2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പ്രണയലേഖനങ്ങൾ(10)- അലക്സാണ്ടർ പോപ്പ്



മാർത്ത ബ്ളൗണ്ടിന്‌

എനിക്കു നിന്നോടുള്ള ആത്മാർത്ഥതയുടെ ഒരു തെളിവാണ്‌, അല്പം മദ്യം ഉള്ളിലാക്കി സത്യം പറയാനൊരുങ്ങിയിട്ടാണ്‌ ഞാൻ ഇതെഴുതാനിരിക്കുന്നതെന്നത്; രാത്രി പന്ത്രണ്ടു മണിക്കു ശേഷമെഴുതപ്പെടുന്ന ഒരു കത്ത് ആ അഭിജാതാംശം നിറഞ്ഞുതുളുമ്പുന്നതാവാതെയും പറ്റില്ലല്ലോ. മദ്യവും നീയും ഒരേ സമയം ചൂടു പിടിപ്പിക്കുന്ന ഒരു ഹൃദയം ആളിക്കത്തുകതന്നെ വേണം. വാർണ്ണീഷ് ഒരു ചിത്രത്തിൽ മറഞ്ഞുകിടക്കുന്ന വർണ്ണങ്ങളെ അവയുടെ സ്വാഭാവികദീപ്തിയിൽ പുറത്തേക്കു കൊണ്ടുവരുന്നപോലെ മദ്യം മനസ്സിൽ തവിഞ്ഞുകിടക്കുന്ന വികാരങ്ങളെ വിളിച്ചുണർത്തി പുറത്തേക്കാനയിക്കുകയാണ്‌. തല നേരേ നില്ക്കുന്ന നേരത്തൊക്കെ ഒരു ചതഞ്ഞ ശരീരപ്രകൃതിക്കുള്ളിൽ തണുത്തുറഞ്ഞും തടവില്പെട്ടും കിടക്കുകയാണെന്റെ നല്ല ഗുണങ്ങളെന്നതിനാൽ ലഹരി പിടിച്ച ഈ സമയത്ത് ഇത്രയും നന്മകൾ പുറത്തേക്കു വരുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകുന്നു...
(1714)

തെരേസ ബ്ളൗണ്ടിന്‌

മദാം, എനിക്കു നിങ്ങളോടുള്ള മതിപ്പിന്റെയും മറ്റേ സംഗതിയുടെയും അളവു വച്ചു നോക്കുമ്പോൾ സുന്ദരനായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കെത്രയോ ഉപകാരപ്പെട്ടേനെ: പക്ഷേ, അങ്ങനെയല്ല കാര്യമെന്നതിനാൽ മര്യാദ നിറഞ്ഞ ഒരു കത്തു വായിക്കാം അല്ലെങ്കിൽ നല്ലൊരു പ്രഭാഷണം കേൾക്കാം എന്നൊരു ഗുണമേ എന്നെക്കൊണ്ടു നിങ്ങൾക്കുണ്ടാകുന്നുള്ളു. എത്ര തവണയാണ്‌, എത്ര പരസ്യമായിട്ടുമാണ്‌ എനിക്കു നിങ്ങളോടുള്ള പ്രണയം ഞാൻ തുറന്നു പറഞ്ഞിട്ടുള്ളതെന്നതു പരിഗണിക്കുമ്പോൾ നിങ്ങൾ ഇതേവരെ എന്റെ കത്തെഴുത്തു വിലക്കിയിട്ടില്ലെന്നതും ഇനി നിങ്ങളുടെ മുഖം കാണരുതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടില്ലെന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു (ലേശമൊന്ന് അപമാനിക്കുകയും ചെയ്യുന്നു.)

പുരുഷനായ ഒരു കത്തെഴുത്തുകാരനു ചാരിതാർത്ഥ്യം തോന്നേണ്ടതിലേക്കായി സ്വന്തം വിരലുകളിൽ മഷിക്കറ പറ്റിച്ചിട്ടില്ലെന്നത് നിങ്ങളുടെ സല്പേരു കൂട്ടുന്നില്ല, മദാം. കഷ്ടം തന്നെ! കത്തെഴുതുക എന്ന ആഭാസകരമായ സ്വാതന്ത്ര്യമെടുക്കാൻ നിങ്ങളുടെ ഹൃദയം അയാളെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ നിങ്ങൾ ഒരു സന്മാർഗ്ഗഭീരുവുമല്ല, ഒരിക്കലുമല്ല, ഞാൻ അങ്ങനെ കാണുന്നതാണു നിങ്ങൾ ഇഷ്ട്പ്പെടുകയെന്നു വന്നാല്പോലും. (മിക്ക ചെറുപ്പക്കാരെയും പോലെ) ഒരു നല്ല സ്ത്രീയുടെ മൗനം സമ്മതം തന്നെയാണെന്ന നിഗമനത്തിലെത്താനും മാത്രം മിഥ്യാഭിമാനിയാണെന്നതിനാൽ ഞാൻ കത്തെഴുത്തു മുന്നോട്ടു കൊണ്ടുപോവുകയാണ്‌-

പക്ഷേ ഈ കത്തിൽ കഴിയുന്നത്ര നിഷ്കളങ്കനായിരിക്കേണ്ടതിലേക്കായി ഞാൻ നിങ്ങളോട് ലോകവാർത്തകളെക്കുറിച്ചു സംസാരിക്കട്ടെ. ഒരായിരം തവണ, എന്നോടാദ്യം മിണ്ടിയപ്പോൾത്തന്നെ, നിങ്ങളെന്നോടു ചോദിച്ചത് എന്തൊക്കെയാണു വാർത്തകൾ എന്നായിരുന്നു. എന്റെ ചുണ്ടുകളിൽ നിന്ന് നിങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചിലരതിനെ വ്യാഖ്യാനിക്കുകയും ചെയ്യും: സ്നേഹിക്കുന്ന രണ്ടു പേർ തമ്മിൽ കാണുമ്പോൾ ലോകമെന്തു ചെയ്യുന്നു എന്നന്വേഷിക്കുന്നതിൽ ഒരനൌചിത്യവും അവർ കാണുന്നില്ലെങ്കിൽ തീർച്ചയായും അതവരുടെ അടുപ്പത്തിന്റെ ലക്ഷണമല്ല തന്നെ. ഒന്നുകിൽ എനിക്ക്, അല്ലെങ്കിൽ നിങ്ങൾക്ക് മറ്റേയാളോട് സ്നേഹമില്ല എന്നാണ്‌ ഞാൻ സൂചിപ്പിക്കുന്നത്. ഇരുവരിൽ ആരാണ്‌ മറ്റേയാളുടെ വൈശിഷ്ട്യവും ചാരുതകളും കാണാതിരിക്കാൻ മാത്രം വിഡ്ഢിയും ജഡബുദ്ധിയുമായതെന്നൂഹിക്കേണ്ട ചുമതല ഞാൻ നിങ്ങൾക്കു വിടുന്നു.
(1716)

മേരി വോർട്‌ലി മൊണ്ടേഗിന്‌

അന്യരുടെ ഓർമ്മയിൽ ജീവിക്കുക എന്നതിൽ അഭിലഷണീയമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ ആ വാക്കിന്റെ ഏറ്റവും നല്ല അർത്ഥത്തിൽ അതു നിങ്ങൾക്കങ്ങനെയാണെന്ന് എന്നെ ചൂണ്ടിക്കാട്ടി ഞാൻ പറയും.

നിങ്ങളുടെ രൂപം എനിക്കു മുന്നിൽ പ്രത്യക്ഷമാകാതെ ഒരു ദിവസം പോലുമില്ല; നിങ്ങളുടെ സംഭാഷണങ്ങൾ ഓർമ്മയിൽ നിന്നു മായാറില്ല; ഞാൻ അവയാസ്വദിച്ച ഓരോ രംഗവും സ്ഥലവും സന്ദർഭവും ഊഷ്മളവും ആർദ്രവുമായ ഒരു ഭാവന തനിക്കായ വിധം രചിച്ച ഒരു ചിത്രം പോലെ ജീവസ്സുറ്റതായി ഞാൻ കണ്മുന്നിൽ കാണുന്നു.

സൂര്യനോടടുത്തു താമസിക്കുന്നതിന്റെ ആനന്ദം തന്റെ ആരോഗ്യത്തിലും മനോഭാവത്തിലും കാര്യമായ മാറ്റം വരുത്തി എന്നു നിങ്ങൾ പറയുന്നു. സൂര്യാരാധകൻ എന്നു വിളിക്കപ്പെടത്തക്ക വിധം എന്റെ മനോവികാരങ്ങളെ അത്രയ്ക്കങ്ങു പൂർവോന്മുഖമാക്കിക്കളഞ്ഞു നിങ്ങൾ. ഭൂമിയിലെ സകല സസ്യങ്ങളെയും വളർത്തുന്നതും സകല ധാതുക്കളും വിളയിക്കുന്നതും സൂര്യനാണെങ്കിലും  അതിനെക്കാളൊക്കെ അഭിമാനിക്കാൻ അവനു വക നല്കുന്നത് നിങ്ങളുടെ മാനസികോല്ലാസത്തെ വളർത്തി എന്നതിന്റെ പേരിലത്രെ.

നിങ്ങളുടെ സ്വഭാവവും ബുദ്ധിശക്തിയും പൂർണ്ണവികാസത്തിൽ പരിലസിക്കുന്നതു കാണാൻ സാമാന്യബുദ്ധിയുള്ള ഒരാൾ മൂന്നോ നാലോ ആയിരം കാതം യാത്ര ചെയ്യുന്നതിൽ തരക്കേടൊന്നുമില്ല എന്നാണ്‌ എന്റെ അഭിപ്രായം. ഭൂമിയുടെ ഈ പകുതിയിലെ ഏറ്റവും തികവുറ്റ ഭാഗം വിട്ടുപോവുകയും മറ്റേ പകുതിയിലെ സൂര്യനു ചുവട്ടിൽ നാൾക്കുനാൾ മെച്ചപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യജീവിയിൽ നിന്ന് നമുക്കെന്തൊക്കെ പ്രതീക്ഷിച്ചുകൂടാ. ചിന്തനീയമായതിൽ വച്ചേറ്റവും വിശിഷ്ടമായ കാര്യങ്ങളെക്കുറിച്ചു നിങ്ങളിപ്പോൾ പറയുകയും എഴുതുകയും ചെയ്യാറില്ലെങ്കിൽ പൂർവദേശത്തെ ശേഷം പേർക്കിപ്പോഴേയുള്ള ദുഷ്പേരിനു താനും അർഹയായതായും സ്ത്രൈണപ്രകൃതത്തിനും ആലസ്യത്തിനും ആഭാസകരമായ ജീവിതത്തിനും താൻ സ്വയം വിട്ടുകൊടുത്തതായും അനുമാനിച്ച് സമാധാനപ്പെടുക.

ദൈവത്തെയോർത്ത് മദാം, പറ്റുമ്പോഴൊക്കെ എനിക്കെഴുതുക; നിങ്ങളുടെ കാര്യത്തിൽ ഇത്രയും നിരന്തരമായ ശ്രദ്ധയും ഉത്കണ്ഠയുമുള്ള മറ്റൊരു മനുഷ്യൻ ഈ ലോകത്തു ശ്വാസമെടുക്കുന്നില്ലെന്നു വിശ്വസിക്കുക. തനിക്കു സുഖമാണെന്നെനിക്കെഴുതുക, നിങ്ങളുടെ കുഞ്ഞുമകനു സുഖമാണെന്നെനിക്കെഴുതുക, നിങ്ങളുടെ നായയ്ക്ക് (അങ്ങനെയൊന്നുണ്ടെങ്കിൽ) സുഖമാണെന്നെഴുതുക. നിങ്ങളെ സന്തോഷിപ്പിക്കുന്നതൊന്നിനെക്കുറിച്ചും എന്നോടു പറയാതിരിക്കരുതേ: അതിനി എന്തായാലും മറ്റെന്തിനുമാവുന്നതിലുമുപരി അതെന്നെ സന്തോഷിപ്പിക്കും. ഞാൻ എന്നും നിങ്ങൾക്കുള്ളതാണ്‌.
(1717 ജൂൺ)


ഇംഗ്ലീഷ് കവിയും വിമർശകനും കലാസ്വാദകനും ഉപന്യാസകാരനുമൊക്കെയായ അലക്സാണ്ടർ പോപ്പ് Alexander Pope(1688-1744) ജീവിതകാലം മൊത്തം അനാരോഗ്യവാനായിരുന്നു. ബാല്യത്തിലേ ക്ഷയരോഗം പിടിച്ചതിനാൽ ശരീരവളർച്ചയുണ്ടായില്ല. ആൾ വഴക്കാളിയാണെങ്കിലും വിശ്വസ്തരായ സ്നേഹിതരുടെ വലിയൊരു സംഘവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം സ്ത്രീസൗഹൃദങ്ങൾ ഇഷ്ടപ്പെട്ടിരുന്നു; അവർ അദ്ദേഹത്തിന്റെ രസികത്തമൊക്കെ ആസ്വദിച്ചുവെന്നതല്ലാതെ ഗാഢമായൊരു സ്നേഹം അവരിൽ നിന്ന് അദ്ദേഹത്തിനു കിട്ടിയില്ല. മാർത്തയും തെരേസയും ഇക്കൂട്ടത്തിൽ പെട്ടവരായിരുന്നു.  ഒരേ കാലത്തു തന്നെ അദ്ദേഹം അവരിരുവരുമായും കത്തിടപാടു നടത്തിയിരുന്നു. മൂന്നാമത്തെ കത്ത് കോൺസ്റ്റാന്റിനോപ്പിളിലെ ഒരു നയതന്ത്രപ്രതിനിധിയുടെ ഭാര്യയായ ലേഡി മേരി മൊണ്ടേഗിനെഴുതിയതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: