2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും



അനാരോഗ്യം കാരണം അക്കാദമിക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരികയും, ജർമ്മൻ ദേശിയതാവാദിയായ റിച്ചാർഡ് വാഗ്നറുമായി പിരിയുകയും ചെയ്ത കാലത്തെഴുതിയ Human, All-Too-Human: A Book for Free Spirits സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878) എന്ന കൃതിയിൽ നിന്ന്. അദ്ദേഹത്തിന്റെ പിൽക്കാലചിന്തയുടെ വിത്തുകൾ മുളപൊട്ടുന്നത് ഇതിൽ കാണാം.


1. അമ്മയിൽ നിന്ന്

ഏതു പുരുഷനും സ്വന്തം അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.

2. പരിപൂർണ്ണയായ സ്ത്രീ

പരിപൂർണ്ണയായ സ്ത്രീ പരിപൂർണ്ണനായ പുരുഷനെക്കാൾ കൂടിയൊരു തരമാണ്‌, അതിനെക്കാളപൂർവ്വവും.
ഈ പ്രമാണത്തിന്റെ സാധുത പരിശോധിക്കാൻ ജന്തുവിജ്ഞാനീയം ഒരുപാധിയാണ്‌.

3. വിവാഹവും സൗഹൃദവും

നല്ലൊരു സുഹൃത്തിനാണ്‌ നല്ലൊരു ഭാര്യയെ കിട്ടാൻ സാധ്യതയേറെ; എന്തെന്നാൽ സൗഹൃദത്തിനുള്ള വാസനയാണ്‌ നല്ലൊരു വിവാഹബന്ധത്തിന്റെ ആധാരം.

4. രക്ഷിതാക്കൾ ജിവിക്കുന്നു

അച്ഛനമ്മമാരുടെ സ്വഭാവങ്ങളും മനോഭാവങ്ങളും തമ്മിലുള്ള ബന്ധത്തിൽ പരിഹൃതമാവാതെ കിടക്കുന്ന അപസ്വരങ്ങൾ കുട്ടിയുടെ പ്രകൃതത്തിൽ അനുരണനം ചെയ്തുകൊണ്ടിരിക്കും; അവന്റെ ഉൾവ്യഥകളെന്നു പറയുന്നവയും അതായിരിക്കും.

5. പ്രകൃതിയുടെ തെറ്റു തിരുത്താൻ

നല്ലൊരച്ഛനല്ല നിങ്ങൾക്കുള്ളതെങ്കിൽ അങ്ങനെയൊരാളെ നിങ്ങൾ സ്വന്തമാക്കുകയും വേണം.

6. പിതാക്കന്മാരും പുത്രന്മാരും

തങ്ങൾക്കു പുത്രന്മാരുള്ളതിന്റെ പേരിൽ ഒരുപാടു പിഴ മൂളേണ്ടിവരും പിതാക്കന്മാർ.

7. ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

8. അസൂയയുടെ ഒരു വകഭേദം

തങ്ങളുടെ പുത്രന്മാരുടെ സുഹൃത്തുക്കളിൽ അസാമാന്യമായ കഴിവുള്ളവരുണ്ടെങ്കിൽ അവരോടു പ്രത്യേകിച്ചൊരസൂയയായിരിക്കും അമ്മമാർക്ക്; പൊതുവേ ഒരമ്മ സ്നേഹിക്കുന്നത് തന്റെ മകനേക്കാളേറെ ആ മകനിലെ തന്നെ ആയിരിക്കും.

9. യുക്തിയുള്ള ഒരസംബന്ധം

സ്വന്തം ജിവിതവും ബുദ്ധിയും വളർച്ചയെത്തുന്ന മുറയ്ക്ക് പുരുഷനു തോന്നലുണ്ടായിവരും, അച്ഛൻ തന്നെ ജനിപ്പിച്ചതു തെറ്റായിപ്പോയെന്ന്.

10. മാതൃനന്മ

ചില അമ്മമാർക്ക് സന്തോഷവാന്മാരായ, മതിപ്പുളവാക്കുന്ന മക്കളെ വേണം; മറ്റു ചിലർക്ക് സന്തോഷമില്ലാത്ത മക്കളും: എന്നാലേ അവർക്കു തങ്ങളുടെ മാതൃവാത്സല്യം പുറത്തുവരൂ.

11.  രണ്ടുതരം നെടുവീർപ്പുകൾ

തങ്ങളുടെ സ്ത്രീകൾ അപഹരിക്കപ്പെട്ടതിൽ നെടുവീർപ്പിട്ട ചില പുരുഷന്മാരുണ്ട്; അവർ അപഹരിക്കപ്പെടാത്തതിൽ നെടുവീർപ്പിടുന്നവരാണ് അധികവും.

12. മടുപ്പ്

പലരും, സ്ത്രീകൾ പ്രത്യേകിച്ചും, മടുപ്പെന്നതനുഭവിക്കാറില്ല, കാരണം, അവർ മര്യാദയ്ക്കു ജോലി ചെയ്തിട്ടുതന്നെയില്ല.

13. സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

14. നാടകത്തിലെ സ്ഥലൈക്യം

ഒരുമിച്ചല്ല ഭാര്യാഭർത്താക്കന്മാർ ജീവിക്കേണ്ടതെങ്കിൽ സന്തുഷ്ടദാമ്പത്യങ്ങളുടെ എണ്ണം കൂടിയേനെ.

15. വിവാഹത്തിന്റെ പതിവുഫലങ്ങൾ

പിടിച്ചുയർത്തുന്നതല്ല ഒരു ചേർച്ചയെങ്കിൽ അതു വലിച്ചുതാഴ്ത്തും, നേരേ മറിച്ചും; അതുകാരണം വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാർ ഒന്നിടിയും, സ്ത്രീകൾ ഒന്നുയരുകയും ചെയ്യും. ബുദ്ധിമാത്രജീവികളായ പുരുഷന്മാർക്ക് വിവാഹം അത്രയ്ക്കത്യാവശ്യമായിരിക്കുന്നു, കയ്ക്കുന്ന കഷായം പോലെ അവരതിനെ എത്ര തന്നെ ചെറുത്താലും.

16. ദീർഘദാമ്പത്യം

ഒരാൾക്കു മറ്റേയാളിലൂടെ വ്യക്തിപരമായ ഒരുന്നം കൈവരിക്കാനുണ്ടെങ്കിൽ വിവാഹബന്ധങ്ങൾ പിടിച്ചുനിന്നുകൊള്ളും; ഉദാഹരണത്തിന്‌ ഭാര്യ ഭർത്താവിലൂടെ പ്രശസ്തയാവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭർത്താവ് ഭാര്യയിലൂടെ ജനപ്രീതി നേടാനാഗ്രഹിക്കുന്നുണ്ടെങ്കിൽ.

17. സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയില്ലെങ്കിൽ.

18. ആരെയും എന്തിലേക്കും കൊണ്ടുവരാനുള്ള വഴി

നിങ്ങൾക്കേതു പുരുഷനെയും തളർത്തിയിടാം, ഉപദ്രവങ്ങൾ കൊണ്ട്, ഭീതികൾ കൊണ്ട്, അമിതമായ അദ്ധ്വാനവും ആശയങ്ങളുടെ ഭാരവും കൊണ്ട്; സങ്കീർണ്ണമെന്നു തോന്നുന്ന ഏതിനും മുന്നിൽ അയാൾ പിന്നെ ചെറുത്തുനില്പ്പിനൊരുങ്ങാതെ വഴങ്ങിക്കൊടുക്കും - നയതന്ത്രജ്ഞന്മാർക്കും സ്ത്രീകൾക്കും അറിയാവുന്നൊരു സംഗതിയാണിത്.

19. മുഖംമൂടികൾ

നിങ്ങളെങ്ങനെ മഷിയിട്ടു നോക്കിയാലും ഒരാന്തരജീവിതം കണ്ടെടുക്കാനില്ലാത്ത സ്ത്രീകളുണ്ട്, വെറും മുഖംമൂടികൾ മാത്രമായവർ. പ്രേതപ്രായവും, അതൃപ്തിജനകവുമായ അത്തരം ജീവികൾക്കു വിധേയനാവുന്ന പുരുഷൻ സഹതാപമർഹിക്കുന്നവൻ തന്നെ. അതേസമയം ഈ സ്ത്രീകൾ തന്നെയാണ്‌ പുരുഷന്റെ ആസക്തിയെ ഉത്തേജിപ്പിക്കുന്നതിൽ സമർത്ഥരും: അയാൾ അവരുടെ ആത്മാവിനെ അന്വേഷിച്ചു പോവുകയാണ്‌ - നിലയ്ക്കാത്ത അന്വേഷണത്തിലാണ്‌.

20. വിവാഹം ഒരു ദീർഘസംഭാഷണം

വിവാഹം കഴിക്കാനൊരുങ്ങുന്നതിനു മുമ്പ് നിങ്ങൾ ഒരു ചോദ്യം സ്വയം ചോദിക്കണം: വാർദ്ധക്യം വരെയും ഈ സ്ത്രീയുമായി നന്നായി സംഭാഷണം നടത്താൻ കഴിയുമെന്നു തനിക്കു തോന്നുന്നുണ്ടോ? ദാമ്പത്യത്തിൽ മറ്റെന്തും നശ്വരമാണ്‌; പരസ്പരബന്ധമെന്നാൽ ഏറെയും സംഭാഷണമാണതിൽ.

21. പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

22. പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

23. വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവർ കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.

24. സ്ത്രീകൾ വെറുക്കുമ്പോൾ

വെറുക്കാൻ തുടങ്ങുന്ന സ്ത്രീകൾ പുരുഷന്മാരെക്കാൾ അപകടകാരികളാണ്‌. അതിനു പ്രഥമവും പ്രധാനവുമായ കാരണം, ഒരിക്കലവരിൽ വിരോധചിന്ത മുള പൊട്ടിയാൽ പിന്നെ ഔചിത്യവിചാരമൊന്നും അവർക്കൊരു തടയാവില്ലെന്നതും, ആ വെറുപ്പുരുണ്ടുകൂടി അതിന്റെ അനന്തരഫലങ്ങളിലേക്കെത്തുന്നതിന്‌ അവർ വളമിട്ടുകൊടുക്കുമെന്നുള്ളതുമാണ്‌: രണ്ടാമത്തെ കാരണം, ഉണങ്ങാത്ത പുണ്ണുകൾ കണ്ടെത്തി (ഏതു പുരുഷനും ഏതു കക്ഷിയ്ക്കും അതുണ്ടാവുകയും ചെയ്യും) അതിൽത്തന്നെ കുത്തിനോവിക്കാൻ പരിചയം സിദ്ധിച്ചവരാണവരെന്നതും: ഇക്കാര്യത്തിൽ വാൾത്തല പോലെ മൂർച്ചയുള്ള അവരുടെ മനസ്സ് ഗംഭീരസേവനം ചെയ്യുകയും ചെയ്യുന്നുണ്ട്. (പുരുഷന്മാരാകട്ടെ, മുറിവുകൾ കണ്ടാൽ സ്വയം നിയന്ത്രിക്കും, പലപ്പോഴും ഉദാരമതികളാവും, അനുരഞ്ജനത്തിനു വഴങ്ങുകയും ചെയ്യും.)

25. കൂടുതൽ ദുരിതമനുഭവിക്കുന്നതാര്‌

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും കലഹത്തിനും ശേഷം താൻ മറ്റെയാളെ വേദനിപ്പിച്ചുവല്ലോ എന്ന ചിന്ത കൊണ്ട് ഒരു കക്ഷി മനസ്സു നീറ്റും; മറ്റേക്കക്ഷിയാവട്ടെ, താൻ ആദ്യത്തെയാളെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോയെന്ന ചിന്ത കൊണ്ടും മനസ്സു നീറ്റും; അക്കാരണത്താൽ അതിനു ശേഷവും കണ്ണീര്‌, തേങ്ങൽ, വക്രിച്ച മുഖഭാവം ഇത്യാദിയൊക്കെക്കൊണ്ട് മറ്റേ വ്യക്തിയുടെ ഹൃദയഭാരം കൂട്ടുവാനും ശ്രമിക്കും.

26. രക്ഷിതാക്കളുടെ മൂഢത്വം

ഒരു വ്യക്തിയെ വിലയിരുത്തുന്നതിൽ ഏറ്റവും മൂഢമായ പിശകു വരുത്തുന്നത് അയാളുടെ അച്ഛനമ്മമാരായിരിക്കും; അതൊരു വസ്തുതയാണ്‌; പക്ഷേ എന്താണതിനൊരു വിശദീകരണം? കുട്ടിയുമായുള്ള സംസർഗം അമിതമായിപ്പോകുന്നതിനാൽ അതിനെ ഒരു സാകല്യത്തിൽ കാണാൻ അവർക്കു കഴിയാതെ പോകുന്നതുകൊണ്ടാണോ? അപരിചിതമായ ഒരു ദേശത്തെത്തുന്ന സഞ്ചാരികൾ അന്നാട്ടുകാരുടെ സാമാന്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷങ്ങൾ കൃത്യമായി ഗ്രഹിക്കുന്നത് അവിടെ അവരുടെ വാസകാലത്തിന്റെ ആദ്യഘട്ടത്തിലായിരിക്കുമെന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്; ഒരു ജനതയെ അടുത്തറിയുന്തോറും എന്താണവരിൽ തനതായിട്ടുള്ളതെന്നു കാണാൻ അവർ മറക്കുയും ചെയ്യുന്നു; തൊട്ടടുത്തുചെന്നു നോക്കുമ്പോൾ അവരുടെ അകലക്കാഴ്ച നഷ്ടമാവുകയാണ്‌. തങ്ങളുടെ കുട്ടിയെ വിലയിരുത്തുന്നതിൽ രക്ഷിതാക്കൾക്കു പിശകുന്നത് അവർ ഒരിക്കലും അവനിൽ നിന്നു വേണ്ടത്ര മാറിനിന്നിട്ടില്ല എന്നതു കൊണ്ടാവുമോ?

താഴെ കൊടുക്കുന്ന രീതിയിൽ തീർത്തും വ്യത്യസ്തമായ  മറ്റൊരു വിശദീകരണവുമാവാം: തങ്ങളോടേറ്റവുമടുത്ത സംഗതികളെക്കുറിച്ചു പിന്നെ ചിന്തിക്കാതിരിക്കാൻ മനുഷ്യനൊരു പ്രവണതയുണ്ട്; അവരതിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കും. തങ്ങളുടെ കുട്ടികളെ വിലയിരുത്തേണ്ടിവരുമ്പോൾ അവർ ഇത്രയ്ക്കു പിശകിപ്പോകുന്നത് അവരുടെ ഈ പതിവുചിന്താശൂന്യത കൊണ്ടുതന്നെയാവാം.

27. രണ്ടു പൊരുത്തങ്ങളുടെ വൈരുദ്ധ്യം

സ്ത്രീയ്ക്കു പരിചരിക്കണം, അതിലാണവളുടെ ആനന്ദം; സ്വതന്ത്രാത്മാവിനു പരിചരിക്കപ്പെടാതിരിക്കണം, അതിലാണയാളുടെ ആനന്ദം. 

28. പ്രേമം

പ്രേമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളനുഷ്ഠിക്കുന്ന വിഗ്രഹപൂജ അടിസ്ഥാനപരമായും, പ്രഥമമായും നിപുണമായൊരുപായമത്രെ; എങ്ങനെയെന്നാൽ പ്രേമത്തിന്റെ ആദർശവത്കരണത്തിലൂടെ അവർ സ്വന്തം ശക്തി പെരുപ്പിച്ചുകാട്ടുകയാണ്‌, തങ്ങളെത്ര അഭികാമ്യരാണെന്ന് പുരുഷന്റെ കണ്ണുകൾക്കു മുന്നിൽ വരച്ചുകാട്ടുകയാണ്‌. പക്ഷേ നൂറ്റാണ്ടുകളായി അവർ പരിചയിച്ച ഈ പെരുപ്പിച്ചുകാട്ടലു കൊണ്ടെന്തുണ്ടായി എന്നു വച്ചാൽ, തങ്ങൾ വെച്ച കെണിയിൽ അവർ തന്നെ പെട്ടു എന്നതാണ്‌; ഏതു യുക്തി വച്ചിട്ടാണ്‌ പ്രേമത്തെ അത്രയും വില കൂട്ടിക്കാണിക്കാൻ തങ്ങൾ മുതിർന്നതെന്ന് അവർ മറക്കുകയും ചെയ്തു. ഇപ്പോൾ അവരാണ്‌ പുരുഷന്മാരെക്കാളേറെ കബളിപ്പിക്കപ്പെട്ടവർ; ഏതു സ്ത്രീയുടെയും ജീവിതത്തിൽ അനിവാര്യമെന്നപോലെ കടന്നുവരുന്ന നൈരാശ്യം ഹേതുവായി ഏറെത്തപിക്കുന്നതും അവർ തന്നെ. കബളിപ്പിക്കപ്പെടാനും നിരാശപ്പെടാണും വേണ്ടത്ര ഭാവന സ്വന്തമായിക്കിട്ടുന്നത്ര വരെ പോയിരിക്കുന്നുമവർ.

29. പ്രേമിക്കാൻ സ്വയമനുവദിക്കൽ

കമിതാക്കൾക്കിടയിൽ ഒരാൾ പ്രേമിക്കുന്നയാളും, മറ്റേയാൾ പ്രേമത്തിനു പാത്രമാകുന്നയാളും എന്നതാണ്‌ പതിവെന്നിരിക്കെ, പ്രേമത്തിന്റെ ആകെത്തുക സ്ഥിരമായിരിക്കുമെന്നൊരു വിശ്വാസം ഉണ്ടായിവന്നിട്ടുണ്ട്: ഒരാൾ കൂടുതൽ പിടിച്ചുപറ്റിയാൽ അത്ര കുറച്ചേ മറ്റേയാൾക്കു ശേഷിക്കുന്നുള്ളുവെന്ന്. ചിലപ്പോൾ ഒരപവാദം പോലെ സംഭവിക്കാം, ദുരഭിമാനം ഇരുവരെയും ബോദ്ധ്യപ്പെടുത്തുകയാണ്‌, താനാണ്‌ സ്നേഹിക്കപ്പെടേണ്ടതെന്ന്; ഇരുവരും അങ്ങനെ സ്നേഹിക്കപ്പെടാൻ നിന്നുകൊടുക്കുകയാണ്‌. വിവാഹബന്ധങ്ങളിൽ പ്രത്യേകിച്ചും, പാതി വികടവും പാതി അസംബന്ധവുമായ രംഗങ്ങൾ ഇതു കൊണ്ടുണ്ടാവാറുണ്ട്.

30. വൈവാഹികാനന്ദം

ശീലിക്കുന്നതൊക്കെയും നമുക്കു ചുറ്റും മുറുകിവരുന്നൊരു ചിലന്തിവല വിരിയ്ക്കുകയാണു ചെയ്യുന്നത്. വലക്കണ്ണികൾ കെണികളായിരിക്കുന്നുവെന്നും, നടുവിൽ ചിലന്തിയെപ്പോലെ പെട്ടുകിടക്കുന്നതു നാം തന്നെയാണെന്നും, സ്വന്തം ചോര തന്നെ നാം ഊറ്റിക്കുടിക്കണമെന്നും പിന്നെയാണു നാമറിയുക. അതുകൊണ്ടാണ്‌ ഒരു സ്വതന്ത്രാത്മാവ് ശീലങ്ങളെയും നിയമങ്ങളെയും, നിയതവും സ്ഥായിയുമായ സകലതിനെയും വെറുക്കുന്നത്; അതുകൊണ്ടു തന്നെയാണ്‌, തനിക്കു ചുറ്റുമുള്ള വലയിൽ നിന്ന് വേദന സഹിച്ചെങ്കിലും സ്വയം പറിച്ചെടുക്കാൻ അയാൾ പേർത്തും പേർത്തും ശ്രമിക്കുന്നതും; തത്ഫലമായി വലുതും ചെറുതുമായ അസംഖ്യം മുറിവുകൾ സഹിക്കേണ്ടിവന്നാൽപ്പോലും- ആ വലനാരുകൾ അയാൾ പറിച്ചെടുക്കേണ്ടത് തന്നിൽ നിന്നാണ്‌, തന്റെ ഉടലിൽ നിന്നാണ്‌, തന്റെയാത്മാവിൽ നിന്നാണ്‌. വെറുപ്പു കാണിച്ചിരുന്നിടത്ത് സ്നേഹം കാണിക്കാൻ അയാൾ പരിശീലിക്കണം, നേരേ തിരിച്ചും. അയാൾക്കസാധ്യമായിട്ടൊന്നുമില്ലെന്നു വേണമെങ്കിൽ പറയാം; താന്‍ ഒരുകാലത്ത് കാരുണ്യം കൊണ്ടൊഴുക്കിയ പാടത്ത് വ്യാളിയുടെ പല്ലുകൾ വിതയ്ക്കാൻ പോലും.

ഇതിൽ നിന്നു നമുക്കു വിലയിരുത്താം വൈവാഹികാനന്ദത്തിനനുയോജ്യനാണോ അയാളെന്ന്.

31. സ്വർണ്ണത്തൊട്ടിൽ

തനിക്കു ചുറ്റുമുള്ള സ്ത്രീകളൊരുക്കിത്തരുന്ന മാതൃശുശ്രൂഷയും സരംക്ഷണവും കുടഞ്ഞുകളയാമെന്നൊരു തീരുമാനമെടുക്കാനായാൽ സ്വതന്ത്രാത്മാവായ ഒരാൾ ഒരു നെടുവീർപ്പിടുമെന്നതു തീർച്ച. അവരിത്ര ഉത്കണ്ഠയോടെ തടുത്തുനിർത്തിയിരുന്ന തണുത്ത കാറ്റൊന്നുകൊണ്ടതു കൊണ്ടെന്തു ചേതം വരാൻ? സ്വർണ്ണത്തൊട്ടിലിന്റെയും, തൂവൽ വിശറിയുടെയും, ബന്ധനവുമായി, ഒരു ശിശുവിനെപ്പോലെ പരിചരിക്കപ്പെടുകയും ലാളിക്കപ്പെടുകയുമാണു താനെന്നതിന്റെ നന്ദി കാണിക്കണം എന്ന ഞെരുക്കുന്ന വികാരവുമായി തട്ടിച്ചു നോക്കുമ്പോൾ നഷ്ടം, കോട്ടം, അപകടം, രോഗം, കടം, അല്ലെങ്കിൽ വിഡ്ഢിത്തം, അതൊന്നു കൂടിയാലും കുറഞ്ഞാലും എന്താവാൻ? ചുറ്റുമുള്ള സ്ത്രീകളുടെ മാതൃമനോഭാവം പകരുന്ന മുലപ്പാൽ അത്ര വേഗം പിത്തനീരായിത്തീരുന്നതും ഇതു കാരണം കൊണ്ടുതന്നെ.


Full Text of the Book


അഭിപ്രായങ്ങളൊന്നുമില്ല: