2022, ജൂൺ 3, വെള്ളിയാഴ്‌ച

മരിയോ വർഗാസ് യോസ - അഭിമുഖം

 

ചോദ്യം: അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ താങ്കൾ; താങ്കൾ എഴുതിയിട്ടുള്ളതൊക്കെ  വായനക്കാർക്കു പരിചിതവുമാണ്‌. താങ്കളുടെ വായനയെക്കുറിച്ച് ഞങ്ങളോടൊന്നു പറയാമോ?

മരിയോ വർഗാസ് യോസ: കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി കൗതുകരമായ ഒരു കാര്യം സംഭവിച്ചിട്ടുള്ളതായി ഞാൻ ശ്രദ്ധിച്ചു. എന്റെ സമകാലികരെക്കാൾ കൂടുതലായി ഞാനിപ്പോൾ വായിക്കുന്നത് പഴയകാലത്തെ എഴുത്തുകാരെയാണ്‌. ഇരുപതാം നൂറ്റാണ്ടിൽ നിന്നല്ല, പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നാണ്‌ എന്റെ വായന കൂടുതലും. അതുപോലെ, സാഹിത്യകൃതികളെക്കാൾ ലേഖനങ്ങളും ചരിത്രവുമാണ്‌ എന്റെ വായനയിൽ കൂടുതൽ കടന്നുവരുന്നതും. എന്തുകൊണ്ടാണ്‌ എന്റെ വായന ചിലതരം പുസ്തകങ്ങളിലേക്കു തിരിയുന്നതെന്നതിന്‌ ഞാൻ വലിയ ആലോചന കൊടുക്കാറില്ല. ...അതിനി തൊഴിൽപരമായ കാരണങ്ങൾ കൊണ്ടാവാം. ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കൃതികൾ പത്തൊമ്പതാം നൂറ്റാണ്ടിനോടു ബന്ധപ്പെട്ടതാണല്ലോ: വിക്റ്റർ ഹ്യൂഗോയുടെ ലേ മിസറബ്ലയെക്കുറിച്ച് ഒരു ലേഖനം, അല്ലെങ്കിൽ ഫ്രാങ്കോ-പെറൂവിയൻ സാമുഹ്യപരിഷ്കർത്താവും ഫെമിനിസം എന്ന വാക്കുണ്ടാകുന്നതിനു മുമ്പുതന്നെ ഫെമിനിസ്റ്റുമായിരുന്ന ഫ്ലോറ ട്രിസ്റ്റാനെക്കുറിച്ച് ഒരു നോവൽ. ഇനി ഇതുകൊണ്ടുമാവാം: പതിനഞ്ചോ പതിനെട്ടോ വയസ്സുള്ളപ്പോൾ നിങ്ങൾക്കു തോന്നും, അനന്തമായ കാലത്തിനവകാശിയാണു താനെന്ന്. അമ്പതു തികഞ്ഞാൽ നിങ്ങൾക്കു ബോധമുണ്ടാകുന്നു, തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്, തിരഞ്ഞെടുത്ത വായനയേ ഇനി നടക്കുകയുള്ളു എന്ന്. ഞാൻ എന്റെ സമകാലികരെ മുമ്പത്തെപ്പോലെ വായിക്കാത്തതിനു കാരണം അതാവാം.

ചോദ്യം: താങ്കൾ വായിക്കാനെടുക്കുന്ന സമകാലികരിൽ പ്രത്യേകിച്ചാരോടാണ്‌ കൂടുതൽ മതിപ്പു തോന്നിയിട്ടുള്ളത്?

വർഗാസ് യോസ: ചെറുപ്പത്തിൽ സാർത്രിന്റെ ഉത്സാഹിയായ വായനക്കാരനായിരുന്നു ഞാൻ. അമേരിക്കൻ നോവലിസ്റ്റുകളെ ഞാൻ കാര്യമായി വായിച്ചിരുന്നു; കൂടുതലായും Lost Generationൽ പെട്ട ഫോക്ക്നർ, ഫിറ്റ്സ്ജെറാൾഡ്, ഡോസ് പാസോസ് തുടങ്ങിയവരെ; ഫോക്ക്നറെ പ്രത്യേകിച്ചും. ചെറുപ്പത്തിൽ ഞാൻ വായിച്ചിരുന്ന എഴുത്തുകാരിൽ ഇപ്പോഴും പ്രധാനമായി എനിക്കു തോന്നുന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ അദ്ദേഹം. വീണ്ടും വായിക്കുമ്പോൾ ഇതുവരെ എന്നെ അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല, ചിലപ്പോൾ ചിലരെ വായിക്കുമ്പോഴെന്നപോലെ; ഉദാഹരണത്തിന്‌ ഹെമിംഗ്‌വേ. ഇന്നു ഞാൻ സാർത്രിനെ വായിക്കാൻ പോകുന്നില്ല. ഞാൻ ഇതുവരെ വായിച്ചതു വച്ചു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഫിൿഷൻ കാലഹരണപ്പെട്ടതായും മൂല്യമില്ലാത്തതായുമാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. ലേഖനങ്ങൾ അത്ര പ്രധാനവുമല്ല; ഒരപവാദം വേണമെങ്കിൽ പറയാം: “സാങ്ങ്ത് ഷെനെ: കോമാളി അല്ലെങ്കിൽ രക്തസാക്ഷി.” അതിപ്പോഴും എനികിഷ്ടമാണ്‌. അദ്ദേഹത്തിന്റെ ലേഖനങ്ങൾ നിറയെ വൈരുദ്ധ്യങ്ങളും അർത്ഥസന്ദിഗ്ധതകളും പിശകുകളും അലക്ഷ്യസഞ്ചാരങ്ങളുമാണ്‌; ഫോക്ക്നറുടെ കാര്യത്തിൽ അതില്ലേയില്ല. കയ്യിൽ പേപ്പറും പേനയുമായി ഞാൻ വായിക്കാനിരുന്ന ഒരേയൊരു നോവലിസ്റ്റ് അദ്ദേഹമാണ്‌; അത്രയ്ക്കാണ്‌ അദ്ദേഹത്തിന്റെ ടെക്നിക് എന്നെ വിസ്മയപ്പെടുത്തിയത്. ഒരാളുടെ രചനാരീതി പുനഃസൃഷ്ടിക്കാൻ ഞാൻ ആദ്യമായി ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ കാര്യത്തിലാണ്‌. ഉദാഹരണത്തിന്‌, കാലത്തിന്റെ വിന്യാസം, സ്ഥലകാലങ്ങളുടെ സന്ധി, ആഖ്യാനത്തിലെ വിഛേദങ്ങൾ, ഒരുതരം സന്ദിഗ്ധത അല്ലെങ്കിൽ അധികഗഹനത നല്കാനായി വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ കഥ പറയാനുള്ള കഴിവ് ഇതൊക്കെ അനുകരിക്കാൻ ബോധപൂർവ്വം ഞാൻ ശ്രമിച്ചു. അക്കാലത്ത് അവ വായിച്ചത് ഒരു ലാറ്റിനമേരിക്കക്കാരൻ എന്ന രീതിയിൽ എനിക്കു വളരെ ഉപയോഗപ്പെട്ടതായി തോന്നുന്നു; ഫോക്ക്നർ വിവരിച്ച ഒരു ലോകത്തിൽ നിന്ന് കാര്യമായി വ്യത്യാസമില്ലാത്ത ഒരു ലോകത്തെക്കുറിച്ചു പറയാൻ ഉപയോഗിക്കാവുന്ന ആഖ്യാനസങ്കേതങ്ങളുടെ അനർഘഖനിയാണത്. പില്ക്കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലിസ്റ്റുകളെ അത്യാവേശത്തോടെ ഞാൻ വായിച്ചു: ഫ്ലോബേർ, ബൽസാക്ക്, ദസ്തയേവ്സ്ക്കി, ടോൾസ്റ്റോയ്, സ്റ്റെന്ഥാൾ, ഹാവ്ത്തോൺ, ഡിക്കൻസ്, മെൽവിൽ. പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരുടെ ഉത്സുകനായ വായനക്കാരനാണ്‌ ഇപ്പോഴും ഞാൻ.

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ കാര്യമാണെങ്കിൽ, വിചിത്രമെന്നു പറയട്ടെ, യൂറോപ്പിൽ ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ്‌ അതെന്റെ ശ്രദ്ധയിൽ വരുന്നതും ആവേശത്തോടെ ഞാനതു വായിക്കാൻ തുടങ്ങുന്നതും. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ എനിക്കതു പഠിപ്പിക്കേണ്ടിയിരുന്നു; എന്റെ അവബോധത്തെ ഉയർത്തിവിട്ട ഒരനുഭവമായിരുന്നു അത്; കാരണം, ലാറ്റിനമേരിക്കൻ സാഹിത്യത്തെ അതിന്റെ സമഗ്രതയിൽ കാണാൻ എന്നെ നിർബ്ബന്ധിതനാക്കിയത് അതാണ്‌. അതില്പിന്നെ ഞാൻ ബോർഹസ്സിനെ (അദ്ദേഹത്തെ കുറച്ചൊക്കെ എനിക്കു പരിചയമുണ്ടായിരുന്നു), കാർപ്പെന്റിയറെ, കോർത്തസാറിനെ, ഗിമാറൈസ് റോസയെ, ലെസാമ ലീമയെ ഒക്കെ വായിച്ചുതുടങ്ങി- ആ തലമുറയെ ആകെ, ഗാർസിയ മാർക്കെസ് ഒഴികെ. ഞാൻ അദ്ദേഹത്തെ കണ്ടെത്തുന്നത് പില്ക്കാലത്താണ്‌; അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാനെഴുതിയിട്ടുണ്ട്: Garcia Marquez: Historia de un decidio. പഠിപ്പിക്കാനുണ്ടായിരുന്നതുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ സാഹിത്യവും ഞാൻ വായിക്കാൻ തുടങ്ങി. തികച്ചും ശ്രദ്ധേയരായ എഴുത്തുകാർ ഞങ്ങൾക്കുണ്ടെന്ന് അപ്പോഴാണ്‌ എനിക്കു ബോദ്ധ്യമാകുന്നത്- ഒരുപക്ഷേ നോവലിസ്റ്റുകളെക്കാൾ കൂടുതലായി ലേഖകരോ കവികളോ. ഉദാഹരണത്തിന്‌ ഒരു നോവൽ പോലുമെഴുതാത്ത സാർമിയെന്റോ ആണ്‌ എന്റെ അഭിപ്രായത്തിൽ ലാറ്റിനമേരിക്ക സൃഷ്ടിച്ച ഏറ്റവും വലിയ കാഥികരിൽ ഒരാൾ; അദ്ദേഹത്തിന്റെ Facundo ഒരു മാസ്റ്റർപീസ് തന്നെയാണ്‌. പക്ഷേ ഒരു പേരു മാത്രം പറയാൻ എന്നെ നിർബ്ബന്ധിച്ചാൽ ബോർഹസ് എന്ന് എനിക്കു പറയേണ്ടിവരും, കാരണം, അദ്ദേഹം സൃഷ്ടിച്ച ലോകം തികച്ചും മൗലികമായിട്ടാണ്‌ എനിക്കു തോന്നുന്നത്. അത്യസാധാരണമായ മൗലികതയ്ക്കു പുറമേ അപാരമായ ഭാവനാശേഷിയും സംസ്കാരവും (അവ അദ്ദേഹത്തിന്റേതു മാത്രവുമായിരുന്നു) കൊണ്ടനുഗൃഹീതനായിരുന്നു അദ്ദേഹം. പിന്നെ തീർച്ചയായും ബോർഹസ്സിന്റെ ഭാഷ;  അത് ഒരർത്ഥത്തിൽ ഞങ്ങളുടെ പാരമ്പര്യത്തിൽ നിന്നു വിട്ടുപോവുകയും പുതിയതൊന്ന് തുറക്കുകയും ചെയ്തു. സമൃദ്ധിയുടെ, ധാരാളിത്തത്തിന്റെ, കവിഞ്ഞൊഴുകലിന്റെ ഭാഷയാണ്‌ സ്പാനിഷ്. ഞങ്ങളുടെ എല്ലാ വലിയ എഴുത്തുകാരും അമിതഭാഷികളായിരുന്നു- സെർവാന്റെസ് മുതൽ ഓർട്ടിഗ വൈ ഗാസെയോ വയെ-ഇങ്ക്ലാനോ അല്ഫോൺസോ റെയ്സോ വരെ. ബോർഹസ് നേരേ തിരിച്ചായിരുന്നു- സംക്ഷിപ്തത, മിതത്വം, കൃത്യത മാത്രം. എത്ര വാക്കുകളുണ്ടോ, അത്രയും ആശയങ്ങളുള്ള ഒരേയൊരെഴുത്തുകാരൻ സ്പാനിഷ് ഭാഷയിൽ അദ്ദേഹമേയുള്ളു. നമ്മുടെ കാലത്തെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളാണ്‌ അദ്ദേഹം.

ചോദ്യം: ബോർഹസ്സുമായുള്ള താങ്കളുടെ ബന്ധം എങ്ങനെയായിരുന്നു?

വർഗാസ് യോസ: അറുപതുകളുടെ തുടക്കത്തിൽ പാരീസിലായിരുന്നു എന്റെ താമസം; അന്നവിടെ വച്ചാണ്‌ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഭ്രമാത്മകസാഹിത്യം, ഗൗച്ചോ സാഹിത്യം ഇവയെക്കുറിച്ച് സെമിനാറുകളിൽ പങ്കെടുക്കാൻ ബോർഹസ് അന്നവിടെ വന്നിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന Office de Radio Television Francaiseനു വേണ്ടി ഞാൻ അദ്ദേഹവുമായി ഒരഭിമുഖം നടത്തുകയും ചെയ്തിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴും ഞാൻ വികാരാധീനനായിപ്പോകും. അതില്പിന്നെ ലോകത്തിന്റെ പല കോണുകളിൽ വച്ചും, ലീമയിൽ വച്ചുപോലും, ഞങ്ങൾ തമ്മിൽ കണ്ടിരുന്നു; ലീമയിൽ വച്ച് ഞാൻ അദ്ദേഹത്തെ ഡിന്നറിനു ക്ഷണിച്ചിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ തന്നെ ഒന്നു ടോയ്‌ലെറ്റിൽ കൊണ്ടുപോകാൻ അദ്ദേഹം എന്നോടു പറഞ്ഞു. മൂത്രമൊഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം പെട്ടെന്നു ചോദിച്ചു, ഈ കത്തോലിക്കർ, അവർ അത്ര സീരിയസാണോ? ഏയ്, ആവില്ല.

ഞാൻ ഒടുവിൽ അദ്ദേഹത്തെ കാണുന്നത് ബൂയിനൊസ് ഐറിസിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്‌. പെറുവിലെ എന്റെ ഒരു ടെലിവിഷൻ ഷോയ്ക്കു വേണ്ടി ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു; എന്റെ ചില ചോദ്യങ്ങൾ അദ്ദേഹത്തിനത്ര ഇഷ്ടമായില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി. ഇന്റർവ്യൂ നടത്തിക്കഴിഞ്ഞ്- അതീവശ്രദ്ധയോടെയാണ്‌ ഞാൻ അദ്ദേഹത്തെ കേട്ടിരുന്നതെന്നു പറയേണ്ടല്ലോ; അതെനിക്ക് അദ്ദേഹത്തോട് അത്രമാത്രം ബഹുമാനമുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, നമ്മെ വശീകരിക്കുന്ന, ദുർബ്ബലനായ ആ മനുഷ്യനോട് എനിക്കു തോന്നിയ അടുപ്പം കൊണ്ടു കൂടിയാണ്‌- ഞാൻ പറഞ്ഞു, കുമ്മായമടർന്ന ചുമരുകളും ചോർച്ചയുള്ള മേല്ക്കൂരയുമുള്ള ഒരു വീട്ടിലാണ്‌ അദ്ദേഹം താമസിക്കുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന്. അതദ്ദേഹത്തെ വല്ലാതെ നീരസപ്പെടുത്തിയതായി എനിക്കു തോന്നി. പിന്നീട് ഒരിക്കൽക്കൂടി ഞാൻ അദ്ദേഹത്തെ കണ്ടുവെങ്കിലും ഒരടുപ്പവും അദ്ദേഹം കാണിച്ചില്ല. തന്റെ വീടിനെക്കുറിച്ചുള്ള ആ അഭിപ്രായം അദ്ദേഹത്തിനൊട്ടും രസിച്ചില്ലെന്ന് ഒക്റ്റേവിയോ പാസ് എന്നോടു പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിനെ മുറിപ്പെടുത്തുന്നതായി ഞാൻ ചെയ്ത ഒരേയൊരു കാര്യം ഇപ്പറഞ്ഞതു മാത്രമായിരിക്കണം; കാരണം, അദ്ദേഹത്തെ പ്രശംസിക്കുന്നതല്ലാത്തതൊന്നും ഞാൻ ഇതേവരെ പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളതായി ഞാൻ കരുതുന്നില്ല. നാല്പതു കഴിഞ്ഞതിനു ശേഷം താൻ ജീവിച്ചിരിക്കുന്ന ഒരെഴുത്തുകാരന്റെയും കൃതികൾ വായിക്കാറില്ലെന്നും വായിച്ച പുസ്തകങ്ങൾ പിന്നെയും പിന്നെയും വായിക്കുകയേ ചെയ്യാറുള്ളുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ..എന്നാലും ഞാൻ ഏറ്റവുമധികം ആദരിക്കുന്ന ഒരെഴുത്തുകാരനാണ്‌ അദ്ദേഹം. തീർച്ചയായും അദ്ദേഹം മാത്രമല്ല. പാബ്ലോ നെരൂദ അസാധാരണനായ ഒരു കവിയാണ്‌. പിന്നെ, ഒക്റ്റേവിയോ പാസ്- വലിയ കവി മാത്രമല്ല, വലിയ ലേഖകനും; രാഷ്ട്രീയം, കല, സാഹിത്യം ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ അഭിപ്രായങ്ങളുള്ളയാളും. അദ്ദേഹത്തിന്റെ ജ്ഞാനതൃഷ്ണ വ്യാപകമാണ്‌. വലിയ ആനന്ദത്തോടെ ഇപ്പോഴും ഞാൻ അദ്ദേഹത്തെ വായിക്കാറുണ്ട്. തന്നെയുമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയാദർശങ്ങൾ എന്റേതിനു സമാനവുമാണ്‌.

ചോദ്യം: താൻ ആദരിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ താങ്കൾ നെരൂദയെ പരാമർശിച്ചിരുന്നു. താങ്കൾ അദ്ദേഹത്തിന്റെ സുഹൃത്തുമായിരുന്നു. ആൾ എങ്ങനെയായിരുന്നു?

വർഗാസ് യോസ: നെരൂദയ്ക്ക് ജീവിതത്തോടാരാധനയായിരുന്നു. സർവ്വതിനോടും അടങ്ങാത്തൊരിഷ്ടമായിരുന്നു അദ്ദേഹത്തിന്‌- ചിത്രകലയോട്, കലയോടു പൊതുവേതന്നെ, പുസ്തകങ്ങളോട്, അപൂർവ്വഗ്രന്ഥങ്ങളോട്, തീറ്റയോട്, കുടിയോട്. തീറ്റയും കുടിയും ഒരു മിസ്റ്റിക് അനുഭവമായിരുന്നു അദ്ദേഹത്തിനെന്നുതന്നെ പറയാം. ഓജസ്സു നിറഞ്ഞ, ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു മനുഷ്യൻ- തീർച്ചയായും സ്റ്റാലിനെ സ്തുതിച്ചുകൊണ്ടെഴുതിയ കവിതകൾ മറന്നുകളഞ്ഞാൽ. ഫ്യൂഡൽ എന്നു പറയാവുന്ന ഒരു ലോകത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം; എല്ലാമവിടെ അദ്ദേഹത്തിനാഘോഷിക്കാനുള്ളതായിരുന്നു, ജീവിതമാധുര്യം ആസ്വദിക്കാനുള്ളതായിരുന്നു. ഈസ്ല നെഗ്രയിൽ ഒരാഴ്ച്ച താമസിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആശ്ചര്യം തോന്നി! മനുഷ്യരുടേതായ ഒരു യന്ത്രസംവിധാനം അദ്ദേഹത്തിനു ചുറ്റും പ്രവർത്തിച്ചുകൊണ്ടിരുന്നു: പാചകം ചെയ്യുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യർ- എത്രയെങ്കിലും വിരുന്നുകാരും! രസകരമായ ഒരു സമൂഹമായിരുന്നു അത്,  പറയാൻ പറ്റാത്ത വിധം ജീവസ്സുറ്റത്, ഇന്റെലെക്ച്വലിസത്തിന്റെ പൊടി പോലുമില്ലാത്തത്. നെരൂദ ബോർഹസ്സിന്റെ നേരെതിരായിരുന്നു: കുടിക്കുകയോ പുക വലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യുന്നതായി നാം ഒരിക്കലും കാണാത്ത ബോർഹസിന്‌, ഒരിക്കലും ഒരു സ്ത്രീയോടൊത്തു കിടന്നതായി നമുക്കു തോന്നാത്ത ആ മനുഷ്യന്‌ ഇതൊക്കെ അപ്രധാനമായ കാര്യങ്ങളായിരുന്നു; ഇനി അതൊക്കെ ചെയ്യുന്നെങ്കിൽ അത് മര്യാദ കാണിക്കലായി മാത്രമായിരിക്കും. കാരണം, ആശയങ്ങളും വായനയും ചിന്തയും സൃഷ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, ശുദ്ധമായ ധിഷണയുടെ ജീവിതം. നെരൂദ വരുന്നത് ഹൊർഹെ അമാദോയുടേയും റഫായെൽ ആൽബർട്ടിയുടേയും പാരമ്പര്യത്തിൽ നിന്നാണ്‌; അതിൽ ജീവിതത്തിന്റെ ഐന്ദ്രിയാനുഭവത്തിൽ നിന്നാണ്‌ സാഹിത്യം ഉണ്ടാകുന്നത്.

ലണ്ടനിൽ വച്ച് നെരൂദയുടെ ജന്മദിനം ആഘോഷിച്ച ദിവസം എനിക്കോർമ്മ വരുന്നു. തെംസിലെ ഒരു ബോട്ടിൽ വച്ചുവേണം പാർട്ടി എന്ന് അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. ഭാഗ്യത്തിന്‌ അദ്ദേഹത്തിന്റെ ആരാധകനായ ഇംഗ്ലീഷ് കവി, അലസ്റ്റെയ്ർ റെയ്ഡ് ആ ദിവസം തെംസിൽ ഒരു ബോട്ടിലായിരുന്നു. അതുകാരണം പാർട്ടി അവിടെ വച്ചു നടത്താൻ ഞങ്ങൾക്കു കഴിഞ്ഞു. താൻ ഒരു കോക്ടെയിൽ ഉണ്ടാക്കാൻ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വില പിടിച്ച പാനീയമായിരുന്നിരിക്കണം അത്; എനിക്കറിയില്ല എത്ര കുപ്പി Dom Perignon, പഴച്ചാറുകൾ, പിന്നെ എന്തെന്നറിയാത്ത പലത് ചേർത്താണ്‌ അതുണ്ടാക്കിയതെന്ന്. സംഗതി ഗംഭീരമായിരുന്നു; പക്ഷേ തലയ്ക്കു പിടിക്കാൻ ഒരു ഗ്ലാസ് മതിയായിരുന്നു. തല നിവർന്നുനില്ക്കുന്നതായി ഒറ്റയാളു പോലുമുണ്ടായില്ല. എന്നാല്ക്കൂടി അന്നദ്ദേഹം എന്നോടു പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്: വർഷങ്ങൾ കഴിയുന്തോറും മഹാസത്യമായി മാറുന്നതൊന്ന്. അക്കാലത്തു വന്ന ഒരു ലേഖനം- എന്തിനെക്കുറിച്ചാണതെന്നു ഞാൻ മറന്നു- എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു; എന്നെ ആക്ഷേപിക്കുന്നതും എന്നെക്കുറിച്ചു കള്ളം പറയുന്നതുമായിരുന്നു അത്. ഞാനത് നെരൂദയ്ക്കു കാണിച്ചുകൊടുത്തു. പാർട്ടി നടക്കുന്നതിനിടയിൽ അദ്ദേഹം ഇങ്ങനെ പ്രവചിച്ചു: നീ പ്രശസ്തനാവുകയാണ്‌. നിന്നെ കാത്തിരിക്കുന്നതെന്തെന്ന് ഞാൻ പറയാം: നീ പ്രശസ്തനാവുന്തോറും നിനക്കെതിരെയുള്ള ആക്രമണങ്ങളും കൂടിവരും. കിട്ടുന്ന ഓരോ പ്രശംസയ്ക്കുമൊപ്പം രണ്ടോ മൂന്നോ ആക്ഷേപങ്ങളും പ്രതീക്ഷിക്കാം. എന്റെ കയ്യിലുമുണ്ട്, ഒരു പെട്ടി നിറയെ ഒരു മനുഷ്യനു താങ്ങാവുന്നതിലധികം ആക്ഷേപങ്ങളും ദുഷ്ടതകളും അപവാദങ്ങളും. എനിക്കു കിട്ടാത്തതായി ഒരു പേരു പോലുമില്ല: കള്ളൻ, വഞ്ചകൻ, പോക്കിരി, നട്ടെല്ലില്ലാത്തവൻ, ലൈംഗികവൈകൃതക്കാരൻ..എല്ലാമെല്ലാം! പ്രശസ്തനായാൽ ഇതിലൂടെ കടന്നുപോയേ പറ്റൂ.

നെരൂദ പറഞ്ഞത് സത്യമായിരുന്നു; അദ്ദേഹത്തിന്റെ പ്രവചനം നൂറു ശതമാനം ഫലിച്ചു. ഒരു പെട്ടി മാത്രമല്ല, മനുഷ്യനറിവുള്ള എല്ലാ അധിക്ഷേപങ്ങളുമടങ്ങിയ ലേഖനങ്ങൾ കുത്തിനിറച്ച കുറേ സ്യൂട്ട്കേസുകളും എനിക്കുണ്ട്.

ചോദ്യം: ഗാർസിയ മാർക്കെസ്സിനെക്കുറിച്ച്?

ഞങ്ങൾ സുഹൃത്തുക്കളായിരുന്നു; ബാർസിലോണയിൽ വച്ച് രണ്ടുകൊല്ലം ഞങ്ങൾ അയല്ക്കാരുമായിരുന്നു; ഒരേ തെരുവിലായിരുന്നു ഞങ്ങളുടെ താമസം. പില്ക്കാലത്ത്, വ്യക്തിപരമെന്നപോലെ രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ട് ഞങ്ങൾ പരസ്പരം അകന്നു. എന്നാൽ വേർപിരിയുന്നതിനുള്ള മൗലികമായ കാരണം വ്യക്തിപരമായ ഒരു പ്രശ്നമായിരുന്നു; അതിന്‌ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളുമായി ഒരു ബന്ധവുമില്ല- അവയും എനിക്കു സ്വീകാര്യമല്ലെങ്കിലും. എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ എഴുത്തിന്റെ ഗുണം അദ്ദേഹത്തിന്റെ നയങ്ങൾക്കില്ല. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു എന്നുമാത്രം പറയട്ടെ. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് അറുന്നൂറു പേജുള്ള ഒരു പുസ്തകം ഞാൻ എഴുതിയിട്ടുണ്ടെന്ന് മുമ്പുതന്നെ പറഞ്ഞിരുന്നല്ലോ. അതേ സമയം വ്യക്തിപരമായിട്ടോ രാഷ്ട്രീയവിശ്വാസങ്ങളുടെ പേരിലോ അത്രയും ബഹുമാനം ഇല്ലതാനും. അത്ര ഗൗരവമില്ലാത്തതായിട്ടാണ്‌ ഞാൻ അവയെ കാണുന്നത്. അവസരവാദപരവും പബ്ലിസിറ്റി ലക്ഷ്യം വച്ചുള്ളതും.

ചോദ്യം: ഈ പറഞ്ഞ വ്യക്തിപരമായ പ്രശ്നം മെക്സിക്കോയിലെ ഒരു സിനിമാതിയേറ്ററിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണോ? അടികലശൽ വരെ എത്തി എന്നാണല്ലോ കേൾക്കുന്നത്.

വർഗാസ് യോസ: മെക്സിക്കോയിൽ വച്ച് ഒരു സംഗതി നടന്നിരുന്നു. അതു പക്ഷേ, ചർച്ച ചെയ്യാൻ എനിക്കിഷ്ടമില്ലാത്ത ഒരു വിഷയമാണ്‌. അത്രയധികം ഊഹാപോഹങ്ങൾക്ക് അത് കാരണമായിട്ടുണ്ടെന്നതിനാൽ കൂടുതൽ വ്യാഖ്യാനങ്ങൾക്ക് വളമിട്ടുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്നെങ്കിലും ഓർമ്മക്കുറിപ്പുകൾ എഴുതുകയാണെങ്കിൽ അന്ന് ആ കഥ ഞാൻ പറഞ്ഞെന്നു വരാം. 

ചോദ്യം: താങ്കളുടെ പുസ്തകങ്ങളുടെ വിഷയങ്ങൾ താങ്കൾ തിരഞ്ഞെടുക്കുന്നതാണോ അതോ അവ താങ്കളെ തിരഞ്ഞെടുക്കുകയാണോ?

മരിയോ വർഗാസ് യോസ: എന്നെ സംബന്ധിച്ചിടത്തോളം വിഷയം എഴുത്തുകാരനെ തിരഞ്ഞെടുക്കുന്നു എന്നാണു ഞാൻ വിശ്വസിക്കുന്നത്. ചില കഥകൾ സ്വയമേവ എന്നിൽ വന്നു പതിക്കുകയായിരുന്നു എന്നെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എനിക്കവയെ അവഗണിക്കാൻ പറ്റാതെ വരികയാണ്‌; കാരണം, മൗലികമായ ചില അനുഭവങ്ങളോട് ഇന്നതെന്നു പറയാനാവാത്ത രീതിയിൽ ബന്ധപ്പെട്ടുകിടക്കുകയായിരുന്നു അവ- ഇതെങ്ങനെ ശരിയായി പറയണമെന്ന് എനിക്കറിയില്ല. ഒരുദാഹരണം പറഞ്ഞാൽ, കുട്ടിക്കാലത്ത് ലീമയിലെ ലിയോണിക്കോ പ്രദോ മിലിട്ടറി സ്കൂളിലായിരുന്ന കാലത്തെക്കുറിച്ച് എനിക്കെഴുതാതെ പറ്റില്ലായിരുന്നു, അതിനെക്കുറിച്ചെഴുതുക എന്നത് എന്നെ വിടാതെ പിന്തുടർന്ന ഒരാഗ്രഹമായിരുന്നു. പലതരത്തിലും എന്റെ ബാല്യത്തിന്റെ അന്ത്യം കുറിച്ച, എന്റെ മനസ്സിൽ തീവ്രാഘാതമേല്പിച്ച ഒരനുഭവമായിരുന്നു അത്- വിദ്വേഷം നിറഞ്ഞതും ഒന്നിനൊന്നു വിരുദ്ധവും ചിലനേരം പരസ്പരം പൊരുതുന്നതുമായ സാമൂഹ്യ,സാംസ്കാരിക,വംശീയവിഭാഗങ്ങൾ ചേർന്നതുമായ ഒരു ഹിംസാത്മകസമൂഹമായി ഞാൻ എന്റെ രാജ്യത്തെ കണ്ടെത്തുന്നത് അക്കാലത്താണ്‌. ആ അനുഭവത്തിന്‌ എന്റെ മേൽ ഒരു സ്വാധീനമുണ്ടായി എന്നു ഞാൻ കരുതുന്നു; സൃഷ്ടിക്കുക, കണ്ടുപിടിക്കുക എന്ന ഒരാവശ്യകതയ്ക്ക് എന്നിൽ ബീജാവാപം നടത്തിയത് ആ അനുഭവമാണെന്നതിൽ എനിക്കെന്തായാലും സംശയമില്ല.

ഇതുവരെയുള്ള എന്റെ എല്ലാ പുസ്തകങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്‌. ഒരു കഥയെഴുതാൻ യുകതിപൂർവ്വമായി, ഹൃദയം ബലപ്പിച്ച് ഞാൻ തീരുമാനമെടുക്കുന്നു എന്നൊരു തോന്നൽ എനിക്കുണ്ടാവാറില്ല. മറിച്ച്, ചില സംഭവങ്ങൾ, ആളുകൾ അല്ലെങ്കിൽ സ്വപ്നങ്ങൾ, വായനകൾ പെട്ടെന്ന് എന്റെ മേൽ വന്നുപതിക്കുകയും എന്റെ ശ്രദ്ധ ആവശ്യപ്പെടുകയുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ രചനാപ്രക്രിയയിലെ തീർത്തും അയുക്തികമായ ചില ഘടകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ ഇത്രയധികം സംസാരിക്കുന്നതും. ഈ അയുക്തികത വായനക്കാരനിലുമെത്തണമെന്നും ഞാൻ വിശ്വസിക്കുന്നു. എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന രീതിയിൽ എന്റെ നോവലുകൾ വായിക്കപ്പെടുന്നതാണ്‌ എനിക്കിഷ്ടം. എന്നെ ഏറ്റവുമധികം ആകർഷിച്ച നോവലുകൾ ബുദ്ധിയുടേയോ യുക്തിയുടേയോ ചാലുകളിലൂടെ എന്നിലേക്കെത്തിയവയല്ല, എന്നെ വശീകരിച്ചവയാണ്‌. എന്റെ എല്ലാ വിമർശനാത്മകസിദ്ധികളേയും പൂർണ്ണമായി ഉന്മൂലനം ചെയ്യാനും ഒരു ഉദ്വേഗാവസ്ഥയിൽ എന്നെ നിർത്തിപ്പോകാനും കഴിവുള്ള കഥകളാണവ. അത്തരം നോവലാണ്‌ എനിക്കു വായിക്കാനിഷ്ടമുള്ളതും എനിക്കെഴുതാനിഷ്ടമുള്ളതും. ഒരു നോവലിൽ അനുപേക്ഷണിയസാന്നിദ്ധ്യമായ ബൗദ്ധികാംശം ക്രിയയിൽ, കഥകളിൽ അലിഞ്ഞുചേരണം; ആ കഥകൾ വായനക്കാരനെ വശീകരിക്കേണ്ടത് അവയിലുള്ള ആശയങ്ങൾ കൊണ്ടല്ല, അവയുടെ നിറം കൊണ്ടാണ്‌, അവ അങ്കുരിപ്പിക്കുന്ന വികാരങ്ങൾ കൊണ്ടാണ്‌, അവയിൽ അടങ്ങിയിരിക്കുന്ന വിസ്മയഹേതുക്കൾ കൊണ്ടാണ്‌, അവ ജനിപ്പിക്കുന്ന നിഗൂഢതകളും ഉദ്വേഗങ്ങളും കൊണ്ടാണ്‌. എന്റെ അഭിപ്രായത്തിൽ ഒരു നോവലിന്റെ മൗലികമായ ടെക്നിക് എന്നത് ഇങ്ങനെയൊരു ഫലം ജനിപ്പിക്കുക എന്നതാണ്‌- കഥയും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുക, കഴിയുമെങ്കിൽ ഇല്ലാതാക്കുക. ആ അർത്ഥത്തിൽ ഞാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരനാണ്‌. നോവൽ എനിക്കിപ്പോഴും സാഹസികതകളുടെ നോവലാണ്‌; ഞാൻ വിവരിച്ച പ്രത്യേകരീതിയിലാണ്‌ അത് വായിക്കപ്പെടുന്നതും.

(പാരീസ് റിവ്യൂ 1990ൽ യോസയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: