2018, ജനുവരി 22, തിങ്കളാഴ്‌ച

യൂഷെനിയോ ദെ അന്ദ്രാജ് - ഗദ്യകവിതകൾ




കവിത അതുപോലെയാണ്‌


എവിടെയാണുറക്കമുണർന്നതെന്ന് എനിക്കു ബോധമുണ്ടായിരുന്നില്ല; നീണ്ടുനീണ്ടൊരിടനാഴിയുടെ അങ്ങേയറ്റത്ത് വെളിച്ചം ഇല്ലാതാവുകയായിരുന്നു; ഇരുവശവുമുള്ള മുറികളിലൊന്നിൽ നീയുണ്ട്; എത്ര നീണ്ട, നീണ്ട നേരമെടുക്കണം, അവിടെയെത്താൻ; ഒരു കുട്ടിയുടെ ചുവടുകളാണെന്റേതെങ്കിലും നിന്റെ കണ്ണുകൾ കാത്തിരിക്കുകയാണെന്നെ, എന്തു മാത്രം, എന്തു മാത്രം സ്നേഹവുമായി; എന്നെക്കാണാൻ നീ ഓടിവരുന്നു, ഞാൻ വായുവിൽ തടഞ്ഞുവീഴുമോയെന്ന പേടിയോടെ- ഹാ, ഏതു സംഗീതത്തിലും മേലെയാണത്


തെക്കു നിന്നൊരു കഥ


ഞാനോർക്കുന്നു, രാത്രിയായിക്കഴിഞ്ഞിരുന്നു, നാരകമരങ്ങളും മുറ്റങ്ങളുടെ കയങ്ങളിൽ നിഴലുകളുടെ മിനുക്കവുമുണ്ടായിരുന്ന ആ തെക്കൻ നഗരത്തിൽ ഒരു കൊച്ചു വെളുത്ത നായയുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പാണത്, ദൂരേ നിന്നതു വരുന്നതു ഞാൻ കണ്ടു; അതിനൊരു ലക്ഷ്യമുണ്ടെന്നത് വ്യക്തമായിരുന്നു, ഒരു നായയുടെ പരിമിതനിയോഗം, എങ്കില്ക്കൂടി അതൊരു നിയോഗം തന്നെ. നിർജ്ജനമായ രാത്രിയിൽ, കടിച്ചുപിടിച്ച ഒരെല്ലുമായി അവൻ തന്റെ ജീവിതം ജീവിക്കുകയായിരുന്നു; തുറമുഖത്തിന്റെ കൊഴുത്ത ഇരുട്ടിലേക്കു നിർഗ്ഗമിക്കുന്ന ഇടത്തെരുവുകളിലൊന്നിൽ തള്ളപ്പട്ടി അവനെ കാത്തുനില്പുണ്ടെന്നു വരാം; എന്നാൽ ഒപ്പം തന്നെ അവൻ എന്നെയും കണ്ടു; ആളൊഴിഞ്ഞ തെരുവിൽ ഞാൻ മാത്രമേ കാത്തുനില്ക്കുന്നുള്ളു എന്നതിനാൽ അതെളുപ്പവുമായിരുന്നു. അമർത്തിപ്പിടിച്ച ഉത്സാഹത്തോടെ അടുത്തുവന്ന് അവൻ എന്റെ മുന്നിൽ നിന്നു; എല്ലിൻ കഷണം താഴെയിട്ടിട്ട് അവൻ പിൻകാലുകളിൽ കുന്തിച്ചിരുന്നു; അവന്റെ കണ്ണുകൾ എന്നോടു പറയുകയായിരുന്നു, ഇനി മേൽ തന്റെ എല്ലും തള്ളപ്പട്ടിയും നിയോഗവുമെല്ലാം ഞാനായിരിക്കുമെന്ന്. ഞാൻ കുനിഞ്ഞ് അവനെ തലോടി, എനിക്കവനോടുള്ള സ്നേഹത്തെക്കുറിച്ചും കുറച്ചു നേരം മുമ്പ് എനിക്കു പറ്റിയ മുറിവിനെക്കുറിച്ചും (അത് വേഗം ഉണങ്ങാനുള്ളതേയുള്ളു) അവനോടു പറഞ്ഞു; എന്നാൽ അവന്റേതിനെക്കാൾ അപകടത്തിലായിരുന്നു, എന്റെ നിയോഗം; വന്നതും പോകേണ്ട നേരമായിരിക്കുന്നു എനിക്ക്; വെള്ളയടിച്ച മേൽമറകളുടെ മണം നുകരാനുള്ള നേരം പോലും എനിക്കു കിട്ടിയില്ല. ഞാൻ ചില ചുവടുകൾ വച്ചു, അവൻ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു; ഞാൻ നിന്നു, അവനും നിന്നു, ഞാൻ പിന്നെയും നടക്കാൻ തുടങ്ങി, അവനും പിന്നാലെ വരാൻ തുടങ്ങി, ഞാൻ പിന്നെയും അവനെ തലോടി; ആ കണ്ണുകൾ, നനവാർന്ന ആ കണ്ണുകൾ, അവ, അങ്ങനെ പറയാമെങ്കിൽ, എന്റെ അമ്മയുടെ കണ്ണുകൾ പോലെയായിരുന്നു; ഞാൻ പിന്നെയും അവനോടു സംസാരിച്ചു; അവനെ കൂടെക്കൂട്ടാൻ പറ്റാത്തതിന്‌, എനിക്കു നില്ക്കാൻ പറ്റാത്തതിന്‌ ഞാൻ ക്ഷമ ചോദിച്ചു: കൂട്ടുകാരുമായി യാത്ര ചെയ്യുന്നത് തോളത്തൊരു ചാക്കുസഞ്ചിയുമായി ചുറ്റിത്തിരിയുന്നതുപോലല്ലല്ലോ, നീയതു മനസ്സിലാക്കണം. ഇല്ല, അവനതു മനസ്സിലായിട്ടില്ല, ആ തരം യുക്തികൾ അവനു മനസ്സിലാവുകയുമില്ല. ഭൂമി പോലെ ഇത്ര തരിശ്ശായൊരിടം വേറെയില്ല, ചോരയുടെ നേർത്തൊരിഴ പോലത്രയും സ്നേഹമേ ശേഷിച്ചിട്ടുള്ളു, അത്ര പോലും ഉണ്ടാവണമെന്നില്ല, ഒരു പുല്ക്കൊടിയിൽ ഒരൊച്ചു വീഴ്ത്തിയ പശയുടെ കറ പോലത്ര കുറച്ചുമാകാം. പെട്ടെന്ന് ഒരു മണി മുഴങ്ങി, ഞങ്ങൾക്കു ചുറ്റും ആളുകളായി, തരിശുനിലത്തിന്റെ വിസ്താരം കൂടിവന്നു, അവൻ എന്നെത്തന്നെ നോക്കിനിന്നു, എത്രയുമഗാധമായ ഉറവുകളിൽ നിന്നു വെള്ളമൂറിവരുന്ന ആ കണ്ണുകൾ, എങ്ങനെ ഞാനവ മറക്കാൻ? എന്റെ കൂട്ടുകാർ പെട്ടെന്നതു ശ്രദ്ധിച്ചു (എന്തു സമർത്ഥരാണവർ), ഞങ്ങൾ തമ്മിലുള്ള ആ കാതരബന്ധം. അവർ പിന്നെ വിശദീകരണങ്ങളായി: ആ കൊച്ചുനായയ്ക്ക് ഒരുടമസ്ഥൻ തീർച്ചയായും ഉണ്ടായിരിക്കണം, നാടൻ ഇനമാണെങ്കിലും തെണ്ടിപ്പട്ടിയല്ല അതെന്നതിനു സംശയമില്ല, ഇനിയഥവാ എനിക്കൊരു നായയെ വേണമെന്നാണെങ്കിൽ അതെത്രയെങ്കിലും കിട്ടാനുണ്ടല്ലോ, ഇതിലും കാണാൻ കൊള്ളാവുന്ന ആയിരക്കണക്കിനെണ്ണത്തെ കിട്ടാവുന്നതേയുള്ളു, അതിനും പുറമേ അതിർത്തിയിലെ ചെക്ക്പോസ്റ്റുകൾ, ഇതുപോലത്തെ ഒരു നാടൻ പട്ടിക്കു വേണ്ടി ഇത്രയൊക്കെ ഉപദ്രവം സഹിക്കണോ? നീ കണ്ടില്ലേ, അവർക്കു മനസ്സിലായിട്ടില്ല; നിന്റെ കണ്ണുകളിലുള്ള മഞ്ഞുതുള്ളിയുടെ വേരവർ കണ്ടിട്ടില്ല; അവർ കാറിൽ കയറി, ഞാനവനെ ഒന്നുകൂടി തലോടി; കാറു വിട്ടുപോന്ന സ്ഥലത്ത് അവൻ നില്ക്കുന്നത് പിനിലെ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു. ആകാംക്ഷയോടെ നിലത്തു മണത്തിട്ട് ഒന്നും പിടി കിട്ടാത്തപോലെ തല പൊക്കി നോക്കുകയാണവൻ. ഒരു കാറ്റു വന്ന് എന്നെയുമെടുത്തു പോകുന്നതെങ്ങനെ എന്നവനു മനസ്സിലായില്ല. അസാദ്ധ്യസ്നേഹം, എന്റെ കുഞ്ഞേ, നിന്നെ തട്ടിയുറക്കി ശിഷ്ടജീവിതം ഞാൻ നയിക്കും. ആളുകൾ പിരിഞ്ഞുപൊയ്ക്കൊണ്ടിരുന്നു, സിനിമാടാക്കീസിലെ അവസാനത്തെ ലൈറ്റുകളും അണഞ്ഞു, തെരുവിൽ ഇരുട്ടായി, വൈകാതെ അത് വിജനവുമാകും.


അമ്മമാർ.


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, മനുഷ്യന്‍ കണ്ട ആദ്യത്തെ മഞ്ഞുതുള്ളിയെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


മൊരാന്റി - ഒരുദാഹരണം


രാത്രിയായിക്കഴിഞ്ഞിരുന്നു. വസ്തുക്കളിൽ നിന്ന് അവയുടെ വസ്തുസ്വഭാവം എടുത്തുമാറ്റുകയും വിശുദ്ധമായ ഒരു നിശ്ശബ്ദതയുടെ പരിവേഷത്തിൽ അവയെ നിശ്ചേഷ്ടമാക്കുകയും ചെയ്യുമ്പോൾത്തന്നെ തുടിക്കുന്ന നിത്യയാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുനില്ക്കുകയും ചെയ്യാത്ത ഒരു കാവ്യാത്മകകലയുടെ ഉദാഹരണമായി മൊരാന്റിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരാൾ ഇടയ്ക്കു കയറിപ്പറഞ്ഞു: “എനിക്കയാളെ അറിയാം, അസാദ്ധ്യമനുഷ്യൻ; രണ്ടു സഹോദരിമാർക്കുമൊപ്പം ബൊലോണിയിലായിരുന്നു താമസം; തേവിടിശ്ശികളെ കാണാനല്ലാതെ അയാൾ വീടിനു പുറത്തിറങ്ങില്ലായിരുന്നു.” അതിനെന്താ, ഞാൻ പറഞ്ഞു, വെർമീറിനെപ്പോലെ, ഷാർദയെപ്പോലെ ചിത്രം വരയ്ക്കാൻ അയാൾക്ക് അത് വേണ്ടിവന്നിരുന്നുവെങ്കിൽ ഭൂമിയിലെയും ആകാശത്തെയും സകല തേവിടിശ്ശികളേയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

മൊരാന്റി- Giorgio Morandi(1890-1964)- സ്റ്റിൽ ലൈഫിൽ മാത്രം ശ്രദ്ധിച്ച ഇറ്റാലിയൻ ചിത്രകാരൻ. ജീവിതവും മരണവും ബൊലോണി (Bologna)യിൽത്തന്നെ ആയിരുന്നു.

വെർമീർ -Johannes Vermeerപതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരൻ; മദ്ധ്യവർഗ്ഗകുടുംബങ്ങളിലെ അകത്തളങ്ങളുടെ ചിത്രീകരണത്തിൽ പ്രശസ്തി.

ഷാർദ- Jean-Baptiste-Siméon Chardin(1699-1779)- സ്റ്റിൽ ലൈഫിൽ മാസ്റ്ററായിരുന്ന ഫ്രഞ്ച് ചിത്രകാരൻ; വീട്ടുവേലക്കാരികളെയും കുട്ടികളേയും വീട്ടുമൃഗങ്ങളേയും തന്മയത്വത്തോടെ, അനുതാപത്തോടെ ചിത്രീകരിച്ചിരുന്നു.


മറ്റൊരുദാഹരണം: വിസ്ക്കോണ്ടി

താനനുഭവിക്കുന്ന വേദന പുറത്തു കാണിക്കാതെ ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം ജോലിയെടുത്തു. രോഗം നിങ്ങളെ നാണം കെടുത്തുന്നു; വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ്‌ അദ്ദേഹമിപ്പോൾ അഭിനേതാക്കൾക്കു നിർദ്ദേശം നല്കുന്നത്, സെറ്റുകൾ മാറ്റാൻ പറയുന്നത്, വെളിച്ചത്തിന്റെ കാര്യത്തിൽ തർക്കിക്കുന്നത്. മരിക്കാതിരിക്കാൻ വേണ്ടിയാണ്‌ അദ്ദേഹമിപ്പോൾ ജോലി ചെയ്യുന്നത്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഒരു വാതില്ക്കർട്ടന്‌ എന്തു നിറം വേണം, ചുണ്ടുകൾ കാണാവുന്നിടത്തോളം മൂടുപടം ഉയർത്തേണ്ടതെങ്ങനെ, വിവർണ്ണമായ മേശവിരിയിലിരിക്കുന്ന ആപ്പിളിന്‌ എന്തു നിറമായിരിക്കണം എന്നൊക്കെ നിശ്ചയിക്കാൻ എത്ര മണിക്കൂറാണെന്നോ അദ്ദേഹമെടുക്കുന്നത്; അതൊക്കെപ്പക്ഷേ, എത്ര ക്ഷണികമാണ്‌ യാഥാർത്ഥ്യമെന്നു മനസ്സിലാക്കുന്ന ഒരാളുടെ യാഥാർത്ഥ്യബോധത്തോടെയായിരുന്നു. ക്യാമറ ഉപേക്ഷിച്ചു കഴിഞ്ഞുവെങ്കിലും പ്രൂസ്റ്റിന്റെയോ സ്റ്റെന്താളിന്റെയോ രണ്ടോ മൂന്നോ പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ താൻ ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചുള ആലോചനയായിരിക്കും. പൂക്കൾ മുറിയിൽ നിന്നു കൊണ്ടുപോകാൻ പറഞ്ഞിട്ട് അദ്ദേഹം വിളക്കണയ്ക്കുന്നു; ഗാർഡേനിയപ്പൂക്കളുടെ സുഗന്ധം അദ്ദേഹത്തിന്‌ അരോചകമായിത്തുടങ്ങിയിരുന്നു. പക്ഷേ ഉറക്കം മാറിനിന്നു. അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ നിറയെ രൂപങ്ങളായിരുന്നു; പ്രത്യേകിച്ചും അമ്മയുടെ. അടുത്ത കാലത്ത് അദ്ദേഹം തന്റേതു തന്നെയാക്കിയ ഓഡന്റെ ഈ വരികൾ വായിക്കുന്നതിനിടയിൽ അത് കയറിവരികയായിരുന്നു: “ഒരു സുന്ദരരൂപം കണ്ണില്പെട്ടാൽ അതിനു പിന്നാലെ പായുക/തരപ്പെട്ടാലതിനെ പുണരുക/അതൊരു ബാലനാവട്ടെ, ബാലികയാവട്ടെ...” എന്നും വൈകിയാണദ്ദേഹം ഉറങ്ങുക, നേരത്തേയുണരുന്നതും അദ്ദേഹമാവും. തന്നെ കുളിപ്പിക്കാനും ഡ്രസ്സ് ചെയ്യിക്കാനും അദ്ദേഹം സഹായികളോടു പറയും. അതു കഴിഞ്ഞാൽ അദ്ദേഹം പിന്നെയും സീനിലേക്കു തിരിയും, ഇപ്പോൾ ലൈറ്റിംഗ് മാറ്റിയിട്ട്. റ്റൂലിയോ ഹെർമ്മിലിന്റെ മുഖം നിഴലത്താവണം, അയാളുടെ കൈകളിൽ മാത്രം നല്ല വെളിച്ചം വീഴണം. കൈകളിലാണല്ലോ...അല്ലല്ല, കൈകൾ നിരപരാധികളാണ്‌, ആത്മാവിലാണ്‌ സകലതും തുടങ്ങുന്നത്, പ്രണയം പോലും, ദുഷ്ടകൃത്യം പോലും. മരണമൊഴികെ സകലതും. മരണം- അവൾ തുടക്കമിട്ടത് അദ്ദേഹത്തിന്റെ ദേഹത്തായിരുന്നു. അദ്ദേഹത്തിനു മേൽ കണ്ണു പായിച്ചുകൊണ്ട് അവൾ അതാ, അവിടെ ഇരിക്കുന്നു. നിമിഷം വച്ച് അവൾ, ആ കൊടിച്ചിപ്പട്ടി, വളരുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നവൾ യഥാർത്ഥമാകുന്നു, പല്ലുകൾ കൂർപ്പിച്ച്, ഈത്തയൊലിപ്പിച്ച്, എടുത്തുചാടാനാഞ്ഞുകൊണ്ട്. ക്ലോസപ്പ്.

വിസ്ക്കോണ്ടി Luchino Visconti(1906-1976)- ഇറ്റാലിയൻ നാടക, സിനിമാ സംവിധായകൻ

ഓഡൻ W.H.Auden (1907-1973) - ഇംഗ്ലീഷ്- അമേരിക്കൻ കവി

റ്റൂലിയൊ ഹെർമിൽ Tullio Hermil- വിസ്ക്കോണ്ടിയുടെ L'innocente (1976) എന്ന സിനിമയിലെ നായകകഥാപാത്രം


ഓടക്കുഴൽ


അങ്ങു തെക്കുള്ള ഒരു നഗരമായിരുന്നു. എന്നെ ആദ്യം ആശ്ചര്യപ്പെടുത്തിയത് കുതിരകളുടെ മണമായിരുന്നു. സുഖമുള്ള ഒരു മണം; അതു പിന്നെ അത്ര രൂക്ഷമല്ലാത്ത മറ്റു ഗന്ധങ്ങളുമായി കലർന്നു: കളിമണ്ണിന്റെ, വെയിലിന്റെ, പുതിനയുടെ. തെരുവുകൾ വന്നുചേരുന്നത് ഒരു ചത്വരത്തിലേക്കായിരുന്നു: ലോകത്തിന്റെ വലിപ്പത്തിൽ ഒരു ചത്വരം. അവിടെ ജീവിതം കുമിളയിടുകയായിരുന്നു, വിശേഷിച്ചും സായാഹ്നത്തിന്റെ ഒടുവിൽ. മേള, ചന്ത, വാണിഭം, എല്ലാമായിരുന്നു അത്. എല്ലാം ഇവിടെ വില്പനയ്ക്കുണ്ട്: പൊന്നിന്റെ നിറമുള്ള റൊട്ടികൾ, മനോഹരമായ ഹഷീഷ് ഹുക്കകൾ, മാതളങ്ങൾ, കൈവളകൾ, ഇനാമൽ ചെപ്പുകൾ, ഊറയിട്ട തുകലുകൾ, പിന്നിയെടുത്ത അരപ്പട്ടകൾ, കിളികൾ, മേലങ്കികൾ, പുഞ്ചിരികൾ, പച്ചമരുന്നുകൾ, ആംബർ മാലകൾ, ഈന്തപ്പഴങ്ങൾ, ഇരുണ്ട ഉടലുകൾ, എല്ലാം വില്പനയ്ക്കാണ്‌; ഔചിത്യവും അനൗചിത്യവും നോക്കാതെ ഏറ്റവും പാവപ്പെട്ടവരിൽ മാത്രം കാണുന്ന ആ സ്വാഭാവികതയോടെ എല്ലാം വില്പനയ്ക്കു വച്ചിരിക്കുന്നു. എന്നാൽ മറ്റൊരു ദേശത്തു നിന്നു വരുന്ന എന്റെ കണ്ണുകൾ കൂടുതൽ ആകർഷിക്കപ്പെട്ടത് ആ ചത്വരത്തിൽ നടക്കുന്ന വിനോദങ്ങളിലേക്കാണ്‌: പാമ്പാട്ടികൾ, കഥാപ്രസംഗക്കാർ, കൺകെട്ടുവിദ്യക്കാർ, കമ്പക്കയറിൽ കളിക്കുന്നവർ, ചാടിക്കളിക്കുന്ന കുരങ്ങന്മാർ. അല്ലെങ്കിൽ ആസക്തിയുടെ കണ്ണുകളോടെ ഞങ്ങളെ ഉറ്റുനോക്കുന്ന ചെറുപ്പക്കാരുണ്ടായിരുന്നു. മരുഭൂമിയുടെ കവാടത്തിലെ അ നഗരത്തിന്റെ ആത്മാവ്, ഉടലുകളുടെ മെലിവിൽ വെളിച്ചം പൊട്ടിച്ചിതറുന്ന ആ നഗരത്തിന്റെ ആത്മാവ് അവിടെയായിരുന്നു. “മോസ്യെ, തിടുക്കപ്പെട്ടോടുന്നത് മരണത്തിലേക്കാണേ,” നിങ്ങളുടെ കാതിലേക്കെന്നപോലെ ചെറുപ്പക്കാർ മന്ത്രിക്കുന്നു. “അഞ്ചു ദിർഹം, അഞ്ചു ദിർഹത്തിനു ഞാൻ എന്തു വേണമെങ്കിലും ചെയ്യാം.” അവരിൽ നിന്നു രക്ഷപ്പെടുക പ്രയാസമായിരുന്നു. അവർ പിടിച്ചാൽ പിടി വിടില്ല; ഒരാൾ പിൻവാങ്ങിയാൽ അടുത്തയാൾ വരവായി: “മോസ്യെ, വെറും അഞ്ചു...” വേണ്ട, വേണ്ട, ഞാൻ പറഞ്ഞു, എനിക്കു ബർബർ ചന്ത കാണേണ്ട, കസ്ബ കാണേണ്ട, എനിക്ക് ചേഷ്ടകളുടേയും ഒച്ചകളുടേയും ആ തിരയിളക്കത്തിൽ ഒന്നാണ്ടുമുങ്ങണമെന്നേയുള്ളു; വരണ്ടതും പരന്നതും പൊടിയടിഞ്ഞതുമായ ആ മണ്ണിൽ നിന്നു മുളച്ചുവന്നതോ അതോ, ഒറ്റമേഘം പോലുമില്ലാതെ തെളിഞ്ഞുകിടന്ന മാനത്തു നിന്നിറങ്ങിവന്നതോ എന്നെനിക്കു തീർച്ചയില്ലാത്ത തീക്ഷ്ണതയിൽ സ്വയം നഷ്ടപ്പെടണമെന്നേയുള്ളു. ചെറിയ ഓടക്കുഴലുകൾ നിറച്ചുവച്ചിരുന്ന ഒരു കൂടയിലേക്കു ഞാൻ കുനിഞ്ഞുനോക്കി. മുള കൊണ്ടുള്ള ഒരെണ്ണമെടുത്ത് ഞാൻ ചില സ്വരങ്ങൾ പുറപ്പെടുവിക്കാൻ നോക്കി. ബാലനായ ആ കച്ചവടക്കാരൻ എന്റെ കൈയിൽ മാർദ്ദവത്തോടെ പിടിച്ച് ഓടക്കുഴൽ വാങ്ങിയിട്ട് ഒരു പാമ്പാട്ടിയെപ്പോലെ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അത് ചുണ്ടിലേക്കു വച്ചു. അവനതു വായിക്കുമ്പോൾ അവന്റെ കൃഷ്ണമണികളിലെ കറുത്ത ജലമൊന്നാകെ എന്റെ കണ്ണുകളിലേക്കു തൂവുകയായിരുന്നു. “നിന്റെ പേരെന്താ?” “ബൻ അസ്സി മൊഹമ്മദ്.” “ഓടക്കുഴലിനെന്താ വില?” “പത്തു ദിർഹം, പക്ഷേ താങ്കളായതുകൊണ്ട് അഞ്ചു മതി.” “ഞാൻ പത്തു തരാം.” “ചായ കുടിക്കാൻ എന്റെ വീട്ടിലേക്കു വരുമോ?” “വേണ്ട, എനിക്ക് ഓടക്കുഴൽ മാത്രം മതി.”

തെക്കുള്ള ഒരു നഗരമായിരുന്നു, നെടിയ പനമരങ്ങളും റോസ് നിറത്തിലുള്ള കളിമൺചുമരുകളും നിറഞ്ഞ നഗരം. ശേഷിക്കുന്നത് ചെറിയ ഒരോടക്കുഴൽ മാത്രം. സ്വീകരണമുറിയിലെ ടീപ്പോയിൽ പുസ്തകങ്ങൾക്കിടയിൽ അതു കിടക്കുന്നു. വിപുലമായ ഒരു മൗനം അതിനെ ചൂഴുന്നു.



Verentes do Olhar ഒരു നോട്ടത്തിന്റെ ഇറക്കങ്ങൾ (1987) എന്ന സമാഹാരത്തിൽ നിന്ന്

അഭിപ്രായങ്ങളൊന്നുമില്ല: