ഒരു പ്രണയവും.
അധിവർഷങ്ങളിലൂടതു വരാം.
എവിടെ നിന്നും.
ഒരത്ഭുതത്തിൽ നിന്ന്, തീർച്ചയായും.
ആരും കാണാത്തൊരത്ഭുതത്തിൽ നിന്ന്.
“പോകരുത്” എന്നു യാചിക്കുന്ന സ്വരത്തിൽ നിന്നല്ലേയല്ല.
എനിക്കതു കടക്കരുതാത്തതുമായി.
ചെങ്കുത്തായ കയറ്റങ്ങളും ഇടവഴികളുമായിരുന്നു...
വിശാലമായ പാതകളുണ്ടായിരുന്നു.
വേലിയും ചുമരുമില്ലായിരുന്നു.
അതിനൊരു വാതിലുമുണ്ടായിരുന്നില്ല.
കാത്തുകാത്തു ഞാനിരുന്നു.
നീ എന്നെ വരിച്ചപ്പോൾ...
---------------------------
നീ എന്നെ വരിച്ചപ്പോൾ
പ്രണയം എന്നെ വരിച്ചു.
എല്ലാവരുമായിരുന്ന ഞാൻ,
ആരുമല്ലാതിരുന്ന ഞാൻ
അജ്ഞാതാവസ്ഥയിൽ നിന്നു പുറത്തുവന്നു.
അന്നേ വരെ
ലോകത്തിലെ മലനിരകളെക്കാൾ
എനിക്കുയരമുണ്ടായിരുന്നില്ല,
നാവികർ രേഖപ്പെടുത്തിയ കയങ്ങളെക്കാൾ
ഞാനാഴത്തിൽ പോയിരുന്നില്ല.
എന്റെ ആഹ്ളാദം വിഷണ്ണമായിരുന്നു,
ചുറ്റിപ്പിടിക്കാൻ ഒരു കൈത്തണ്ടയില്ലാത്ത,
ചാവി കൊടുക്കാത്ത,
നിലച്ചുപോയ വാച്ചുകൾ പോലെ.
പക്ഷേ നീ ‘നിങ്ങൾ’ എന്നെന്നെ വിളിച്ചപ്പോൾ,
അതെ, നീയെന്നെ ഒറ്റ തിരിച്ചു കണ്ടപ്പോൾ,
ഞാൻ നക്ഷത്രങ്ങളെക്കാൾ മേലെപ്പോയി,
പവിഴപ്പുറ്റുകളെക്കാൾ ആഴത്തിലാഴ്ന്നു,
നിന്റെ സത്തയിൽ, നിന്റെ ഹൃദയതാളത്തിൽ
ഞാൻ പമ്പരം കറങ്ങി.
നീ നിന്നെ എനിക്കു തന്നപ്പോൾ
എനിക്കെന്നെത്തന്നെ നീ തന്നു.
ഞാൻ ജീവിച്ചു. ഞാൻ ജീവിക്കുന്നു. എത്ര നാൾ?
നീ പിന്തിരിയുമെന്നെനിക്കറിയാം.
നീ പോയാൽ ഞാനും തിരിച്ചുപോകും,
ജലത്തിൽ, ഭാരത്തിൽ
തുള്ളിയും ഗ്രാമും വ്യത്യാസമില്ലാത്ത
ഒരു ബധിരലോകത്തേക്ക്.
എനിക്കു നീ നഷ്ടപ്പെട്ടാൽ
അന്യരെപ്പോലെ ഞാനും പലരിലൊരാളാകും.
എനിക്കെന്റെ പേരു നഷ്ടമാകും,
എന്റെ പ്രായവും എന്റെ ചേഷ്ടകളും
എല്ലാമെന്നിൽ നഷ്ടമാകും,
എന്നിൽ നിന്നു നഷ്ടമാകും.
ആ കൂറ്റൻ അസ്ഥിക്കൂമ്പാരത്തിലേക്കു
ഞാൻ മടങ്ങിപ്പോകും-
ഇനിയും മരിച്ചിട്ടില്ലാത്തവരുടെ,
ജീവിതത്തിൽ ഒന്നിനു വേണ്ടിയും മരിക്കാനില്ലാത്തവരുടെ.
*
ജീവിതം ജീവിക്കാൻ...
--------------------------------
ജീവിതം ജീവിക്കാനെനിക്കു വേണ്ട
ദ്വീപുകൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങളും.
സർവ്വനാമങ്ങളിൽ ജീവിക്കുന്നതില്പരം
ആനന്ദമെന്തു കിട്ടാൻ!
നിന്റെ മേലുടുപ്പുകളൂരിമാറ്റുക,
ഊരിമാറ്റുക മുഖലക്ഷണങ്ങൾ,
നിന്റെ ഛായാചിത്രങ്ങളും.
മറ്റൊരാളായി വേഷമിട്ടവൾ,
എന്നെന്നും മറ്റൊന്നിന്റെ സന്തതി,
എനിക്കു വേണ്ടതാ നിന്നെയല്ല.
എനിക്കു വേണ്ടതു ശുദ്ധയെ, മുക്തയെ,
ഒതുങ്ങാത്തവളെ- നിന്നെ.
ഈ ലോകത്തെ ജനങ്ങളിൽ നിന്നു
നിന്നെ വിളിക്കുമ്പോളെനിക്കറിയാം-
നീ മാത്രമേ നീയാകൂ.
ആരാണു തന്നെ വിളിക്കുന്നതെന്ന്,
ആർക്കാണു തനിക്കായി നിന്നെ വേണ്ടതെന്നു
നീയെന്നോടു ചോദിക്കുമ്പോൾ,
ഞാനപ്പോൾ പേരുകൾ കുഴിച്ചുമൂടും,
മേലെഴുത്തുകളും ചരിത്രവും കുഴിച്ചുമൂടും.
ജനിക്കും മുമ്പെനിക്കു മേൽ കൂന കൂട്ടിയതെല്ലാം
ഞാൻ തല്ലിപ്പൊട്ടിക്കും.
നഗ്നമായവയുടെ- കല്ലിന്റെ ലോകത്തിന്റെ-
നിത്യമായ അജ്ഞാതാവസ്ഥയിലേക്കു ഞാൻ മടങ്ങും.
പിന്നെ ഞാൻ നിന്നോടു പറയും:
“നിന്നെ ഞാൻ സ്നേഹിക്കുന്നു, ഞാൻ.”
*
മരുഭൂമി...
——————————-
മരുഭൂമി, ഒരു മരമോ മലയോ ഇല്ലാതെ,
ശൂന്യമായ ആകാശം, മേഘമോ കിളിയോ ഇല്ലാതെ;
അത്ര നിഷ്പന്ദം രണ്ടും, അത്രയേകാന്തം,
മുഖത്തോടു മുഖം ഭൂമിയും ആകാശവും,
മുഖത്തോടു മുഖം രണ്ടു കണ്ണാടികൾ,
ഇപ്പോൾ അകലെയില്ല, അടുത്തുമില്ല,
മുകളില്ല, താഴെയില്ല, കൂടുതലില്ല, കുറവുമില്ല,
പ്രപഞ്ചത്തിൽ
അളവുകളുടെ സുന്ദരസംഹാരം,
നിത്യതയുടെ സൂചന.
അപ്പോഴങ്ങതാ, ഒരുഴവുചാലിൽ നിന്നും
ഒരു കുരുവിക്കുഞ്ഞു പറന്നുപൊങ്ങുന്നു,
സർവ്വതുമപ്പോൾ മാറിമറിയുന്നു,
അതിന്റെ നിയതിക്കിണങ്ങും മട്ടാവാൻ.
ഇപ്പോൾ ഭൂമി പിന്നെയും താഴെയാവുന്നു,
ആകാശം ഉയരത്തിലാവുന്നു,
സമതലം വിപുലമാവുന്നു,
സഞ്ചാരിയതിലൊരു പൊട്ടുപോലെയും.
വിദൂരമേതാണെന്നിപ്പോളെനിക്കറിയാം:
സന്തോഷം, കാരുണ്യം, സമാധാനം, വിജയം.
സമീപസ്ഥമേതാണെന്നിപ്പോളെനിക്കറിയാം:
എന്റെ നെഞ്ചിനുള്ളിലെ ഹൃദയം.
*
ഏകാന്തതേ, ഏകാന്തതേ...
-------------------------------
ഏകാന്തതേ, ഏകാന്തതേ, എന്നെപ്പരിചരിച്ചു നീ നില്ക്കുന്നു,
നിന്റെ സ്വന്തം നോവിൽ നിന്നെന്നെ മുക്തനാക്കുന്നു!
ഒറ്റയ്ക്ക്, എനിക്കാഗ്രഹം ഒറ്റയ്ക്കാവാൻ:
എനിക്കരികിലിരുന്നൊരു സ്വരം സംസാരിച്ചാൽ,
ചുണ്ടുകൾ എന്റെ ചുണ്ടുകളിലൊരു ചുംബനമർപ്പിച്ചാൽ,
നാണത്തോടതിവേഗം നീയോടിമറയുന്നു.
അത്രമേൽ നിനക്കായി മാത്രം നിനക്കെന്നെ വേണമെന്നതിനാൽ,
നീയനുവദിക്കുന്നില്ല തെന്നലിന്റെ ലാളനകൾ,
അടുപ്പിൽ വെടിച്ചുകത്തുന്ന തീനാളങ്ങൾ.
ഒന്നുകിലവർ, അല്ലെങ്കിൽ നീ.
തെന്നലും തീയും നിശ്ശബ്ദമായാലേ,
ചുംബനങ്ങളും വാക്കുകളും നിശ്ശബ്ദമായാലേ,
എന്റെ സഹവാസം നീ വെടിയുന്നുള്ളു.
പിന്നെ സുന്ദരമായ അസത്യമെനിക്കായി വാറ്റിയെടുക്കുന്നു,
ഒറ്റയ്ക്കാവുന്നതിന്റെ മധുരസത്യങ്ങൾ.
*
തീരം
--------------------------
അങ്ങകലെയതു മെനയുന്ന
വെളുവെളുത്ത പതയുടെ
പേലവദലങ്ങളില്ലായിരുന്നുവെങ്കിൽ
ഞാനെങ്ങനെയറിയാൻ,
അതിന്റെ നെഞ്ചുയർന്നുതാഴുന്നതു
ശ്വാസോച്ഛാസമെടുക്കാനാണെന്ന്,
അതിനു ജീവനുണ്ടെന്ന്,
ഏതോ ആന്തരശക്തിയതിനെ
ത്വരിപ്പിക്കുകയാണെന്ന്,
ഈ ജൂലൈമാസത്തിലെ
പ്രശാന്തനീലസമുദ്രത്തിനു കൊതി
ഈ ഭൂമിയാകെയാണെന്ന്?
*
നിന്റെ ചെയ്തികളിൽ നീ ജീവിക്കുന്നു...
----------------------------------------
നിന്റെ ചെയ്തികളിൽ നീ ജീവിക്കുന്നു.
നിന്റെ വിരൽത്തുമ്പുകൾ കൊണ്ടു നീ ലോകത്തെ സ്പർശിക്കുന്നു,
അതിൽ നിന്നു വലിച്ചെടുക്കുന്നു നീ, ഉദയങ്ങളെ,
വിജയങ്ങളെ, വർണ്ണങ്ങളെ, ആനന്ദങ്ങളെ.
അതാണു നിന്റെ സംഗീതം.
നീ വായിക്കുന്നതെന്തോ, അതാണു ജീവിതം.
നിന്റെ കണ്ണുകളിൽ നിന്ന്,
നിന്റെ ചുവടുകളെ നയിക്കുന്ന വെളിച്ചമുദിക്കുന്നത്
നിന്റെ കണ്ണുകളിൽ നിന്നു മാത്രം.
നീ പോകുന്നത് നീ കാണുന്നതിലൂടെ.
മറ്റൊന്നുമല്ല വഴി.
പതിനായിരം മൈലുകൾക്കപ്പുറത്തു നിന്ന്
ഒരു സംശയം നിന്നെ മാടിവിളിച്ചാലാകട്ടെ,
സർവ്വതുമുപേക്ഷിച്ചു നീ പായുന്നു,
അണിയങ്ങളിൽ, ചിറകുകളിൽ നീ ചാടിക്കയറുന്നു.
അടുത്ത നിമിഷം നീയവിടെ എത്തിക്കഴിഞ്ഞു.
ചുംബനങ്ങളാൽ, പല്ലുകളാൽ നീയതിനെ കടിച്ചുകീറുന്നു:
സംശയത്തിന്റേതായൊന്നും പിന്നെ ശേഷിക്കുന്നില്ല.
സംശയം നിനക്കുള്ളതല്ല.
എന്തെന്നാൽ നിഗൂഢതകളെ നീ
അകം പുറം തിരിച്ചിരിക്കുന്നുവല്ലോ.
നിന്റെ പ്രഹേളികകൾ
(നിനക്കവ മനസ്സിലാവുകയുമില്ല)
അത്രയും സുതാര്യവുമാണ്:
നീ കിടക്കുന്ന കടല്പൂഴി,
നിന്റെ വാച്ചിന്റെ സ്പന്ദനം,
എന്നും കാലത്തുണരുമ്പോൾ
നിന്റെ കണ്ണാടിയിൽ നിനക്കു മുഖാമുഖം വരുന്ന
അരുണനിറമായ മൃദുലമേനി,
അത് നിന്റേതാണ്.
പൊരുളു തിരിച്ചുകഴിഞ്ഞ പ്രഹേളികകൾ.
ഒരിക്കലല്ലാതെ നിനക്കു പിശകിയിട്ടുമില്ല:
ഒരു നിഴലിനോടു നിനക്കു ഭ്രമം തോന്നിയപ്പോൾ-
നിനക്കിഷ്ടം തോന്നിയ ഒന്നേയൊന്ന്.
അതൊരു നിഴലായി നിനക്കു തോന്നി.
നിനക്കതിനെ പുണരാൻ തോന്നി.
അതു ഞാനായിരുന്നു.