2017, ജൂൺ 14, ബുധനാഴ്‌ച

ഹെൻറി ഡി റെനിയേ - കവിതകൾ



ഹെൻറി ഡി റെനിയേ Henri de Regnier (1864-1936)- ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ പ്രമുഖനായ ഫ്രഞ്ച് സിംബോളിസ്റ്റ് കവി. പുരാതനമായ ഒരു നോർമ്മൻ കുടുംബത്തിൽ ജനിച്ചു. പാരീസിൽ നിയമപഠനത്തിനിടെ സിംബോളിസ്റ്റ് കവികളുടെ സ്വാധീനത്തിൻ കീഴിൽ കവിതകൾ എഴുതിത്തുടങ്ങി. 1885ൽ  Lendemains (നാളെകൾ) എന്ന സമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്ന് Les Médailles d’argile (1900; കളിമൺ പതക്കങ്ങൾ),  La Sandale ailée (1906; ചിറകു വച്ച പാദുകം) എന്നീ സമാഹാരങ്ങളും. ആദ്യകാലത്ത് ഛന്ദോമുക്തരൂപങ്ങളിലാണ്‌ കവിതകൾ എഴുതിയിരുന്നതെങ്കിലും പില്ക്കാലത്ത് ക്ലാസ്സിക്കൽ രൂപങ്ങളിലേക്കു തിരിഞ്ഞു.

ദേവകൾ
ദേവകളെന്നോടുരിയാടാൻ വന്നുവെന്നിന്നു ഞാൻ സ്വപ്നം കണ്ടു:
ഒരു ദേവൻ - അരുവികളും കടല്പായലും വാരിച്ചുറ്റിയവൻ;
മറ്റൊരു ദേവൻ - മുന്തിരിവള്ളികളും ഗോതമ്പുകതിരുകളുമായി;
ഇനിയൊരു ദേവൻ- ചിറകു വച്ചവൻ, അപ്രാപ്യൻ,
നഗ്നതയുടെ സൌന്ദര്യമെടുത്തുടുത്തവൻ;
ഇനിയൊരാൾ - മുഖപടത്തിനു പിന്നിലൊളിച്ചവൻ;
ഒരാൾ കൂടി- ഇരുസർപ്പങ്ങൾ പിണഞ്ഞ സ്വർണ്ണദണ്ഡുമായി
പൂക്കൾ നുള്ളിനടക്കുന്ന ഗായകൻ;
വേറെയുമുണ്ടായിരുന്നു ദേവകൾ...
ഞാൻ പറഞ്ഞു: ഇതാ പഴക്കൂടകൾ, പുല്ലാങ്കുഴലുകളും-
എന്റെ പഴങ്ങൾ രുചിക്കൂ,
തേനീച്ചകളുടെ മൂളലിനും ഓടല്ക്കാടുകളുടെ വിനീതമർമ്മരത്തിനും
കാതു കൊടുക്കൂ;
പിന്നെ ഞാൻ പറഞ്ഞു: കേൾക്കൂ, കേൾക്കൂ,
മാറ്റൊലിയുടെ ചുണ്ടുകൾ കൊണ്ടൊരാൾ സംസാരിക്കുന്നതു കേട്ടില്ലേ?
ജീവിതമിരമ്പുന്ന ലോകത്തിനിടയിലേകനാണയാൾ...
പാവനമായ മുഖമേ, നിന്നെ ഞാൻ പതക്കങ്ങളാക്കി:
ശരല്ക്കാലസന്ധ്യ പോലെ സൌമ്യമായ വെള്ളിയിൽ,
മദ്ധ്യാഹ്നസൂര്യൻ പോലെ പൊള്ളുന്ന സ്വർണ്ണത്തിൽ,
രാത്രി പോലെ വിഷണ്ണമായ ചെമ്പിൽ,
ആഹ്ളാദം പോലെ കിലുങ്ങുന്ന ലോഹങ്ങളിൽ,
മഹത്വവും പ്രണയവും മരണവും പോലെ
മാരകമായി ശബ്ദിക്കുന്ന ലോഹങ്ങളിൽ;
ഏറ്റവും നല്ല പതക്കം ഞാൻ മെനഞ്ഞതു പക്ഷേ
കളിമണ്ണിൽ നിന്നായിരുന്നു;
ഒരു മന്ദഹാസത്തോടെ നിങ്ങളവ കൈയിലെടുക്കും,
നല്ല പണിത്തരമെന്നു നിങ്ങൾ പറയും,
പിന്നെയൊരു മന്ദഹാസത്തോടെ നിങ്ങൾ നടന്നുപോകും;
നിങ്ങളിലൊരാൾക്കു പോലും കണ്ണില്പ്പെട്ടില്ല,
എന്റെ കൈകൾ ഹൃദയാർദ്രതയാൽ വിറക്കൊള്ളുന്നതും
അവയിലൂടെ ജീവൻ വച്ചുണരാനായി
ഒരു മഹിതസ്വപ്നമെന്നിലുറങ്ങുന്നതും.
നിങ്ങളിലൊരാളു പോലും മനസ്സു കൊണ്ടറിഞ്ഞില്ല,
പാവനതയുടെ മുഖമാണു ഞാനാ പതക്കങ്ങളിൽ പതിച്ചതെന്ന്,
കാടുകളിൽ, കാറ്റുകളിൽ, കടലുകളിൽ, പുല്ക്കൊടികളിൽ,
പനിനീർപ്പൂക്കളിൽ, സർവപ്രതിഭാസങ്ങളിൽ,
നമ്മുടെയുടലുകളിൽ നാമറിയുന്നതാണതെന്ന്,
നമ്മുടേതു തന്നെയാണാ ദിവ്യത്വമെന്നും.


ക്രിസില
എന്റെ നാഴികവട്ട മുങ്ങിത്താഴുന്ന മുഹൂർത്തമെത്തുമ്പോൾ, ദേവീ,
എന്റെ കട്ടിൽത്തലയ്ക്കൽ കാട്ടരുതേ, കാലപിതാമഹന്റെ രൂപത്തെ;
അറുത്തുമുറിക്കുകയാണയാൾ, കണ്ണു നനയാതെ, കുറ്റബോധമില്ലാതെ,

മുഷിയുവോളം ദീർഘിച്ചുപോയൊരു വിഫലായുസ്സിന്റെ നാരിനെ.

പകരമായുധമണിയിക്കൂ പ്രണയത്തെ, എന്നുമെന്നെ വെറുത്തവനെ,
ഒരുമ്പെട്ടിരിക്കുകയാണവനെന്നെനിക്കറിയാതെയുമല്ല,
ആവനാഴിയിൽ ശേഷിച്ച കൂരമ്പെന്റെ ഹൃദയം നോക്കിത്തൊടുക്കാൻ,
എന്റെ ശോഷിച്ച ജീവരക്തമൊഴുക്കി മണ്ണിനെ ചുവപ്പിക്കാൻ.


വേണ്ട! ഞാനെന്റെ ജീവിതസായാഹ്നത്തെ സമീപിക്കുമ്പോൾ
വധുവിന്റെ മൌനമന്ദഹാസവുമായി യൌവനമെന്നിലേക്കെത്തട്ടെ ;
ഒരു ചെമ്പനിനീർപ്പൂവിന്റെ ഇതളുകളവൾ നുള്ളിവിതറട്ടെ,


യാത്രാമൊഴി ചൊല്ലി വിലപിക്കുന്നൊരു ജലധാരയുടെ വട്ടകയിൽ;
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ, കൊടുവാളുമെടുക്കേണ്ട,
മരണത്തിന്റെ നരകാന്ധകാരത്തിലേക്കെന്റെ കണ്ണുകൾ ഞാനടച്ചോളാം.


(1915)

സ്വരം

എന്റെ ശോകത്തിനു കൂട്ടിരിക്കാനാരുമെനിക്കിന്നു വേണ്ട,
നിന്റെയോമനക്കാലടികൾ വേണ്ട, ഞാൻ സ്നേഹിച്ച മുഖം വേണ്ട,
അലസമായ തൂവാലയെ, അടച്ചുവച്ച പുസ്തകത്തെ
ഒരു വിരൽ കൊണ്ടു തലോടുന്ന നിന്റെയക്കൈയും വേണ്ട.


എന്നെ വിട്ടുപോകൂ. എന്റെ വാതിലിന്നടഞ്ഞു കിടക്കട്ടെ.
പുലരിയുടെ തെന്നലിലേക്കെന്റെ ജനാലയിന്നു തുറന്നിടേണ്ട.
വിഷണ്ണവും  ഉദാസീനവുമാണിന്നെന്റെ ഹൃദയം,
സര്‍വ്വതുമിന്നെനിക്കു ശൂന്യം, നിഷ്ഫലം.


ഈ വിഷാദമെന്റേതല്ല, എനിക്കറിവുള്ളതുമല്ല,
എന്റെ വിഷാദം വന്നതെനിക്കുമപ്പുറത്തെങ്ങു നിന്നോ;
പാടുന്ന, ചിരിക്കുന്ന, പ്രണയിക്കുന്ന മനുഷ്യൻ-
ഒരുകാലമവൻ തന്റെ കാതിലൊരു മന്ത്രണം കേൾക്കും,


എന്തെന്നറിയാത്തതൊന്നവന്റെയുള്ളിൽ ജീവൻ വയ്ക്കും,
അതു പിടയ്ക്കും, അതു പടരും, അതു വിലാപമുതിർക്കും,
ഒരു വിഷണ്ണസ്വരം തന്റെ കാതിലിങ്ങനെയോതുമ്പോൾ:
ജീവിതത്തിന്റെ പൂവു വിടരുന്നതു ചാരമായിക്കായ്ക്കാനത്രെ.





Chrysilla

    translated by Jethro Bithell


O GODDESS, when the sands at last are run,
Let me not see slow Time at my bed-head
Cutting without regret or tears the thread
Of an importunate life too long outspun.

Arm rather Love, who from mine hour of birth
Hath hated me, and who were fain to make,
With his last arrow, from the heart he brake
Its pale, thin crimson flow upon the earth.

But no! Send me my Youth at eventide,
Silent, and naked, lovely as a bride,
And let her shed the petals of a rose

Into the fountain weeping me farewell,
And I shall need no dart nor scythe, but close
Mine eyes, and wander to the asphodel.


The Voice
     Translation by Eli Siegel
I do not wish anyone to be near my sadness—
Not even your dear step and your loved face,
Nor your indolent hand which caresses with a finger
The lazy ribbon and the closed book.
Leave me. Let my door today remain closed;
Do not open my window to the fresh wind of morning;
My heart today is miserable and sullen
And everything seems to me somber and everything seems vain.
My sadness comes from something further than myself;
It is strange to me and is not of me;
And every man, whether he sings or he laughs or he loves,
In his time hears that which speaks low to him,
And something then stirs and awakens,
Is perturbed, spreads and laments in him,
Because of this dull voice which says in his ear
That the flower of life in its fruit is ashes.


അഭിപ്രായങ്ങളൊന്നുമില്ല: