2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ഷിൻജിരോ കുരഹര - കാല്പാടുകൾ


kurahara_photo_220x500

ഷിൻജിരോ കുരഹര Shinjiro Kurahara (1899-1965)- ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ജനിച്ചു. കെയ്യോ ഗിജുക്കു യൂണിവേഴ്സിറ്റിയിൽ ഫ്രഞ്ച് പഠിക്കാൻ ചേർന്നുവെങ്കിലും മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കളിമൺപാത്രങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാനായിരുന്നു കൂടുതൽ താല്പര്യം. ആദ്യകാലത്ത് ചെറുകഥകളാണ്‌ എഴുതിയിരുന്നത്. പിന്നീട് കവിതയായി പ്രധാനം. ആദ്യത്തെ കവിതാസമാഹാരം നാല്പതാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ചു. ആറു കവിതാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷയുടെ തെളിച്ചവും ബിംബകല്പനയിലെ ദാർഢ്യവും പ്രശാന്തമായ ഒരു ധ്യാനാത്മകതയുമാണ്‌ അദ്ദേഹത്തിന്റെ കവിതയുടെ പ്രത്യേകതകൾ.


ഒരു കുറുനരി


കുറുനരിക്കറിയാം
വെയിലു വീഴുന്ന പാഴടഞ്ഞ ഈ പാടത്ത്
അതൊറ്റയ്ക്കാണെന്ന്.
അതിനാൽത്തന്നെ അതിനറിയാം:
പാടത്തിനൊരംശമാണതെന്ന്,
ഈ പാടം മുഴുവൻ തന്നെയാണതെന്ന്.
കാറ്റായി മാറാൻ,
ഉണങ്ങിയ പുല്ക്കൊടികളായി മാറാൻ,
കുറുനരിനിറമായ ഈ പാഴ്പാടത്ത്
ഒരു വെയില്ക്കതിരായി മാറാൻ,
അതും അതിനറിയാം;
ഒരു നിഴൽ പോലെ
ഉണ്ടെന്നും ഇല്ലെന്നുമെന്നപോലെ കഴിയാൻ,
അതും അതിനറിയാം.
കാറ്റിനെപ്പോലെ പായാൻ,
വെളിച്ചത്തിലും വേഗത്തിൽ പായാനതിനറിയാം.
അതിനാൽ ആരും തന്നെ കാണുന്നില്ലെന്നതു കരുതുന്നു.
അദൃശ്യമായൊരു വസ്തു ചിന്തിച്ചുകൊണ്ടോടുകയാണ്‌.
ഒരു ചിന്ത മാത്രമാണോടുന്നത്.
ആരുമാരുമറിയാതെ, പാഴടഞ്ഞ ആ പാടത്തിനു മേൽ
പകല്ച്ചന്ദ്രനുദിച്ചുകഴിഞ്ഞു.


ഒരു കുമ്മട്ടിപ്പാടം


ഇന്നലെ ഈ പാടം നിറയെ
കുമ്മട്ടിങ്ങകളായിരുന്നു.
ഇന്നൊന്നു പോലും കാണാനില്ല.
ആരെന്നറിയാത്തൊരാൾ
ഒക്കെയും പെറുക്കിപ്പൊയ്ക്കളഞ്ഞു.

പാടവും ആകാശവും മാത്രമേയുള്ളു.
ഒരു വെണ്മേഘം വന്നുപോകുന്നു,
കുമ്മട്ടിങ്ങയുണ്ടോയെന്നു നോക്കുകയാണത്.

പിന്നെയൊരു പെൺകുട്ടി വരുന്നു.
കുമ്മട്ടിങ്ങ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്
അവൾക്കൊന്നുമറിയില്ല.
കനത്ത നിതംബമുലഞ്ഞ്
മുഖം തുടുത്ത്
അജ്ഞാതത്തിലേക്കവൾ
ചെടുക്കനേ നടക്കുന്നു.

പിന്നെയവളെ കാണാതെയുമാവുന്നു.
പാടവും ആകാശവും മാത്രം ശേഷിക്കുന്നു.


ആറ്റോരത്ത്


ഹേമന്തസൂര്യൻ ഉച്ചിയിലെത്തിയിരുന്നു.
ആറ്റോരത്തെ ഉണക്കപ്പുല്ലുകൾക്കു മേൽ തല പൊന്തിച്ച്
എമ്പത്തൊമ്പതുകാരനായ ഒരു കിഴവൻ
ചൂണ്ടയിടുകയായിരുന്നു.
ചൂണ്ടക്കോലും പിടിച്ചിരുന്ന്,
മേഘശകലങ്ങളുടെ പ്രതിഫലനത്തിനടിയിലൂടെ നീന്തുന്ന
മഞ്ഞുകാലമത്സ്യങ്ങളോട്
തന്റെ പഴയകാലകഥകളും പറഞ്ഞ്
അയാൾ മരിച്ചു.
വെട്ടിത്തിളങ്ങുന്ന സൂര്യൻ
താഴ്ന്നിറങ്ങുകയായിരുന്നു.
ഒരു മഞ്ഞപ്പൂമ്പാറ്റ
മറുകരയിലേക്കു തത്തിപ്പറക്കുകയായിരുന്നു..

മീനുകൾ കിഴവനെ വിളിക്കുകയായിരുന്നു.
ചുവന്ന ഒരു കോർക്കുകഷണം
പൊന്തിയും താണും
നേർത്ത അലകളിളക്കി.


ഒരു നിഗൂഢസങ്കേതം


എന്താണത്,
അകാലത്തിൽ ആ ഉയർന്നുവരുന്നത്?
ഭാവിയിൽ നിന്നൊരു നിഗൂഢസങ്കേതം.
എന്നാലതു മനുഷ്യജീവികളിൽ നിന്നല്ല,
ഇല്ലെന്നുറപ്പായൊരു ദൈവത്തിൽ നിന്നല്ലേയല്ല.

അങ്ങവിടെ,
അമൂർത്തമായൊരാകാശത്തിൻ ചുവട്ടിൽ,
വറ്റിവറ്റിവരുന്നൊരു മരുപ്പറമ്പിൽ,
ഭൂമിയിലവശേഷിച്ച ഒരേയൊരു പുല്ക്കൊടിയിൽ
പറ്റിപ്പിടിച്ചിരുന്നുകൊണ്ട്
അവസാനത്തെ ചിത്രശലഭം
ഒരടയാളമയക്കുന്നതാണത്.


കാല്പാടുകൾ


വളരെപ്പണ്ടു നടന്ന കാര്യമാണ്‌.
ആറ്റോരത്തെ കളിമൺനിലത്തിലൂടെ
ഒരു കുറുനരി ഓടിപ്പോവുകയായിരുന്നു.
അതില്പിന്നെ വർഷങ്ങളായിരമായിരം കടന്നുപോയി.
ആ കളിമൺനിലം കട്ടപിടിച്ചു  ഫോസിലായി.
ആ കാല്പാടുകൾ ഇന്നുമവിടെയുണ്ട്.
അതു കണ്ടാൽ
ഓടുമ്പോഴാ കുറുനരിയുടെ ചിന്തകളെന്തായിരുന്നുവെന്നറിയാനാകും.

(ഇതദ്ദേഹത്തിന്റെ അവസാനത്തെ കവിത. മരിക്കുന്നതിനു മുമ്പ് പറഞ്ഞുകൊടുത്തെഴുതിച്ചതാണ്‌.)


A Fox

A fox knows,
on this sunny desloate field,
that it is all alone.
Therefore, it also knows:
it is a part of the field
and the whole of it as well;
it could be wind or withered grass,
and then a beam of light
on this fox-colored desolate field;
it is a shadowy existence, as if all or nothing.
It knows it runs like the wind
and that it runs faster than light.
So it believes
it is no longer seeable.
The invisible is running while thinking.
Only the thought is running. Before it knows it,
the daytime moon rises above the desolate field.

A Watermelon Field

Until yesterday watermelons aplenty were left lying
here and there in the field.
But today
there are none.
Someone unknown has taken them away.
There are only the field and the sky.
A white cloud, coming and going,
is looking for watermelons.
A young girl comes along,
oblivious of watermelons, etc.
Her full hips swaying,
her face flushed,
she walks briskly into the unknown.
Soon she disappears.
The field and the sky alone remain.

On the Shore

The winter sun was at its zenith.
His head poking above dry grass on a riverbank,
an old man of eighty-nine was fishing.
Holding a pole,
talking over old times with winter fish
swimming under reflected scatterd clouds,
he died.
The glittering
sun was lowering.
A cabbage butterfly tottered
toward the other bank.
Fish were calling the old man.
A small red cork
bobbing up and down,
made faint ripples.

A Secret Code

What is that coming through
the wrong end of time?
A secret code from the future.
But it is not from human beings
or from a non-existent God.
Under the abstract sky,
where the distant desert is gradually dyring out,
the last butterfly
is sending it, clinging
to the single remaining grass blade on earth.

A Footprint

Long ago
a fox ran along a clay river bank.
After an interim
of tens of thousands of years
a footprint turned fossil remains.
Looking at it, you'll see
what the fox was thinking while running.


അഭിപ്രായങ്ങളൊന്നുമില്ല: