2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

തദേവുഷ് റൂസേവിച്ച്–ചുണ്ടത്തു വച്ച വിരല്‍




തദേവുഷ് റൂസെവിച്ച് Tadeusz Różewicz (1921-2014)- യുദ്ധാനന്തര യൂറോപ്യൻ സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയും നാടകകൃത്തും. ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ സംഭവങ്ങൾക്കു നേരിട്ടു സാക്ഷിയാവാൻ വിധിക്കപ്പെട്ട യൂറോപ്യൻ എഴുത്തുകാരുടെ കൂട്ടത്തിൽ പെടുന്നു അദ്ദേഹം. 

സ്കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങിയിരുന്നു; മൂത്ത സഹോദരനൊപ്പം ഒരു സ്കൂൾ മാസിക എഡിറ്റ് ചെയ്യുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ അദ്ദേഹം ജന്മനഗരമായ റഡോംസ്കോയിലായിരുന്നു; 1943ൽ അദ്ദേഹം നാസികൾക്കെതിരായുള്ള പോളിഷ് പ്രതിരോധസേനയിൽ അംഗമായി. ആദ്യത്തെ കവിതാസമാഹാരമായ “കാടിന്റെ പ്രതിധ്വനികൾ” 1944ൽ സറ്റയർ എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ചു. യുദ്ധത്തിനു ശേഷം ക്രാക്കോവ് യൂണിവേഴ്സിറ്റിയിൽ കലാചരിത്രപഠനത്തിനു ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ, ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ അനലംകൃതമായ ഭാഷയിൽ അവതരിപ്പിക്കുന്ന കവിതകൾ ഈ കാലഘട്ടത്തിലാണ്‌ അദ്ദേഹം എഴുതിത്തുടങ്ങുന്നത്. “ഉത്കണ്ഠ” (1947), “ചുവന്ന കൈയുറകൾ” (1948) എന്നിവയാണ്‌ ഇക്കാലത്തിറങ്ങിയ സമാഹാരങ്ങൾ. “കാർഡ് ഇൻഡെക്സ്” (1960) എന്ന നാടകത്തിലൂടെ അദ്ദേഹം “ഓപ്പൺ തിയേറ്റർ” എന്ന പ്രസ്ഥാനത്തിന്റെ വക്താവുമായി. 

റൂസെവിച്ച് പൊട്ടിയ തുണ്ടുകളുടെ കവിയാണ്‌, Patrik Kurp പറയുന്നു; പൂതലിക്കുന്ന ഒരു പാപ്പിറസ് ചുരുണയിലെ വാക്കുകൾ പോലെ അപൂർണ്ണവും ശകലിതവുമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. ആറു പതിറ്റാണ്ടുകളായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നത് ഭാഷയുടെ അപര്യാപ്തതയെക്കുറിച്ചാണ്‌, അതിന്റെ കള്ളക്കളികളെക്കുറിച്ചും അതിൽ വിശ്വാസമർപ്പിച്ചവരുടെ ശുദ്ധതയെക്കുറിച്ചുമാണ്‌. 

നാസികൾ പോളണ്ടിലേക്കു കടന്നുകയറുമ്പോൾ റൂസെവിച്ചിന്‌ 18 വയസ്സായിരുന്നു. പോളിഷ് പ്രതിരോധത്തിൽ അദ്ദേഹം പങ്കെടുത്തു. സഹോദരനും കവിയുമായ യാനുസ്സിനെ 1944ൽ ഗെസ്റ്റപ്പോ വെടി വച്ചു കൊല്ലുകയായിരുന്നു. 60 ലക്ഷം പോളണ്ടുകാരാണ്‌- മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന്- 1939നും 44നും ഇടയ്ക്ക് മരണപ്പെട്ടത്. ഓഷ്വിറ്റ്സിനു ശേഷം കവിതയില്ല എന്ന അഡോണോയുടെ ശാസന റൂസെവിച്ചും അംഗീകരിക്കുന്നുണ്ട്; എന്നാൽ അതിനൊരു ട്വിസ്റ്റ് കൊടുത്തുകൊണ്ട്. അദ്ദേഹം കവിതകൾ എഴുതിക്കൂട്ടുന്നുണ്ട്, പക്ഷേ ഒരിക്കൽ നമുക്കു പരിചയമായിരുന്ന കവിതകളല്ലവ. റൂസെവിച്ചിന്റെ മിക്ക കവിതകളും വരി മുറിച്ചിട്ടുണ്ടെന്നല്ലാതെ ഗദ്യത്തിൽ നിന്നു വലിയ മാറ്റമില്ലാത്തതാണ്‌. രൂപകങ്ങൾ അപൂർവ്വം. സങ്കീർണ്ണതയ്ക്കും ഭാഷയുടെ മിനുസത്തിനും പകരം ലാളിത്യവും ആത്മാർത്ഥതയും കവിതയുടെ ഗുണങ്ങളാവുന്നു.



1.  എന്റെ കവിത

ഒന്നിനെയും സാധൂകരിക്കുന്നില്ല
ഒന്നിനെയും വിശദീകരിക്കുന്നില്ല
ഒന്നിനെയും പരിത്യജിക്കുന്നില്ല
ഒരു സാകല്യത്തെയും പുണരുന്നില്ല
ഒരു പ്രതീക്ഷയും പൂവണിയിക്കുന്നില്ല


പുതിയതായൊരു ചിട്ടയും സൃഷ്ടിക്കുന്നില്ല
ഒരാഹ്ളാദത്തിലും പങ്കു കൊള്ളുന്നില്ല
നിയതമായൊരിടത്ത്
അതു നിലകൊള്ളും


അതുദ്ബോധിപ്പിക്കുന്നില്ലെങ്കിൽ
അതു മൗലികമല്ലെങ്കിൽ
അതു ഭീതി ജനിപ്പിക്കുന്നില്ലെങ്കിൽ
ആ വിധമാണതു നിശ്ചയിച്ചിരിക്കുന്നതും


അതനുസരിക്കുന്നതു തന്റെ പ്രമാണങ്ങളെ
തന്റെ സാദ്ധ്യതകളെ
തന്റെ പരിമിതികളെ
അതു തോൽക്കുന്നതു തന്നോട്


അതൊന്നിനും പകരം നിൽക്കുന്നില്ല
അതിനെയൊന്നും പകരം വയ്ക്കുന്നില്ല
അതേവർക്കുമായി തുറന്നതാണ്‌
ദുരൂഹതകളൊഴിഞ്ഞതാണ്‌


അതിനു ലക്ഷ്യങ്ങള്‍ അനേകമാണ്
ഒന്നുപോലുമത് കൈവരിക്കുകയുമില്ല


2. 
അതിജീവിച്ചവൻ
എനിക്കിരുപത്തിനാലായി
കൊലയ്ക്കു കൊണ്ടുപോയെങ്കിലും
ഞാൻ അതിജീവിച്ചു.


താഴെ പറയുന്നതെല്ലാം പൊള്ളയായ പര്യായങ്ങളാണ്‌:
മനുഷ്യനും മൃഗവും
സ്നേഹവും വെറുപ്പും
ശത്രുവും മിത്രവും
ഇരുട്ടും വെളിച്ചവും.


മനുഷ്യരേയും മൃഗങ്ങളേയും കൊല്ലുന്ന രീതി ഒന്നുതന്നെ
ഞാനതു കണ്ടിട്ടുണ്ട്:
ലോറികളിൽ അട്ടിയിട്ട
വെട്ടിക്കീറിയ മനുഷ്യർ


ആശയങ്ങൾ വെറും വാക്കുകളാണ്‌:
നന്മയും ദുഷ്ടതയും
നേരും നുണയും
സൗന്ദര്യവും വൈരൂപ്യവും
ധൈര്യവും ഭീരുത്വവും.


നന്മയ്ക്കും ദുഷ്ടതയ്ക്കും ഒരേ ഭാരം തന്നെ
ഞാനതു കണ്ടിട്ടുണ്ട്:
ഒരേ സമയം കുറ്റവാളിയും
നല്ലവനുമായ ഒരാളിൽ.


ഞാൻ ഒരദ്ധ്യാപകനെ, ഗുരുവിനെ തേടുന്നു
അയാളെന്റെ കാഴ്ചയും കേൾവിയും വാക്കും വീണ്ടെടുക്കട്ടെ
വസ്തുക്കൾക്കും ആശയങ്ങൾക്കും പിന്നെയും പേരിടട്ടെ
ഇരുട്ടിനെ വെളിച്ചത്തിൽ നിന്നു വേർപെടുത്തട്ടെ.


എനിക്കിരുപത്തിനാലായി
കൊലയ്ക്കു കൊണ്ടുപോയെങ്കിലും
ഞാൻ അതിജീവിച്ചു.



3.  എന്തു ഭാഗ്യം

എന്തു ഭാഗ്യം
കാട്ടിൽ പഴങ്ങൾ പെറുക്കിനടക്കാൻ
എനിക്കാവുന്നതിൽ
ഞാൻ കരുതി
കാടില്ലെന്ന് പഴങ്ങളില്ലെന്ന്


എന്തു ഭാഗ്യം
മരത്തിന്റെ തണലിൽ
കിടക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
മരങ്ങൾക്കിപ്പോൾ തണലില്ലെന്ന്


എന്തു ഭാഗ്യം
നിന്റെയൊപ്പമിരിക്കാനെനിക്കാവുന്നതിൽ
ഞാൻ കരുതി
ഹൃദയശൂന്യനാണു
മനുഷ്യനെന്ന്


4.  സാക്ഷി


പ്രിയപ്പെട്ടവളേ,
ഞാൻ അകത്തുണ്ടെന്നു നിനക്കറിയാം,
എന്നാൽ വാതിൽ തള്ളിത്തുറന്നു നീ
എന്റെ മുറിയിൽ കയറിവരരുതേ

നീ കാണുക
ഒന്നുമെഴുതാത്ത ഒരു കടലാസിനു മുന്നിൽ
മൂകനായി ഇരിക്കുന്ന എന്നെയാവും


പ്രേമത്തെക്കുറിച്ചെങ്ങനെയെഴുതാൻ
കൊല ചെയ്യപ്പെട്ടവരുടേയും
മാനഭംഗപ്പെടുത്തപ്പെട്ടവരുടേയും
നിലവിളികൾ കാതിൽ മുഴങ്ങുമ്പോൾ
മരണത്തെക്കുറിച്ചെങ്ങനെയെഴുതാൻ
കുട്ടികളുടെ കുഞ്ഞുമുഖങ്ങൾ
നോക്കിയിരിക്കെ


എന്റെ മുറിയിലേക്കു
തള്ളിക്കയറി വരരുതേ

നീ കാണുക
നാവിറങ്ങിപ്പോയ ഒരാളെ ആയിരിക്കും
മരണം കീഴടക്കിയ പ്രണയത്തിനു സാക്ഷിയെ


5.  ഒരു മരം


സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ലോകമൊരു മരമായിരുന്നു
അവർ കുട്ടികളെപ്പോലെയും


ഇരുമ്പിന്റെ മഴ കൊണ്ടവശമായ
ഒരു മരത്തിന്റെ കൊമ്പുകളില്‍
ഞാനെന്തു തൂക്കിയിടാന്‍ 


സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
മരത്തിനു ചുറ്റും കുട്ടികളെപ്പോലെ
അവർ നൃത്തം ചെയ്തിരുന്നു


കത്തിക്കരിഞ്ഞതും
ഇനിയൊരിക്കലും പാടാത്തതുമായ
ഒരു മരത്തിന്റെ കൊമ്പിൽ
ഞാനെന്തു തൂക്കിയിടാൻ



സന്തുഷ്ടരായിരുന്നു
പഴയകാലത്തെ കവികൾ
ഓക്കുമരത്തിന്റെ ചുവട്ടിൽ
കുട്ടികളെപ്പോലെ അവർ പാടി


ഞങ്ങളുടെ മരം പക്ഷേ
രാത്രിയിൽ നിന്നു ഞരങ്ങുന്നു
അവഹേളിക്കപ്പെട്ടൊരു
ജഡത്തിന്റെ ഭാരവുമായി


6.  പ്രണയം 1944

നഗ്നരായി
പ്രതിരോധമറ്റവരായി
ചുണ്ടിൽ ചുണ്ടുമായി
കണ്ണുകൾ
മലർക്കെത്തുറന്ന്

കാതു തുറന്ന്‍
നാമൊഴുകിനടന്നു
കണ്ണീരിന്റെയും ചോരയുടെയും
കടലിലൂടെ

(1954)

7.  ചുണ്ടത്തു വച്ച വിരൽ

സത്യത്തിന്റെ ചുണ്ടുകൾ
കൂട്ടിയടച്ചിരിക്കുന്നു

ചുണ്ടത്തു വച്ച ഒരു വിരൽ
നമ്മോടു പറയുന്നു
നിശ്ശബദതയുടെ

കാലമായെന്ന്

എന്താണു സത്യം
എന്ന ചോദ്യത്തിന്‌
ഒരാളും ഉത്തരം പറയില്ല

അതറിഞ്ഞിരുന്ന ഒരാൾ
സത്യമായിരുന്ന ഒരാൾ
പൊയ്ക്കഴിഞ്ഞുമിരിക്കുന്നു


8.  സ്വര്‍ണ്ണമലകള്‍
ആദ്യമായി
മലകൾ കാണുമ്പോൾ
ഇരുപത്താറു വയസ്സായിരുന്നു
എനിക്ക്


അവയുടെ സാന്നിദ്ധ്യത്തിൽ
ഞാൻ പൊട്ടിച്ചിരിച്ചില്ല
അട്ടഹസിച്ചില്ല
മന്ത്രിക്കുമ്പോലെയാണ്‌ ഞാൻ സംസാരിച്ചത്


തിരിച്ചു വീട്ടിലെത്തിയപ്പോൾ
മലകൾ എങ്ങനെയുണ്ടെന്ന്
അമ്മയോടു പറയാനായി
ഞാൻ ചെന്നു


രാത്രിനേരത്ത്
അതു പറയുക ദുഷ്കരമായിരുന്നു
രാത്രിയിൽ സകലതും മാറിപ്പോകുന്നു
മലകളും വാക്കുകളുമെല്ലാം


അമ്മ നിശ്ശബ്ദയായിരുന്നു
ക്ഷീണം തോന്നി
അവർ ഉറങ്ങിപ്പോയതാവാം


ചന്ദ്രൻ
സാധുമനുഷ്യരുടെ സ്വർണ്ണമല
മേഘങ്ങൾക്കിടയിൽ
തെഴുത്തു

(1955)


9.  ജീവിതത്തിന്റെ പാതിയിൽ


ലോകാവസാനത്തിനു ശേഷം
എന്റെ മരണത്തിനു ശേഷം
ജീവിതത്തിന്റെ പാതിയിൽ
ഞാൻ എന്നെത്തന്നെ കണ്ടു
ഞാൻ എന്നെത്തന്നെ സൃഷ്ടിക്കുകയായിരുന്നു
മനുഷ്യരെ മൃഗങ്ങളെ ഭൂഭാഗങ്ങളെ
ജീവിതത്തെ നിർമിച്ചെടുക്കുകയായിരുന്നു


ഇതൊരു മേശയാണ്‌ ഞാൻ പറയുകയായിരുന്നു
ഇതൊരു മേശ
മേശ മേൽ റൊട്ടിയും ഒരു കത്തിയുമുണ്ട്
കത്തി റൊട്ടി മുറിക്കാനുള്ളതാണ്‌
റൊട്ടി മനുഷ്യനു വിശപ്പിനുള്ളതാണ്‌


നമ്മൾ മനുഷ്യനെ സ്നേഹിക്കണം
രാത്രിയും പകലും ഞാൻ ഉരുക്കഴിച്ചു
നമ്മൾ ആരെ സ്നേഹിക്കണം
മനുഷ്യനെ ഞാൻ ഉത്തരം പറഞ്ഞു


ഇതൊരു ജനാലയാണ്‌ ഞാൻ പറഞ്ഞു
ഇതൊരു ജനാല
ജനാലക്കപ്പുറം ഒരു തോട്ടമുണ്ട്
തോട്ടത്തിൽ എനിക്കൊരു ആപ്പിൾ മരം കാണാം
ആപ്പിൾ മരം പൂക്കുന്നു
പൂക്കൾ കൊഴിയുന്നു
പഴങ്ങൾ രൂപപ്പെടുന്നു
വിളയുന്നു
എന്റെ അച്ഛൻ ആപ്പിൾ പറിയ്ക്കുന്നു
ആപ്പിൾ പറിയ്ക്കുന്ന ആ മനുഷ്യൻ
എന്റെ അച്ഛനാണ്‌


ഞാൻ വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു
ഒരാടിനെ കയറിൽ കെട്ടി
വലിച്ചുകൊണ്ടുവരുന്ന ആ വൃദ്ധ
ലോകത്തെ ഏഴത്ഭുതങ്ങളേക്കാളും
അനിവാര്യമാണ്‌
അനർഘമാണ്‌
അങ്ങനെയല്ലെന്ന്
ഒരാൾക്കു ചിന്തയോ തോന്നലോ ഉണ്ടെങ്കിൽ
അയാൾ വംശഹത്യക്കുത്തരവാദിയാണ്‌


ഇതൊരു മനുഷ്യനാണ്‌
ഇതൊരു മരമാണ്‌
ഇത് റൊട്ടിയാണ്‌

ജീവിക്കാൻ വേണ്ടി മനുഷ്യർ ആഹാരം കഴിക്കുന്നു

ഞാൻ എന്നോടുതന്നെ പറയുകയായിരുന്നു
മനുഷ്യജീവൻ പ്രധാനമാണ്‌
മനുഷ്യജീവൻ അതിപ്രാധാന്യമുള്ളതാണ്‌
ജീവന്റെ മൂല്യം
മനുഷ്യൻ സൃഷ്ടിച്ച സർവ്വവസ്തുക്കളുടെ മൂല്യത്തേക്കാളും
അധികമാണ്‌
മനുഷ്യൻ ഒരു മഹാനിധിയാണ്‌
ഞാൻ പിടിവാശിയോടെ ആവർത്തിക്കുകയായിരുന്നു


ഇത് വെള്ളമാണ്‌ ഞാൻ പറയുകയായിരുന്നു
ഞാൻ കൈ കൊണ്ട് തിരകളെ തലോടുകയായിരുന്നു
പുഴയോടു സംസാരിക്കുകയായിരുന്നു
വെള്ളമേ ഞാൻ പറഞ്ഞു
നല്ല വെള്ളമേ
ഇത് ഞാനാണ്‌


മനുഷ്യൻ ജലത്തോടു സംസാരിച്ചു
ചന്ദ്രനോട് പൂക്കളോട്
മഴയോടു സംസാരിച്ചു
മണ്ണിനോട്
കിളികളോട്
ആകാശത്തോടു സംസാരിച്ചു

ആകാശം മൂകമായിരുന്നു
ഭൂമി മൂകമായിരുന്നു
മണ്ണിൽ നിന്ന് ആകാശത്തു നിന്ന് വെള്ളത്തിൽ നിന്ന്
മറ്റൊരു ശബ്ദം ഒഴുകിവരുന്നതായി
അയാൾ കേട്ടുവെങ്കിൽ
അത് മറ്റൊരു മനുഷ്യന്റെ ശബ്ദമായിരുന്നു
(1955)



10. ഭീതി

നിങ്ങളുടെ ഭീതി
ബലത്തതാണ്‌
ദാർശനികമാണ്‌
എന്റേത് ഒരു ജൂനിയർ ക്ലർക്ക്
കൈയിലൊരു ബ്രീഫ് കേസുമായി

ഒരു ഫയലുമായി
ഒരു ചോദ്യാവലിയുമായി
ഞാൻ എന്നാണു ജനിച്ചത്
എന്താണെന്റെ ജീവിതമാർഗ്ഗം
ഞാൻ എന്തു ചെയ്തിട്ടില്ല
എന്തിൽ വിശ്വസിക്കുന്നില്ല

ഞാൻ ഇവിടെ എന്തു ചെയ്യുന്നു
ഞാൻ ഈ അഭിനയം എന്നു നിർത്തും
എന്റെ അടുത്ത യാത്ര എങ്ങോട്ടാണ്



11. രേഖപ്പെടുത്താത്ത ലിഖിതം


എന്നാൽ യേശു കുനിഞ്ഞിരുന്നു
അവൻ പൂഴിയിലെഴുതി
അവൻ പിന്നെയും കുനിഞ്ഞിരുന്നു
വിരലു കൊണ്ടവനെഴുതി


അമ്മേ അവർ എത്രയും മന്ദിച്ചവർ
സരളചിത്തർ
അതിനാലത്രേ അവർക്കായി ഞാൻ
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു
നിനക്കതു മനസ്സിലാകും
നിനറ്റെ മകനു മാപ്പു കൊടുക്കുക
ഞാൻ വെള്ളത്തെ വീഞ്ഞാക്കുന്നു
മരിച്ചവരെ ഉയിർപ്പിക്കുന്നു
തിരപ്പുറത്തു നടക്കുന്നു

കുട്ടികളെപ്പോലെയാണവർ
അവർക്കെന്നും പുതുമകൾ കാണണം


ഒന്നോർത്തുനോക്കൂ

അവർ അടുത്തു വന്നപ്പോൾ
എഴുതിയതവൻ മറച്ചുപിടിച്ചു
എന്നെന്നേക്കുമായി മായ്ച്ചുകളഞ്ഞു



12. പുതിയ ഉപമകൾ


പകലിനെ
നിങ്ങൾ ഏതിനോടുപമിക്കും
രാത്രി പോലെയാണോ അത്
ആപ്പിളിനെ
നിങ്ങൾ ഏതിനോടുപമിക്കും
അതൊരു രാജ്യം പോലെയാണോ
നിങ്ങൾ ഏതിനോടുപമിക്കും
രാത്രിയിൽ
ഉടലിനെ
ചുണ്ടുകൾക്കിടയിലെ
മൗനത്തെ
നിങ്ങൾ ഏതിനോടുപമിക്കും
കണ്ണിനെ
ഇരുട്ടത്തൊരു കൈയ്യിനെ
വലത് ഇടതു പോലെ തന്നെയോ
പല്ല് നാവ് വായ
ഒരു ചുംബനം
നിങ്ങൾ ഏതിനോടുപമിക്കും
ഒരിടുപ്പിനെ
മുടിയെ
വിരലുകളെ
ശ്വാസത്തെ
മൗനത്തെ
കവിതയെ
പകൽവെളിച്ചത്തിൽ
രാത്രിയിൽ



13. ഹൃദയത്തിന്‌

വിദഗ്ധനായ ഒരു പാചകക്കാരനെ
നോക്കിനിൽക്കുകയായിരുന്നു ഞാൻ
ആടിന്റെ വായിലൂടെ
അയാൾ കൈ കടത്തും
ശ്വാസനാളത്തിലൂടെ
കൈ തള്ളിക്കേറ്റും
പിന്നെ ഒറ്റപ്പിടിത്തത്തിന്‌
ഹൃദയം കൈക്കലാക്കും
ഹൃദയത്തെ
വളഞ്ഞുപിടിക്കുന്ന വിരലുകൾ
ഒറ്റ വലിയ്ക്ക്
ഹൃദയം പറിച്ചെടുക്കും
അതെ
ആളൊരു വിദഗ്ധൻ തന്നെയായിരുന്നു


14. അവർ ഭാരങ്ങൾ ഇറക്കിവയ്ക്കുന്നു


അവൻ നിങ്ങളോടു വന്നു
പറയുന്നു

ലോകത്തിനോ ലോകാവസാനത്തിനോ
നിങ്ങൾ ഉത്തരവാദികളല്ല
നിങ്ങളുടെ ചുമലുകളിൽ നിന്ന്
ഭാരങ്ങൾ എടുത്തുമാറ്റിയിരിക്കുന്നു
ഇപ്പോൾ നിങ്ങൾ കുട്ടികളേയും കിളികളേയും പോലെയാണ്‌
പോകൂ, പോയിക്കളിക്കൂ

അവർ കളിക്കാനും പോകുന്നു
അവർ മറന്നു
സമകാലികകവിതയെന്നാൽ
ശ്വാസം കിട്ടാതെയുള്ള വെപ്രാളമാണെന്ന്
(1959)



15. ചിരി


കൂട് അടഞ്ഞുകിടന്നു
ഉള്ളിൽ ഒരു കിളി വിരിയും വരെ


കിളി മൂകമായിരുന്നു
നിശ്ശബ്ദതയിൽ
തുരുമ്പെടുത്ത കൂട്
തുറക്കും വരെ


നിശ്ശബ്ദത ശേഷിച്ചു
കറുത്ത കമ്പിയഴികൾക്കു പിന്നിൽ
നാമൊരു ചിരി കേൾക്കും വരെ



16. ആദ്യത്തേത് മറഞ്ഞിരിക്കുന്നു


ആദ്യത്തെ മരം
അതിന്റെ പേരോ
എവിടെയാണതു നിന്നിരുന്നതെന്നോ
എനിക്കോർമ്മയില്ല


ഞാനതിനെ അറിഞ്ഞത്
കണ്ണു കൊണ്ടോ
കാതു കൊണ്ടോയെന്ന്
അതൊരു മർമ്മരമോ
ഒരു ഗന്ധമോ
ഒരു നിറമോ ആയിരുന്നുവെന്നോ
എനിക്കോർമ്മയില്ല

 വെയിലത്തോ
മഞ്ഞത്തോ ആണോ
എനിക്കതു പ്രത്യക്ഷമായതെന്നും


ആദ്യത്തെ മൃഗം
അതിന്റെ ഒച്ചയോ ചൂടോ
രൂപമോ
എനിക്കോർമ്മയില്ല


എല്ലാ ജന്തുക്കൾക്കും
സ്വന്തം പേരുണ്ട്

ആദ്യത്തേതു മാത്രം
പേരില്ലാതെ
മറഞ്ഞിരിക്കുന്നു
(1965)



17. പലേ അടിയന്തിരങ്ങൾക്കിടയിൽ

പലേ അടിയന്തിരങ്ങൾക്കിടയിൽ
ഒന്നു ഞാൻ മറന്നേ പോയി
മരിക്കുകയും വേണ്ടതാണെന്ന്


കളിമട്ടിൽ
ഞാനാ ബാധ്യത അവഗണിച്ചുകളഞ്ഞു
അതുമല്ലെങ്കിൽ
ഞാനതു നിറവേറ്റിയത്
വേണ്ടത്ര ഗൗരവം കൊടുക്കാതെയാവണം


നാളെത്തുടങ്ങി
ഒക്കെ മാറുകയാണ്‌
ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌
ശുഷ്കാന്തിയോടെ
വിവേകത്തോടെ
ശുഭപ്രതീക്ഷയോടെ
കാലം കളയാതെ


18. അടിയറവ്


എന്റെ എല്ലാ ഗോപുരങ്ങൾക്കും സ്വപ്നങ്ങൾക്കും
വാക്കുകൾക്കും മൗനത്തിനും മേൽ
വെള്ളപ്പതാകകൾ പാറുന്നു


എന്റെ വെറുപ്പിനു മേൽ
എന്റെ സ്നേഹത്തിനു മേൽ
കവിതയ്ക്കു മേൽ
വെള്ളപ്പതാകകൾ ഉറപ്പിച്ചിരിക്കുന്നു


എല്ലാ കൊത്തളങ്ങളിലും ദേശങ്ങളിലും നിന്ന്
ഭൂതഭാവികളിൽ നിന്ന്
വെള്ളപ്പതാകകൾ ഞാൻ തൂക്കിയിടുന്നു


മുഖങ്ങളിൽ
പേരുകളിൽ
കയറ്റങ്ങളിൽ ഇറക്കങ്ങളിൽ
വെള്ളപ്പതാകകൾ പാറുന്നു


എന്റെ ജനാലകളെല്ലാറ്റിലും നിന്ന്
വെള്ളപ്പതാകകളൊഴുകുന്നു


എന്റെ കൈകളിലെല്ലാം
വെള്ളപ്പതാകകൾ ഞാൻ പിടിച്ചിരിക്കുന്നു
(1966)



19. പ്രൂഫുകൾ


മരണം ഒരു വരിക്കവിത പോലും
വെട്ടിത്തിരുത്തില്ല
അവൾ പ്രൂഫ് നോട്ടക്കാരിയല്ല
മനസ്സലിവുള്ള
പത്രാധിപയുമല്ല


കൊള്ളരുതാത്ത ഒരലങ്കാരം
ചിരകാലം ജീവിക്കും

മരിച്ചുപോയ പൊട്ടക്കവി
മരിച്ച പൊട്ടക്കവി തന്നെ


ബോറൻ മരിച്ചാലും ബോറടിപ്പിക്കും
വിഡ്ഢി തന്റെ ജല്പനങ്ങൾ തുടരും
ശവക്കുഴിക്കപ്പുറത്തു നിന്നും



20. വൃദ്ധകളെക്കുറിച്ച് ഒരു കഥ


എനിക്കിഷ്ടമാണവരെ
വൃദ്ധകളെ
വിരൂപകളെ
ദുഷ്ടകളെ


ഭൂമിയുടെ ഉപ്പാണവർ
മനുഷ്യമാലിന്യം
അവർക്കറയ്ക്കില്ല


മറുപുറം അവർ കണ്ടിട്ടുണ്ട്
നാണയത്തിന്റെ
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ


ഏകാധിപതികൾ
വരികയും പോവുകയും ചെയ്യട്ടെ
മനുഷ്യച്ചോര പുരണ്ട കൈകളുമായി
അവർ കോമാളി കളിക്കട്ടെ


വൃദ്ധകൾ അതികാലത്തെഴുന്നേല്ക്കുന്നു
ഇറച്ചിയും റൊട്ടിയും പഴവും വാങ്ങുന്നു
തൂത്തു തുടയ്ക്കുന്നു പാചകം ചെയ്യുന്നു
കൈയും കെട്ടി നിശ്ശബ്ദരായി
തെരുവിൽ വരി നില്ക്കുന്നു


വൃദ്ധകൾ
ചിരഞ്ജീവികളാണ്‌


ഹാംലെറ്റ് കെണിയിൽ കിടന്നു ചീറട്ടെ
ഫൗസ്റ്റ് ഹീനമായ വിഡ്ഢിവേഷം കെട്ടട്ടെ
റാസ്കോൾ നിക്കോഫ് മഴുവെടുത്തു വെട്ടട്ടെ


വൃദ്ധകൾ
നാശമില്ലാത്തവരാണ്‌

വാത്സല്യത്തോടെ അവർ മന്ദഹസിക്കുന്നു

ഒരു ദൈവം മരിക്കുന്നു
വൃദ്ധകൾ പതിവുപോലെ
റൊട്ടിയും മീനും വീഞ്ഞും വാങ്ങുന്നു


ഒരു നാഗരികത മരിക്കുന്നു
വൃദ്ധകൾ പുലർച്ചക്കെഴുന്നേല്ക്കുന്നു
ജനാലകൾ തുറന്നിടുന്നു
മാലിന്യങ്ങൾ അടിച്ചുവാരിക്കളയുന്നു
ഒരു മനുഷ്യൻ മരിക്കുന്നു
അവർ ജഡം കുളിപ്പിച്ചെടുക്കുന്നു
അതിനെ സംസ്കരിക്കുന്നു
കുഴിമാടത്തിൽ
പൂക്കൾ വയ്ക്കുന്നു


വൃദ്ധകളെ എനിക്കിഷ്ടമാണ്‌
വിരൂപകളെ
ദുഷ്ടരെ


അവർ നിത്യജീവനിൽ വിശ്വസിക്കുന്നു
അവർ ഭൂമിയുടെ ഉപ്പാണ്‌
മരത്തിന്റെ തൊലിയാണ്‌
മൃഗങ്ങളുടെ എളിയ കണ്ണുകളാണ്‌

ഭീരുത്വവും വീരത്തവും
മഹത്വവും ഹീനതയും
ശരിയായ പരിപ്രേക്ഷ്യത്തിൽ അവർ കാണുന്നുണ്ട്
ദൈനന്ദിനാവശ്യങ്ങൾക്കു വേണ്ട തോതിൽ


അവരുടെ പുത്രന്മാർ അമേരിക്ക കണ്ടുപിടിക്കുന്നു
തെർമോപൈലേയിൽ പട വെട്ടി മരിക്കുന്നു
കുരിശ്ശുകളിൽ കിടന്നു ചാവുന്നു
പ്രപഞ്ചം വെട്ടിപ്പിടിക്കുന്നു


വൃദ്ധകൾ അതികാലത്തെഴുന്നേല്ക്കുന്നു
പുറത്തുപോയി ഇറച്ചിയും റൊട്ടിയും പാലും വാങ്ങുന്നു
സൂപ്പ് താളിക്കുന്നു
ജനാലകൾ തുറന്നിടുന്നു


വിഡ്ഢികളേ അവരെ കളിയാക്കിച്ചിരിക്കുന്നുള്ളു
വൃദ്ധകളെ
വിരൂപകളെ
ദുഷ്ടകളെ


അവർ സുന്ദരികളത്രെ
നല്ലവർ
വൃദ്ധകൾ
അവർ ഭ്രൂണമാണ്‌
നിഗൂഢതയൊഴിഞ്ഞ നിഗൂഢത
ഉരുളുന്ന ഗോളം


വൃദ്ധകൾ
പവിത്രമാർജ്ജാരങ്ങളുടെ
മമ്മികളാണ്‌

ശുഷ്കിച്ച
നീരു വലിഞ്ഞ
ചുരുണ്ടുകൂടിയ
കനികളാണവർ
അല്ലെങ്കിൽ
കൊഴുത്തുരുണ്ട ബുദ്ധന്മാർ


അവർ മരിക്കുമ്പോൾ
ഒരു കണ്ണീർത്തുള്ളി ഉരുണ്ടിറങ്ങി
ഒരു പെൺകുട്ടിയുടെ ചുണ്ടത്തെ
പുഞ്ചിരിയിൽ
ചെന്നുചേരുന്നു
(1963)

തെർമോപൈലേ - ക്രി.മു.480ൽ ഗ്രീക്ക് നഗരരാഷ്ട്രങ്ങളും പേഴ്സ്യയും തമ്മിൽ യുദ്ധം നടന്ന സ്ഥലം

21. ഒരു കവിയുടെ വേർപാടിനെക്കുറിച്ച് ഒരു പാസഞ്ചർ ട്രെയിൻ പുറപ്പെടുന്നതിനെക്കുറിച്ചും


തന്റെ അവസാനത്തെ കവിത എങ്ങനെയിരിക്കുമെന്ന്
അയാൾക്കറിയില്ല
കവിതയില്ലാത്ത ഒരു ലോകത്തെ
ആദ്യദിവസം എങ്ങനെയിരിക്കുമെന്നും


അന്നു മഴയുണ്ടാവാനാണു സാദ്ധ്യത
ഒരു ഷേക്സ്പിയർ നാടകം നടക്കുന്നുണ്ടാവും
ഉച്ചഭക്ഷണത്തിന്‌ തക്കാളി സൂപ്പും


അല്ലെങ്കിൽ നൂഡിൽസും ചിക്കൻ സൂപ്പും
ഒരു ഷേക്സ്പിയർ നാടകവും
മഴയും


കാവ്യദേവതകൾ അയാൾക്കൊരുറപ്പും നല്കിയിട്ടില്ല
അന്ത്യശ്വാസമെടുത്ത് അയാളുച്ചരിക്കും
മാനസികോന്നമനം നല്കുന്ന ഒരു ചിന്തയെന്ന്
കൂടുതൽ വെളിച്ചം* എന്നിങ്ങനെ


നടക്കാൻ സാദ്ധ്യത ഇതാണ്‌
പുറപ്പെടാൻ വൈകിയ
ഒരു പാസഞ്ചർ ട്രെയിൻ പോലെ
(റഡോംസ്കോയിൽ നിന്ന് പാരീസിലേക്ക്
സെബ്രിഡോവൈസ് വഴി)
അയാൾ വിട വാങ്ങും

(1967)

* (“വെളിച്ചം! കൂടുതൽ വെളിച്ചം!...” ഗെയ്ഥെയുടെ അവസാനവാക്കുകൾ)



22. ആരാണ് കവി


കവിതയെഴുതുന്നവനാണ്  കവി
കവിതയെഴുതാത്തവനുമാണയാൾ


വിലങ്ങുകൾ വലിച്ചെറിയുന്നവനാണ് കവി
സ്വയം വിലങ്ങണിയുന്നവനുമാണയാൾ


വിശ്വസിക്കുന്നവനാണ് കവി
സ്വയം വിശ്വസിപ്പിക്കാനാവാത്തവനുമാണയാൾ


നുണ പറയുന്നവനാണ് കവി
നുണകൾ കേട്ടവനുമാണയാൾ


തട്ടിവീഴാൻ പോകുന്നവനാണയാൾ
തനിയേ നേരെ നിൽക്കുന്നവനുമാണയാൾ


വിട്ടുപോകാൻ ശ്രമിക്കുന്നവനാണ് കവി
വിട്ടുപോകാനാവാത്തവനുമാണയാൾ


23. ഒരു ശബ്ദം


അവർ അന്യോന്യം പീഡിപ്പിക്കുന്നു അംഗഭംഗം വരുത്തുന്നു
മൗനങ്ങളും വാക്കുകളും കൊണ്ട്
മറ്റൊരു ജീവിതം ബാക്കിയുണ്ട്
തങ്ങൾക്കെന്നപോലെ


അവർ ആ വിധം ചെയ്യുന്നു
മരണാധീനമാണ്‌
തങ്ങളുടെ ഉടലുകളെന്നതു മറന്നപോലെ
എത്ര വേഗം തകരുന്നതാണ്‌
മനുഷ്യരുടെ ഉള്ളുകളെന്നതോർക്കാതെയെന്നപോലെ


അന്യോന്യം കരുണയില്ലാത്തവർ
ചെടികളെക്കാൾ മൃഗങ്ങളെക്കാൾ  ദുർബ്ബലരാണവർ
ഒരു വാക്ക് ഒരു ചിരി ഒരു നോട്ടം മതി
അവരെ കൊല്ലാൻ



24. രൂപാന്തരങ്ങൾ


എന്റെ കൊച്ചുമകൻ
മുറിക്കുള്ളിലേക്കു കയറിവന്നു പറയുന്നു
‘അച്ഛനാളു കഴുകൻ,
ഞാനൊരു ചുണ്ടെലി’


ഞാൻ പുസ്തകം മാറ്റിവയ്ക്കുന്നു
എനിക്കു ചിറകുകളും
നഖരങ്ങളും മുളയ്ക്കുന്നു

അവയുടെ ദുർഭഗമായ നിഴലുകൾ
ചുമരിലൂടെ പായുന്നു 


ഞാനൊരു കഴുകൻ
അവനൊരു ചുണ്ടെലി

‘അച്ഛനൊരു ചെന്നായ
ഞാനൊരു കുഞ്ഞാട്’ 


മേശയ്ക്കു ചുറ്റും ഞാൻ നടക്കുന്നു
ചെന്നായയാണു ഞാൻ
ഇരുട്ടത്തു തേറ്റകൾ പോലെ
ജനാലയുടെ ചില്ലുപാളികൾ തിളങ്ങുന്നു


അവൻ അമ്മയുടെ മടിയിലേക്കോടുന്നു
അവരുടെ വസ്ത്രത്തിന്റെ ഊഷ്മളതയിൽ
മുഖമൊളിപ്പിച്ച്
അവൻ സുരക്ഷിതനുമാവുന്നു


25. മരംവെട്ടൽ
അവിരാമമായ ഒരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു


ഉന്മൂലനത്തിന്റെ വെളുത്ത വര കൊണ്ടു
വീഴ്ത്താനടയാളപ്പെടുത്തിയ ഒരു മരം
അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു
അതിന്റെ ചില്ലകളും കൊമ്പുകളും
പാഞ്ഞുപോകുന്ന മേഘങ്ങളിൽ അള്ളിപ്പിടിക്കുന്നുണ്ടായിരുന്നു


മരണം ആസന്നമെന്നറിഞ്ഞ ഇലകൾ
വിറയ്ക്കുകയും വാടുകയും ചെയ്തു

മരങ്ങൾ ആഹാരത്തിനായി
ഒരിടം വിട്ടൊരിടത്തേക്കു പോകാറില്ല
മഴുവിൽ നിന്നും അറുക്കവാളിൽ നിന്നും
രക്ഷപ്പെടാനാവില്ല

അവിരാമമായ ഒരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു

ചടങ്ങുകളില്ലാത്ത ഒരു വധശിക്ഷയാണ്‌
മരം വെട്ടൽ


മരപ്പൊടി ചവച്ചുതുപ്പിക്കൊണ്ട്
യന്ത്രവാൾ മിന്നൽ പോലെ കയറുന്നു
തൊലിയിൽ വെള്ളയിൽ കാതലിൽ
വശം ചരിഞ്ഞതു താഴെ വീഴുന്നു
കനത്ത ഭാരവുമായി
അടിക്കാടിലേക്കതു വീഴുന്നു
ചെടികൾ നേർത്ത പുൽനാമ്പുകൾ
വിറ കൊള്ളുന്ന ചിലന്തിവലകളതില്‍ചതയുന്നു


മരത്തോടൊപ്പം അതിന്റെ തണലിനെയും
അവർ നശിപ്പിച്ചുകളഞ്ഞു
സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങളിൽ
സുതാര്യവും അതാര്യവുമായ ചിഹ്നങ്ങളെ


സ്വധർമ്മനിരതരായ വേരുകൾക്കൊരു സൂചന പോലും കിട്ടിയിട്ടില്ല
തടിയും തലപ്പും തങ്ങൾക്കു നഷ്ടപ്പെട്ടുവെന്ന്


പതിയെപ്പതിയെ
മരത്തിന്റെ ഉപരിതലമരണം
നിലത്തിനടിയിലേക്കെത്തുന്നു


അയല്ക്കാരായ മരങ്ങളുടെ വേരുകൾ
അന്യോന്യം തേടിയെത്തുന്നു
ബന്ധങ്ങളിൽ വേഴ്ചകളിലേർപ്പെടുന്നു


മനുഷ്യരും ജന്തുക്കളുമൊഴിച്ചാൽ
ദേവകളുടെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട
സചേതനജീവികൾ
മരങ്ങൾ


അവയ്ക്കു നമ്മിൽ നിന്നൊളിക്കാനാവില്ല
നോവറിയാതെ ക്ളിനിക്കുകളിൽ പിറന്നവർ
ഡിസ്കോത്തെക്കുകളിൽ മുതിർന്നവർ
കൃത്രിമവെളിച്ചവും ശബ്ദവും കൊണ്ടു തമ്മിലകന്നവര്‍
ടീ വീ സ്ക്രീനുകളിൽ വായ പൊളിച്ചുനോക്കിയിരിക്കുന്നവർ
നാം മരങ്ങളോടു സംസാരിക്കാറില്ല


നമ്മുടെ ബാല്യത്തിലെ മരങ്ങൾ
വെട്ടിവീഴ്ത്തിയവ ചുട്ടെരിച്ചവ വിഷം കുത്തിവച്ചവ ഉണങ്ങിക്കരിഞ്ഞവ
നമ്മുടെ തലയ്ക്കു മേൽ
മേയ്മാസത്തിലവ പച്ചയ്ക്കുന്നു
നവംബറിൽ കുഴിമാടങ്ങൾക്കു മേൽ ഇല കൊഴിക്കുന്നു
മരണം വരെ നമുക്കുള്ളിൽ വളരുന്നു
(1981)



26. ഇല്ലാതെ


മനുഷ്യന്റെ ജീവിതത്തിലെ
ഏറ്റവും മഹത്തായ സംഭവങ്ങൾ
ദൈവത്തിന്റെ
ജനനവും മരണവുമാണ്‌


പിതാവേ ഞങ്ങളുടെ പിതാവേ
എന്തേ
സ്നേഹമില്ലാത്തൊരച്ഛനെപ്പോലെ
രാത്രിയിൽ ഒരു കള്ളനെപ്പോലെ

ഒരടയാളവുമില്ലാതെ
ഒരു പാടും ശേഷിപ്പിക്കാതെ
ഒരു വാക്കു പറയാതെ


എന്തിനു നീയെന്നെ കൈവിട്ടു
എന്തിനു ഞാൻ നിന്നെ കൈവിട്ടു


ദൈവമില്ലാത്ത ജീവിതം സാദ്ധ്യമാണ്‌
ദൈവമില്ലാത്ത ജീവിതം അസാദ്ധ്യമാണ്‌


ബാല്യത്തിൽ
എന്റെ ആഹാരം നീയായിരുന്നു
ഞാൻ മാംസം ഭക്ഷിച്ചു
രക്തം കുടിച്ചു


നീയെന്നെ കൈവിട്ടത്
ജീവിതത്തെ പുണരാനായി
ഞാൻ
കൈകൾ തുറന്നപ്പോഴാവാം

കരുതലില്ലാതെ
ഞാൻ കൈകൾ മലർക്കെത്തുറന്നുവെന്നാവാം
ഇറങ്ങിപ്പോകാൻ
നിന്നെ വിട്ടുവെന്നാകാം
എന്റെ ചിരി താങ്ങാനാവാതെ
നീ ഓടിപ്പോയെന്നാവാം


നീ ചിരിക്കാറില്ല

നീ എന്നെ ശിക്ഷിച്ചതുമാവാം
പിടിവാശിക്ക്
ധാർഷ്ട്യത്തിന്‌
ഒരു പുതിയ കവിത
പുതിയ ഭാഷ
പുതിയ മനുഷ്യനെ
സൃഷ്ടിക്കാൻ ശ്രമിച്ചതിന്‌


ചിറകടികളുടെ കലാപമില്ലാതെ
ഇടിമിന്നലുകളില്ലാതെ
നീയെന്നെ വിട്ടുപോയി
ഒരെലിയെപ്പോലെ
മണലിൽ ചൊരിയുന്ന വെള്ളം പോലെ


തിരക്കിലായിരുന്ന ഞാൻ
ഞാൻ കാണാതെപോയി
നിന്റെ പലായനം
എന്റെ ജീവിതത്തിൽ
നിന്റെ അസാന്നിദ്ധ്യം


ദൈവമില്ലാത്ത ജീവിതം സാദ്ധ്യമാണ്‌
ദൈവമില്ലാത്ത ജീവിതം അസാദ്ധ്യമാണ്‌


(മാർച്ച് 1988-മാർച്ച് 1989)


27. മരണാനന്തരകുറ്റവിമോചനം


മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ അലംഭാവം
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ മൗനം
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ വാക്കുകൾ

മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ വിടർന്ന പുഞ്ചിരികൾ
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെയുടലുകൾ തമ്മിലുരുമ്മുന്നത്
മരിച്ചവർക്കോർമ്മയുണ്ട്
നമ്മുടെ നാവുകൾ നൊട്ടയിടുന്നത്

മരിച്ചവർ നമ്മുടെ പുസ്തകങ്ങൾ വായിക്കുന്നു
പണ്ടെന്നോ നാം നടത്തിയ
പ്രസംഗങ്ങൾ കേൾക്കുന്നു
മരിച്ചവർ നമ്മുടെ പ്രബന്ധങ്ങൾ പഠിക്കുന്നു
അവസാനിപ്പിച്ച ചർച്ചകളിൽ പങ്കെടുക്കുന്നു
കയ്യടിക്കാനൊരുമിക്കുന്ന കൈകൾ കാണുന്നു

മരിച്ചവർ കാണുന്നുണ്ട്
താളത്തിൽ ആരവമിടുന്ന സ്റ്റേഡിയങ്ങൾ
ബാന്റുകൾ ക്വയറുകൾ

ജീവിച്ചിരിക്കുന്നവരെല്ലാം കുറ്റക്കാരാണ്‌
പൂച്ചെണ്ടുകളുമായി വന്ന കുട്ടികൾ കുറ്റക്കാരാണ്‌
പ്രണയബദ്ധരായവർ കുറ്റക്കാരാണ്‌
കവികൾ കുറ്റക്കാരാണ്‌

ഓടിയൊളിച്ചവർ കുറ്റക്കാരാണ്‌
കുറ്റക്കാരാണ്‌ പോകാതെനിന്നവർ
അതേയെന്നു പറഞ്ഞവർ
അല്ലെന്നു പറഞ്ഞവർ
ഒന്നും പറയാത്തവരും

മരിച്ചവർ വിലയിരുത്തുകയാണവരെ, ജീവിച്ചിരിക്കുന്നവരെ
കുറ്റവിമുക്തരാക്കുകയുമില്ലവർ, നമ്മെ




The Survivor
I am twenty-four
led to slaughter
I survived.
The following are empty synonyms:
man and beast
love and hate
friend and foe
darkness and light.
The way of killing men and beasts is the same
I've seen it:
truckfuls of chopped-up men
who will not be saved.
Ideas are mere words:
virtue and crime
truth and lies
beauty and ugliness
courage and cowardice.
Virtue and crime weigh the same
I've seen it:
in a man who was both
criminal and virtuous.
I seek a teacher and a master
may he restore my sight hearing and speech
may he again name objects and ideas
may he separate darkness from light.
I am twenty-four
led to slaughter
I survived.
Translated by Adam Czerniawski
In the Midst of Life
After the end of the world
after death
I found myself in the midst of life
creating myself
building life
people animals landscapes
this is a table I said
this is a table
there is bread and a knife on the table
knife serves to cut bread
people are nourished by bread
man must be loved
I learnt by night by day
what must one love
I would reply man
this is a window I siad
this is a window
there is a darden beyond the window
I see an apple-tree in the graden
the apple-tree blossoms
the blossom falls
fruit is formed
ripens
my father picks the apple
the man who picks the apple
is my father
I sat on the threshold
that old woman who
leads a goat on a string
is needed more
is worth more
that seven wonders of the world
anyone who thinks or feels
she is not needed
is a mass murderer
this is a man
this is a tree this is bread
people eat to live
I kept saying to myself
human life is important
human life has great importance
the value of life
is greater than the value of all things
which man has created
man is a great treasure
I repeated stubbornly
this is water I said
I stroked the waves with my hand
and talked to the river
water I would say
nice water
this is me
man talked to water
talked to the moon
to the flowers and to rain
talked to the earth
to the birds
to the sky
the sky was silent
the earth was silent
and if a voice was heard
flowing
from earth water and sky
it was a voice of another man
translated by Adam Czerniawski
Fear
Your fear is grand
metaphysical
mine is a little bureaucrat
with a briefcase
with a file folder

with a survey
when was I born
what’s my livelihood
what have I not done
in what do I lack faith

what am I doing here
when will I stop pretending
where am I going
next
Deposition of the Burden
He came to you
and said
you are not responsible
either for the world or for the end of the world
the burden is taken from your shoulders
you are like birds and children
play
so they play
they forget
that modern poetry
is a struggle for breath
Translated by Czeslaw Milosz
Who Is a Poet
a poet is one who writes verses
and one who does not write verses
a poet is one who throws off fetters
and one who puts fetters on himself
a poet is one who believes
and one who cannot bring himself to believe
a poet is one who has told lies
and one who has been told lies
one who has been inclined to fall
and one who raises himself
a poet is one who tries to leave
and one who cannot leave
tranlated by Magnus J. Krynski and Robert A. Maguire
Among Many Tasks
Among many tasks
very urgent
I've forgotten that
it's also necessary
to be dying
frivolous
I have neglected this obligation
or have been fulfilling it
superficially
beginning tomorrow
everything will change
I will start dying assiduously
wisely optimistically
without wasting time
tranlated by Magnus J. Krynski and Robert A. Maguire
The Story of Old Women
I like old women
ugly women
mean women
they are the salt of the earth
they are not disgusted by
human waste
they know the flipside
of the coin
of love
of faith
dictators clown around
come and go
hands stained
with human blood
old women get up at dawn
buy meat fruit bread
clean cook
stand on the street
arms folded silent
old women
are immortal
Hamlet flails in a snare
Faust plays a base and comic role
Raskolnikov strikes with an axe
old women
are indestructible
they smile knowingly
god dies
old women get up as usual
at dawn they buy bread wine fish
civilization dies
old women get up at dawn
open the windows
cart away waste
man dies
old women
wash the corpse
bury the dead
plant flowers
on graves
I like old women
ugly women
mean women
they believe in eternal life
they are the salt of the earth
the bark of a tree
the timid eyes of animals
cowardice and bravery
greatness and smallness
they see in their proper proportions
commensurate with the demands
of everyday life
their sons discover America
perish at Thermopylae
die on the cross
conquer the cosmos
old women leave at dawn
for the city to buy milk bread meat
season the soup
open the windows
only fools laugh
at old women
ugly women
mean women
because these beautiful women
kind women
old women
are like an ovum
a mystery devoid of mystery
a sphere that rolls on
old women
are mummies
of sacred cats
they’re either small
withered
dry springs
dried fruit
or fat
round buddhas
and when they die
a tear rolls down
a cheek
and joins
a smile on the face
of a young woman

Tr. Joanna Trzeciak

The Unrecorded Epistle
But Jesus stooped
and with his finger wrote on the ground
then he stooped again
and wrote on the sand


Mother they are so dim
and simple I have to show them
marvels I do such silly
and futile things
but you understand
and forgive your son
I change water into wine
raise the dead
walk the seas
they are like children
one has always
to show them something new
just imagine

And when they approached
he covered and effaced
the letters
for ever


What Luck
What luck I can pick
berries in the wood
I thought
there is no wood no berries.
What luck I can lie
in the shade of a tree
I thought trees
no longer give shade.
What luck I am with you
my heart beats so
I thought man
has no heart."
translated by Adam Czerniewski

To the Heart

I saw
a cook a specialist
he would put his hand
into the mouth
and through the trachea
push it to the inside
of a sheep
and there in the quick
would grasp the heart
tighten his grip
on the heart
rip out the heart
in one jerk
yes
that was a specialist




അഭിപ്രായങ്ങളൊന്നുമില്ല: