2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ജോർജ് സ്റ്റൈനർ - കവിതകൾ


183_6


മഴയത്ത്


തെരുവിലുള്ളവർ തിരക്കിലാണ്‌,
തെരുവിൽ മഴ പെയ്യുകയാണ്‌,
മഴ പെയ്യുമ്പോൾ ആളുകൾ തിരക്കിലുമാണ്‌.

വീട്ടിലിരിക്കുന്നവർക്ക് ആവോളം സമയമുണ്ട്,
വീട്ടിനുള്ളിൽ നല്ല സുഖമാണ്‌,
മഴ പെയ്യുമ്പോൾ ആളുകൾക്കു സമയവുമുണ്ട്.

വീട്ടിലിരിക്കുന്നവർ
തെരുവിലുള്ളവരെ നോക്കിയിരിക്കുന്നു.
മഴ പെയ്യുകയാണ്‌.


ജീവിതപരിപാടി


ഒരു സുഖജീവിതം നയിക്കാൻ ആളുകൾക്കാഗ്രഹമുണ്ട്,
ടെലിവിഷൻ കാണാനും കാറോടിക്കാനും
ഗ്രീൻ ബല്റ്റിൽ ഒരു വീടു വാങ്ങാനും അവർക്കാഗ്രഹമുണ്ട്.

സഹായമനസ്കരാവാൻ ആളുകൾക്കാഗ്രഹമുണ്ട്,
കണ്ണു കാണാത്ത ഒരാൾ റോഡ് മുറിച്ചുകടക്കാൻ നില്ക്കുമ്പോൾ
അയാളെ സഹായിക്കാൻ അവർക്കാഗ്രഹമുണ്ട്.

മറ്റുള്ളവർ തങ്ങളെക്കുറിച്ചു നല്ലതു പറഞ്ഞുകേൾക്കാൻ
അവർക്കാഗ്രഹമുണ്ട്,
വേദനയറിയാതെ ഒരുപാടു കാലം അവർക്കു ജീവിക്കണം,
മരിക്കും മുമ്പ് ഒരല്പം അമരത്വം കിട്ടിയാൽ കൊള്ളാമെന്നും
അവർക്കാഗ്രഹമുണ്ട്.


ഹിരോഷിമ


സ്കൂളിൽ കുട്ടികൾ ഒരു കഥ കേൾക്കുന്നു,
അവർ ഹിരോഷിമയുടെ കഥ കേൾക്കുന്നു,
ഹിരോഷിമ ഇംഗ്ലണ്ടിലെ ഒരു ഗ്രാമമാണ്‌.

ഹിരോഷിമയിൽ കെൽറ്റുകൾ കുടിയേറി,
ഹിരോഷിമയിൽ കാര്യങ്ങൾ അത്ര പന്തിയല്ല,
ഹിരോഷിമയിലെ കൃഷിക്കാർ അസംതൃപ്തരാണ്‌.

ഹിരോഷിമയ്ക്ക് വ്യവസായം വേണം,
കുട്ടികൾ കൂട്ടത്തോടെ വായിക്കുന്നു,
ടീച്ചർ ബ്ലാക്ക് ബോർഡിൽ ഒരു വാക്കെഴുതുന്നു.


അവർ നാളെ പുറപ്പെടുകയാണ്‌


അവർ പോകുന്നത് സൂര്യനിലേക്കല്ല,
അവർ പോകുന്നത് ചന്ദ്രനിലേക്കാണ്‌.
അതെന്താണവർ ചന്ദ്രനിലേക്കു പോകുന്നത്?
സൂര്യനു കീഴിൽ പുതുതായൊന്നും ഇല്ലാത്തതിനാൽ.

ചന്ദ്രനിലേക്കാണവർ പോകുന്നതെങ്കിൽ
സൂര്യനിലേക്കല്ല അവർ പോകുന്നതും.
ചന്ദ്രനിൽ നിന്നവർ മടങ്ങിവന്നില്ല എന്നാണെങ്കിൽ
സൂര്യനു കീഴിൽ പുതുതായെന്തെങ്കിലും നടന്നുവെന്നുമാകും.

നാളെ അവർ പുറപ്പെടുകയാണ്‌.
(1965)


ജോർജ് സ്റ്റൈനർ Jorg Steiner(1930-2012)- സ്വിസ്സ് നോവലിസ്റ്റും കവിയും ബാലസാഹിത്യകാരനും.

അഭിപ്രായങ്ങളൊന്നുമില്ല: