2017, ജൂലൈ 1, ശനിയാഴ്‌ച

പണ്ഡിറ്റ് മല്ലികാർജ്ജുൻ മൻസൂർ - രസയാത്ര



ജയ്പൂർ-അത്രൌളി ഘരാനയിലെ മഹാനായ ഗായകൻ പണ്ഡിറ്റ് മല്ലികാർജ്ജുൻ മൻസൂറിന്റെ ആത്മകഥയാണ്  “രസയാത്ര.”.മല്ലികാർജ്ജുൻ മൻസൂർ കന്നഡയിലെഴുതി 1980ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ മകനും ഹിന്ദുസ്ഥാനി ഗായകനുമായ രാജശേഖർ മൻസൂറാണ്‌ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.


അമ്മയെക്കുറിച്ച്


1910 ഡിസംബർ 31ന്‌ ഒരു കറുത്ത വാവിന്റന്നാണ്‌ എന്റെ ജനനം. മുത്തശ്ശൻ പഞ്ചാംഗം നോക്കിയിട്ടു പറഞ്ഞു, അന്ന് മൂലം നക്ഷത്രമാണെന്ന്; അതായത് അശുഭനക്ഷത്രത്തിലാണ്‌ ഞാൻ ജനിച്ചിരിക്കുന്നതെന്ന്. മൂലം നക്ഷത്രജാതൻ അച്ഛനമ്മമാർക്കു ദോഷകാരനാണെന്നാണ്‌ ചിലരുടെ വിശ്വാസം. അങ്ങനെ ഒരു കുഞ്ഞു പിറന്നാൽ അതിനെ ഏതെങ്കിലും മഠത്തിലേക്ക് ദത്തു കൊടുക്കുക എന്നതേ പിന്നെ ചെയ്യാനുള്ളു. അങ്ങനെ എന്നെ മഠത്തിലേക്കു കൊടുക്കാൻ കുടുംബക്കാരണവന്മാർ തീരുമാനിച്ചു.

ഇതു കേട്ടപ്പോൾ അമ്മ ആകെ പരവശയായി, അവരുടെ സങ്കടത്തിന്‌ അതിരുണ്ടായില്ല. ഇതു കണ്ട് മഠത്തിലെ ഗുരു, യഥാവിധി, അവരെ ആശ്വസിപ്പിച്ചു: “അവൻ എനിക്കു തന്നെ ഇരിക്കട്ടെ, എന്നാൽ അവൻ വളരുന്നത് നിങ്ങളോടൊപ്പമായിരിക്കും.” അമ്മയുടെ സന്തോഷം പറയാൻ പറ്റാത്തതായിരുന്നു. അങ്ങനെ ഔപചാരികമായ ഒരു ദത്തെടുക്കൽ ചടങ്ങു നടന്നു. എന്നെ ഗുരുവിന്റെ കൈകളിലേക്കു വച്ചുകൊടുത്തു, അപ്പോൾത്തന്നെ അമ്മ എന്നെ തിരികെ വാങ്ങുകയും ചെയ്തു. ഇങ്ങനെയായിട്ടു കൂടി ദോഷജാതകൻ എന്ന ദുഷ്പേര്‌ എന്നെ വിട്ടുപോയില്ല. ബന്ധുക്കളുടെ കണ്ണിൽ അവജ്ഞാപാത്രമാണെങ്കില്ക്കൂടി അതിനെക്കുറിച്ചൊക്കെ അജ്ഞനായി മാതൃസ്നേഹമെന്ന അഭയത്തിൽ ഞാൻ സുരക്ഷിതനായിരുന്നു. ലോകം ഒരു കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുമ്പോൾ അമ്മയ്ക്കതിനോടുള്ള സ്നേഹം അത്രകണ്ടു വളരുകയാണ്‌. നിസ്വാർത്ഥമായ മാതൃസ്നേഹത്തിനു പകരം വയ്ക്കാൻ ഈ ലോകത്തു യാതൊന്നുമില്ല. ആദിശങ്കരൻ ലോകബന്ധങ്ങളെല്ലാം ത്യജിച്ച് സന്ന്യാസം വരിച്ചയാളാണല്ലോ. എന്നാൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ അദ്ദേഹം വന്നു; മാതൃസ്നേഹമാണ്‌ അദ്ദേഹത്തെ അവിടെയെത്തിച്ചത്. അത്രക്കാണ്‌ മാതൃസ്നേഹത്തിന്റെ ശക്തി. അമ്മയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം ഒരു ശ്ലോകത്തിൽ പറയുന്നുണ്ട്:

കുപുത്രോ ജായേത ക്വചിദപി
കുമാതാ ന ഭവതി.

(ദുഷിച്ച മക്കൾ ഉണ്ടായെന്നു വരാം, ദുഷിച്ച അമ്മ എന്നൊന്നില്ല.)


ഗുരുവിന്റെ വിയോഗം


1937ൽ എന്റെ ജീവിതത്തിൽ മറ്റൊരു ദുരന്തം സംഭവിച്ചു. ഒരു ഞെരുക്കം വന്നപ്പോൾ കുറച്ചു പണം സ്വരൂപിക്കാനായി ഞാൻ ധാർവാഡിലേക്കു പോയി; എന്നാൽ വെറുംകൈയോടെ മുംബൈയിലേക്കു മടങ്ങേണ്ടിവന്നു. ആ ദുരിതകാലത്ത് മറ്റൊരു നിർഭാഗ്യം എന്റെ മേൽ വന്നു പതിക്കുമെന്ന് ഞാൻ ഓർത്തതേയില്ല. പക്ഷേ അത് കാത്തിരിക്കുകയായിരുന്നു, അതിന്റെ കൊടുംകയത്തിലേക്ക് എന്നെ വലിച്ചുകൊണ്ടു പോകാൻ. ഒരു ദിവസം സാന്താക്രൂസിൽ നിന്ന് ഒരു കച്ചേരി കഴിഞ്ഞു വരുമ്പോൾ എനിക്കപരിചിതനായ ഒരാൾ ഒരു കത്ത് എന്നെ ഏല്പിച്ചു. മൻജി ഖാൻ (മൻസൂറിന്റെ ഗുരു) സാഹബിന്റെ സഹോദരൻ ബുർജി ഖാൻ സാഹബിന്റേതായിരുന്നു അത്. എന്റെ ഗുരു അത്യാസന്നനിലയിൽ ആശുപത്രിയിലാണ്‌; ഞാൻ അങ്ങോട്ടു കുതിച്ചു. പക്ഷേ വൈകിപ്പോയിരുന്നു. ഖാൻ സാഹബ് അബോധാവസ്ഥയിലേക്കു വീണിരുന്നു. ബുർജി ഖാൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ബോധമുള്ള നേരം വരെ അദ്ദേഹം നിന്നെയും ബഡേ ഖാൻ (ഉസ്താദ് അല്ലാദിയ ഖാൻ) സാഹബിനെയുമാണ്‌ തിരക്കിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്‌ നിന്നോടെന്താണു പറയാനുണ്ടായിരുന്നതെന്ന് ദൈവത്തിനേ അറിയൂ.” ഇതും പറഞ്ഞ് ബുർജി ഖാൻ പൊട്ടിക്കരഞ്ഞു. ദുഃഖത്തിന്റെ കാർമ്മേഘം എനിക്കു മേൽ വന്നുവീണു. അന്നു രാത്രിയിൽ ഞങ്ങൾ ഖാൻ സാഹബിനെ വീട്ടിലേക്കു കൊണ്ടുപോയി. അടുത്ത ദിവസം പുലർച്ചെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. ചുവട്ടടിയിൽ ഭൂമി പിളരുന്നപോലെ എനിക്കു തോന്നി. എന്റെ സ്വപ്നങ്ങളൊക്കെ തകർന്നു. തുഴ പോയ തോണി കൊടുങ്കാറ്റിൽ പെട്ടിരിക്കുന്നു.


ഉസ്താദ് ഫൈയാസ് ഖാൻ


അമ്പതു കൊല്ലം മുമ്പാവണം, മുംബൈയിലെ ഒരു മെഹ്ഫിലിൽ വച്ച് ഉസ്താദ് ഫൈയാസ് ഖാൻ സാഹബ് പാടുന്നത് ഞാൻ കേട്ടു. ആ തലയെടുപ്പ് ആരെയും വീഴ്ത്തിക്കളയും. സുറുമയെഴുതിയ വലിയ കണ്ണുകൾ; കഴുത്തിൽ വെട്ടിത്തിളങ്ങുന്ന വജ്രമാല; തലയിൽ തലപ്പാവ്. ഗോതമ്പുനിറമായ ഉടലിൽ സ്വർണ്ണപ്പതക്കങ്ങൾ തിളങ്ങുന്ന കറുത്ത ഷെർവാണി വ്യത്യസ്തതയായിരുന്നു. ആ നെടിയ, കനത്ത വടിവും നടപ്പും ആഡംബരപൂർണ്ണമായ ഒരു ജീവിതത്തിന്റെ ചിഹ്നങ്ങളായിരുന്നു. വസ്ത്രധാരണത്തിൽ അത്രയും സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരാളെയാണ്‌ ഞാൻ കണ്ടത്. കച്ചേരിക്ക് ധാരാളം സംഗീതജ്ഞർ കേൾവിക്കാരായി ഉണ്ടായിരുന്നു. ഉസ്താദ് അല്ലാ ദിയ ഖാൻ തന്നെ വന്നിരുന്നു. ഫൈയാസ് ഖാൻ യമൻ കല്യാണിൽ നോം തോം ആലാപത്തോടെ കച്ചേരി ആരംഭിച്ചു. അദ്ദേഹത്തിന്റെ ആലാപിൽ കുലീനതയും ആഴവും ഉണ്ടായിരുന്നു. പാടിപ്പതിഞ്ഞ ആ സ്വരം നിറവോടെ രാഗവിസ്താരം ചെയ്തു. താനുകൾ ചാരുതയോടെ ലയത്തോടു ചേർന്നു; ബോൽത്താനുകൾ വൈദഗ്ധ്യത്തിന്റെ അനായാസതയോടെ ഒഴുകിവീണു. ഒരു മണിക്കൂർ നീണ്ട യമൻ കല്യാണിനു ശേഷം അദ്ദേഹം നട് ബിഹാഗിലേക്കു കടന്നു. അല്ലാ ദിയ ഖാന്റെ ‘വാഹ്, വാഹ്’ എന്ന ആസ്വാദനം ഒരു സലാമോടെ ഫൈയാസ് ഖാൻ സ്വീകരിച്ചു. ഭൈരവി രാഗത്തിലുള്ള ‘ബാബുല മോര’ എന്ന തുമ്രിയോടെ അദ്ദേഹം കച്ചേരി അവസാനിപ്പിച്ചു. ആ തുമ്രിയുടെ ആലാപനത്തിൽ വിരഹത്തിന്റെ വേദന നിറഞ്ഞുനിന്നിരുന്നു. അനായാസമായ ആലാപുകൾ, നിറഞ്ഞതും ലയം ചേർന്നതുമായ ഒരു സ്വരം, സംഗീതാവതരണത്തോടുള്ള സവിശേഷമായ മനോഭാവം, ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കച്ചേരികളുടെ പ്രത്യേകതകൾ. ദേശി, ജോൻപുരി, രാംകലി, മിയാൻ മൽഹാർ, ദർബാരി, ജയ്ജയ്‌വന്തി, ലളിത് തുടങ്ങിയ രാഗങ്ങൾ തനിക്കു സവിശേഷമായ ശൈലിയിൽ അദ്ദേഹം ആലപിച്ചിരുന്നു.


സിരകളിലൊഴുകുന്ന സംഗീതം


1991 മേയിൽ അദ്ദേഹത്തിന്‌ വൃക്കസംബന്ധമായ ഒരു പ്രശ്നമുണ്ടായി. ബാംഗ്ഗ്ളൂരിലെ കിഡ്നി ഫൗണ്ടേഷൻ ആശുപത്രിയിൽ അദ്ദേഹത്തെ ഡയാലിസിസിനു വേണ്ടി പ്രവേശിപ്പിച്ചു. എന്നത്തെയും പോലെ മനസംയമം അച്ഛനെ കൈവിട്ടില്ല. “ഇതൊക്കെ വരും, പോകും,”അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാം, മക്കൾ, മരുമക്കൾ, അടുത്ത സുഹൃത്തുക്കൾ എല്ലാവരും ചുറ്റുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭ്യുദയകാംക്ഷികളുടേയും കലാകാരന്മാരുടെയും അന്വേഷണങ്ങൾ വന്നുകൊണ്ടിരുന്നു. കൂട്ടത്തിൽ, പ്രശസ്തനായ ഒരു സംഗീതജ്ഞൻ ചികിത്സച്ചെലവിനായി ഒരു ചെക്ക് അയച്ചുകൊടുക്കുകയും പിന്നീടത് പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തുകയുമുണ്ടായി! അച്ഛന്‌ അത് തീരെ ഇഷ്ടപ്പെട്ടില്ല; മടക്കത്തപാലിൽത്തന്നെ അദ്ദേഹം ചെക്ക് തിരിച്ചയച്ചുകൊടുത്തു. ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. തൽവല്ക്കർ മനുഷ്യപ്പറ്റുള്ള ഒരാളായിരുന്നു. ഡയാലിസിസിന്റെ ആദ്യത്തെ ദിവസം എനിക്കിന്നും നല്ല ഓർമ്മയുണ്ട്. പല പല കുഴലുകളിലൂടെ രക്തം നീങ്ങുമ്പോൾ അച്ഛൻ എന്നെ അടുത്തേക്ക് ആംഗ്യം കാണിച്ചു വിളിച്ചിട്ടു പറഞ്ഞു, “ഭൈരവിലുള്ള ആ ബന്ദീഷ്, ദുഃഖ് ദൂർ കരിയേ, നീയൊന്നു പാടൂ.” സ്തംഭിച്ചുപോയ ഞാൻ ഡോക്ടറെ നോക്കി; പാടിക്കോളാൻ അദ്ദേഹം അനുവാദം തന്നു. ദുഃഖം അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ പാടി; പതിവു പോലെ അച്ഛൻ ആലാപനത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുകയും നന്നായി പാടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഡോ. തൽവല്ക്കർ പിന്നീടെന്നോടു പറഞ്ഞു: “വളരെ അസാധാരണനായ ഒരാളു തന്നെ, നിങ്ങളുടെ അച്ഛൻ. സംഗീതം അക്ഷരാർത്ഥത്തിൽത്തന്നെ അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകുകയാണ്‌!” രണ്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അസുഖം ഭേദമായി; വീട്ടിൽ പോകാമെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. പക്ഷേ താൻ ശരിക്കും രോഗമുക്തനായോ എന്നറിയാൻ അച്ഛന്‌ സ്വന്തമായ ഒരു വഴിയുണ്ടായിരുന്നു. തംബുരു കൊണ്ടുവരാൻ പറഞ്ഞിട്ട് ആശുപത്രിക്കിടക്കയിലിരുന്ന് 15-20 മിനുട്ടു നേരം അദ്ദേഹം പാടി; അങ്ങനെ സ്വയം സംശയനിവൃത്തി വരുത്തിയിട്ടാണ്‌ വീട്ടിലേക്കു പോകാൻ അദ്ദേഹം സമ്മതിച്ചത്.

(രാജശേഖർ മൻസൂർ എഴുതിയത്)



അഭിപ്രായങ്ങളൊന്നുമില്ല: