2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

റിയുച്ചി തമുര - നാലായിരം പകലുകളും രാവുകളും


220px-Tamura_Ryuichi
റിയുച്ചി തമുര Ryuchi Tamura (1923-1998)- യുദ്ധാനന്തരജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിലൊരാളായി ഗണിക്കപ്പെടുന്നു. ടോക്യോയിലെ ഒത്‌സുകയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1943ൽ മെയ്ജി യൂണിവേഴ്സിറ്റിയിൽ കലാപഠനത്തിനു ചേർന്നുവെങ്കിലും അക്കൊല്ലം തന്നെ നിർബ്ബന്ധിതസൈനികസേവനത്തിനു ചേരേണ്ടിവന്നു. യുദ്ധത്തിനു ശേഷം ഒരു പ്രസിദ്ധീകരണസ്ഥാപനത്തിൽ എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ടോക്യോ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയി.

പുതിയൊരു കാലത്തിനു ചേർന്ന പുതിയൊരു കവിതയുടെ വക്താവായിരുന്നു തമുര. അതിനദ്ദേഹം തുടക്കമിട്ടത് 1947ൽ “അരെച്ചി” (തരിശുനിലം) എന്നു പേരിട്ട ഒരു മാസിക പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌. റ്റി. എസ്. എലിയട്ടിന്റെ ‘തരിശുനില’ത്തെ ഓർമ്മിപ്പിക്കുന്ന ആ പ്രസിദ്ധീകരണം ആ പേരിലുള്ള ഒരു ഗ്രൂപ്പിനും തുടക്കമിട്ടു. തമുരയുടെ കവിതാശൈലി പഴയതെന്തിൽ നിന്നുമുള്ള പൂർണ്ണമായ ഒരു വിച്ഛേദമായിരുന്നു. തന്റെ സമകാലികരിൽ നിന്നുപോലും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് ആ പുതുമയാണ്‌.


നാലായിരം പകലുകളും രാവുകളും


ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ
എനിക്കും നിനക്കും പലതിനേയും,
പ്രിയപ്പെട്ട പലതിനേയും കൊല്ലേണ്ടിവരുന്നു,
നാമവയെ വെടിവച്ചു കൊല്ലുന്നു,
പതിയിരുന്നു കൊല്ലുന്നു,
വിഷം കൊടുത്തു കൊല്ലുന്നു.

നോക്കൂ!

നാലായിരം പകലുകളുടേയും രാവുകളുടേയും ആകാശത്തു നിന്ന്
നമുക്കൊരേയൊരു ചെറുകിളിയുടെ
വിറയാർന്ന നാവു വേണമായിരുന്നു.
അതിനായി നാലായിരം രാവുകളുടെ മൗനത്തെ,
നാലായിരം പകലുകളുടെ തിളക്കത്തെ
നീയും ഞാനും വെടിവച്ചു കൊന്നു.

കേൾക്കൂ!

തോരാത്ത മഴയും ഉരുക്കുന്ന ചൂളകളും
ചുടുവേനലെരിക്കുന്ന തുറമുഖങ്ങളും
കല്ക്കരിഖനികളും നിറഞ്ഞ നഗരങ്ങളിൽ നിന്ന്
നമുക്കൊരേയൊരു വിശക്കുന്ന പൈതലിന്റെ
കണ്ണീരു വേണമായിരുന്നു.
അതിനായി സ്നേഹത്തിന്റെ നാലായിരം പകലുകളെ
അനുതാപത്തിന്റെ നാലായിരം രാവുകളെ
നീയും ഞാനും പതിയിരുന്നു കൊന്നു.

ഓർക്കൂ!

എന്റെയും നിന്റെയും കണ്ണുകൾ കാണാത്തതു കാണുന്ന,
കാതുകൾ കേൾക്കാത്തതു കേൾക്കുന്ന
ഒരേയൊരു തെണ്ടിപ്പട്ടിയുടെ ഭീതി നമുക്കു വേണമായിരുന്നു.
അതിനായി ഭാവനയുടെ നാലായിരം പകലുകളെ,
നടുക്കുന്ന ഓർമ്മകളുടെ നാലായിരം രാവുകളെ
നീയും ഞാനും വിഷം കൊടുത്തു കൊന്നു.

ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ
എനിക്കും നിനക്കും പ്രിയപ്പെട്ട പലതിനേയും കൊല്ലേണ്ടിവരുന്നു.
മരിച്ചവരെ മടക്കിവിളിക്കാൻ ഈയൊരു വഴിയേയുള്ളു.
നമുക്കും അതു വഴി പോകേണ്ടിവരുന്നു.

(1956)


വീട്ടിലേക്കുള്ള വഴി


ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്തൊരു ലോകത്ത്,
വാക്കുകളില്ലാത്തൊരു ലോകത്താണു ഞാൻ ജീവിക്കുന്നതെങ്കിൽ
അതെനിക്കെത്ര ഗുണം ചെയ്യുമായിരുന്നു

സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതെനിക്കു തലയിടേണ്ട കാര്യമല്ല
അർത്ഥങ്ങൾ നിശ്ശബ്ദമായി നിന്നെ മുറിപ്പെടുത്തുന്നുവെങ്കിൽ
അതുമെന്റെ വിഷയമല്ല

നിന്റെ സൗമ്യമായ കണ്ണിൽ നിന്നിറ്റുന്ന കണ്ണുനീർ
നിന്റെ മൂകമായ നാവിൽ നിന്നുതിരുന്ന വാക്കുകൾ-
അവയെ വെറുതേയൊന്നു നോക്കി ഞാൻ നടന്നുപോകുമായിരുന്നു
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നുവെങ്കിൽ

നിന്റെ കണ്ണീരിനുള്ളിൽ ഒരർത്ഥമടങ്ങിയിട്ടുണ്ടോ
പഴത്തിനുള്ളിൽ കഴമ്പു പോലെ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
ഈ ലോകത്തെ അസ്തമയവെളിച്ചത്തിന്റെ
മിനുങ്ങുന്ന മാറ്റൊലി?

ഞാൻ വാക്കുകൾ പഠിക്കാനേ പാടില്ലായിരുന്നു
ജാപ്പനീസും ഒരു വിദേശഭാഷയുടെ പൊട്ടും പൊടിയും
അറിയാമെന്നതുകൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചേഷ്ടനായി ഞാൻ നില്ക്കുന്നു
നിന്റെ ചോരയിലേക്ക് ഏകനായി ഞാൻ മടങ്ങുന്നു
(1956)


പതിമൂന്നു സെക്കന്റ് ഇട വിട്ടുള്ള വെളിച്ചം


പുത്തൻ വീടുകൾ എനിക്കിഷ്ടമല്ല
ഞാൻ ജനിച്ചതും വളർന്നതും പഴയൊരു വീട്ടിലായിരുന്നു
എന്നതാവാം കാരണം
മരിച്ചവരുമായി ഇരുന്നുകഴിക്കാൻ ഒരു തീന്മേശയില്ല
ഇന്ദ്രിയങ്ങൾക്കുണർവുള്ള ഒരു ജീവിക്കു വളരാനുള്ളിടവുമില്ല
ഇരുപതു കൊല്ലം മുമ്പാവാം
ഒരു കവിതയിൽ ഞാനെഴുതി
“ഒരു പെയർ മരം പിളർന്നു”
ഈ പുതിയ വീടിന്റെ ഇടുങ്ങിയ മുറ്റത്ത്
പിന്നെയും ഞാനൊരു പെയർ കൊണ്ടുനട്ടു
പ്രഭാതം   അതിനു വെള്ളമൊഴിക്കുന്നത് എന്റെ ജോലിയാണ്‌
ഒരു പെയർ മരത്തിനുള്ളിലെങ്കിലും
എനിക്കു മരണത്തെ വളർത്തണം
രാത്രിയിൽ ഞാൻ വിക്ടോറിയൻ പോർണോഗ്രഫി വായിക്കുന്നു
എനിക്കൊരേയൊരു വ്യാമോഹമേയുള്ളു
“ഭാവിയെക്കുറിച്ച് എനിക്കൊരു വ്യാമോഹവുമില്ല”
എന്നാൽ, ആ നിമിഷം തന്നെ ഞാനൊരു വെളിച്ചം കാണുന്നു
എന്റെ ജനാലയ്ക്കു നാല്പതു കിലോമീറ്റർ പുറത്ത്
ഓഷിമ ദ്വീപിലെ വിളക്കുമാടത്തിൽ നിന്ന്
പതിമൂന്നു സെക്കന്റ് ഇട വിട്ടുള്ള ഒരു വെളിച്ചം

 


മനുഷ്യൻ
(വിസ്ക്കിയെ സംബന്ധിച്ച് ഒരു സിദ്ധാന്തം)

നിങ്ങൾ ഇപ്പോഴും
വളരെ ചെറുപ്പമാണ്‌.
വിസ്ക്കി കുടിക്കാതിരിക്കുന്നതാണ്‌ നല്ലതെന്നാണു ഞാൻ പറയുക.

ഇംഗ്ളീഷ് നോവലിസ്റ്റ് കോളിൻ വിൽസൺ
ഇങ്ങനെയൊരു സിദ്ധാന്തം മുന്നോട്ടു വച്ചിരുന്നു:
കുതിരയ്ക്കു കുതിരയാവാൻ ഒരു കോടി മുപ്പതു ലക്ഷം കൊല്ലം വേണ്ടിവന്നു.
തിമിംഗലത്തിനു തിമിംഗലമാവാൻ പതിനഞ്ചു കോടി കൊല്ലമെടുത്തു.
മനുഷ്യനു മനുഷ്യനാവാൻ
പതിമൂവായിരം കൊല്ലമേ എടുത്തുള്ളു.

തന്നെയുമല്ല,
സമർത്ഥനായ ഒരു ചിമ്പാൻസിയിൽ നിന്ന് റോദാങ്ങിന്റെ “ചിന്തകനി”ലേക്ക്
പോയ പതിനായിരം കൊല്ലം കൊണ്ടു നടന്ന മാറ്റം
മറ്റേതിനെക്കാളും പ്രചണ്ഡവുമായിരുന്നു.

എങ്ങനെയാണിതു സംഭവിച്ചത്,
മനുഷ്യാവസ്ഥയിലെ ഈ മാറ്റം,
പരിണാമം എന്നു പറയുന്ന ഈ സംഗതി?
ക്രി.മു. എണ്ണായിരാമാണ്ടിൽ
പുളിപ്പിച്ചു ചാരായമുണ്ടാക്കുന്ന വിദ്യ മനുഷ്യൻ കണ്ടുപിടിച്ചതോടെയാണത്,
എന്നാണ്‌ മി. കോളിൻ വിൽസൺ മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം.

നിങ്ങൾ ഇപ്പോഴും വളരെ ചെറുപ്പമാണ്‌.
വിസ്ക്കി കുടിക്കാതിരിക്കുന്നതാണു നല്ലതെന്നാണു ഞാൻ പറയുക.
ഇന്നാൾ വരെ, ഒരു കുതിര മറ്റൊരു കുതിരയെ കൊന്നിട്ടില്ല.
ഒരു തിമിംഗലം മറ്റൊരു തിമിംഗലത്തെ കൊന്നിട്ടില്ല.

എന്തുകൊണ്ടാണ്‌ മനുഷ്യർ
മറ്റു മനുഷ്യരെ കൊല്ലുന്നത്?

എന്തുകൊണ്ടാണ്‌ മനുഷ്യർ
മറ്റു മനുഷ്യരെ സ്നേഹിക്കുന്നത്?


1999


ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
ഞാൻ നിർണ്ണയിച്ചെഴുതുന്നുണ്ട്

ഇന്നത്തേക്കുള്ള പണി കഴിഞ്ഞു
അപ്പോള്‍
ഗുഡ് നൈറ്റ്


കറുപ്പ്‌


ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തു കൂടെ
മെലിഞ്ഞൊരു വിദ്വാൻ പാഞ്ഞുപോകുന്നുണ്ട്‌
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ

ഗ്രാമം വിട്ടു പായുകയാണയാളെന്നു തോന്നുന്നു.


അദൃശ്യവൃക്ഷം

മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്‌
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്‌
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന്‌ ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്‌
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്‌
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്‌
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ്‌ ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്‌
ഒരദൃശ്യപക്ഷിയാണ്‌
ഒരദൃശ്യമൃഗമാണ്‌
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു


Four Thousand Days and Nights

In order for a single poem to come into existence,
you and I have to kill,
have to kill many things,
many lovable things, kill by shooting, kill by assassination,
kill by poisoning.

Look !

Out of the sky of four thousand days and nights,
just because we wanted the trembling tongue of one small bird,
four thousand nights of silence and four thousand days of counter light
you and I killed by shooting.

Listen!

Out of all the cities of falling rain, smelting furnaces,
midsummer harbors, and coal mines,
just because we needed the tears of a single hungry child
four thousand clays of love and four thousand nights of compassion
you and I killed by assassination.

Remember!

Just because we wanted the fear of one vagrant dog
who could see the things you and I couldn't see with our eyes
and could hear the things you and I couldn't hear with our ears,
four thousand nights of imagination and four thousand days of chilling recollection
you and I killed by poison.

In order for a single poem to come
you and I have to kill beloved things.
This is the only way to bring back the dead to life.
You and I have to follow that way.

On my way home

I should never have learned words
how much better off I’d be
if I lived in a world
where meanings didn’t matter,
the world with no words
If beautiful words take revenge against you
it’s none of my concern
If quiet meanings make you bleed
it also is none of my concern
The tears in your gentle eyes
the pain that drips from your silent tongue –
I’d simply gaze at them and walk away
if our world had no words
In your tears
is there meaning like the core of a fruit?
In a drop of your blood
is there a shimmering resonance of the evening glow
of this world’s sunset?
I should never have learned words
Simply because I know Japanese and bits of a foreign tongue
I stand still inside your tears
I come back alone into your blood

Tr. by Takako Lento

An Invisible Tree

I found footmarks in the snow
When I saw them
I witnessed, for the first time,
a world ruled by
small animals, little birds and beasts of the woods
Take the squirrel, for example –
his clawmarks came down the old elm tree
crossed the footpath
and disappeared into a grove of fir trees
I saw in them
not a moment of hesitation, unease, or smart question marks
Take the fox, too –
his footprints went on and on,
straight, down the path along the valley
on the north side of a village
The hunger I know
would never trace a line that straight
My mind never possessed the nimble, blind, affirmative
rhythms of those footmarks
Take, for example, the single bird –
her footprints cleaner than her voice,
her nail marks more defined than her life
her wings carved against the snowy slope
The fear I know
would never manifest itself in such a simple pattern
My mind never moved to such sensual, heathen, and affirmative
rhythms as her wings
All of a sudden a gigantic sunset reaches the top of Mt. Asama
Some presence
shapes the forest,
pushes open the valley’s mouth,
and rips apart the cold air
I return to a shack
I start a fire in a stove
I am
an invisible tree
an invisible bird
an invisible small animal
I think only of invisible rhythms

Tr. by Takako Lento

BLACKNESS IN A VILLAGE

The wheat harvest is done, and
Summer has arrived for humans
Massive lush greenery
is now hiding
the path that was visible far ahead
If a poet’s job is
to see what is not visible
human summer is
a season of hell for a minor poet
With a straw hat on his head
a thin fellow is running down a footpath between rice paddies
Some say beautiful poetry hides
a poisonous snake to snare you
He must be flying through a village microcosm
so as not to be bitten by the snake

Tr. by Takako Lento

The Light at Thirteen Second Intervals

I don't like new houses              
It may be because I was born and raised in an old house              
There is neither a dinner table to share with the dead              
nor space for a sentient being to grow              
It was maybe twenty years ago that              
I wrote in a poem              
"a pear tree split"              
I planted a pear tree again              
on the small lot of this new house              
Morning       Watering it is my job              
I want to grow death              
at least inside of the pear tree              
At night I read Victorian pornography              
My only illusion is              
"I have no illusions about the future"              
Yet, at that moment there is a light              
on the horizon forty kilometers outside my window              
A light from the lighthouse at Oshima Island              
at thirteen second intervals

1999
I heard talk about ants somewhere              
I firmly believed that the ant is a symbol of industriousness              
That is completely wrong              
for example              
out of ten              
only one is diligently carrying food              
the other nine just wander around back and forth and left and right              
I hear              
pretending to be very busy              
full of vitality              
and being lazy              
              
I want to become an ant, too              
joining the group of nine              
Sometimes              
I should make an ideological scream              
              
And              
what is more surprising              
is the ant's sleeping habits              
              
They are awake only two hours              
and spend a good twenty two hours asleep              
1999              
              
I want to publish a book of poems by that name              
if I can survive that long              
it will be a full eighteen years       I              
              
will remain asleep like the ants              
I want to write a diagnosis of the mental abnormality              
of the one that silently continues carrying the food              
              
Today's work is over              
so              
good night

Man

—A Hypothesis Concerning Whiskey

You’re still
so young.
I think you’d better not drink whiskey.
The English novelist Colin Wilson
came up with a hypothesis.
For the horse to become the horse, it took thirteen million years.
For the shark to become the shark, it took one hundred fifty million years.
For man to become man,
it took only thirteen thousand years:
besides which,
it was a far more violent change,
in these past ten thousand years,
from a clever chimpanzee to Rodin’s “The Thinker”.
How did it happen,
this change in the human condition, this so-called evolution?
It was when man invented the fermentation of alcohol
in 8000 B.C.
that this change occurred, according to Mr. Wilson’s hypothesis.
You’re still so young,
I think you’d better not drink whiskey. To this day,
a horse has never killed a horse.
A shark has never killed a shark.
Why do humans
kill other humans?
Why do humans
love other humans?

  • World Without Words. Trans. Takako Uchino Lento. The Ceres Press (1971).
  • Dead Languages: Selected Poems 1946-1984. Trans. Christopher Drake. Katdid Books (1984).
  • Poetry of Ryuichi Tamura. Trans. Samuel Grolmes & Yukiko Tsumura. CCC Books (1998).
  • Tamura Ryuichi Poems, 1946 - 1998, Trans. Samuel Grolmes & Yukiko Tsumura. CCC Books (2000).
  • Tamura Ryuichi: On the Life and Work of a 20th Century Master. Ed. Takako Lento & Wayne Miller. Pleiades Press, (2011).

അഭിപ്രായങ്ങളൊന്നുമില്ല: