2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

നികിത സ്റ്റനെസ്ക്യു - കവിതകള്‍






ഒരു കവിത


നോക്കൂ, ഒരു നാൾ  ഞാൻ  നിന്നെ കടന്നുപിടിക്കുകയും
നിന്റെ ഉള്ളംകാലിൽ ചുംബിക്കുകയും ചെയ്തുവെന്നിരിക്കട്ടെ,
അതില്പിന്നെ നടക്കുമ്പോൾ നീയൊന്നു ഞൊണ്ടില്ലേ,
എന്റെ ചുംബനം ഞെരിഞ്ഞാലോയെന്ന പേടിയോടെ?

(1964)

കടലിൽ കൌമാരക്കാർ


ഈ കടൽ കൌമാരക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു,
തിരപ്പുറത്തു നടക്കാൻ പഠിക്കുകയാണവർ, നില്ക്കാനും,
ചിലനേരം ഒഴുക്കിൽ കൈകൾ തളർത്തിയിട്ടും,
ചിലനേരം ഒരു വെയില്ക്കതിരിൽ മുറുകെപ്പിടിച്ചും.
ഞാനോ, ഞാൻ കടപ്പുറത്തു വളഞ്ഞുകൂടിക്കിടക്കുന്നു,
വന്നിറങ്ങിയ യാത്രക്കാരെപ്പോലെ അവരെ നോക്കിക്കിടക്കുന്നു.
അവർക്കൊന്നു കാലു തെറ്റുന്നതെനിക്കു കാണണം,
തിരപ്പെരുക്കത്തിൽ പതറി മുട്ടിലിരിക്കുന്നതെങ്കിലും.
പക്ഷേ മെയ് വഴക്കമുള്ളവരാണവർ, സമചിത്തരും-
തിരപ്പുറത്തു നടക്കാനവർ പഠിച്ചിരിക്കുന്നു, നില്ക്കാനും.



അപദങ്ങൾ

അയാൾ എനിക്കൊരില നീട്ടി, വിരലുകളുള്ളൊരു കൈ പോലെ.
ഞാനയാൾക്കൊരു കൈ നീട്ടി, പല്ലുകളുള്ളൊരില പോലെ.
അയാളെനിക്കൊരു ചില്ല നീട്ടി, ഒരു കൈ പോലെ.
ഞാനയാൾക്കൊരു കൈ നീട്ടി, ഒരു ചില്ല പോലെ.
എന്റെ നേർക്കയാൾ തടി കുനിച്ചു, ഒരു ചുമലു പോലെ.
ഞാനയാൾക്കു നേർക്കെന്റെ ചുമലു കുനിച്ചു,
കെട്ടുപിണഞ്ഞൊരു തടി പോലെ.
അയാൾക്കുള്ളിൽ നീരിരച്ചുകേറുന്നതു ഞാൻ കേട്ടിരുന്നു,
ചോര തുടിയ്ക്കുന്ന പോലെ.
എന്റെ ചോരയോട്ടം മന്ദിക്കുന്നതയാൾ കേട്ടിരുന്നു,
അരിച്ചുകയറുന്ന നീരു പോലെ.
അയാൾ എന്നിലൂടെ കടന്നുപോയി.
ഞാൻ അയാളിലൂടെ കടന്നുപോയി.
ഞാൻ ഒരേകാകിയായ മരമായി നിന്നു.
അയാൾ
ഒരേകാകിയായ മനുഷ്യനായും.
(1969)

മറ്റൊരു തരം കണക്ക്

ഒന്നേ ഗുണം ഒന്ന് ഒന്നാണെന്ന് നമുക്കറിയാം,
എന്നാൽ ഒരു പെയറിനെ ഒരു യൂണിക്കോൺ കൊണ്ടു ഗുണിച്ചാൽ
എന്തു കിട്ടുമെന്ന് നമുക്കറിയില്ല.
അഞ്ചിൽ നിന്നു നാലു കുറച്ചാൽ ഒന്നു കിട്ടുമെന്നു നമുക്കറിയാം,
എന്നാലൊരു മേഘത്തിൽ നിന്ന് ഒരു പായവഞ്ചി കുറച്ചാൽ
എന്തു കിട്ടുമെന്ന് നമുക്കൊരു പിടിയുമില്ല.
എട്ടിനെ എട്ടു കൊണ്ടു ഹരിച്ചാൽ ഒന്നാണെന്നു നമുക്കറിയാം,
അതെ, നമുക്കറിയാം,
എന്നാൽ ഒരു മലയെ ഒരാടു കൊണ്ടു ഹരിച്ചാൽ
ഹരണഫലം നമുക്കറിയില്ല.
ഒന്നുമൊന്നും കൂട്ടിയാൽ രണ്ടാണെന്നു നമുക്കറിയാം,
എന്നാൽ, കഷ്ടമേ,
എന്നെയും നിന്നെയും കൂട്ടിയ തുക നമുക്കറിയില്ല.
എന്നാൽ ഒരു മഫ്ളർ ഗുണം ഒരു മുയൽ
ഒരു ചെമ്പൻ മുടിക്കാരനാണെന്നതിൽ സംശയമേയില്ല,
ഒരു കാബേജിനെ ഒരു കൊടി കൊണ്ടു ഹരിച്ചാൽ
ഒരു പന്നി,
ഒരു കുതിരയിൽ നിന്ന് ഒരു വണ്ടി കുറച്ചാൽ
ഒരു മാലാഖ,
ഒരു കോളിഫ്ളവറും ഒരു മുട്ടയും കൂട്ടിയാൽ
ഒരു മുട്ടെല്ലുമായി.
നീയും ഞാനും മാത്രം
ഗുണിച്ചാലും ഹരിച്ചാലും
കൂട്ടിയാലും കുറച്ചാലും
ഒരു മാറ്റവുമില്ല.
എന്റെ മനസ്സിൽ നിന്നു മറയൂ!
എന്റെ ഹൃദയത്തിലേക്കു മടങ്ങിവരൂ!
(1972)

ശരല്ക്കാലവികാരം


ശരല്ക്കാലമെത്തിക്കഴിഞ്ഞു,
ഒരു മരത്തിന്റെ നിഴൽ കൊണ്ട്,
അല്ലെങ്കിൽ നിന്റെ തന്നെ നിഴൽ കൊണ്ട്
എന്റെ ഹൃദയത്തെ പുതപ്പിക്കുക.

ചിലനേരമെനിക്കു പേടി തോന്നുന്നു,
ഇനി മേൽ നിന്നെ ഞാൻ കാണില്ലെന്ന്,
മാനം പോലുയരത്തിലെനിക്കു ചിറകു മുളയ്ക്കുമെന്ന്,
ഒരപരിചിതയുടെ കണ്ണിൽ നീ പോയൊളിക്കുമെന്ന്,
ഉള്ളിലൊരു കാഞ്ഞിരത്തിനിലയുമായി അതടയുമെന്ന്.

എങ്കില്പിന്നെ ഞാൻ കല്ലുകളെപ്പോലെ മൂകനാവും,
വാക്കുകളെടുത്തുകൊണ്ടുപോയി ഞാൻ കടലിൽ മുക്കും,
ഒരു ചൂളമെറിഞ്ഞു ഞാൻ ചന്ദ്രനോടു വരാൻ പറയും,
അതുമായി ഞാനൊരു വമ്പൻ പ്രണയം നടിക്കും.
(1964)

കാവ്യാദർശം


എന്റെ വാക്കുകളെ ഞാൻ പ്രണയിക്കാൻ പഠിപ്പിച്ചു,
അവയ്ക്കു ഞാനെന്റെ ഹൃദയം കാണിച്ചുകൊടുത്തു,
അവയുടെ അക്ഷരങ്ങൾ മിടിക്കാൻ തുടങ്ങും വരെ
ഞാൻ വിട്ടുകൊടുത്തതുമില്ല.
അവയ്ക്കു ഞാൻ മരങ്ങൾ കാണിച്ചുകൊടുത്തു,
മർമ്മരം വയ്ക്കാത്ത അക്ഷരങ്ങളെ
നിർദ്ദയം ഞാൻ ചില്ലകളിൽ കെട്ടിത്തൂക്കുകയും ചെയ്തു.
വാക്കുകൾക്കൊടുവിൽ
എന്നെയും ലോകത്തെയും
പ്രതിഫലിപ്പിക്കേണ്ടിവന്നു.
പിന്നെ ഞാനെന്നിലേക്കു വന്നു,
ഒരു പുഴയുടെ ഇരുകരകൾക്കിടയിൽ
ഞാനെന്നെത്തന്നെ വലിച്ചിട്ടു,
ഒരു പാലമായി,
ഒരു കാളക്കൊമ്പിനും പുല്ലിനുമിടയിൽ,
വെളിച്ചത്തിന്റെ ഇരുണ്ട നക്ഷത്രങ്ങൾക്കും ഭൂമിയ്ക്കുമിടയിൽ,
ഒരു സ്ത്രീയുടെയും പുരുഷന്റെയും നെറ്റികൾക്കിടയിൽ,
പന്തയക്കാറുകൾ പോലെ,
വൈദ്യുതതീവണ്ടികൾ പോലെ
വാക്കുകൾക്കെനിക്കു മേല്കൂടി കടന്നുപോകാനായി,
അവയ്ക്കത്ര വേഗം കടന്നുപോകാനായി,
ലോകത്തെ അതിൽ നിന്നതിലേക്കു വഹിക്കാൻ
അവ പഠിക്കട്ടെ എന്നതിലേക്കായി.
(1965)

രഥം


എന്റെ നിമിഷങ്ങളുടെ പാടത്തിനു കുറുകേ
ചൂളം കുത്തിക്കൊണ്ടൊരു തേരു പായുന്നു.
നാലു കുതിരകൾ രണ്ടു പോരാളികളെ വലിക്കുന്നു.
ഒരാൾ തന്റെ കണ്ണുകൾ ഇലകളിൽ വച്ചിരിക്കുന്നു,
മറ്റേയാൾ തന്റെ കണ്ണുകൾ കണ്ണീർത്തുള്ളികളിലും.
ഒരാൾ തന്റെ ഹൃദയം മുന്നിൽ, കുതിരകളിൽ, നിക്ഷേപിച്ചിരിക്കുന്നു,
മറ്റേയാൾ പിന്നിൽ കല്ലുകൾക്കു മേൽ കൂടി അതു വലിച്ചിഴയ്ക്കുന്നു.
ഒരാൾ തന്റെ വലംകൈയിൽ കടിഞ്ഞാൺ പിടിച്ചിരിക്കുന്നു,
മറ്റേയാൾ കൈകളിൽ ശോകവും.
ഒരാൾക്ക് തന്റെ ആയുധങ്ങളുടെ ഭാരം താങ്ങാനാവുന്നില്ല,
മറ്റേയാൾക്ക് തന്റെ ഓർമ്മകളുടെയും.
എന്റെ നിമിഷങ്ങളുടെ പാടത്തിനു കുറുകേ
ചൂളം കുത്തിക്കൊണ്ടൊരു തേരു പായുന്നു.
നാലു കുതിരകൾ രണ്ടു പോരാളികളെ വലിക്കുന്നു.
ഒരാൾ തന്റെ ജീവൻ ഗരുഡന്മാരിൽ വച്ചിരിക്കുന്നു,
മറ്റേയാൾ ഉരുണ്ടുമറിഞ്ഞു നീങ്ങുന്ന ചക്രങ്ങളിലും.
കുതിരകൾ പായുന്നു, നിമിഷങ്ങൾ ഭേദിച്ചുകൊണ്ടവ പായുന്നു,
അപ്പുറത്തേക്ക്, അതിനുമപ്പുറത്തേക്ക പായുന്നു,
അവ പാഞ്ഞു മറയുന്നു.
(1965)

വൃത്തത്തെ കുറിച്ച് ഒരു പ്രഭാഷണം


നിങ്ങൾ പൂഴിയിൽ ഒരു വൃത്തം വരയ്ക്കുന്നു,
പിന്നെ അതേ ബദാംചുള്ളി കൊണ്ടു തന്നെ
വൃത്തത്തെ രണ്ടായി വിഭജിക്കുന്നു.
പിന്നെ നിങ്ങൾ മുട്ടുകാലിൽ വീഴുന്നു,
എന്നിട്ടു നാലുകാലിൽ വീഴുന്നു.
പിന്നെ നിങ്ങൾ പൂഴിയിൽ നെറ്റി മുട്ടിയ്ക്കുന്നു,
വൃത്തത്തോടു മാപ്പിരക്കുന്നു.
ഇത്രമാത്രം.
(1979)



നികിത സ്റ്റനെസ്ക്യു Nichita Stanescu   1933 മാര്‍ച്ച് 31 ന് റുമേനിയയിലെ  Ploieştiയില്‍ ജനിച്ചു.  രണ്ടാംലോകമഹായുദ്ധകാലത്ത്  നഗരത്തിലെ ഓയില്‍  റിഫൈനറി  നാസികള്‍  പിടിച്ചെടുക്കുകയും  പിന്നീട് അമേരിക്കന്‍  ബോംബറുകള്‍  അത്  ബോംബിട്ടു തകര്‍ക്കുകയും ചെയ്തു- “തീനാളങ്ങളായി  മരിക്കുന്ന മനുഷ്യര്‍, എങ്ങും കരിഞ്ഞ മണം, നിലവിളികള്‍, പിളര്‍ന്ന മാംസത്തിന്റെ ആഭാസകരമായ ചുവപ്പുനിറം…” അദ്ദേഹം തന്റെ  ബാല്യം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ഒന്നാം ക്ലാസ്  തോറ്റതിന്  അദ്ദേഹം പറഞ്ഞ കാരണം, “ഉച്ചരിച്ചു കഴിഞ്ഞ വാക്ക്  എഴുതിവച്ചാല്‍  ശേഷിക്കുമെന്നത്  എനിക്കു ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു," അദ്ദേഹത്തിന്റെ  കവിതയെ സമീപിക്കുന്നതിന് തുടക്കമായിട്ടെടുക്കാം. ഭാഷയ്ക്കു മുന്നില്‍ പകച്ചുള്ള ഈ നില്പ്  ഏതു കവിയും അനുഭവിക്കേണ്ടതാണ്, അത്  ശീലമാക്കേണ്ടതുമാണ്.
1952ല്‍ സ്റ്റനെസ്ക്യു ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയില്‍ റുമേനിയന്‍, ഭാഷാശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവ പഠിക്കാന്‍ ചേര്‍ന്നു. പഠനശേഷം പല സാഹിത്യമാസികകളുടെയും എഡിറ്ററായി. 1975ല്‍ അദ്ദേഹം Herder Prizeന് അര്‍ഹനായി. 1979ല്‍ നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നു.
ഏകാന്തതയെക്കാളേറെ സഹജീവിതം ഇഷ്ടപ്പെട്ടിരുന്ന സ്റ്റനെസ്ക്യു മൂന്നു തവണ വിവാഹിതനായി. പുകവലിയും മദ്യപാനവും അനിയന്ത്രിതമായിരുന്നു. താമസം മിക്കപ്പോഴും സുഹൃത്തുക്കളുടെ വീട്ടിലായിരിക്കും. ബാറുകളില്‍ വച്ച്  അദ്ദേഹം നിമിഷകവിതകള്‍ ഉണ്ടാക്കിചൊല്ലുമ്പോള്‍ എഴുതിയെടുക്കാന്‍ ചുറ്റും തിരക്കായിരിക്കും.
അമ്പതാമത്തെ വയസ്സില്‍ കരള്‍ രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന്‍  അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ശ്വാസമെടുക്കാന്‍ പറ്റുന്നുണ്ടോയെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍  അദ്ദേഹം പറഞ്ഞു : “am respira” (ഞാന്‍ ശ്വസിക്കുന്നുണ്ട് ); അത് അദ്ദേഹത്തിന്റെ അവസാനവാക്കുകളായിരുന്നു. 1953 ഡിസംബർ 13ന് അദ്ദേഹം മരിച്ചു.
Wheel with a Single Spoke and Other Poems (Archipelago Books, 2012), selected and translated by Sean Cotter ഇംഗ്ലീഷില്‍ ലഭ്യമായ ഏറ്റവും സമഗ്രമായ സമാഹാരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല: