2021, ഫെബ്രുവരി 28, ഞായറാഴ്‌ച

ബോദ്‌ലേർ - പദ്ധതികൾ


വലിയൊരുദ്യാനത്തിൽ ഒറ്റയ്ക്കു നടക്കുമ്പോൾ അയാൾ തന്നോടുതന്നെ പറഞ്ഞു: “സുന്ദരമായ ഒരു സായാഹ്നവേളയിൽ, സങ്കീർണ്ണവും സമൃദ്ധവുമായ രാജകീയവസ്ത്രവുമണിഞ്ഞ്, വിശാലമായ പുൽത്തകിടികളും പൊയ്കകളും മുന്നിലുള്ള ഒരു കൊട്ടാരത്തിന്റെ വെണ്ണക്കൽപ്പടവുകളിറങ്ങി വരുന്ന അവളെക്കാണാൻ എന്തു ഭംഗിയായിരിക്കും! അല്ലെങ്കിൽത്തന്നെ സ്വതേ അവൾക്കൊരു രാജകുമാരിയുടെ മട്ടുമാണല്ലോ!”

പിന്നീട് ഒരു തെരുവിലൂടെ നടക്കുമ്പോൾ പ്രിന്റുകൾ വില്ക്കുന്ന ഒരു കടയുടെ മുന്നിൽ അയാൾ നിന്നു; ഏതോ ഉഷ്ണമേഖലാദേശത്തിന്റെ പ്രകൃതിദൃശ്യത്തിന്റെ ചിത്രീകരണം ഒരു കാർഡ്ബോഡ് പെട്ടിയിൽ കണ്ടിട്ട് അയാൾ സ്വയം പറഞ്ഞു: “അല്ല! ഒരു കൊട്ടാരത്തിൽ വച്ചല്ല അവളുടെ അരുമജീവിതം കവരാൻ ഞാനിഷ്ടപ്പെടുക. ഒരു വീടിന്റെ സുഖം ഞങ്ങൾക്കവിടെ കിട്ടില്ല! തന്നെയുമല്ല, പൊന്നുകൊണ്ടു പൊതിഞ്ഞ ആ ചുമരുകളിൽ എവിടെയാണ്‌ ഞാനവളുടെ ചിത്രമൊന്നു തൂക്കിയിടുക? സ്വകാര്യതയ്ക്കു പറ്റിയ ഒഴിഞ്ഞൊരിടം വിശാലമായ ആ മുറികളിൽ എവിടെയുമില്ല. എന്റെ ജീവിതസ്വപ്നം നട്ടുവളർത്താൻ ഞാൻ പോകേണ്ടത്, ഇതാ, ഇവിടെത്തന്നെയാണ്‌!”

ചിത്രത്തിന്റെ ഓരോ വിശദാംശവും കണ്ണുകൾ കൊണ്ടു നിരൂപണം ചെയ്യവെ അയാൾ മനോരാജ്യം തുടർന്നു: “കടലോരം ചേർന്ന് മനോഹരമായ ഒരു മരക്കുടിൽ; പേരുകൾ ഞാൻ മറന്ന, വിചിത്രവും തിളങ്ങുന്നതുമായ മരങ്ങൾ ചുറ്റിനും...വായുവിൽ ഇന്നതെന്നറിയാത്ത, മത്തുപിടിപ്പിക്കുന്ന ആ പരിമളം...പുരയ്ക്കുള്ളിലാവട്ടെ, റോസിന്റെയും കസ്തൂരിയുടെയും സാന്ദ്രഗന്ധം...അതിനുമപ്പുറം, ഞങ്ങളുടെ കൊച്ചുസാമ്രാജ്യത്തിനും പിന്നിലായി, തിരക്കോളു താരാട്ടുന്ന പാമരത്തലപ്പുകൾ... ഞങ്ങൾക്കു ചുറ്റുമായി, തട്ടികളിലൂടെ സൂര്യപ്രകാശമരിച്ചിറങ്ങി സിന്ദൂരവർണ്ണം പകരുന്ന, കുളിർമ്മയുള്ള പുല്പായകളും തലയ്ക്കു പിടിക്കുന്ന പൂക്കളും കനത്തിരുണ്ട മരം കൊണ്ടു പണിത പോർച്ചുഗീസ് റൊക്കോക്കോ കസേരകളും (അതിലാണവൾ ലേശം കറുപ്പു ചേർത്ത പുകയില പുകച്ചും വിശറിയുടെ കാറ്റു കൊണ്ടും അലസമായി ചാഞ്ഞുകിടക്കുക)  കൊണ്ടലങ്കരിച്ച മുറിയ്ക്കുമപ്പുറം,  വരാന്തയിൽ വെളിച്ചം കുടിച്ചു മദിച്ച കിളികളുടെ കോലാഹലം, കാപ്പിരിപ്പെൺകുട്ടികളുടെ സല്ലാപം...രാത്രിയിലാവട്ടെ, എന്റെ ചിന്തകൾക്കകമ്പടിയായി സംഗീതവൃക്ഷങ്ങളുടെ, വിഷാദികളായ ചൂളമരങ്ങളുടെ വ്യാകുലഗാനവും! അതെ, സത്യമായും ഇതുതന്നെ, ഞാൻ തേടിനടന്ന പശ്ചാത്തലം. കൊട്ടാരം കൊണ്ടെനിക്കെന്തു കാര്യം?”

അതും കഴിഞ്ഞ്, വിശാലമായ ഒരു വീഥിയിലൂടെ നടന്നുപോകുമ്പോൾ വൃത്തിയുള്ള ഒരു ചെറിയ സത്രം അയാളുടെ ശ്രദ്ധയിൽ വന്നു; കാലിക്കോ കർട്ടനുകൾ മോടി കൂട്ടുന്ന അതിന്റെ  ജനാലയിലൂടെ ചിരിക്കുന്ന രണ്ടു മുഖങ്ങൾ പുറത്തേക്കു കുനിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്: “കയ്യകലത്തുള്ള ഒന്നിനെത്തേടി  ഇത്ര അകലേക്കു പോകണമെങ്കിൽ എന്റെ മനസ്സ് ശരിക്കുമൊരു ഊരുതെണ്ടിയല്ലേ?” അയാൾ സ്വയം പറഞ്ഞു. സുഖവും സന്തോഷവുമാണു വേണ്ടതെങ്കിൽ ആദ്യം കാണുന്ന സത്രത്തിൽത്തന്നെ അതുണ്ട്, യാദൃച്ഛികമായി കാണുന്ന, ആനന്ദങ്ങൾ നുരയുന്ന ഒരു സത്രത്തിൽ. ചൂടിന്‌ ആളിക്കത്തുന്ന സ്റ്റൗ, തരക്കേടില്ലാത്ത അത്താഴം, തെളിക്കാത്ത വീഞ്ഞ്, പരുക്കനെങ്കിലും വൃത്തിയുള്ള വിരിയിട്ട വലിയ കിടക്ക: ഇതിലധികം എന്തു വേണം?“

ബാഹ്യജീവിതത്തിന്റെ ഇരമ്പത്തിൽ വിവേകത്തിന്റെ ഉപദേശം മുങ്ങിപ്പോകാത്ത ആ നേരത്ത് ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു: “ഇന്ന് ദിവാസ്വപ്നത്തിൽ മൂന്നിടത്തു ഞാൻ താമസിച്ചു; മൂന്നിലും ഒരേപോലത്തെ സുഖം എനിക്കു കിട്ടുകയും ചെയ്തു. എന്റെ ആത്മാവിന്‌ ഇത്ര ലാഘവത്തോടെ യാത്ര പോകാമെന്നിരിക്കെ ഞാനെന്തിന്‌ എന്റെ ഉടലിനെ മറ്റൊരിടത്തേക്കു തള്ളിവിടണം? പദ്ധതി തന്നെ മതിയായ സന്തോഷമാണെന്നിരിക്കെ എന്തിനതു നടപ്പാക്കാൻ മിനക്കെടണം?”

2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ബോദ്‌ലേർ - ഇപ്പോഴേ!


വിളുമ്പുകൾ കാണാൻ കൂടിയില്ലാത്ത ആ കൂറ്റൻ കുളിത്തൊട്ടിയിൽ നിന്ന് ഒരു നൂറുതവണ തേജസ്വിയോ വിഷണ്ണനോ ആയി സൂര്യൻ പുറത്തുവന്നുകഴിഞ്ഞു; തെളിഞ്ഞതോ മുഷിഞ്ഞതോ ആയ മുഖത്തോടെ ഒരു നൂറുതവണ സന്ധ്യാസ്നാനത്തിനായി അവൻ അതിൽ പോയി മുങ്ങുകയും ചെയ്തുകഴിഞ്ഞു. കുറേ നാളുകളായി ഞങ്ങൾ അന്തരീക്ഷത്തിന്റെ മറുവശത്തെക്കുറിച്ചുള്ള ചിന്തയിലായിരുന്നു, ആ മറുപാതിയുടെ ആകാശലിപി ഞങ്ങൾ വായിച്ചെടുക്കുകയുമായിരുന്നു. ഓരോ യാത്രക്കാരനും നെടുവീർപ്പിടുകയും പിറുപിറുക്കുകയുമായിരുന്നു. കരയടുക്കുന്തോറും അവരുടെ മനഃക്ലേശം കൂടുകയാണെന്നു തോന്നിപ്പോയി. “ഇനിയെന്നാണാവോ, ” അവർ പറയുകയായിരുന്നു, “തിരകൾ തട്ടിയുരുട്ടാത്ത, ഞങ്ങളെക്കാളുച്ചത്തിൽ കൂർക്കം വലിക്കുന്ന കാറ്റിന്റെ ശല്യമില്ലാത്ത ഒരുറക്കം ഞങ്ങൾക്കു കിട്ടുക? ഞങ്ങളേയും വഹിച്ചുകൊണ്ടുപോകുന്ന ഈ നശിച്ച കടലിനെപ്പോലെ ഉപ്പു ചുവയ്ക്കാത്ത ഇറച്ചി കഴിക്കാൻ ഇനി ഞങ്ങൾക്കെന്നാണു കഴിയുക? ഒരുറച്ച കസേരയിലിരുന്ന് സാവകാശം ഭക്ഷണം കഴിക്കാൻ ഇനിയെന്നാണു ഞങ്ങൾക്കവസരം കിട്ടുക?”

സ്വന്തം കുടുംബത്തെയോർത്ത് ആലോചനയിലാണ്ട ചിലരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു; ദുർമ്മുഖം കാണിക്കുന്ന, വിശ്വസിക്കാൻ കൊള്ളാത്ത ഭാര്യമാരെ, തൊള്ള തുറക്കുന്ന സന്തതികളെ കാണാൻ അവർക്കു കൊതിയായിക്കഴിഞ്ഞു. കണ്മുന്നിൽ വരാത്ത കര അവരെ ഭ്രാന്തു പിടിച്ചപോലെയാക്കിയിരിക്കുന്നു; കാലികളെക്കാൾ ഉത്സാഹത്തോടെ അവർ പുല്ലു തിന്നുമെന്ന് എനിക്കു തോന്നിപ്പോയി.

ഒടുവിൽ ഒരു തീരം കണ്ണില്പെട്ടു; അടുക്കുന്തോറും അതിമനോഹരവും ഉജ്ജ്വലവുമായ ഒരു ഭൂപ്രദേശമാണതെന്നു ഞങ്ങൾ കാണുകയായിരുന്നു. ജീവന്റെ സംഗീതവൈവിദ്ധ്യം ഒരവ്യക്തമർമ്മരമായി അതിൽ നിന്നു വന്നിരുന്നു; പച്ചപ്പിന്റെ പലപല ഭേദങ്ങൾ കൊണ്ടു സമൃദ്ധമായ തീരത്തു നിന്ന് പൂക്കളുടേയും പഴങ്ങളുടേയും ആസ്വാദ്യഗന്ധം പ്രസരിച്ചിരുന്നു.

ആ നിമിഷം എല്ലാവരും സന്തോഷവാന്മാരായി; എല്ലാവരും ദുർമ്മുഖം വെടിഞ്ഞു. എല്ലാ കലഹങ്ങളും മറക്കപ്പെട്ടു; അന്യോന്യം ചെയ്ത അപരാധങ്ങൾ മാപ്പാക്കപ്പെട്ടു; നടത്താൻ വച്ചിരുന്ന ദ്വന്ദ്വയുദ്ധങ്ങൾ മനസ്സിൽ നിന്നേ മായ്ച്ചുകളഞ്ഞു; വിരോധങ്ങളൊക്കെ ആവി പോലെ അലിഞ്ഞുപോവുകയും ചെയ്തു.

ഞാൻ മാത്രം ദുഃഖിതനായിരുന്നു, ഭാവനാതീതമായിരുന്നു എന്റെ ദുഃഖം. തന്റെ പൂജാവിഗ്രഹം ബലമായി പിടിച്ചെടുക്കപ്പെട്ട ഒരു പൂജാരിയെപ്പോലെ കരളു പറിക്കുന്ന ശോകത്തോടെയാണ്‌ രാക്ഷസീയവശ്യതയാർന്ന ആ കടലിനോട്, ഭീതിദമായ ഒരു ലാളിത്യത്തിന്റെ അനന്തവൈവിദ്ധ്യം പേറുന്ന ആ കടലിനോട്, ഇന്നേവരെ ജീവിച്ച, ജീവിക്കുന്ന, ജീവിക്കാനിരിക്കുന്ന ഓരോ ആത്മാവിന്റെയും മനോനിലകളെ, സന്ത്രാസങ്ങളെ, ഹർഷോന്മാദങ്ങളെ തന്നിലടക്കുകയും  തന്റെ ലീലകളിലൂടെ, വശ്യതകളിലൂടെ, രോഷങ്ങളിലൂടെ, മന്ദഹാസങ്ങളിലൂടെ അവയ്ക്കാവിഷ്കാരം നല്കുന്നതായി തോന്നിക്കുകയും ചെയ്യുന്ന ആ കടലിനോട് ഞാൻ വിട പറഞ്ഞത്. 

സാദൃശ്യമില്ലാത്ത ആ സൗന്ദര്യത്തോടു യാത്ര പറയുമ്പോൾ പ്രഹരമേറ്റു മൃതപ്രായനായ ഒരാളെപ്പോലെയായിരുന്നു ഞാൻ; അതുകൊണ്ടാണ്‌ എന്റെ ഓരോ സഹയാത്രികനും “ഒടുവിൽ!” എന്നു പറയുമ്പോൾ “ഇപ്പോഴേ!” എന്നു കരയാനേ എനിക്കായുള്ളു. 

എന്നാല്ക്കൂടി ഇതു മണ്ണാണ്‌, അതിന്റെ ഒച്ചകളും അതിന്റെ തൃഷ്ണകളും അതിന്റെ വില്പനച്ചരക്കുകളും അതിന്റെ ഉത്സവങ്ങളുമുള്ള മണ്ണ്‌; വാഗ്ദാനങ്ങൾ ഉള്ളിലൊതുക്കിയ, സമൃദ്ധവും ഉജ്ജ്വലവുമായ മണ്ണ്‌; പനിനീർപ്പൂക്കളുടേയും കസ്തൂരിയുടേയും നിഗൂഢപരിമളം നമുക്കു പകരുന്നതതാണ്‌, ജീവന്റെ സംഗീതവൈവിദ്ധ്യം ഒരു പ്രണയമർമ്മരമായി നമുക്കോതിത്തരുന്നതും ആ മണ്ണാണ്‌. 

(34)

ബോദ്‌ലേർ - കേക്ക്


ഞാൻ യാത്ര ചെയ്യുകയായിരുന്നു.  അപ്രതിരോദ്ധ്യമായ ഒരു ഗാംഭീര്യവും ഉദാത്തതയും ഉള്ളതായിരുന്നു ഞാൻ എത്തിപ്പെട്ട സ്ഥലം . അതിൽ നിന്നെന്തോ ചിലത് ആ നിമിഷം എന്റെ ആത്മാവിലേക്കും കടന്നിട്ടുണ്ടാവണം. ആ അന്തരീക്ഷത്തിന്റേതിനു തുല്യമായ ഒരു ലാഘവത്തോടെ എന്റെ ചിന്തകൾ ചിറകെടുത്തു; വിദ്വേഷവും താണതരം സ്നേഹങ്ങളും പോലുള്ള അധമവികാരങ്ങളൊക്കെ എന്റെ കാലടികൾക്കു കീഴിൽ അങ്ങകലെയുള്ള  അഗാധഗർത്തങ്ങളിൽ ഒഴുകിനീങ്ങുന്ന മേഘങ്ങൾ പോലെ അതിദൂരത്തായിരിക്കുന്നു; എന്നെ വലയം ചെയ്തു നില്ക്കുന്ന ആകാശത്തിന്റെ കുംഭഗോപുരം പോലെ വിശാലവും നിർമ്മലവുമാണ്‌ എന്റെ ആത്മാവെന്നും എനിക്കു തോന്നി; ഭൂമിയിലെ വസ്തുക്കൾ എന്റെ ഓർമ്മയിൽ പ്രതിധ്വനിച്ചത് അങ്ങകലെ മറ്റൊരു മലയുടെ ചരിവുകളിൽ അദൃശ്യരായി മേഞ്ഞുനടക്കുന്ന കാലികളുടെ കുടമണികൾ പോലെ അത്ര നേർത്തിട്ടാണ്‌. ആഴക്കയങ്ങളാലിരുണ്ടതും അനക്കമറ്റതുമായ തടാകത്തിനു മുകളിലൂടെ ഇടയ്ക്കോരോ മേഘങ്ങൾ കടന്നുപോയി, ഒരാകാശചാരിയുടെ മേലങ്കിയുടെ നിഴൽ പറന്നുപോകുമ്പോലെ. ഏതോ ദിവ്യമുഹൂർത്തം രൂപപ്പെടുന്നതിനു സാക്ഷിയാകുന്ന ഒരാൾക്കുണ്ടാകുന്ന ഭീതി കലർന്ന ആനന്ദമാണ്‌ എനിക്കപ്പോഴുണ്ടായ അനുഭൂതിയെന്നും ഞാനോർക്കുന്നു. അധികം വിസ്തരിക്കുന്നില്ല, എന്നെ വലയം ചെയ്തുകിടക്കുന്ന ആ ത്രസിപ്പിക്കുന്ന സൗന്ദര്യം ഒന്നുകൊണ്ടു മാത്രം എന്നോടും പ്രപഞ്ചത്തോടുമുള്ള എന്റെ എല്ലാ കലഹങ്ങൾക്കും ശമനമായി; ആ പരമാനന്ദത്തിന്റെ അവസ്ഥയിൽ, ഭൂമിയിലെ സകലമാനതിന്മകളും മറന്ന ഞാൻ മനുഷ്യൻ ജന്മനാ നല്ലവനാണെന്നവകാശപ്പെടുന്ന പത്രങ്ങളോടുള്ള അവജ്ഞ ഉപേക്ഷിക്കാൻ തയ്യാറാവുമെന്നുള്ള ഘട്ടം വരെ എത്തി. എന്നാൽ ഈ നേരത്താണ്‌ ശരീരം അതിന്റെ ആവശ്യങ്ങൾ ഉണർത്തിക്കുന്നത്; അത്രയും നേരത്തെ കയറ്റം കൊണ്ടുണ്ടായ വിശപ്പും ക്ഷീണവും ശമിപ്പിക്കേണ്ടതാണല്ലോ എന്ന ചിന്ത എനിക്കുണ്ടായി. ഞാൻ പോക്കറ്റിൽ നിന്ന് വലിയൊരു കഷണം റൊട്ടിയും ഒരു തോല്ക്കപ്പും അക്കാലത്ത് മരുന്നുകടക്കാർ സഞ്ചാരികൾക്കു വിറ്റിരുന്ന, ആവശ്യമെങ്കിൽ മഞ്ഞുവെള്ളവുമായി കലർത്തി കഴിക്കാവുന്ന ഒരരിഷ്ടത്തിന്റെ കുപ്പിയും പുറത്തെടുത്തു. 

അങ്ങനെ സമാധാനത്തോടെയിരുന്ന് റൊട്ടി മുറിക്കുമ്പോഴാണ്‌ ചെറിയ ഒരനക്കം കേട്ട് ഞാൻ തല പൊക്കി നോക്കിയത്. കീറത്തുണി ചുറ്റി, മുടി കാടു കേറിയ ഒരു കൊച്ചുപയ്യൻ എനിക്കു മുന്നിൽ നില്ക്കുന്നു; അവന്റെ കുഴിഞ്ഞ കണ്ണുകൾ ആർത്തിയോടെ, അപേക്ഷയോടെ, എന്റെ റൊട്ടിയിൽ തറഞ്ഞുനില്ക്കുകയാണ്‌. പതിഞ്ഞ, തൊണ്ടയടഞ്ഞ ഒരു ശബ്ദത്തിൽ, ഒരു നിശ്വാസം പോലെ ഇങ്ങനെ ഒരു വാക്കും ഞാൻ കേട്ടു: “കേക്ക്!” എന്റെ ആ വെളുത്ത സാധാരണ റൊട്ടിയെ അങ്ങനെയൊരു പദം കൊണ്ട് അവൻ ബഹുമാനിക്കുന്നതു കേട്ടപ്പോൾ എനിക്കു പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല; ഞാൻ വലിയൊരു കഷണം മുറിച്ചെടുത്ത് അവനു നേരെ നീട്ടി. തന്നെ കൊതിപ്പിക്കുന്ന ആ വസ്തുവിൽ നിന്നു കണ്ണെടുക്കാതെ അവൻ സാവധാനം അടുത്തുവന്നു; എന്നിട്ട് അതു തട്ടിപ്പറിച്ചെടുത്തുകൊണ്ട് അവൻ ദൂരെപ്പോയി; എന്റെ ആ സമ്മാനം ആത്മാർത്ഥമല്ലെന്നോ അതു വേണ്ടിയിരുന്നില്ലെന്ന് എനിക്കിതിനകം തോന്നിക്കാണുമെന്നോ അവൻ പേടിച്ചുകാണണം.

എന്നാൽ ഈ സമയത്ത്, എവിടെനിന്നു പൊട്ടിവീണുവെന്നറിയില്ല,  അവനെപ്പോലെതന്നെ കാട്ടുപ്രകൃതിയായ മറ്റൊരു പയ്യൻ (അവർ സഹോദരങ്ങളാണെന്നും വരാം) അവനെ തട്ടിത്താഴെയിട്ടു. ആ അമൂല്യവസ്തുവിനായി അഴുക്കിൽ കിടന്നവർ കെട്ടിമറിഞ്ഞു; പകുതി മറ്റേയാൾക്കു കൊടുക്കാനുള്ള ത്യാഗമനഃസ്ഥിതി രണ്ടുപേർക്കും ഉണ്ടായില്ല. ആദ്യത്തെയാൾ കോപത്തോടെ രണ്ടാമനെ മുടിക്കു കയറിപ്പിടിച്ചു; അവൻ തിരിച്ച് മറ്റവന്റെ ചെവി കടിച്ചുപറിച്ചു. അവൻ ചവച്ചുതുപ്പിയ ചോരയിൽ അന്നാട്ടിലെ ഒന്നാന്തരമൊരു തെറിയും കലർന്നിരുന്നു. കേക്കിന്റെ യഥാർത്ഥത്തിലുള്ള അവകാശി അതിക്രമിയുടെ കണ്ണു മാന്തിപ്പൊളിക്കാൻ നോക്കുകയായിരുന്നു; മറ്റവൻ ഒരു കൈ കൊണ്ട് പ്രതിയോഗിയുടെ കഴുത്തു ഞെരിക്കാനും മറ്റേക്കൈ കൊണ്ട് ആ കൊള്ളമുതൽ പോക്കറ്റിലാക്കാനും. അപ്പോഴേക്കും നൈരാശ്യം എരി കേറ്റിയ തോറ്റ കുട്ടി ചാടിയെഴുന്നേറ്റ് തല കൊണ്ട് വയറ്റിനൊരിടി കൊടുത്ത് വിജയിയെ നിലത്തു വീഴ്ത്തി. ആ കുട്ടികളുടെ കഴിവിനു താങ്ങാവുന്നതിനുമപ്പുറം നീണ്ടുപോയ ഒരു ദാരുണയുദ്ധത്തെ എന്തിനധികം വർണ്ണിക്കണം? കേക്ക് കയ്യിൽ നിന്നു കയ്യിലേക്കും പോക്കറ്റിൽ നിന്നു പോക്കറ്റിലേക്കും നിമിഷം പ്രതി സ്ഥാനം മാറി; കഷ്ടമെന്നു പറയട്ടെ, അതിന്റെ വലിപ്പവും മാറുകയായിരുന്നു. ഒടുവിൽ, ക്ഷീണിച്ചുകിതച്ച്, ദേഹമാകെ ചോരയും പുരണ്ട്, ഇനി വയ്യ എന്നായതുകൊണ്ടു മാത്രം അവർ യുദ്ധം നിർത്തിയപ്പോൾ അതിനു കാരണമായതും കാണാനുണ്ടായിരുന്നില്ല; ആ റൊട്ടിക്കഷണം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു; അതിന്റെ പൊട്ടും പൊടിയും വേർതിരിച്ചറിയാനാകാതെ മൺതരികളുമായി കൂടിക്കലർന്നു കിടന്നു.

ആ കാഴ്ച്ചയോടെ എനിക്കു ചുറ്റുമുള്ള ഭൂപ്രകൃതി ഇരുട്ടടച്ചു; ആ കൊച്ചുമനുഷ്യരുടെ വരവിനു മുമ്പ് എന്റെ ആത്മാവു വിഹരിച്ച ആ സ്വച്ഛമായ ആനന്ദം എങ്ങോ പോയിമറഞ്ഞു; വിഷാദത്തിലാണ്ടുപോയ ഞാൻ കുറേനേരത്തേക്ക് ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു: “എന്തു കേമത്തമുള്ള നാട്! റൊട്ടി കേക്കാവുകയും ഭ്രാതൃഹത്യയിലേക്കുവരെ നയിക്കുന്ന ഒരു യുദ്ധത്തിനു കാരണമാവുന്ന തരത്തിൽ അത്രയും അപൂർവ്വമായ ഒരു പലഹാരമാവുകയും ചെയ്യുന്ന നാട്!”

(16)


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ബോദ്‌ലേർ -വൃദ്ധനായ കോമാളി

 

ഒരൊഴിവുദിവസം വീണുകിട്ടിയ ജനം എങ്ങും നിറഞ്ഞുപരന്ന് വിനോദിക്കുകയാണ്‌. തെരുവുകലാകാരന്മാരും അഭ്യാസികളും മൃഗശിക്ഷകരും നടന്നുവില്പനക്കാരുമെല്ലാം ഒരു കൊല്ലത്തെ അരിഷ്ടിച്ചുള്ള ജീവിതത്തിന്റെ കോട്ടം തീർക്കുന്നത് ഇങ്ങനെയുള്ള ആഘോഷവേളകളിലാണല്ലോ.

ഇതുപോലെയുള്ള ദിവസങ്ങളിൽ ആളുകൾ തങ്ങളുടെ നല്ല കാലവും കഷ്ടപ്പാടുകളും ഒരേപോലെ മറവിയിൽ തള്ളുന്നതായിട്ടാണ്‌ ഞാൻ കണ്ടിട്ടുള്ളത്; ഒരു ദിവസത്തേക്ക് അവർ കുട്ടികളുടെ മട്ടാകുന്നു. കുട്ടികൾക്ക് ഒരു ദിവസത്തെ അവധിയും കിട്ടുന്നു:ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക്  പള്ളിക്കൂടഭീകരത തടുത്തുനിർത്തപ്പെടുന്നു. മുതിർന്നവർക്കാകട്ടെ, ജീവിതത്തിലെ മാരകശക്തികളുമായി തല്ക്കാലത്തേക്കൊരു വെടിനിർത്തലാണത്; അവസാനമില്ലാത്ത തർക്കങ്ങളിലും സംഘർഷങ്ങളിലും നിന്ന് ഒരു സാവകാശം.

സമൂഹത്തിലെ വരേണ്യർക്കും ആത്മീയവേലകളിൽ ഏർപ്പെട്ടവർക്കും വരെ ഈ പൊതുതമാശയിൽ നിന്നു രക്ഷപ്പെടുക പ്രയാസമാണ്‌. അന്തരീക്ഷത്തിൽ തങ്ങിനില്ക്കുന്ന സുഖാലസ്യത്തിന്റെ ഒരംശം തങ്ങളറിയാതെ അവരും ഉള്ളിലേക്കെടുക്കുന്നുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ, ഒരു യഥാർത്ഥ പാരീസുകാരനായ ഞാൻ ഇത്തരം ഭവ്യസന്ദർഭങ്ങളിൽ തെരുവിനിരുവശവും നിരക്കുന്ന എണ്ണമറ്റ സ്റ്റാളുകൾ ഒന്നുപോലും വിടാതെ നിരീക്ഷണവിധേയമാക്കാറുണ്ട്.

അവരുടെ തമ്മില്പോരിന്റെ ഊറ്റം കാണേണ്ടതുതന്നെ: അവർ ചീറുകയും അമറുകയും ഓരിയിടുകയുമാണ്‌. ഒച്ചവയ്പും സിംബലുകളുടെ കലമ്പലുകളും പടക്കങ്ങളുടെ പൊട്ടിത്തെറിയുമൊക്കെച്ചേർന്ന ഒരു ചേരുവ. ചെമ്പൻ മുടി നീട്ടിയ കസർത്തുകാരും കോമാളികളും കാറ്റും മഴയും വെയിലുമേറ്റു കരുവാളിച്ച മുഖങ്ങൾ കൊണ്ട് ഗോഷ്ടികൾ കാണിക്കുന്നു. കാണികൾക്കു മേൽ എന്തു പ്രഭാവമാണു തങ്ങൾ സൃഷ്ടിക്കാൻ പോകുന്നതെന്ന് അത്രയ്ക്കുറപ്പുള്ള നടന്മാരെപ്പോലെ ലോകോക്തികളും തമാശകളും തട്ടിവിടുകയാണവർ: ഒരു മോളിയേ കോമഡി പോലെ പഴകിയതും ഏതു വഴിക്കു പോകുമെന്നു മുൻകൂട്ടി പറയാവുന്നതുമായ ഒരു നാടകം. ഒറാങ്ങുട്ടാങ്ങിനെ ഓർമ്മിപ്പിക്കുന്ന നെറ്റിയും തലയോട്ടിയുമുള്ള അഭ്യാസികൾ കൂറ്റൻ കൈകാലുകൾ പ്രദർശിപ്പിച്ചുകൊണ്ട്, ഇന്നൊരു ദിവസത്തിനായി തലേന്നു പ്രത്യേകം അലക്കിയെടുത്ത ലങ്കോട്ടികളുമിട്ട് രാജസപ്രൗഢിയോടെ ചുറ്റിനടക്കുന്നു. യക്ഷികളേയോ രാജകുമാരിമാരെപ്പോലെയോ സുന്ദരികളായ നർത്തകിമാർ റാന്തൽവിളക്കുകളുടെ വെളിച്ചം തട്ടിത്തിളങ്ങുന്ന പാവാടകളുമായി വായുവിലേക്കു കുതിക്കുകയും പെരുവിരലൂന്നിനിന്നു കറങ്ങുകയും ചെയ്യുന്നു.

ആകെ വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും ബഹളവുമാണ്‌. ചിലർ ചെലവാക്കുന്നു, ചിലർ നേടുന്നു: ഇരുകൂട്ടർക്കും സന്തോഷവുമാണ്‌. ചില കുട്ടികൾ ഒരു കരിമ്പിൻ തുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ പിടിച്ചുവലിക്കുന്നു; വേറേ ചിലർ ഒരു ദേവനെപ്പോലെ വിസ്മയിപ്പിക്കുന്ന ഏതോ ഇന്ദ്രജാലക്കാരനെ കൂടുതൽ നന്നായി കാണാൻ വേണ്ടി അച്ഛന്മാരുടെ തോളത്തു കയറിപ്പറ്റിയിരിക്കുന്നു. പിന്നെ സകലഗന്ധങ്ങൾക്കും മേലെയായി എവിടെയും ഒഴുകിനടക്കുകയാണ്‌, ആ മേളയുടെ ഔദ്യോഗികപരിമളം പോലെ, പൊരിക്കുന്ന എണ്ണയുടെ മണം.

സ്റ്റാളുകളുടെ നിരയിൽ ഏറ്റവും ഒടുവിലായി, ആ പകിട്ടുകളുടെയെല്ലാം മുന്നിലേക്കു വരാൻ നാണിച്ചിട്ടു സ്വയം ഭ്രഷ്ടനായപോലെ, വൃദ്ധനായ ഒരു കോമാളിയെ ഞാൻ കണ്ടു; മുതുകു വളഞ്ഞ്, ഒടിഞ്ഞുവീഴാറായ ആ മനുഷ്യാവശിഷ്ടം തന്റെ കൂരയുടെ ഒരു തൂണിൽ ചാരിനില്ക്കുകയാണ്‌. ഏറ്റവും പ്രാകൃതനായ ഒരു കാട്ടുജാതിക്കാരന്റെ കുടിലിനെക്കാളും നികൃഷ്ടമാണ്‌ ആ കൂര; പുകഞ്ഞുകത്തുന്ന രണ്ടു മെഴുകുതിരിക്കഷണങ്ങളാവട്ടെ, ആ ദാരിദ്ര്യത്തെ ശരിക്കും വെളിച്ചപ്പെടുത്തുകയായിരുന്നു.

എവിടെയും സന്തോഷവും നേട്ടവും തിമിർപ്പും; എവിടെയും പിറ്റേന്നത്തെ അപ്പം ഉറപ്പായതിന്റെ ആശ്വാസം; എവിടെയും ഊർജ്ജസ്വലതയുടെ പ്രചണ്ഡസ്ഫോടനങ്ങൾ. ഇവിടെയാകട്ടെ, പരമദാരിദ്ര്യം അതിന്റെ ഭീകരതയെ എടുത്തുകാണിക്കുന്ന കോമാളിവേഷവുമണിഞ്ഞു നില്ക്കുകയാണ്‌; ഇവിടെ ആ വൈരുദ്ധ്യത്തെ അവതരിപ്പിക്കുന്നത് കലയെക്കാളേറെ ഗതികേടാണെന്നു മാത്രം. അയാൾ, ആ പാവം, ചിരിക്കുകയല്ല! അയാൾ കരയുകയല്ല, അയാൾ നൃത്തം വയ്ക്കുകയല്ല, അയാൾ ഗോഷ്ടി കാണിക്കുകയല്ല, അയാൾ ഒച്ച വയ്ക്കുകയല്ല; സന്തോഷമോ ശോകമോ പ്രകടിപ്പിക്കുന്ന പാട്ടുകൾ പാടുകയല്ല; അയാൾ ആർക്കും നേരെ കൈ നീട്ടുന്നുമില്ല. നിശ്ശബ്ദനും നിശ്ചേഷ്ടനുമാണയാൾ. അയാൾ കളിയിൽ നിന്നൊഴിവായിക്കഴിഞ്ഞു, അയാൾ സ്ഥാനത്യാഗം ചെയ്തുകഴിഞ്ഞു, അയാളുടെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു.

എന്നാൽ, തന്റെ അറയക്കുന്ന ദാരിദ്ര്യത്തിനു കുറച്ചു ചുവടുകൾക്കു മാത്രമകലെ വന്നൊഴുക്കു നിലയ്ക്കുന്ന ആൾക്കൂട്ടത്തിനും വെളിച്ചത്തിനും മേൽ അയാൾ പായിച്ച ആ നോട്ടത്തിന്റെ ആഴം ഞാനെങ്ങനെ മറക്കാൻ! വികാരവിക്ഷോഭത്തിന്റെ ഭീകരഹസ്തം എന്റെ തൊണ്ടയ്ക്കു പിടിച്ചമർത്തുന്നപോലെ എനിക്കു തോന്നി, പൊഴിയാൻ കൂട്ടാക്കാത്ത കണ്ണീർത്തുള്ളികൾ കൊണ്ടെന്റെ കാഴ്ച്ച മങ്ങുന്നതായി എനിക്കു തോന്നി.

എന്തു ചെയ്യാൻ? ആ പിഞ്ഞിക്കീറിയ തിരശ്ശീലയ്ക്കു പിന്നിലെ കരിനിഴലുകൾക്കുള്ളിൽ എന്തൊക്കെ കൗതുകങ്ങളും എന്തൊക്കെ അത്ഭുതങ്ങളുമാണ്‌ എനിക്കായി അയാൾ കരുതിവച്ചിരിക്കുന്നതെന്ന് ആ നിർഭാഗ്യവാനോടു ചോദിച്ചിട്ടെന്തു ഗുണം? ചോദിക്കാൻ എനിക്കു ധൈര്യം വന്നില്ല എന്നതാണു വാസ്തവം; ആ ധൈര്യക്കുറവിന്റെ കാരണം കേട്ടാൽ നിങ്ങൾ ചിരിക്കുമെങ്കില്ക്കൂടി പറയട്ടെ, ആ ചോദ്യം അയാൾക്കപമാനമായിത്തോന്നുമോ എന്നായിരുന്നു എന്റെ ശങ്ക. ഒടുവിൽ ഞാൻ നിശ്ചയിച്ചു, കടന്നുപോകുന്ന വഴി ആ പലകയ്ക്കു മേൽ കുറച്ചു പണം വച്ചിട്ടുപോകാമെന്ന്; എന്റെ ഉദ്ദേശ്യം അയാൾക്കു മനസ്സിലാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ; പക്ഷേ അപ്പോഴേക്കും കാരണമറിയാത്ത ഒരു തള്ളിക്കേറ്റമുണ്ടാവുകയും ആൾക്കൂട്ടം എന്നെ അയാളിൽ നിന്നു വളരെയകലേക്കൊഴുക്കിക്കൊണ്ടുപോവുകയും ചെയ്തു.

ആ കാഴ്ച്ച മനസ്സിൽ നിന്നൊഴിവാക്കാനാകാതെ വീട്ടിലേക്കു മടങ്ങുമ്പോൾ എന്നെ പെട്ടെന്നു വന്നുബാധിച്ച വിഷാദത്തെ വിശകലനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ: താൻ ഒരിക്കൽ സമർത്ഥമായി രസിപ്പിച്ച ഒരു തലമുറയെ അതിജീവിച്ച ഒരെഴുത്തുകാരന്റെ ചിത്രമാണ്‌ ഞാനിപ്പോൾ കണ്ടത്; സുഹൃത്തുക്കളില്ലാത്ത, കുടുംബമില്ലാത്ത, കുട്ടികളില്ലാത്ത, ദാരിദ്ര്യവും സമൂഹത്തിന്റെ നന്ദികേടും കൊണ്ടപമാനിതനായ ഒരു വൃദ്ധകവി തന്റെ മുറിക്കു മുന്നിൽ നില്ക്കുന്ന ചിത്രം; മറവി ബാധിച്ച ലോകത്തിന്‌ അങ്ങോട്ടു കടക്കാൻ മനസ്സുമില്ല!


2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ബോദ്‌ലേർ - വിധവകൾ

പബ്ലിക് പാർക്കുകളിലെ ചില നടപ്പാതകളെക്കുറിച്ച് വോവെനാർഗ് പറയുന്നുണ്ട്; ഭഗ്നമോഹങ്ങൾ, ഭാഗ്യദോഷികളായ കണ്ടുപിടുത്തക്കാർ, അലസിപ്പോയ വിജയങ്ങൾ, തകർന്ന ഹൃദയങ്ങൾ, സന്തുഷ്ടരുടേയും അലസരുടേയും ഉദ്ധതദൃഷ്ടികളിൽ പെടാൻ മടിക്കുന്ന,  ഒരു കൊടുങ്കാറ്റിന്റെ അവസാനത്തെ നെടുവിർപ്പുകൾ ഇനിയും ഇരമ്പിയടങ്ങാത്ത, വിക്ഷുബ്ധവും കൊട്ടിയടച്ചതുമായ ആത്മാക്കൾ- ഇവരൊക്കെയാണ്‌ അവിടങ്ങളിലെ പതിവുകാർ. ജീവിതത്തിന്റെ പ്രഹരമേറ്റു തളർന്നുപോയവരുടെ അഭയമാണ്‌ നിഴലടഞ്ഞ ആ സങ്കേതങ്ങൾ.

ഇതിനൊക്കെപ്പുറമേ കവികളും ചിന്തകരും തങ്ങളുടെ അനുമാനങ്ങൾക്കായി വ്യഗ്രതയോടെ തിരിയുന്നതും അവിടേക്കുതന്നെ. അവർക്കു വേണ്ടത് അവിടെ സമൃദ്ധമായി വിളയുന്നുണ്ട്. അവർ കടക്കാനറയ്ക്കുന്ന ഒരിടമുണ്ടെങ്കിൽ അത്, ഞാൻ ഇപ്പോൾത്തന്നെ സൂചിപ്പിച്ച സമൃദ്ധിയുടെ ആഹ്ലാദം ഒന്നുമാത്രമാണ്‌. പൊള്ളയായ  കോലാഹലത്തിന്റെ ആയിടത്ത് അവരെ ആകർഷിക്കുന്നതായി ഒന്നുമില്ല. നേരേ മറിച്ച്, ദുർബ്ബലവും തകർന്നതും ആതുരവും അനാഥവുമായ സർവ്വതിനോടും തടുക്കാനാവാത്ത ഒരാകർഷണമാണവർക്ക്. തന്നെയുമല്ല, 

കണ്ടുപരിചയിച്ച കണ്ണുകൾക്ക് ഒരിക്കലും പിഴയ്ക്കില്ല. വലിഞ്ഞുമുറുകിയതോ അടിയറവു പറഞ്ഞതോ ആയ ചില മുഖലക്ഷണങ്ങളിൽ, കുഴിഞ്ഞതും ഒളി കെട്ടതുമായ ചില കണ്ണുകളിൽ, അല്ലെങ്കിൽ വിധിയുമായുള്ള മല്പിടുത്തത്തിന്റെ അന്തിവെളിച്ചം ഇനിയും കെടാത്ത ചില കണ്ണുകളിൽ, ചില നെറ്റിത്തടങ്ങളിൽ ചാലു കീറിയ ചുളിവുകളിൽ, പതുക്കെയോ വേയ്ക്കുന്നതോ ആയ ചില നടത്തകളിൽ എത്രയെങ്കിലും പുരാവൃത്തങ്ങൾ അവർ വായിച്ചെടുക്കുന്നു- വഞ്ചിക്കപ്പെട്ട പ്രണയങ്ങളുടെ, ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആത്മസമർപ്പണങ്ങളുടെ, പ്രതിഫലം ലഭിക്കാത്ത യത്നങ്ങളുടെ, ആരുമറിയാതെ എളിമയോടെ സഹിക്കുന്ന വിശപ്പിന്റെയും തണുപ്പിന്റെയും.

ആളൊഴിഞ്ഞ ബെഞ്ചുകളിൽ ഒറ്റയ്ക്കിരിക്കുന്ന വിധവകളെ നിങ്ങൾ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, പാവപ്പെട്ട വിധവകളെ? കറുത്ത വസ്ത്രം ധരിച്ചിട്ടായാലും അല്ലെങ്കിലും അവരെ തിരിച്ചറിയാൻ എളുപ്പമാണ്‌. തന്നെയുമല്ല, നിസ്വരുടെ ദുഃഖാചരണത്തിൽ എന്തോ ഒന്നിന്റെ കുറവു കാണാം, ഒരു പൊരുത്തക്കുറവ്; അതുകൊണ്ടുതന്നെ അത്രയ്ക്കതു ഹൃദയഭേദകവുമാണ്‌. അവർക്ക് തങ്ങളുടെ ദുഃഖത്തിലും ലുബ്ധിക്കേണ്ടിവരുന്നു. പണക്കാരുടെ ദുഃഖപ്രകടനം പൂർണ്ണത തികഞ്ഞതായിരിക്കുമല്ലോ.

ആരാണ്‌ ഏറ്റവും ദു:ഖിതയും ഏറ്റവും ഹൃദയസ്പർശിയുമായ വിധവ, തന്റെ മനോരാജ്യങ്ങൾ പങ്കുവയ്ക്കാനാത്ത ഒരു ഒരു കൊച്ചുകുട്ടിയുടെ കൈ പിടിച്ചുനടക്കുന്നവളോ അതോ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു നടക്കുന്നവളോ? എനിക്കറിയില്ല...ഈ രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ പെട്ട പ്രായമായ, പീഡിതയായ ഒരു സ്ത്രീയെ ഞാനൊരിക്കൽ മണിക്കൂറുകൾ പിന്തുടരാനിടയായി. പിഞ്ഞിത്തുടങ്ങിയ ഒരു ഷാളും ചുറ്റി, നട്ടെല്ലു വളയാതെ നടന്നുപോകുന്ന അവരെ ഉദ്ധതമായ ഒരു ആത്മസംയമനം ചൂഴ്ന്നുനിന്നിരുന്നു.

പരിപൂർണ്ണമായ ഏകാന്തത പ്രായം ചെന്ന ഒരവിവാഹിതയുടെ ശീലങ്ങൾക്ക് അവരെ അടിപ്പെടുത്തുകയായിരുന്നു എന്നു വ്യക്തം; അവരുടെ രീതികളിലെ ആ പുരുഷത്വസ്വഭാവമാവട്ടെ, ആ കാർക്കശ്യത്തിന്‌ നിഗൂഢതയുടെ ഒരു തീക്ഷ്ണത പകരുന്നതുമായിരുന്നു. ഏതു ശോച്യമായ കഫേയിൽ നിന്ന് എങ്ങനെയാണവർ അവർ ആഹാരം കഴിക്കുന്നതെന്ന് എനിക്കു പറയാൻ പറ്റില്ല. ഒരിക്കൽ ഒരു പൊതുവായനശാലയിലേക്ക് ഞാനവരെ പിന്തുടർന്നുചെന്നു. അവർ പത്രങ്ങൾ മറിച്ചുമറിച്ചുനോക്കുന്നത് ഞാൻ ഏറെനേരം നോക്കിയിരുന്നു; തനിക്കത്രയ്ക്കു പ്രാധാന്യമുള്ള, വ്യക്തിപരമായ എന്തോ ആയിരിക്കണം ഒരിക്കൽ കണ്ണീരു പൊള്ളിച്ച ആ കണ്ണുകൾ കൊണ്ട് അവർ തേടിയത്.

ഒടുവിൽ വൈകുന്നേരമായപ്പോൾ അവർ എഴുന്നേറ്റ് ചേതോഹരമായ ഒരു ശരല്ക്കാലാകാശത്തിനു ചുവട്ടിൽ (ഇങ്ങനെയൊരാകാശത്തു നിന്നാണ്‌ ഓർമ്മകളും ഖേദങ്ങളും തോരാതെ പൊഴിയുക), ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഒരു പാർക്കിന്റെ ഒരോരത്തു ചെന്നിരുന്നു, പാരീസുകാർക്ക് അത്രക്കിഷ്ടമായ പട്ടാളബാൻഡു കേൾക്കാൻ.

നിഷ്കളങ്കയായ ആ വൃദ്ധ (അല്ലെങ്കിൽ പവിത്രയായ ആ വൃദ്ധ) സ്വയം അനുവദിച്ചുകൊടുത്ത ഒരു ശീലക്കേടായിരിക്കണം അതെന്നതിൽ സംശയമില്ല; കൂട്ടില്ലാത്ത, സംസാരമില്ലാത്ത, സന്തോഷമില്ലാത്ത, വിശ്വസിക്കാൻ ഒരാളില്ലാത്ത മറ്റൊരു ദുർവ്വഹദിനത്തിനൊടുവിൽ (വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങൾ, അങ്ങനെ ദൈവമേ, എത്ര വർഷങ്ങളായിട്ടുണ്ടാവും!) അവർ അർഹിക്കുന്ന ഒരു സാന്ത്വനം.

മറ്റൊന്ന്.

ഒരു സംഗീതപരിപാടി നടക്കുന്ന ഹാളിന്റെ ഗേറ്റിനു പുറത്തു തിക്കിത്തിരക്കുന്ന നിസ്വരുടെ കൂട്ടത്തെ അത്ര സഹതാപത്തോടെയല്ലെങ്കിലും, നല്ല കൗതുകത്തോടെ ഒന്നു നോക്കിപ്പോകാതിരിക്കാൻ എനിക്കൊരിക്കലും കഴിയാറില്ല. ആഘോഷത്തിന്റെ, വിജയത്തിന്റെ, അല്ലെങ്കിൽ ജീവിതാനന്ദത്തിന്റെ ഗാനങ്ങൾ രാത്രിയിലേക്കു പകരുകയാണ്‌ ഓർക്കെസ്ട്ര. മിന്നിത്തിളങ്ങുന്ന വസ്ത്രാഞ്ചലങ്ങൾ ഇഴയുന്നു; നോട്ടങ്ങൾ ഇടയുന്നു; ഒന്നും ചെയ്യാനില്ലാതെ മടുപ്പു പിടിച്ച അലസവർഗ്ഗം സംഗീതം ആസ്വദിക്കുകയാണെന്ന ഭാവേന കറങ്ങിനടക്കുന്നു. ഇവിടെ സമ്പത്തല്ലാതൊന്നുമില്ല, സന്തോഷമല്ലാതൊന്നുമില്ല; ജീവിച്ചിരിക്കുന്നതിന്റെ സുഖാലസ്യം പ്രസരിപ്പിക്കുന്നതോ പ്രചോദിപ്പിക്കുന്നതോ അല്ലാതൊന്നുമില്ല; അങ്ങനെയല്ലാതൊന്നുണ്ടെങ്കിൽ അത്, ഉള്ളിൽ കത്തിജ്ജ്വലിക്കുന്ന ആ ചൂളയും കണ്ടുകൊണ്ട്, കാറ്റിനൊപ്പം കാതിൽ വീഴുന്ന ഒരു സംഗീതശകലം സൗജന്യമായി ആസ്വദിച്ചുകൊണ്ട്, ഗേറ്റിനു പുറത്തു കൂട്ടം കൂടിനില്ക്കുന്ന ആൾക്കൂട്ടത്തിന്റെ കാഴ്ച്ച മാത്രം.

പണക്കാരുടെ ആഹ്ലാദങ്ങൾ പാവപ്പെട്ടവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നതു കണ്ടുകൊണ്ടിരിക്കുക രസകരമാണ്‌. അന്നു പക്ഷേ, പണിക്കാരുടെ വേഷമോ പരുക്കൻ തുണിയോ ധരിച്ച ആ ജനക്കൂട്ടത്തിനിടയിലൂടെ കണ്ണോടിക്കവെ, ചുറ്റുമുള്ള ക്ഷുദ്രതയുമായി ഒട്ടും ചേരാത്ത കുലീനതയുള്ള ഒരാളെ ഞാൻ കണ്ടു.

നല്ല ഉയരമുള്ള, പ്രൗഢയായ ഒരു സ്ത്രീ; പോയ കാലത്തെ അഭിജാതസുന്ദരികളുടെ ശേഖരങ്ങളിൽ ഇന്നുവരെ കണ്ടതായി എനിക്കോർമ്മ വരാത്ത ഒരു കുലീനഭാവം അവരെ ചൂഴ്ന്നുനിന്നിരുന്നു. ഗുണവൈശിഷ്ട്യത്തിന്റെ പരിമളം അവരുടെയാ രൂപത്തിൽ നിന്നു പ്രസരിച്ചിരുന്നു. അവരുടെ ദുഃഖം നിറഞ്ഞ, ക്ഷീണിച്ച മുഖമാവട്ടെ, അവർ ധരിച്ചിരുന്ന വിലാപവേഷത്തിനു തീർത്തും ഇണങ്ങുന്നതായിരുന്നു. തനിക്കു ചുറ്റുമുള്ള, എന്നാൽ അവരുടെ കണ്ണുകളിൽ പെടാത്ത, ആ സാധാരണക്കാരുടെ ഇടയിൽ നിന്നുകൊണ്ട് അവരും ആ പ്രകാശലോകത്തെ വലിയ താല്പര്യത്തോടെ കാണുകയായിരുന്നു, പതുക്കെ തലയനക്കിക്കൊണ്ട് ആ സംഗീതം കേൾക്കുകയായിരുന്നു.

അന്യാദൃശമായ കാഴ്ച്ച! “തീർച്ചയായും,” ഞാൻ സ്വയം പറഞ്ഞു, “അവരുടെ ദാരിദ്ര്യം, അതിനി ദാരിദ്ര്യം തന്നെയാണെങ്കിൽ, എന്തിനാ ഹീനമായ മിതവ്യയത്തെ ആശ്രയിക്കണം? അവർക്കതിന്റെ ആവശ്യമില്ലെന്ന് ആ കുലീനമായ മുഖം തന്നെ വിളിച്ചുപറയുന്നുണ്ട്. എങ്കിൽ, താൻ അത്രയും വേറിട്ടു നില്ക്കുന്ന ഒരു ചുറ്റുപാടിൽ എന്തിനവർ ചെന്നു നില്ക്കണം?”

എന്നാൽ ജിജ്ഞാസ തടുക്കാനാവാതെ അവരുടെ അടുത്തുകൂടി കടന്നുപോയപ്പോൾ അതിനു കാരണം കണ്ടുപിടിക്കാനായി എന്നെനിക്കു തോന്നി. ഉയരം കൂടിയ ആ വിധവ അവരെപ്പോലെതന്നെ കറുത്ത വെഷം ധരിച്ച ഒരു കുട്ടിയെ കൈക്കു പിടിച്ചിരുന്നു; ഉള്ളിൽ കടക്കാനുള്ള ഫീസ് അത്രയധികമൊന്നും ആയിരുന്നില്ലെങ്കില്ക്കൂടി കുട്ടിയുടെ ഒരാവശ്യം നടത്താൻ, അതല്ലെങ്കിൽ ഒരാഡംബരം, ഒരു കളിപ്പാട്ടം, അതിനു വാങ്ങിച്ചുകൊടുക്കാൻ ആ പണം അവർ ലാഭിച്ചതായിരിക്കാം.

ഇനിയവർ സ്വന്തം ചിന്തകളിലും മനോരാജ്യങ്ങളിലും മുഴുകി വീട്ടിലേക്കു മടങ്ങും, ഒറ്റയ്ക്ക്, എന്നുമൊറ്റയ്ക്ക്; എന്തെന്നാൽ ബഹളക്കാരനും സ്വാർത്ഥിയും ക്ഷമയോ ശാന്തതയോ ഇല്ലാത്തവനുമാണ്‌ കുട്ടി; വെറുമൊരു ജന്തുവിനെപ്പോലെ, ഒരു പൂച്ചയോ പട്ടിയോ പോലെ, ഏകാന്തശോകങ്ങൾക്കു കാതു കൊടുക്കാൻ അവനാവില്ല.

*

* വോവെനാർഗ് Luc de Clapiers, Marquis de Vauvenargues (1715-1747)- പ്രഭുവർഗ്ഗത്തിൽ ജനിച്ചുവെങ്കിലും ദരിദ്രനും ക്ഷയരോഗിയുമായി മരിച്ചു. നിരീക്ഷണങ്ങളും ചിന്തകളുമടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾക്ക് ബോദ്‌ലേറുടെ കാലമായപ്പോൾ പുതിയൊരു ജനപ്രീതി കൈവന്നിരുന്നു. 

 

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഇരട്ടമുറി


സ്വപ്നം പോലെ ഒരു മുറി, ശരിക്കും ആത്മീയമായ ഒരു മുറി; അതിന്റെ നിഷ്പന്ദമായ അന്തരീക്ഷത്തിനു നേരിയ നിറം പകരുന്നു, നീലയും പാടലവും.

ആസക്തിയുടേയും മനസ്താപത്തിന്റെയും പരിമളം പൂശി ആത്മാവതിൽ അലസസ്നാനം ചെയ്യുന്നു. -നീലച്ഛവി കലർന്നതാണത്, പാടലച്ഛവി കലർന്നതാണത്, അസ്തമയത്തെ ഓർമ്മപ്പെടുത്തുമത്: ഗ്രഹണനേരത്തെ സുഖസ്വപ്നം.

ദീർഘിച്ചതും പതിഞ്ഞുകിടക്കുന്നതും ക്ഷീണിതവുമാണ്‌ അകസാധനങ്ങൾ. സ്വപ്നത്തിലാണവയെന്നു തോന്നും; സ്വപ്നാടനം പോലൊരു ജീവിതമാണവയുടേതെന്നു തോന്നും, സസ്യങ്ങളുടേതു പോലെ, ധാതുക്കളുടേതു പോലെ. മേശവിരികൾക്കും ജനാലപ്പടുതകൾക്കും ഒരു മൂകഭാഷ, പൂക്കളെപ്പോലെ, ആകാശത്തെപ്പോലെ, അസ്തമയസൂര്യനെപ്പോലെ.

ചുമരുകളിൽ കലാഭാസങ്ങൾ ഒന്നുമില്ല. ശുദ്ധസ്വപ്നത്തെ അപേക്ഷിച്ച്, വിശകലനത്തിനു വിധേയമാവാത്ത ഇന്ദ്രിയധാരണകളെ അപേക്ഷിച്ച് നിയതവും കൃത്യവുമായ കല ഒരു ദൈവദൂഷണമാണ്‌. ഇവിടെ സർവ്വതിനും മതിയായത്ര തെളിമയുണ്ട്, സംഗീതത്തിനുള്ളതുപോലെ ഹൃദ്യമായ ഒരു  ഗോപനവും.

അതിവിശിഷ്ടമായൊരു പരിമളത്തിന്റെ അതിസൂക്ഷ്മകണികകൾ ഈർപ്പത്തിന്റെ ലാഞ്ഛനയുമായിക്കലർന്ന് അന്തരീക്ഷത്തിൽ ഒഴുകിനടക്കുമ്പോൾ ഒരുഷ്ണഗൃഹത്തിലെ ഇന്ദ്രിയാനുഭൂതികളുടെ തൊട്ടിലിൽ കിടന്ന് ആത്മാവുറക്കത്തിലാഴുന്നു.

ജനാലകൾക്കു മേൽ, കിടക്കയ്ക്കു മുന്നിൽ മസ്ലിനുകളുടെ സമൃദ്ധവർഷം; വെൺനിറമായ ജലപാതം പോലെ അതൊഴുകിപ്പരക്കുന്നു. ആ കിടക്കയിൽ കിടന്നു മയങ്ങുകയാണ്‌ എന്റെ പൂജാവിഗ്രഹം, എന്റെ സ്വപ്നറാണി. അവളെന്തിന്‌ ഇവിടെയെത്തി? ആരാണവളെ ഇവിടെയെത്തിച്ചത്? ഏതു മന്ത്രശക്തിയാണ്‌ മനോരാജ്യത്തിന്റെയും ഐന്ദ്രിയസുഖത്തിന്റെയും ഈ സിംഹാസനത്തിൽ അവളെ പ്രതിഷ്ഠിച്ചത്? അതു ഞാനെന്തിനറിയണം: അവൾ ഇതാ! ഞാനവളെ തിരിച്ചറിയുകയും ചെയ്യുന്നു.

അതെ, അഗ്നിനാളങ്ങൾ കൊണ്ട് അസ്തമയത്തെ കീറിപ്പായുന്ന ആ കണ്ണുകൾ; ദുർഗ്രഹവും ഭീഷണവുമായ ആ കണ്ണുകളിലെ ഭയാനകമായ കൊടുംപക ഞാൻ തിരിച്ചറിയുന്നു. അവയിലേക്കു നോക്കിനില്ക്കാൻ ചങ്കൂറ്റം കാട്ടുന്ന നോട്ടത്തെ അവ വശീകരിക്കുന്നു, പിടിച്ചടക്കുന്നു, വെട്ടിവിഴുങ്ങുന്നു. പലപ്പോഴും ഞാനവയെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്, നമ്മുടെ ജിജ്ഞാസയും ആരാധനയും പിടിച്ചുവാങ്ങുന്ന ആ കറുത്ത നക്ഷത്രങ്ങളെ.

നിഗൂഢതയും നിശ്ശബ്ദതയും ശാന്തിയും പരിമളവും കൊണ്ട് ഈ വിധം വലയം ചെയ്യപ്പെട്ടതിന്‌ ഏതുദാരമതിയായ പിശാചിനോടാണ്‌ ഞാൻ കടപ്പെട്ടിരിക്കുന്നത്? ഹാ, ഇതാണ്‌ പരമാനന്ദം! ജീവിതമെന്നു നാം പൊതുവേ വിളിക്കുന്ന ഏർപ്പാടിന്‌, അതിനി ആനന്ദത്തിന്റെ ഏതു നിരപ്പെത്തിയാലും, ഞാൻ ഈ അനുഭവിക്കുന്ന, ഓരോ മിനുട്ടും ഓരോ സെക്കന്റും ഞാൻ ആസ്വദിക്കുന്ന, ഈ നിരതിശയജീവിതവുമായി ഒരു ചാർച്ചയുമില്ല.

തെറ്റി! ഇപ്പോൾ മിനുട്ടുകളില്ല, സെക്കന്റുകളില്ല! കാലം മറഞ്ഞുപോയിരിക്കുന്നു; ഇപ്പോൾ വാഴുന്നത് നിത്യതയാണ്‌, സുഖാനുഭങ്ങളുടെ നിത്യത!

പക്ഷേ അപ്പോഴാണ്‌ കതകിൽ പതിഞ്ഞ, പേടിപ്പെടുത്തുന്ന ഒരു മുട്ടൽ കേൾക്കുന്നത്; നരകപീഡകളെക്കുറിച്ചുള്ള പേക്കിനാവുകളിൽ കാണുന്നപോലെ ആരോ മഴുവെടുത്ത് എന്റെ അടിവയറ്റിൽ ആഞ്ഞുവെട്ടുന്നപോലെയാണ്‌ എനിക്കതനുഭവപ്പെടുന്നത്.

പിന്നെ ഒരു ഭൂതം കടന്നുവരുന്നു. നിയമത്തിന്റെ പേരും പറഞ്ഞ് എന്നെ പീഡിപ്പിക്കാൻ വരുന്ന ഒരാമീനാണത്; പരാതിക്കെട്ടഴിക്കാനും എന്റെ സന്താപങ്ങളുടെ കൂടെ അവളുടെ ജീവിതത്തിന്റെ ക്ഷുദ്രതകൾ കലർത്താനും കയറിവരുന്ന ഒരാഭാസക്കാരി വേശ്യയാണത്; ഇനിയല്ലെങ്കിൽ, കയ്യെഴുത്തുപ്രതിയുടെ അടുത്ത ഭാഗത്തിനായി ഏതെങ്കിലും പത്രാധിപർ പറഞ്ഞുവിട്ട സിൽബന്ധി.

സ്വർഗ്ഗീയമായ മുറി, പൂജാവിഗ്രഹം, സ്വപ്നറാണി, മഹാനായ റെനെ പറഞ്ഞ “സിൽഫൈഡ്”- ആ ഇന്ദ്രജാലമെല്ലാം ഭൂതത്തിന്റെ  ക്രൂരമായ ആ കതകിൽ മുട്ടലോടെ അപ്രത്യക്ഷമായി.

അതിലും ഭീകരം! എനിക്കോർമ്മവരുന്നു! എനിക്കോർമ്മവരുന്നു! ഈ ചെറ്റപ്പുര, നിത്യമായ മടുപ്പിന്റെ ഈ പാർപ്പിടം, അതെന്റെ മുറി തന്നെയാണ്‌. പൊടി പിടിച്ച, ഒടിഞ്ഞുവീഴാൻ പോകുന്ന ആ മേശയും കസേരയും, തീയില്ലാത്ത, കനലുപോലുമില്ലാത്ത, തുപ്പി വൃത്തികേടാക്കിയ സ്റ്റൗ; ചില്ലിലെ പൊടിയിൽ മഴ വിരലോടിച്ച നിരുന്മേഷമായ ജനാലകൾ; വെട്ടും തിരുത്തുമായി, മുഴുമിക്കാതെ കിടക്കുന്ന കയ്യെഴുത്തുപ്രതികൾ; അശുഭദിനങ്ങൾ പെൻസിൽ കൊണ്ടടയാളപ്പെടുത്തിയ കലണ്ടർ- ഒക്കെ അതുതന്നെ!

തീവ്രഭാവനയിൽ എന്നെ ഉന്മത്തനാക്കിയ ആ അലോകപരിമളത്തിന്റെ സ്ഥാനത്തിപ്പോൾ പുകയിലയുടെ ചീഞ്ഞ മണവും മനംപുരട്ടുന്ന പൂത്ത നാറ്റവുമാണ്‌. ഇപ്പോഴിവിടെ ജീർണ്ണതയുടെ കനച്ച നാറ്റമാണ്‌ മൂക്കിലേക്കടിച്ചുകയറുന്നത്.

അത്രയ്ക്കിടുങ്ങിയതും അത്രയ്ക്കറയ്ക്കുന്നതുമായ ഈ ലോകത്ത് ഒരു പരിചിതവസ്തു മാത്രം സ്നേഹഭാവത്തിൽ എന്നെ നോക്കി പുഞ്ചിരി തൂകുന്നു: കറുപ്പിന്റെ ചെപ്പ്; ത്രസിപ്പിക്കുന്ന ചിരകാലസൗഹൃദം; എല്ലാ സൗഹൃദങ്ങളേയും പോലെ പക്ഷേ, ലാളനകളാലും വഞ്ചനകളാലും സമൃദ്ധം.

അതേയതെ! കാലം തിരിച്ചുവന്നിരിക്കുന്നു; കാലത്തിന്റെ രാജ്യഭാരമാണിനി; അറയ്ക്കുന്ന ആ കിഴവനോടൊപ്പം അയാളുടെ ഭൂതഗണങ്ങളപ്പാടെയുണ്ട്: ഓർമ്മകൾ, കുറ്റബോധങ്ങൾ, പിരിമുറുക്കങ്ങൾ, ഭീതികൾ, ഉത്കണ്ഠകൾ, പേടിസ്വപ്നങ്ങൾ, രോഷങ്ങൾ, ഞരമ്പുരോഗങ്ങൾ. സെക്കന്റുകൾക്കിനി മറ്റൊരുവിധം ഊന്നലായിരിക്കുമെന്നു ഞാൻ ഉറപ്പിച്ചുപറയുന്നു; ഘടികാരത്തിൽ നിന്നു പുറത്തുചാടുന്ന ഓരോ സെക്കന്റും വിളിച്ചുപറയുകയാണ്‌: “ഞാനാണു ജീവിതം, താങ്ങാൻ പറ്റാത്തതും മെരുങ്ങാത്തതുമായ ജിവിതം!”

നല്ല വാർത്തയും കൊണ്ടെത്തുന്ന ഒരൊറ്റ നിമിഷമേ മനുഷ്യജീവിതത്തിലുള്ളു; ആ നല്ല വാർത്തയാകട്ടെ, നാമോരോരുത്തരിലും അവാച്യമായ ഭീതി നിറയ്ക്കുന്നതും.

അതെ! കാലം ഭരിക്കുന്നു; അതു തന്റെ നിഷ്ഠുരമായ സ്വേച്ഛാഭരണം വീണ്ടും സ്ഥാപിച്ചുകഴിഞ്ഞു;  മുനയുള്ള കാലിക്കോലു കൊണ്ട് ഒരു കാളയെ എന്നപോലെ അവനെന്നെ ഉന്തിവിടുകയാണ്‌: “നടക്കെടാ കഴുതേ! വിയർപ്പൊഴുക്കെടാ അടിമേ! ജീവിക്കെടാ തുലഞ്ഞവനേ!”

*

(സിൽഫൈഡ് Sylphide- തന്റെ കാവ്യദേവതയ്ക്ക് Chateaubriand  നല്കിയിരിക്കുന്ന പേര്‌; ഈ രൂപം അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കടന്നുവരുന്നുണ്ട്, 1802ലെ Reneയിലും.)




2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ബോദ്‌ലേർ - വിക്തോർ ഹ്യൂഗോയ്ക്ക്

1845 ഫെബ്രുവരി 20

പ്രിയപ്പെട്ട സർ,
അടുത്ത കാലത്ത് ഞാൻ അങ്ങയുടെ “മരിയൻ ദ് ലോം”* എന്ന നാടകം കണ്ടിരുന്നു; ആ നാടകത്തിന്റെ സൗന്ദര്യം അതെഴുതിയ ആളെ നേരിട്ടു കാണാനും നന്ദി പറയാനുമുള്ള അടക്കവയ്യാത്ത ആഗ്രഹം കൊണ്ട് എന്റെ മനസ്സു നിറച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും ഒരു സ്കൂൾ വിദ്യാർത്ഥിയാണ്‌, കേട്ടുകേൾവിയില്ലാത്ത ഒരു മര്യാദകേടാണ്‌ ഞാൻ ചെയ്യുന്നതെന്നും വരാം; എന്നാൽ സാമൂഹ്യമര്യാദകളെക്കുറിച്ച് എനിക്കൊരു വസ്തുവുമറിയില്ല, അങ്ങെന്റെ ഇഷ്ടം സാധിപ്പിച്ചുതരുമെന്നും ഞാൻ കരുതി. എത്രയോ സഹൃദയരുടെ അഭിനന്ദനങ്ങളും നന്ദികളുമാണ്‌ അങ്ങയ്ക്കു മേൽ കുന്നുകൂടുന്നതെന്നോർക്കുമ്പോൾ ഒരു സ്കൂൾകുട്ടിയുടെ അഭിനന്ദനവും നന്ദിയും അങ്ങയെ സ്പർശിക്കാനൊന്നും പോകുന്നില്ല. അത്രയധികം ആളുകൾ ഇതിനകം അങ്ങയെ വന്നു കണ്ടുകഴിഞ്ഞതിനാൽ ഇനിയുമൊരു ശല്യക്കാരനെക്കൂടി സഹിക്കാൻ അങ്ങയ്ക്കത്ര വ്യഗ്രതയില്ലെന്നുകൂടി വരാം. എന്നാല്ക്കൂടി, യുവാക്കളുടെ സ്നേഹം എത്ര ആത്മാർത്ഥവും എത്ര യഥാർത്ഥവുമാണെന്ന് അങ്ങറിഞ്ഞിരുന്നെങ്കിൽ! അങ്ങയുടെ എല്ലാ കൃതികളും എനിക്കു മനസ്സിലായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു (ഇതെന്റെ ഒരഹങ്കാരം മാത്രമാണെന്നുവരാം.) അങ്ങയുടെ പുസ്തകങ്ങളെ സ്നേഹിക്കുന്നപോലെതന്നെ ഞാൻ അങ്ങയേയും സ്നേഹിക്കുന്നു; അങ്ങ് നല്ലവനും ഹൃദയവിശാലതയുള്ളയാളുമാണെന്നു ഞാൻ വിശ്വസിക്കുന്നു; കാരണം, എത്രയോ പേരെ അങ്ങ് പുനരധിവസിപ്പിച്ചിരിക്കുന്നു; കാരണം, പൊതുജനാഭിപ്രായത്തിനു വഴങ്ങിക്കൊടുക്കാൻ നില്ക്കാതെ എത്രതവണ അങ്ങതിനെ രൂപപ്പെടുത്തിയിരിക്കുന്നു. അങ്ങയിൽ നിന്ന് നല്ലതും മഹത്തുമായ അനേകം കാര്യങ്ങൾ എനിക്കു പഠിക്കാനാകുമെന്നു ഞാൻ കരുതുന്നു; ഒരാൾ ഒരു പുസ്തകത്തെ, ഒരു വീരനായകനെ, സ്നേഹിക്കുന്നതുപോലെ, ഏതു സുന്ദരവസ്തുവിനേയും സ്നേഹിക്കുന്നതുപോലെ, നിർമ്മലവും നിസ്വാർത്ഥവുമായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈ അഭിനന്ദനങ്ങൾ, മടിച്ചുമടിച്ചാണെങ്കിലും, അങ്ങയ്ക്കു പോസ്റ്റു ചെയ്തത് എന്റ ചങ്കൂറ്റം കൊണ്ടാവാം; എന്നാൽ ഞാനങ്ങയെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്നും ആരാധിക്കുന്നുവെന്നും എനിക്കങ്ങയോടു പറയണമായിരുന്നു; ഞാൻ ഒരു വിഡ്ഢിവേഷം കെട്ടുകയാണെന്ന ചിന്തയും എന്നെ വിറകൊള്ളിക്കുന്നുണ്ട്. എന്നാൽ സർ, അങ്ങും ഒരിക്കൽ ചെറുപ്പക്കാരനായിരുന്നല്ലോ; ഒരു പുസ്തകം വായിച്ചിട്ട് അതെഴുതിയ ആളോടു ഞങ്ങൾക്കു തോന്നുന്ന സ്നേഹവും അയാളെ നേരിൽ കാണാനും എത്രയും വിനയത്തോടെ അയാളുടെ കൈകളിൽ മുത്താനുള്ള വ്യഗ്രതയും അങ്ങയ്ക്കു മനസ്സിലാകാത്തതല്ലല്ലോ. പത്തൊമ്പതാമത്തെ വയസ്സിൽ തന്റെ ആത്മാവിനു തീ പിടിപ്പിച്ച ഒരെഴുത്തുകാരന്‌, ഉദാഹരണത്തിന്‌ ഷാറ്റോബ്രിയാന്‌*, ഇത്രയൊക്കെ എഴുതാൻ അങ്ങയ്ക്കു മടി വരുമായിരുന്നോ? ഇതെല്ലാം വേണ്ട രീതിയിൽ പ്രകാശിപ്പിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല- എഴുതുന്നതിലും നന്നായി എനിക്കു ചിന്തിക്കാം. എന്നാൽ അങ്ങും ഒരു കാലത്തു ചെറുപ്പമായിരുന്നതിനാൽ ഞാൻ പറയാതെ വിട്ടതെന്താണെന്നൂഹിക്കാൻ അങ്ങയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇത്രയും പുതിയതും അസാധാരണവുമായ ഒരു നീക്കം അങ്ങയെ വല്ലാതെ ഞെട്ടിക്കുകയില്ലെന്നും ഞാൻ വിശ്വസിക്കട്ടെ. ഒരു മറുപടി തന്ന് എന്നെ ആദരിക്കാൻ അങ്ങ് ദാക്ഷിണ്യം കാണിക്കുമെന്നും. അങ്ങേയറ്റത്തെ അക്ഷമയോടെയാണ്‌ ഞാൻ അതിനു വേണ്ടി കാത്തിരിക്കുന്നതെന്നും ഞാൻ സമ്മതിക്കുന്നു.
മറുപടി എഴുതാനുള്ള ദയ കാണിച്ചാലും ഇല്ലെങ്കിലും എന്റെ തീരാത്ത കടപ്പാട് അങ്ങു സ്വീകരിക്കുമല്ലോ.

(പത്തൊമ്പതുകാരനായ ബോദ്‌ലേർ അക്കാലത്തെ സാഹിത്യസിംഹമായ വിക്തോർ ഹ്യൂഗോക്കെഴുതിയ കത്താണിത്. )
*Marion de Lorme- ഹ്യൂഗോ 1829ൽ എഴുതിയ നാടകം.
*ഹ്യൂഗോ തന്റെ Odes and Ballads സമർപ്പിച്ചിരിക്കുന്നത് എഴുത്തുകാരനും ചരിതകാരനും രാഷ്ട്രതന്ത്രജ്ഞനുമായ Francois-Rene de Chateaubriand (1768-1848)നാണ്‌.

2021, ഫെബ്രുവരി 7, ഞായറാഴ്‌ച

ബോദ്‌ലേർ - മദാം...

 1850കളിൽ അനാരോഗ്യവും ദാരിദ്ര്യവും കൊണ്ടു വലയുകയായിരുന്നു ബോദ്‌ലേർ; അതദ്ദേഹത്തിന്റെ സർഗ്ഗാത്മകതയെക്കൂടി ബാധിച്ചു. എന്നാൽ 1852ൽ മേരി ദൗബ്രുണിനെഴുതിയതായി കരുതപ്പെടുന്ന വികാരതീക്ഷ്ണമായ ഈ പ്രേമലേഖനത്തിൽ താൻ അനുഭവിക്കുന്ന ഭൗതികപ്രയാസങ്ങളുടെ ഒരു സൂചനയും  അദ്ദേഹം നല്കുന്നില്ല.

മദാം,

ഞാനിനി ഒരിക്കലും നിങ്ങളെ കാണില്ലെന്നു വരുമോ? എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ പ്രശ്നം അതാണ്‌; എന്തെന്നാൽ, നിങ്ങളുടെ സാന്നിദ്ധ്യം കിട്ടാതെവരിക എന്നതുകൊണ്ടുതന്നെ കഠിനമായ ഹൃദയവേദന അനുഭവിക്കുന്ന ഘട്ടത്തിൽ ഞാനെത്തിയിരിക്കുന്നു. നിങ്ങൾ മോഡലിംഗ് ഉപേക്ഷിക്കുകയാണെന്നും അറിയാതെതന്നെ ഞാനാണ്‌ ആ തീരുമാനത്തിനു കാരണമായതെന്നും കേട്ടപ്പോൾ അസാധാരണമായ ഒരു ദുഃഖമാണ്‌ എനിക്കു തോന്നിയത്. കാര്യങ്ങൾ എഴുതിവയ്ക്കുന്നതിൽ അത്ര താല്പര്യമില്ലാത്തയാളാണു ഞാനെങ്കിലും നിങ്ങൾക്കെഴുതണമെന്ന് എനിക്കു തോന്നി. എഴുതിക്കഴിഞ്ഞാൽ മിക്കപ്പോഴും പിന്നതിനെക്കുറിച്ചെനിക്കു പശ്ചാത്തപിക്കേണ്ടിവരാറുണ്ട്. എന്നാൽ എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, കാരണം, എന്നെന്നേക്കുമായി നിങ്ങൾക്കു സ്വയം സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചത്തെ നമ്മുടെ സംഭാഷണം എത്ര അസാധാരണമായിരുന്നുവെന്ന് നിങ്ങൾക്കു ബോദ്ധ്യമുണ്ടോ? ആ സംഭാഷണം തന്നെയാണ്‌ മുമ്പൊരിക്കലും അനുഭവിക്കാത്ത ഒരവസ്ഥയിലേക്ക് എന്നെ തള്ളിയിട്ടതും ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചതും.

“ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നു പറയുന്ന, യാചിക്കുന്ന ഒരു മനുഷ്യൻ, “നിങ്ങളെ സ്നേഹിക്കാനോ? ഞാനോ? ഒരിക്കലുമില്ല! എന്റെ സ്നേഹം ഒരേയൊരാൾക്കു മാത്രമുള്ളതാണ്‌. ആ ഒരാൾക്കു ശേഷം വരുന്ന ഏതൊരാൾക്കും നിർഭാഗ്യം മാത്രമേ വിധിച്ചിട്ടുള്ളു: എന്റെ അവഗണനയും പുച്ഛവും മാത്രമാണ്‌ അയാൾക്കു കിട്ടാനുള്ളത്!” എന്നു മറുപടി പറയുന്ന ഒരു സ്ത്രീ.  ആ മനുഷ്യനാവട്ടെ, നിങ്ങളുടെ കണ്ണുകളിലേക്കു കുറച്ചുനേരം കൂടി നോക്കിയിരിക്കാനുള്ള സന്തോഷത്തിനായി മറ്റേയാളെക്കുറിച്ചു തന്നോടു സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അയാളെക്കുറിച്ചു മാത്രം സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അയാളെക്കുറിച്ചോർത്തു മനസ്സുരുകാനും ചിന്തിക്കാനും നിങ്ങളെ അനുവദിക്കുന്നു! ഈ കുമ്പസാരങ്ങളുടെയെല്ലാം ഫലം വിചിത്രമായിരുന്നു: നിങ്ങളിപ്പോൾ ഞാൻ മോഹിക്കുന്ന വെറുമൊരു സ്ത്രീ മാത്രമല്ല, അവളുടെ ആത്മാർത്ഥത, അവളുടെ വികാരം, അവളുടെ പുതുമ, അവളുടെ യൗവ്വനം, അവളുടെ മുഗ്ധത എന്നിവ കാരണമായി ഞാൻ സ്നേഹിക്കുന്നവളാണ്‌. ഈ വിശദീകരണങ്ങളുടെ പേരിൽ എനിക്കു പലതും നഷ്ടപ്പെട്ടുകഴിഞ്ഞു; കാരണം, നിങ്ങളുടെ മനോദാർഢ്യം അത്ര ബലത്തതായിരുന്നതിനാൽ അടിയറവു പറയുകയല്ലതെ എനിക്കു വഴിയില്ലായിരുന്നു. എന്നാൽ, മദാം, നിങ്ങളതു കൊണ്ടു പലതും നേടി: എനിക്കു നിങ്ങളോടു ബഹുമാനവും വല്ലാത്ത മതിപ്പും തോന്നി. എന്നും ഇതുപോലായിരിക്കുക, നിങ്ങളെ ഇത്ര സുന്ദരിയും സന്തോഷവതിയുമാക്കുന്ന ആ വികാരം കാത്തുസൂക്ഷിക്കുക.

മടങ്ങിവരൂ, ഞാൻ യാചിക്കുകയാണ്‌, എന്റെ തൃഷ്ണകളിൽ ഞാൻ മാന്യതയും മിതത്വവും പാലിക്കാം. ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞാൻ തൃപ്തനായേക്കാം എന്നു പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ അവജ്ഞ ചോദിച്ചുവാങ്ങുകയായിരുന്നു. ഞാൻ കള്ളം പറഞ്ഞതാണ്‌. അന്നു രാത്രിയിൽ താനെത്ര സുന്ദരിയായിരുന്നു എന്നു നിങ്ങൾക്കറിയാമോ! നിങ്ങളെ അഭിനന്ദിക്കാൻ എനിക്കു ധൈര്യം തന്നെ വന്നില്ല- അതത്ര വിരസവും നിസ്സാരവും ആകുമായിരുന്നു. പക്ഷേ നിങ്ങളുടെ കണ്ണുകൾ, നിങ്ങളുടെ ചുണ്ടുകൾ, ഓജസ്സും ചലനവും നിറഞ്ഞ നിങ്ങളുടെ ഉടലാകെ, ഇപ്പോഴിതാ, എന്റെ അടഞ്ഞ കണ്ണുകൾക്കു മുന്നിലൂടെ കടന്നുപോകുന്നു; അതെന്നും അങ്ങനെയായിരിക്കുമെന്ന് എനിക്കത്ര നന്നായി അറിയുകയും ചെയ്യാം. മടങ്ങിവരൂ, മുട്ടുകാലിൽ വീണുകിടന്ന് ഞാൻ അപേക്ഷിക്കുകയാണ്‌. എനിക്കു നിങ്ങളോടുള്ള സ്നേഹം അവസാനിച്ചതായി ഒരുനാൾ നിങ്ങൾ കാണുമോയെന്നു ഞാൻ പറയില്ല; എന്നാൽ നിങ്ങളുടെ കൈകൾക്കു ചുറ്റും, നിങ്ങളുടെ മനോഹരമായ ആ കൈകൾക്കു ചുറ്റും, ജീവന്റെ നിമിത്തകാരണമായ നിങ്ങളുടെ ചുണ്ടുകൾക്കു ചുറ്റും, നിങ്ങളുടെ ആരാധ്യമായ ഭൗമസത്തയ്ക്കു ചുറ്റും അലഞ്ഞുനടക്കുന്നതിൽ നിന്ന് നിങ്ങൾക്കെന്റെ മനസ്സിനെ തടയാനാവില്ല. ഇല്ല, നിങ്ങൾക്കതു തടയാനാവില്ല എന്നെനിക്കറിയാം; എന്നുവച്ചു നിങ്ങൾ പേടിക്കുകയും വേണ്ട; നിങ്ങൾ എനിക്കൊരു പൂജാവിഗ്രഹമാണ്‌, അതിനെ അശുദ്ധമാക്കാൻ എനിക്കു കഴിയില്ല. നിങ്ങളെ മുമ്പത്തെപ്പോലെതന്നെ ദീപ്തിമത്തായി എന്നെന്നും ഞാൻ കാണും. നിങ്ങളുടെ സത്തയാകെ അത്രയും നന്മ നിറഞ്ഞതാണ്‌, അത്രയും സൗന്ദര്യം തികഞ്ഞതാണ്‌, അത്രയും സുഗന്ധവാഹിയുമാണ്‌! എനിക്കു നിങ്ങളാണ്‌ ജീവനും ചലനവും; അതു  നിങ്ങളുടെ ചേഷ്ടകളുടെ ചടുലതയും നിങ്ങളുടെ പ്രകൃതത്തിന്റെ പ്രചണ്ഡതയും കൊണ്ടല്ല, നിങ്ങളുടെ കണ്ണുകൾ കാരണമാണ്‌, നിത്യപ്രണയം കൊണ്ട് ഒരു കവിയെ പ്രചോദിപ്പിക്കുന്ന ആ കണ്ണുകൾ കാരണം.

ഞാൻ നിങ്ങളുടെ കണ്ണുകളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ സൗന്ദര്യത്തെ എത്ര പൂർണ്ണമായി ആസ്വദിക്കുന്നുവെന്നും എങ്ങനെയാണു ഞാൻ നിങ്ങളോടു പറയുക? പരസ്പരവിരുദ്ധമായ രണ്ടു ചാരുതകൾ (എന്നാൽ നിങ്ങളിലവ ഒന്നിനൊന്നെതിരുമല്ല): ഒരു ശിശുവിന്റെ ചാരുതയും ഒരു സ്ത്രീയുടെ ചാരുതയും: അതു രണ്ടും ചേർന്നതാണ്‌ ആ സൗന്ദര്യം. എനിക്കെത്ര ആരാധ്യയാണു നിങ്ങളെന്നും എത്ര അഗാധമാണ്‌ നിങ്ങളോടെന്റെ സ്നേഹമെന്നും ഉള്ളിന്റെയുള്ളിൽ നിന്നു ഞാൻ പറയുമ്പോൾ, ഹാ, എന്നെ വിശ്വസിക്കണേ! എന്നെ എന്നെന്നേക്കുമായി നിങ്ങളോടു ബന്ധിച്ചിടുന്ന ആ വികാരം ധാർമ്മികമായ ഒന്നാണ്‌. നിങ്ങൾ സ്വയം എന്തു പറഞ്ഞാലും ഇനിമുതൽ നിങ്ങളാണെന്റെ രക്ഷാകവചം, എന്റെ പിൻബലം. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, മേരീ, അതു നിഷേധിച്ചിട്ടു കാര്യമില്ല; എന്നാൽ നിങ്ങൾ എന്നിലുണർത്തുന്ന സ്നേഹം ഒരു ക്രിസ്ത്യാനിക്ക് തന്റെ ദൈവത്തോടു തോന്നുന്ന സ്നേഹമാണ്‌. നിങ്ങളുടെ കാമനകൾ എന്തായിരുന്നാലും എന്റെ ആത്മാവിനെ നിങ്ങളുടേതുമായി ഒരുമിപ്പിക്കുന്ന ദേഹനിബദ്ധമല്ലാത്തതും നിഗൂഢവുമായ ഈ ഉപാസനരീതിയ്ക്ക്, മധുരനിർമ്മലമായ ഈ ആകർഷണത്തിന്‌, അതിനാൽ ലൗകികമായ ഒരു പേരു നല്കാൻ ഉദ്യമിക്കരുതേ; പലപ്പോഴും ആ പേരുകൾ അപമാനകരമായേ വന്നിട്ടുള്ളു. അതൊരു ദൈവദൂഷണം തന്നെയാണ്‌.

ഞാൻ മരിച്ചുകിടക്കുകയായിരുന്നു, നിങ്ങളെനിക്കു ജീവൻ തിരിച്ചുതന്നു. ഹാ, എന്തിനൊക്കെയാണ്‌ ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ വിശുദ്ധനേത്രങ്ങളിൽ നിന്ന് അജ്ഞാതാനന്ദങ്ങൾ ഞാൻ പിടിച്ചെടുത്തിട്ടുണ്ട്; ആത്മാവിന്റെ ഏറ്റവും പൂർണ്ണവും ഏറ്റവും ലോലവുമായ ആനന്ദങ്ങളിലേക്ക് നിങ്ങളുടെ കണ്ണുകൾ എന്നെ ആനയിച്ചിട്ടുണ്ട്. ഇനിമുതൽ നിങ്ങളാണെന്റെ ഒരേയൊരു റാണി, എന്റെ വികാരാവേശം, എന്റെ സൗന്ദര്യം, ഒരാത്മീയത തഴുകിവളർത്തുന്ന എന്റെ സത്തയുടെ അംശം. 

നിങ്ങളിലൂടെ മേരീ, ഞാൻ കരുത്തനും മഹാനുമാവും. പെട്രാർക്കിനെപ്പോലെ ഞാനെന്റെ ലാറയെ അനശ്വരയാക്കും. എന്റെ കാവൽമാലാഖയാകൂ, എന്റെ കാവ്യദേവതയും എന്റെ മഡോണയുമാകൂ, സൗന്ദര്യത്തിന്റെ പാതയിൽ എന്റെ ചുവടുകൾക്കു വഴികാട്ടിയാകൂ.

മറുപടിയായി ഒരു വാക്കെഴുതാനുള്ള സന്മനസ്സു കാണിയ്ക്കണേ, ഞാൻ യാചിക്കുകയാണ്‌, ഒരേയൊരു വാക്ക്. ഏതു വ്യക്തിയുടേയും ജീവിതത്തിലുണ്ടാവും, സന്ദേഹത്തിന്റെ നാളുകൾ- സൗഹൃദത്തിന്റെ ഒരടയാളം, ഒരു നോട്ടം, കുത്തിക്കുറിച്ച ഒരു സന്ദേശം അയാളെ മൂഢതയിലേക്കോ ഉന്മാദത്തിലേക്കോ ആട്ടിപ്പായിക്കുന്ന നിർണ്ണായകദിനങ്ങൾ. അങ്ങനെയൊരു ബിന്ദുവിലേക്ക് ഞാൻ എത്തിക്കഴിഞ്ഞുവെന്ന് ഞാൻ ആണയിട്ടുപറയുന്നു. നിങ്ങളിൽ നിന്നൊരു വാക്ക് എനിക്കു നോക്കിനോക്കിയിരിക്കാനുള്ള, മനഃപാഠമാക്കാനുള്ള  അനുഗൃഹീതവസ്തുവായിരിക്കും. എത്ര ആഴമുള്ളതാണ്‌ എനിക്കു നിങ്ങളോടുള്ള സ്നേഹമെന്ന് നിങ്ങൾക്കെന്തെങ്കിലും പിടിയുണ്ടായിരുന്നെങ്കിൽ! ഞാൻ നിങ്ങളുടെ കാല്ക്കൽ വീഴുന്നു; ഒരു വാക്കു പറയൂ, ഒരേയൊരു വാക്ക്...ഇല്ല, നിങ്ങളതു പറയില്ല.

എത്ര സന്തോഷവാനായിരിക്കും, ആയിരം മടങ്ങു സന്തോഷവാനായിരിക്കും, അയാൾ, എല്ലാ പുരുഷന്മാരിൽ നിന്നും നിങ്ങൾ തിരഞ്ഞെടുത്ത ആ പുരുഷൻ, വിവേകത്തിലും സൗന്ദര്യത്തിലും അത്രയും സമൃദ്ധയായ നിങ്ങൾ, സിദ്ധി കൊണ്ട്, ബുദ്ധി കൊണ്ട്, ഹൃദയം കൊണ്ട് അത്രയും കാമ്യയായ നിങ്ങൾ! നിങ്ങളുടെ സ്ഥാനം കവരാൻ ഏതു സ്ത്രീയ്ക്കാവും? ഒരു സന്ദർശനത്തിനു യാചിക്കാൻ എനിക്കു ധൈര്യം വരുന്നില്ല; നിങ്ങളതു നിരസിക്കുകയേയുള്ളു. പകരം ഞാൻ കാത്തിരിക്കാം; വർഷങ്ങളോളം ഞാൻ കാത്തിരിക്കാം, എത്ര നിർബ്ബന്ധബുദ്ധിയോടെയും ആദരവോടെയുമാണ്‌ താൻ സ്നേഹിക്കപ്പെട്ടതെന്ന്, എത്ര നിസ്വാർത്ഥമായിട്ടാണ്‌ താൻ സ്നേഹിക്കപ്പെട്ടതെന്ന് നിങ്ങൾ കണ്ടെത്തുന്ന ആ നാളിനായി, തുടക്കത്തിൽ നിങ്ങൾക്കെന്നെ അവിശ്വാസമായിരുന്നുവെന്നു നിങ്ങൾക്കോർമ്മ വരുന്ന, നിങ്ങളെന്നോടു മോശമായി പെരുമാറിയെന്നു നിങ്ങൾ സമ്മതിക്കുന്ന ആ നാളിനായി. 

ചുരുക്കത്തിൽ, നിങ്ങൾക്കെന്റെ നേർക്കയക്കാൻ തോന്നുന്ന പ്രഹരങ്ങൾ തടുക്കാൻ എനിക്കു സ്വാതന്ത്ര്യമില്ല, എന്റെ ദേവതേ. നിങ്ങൾക്കിഷ്ടം എന്നെ ചവിട്ടിപ്പുറത്താക്കാനായിരുന്നു; എനിക്കിഷ്ടം നിങ്ങളെ ആരാധിക്കാനായിരുന്നു. ഇതിലധികമൊന്നും പറയാനില്ല.

2021, ഫെബ്രുവരി 3, ബുധനാഴ്‌ച

രവീന്ദ്രനാഥ ടാഗോർ - ഭാര്യയുടെ കത്ത്



അങ്ങയുടെ പാദപത്മങ്ങളിൽ:

നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല.

ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെ തോടിനോടുള്ളതു പോലെയാണ്‌- നഗരം അങ്ങയിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ്‌; അങ്ങയുടെ ശരീരവും ആത്മാവും അതിനുള്ളിലാണ്‌. അതിനാൽ അങ്ങ് അവധിക്കപേക്ഷിച്ചില്ല; എന്നാൽ ദൈവം എന്റെ അപേക്ഷ പരിഗണിക്കുകയും എനിക്ക് അവധി നല്കുകയും ചെയ്തു.

ഞാൻ മെജോ-ബൗ ആണ്‌, അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ. ഇന്ന്, പതിനഞ്ചു കൊല്ലം കഴിഞ്ഞ്, കടല്ക്കരയിൽ നില്ക്കുമ്പോൾ അതല്ലാത്ത ബന്ധങ്ങളും എനിക്കുണ്ടെന്ന് എനിക്കു ബോദ്ധ്യമാകുന്നു- ലോകവുമായി, ലോകസ്രഷ്ടാവുമായി. ആ ബോദ്ധ്യത്തിൽ നിന്നാണ്‌ ഈ കത്തെഴുതാനുള്ള മനക്കരുത്ത് എനിക്കു കിട്ടിയതും. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകളെഴുതുന്ന കത്തല്ല ഇത്.

പണ്ട്, എന്റെ കുട്ടിക്കാലത്ത്- അങ്ങയുമായുള്ള എന്റെ വിവാഹം നമ്മുടെയൊക്കെ തലവിധി എഴുതുന്ന ആ ജഗന്നിയന്താവിനു മാത്രം അറിവുണ്ടായിരുന്ന കാലത്ത്- ഞാനും എന്റെ സഹോദരനും ഒരുപോലെ ടൈഫോയ്ഡ് പിടിച്ചു കിടപ്പായി. എന്റെ സഹോദരനെ മരണം കൊണ്ടുപോയി; ഞാൻ ജീവിതത്തിലേക്കു തിരിച്ചുവന്നു. അന്ന് നാട്ടിലെ പെണ്ണുങ്ങളൊക്കെ പറഞ്ഞുനടന്നു: “പെണ്ണായതുകൊണ്ടാണ്‌ മൃണാൾ ജീവിച്ചിരിക്കുന്നത്. ആണായിരുന്നെങ്കിൽ അവൾ രക്ഷപ്പെടില്ലായിരുന്നു.” യമദേവൻ ബുദ്ധിയുള്ള കള്ളനാണ്‌; വില പിടിച്ചതേ അവനെടുക്കൂ!

എന്നു പറഞ്ഞാൽ, ഞാൻ മരണമില്ലാത്തവളാണ്‌. ഇത് വിസ്തരിച്ചു വിശദീകരിക്കാനാണ്‌ ഇപ്പോൾ ഞാൻ അങ്ങയ്ക്ക് ഈ കത്തെഴുതുന്നത്.

അങ്ങയുടെ ഒരകന്ന അമ്മാവനും അങ്ങയുടെ സ്നേഹിതൻ നീരദും അങ്ങയ്ക്കു വേണ്ടി എന്നെ പെണ്ണു കാണാൻ വന്നപ്പോൾ എനിക്കു പന്ത്രണ്ടു വയസ്സായിരുന്നു. പകലു പോലും കുറുനരികൾ ഇറങ്ങിനടക്കുന്ന ഒരു ഓണം കേറാ മൂലയിലായിരുന്നു ഞങ്ങളുടെ വീട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കാളവണ്ടിയിൽ പതിന്നാലു മൈൽ; പിന്നെ ചരല്പാതയിലൂടെ ഒരാറു മൈൽ പല്ലക്കിൽ; രണ്ടുപേരും വല്ലാതെ വെറി പിടിച്ച മട്ടായിരുന്നു. ഇതിനു പുറമേ ഞങ്ങളുടെ കിഴക്കൻ ബംഗാൾ പാചകവും അവർക്കു സഹിക്കേണ്ടിവന്നു! അന്നു ഞങ്ങൾ വിളമ്പിയ ആഹാരത്തിന്റെ കാര്യം ആ അമ്മാവൻ ഇപ്പോഴും ഓർക്കുന്നുണ്ട്.

അങ്ങയുടെ അമ്മയ്ക്ക് തന്റെ മൂത്ത മരുമകളുടെ ഭംഗിക്കുറവ് അതിസുന്ദരിയായ രണ്ടാമത്തെ മരുമകളെക്കൊണ്ടു നികത്താനുള്ള തിടുക്കമായിരുന്നു. അല്ലെങ്കിൽ എന്തിനാണ്‌ അങ്ങയുടെ ബന്ധുക്കൾ അത്രയും വിഷമം സഹിച്ച് ഞങ്ങളുടെ കുഗ്രാമത്തിലേക്കു വന്നത്? ബംഗാളിൽ നിങ്ങൾക്ക് മഞ്ഞപ്പിത്തമോ അതിസാരമോ വധുവിനേയോ അന്വേഷിച്ചു നടക്കേണ്ടതില്ല; മൂന്നും വേണ്ടത്രയുണ്ട്; അവ സ്വയമേവ നിങ്ങളിൽ പറ്റിപ്പിടിച്ചോളും; പിന്നെ വിട്ടുപോവുകയുമില്ല.

അച്ഛന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങി. അമ്മ കാളീമന്ത്രം ജപിച്ചുതുടങ്ങി. ഒരു ഗ്രാമത്തിലെ ശാന്തിക്കാരൻ എന്തു നിവേദിച്ചിട്ടാണ്‌ ഒരു നഗരദേവതയെ പ്രസാദിപ്പിക്കുക? അവരുടെ ആകെയുള്ള പ്രതീക്ഷ മകളുടെ സൗന്ദര്യത്തിലായിരുന്നു. മകൾ പക്ഷേ, അതൊരു വലിയ കാര്യമായി കണ്ടിരുന്നില്ല. അവളെ കാണാൻ വരുന്നവൾ അവൾക്കെന്തു വിലയിടുന്നോ, അതാണവളുടെ വില.  അതുകൊണ്ടാവാം, എത്ര സൗന്ദര്യമുണ്ടായിക്കോട്ടെ, എന്തൊക്കെ സ്വഭാവഗുണങ്ങളുണ്ടായിക്കോട്ടെ, സ്ത്രീയ്ക്ക് ഒരിക്കലും അവളുടെ ആത്മനിന്ദയെ മറി കടക്കാൻ കഴിയാറില്ല.

ഒരു വലിയ പാറക്കല്ലെടുത്തു നെഞ്ചിലേക്കു വെച്ചതുപോലെയായിരുന്നു, അങ്ങയുടെ വീടിനോടുള്ള, അല്ല, അങ്ങയുടെ ഗ്രാമത്തിനോടു മൊത്തമുള്ള എന്റെ പേടി. നാലു കണ്ണുകളുടെ നിശിതപരിശോധനയ്ക്കു മുന്നിൽ പന്ത്രണ്ടു വയസ്സുകാരിയായ ഒരു ഗ്രാമീണബാലികയെ പിടിച്ചുനിർത്തിക്കൊടുക്കുന്ന കാവൽഭടന്മാരാണ്‌ ആകാശവും പകൽവെളിച്ചവും മറ്റു പ്രകൃതിശക്തികളുമെന്ന് എനിക്കു തോന്നിപ്പോയി. എനിക്കു പോയൊളിക്കാൻ ഒരിടവും ഉണ്ടായിരുന്നില്ല.

വിവാഹത്തിനു ഷഹനായികൾ പാടിത്തുടങ്ങുമ്പോൾ ആകാശവും കൂടെക്കരഞ്ഞുതുടങ്ങി. അങ്ങനെ ഞാൻ അങ്ങയുടെ വീട്ടിൽ താമസം തുടങ്ങി. പെണ്ണുങ്ങൾ എന്റെ കുറ്റങ്ങളും കുറവുകളും ഓരോന്നായി കണ്ടെടുത്തുകണ്ടെടുത്ത് ഒടുവിൽ ആകെക്കൂടെ എന്നെ ഒരു സുന്ദരിയായി കണക്കാക്കാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതു കേട്ടപ്പോൾ എന്റെ മൂത്ത നാത്തൂന്റെ, എന്റെ ദീദിയുടെ, മുഖം വാടി. എന്നാൽ എന്റെ സൗന്ദര്യം കൊണ്ട് ആർക്കെന്തു ഗുണം എന്ന് എനിക്കു സംശയമായി. അതിന്റെ പേരിൽ അങ്ങയുടെ വീട്ടുകാർക്ക് എന്നോടു പ്രത്യേകിച്ചൊരു സ്നേഹമൊന്നും തോന്നിയിരുന്നില്ല. ഏതോ ഒരു മഹർഷി ഗംഗയിലെ ചെളിയിൽ നിന്നാണ്‌ എന്റെ സൗന്ദര്യം സൃഷ്ടിച്ചിരുന്നതെങ്കിൽ പിന്നെയും അവർക്കെന്നോടു സ്നേഹം തോന്നിയേനെ. എന്നാൽ ബ്രഹ്മാവ് എന്നെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ അപ്പോഴത്തെ എന്തോ കമ്പം തീർക്കാനായിപ്പോയി; അതിനാൽ അങ്ങയുടെ കുടുംബത്തിന്‌ അതു വിലയില്ലാത്തതുമായി.

എനിക്കു സൗന്ദര്യമുണ്ടായിരുന്നു എന്നതു മറക്കാൻ അങ്ങയ്ക്ക് അധികകാലം വേണ്ടിവന്നില്ല. എന്നാൽ എനിക്കു ബുദ്ധിയുമുണ്ടായിരുന്നു എന്നത് ഓരോ കാൽവയ്പ്പിലും അങ്ങയ്ക്ക് ഓർമ്മ വന്നുകൊണ്ടിരുന്നു. ആ ബുദ്ധി എനിക്കത്ര സ്വാഭാവികമായിരുന്നിരിക്കണം; കാരണം ഇത്രയും കാലം അങ്ങയുടെ വീടു നോക്കലല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെങ്കിലും അണയാതെ അത് എന്റെ ഉള്ളിൽത്തന്നെ കിടപ്പുണ്ടായിരുന്നല്ലോ. എന്റെ അമ്മയ്ക്ക് എന്റെ  ബുദ്ധി ഒരു വേവലാതി ആയിരുന്നു; കാരണം പെണ്ണിന്‌ ബുദ്ധി ഒരു ശാപമാണ്‌. അതിരുകൾ നിർണ്ണയിക്കുന്ന ഒരു ജീവിതം ജീവിക്കേണ്ടിവരുന്ന ഒരുവൾ ബുദ്ധി നിർണ്ണയിക്കുന്ന ജീവിതം ജീവിക്കാൻ നോക്കിയാൽ വൈകാതെ അവൾക്കു മുന്നിൽ ചുമരുകളുയരും, അവയിൽ ചെന്നിടിച്ച് അവളുടെ നെറ്റിയും ഭാവിയും തകരുകയും ചെയ്യും. എന്നാൽ ഞാനെന്തു ചെയ്യാൻ? അങ്ങയുടെ കുടുംബത്തിലെ ഒരു സ്ത്രീക്കു വേണ്ടതിലധികം ബുദ്ധി ദൈവം ഓർക്കാതെ എനിക്കു തന്നുപോയി! അധികമുള്ള ആ ബുദ്ധി ആർക്കാണു ഞാൻ കൊടുക്കുക? നിത്യമെന്നോണം നിങ്ങളെല്ലാവരും എന്നെ പഴി പറഞ്ഞുകൊണ്ടിരുന്നു: തന്റേടി, നാണം കെട്ടവൾ! പരുഷമായ വാക്കുകൾ ബലം കെട്ടവന്റെ ശരണമാണ്‌; അങ്ങു പറഞ്ഞതെല്ലാം ഞാൻ മാപ്പാക്കിയിരിക്കുന്നു.

വീട്ടുപണികൾക്കു പുറമേ നിങ്ങൾ ആർക്കും അറിയാത്ത മറ്റൊന്നുകൂടി ഞാൻ ചെയ്തിരുന്നു. ഞാൻ രഹസ്യമായി കവിതകൾ എഴുതിയിരുന്നു. അതിനി എത്ര ചവറായിക്കോട്ടെ, അതിലെങ്കിലും ഞാൻ നടുമുറ്റത്തിന്റെ അതിരുകൾക്കു പുറത്തായിരുന്നു. എന്റെ കവിതയിൽ ഞാൻ സ്വതന്ത്രയായിരുന്നു, ഞാൻ ഞാനായിരുന്നു. രണ്ടാമത്തെ മരുമകൾ എന്ന നിലയല്ലാതെ മറ്റെന്തെങ്കിലും എന്നിലുണ്ടായിരുന്നെങ്കിൽ നിങ്ങൾക്കതിഷ്ടമായിരുന്നില്ല, നിങ്ങളതു കണ്ട മട്ടു നടിച്ചതുമില്ല. ഈ പതിനഞ്ചു കൊല്ലമായിട്ടും ഞാൻ കവിത എഴുതിയിരുന്ന കാര്യം നിങ്ങളാരും കണ്ടുപിടിച്ചില്ലല്ലോ!

അങ്ങയുടെ വീടിനെക്കുറിച്ച് എനിക്കുള്ള ഓർമ്മകളിൽ ആദ്യം മനസ്സിൽ വരുന്നതൊന്ന് ആ തൊഴുത്തിന്റെ കാര്യമാണ്‌. അകത്തെ മുറികളിലേക്കു പോകാനുള്ള കോണിപ്പടിയ്ക്കടുത്തുള്ള ഒരു ചായ്പിലാണല്ലോ പശുക്കളെ കെട്ടിയിരുന്നത്. മുന്നിലെ കൊച്ചുമുറ്റത്തല്ലാതെ അവയ്ക്കു മറ്റെങ്ങോട്ടും പോകാനുമില്ല. മണ്ണുകൊണ്ടുള്ള ഒരു പുല്ലുവട്ടി മുറ്റത്തിന്റെ ഒരു കോണിലുണ്ടായിരുന്നു. വേലക്കാർക്ക് കാലത്ത് മറ്റു പണികളുണ്ടായിരിക്കും; വിശന്നുനില്ക്കുന്ന പശുക്കൾ പുല്ലുവട്ടിയുടെ വക്കുകൾ നക്കിയും കാർന്നുതിന്നും നില്ക്കും. അതു കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു. ഞാൻ നാട്ടുമ്പുറത്തുകാരി പെണ്ണാണ്‌- ആ രണ്ടു പശുക്കളും മൂന്നു കുട്ടികളുമാണ്‌ നഗരത്തിൽ എനിക്കാകെയുള്ള കൂട്ടുകാർ എന്നെനിക്കു തോന്നി. ആദ്യമൊക്കെ എന്റെ ആഹാരം ആരും കാണാതെ ഞാൻ അവയ്ക്കു വച്ചുകൊടുത്തിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ബന്ധുക്കളും പരിചയക്കാരും എന്റെയും വീട്ടുകാരുടേയും ജാതിയെക്കുറിച്ചു സംശയം പറയാൻ തുടങ്ങി.

എനിക്കൊരു മകൾ ജനിച്ചു-അവൾ മരിച്ചുപോവുകയും ചെയ്തു. കൂടെച്ചെല്ലാൻ അവൾ എന്നെയും വിളിച്ചിരുന്നു. ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്റെ ജീവിതത്തിന്‌ അതെന്തെങ്കിലും അർത്ഥം നല്കിയേനെ. രണ്ടാമത്തെ മരുമകൾ എന്നെ നിലയിൽ നിന്ന് ഞാനൊരു അമ്മയാകുമായിരുന്നു. ഒരേയൊരു കുഞ്ഞിന്റെ അമ്മയാണെങ്കിലും എനിക്കീ പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയാകാമായിരുന്നു. അമ്മയാകുന്നതിന്റെ ദുഃഖമാണ്‌ എനിക്കു കിട്ടിയത്, അതിന്റെ സ്വാതന്ത്ര്യമല്ല.

അകത്തെ മുറികളിലേക്കു കടന്നുവന്ന ഇംഗ്ലീഷ് ഡോക്ടറുടെ മുഖത്തെ അത്ഭുതം ഞാനോർക്കുന്നു. പ്രസവമുറി കണ്ടപ്പോൾ ഡോക്ടർക്കാകെ വെറി പിടിച്ചു; അയാൾ എല്ലാവരെയും കണക്കിനു പറഞ്ഞു. വീട്ടിനു മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്; പുറത്തെ മുറികൾ വേണ്ടതെല്ലാം കൊണ്ടൊരുക്കിയതുമാണ്‌. ഉള്ളിലെ മുറികൾ നേരേ മറിച്ച്, ഒരു പരവതാനിയുടെ മറുവശം പോലെയാണ്‌: ഒരു ചേലുമില്ല, ഭംഗിയുമില്ല. വിളക്കുകൾ മുനിഞ്ഞുകത്തുകയാവും, കാറ്റു വരുന്നത് കള്ളനെപ്പോലെയായിരിക്കും, ചപ്പുചവറുകൾ കൂടിക്കിടക്കുന്നുണ്ടായിരിക്കും. ചുമരുകളിലെ പാടുകൾ മായ്ച്ചാലും മായാതെ കിടക്കും. എന്നാൽ ഡോക്ടർക്ക് ഒരു കാര്യത്തിൽ തെറ്റു പറ്റി: ഈ അവഗണന ഞങ്ങളെ സങ്കടപ്പെടുത്തുമെന്നാണ്‌ അയാൾ കരുതിയത്. അതല്ല വാസ്തവം; അവഗണന ചാരക്കൂന പോലെയാണ്‌- പുറത്തറിയാത്ത ചൂടുമായി ഒരു കനൽത്തരി അതിനുള്ളിൽ പുതഞ്ഞുകിടപ്പുണ്ടായിരിക്കും. ആത്മാഭിമാനം ഇല്ലാതായിക്കഴിഞ്ഞാൽ തന്നോടു കാണിക്കുന്ന അവഗണനയിൽ അനീതി തോന്നാതെയാകും. അപ്പോൾപ്പിന്നെ സങ്കടവുമില്ല. അതുകൊണ്ടാണ്‌ സങ്കടം വരുന്നത് നാണക്കേടായി സ്ത്രീകൾക്കു തോന്നുന്നത്. അതിനാൽ എനിക്കു പറയാനുള്ളത് ഇതാണ്‌: സ്ത്രീ യാതന അനുഭവിക്കണം എന്ന വിധത്തിലാണ്‌ നിങ്ങളുടെ വ്യവസ്ഥിതി ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അവരോട് അവഗണനയോടെ പെരുമാറുന്നതായിരിക്കും ഭേദം; ശ്രദ്ധയും സ്നേഹവുമൊക്കെ കൊടുത്താൽ അവരുടെ യാതന കൂടുകയേയുള്ളു.

നിങ്ങൾക്കെന്നോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നാലും എന്റെ സങ്കടങ്ങൾ എന്റെ മനസ്സിൽ പോലും വന്നിരുന്നില്ല. ഞാൻ പ്രസവിക്കാൻ കിടക്കുമ്പോൾ മരണം വന്ന് എന്റെ തലയ്ക്കൽ നിന്നിരുന്നു; എനിക്കൊരു പേടിയും തോന്നിയില്ല. മരണത്തെ പേടിക്കാനും മാത്രം ഞങ്ങൾക്കൊരു ജീവിതമുണ്ടായിരുന്നോ? സ്നേഹവും കരുതലും കൊണ്ട് ജീവിതബന്ധങ്ങൾ മുറുക്കിക്കെട്ടിയവർക്കേ മരണത്തിനു മുന്നിൽ ചൂളിപ്പിടിച്ചുനില്ക്കേണ്ടിവരുന്നുള്ളു. ആ ദിവസം യമദേവൻ എന്റെ ഹൃദയത്തിൽ പിടിച്ചുവലിച്ചിരുന്നെങ്കിൽ ഇളകിയ മണ്ണിൽ നിന്നൊരു പിടി പുല്ലു പോലെ വേരോടെ ഞാൻ ഞാൻ പറിഞ്ഞുപോകുമായിരുന്നു. ഞങ്ങൾക്ക് മരിക്കാൻ നാണക്കേടാണ്‌- മരണം അത്ര അനായാസമാണ്‌ ഞങ്ങൾക്ക്.

എന്റെ മകൾ ഒരു സാന്ധ്യനക്ഷത്രം പോലെ ഒരു നിമിഷത്തേക്ക് ഒന്നു മിന്നിനിന്നിട്ട് പിന്നെ അസ്തമിച്ചുകളഞ്ഞു. ഞാൻ വീട്ടുജോലികളിലേക്കും എന്റെ പശുക്കളിലേക്കും തിരിച്ചുപോയി. ഞാൻ നിത്യവും ചെയ്യുന്ന ചടങ്ങുകളിലൂടെ എന്റെ ജീവിതം പതിയെപ്പതിയെ അവസാനിക്കുമായിരുന്നു. എങ്കിൽ എനിക്കിന്ന് ഈ കത്തെഴുതേണ്ടിയും വരുമായിരുന്നില്ല. പക്ഷേ കാറ്റത്തൊരു വിത്തു പാറിവരുന്നു, വീടിന്റെ മട്ടുപ്പാവിൽ വീണടിയുന്നു, അവിടെ ഒരാൽമരത്തിന്റെ തൈ വേരുപിടിക്കുന്നു. ഒടുവിൽ തൈ വളർന്നുവളർന്ന് വീടിന്റെ ഇഷ്ടികക്കെട്ടിനെ തകർക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിന്റെ സുദൃഢമായ ഘടനയിൽ എവിടുന്നെന്നറിയാതെ ജീവന്റെ ഒരു തീപ്പൊരി വന്നുവീണു- പിന്നെ വിള്ളലുകൾ കണ്ടുതുടങ്ങി.

ദീദിയുടെ അനിയത്തി ബിന്ദു വിധവയായ അമ്മയുടെ മരണശേഷം ബന്ധുക്കളുടെ മോശം പെരുമാറ്റം സഹിക്കാൻ കഴിയാതെ അങ്ങയുടെ വീട്ടിൽ അഭയം തേടിവന്നു. അന്ന് നിങ്ങളുടെയെല്ലാം മനസ്സിൽ ഇതായിരുന്നു: ഈ ശല്യമെന്തിന്‌ നമ്മുടെ പടിക്കൽ വന്നു? എന്നാൽ എന്റെ ശപിക്കപ്പെട്ട പ്രകൃതം കാരണം എന്റെ ചിന്ത തിരിച്ചായിരുന്നു. നിങ്ങൾക്കെല്ലാം അവളോടു കോപമായിരുന്നപ്പോൾ എന്റെ ഹൃദയം അവളുടെ കൂടെയായിരുന്നു. മറ്റൊരു വീട്ടിൽ ക്ഷണിക്കാതെ ചെന്ന് അഭയം തേടുക- അതെന്തുമാത്രം അപമാനമാണെന്ന് അങ്ങയ്ക്കറിയാമോ? അങ്ങനെയൊരവസ്ഥ സ്വീകരിക്കേണ്ടിവന്ന ഒരാളെ നമുക്കു തള്ളിപ്പുറത്താക്കാമോ?

മൂത്ത നാത്തുന്റെ അവസ്ഥ അപ്പോഴാണ്‌ ഞാൻ കണ്ടത്. അങ്ങേയറ്റത്തെ ഹൃദയാലുത്വം കൊണ്ടാണ്‌ ദീദി തന്റെ അനിയത്തിയെ വീട്ടിൽ പാർപ്പിച്ചത്. എന്നാൽ തന്റെ ഭർത്താവിന്റെ നീരസം മനസ്സിലായ ഉടനേ തനിക്കും ബിന്ദു വല്ലാത്തൊരു ഭാരമാണെന്നും അവളെ പുറത്താക്കിയാൽ തനിക്കും വലിയ ആശ്വാസമായിരിക്കുമെന്നും അവർ നടിക്കാൻ തുടങ്ങി. തന്റെ അനാഥയായ സഹോദരിയോട് സ്നേഹം തുറന്നു പ്രകടിപ്പിക്കാൻ അവർക്കു പേടിയായിരുന്നു. ഭർത്താവിന്റെ അടിമയായിരുന്നു അവർ.

അവർ ഉള്ളിൽ എന്തുമാത്രം സംഘർഷം അനുഭവിക്കുന്നുണ്ടാവും എന്നോർത്ത് ഞാൻ ഉത്കണ്ഠപ്പെട്ടു. ബിന്ദുവിന്‌ എത്ര മോശം ആഹാരവും വസ്ത്രവുമാണ്‌ താൻ കൊടുക്കുന്നതെന്ന് മറ്റുള്ളവർ കാണണമെന്ന് അവർക്കുണ്ടായിരുന്നു. വെറുമൊരു വീട്ടുവേലക്കാരിയെപ്പോലെ അവളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതു കണ്ടപ്പോൾ എനിക്കു സങ്കടം മാത്രമല്ല, വല്ലാത്ത നാണക്കേടും തോന്നി. ജോലി ചെയ്യാൻ കാശുചെലവില്ലാതെ ഒരാളെക്കിട്ടിയെന്ന് വീട്ടുകാരെ മുഴുവൻ ബോധിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ദീദിക്ക്.

ദീദിയുടെ അച്ഛന്റെ കുടുംബത്തിന്‌ തറവാട്ടുപാരമ്പര്യമല്ലാതെ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല: പണമില്ല, മകൾക്കു സൗന്ദര്യവുമില്ല. അവർ അങ്ങയുടെ അച്ഛന്റെ കാല്ക്കൽ വീഴുകതന്നെയായിരുന്നു, ദീദിയെ അങ്ങയുടെ കുടുംബത്തിലേക്കെടുക്കാൻ യാചിക്കുകയായിരുന്നു- അതെല്ലാം അങ്ങയ്ക്കറിവുള്ളതാണല്ലോ. തന്റെ വിവാഹം അങ്ങയുടെ കുടുംബത്തിന്‌ എത്ര വലിയൊരു അപമാനമാണെന്ന് ദീദിക്കു തന്നെ അറിയാം. അതുകൊണ്ടാണ്‌ കഴിയുന്നത്ര ഉൾവലിയാൻ, ഒന്നിലും കയറി ഇടപെടാതിരിക്കാൻ അവർ നോക്കുന്നത്; ഈ വീട്ടിൽ വളരെക്കുറച്ചിടമേ അവർക്കു വേണ്ടൂ.

പക്ഷേ അവരുടെ അനുകരണീയമായ മാതൃക എനിക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കി. അവർ ചെയ്തതുപോലെ സ്വയം ചെറുതാകാൻ എനിക്കു കഴിഞ്ഞില്ല. നല്ലതെന്തെങ്കിലും കണ്ടാൽ അതു നല്ലതാണെന്നു ഞാൻ പറയും: അതാണെന്റെ പ്രകൃതം. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മറിച്ചുപറയുന്നത് എന്റെ ശീലമല്ല. അതങ്ങയ്ക്കു തന്നെ നന്നായിട്ടറിയാവുന്നതാണല്ലോ.

ബിന്ദുവിനെ ഞാൻ എന്റെ മുറിയിൽ താമസിപ്പിച്ചു. ബിന്ദു ഒരു പാവം പെണ്ണാണെന്നും ഞാൻ അവളെ ഓരോന്നു പറഞ്ഞ് തിരിപ്പിക്കാൻ നോക്കുകയാണെന്നും ദീദി പറഞ്ഞുനടന്നു. എന്റെ പ്രവൃത്തികൾ കുടുംബത്തെയാകെ അപകടത്തിൽ കൊണ്ടു ചാടിക്കുമെന്നായിരുന്നു അവരുടെ പരാതി. എന്നാൽ ഉള്ളിന്റെയുള്ളിൽ അവർക്കെന്തുമാത്രം ആശ്വാസം തോന്നുന്നുണ്ടാവുമെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു. ഇപ്പോൾ ഉത്തരവാദിത്വം എന്റേതായല്ലോ. തനിക്ക് തന്റെ അനിയത്തിയോടു കാണിക്കാൻ പറ്റാത്ത സ്നേഹം ഞാൻ കാണിക്കുന്നതു കാണുമ്പോൾ അവരുടെ ഹൃദയഭാരം കുറയുകയായിരുന്നു.

ബിന്ദുവിന്റെ പ്രായം ദീദി എപ്പോഴും രണ്ടോ മൂന്നോ കൊല്ലം കുറച്ചേ പറയാറുള്ളു; എന്നാലും അവൾക്ക് പതിന്നാലെങ്കിലും ആയിക്കാണും എന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. അവളെ കാണാൻ ഒരു ഭംഗിയുമില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. അവൾ തറയിൽ വീണ്‌ നെറ്റി പൊട്ടിച്ചാൽ ആളുകൾ ആദ്യം തറയ്ക്കെന്തെങ്കിലും പറ്റിയോ എന്നായിരിക്കും നോക്കുക. അച്ഛനും അമ്മയും മരിച്ചതിനാൽ അവളുടെ വിവാഹത്തിന്റെ കാര്യം നോക്കാൻ ആരുമുണ്ടായിരുന്നില്ല. പിന്നെ, ഇത്രയും അനാകർഷകയായ ഒരു പെണ്ണിന്റെ വിവാഹം നടത്തിക്കൊടുക്കാനും മാത്രം സ്വഭാവഗുണമുള്ള ആരാണുള്ളത്?

വലിയ പേടിയോടെയാണ്‌ ബിന്ദു എന്റെ മുറിയിലേക്കു വന്നത്. എന്നെ തൊടുന്നത് എനിക്കനിഷ്ടമാകുമോ എന്ന് അവൾ പേടിച്ചു. ഈ വലിയ ലോകത്തു വന്നുജനിക്കാൻ തനിക്ക് ഒരവകാശവുമില്ല എന്ന മട്ടായിരുന്നു അവൾക്ക്. അതിനാൽ അവൾ ആരുടെയും മുഖത്തു നോക്കിയിരുന്നില്ല; തല താഴ്ത്തിപ്പിടിച്ചാണ്‌ അവൾ കടന്നുപോയിരുന്നത്. ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടുതള്ളുന്ന ഒരു മൂലയാണ്‌ അച്ഛന്റെ വീട്ടിൽ അവൾക്കു താമസിക്കാൻ കിട്ടിയത്. വേണ്ടാത്ത വസ്തുക്കൾ എവിടെയെങ്കിലുമൊക്കെ കൂടിക്കിടക്കും; ആളുകൾക്ക് അതോർമ്മതന്നെയുണ്ടാവില്ല. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യജീവിയെ ആർക്കും വേണ്ടെന്നു മാത്രമല്ല, അവൾ അവിടെ ഉള്ള കാലത്തോളം അവളെ ഓർമ്മയിൽ നിന്നു കളയാനും പറ്റില്ല.  തൊഴുത്തിൽ പോലും അവൾക്കൊരിടം കിട്ടില്ല.

അതിനാൽ ബിന്ദുവിനെ ഞാൻ എന്റെ മുറിയിലേക്കു ക്ഷണിച്ചപ്പോൾ അവൾ പേടികൊണ്ടു വിറയ്ക്കാൻ തുടങ്ങി. അവളുടെ പേടി കണ്ടപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി. എന്റെ മുറിയിൽ അവൾക്കും അല്പമൊരിടം ഉണ്ടാവുമെന്ന് ഞാൻ അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി.

എന്നാൽ എന്റെ മുറി എന്റേതു മാത്രമായിരുന്നില്ല. അതിനാൽ എന്റെ ദൗത്യം അത്ര എളുപ്പവുമായിരുന്നില്ല. അവൾ എന്റെ കൂടെ താമസമാക്കി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ദേഹത്ത് ചുവന്ന നിറത്തിൽ ചില തിണർപ്പുകൾ കണ്ടുതുടങ്ങി. അത് വിയർപ്പുകുരുവോ അങ്ങനെയെന്തെങ്കിലുമോ ആയിരിക്കാം; എന്നാൽ അത് വസൂരിയാണെന്ന് നിങ്ങളെല്ലാവരും കൂടി നിശ്ചയിച്ചു; കാരണം, ബിന്ദുവിനാണല്ലോ അതു വന്നിരിക്കുന്നത്. ഒരു നാട്ടുവൈദ്യൻ വന്ന് അവളെ പരിശോധിച്ചിട്ട് നാലഞ്ചു ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുള്ളു എന്നു വിധിച്ചു. എന്നാൽ അത്രയും ദിവസം കാത്തിരിക്കാൻ ആർക്കാണു ക്ഷമ? തന്റെ രോഗത്തെ ഓർത്തുള്ള നാണക്കേടു കൊണ്ടുതന്നെ ബിന്ദു അർദ്ധപ്രാണയായിരുന്നു. അതിനി വസൂരി ആയാലും ഞാൻ കണക്കാക്കുന്നില്ല, ഞാൻ പറഞ്ഞു. അവളുടെയൊപ്പം ഞാനിരുന്നോളാം, വേറേയാരും ഒന്നും ചെയ്യേണ്ടിവരില്ല. ഇതു കേട്ടയുടനേ നിങ്ങളെല്ലാവരും എത്ര ദേഷ്യത്തോടെയാണ്‌ എന്നെ നോക്കിയത്! നിങ്ങളെന്നെ ദേഹോപദ്രവം ചെയ്യുമെന്നുപോലും ഞാൻ ഭയന്നു. ദീദി വല്ലാത്ത അറപ്പു കാണിച്ചുകൊണ്ട് (അത് എല്ലാവരെയും കാണിക്കാൻ വേണ്ടിയായിരുന്നു) ബിന്ദുവിനെ ആശുപത്രിയിലേക്കയക്കാമെന്നു നിർദ്ദേശിച്ചു. എന്നാൽ അതിന്റെ ആവശ്യം വേണ്ടിവന്നില്ല. ബിന്ദുവിന്റെ ദേഹത്തെ തിണർപ്പുകൾ പെട്ടെന്ന് പൂർണ്ണമായി മാറി. അതുപക്ഷേ, എല്ലാവർക്കും കൂടുതൽ ഉത്കണ്ഠയാണുണ്ടാക്കിയത്. വസൂരി തന്നെയാണ്‌, അതിപ്പോൾ ഉള്ളിലേക്കിറങ്ങിയതാണെന്നായി നിങ്ങൾ. എന്തായാലും ബിന്ദുവിനാണല്ലോ അത് വന്നിരിക്കുന്നത്!

അവഗണിക്കപ്പെട്ടും സ്നേഹം കിട്ടാതെയും വളരുന്നതുകൊണ്ട് ഒരു ഗുണമുണ്ട്: ശരീരത്തിനു പ്രായമേശുന്നില്ല, അത് ചിരഞ്ജീവിയാവുകയാണ്‌. രോഗം വന്നാലും തങ്ങുന്നില്ല; മരണത്തിലേക്കുള്ള രാജപാതകൾ അടഞ്ഞുപോവുകയാണ്‌. രോഗം അവളെ നോക്കി ഒന്നു കൊഞ്ഞനം കാണിച്ചിട്ട് മടങ്ങിപ്പോവുകയായിരുന്നു. പക്ഷേ ഒരു കാര്യം എനിക്കു വ്യക്തമായി: ലോകത്തെ ഏറ്റവും നികൃഷ്ടരായവരെ സഹായിക്കാൻ നോക്കുക ഏറ്റവും ദുഷ്കരമായ കാര്യമാണ്‌. കൂടുതൽ സഹായം വേണ്ടവർക്ക് അതു കിട്ടാനുള്ള തടസ്സങ്ങളും അത്ര കൂടുതലായിരിക്കും.

ബിന്ദുവിന്‌ എന്നോടുള്ള പേടി കുറഞ്ഞുവന്നതോടെ മറ്റൊരു പ്രശ്നം ഉടലെടുത്തു. എനിക്കു പേടി തോന്നുന്നത്ര അളവിൽ അവൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സ്നേഹത്തിന്റെ ഇത്രയും മൂർത്തമായ ഒരു രൂപം എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ശരിയാണ്‌, ഉത്കടമായ സ്നേഹത്തെക്കുറിച്ച് പുസ്തകങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്; അതുപക്ഷേ, ആണും പെണ്ണും തമ്മിലുള്ളതായിരുന്നു. എനിക്കു സൗന്ദര്യമുണ്ടെന്നോർക്കാനുള്ള അവസരം കുറേ വർഷങ്ങളായി എനിക്കുണ്ടായിട്ടില്ല; ആ വിസ്മൃതസൗന്ദര്യമാണ്‌ ഇപ്പോൾ അനാകർഷകയായ ഈ പെൺകുട്ടിയുടെ ആരാധനയ്ക്കു പാത്രമായിരിക്കുന്നത്. അവൾ എന്നെ ഇങ്ങനെ ഉറ്റുനോക്കി ഇരിക്കും; എന്നിട്ടു പരയും, “ദീദീ, ദീദിയുടെ ഈ മുഖം ഞാനല്ലാതെ ആരും കണ്ടിട്ടില്ല.” ഞാൻ സ്വയം മുടി പിന്നിയാൽ അവളുടെ മുഖം വാടും. എന്റെ മുടിയിൽ തൊടാനും പലരീതിയിൽ പിന്നിയിടാനും അവൾക്കു വലിയ ഇഷ്ടമായിരുന്നു. വല്ലപ്പോഴും പുറത്തുപോകാനല്ലാതെ എനിക്ക് ഉടുത്തൊരുങ്ങേണ്ട ആവശ്യം വരാറില്ല. എന്നാൽ ബിന്ദു എന്നും എന്നെ ഓരോരോ വേഷം ധരിപ്പിക്കും, ആഭരണങ്ങൾ മാറ്റിമാറ്റിയിടും. അവൾ എന്റെ ആകർഷണവലയത്തിൽ പെട്ടപോലെയായിരുന്നു.

വീട്ടുമുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ഒഴിഞ്ഞുകിടപ്പില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. എന്നാലും വലതുഭാഗത്തെ ചുമരിനോടു ചേർന്ന്, ഓവുചാലിനടുത്തായി, ഒരു മാംഗോസ്റ്റീൻ മരം എങ്ങനെയോ വേരു പിടിച്ചിരുന്നു. അതിൽ തളിരിലകൾ ചുവന്നുതുടുത്തുനില്ക്കുന്നതു കണ്ടാൽ എനിക്കറിയാം, വസന്തകാലമായിരിക്കുന്നുവെന്ന്. സ്നേഹമറിയാത്ത ആ പെൺകുട്ടിയുടെ മുഖം തുടുത്തുകണ്ട ദിവസം എനിക്കു മനസ്സിലായി, അവളുടെ ഹൃദയത്തെയും വസന്തത്തിന്റെ ഇളംതെന്നൽ തഴുകിപ്പോയിരിക്കുന്നുവെന്ന്. അതുപക്ഷേ, ഒരു വിദൂരസ്വർഗ്ഗത്തു നിന്നു വീശിവന്നതായിരുന്നു, ഏതെങ്കിലും ഇടത്തെരുവിന്റെ മൂലയിൽ നിന്നല്ല.

ബിന്ദുവിന്റെ സ്നേഹത്തിന്റെ തീക്ഷ്ണത ചിലപ്പോഴൊക്കെ എനിക്കസഹ്യമായിത്തോന്നിയിരുന്നു. ഇടയ്ക്കൊക്കെ ഞാനവളോടു തട്ടിക്കയറിയിരുന്നുവെന്നും സമ്മതിക്കുന്നു. എന്നാൽ അവളുടെ സ്നേഹത്തിലൂടെ ഞാൻ ഇതുവരെ കാണാത്ത എന്റെ മറ്റൊരു വശം ഞാൻ കാണാൻ തുടങ്ങി; അതെന്റെ യഥാർത്ഥസത്തയായിരുന്നു, സ്വതന്ത്രസത്തയായിരുന്നു.

ഇതേ സമയം, ബിന്ദുവിനെപ്പോലുള്ള ഒരു പെൺകുട്ടിയോട് ഞാൻ കാണിക്കുന്ന കരുതലും സ്നേഹവും ഔചിത്യത്തിന്റെ അതിരുകൾ കടക്കുന്നതായി നിങ്ങൾക്കെല്ലാവർക്കും തോന്നലുണ്ടായി. അതിന്റെ പേരിലുള്ള ശാസനകൾക്കും വഴക്കുകൾക്കും ഒട്ടും കുറവുണ്ടായില്ല. ഒരിക്കൽ എന്റെയൊരു കൈവള കാണാതായപ്പോൾ അതിൽ ബിന്ദുവിനെ സംശയിക്കാൻ അങ്ങയ്ക്ക് ഒരു ലജ്ജയും തോന്നിയില്ല. സ്വദേശിപ്രസ്ഥാനത്തിന്റെ കാലത്ത് പോലീസുകാർ വീടുകൾ കയറിയിറങ്ങി പരിശോധിക്കുമ്പോൾ ബിന്ദു അവർക്കു വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് എത്ര പെട്ടെന്നാണ്‌ അങ്ങ് നിഗമനത്തിലെത്തിയത്! അതിന്‌ മറ്റൊരു തെളിവും വേണ്ട: അവൾ ബിന്ദുവാണല്ലോ.

അവൾക്കു വേണ്ടി എത്ര ചെറിയ ഒരു കാര്യം ചെയ്യുന്നതിനു പോലും അങ്ങയുടെ വീട്ടിലെ വേലക്കാരികൾക്ക് വൈമനസ്യമായിരുന്നു. അതിനാൽ ബിന്ദുവിനു വേണ്ടി ഞാൻ തന്നെ ശമ്പളം കൊടുത്ത് ഒരു വേലക്കാരിയെ ഏർപ്പാടാക്കി. നിങ്ങൾക്കാർക്കും അതിഷ്ടമായില്ല. അവൾക്കു ഞാൻ എടുത്തുകൊടുക്കുന്ന തുണികൾ കണ്ടപ്പോൾ അങ്ങയ്ക്കു ദേഷ്യമായി; എനിക്കു ചെലവിനു തരാറുള്ള തുക പോലും അങ്ങു വെട്ടിക്കുറച്ചു. പിറ്റേന്നു മുതൽ ഞാൻ വില കുറഞ്ഞ പരുക്കൻ കോട്ടൺ സാരി ഉടുക്കാൻ തുടങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് വേലക്കാരി പ്ലേറ്റെടുക്കാൻ വന്നപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. മിച്ചം വന്ന ചോറ്‌ പശുക്കുട്ടിക്കു കൊടുത്തിട്ട് മുറ്റത്തെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് ഞാൻ തന്നെ പ്ലേറ്റു കഴുകിവച്ചു. ആ കാഴ്ച അങ്ങയ്ക്കു ഹിതകരമായിരുന്നില്ല. കാര്യങ്ങൾ നടന്നുപോകുന്നതിന്‌ എന്റെ സന്തോഷം പ്രശ്നമല്ല, എന്നാൽ നിങ്ങളുടെയൊക്കെ സന്തോഷം ഉണ്ടായാലേ അതൊക്കെ നടക്കൂ എന്ന പാഠം പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.

വീട്ടുകാരുടെ ദേഷ്യം കൂടിവരുന്ന തോതിൽ ബിന്ദുവിന്റെ പ്രായവും കൂടിവരികയായിരുന്നു. വളരെ സ്വാഭാവികമായ ആ വളർച്ച നിങ്ങളെയെല്ലാം വളരെ അസ്വാഭാവികമായ അളവിൽ ഇളക്കിമറിച്ചു. ഒരു കാര്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി: എന്തുകൊണ്ട് നിങ്ങൾ അവളെ വീട്ടിൽ നിന്നിറക്കിവിട്ടില്ല? അതിന്റെ കാര്യം ഇപ്പോഴെനിക്കു മനസ്സിലാകുന്നുണ്ട്: ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം എന്നെ പേടിയായിരുന്നു. ദൈവം എനിക്കു നല്കിയ ബുദ്ധിയോട് ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം ബഹുമാനമായിരുന്നു.

അവളെ ഇറക്കിവിടാൻ തങ്ങൾക്കു കഴിവില്ലെന്നു വന്നപ്പോൾ അവർ മറ്റൊരു പരിഹാരം കണ്ടെത്തി- ബിന്ദുവിനെ വിവാഹം ചെയ്തയക്കുക. അങ്ങനെ അവൾക്കു വേണ്ടി ഒരു വരനേയും കണ്ടെത്തി. ദീദി പറഞ്ഞു, “സമാധാനമായി! കാളീ മാ വീടിന്റെ മാനം കാത്തു!”

വരൻ എങ്ങനെയുള്ളയാളാണെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാം കൊണ്ടും അവൾക്കു ചേരുമെന്ന് എല്ലാവരും പറഞ്ഞു. ബിന്ദു എന്റെ കാല്ക്കൽ വന്നിരുന്നു കരഞ്ഞു, “ദീദീ, എന്തിനാണെന്നെ കല്യാണം കഴിപ്പിക്കുന്നത്?”

ഞാൻ അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. “ബിന്ദൂ, എന്തിനാ പേടിക്കുന്നത്? നിന്നെ കെട്ടാൻ പോകുന്നയാൾ നല്ലയാളാണെന്നാണ്‌ ഞാൻ കേട്ടത്.”

ബിന്ദു പറഞ്ഞു, “പക്ഷേ അയാൾ നല്ലയാളാണെങ്കിൽ എന്നെ ഇഷ്ടപ്പെടാൻ എനിക്കെന്താണുള്ളത്?”

വരന്റെ ആളുകൾക്ക് ബിന്ദുവിനെ കാണണമെന്നുതന്നെ ഉണ്ടായിരുന്നില്ല. ദീദിയ്ക്ക് അതു വലിയ ആശ്വാസമായി.

എന്നാൽ ബിന്ദു രാത്രിയും പകലും കരച്ചിൽ തന്നെയായിരുന്നു. അവൾ എന്തുമാത്രം വിഷമം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. വീട്ടിൽ അവൾക്കു വേണ്ടി കുറേ യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവളുടെ വിവാഹം നടത്തരുതെന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അതു പറയാൻ എന്തവകാശമാണ്‌ എനിക്കുള്ളത്? ഞാൻ മരിച്ചുപോയാൽ അവളുടെ കാര്യം എന്തായിരിക്കും?

ഒന്നാമതേ, അവളൊരു പെണ്ണാണ്‌, അതിന്റെ കൂടെ തൊലി കറുത്തവളും. എങ്ങനെയുള്ള വീട്ടിലേക്കാണ്‌ അവൾ പോകുന്നത്, അവിടെ അവളുടെ അവസ്ഥ എന്തായിരിക്കും - അക്കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതാവും ഭേദം. അങ്ങനെയുള്ള ചിന്തകളിലേക്കു മനസ്സു തിരിയുമ്പോൾ എന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങും.

ബിന്ദു പറഞ്ഞു, “ദീദീ, കല്യാണത്തിനിനി അഞ്ചു ദിവസമേയുള്ളു. അതിനുള്ളിൽ ഞാൻ മരിക്കില്ലേ?”

ഞാൻ അവളെ നല്ലവണ്ണം ശാസിച്ചു.  എന്നാൽ ഏതെങ്കിലും വിധത്തിൽ അവൾക്കു മരണം സംഭവിച്ചാൽ എന്റെ മനസ്സിനു സമാധാനമായിരിക്കുമെന്ന് ദൈവത്തിനറിയാം.

വിവാഹത്തിന്റന്നു കാലത്ത് ബിന്ദു അവളുടെ ചേച്ചിയോടു ചെന്നപേക്ഷിച്ചു, “ചേച്ചീ, ഞാൻ ഇവിടുത്തെ തൊഴുത്തിൽ കിടന്നോളാം, പറയുന്നതെന്തും ചെയ്തോളാം, എന്നെ ഇങ്ങനെ ഒഴിവാക്കരുതേ.”

ദീദി കണ്ണു തുടയ്ക്കുന്നത് ഈയടുത്തകാലത്തു പലപ്പോഴും ഞാൻ കാണാറുണ്ട്. ഇപ്പോഴും അവരുടെ കണ്ണു നിറഞ്ഞൊഴുകി. എന്നാൽ ഹൃദയം മാത്രം കൊണ്ടായില്ലല്ലോ; ശാസ്ത്രം നോക്കേണ്ടേ. അവർ പറഞ്ഞു, “ബിന്ദൂ, എനിക്കറിയാം മോളേ, ഒരു പെണ്ണിന്‌ ഭർത്താവാണ്‌ അവളുടെ വിധി, അവളുടെ സ്വാതന്ത്ര്യം, അവളുടെ എല്ലാം. ദുഃഖമാണ്‌ നിന്റെ തലയിലെഴുത്തെങ്കിൽ അതാർക്കും മായ്ക്കാനും പറ്റില്ല.”

സന്ദേശം വ്യക്തമായിരുന്നു: മറ്റൊരു വഴി ഇല്ല. ബിന്ദുവിന്‌ വിവാഹം കഴിക്കാതെ പറ്റില്ല. പിന്നെ നടക്കാനുള്ളത് നടക്കാനുള്ളപോലെ നടക്കും.

വിവാഹം നമ്മുടെ വീട്ടിൽ വച്ചു നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ വരന്റെ വീട്ടിൽ വച്ചു മതിയെന്ന് നിങ്ങളെല്ലാവരും നിർബ്ബന്ധം പിടിച്ചു; ആ കുടുംബത്തിൽ അങ്ങനെയാണത്രെ.

എനിക്കു പക്ഷേ, കാര്യം മനസ്സിലായി. ബിന്ദുവിന്റെ വിവാഹത്തിനു വേണ്ടി പണം ചിലവാകുന്നത് നിങ്ങളുടെ കുടുംബദൈവങ്ങൾക്കു സഹിക്കില്ല. അതിനാൽ എനിക്കു മിണ്ടാതിരിക്കേണ്ടിവന്നു. എന്നാൽ നിങ്ങളാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എനിക്കു ദീദിയോടു പറയണമെന്നുണ്ടായിരുന്നു; പക്ഷേ അവർ പേടിച്ചു മരിച്ചുപോകും. ഞാൻ എന്റെ ആഭരണങ്ങളിൽ കുറച്ചെടുത്ത് ബിന്ദുവിനെ അണിയിച്ചു. ദീദി അതു തീർച്ചയായും കണ്ടിട്ടുണ്ടായിരിക്കണം; കണ്ടിട്ടും കണ്ട മട്ടു നടിക്കാത്തതായിരിക്കും.  ദയവു ചെയ്ത് അതിനവരെ കുറ്റപ്പെടുത്തരുതേ.

ഇറങ്ങാൻ സമയത്ത് ബിന്ദു എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ദീദീ, എല്ലാവരും കൂടി എന്നെ വേണ്ടെന്നു വയ്ക്കുകയാണല്ലേ?”

ഞാൻ പറഞ്ഞു, “ഇല്ല ബിന്ദൂ, നിനക്കെന്തു സംഭവിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും.”

മൂന്നു ദിവസം കഴിഞ്ഞു. ഏതോ കുടിയാൻ വീട്ടിലേക്ക് ഒരാടിനെ തന്നിരുന്നു; ഞാനതിനെ നിങ്ങളുടെ ജഠരാഗ്നിയിൽ നിന്നു രക്ഷിച്ച് വീടിന്റെ താഴത്തെ നിലയിൽ കരി സൂക്ഷിക്കുന്ന ചായ്പിന്റെ മൂലയ്ക്കു കെട്ടിയിട്ടു വളർത്തുകയായിരുന്നു.കാലത്തുണർന്നാൽ ഞാൻ ആദ്യം ചെയ്യുക അതിനെന്തെങ്കിലും തീറ്റ കൊടുക്കുക എന്നതാണ്‌. ആദ്യം ഞാൻ വീട്ടിലെ വേലക്കാരെയാണ്‌ അതിനാശ്രയിച്ചിരുന്നത്; എന്നാൽ അതിനു തീറ്റ കൊടുക്കുന്നതിനേക്കാൾ അതിനെ തീറ്റയാക്കുന്നതിലാണ്‌ അവർക്കു കൂടുതൽ താല്പര്യമെന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി. അന്നു കാലത്ത് ചായ്പിൽ ചെന്നപ്പോൾ ഞാൻ കാണുന്നത് ബിന്ദു ഒരു മൂലയ്ക്കു ചടഞ്ഞുകൂടി ഇരിക്കുന്നതാണ്‌. എന്നെ കണ്ടപ്പോൾ അവൾ ഓടിവന്ന് എന്റെ കാല്ക്കൽ വീണു കരയാൻ തുടങ്ങി.

ബിന്ദുവിന്റെ ഭർത്താവിനു ഭ്രാന്താണ്‌.

“സത്യമാണോ, ബിന്ദൂ?”

“ദീദിയോടു ഞാൻ കള്ളം പറയുമോ? അയാൾക്കു ഭ്രാന്താണ്‌. ഭർത്താവിന്റെ അച്ഛന്‌ ഈ വിവാഹത്തിനു സമ്മതമായിരുന്നില്ല; എന്നാൽ അയാൾക്കു ഭാര്യയെ കാലനെപ്പോലെ പേടിയാണ്‌. കല്യാണത്തിനു മുമ്പേ അയാൾ കാശിക്കു പോയി. മകനെ കല്യാണം കഴിപ്പിക്കണമെന്ന് എന്റെ അമ്മായിയമ്മയ്ക്കു നിർബ്ബന്ധമായിരുന്നു.”

ഞാൻ ആ കല്ക്കരിക്കൂനയ്ക്കു മുകളിൽ ഇരുന്നുപോയി. സ്ത്രീയ്ക്ക് സ്ത്രീയോടു കരുണയില്ല. “അവൾ പെണ്ണിൽ കവിഞ്ഞൊന്നുമല്ലല്ലോ? ചെറുക്കനു ഭ്രാന്താണെങ്കിലെന്താ, അവനൊരാണല്ലേ?” അതാണവരുടെ ന്യായം.

ബിന്ദുവിന്റെ ഭർത്താവിനെ കണ്ടാൽ ഭ്രാന്തുണ്ടെന്നു തോന്നില്ല. എന്നാൽ അങ്ങനെയിരിക്കെ അയാൾക്കു ഭ്രാന്തിളകും, അപ്പോൾ അയാളെ മുറിയിൽ പൂട്ടിയിടേണ്ടിവരും. കല്യണത്തിന്റന്നു രാത്രിയിൽ കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ പിറ്റേന്ന്, തലേന്നത്തെ തിരക്കും ഉറക്കമൊഴിച്ചിലുമൊക്കെക്കാരണമാവാം, അയാളുടെ മനസ്സാകെ ഇളകി. ബിന്ദു ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഇരിക്കുകയായിരുന്നു; അയാൾ വന്ന് പിത്തളപ്പാത്രവും ചോറുമെല്ലാം കൂടിയെടുത്ത് മുറ്റത്തേക്കെറിഞ്ഞു. ബിന്ദു റാണി രാസമണിയാണെന്നൊരു ചിന്ത എങ്ങനെയോ അയാളുടെ തലയിൽ കടന്നുകൂടിയിരുന്നു; വേലക്കാരി  സ്വർണ്ണത്തളിക ഒളിപ്പിച്ചുവച്ചിട്ട് തന്റെ പിത്തളപ്പാത്രത്തിൽ അവൾക്ക് ആഹാരം കൊടുത്തിരിക്കുകയാണ്‌! അതാണ്‌ അയാളുടെ കോപത്തിനു കാരണം! ബിന്ദുവിന്റെ പ്രാണൻ പാതി പോയി. മൂന്നാമത്തെ ദിവസം ഭർത്താവിന്റെ മുറിയിൽ ചെന്നുകിടക്കാൻ അമ്മായിയമ്മ കല്പിച്ചപ്പോൾ നെഞ്ചിനുള്ളിൽ അവളുടെ ഹൃദയം തണുത്തുറഞ്ഞു. ബിന്ദുവിന്റെ അമ്മായിയമ്മ ആളൊരു ഭയങ്കരിയായിരുന്നു; കോപം വന്നാൽ അവരുടെ മട്ടാകെ മാറും. അവർക്കും വട്ടായിരുന്നു; എന്നാൽ മുഴുവട്ടല്ലാത്തതിനാൽ അത്രയ്ക്കത് അപകടകാരിയുമായിരുന്നു. ബിന്ദുവിന്‌ ഭർത്താവിന്റെ മുറിയിലേക്കു പോകേണ്ടിവന്നു. അന്നു രാത്രിയിൽ അയാൾക്ക് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാൽ പേടി കൊണ്ട് ബിന്ദു കല്ലുപോലെ മരവിച്ചുപോയി. രാത്രി കുറേ ആയി ഭർത്താവ് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ അവിടെ നിന്നു രക്ഷപ്പെട്ടു. അതിനെക്കുറിച്ചു വിശദീകരിക്കണമെന്നില്ലല്ലോ.

ദേഷ്യവും വെറുപ്പും കൊണ്ട് ഞാൻ നിന്നെരിഞ്ഞു. ഞാൻ പറഞ്ഞു, “ഇങ്ങനെയൊരു ചതി വെച്ചു ചെയ്ത വിവാഹം വിവാഹമേയല്ല. ബിന്ദൂ, നീയിനി മുമ്പത്തെപ്പോലെ എന്റെകൂടെ നിന്നാൽ മതി. ആരാണ്‌ നിന്നെ ഇറക്കിവിടാൻ പോകുന്നതെന്നു കാണട്ടെ.”

നിങ്ങളെല്ലാം ഏകസ്വരത്തിൽ പറഞ്ഞു, “ബിന്ദു കള്ളം പറയുകയാണ്‌.”

ഞാൻ പറഞ്ഞു, “അവൾ ജീവിതത്തിൽ ഇന്നേവരെ കള്ളം പറഞ്ഞിട്ടില്ല.”

നിങ്ങളെല്ലാവരും പറഞ്ഞു, “അതു നിനക്കെങ്ങനെ അറിയാം?”

ഞാൻ പറഞ്ഞു, “അതിലെനിക്ക് ഒരു സംശയവുമില്ല.”

എല്ലാവരും കൂടി എന്നെ പേടിപ്പിക്കാൻ നോക്കി, “ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ കേസു കൊടുത്താൽ നീ കുഴപ്പത്തിലാകും.”

ഞാൻ പറഞ്ഞു, “ചതിയിലൂടെയല്ലേ അവർ ബിന്ദുവിനെ ഒരു ഭ്രാന്തനെക്കൊണ്ടു കെട്ടിച്ചത്? അത് കോടതി തള്ളിക്കളയുമോ?”

“അപ്പോൾ ഇതിന്റെ പേരിൽ ഞങ്ങളും കോടതി കയറേണ്ടി വരുമോ? ഞങ്ങളെന്തു പിഴച്ചു?” എന്നായി നിങ്ങൾ.

ഞാൻ പറഞ്ഞു, “ഞാൻ എന്റെ സ്വർണ്ണം വിറ്റ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നത് ചെയ്യാൻ പോകുന്നു.”

നിങ്ങൾ ചോദിച്ചു, “നീയപ്പോൾ വക്കീലിനെ കാണാൻ പോവുകയാണോ?”

അതിനെനിക്ക് മറുപടി ഇല്ലായിരുന്നു. നെറ്റിയിൽ കൈ കൊണ്ടടിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല. ഇതിനിടെ ബിന്ദുവിന്റെ ഭർത്താവിന്റെ സഹോദരൻ വന്ന് പുറത്തുനിന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി. താൻ പോലീസിനെ അറിയിക്കാൻ പോവുകയാണെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. എനിക്കെവിടെ നിന്നാണു ധൈര്യം കിട്ടിയതെന്നറിയില്ല; എന്തായാലും, പോലീസിനോടുള്ള പേടി കാരണം അവളെ, കശാപ്പുകാരന്റെ കയ്യിൽ നിന്ന് ജീവനും കൊണ്ടോടിപ്പോന്ന ആ പശുക്കുട്ടിയെ, തിരിച്ചുകൊടുക്കുക എന്ന കാര്യം എനിക്കു ദഹിക്കാത്തതായിരുന്നു. “ആയിക്കോട്ടെ, അയാൾ പോയി പോലീസിൽ പരാതി കൊടുക്കട്ടെ,” ഞാൻ ചങ്കൂറ്റത്തോടെ പറഞ്ഞു.

ഇതു പറഞ്ഞിട്ട് ഞാൻ ബിന്ദുവിനെ എന്റെ മുറിയിലാക്കി വാതിലടയ്ക്കാമെന്നു കരുതി അവളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഞാൻ നിങ്ങളുമായി തർക്കിക്കുമ്പോൾ അവൾ  സ്വയം ഭർത്താവിന്റെ സഹോദരന്റെ മുന്നിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ഇനിയും വീട്ടിൽ നില്ക്കുന്നത് എന്നെ വലിയ അപകടത്തിലാക്കുകയാണെന്ന് അവൾ മനസ്സിലാക്കി.
***

ഭർത്താവിനെ വിട്ടോടിപ്പോന്നത് ബിന്ദുവിന്റെ ദുരിതം കൂട്ടിയതേയുള്ളു. തന്റെ മകൻ അവളെ ദ്രോഹിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അമ്മായിയമ്മ വാദിച്ചു. ഭയങ്കരന്മാരായ ഭർത്താക്കന്മാർ ലോകത്ത് എത്രവേണമെങ്കിലുമുണ്ട്. അവരെ വച്ചു നോക്കുമ്പോൾ തന്റെ മകൻ തനിത്തങ്കമാണ്‌.

ദീദി പറഞ്ഞു, “അവളുടെ തലയിലെഴുത്ത് പിഴച്ചുപോയി; എത്രനാളാണ്‌ അതും പറഞ്ഞ് ഞാൻ സങ്കടപ്പെടുന്നത്? വട്ടനായിക്കോട്ടെ, കെട്ടവനായിക്കോട്ടെ, അയാൾ എന്തായാലും അവളുടെ ഭർത്താവല്ലേ?!”

നിങ്ങളുടെയെല്ലാം മനസ്സുകളിൽ അപ്പോൾ ഉയർന്നുവന്നത് ആ കുഷ്ഠരോഗിയുടേയും അയാളെ സ്വയം ചുമന്ന് വേശ്യാലയത്തിൽ കൊണ്ടാക്കിയ പതിവ്രതയായ (!) ഭാര്യയുടേയും ചിത്രങ്ങളായിരുന്നു. നാണം കെട്ട ആണത്തത്തിന്റെ നികൃഷ്ടമായ ആ കഥ ഇപ്പോഴും പ്രസംഗിച്ചുനടക്കാൻ നിങ്ങൾക്കാർക്കും ഒരു മടിയുമില്ല. അതുകൊണ്ടുതന്നെയാണ്‌ ഒരുളുപ്പുമില്ലാതെ ബിന്ദുവിനു നേരേ തട്ടിക്കേറാൻ നിങ്ങൾക്കു കഴിയുന്നതും. ബിന്ദുവിനെയോർത്ത് എനിക്കു സങ്കടം തോന്നി; എന്നാൽ അങ്ങയെ ഓർത്ത് നാണക്കേടാണ്‌ എനിക്കു തോന്നിയത്. ഞാൻ അങ്ങയുടെ വീട്ടിൽ താമസതിനു വന്ന വെറുമൊരു നാട്ടുമ്പുറത്തുകാരിയാണ്‌. നിങ്ങളുടെ ജാഗ്രതയുടെ ഏതു വിള്ളലിലൂടെയാണ്‌ദൈവം എനിക്കു ബുദ്ധി തന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. സ്ത്രീയുടെ കടമയെക്കുറിച്ചുള്ള നിങ്ങളുടെ വേദാന്തങ്ങൾ എനിക്കു സഹിക്കാൻ പറ്റിയില്ല, അത്രതന്നെ.

മരിക്കേണ്ടിവന്നാലും ബിന്ദു നമ്മുടെ വീട്ടിലേക്കു മടങ്ങിവരില്ലെന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. എന്നാൽ എന്തുവന്നാലും ഞാൻ അവളെ ഉപേക്ഷിക്കില്ലെന്ന് കല്യാണത്തിന്റെ തലേന്ന് ഞാൻ അവൾക്കു വാക്കു കൊടുത്തിരുന്നു. എന്റെ അനിയൻ ശരത്ത് കല്ക്കട്ടയിൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. സന്നദ്ധസേവനത്തിന്‌ അവന്‌ എന്തൗത്സുക്യമാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ: ദാമോദർ നദിയിലെ വെള്ളപ്പൊക്കം ബാധിച്ചവരെ സഹായിക്കുക, പ്ലേഗ് പടർന്നുപിടിച്ചപ്പോൾ എലികളെ നശിപ്പിക്കാൻ കൂടുക, എല്ലാറ്റിനും അവനുണ്ടായിരുന്നു. രണ്ടുതവണ പരീക്ഷയിൽ തോറ്റിട്ടും അതൊന്നും അവനു പ്രശ്നമായില്ല. ഞാൻ അവനെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു, “ശരത്ത്, എങ്ങനെയെങ്കിലും എനിക്ക് ബിന്ദുവിന്റെ വിവരം കിട്ടണം. കത്തെഴുതാൻ അവൾക്കു ധൈര്യമുണ്ടാവില്ല; ഇനി എഴുതിയാൽത്തന്നെ അതെന്റെ കയ്യിൽ കിട്ടുകയുമില്ല.”

ബിന്ദുവിനെ തട്ടിക്കൊണ്ടുവരാനോ അവളുടെ ഭർത്താവിന്റെ തലമണ്ട അടിച്ചുപൊളിക്കാനോ ആണു പറഞ്ഞതെങ്കിൽ അവനു കൂടുതൽ സന്തോഷമായേനെ!

ഞാൻ ശരത്തുമായി സംസാരിച്ചിരിക്കുമ്പോൾ അങ്ങ് മുറിയിലേക്കു കടന്നുവന്നു ചോദിച്ചു, “ഇനി എന്തു പുകിലിനുള്ള പുറപ്പാടാണ്‌?”

ഞാൻ പറഞ്ഞു, “തുടക്കത്തിൽ ചെയ്തതു തന്നെ: ഞാൻ അങ്ങയുടെ വീട്ടിലേക്കു വന്നു. പക്ഷേ അതു ചെയ്തുവച്ചത് അങ്ങാണ്‌.“

അങ്ങു ചോദിച്ചു, ”നീ ബിന്ദുവിനെ കൊണ്ടുവന്ന് ഇവിടെങ്ങാനും ഒളിപ്പിച്ചിരിക്കയാണോ?“

ഞാൻ പറഞ്ഞു, ”ബിന്ദു വന്നാൽ ഞാൻ തീർച്ചയായും അവളെ ഇവിടെ ഒളിപ്പിച്ചുവയ്ക്കും. പക്ഷേ അവൾ വരില്ല, അതിനാൽ ആർക്കും പേടിക്കാനില്ല.“

എന്റെ കൂടെ ശരത്തിനെ കണ്ടത് അങ്ങയുടെ സംശയങ്ങൾക്കു തിരി കൊളുത്തിയിരുന്നു. ശരത്ത് വരുന്നതും പോകുന്നതും അങ്ങയ്ക്കത്ര സമ്മതമല്ല എന്നെനിക്കറിയാമായിരുന്നു. അവനെ പോലീസ് പിന്തുടരുന്നുണ്ടാവുമെന്നും എന്നെങ്കിലും അവൻ വല്ല രാഷ്ട്രീയഗുലുമാലിലും ചെന്നുപെട്ട് അങ്ങയെക്കൂടി അതിലെല്ലാം വലിച്ചിഴക്കുമെന്ന് അങ്ങയ്ക്കു പേടിയായിരുന്നു. അതിനാൽ ഞാൻ പൊതുവേ അവനെ വീട്ടിലേക്കു വിളിക്കാറില്ല.

ബിന്ദു പിന്നെയും ഇറങ്ങിപ്പോയെന്നും ഭർത്താവിന്റെ സഹോദരൻ പിന്നെയും അവളെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണെന്നും അങ്ങയിൽ നിന്നു ഞാൻ കേട്ടിരുന്നു. അതു കേട്ടപ്പോൾ ഹൃദയത്തിൽ എന്തോ തറച്ചിറങ്ങുന്നതുപോലെ എനിക്കു തോന്നി. ഭാഗ്യഹീനയായ ആ പെൺകുട്ടിയെ സഹായിക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല.

ശരത്ത് അവളുടെ വിവരം അന്വേഷിക്കാൻ ഓടിപ്പോയി. വൈകിട്ട് തിരിച്ചുവന്നിട്ട് അവൻ പറഞ്ഞു, ”ബിന്ദു താൻ മുമ്പു താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. എന്നാൽ അവർക്ക് അതിഷ്ടമായില്ല; അവർ അവളെ വീണ്ടും ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കി. ബിന്ദു വരുത്തിവച്ച ചെലവും ഉപദ്രവവും കാരണം അവർക്ക് അവളോട് വലിയ ദേഷ്യമായിരിക്കുകയാണ്‌.“

ഇതിനിടയ്ക്ക് അങ്ങയുടെ അമ്മായി കുറച്ചുദിവസം വീട്ടിൽ വന്നു താമസിച്ചിരുന്നല്ലോ; അവർ അതുകഴിഞ്ഞ് പുരിയിലേക്ക് തീത്ഥാടനത്തിനു പോവുകയാണ്‌. ഞാനും അവരുടെ കൂടെ പോവുകയാണെന്ന് എല്ലാവരോടുമായി ഞാൻ പറഞ്ഞു.

ഞാൻ പെട്ടെന്നിങ്ങനെ ഭക്തിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷം കാരണം അങ്ങ് എതിർത്തെന്തെങ്കിലും പറയാൻ മറന്നുപോയി. ഞാനിപ്പോൾ കല്ക്കട്ടയിൽ നില്ക്കുന്നത് ബിന്ദുവിന്റെ പേരും പറഞ്ഞ് കൂടുതൽ ബഹളങ്ങളിലേക്കു നയിക്കുമെന്ന് അങ്ങയ്ക്കു പേടിയുമായിരുന്നു എന്നെനിക്കുറപ്പാണ്‌. ഞാൻ അങ്ങയ്ക്ക് വല്ലാത്തൊരു ശല്യക്കാരിയായിരുന്നു.

ബുധനാഴ്ചയാണ്‌ ഞങ്ങൾക്കു പോകേണ്ടത്. ഞായറാഴ്ച ആയപ്പോഴേക്കും ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. ഞാൻ ശരത്തിനോടു പറഞ്ഞു, ”എന്തു പ്രയാസപ്പെട്ടിട്ടായാലും നീ ബിന്ദുവിനെ കണ്ടുപിടിച്ച് ബുധനാഴ്ച പുരിയിലേക്കുള്ള ട്രെയിനിൽ എത്തിക്കണം.“

ശരത്തിന്റെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞു. ”പേടിക്കേണ്ട ദീദീ. ഞാനവളെ ട്രെയിനിൽ കേറ്റിവിടാമെന്നു മാത്രമല്ല, അവളുടെ കൂടെ ഞാനും പുരിയിലേക്കു വരാം. എനിക്കു ജഗന്നാഥക്ഷേത്രം കാണാൻ ഒരവസരമായല്ലോ.“

അന്നു വൈകിട്ട് ശരത്ത് വീണ്ടും വന്നു. അവന്റെ മുഖത്ത് ഒന്നു നോക്കിയപ്പോഴേക്കും എന്റെ നെഞ്ചിൽ ശ്വാസം നിലച്ചുപോയി. ”എന്താ ശരത്തേ, കാര്യം നടന്നില്ലേ?“ ഞാൻ ചോദിച്ചു.

”ഇല്ല,“ അവൻ പറഞ്ഞു.

ഞാൻ ചോദിച്ചു, “അതെന്താ, അവൾ സമ്മതിച്ചില്ലേ?”

അവൻ പറഞ്ഞു, “ഇനി അതിന്റെ ആവശ്യമില്ല ദീദീ. ഇന്നലെ രാത്രിയിൽ അവൾ  തീ കൊളുത്തി ആത്മഹത്യ ചെയ്തു. അവൾ ദീദിയ്ക്കു വേണ്ടി ഒരു കത്തെഴുതി വച്ചിരുന്നെന്ന് ആ വീട്ടിൽ എനിക്കു പരിചയമുള്ള ഒരാൾ പറഞ്ഞു. പക്ഷേ വീട്ടുകാർ ആ കത്തു നശിപ്പിച്ചുകളഞ്ഞു.”

അതെ, ഒടുവിൽ സമാധാനമായി.

വാർത്ത കേട്ടപ്പോൾ നാട്ടുകാർ കോപിഷ്ഠരായി. സ്വയം തീ കൊളുത്തി മരിക്കുന്നത് പെണ്ണുങ്ങൾക്കിപ്പോൾ ഒരുതരം ഫാഷൻ പോലെയാണ്‌, അവർ പറഞ്ഞു.

ഇതൊക്കെ ഒരു നാടകമാണെന്ന് നിങ്ങളെല്ലാം പറഞ്ഞു. ആയിരിക്കാം. എന്നാൽ ബംഗാളി സ്ത്രീകളുടെ സാരികളുടെ കാര്യത്തിലല്ലാതെ പുരുഷന്മാരുടെ ധോത്തിയുടെ കാര്യത്തിൽ ഈ നാടകം നടക്കാത്തതെന്താണെന്നുകൂടി നമ്മൾ ചോദിക്കേണ്ടതല്ലേ?

ബിന്ദു ശരിക്കും ഭാഗ്യം കെട്ട പെണ്ണായിരുന്നു. ജീവിച്ചിരുന്നപ്പോൾ കാണാൻ കൊള്ളാമെന്നോ എന്തെങ്കിലും കഴിവുണ്ടെന്നോ ആരും അവളെക്കുറിച്ചു പറഞ്ഞിരുന്നില്ല. മരിക്കാൻ പോലും പുതിയൊരു വഴി കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല. എങ്കിൽ ആണുങ്ങൾ അവളെ പ്രശംസിച്ചേനെ! മരണം കൊണ്ടുപോലും അവൾ എല്ലാവരെയും ദേഷ്യം പിടിപ്പിച്ചതേയുള്ളു.

ദീദി മുറിയിൽ അടച്ചിരുന്നു കരഞ്ഞു. പക്ഷേ അവരുടെ കണ്ണീരിൽ ആശ്വാസം കൂടി ഉണ്ടായിരുന്നു. ഇപ്പോഴെങ്കിലും ആ കുട്ടിയുടെ ദുരിതങ്ങൾ തീർന്നല്ലോ. അവൾ മരിച്ചെന്നേയുള്ളു; അവൾ ജീവിച്ചിരുന്നെങ്കിൽ എന്തൊക്കെയാണുണ്ടാവാൻ പോവുക എന്നാരുകണ്ടു?

ഞാനിവിടെ തീർത്ഥാടനത്തിനു വന്നതാണ്‌. ബിന്ദുവിന്‌ ഇനി വരേണ്ട ആവശ്യമില്ല; എന്നാൽ എനിക്കു വന്നേ തീരൂ.

ആളുകൾ പൊതുവേ ദുഃഖം എന്നു പറയുന്നത് അങ്ങയുടെ ലോകത്തു ഞാൻ അനുഭവിച്ചിട്ടില്ല. അങ്ങയുടെ വീട്ടിൽ ഉണ്ണാനും ഉടുക്കാനും ഒരു കുറവുമുണ്ടായിരുന്നില്ല. അങ്ങയുടെ സഹോദരന്റെ സ്വഭാവം എന്തുമായിക്കോട്ടെ, അങ്ങയുടെ കാര്യത്തിൽ ഭഗവാനോടു പരാതി പറയാനായി ഞാൻ യാതൊന്നും കണ്ടിട്ടില്ല. അങ്ങയുടെ സഹോദരന്റേതു പോലെയായിരുന്നു അങ്ങയുടെയും ശീലങ്ങളെങ്കിൽ ഞാനും ദീദിയെപ്പോലെ ഭർത്താവിനു കീഴ്വഴങ്ങിയവളായി കാലം കഴിച്ചേനെ; ഞാനും അങ്ങയെയല്ല, ഈശ്വരന്മാരെ പഴിച്ചേനെ. അതുകൊണ്ടു പറയട്ടെ, എനിക്കങ്ങയെക്കുറിച്ച് ഒരു പരാതിയുമില്ല; ഈ കത്ത് അതിനു വേണ്ടിയല്ല.

പക്ഷേ, ഞാനിനി അങ്ങയുടെ മാഖൊൻ ബൊറാൽ ലെയ്നിലെ ഇരുപത്തേഴാം നമ്പർ വീട്ടിലേക്കു മടങ്ങിപ്പോകുന്നില്ല. ബിന്ദുവിനു സംഭവിച്ചതെന്താണെന്നു ഞാൻ കണ്ടു; സ്വന്തം വീട്ടിൽ ഒരു സ്ത്രീയുടെ പദവി എന്താണെന്നു ഞാൻ മനസ്സിലാക്കി; അതിലധികം എനിക്കറിയുകയും വേണ്ട.

സ്ത്രീയാണെങ്കിലും ദൈവം അവളെ കൈവിട്ടില്ലെന്നും ഞാൻ മനസ്സിലാക്കി. അവൾക്കു മേൽ നിങ്ങളുടെ അധികാരം എത്രയുമായിക്കോട്ടെ, അതിനും ഒരവസാനമുണ്ട്. ഈ നശിച്ച മനുഷ്യജീവിതത്തേക്കാൾ മഹത്തായതൊന്നുണ്ട്. നിങ്ങളുടെ സ്വേച്ഛ പോലെ, കല്ലിൽ കൊത്തിവച്ച നിങ്ങളുടെ ആചാരങ്ങളുടെ പേരിൽ അവളുടെ ജീവിതം എന്നെന്നും സ്വന്തം കാല്ക്കീഴിലിട്ടു ഞെരിക്കാമെന്നു നിങ്ങൾ കരുതി; പക്ഷേ അത്രയും ബലം നിങ്ങളുടെ കാലടികൾക്കുണ്ടായില്ല. മരണം അതിലും ശക്തമായിരുന്നു. ബിന്ദു സ്വന്തം മരണത്തിലൂടെ മഹത്വമാർജ്ജിച്ചു. അവളിപ്പോൾ വെറുമൊരു ബംഗാളിപ്പെണ്ണല്ല, ആരുടെയെങ്കിലും സഹോദരപുത്രി മാത്രമല്ല, ഭ്രാന്തനായ ഒരപരിചിതന്റെ ചതിക്കപ്പെട്ട ഭാര്യ മാത്രവുമല്ല. അവൾക്കിപ്പോൾ അതിരുകളില്ല, അന്ത്യവുമില്ല.

ആ പെൺകുട്ടിയുടെ ആത്മാവിലൂടെ മരണത്തിന്റെ ദീനസംഗീതമൊഴുകിയ നാൾ, ആ സ്വരങ്ങൾ പുഴയിലൂടൊഴുകിനടക്കുന്നതു ഞാൻ കേട്ട നാൾ എന്റെ നെഞ്ചിൽ അതിന്റെ സ്പർശം ഞാനറിഞ്ഞിരുന്നു. ഞാൻ ദൈവത്തിനോടു ചോദിച്ചു: ഈ ലോകത്തെ ഏറ്റവും നിസ്സാരമായ കടമ്പ, മറി കടക്കാൻ ഏറ്റവും ദുഷ്കരമാവുന്നതെന്തുകൊണ്ടാണ്‌? വിരസമായ ഒരിടത്തെരുവിലെ നാലു ചുമരുകൾക്കുള്ളിൽ പെട്ടുകിടക്കുന്ന വിഷണ്ണതയുടെ ഒരു കുമിള കുത്തിപ്പൊട്ടിക്കാൻ ഇത്ര പ്രയാസമുള്ളതായതെന്തുകൊണ്ടാണ്‌? ഋതുക്കളുടെ അമൃതകുംഭവും ഉയർത്തിപ്പിടിച്ച് പ്രപഞ്ചമെന്നെ മാടിവിളിക്കുമ്പോൾ എനിക്കെന്തുകൊണ്ടാണ്‌ ആ നടുമുറ്റത്തിന്റെ പടി കടന്ന് ഒരു നിമിഷത്തേക്കെങ്കിലും പുറത്തേക്കു വരാൻ പറ്റാത്തത്?  പുറത്ത് ലോകമെന്നെ കാത്തിരിക്കുമ്പോൾ കല്ലും മരവും കൊണ്ടു കെട്ടിയ വേലിക്കെട്ടിനുള്ളില്ക്കിടന്നു ഞാനെന്തിനാണ്‌ അനുനിമിഷം മരിക്കുന്നത്? എത്ര നിസ്സാരമാണ്‌ എന്റെയീ ദൈനന്ദിനജീവിതം, അതിന്റെ നിശ്ചിതമായ നിയമങ്ങൾ, നിശ്ചിതമായ വഴികൾ, നിശ്ചിതമായ വാചകങ്ങൾ, നിശ്ചിതമായ പരാജയങ്ങൾ. ഒടുവിൽ വിജയം ഈ നശിച്ച ലോകത്തിനുമാണോ, നമ്മെ വരിഞ്ഞുമുറുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ആചാരസർപ്പങ്ങൾക്ക്? സന്തോഷം നിറഞ്ഞ ഈ പ്രപഞ്ചം, ദൈവമേ, നീ സൃഷ്ടിച്ച ലോകം, എനിക്കു നഷ്ടമാവുകയാണോ?

എന്നാൽ മരണം പുല്ലാങ്കുഴലൂതുമ്പോൾ- എവിടെ കല്ലും കുമ്മായവും കൊണ്ടു ബലപ്പെടുത്തിയ ചുമരുകൾ, എവിടെ നിങ്ങളുടെ ഘോരനിയമങ്ങളുടെ മുള്ളുവേലികൾ? മനുഷ്യനെ എന്നെന്നേക്കുമായി തടവിലിടാൻ ഏതു ശോകത്തിനാകും, ഏതവമതിക്കാവും? ജീവിതത്തിന്റെ വൈജയന്തി മരണത്തിന്റെ കൈകളിൽ പാറിക്കളിക്കുന്നു! മേജോ-ബൗ, നിനക്കൊന്നും പേടിക്കാനില്ല. ആരുടെയോ ഭാര്യ എന്ന പുറന്തോലുരിച്ചുകളയാൻ ഒരു നിമിഷം പോലും വേണ്ട.

ഇത്രയും കാലം ഞാൻ ജീവിച്ച ആ ഇടത്തെരുവിനെ എനിക്കിപ്പോൾ പേടിയില്ല. ഇന്നെനിക്കു മുന്നിൽ നീലക്കടലാണ്‌, തലയ്ക്കു മുകളിൽ ആഷാഢത്തിലെ കാർമേഘങ്ങളാണ്‌.

ആചാരത്തിന്റെ ഇരുണ്ട മൂടുപടം കൊണ്ട് നിങ്ങളെന്നെ ആകെ മറച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ അതിന്റെ ഒരു വിടവിലൂടെ ബിന്ദു ഒരു നിമിഷത്തേക്ക് എന്നെ തൊട്ടു; സ്വന്തം മരണം കൊണ്ട് അവൾ ആ ഭയാനകമായ മൂടുപടം ചീന്തിയെറിയുകയും ചെയ്തു. അങ്ങയുടെ കുടുംബത്തിന്റെ അന്തസ്സ്സോ അഭിമാനമോ നിലനിർത്തേണ്ട ഒരു ബാദ്ധ്യതയും ഇന്നെനിക്കില്ല. സ്നേഹിക്കപ്പെടാത്ത എന്റെ മുഖത്തെ നോക്കി മന്ദഹസിക്കുന്നവൻ ഇന്നെന്റെ മുന്നിൽ നില്ക്കുന്നു, ആകാശത്തിന്റെ ഗഹനനീലിമ കൊണ്ട് അവനെന്നെ നോക്കുന്നു. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ ഇതാ, മരിക്കുന്നു.

ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അങ്ങയ്ക്കു തോന്നുന്നുണ്ടാവും. പേടിക്കേണ്ട, ആ പഴകിയ ഫലിതം ഞാൻ അങ്ങയുടടുത്തെടുക്കുന്നില്ല. മീരാബായിയും ഒരു സ്ത്രീയായിരുന്നു, എന്നെപ്പോലെ. ; മീരയുടെ ചങ്ങലകളും ഇത്രതന്നെ കനത്തതായിരുന്നു. എന്നാൽ മീരയ്ക്കു ജീവിക്കാൻ മരിക്കേണ്ടിവന്നില്ല. മീര പാടി: “അച്ഛൻ പൊയ്ക്കോട്ടെ, അമ്മ പൊയ്ക്കോട്ടെ, ഉറ്റവരെല്ലാം പൊയ്ക്കോട്ടെ, എന്നാലും, പ്രഭോ, മീര പിടിച്ചുനിക്കും, എന്തൊക്കെ വന്നാലും.”

പിടിച്ചുനില്ക്കുക- ജീവിക്കുക എന്നാൽ അതാണ്‌.

ഞാനും അതിജീവിക്കും. ഞാൻ അതിജീവിച്ചു.

അങ്ങയുടെ പാദാശ്രയത്തിൽ നിന്നകന്നുപോയ,

മൃണാൾ.
*

(ടാഗോറിന്റെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണ്‌ ‘സ്ത്രീർ പത്ര.’ 1914ൽ വളരെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു സ്നേഹലത എന്ന ബംഗാളി പെൺകുട്ടിയുടെ മരണം. തനിക്കു വേണ്ടി സ്ത്രീധനം കണ്ടെത്തുക എന്ന ഭാരത്തിൽ നിന്ന് അച്ഛനമ്മമാരെ മോചിപ്പിക്കാനായി സ്നേഹലത തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനെക്കുറിച്ചെഴുതാൻ അമൃതബസാർ പത്രികയുടെ ഒരു വായനക്കാരൻ ആവശ്യപ്പെട്ടപ്പോൾ ടാഗോറിന്റെ പ്രതികരണം ഈ കഥയുടെ രൂപത്തിലാണ്‌ പുറത്തുവന്നത്. എന്നാൽ അദ്ദേഹത്തിന്റെ നായിക വ്യവസ്ഥിതിയ്ക്കു പുറത്തുകടന്ന് സ്വയം അതിജീവിക്കുന്നവളാണ്‌, മീരയെപ്പോലെ. കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനമെന്തെന്ന് നിശിതമായി പരിശോധിക്കുകയും സ്ത്രീ സ്ത്രീയാകാൻ കുടുംബത്തിൽ നിന്നു പുറത്തുകടക്കുക എന്നതേ പരിഹാരമുള്ളു എന്നു നിർദ്ദേശിക്കുകയും ചെയ്യുന്ന ഈ കഥ സ്വാഭാവികമായും അക്കാലത്തെ ഹിന്ദുദേശീയവാദികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കുകയും ചെയ്തു. ചില പ്രതികരണങ്ങൾ മറുപടിക്കഥകളായിട്ടാണ്‌ പുറത്തുവന്നത്- ബിപിൻ ചന്ദ്രപാലിന്റെ ‘മൃണാളിന്റെ കഥ,’ ലളിത് കുമാർ ബന്ദോപാദ്ധ്യായയുടെ ‘ഭർത്താവിന്റെ കത്ത്,’ പേരു വയ്ക്കാതെ ഒരാളെഴുതിയ ‘മൃണാളിനീദേവി: ഭാര്യയുടെ യഥാർത്ഥത്തിലുള്ള കത്ത്’ എന്നിങ്ങനെ! )