന്റെ എത്രയോ ഇരട്ടി ഒരന്യഭാഷയിൽ എഴുതി ആ കർമ്മത്തെ ഗൗരവമായിട്ടെടുക്കുന്നത്? അതിനു കാരണം പാസ്റ്റർനാക്ക് പറഞ്ഞതു തന്നെയാവണം: “ജർമ്മനിൽ അമൂർത്തതയുടെ പരമസീമയെത്തിയ കവിയ്ക്ക് ഒരു കലാകാരന്റെ ആവിർഭാവത്തിനാവശ്യമായ തുടക്കത്തിലേക്കു തിരിച്ചു പോകാൻ കഴിയാതെ വന്നിരിക്കണം. ഫ്രഞ്ചിൽ അദ്ദേഹത്തിന്‌ പിന്നെയും ഒരു തുടക്കക്കാരനാവാൻ കഴിഞ്ഞു.”

1922ലാണ്‌ റിൽക്കെ ഡ്യൂണോ വിലാപങ്ങൾ എഴുതിത്തീർക്കുന്നത്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ട് 56 ഓർഫ്യൂസ് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926ൽ മരിക്കുന്നതു വരെയുള്ള കാലത്താണ്‌ നാനൂറോളം ഫ്രഞ്ച് കവിതകൾ അദ്ദേഹം എഴുതുന്നത്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്ക് കൂടുതൽ അടുപ്പം ഓർഫ്യൂസ് ഗീതകങ്ങളോടു തന്നെ- അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ട്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ളാദഭരിതവുമാണ്‌, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണ്‌. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം.



പനിനീർപ്പൂക്കൾ

1
ആർക്കെതിരെയാണ്‌ പനിനീർപ്പൂവേ,
ഈ മുള്ളുകൾ നീ വേണമെന്നു വച്ചത്?
അതിലോലമാണു തന്റെയാനന്ദമെന്നതിനാലാണോ
ഈ വിധം നീയൊരു സായുധസൗന്ദര്യമായതും?

ആരിൽ നിന്നാണീ അമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നതെന്നു പറയുമോ?
അതിനെ പേടിക്കാത്തവരെത്രയോ പേരുണ്ടായിരുന്നു,
നിന്നെയും മോഷ്ടിച്ചു കടന്നുകളഞ്ഞവർ?
പകരം നീ മുറിപ്പെടുത്തുന്നതോ,
വേനൽ തുടങ്ങി ശരൽക്കാലം വരെ
സ്വമേധയാ നിന്നെ സേവിക്കുന്ന മൃദുലതകളെ.

2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനാണോ,
പനിനീർപ്പൂവേ, നിനക്കിഷ്ടം?
അതോ, ക്ഷണികാനന്ദങ്ങളുടെ ഓർമ്മയാണോ,
നിന്നെ ഞങ്ങളുടെ വശത്താക്കിയത്?
എത്ര തവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു,
തൃപ്തയായി, നിർജ്ജീവയായി
-ഓരോ ഇതളും ഒരു ശവക്കച്ചയായി-,
ഒരു വാസനച്ചിമിഴിനുള്ളിൽ,
ഒരു മുടിക്കുത്തിനുള്ളിൽ,
ഒറ്റയ്ക്കിരുന്നു പിന്നെയും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.

3
നിന്നെക്കുറിച്ചു ഞങ്ങൾ മിണ്ടാതിരിക്കട്ടെ.
അവാച്യം നിന്റെ പ്രകൃതം.
മറ്റു പൂക്കൾ മേശപ്പുറത്തിനലങ്കാരമാവുന്നു,
നീയതിനെ മറ്റൊന്നാക്കുന്നു.

നിന്നെ ഞാനൊരു പൂത്തലത്തിൽ വയ്ക്കുന്നു-
സർവ്വതുമതാ, രൂപാന്തരപ്പെടുകയായി:
ഗാനമതു തന്നെയാവാം,
പാടുന്നതു പക്ഷേ, ഒരു മാലാഖ.

4
ഞങ്ങളെ സ്പർശിക്കുന്നതെന്തും
നിന്നെയും സ്പർശിക്കുന്നു,
നിനക്കു സംഭവിക്കുന്നതെന്തും പക്ഷേ,
ഞങ്ങളവഗണിക്കുകയും ചെയ്യുന്നു.
ഒരുനൂറു പൂമ്പാറ്റകളായി മാറിയാലേ,
നിന്റെ താളുകൾ വായിച്ചു തീര്‍ക്കാൻ ഞങ്ങൾക്കാവൂ.

നിങ്ങളിൽ ചിലർ നിഘണ്ടുക്കൾ പോലെ,
അതെടുത്തു നോക്കുന്നവർക്കു വ്യഗ്രത,
ഓരോ വാക്കും ആവർത്തിച്ചു വായിക്കാൻ.
എനിക്കിഷ്ടം കത്തുകളായ പനിനീർപ്പൂക്കൾ.

5
പലവിധമായ വിന്യാസങ്ങളിൽ
വാക്കുകളടുക്കി നാമെഴുതുന്നു;
എന്നാലൊരു പനിനീർപ്പൂവിനെപ്പോലെ
എന്നു നാം വാക്കുകളടുക്കും?

ഈയൊരു കളിയുടെ വിചിത്രനാട്യം
ഇന്നും നാം തുടർന്നുപോരുന്നുവെങ്കിൽ
അത്, ചിലനേരമൊരു മാലാഖ
നമ്മുടെയടുക്കൊന്നു തെറ്റിക്കുന്നുവെന്നതിനാൽ.

നുണകൾ

കളിപ്പാട്ടങ്ങൾ പോലെയാണ്‌
നാം പറയുന്ന നുണകൾ:
എത്ര വേഗം അവയുടയുന്നു.
നാം ഒളിച്ചുകളിച്ച കാവുകൾ പോലെയാണവ:
ആവേശത്തിൽ അറിയാതെ നാമൊന്നു കൂക്കിപ്പോകുമ്പോൾ
എവിടെ നോക്കണമെന്നാളുകൾക്കു മനസ്സിലാകുന്നു.

നമുക്കു വേണ്ടി പാട്ടു പാടുന്ന കാറ്റാണു നീ,
നീളം വയ്ക്കുന്ന നമ്മുടെ നിഴൽ;
കടല്പഞ്ഞി* ഞങ്ങൾ,
അതിൽ ഭംഗിയുള്ള സുഷിരങ്ങളുടെ സഞ്ചയം നീ.
* സ്പോഞ്ച്

ജാലകം

ഞങ്ങളുടെ ക്ഷേത്രഗണിതമല്ലേ നീ,
ഞങ്ങളുടെ വിപുലജീവിതത്തെ
വ്യഥാരഹിതമായി വലയം ചെയ്യുന്ന
അതിസരളരൂപമേ, ജാലകമേ?

നിന്റെ ചട്ടത്തിനുള്ളിൽ വരുമ്പോഴല്ലാതെ
ഇത്ര സുന്ദരിയായി ഞങ്ങളവളെ കാണുന്നുമില്ല,
ഞങ്ങൾ പ്രേമിക്കുന്നവളെ; ജാലകമേ,
നീയവൾക്കു നിത്യതയും നല്കുന്നു.

എല്ലാ വിപൽശങ്കകൾക്കും വിരാമമാകുന്നു.
സത്ത പ്രണയത്തിനു മദ്ധ്യസ്ഥമാകുന്നു,
അതിനെച്ചുഴലുന്ന ഇടുങ്ങിയ ഈയിടത്തിൽ
ഞങ്ങൾ നാഥന്മാരുമാകുന്നു.

വാൾനട്ട് മരം

തന്നെച്ചുഴലുന്നതെന്തായാലും
എന്നുമതിനു നടുവിലായതേ, വൃക്ഷമേ-
ആകാശക്കമാനത്തിന്റെയാകെ
രുചി നുണയുന്ന വൃക്ഷമേ,

മറ്റേതു പോലെയുമല്ല,
സർവ്വദേശങ്ങളിലേക്കും തിരിഞ്ഞു നീ നില്ക്കുന്നു,
ഏതു ദിക്കിലാണ്‌ ദൈവം പ്രത്യക്ഷപ്പെടുക
എന്നു നിശ്ചയമില്ലാത്ത

ഒരപ്പോസ്തലനെപ്പോലെ…
അതിനാലൊരുറപ്പിനായി
നാലു ചുറ്റിലേക്കുമവൻ വികസിക്കുന്നു,
വിളഞ്ഞ കൈകൾ കൊണ്ടവനെത്തേടുന്നു.

വാൾനട്ട് മരം

ധ്യാനിക്കുമ്പോലെ...
ഒരു വൃക്ഷം:
ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ
വൃദ്ധനായൊരു ഗുരുവൃക്ഷം!

തന്നെ താൻ ഭരിക്കുന്നൊരു മരം,
സാവധാനമതു കൈവരിക്കുന്നു,
കാറ്റിന്റെ വിപത്തുകളെ
നിരാകരിക്കുന്നൊരു രൂപം.

സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു,
നവോന്മേഷത്തിന്റെ ഒരില,
നിത്യോർജ്ജത്തിന്റെ ഒരു കനി.

അനാഥഗാനം

എന്റെയൊരു ചങ്ങാതിക്കും
എന്നെ മനസ്സിലായിട്ടില്ല;
പള്ളിയിലിരുന്നു ഞാൻ കരയുമ്പോൾ
അവർ പറയുന്നു:
ജീവിതമായാൽ ഇങ്ങനെയൊക്കെയാണ്‌.

എന്റെയൊരു പകലും
എന്റെ കൈകൾ കൂട്ടിപ്പിടിക്കുന്നില്ല;
വൃഥാ ഞാൻ കാത്തിരിക്കുന്നു,
ഞാൻ ഭയക്കുന്നതൊന്നിനെ,
സ്നേഹത്തെ.

എന്റെയൊരു രാത്രിയും
എനിക്കായൊന്നും കൊണ്ടുവരുന്നില്ല:
എന്നെ അണച്ചുപിടിക്കുന്നൊരാർദ്രത,
ഒരു സ്വപ്നം, ഒരു പനിനീർപ്പൂവ്...
ഇത് ജീവിതം തന്നെയെന്ന്
എനിക്കു വിശ്വാസമാകുന്നുമില്ല.

മൂന്നു രാജാക്കന്മാർ

ആ മൂന്നു രാജാക്കന്മാർ
ശരിക്കും കൊണ്ടുവന്നതെന്തായിരിക്കും?
കൂട്ടിലൊരു കുഞ്ഞിക്കിളി,
ഒരു വിദൂരസാമ്രാജ്യത്തിൽ നിന്ന്

കൂറ്റനായൊരു ചാവി-
മൂന്നാമൻ,
അമ്മ കൂട്ടിച്ചേർത്ത ഒരു നാട്ടുമരുന്ന്,
ചേരുവയറിയാത്ത
ഒരു സുഗന്ധതൈലം.

നാമവയെ കുറച്ചുകാണുകയുമരുത്,
ശിശുവിനു ദൈവമാകാൻ
അത്ര കുറച്ചു മതിയായിരുന്നു.

കുഴിമാടം
(ഒരു പാർക്കിൽ)

നടവഴിയ്ക്കൊടുവിൽ, കുഞ്ഞേ,
തറക്കല്ലിനടിയിലുറങ്ങൂ;
നിന്റെ ഇടവേളയ്ക്കു ചുറ്റുമായി
ഞങ്ങളൊരു ഗ്രീഷ്മഗാനം പാടാം.

തലയ്ക്കു മേൽ
ഒരു വെള്ളരിപ്രാവ് പറന്നുപോയാൽ
അതിന്റെ നിഴൽ മാത്രം
നിന്റെ കുഴിമാടത്തിൽ ഞാനർപ്പിക്കാം.

കാറ്റു വീശിയൊരു പകലിനു ശേഷം...

കാറ്റു വീശിയൊരു പകലിനു ശേഷം
സ്വസ്ഥത പൂണ്ട രാത്രി,
തളർന്നുറങ്ങുന്നൊരു കാമുകനെപ്പോലെ
അതിരറ്റ ശാന്തതയുമായി.

ഒക്കെയും സ്വസ്ഥം, സുതാര്യം...
ചക്രവാളത്തിൽ പക്ഷേ, പടവുകളായി,
സുവർണ്ണവും ദീപ്തവുമായി,
മേഘങ്ങളുടെ സുന്ദരശില്പവേല.

കൈപ്പടം

കൈപ്പടം,
ചുളി വീണ മൃദുമെത്ത,
മാനത്തേക്കുയരും മുമ്പേ
നക്ഷത്രങ്ങൾ കിടന്നുറങ്ങിയതിവിടെ.

ഇവിടെയാണവയ്ക്ക്
വിശ്രമം കിട്ടിയതെന്നോ,
ചലനത്തിന്റെ നിത്യച്ചുഴിയിൽ
നക്ഷത്രസ്നേഹിതർക്കൊപ്പം
തെളിഞ്ഞെരിയുമവയ്ക്ക്?

ഹാ, എന്റെ കൈകളെന്ന ഇരുമെത്തകളേ,
പരിത്യക്തവും തണുത്തതുമാണു നിങ്ങൾ,
ആ കഠിനനക്ഷത്രങ്ങളുടെ ഭാരമില്ലാത്തതിനാൽ
ലാഘവമാർന്നതും.

കണ്ണുകളടയണമെന്നാൽ...

നമ്മുടെ കണ്ണുകളടയണമെന്നാലതു ദാരുണമല്ലേ?
അന്ത്യമെത്തും മുമ്പു നഷ്ടമാവുന്നതൊക്കെയും കണ്ടുവെന്നാവാൻ
കണ്ണുകൾ നമുക്കു തുറന്നു തന്നെയിരിക്കണം.

നമ്മുടെ പല്ലുകൾ തിളങ്ങുന്നുവെങ്കിലതു ഭയാനകമല്ലേ?
ഈ ശാന്തികാലത്തൊരുമിച്ചു നാം ജീവിക്കുമ്പോൾ
ചാരുതകളൊന്നു പതിഞ്ഞുതന്നെയാവണം.

നമ്മുടെ കൈകളാർത്തിയോടെ കടന്നുപിടിക്കുന്നുവെങ്കിൽ
അതതിലും മോശമല്ലേ?
നന്മയും എളിമയുമുള്ളവയാവണം കൈകൾ,
നിവേദ്യമർപ്പിക്കാൻ പാകത്തിൽ!

മരണമെന്ന കൊലയാളി

മരണമെന്ന കൊലയാളി
മഞ്ഞുകാലത്ത് വീട്ടിൽ വന്നുകയറുന്നു;
ഒരു പെങ്ങളെ, ഒരച്ഛനെ തേടിപ്പിടിക്കുന്നു,
അവർക്കായവൻ വയലിൻ വായിക്കുന്നു.

എന്നാൽ വസന്തകാലത്ത്
കൈക്കോട്ടിനടിയിൽ മണ്ണിളകുമ്പോൾ
തെരുവിലവൻ ഓടിനടക്കുന്നു,
വഴിപോക്കരെ കൈവീശിക്കാണിക്കുന്നു.

ഹവ്വ

ആദാമിന്റെ പാർശ്വത്തിൽ നിന്ന്
ഹവ്വായെ ഊരിയെടുക്കുകയായിരുന്നു;
തന്റെ ജീവിതം ജീവിച്ചു കഴിഞ്ഞാൽ
മരിക്കാൻ അവളെവിടെപ്പോകും?

ആദാം അവൾക്കു കുഴിമാടമാകുമോ?
അവൾക്കു തളർച്ച വളരുമ്പോൾ
കാറ്റു കടക്കാത്തൊരു പുരുഷനിൽ
നാമവൾക്കൊരു കുഴിമാടം കണ്ടെത്തുമോ?

പേടമാൻ

പേടമാനേ,
എത്രയഴകാർന്ന പ്രാക്തനവനഹൃദയങ്ങൾ
നിന്റെ കണ്ണുകൾക്കു ചുറ്റുമായി;
എന്തു വിശ്വാസമാണവയിൽ,
എന്തു പേടിയുമാണവയിൽ.

ചടുലസുന്ദരമായ നിന്റെ കുതിപ്പുക-
ളവയും കൊണ്ടുപായുന്നു.
എന്നാൽ നിന്റെ നെറ്റിത്തടത്തിലെ
ഭാവരഹിതമായ മൂഢതയെ
യാതൊന്നുമലട്ടുന്നതേയില്ലല്ലോ.

തണ്ണിമത്തൻ

ചന്തമുള്ള തണ്ണിമത്തൻ, വിളയാനിത്രയും വെയിൽ വേണ്ടിവന്ന നിനക്ക് ഉള്ളിലിത്രയും കുളിർമ്മയെങ്ങനെ വന്നു? നീയെന്നെ ഓർമ്മിപ്പിക്കുന്നത് ആസ്വാദ്യയായ ഒരു കാമുകിയെ, പ്രണയത്തിന്റെ പൊള്ളുന്ന വേനലിൽ പോലും ചുണ്ടുകൾ കുളിരുന്ന നീരുറവകളായവളെ.

സിമിത്തേരി

ഈ കുഴിമാടങ്ങളിൽ ജീവന്റെ ചുവ ബാക്കി നില്ക്കുന്നുണ്ടോ? ശബ്ദമാകാൻ മടിക്കുന്നൊരു വാക്കിന്റെ സൂചനകൾ പൂക്കളുടെ ചുണ്ടുകളിൽ തേനീച്ചകൾ കണ്ടെത്തുന്നുണ്ടോ? പൂക്കളേ, സന്തുഷ്ടരാകണമെന്നുള്ള ഞങ്ങളുടെ വാസനയുടെ തടവുകാരേ, സിരകളിൽ ഞങ്ങളുടെ പരേതരെയും കൊണ്ടാണോ നിങ്ങൾ മടങ്ങിവരുന്നത്? പൂക്കളേ, ഞങ്ങളുടെ മുറുകെപ്പിടുത്തത്തിൽ നിന്ന് നിങ്ങളെങ്ങനെ ഒഴിവാകാൻ? നിങ്ങൾക്കെങ്ങനെ ഞങ്ങളുടെ പൂക്കളാകാതിരിക്കാൻ പറ്റും? പനിനീർപ്പൂവതിന്റെ ഇതളുകൾ കൊണ്ട് ഞങ്ങളിൽ നിന്നു പറന്നകലാൻ നോക്കുകയാണെന്നു വരുമോ? അതിനൊരു പനീർപ്പൂവായാൽ മതിയെന്നോ, വെറുമൊരു പനിനീർപ്പൂവ്? അത്രയും കണ്ണിമകൾക്കിടയിൽ ആരുടേതുമല്ലാത്ത നിദ്രയായാൽ മതിയെന്നോ?

ജനാലപ്പടിയിലെ കുട്ടി

ജനാലപ്പടിയിൽ ഒരു കുട്ടി അമ്മയെ കാത്തുനില്ക്കുന്നു. അനന്തമായ കാത്തിരുപ്പിൽ അവന്റെ സത്തയാകെ മറ്റൊന്നായി രൂപം മാറുന്ന വിളംബകാലമിത്...അനന്യമായ മാതൃത്വത്തിൽ നിന്നു വ്യത്യസ്തമായവ മാത്രം
നാലുപാടും കാണുന്ന അവന്റെ സൗമ്യവും പ്രാഥമികവുമായ നോട്ടത്തെ ഏതൊന്നു തൃപ്തിപ്പെടുത്തും? അവന്റെ നോട്ടത്തിന്റെ മുനകൾ കൊണ്ട് കുമിളകൾ പോലുടഞ്ഞുപോകുന്ന വഴിയാത്രക്കാർ, അവന്റെ പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്ന രൂപമല്ലെന്നതിന്‌ അവർ കുറ്റക്കാരാകുമോ?

വസന്തം

പറയൂ, വസന്തമേ, മനുഷ്യജന്മമല്ലാത്തതേ,
നിന്റെ വേദനകൾ ഗാനമാക്കൂ, വസന്തമേ!
അത്രയുമുള്ളിലുള്ള വേദനകൾക്കു സാന്ത്വനമാകാൻ
മറ്റൊരിടത്തു നിന്നുള്ള വേദനയ്ക്കല്ലാതെന്തിനാകും?

നിന്റെ ഗാനമുറവെടുക്കുന്നത് വേദനയിൽ നിന്നോ?
പറയൂ, അതൊരജ്ഞാതാവസ്ഥയോ?
ഞങ്ങളുടെ മനസ്സിനെ സ്പർശിക്കാൻ മറ്റെന്തിനാകും,
ഞങ്ങളെ തുണയ്ക്കുന്നതിനല്ലാതെ,
ഞങ്ങളെ മുറിപ്പെടുത്തുന്നതിനല്ലാതെ?

വിധികൾ

നമ്മെ ഇടിച്ചുതകർക്കുന്നതൊരു ദേവനെങ്കിൽ, അനുസരിക്കുക:
നമ്മെ പുനഃസൃഷ്ടിക്കാനും അവനറിയാം; അവൻ നമ്മെ നശിപ്പിക്കട്ടെ.
എന്നാൽ സ്വന്തം കൈകളുടെ പിടിയിൽ കിടന്നു ഞെരിയേണ്ട ദുർവിധി:
അതിൽ നാമപരിഹാര്യമായി നശിക്കും,
നമ്മിൽ നിന്നു യാതൊന്നും ഉയിർത്തെഴുന്നേല്ക്കുകയുമില്ല.
അത്രയും ക്രൂരമായ ആ ഇടക്കാലവിധി
അന്ത്യവിധിയിലേക്കു നമ്മെ നയിക്കുകയും ചെയ്യും.

കാറ്റ്

കാട്ടിൽ വഴി തെറ്റിയലയുന്ന രണ്ടു കുട്ടികളെപ്പോലെ
രണ്ടു കണ്ണുകൾ ഞാൻ കാണുന്നു.
അവ പറയുന്നു: ഞങ്ങളെ കരണ്ടുതിന്നുന്നത് കാറ്റാണ്‌, കാറ്റ്-
ഞാൻ പറയുന്നു: എനിക്കറിയാം.

കരയുന്നൊരു പെൺകുട്ടിയെ എനിക്കറിയാം,
രണ്ടു കൊല്ലം മുമ്പവളുടെ കാമുകൻ അവളെ ഉപേക്ഷിച്ചുപോയി.
അവൾ സൗമ്യമായി പറയുന്നത്, പക്ഷേ: കാറ്റാണത്, കാറ്റ്.
ഞാൻ പറയുന്നു: എനിക്കറിയാം.

പലപ്പോഴും മുറിക്കുള്ളിൽ ഉറക്കമുണരുമ്പോൾ
ഒരു നാവെന്നോടു സംസാരിക്കുകയായിരുന്നുവെന്നെനിക്കു തോന്നുന്നു;
നീ! രാത്രി പക്ഷേ, മന്ത്രിക്കുന്നു: കാറ്റാണ്‌, കാറ്റ്-
കിടക്കയിൽ കിടന്നു ഞാൻ വിതുമ്പുന്നു: എനിക്കറിയാം.

സന്ധ്യനേരത്തൊരു പ്രണയഗീതം

സന്ധ്യനേരത്തലങ്കാരമേഘങ്ങൾ
ഒരു പ്രണയഗീതമെഴുതുന്നു,
ഒരു വഴി വഴുതിമാറുന്നു,
ചന്ദ്രക്കല പുതിയൊരദ്ധ്യായം തുറക്കുന്നു-
നമ്മുടെ രാത്രികളുടെ,
നാം നടു നീർക്കുന്ന ദുർബ്ബലരാത്രികളുടെ,
ഈയിരുണ്ട പ്രതലങ്ങളിലലിയുന്ന രാത്രികളുടെ.

നഷ്ടരാത്രികൾ

എന്റെ കണ്ണുകൾ, തളർന്നവയാണെന്റെ കണ്ണുകൾ;
ജനാലയ്ക്കലിരിക്കെ എനിക്കു കാണാം,
ഒരു കുതിരയെ, ഒരമ്മയെ,
ഒരു വെളിയിടവും വന്നുപോകുന്ന പകലുകളും.
ഭവ്യമായ സന്ധ്യ വന്നെത്തുന്നതു ഞാൻ കാണുന്നു.

നാട്ടുമ്പുറങ്ങളിലെ സന്ധ്യ.
ഒരു സ്വർണ്ണചിത്രം പോലതു നിഗൂഢം,
തേൻ പോലെ ഘനീഭൂതം.

പിന്നെ രാത്രിയെത്തുകയായി,
പാതകളും കവലകളുമതു കൈയേറുകയായി,
ബാല്യത്തെയോർത്തു ഞാൻ തേങ്ങിപ്പോകുന്നു,
എനിക്കു നഷ്ടമായ രാത്രികളെയോർത്തും.

അനാഥത്തെന്നൽ

ആളൊഴിഞ്ഞ കവലയിൽ നില്ക്കെ
ഒരനാഥത്തെന്നൽ
എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു.
എന്താണതു പറയുന്നത്: എന്റെ വഴികാട്ടിയാവുകയെന്നോ?
ആ ദൗത്യമെനിക്കു വയ്യ.
തിരകൾ നീ കാണുന്നില്ലേ,
പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ,
പിന്നൊരു ഗാനമായി നിപതിക്കുന്നവ?
കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം.

എന്നെ ആശ്വസിപ്പിക്കുക

നീ എവിടെയാണെങ്കിലും അവിടെ നിന്നെന്നെ ആശ്വസിപ്പിക്കുക-
ഒറ്റയ്ക്കാവുമ്പോൾ എത്ര വേഗം നാം തളർന്നുപോകുന്നു;
ഞാൻ തല ചായ്ക്കുന്നത് പാതയിലെങ്കിൽ
നീയതു മൃദുപ്പെടുത്തിയെന്നെനിക്കു തോന്നട്ടെ.

അത്ര ദൂരെയാണു നാമിപ്പോഴെങ്കിലും
നാമന്യോന്യമൊരു സൗമ്യനിശ്വാസം കൈമാറുന്നുവെന്നോ,
നിർമ്മലമായൊരു നഷ്ടബോധം
ഈ കല്ലുകൾക്കു മേൽ തൂവലുകൾ വിതറുന്നുവെന്നോ?

നമ്മുടെ നിയോഗം

നമ്മുടെ നിയോഗമിത്-
നമ്മുടെ കണ്ണീരിനെ തടുക്കാൻ പോരുന്ന,
കടൽയാത്ര ചെയ്തുപോയവരുടെ
മനോഹരമായ യാത്രാവചനങ്ങൾ
-വ്യക്തവും ശുദ്ധവും കൃത്യവുമായി-
പുനരാവിഷ്കരിക്കാൻ പോരുന്ന
ഒരെഴുത്തുഭാഷ കണ്ടെത്തുക. 


 രാത്രിയതിന്റെ കൈകൾ...

രാത്രിയതിന്റെ കൈകൾ നിങ്ങൾക്കായിത്തുറക്കുന്നതു നോക്കൂ,
ഒരു യുവകാമുകനെപ്പോലവളുടെ മാറിൽ പറ്റിച്ചേർന്നുകിടക്കുക,
പിന്നെയെത്രയും നേർത്തൊരു തെന്നൽ വീശുമ്പോൾ കണ്ണുകളടയ്ക്കുക,
അവളുടെ മുഖം നിങ്ങളുടെ മുഖത്തു നിങ്ങളറിയും.


ആശ്രമമുറിയിൽ ...

 ആശ്രമമുറിയിൽ സന്ന്യാസി തന്നെത്തന്നെ ബന്ധിതനാക്കുന്നു,
പറഞ്ഞുവച്ച സ്ഥലത്തു തന്റെ ദൈവം തന്നെ കണ്ടെത്തണമല്ലോ;
തടവുകാരനെപ്പക്ഷേ, ആരുമിപ്പോൾ വേട്ടയാടുന്നില്ല,
അത്രയും ജിജ്ഞാസുക്കളായ ദൈവങ്ങളയാൾക്കില്ല...



To Buy The Complet French Poetry of Rilke

2016, നവംബർ 3, വ്യാഴാഴ്‌ച

മരീന സ്വെറ്റായെവ - ബാല്യത്തിന്റെ തടവുകാരി



“പ്രവാസം, അവഗണന, പീഡനം, ആത്മഹത്യ- വിപ്ളവകാലത്തിനു ശേഷമുള്ള റഷ്യൻ കവികളുടെ വിധി ഇതായിരിക്കാം; എന്നാൽ ഇതെല്ലാം ഒരുമിച്ചനുഭവിക്കേണ്ടി വന്നത് മരീന സ്വെറ്റായെവക്കു മാത്രമാണ്‌,” സിമോൺ കാർലിൻസ്കി എഴുതുന്നു. വിപ്ളവപൂർവ്വറഷ്യയിലെ അഭിജാതസംസ്കാരത്തിൽ വളർന്ന മരീന രണ്ടു പെണ്മക്കളുമായി എടുത്തെറിയപ്പെട്ടത് യുദ്ധകാലകമ്മ്യൂണിസത്തിന്റെ കാലത്തെ കലാപഭരിതമായ മോസ്ക്കോവിലേക്കാണ്‌. ഇളയ കുട്ടി അവിടെ വച്ച് പട്ടിണി മൂലം മരിച്ചു. പിന്നീട് ഭർത്താവായ സെർഗി എഫ്രോണിനോടൊപ്പം ബർലിൻ, പ്രാഗ്, പാരീസ് എന്നിവിടങ്ങളിൽ പ്രവാസിയായി കഴിഞ്ഞു. 1939ൽ റഷ്യയിലേക്കു മടങ്ങിയ മരീനയെ അവിടെ നേരിട്ടത് തിരസ്കാരമായിരുന്നു; പ്രവാസികളാവട്ടെ, അവരെ വഞ്ചകിയെന്നു തള്ളിപ്പറയുകയും ചെയ്തു. സ്റ്റാലിൻ ഭീകരതയുടെ കാലത്താണ്‌ അവർ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുചെല്ലുന്നത്. ശേഷിച്ച മകളും സഹോദരിയും ഗുലാഗിലേക്കയക്കപ്പെട്ടു. ഭർത്താവ് അറസ്റ്റിലാവുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. 15 വയസ്സായ മകനു വേണ്ടി ജീവൻ നിലനിർത്താൻ മരീന ശ്രമിച്ചു- പക്ഷേ 1941ൽ അവർ തൂങ്ങിമരിച്ചു.

1892 ഒക്റ്റോബർ 9നാണ്‌ മരീന സ്വെറ്റായെവ ജനിച്ചത്. അച്ഛൻ വ്ളദിമിറോവിച്ച് സ്വെറ്റായെവ് മോസ്ക്കോ യൂണിവേഴ്സിറ്റിയിൽ കലാവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത്. അമ്മ മരിയ അലെക്സാൻഡ്രോവ മെയ്ൻ നല്ല പിയാനിസ്റ്റ് ആയിരുന്നു. പഠനത്തിലും മോസ്ക്കോയിൽ ഒരു മ്യൂസിയം (പിന്നീടത് പുഷ്കിൻ മ്യൂസിയമായി) സ്ഥാപിക്കുന്നതിലും മാത്രം ശ്രദ്ധ പോയ അച്ഛൻ മരീനയ്ക്കു കൈയെത്താത്ത ദൂരത്തിലായിരുന്നു. ഒരാദ്യപ്രണയത്തിന്റെ ഓർമ്മകളിലും പോളിഷ് അഭിജാതപാരമ്പര്യത്തിന്റെ നഷ്ടപ്രതാപങ്ങളിലും നിമഗ്നയായ അമ്മയും അത്രതന്നെ അപ്രാപ്യയായി. മരീനയുടെ ആദ്യകാലകവിതകൾ അച്ഛനമ്മമാർ തമ്മിലുള്ള ഇണക്കമില്ലായ്മയും അവർക്കു കുട്ടികളുമായുള്ള അകലവും പ്രതിഫലിപ്പിക്കുന്നവയാണ്‌. 1912ൽ എഴുതിയ “ഉപദേശം” എന്ന കവിതയിൽ ഒരച്ഛൻ മകളോടു ചോദിക്കുന്നു: “നിന്റെ അമ്മയുടെ കണ്ണുകളിൽ തങ്ങിനിന്നു വിറയ്ക്കുന്ന കണ്ണുനീർത്തുള്ളികളെ മറയ്ക്കാൻ ഞാനെന്തു ചെയ്യണം, മോളേ?” അതിനു കുട്ടി ഇങ്ങനെ പറയുന്നു: “ഞാൻ പറയാം, പപ്പാ; ചുംബനങ്ങൾ കൊണ്ടമ്മയുടെ കണ്ണുകൾ പൊതിയൂ.” മറ്റൊരു കവിതയിൽ തങ്ങൾക്കു ചുറ്റുമുള്ള കുടുംബജീവിതത്തിൽ സജീവമായി പങ്കുകൊള്ളാതെ തങ്ങൾക്കായി അവരവര്‍ കണ്ടുപിടിച്ച റോളുകളിൽ ഒളിക്കുന്ന രക്ഷിതാക്കളെ മരീന അവതരിപ്പിക്കുന്നു:

മടുത്ത കളികൾ

കസേരയിൽ നിന്നു ഞാനൊരു
പൊട്ടപ്പാവയെ പൊക്കിയെടുത്തു
ഞാനതിനെ ഉടുപ്പിടീച്ചു.

പാവയെ  ഞാൻ നിലത്തേക്കെറിഞ്ഞു.
മമ്മാ കളിച്ചെനിക്കു മടുത്തു.

ആ കസേരയിൽ കയറിയിരുന്നു
ഞാനേറെനേരമൊരു പുസ്തകത്തിൽ കണ്ണു നട്ടു.

പുസ്തകം ഞാൻ തറയിലേക്കെറിഞ്ഞു.
പപ്പാ കളിച്ചെനിക്കു മടുത്തു.

അതെ: മമ്മായ്ക്ക് പാവയെ ഒരുക്കുന്നതിലേ ശ്രദ്ധയുള്ളു; പപ്പായ്ക്ക് പുസ്തകത്തിന്റെ പിന്നിലൊളിക്കാനും. വൈകാരികമായ ബന്ധങ്ങളില്ല, ജീവിതത്തോട് ഒരടുപ്പവുമില്ല- തന്റെ അച്ഛനമ്മമാരുടെ ജീവിതത്തിൽ  കണ്ട മടുപ്പിനെ തന്നെയാണ്‌ മരീന തന്റെ ജീവിതത്തിൽ ഏറെ ഭയപ്പെട്ടതും.
 
കവിതയിൽ തന്റെ ആദ്യകാലപരിശ്രമങ്ങൾക്ക് എവിടെ നിന്നും ഒരു പ്രോത്സാഹനം കിട്ടിയില്ലെന്നതിൽ കുട്ടിയായ മരീനയ്ക്ക് വേദനയും കോപവുമുണ്ടായിരുന്നു; അതിലുപരി അമ്മയുടെ സ്വകാര്യലോകത്ത് തങ്ങൾ കുട്ടികൾക്കു പ്രവേശനമില്ലായിരുന്നു എന്നത് അതിലും വലിയ ഒരു മുറിവായിരുന്നു. അന്യയായിപ്പോയ ഒരമ്മയെക്കുറിച്ച് മരീനയുടെ ഒരാദ്യകാലകവിത ഇങ്ങനെ:

അമ്മ വായിക്കുന്നു

“...അടക്കിയ മന്ത്രണങ്ങൾ...വെട്ടിത്തിളങ്ങുന്ന കഠാരകൾ.”
 
“മമ്മാ, എനിക്കൊരു കളിവീടുണ്ടാക്കിത്തരൂ.”
 
മമ്മാ ഒരു ചെറിയ പുസ്തകം
വികാരാധിക്യത്തോടെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.
 
“...പ്രഭുവിന്റെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നു:
  ‘വിധിയുടെ ഔദാര്യം കൊണ്ടു രാജകുമാരീ, ഞാനിതാ വന്നു.’”

“മമ്മാ, കടലിൽ വീണാൽ ജിറാഫു മുങ്ങിച്ചാവില്ലേ?”
 
അമ്മയുടെ മനസ്സകലെയെങ്ങോ അലയുന്നു.
 
“മമ്മാ, നോക്കൂ! എന്റെ റൊട്ടിയിലൊരുറുമ്പ്!”
 
കുട്ടിയുടെ സ്വരത്തിൽ ശകാരവും ഭീഷണിയും.
 
അമ്മയുടെ മനോരഥം മണ്ണിലേക്കിറങ്ങുന്നു:
കുട്ടികൾ കയ്ക്കുന്ന ഗദ്യമാണ്‌.

തന്റെ പുസ്തകങ്ങളുടെ ലോകത്തു ജീവിച്ച, തനിക്കിഷ്ടപ്പെട്ട കഥകൾ തന്നെ കുട്ടികൾ കേൾക്കണമെന്നു നിർബന്ധം പിടിച്ച അമ്മയ്ക്ക് അവരുടെ കേൾവിക്കാരിയാകാൻ നേരവും മനസ്സുമില്ലായിരുന്നു. ആ കുറവു നികത്തിയത് അനിയത്തി ആസ്യയുടെ ആയയും അവരുടെ കൂട്ടുകാരിയായ ഒരു തുന്നൽക്കാരിയുമായിരുന്നു. അവരിൽ നിന്നാണ്‌ മരീന “ജിപ്സികൾ” എന്ന, പ്രണയത്തെയും സ്വാതന്ത്ര്യത്തെയും പ്രതികാരത്തെയും മരണത്തെയും കുറിച്ചുള്ള പുഷ്കിന്റെ കവിത കേൾക്കുന്നത്; ആ ജിപ്സിപ്രകൃതം മരീന തന്റേതായി സ്വാംശീകരിക്കുകയും ചെയ്തു.

(അവലംബം Marina Tsvetaeva The Double Beat of Heaven and Hell by Lily Fieler)tsevtaeva[2]

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

അൽബേർ കമ്യു - ന്യൂയോർക്കിലെ മഴകൾ

camus8


ന്യൂയോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽ നിന്നോ ഒരു മോചനമുണ്ടാകാൻ പോകുന്നില്ലെന്നും ഒരു കുന്നോ മരമോ കാണാമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌. വെൺനിറമായ അംബരചുംബികൾ നരച്ച മൂടല്മഞ്ഞിൽ മരിച്ചവരുടെ ഒരു നഗരത്തിലെ ഭീമാകാരമായ ഓർമ്മക്കല്ലുകൾ പോലെ തലയുയർത്തി നില്ക്കുന്നു; അടിത്തറകളിൽ നിന്നുകൊണ്ട് അവ ചെറുതായൊന്നുലയുന്നതായും നിങ്ങൾക്കു തോന്നുന്നു. ഈ സമയത്ത് അവ വിജനമാണ്‌. എമ്പതു ലക്ഷം മനുഷ്യർ, ഉരുക്കിന്റെയും സിമന്റിന്റെയും ഗന്ധം, ആർക്കിടെക്റ്റുകളുടെ ഭാവനാവിലാസങ്ങൾ, എന്നിട്ടും ഏകാന്തതയുടെ മൂർദ്ധന്യം. “ഈ ലോകത്തെ മുഴുവൻ ജനങ്ങളെയും എന്നോടു ചേർത്തു കെട്ടിപ്പിടിച്ചാലും അതെന്നെ ഒന്നിൽ നിന്നും രക്ഷിക്കില്ല.“

ന്യൂയോർക്ക് അതിന്റെ ആകാശമില്ലെങ്കിൽ ഒന്നുമല്ല എന്നതാവാം കാരണം. നഗ്നവും വിപുലവുമായി, ചക്രവാളപര്യന്തം പടർന്നും കൊണ്ടത് നഗരത്തിനതിന്റെ ഉജ്ജ്വലപ്രഭാതങ്ങൾ നല്കുന്നു, അതിന്റെ സന്ധ്യകളെ ഗംഭീരമാക്കുന്നു; ഇരുട്ടു വീഴും മുമ്പേതന്നെ വിളക്കുകൾ തെളിയുന്ന എട്ടാം അവന്യൂവിലെ ഷോപ്പുകൾക്കു മുന്നിലൂടെ തിര മറിയുന്ന ജനാവലിയ്ക്കു മേൽ കൂടി ഒരസ്തമയത്തിന്റെ ജ്വാലകൾ തഴുകിപ്പോകുന്നതുമപ്പോൾ. പിന്നെ അസ്തമയസൂര്യൻ ചുവപ്പിച്ച ഹഡ്സൺ പുഴക്കരെ റിവർസൈഡ് ഡ്രൈവിലെ ചില സായാഹ്നങ്ങളുണ്ട്: നിങ്ങൾ നഗരത്തിലേക്കു പോകുന്ന മോട്ടോർ റോഡിലേക്കു നോക്കിയിരിക്കുകയാണ്‌; സാവകാശം നീങ്ങുന്ന കാറുകളുടെ ഇട മുറിയാത്ത പ്രവാഹത്തിനിടയിൽ നിന്നിടയ്ക്കിടെ പെട്ടെന്നൊരു ഗാനം നിങ്ങൾ കേൾക്കുന്നു; തിരകൾ തല്ലിത്തകരുന്നതാണു നിങ്ങൾക്കപ്പോൾ ഓർമ്മ വരിക. ഒടുവിലായി, വേറെയും ചില സായാഹ്നങ്ങളെക്കുറിച്ചും ഞാൻ ഓർത്തുപോകുന്നു; നിങ്ങളുടെ ഹൃദയം തകരുന്നത്ര സൗമ്യവും ക്ഷണികവുമായവ, ഹാർലെമിൽ നിന്നു നോക്കുമ്പോൾ കാണുന്ന സെൻട്രൽ പാർക്കിലെ വിസ്തൃതമായ പുല്പരപ്പിനു മേൽ ഒരാരക്തദീപ്തി വീഴ്ത്തുന്നവ. നീഗ്രോക്കുട്ടികളുടെ കൂട്ടങ്ങൾ മരത്തിന്റെ ബാറ്റുകൾ കൊണ്ട് പന്തടിച്ചു തെറിപ്പിക്കുകയും ആഹ്ളാദം കൊണ്ട് ആർത്തുവിളിക്കുകയും ചെയ്യുന്നു; പ്രായമേറിയ അമേരിക്കക്കാർ ചെക്ക് ഷർട്ടുകളുമിട്ട് പാർക്ക് ബഞ്ചുകളിൽ നീണ്ടുനിവർന്നു കിടന്നുകൊണ്ട് തങ്ങളിൽ അവശേഷിച്ച ഉർജ്ജ്ജമെല്ലാമെടുത്ത് ഐസ് ക്രീം നക്കിത്തിന്നുകയാണപ്പോൾ; അണ്ണാറക്കണ്ണന്മാർ അജ്ഞാതരുചികൾ  തേടി തങ്ങളുടെ ചുവട്ടടിയിലെ മണ്ണു തുരക്കുന്നതുമപ്പോൾ. പാർക്കിലെ മരങ്ങളിൽ കിളികളുടെ ഒരു ജാസ് ഗായകസംഘം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനു മുകളിൽ ആദ്യനക്ഷത്രത്തിന്റെ ആവിർഭാവം വിളിച്ചറിയിക്കുമ്പോൾ നെടിയ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ പാതകളിലൂടെ നീങ്ങുന്ന നീൾക്കാലികളായ ജീവികൾ ആനേരം പ്രശാന്തമായ ആകാശത്തിന്‌ തങ്ങളുടെ മനോഹരമായ മുഖങ്ങളും സ്നേഹരഹിതമായ നോട്ടങ്ങളും നിവേദിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആകാശം വിവർണ്ണമാകുമ്പോൾ, അല്ലെങ്കിൽ പകൽവെളിച്ചം മായുമ്പോൾ ന്യൂയോർക്ക് പിന്നെയും ഒരു കൂറ്റൻ നഗരമാകുന്നു, പകൽ തടവറയും രാത്രിയിൽ പട്ടടയും. കറുത്ത ചുമരുകളുടെ വിപുലവിസ്തൃതികൾക്കിടയിൽ കോടിക്കണക്കായ ദീപ്തജാലകങ്ങൾ ആകാശത്തിന്റെ പാതി ദൂരത്തോളം ആ വെളിച്ചങ്ങളെ ഉയർത്തിക്കൊണ്ടുപോകുമ്പോൾ അതൊരു കൂറ്റൻ ചിതയാവുന്നു; ഓരോ സായാഹ്നവും മൂന്നു പുഴകൾക്കിടയിലെ തുരുത്തായ മാൻഹട്ടണു മേൽ ഭീമമായ ഒരഗ്നികുണ്ഡം എരിയുന്ന പോലെ;  തീനാളങ്ങൾ തറച്ചുനില്ക്കുന്ന കൂറ്റൻ ശവങ്ങൾ പുകഞ്ഞും കൊണ്ടുയർന്നുനില്ക്കുന്ന പോലെ.

മറ്റു നഗരങ്ങളെ കുറിച്ച് എന്റേതായ ധാരണകൾ എനിക്കുണ്ട്- എന്നാൽ ന്യൂയോർക്കിനെ കുറിച്ച് ഈ പ്രബലവും ക്ഷണികവുമായ വികാരങ്ങളേയുള്ളു, പൊറുതി കെടുത്തുന്ന ഒരു ഗൃഹാതുരത, മനോവേദനയുടെ നിമിഷങ്ങൾ. ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ന്യൂയോർക്കിനെ കുറിച്ച് എനിക്കു യാതൊന്നും അറിയില്ല: ഞാൻ നടക്കുന്നത് വെറും ഭ്രാന്തന്മാർക്കിടയിലാണോ അതോ ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവർക്കിടയിലാണോയെന്ന്; അമേരിക്ക ഒന്നടങ്കം പറയുന്ന പോലെ ജീവിതം അത്ര സുഖകരമാണോ അതോ ചിലപ്പോൾ തോന്നാറുള്ള പോലെ അത്ര ശൂന്യമാണോയെന്ന്; ഒരാൾ മതിയാകുന്നിടത്ത് പത്തു പേരെ ജോലിയ്ക്കു വയ്ക്കുന്നതും എന്നിട്ടും സേവനം തൃപ്തികരമാവാത്തതും അത്ര സ്വാഭാവികമാണോയെന്ന്; ന്യൂയോർക്കുകാർ വിശാലചിത്തരോ യാഥാസ്ഥിതികരോയെന്ന്, സയ്മ്യാത്മാക്കളോ അതോ മൃതാത്മാക്കളോയെന്ന്; ചപ്പും ചവറും നീക്കം ചെയ്യുന്നവർ ഇറുകിപ്പിടിച്ച കൈയുറകൾ ധരിച്ചിട്ടാണതു ചെയ്യുന്നതെന്നത് ആദരണീയമോ അപ്രധാനമോയെന്ന്; മാഡിസൺ സ്ക്വയർ ഗാർഡണിലെ സർക്കസിൽ നാലു റിംഗുകളിലായി ഒരേ സമയം പത്തു പരിപാടികൾ അവതരിപ്പിക്കുന്നതു കൊണ്ട് (നിങ്ങൾക്ക് എല്ലാറ്റിലും താല്പര്യം തോന്നുകയും എന്നാൽ ഒന്നുപോലും കാണാൻ പറ്റാതെ വരികയുമാണ്‌) എന്തെങ്കിലും  ഗുണമുണ്ടോയെന്ന്; ഞാൻ ഒരു രാത്രി ചെലവഴിച്ച ഒരു സ്കേറ്റിങ്ങ് റിങ്കിൽ (പൊടി പിടിച്ച ചുവപ്പു വിളക്കുകൾ നിറഞ്ഞ ഒരു വെലോഡ്രോം പോലൊന്ന്) ലോഹച്ചക്രങ്ങളുടെയും ഓർഗൻ സംഗീതത്തിന്റെയും കാതടപ്പിക്കുന്ന ഒച്ചപ്പാടിനിടയിൽ റോളർ സ്കേറ്റുകളിൽ അന്തമില്ലാതെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുടെ മുഖങ്ങൾ വിഷമം പിടിച്ച ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നവരുടെ അതേ ഗൗരവവും ഏകാഗ്രതയും നിറഞ്ഞതായിരുന്നുവെന്നത് എന്തിന്റെയെങ്കിലും സൂചനയാണോയെന്ന്; അവസാനമായി, ഒറ്റയ്ക്കാവാൻ ആഗ്രഹിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണെന്നു പറയുന്നവരെയാണോ അതോ ആരും നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ചോദിക്കുന്നില്ലെന്നത് അത്ഭുതമായി കാണുന്നവരെയാണോ വിശ്വസിക്കേണ്ടതെന്നും. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്കിനെക്കുറിച്ചാലോചിക്കുമ്പോൾ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. രാവിലത്തെ പഴച്ചാറുകൾ, സ്കോച്ചും സോഡയും അതിന്‌ റൊമാൻസുമായുള്ള ബന്ധവും, ടാക്സികളിലെ പെൺകുട്ടികളും അവരുടെ നിഗൂഢവും ക്ഷണികവുമായ പ്രണയചേഷ്ടകളും, അത്യാഡംബരവും ടൈകളിൽ പോലും പ്രതിഫലിക്കുന്ന താണതരം അഭിരുചിയും, ജൂതവിരോധവും ജന്തുസ്നേഹവും -ഇപ്പറഞ്ഞത് ബ്രോങ്ക്സ് മൃഗശാലയിലെ ഗോറില്ലകൾ മുതൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രോട്ടോസോവ വരെ എത്തുന്നുണ്ട്-, മരണവും മരിച്ചവരും അതിവേഗതയിൽ കൈകാര്യം ചെയ്യപ്പെടുന്ന *ഫ്യൂണെറൽ പാർലറുകൾ (മരിച്ചു തന്നാൽ മതി, ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം), പുലർച്ചെ മൂന്നു മണിയ്ക്കും ഷേവു ചെയ്യാൻ പറ്റുന്ന ബാർബർ ഷോപ്പുകൾ, രണ്ടു മണിക്കൂറിനുള്ളിൽ  ചൂടിൽ നിന്നു തണുപ്പിലേക്കു മാറുന്ന കാലാവസ്ഥ, *സിങ്ങ് സിങ്ങ് ജയിലിനെ ഓർമ്മപ്പെടുത്തുന്ന സബ്‌വേ, ജീവിതം ദുരന്തമയമല്ലെന്ന് ഓരോ ചുമരിലും നിന്നു പ്രഖ്യാപിക്കുന്ന പരസ്യങ്ങളിൽ നിറയുന്ന ചിരിച്ച മുഖങ്ങൾ, ഗ്യാസ് വർക്കുകൾക്കടിയിലെ ശവപ്പറമ്പുകളിൽ പൂക്കൾ നിറഞ്ഞ സിമിത്തേരികൾ, ചെറുപ്പക്കാരികളുടെ സൗന്ദര്യവും കിഴവന്മാരുടെ വൈരൂപ്യവും – ഇതൊക്കെ ദഹിച്ചുകിട്ടാൻ എനിക്കു പണിപ്പെടേണ്ടി വരുന്നു; പിന്നെ, ഫ്ളാറ്റ് കെട്ടിടങ്ങളുടെ കവാടങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പതിനായിരക്കണക്കിനായ അഡ്മിറൽമാരും ജനറൽമാരുമുണ്ട് (ഏതോ മ്യൂസിക്കൽ കോമഡിയിൽ നിന്നിറങ്ങി വന്നവർ); വണ്ടുകൾ പോലെ തോന്നിക്കുന്ന പച്ചയും ചുവപ്പും മഞ്ഞയുമായ കാറുകൾക്ക് വിസിലടിച്ചു കൊടുക്കാൻ ചിലർ, നിങ്ങൾക്കു വാതിൽ തുറന്നു തരാനായി ചിലർ, അമ്പതു നില പൊക്കത്തിൽ ലിഫ്റ്റുകൾക്കുള്ളിൽ ബഹുവർണ്ണ *കാർട്ടീഷ്യൻ ഡൈവെറുകൾ പോലെ നിരന്തരം ഉയർന്നുതാഴ്ന്നുകൊണ്ടിരിക്കുന്ന വേറേ ചിലരും.

അതെ, എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില നഗരങ്ങൾ ചില സ്ത്രീകളെപ്പോലെയാണെന്ന് എനിക്കു ബോദ്ധ്യമാവുകയാണ്‌: അവർ നിങ്ങളെ ഈറ പിടിപ്പിക്കും, നിങ്ങളെ കീഴമർത്തും, നിങ്ങളുടെ ആത്മാക്കളെ പൊളിച്ചു കാട്ടും; നാണക്കേടായി തോന്നുമ്പോൾത്തന്നെ നിർവൃതിയും നല്കുന്ന അവരുടെ പൊള്ളുന്ന സ്പർശം നിങ്ങളുടെ ഉടലിന്റെ ഓരോ സുഷിരത്തിലും തറച്ചുകേറുകയും ചെയ്യും. ഈ വിധത്തിലാണ്‌ ദിവസങ്ങളോളം ഞാൻ ന്യൂയോർക്കിലൂടെ ചുറ്റിനടന്നത്; എന്റെ കണ്ണുകൾ കണ്ണീരു കൊണ്ടു നനഞ്ഞുവെങ്കിൽ അത് വായുവിൽ പാറി നടന്നിരുന്ന ചാരവും പൊടിയും കണ്ണിൽ വീണതു കൊണ്ടു മാത്രമാണ്‌; പുറത്തായിരിക്കുന്ന നിങ്ങളുടെ പാതി സമയവും കണ്ണു തിരുമ്മാനോ ഹഡ്സൺ നദിയ്ക്കപ്പുറത്തുള്ള ഒരായിരം ന്യൂ ജഴ്സി ഫാക്ടറികൾ നിങ്ങളെ വരവേല്ക്കാൻ സ്നേഹസമ്മാനമായി അയയ്ക്കുന്ന ലോഹത്തരികൾ കണ്ണിൽ നിന്നെടുത്തു കളയാനോ ചെലവഴിക്കേണ്ടി വരികയാണ്‌. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്ക് നിങ്ങളെ ബാധിക്കുന്നത് കണ്ണിൽ വീണ ഒരന്യവസ്തു പോലെയാണ്‌, ആസ്വാദ്യമെന്നപോലെ അസഹ്യവുമാണത്, വികാരാധീനതയുടെ കണ്ണീരെന്നപോലെ സർവദാഹകമായ രോഷവുമുണർത്തുന്നതാണത്.

ആളുകൾ ഉത്കടവികാരം എന്നു വിളിക്കുന്നത് ഇതിനെയാവാം. എന്റെ കാര്യത്തിൽ എത്ര വ്യത്യസ്തമായ മാനസികചിത്രങ്ങളിലാണ്‌ അത് വേരാഴ്ത്തിയിരിക്കുന്നതെന്നേ എനിക്കു പറയാനുള്ളു. ഉറക്കം വരാതെ കിടക്കുന്ന ചില പാതിരാത്രികളിൽ നൂറു കണക്കിനു ചുമരുകളും കടന്ന്, അംബരചുംബികൾക്കു മുകളിലൂടെ ഒരു ടഗ്ഗിന്റെ രോദനം എന്നെ തേടിയെത്തും; ഇരുമ്പിന്റെയും സിമന്റിന്റെയും ഈ മരുഭൂമി ഒരു ദ്വീപു കൂടിയാണെന്ന് അതെന്നെ ഓർമ്മപ്പെടുത്തുകയാണ്‌. അപ്പോഴെനിക്ക് കടലിന്റെ ഓർമ്മ വരും; എന്റെ സ്വന്തം നാട്ടിലെ കടലോരത്തു നില്ക്കുകയാണെന്നു ഞാൻ മനസ്സിൽ കാണും. മറ്റു ചില സായാഹ്നങ്ങളിൽ ചുവപ്പും നീലയുമായ കുഞ്ഞുവിളക്കുകളെ ആർത്തിയോടെ വിഴുങ്ങിക്കൊണ്ടു ചീറിപ്പാഞ്ഞും പാതിയിരുട്ടിലായ സ്റ്റേഷനുകൾക്കു സാവധാനം വിഴുങ്ങാൻ ഇടയ്ക്കിടെ സ്വയം വിട്ടുകൊടുത്തും  മൂന്നു നില ഉയരത്തിലൂടെ പോകുന്ന ഒരു *തേഡ് അവെന്യൂ എൽ-ന്റെ മുൻഭാഗത്തുള്ള ഒരു കോച്ചിലിരുന്നുകൊണ്ട് പാതയരികിലെ അംബരചുംബികൾ നിന്ന നില്പിൽ തിരിയുന്നത് ഞാൻ നോക്കിക്കാണും. നഗരമദ്ധ്യത്തിലെ അമൂർത്തവീഥികൾ വിട്ട് ഞാൻ ചിലപ്പോൾ താരതമ്യേന ദരിദ്രമായ , പോകെപ്പോകെ കാറുകളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങിവരുന്ന നഗരപ്രാന്തങ്ങളിലേക്കു പോയിരുന്നു. എന്താണ്‌ എന്നെ കാത്തിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു, *ബോവെറിയിലെ ആ രാത്രികൾ. അര മൈൽ നീളത്തിൽ നീണ്ടുകിടക്കുന്ന ബ്രൈഡൽ ഷോപ്പുകളുടെ വെട്ടിത്തിളങ്ങുന്ന നിര ( ആ മെഴുകുപ്രതിമകളിൽ ഒന്നിന്റെ മുഖത്തു പോലും ഒരു പുഞ്ചിരിയില്ല) കഴിഞ്ഞ് അല്പം ചെന്നാൽ വിസ്മൃതരായവർ ജിവിക്കുന്ന ഇടമായി; ബാങ്കർമാരുടെ ഈ നഗരത്തിൽ ദാരിദ്ര്യത്തിലേക്കു വഴുതിവീഴാൻ സ്വയം വിട്ടുകൊടുത്തവർ. നഗരത്തിന്റെ ഏറ്റവും വിഷണ്ണമായ ഭാഗമാണിത്; ഒരു സ്ത്രീയെപ്പോലും കാണാനില്ല, ആണുങ്ങളിൽ മൂന്നിൽ ഒരാൾ കുടിച്ചു ബോധം കെട്ടതായിരിക്കും; വിചിത്രമായ ഒരു ബാറിൽ (ഒരു വെസ്റ്റേൺ സിനിമയുടെ സെറ്റ് പോലെ തോന്നും) തടിച്ചു വൃദ്ധകളായ നടികൾ തുലച്ച ജീവിതങ്ങളെയും ഒരമ്മയുടെ സ്നേഹത്തെയും കുറിച്ചു പാടുന്നു; താളത്തിനൊപ്പിച്ചവർ നിലത്താഞ്ഞു ചവിട്ടുന്നുണ്ട്; പ്രായം തങ്ങളെ കെട്ടിയേല്പിച്ച ആ രൂപം കെട്ട മാംസക്കെട്ടുകൾ ബാറിൽ നിന്നുള്ള അലർച്ചകൾക്കൊപ്പിച്ച് കോച്ചിവലിയ്ക്കുമ്പോലുലവർ ഉലയ്ക്കുന്നുണ്ട്. ഡ്രമ്മടിക്കുന്നതും ഒരു വൃദ്ധയാണ്‌, കണ്ടാൽ ഒരു കൂമനെപ്പോലിരിക്കും; അവരുടെ ജീവിതകഥയറിയാൻ ചില സായാഹ്നങ്ങളിൽ നിങ്ങൾക്കൊരാഗ്രഹം തോന്നിപ്പോകും- ഭൂമിശാസ്ത്രം മാഞ്ഞുപോവുകയും ഏകാന്തത ഒരല്പം കുഴഞ്ഞ യാഥാർത്ഥ്യമാവുകയും ചെയ്യുന്ന ആ അപൂർവനിമിഷങ്ങളിലൊന്നിൽ. മറ്റുള്ളപ്പോൾ…അതെ, തീർച്ചയായും ന്യൂയോർക്കിലെ പ്രഭാതങ്ങളും സന്ധ്യകളും എനിക്കിഷ്ടമായിരുന്നു. അനിശ്ചിതത്വങ്ങളും വിദ്വേഷവും മാത്രം ശേഷിപ്പിക്കുന്ന ആ പ്രബലസ്നേഹത്തോടെ ഞാൻ ന്യൂയോർക്കിനെ സ്നേഹിച്ചു: ചില നേരത്ത് നിങ്ങൾക്ക് പ്രവാസം അത്യാവശ്യമാണ്‌. അപ്പോൾ നിങ്ങൾക്കേറ്റവും അടുപ്പവും പരിചയവും തോന്നുന്ന നഗരഹൃദയത്തിൽ വച്ച് ന്യൂയോർക്ക് മഴയുടെ മണം നിങ്ങളെ തേടിപ്പിടിക്കുന്നു; അത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു, മുക്തി കിട്ടുന്നതായി ലോകത്തൊരിടമെങ്കിലുമുണ്ടെന്ന്; അവിടെ ഇഷ്ടമുള്ള കാലത്തോളം ഒരു ജനതയോടൊപ്പം, നിങ്ങൾക്കു സ്വയം നഷ്ടപ്പെടുത്താമെന്ന്.

(1947)


അൽബേർ  കമ്യു ഒരിക്കൽ മാത്രമേ അമേരിക്ക സന്ദർശിച്ചിട്ടുള്ളു: 1946 മാർച്ച് മുതൽ മേയ് വരെ. ഫ്രഞ്ച് സർക്കാരിന്റെ ഒരു സ്പോൺസർഷിപ്പിലാണ്‌ അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്. അന്നദ്ദേഹത്തിന്റെ പ്രസിദ്ധി എഴുത്തുകാരുടെ പരിമിതവൃത്തത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാൽ ഈ യാത്രയ്ക്കിടയിലാണ്‌ അന്യൻ എന്ന നോവലിന്റെ ഇംഗ്ളീഷ് വിവർത്തനം പുറത്തിറങ്ങുന്നത്. തന്റെ അമേരിക്കൻ സന്ദർശനത്തിന്റെ അനുഭവങ്ങൾ ‘അമേരിക്കൻ ജേർണൽസ്’ എന്ന പുസ്തകത്തിലാണ്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അതിനെ ആധാരമാക്കി 1947ൽ എഴുതിയ ഒരു ലേഖനമാണ്‌ ‘ന്യൂയോർക്കിലെ മഴകൾ.’  

*Funeral parlour – സംസ്കാരത്തിന്‌ ജഡങ്ങൾ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾ  

*Sing Sing- അതീവസുരക്ഷയുള്ള ഒരു ന്യൂയോർക്ക് ജയിൽ  

*Cartesian Diver-ഒരു ഭൗതികശാസ്ത്രപരീക്ഷണം;  ഒരു വലിയ ചില്ലുനാളിയ്ക്കുള്ളിൽ ഒരു ചെറിയ നാളി പൊങ്ങിയും താണും കൊണ്ടിരിക്കും  

*Third Avenue El- മാൻഹട്ടണും ബ്രോങ്ക്സിനുമിടയിൽ 1950 വരെ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; മൂന്നു നിലകളുടെ ഉയരത്തിലായിരുന്നു പാളങ്ങൾ.


മലയാളനാട് വെബ് മാഗസീന്റെ 2016 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

The Rains of New York

New York rain is a rain of exile. Abundant, viscous and dense, it pours down tirelessly between the high cubes of cement into avenues plunged suddenly into the darkness of a well: seeking shelter in a cab that stops at a red light and starts again on a green, you suddenly feel caught in a trap, behind monotonous, fast-moving windshield wipers sweeping aside water that is constantly renewed. You are convinced you could drive like this for hours without escaping these square prisons or the cisterns through which you wade with no hope of a cistern or a real tree. The whitened skyscrapers loom in the gray mist like gigantic tombstones for a city of the dead, and seem to sway slightly on their foundations. At this hour, they are deserted Eight million men, the smell of steel and cement, the madness of builders, and yet the very height of solitude. "Even if I were to clasp all the people in the world against me it would protect me from nothing."

The reason perhaps is that New York is nothing without its sky. Naked and immense, stretched to the four corners of the horizon, it gives the city its glorious mornings and the grandeur of its evenings, when a flaming sunset sweeps down Eighth Avenue over the immense crowds driving past the shop windows, whose lights are turned on well before nightfall. There are also certain twilights along Riverside Drive, when you watch the parkway that leads uptown, with the Hudson below, its waters reddened by the setting sun; off and on, from the uninterrupted flow of gently, smoothly running cars, from time to time there suddenly rises a song that recalls the sound of breaking waves. Finally I think of other evenings, so gentle and so swift they break your heart, that cast a purple glow over the vast lawns of Central Park, seen from Harlem. Clouds of Black children are striking balls with wooden bats, shouting with joy; while elderly Americans, in checked shirts, sprawl on park benches, sucking molded ice creams on a stick with what energy remains to them; while squirrels burrow into the earth at their feet in search of unknown tidbits. In the park's trees, a jazz band of birds heralds the appearance of the first star above the Empire State building, while long-legged creatures stride along the paths against a backdrop of tall buildings, offering to the temporarily gentle sky their splendid looks and their loveless glance. But when this sky grows dull, or the daylight fades, then once again New York becomes the big city, prison by day and funeral pyre by night. A prodigious funeral pyre at midnight, as its millions of lighted windows amid immense stretches of blackened walls carry these swarming lights halfway up the sky, as if every evning a gigantic fire were burning over Manhattan, the island with three rivers, raising immense, smoldering carcasses still pierced with dots of flame.

I have my ideas about other cities but about New York only thesse powerful and fleeting emotions, a nostalgia that grows impatient, and moments of anguish. After so many months I still know nothing about New York, whether one moves about among madmen here or among the most reasonable people in the world; whether life is as easy as all America says, or whether it is as empty here as it sometimes seems; whether it is natural for ten people to be employed where one would be enough and you are served no faster; whether New Yorkers are liberals or conformists, modest souls or dead ones; whether it is admirable or unimportant that the garbage men wear well-fitting gloves to do their work; whether it serves any purpose that the circus in Madison Square Garden puts on ten simultaneous performances in four different rings, so that you are interested in all of them and can watch none of them; whether it is significant that the thousands of young people in the skating rink where I spent one evening, a kind of velodrome d'hiver bathed in reddish and dusty lights, as they turned endlessly on their roller skates in an infernal din of metal wheels and loud organ music, should look as serious and absorbed as if they were solving simultaneous equations; whether, finally, we should believe those who say that it is eccentric to want to be alone, or naively those who are surprised that no one ever asks for your identity card.

In short, I am out of my depth when I think of New York. I wrestle with the morning fruit juices, the national Scotch and soda and its relationship to romance, the girls in taxis and their secret, fleeting acts of love, the excessive luxury and bad taste reflected even in the stupefying neckties, the anti-Semitism and the love of animals-- this last extending from the gorillas in the Bronx Zoo to the protozoa in the Museum of Natural History--the funeral parlors where death and the dead are made up at top speed ("Die, and leave the rest to us"), the barber shops where you can get a shave at three in the morning, the temperature that swings from hot to cold in two hours, the subway that reminds you of Sing Sing prison, ads filled with clouds of smiles proclaiming from every wall that life is not tragic, cemeteries in flower beneath the gasworks, the beauty of the girls and the ugliness of the old men; the tens of thousands of musical-comedy generals and admirals stationed at the apartment entrances, some to whistle for green, red, and yellow taxis that look like beetles, others to open the door for you, and finally the ones who go up and down all over town like multicolored Cartesian drivers in elevators fifty stories high.

Yes, I am out of my depth. I am learning that there are cities, like certain women, who annoy you, overwhelm you, and lay bare your soul, and whose scorching contact, scandalous and delightful at the same time, clings to every pore of your body. This is how, for days on end, I walked around New York, my eyes filled with tears simply because the city air is filled with cinders, and half one's time is spend rubbing th eeyes or removing the minute speck of metal that the thousand New Jersey factories send into them as a joyful greeting gift, from across the Hudson. In the end, this is how New York affects me, like a foreign body in the eye, delicious and unbearable, evoking tears of emotion and all-consuming fury.

Perhaps this is what people call passion. All I can say is that I know what contrasting images mine feeds on. In the middle of the night sometimes, above the skyscrapers, across hundreds of high walls, the cry of a tugboat would meet my insomnia, reminding me that this desert of iron and cement was also an island. I would think of the sea then, and imagine myself on the shore of my own land. On other evenings, riding in the front of the Third Avenue El, as it greedily swallows the little red and blue lights it tears past at third story level, from time to time allowing itself to be slowly absorbed by half-dark stations, I watched the skyscrapers turning in our path. Leaving the abstract avenues of the center of town I would let myself ride on toward the gradually poorer neighborhoods, where there were fewer and fewer cars. I knew what awaited me, those nights on the Bowery. A few paces from the half-mile-long stretch of splendid bridal shops (where not one of the waxen mannequins was smiling) the forgotten men live, those who have let themselves drift into poverty in this city of bankers. It is the gloomiest part of town, where you never see a woman, where one man is every three is drunk, and where in a strange bar, apparently straight out of a Western, fat old actresses sing about ruined lives and a mother's love, stamping their feet to the rhythm and spasmodically shaking, to the bellowing from the bar, the parcels of shapeless flesh that age has covered them with. The drummer is an old woman too, and looks like a schreech owl, and some evenings you feel like you'd like to know her life-- at one of those rare moments when geography disappears and loneliness becomes a slightly confused truth.

At other times...but yes, of course, I loved the mornings and the evenings of New York. I loved New York, with that poerful love that sometimes leaves you full of uncertainties and hatred: sometimes one needs exile. And then the very smell of New York rain tracks you down in the heart of the most harmonious and familiar towns, to remind you there is at least one place of deliverance in the world, where you, togethr with a whole people and for as long as you want, can finally lose yourself forever.

1947-Albert Camus