പെസ്സൊവ

അശാന്തിയുടെ പുസ്തകം

ചിലനേരം, വിഷാദം കലർന്ന ഒരു സന്തോഷത്തോടെ ഞാൻ ചിന്തിച്ചുപോകാറുണ്ട്, എന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു ഭാവിയിൽ ഒരു നാൾ ഞാൻ എഴുതിവയ്ക്കുന്ന ഈ വരികൾ ഒടുവിൽ എന്നെ മനസ്സിലാക്കുന്ന ചിലരെ കണ്ടെത്തിയേക്കാമെന്ന്, എന്റെ സ്വന്തം ആൾക്കാരെ, എനിക്കുചെന്നു ജനിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു യഥാർത്ഥകുടുംബത്തെ. എന്നാൽ അങ്ങനെയൊരു കുടുംബത്തിൽ ഞാൻ ജനിക്കാൻ പോകുന്നില്ല എന്നു മാത്രമല്ല, എന്റെ മരണം കഴിഞ്ഞിട്ടേറെക്കാലവുമായിരിക്കും അപ്പോഴേക്കും. എന്റെ പ്രതിരൂപമേ മനസ്സിലാക്കപ്പെടുകയുള്ളു; ആ മമതയാകട്ടെ, ജീവിച്ചിരുന്നപ്പോൾ താനറിഞ്ഞ സ്നേഹരാഹിത്യത്തിന്‌ മരിച്ച ഒരാൾക്കു മതിയായ നഷ്ടപരിഹാരമാവുകയുമില്ല.
ഒരു നാൾ ഒരുപക്ഷേ, അവർ മനസ്സിലാക്കിയെന്നു വരാം, നമ്മുടെ നൂറ്റാണ്ടിന്റെ ഒരു സവിശേഷകാലത്തിന്റെ വ്യാഖ്യാതാവെന്ന നിലയിലുള്ള എന്റെ സഹജമായ കടമ മറ്റാരെക്കാളും നന്നായി ഞാൻ നിറവേറ്റിയെന്ന്; സ്വന്തം കാലഘട്ടത്തിൽ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു ഞാനെന്ന് അവർ എഴുതിയെന്നു വരാം; ചുറ്റും അവഗണനയും സ്നേഹശൂന്യതയുമായിട്ടാണ്‌ ഞാൻ ജീവിച്ചതെന്നും അതൊരു കഷ്ടമായിപ്പോയെന്നും അവർ എഴുതും. അതെഴുതുന്ന വ്യക്തിക്ക്, ആ സ്ത്രീയോ പുരുഷനോ ഏതു ഭാവികാലഘട്ടത്തിലേതുമാകട്ടെ, ആ ഭാവികാലത്ത് എനിക്കു തുല്യനായ ഒരാളെ കണ്ടിട്ട് മനസ്സിലാകാതെപോവുകയും ചെയ്യും, ഇപ്പോൾ എനിക്കു ചുറ്റുമുള്ളവർക്ക് എന്നെ മനസ്സിലാകാത്തപോലെ. എന്തെന്നാൽ മനുഷ്യർ പഠിക്കുന്നത് എന്നോ മരിച്ചുപോയ തങ്ങളുടെ മുതുമുത്തശ്ശന്മാരെ പഠിപ്പിക്കാൻ വേണ്ടി മാത്രമാണ്‌. മരിച്ചുകഴിഞ്ഞവർക്ക് ജീവിതത്തിന്റെ യഥാർത്ഥപ്രമാണങ്ങൾ പഠിപ്പിക്കാനുള്ള കഴിവേ നമുക്കുള്ളു.
ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ഈ അപരാഹ്നത്തിൽ ഒടുവിൽ മഴ നിലച്ചിരിക്കുന്നു. അന്തരീക്ഷത്തിലെ ആഹ്ലാദഭാവം ചർമ്മത്തിൽ ഒരു കുളിരു പകരുന്നു. പകലൊടുങ്ങുകയാണ്‌, ധൂസരവർണ്ണത്തിലല്ല, ഒരു വിളർത്ത നീലിമയിൽ. തെരുവുകളിലെ തറക്കല്ലുകൾ പോലും ആ നീലിമയെ പ്രതിഫലിപ്പിക്കുന്നു. ജീവിച്ചിരിക്കുന്നതിന്റെ നോവു നാമറിയുന്നു, എന്നാൽ ഒരു വിദൂരവേദനയായി. നമുക്കെന്തു തോന്നുന്നുവെന്നത് അപ്രധാനമാണ്‌. ഒന്നുരണ്ടു കടകളുടെ ജനാലകളിൽ വിളക്കു തെളിയുന്നു. അങ്ങുയരത്തിലുള്ള മറ്റൊരു ജനാലയിലുടെ എനിക്കു കാണാം, അവിടെയുള്ളവർ ജോലി കഴിഞ്ഞിറങ്ങാൻ പോവുകയാണെന്ന്. എന്നെക്കടന്നുപോകുന്ന ഭിക്ഷക്കാരന്‌ എന്നെ മനസ്സിലായാൽ പേടിയായെന്നും വരും.
അനിർവ്വചനീയമായ ഈ നേരം രാത്രിയിലേക്കു വളരുന്നതോടെ വിളർച്ച മാറുന്ന നീലിമ കെട്ടിടങ്ങളിൽ പ്രതിഫലിച്ചുതുടങ്ങുന്നു.
തങ്ങളുടെ പതിവുപണികളിൽ പെട്ടുകിടക്കുന്ന വിശ്വാസികൾക്കും സ്ഖലിതക്കാർക്കും മേൽ, സ്വന്തം വേദനയ്ക്കിടയിലും ബോധഹീനതയുടെ ആനന്ദം ആസ്വദിക്കുന്നവർക്കു മേൽ, ഈ പകലിന്റെ സുനിശ്ചിതാന്ത്യം സാവധാനം വന്നുവീഴുന്നു. സാവധാനം അതു പതിക്കുന്നു, ഒടുങ്ങുന്ന വെളിച്ചത്തിന്റെ ഈ അല, ക്ഷയിച്ച സായാഹ്നത്തിന്റെ വിഷാദം, എന്റെ നെഞ്ചിലേക്കു കടന്നുചെല്ലുന്ന ഈ നേർത്ത മൂടൽമഞ്ഞ്. സാവധാനമതു വീഴുന്നു, സൗമ്യമായി, ഈ ജലമയസായാഹ്നത്തിന്റെ സന്ദിഗ്ധമായ, വിളർത്ത നീലിമ; സാവധാനമായി, സൗമ്യമായി, വിഷാദപൂർണ്ണമായി അതു വീഴുന്നു, തണുത്ത, എളിയ മണ്ണിൽ. സാവധാനമതു വീഴുന്നു, അദൃശ്യമായ ചാരം പോലെ, യാതനാഭരിതമായ ഏകതാനത പോലെ, നിലയ്ക്കാത്ത മടുപ്പു പോലെ.
(പെസൊവ- അശാന്തിയുടെ പുസ്തകം)


6
ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല; അതുപോലും ജീവിതം എനിക്കു നിഷേധിച്ചു. തൊട്ടടുത്തൊരു പാടം, ഒരു വെയിൽനാളത്തിന്റെ ഒരംശം, അല്പം സ്വസ്ഥതയും സമാധാനവും, ഒരപ്പക്കഷണം, ഞാൻ ജീവിച്ചിരിക്കുന്ന എന്ന അറിവിന്റെ ഭാരം എനിക്കു മേൽ വല്ലാതെ കനം തൂങ്ങാതിരിക്കുക, അന്യരെക്കൊണ്ട് എനിക്കൊരാവശ്യവും ഉണ്ടാകാതിരിക്കുക, അന്യർക്കും എന്നെക്കൊണ്ട് ആവശ്യമൊന്നും ഉണ്ടാകാതെവരിക- അതെനിക്കു നിഷേധിക്കപ്പെട്ടു, കൈയിലുള്ള ചില്ലറനാണയം ഒരാൾ ഒരു യാചകനു നിഷേധിക്കുന്നപോലെ; അതുപക്ഷേ അയാൾ പിശുക്കനായതുകൊണ്ടല്ല, പോക്കറ്റിൽ നിന്ന് അതെടുക്കുന്നത് ഒരു പണിയായി അയാൾക്കു തോന്നിയതുകൊണ്ടുമാത്രം.

ഒച്ചയനക്കമില്ലാത്ത എന്റെ മുറിയിൽ, എന്നത്തെയും പോലെ ഏകാകിയായി, ഇനിയെന്നത്തെയും പോലെ ഏകാകിയായി, വിഷാദത്തോടെ ഞാനിരുന്നെഴുതുകയാണ്‌. ഞാൻ സ്വയം ചോദിക്കുകയാണ്‌: ദുർബ്ബലമെന്നു തോന്നുന്ന ആ വസ്തുവിൽ, എന്റെ ശബ്ദത്തിൽ അടങ്ങിയിട്ടുണ്ടാവില്ലേ, ആയിരക്കണക്കിനു ശബ്ദങ്ങളുടെ സാരംശം, ആയിരങ്ങളായ ജീവിതങ്ങളുടെ തുറന്നുപറയാനുള്ള വാഞ്ഛ, എന്നെപ്പോലെ തങ്ങളുടെ നിത്യജീവിതത്തിനു വഴങ്ങിക്കൊടുത്ത ലക്ഷക്കണക്കായ ആത്മാക്കളുടെ സഹനങ്ങൾ, അവരുടെ ഫലിക്കാത്ത സ്വപ്നങ്ങൾ, അല്പായുസ്സായിപ്പോയ പ്രതീക്ഷകൾ? ഇങ്ങനെയുള്ള നിമിഷങ്ങളിൽ എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്‌; കാരണം, ഇതിനെക്കുറിച്ചൊക്കെ ഞാൻ ബോധവാനാണല്ലോ. മേഘങ്ങൾക്കിടയിൽ പാറിനടക്കുകയാണെന്നതിനാൽ എനിക്കു കൂടുതൽ ജീവൻ വച്ചപോലെയും തോന്നുന്നു. മതപരമായ ഒരാവേശം, പ്രാർത്ഥനയുടെ ഒരു രൂപം, ഒരുതരം സമൂഹാരവം എന്റെയുള്ളിൽ ഞാനറിയുന്നു. അപ്പോഴാണ്‌ മനസ്സ് എന്നെ പിടിച്ചിറക്കി ഞാൻ എവിടെ നില്ക്കുന്നുവെന്ന് കാണിച്ചുതരുന്നത്. ..റൂവ ഡോസ് ഡൗറാഡോറെസ്സിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിലാണു ഞാനെന്ന് എനിക്കോർമ്മ വരുന്നു; പാതിയുറക്കത്തിലെന്നപോലെ ഞാൻ എന്നെത്തന്നെ നോക്കുന്നു. പാതിയെഴുതിയ താളിൽ നിന്ന് തലയുയർത്തി ഞാൻ നോക്കുകയാണ്‌, വിഫലവും അസുന്ദരവുമായ ജീവിതത്തെ, ചുളിഞ്ഞ കണക്കുപുസ്തകത്തിനപ്പുറത്തെ ആഷ്ട്രേയിൽ ഞാൻ കുത്തിക്കെടുത്താൻ പോകുന്ന വില കുറഞ്ഞ സിഗററ്റിനെ. നാലാം നിലയിലെ ഒരു മുറിയിലിരുന്ന് ഞാൻ ജീവിതത്തെ ചോദ്യം ചെയ്യുകയാണ്‌!, മറ്റാത്മാക്കൾക്കു ശബ്ദം നല്കുകയാണ്‌!,  ഒരു ജീനിയസ്സിനെപ്പോലെ, പേരു കേട്ട ഒരെഴുത്തുകാരനെപ്പോലെ സാഹിത്യമെഴുതുകയാണ്‌! ഞാൻ, ഇവിടെ, ഇങ്ങനെ!...
*



22

കണ്ണാടികളിൽ ഞാൻ കാണുന്ന പ്രതിബിംബം എന്റെ ആത്മാവിന്റെ നെഞ്ചോടു ഞാൻ ചേർത്തുപിടിച്ചിരിക്കുന്ന അതേ പ്രതിബിംബം തന്നെയാണ്‌. ഞാൻ എന്നും ദുർബ്ബലനും വളഞ്ഞുകൂടിയവനുമായിരുന്നു, ചിന്തയില്പോലും.

എന്നോ മരിച്ചുപോയ ഒരു കൊച്ചുകുട്ടിയുടെ ആല്ബത്തിൽ മറ്റു പലതിനുമൊപ്പം ഒട്ടിച്ച ഒരു രാജകുമാരന്റെ ചിത്രം പോലെയാണ്‌ എന്നെ സംബന്ധിക്കുന്നതെന്തും. 

എനിക്കെന്നോടു സ്നേഹം തോന്നുകയെന്നാൽ എനിക്കെന്നോടു സഹതാപം തോന്നുക എന്നാണ്‌. ഭാവിയുടെ അവസാനനാളുകളിലൊന്നിൽ ആരെങ്കിലും എന്നെക്കുറിച്ചൊരു കവിത എഴുതാനിടവന്നു എന്നിരിക്കട്ടെ, അന്നു ഞാൻ എന്റെ രാജ്യത്തിനധിപനാകും.

നാം ഉണ്ട് എന്നാൽ അതോടെ എല്ലാമായിട്ടില്ല എന്ന വാസ്തവത്തെയാണ്‌ ദൈവം എന്നു പറയുന്നത്.
*

എങ്ങനെ നന്നായി സ്വപ്നം കാണാമെന്ന്

എല്ലാം മാറ്റിവയ്ക്കുക. നാളത്തേക്കു മാറ്റിവയ്ക്കാവുന്നത് ഇന്നു ചെയ്യാതിരിക്കുക. നാളെയായാലും ഇന്നായാലും ഒന്നും ചെയ്യാതിരിക്കുക.

എന്താണു താൻ ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ചു ചിന്തിക്കരുത്. അതു ചെയ്യാതിരിക്കുക, അത്രതന്നെ.

ജീവിതം നിങ്ങൾ ജീവിക്കുക. അത് നിങ്ങളെ ജീവിക്കരുത്. സത്യമായാലും അസത്യമായാലും, രോഗമായാലും അല്ലെങ്കിലും നിങ്ങളുടെ സ്വത്വമെന്താണോ, അതാവുക. സ്വപ്നം കാണുന്നതിലൂടെയേ, നിങ്ങൾക്കതു കൈവരിക്കാനകൂ; കാരണം, നിങ്ങളുടെ യഥാർത്ഥജിവിതം, നിങ്ങളുടെ മനുഷ്യജീവിതം, നിങ്ങളുടേതല്ല, അന്യരുടേതാണ്‌. അതിനാൽ ജീവിതത്തിനു സ്വപ്നം പകരം വയ്ക്കുക, പൂർണ്ണതയോടെ സ്വപ്നം കാണാൻ ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ എല്ലാ യഥാർത്ഥജീവിതവൃത്തികളിലും, നിങ്ങൾ ജനിച്ച നാൾ തൊട്ട് മരിക്കുന്ന നാൾ വരെ, ആ പ്രവൃത്തികൾ ചെയ്യുന്നത് നിങ്ങളല്ല; നിങ്ങൾ ജീവിക്കുന്നില്ല, നിങ്ങൾ ജീവിക്കപ്പെടുകമാത്രമാണ്‌.

അന്യരുടെ കണ്ണുകളിൽ യുക്തിരഹിതമായ ഒരു സ്ഫിങ്ക്സ് ആവുക. നിങ്ങളുടെ ദന്തഗോപുരത്തിൽ കയറി അടച്ചിരിക്കുക- വാതിൽ വലിച്ചടയ്ക്കാതെ, കാരണം നിങ്ങളുടെ ദന്തഗോപുരം നിങ്ങൾ തന്നെയാണല്ലോ.

ഇത് തെറ്റാണെന്നും അസംബന്ധമാണെന്നും ആരെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കരുത്. എന്നാൽ ഞാൻ പറയുന്നതും വിശ്വസിക്കരുത്, കാരണം, നിങ്ങൾ യാതൊന്നും വിശ്വസിക്കരുതല്ലോ.

സകലതിനേയും അവജ്ഞയോടെ കാണുക, എന്നാൽ ആ അവജ്ഞ കാണിക്കലിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന മട്ടിൽ. അന്യരെ അവജ്ഞയോടെ കാണുമ്പോൾ താൻ അവരെക്കാൾ ഉത്കൃഷ്ടനാണെന്നു ചിന്തിക്കരുത്. അതാണ്‌ അവജ്ഞകാട്ടലിന്റെ അഭിജാതകല.
*

31

നൈരാശ്യത്തിന്റെ സങ്കീർത്തനം

നിങ്ങൾ എന്നെങ്കിലും ഓർത്തുനോക്കിയിട്ടുണ്ടോ, ഹേ അപരാ, നമ്മളന്യോന്യം എത്രമാത്രം അദൃശ്യരാണെന്ന്? നമുക്കന്യോന്യം എത്ര കുറച്ചേ അറിയൂ എന്ന് ഇന്നുവരെ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നമ്മൾ അന്യോന്യം കാണുന്നുണ്ട്, എന്നാൽ നമ്മൾ അന്യോന്യം കാണുന്നതുമില്ല. നാം പരസ്പരം കേൾക്കുന്നുണ്ട്, എന്നാൽ നാമോരുത്തരും കേൾക്കുന്നത് നമ്മളിൽത്തന്നെയുള്ള ഒരു ശബ്ദവുമാണ്‌.

അന്യരുടെ വാക്കുകൾ നമ്മുടെ കേൾവിയിലെ പിഴവുകളാണ്‌, നമ്മുടെ അറിവിലെ കപ്പൽച്ചേതങ്ങൾ. അന്യരുടെ വാക്കുകളെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനങ്ങളെ എത്ര ആത്മവിശ്വാസത്തോടെയാണ്‌ നാം മുഖവിലയ്ക്കെടുക്കുന്നത്! അന്യർ തങ്ങളുടെ വാക്കുകളിൽ നിറച്ചുനീട്ടുന്ന ഐന്ദ്രിയസുഖങ്ങൾ മരണത്തിന്റെ ചുവയാണ്‌ നമുക്കു നല്കുന്നത്. ഗഹനമായതൊന്നും പറയണമെന്ന ഉദ്ദേശ്യമില്ലാതെ അന്യർ പറയുന്ന വാക്കുകളിലാവട്ടെ, വിഷയാസക്തിയും ജീവിതവും നാം വായിച്ചെടുക്കുകയും ചെയ്യുന്നു...

നിങ്ങൾ വ്യാഖ്യാനിച്ചെടുക്കുന്ന അരുവികളുടെ ശബ്ദങ്ങൾ, ഹേ കേവലവ്യാഖ്യാതാവേ, നാം അർത്ഥം അടിച്ചേല്പിക്കുന്ന മരങ്ങളുടെ മർമ്മരങ്ങൾ- ഹാ, എന്റെ അജ്ഞാതസ്നേഹിതാ, അതിൽ എന്തുമാത്രം വെറും നമ്മളാണ്‌, നമ്മുടെ തടവറകളുടെ അഴികൾക്കുള്ളിലൂടെ ഒളിച്ചുകടക്കുന്ന വിളറിയ ഭാവനകൾ മാത്രമാണ്‌!
*

39/61

ഞാൻ കണ്ടുമുട്ടുന്നവർ, എനിക്കു നിത്യസമ്പർക്കം വേണ്ടി വരുന്നവർ വിശേഷിച്ചും, പ്രതീകങ്ങളായി എനിക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട്; ഒറ്റയ്ക്കോ ഒരുമിച്ചോ ഒരു പ്രവചനത്തിന്റെയോ ഒരു ആഭിചാരഗ്രന്ഥത്തിന്റെയോ വരികളായി അവ മാറുന്നു, എന്റെ ജീവിതത്തിന്റെ അവ്യക്തവിവരണങ്ങൾ. ഓഫീസ് ഒരു പേജായി മാറുന്നു, ആളുകൾ അതിലെ വാക്കുകളും; തെരുവ് ഒരു പുസ്തകമാണ്‌; പരിചയക്കാരുമായി കൈമാറുന്ന വാക്കുകൾ, അപരിചിതരുമായുള്ള സമ്പർക്കങ്ങൾ ഇവയൊക്കെ ഒരു നിഘണ്ടുവിലും ഇല്ലാത്ത വാക്യങ്ങളാണെങ്കിലും അവ അർത്ഥമാക്കുന്നതെന്താണെന്ന് ഏതോ വിധത്തിൽ എനിക്കു മനസ്സിലാകുന്നുണ്ട്. അവ സംസാരിക്കുന്നുണ്ട്, അവ അറിയിക്കുന്നുണ്ട്; എന്നാൽ അവ സംസാരിക്കുന്നത് തങ്ങളെക്കുറിച്ചല്ല, തങ്ങളെക്കുറിച്ചെന്തെങ്കിലും അറിവല്ല അവ പകർന്നു തരുന്നത്. അവ, ഞാൻ പറഞ്ഞ പോലെ, അർത്ഥം വെളിപ്പെടുത്താത്ത വാക്കുകളാണ്‌; അർത്ഥം ഒരു മിന്നായം പോലെ അവയിൽ മിന്നി മറയുമെന്നേയുള്ളു. 
*
150
ഒരു പ്രശ്നവും പരിഹരിക്കാവുന്നതല്ല. നാമാരും ഗോർഡിയൻ കുരുക്കഴിക്കുന്നില്ല; ഒന്നുകിൽ നാം പിന്മാറുന്നു, അല്ലെങ്കിൽ അതു വെട്ടിമുറിക്കുന്നു. പ്രജ്ഞയുടെ പ്രശ്നങ്ങൾ വികാരങ്ങൾ കൊണ്ട് വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിൽ നാം പരിഹരിക്കുന്നു; നാം അങ്ങനെ ചെയ്യുന്നത് ചിന്ത നമുക്കു മടുത്തു എന്നതുകൊണ്ടാണ്‌, നിഗമനങ്ങളിലെത്താനുള്ള ധൈര്യം നമുക്കില്ലാത്തതുകൊണ്ടാണ്‌, പിൻബലത്തിനു വേണ്ടിയുള്ള യുക്തിരഹിതമായ ആവശ്യം കൊണ്ടാണ്‌, അതുമല്ലെങ്കിൽ അന്യരോടു പറ്റിച്ചേരാനും ജീവിതത്തോടു പറ്റിച്ചേരാനുമുള്ള ജന്തുവാസന കൊണ്ടാണ്‌. 

ഒരു പ്രശ്നത്തിൽ അന്തർഭവിച്ചിരിക്കുന്ന എല്ലാ ഘടകങ്ങളും നാം അറിയാൻ പോകുന്നില്ലെന്നിരിക്കെ, നാമതു പരിഹരിക്കാനും പോകുന്നില്ല.

സത്യത്തിലെത്തിച്ചേരാൻ അവശ്യം വേണ്ട വസ്തുതകളും നമ്മുടെ കൈയിലില്ല, ആ വസ്തുതകളുടെ സാദ്ധ്യമായ എല്ലാ വ്യാഖ്യാനങ്ങളും നടത്തുന്നതിനു വേണ്ട ധൈഷണികപ്രക്രിയകളും നമുക്കില്ല.
*
182

ഇടവേള

ജീവിതം ജീവിച്ചുതുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിടവാങ്ങിപ്പോന്നു, കാരണം, സ്വപ്നത്തിൽ പോലും എനിക്കത് ആകർഷകമായി തോന്നിയിട്ടില്ല. സ്വപ്നങ്ങൾ തന്നെയും എന്നെ മടുപ്പിക്കുകയാണു ചെയ്തിട്ടുള്ളത്; അവയിൽ നിന്നെനിക്കു കിട്ടിയത് അനന്തമായ ഒരു പാതയുടെ അവസാനമെത്തിയതായുള്ള കപടവും അന്തിമവുമായ ഒരു തോന്നൽ മാത്രമാണ്‌. ഞാൻ എന്റെതന്നെ അതിരുകൾ കവിഞ്ഞൊഴുകി എവിടെയെന്നെനിക്കുപോലും അറിയാത്ത ഒരിടത്തു ചെന്നടിഞ്ഞു; അവിടെ ഒരു പ്രയോജനവുമില്ലാതെ ഞാൻ തളം കെട്ടിക്കിടന്നു. ഞാൻ മുമ്പെന്നോ ഉണ്ടായിരുന്നതൊന്നു മാത്രമാണ്‌. ഞാൻ എവിടെയാണെന്നെനിക്കു തോന്നുന്നുവോ, അവിടെയല്ല ഞാൻ; ഞാൻ എന്നെത്തന്നെ തേടുകയാണെങ്കിൽ ആരാണെന്നെ തേടുന്നതെന്നും എനിക്കറിയാതെപോകുന്നു. സകലതിനോടുമുള്ള മടുപ്പ് എന്റെ ഊർജ്ജമാകെ ഊറ്റിക്കളഞ്ഞിരിക്കുന്നു. സ്വന്തം ആത്മാവിൽ നിന്നുപോലും ഭ്രഷ്ടനാണു ഞാൻ എന്നെനിക്കു തോന്നിപ്പോകുന്നു.

ഞാൻ എന്നെത്തന്നെ നിരീക്ഷിക്കുന്നു. എന്റെതന്നെ കാഴ്ചക്കാരനാണു ഞാൻ. എന്റെ അനുഭൂതികൾ ഏതെന്നറിയാത്ത എന്റെ നോട്ടത്തിനു മുന്നിലൂടെ ഏതോ ബാഹ്യവസ്തുക്കളെപ്പോലെ അണിയിട്ടു പോകുന്നു. സകലതും എന്നെ മടുപ്പിക്കുന്നു. സകലതിനും, നിഗൂഢതയിലിറങ്ങിയ അവയുടെ വേരുകളോളം, എന്റെ മടുപ്പിന്റെ നിറവുമാണ്‌. 

കാലം എനിക്കു നല്കിയ പൂക്കൾ വാടിത്തളർന്നവയായിരുന്നു. അതിന്റെ ഇതളുകൾ പതിയെ നുള്ളിയെടുക്കുക എന്നതല്ലാതെ ഇനിയെനിക്കൊന്നും ചെയ്യാനില്ല; അതാകട്ടെ, വാർദ്ധക്യത്തിന്റെ ഭാരം പേറുന്നൊരു കൃത്യവുമായിരുന്നു!

എത്ര നിസ്സാരമായ ഒരു പ്രവൃത്തി പോലും എന്നെക്കൊണ്ടസാദ്ധ്യമായപോലെയാണ്‌; അതേതോ വീരകൃത്യം പോലെ ഭാരമേറിയതാണെനിക്ക്. എത്രയും ചെറിയൊരു ചേഷ്ടയെക്കുറിച്ചുള്ള വെറുമൊരു വിചാരം പോലും ഞാൻ അതു ചെയ്യാൻ ആലോചിക്കുകയാണെന്നപോലെ എന്നെ ക്ഷീണിപ്പിക്കുന്നു.

ഒന്നിനോടും എനിക്കൊരു കാംക്ഷയില്ല. ജീവിതം എന്നെ മുറിപ്പെടുത്തുന്നു. ഞാൻ ഇപ്പോൾ എവിടെയാണോ, അവിടെ ഞാൻ സ്വസ്ഥനല്ല; ഇനി, മറ്റെവിടെയായാലും അവിടെയും ഞാൻ സ്വസ്ഥനാവില്ല. 

എനിക്കു യോജിച്ചതിതാണ്‌: ഒരു പ്രവൃത്തിയുടെ പ്രതീതി ജനിപ്പിക്കാൻ മാത്രമുള്ള പ്രവൃത്തി ചെയ്യുക, ഒരു ജലധാരയുടേതുപോലെ- അതേയിടത്തു വീഴാനായി ഉയർന്നുപൊങ്ങുക, വെയിലത്തു കാര്യമില്ലാതെ തിളങ്ങുക; രാത്രിയുടെ നിശ്ശബ്ദതയിൽ അതിന്റെ ശബ്ദം കേൾക്കുമ്പോൾ സ്വപ്നം കാണുന്നവർ പുഴകളെ സ്വപ്നം കാണും, അന്യമനസ്കരായി അവർ പുഞ്ചിരിക്കും.
*

231
ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിൽ ഒന്നാണ്‌, ഒരു ജോലി തുടങ്ങി പൂർത്തിയാക്കിക്കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോദ്ധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താൻ വിനിയോഗിച്ചുകഴിഞ്ഞു എന്നുകൂടിയാകുമ്പോൾ ആ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌. എന്നാൽ, താൻ എഴുതാൻ പോകുന്ന കൃതി വികലമായിരിക്കുകയേയുള്ളു, പരാജയമായിരിക്കുകയേയുള്ളു എന്ന പൂർണ്ണബോദ്ധ്യത്തോടെ അതെഴുതാൻ ഒരുമ്പെടുക- ആത്മാവനുഭവിക്കുന്ന പീഡനത്തിന്റെയും അവമാനത്തിന്റെയും പരകോടിയാണത്. ഞാൻ ഇപ്പോൾ എഴുതുന്ന കവിതകൾ തൃപ്തികരമല്ല എന്നെനിക്കറിയാം എന്നുമാത്രമല്ല, ഞാനിനി എഴുതാനിരിക്കുന്ന ഏതു കവിതയുടെ പേരിലും ഞാൻ അസംതൃപ്തനായിരിക്കും എന്നും എനിക്കറിയാം. അസ്പഷ്ടവും മൂർച്ചയുള്ളതുമായ ഒരന്തർജ്ഞാനത്തിന്റെ സഹായത്താൽ താത്ത്വികവും ശാരീരികവുമായി ഇതെനിക്കറിയാം.

എങ്കില്പിന്നെ ഞാനെന്തിനു പിന്നെയും എഴുതുന്നു? ഞാൻ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗം പ്രയോഗത്തിൽ കൊണ്ടുവരാൻ ഇനിയും ഞാൻ പഠിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ. കവിതയും ഗദ്യവും ചമയ്ക്കാനുള്ള താല്പര്യം ഉപേക്ഷിക്കാൻ ഇതുവരെ എനിക്കു കഴിഞ്ഞിട്ടില്ല. എഴുതാതിരിക്കാൻ എനിക്കു പറ്റില്ല; ഒരു ശിക്ഷ അനുഭവിച്ചുതീർക്കുന്നപോലെയാണത്. ഏറ്റവും കഠിനമായ ശിക്ഷയാകട്ടെ, ഞാൻ എഴുതുന്നതെന്തും പൂർണ്ണമായും വ്യർത്ഥവും പരാജിതവും ദുർബ്ബലവുമാണെന്നറിയുകയും.

കുട്ടിയായിരിക്കുമ്പോഴേ ഞാൻ കവിത എഴുതിയിരുന്നു. പൊട്ടക്കവിതകളാണെങ്കിലും എനിക്കവ പൂർണ്ണത തികഞ്ഞ കവിതകളായിരുന്നു. പിഴവറ്റതൊന്നു ഞാൻ ചെയ്തു എന്ന മിഥ്യാനന്ദം ഇനി ഞാൻ അറിയാനേ പോകുന്നില്ല. അതിനെക്കാൾ ഭേദപ്പെട്ട കവിതകൾ ഇന്നു ഞാൻ എഴുതുന്നുണ്ട്. ഇന്നത്തെ ഏറ്റവും മികച്ച ചില എഴുത്തുകാർ എഴുതുന്നതിനേക്കാൾ ഭേദമാണവ എന്നും പറയാം. എന്നാല്ക്കൂടി, എനിക്കെഴുതാൻ കഴിയുമായിരുന്ന, അല്ലെങ്കിൽ ഞാൻ എഴുതണമായിരുന്ന (എന്തു കാരണം കൊണ്ടോ എനിക്കങ്ങനെ തോന്നുന്നു) കവിതകളേക്കാൾ എത്രയോ തരം താണതാണവ. കുട്ടിക്കാലത്തെ ആ മോശം കവിതകളെയോർത്തു ഞാൻ വിലപിക്കുന്നു, മരിച്ചുപോയ ഒരു കുട്ടിയെ ഓർത്തിട്ടെന്നപോലെ, മരിച്ചുപോയ മകനെ ഓർത്തിട്ടെന്നപോലെ, വ്യർത്ഥമായിപ്പോയ ഒരു പ്രതീക്ഷയെ ഓർത്തിട്ടെന്നപോലെ.
*

231

സുരക്ഷിതമായ ഒരു ജീവിതവും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള സമയവും അവസരവും എന്നെങ്കിലുമൊരിക്കൽ എനിക്കു കിട്ടിയെന്നിരിക്കട്ടെ, ഒന്നും തന്നെയെന്നു പറയാം, എഴുതാതിരിക്കുകയും പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ അനിശ്ചിതജീവിതത്തെയോർത്ത് എനിക്കൊരു നഷ്ടബോധം തോന്നുമെന്ന് എനിക്കറിയാം. ആ നഷ്ടബോധം എനിക്കു തോന്നുന്നത് എന്റെയാ സാധാരണജീവിതം അവസാനിച്ചിരിക്കുന്നുവെന്നും അതിനി ഒരിക്കലും തിരിച്ചുവരികയില്ല എന്നതുകൊണ്ടും മാത്രമല്ല, ഓരോതരം ജീവിതത്തിനും അതിനു മാത്രമായുള്ള ഒരു ഗുണവും പ്രത്യേകിച്ചൊരു ആനന്ദവും ഉണ്ട് എന്നതുകൊണ്ടും നാം മറ്റൊരു ജീവിതത്തിലേക്കു കടക്കുമ്പോൾ, അതിനി കൂടുതൽ ഭേദപ്പെട്ടതാണെങ്കിൽത്തന്നെ, ആ പ്രത്യേകതരം ആനന്ദത്തിനു മങ്ങൽ പറ്റുന്നുവെന്നതുകൊണ്ടും അതിനു മാത്രമുണ്ടായിരുന്ന ആ ഗുണത്തിനു കുറവു വരുന്നു എന്നതുകൊണ്ടും ആ നഷ്ടം നാം അറിയുന്നു എന്നതുകൊണ്ടും കൂടിയാണ്‌. 

എന്റെ ലക്ഷ്യങ്ങളുടെ കുരിശ് അന്തിമമായ കാൽവരിയിലേക്കു ചുമന്നെത്തിക്കാൻ ഒരുനാൾ എനിക്കു കഴിഞ്ഞുവെന്നിരിക്കട്ടെ, ഉള്ളിൽ മറ്റൊരു കാൽവരി ഞാൻ കണ്ടെത്തുമെന്ന് എനിക്കറിയാം, ഞാൻ ഫലശൂന്യനും അപൂർണ്ണനും അസംസ്കൃതനുമായിരുന്ന ആ നാളുകളുടെ പേരിൽ എനിക്കു നഷ്ടബോധം തോന്നുമെന്നും എനിക്കറിയാം. 

എനിക്കു മയക്കം വരുന്നു. മിക്കവാറും ആളൊഴിഞ്ഞ ഒരോഫീസിൽ, അസംബന്ധമെന്ന് എടുത്തുപറയാവുന്ന ഒരു ജോലിയിൽ മുഴുകി ഒരു ദിവസം ഞാൻ പിന്നിട്ടുകഴിഞ്ഞു. രണ്ടു പേർ സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്തിരിക്കുകയാണ്‌; മറ്റുള്ളവരാകട്ടെ, വന്നിട്ടുതന്നെയില്ല. അകലെ, മുറിയുടെ മറ്റേയറ്റത്തിരിക്കുന്ന പ്യൂണിനെ ഒഴിച്ചാൽ ഓഫീസിൽ ഞാൻ ഒറ്റയ്ക്കാണ്‌. എനിക്കൊരുനാൾ നഷ്ടബോധം തോന്നിയേക്കാം എന്ന സാദ്ധ്യതയുടെ പേരിൽ എനിക്കു നഷ്ടബോധം തോന്നുന്നു; എത്ര യുക്തിരഹിതമാണ്‌ ആ നഷ്ടബോധം എന്നതു ഞാൻ കാര്യമാക്കുന്നതുമില്ല.

ഇവിടെത്തന്നെ കഴിയാൻ എന്നെ വിടണമെന്ന് ദേവന്മാരോടു ഞാൻ അപേക്ഷിക്കുകതന്നെയാണ്‌, ഒരു പെട്ടിയിലിട്ടടച്ചപോലെ, ജീവിതത്തിന്റെ കടുപ്പങ്ങളിൽ നിന്നും അതിന്റെ ആഹ്ലാദങ്ങളിൽ നിന്നും ഒരേപോലെ സുരക്ഷിതനായി.
*

274
ബൂർഷ്വാസിയും ജനസാമാന്യവും തമ്മിൽ, കുലീനരും സാധാരണക്കാരും തമ്മിൽ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ ഒരു വേർതിരിവു കല്പിക്കുമ്പോൾ മൂഢവും ഗുരുതരവുമായ ഒരു പിഴവാണ്‌ വിപ്ലവകാരികൾ വരുത്തുന്നത്. സാഹചര്യത്തിനനുസരിച്ചു സ്വയം പുതുക്കുന്നവർ, അങ്ങനെയല്ലാത്തവർ എന്ന വ്യത്യാസമേ വ്യത്യാസമായിട്ടുള്ളു; ശേഷമൊക്കെ സാഹിത്യമാണ്‌, അതും അധമസാഹിത്യം. ഭിക്ഷക്കാരന്‌, സാഹചര്യത്തിനനുസരിച്ചു സ്വയം മാറാൻ കഴിഞ്ഞാൽ, നാളെ ഒരു രാജാവാകാൻ കഴിഞ്ഞെന്നുവരാം; അങ്ങനെയാവുമ്പോൾ പക്ഷേ, ഭിക്ഷക്കാരനായിരിക്കുക എന്ന നില അയാൾക്കു നഷ്ടപ്പെടുമെന്നേയുള്ളു. അയാൾ അതിർത്തി കടന്നുകഴിഞ്ഞു, എന്നാൽ അയാൾക്കു തന്റെ ദേശീയത നഷ്ടപ്പെടുകയും ചെയ്തു.
അഴുക്കു പിടിച്ച ജനാലകൾ നിരുന്മേഷമായ ഒരു തെരുവിലേക്കു തുറക്കുന്ന ഈ ഇടുങ്ങിയ ഓഫീസ്സിലിരിക്കുമ്പോൾ ഈതരം ചിന്തകൾ എന്നെ ആശ്വാസം കൊള്ളിക്കുന്നു. ലോകബോധത്തിന്റെ സ്രഷ്ടാക്കൾ എനിക്കു കൂട്ടായിട്ടുണ്ടെന്ന ചിന്ത എനിക്കാശ്വാസം നല്കുന്നു- ഷേക്സ്പിയർ എന്ന അച്ചടക്കമില്ലാത്ത നാടകമെഴുത്തുകാരൻ, സ്കൂൾ മാഷായ ജോൺ മിൽട്ടൺ, നാടുതെണ്ടിയായ ദാന്തേ അലിഘിയേരി...പിന്നെ ആരും എതിരു പറയില്ലെങ്കിൽ, യേശുക്രിസ്തു- ഈ ലോകത്ത് ഒന്നുമല്ലാതിരുന്നവൻ, ജീവിച്ചിരുന്നോ എന്നുപോലും ചരിത്രം സംശയിക്കുന്നവൻ. ഇവരിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒരു ഗണത്തിൽ പെട്ടവരാണ്‌- സ്റ്റേറ്റ് കൗൺസിലർ യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗൊയ്ഥേ, സെനറ്റർ വിക്തോർ ഹ്യൂഗോ, രാഷ്ട്രത്തലവന്മാരായ ലെനിനും മുസ്സോളിനിയും.
ശിപായിമാർക്കും ബാർബർമാർക്കുമൊപ്പം നിഴല്പാടിൽ നില്ക്കുന്ന നമ്മെപ്പോലുള്ളവരെയാണ്‌ മനുഷ്യവർഗ്ഗം എന്നു പറയുന്നത്.
ഒരു വശത്ത് തങ്ങളുടെ പദവിയും അന്തസ്സുമായി രാജാക്കന്മാർ, കീർത്തിയുമായി ചക്രവർത്തിമാർ, പരിവേഷവുമായി പ്രതിഭകൾ, പ്രകാശവലയവുമായി വിശുദ്ധന്മാർ, പരമാധികാരവുമായി ജനനേതാക്കൾ, വേശ്യകൾ, പ്രവാചകർ, പണക്കാർ...മറുവശത്ത് നമ്മൾ- ഓഫീസ്സിന്റെ മൂലയ്ക്കു നില്ക്കുന്ന ശിപായി, അച്ചടക്കമില്ലാത്ത നാടകമെഴുത്തുകാരൻ ഷേക്സ്പിയർ, കഥകൾ പറയുന്ന ബാർബർ, സ്കൂൾ മാഷായ ജോൺ മിൽട്ടൺ, കടക്കാരന്റെ സഹായി, നാടുതെണ്ടിയായ ദാന്തേ അലിഘിയേരി, മരണം മറക്കുകയോ വിശുദ്ധരാക്കുകയോ ചെയ്തവർ, വിശുദ്ധരാക്കാതെതന്നെ ജീവിതം മറന്നുകളഞ്ഞവർ.

280

പൂർണ്ണതയെ നാം ആരാധിക്കുന്നത് നമുക്കതു കൈവരിക്കാൻ പറ്റില്ല എന്നതുകൊണ്ടാണ്‌; അതിനു കഴിഞ്ഞിരുന്നെങ്കിൽ നാമതിനെ വെറുക്കുമായിരുന്നു. പൂർണ്ണത മാനുഷികമല്ല, എന്തെന്നാൽ മനുഷ്യനായിരിക്കുക എന്നുപറഞ്ഞാൽ അപൂർണ്ണനായിരിക്കുക എന്നാണ്‌.

സ്വർഗ്ഗത്തിനോട് പുറമേ കാണിക്കാത്ത ഒരറപ്പ് നമുക്കുണ്ട്- അവിടെയെത്താനുള്ള നമ്മുടെ ആഗ്രഹം സ്വർഗ്ഗത്ത് ഒരു നാട്ടുമ്പുറം കാണുമെന്നുള്ള ഒരു പാവപ്പെട്ടവന്റെ ആഗ്രഹം പോലെയാണ്‌. ചിന്തയും വികാരവുമുള്ള ഒരാത്മാവിനെ ആകർഷിക്കുന്നത് അമൂർത്തമായ ഹർഷോന്മാദങ്ങളോ കേവലതത്വത്തിന്റെ അതിശയങ്ങളോ അല്ല: ഇളംചൂടുള്ള വീട്ടകങ്ങൾ, പ്രശാന്തമായ കുന്നുമ്പുറങ്ങൾ, നീലക്കടലിൽ പതിച്ചുവച്ച പച്ചത്തുരുത്തുകൾ, ഇരുവശവും മരങ്ങൾ വരിനില്ക്കുന്ന പാതകൾ, തറവാട്ടുമുറ്റത്തെ ദീർഘമായ അലസനേരങ്ങൾ ഇതൊക്കെയാണ്‌. സ്വർഗ്ഗത്തു ഭൂമിയില്ലെങ്കിൽ നാം പിന്നെ സ്വർഗ്ഗത്തെക്കുറിച്ചാലോചിച്ചു നേരം കളയാതിരിക്കുക. അതിനെക്കാൾ എത്രയോ ഭേദമാണ്‌, എല്ലാം ഒന്നുമല്ലെന്നു വരിക, ഇതിവൃത്തമില്ലാത്ത ഈ നോവൽ ഇവിടെവച്ചവസാനിക്കുക.

പൂർണ്ണത കൈവരിക്കണമെങ്കിൽ ഒരു മനുഷ്യന്‌ മനുഷ്യനന്യമായ ഒരു നിർവ്വികാരത ആവശ്യം വരും; അപ്പോഴാകട്ടെ, സ്വന്തം പൂർണ്ണതയെ സ്നേഹിക്കാനാവശ്യമായ ആ മനുഷ്യഹൃദയം അയാൾക്കു നഷ്ടപ്പെടുകയും ചെയ്യും.

മഹാന്മാരായ കലാകാരന്മാരുടെ പൂർണ്ണതക്കായുള്ള ദാഹത്തിനു മുന്നിൽ ഭക്ത്യാദരവുകളോടെ നാം നില്ക്കുന്നു. പൂർണ്ണത കൈവരിക്കാനുള്ള അവരുടെ ശ്രമങ്ങളെ നാം സ്നേഹിക്കുന്നു; പക്ഷേ നാമതിനെ സ്നേഹിക്കുന്നത് അതൊരു ശ്രമം മാത്രമായതുകൊണ്ടാണ്‌.


284
വിരൽത്തുമ്പുകൊണ്ടുപോലും നാം ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ.

ചിന്തകളിൽപോലും നാം പ്രേമിക്കാതിരിക്കട്ടെ. സ്വപ്നത്തിൽപോലും നാം ഒരു സ്ത്രീയുടെ ചുംബനം അറിയാതിരിക്കട്ടെ. 

ആലസ്യത്തിന്റെ ശില്പികളായ നാം വ്യാമോഹങ്ങൾ പറിച്ചെറിയുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നതിൽ കേമന്മാരാകട്ടെ. ജീവിതത്തെക്കുറിച്ചറിയാൻ ഉത്സുകരായവർ ചിലർ നമ്മളിലുണ്ടെങ്കിൽ പുതുമയുള്ളതോ സുന്ദരമോ ആയതൊന്നും കാണാനില്ലെന്ന മുന്നറിവിന്റെ മടുപ്പോടെ ചുമരുകൾക്കു മുകളിലൂടെത്തിനോക്കട്ടെ.

നൈരാശ്യത്തിന്റെ നെയ്ത്തുകാരായ നാം ശവക്കച്ചകൾ മാത്രം നെയ്യട്ടെ- നാം ഇന്നേവരെ കാണാത്ത സ്വപ്നങ്ങൾക്കായി വെളുത്ത ശവക്കച്ചകൾ, നാം മരിക്കുന്ന നാളുകൾക്കായി കറുത്ത ശവക്കച്ചകൾ, നാം സ്വപ്നം കാണുകമാത്രം ചെയ്ത ചേഷ്ടകൾക്കായി നരച്ച ശവക്കച്ചകൾ, നമ്മുടെ വ്യർത്ഥവികാരങ്ങൾക്കായി രാജകീയമായ ഊതനിറത്തിലുള്ള ശവക്കച്ചകൾ.

കുന്നുകളിലും തടങ്ങളിലും തടാകക്കരകളിലും വേട്ടക്കാർ ചെന്നായ്ക്കളേയും മാനുകളേയും കാട്ടുതാറാവുകളേയും വേട്ടയാടിക്കോട്ടെ. നാമവരെ വെറുക്കുക, അവർ കൊല്ലുകയാണെന്നതുകൊണ്ടല്ല, അവർക്കതിൽ നിന്നു സന്തോഷം കിട്ടുന്നു എന്നതിനാൽ (നമുക്കു കിട്ടാത്തതിനാലും).

നമ്മുടെ മുഖഭാവം ഒരു വിളർത്ത മന്ദഹാസമാവട്ടെ, കരയാൻ പോകുന്നൊരാളുടേതുപോലെ, വിദൂരതയിൽ തങ്ങിയ ഒരു നോട്ടമാവട്ടെ, കാണാൻ ആഗ്രഹമില്ലത്ത ഒരാളുടേതുപോലെ, നേരിയ ഒരവജ്ഞ മാത്രമാവട്ടെ, ജീവിതത്തെ വെറുക്കുന്ന ഒരാളുടേതുപോലെ, വെറുക്കാൻ എന്തെങ്കിലും വേണമല്ലോ എന്നതുകൊണ്ടുമാത്രം ജീവിതം കൊണ്ടുനടക്കുന്ന ഒരാളുടേതുപോലെ.

പണിയെടുക്കുകയും പാടുപെടുകയും ചെന്നവരെ നാം അവജ്ഞയോടെ കാണുക, വിശ്വാസവും പ്രതീക്ഷയും വച്ചുകൊണ്ടിരിക്കുന്നവരെ നാം വെറുക്കുകയും ചെയ്യുക. 
*

349
നമുക്കു തുറന്നു പറയാൻ, നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരാൾ വേണമെന്നു തോന്നുക എന്നതാണ്‌ നമ്മുടെ ആഗ്രഹങ്ങളിൽ വച്ചേറ്റവും അധമം. ആത്മാവിഷ്കാരത്തിനുള്ള തിടുക്കമാണത്.

പോകൂ, പോയി തുറന്നു പറയൂ, എന്നാൽ ഉള്ളിൽ തട്ടാത്തവയേ പറയാവൂ. ആത്മാവിൽ നിന്നു ഭാരം ഇറക്കിവയ്ക്കാനാണെങ്കിൽ നിങ്ങളുടെ രഹസ്യങ്ങൾ തുറന്നു പറഞ്ഞോളൂ, എന്നാൽ ആ രഹസ്യങ്ങൾ നിങ്ങൾക്കുണ്ടായിട്ടേയില്ലാത്ത രഹസ്യങ്ങളായിരിക്കട്ടെ.

ആ സത്യം തുറന്നു പറയുന്നതിനു മുമ്പ് നിങ്ങളോടു തന്നെ നുണ പറയുക. ആത്മാവിഷ്കാരത്തിനുള്ള ശ്രമം ഒരു പിശകായിരുന്നിട്ടേയുള്ളു. മന:പൂർവ്വമായിത്തന്നെ ബോധവാനാവുക: ആത്മാവിഷ്കാരം, നിങ്ങളുടെ കാര്യത്തിൽ, നുണ പറയലിന്റെ പര്യായമാവട്ടെ.

*


357
ആരിൽ നിന്നും നമുക്കു പഠിക്കാം, നാം പഠിക്കണം എന്നത് ജീവിതത്തിന്റെ ഒരു നിയമമാണ്‌. തട്ടിപ്പുകാരിൽ നിന്നും വക്രബുദ്ധികളിൽ നിന്നും പഠിക്കാവുന്ന പാവനവും ഗൗരവമുള്ളതുമായ വിഷയങ്ങളുണ്ട്, വിഡ്ഢികൾ നമ്മെ പഠിപ്പിക്കുന്ന തത്ത്വജ്ഞാനങ്ങളുണ്ട്, യാദൃച്ഛികതയും യാദൃച്ഛികമായി നാം കണ്ടുമുട്ടുന്നവരും പകർന്നുതരുന്ന വിശ്വസ്തതയുടേയും നീതിയുടേയും പാഠങ്ങളുണ്ട്. എല്ലാം എല്ലാറ്റിലുമുണ്ട്.

ചിന്ത വിശേഷിച്ചും തെളിഞ്ഞിരിക്കുന്ന ചില നിമിഷങ്ങളിൽ, നിരീക്ഷണദൃഷ്ടിയോടെ തെരുവിലൂടെ അലഞ്ഞുനടക്കുമ്പോഴെന്നപോലെ, ഓരോ വ്യക്തിയും എന്തെങ്കിലുമൊരു പുതുമ എനിക്കു നല്കുന്നുണ്ട്, ഓരോ കെട്ടിടവും പുതുതായെന്തോ എന്നെ പഠിപ്പിക്കുന്നുണ്ട്, ഓരോ പരസ്യപ്പലകയ്ക്കും എനിക്കായെന്തോ ഒരു സന്ദേശം നല്കാനുണ്ട്.

എന്റെ നിശ്ശബ്ദമായ ഉലാത്തൽ ഒരു നിരന്തരസംഭാഷണമാണ്‌, മനുഷ്യർ, കെട്ടിടങ്ങൾ, കല്ലുകൾ, പരസ്യപ്പലകകൾ, ആകാശം എല്ലാം ചേർന്ന വിപുലമായ ഒരു കൂട്ടം സൗഹാർദ്ദത്തോടെ തിക്കിതിരക്കിക്കൊണ്ട് നിയതിയുടെ ഘോഷയാത്രയിൽ അണിചേരുകയാണ്‌.

361

സത്യത്തിനായുള്ള അന്വേഷണം- അതിനി വിശ്വാസമെന്ന ആത്മനിഷ്ഠസത്യമാവട്ടെ, യാഥാർത്ഥ്യമെന്ന വസ്തുനിഷ്ഠസത്യമാവട്ടെ, ധനമോ അധികാരമോ ആയ സാമൂഹ്യസത്യമാവട്ടെ- അതിൽ വിജയിക്കുന്ന അന്വേഷകനു സമ്മാനമായി കിട്ടുന്നത് അങ്ങനെയൊന്നില്ലെന്ന ആത്യന്തികജ്ഞാനമായിരിക്കും. ജീവിതത്തിന്റെ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം കിട്ടുന്നത് അബദ്ധത്തിൽ ടിക്കറ്റ് വാങ്ങിയവർക്കാണ്‌.


362

സാധാരണ ധാർമ്മികനിയമങ്ങൾ അതിലുമുയർന്ന ഒരു ധാർമ്മികനിയമത്തിനനുസൃതമായി ലംഘിക്കുന്നതിൽ ന്യായരഹിതമായി ഒന്നുമില്ല. ഒരു കഷണം റൊട്ടി മോഷ്ടിക്കാൻ വിശപ്പ് ഒരു ഒഴികഴിവല്ല; എന്നാൽ രണ്ടുകൊല്ലത്തെ ഉപജീവനവും മനഃസമാധാനവും ഉറപ്പാക്കാൻ ഒരു കലാകാരൻ 2000 എസ്ക്യുഡോ മോഷ്ടിച്ചാൽ അതു പൊറുത്തുകൊടുക്കാവുന്നതാണ്‌; മനുഷ്യസംസ്കൃതിയെ മുന്നോട്ടുകൊണ്ടുപോകാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാവണം അയാളുടെ കല എന്നേയുള്ളു. വെറുമൊരു സുന്ദരവസ്തുവാണ്‌ ആ സൃഷ്ടിയെങ്കിൽ ഈ വാദം ഇവിടെ നിലനില്ക്കുന്നതുമില്ല. 

364

എന്റെ ഉടൽ കൊണ്ടെങ്ങനെ ഞാൻ സ്വന്തമാക്കാൻ, എന്റെ ഉടൽ തന്നെ എന്റെ സ്വന്തമല്ലെന്നിരിക്കെ? എന്റെ ആത്മാവു കൊണ്ടെങ്ങനെ ഞാൻ സ്വന്തമാക്കാൻ, എന്റെ ആത്മാവു തന്നെ എന്റെ സ്വന്തമല്ലെന്നിരിക്കെ? എന്റെ മനസ്സു കൊണ്ടെങ്ങനെ ഞാൻ മനസ്സിലാക്കാൻ, എന്റെ മനസ്സിനെത്തന്നെ എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ? 

നമുക്കു സ്വന്തമെന്നു പറയാൻ ഒരുടലില്ല, ഒരു സത്യമില്ല, ഒരു മിഥ്യ പോലുമില്ല. നുണകളും വ്യാമോഹങ്ങളുടെ നിഴലുകളും കൊണ്ടുണ്ടാക്കിയ മായാരൂപങ്ങളാണു നാം; നമ്മുടെ ജീവിതം അകത്തും പുറത്തും ഒരേപോലെ പൊള്ളയാണ്‌.

‘ഞാൻ ഞാനാണ്‌’ എന്നുറപ്പിച്ചുപറയാൻ തക്കവിധം സ്വന്തം ആത്മാവിന്റെ അതിരുകൾ കൃത്യമായറിഞ്ഞ ഒരാളെങ്കിലുമുണ്ടോ?

എന്നാൽ ഞാൻ എന്തനുഭവിക്കുന്നുവോ, അതനുഭവിക്കുന്നവൻ ഞാനാണെന്ന് എനിക്കറിയാം.

ഈ ഉടൽ മറ്റൊരാൾക്കു സ്വന്തമാകുമ്പോൾ അതിൽ നിന്നയാൾക്കു സ്വന്തമാകുന്നത് എനിക്കു സ്വന്തമായിരുന്നതു തന്നെയാണോ? അല്ല, അയാൾക്കു സ്വന്തമാകുന്നത് മറ്റൊരനുഭൂതിയാണ്‌.

നമുക്കു സ്വന്തമായി എന്തെങ്കിലുമുണ്ടോ? നാമാരാണെന്നു നമുക്കുതന്നെ അറിയില്ലെങ്കിൽ, നമുക്കു സ്വന്തമായതെന്തെന്നു നാമെങ്ങനെ അറിയാൻ?

നിങ്ങൾ കഴിക്കുന്ന ഒന്നിനെപ്പറ്റി ‘എനിക്കിതു സ്വന്തമാണ്‌’ എന്നു നിങ്ങൾ പറഞ്ഞാൽ എനിക്കതു മനസ്സിലാകും. കാരണം, നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഭാഗമാകുന്നുണ്ട്, നിങ്ങളതിനെ നിങ്ങളുടെ സത്താക്കി മാറ്റുന്നുണ്ട്, അത് നിങ്ങളിലേക്കു കടക്കുന്നതും നിങ്ങളുടേതാകുന്നതും നിങ്ങൾ അറിയുന്നുണ്ട്. എന്നാൽ നിങ്ങൾ എന്തു കഴിക്കുന്നോ, അതിനെക്കുറിച്ച് സ്വന്തമാക്കുക എന്നു പറയാറില്ല. സ്വന്തമാക്കുന്നതിനെ എന്താണു പറയുക?

*
ഞാൻ എഴുതുന്നത് ആരും വായിക്കുന്നില്ലെങ്കിൽ ഞാനെന്തിനതിൽ വിചാരപ്പെടണം? ഞാൻ എഴുതുന്നത് ജീവിതത്തെ ഓർക്കാതിരിക്കാനാണ്‌; അത് പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതുകൊണ്ടും. ഇനി നാളെ ഞാൻ എഴുതിയതൊക്കെ നഷ്ടപ്പെട്ടുപോവുകയാണെന്നിരിക്കട്ടെ, എനിക്കു ദുഃഖം തോന്നുമെന്നുള്ളതു തീർച്ചയാണ്‌; എന്നാൽ മനസ്സില്ന്റെ സമനില തെറ്റിക്കുന്നത്ര കടുത്തൊരു ദുഃഖമായിരിക്കുമോ അതെന്നെനിക്കു സംശയമുണ്ട്, എന്റെ ജീവിതമാകെയാണ്‌ എന്റെ എഴുത്തിൽ അടങ്ങിയിരിക്കുന്നതെന്നതിനാൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് അങ്ങനെയാണെങ്കില്ക്കൂടി. തന്റെ കുഞ്ഞു മരിച്ച് ചില മാസങ്ങൾക്കകം ഒരമ്മ തന്റെ ജീവിതം വീണ്ടെടുക്കുന്നതു നാം കാണാറില്ലേ? അതായിരിക്കും എന്റെ അവസ്ഥയെന്നു ഞാൻ വിശ്വസിക്കുന്നു. മരിച്ചവരെ പരിപാലിക്കുന്ന ഈ മഹിതഭൂമി, അത്രയും വാത്സല്യത്തോടെയല്ലെങ്കിലും, ഞാനെഴുതിയ ഈ കടലാസ്സുകളേയും പരിരക്ഷിച്ചുകൊള്ളും. ഒന്നിനും ഒരു പ്രാധാന്യവുമില്ല; തങ്ങൾ ജീവിതത്തിൽ കണ്ണു നട്ടിരിക്കെ ഉറങ്ങാതെ കിടക്കുന്ന ആ കുഞ്ഞിനെ അക്ഷമയോടെ കണ്ടിരുന്നവർ ഉണ്ടാവാം എന്നു ഞാൻ വിശ്വസിക്കുന്നു; അവർക്കു വേണ്ടിയിരുന്നത് കുഞ്ഞുറങ്ങിയതില്പിന്നെ കൈവരുന്ന സ്വസ്ഥതയായിരുന്നു.
*


ദൈവമെന്നെ ഒരു ശിശുവായി സൃഷ്ടിച്ചു, ഞാൻ എന്നുമെന്നും ഒരു ശിശുവായിത്തന്നെയിരിക്കട്ടെ എന്നും അവൻ നിശ്ചയിച്ചു. എന്നാൽ അവൻ എന്തിനെന്നെ ജീവിതത്തിന്റെ പ്രഹരങ്ങൾക്കു വിട്ടുകൊടുത്തു, എന്തിനെന്റെ കളിപ്പാട്ടങ്ങൾ തട്ടിയെടുത്തു, കണ്ണീരിന്റെ പാടു വീണ നീലമേലുടുപ്പിന്റെ തുമ്പുകൾ മെലിഞ്ഞ കൈകളിൽ തിരുപ്പിടിച്ചുകൊണ്ട് ഒറ്റയ്ക്കു കളിക്കാനെന്നെ വിട്ടു? സ്നേഹമില്ലാതെ ജീവിക്കാൻ എനിക്കാവില്ല എന്നായിട്ടും ആ സ്നേഹം എന്തിനെന്നിൽ നിന്നു തട്ടിയെറിഞ്ഞു? ഹാ, തെരുവിൽ ഒറ്റയ്ക്കു കരഞ്ഞുകൊണ്ടുനില്ക്കുന്ന ഓരോ കുട്ടിയെ കാണുമ്പോഴും എനിക്കു വേദന തോന്നുന്നത് ആ കുട്ടിയുടെ സങ്കടമോർത്തിട്ടല്ല, എന്റെ തന്നെ ക്ഷീണിതഹൃദയത്തിന്റെ ഭീതിദാവസ്ഥ ഓർത്തിട്ടാണ്‌. എന്റെ വൈകാരികജീവിതത്തിന്റെ ഓരോ അണുവിലും എനിക്കു വേദനിക്കുന്നു; മേലുടുപ്പിന്റെ തുമ്പുകൾ തിരുപ്പിടിക്കുന്ന ആ കൈകൾ എന്റേതാണ്‌, പൊള്ളുന്ന കണ്ണീരു വീണു കോടുന്ന ആ ചുണ്ടുകൾ എന്റേതാണ്‌, ആ തളർച്ചയും ആ ഒറ്റപ്പെടലുമെല്ലാം എന്റേതാണ്‌. കടന്നുപോകുന്ന മുതിർന്നവരുടെ ചിരിയാവട്ടെ, എന്റെ സ്വന്തം ഹൃദയത്തിന്റെ അതിലോലമായ ഭിത്തിയിൽ ഉരച്ചുകത്തിക്കുന്ന ഒരു തീപ്പെട്ടിക്കൊള്ളിയുടെ നാളം പോലെയുമാണ്‌.
*
എന്തു ചെയ്യുന്നതിനു മുമ്പും ഞാനൊന്നറച്ചുനില്ക്കുന്നു, പലപ്പോഴും എന്തിന്നെന്നറിയാതെയും. എത്ര തവണയാണ്‌ രണ്ടു ബിന്ദുക്കൾക്കിടയിൽ എത്ര ദൂരം വരെയാകാമെന്നു നോക്കാൻ ഞാൻ മുതിർന്നത്: നേർവരയ്ക്ക് എന്റെ നിർവചനം അതായിരുന്നു, എന്റെ മനസ്സിൽ നേർവരയുടെ ആദർശരൂപം അതായിരുന്നു. ചടുലമായ ഒരു ജീവിതത്തിനു വേണ്ട പാടവം എനിക്കുണ്ടായിട്ടേയില്ല. മറ്റൊരാൾക്കും പിഴയ്ക്കാത്ത ചുവടുകൾ എനിക്കാകെപ്പിഴച്ചു; അന്യർ സ്വാഭാവികമെന്നോണം ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്കു വല്ലാതെ പണിപ്പെടേണ്ടിവന്നിരുന്നു. അന്യർക്ക് ആഗ്രഹിക്കാതെ കിട്ടിയിരുന്നു; എനിക്ക് കിട്ടാൻ ആഗ്രഹിക്കേണ്ടിയിരുന്നു. എനിക്കും ജീവിതത്തിനുമിടയിൽ കണ്ടാലും തൊട്ടാലുമറിയാത്ത അതാര്യമായ ചില്ലുപാളികൾ എന്നുമുണ്ടായിരുന്നു. എന്റെ ജീവിതത്തിന്‌ ഒരു രൂപരേഖയുമുണ്ടായിരുന്നില്ല. ഞാൻ എന്തായിത്തീരണമെന്ന ദിവാസ്വപ്നമായിരുന്നു ഞാൻ.

എന്റെ ഹൃദയത്തിനൊപ്പമെത്താൻ എന്റെ മനസ്സിനായില്ലെന്നോ അതോ എന്റെ മനസ്സിനൊപ്പമെത്താൻ എന്റെ ഹൃദയത്തിനായില്ലെന്നോ ഏതാണു ശരിയെന്നെനിക്കറിയില്ല. ഞാൻ എന്നും വൈകി; അതിനു കാരണം ഒന്നാമത്തേതോ രണ്ടാമത്തേതോ അതോ രണ്ടും കൂടിയാണോ അതുമല്ല, മൂന്നാമതൊന്നാണോ എന്നെനിക്കു തീർച്ചയില്ല.
*

വിട വാങ്ങുന്ന പകൽ തളർന്ന സിന്ദൂരനിറങ്ങളിലേക്കൊഴുകിയൊടുങ്ങുന്നു. ഞാൻ ആരാണെന്നോ ആരായിരുന്നുവെന്നോ ആർക്കും പറയാനാവില്ല. അജ്ഞാതമായൊരു മലയിൽ നിന്ന് അജ്ഞാതമായൊരു താഴ്വരയിലേക്കു ഞാനിറങ്ങിവന്നു; അലസസായാഹ്നത്തിൽ എന്റെ ചുവടുകൾ കാട്ടുവെളിയിൽ വീണ കാല്പാടുകൾ മാത്രമായിരുന്നു. ഞാൻ സ്നേഹിച്ചവരെല്ലാം എന്നെ നിഴല്പാടിലേക്കു തള്ളി. അവസാനത്തെ തോണിയുടെ നേരം ആർക്കുമറിയില്ലായിരുന്നു. ആരും എഴുതാനേയിടയില്ലാത്ത കത്തിനെക്കുറിച്ച് പോസ്റ്റുമാന്‌ ഒരു വിവരവുമുണ്ടായിരുന്നില്ല. 

അതെ, എല്ലാം കാപട്യമായിരുന്നു. തങ്ങളോടാരും പറയാത്ത കഥകളിലൊന്നുപോലും ആരും പറഞ്ഞില്ല; ആസന്നമായ മൂടൽമഞ്ഞിന്റെയും സന്ദിഗ്ധതയുടേയും സന്തതിയായ ഒരാൾ, ഏതോ മിഥ്യയുടെ തോണിയിൽ കയറാൻ മുമ്പേകൂട്ടി ഇറങ്ങിത്തിരിച്ച അയാളെക്കുറിച്ച് ആർക്കും വ്യക്തമായൊരു വിവരമില്ല. അമാന്തക്കാർക്കിടയിൽ എനിക്കൊരു പേരുണ്ട്; അതും പക്ഷേ, ഒരു നിഴലു മാത്രം, മറ്റേതും പോലെ.
*

(ഭാവനാസഞ്ചാരം)

ആസന്നസന്ധ്യയുടെ മമതയിൽ അനന്തതയിലേക്കു തുറന്നുകിടക്കുന്ന ഈ നാലാംനിലജനാലയ്ക്കൽ നക്ഷത്രങ്ങൾക്കാരംഭമാകുന്നതും കാത്ത് ഞാൻ നില്ക്കുമ്പോൾ ഇനിയുമറിയപ്പെടാത്ത ദേശങ്ങളിലേക്കോ അതുമല്ലെങ്കിൽ സാങ്കല്പികമോ അസാദ്ധ്യം പോലുമോ ആയ ദേശങ്ങളിലേക്കോ ഉള്ള ദീർഘയാത്രയ്ക്കു വേണ്ട താളത്തിൽ എന്റെ സ്വപ്നങ്ങൾക്കു ചലനം വയ്ക്കുന്നു.
*
158/244

എന്റെ ജീവിതത്തിൽ ഞാൻ എവിടെയൊക്കെയായിരുന്നുവോ, ഏതൊക്കെ ചുറ്റുപാടിലായിരുന്നുവോ, എവിടൊക്കെ ജീവിക്കുകയും മറ്റുള്ളവർക്കൊപ്പം പണിയെടുക്കുകയും ചെയ്തിട്ടുണ്ടോ, അവിടെയൊക്കെ എല്ലാവരും എന്നെ കണ്ടിരുന്നത് വിളിക്കാതെ വന്നുകയറിയ ഒരാളെപ്പോലെയാണ്‌, ഒരപരിചിതനെപ്പോലെയെങ്കിലുമാണ്‌. പരിചയക്കാർക്കിടയിലെന്നപോലെ ബന്ധുക്കൾക്കിടയിലും ഞാൻ എന്നും ഒരന്യനായിരുന്നു. ബോധപൂർവ്വമായി ആരെങ്കിലും എന്നെങ്കിലും എന്നോടങ്ങനെ പെരുമാറിയിട്ടുണ്ടെന്നല്ല, ഞാൻ ഒരന്യനാണ്‌ എന്ന ബോധം എന്നിൽ ജനിപ്പിക്കാൻ അവരുടെ സ്വാഭാവികമായ പ്രതികരണം മതിയായിരുന്നു എന്നാണ്‌ ഞാൻ പറയുന്നത്. 

എവിടെയും എല്ലാവരും ദയവോടെയേ എന്നോടു പെരുമാറിയിട്ടുള്ളു. ഇത്ര കുറച്ചാളുകളുടെ ശകാരം കേട്ടവരായി വളരെക്കുറച്ചാളുകളേ ഉണ്ടാവൂ എന്നെനിക്കു തോന്നുന്നു; മറ്റൊരാളുടെ കോപത്തിന്‌ ഇത്ര കുറച്ചിരയായതായി, മറ്റൊരാളുടെ ധാർഷ്ട്യത്തിനോ ഈർഷ്യക്കോ പാത്രമാവാൻ ഇത്ര കുറച്ചവസരം കിട്ടിയതായി മറ്റൊരാളുണ്ടാവില്ല. പക്ഷേ എന്നോടവർ കാണിച്ച ആ സഹതാപം സ്നേഹരഹിതമായിരുന്നു. എന്നോടു സ്വാഭാവികമായി ഏറ്റവുമടുത്തവർക്ക് ഞാൻ ഒരു വിരുന്നുകാരനെപ്പോലെയായിരുന്നു; അതിനാൽ ഒരു വിരുന്നുകാരനു കിട്ടുന്ന പരിചരണം എനിക്കു കിട്ടുകയും ചെയ്തു; എന്നാൽ അതിൽ ഒരപരിചിതനോടുള്ള കരുതലുണ്ടായിരുന്നു, വിളിക്കാതെ വന്നുകയറുന്നവന്റെ വിധിയായ സ്നേഹക്കുറവുണ്ടായിരുന്നു...

ഇതിനെല്ലാം, അതായത് അന്യർക്കെന്നോടുള്ള ഈ മനോഭാവത്തിനെല്ലാം മൂലം എന്റെ സ്വന്തം പ്രകൃതത്തിനുള്ളിൽ തെളിയാതെ കിടക്കുന്ന ഏതോ സഹജവൈകല്യമാണ്‌ എന്നതിൽ എനിക്കു സംശയമൊന്നുമില്ല. എന്റെ നിർവ്വികാരത എന്നിലേക്കുതന്നെ പ്രതിഫലിപ്പിക്കാൻ ഞാൻ പ്രസരിപ്പിക്കുന്ന ശൈത്യം  മറ്റുള്ളവരെ തങ്ങളറിയാതെ നിരബ്ബന്ധിക്കുന്നുവെന്നാകാം.

ആളുകളെ അടുത്തറിയാൻ എനിക്കു പെട്ടെന്നു കഴിയും. ആളുകൾക്ക് എന്നെ ഇഷ്ടപ്പെട്ടുതുടങ്ങാൻ അധികനേരവും വേണ്ട. എന്നാൽ അവരുടെ സ്നേഹം സമ്പാദിക്കാൻ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല. ആരാധന ഞാൻ അറിഞ്ഞിട്ടേയില്ല. സ്നേഹത്തിനു പാത്രമാവുക എന്നത് ഒരസാദ്ധ്യതയായിട്ടേ എനിക്കു തോന്നിയിട്ടുള്ളു, തീർത്തും അപരിചിതനായ ഒരാൾ വളരെപ്പെട്ടെന്ന് ‘നീ’ എന്നുവിളിച്ചു സംസാരിക്കുന്നതുപോലെ തീർത്തും അസാദ്ധ്യം.

ഇതെനിക്കു മനോവേദനയ്ക്കു കാരണമാകുന്നുണ്ടോയെന്ന് എനിക്കറിയില്ല; വേദനയുടേയും സ്വീകാരത്തിന്റെയും ചോദ്യങ്ങൾ കടന്നുവരാത്ത എന്റെ ഉദാസീനവിധിയായി ഞാനതു കൈക്കൊള്ളുകയാണോയെന്നും എനിക്കറിയില്ല.  

ഞാനെന്നും പ്രീതിപ്പെടുത്താൻ നോക്കിയിരുന്നു. ആളുകൾ എന്നോട് ഉദാസീനത കാണിക്കുന്നത് എന്നുമെന്നെ നൊമ്പരപ്പെടുത്തിയിരുന്നു. വിധി അനാഥനാക്കിയ എനിക്ക്, മറ്റനാഥരെപ്പോലെ, ആരുടെയെങ്കിലും സ്നേഹം ആവശ്യമായിരുന്നു. ഒരിക്കലും ശമിക്കാത്ത വിശപ്പായിരുന്നു അതെനിക്ക്. വിഫലമായ ആ വിശപ്പ് എനിക്കത്രയും പരിചിതമായിരുന്നു...

അന്യർക്ക് തങ്ങളോടർപ്പണമനോഭാവമുള്ള ഒരാളുണ്ടാവും. അങ്ങനെയൊരു മനോഭാവം പരിഗണനയിലെങ്കിലും വന്നതായി എന്റെ കാര്യത്തിൽ ഒരാളുപോലുമില്ല. അത് അന്യർക്കുള്ളതാണ്‌, എന്നോടവർ മര്യാദയോടെ പെരുമാറി എന്നുമാത്രം.

സ്നേഹമല്ല, ബഹുമാനമുണർത്താനുള്ള ഒരു കഴിവാണ്‌ എനിക്കുള്ളതെന്ന് ഞാൻ കണ്ടുപിടിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, തുടക്കത്തിൽ തോന്നുന്ന ആ ബഹുമാനം നിലനിർത്താനുതകുന്ന യാതൊന്നും പിന്നെ ഞാൻ ചെയ്യുന്നില്ല. അതിനാൽ എന്നോടു പൂർണ്ണബഹുമാനം കാണിക്കാൻ ഒരാൾക്കും കഴിയുന്നുമില്ല.

വേദനയിൽ ഞാൻ ആഹ്ലാദം കാണുന്നുണ്ടോയെന്ന് ചിലനേരം ഞാൻ ഓർത്തുപോകാറുണ്ട്. അതല്ലാതെ മറ്റൊന്നായിരുന്നു ഞാൻ ഇഷ്ടപ്പെടുക എന്നതാണു വാസ്തവം. 

നായകനോ പിൻഗാമിയോ ആകാനുള്ള ഒരു യോഗ്യതയും എനിക്കില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക എന്ന യോഗ്യത പോലും എനിക്കില്ല: മറ്റെന്തിലും തോറ്റാലും ബാക്കിയാവുന്നത് അതാണല്ലോ...

എന്നെക്കാൾ ബുദ്ധി കുറഞ്ഞവർ വാസ്തവത്തിൽ എന്നെക്കാൾ കരുത്തരാണ്‌, അന്യർക്കിടയിൽ തങ്ങളുടെ ജീവിതം വാർത്തെടുക്കുന്നതിൽ എന്നെക്കാൾ ഭേദമാണവർ, തങ്ങളുടെ ബുദ്ധി വിനിയോഗിക്കുന്നതിൽ എന്നെക്കാൾ പാടവമുള്ളവരുമാണ്‌. അന്യരെ സ്വാധീനിക്കാൻ വേണ്ട ഗുണങ്ങളൊക്കെ എനിക്കുണ്ട്; എന്നാൽ അതെങ്ങനെ ചെയ്യണമെന്ന വിദ്യ എനിക്കറിയില്ല, അങ്ങനെ ചെയ്യാൻ തോന്നുന്നതിനുള്ള ഇച്ഛാശക്തിയും എനിക്കില്ല.

എന്നെങ്കിലുമൊരിക്കൽ ആരെയെങ്കിലും ഞാൻ സ്നേഹിച്ചുവെന്നിരിക്കട്ടെ, അയാൾ എന്നെ തിരിച്ചു സ്നേഹിക്കില്ല.

എന്തിനോടെങ്കിലും എനിക്കൊരാഗ്രഹം തോന്നിയാൽ മതി, അതു മരിച്ചുപോകാൻ. എന്റെ വിധി പക്ഷേ, സർവ്വതിന്റെയും കാര്യത്തിൽ മാരകമാകുന്നില്ല. എനിക്കാഗ്രഹമുള്ളതിനു മാത്രം മാരകമാവുക എന്ന ഭാഗ്യം കെട്ട ദോഷം അതിനുണ്ട്.
*

നിർമ്മലനാവുക, കുലീനനോ കരുത്തനോ ആവാൻ വേണ്ടിയല്ല, നിങ്ങൾ നിങ്ങളാവാൻ. നിങ്ങൾ സ്നേഹം കൊടുത്താൽ നിങ്ങൾക്കു സ്നേഹം നഷ്ടപ്പെടും. 

ജീവിതത്തിൽ നിന്നിറങ്ങിപ്പോരൂ, തന്നിൽ നിന്നുതന്നെ ഇറങ്ങിപ്പോരാതിരിക്കാൻ.

സ്വപ്നങ്ങളുടെ നിറഞ്ഞ കലവറയാണ്‌ സ്ത്രീ; അവളെ സ്പർശിക്കരുത്.

ആനന്ദവും ഐന്ദ്രിയാനന്ദവും രണ്ടു ധാരണകളാണെന്നു കാണാൻ പഠിക്കുക. ഇന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്ന വസ്തുവിലല്ല, അതുണർത്തുന്ന ആശയങ്ങളിലും സ്വപ്നങ്ങളിലും ആനന്ദം കാണാൻ ശീലിക്കുക. എന്തെന്നാൽ ഒന്നും എന്നും അതല്ല; എന്നാൽ സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ തന്നെയായിരിക്കും. അതുകൊണ്ടാണ്‌ ഒന്നിനെയും സ്പർശിക്കരുതെന്നു പറയുന്നത്. നിങ്ങളുടെ സ്വപ്നത്തെ സ്പർശിച്ചാൽ അതു മരിക്കും, സ്പർശിക്കപ്പെട്ട വസ്തു നിങ്ങളുടെ ഇന്ദ്രിയങ്ങളിൽ നിറയുകയും ചെയ്യും.

കാഴ്ചയും കേൾവിയും മാത്രമാണ്‌ ജീവിതത്തിലെ കുലീനമായ കാര്യങ്ങൾ. മറ്റിന്ദ്രിയങ്ങൾ അതിസാധാരണവും വൈഷയികവുമാണ്‌. പ്രഭുത എന്നാൽ ഒന്നിനേയും സ്പർശിക്കാതിരിക്കുക എന്നാണ്‌. അധികമടുത്തേക്കു പോകാതിരിക്കുക- അതാണ്‌ യഥാർത്ഥമായ ആഭിജാത്യം.

*
ഏതെങ്കിലും തരത്തിൽ ഒരു കവിയെന്നു പറയാവുന്ന ഏതൊരാൾക്കുമറിയാം, നല്ലൊരു കവിതയെഴുതാൻ (നല്ല കവിത എന്നത് അയാളുടെ കഴിവിന്റെ വരുതിയിലാണെങ്കിൽ) ഏറ്റവും എളുപ്പം താൻ അഗാധമായി പ്രേമിക്കുന്ന ഒരു സ്ത്രീയെക്കാൾ തന്നെ വളരെ ആകർഷിച്ച ഒരു സ്ത്രീയെക്കുറിച്ചാണെന്ന്. ഏറ്റവും നല്ലതരം പ്രണയകവിത എഴുതപ്പെടുന്നത് പൊതുവേ പറഞ്ഞാൽ, അമൂർത്തയായ ഒരു സ്ത്രീയെക്കുറിച്ചാണ്‌. 

ഉത്കടമായ വികാരം വളരെ സ്വാർത്ഥമാണ്‌; അത് ആത്മാവിന്റെ രക്തമപ്പാടെ തന്നിലേക്കുതന്നെ വലിച്ചെടുക്കുന്നു, അങ്ങനെ ചോരയോട്ടം നിലച്ച കൈകൾ തണുത്തുമരവിക്കുകയും എഴുതാനശക്തമാവുകയും ചെയ്യുന്നു. മൂന്നു തരം വികാരങ്ങൾ മഹത്തായ കവിതകൾ സൃഷ്ടിക്കുന്നുണ്ട്- തീക്ഷ്ണവും എന്നാൽ ക്ഷണികവുമായ വികാരങ്ങൾ; ആ വികാരങ്ങൾ സജീവമായിരിക്കുമ്പോഴല്ല, അവ കടന്നുപോയതിനു തൊട്ടുപിറകേ കലയ്ക്കവ പ്രയോജനപ്പെടുത്താം. ദീർഘകാലത്തിൽ പിന്നെ ഓർമ്മിക്കപ്പെടുന്ന തീക്ഷ്ണവും അഗാധവുമായ വികാരങ്ങൾ. പിന്നെ, വ്യാജവികാരങ്ങൾ, എന്നു പറഞ്ഞാൽ, ബുദ്ധി കൊണ്ടനുഭവിക്കുന്ന വികാരങ്ങൾ. ആത്മാർത്ഥതയില്ലായ്മയാണെന്നല്ല, വിവർത്തനം ചെയ്യപ്പെട്ട ഒരാത്മാർത്ഥതയാണ്‌ എല്ലാ കലകളുടേയും ആധാരം.

*

2 അഭിപ്രായങ്ങൾ:

The way ahead ... പറഞ്ഞു...

Pessoa യുടെ മലയാളം പുസ്തകങ്ങൾ ലഭ്യമാണോ?

V Revikumar പറഞ്ഞു...

അല്ല; ഈ വർഷം ഒടുവിൽ പ്രസിദ്ധീകരിക്കാൻ നോക്കുന്നുണ്ട്.