2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

ഷിഗേജി ത്‌സുബോയ് - അനക്കമറ്റ രാത്രി

Tsuboi_Sakae_and_Shigeji

ഷിഗേജി ത്‌സുബോയ് Shigeji Tsuboi (1897-1975)- ആധുനികജാപ്പനീസ് കവിതയിലെ പ്രോലിറ്റേറിയൻ കവി. ഡിഗ്രിയെടുക്കാതെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം 1920കളിൽ അനാർക്കിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. ‘ചുവപ്പും കറുപ്പും’ എന്ന കവിതാസമാഹാരം ഇക്കാലത്തിന്റേതാണ്‌. പിന്നീടദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും തൊഴിലാളിവർഗ്ഗസാഹിത്യപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. 1930കളിൽ പലതവണ ജയിലിലായി. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം ഗ്രാമത്തിലേക്കു താമസം മാറ്റി. യുദ്ധവിരുദ്ധസന്ദേശങ്ങൾ സമർത്ഥമായി ഒളിപ്പിച്ചുവച്ച ചില ഹാസ്യരചനകളല്ലാതെ മറ്റൊന്നും ഇക്കാലത്ത് അദ്ദേഹം എഴുതുകയുണ്ടായില്ല. യുദ്ധാനന്തരം അദ്ദേഹം കവിതയിൽ വീണ്ടും സജീവമായി. 1957ൽ പ്രസിദ്ധീകരിച്ച ‘ബലൂൺ’ എന്ന സമാഹാരം വളരെ പ്രശസ്തമാണ് .


സൂര്യകാന്തി


സൂര്യകാന്തി...
ജ്വാലയിൽ നിന്നുയിർത്ത ജ്വാല,
സൂര്യനിലേക്കൊരു സ്ഫോടനം.


നക്ഷത്രവും കരിയിലകളും


അനക്കമറ്റ പാതിരാത്രിയിൽ
കരിയിലകളോടു വർത്തമാനം പറയുകയായിരുന്നു
ഒരു നക്ഷത്രം.
എനിക്കു ചുറ്റുമപ്പോൾ കാറ്റനക്കമല്ലാതൊന്നുമില്ലായിരുന്നു
പെട്ടെന്നു പരിത്യക്തനായിപ്പോയ ഞാൻ
അവരുടെ സംഭാഷണത്തിൽ
പങ്കു ചേരാൻ നോക്കി.

നക്ഷത്രം
ആകാശത്തു നിന്നു പാഞ്ഞിറങ്ങി.

കരിയിലകൾക്കിടയിൽ ഞാൻ തിരഞ്ഞു
ഇന്നുമെനിക്കതു കണ്ടുകിട്ടിയിട്ടില്ല.


അനക്കമറ്റ രാത്രി


തണുത്തിരുണ്ട ഈ രാത്രിക്കനക്കമില്ല
എന്റെ കണ്ണുകൾ എന്റെ മിടിക്കുന്ന ഹൃദയം
മനോഹരമായ പൂക്കൾ ആ വകയൊന്നുമില്ല
ഉറക്കം വരാത്തൊരു ജീവിക്കുള്ളിൽ
കാറ്റു വീശുന്നു
പാത്രിരാത്രിക്കു ഘടികാരം നിലയ്ക്കുന്നു
അതിനു ചാവി കൊടുക്കാനെനിക്കു മടിയാവുന്നു
ഞാനൊറ്റയാവുകയും
അത്ഭുതങ്ങളൊന്നുമില്ലാതെ രാത്രി കനക്കുകയും ചെയ്യുന്ന
ഈ ഒഴിഞ്ഞ മുറിയിൽ


Sunflower
O sunflower,
flame that is born from flame,
explosion into the sun . . .
Star and dead leaves

A star was talking with the withered leaves
In the still midnight.
Only the wind stirred round me then.
Strangely forlorn,
I tried to share their words.

The star swooped from the heavens.

I search among dead leaves
But could not ever find it.

Motionless Night
This night that is dark and cold does not move.
My eyes, and my beating heart,
and charming flowers, and smiles, do not exist.
Wind blows inside the being that is unable to sleep.
At midnight the table-clock stops.
I feel reluctant to wind its springs
in this hollow room
where I am alone and
without any miracle happening
the night continues to deepen.

അഭിപ്രായങ്ങളൊന്നുമില്ല: