2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

വൊൾഫ്ഗാംഗ് ബോർഷർട്ട് - എലികൾ രാത്രിയിൽ ഉറക്കമായിരിക്കും



തകർന്ന ചുമരിന്‍റെ പാളി പൊളിഞ്ഞ ജനാല അന്തിവെയിലേറ്റപ്പോൾ ഇളംചുവപ്പുനിറത്തിൽ വായ പൊളിച്ചു. ചിമ്മിനികളുടെ ശേഷിപ്പുകൾക്കിടയിലെ വെളിച്ചത്തിൽ പൊടിപടലം പാറിനടന്നിരുന്നു. കൂടിക്കിടന്ന കല്ലും കട്ടയും മയക്കത്തിലായിരുന്നു.

അവൻ കണ്ണുകൾ അടച്ചുപിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇരുട്ടിനു കനം കൂടിയപോലെ അവനു തോന്നി. ആരോ വന്നുവെന്നും തനിക്കു മുന്നിൽ നിശബ്ദനായി വന്നുനില്ക്കുകയാണയാളെന്നും അവനു മനസ്സിലായി. അവരെന്നെ പിടിച്ചു, അവൻ മനസ്സിൽ പറഞ്ഞു. പക്ഷേ പിന്നെ കണ്ണൊന്നു ചിമ്മിയപ്പോൾ അല്പം കീറിമുഷിഞ്ഞ പാന്റിൽ പൊതിഞ്ഞ രണ്ടു കാലുകളാണ്‌ അവൻ കണ്ടത്.

ഇടയിലൂടെ നോക്കാവുന്നത്ര വില്ലു പോലവ വളഞ്ഞുപോയിരുന്നു. വരുന്നതു വരട്ടെയെന്നു വച്ച് പാന്റിനു മുകളിലേക്കൊന്നു പാളി നോക്കിയപ്പോൾ ഒരു കിഴവന്‍റെ രൂപം അവന്‍റെ കണ്ണിൽ പെട്ടു. അയാളുടെ കൈയിൽ ഒരു കത്തിയും കൂടയുമുണ്ടായിരുന്നു. വിരൽത്തുമ്പുകളിൽ ചെളിമണ്ണു പറ്റിപ്പിടിച്ചിരുന്നു.

ഇവിടെക്കിടന്നാണോ നിന്‍റെ ഉറക്കം? അവന്‍റെ ചെട പിടിച്ച മുടിയിലേക്കു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു. അയാളുടെ കാലുകൾക്കിടയിലൂടെ സൂര്യനെ നോക്കി കണ്ണു ചിമ്മിക്കൊണ്ട് യൂർഗൻ പറഞ്ഞു: അല്ല, ഞാൻ ഉറങ്ങുകയല്ല. ഞാൻ കാവലിരിക്കുകയാണ്‌. അയാൾ തല കുലുക്കി: ഓഹോ, അതിനാണല്ലേ, ആ വലിയ വടി?

അതെ, എന്നു ധൈര്യത്തോടെ പറഞ്ഞുകൊണ്ട് യൂർഗൻ വടിയിൽ പിടി മുറുക്കി.

നീ എന്തിനാണു കാവലിരിക്കുന്നത്?

അതു ഞാൻ പറയില്ല. അവൻ രണ്ടു കൈയും കൊണ്ട് വടി ചുറ്റിപ്പിടിച്ചു.

പണമായിരിക്കും, അല്ലേ? അയാൾ കൂട താഴെ വച്ചിട്ട് കത്തിയെടുത്ത് പാന്റിന്‍റെ പിന്നിൽ പലതവണ വച്ചുതേച്ചു.

അല്ല, പണമല്ല, യൂർഗൻ തികഞ്ഞ അവജ്ഞയോടെ പറഞ്ഞു. ഇതു വേറൊരു കാര്യമാണ്‌.

എന്നാൽ പിന്നെയെന്താ?

അതു പറയാൻ പറ്റില്ല. വേറെ...വേറെയൊരു കാര്യം.

ആയിക്കോട്ടെ; അപ്പോൾപ്പിന്നെ ഇതിലെന്താണെന്നു ഞാനും പറയാൻ പോകുന്നില്ല. അയാൾ കാലു കൊണ്ട് കൂടയിൽ ഒന്നു തട്ടിയിട്ട് കത്തി മടക്കി പോക്കറ്റിലിട്ടു.

ഓ, അതിലെന്താണെന്ന് അല്ലാതെ തന്നെ എനിക്കറിയാം; യൂർഗൻ നിസ്സാരമട്ടിൽ പറഞ്ഞു. മുയലിനുള്ള തീറ്റ.

നീ ആളൊരു മിടുക്കനാണല്ലോ! കിഴവൻ വിസ്മയത്തോടെ പറഞ്ഞു. നിനക്കെത്ര വയസ്സായി?

ഒമ്പത്.

ശരി, ഒമ്പതെന്നു വയ്ക്കുക. അപ്പോൾ നിനക്ക് ഒമ്പതു മൂന്നെത്രയാണെന്നും അറിയാമായിരിക്കുമല്ലോ?

പിന്നെന്താ, യൂർഗൻ പറഞ്ഞു; എന്നിട്ട് സമയം കിട്ടാൻ വേണ്ടി അവൻ കൂട്ടിച്ചേർത്തു: അതെളുപ്പമല്ലേ.
അയാളുടെ കാലുകൾക്കിടയിലൂടെ അവൻ അകലേക്കു നോക്കി. ഒമ്പതു മൂന്ന്, അല്ലേ? അവൻ വീണ്ടും ചോദിച്ചു. ഇരുപത്തേഴ്! അതെനിക്കപ്പോഴേ അറിയാമായിരുന്നു.

ശരി തന്നെ, അയാൾ പറഞ്ഞു. അതു തന്നെയാണ്‌ എന്‍റെ മുയലുകളുടെ എണ്ണവും.

ഇരുപത്തേഴ്! യൂർഗൻ ഒന്നു ശ്വാസം വിടാൻ മറന്നു.

നിനക്കു വേണമെങ്കിൽ വന്നു നോക്കാം. ചിലതിപ്പോഴും കുഞ്ഞുങ്ങളാണ്‌. വരുന്നോ?

പക്ഷേ എനിക്കു പറ്റില്ല, എനിക്കിവിടെ കാവലിരിക്കാതെ പറ്റില്ല, യൂർഗൻ അത്ര ഉറപ്പില്ലാത്ത മട്ടിൽ പറഞ്ഞു.

എപ്പോഴും? അയാൾ ചോദിച്ചു. രാത്രിയിലും?

രാത്രിയിലും. എപ്പോഴുമെപ്പോഴും. ആ വളഞ്ഞ കാലുകളിലേക്കു നോക്കി യൂർഗൻ കണ്ണു ചിമ്മി. ശനിയാഴ്ച തുടങ്ങിയതാണിത്, അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

നീ അപ്പോൾ വീട്ടിൽ പോകാറേയില്ലേ? നിനക്കാഹാരം കഴിക്കേണ്ടേ?

യൂർഗൻ ഒരു കല്ലെടുത്തു മാറ്റി. അതിനടിയിൽ ഒരു റൊട്ടിയുടെ പാതി ഉണ്ടായിരുന്നു. ഒരു തകരക്കുപ്പിയും.

നീ വലിക്കാറുണ്ടോ? അയാൾ ചോദിച്ചു. നിന്‍റെ കൈയിൽ പൈപ്പുണ്ടോ?

യൂർഗൻ വടി മുറുകെപ്പിടിച്ചുകൊണ്ട് അറച്ചറച്ചു പറഞ്ഞു: ഇല്ല, ഞാൻ ബീഡി തിരച്ചു വലിക്കും. പൈപ്പെനിക്കിഷ്ടമല്ല.

കഷ്ടമായി, കൂടയെടുക്കാനായി കുനിഞ്ഞുകൊണ്ട് കിഴവൻ പറഞ്ഞു. നിനക്കു മുയലുകളെ ഇഷ്ടമായേനെ; പ്രത്യേകിച്ചും കുഞ്ഞുങ്ങളെ. നിനക്കു വേണമെങ്കിൽ ഒന്നിനെ എടുക്കുകയും ചെയ്യാമായിരുന്നു. പക്ഷേ നിനക്കിവിടെ നിന്നു മാറാൻ പറ്റില്ലെന്നല്ലേ നീ പറയുന്നത്...

ഇല്ല, യൂർഗൻ വിഷാദത്തോടെ പറഞ്ഞു; തീരെ പറ്റില്ല.

അയാൾ കൂടയെടുത്തിട്ട് നിവർന്നുനിന്നു. നിനക്കിവിടുന്നു മാറാൻ പറ്റാത്തതൊരു കഷ്ടമായി. എന്നിട്ടയാൾ പോകാനായി തിരിഞ്ഞു.

ആരോടും പറയില്ലെങ്കിൽ- യൂർഗൻ തിടുക്കത്തിൽ പറഞ്ഞു; ആ എലികൾ കാരണമാണത്.

വളഞ്ഞ കാലുകൾ ഒരു ചുവടു പിന്നാക്കം വച്ചു. എലികൾ കാരണം?

അവ ശവം തിന്നും. മനുഷ്യരുടെ. അങ്ങനെയാണവ ജീവിക്കുന്നത്.

എന്നാരു പറഞ്ഞു?

ഞങ്ങളുടെ ടീച്ചർ.

അപ്പോൾ നീ എലികൾക്കു കാവലിരിക്കുകയാണല്ലേ?
അല്ല, എലികൾക്കല്ല! അവൻ വളരെ പതുക്കെ പറഞ്ഞു: എന്‍റെ അനിയന്‌. അവനതാ, അവിടെയാണു കിടക്കുന്നത്. അവിടെ. യൂർഗൻ വടി കൊണ്ട് ഇടിഞ്ഞുവീണ മതിലുകളിലേക്കു ചൂണ്ടിക്കാണിച്ചു. ഞങ്ങളുടെ വീട്ടിൽ ഒരു ബോംബു വീണു. പെട്ടെന്ന് നിലവറയിലെ വെളിച്ചം പോയി. അവനെയും കാണാതെയായി. ഞങ്ങൾ എത്ര കിടന്നുവിളിച്ചു. അവൻ എന്നെക്കാൾ തീരെച്ചെറുതായിരുന്നു. വെറും നാലു വയസ്സ്. അവൻ അവിടെവിടെയോ കാണണം. അവൻ എന്നെക്കാൾ തീരെച്ചെറുതായിരുന്നു.

അയാൾ ആ ചെട പിടിച്ച മുടിയിലേക്കു കുനിഞ്ഞുനോക്കി. പിന്നെ പെട്ടെന്നയാൾ ചോദിച്ചു: അല്ല, നിന്‍റെ ടീച്ചർ പറഞ്ഞുതന്നിട്ടില്ലേ, എലികൾ രാത്രിയിൽ ഉറക്കമായിരിക്കുമെന്ന്?

ഇല്ല, പെട്ടെന്നു ക്ഷീണിതനായ പോലെ യൂർഗൻ പതുക്കെ പറഞ്ഞു. ടീച്ചർ അതു പറഞ്ഞുതന്നില്ല.

ആഹ, കിഴവൻ പറഞ്ഞു. നല്ല ടീച്ചർ തന്നെ- അതുപോലും അയാൾക്കറിയില്ലെങ്കിൽ. എലികൾ രാത്രിയിൽ ഉറക്കത്തിലായിരിക്കും. അതിനാൽ നിനക്കു പേടിക്കാതെ വീട്ടിൽ പോകാം. ഇരുട്ടാവുമ്പോഴേ അവ ഉറക്കം പിടിക്കും.

യൂർഗൻ വടി കൊണ്ട് ചരലിനിടയിൽ കുഴികളുണ്ടാക്കുകയായിരുന്നു. ഒന്നുമല്ല, കൊച്ചു കിടക്കകൾ, യൂർഗൻ മനസ്സിൽ പറഞ്ഞു; കുഞ്ഞുകിടക്കകൾ. കിഴവൻ അപ്പോൾ പറഞ്ഞു (പറയുമ്പോൾ അയാളുടെ കാലുകൾ അസ്വസ്ഥമായി ഇളകുകയായിരുന്നു): നോക്ക്, ഞാൻ പോയി മുയലുകൾക്കു തീറ്റ കൊടുക്കട്ടെ. ഇരുട്ടായാൽ ഞാൻ വന്ന് നിന്നെ വീട്ടിൽ കൊണ്ടുപൊയാക്കാം. വരുമ്പോൾ ഒരു മുയലിനെക്കൂടി ഞാൻ കൊണ്ടുവരാം- ഒരു കുഞ്ഞുമുയലിനെ. എന്തു പറയുന്നു?

യൂർഗൻ ചരലിൽ കുഴികളുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപാടു മുയൽക്കുഞ്ഞുങ്ങൾ, അവൻ മനസ്സിൽ പറഞ്ഞു. വെള്ളനിറത്തിൽ, ചാരനിറത്തിൽ, വെള്ളയും ചാരവും നിറത്തിൽ...ആ വളഞ്ഞ കാലുകളിലേക്കു നോക്കിക്കൊണ്ട് അവൻ പിറുപിറുത്തു: രാത്രിയിൽ അവ ശരിക്കും ഉറങ്ങാറുണ്ടോ?

കിഴവൻ തകർന്ന മതിൽ കവച്ചുകടന്ന് തെരുവിലേക്കിറങ്ങി. പിന്നില്ലാതെ. അവിടെ നിന്നുകൊണ്ട് അയാൾ വിളിച്ചുപറഞ്ഞു. അതുപോലും അറിയില്ലെങ്കിൽ നിന്‍റെ ടീച്ചറെ കെട്ടു കെട്ടിക്കുകയാണു വേണ്ടത്.

അതു കേട്ടപ്പോൾ യൂർഗൻ എഴുന്നേറ്റുകൊണ്ടു ചോദിച്ചു: എനിക്കൊന്നിനെ കിട്ടുമോ? വെളുത്തതൊന്നിനെ?

നോക്കട്ടെ, നടന്നുകൊണ്ട് അയാൾ പറഞ്ഞു. പക്ഷേ ഞാൻ വരുന്നതു വരെ നീ ഇവിടെ കാണണം. ഞാൻ നിന്‍റെ കൂടെ വീട്ടിലേക്കു വരാം. മുയൽക്കൂടു പണിയുന്നത് നിന്‍റെ അച്ഛനു ഞാൻ കാണിച്ചുകൊടുക്കാം. അതറിയാതെ പറ്റില്ലല്ലോ.

ശരി, ഞാൻ കാത്തിരിക്കാം. യൂർഗൻ വിളിച്ചുപറഞ്ഞു. രാത്രിയാവുന്നതു വരെ എന്തായാലും ഞാൻ ഇവിടെ ഇരിക്കണമല്ലോ. ഞാൻ തീർച്ചയായും കാത്തിരിക്കാം. അവൻ ഒച്ചയുയർത്തിപ്പറഞ്ഞു. വീട്ടിൽ പലകയുണ്ട്. വീഞ്ഞപ്പലക. അവൻ അയാൾക്കു പിന്നാലെ വിളിച്ചുപറഞ്ഞു.

അയാൾ പക്ഷേ, വിളിച്ചാൽ കേൾക്കാത്തത്ര അകലെ എത്തിക്കഴിഞ്ഞിരുന്നു. വളഞ്ഞ കാലുകളും വച്ചുകൊണ്ട് അസ്തമയം തുടുപ്പിച്ച സൂര്യനു നേർക്കു നടക്കുകയാണയാൾ. അയാളുടെ കാലുകൾക്കിടയിലൂടെ യൂർഗന്‌ സൂര്യനെ കാണാമായിരുന്നു; അത്രയ്ക്കവ വളഞ്ഞിരുന്നു. അയാളുടെ കൂട മുന്നിലേക്കും പിന്നിലേക്കും ചടുലമായി ആടിക്കൊണ്ടിരുന്നു. അതിനുള്ളിൽ മുയലിനുള്ള തീറ്റപ്പുല്ലായിരുന്നു.

മുയലുകൾക്കുള്ള പച്ചപ്പുല്ല്; പൊടി പറ്റിയതിനാൽ അല്പം ചാരനിറം കലർന്നതും.


വൊൾഫ്ഗാംഗ് ബോർഷെർട്ട് -Wolfgang Borchert(1921-1947)- ജർമ്മൻ നാടകകൃത്തും കഥാകൃത്തും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളാണ്‌ മുഖ്യപ്രമേയം




The Rats Do Sleep at Night

ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1969 മാര്‍ച്ച് 2 ലക്കത്തില്‍ ഇതേ കഥയ്ക്ക് ഡോ. സെലിന്‍ മാത്യു ചെയ്ത വിവര്‍ത്തനത്തിന് ഏ.എസ് വരച്ചത്


2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ബേൺഡ് ലീഷൺബേർഗ് - ഒരു ഹ്രസ്വയാത്ര

images (1)



കാട്ടിനുള്ളിലെ വെളിയിടത്തു നിശബ്ദതയ്ക്കു കാതു കൊടുത്തു നില്ക്കുമ്പോൾ ഒരു മരക്കുറ്റിയ്ക്കു മേൽ ഒരുറുമ്പിനെ ഞാൻ കണ്ടു; ഒരുറുമ്പുജീവിതത്തിലെ പ്രാതികൂല്യങ്ങളോടു മല്ലടിക്കുകയാണത്; ഉറുമ്പുലോകത്തെ ഒരറ്റത്തു നിന്ന് ഉറുമ്പുലോകത്തെ മറ്റൊരറ്റത്തേക്ക് ഒരു തുണ്ടു ഭക്ഷണം ചുമന്നുകൊണ്ടുപോവുക എന്ന ദൌത്യം നിറവേറ്റുകയാണത്; പക്ഷേ ഉറുമ്പു താങ്ങിയെടുത്തുകൊണ്ടുപോകുന്ന വസ്തുവിന്റെ വലിപ്പക്കുറവു കാരണവും എന്റെ കണ്ണുകളുടെ സൂക്ഷ്മതക്കുറവു കാരണവും എനിക്കൊട്ടും തീർച്ചയാക്കാനാകുന്നില്ല, ഒരു തുണ്ടു ഭക്ഷണത്തിനു പകരം അത് ഷേക്സ്പിയറുടെ സമാഹൃതകൃതികളുടെ ഒരു കുഞ്ഞുപതിപ്പാണോയെന്ന്; അല്ലെങ്കിൽ ഓവിഡിന്റെ മെറ്റമോർഫോസിസിന്റെ പുതിയൊരു വിവർത്തനമാണോയെന്ന്; അല്ലെങ്കിൽ സെർവാന്റെസിന്റെ ഡോൺ ക്വിക്സോട്ട് ആയിക്കൂടേ? അതത്ര നമ്മെ അമ്പരപ്പിക്കണമെന്നുമില്ല, ഒരുറുമ്പിന്റെ ജീവിതം, സംക്ഷിപ്തമായി പറഞ്ഞാൽ, രാക്ഷസന്മാരെന്നു തോന്നിക്കുന്ന കാറ്റാടിമില്ലുകളോടുള്ള നിരന്തരയുദ്ധമല്ലാതൊന്നുമല്ലെന്നോർക്കുമ്പോൾ.

ഉറുമ്പിന്റെ വായനാവിഭവത്തെക്കുറിച്ച് ഈവിധം ആലോചിച്ചുനില്ക്കെ, ഞാൻ ഓർത്തുപോവുകയാണ്‌, കുട്ടിയായിരിക്കുമ്പോൾ വീടിന്റെ മട്ടുപ്പാവിലൂടെ അവന്റെ ജാതിക്കാരുടെ യാത്രയെ ഒരു ഭൂതക്കണ്ണാടി വച്ചു ഞാൻ വിഘാതപ്പെടുത്തിയിരുന്നു; അതു പക്ഷേ, അവർ വായിക്കുന്നതെന്താണെന്നു കണ്ടുപിടിക്കാൻ വേണ്ടിയായിരുന്നില്ല; ഫിസിക്സ് ക്ളാസ്സിൽ വച്ചു ഞാൻ പഠിച്ച ഒരവകാശവാദത്തിന്റെ സത്യാവസ്ഥ ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു: അതെന്താണെന്നാൽ, ഉറുമ്പിനെ കേന്ദ്രബിന്ദുവാക്കി സൂര്യരശ്മികളെ ഒരു പ്രത്യേകതരത്തിൽ സഞ്ചയിച്ചാൽ ഒരു മൊരിഞ്ഞ നിർവ്വാണത്തിലേക്ക് നിങ്ങൾക്കതിനെ നേരേ കടത്തിവിടാമെന്ന്. രാക്ഷസന്മാർ ശരിക്കുമുണ്ട്, ഒരുറുമ്പിന്റെ ജീവിതത്തിലെങ്കിലും.

Bernd Lichtenberg ജർമ്മൻ തിരക്കഥാകൃത്തും സംവിധായകനും.
English Translation

ഇവാൻ ബുനിൻ - സൂര്യാഘാതം

252133

അവർ ഡിന്നർ കഴിഞ്ഞ് തീക്ഷ്ണപ്രകാശം നിറഞ്ഞ ഡൈനിംഗ് സലൂണിൽ നിന്നു ഡക്കിലേക്കു വന്ന് കൈവരിയോടു ചേർന്നുനിന്നു. അവൾ കൈ കവിളിനോടു ചേർത്ത്,കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് ചിരിച്ചു- തെളിഞ്ഞ, വശ്യമായ ചിരി;കൃശഗാത്രയായ ആ സ്ത്രീയെ സംബന്ധിക്കുന്നതെന്തും വശ്യമായിരുന്നു.

“എനിയ്ക്കു വല്ലാതെ തലയ്ക്കു പിടിച്ചു,” അവൾ പറഞ്ഞു. “എനിക്കു ഭ്രാന്തു പിടിച്ചു എന്നതാണു വാസ്തവം. മൂന്നു മണിക്കൂർ മുമ്പു വരെ ഈ ലോകത്തു നിങ്ങൾ എന്നൊരാൾ ഉണ്ടെന്നു തന്നെ എനിക്കറിയില്ലായിരുന്നു. നിങ്ങൾ ബോട്ടിൽ കയറിയത് എവിടെ നിന്നെന്നു പോലും ഞാൻ കണ്ടില്ല. സമാരയിൽ നിന്നാണോ? എവിടെ നിന്നായാലും എനിക്കു നിങ്ങളെ ഇഷ്ടപ്പെട്ടു. എന്റെ തല കറങ്ങുകയാണോ അതോ ബോട്ട് വട്ടം ചുറ്റുകയോ?”
 
മുന്നിൽ ഇരുട്ടായിരുന്നു; ഇരുട്ടിൽ വിളക്കുകളുമുണ്ടായിരുന്നു. ആ ഇരുട്ടിൽ നിന്ന് ഒരിളംകാറ്റ് അവരുടെ മുഖത്തേക്ക് ഇടതടവില്ലാതെ
വീശിക്കൊണ്ടിരുന്നു; വിളക്കുകൾ ഒരു വക്രരേഖ ചമച്ചുകൊണ്ട് അവർക്കു പിന്നിലേക്കു നീങ്ങി മറഞ്ഞു. വോൾഗയിലെ ബോട്ടുകൾക്കു സഹജമായ ഒരു ചുണയോടെ അവരുടെ സ്റ്റീമർ ഒരു ചെറിയ ജട്ടിയിലേക്കടുക്കുകയായിരുന്നു.

ലെഫ്റ്റനന്റ് അവളുടെ കൈ പിടിച്ച് തന്റെ ചുണ്ടിലേക്കടുപ്പിച്ചു. ബലത്തതും വാസനിക്കുന്നതുമായ ആ കൊച്ചുകൈ വെയിലേറ്റു തവിട്ടുനിറമായിരുന്നു. ഒരു മാസം മുഴുവൻ പൊള്ളുന്ന കടലോരത്ത് തെക്കൻ സൂര്യന്റെ ലാളനയേറ്റു കിടന്നതിൽ പിന്നെ എത്ര ഉറച്ചതും തവിട്ടുനിറമാർന്നതുമായിരിക്കും ആ നേർത്ത മസ്ലിൻ വസ്ത്രത്തിനുള്ളിലെ ഉടലെന്നോർത്തപ്പോൾ അയാളുടെ ഹൃദയം ഭീതിയും പ്രഹർഷവും
കൊണ്ട് സ്തംഭിച്ചപോലെയായി. (താൻ അനാപ്പിയിൽ നിന്നു വരുന്ന വഴിയാണെന്ന് അവൾ അയാളോടു പറഞ്ഞിരുന്നു.)

“നമുക്കിറങ്ങാം,” അയാൾ മന്ത്രിച്ചു.

“എവിടെ?” അത്ഭുതത്തോടെ അവൾ ചോദിച്ചു.

“ഈ ജട്ടിയിൽ.”

“എന്തിന്‌?”

അയാൾ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും തന്റെ പൊള്ളുന്ന കവിളത്ത് കൈ ചേർത്തു.

“ഇതു ഭ്രാന്താണ്‌.”

“നമുക്കിറങ്ങാം,” അയാൾ ആവർത്തിച്ചു. “എന്റെ അപേക്ഷയാണ്‌.”

“ഓ, എന്നാൽ അങ്ങനെയാവട്ടെ,” തിരിഞ്ഞു നടന്നുകൊണ്ട് അവൾ പറഞ്ഞു.

നല്ല വേഗതയിൽ വന്ന സ്റ്റീമർ വെളിച്ചം കുറഞ്ഞ ജട്ടിയിൽ പതുക്കെ വന്നിടിച്ചു; അവർ അടി തെറ്റി മേല്ക്കു മേൽ വീണുപോയേനെ. ഒരു കയറിന്റെ അറ്റം അവരുടെ തലയ്ക്കു മേൽ കൂടി പറന്നു; ബോട്ട് അല്പം പിന്നാക്കം മാറി;കടയുമ്പോലെ വെള്ളം പതഞ്ഞു; ജട്ടിയുടെ മരപ്പലകകൾ മുരണ്ടു...ലഫ്റ്റനന്റ് അവരുടെ പെട്ടികൾ എടുക്കാനായി ചാടിയെഴുന്നേറ്റു...

ഒരു മിനുട്ടു കഴിഞ്ഞപ്പോൾ അവർ ആളും അനക്കവുമില്ലാത്ത ടിക്കറ്റ് ഓഫീസും കടന്ന്, കാലു പുതയുന്ന കടലോരവും താണ്ടി പൊടി പിടിച്ച ഒരു കുതിരവണ്ടിയിൽ നിശബ്ദരായി കയറുകയായിരുന്നു. നേർത്ത പൂഴി നിറഞ്ഞ, പ്രത്യേകിച്ചൊരു ക്രമമില്ലാതെ ഇരു വശങ്ങളിലും വളഞ്ഞ വിളക്കുകാലുകൾ നാട്ടിനിർത്തിയ പാത അവസാനിക്കില്ലെന്നു തോന്നി. കയറ്റം കയറി മുകളെത്തിയതും പക്ഷേ, വണ്ടിച്ചക്രങ്ങൾ തറയിൽ പാകിയ കല്ലുകളിൽ തട്ടി കിടുകുടുക്കാൻ തുടങ്ങി. ചില ഓഫീസ് കെട്ടിടങ്ങളും ഒരു നിരീക്ഷണഗോപുരവുമൊക്കെയായി അങ്ങാടിക്കവല എന്നു പറയാവുന്ന ഒരിടത്താണ്‌ അവർ എത്തിയിരിക്കുന്നത്. ഒരുൾനാടൻ പട്ടണത്തിന്റെ ഗന്ധങ്ങളും ഊഷ്മളതയും അവിടെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചമുള്ള ഒരു വരാന്തയ്ക്കു മുന്നിൽ വണ്ടി നിന്നു; അതിന്റെ വാതിലിനു പിന്നിൽ പഴക്കമുള്ള ഒരു മരക്കോണി കുത്തനേ കയറിപ്പോകുന്നതു കാണാം. ഇളംചുവപ്പു ഷർട്ടും കറുത്ത കോട്ടുമിട്ട, പ്രായമായ ഒരു വെയിറ്റർ അവർ വന്നത് അത്ര പിടിച്ചില്ലെന്ന മുഖഭാവത്തോടെ അവരുടെ പെട്ടികളുമെടുത്ത് മുന്നിൽ നടന്നു. ഒരു പകലു മുഴുവൻ വെയിലു കൊണ്ടു ചുട്ടുപഴുത്ത വലിയൊരു മുറിയിലേക്കാണ്‌ അയാൾ അവരെ കൊണ്ടുപോയത്. ജനാലകളുടെ വെളുത്ത കർട്ടനുകൾ താഴ്ത്തിയിരുന്നു, മേശ മേൽ രണ്ടു മെഴുകുതിരികൾ കൊളുത്താതെ വച്ചിരുന്നു. വെയിറ്റർ പുറത്തു കടന്ന് വാതിൽ ചാരേണ്ട താമസം, ലെഫ്റ്റനന്റ് തടുക്കരുതാത്തൊരാവേശത്തോടെ അവളുടെ നേർക്കു കുതിച്ചുചെന്നു; ഭ്രാന്തമായൊരു തൃഷ്ണയോടെ അവർ അമർത്തിച്ചുംബിച്ചു; ആ മുഹൂർത്തം അവർക്കിനി വരാനുള്ള വർഷങ്ങളിൽ മായാതെ നില്ക്കാനുള്ളതായിരുന്നു: ശിഷ്ടജീവിതത്തിൽ ഇനിയവർ ഇങ്ങനെയൊന്ന് അനുഭവിക്കുകയില്ല.
കാലത്തു പത്തു മണിയ്ക്ക്- തെളിഞ്ഞതും പൊള്ളുന്നതും ആഹ്ളാദഭരിതവുമായ ഒരു പ്രഭാതം, മുഴങ്ങുന്ന പള്ളിമണികളുമായി, ഹോട്ടലിനു മുന്നിലെ അങ്ങാടിയിലെ ഒച്ചയും തിരക്കുമായി, വൈക്കോലിന്റെയും കല്ക്കരിയുടെയും മണവുമായി,റഷ്യയിലെ ഒരു ഉൾനാടൻ പട്ടണത്തിന്റെ സമ്മിശ്രമായ തീക്ഷ്ണഗന്ധങ്ങളുമായി-അവൾ, പേരില്ലാത്ത ആ കൃശഗാത്ര (അവൾ തന്റെ പേരു പറഞ്ഞിരുന്നതേയില്ല,സുന്ദരിയായ ഒരപരിചിത എന്നാണവൾ സ്വയം വിളിച്ചത്) ഒരു കുതിരവണ്ടിയിൽ കയറി അവിടം വിട്ടു. അവർ കാര്യമായി ഉറങ്ങിയിരുന്നില്ല. പക്ഷേ കാലത്ത് കുളിയും
വേഷം മാറലുമൊക്കെ അഞ്ചു മിനുട്ടു കൊണ്ടു കഴിച്ച് കിടക്കയ്ക്കരികിലെ സ്ക്രീനിനു പിന്നിൽ നിന്ന് അവൾ പുറത്തേക്കു വന്നപ്പോൾ ഒരു
പതിനേഴുകാരിയുടെ ഉന്മേഷമാണ്‌ അയാൾ അവളിൽ കണ്ടത്. അവൾക്കെന്തെങ്കിലും വല്ലായ്മ തോന്നിയിരുന്നോ? എന്നു പറയാനില്ല. അവൾ പഴയപോലെ ഉന്മേഷവതിയായിരുന്നു, ...
“വേണ്ട, വേണ്ട, ഡാർലിംഗ്,” ഒരുമിച്ചു പോകാമെന്ന അയാളുടെ അഭ്യർത്ഥനയ്ക്കു മറുപടിയായി അവൾ പറഞ്ഞു. “വേണ്ട, അടുത്ത ബോട്ടിന്റെ സമയം വരെ ഇവിടെ നില്ക്കൂ. നാം ഒരുമിച്ചു പോയാൽ സകലതും തുലയും. എനിക്കത് തീരെ ശരിയാവില്ല.നിങ്ങൾ കരുതുമ്പോലെ ഒരാളല്ല ഞാൻ; അതു ഞാൻ ആണയിട്ടു പറയാം. ഇതിനു സമാനമായ ഒരനുഭവം ഇന്നേ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല; ഇനിഉണ്ടാവുകയുമില്ല. ഞാനേതോ മന്ത്രത്തിനടിപ്പെട്ട പോലെയായിരുന്നു...അതിലും ശരി നാമിരുവർക്കും സുര്യാഘാതമേറ്റു എന്നു പറയുകയാവും...”

അതിനോടു യോജിക്കാൻ ലഫ്റ്റനന്റിന്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രസരിപ്പോടെയാണ്‌ അയാൾ അവളെ വണ്ടിയിൽ കയറ്റി ജട്ടിയിലെത്തിച്ചത്: ഇളം ചുവപ്പു നിറത്തിലുള്ള സ്റ്റീമർ പുറപ്പെടാൻ തയാറായി കിടക്കുകയാണ്‌. ഡക്കിൽ വച്ച് എല്ലാവരും കാൺകെ അയാൾ അവളെ ചുംബിച്ചു; അയാൾ തിരിച്ചു ജട്ടിയിൽ കാൽ വച്ചതും സ്റ്റീമർ പുറപ്പെട്ടു.

അതേ ലാഘവത്തോടെ, പ്രസരിപ്പോടെയാണ്‌ അയാൾ തിരിച്ചു മുറിയിൽ എത്തിയത്.പക്ഷേ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. അവളില്ലാതെ മുറി തികച്ചും വ്യത്യസ്തമായ ഒന്നായി അയാൾക്കു തോന്നി: അവൾ ഉള്ളിലുണ്ടായിരുന്നപ്പോഴത്തെപ്പോലെയല്ല, ഇപ്പോൾ യാതൊന്നും. മുറിയിൽ
അപ്പോഴും അവളുടെ സാന്നിദ്ധ്യം നിറഞ്ഞുനിന്നിരുന്നു, എന്നാൽ അതു ശൂന്യവുമായിരുന്നു! എന്തു വിചിത്രമാണിത്! അവൾ ഉപയോഗിച്ച ഇംഗ്ളീഷ് സുഗന്ധതൈലത്തിന്റെ മണം അപ്പോഴും മാഞ്ഞിരുന്നില്ല; അവൾ പാതി കുടിച്ചു വച്ച ചായക്കപ്പ് ട്രേയിൽത്തന്നെ ഉണ്ടായിരുന്നു; പക്ഷേ അവൾ അവിടെ ഇല്ലായിരുന്നു...ലെഫ്റ്റനന്റിന്റെ നെഞ്ച് പെട്ടെന്നു വികാരം കൊണ്ടു വിങ്ങി; അയാൾ തിടുക്കത്തിൽ ഒരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“എത്ര വിചിത്രമായ ഒരനുഭവം!” ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു; കണ്ണുകളിൽ വെള്ളം നിറയുന്നതും അയാളറിഞ്ഞു. “ ‘നിങ്ങൾ കരുതുമ്പോലെ ഒരാളല്ല ഞാൻ; അതു ഞാൻ ആണയിട്ടു പറയാം...’ എന്നിട്ടവൾ പൊയ്ക്കഴിയുകയും ചെയ്തു...”

സ്ക്രീൻ പിന്നിലേക്കു മാറ്റി വച്ചിരുന്നു; കിടക്കവിരികൾ മടക്കിവച്ചിട്ടില്ല. ഇനി ആ കിടക്കയിലേക്കു നോക്കാൻ തനിക്കു കഴിയില്ലെന്ന് അയാൾക്കു തോന്നി. അയാൾ സ്ക്രീൻ എടുത്തു വച്ച് അതു മറച്ചു; അങ്ങാടിയിലെ ഒച്ചയും വണ്ടിച്ചക്രങ്ങളുടെ ഞരക്കവും ഉള്ളിൽ കടക്കാതിരിക്കാനായി ജനാലകൾ അടച്ചിട്ടു; കാറ്റു പിടിച്ചു വീർക്കുന്ന വെളുത്ത കർട്ടൺ താഴ്ത്തിയിട്ട് അയാൾ സോഫയിൽ ചെന്നിരുന്നു. അതെ, അങ്ങനെ യാത്രയ്ക്കിടയിലെ ഒരനുഭവത്തിനു സമാപ്തിയായിരിക്കുന്നു! അവൾ പോയിക്കഴിഞ്ഞു; അവളിപ്പോൾ അകലെ എത്തിയിട്ടുണ്ടാവും; അവൾ ഈ നേരത്ത് സലൂണിന്റെ ജനാലയ്ക്കലോ ഡക്കിലോ ഇരുന്ന് വെയിലേറ്റു തിളങ്ങുന്ന ആ മഹാനദിയിലെ കാഴ്ചകൾ കാണുകയാവും: മരം
കയറ്റി വരുന്ന തടിച്ചങ്ങാടങ്ങൾ, മഞ്ഞനിറത്തിലുള്ള മണൽത്തിട്ടകൾ, ആകാശവും ജലവും ലയിക്കുന്ന ദീപ്തചക്രവാളം, വോൾഗയുടെ പരിധിയറ്റ വൈപുല്യം...വിട, എന്നെന്നേക്കുമായി വിട...ഇനി എവിടെ വച്ചവർ തമ്മിൽ കാണാൻ? “ഭർത്താവും മൂന്നു വയസ്സുള്ള മകളും കുടുംബക്കാരുമൊക്കെയായി അവൾ ജീവിതം കഴിക്കുന്ന ആ പട്ടണത്തിൽ എന്തു കാരണം പറഞ്ഞാണു ഞാൻ ചെന്നു കയറുക?” അയാൾ ഓർത്തു. ആ പട്ടണം അയാൾക്കെന്തോ വ്യത്യസ്തമായതൊന്നായി തോന്നി; തനിക്കു വിലക്കപ്പെട്ട ഒരു പാവനനഗരം; അവൾ അവിടെ തന്റെ ഏകാന്തജീവിതം നയിക്കുമെന്നും ഇടയ്ക്കവൾക്ക് തന്നെ ഓർമ്മ വന്നേക്കാമെന്നും, തങ്ങളുടെ ആ ഹ്രസ്വസമാഗമം അവളുടെ ഓർമ്മകളിൽ മിന്നിമാഞ്ഞേക്കാമെന്നും താനിനി ഒരിക്കലും അവളെ കാണാൻ പോകുന്നിലെന്നുമുള്ള ചിന്ത അയാളെ ജഡബുദ്ധിയാക്കിക്കളഞ്ഞു. ഇല്ല, അതു
നടക്കില്ല. അത്ര ഭ്രാന്തവും അസ്വാഭാവികവും അവിശ്വസനീയവുമായിരിക്കുമത്! ഇനിയുള്ള തന്റെ ജീവിതം അവളില്ലാതെ വ്യർത്ഥമായിരിക്കുമെന്ന തോന്നലിൽ നിന്നുയർന്ന ഭീതിയും നൈരാശ്യവും അയാളെ വേദനയുടെ ചുഴിയിലേക്കെടുത്തെറിഞ്ഞു.

“എന്തു നാശമാണിത്!” സ്ക്രീനിനു പിന്നിലെ കിടക്കയിലേക്കു നോക്കാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചുകൊണ്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു. “എനിക്കിതെന്തു പറ്റി?ഇതാദ്യമായിട്ടൊന്നുമല്ലല്ലോ,ആണോ? എന്നിട്ടും...എന്താണവളുടെ കാര്യത്തിൽ
പ്രത്യേകമെന്നു പറയാനുള്ളത്, അല്ലെങ്കിൽ, പ്രത്യേകമെന്നു പറയാൻ എന്താണിവിടെ ഉണ്ടായത്? ഇതു ശരിക്കുമൊരു സൂര്യാഘാതം പോലെ തന്നെയാണ്‌!ഇനിയെങ്ങനെയാണ്‌ ഒരു പകലു മൊത്തം ഞാൻ ഈ പട്ടണമെന്നു പറയുന്ന മടയിൽ അവളില്ലാതെ കഴിക്കുക?”

അവളെ സംബന്ധിക്കുന്നതെല്ലാം, ഏറ്റവും സൂക്ഷ്മമായ വിശദാംശം വരെ,അയാൾക്കോർമ്മയുണ്ടായിരുന്നു: വെയിലേറ്റിരുണ്ട ചർമ്മം, അവളുടെ ലിനെൻ ഫ്രോക്ക്, ആ ഉറച്ച ദേഹം, ആർജ്ജവവും പ്രസന്നതയും തുളുമ്പുന്ന ശബ്ദം...അവളുടെ സ്ത്രൈണചാരുതകൾ അയാൾക്കു നല്കിയ പ്രഹർഷം അപ്പോഴും അയാൾക്കു മേൽ പ്രബലമായിരുന്നുവെങ്കിലും രണ്ടാമതൊരു ചേതോവികാരം കൂടി അയാളെ കീഴടക്കാൻ ഉയർന്നുവരികയായിരുന്നു- വിചിത്രവും ഗ്രഹണാതീതവും അവർ ഒരുമിച്ചായിരുന്നപ്പോൾ തോന്നാത്തതുമായ ഒരു വികാരം; വെറുമൊരു
രാത്രിയിലേക്കുള്ള വിനോദം എന്ന രീതിയിൽ ആ ഏർപ്പാടിനു തുടക്കം കുറിക്കുമ്പോൾ അങ്ങനെയൊരനുഭൂതിയ്ക്കു പ്രാപ്തനാണു താനെന്ന് അയാൾ വിശ്വസിക്കുമായിരുന്നില്ല. ഇപ്പോഴാകട്ടെ, അയാൾക്കതാരോടും, ഒരാളോടും പറയാനില്ല. “അതിനേക്കാളൊക്കെ കഷ്ടമാണ്‌, അവളോട് എനിക്കതിനെക്കുറിച്ചു പറയാൻ പറ്റില്ല എന്നത്!” അയാളോർത്തു. “ഞാൻ എന്തു ചെയ്യണം? ആ ഓർമ്മകളും എന്തെന്നറിയാത്ത ആ വേദനയുമായി എങ്ങനെയാണു ഞാനൊരു തീരാത്ത പകൽ കഴിച്ചുകൂട്ടുക, അതും, അവളെയും കൊണ്ടകന്നുപോകുന്ന ഇളംചുവപ്പുനിറമുള്ളൊരു സ്റ്റീമറൊഴുകുന്ന അതേ വോൾഗയുടെ തീരത്തുള്ള ഈ നശിച്ച പട്ടണത്തിൽ?” എന്തെങ്കിലുമൊരു രക്ഷോപായം താൻ കണ്ടെത്തിയേ പറ്റൂ, മനസ്സിനെ വ്യതിചലിപ്പിക്കാൻ എന്തെങ്കിലുമൊന്ന്, ഇവിടം വിട്ടോടിപ്പോകാനൊരിടം. എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ അയാൾ തൊപ്പിയെടുത്തു തലയിൽ വച്ച്, ഊന്നുവടിയുമെടുത്ത്, നിർജ്ജനമായ ഇടനാഴി താണ്ടി, കുത്തനേയുള്ള കോണിപ്പടി ഓടിയിറങ്ങി മുൻവാതിലിലെത്തി. അതെ, പക്ഷേ ഇനി എവിടെയ്ക്കാണു താൻ പോവുക? ഒരു കുതിരവണ്ടി ഹോട്ടലിനു മുമ്പിൽ നില്പുണ്ടായിരുന്നു. നന്നായി വേഷം ധരിച്ച ചെറുപ്പക്കാരനായ വണ്ടിക്കാരൻ സിഗററ്റും പുകച്ചുകൊണ്ടിരിക്കുന്നുണ്ട്. അയാൾ ആരെയോ കാത്തുനില്ക്കുകയാവണം.ലെഫ്റ്റനന്റ് അന്തം വിട്ട പോലെ അയാളെ തുറിച്ചുനോക്കി: ഒന്നും സംഭവിക്കാത്ത പോലെ, മനസ്സിൽ ഒന്നുമില്ലാത്ത പോലെ സിഗററ്റും പുകച്ചുകൊണ്ടിരിക്കാൻ ഒരാൾക്കെങ്ങനെ കഴിയുന്നു? “ഇത്രയും അസന്തുഷ്ടനായ ഒരാൾ ഈ പട്ടണത്തിൽ ഞാൻ മാത്രമേയുണ്ടാവൂ എന്നു തോന്നുന്നു,”മാർക്കറ്റിലേക്കു നടന്നുകൊണ്ട് അയാൾ മനസ്സിൽ പറഞ്ഞു.

ചന്തയിൽ ആളൊഴിഞ്ഞു തുടങ്ങുകയാണ്‌. വെള്ളരിക്കെട്ടുകൾ കയറ്റിയ വണ്ടികൾക്കിടയിലൂടെ, കലങ്ങൾക്കും ചട്ടികൾക്കുമിടയിലൂടെ, അയാളുടെ ശ്രദ്ധയാകർഷിക്കാൻ പരസ്പരം മത്സരിക്കുന്ന വില്പനക്കാരികൾക്കിടയിലൂടെ, ചൂടു മാറാത്ത കുതിരച്ചാണകത്തിൽ ചവിട്ടി, എന്തിനെന്നറിയാതെ അയാൾ മുന്നോട്ടു നടന്നു. അവർ ചട്ടികൾ പൊക്കിയെടുത്ത് വിരലു കൊണ്ടതിൽ മുട്ടിക്കാണിച്ചു, ഒന്നാന്തരമാണവയെന്ന് അയാളെ ബോധിപ്പിക്കാൻ. “സാർ, സാർ, ഇത്ര നല്ല വെള്ളരി വേറേ കിട്ടില്ല സാർ...” മറ്റു ചിലർ അയാളുടെ ചെവിക്കല്ലു പൊട്ടിക്കുകയായിരുന്നു. എന്തപഹാസ്യവും അസംബന്ധവുമാണിതെല്ലാമെന്ന തോന്നൽ അസഹ്യമായപ്പോൾ അയാൾ അവിടെ നിന്നു പാഞ്ഞു. അയാൾ കതീഡ്രലിലേക്കു കയറി; അവിടെ പൂജ അവസാനിക്കുകയാണ്‌; ഗായകസംഘം പാടിനിർത്തുകയാണ്‌, ഉച്ചത്തിൽ, ഒരു കടമ ചെയ്തുതീർത്തതിന്റെ സംതൃപ്തിയോടെന്ന പോലെ, ആഹ്ളാദത്തോടെ. പിന്നെ അയാൾ അവിടെ നിന്നിറങ്ങി;പുഴപ്പരപ്പിന്റെ നരച്ച വെള്ളിനിറത്തിനു മേലുയർന്നുനില്ക്കുന്ന ഒരു പാറക്കെട്ടിന്റെ ചരിവിൽ പരിപാലനമില്ലാതെ കിടന്ന ഒരു ചെറിയ പാർക്കിലൂടെ ലക്ഷ്യബോധമില്ലാതെ അയാൾ ചുറ്റിനടന്നു.

അയാളുടെ യൂണിഫോമിന്റെ ബട്ടണുകളും തോളത്തെ സ്ട്രാപ്പുകളുമൊക്കെ തൊട്ടാൽ പൊള്ളുന്ന തരത്തിൽ ചൂടായിക്കഴിഞ്ഞിരുന്നു. അയാളുടെ തൊപ്പിയുടെ ഉൾവശം വിയർപ്പു കൊണ്ടു നനഞ്ഞൊട്ടുകയായിരുന്നു; അയാളുടെ മുഖം പൊള്ളുകയായിരുന്നു. അയാൾ ഹോട്ടലിലേക്കു മടങ്ങി; സന്തോഷത്തോടെയാണയാൾ ആരുമില്ലാത്ത, തണുപ്പു നിറഞ്ഞ, വലിയ ഡൈനിംഗ് റൂമിലേക്കു കടന്നു ചെന്നത്; സന്തോഷത്തോടെയാണയാൾ
തൊപ്പിയൂരി കൈയിൽ പിടിച്ചിട്ട് തുറന്ന ജനാലയ്ക്കടുത്തുള്ള ഒരു ചെറിയ മേശയ്ക്കരികിലെ കസേരയിൽ ചെന്നിരുന്നത്. പുറത്തു നിന്നു ചൂടുകാറ്റു വരുന്നുണ്ടായിരുന്നെങ്കിലും അതു കാറ്റായിരുന്നല്ലോ. അയാൾ ഐസിട്ട ബീറ്റ്റൂട്ട് സൂപ്പ് ഓർഡർ ചെയ്തു.

പുറമേയ്ക്കാരുമറിയാത്ത ഈ കൊച്ചുപട്ടണത്തിൽ ഒന്നിനും ഒരു കുറവുമില്ല; സർവതിലും നിന്ന്, ഈ പൊള്ളുന്ന ചൂടിലും അങ്ങാടിമണങ്ങളിലും നിന്ന്,സംതൃപ്തിയും ആനന്ദവുമാണുയരുന്നത്; ഈ ജീർണ്ണിച്ച നാടൻ ഹോട്ടലിൽ പോലും ആഹ്ളാദം നിറഞ്ഞുനില്ക്കുന്നു. പക്ഷേ അയാളുടെ ഹൃദയം മാത്രം തകരുകയാണ്‌.അയാൾ കുറേ ഗ്ളാസ്സ് വോഡ്ക്ക കുടിച്ചു; ഉപ്പിട്ട വെള്ളരിക്കഷണങ്ങൾ വാരിവിഴുങ്ങി. ഒരത്ഭുതപ്രവൃത്തിയാലെന്നപോലെ അവളെ ഇന്നിവിടെ വരുത്താൻ കഴിഞ്ഞെന്നിരിക്കട്ടെ, എത്ര ഹതാശവും ഉന്മത്തവുമായ പ്രണയമാണു
തനിക്കവളോടുള്ളതെന്നവളോടു പറയാൻ, തെളിവു നിരത്തി അവളെ ബോദ്ധ്യപ്പെടുത്താൻ മാത്രമായി ഒരു ദിവസം, ഈയൊരു ദിവസം അവൾ തന്നോടൊപ്പമുണ്ടായെന്നിരിക്കട്ടെ,എങ്കിൽ ഒരു നിമിഷത്തെ വിസമ്മതവും കൂടാതെ നാളെ മരിക്കാൻ താൻ തയാറാകും എന്ന് അയാൾക്കു തോന്നി. പക്ഷേ എന്തിനതു തെളിയിക്കണം? എന്തിനത് അവളെ ബോദ്ധ്യപ്പെടുത്തണം? എന്തിനെന്നയാൾക്കറിയില്ല; പക്ഷേ അതയാൾക്ക് ജീവിച്ചിരിക്കുന്നതിനേക്കാൾ പ്രധാനമായിരുന്നു.

“എന്റെ എല്ലാ ധൈര്യവും പൊയ്പ്പോയിരിക്കുന്നു,” അഞ്ചാമത്തെ ഗ്ളാസ്സ് വോഡ്ക്ക ഒഴിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാൾ ആ ചെറിയ കുപ്പിയിൽ ഉണ്ടായിരുന്നതു മൊത്തം ഉള്ളിലാക്കുകയായിരുന്നു. തല മരവിച്ചാൽ ആനന്ദിപ്പിക്കുകയും ഒപ്പം വേദനിപ്പിക്കുകയും ചെയ്യുന്ന ആ അനുഭൂതിയിൽ നിന്നു തനിക്കു വിടുതി കിട്ടുമെന്ന് അയാൾ മോഹിച്ചു. അതു പക്ഷേ, അധികരിക്കുകയാണുണ്ടായത്. അയാൾ സൂപ്പ് തള്ളിമാറ്റിയിട്ട് കട്ടൻ കാപ്പിയ്ക്ക് ഓർഡർ കൊടുത്തു; എന്നിട്ട് പുകവലിച്ചുകൊണ്ട് അയാളിരുന്നാലോചിക്കാൻ തുടങ്ങി: താനെന്തു ചെയ്യണം? ഈ അപ്രതീക്ഷിതപ്രണയം എങ്ങനെയാണൊന്നു കുടഞ്ഞുകളയുക? പക്ഷേ അതങ്ങനെ കുടഞ്ഞാൽ പോകുന്നതല്ല എന്നയാൾക്കു ബോദ്ധ്യമായിരുന്നു. പെട്ടെന്നയാൾ ചാടിയെഴുന്നേറ്റ് , തൊപ്പിയും ഊന്നുവടിയുമെടുത്തു; എന്നിട്ട് പോസ്റ്റ് ഓഫീസിലേക്കുള്ള വഴി ചോദിച്ചറിഞ്ഞുകൊണ്ട് തിരക്കിട്ടങ്ങോട്ടു നടന്നു. എന്താണു ടെലെഗ്രാം ചെയ്യേണ്ടതെന്നുള്ളത് ഇതിനകം അയാൾ മനസ്സിൽ രൂപപ്പെടുത്തിയിരുന്നു: “ഇനി മുതൽ മരിക്കും വരെയും എന്റെ ജീവിതം നിന്റേതാണ്‌, നിന്റെ കൈകളിലാണ്‌.” പക്ഷേ പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും സ്ഥിതി ചെയ്യുന്ന കനത്ത ചുമരുള്ള, പഴയ കെട്ടിടത്തിനു മുന്നിലെത്തിയപ്പോൾ അയാൾ നൈരാശ്യത്തോടെ നിന്നുപോയി. അവൾ താമസിക്കുന്ന പട്ടണത്തിന്റെ പേരയാൾക്കറിയാം, അവൾക്കു ഭർത്താവും മൂന്നു വയസ്സുള്ള മകളുമുണ്ടെന്നറിയാം; പക്ഷേ അവളുടെ
പേരയാൾക്കറിയില്ല! ഇന്നലെ രാത്രിയിൽ ഹോട്ടലിൽ ഡിന്നർ കഴിക്കുമ്പോൾ അയാൾ പല തവണ ചോദിച്ചതാണ്‌; എന്നാൽ അപ്പോഴൊക്കെ അവൾ ചിരിച്ചുകൊണ്ടു പറഞ്ഞത് ഇതായിരുന്നു: “എന്റെ പേരെന്തിനറിയണം? ഞാൻ മരിയ മരേവ്നയാണ്‌,യക്ഷിക്കഥയിലെ അജ്ഞാതരാജകുമാരി‘ അല്ലെങ്കിൽ സുന്ദരിയായ അപരിചിത. എന്താ,അതു പോരേ?”

പോസ്റ്റ് ഓഫീസിനു തൊട്ടടുത്തുള്ള മൂലയിൽ ഒരു സ്റ്റുഡിയോ കണ്ടു. അതിലെ ജനാലയിൽ കണ്ട ഒരു ഫോട്ടോഗ്രാഫിൽ തുറിച്ചുനോക്കി അയാൾ ഏറെ നേരം നിന്നു; തുറിച്ച കണ്ണുകളും ഇടുങ്ങിയ നെറ്റിയും സമൃദ്ധമായ കൃതാവും മെഡലുകൾ കൊണ്ടു മറഞ്ഞ വിരിഞ്ഞ നെഞ്ചുമായി ഒരോഫീസർ. അതിസാധാരണമായ ദൈനന്ദിനവസ്തുതകൾ എത്ര ഭ്രാന്തവും എത്ര യുക്തിരഹിതവും എത്ര ജുഗുപ്ത്സാവഹവുമായി തോന്നുകയാണ്‌,അത്രമേൽ പ്രബലമായ ഒരു പ്രണയത്തിന്റെ, അത്രമേൽ വിപുലമായൊരാനന്ദത്തിന്റെ ‘സൂര്യാഘാതം’ നിങ്ങളെ വന്നു പ്രഹരിക്കുമ്പോൾ (അതെ പ്രഹരിക്കുക, അതു തന്നെയാണു യോജിച്ച പദം)! അയാൾ നവദമ്പതിമാരുടെ ഒരു ഫോട്ടോയിലേക്കു നോക്കി-
മുടി പറ്റെ വെട്ടി, നീണ്ട ഫ്രോക്ക് കോട്ടും വെള്ള ടൈയും ധരിച്ച വരൻ വെള്ള ശിരോവസ്ത്രമണിഞ്ഞ വധുവിനെ കൈയിൽ പിടിച്ച് നീണ്ടുനിവർന്നു നില്ക്കുന്നു.പിന്നെ അയാളുടെ നോട്ടം വിദ്യാർത്ഥികൾ ധരിക്കുന്ന തരം ഒരു തൊപ്പി തലയിൽ ചരിച്ചു വച്ചു നില്ക്കുന്ന ഒരു തെറിച്ച പെണ്ണിന്റെ ഫോട്ടോയിൽ ചെന്നു തങ്ങി.

പിന്നെ, മനസ്സിൽ ഒരു ഭാരവുമില്ലാതെ നില്ക്കുന്ന അജ്ഞാതരായ ആ മനുഷ്യരുടെ പേരിൽ നിറഞ്ഞ അസൂയയുമായി അയാൾ തെരുവിലേക്കുറ്റുനോക്കിക്കൊണ്ടു നിന്നു.“എങ്ങോട്ടു ഞാൻ പോകും? എന്തു ഞാൻ ചെയ്യും?” ഉത്തരമില്ലാത്ത, വിഷമം പിടിച്ച ആ ചോദ്യങ്ങൾ അയാളുടെ മനസ്സും ആത്മാവും കൈയടക്കുകയായിരുന്നു.

തെരുവ് തീർത്തും വിജനമായിരുന്നു. വീടുകളെല്ലാം ഒരേ പോലിരുന്നു: വലിയ പൂന്തോട്ടങ്ങളും വെള്ളയടിച്ച ചുമരുകളുമുള്ള ഇടത്തരക്കാരുടെ വീടുകൾ; പക്ഷേ ഒന്നിനെങ്കിലും ജീവനുള്ളതായി തോന്നിയില്ല. നടപ്പാതയിൽ വെളുത്ത പൊടി കനത്തിൽ വീണുകിടന്നിരുന്നു; സർവതും കണ്ണഞ്ചിക്കുകയായിരുന്നു; സർവതും തീക്ഷ്ണവും ജ്വലിക്കുന്നതും ഉല്ലാസഭരിതവും എന്നാലെന്തുകൊണ്ടോ വ്യർത്ഥവുമായ വെയിലിൽ കുളിച്ചു കിടക്കുകയായിരുന്നു. കുന്നു കയറുന്ന പാത അങ്ങു വിദൂരതയിൽ തെളിഞ്ഞതും മേഘശൂന്യവുമായ ചക്രവാളത്തിന്റെ പാതിവെളിച്ചത്തിൽ ചെന്നലിഞ്ഞു. തെക്കൻ നാടുകളുടേതായ എന്തോ ഒന്ന് ഇതിലെല്ലാം അയാൾ കണ്ടു; അതയാളെ ഓർമ്മിപ്പിക്കുകയായിരുന്നു,സെവാസ്റ്റപ്പോളിനെ, കെർട്ഷിനെ...പിന്നെ അനാപ്പിയെ. അതയാൾക്കു താങ്ങാവുന്നതായിരുന്നില്ല. തല കുനിച്ചും വെളിച്ചം കൊണ്ടു കണ്ണടച്ചും നിലത്തു തന്നെ നോട്ടമുറപ്പിച്ചും വേയ്ച്ചും തടഞ്ഞും ലെഫ്റ്റനന്റ് തിരിച്ചുനടന്നു.

സഹാറയിലോ തുർക്കിസ്ഥാനിലോ ഒരു ദിവസം മുഴുവൻ യാത്ര ചെയ്താലെന്നപോലെ ക്ഷീണിച്ചവശനായി അയാൾ ഹോട്ടലിലെത്തി. ശേഷിച്ച ശക്തിയെല്ലാം സംഭരിച്ചുകൊണ്ട് അയാൾ തന്റെ വലിയ, ശൂന്യമായ മുറിയിലും എത്തിച്ചേർന്നു. ഹോട്ടലുകാർ മുറി അടിച്ചുവൃത്തിയാക്കിയിരുന്നു. മേശപ്പുറത്തു മറന്നിട്ട ഒരു ഹെയർ പിന്നല്ലാതെ അവളുടേതായി യാതൊന്നും ശേഷിച്ചിരുന്നില്ല. അയാൾ കോട്ടൂരിമാറ്റിയിട്ട് കണ്ണാടിയിൽ തന്നെത്തന്നെ നോക്കിനിന്നു. തന്റെ മുഖം - വെയിലു കൊണ്ടു നിറം കെട്ട മീശയും ചെമ്പിച്ച തൊലിയുമായി, ആ തൊലിനിറം കാരണം വെണ്മ കൂടുതലായി തോന്നിച്ച കൃഷ്ണമണികളുമായി വെറുമൊരോഫീസറുടെ മുഖം- അയാൾക്കപ്പോൾ വിക്ഷുബ്ധവും ഉന്മത്തവുമായി കാണപ്പെട്ടു. നേർത്ത വെളുത്ത ഷർട്ടും പശയിട്ട കോളറുമായി ആ നില്ക്കുന്ന രൂപമാകട്ടെ, യൗവനം നിറഞ്ഞതായിരുന്നു, വിഷാദഭരിതവുമായിരുന്നു. കട്ടിലിന്റെ കാല്ക്കലെ അഴിയിൽ പൊടിയടിഞ്ഞ ബൂട്ടുകൾ താങ്ങിവച്ച് അയാൾ മലർന്നു കിടന്നു. ജനാലകൾ തുറന്നു കിടക്കുകയായിരുന്നു, വെളിയടകൾ താഴ്ത്തിയിരുന്നു. ഇടയ്ക്കിടെ ഇളംകാറ്റിൽ ജനാലവിരി പൊങ്ങുമ്പോൾ ചൂടും പൊള്ളുന്ന മേല്ക്കൂരകളുടെയും നിശബ്ദവും വിജനവുമായ വോൾഗാദേശത്തിന്റെ സർവഗന്ധങ്ങളും ഉള്ളിലേക്കരിച്ചിറങ്ങിയിരുന്നു. കൈകളിൽ തല വച്ച്, ശൂന്യതയിലേക്കു മിഴിച്ചുനോക്കി അയാൾ കിടന്നു. പിന്നെ പല്ലു കടിച്ചുപിടിച്ചുകൊണ്ട്,കണ്ണുകളടച്ചുകൊണ്ട്, കവിളിലൂടെ കണ്ണീരൊഴുകിയിറങ്ങുന്നതറിഞ്ഞുകൊണ്ട് അയാൾ ഉറക്കത്തിലേക്കു വീണു. അയാൾ കണ്ണു തുറക്കുമ്പോൾ ജനാലക്കർട്ടനു പിന്നിൽ അസ്തമയസൂര്യൻ തുടുത്തുമഞ്ഞിക്കുകയായിരുന്നു. ഇളംകാറ്റടങ്ങിയിരുന്നു, മുറിക്കകം അടുപ്പു പോലെ പൊള്ളുകയായിരുന്നു. ഇന്നലത്തെ ദിവസവും ഇന്നത്തെ പ്രഭാതവും പത്തു കൊല്ലം മുമ്പത്തെപ്പോലെയാണ്‌ അയാൾക്കു തോന്നിയത്.

അയാൾ സാവകാശം എഴുന്നേറ്റു, സാവകാശം മുഖം കഴുകി, ജനാലയുടെ കർട്ടൻ മാറ്റിയിട്ടു, ചായയും ബില്ലും കൊണ്ടുവരാൻ പറഞ്ഞു, എന്നിട്ടേറെനേരം നാരങ്ങാനീരു ചേർത്ത ചായയും കുടിച്ച് അയാളിരുന്നു.പിന്നെ അയാൾ ഒരു കുതിരവണ്ടി വിളിക്കാനും തന്റെ സാധങ്ങൾ താഴെ കൊണ്ടുവയ്ക്കാനും ഓർഡർ ചെയ്തു. വണ്ടിയുടെ നിറം മങ്ങിയ ചുവന്ന സീറ്റിൽ കയറി ഇരിക്കുമ്പോൾ വെയ്റ്റർക്ക് അയാൾ അഞ്ചു റൂബിൾ ടിപ്പു കൊടുക്കുകയും ചെയ്തു. “ഇന്നലെ രാത്രിയിൽ അങ്ങയെ ഇവിടെ കൊണ്ടുവന്നതും ഞാൻ തന്നെയാണെന്നാണ്‌ എന്റെ
വിശ്വാസം, സാർ” കടിഞ്ഞാൺ കൈയിലെടുക്കുമ്പോൾ വണ്ടിക്കാരൻ ചൊടിയോടെ പറഞ്ഞു. അവർ ജട്ടിയിലെത്തുമ്പോൾ ഗ്രീഷ്മരാത്രിയുടെ നീലവിതാനം വോൾഗയ്ക്കു മേൽ പരന്നുകഴിഞ്ഞിരുന്നു, വിവിധവർണ്ണങ്ങളിലുള്ള കുഞ്ഞുവിളക്കുകൾ പുഴയെ പുള്ളി കുത്തിയിരുന്നു, വന്നടുക്കുന്ന സ്റ്റീമറിന്റെ പാമരങ്ങളിൽ റാന്തലുകൾ വെളിച്ചം ചൊരിഞ്ഞിരുന്നു.

“കൃത്യസമയത്തു തന്നെ സാറിനെ ഞാനെത്തിച്ചു,” ഒരഭിനന്ദനം പ്രതീക്ഷിച്ചുകൊണ്ട് വണ്ടിക്കാരൻ പറഞ്ഞു.

അയാൾക്കും അഞ്ചു റൂബിൾ കൊടുത്തിട്ട് ലഫ്റ്റനന്റ് ടിക്കറ്റെടുത്ത് ജട്ടിയിലേക്കിറങ്ങി നിന്നു...ഇന്നലത്തെപ്പോലെ തന്നെ സ്റ്റീമർ പതുക്കെ ജട്ടിയിൽ വന്നിടിച്ചു, അതേ കാലുറയ്ക്കായ്ക, പിന്നെ ഒരു കയർ തലയ്ക്കു മേൽ കൂടി പറക്കുന്നു, സ്റ്റീമർ ജട്ടിയിൽ വന്നിടിച്ചിട്ടു മാറുമ്പോൾ വെള്ളം
കടയുന്നപോലെ പതയുന്നു...

ആളും വെളിച്ചവും നിറഞ്ഞ, അടുക്കളയിൽ നിന്നു വിവിധഗന്ധങ്ങൾ പരക്കുന്ന ആ സ്റ്റീമർ എത്ര ഹൃദ്യമാണെന്നയാൾക്കു തോന്നിത്തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു മിനുട്ടു കഴിഞ്ഞപ്പോൾ അന്നു രാവിലെ അവൾ പോയ അതേ ദിശയിലേക്ക് പുഴയിലൂടവർ കുതിക്കുകയായിരുന്നു.
ഗ്രീഷ്മസന്ധ്യയുടെ പിൻവെളിച്ചം വിദൂരചക്രവാളത്തിൽ നിന്നു സാവധാനം പിൻവാങ്ങുകയായിരുന്നു; ഇളകിയാടിയും പലനിറങ്ങളിൽ പുഴയിലലസം പ്രതിഫലിച്ചും മങ്ങിയ നീലവിതാനത്തിനടിയിലലയിളക്കുന്ന പ്രതലത്തിലവിടവിടെ വെളിച്ചത്തിന്റെ പാടുകൾ വീഴ്ത്തിയും ഇരുട്ടത്തെങ്ങും ചിതറിക്കിടക്കുന്ന വിളക്കുകൾ പിന്നിലേക്കു, പിന്നിലേക്കൊഴുകിപ്പോയി.

ഡക്കിൽ ഒരു ഷാമിയാനയ്ക്കടിയിൽ കസേരയിട്ടു ലഫ്റ്റനന്റ് ഇരുന്നു. തനിക്കു പത്തു കൊല്ലം പ്രായം കൂടിയപോലെ അയാൾക്കു തോന്നി.



കവിയും നോവലിസ്റ്റുമായ ഇവാൻ എ. ബുനിൻ (1870-1953) റഷ്യയിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. 1903ൽ സാഹിത്യത്തിനുള്ള പുഷ്ക്കിൻ സമ്മാനം നേടിയ അദ്ദേഹം ബോൾഷെവിക്ക് വിപ്ളവത്തെത്തുടർന്ന് 1918ൽ ഫ്രാൻസിൽ അഭയം തേടി. മെഡിറ്റെറേനിയൻ രാജ്യങ്ങളിലൂടെയും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലൂടെയും നടത്തിയ ദീർഘസഞ്ചാരങ്ങളിൽ നിന്നുള്ള അനുഭവങ്ങളാണ്‌
അദ്ദേഹത്തിന്റെ പല കഥകൾക്കും പ്രമേയമാകുന്നത്. 1933ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ‘ഗദ്യരചനയിലെ ക്ളാസ്സിക്കൽ റഷ്യൻ പാരമ്പര്യം നിഷ്കൃഷ്ടമായ ചാതുര്യത്തോടെ പിന്തുടരുന്നു’ എന്നതാണ്‌നോബേൽ സമ്മാനസമിതി അഭിനന്ദനാർഹമായി കണ്ടത്.


ചെക്കോവ് - ശീർഷകമില്ലാത്ത കഥ

images (1)


പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്നത്തെപ്പോലെതന്നെ സൂര്യൻ എന്നും രാവിലെ ഉദിച്ചുയരുകയും എന്നും വൈകിട്ട് അസ്തമിക്കുകയും ചെയ്തിരുന്നു. അതികാലത്ത് ഇളവെയിലിന്റെ കതിരുകൾ മഞ്ഞുതുള്ളികൾക്കുമ്മ കൊടുക്കുമ്പോൾ മണ്ണിനൊരു പുതുജീവൻ കൈവരികയും ആശയുടെയും ആനന്ദത്തിന്റെയും ശബ്ദങ്ങൾ എങ്ങുമുയരുകയും ചെയ്തിരുന്നു; ഇതേ മണ്ണു തന്നെ തന്നെ രാത്രിയാവുന്നതോടെ മൌനത്തിലാവുകയും ഇരുട്ടിന്റെ വിഷാദത്തിൽ മുങ്ങിപ്പോവുകയും ചെയ്തു. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. ഇടയ്ക്കൊരിക്കൽ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയും ഇടിയും മിന്നലുമായി മേഘങ്ങൾ പാഞ്ഞുനടക്കുകയും ചെയ്തുവന്നുവരാം; അറിയാതുറങ്ങിപ്പോയ ഒരു നക്ഷത്രം ആകാശത്തു നിന്നുരുണ്ടുവീണുവെന്നു വരാം; ഇനിയഥവാ, മഠത്തിനടുത്തു താനൊരു കടുവയെക്കണ്ടുവെന്ന് പേടിച്ചുവിളറിപ്പോയ ഒരു സന്ന്യാസി വിളിച്ചുകൂവിക്കൊണ്ടു വന്നുവെന്നും വരാം...ഇതോടെ കഴിഞ്ഞു. വീണ്ടും ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും.

മഠത്തിനുള്ളിൽ സന്ന്യാസിമാർ ജോലിയും പ്രാർത്ഥനയുമായി കഴിഞ്ഞു; വൃദ്ധനായ മഠാധിപൻ നന്നായി ഓർഗൻ വായിക്കുകയും ലത്തീനിൽ കവിതയെഴുതുകയും ഈണം കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സിദ്ധിയെക്കുറിച്ചു പറയാതെവയ്യ. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഓർഗൻ സംഗീതത്തിന്റെ അലകൾ ഒഴുകിയെത്തുമ്പോൾ പ്രായാധിക്യത്താൽ ബാധിര്യത്തിന്റെ വക്കത്തെത്തിയ സന്ന്യാസിമാർ പോലും കണ്ണീരടക്കാതെ തേങ്ങിക്കരഞ്ഞുപോയിരുന്നു. ഒരു മരമോ കാട്ടുമൃഗമോ കടലോ പോലെ സർവസാധാരണമായതൊന്നിനെക്കുറിച്ചാണ്‌ അദ്ദേഹം പാട്ടിൽ പറയുന്നതെങ്കിൽക്കൂടി ഒരു മന്ദഹാസമോ കണ്ണീരോ കൂടാതെ അതു കേട്ടിരിക്കുക അവർക്കസാദ്ധ്യമായിരുന്നു; ഓർഗനിൽ സ്പന്ദിക്കുന്ന അതേ സ്വരങ്ങൾ തന്നെയാണ്‌ അദ്ദേഹത്തിന്റെ ആത്മാവിലും സ്പന്ദിക്കുന്നതെന്നു തോന്നിപ്പോകുമായിരുന്നു. ഉഗ്രരോഷമോ അത്യാഹ്ളാദമോ ആണു വിഷയമാകുന്നതെങ്കിൽ, ഭീഷണമോ മഹത്തോ ആയതിനെക്കുറിച്ചാണു പറയേണ്ടതെങ്കിൽ അത്യുത്കടമായ ഒരാവേശം അദ്ദേഹത്തെ പിടികൂടും, തിളങ്ങുന്ന കണ്ണുകളിൽ കണ്ണീരുരുണ്ടുകൂടും, മുഖം ചുവന്നുതുടുക്കും, ശബ്ദം ഇടിമുഴക്കം പോലെയായിരിക്കും, ആ പ്രചോദനത്താൽ മന്ത്രമുഗ്ധരായിരിക്കുകയാണു തങ്ങളെന്ന് കേട്ടിരിക്കുന്ന സന്ന്യാസിമാർക്കു തോന്നുകയും ചെയ്യും. ഉജ്ജ്വലവും അത്ഭുതജനകവുമായ ഈതരം മുഹൂർത്തങ്ങളിൽ അദ്ദേഹത്തിന്‌ അവർക്കു മേലുള്ള സ്വാധീനം ഇത്രയെന്നു പറയാനില്ല: കടലിൽ പോയി ചാടാൻ പറഞ്ഞാൽ ആ ശാസന ശിരസ്സാ വഹിച്ചുകൊണ്ട് ഒരേ മനസ്സോടെ അവർ ഇറങ്ങിയോടും.

അദ്ദേഹത്തിന്റെ സംഗീതം, അദ്ദേഹത്തിന്റെ ശബ്ദം, അദ്ദേഹം ദൈവത്തിന്റെ മഹിമകൾ പാടുന്ന വരികൾ ഇതൊക്കെ ആ സന്ന്യാസിമാർക്കു നിരന്തരാനന്ദത്തിനുള്ള ഉറവകളായിരുന്നു. ആവർത്തനവിരസമായ ജീവിതം കാരണം ഇടയ്ക്കെപ്പോഴെങ്കിലും അവർക്കു മരങ്ങളോടും പൂക്കളോടും വസന്തത്തോടും ശിശിരത്തോടും മടുപ്പു തോന്നിയെന്നു വരാം, കടൽത്തിരകളുടെ താളമവർ കേട്ടില്ലെന്നു വരാം, കിളികളുടെ പാട്ടുകൾ ഇഷ്ടമായില്ലെനും വരാം; പക്ഷേ വൃദ്ധനായ മഠാധിപന്റെ സിദ്ധികൾ അന്നന്നത്തെ അപ്പം പോലെ അവർക്കെന്നും വേണ്ടതായിരുന്നു.

ഇരുപതു കൊല്ലം കടന്നുപോയി. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. കാട്ടുജന്തുക്കളും കിളികളുമല്ലാതെ മറ്റൊരു ജീവി മഠത്തിനടുത്തെങ്ങും വന്നിരുന്നില്ല. വളരെവളരെ അകലെയായിരുന്നു ജനവാസമുള്ള ഏറ്റവുമടുത്ത സ്ഥലം; മഠത്തിൽ നിന്നവിടെയെത്താനോ അവിടെ നിന്നു മഠത്തിലെത്താനോ നൂറു മൈൽ വീതിയുള്ള ഒരു മരുഭൂമി കടക്കേണ്ടിയിരുന്നു. അതിനൊരുമ്പെടുന്നവർ ജിവിതത്തെ വെറുക്കുന്നവരായിരിക്കും, അതിനെ ത്യജിച്ചവരായിരിക്കും, ശവമാടത്തിലേക്കെന്നപോലെ മഠത്തിലേക്കു വരുന്നവരായിരിക്കും.

അപ്പോൾപ്പിന്നെ രാത്രിയിൽ ഒരാൾ വന്നു തങ്ങളുടെ പടിക്കൽ മുട്ടുമ്പോൾ സന്ന്യാസിമാർക്കുണ്ടായ അത്ഭുതത്തെക്കുറിച്ചു വിശേഷിച്ചു പറയണോ! അതോ ആ നഗരത്തിൽ നിന്നൊരാൾ, ജീവിതത്തെ സ്നേഹിച്ചുതീരാത്ത വെറുമൊരു പാപി! പ്രാർത്ഥന ചൊല്ലാനോ മഠാധിപന്റെ അനുഗ്രഹം വാങ്ങാനോ ഒന്നും അയാൾക്കു നേരമില്ല; അയാൾക്കു വേണ്ടത് ഭക്ഷണവും വീഞ്ഞുമാണ്‌. നഗരത്തിൽ നിന്ന് അയാൾ മരുഭൂമിയിൽ എത്തിപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന്‌ അയാളുടെ മറുപടി ഒരു നായാട്ടിന്റെ നീണ്ടകഥയായിരുന്നു; അയാൾ നായാട്ടിനു പോയതാണ്‌, കുടിച്ചതല്പം കൂടിപ്പോയി, അങ്ങനെ വഴിയും തെറ്റി. സന്ന്യാസം സ്വീകരിച്ച് ആത്മാവിനെ വീണ്ടെടുക്കുകയല്ലേ നല്ലതെന്ന നിർദ്ദേശത്തിന്‌ ഒരു പുഞ്ചിരിയോടെ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ചേരാൻ പറ്റിയ ആളല്ല ഞാൻ!”

കുടിയും തീറ്റയും ആവശ്യത്തിനായെന്നായപ്പോൾ അയാൾ കണ്ണു ചുരുക്കി സന്ന്യാസിമാരെ നോക്കിയിട്ടു പറഞ്ഞു: “നിങ്ങൾ യാതൊന്നും ചെയ്യുന്നില്ല, സന്ന്യാസിമാരേ. തിന്നാനും കുടിക്കാനുമല്ലാതൊന്നിനും നിങ്ങളെക്കൊണ്ടു കൊള്ളില്ല. ഇതാണോ ആത്മാവിനെ വീണ്ടെടുക്കാനുള്ള വഴി? ഒന്നാലോചിച്ചുനോക്കൂ: നിങ്ങളിങ്ങനെ തിന്നും കുടിച്ചും മോക്ഷം സ്വപ്നം കണ്ടും കഴിയുമ്പോൾ നിങ്ങളുടെ സഹജീവികൾ നശിച്ചുപോവുകയാണ്‌, നരകത്തിൽ പോയിവീഴുകയാണ്‌. നഗരത്തിൽ നടക്കുന്നതെന്താണെന്നു നിങ്ങളൊന്നു പോയിക്കാണണം! ചിലർ വിശന്നു ചാവുമ്പോൾ വേറേ ചിലർ കൈയിലുള്ള സ്വർണ്ണം എന്തു ചെയ്യണമെന്നറിയാതെ വ്യഭിചാരത്തിൽ ആണ്ടുമുങ്ങുകയും തേനിൽ കാലു പൂന്തിയ ഈച്ചകളെപ്പോലെ തുലഞ്ഞുപോവുകയുമാണ്‌. മനുഷ്യർക്കിടയിൽ നേരോ ദൈവവിശ്വാസമോ ഇല്ല. അവരെ വീണ്ടെടുക്കുക എന്നത് ആരുടെ ചുമതലയാണ്‌? പകലന്തിയോളം കള്ളും കുടിച്ചിരിക്കുന്ന എന്റെയോ? ഈ നാലു ചുമരുകൾക്കുള്ളിൽ മടിയും പിടിച്ചിരിക്കാനാണോ ദൈവം നിങ്ങൾക്കു സ്നേഹവും എളിമയും നിറഞ്ഞൊരു ഹൃദയവും ഈശ്വരവിശ്വാസവും നല്കിയത്?”

ആ കുടിയന്റെ ലക്കു കെട്ട വർത്തമാനം മര്യാദയില്ലാത്തതും അസഹ്യവുമായിയുന്നുവെങ്കിലും വൃദ്ധസന്ന്യാസിയെ അതു വല്ലാതെ സ്പർശിച്ചുകളഞ്ഞു. മറ്റു സന്ന്യാസിമാരെ ഒന്നു നോക്കിയിട്ട് മുഖമൊന്നു വിളറി അദ്ദേഹം പറഞ്ഞു: “സഹോദരന്മാരേ, അയാൾ പറയുന്നതു ശരിയാണ്‌! അറിവും മനോബലവുമില്ലാത്ത സാധുക്കളായ മനുഷ്യർ പാപത്തിലും അവിശ്വാസത്തിലും വീണു തുലയുമ്പോൾ ഇതൊന്നും നമ്മെ സംബന്ധിക്കുന്ന വിഷയമല്ലെന്നപോലെ നാം ഇരിക്കുന്നിടത്തു നിന്നനങ്ങാതിരിക്കുകയാണ്‌. എന്തുകൊണ്ടു ഞാൻ പോയി തങ്ങൾ മറന്ന ക്രിസ്തുവിനെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചുകൂടാ?”

നഗരവാസിയുടെ വാക്കുകൾ ആ വൃദ്ധനെ മറ്റെവിടെയ്ക്കോ കൊണ്ടുപോയിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം തന്റെ വടിയുമെടുത്ത് അന്തേവാസികളോടു യാത്രയും പറഞ്ഞ് നഗരത്തിലേക്കു തിരിച്ചു. അങ്ങനെ സന്ന്യാസിമാർക്ക് അദ്ദേഹത്തിന്റെ സംഗീതവും പ്രസംഗവും കവിതയുമൊക്കെ നഷ്ടമായി. അവർ ഒരു മാസം കാത്തു, പിന്നെയും ഒരു മാസം കൂടി; പക്ഷേ വൃദ്ധൻ മടങ്ങിവന്നില്ല. ഒടുവിൽ മൂന്നു മാസം കഴിഞ്ഞപ്പോൾ പരിചിതമായ ആ ഊന്നുവടിയുടെ ശബ്ദം കേൾക്കാറായി. അവർ അദ്ദേഹത്തെ കാണാനായി പാഞ്ഞുചെന്നു; ചോദ്യങ്ങൾ കൊണ്ടവർ അദ്ദേഹത്തെ പൊതിഞ്ഞു; പക്ഷേ അവരെ കണ്ടതിൽ സന്തോഷിക്കാതെ, ഒരു വാക്കു പോലും പറയാതെ തേങ്ങിക്കരയുകയാണ്‌ അദ്ദേഹം ചെയ്തത്. അദ്ദേഹത്തിനു വല്ലാതെ പ്രായാധിക്യം തോന്നിക്കുന്നുവെന്നും ആൾ ശരിക്കു മെലിഞ്ഞുപോയിരിക്കുന്നുവെന്നും അവർ ശ്രദ്ധിച്ചു; ക്ഷീണവും അഗാധമായ ശോകവും ആ മുഖത്തു കൊത്തിവച്ചിരിക്കുന്നു. വല്ലാതെ ഹൃദയം നൊന്തവനെക്കണക്കാണദ്ദേഹം കരയുന്നത്.

സന്ന്യാസിമാരും കരഞ്ഞുപോയി; എന്തിനാണദ്ദേഹം കരയുന്നതെന്നും എന്താണദ്ദേഹത്തിന്റെ മുഖം മ്ളാനമായിരിക്കുന്നതെന്നും അവർ ആവർത്തിച്ചാവർത്തിച്ചു ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാതെ സ്വന്തം മുറിയിൽ പോയി അടച്ചിരിക്കുകയാണദ്ദേഹം ചെയ്തത്. അഞ്ചു ദിവസം ഒന്നും തിന്നാതെയും കുടിക്കാതെയും ഓർഗനിൽപ്പോലും ഒന്നു തൊടാതെയും അദ്ദേഹം അതിനുള്ളിൽ കഴിഞ്ഞു. സന്ന്യാസിമാർ വാതില്ക്കൽ വന്നു മുട്ടിയിട്ടും തന്റെ ശോകത്തിനുള്ള കാരണം തങ്ങളുമായി പങ്കു വയ്ക്കാൻ അവർ ആവർത്തിച്ചപേക്ഷിച്ചിട്ടും ഗഹനമായൊരു മൌനമേ മറുപടിയുണ്ടായുള്ളു. ഒടുവിൽ അദ്ദേഹം പുറത്തേക്കു വന്നു. സന്ന്യാസിമാരെയെല്ലാം ചുറ്റും വിളിച്ചുകൂട്ടി, കണ്ണീരിൽ കുതിർന്ന മുഖത്തോടെ, അറപ്പും ദുഃഖവും കലർന്ന ശബ്ദത്തിൽ ആ മൂന്നുമാസക്കാലം താൻ അനുഭവിച്ചതൊക്കെ അദ്ദേഹം അവരോടു പറഞ്ഞുതുടങ്ങി. മഠത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രയെക്കുറിച്ചു വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരം പ്രശാന്തവും കണ്ണുകൾ മന്ദഹാസം നിറഞ്ഞതുമായിരുന്നു. വഴിയരികിൽ കിളികൾ പാടിയിരുന്നു, ചോലകളുടെ കളകളം കേട്ടിരുന്നു, അദ്ദേഹം പറയുകയായിരുന്നു, മധുരപ്രതീക്ഷകൾ മനസ്സു മഥിച്ചിരുന്നു. വിജയം സുനിശ്ചിതമായ ഒരു യുദ്ധത്തിലേക്കു മാർച്ചു ചെയ്തുപോവുകയാണു താനെന്ന് അദ്ദേഹത്തിനു തോന്നി. മനോരാജ്യം കണ്ടും മനസ്സിൽ കവിതകളെഴുതിയും അങ്ങനെ നടന്നുപോകവെ ഒടുവിൽ യാത്രാലക്ഷ്യം എത്തിയതു തന്നെ അദ്ദേഹം അറിഞ്ഞില്ല.

പക്ഷേ നഗരത്തെയും അവിടുള്ളവരെയും കുറിച്ചു പറയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു, കണ്ണുകളിൽ മിന്നൽ പാറി, നെഞ്ചിൽ രോഷത്തിന്റെ കനലുകളെരിഞ്ഞു. നഗരത്തിലേക്കു ചെല്ലുമ്പോൾ അദ്ദേഹം കാണുന്നത് താനിന്നു വരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തതും മനസ്സിൽ കാണാൻ കൂടി ധൈര്യപ്പെടാത്ത സംഗതികളായിരുന്നു. ആയുസ്സിൽ ഇതാദ്യമായി, ഈ വാർദ്ധക്യമെത്തിയ കാലത്താണ്‌ അദ്ദേഹം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്, എത്ര ശക്തനാണ്‌ സാത്താനെന്ന്, എത്ര ആകർഷകമാണ്‌ തിന്മയെന്ന്, എത്ര ദുർബലനും മനക്കരുത്തില്ലാത്തവനും വില കെട്ടവനുമാണ്‌ മനുഷ്യനെന്നും. നിർഭാഗ്യമെന്നു പറയട്ടെ, അദ്ദേഹം ആദ്യം തന്നെ ചെന്നു കയറിയ സ്ഥലം പാപത്തിന്റെ താവളമായിരുന്നു. ഒരമ്പതോളം പേർ തിന്നും കുടിച്ചും പണം വാരിയെറിഞ്ഞും അവിടിരുപ്പുണ്ടായിരുന്നു. വെളിവുകെട്ടു പാടുകയാണവർ; ദൈവചിന്തയുള്ള ഒരാൾ ആലോചിക്കാൻ കൂടി ധൈര്യപ്പെടാത്ത അറയ്ക്കുന്ന വാക്കുകൾ ഉറക്കെ വിളിച്ചുപറയുകയാണവർ. അവരുടെ സ്വാതന്ത്ര്യത്തിനു വിലക്കുകളില്ല, അവരുടെ ആത്മവിശ്വാസത്തിനതിരില്ല, അവരുടെ ആനന്ദത്തിനിളപ്പവുമില്ല; അവർക്കു ദൈവത്തെയോ സാത്താനെയോ മരണത്തെയോ ഭയമില്ല; തങ്ങളുടെ മനസ്സു പറഞ്ഞതു പോലെയായിരുന്നു അവരുടെ പറച്ചിലും പ്രവൃത്തിയും; തങ്ങളുടെ തൃഷ്ണകൾ അടിച്ചുപായിച്ചിടത്തേക്കവർ പായുകയായിരുന്നു. തെളിഞ്ഞു നുരയുന്ന മദ്യം തടുക്കരുതാത്ത വിധം സ്വാദിഷ്ടവും സുരഭിലവുമായിരിക്കണം; കാരണം അതു നുകരുന്ന ഓരോരുത്തനും നിർവൃതി കൊണ്ടിട്ടെന്ന പോലെ മന്ദഹസിക്കുകയായിരുന്നു, വീണ്ടുമൊഴിക്കാൻ തിടുക്കപ്പെടുത്തുകയായിരുന്നു. മനുഷ്യന്റെ പുഞ്ചിരിക്ക് തിരിച്ചൊരു പുഞ്ചിരിയായിരുന്നു അതിന്റെ പ്രതികരണം; അവരതു കുടിക്കുമ്പോൾ ആഹ്ളാദത്തോടതു വെട്ടിത്തിളങ്ങുകയായിരുന്നു; എന്താസുരവിലോഭനമാണു തന്റെ മാധുര്യത്തിലൊളിഞ്ഞിരിക്കുന്നതെന്ന് അതിനറിയാമെന്ന പോലെയായിരുന്നു.

ഏങ്ങിയേങ്ങിക്കരഞ്ഞും കോപം കൊണ്ടെരിഞ്ഞും ആ വൃദ്ധൻ താൻ കണ്ടതൊക്കെ ഒന്നൊന്നായി വർണ്ണിച്ചുകൊണ്ടിരുന്നു. ആ കുടിയന്മാർക്കു നടുവിൽ ഒരു മേശപ്പുറത്ത്, അദ്ദേഹം പറഞ്ഞു, അർദ്ധനഗ്നയായ ഒരു സ്ത്രീ നില്പുണ്ടായിരുന്നു. ഇത്രയും വശ്യവും സുന്ദരവുമായ മറ്റൊന്ന് പ്രകൃതിയിലുണ്ടാവില്ല. നീണ്ട മുടിയും ഇരുണ്ട കണ്ണുകളും തടിച്ച ചുണ്ടുകളുമുള്ള ആ സർപ്പസന്തതി ചിരിക്കുമ്പോൾ മഞ്ഞു പോലെ വെളുത്ത പല്ലുകൾ ഇങ്ങനെ പറയുകയാണെന്നു തോന്നും: “എത്ര സുന്ദരിയാണ്‌, എത്ര ഗർവിതയാണു ഞാനെന്നു കണ്ടോളൂ!” പട്ടും കസവും മനോഹരമായ മടക്കുകളായി അവളുടെ ചുമലുകളിൽ നിന്നൂർന്നുകിടന്നിരുന്നു; പക്ഷേ ഒരുടയാടയ്ക്കുള്ളിലൊളിയാനുള്ളതല്ല അവളുടെ സൌന്ദര്യം; വസന്താഗമത്തിൽ മണ്ണടുക്കുകൾക്കിടയിലൂടെ പുതുനാമ്പുകൾ പുറത്തു വരുമ്പോലെ ആ മടക്കുകൾക്കിടയിലൂടെ വ്യഗ്രതയോടിരച്ചുകേറുകയാണത്. നാണം കെട്ട ആ പെണ്ണ്‌ മദ്യം കഴിക്കുകയായിരുന്നു, പാട്ടുകൾ പാടുകയായിരുന്നു, നീളുന്ന കൈകളിലേക്കു ചെന്നുവീഴുകയായിരുന്നു.

രോഷത്തോടെ കൈകൾ വീശിക്കൊണ്ട് ആ വൃദ്ധൻ പിന്നെ കുതിരപ്പന്തയങ്ങളെക്കുറിച്ചും കാളപ്പോരുകളെക്കുറിച്ചും വിവരിച്ചു; നാടകശാലകളെക്കുറിച്ചും നഗ്നരായ സ്ത്രീകളെ നോക്കി ചിത്രം വരയ്ക്കുകയും കളിമണ്ണിൽ രൂപങ്ങൾ മെനയുന്നവരെക്കുറിച്ചും വർണ്ണിച്ചു. വാചാലതയോടെ, പ്രചോദനം കൊണ്ടിട്ടെന്നപോലെ, അദൃശ്യമായ ഏതോ സംഗീതോപകരണം വായിക്കുകയാണെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം; സന്ന്യാസിമാർ ലഹരി പിടിച്ചിട്ടെന്നപോലെ ഓരോ വാക്കും വ്യഗ്രതയോടെ ഊറ്റിക്കുടിക്കുകയും ആനന്ദമൂർച്ഛ കൊണ്ടു കിതയ്ക്കുകയുമായിരുന്നു. പിശാചിന്റെ ചാരുതകളും പാപത്തിന്റെ സൌന്ദര്യവും നീചമായ സ്ത്രീരൂപത്തിന്റെ വശ്യതകളുമെല്ലാം വിസ്തരിച്ചു പറഞ്ഞതില്പിന്നെ സാത്താനിട്ടൊരു ശാപവും കൊടുത്തിട്ട് അദ്ദേഹം തിരിഞ്ഞ് തന്റെ മുറിയിൽ കയറി കുറ്റിയിട്ടു.

പിറ്റേന്നു കാലത്ത് അദ്ദേഹം തന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി നോക്കുമ്പോൾ ആശ്രമത്തിൽ ഒരു സന്ന്യാസിയെപ്പോലും കാണാനുണ്ടായിരുന്നില്ല. അവരെല്ലാം നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു.

(1888)


A Story Without A Title

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

ജോർജ്ജ്‌ ഹെയിം - പോസ്റ്റ്‌മോർട്ടെം

download (4)




ആ വലിയ ഓപ്പറേഷൻ തിയേറ്ററിലെ വെളുത്തമേശമേൽ നിശിതമായ വെണ്മയിൽ മുങ്ങി നഗ്നനും ഏകാകിയുമായി മരിച്ചയാൾ കിടന്നു. അവസാനിക്കാത്ത പീഡനത്തിന്റെ ആക്രന്ദനങ്ങൾ അതിനുള്ളിൽ അപ്പോഴും അലയടിച്ചിരുന്നപോലെ തോന്നിയിരുന്നു.

മധ്യാഹ്നസൂര്യൻ അയാളെ ആവരണം ചെയ്തു. അത്‌ അയാളുടെ നെറ്റിത്തടത്തിലെ കറുത്തുനീലിച്ച ബിന്ദുക്കളെ തെളിച്ചപ്പെടുത്തി; അയാളുടെ നഗ്നമായ അടിവയറ്റിൽ ഉജ്ജ്വലമായ ഒരു ഹരിതവർണ്ണം സൃഷ്ടിച്ചെടുത്തു; വെള്ളം നിറച്ച വലിയൊരു സഞ്ചി പോലെ അതിനെ ഊതിവീർപ്പിക്കുകയും ചെയ്തു.


അയാളുടെ ദേഹം ഒരു ഭീമപുഷ്പത്തിന്റെ ശോഭയുറ്റ ദളപുടം പോലെയായിരുന്നു: ഏതോ ഇന്ത്യൻ വനാന്തരത്തിൽ നിന്നു പറിച്ചെടുത്ത്‌ മരണത്തിന്റെ അൾത്താരയിൽ ആരോ കാതരഹൃദയത്തോടെ സമർപ്പിച്ച അജ്ഞാതപുഷ്പം.

അയാളുടെ നിതംബത്തിലൂടെ ചുവപ്പിന്റെയും നീലയുടെയും പ്രദീപ്തഛായകൾ പടർന്നുകേറി. അയാളുടെ പൊക്കിൾക്കുഴിക്കു താഴെ ദുഷിച്ച ഗന്ധം വമിച്ചിരുന്ന വലിയ മുറിവ്‌ ചൂടത്ത്‌ ചുവന്ന കൊഴുച്ചാലു പോലെ പതിയെ വിണ്ടുകീറി.

ഡോക്ടർമാർ കടന്നുവന്നു; വെള്ളക്കോട്ടു ധരിച്ച, മൂക്കിന്മേൽ സ്വർണ്ണക്കണ്ണടകൾ ഉറപ്പിച്ച ദയാലുക്കൾ.

അവർ മരിച്ചയാളിനടുത്തേക്കു നടന്നുചെന്ന് താൽപര്യത്തോടെയും തങ്ങളുടെ തൊഴിലിനു ചേർന്ന പരാമർശങ്ങൾ നടത്തിയും അയാളെ നോക്കിനിന്നു.

പിന്നെ അവർ വെളുത്ത ഭിത്തിയലമാരകൾ തുറന്ന് കീറിമുറിക്കാനുള്ള ഉപകരണങ്ങൾ പുറത്തെടുത്തു: പലതരം ചുറ്റികകൾ നിറഞ്ഞ വെളുത്ത പെട്ടികൾ, ഉരത്ത പല്ലുകളുള്ള അറുക്കവാളുകൾ, അരങ്ങൾ, ചവണകളുടെ ഭീഷണമായ നിരകൾ, കഴുകന്മാരുടെ വളർകൊക്കുകൾ പോലെ മാംസത്തിനാർത്തുവിളിക്കുന്ന വമ്പൻസൂചികൾ നിറച്ച കുഞ്ഞളുക്കുകൾ.

അവർ തങ്ങളുടെ ബീഭത്‌സമായ വേല തുടങ്ങി. ഭയങ്കരന്മാരായ പീഡകരെപ്പോലെയായിരുന്നു അവർ. അവരുടെ കൈകളിലൂടെ രക്തം ഒലിച്ചിറങ്ങി. വെളുത്ത പാചകക്കാർ വാത്തിന്റെ കുടൽ പുറത്തുചാടിക്കുന്നതുപോലെ അവർ ആ തണുത്ത ജഡത്തിനുള്ളിൽ കൈകളാഴ്ത്തി അതിനുള്ളിലുള്ളതൊക്കെ വലിച്ചു പുറത്തിടുകയായിരുന്നു.

പച്ചയും മഞ്ഞയും നിറമുള്ള പാമ്പുകളെപ്പോലെ കുടൽമാല അവരുടെ കൈകളിൽ ചുറ്റിപ്പിണഞ്ഞുകിടന്നു. മലം, ചെറുചൂടുള്ള അഴുകിയ ദ്രാവകം, അവരുടെ കോട്ടുകളിൽ ഇറ്റുവീണു. അവർ മൂത്രസഞ്ചി കുത്തിപ്പൊട്ടിച്ചു; തണുത്ത മൂത്രം മഞ്ഞനിറമുള്ള വീഞ്ഞു പോലെ അതിനുള്ളിൽക്കിടന്നു വെട്ടിത്തിളങ്ങി. അവർ അതു വലിയ കോപ്പകളിലേക്കു പകർന്നു; അമോണിയായുടേതു പോലെ രൂക്ഷമായ ക്ഷാരഗന്ധമായിരുന്നു അതിന്‌. പക്ഷേ മരിച്ചയാൾ ഉറങ്ങുകയായിരുന്നു. അവർ തന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നതും തലമുടിയിൽ പിടിച്ചുവലിക്കുന്നതുമൊക്കെ അയാൾ ക്ഷമയോടെ സഹിച്ചു; അയാൾ ഉറങ്ങുകയായിരുന്നു.
പിന്നെ, തലയ്ക്കുള്ളിൽ ചുറ്റികയടികൾ പ്രതിധ്വനിച്ചപ്പോൾ ഒരു സ്വപ്നം, ഒരു പ്രണയത്തിന്റെ അവശിഷ്ടം, അയാളുടെ സ്വകാര്യരാത്രിയിൽ പ്രകാശിക്കുന്ന ശലാക പോലെ ഉണർന്നുവന്നു.

ആ വലിയ ജാലകത്തിനു മുന്നിൽ വിപുലമായ ഒരാകാശം തുറന്നു: സായാഹ്നത്തിന്റെ പ്രശാന്ത തയിൽ വെളുത്ത കുഞ്ഞുമാലാഖമാരെപ്പോലെ വെയിലിൽ കുളിച്ചുനീന്തുന്ന കുഞ്ഞുമേഘങ്ങൾ നിറഞ്ഞ മഹാകാശം.

അഴുകിനീലിച്ച നെറ്റിയിലൂടെ മരിച്ചയാളിന്റെ കറുത്ത രക്തം ഒലിച്ചിറങ്ങി. ചൂടത്ത്‌ ഭീഷണമായൊരു മേഘം പോലെ അതുറഞ്ഞുകൂടി. മരണത്തിന്റെ ജീർണ്ണത ഉജ്ജ്വലവർണ്ണങ്ങളുള്ള നഖരങ്ങളുമായി അയാളുടെ മേൽ ഇഴഞ്ഞുകേറി. അയാളുടെ തൊലി ഇളകിമാറാൻ തുടങ്ങി. ഡോക്ടർമാരുടെ ആർത്തി പൂണ്ട വിരലുകൾക്കു കീഴിൽ അയാളുടെ അടിവയർ ഒരു ഈൽമത്സ്യത്തിന്റേതുപോലെ വിളറിവെളുത്തു. അയാളുടെ നനഞ്ഞ മാംസത്തിനുള്ളിൽ മുട്ടോളം പൂണ്ടിറങ്ങിയിരുന്നു അവരുടെ കൈകൾ.
ജീർണ്ണത മരിച്ചയാളിന്റെ വായ വലിച്ചുകീറി. അയാൾ പുഞ്ചിരിക്കൊള്ളുകയാണെന്നു തോന്നി. സുഗന്ധം നിറഞ്ഞ ഒരു ഗ്രീഷ്മസന്ധ്യയിൽ ഉദിച്ചുയരുന്ന ഒരു ധന്യതാരത്തെ അയാൾ സ്വപ്നം കണ്ടു.

ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നോ? എനിക്കു നിന്നെ എന്തു സ്നേഹമായിരുന്നു. ഞാൻ നിന്നെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്നു പറയട്ടെയോ? പോപ്പിപ്പാടത്തു കൂടി ഒരു പോപ്പിജ്വാല പോലെ നീ നടന്നുപോകുമ്പോൾ ആ സായാഹ്നമൊന്നാകെ നീ നിന്നിലേക്കു വലിച്ചെടുത്തിരുന്നുവല്ലോ. കണംകാലിൽ പാറിച്ചുഴന്നുകിടന്ന നിന്റെ ഉടയാടയാവട്ടെ അസ്തമയസൂര്യന്റെ പ്രഭയിൽ ഒരഗ്നിത്തിരപോലെയുമായിരുന്നു. ആ വെളിച്ചത്തിൽ നീ തലകുമ്പിട്ടുനിന്നപ്പോൾ എന്റെ ചുംബനങ്ങളേറ്റ്‌ നിന്റെ മുടി ആളിക്കത്തി.

അങ്ങനെ നീ നടന്നകന്നു, എന്നെയും തിരിഞ്ഞുനോക്കി. നീ പോയിക്കഴിഞ്ഞിട്ടും നിന്റെ കൈയിലെ ദീപം അസ്തമയത്തിൽ തിളങ്ങുന്ന റോസാപുഷ്പം പോലെ ചാഞ്ചാടുകയായിരുന്നു.
നാളെ ഞാൻ നിന്നെ വീണ്ടും കാണാൻ വരും ഇവിടെ, ഈ പള്ളിയുടെ ജാലകത്തിന്റെ ചുവട്ടിൽ, മെഴുകുതിരിവെട്ടം ഒഴുകിയിറങ്ങി നിന്റെ മുടിയെ സുവർണ്ണവനമാക്കുന്ന ഇവിടെ, മൃദുചുംബനങ്ങൾ പോലെ മൃദുവായി നാർസിസസ്‌പൂവുകൾ നിന്റെ കണംകാലുകളിൽ പറ്റിപ്പിടിക്കുന്ന ഇവിടെ.

ഇനിയെല്ലാ രാത്രിയിലും സന്ധ്യനേരത്ത്‌ ഞാൻ നിന്നെക്കാണാനെത്തും. നമ്മൾ ഇനി പിരിയുകയേയില്ല. എനിക്കു നിന്നെ എന്തു സ്നേഹമാണെന്നോ? ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നു പറയട്ടെയോ?

ആ വെളുത്ത മേശമേൽ കിടന്നുകൊണ്ട്‌ മരിച്ചയാൾ പ്രഹർഷത്തോടെ ഒന്നു വിറപൂണ്ടു. ആ സമയത്ത്‌ ഡോക്ടറുടെ കൈയിലെ ഇരുമ്പുളി അയാളുടെ ചെന്നിയിലെ അസ്ഥികൾ വെട്ടിപ്പൊളിക്കുകയായിരുന്നു.
*




ജോർജ്ജ് ഹെയ്ം(1887-1912) - ജർമ്മൻ കവിയും നാടകകൃത്തും. ഒരു നോവൽ കൂടി എഴുതിയിട്ടുണ്ട്. അസ്വസ്ഥവും വിഷാദപൂർണ്ണവുമായിരുന്നു ജീവിതം. 1910ൽ താൻ മുങ്ങിമരിക്കുന്നുവെന്നു സ്വപ്നം കണ്ട ഹെയ്ം രണ്ടു കൊല്ലം കഴിഞ്ഞ്  ഹാവെല്‍ നദിയില്‍ സ്കേറ്റിങ്ങ് നടത്തുമ്പോൾ മഞ്ഞിന്റെ വിള്ളലിലൂടെ താഴേക്കു വീണു മരിച്ചു.
പോസ്റ്റ് മോർട്ടെം കഥ എന്നതിനെക്കാൾ ഒരു ഗദ്യകവിതയാണ്‌.Georg-Heym-30-October-1887-16-January-1912-celebrities-who-died-young-30077235-377-520


റിയുനോസുകെ അകുതഗാവ-ഒരു മുളംകാവിനുള്ളില്‍ വച്ച്‌




മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു മരംവെട്ടി ബോധിപ്പിച്ചത്‌

ഇതു സത്യമാണേ. ഞാൻ തന്നെയാണേ ജഡം കണ്ടത്‌. ഞാൻ താമസിക്കുന്നതിനു പിന്നാമ്പുറത്തുള്ള കുന്നിൽ ഇന്നു കാലത്തും ഞാൻ മരം വെട്ടാൻ പോയിരുന്നു. മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിലാണു ജഡം കിടന്നിരുന്നത്‌. കൃത്യമായ സ്ഥാനമോ? യമാഷിനായിലേക്കുള്ള വഴിയിൽ നിന്ന് കുറച്ചുള്ളിലായിരുന്നു. മുളകൾക്കിടയിൽ മുരടിച്ച കുറേ ദേവദാരുക്കളുമുള്ള ഒരൊഴിഞ്ഞ സ്ഥലമായിരുന്നു അത്‌.

ഇളംനീലനിറത്തിലുള്ള കിമോണോ ധരിച്ച ആ മനുഷ്യൻ മലർന്നുകിടക്കുകയായിരുന്നു; ക്യോട്ടോവിൽ കാണുന്നതരം ഒരു കറുത്ത തൊപ്പിയും അയാൾക്കുണ്ടായിരുന്നു. കത്തി കൊണ്ട്‌ ഒറ്റക്കുത്തേ കണ്ടുള്ളു; അതുപക്ഷേ ഒത്ത നെഞ്ചത്തുമായിരുന്നു; ജഡത്തിനു ചുറ്റും കിടന്ന മുളയിലയിലാകെ കറുത്തു കൊഴുത്ത ചോരയായിരുന്നു. ഇല്ലേ, ചോരവാർച്ച നിന്നിരുന്നേ. മുറിവുണങ്ങിയിരുന്നപോലെ തോന്നി; വലിയൊരു കന്നീച്ച ചോര കുടിച്ചുകൊണ്ടിരിക്കുന്നതു കണ്ടു; ഞാൻ നടന്നുചെല്ലുന്നത്‌ അതറിഞ്ഞിട്ടില്ല.

ഒരു വാളോ മറ്റോ കണ്ടോയെന്നോ? ഇല്ലേ, അങ്ങനെയൊരു വസ്തു കണ്ടതേയില്ലേ. ജഡത്തിനടുത്തുള്ള ഒരു ദേവദാരുവിനടുത്തായി ഒരു കയറു മാത്രം കിടക്കുന്നതു കണ്ടു. അതെയതെ, ഒരു ചീർപ്പും കണ്ടിരുന്നു. ആകെ ആ കയറും ചീർപ്പും മാത്രമേ ഞാൻ കണ്ടുള്ളു. പക്ഷേ നിലത്തെ പുല്ലും മുളയിലകളും ചവിട്ടിക്കുഴച്ച മട്ടിലായിരുന്നു: അവർ തന്നെ കൊല്ലുന്നതിനു മുമ്പ്‌ അയാൾ ശരിക്കും ചെറുത്തു നിന്നിട്ടുണ്ടാവണം. എന്തോ?- കുതിരയോ? ഇല്ലേ, അങ്ങോട്ടു കുതിരയ്ക്കൊന്നും ഇറങ്ങിച്ചെല്ലാൻ പറ്റില്ലേ. വഴിയിൽ നിന്നതുവരെ നല്ല മുളംകൂട്ടമാണേ.


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു ഭിക്ഷു ബോധിപ്പിച്ചത്‌

ഇന്നലെ വഴിയിൽ വച്ച്‌ അയാളെ കണ്ടുവെന്ന് എനിക്കു നല്ല തീർച്ചയാണ്‌.  ഒരുച്ചതിരിഞ്ഞു കാണണം. യമാഷിനായിലേക്കു പോകുന്ന വഴി ചുങ്കപ്പുര നിൽക്കുന്ന കുന്നിനടുത്തു വച്ചാണ്‌. കുതിരപ്പുറത്ത്‌ ഒരു സ്ത്രീയുമായി ചുങ്കപ്പുരയിലേക്കു പോവുകയായിരുന്നു അയാൾ. അവളുടെ തലയിൽ വട്ടത്തിൽ ഒരു വൈക്കോൽത്തൊപ്പി കണ്ടു; അതിന്റെ വിളുമ്പിൽ നിന്ന് നീണ്ടൊരു മൂടുപടം വീണുകിടപ്പുണ്ടായിരുന്നു. ഞാൻ അവളുടെ മുഖം കണ്ടില്ല; വേഷം മാത്രമേ കണ്ടുള്ളു. പച്ചയും നീലയും കരയുള്ള കടുംചുവപ്പൊരു വേഷമായിരുന്നു അതെന്നു തോന്നുന്നു. കുതിര ചാരനിറത്തിൽ, ഇടയ്ക്കു ചുവപ്പുമായി പുള്ളികുത്തിയ ഒരു ജാതിയായിരുന്നു; അതിന്റെ കുഞ്ചിരോമം കത്രിച്ചിരുന്നുവെന്നും എനിക്കു നല്ല തീർച്ചയുണ്ട്‌. വലിയ കുതിര ആയിരുന്നോയെന്നോ? സാധാരണയിലും കുറച്ചുകൂടി വലിപ്പമുള്ളതാണെന്നേ എനിക്കു പറയാൻ പറ്റൂ; ഭിക്ഷുവായ എനിക്ക്‌ കുതിരകളുടെ കാര്യം വലിയ പിടിയുണ്ടാവാൻ വഴിയില്ലല്ലോ. ആ മനുഷ്യനോ? അയാളുടെ കൈയിൽ സാമാന്യം വലിപ്പമുള്ള ഒരു വാളുണ്ടായിരുന്നു, പിന്നെ ഒരു വില്ലും അമ്പും. കറുത്ത അരക്കു തേച്ച ആവനാഴി ഞാൻ ഇപ്പോഴും കണ്മുന്നിൽ കാണുന്നു: ഇരുപതോ, അതിൽക്കൂടുതലോ അമ്പുകൾ അതിൽ ഉണ്ടായിരുന്നിരിക്കണം. ഇങ്ങനെയൊരു മനുഷ്യന്‌ ഇതു മാതിരിയൊന്നു സംഭവിക്കുമെന്ന് എനിക്കു സ്വപ്നം കാണാൻ പറ്റില്ല. ഹാ, എന്താണീ മനുഷ്യജീവിതം എന്നു പറയുന്നത്‌- ഒരു മഞ്ഞുതുള്ളി, ഒരു മിന്നൽപ്പിണർ? വളരെ കഷ്ടമായിപ്പോയി, വളരെ കഷ്ടമായിപ്പോയി, ഞാനെന്താ പറയേണ്ടത്‌?


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു പോലീസുകാരൻ ബോധിപ്പിച്ചത്‌

ഞാൻ പിടികൂടിയവനോ, അങ്ങുന്നേ? അവൻ ആ കുപ്രസിദ്ധനായ കൊള്ളക്കാരൻ തജോമാരു ആണെന്ന് എനിക്കു നല്ല തീർച്ചയാണ്‌.ശരിയാണ്‌, ഞാൻ ചെന്നു പിടികൂടുമ്പോൾ അവതാഗുച്ചിയിലെ കല്ലുപാലത്തിനടുത്ത്‌ കുതിരപ്പുറത്തു നിന്നു വീണുകിടന്ന് മോങ്ങുകയും ഞരങ്ങുകയും ചെയ്യുകയായിരുന്നു അവൻ. സമയമോ? ഇന്നലെ രാത്രി എട്ടു മണിയ്ക്കാണ്‌. മുമ്പൊരു തവണ എന്നെ വെട്ടിച്ചോടുമ്പോൾ ധരിച്ചിരുന്ന അതേ കടുംനീലക്കുപ്പായമാണ്‌ അവൻ ഇട്ടിരുന്നത്‌; കൈയിൽ അതേ നീണ്ട വാളുമുണ്ടായിരുന്നു. ഒപ്പം ഒരു വില്ലും അമ്പും കൂടിക്കണ്ടു. അയ്യോ, അങ്ങനെയാണോ? മരിച്ചയാൾക്കും? അപ്പോൾ ഒന്നും സംശയിക്കാനില്ല; ഈ തജോമാരു തന്നെയാണ്‌ കൊലയാളി. തോലു പൊതിഞ്ഞ വില്ല്, കറുത്ത അരക്കു തേച്ച ആവനാഴി, പുള്ളിൻതൂവൽ പിടിപ്പിച്ച പതിനേഴമ്പുകൾ- അതൊക്കെ ആ ചത്തയാളിന്റെയായിരിക്കണം. അതെയതെ, അങ്ങു പറയുന്ന പോലെ ചെമപ്പു കലർന്ന നരച്ച പുള്ളിയുള്ളതായിരുന്നു കുതിര, അതിന്റെ കുഞ്ചിരോമം കത്രിച്ചതുമായിരുന്നു. ബുദ്ധിയില്ലാത്തൊരു ജന്തുവാണെങ്കിലും ആ കൊള്ളക്കാരനെ കുടഞ്ഞു താഴെയിട്ട്‌ അവനു കിട്ടേണ്ടത്‌ അതു കൊടുത്തല്ലോ. പാലത്തിന്‌ അൽപ്പം അപ്പുറത്തായി കടിഞ്ഞാൺ നിലത്തിഴച്ചുകൊണ്ട്‌ പുല്ലു തിന്നുകയായിരുന്നു അത്‌.

ക്യോട്ടോവിനു ചുറ്റും പരുങ്ങിനടക്കുന്ന കള്ളന്മാരിൽ ഈ തജോമാരുവിനാണ്‌ പെണ്ണുങ്ങളിൽ ഒരു കണ്ണുള്ളതെന്നാണ്‌ സംസാരം. കഴിഞ്ഞ ശരൽക്കാലത്ത്‌ ബിൻസുരു പ്രതിമയ്ക്കു പിന്നിലുള്ള കുന്നിൻപുറത്ത്‌ രണ്ടു തീർത്ഥാടകരെ കൊല ചെയ്തിട്ടിരിക്കുന്നതായി തോരിബേ ക്ഷേത്രത്തിലെ ആളുകൾ കണ്ടു- ഒരു സ്ത്രീയും കുട്ടിയും. അതു ചെയ്തത്‌ തജോമാരു തന്നെയാണെന്നാണ്‌ ജനങ്ങൾ പറഞ്ഞത്‌. ആ മനുഷ്യനെ കൊന്നത്‌ ഇവനാണെന്നു തെളിഞ്ഞാൽപ്പിന്നെ കുതിരപ്പുറത്തുണ്ടായിരുന്ന സ്ത്രീയെ അവൻ എന്തു ചെയ്തുവെന്ന് പറയേണ്ട ആവശ്യമില്ല. ഞാൻ വേണ്ടാത്ത കാര്യത്തിൽ ഇടപെടുകയല്ലങ്ങുന്നേ; എന്നാലും അതിനെ സംബന്ധിച്ച്‌ അവനെ ഒന്നു ചോദ്യം ചെയ്യണമെന്നാണ്‌ എന്റെയൊരു തോന്നൽ.


മജിസ്ട്‌റേറ്റിനു മുമ്പിൽ ഒരു വൃദ്ധ ബോധിപ്പിച്ചത്‌

അതേയങ്ങുന്നേ, ആ മരിച്ചയാൾക്കാണ്‌ എന്റെ മകളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത്‌. അയാൾ പക്ഷേ ക്യോട്ടോക്കാരനായിരുന്നില്ല. വകാസാ പ്രവിശ്യയിലെ സമുരായി ആയിരുന്നു അയാൾ. കനസാവാ നോ തകേഹിരോ എന്നായിരുന്നു അയാളുടെ പേര്‌, വയസ്സ്‌ ഇരുപത്താറും. അല്ലങ്ങുന്നേ, ആൾ നല്ല സ്വഭാവമായിരുന്നു. ഇങ്ങനെയൊരു സംഗതി ചെയ്യാനും വേണ്ടിയുള്ള വിരോധം അയാളോട്‌ ആർക്കെങ്കിലും ഉണ്ടായിരുന്നതായി എനിക്കു വിശ്വാസം വരുന്നില്ല.

എന്റെ മകളോ, അങ്ങുന്നേ? മസാഗോ എന്നാണ്‌ അവളുടെ പേര്‌; പത്തൊമ്പതു വയസ്സാണ്‌ അവൾക്കു പ്രായം. ഏതാണിനെപ്പോലെയും ധൈര്യവതിയാണവൾ; എന്നുവച്ച്‌ തകേഹിരോ അല്ലാതെ മറ്റൊരാണിനെ അവൾക്കറിയുകയുമില്ല. അൽപ്പം കറുത്തിട്ടാണവൾ, ഇടതു കൺകോണിനടുത്തായി ഒരു അരിമ്പാറയുമുണ്ട്‌; പക്ഷേ അവളുടെ മുഖം നല്ലൊരു കുഞ്ഞുവട്ടമായിരുന്നു.

തകേഹിരോ ഇന്നലെ എന്റെ മകളെയും കൂട്ടി വകാസയ്ക്കു പോയതാണ്‌; ഇങ്ങനെയൊരു ദുർവ്വിധി വന്നത്‌ എന്തു കൊണ്ടാണാവോ? എന്റെ മകളുടെ ഭർത്താവിന്റെ കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല; എന്നാൽ എന്റെ മകളുടെ ഗതി എന്താണ്‌? അവളുടെ കാര്യത്തിലാണ്‌ എന്റെ ആധി മുഴുക്കെയും അവളെ കണ്ടുപിടിക്കാൻ ആവുന്നതൊക്കെയും ചെയ്യണേ, അങ്ങുന്നേ; ഒരു വഴിയും വിട്ടുകളയരുതേ. ഇത്രകാലം ജീവിച്ച ഞാൻ മറ്റൊന്നിനും വേണ്ടി ഇത്രയും ആഗ്രഹിച്ചിട്ടില്ലങ്ങുന്നേ. ആ, ആ തജോമാരു!- ഹൊ, അവനോടുള്ള എന്റെ വെറുപ്പ്‌ ഞാൻ എങ്ങനെ പറഞ്ഞറിയിക്കും! എന്റെ മകളുടെ ഭർത്താവിനെ മാത്രമല്ല, എന്റെ മകളെക്കൂടിയും...(ഇത്രയുമായപ്പോഴേക്കും വൃദ്ധയ്ക്കു നിയന്ത്രണം വിട്ടു, അവർക്കു പിന്നെ തുടരാനായില്ല.)



തജോമാരുവിന്റെ കുറ്റസമ്മതം

അയാളെ കൊന്നതു ഞാൻ തന്നെ. പക്ഷേ ആ പെണ്ണിനെ ഞാൻ കൊന്നിട്ടില്ല. അപ്പോൾപ്പിന്നെ അവൾ എവിടെപ്പോയി? നിങ്ങൾക്കുള്ളത്ര അറിവേ അക്കാര്യത്തിൽ എനിക്കുമുള്ളു. അല്ല, ഒന്നു നിൽക്കണേ- നിങ്ങൾക്കു തോന്നുമ്പോലെ എന്നെ എന്തു വേണമെങ്കിലും ചെയ്തോ, പക്ഷേ എനിക്കറിയാത്ത ഒന്നിനെക്കുറിച്ചു പറയാൻ എനിക്കു പറ്റില്ല. അതുമല്ല, നിങ്ങൾക്കെന്നെ പിടികിട്ടിയ സ്ഥിതിയ്ക്ക്‌ ഞാൻ യാതൊന്നും മറയ്ച്ചുവയ്ക്കാനും പോകുന്നില്ല. ഞാൻ ഭീരുവൊന്നുമല്ല.

ഞാൻ അവരെ ഇന്നലെയാണു കണ്ടത്‌, ഉച്ച തിരിഞ്ഞുകാണണം. ആ സമയത്തുതന്നെ ഒരു കാറ്റടിച്ച്‌ അവളുടെ മൂടുപടം മാറി; ഒരു നിമിഷത്തേക്ക്‌ അവളുടെ മുഖം ഞാനൊന്നു കാണുകയും ചെയ്തു. ഒരു നിമിഷത്തേക്കു മാത്രം: അതു കൊണ്ടായിരിക്കണം അവൾ അത്ര പരിപൂർണ്ണയായി എനിക്കു തോന്നിയത്‌- ബോധിസത്വനെപ്പോലെ ഒരു സ്ത്രീ. ആ മനുഷ്യനെ കൊല്ലേണ്ടിവന്നാലും അവളെ സ്വന്തമാക്കാൻ ആ നിമിഷം ഞാൻ നിശ്ചയിച്ചു.

ഹ, എന്തായിങ്ങനെ, നിങ്ങളെപ്പോലുള്ളവർ കരുതുന്ന പോലെ അത്ര വലിയ കാര്യമൊന്നുമല്ല ഒരു മനുഷ്യനെ കൊല്ലുകയെന്നത്‌. മറ്റൊരൊരാളുടെ പെണ്ണിനെ നിങ്ങളെടുക്കാൻ പോവുകയാണെങ്കിൽ അയാൾ ചാവുകതന്നെ വേണം. ഞാൻ ഒരാളെ കൊല്ലുമ്പോൾ വാളു കൊണ്ടാണ്‌ അതു ചെയ്യാറ്‌, പക്ഷേ നിങ്ങളെപ്പോലുള്ളവർ വാളുപയോഗിക്കാറില്ലല്ലോ. നിങ്ങൾ മാന്യന്മാർ നിങ്ങളുടെ അധികാരം ഉപയോഗിച്ചാണ്‌ ആളുകളെ കൊല്ലുക, നിങ്ങളുടെ പണം ഉപയോഗിച്ച്‌, ചിലനേരം വെറും വാക്കുകൾ കൊണ്ടും; നിങ്ങൾ ആളുകളോടു പറയും, നിങ്ങൾ ഒരു സൗജന്യം ചെയ്യുകയാണെന്ന്. ശരിയാണ്‌, ചോരയൊഴുകുന്നില്ല, ആൾക്കു ജീവൻ നഷ്ടപ്പെടുന്നില്ല, അതേസമയം നിങ്ങൾ അയാളെ കൊല്ലുകയും ചെയ്തുകഴിഞ്ഞു. ആരുടെ പാപമാണു വലുതെന്ന് എനിക്കു മനസ്സിലാകുന്നില്ല- നിങ്ങളുടേതോ എന്റേതൊ. (നിന്ദാഗർഭമായ ഒരു പുഞ്ചിരി.)

അതെയതെ, ആണിനെ തട്ടാതെ പെണ്ണിനെ കിട്ടിയാൽ അതുതന്നെയാണു കേമം. ഇന്നലെ എന്റെ പ്രതീക്ഷയും അതുതന്നെയായിരുന്നു. പക്ഷേ യമാഷിദാപാതയിൽ വച്ചു സംഗതി നടക്കില്ലല്ലോ; അതിനാൽ അവരെ കുന്നിലേക്കു കൊണ്ടുപോകാൻ ഞാനൊരു വഴി ആലോചിച്ചു.

അതു വളരെ എളുപ്പമായിരുന്നില്ലേ. ഞാൻ അവരുടെ മുന്നിൽ ചെന്നുനിന്ന് ഒരു കഥ ഉണ്ടാക്കിപ്പറഞ്ഞു. കുന്നുമ്പുറത്തു ഞാനൊരു പഴയ ശവമാടം കണ്ടുവെന്നും, തുറന്നപ്പോൾ അതു നിറയെ വാളുകളും കണ്ണാടികളും മറ്റുമായിരുന്നുവെന്നും ഞാൻ തട്ടിവിട്ടു. സംഗതി ആരും കണ്ടുപിടിക്കാതിരിക്കാനായി മലയുടെ മറുവശത്തുള്ള ഒരു മുളംകൂട്ടത്തിൽ ഞാനതു കുഴിച്ചിട്ടിരിക്കുകയാണെന്നും, നല്ലൊരാവശ്യക്കാരനെ കിട്ടിയാൽ വലിയ ലാഭമൊന്നുമെടുക്കാതെ വിറ്റാൽക്കൊള്ളാമെന്നുണ്ടെന്നും ഞാൻ സൂചിപ്പിച്ചു. അയാൾക്ക്‌ അതു കേട്ടപ്പോൾ വലിയ താത്പര്യമായി. ആർത്തി കൊണ്ട്‌ മനുഷ്യർ എന്തൊക്കെച്ചെയ്യുമെന്നു കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോവില്ലേ, എന്താ അങ്ങനെയല്ലേ? ഒരു മണിക്കൂർ കഴിഞ്ഞില്ല, ഞാൻ അവരെയും അവരുടെ കുതിരയെയും മല കേറ്റി.

കാട്ടിലെത്തിയപ്പോൾ ഞാൻ പറഞ്ഞു, അതിനുള്ളിലാണു സംഗതി കുഴിച്ചിട്ടിരിക്കുന്നതെന്നും, അവരും എന്റെ കൂടെ വന്ന് അതൊന്നു നോക്കണമെന്നും. അയാൾ ചാടിക്കയറി വരാൻ തയാറായി; പക്ഷേ താൻ കുതിരയുടെ അടുത്തു നിൽക്കാമെന്നായി പെണ്ണ്‌. എന്താണു നടക്കാൻ പോകുന്നതെന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി- നല്ല കൊടുംകാടാണ്‌. അവർ നേരേ എന്റെ കെണിയിൽ വന്നു ചാടി. ഞങ്ങൾ പെണ്ണിനെ ഒറ്റയ്ക്കു നിർത്തിയിട്ട്‌ കാട്ടിനുള്ളിലേക്കു പോയി.

ആദ്യം വെറും മുളകൾ മാത്രമായിരുന്നു. ഒരു നൂറടി ചെന്നു കഴിഞ്ഞപ്പോൾ കുറേ ദേവദാരുക്കൾ വളർന്നുനിൽക്കുന്ന ഒരു വെളിസ്ഥലം കണ്ടു- എന്റെ മനസ്സിലുള്ളതു നടപ്പാക്കാൻ പറ്റിയ സ്ഥലം. ഞാൻ പൊന്തക്കാടിനുള്ളിലൂടെ നുഴഞ്ഞുകേറിയിട്ട്‌ അവിടെയൊരു മരത്തിനടിയിലാണു മറ്റേതു കുഴിച്ചിട്ടിരിക്കുന്നതെന്നു തട്ടിവിട്ടു. അതു കേട്ടതും, അയാൾ നേരേ മുന്നിൽക്കണ്ട ദേവദാരുക്കളുടെ നേർക്കു കുതിച്ചുചെന്നു. അവിടെ മുള കുറവായിരുന്നു, മരങ്ങൾ നിരന്നു നിൽക്കുകയാണ്‌. അവിടെയെത്തിയതും, ഞാൻ അയാളെ കടന്നുപിടിച്ച്‌ തറയിൽ കമഴ്ത്തിയിട്ടു. ആൾ നല്ല ബലവാനാണെന്ന് എനിക്കു മനസ്സിലായി- കൈയിൽ വാളുമുണ്ട്‌- പക്ഷേ എന്റെ പിടുത്തം ഓർക്കാപ്പുറത്തായതിനാൽ അയാൾക്കനങ്ങാൻ പറ്റിയില്ല. ഞാൻ പെട്ടെന്നുതന്നെ അയാളെ ഒരു മരത്തോടു ചേർത്തു കെട്ടിയിട്ടു. കയറെവിടുന്നു കിട്ടിയെന്നോ? അതുശരി, ഞാൻ കള്ളനല്ലേ- ഏതുസമയവും എനിക്കൊരു ചുമരു കയറേണ്ട ആവശ്യം വരും- അതുകാരണം എന്റെ അരയിൽ എപ്പോഴും ഒരു കയറു കാണും. ഒച്ച വയ്ക്കാതിരിക്കാനായി ഞാൻ അയാളുടെ വായിൽ മുളയില കുത്തിക്കേറ്റി. അതോടെ അതു കഴിഞ്ഞു.

അയാളുടെ കാര്യം ഭംഗിയാക്കിയിട്ട്‌ ഞാൻ പെണ്ണിനോടു ചെന്നു പറഞ്ഞു, അവളുടെ ഭർത്താവിന്‌ പെട്ടെന്നു സുഖമില്ലാതെ വന്നുവെന്നും ഒന്നുപോയി നോക്കണമെന്നും. അതും മറ്റൊരുന്നമായിരുന്നു. അവൾ തൊപ്പിയെടുത്തു മാറ്റിയിട്ട്‌ എന്റെ കൈയിൽ പിടിച്ച്‌ കാട്ടിനുള്ളിലേക്കു വന്നു. അയാളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതു കണ്ടതും, നെഞ്ചത്തു നിന്ന് അവൾ പെട്ടെന്നൊരു കഠാര വലിച്ചെടുത്തു. ഇങ്ങനെയെരിയുന്നൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലേ! കരുതി നിന്നില്ലായിരുന്നെങ്കിൽ അവൾ അത്‌ എന്റെ കുടലിൽ കുത്തിക്കേറ്റിയേനെ. അവൾ നേർത്തുവരുന്നതു കണ്ടിട്ട്‌ ഞാൻ എങ്ങനെയൊക്കെ ഒഴിഞ്ഞുമാറാൻ നോക്കിയാലും അവൾ എന്നെ മുറിപ്പെടുത്തുമെന്ന് എനിക്കു തോന്നിപ്പോയി. എന്നാൽ, തജോമാരുവല്ലേ ഞാൻ. സ്വന്തം വാളൂരാതെതന്നെ എങ്ങനെയൊക്കെയോ ഞാൻ അവളുടെ കൈയിൽ നിന്ന് കഠാര തട്ടിത്തെറിപ്പിച്ചു. കൈയിൽ ഒരായുധമില്ലെങ്കിൽ ഏതൂറ്റക്കാരിപ്പെണ്ണും നിസ്സഹായയായിപ്പോകും. അങ്ങനെ അവളുടെ ഭർത്താവിന്റെ ജീവൻ കളയാതെതന്നെ ഞാൻ അവളെ സ്വന്തമാക്കുകയും ചെയ്തു.

അതെ, നിങ്ങൾ കേട്ടതു ശരിതന്നെ: അവളുടെ ഭർത്താവിന്റെ ജീവനെടുക്കാതെ. പിന്നെ, എന്റെ പ്രധാന ഉദ്ദേശ്യം അയാളെ കൊല്ലുകയുമായിരുന്നില്ല. പെണ്ണു നിലത്തു വീണുകിടക്കുകയായിരുന്നു; ഞാൻ അവളെ അവിടെ വിട്ടിട്ട്‌ ഓടിപ്പോകാൻ നോക്കുമ്പോഴാണ്‌ ഭ്രാന്തിയെപ്പോലെ അവൾ എന്റെ കൈയ്ക്കു കടന്നുപിടിക്കുന്നത്‌. തേങ്ങലുകൾക്കിടയിൽ അവൾ ഒച്ചവയ്ക്കുന്നതെന്താണെന്നും പിന്നെ ഞാൻ കേട്ടു. ശ്വാസം വിടാതെ അവൾ പറയുകയാണ്‌: 'ഒന്നുകിൽ നിങ്ങൾ മരിക്കണം, അല്ലെങ്കിൽ എന്റെ ഭർത്താവ്‌. നിങ്ങളിൽ ഒരാൾ മരിക്കണം. രണ്ടു പുരുഷന്മാർ എന്റെ ഉടുതുണിയഴിച്ചത്‌ എനിക്കു മരണത്തെക്കാൾ നിന്ദ്യമാണ്‌. ജീവനോടെ ശേഷിക്കുന്നയാളോടൊപ്പം എനിക്കു ജീവിക്കണം, അതു നിങ്ങളായാലും അയാളായാലും.' അതു കേട്ടപ്പോൾ അവളുടെ ഭർത്താവിനെ കൊല്ലാൻ അടങ്ങാത്തൊരാർത്തിയാണ്‌ എനിക്കുണ്ടായത്‌.

ഞാനിതു പറയുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, നിങ്ങളെക്കാളൊക്കെ ക്രൂരനാണു ഞാനെന്ന്. അവളുടെ മുഖം കാണാത്തതു കൊണ്ടാണ്‌ നിങ്ങൾക്കങ്ങനെ തോന്നുന്നത്‌ - ആ സമയത്ത്‌ അവളുടെ കണ്ണുകളിലെ തീ നിങ്ങൾ കണ്ടില്ലല്ലോ. ആ കണ്ണുകൾ എന്റെ കണ്ണുകളെ സന്ധിച്ചപ്പോൾ അവളെ എന്റെ ഭാര്യയാക്കണമെന്ന് എനിക്കാഗ്രഹമുള്ളതായി എനിക്കു ബോധ്യപ്പെട്ടു. ഇടിമിന്നലിന്റെ ദേവൻ എന്നെ കൊന്നുകളയട്ടെ, എന്നാലും അവളെ ഞാൻ ഭാര്യയാക്കും- എന്റെ തലയിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു. അല്ല, അതു വെറും കാമാവേശം കൊണ്ടുമാത്രമായിരുന്നില്ല. നിങ്ങളെപ്പോലുള്ള മാന്യന്മാർ അങ്ങനെയാവും ചിന്തിക്കുക എന്നെനിക്കറിയാം. എനിക്കവളോടു കാമം മാത്രമാണു തോന്നിയതെങ്കിൽ, ഞാനതു തൃപ്തിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞിരുന്നല്ലോ. അവളെ തൊഴിച്ചു താഴെയിട്ടിട്ട്‌ എനിക്കവിടെനിന്ന് ഊരിപ്പോരാവുന്നതേയുണ്ടായിരുന്നുള്ളു. ആ മനുഷ്യന്റെ ചോര എന്റെ വാളിൽ കറ പറ്റിയ്ക്കുകയും ചെയ്യുമായിരുന്നില്ല. പക്ഷേ, ഇരുളടഞ്ഞ ആ കാട്ടിൽ വച്ച്‌ അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി പിണഞ്ഞ നിമിഷം എനിക്കു മനസ്സിലായി, അയാളെ കൊല്ലാതെ എനിക്കവിടെനിന്നു പോരാൻ പറ്റില്ലെന്ന്.

എന്നാൽക്കൂടി ഒരു ഭീരുവിന്റെ മാതിരി അയാളെ കൊന്നുകളയാൻ എനിക്കു മനസ്സു വന്നില്ല. ഞാൻ അയാളുടെ കെട്ടഴിച്ചു വിട്ടിട്ട്‌ ഒരു വാൾപ്പയറ്റിന്‌ അയാളെ വെല്ലുവിളിച്ചു. (ഞാൻ അപ്പോൾ വലിച്ചെറിഞ്ഞ കയറാണ്‌ അവർ കണ്ടെടുത്തത്‌.) വലിയ വാൾ വലിച്ചൂരുമ്പോൾ അയാൾ രോഷം കൊണ്ടു തിളങ്ങുകയായിരുന്നു; ഒറ്റയക്ഷരം മിണ്ടാതെ വാളുമായി അയാൾ എന്റെ നേർക്കു ചാടി. ആ പയറ്റിന്റെ ഒടുക്കം എന്തായിരുന്നുവെന്ന് ഞാൻ നിങ്ങളോടു പറയേണ്ടതില്ലല്ലോ. ഇരുപത്തിമൂന്നാമത്തെ കുത്തിന്‌ എന്റെ വാൾ അയാളുടെ നെഞ്ചു പിളർന്നു. അതെ, ഇരുപത്തിമൂന്നാമത്തെ കുത്തിന്‌: അതു നിങ്ങൾ മനസ്സിൽ വയ്ക്കണം. അതിന്റെ പേരിൽ എനിക്കയാളെ ബഹുമാനമാണ്‌. എന്റെ മുന്നിൽ ഇരുപതിനപ്പുറത്ത് പോയ ഒരേയൊരാൾ അയാളാണ്‌. (രസം പിടിച്ചുള്ള ഇളി.)

അയാൾ താഴെ വീണപ്പോൾ ഞാൻ വാളു താഴ്ത്തി ആ പെണ്ണിനെ നോക്കി. പക്ഷേ അവളെ കാണാനുണ്ടായിരുന്നില്ല! ദേവദാരുക്കൾക്കിടയിൽ ഞാൻ അവളെ തിരഞ്ഞു, പക്ഷേ വീണുകിടന്ന മുളയിലകളിൽ അവൾ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷണം പോലും കണ്ടില്ല. ഞാൻ കാതു കൂർപ്പിച്ചു, കേട്ടത്‌ ആ മനുഷ്യന്റെ പ്രാണൻ കുറുകുന്നതു മാത്രമാണ്‌.

വാൾപ്പയറ്റു തുടങ്ങിയപ്പോൾത്തന്നെ സഹായത്തിനാളെ വിളിയ്ക്കാനായി പൊന്തക്കാടിനുള്ളിലൂടെ അവൾ ഓടിപ്പോയതായിരിക്കണം. അതോർത്തപ്പോൾ എനിക്ക്‌ എന്റെ ജീവനെപ്രതി ഭയമായി. ഞാൻ ആ മനുഷ്യന്റെ വാളും അമ്പും വില്ലും വാരിയെടുത്ത്‌ നേരേ മലമ്പാതയ്ക്കു വച്ചുപിടിച്ചു. അവൾ വന്ന കുതിര പുല്ലു മേഞ്ഞു കൊണ്ട്‌ അവിടെ നിൽപ്പുണ്ടായിരുന്നു. അതിനു ശേഷം നടന്നതൊക്കെ പറയാൻ പോയാൽ അതു വെറുതെ നാവിട്ടടിക്കലാവും. എന്തായാലും ക്യോട്ടോവിലേക്കു പോരും മുമ്പ്‌ ഞാൻ അയാളുടെ വാൾ ഉപേക്ഷിച്ചുകളഞ്ഞു.

അപ്പോൾ, ഇതാണെന്റെ കുറ്റസമ്മതം. എന്നെങ്കിലും ഒരുദിവസം ജയിലിന്റെ മുറ്റത്തുള്ള മരത്തിൽ എന്റെ തല തൂങ്ങിക്കിടക്കുമെന്ന് പണ്ടേ എനിക്കറിയാം; അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ എനിക്കു തന്നാട്ടെ. (മുഖത്തു ധിക്കാരഭാവം.)



കിയോമുസു ക്ഷേത്രത്തിൽ വച്ച്‌ ഒരു സ്ത്രീ നടത്തിയ കുമ്പസാരം

കടുംനീലക്കുപ്പായം ധരിച്ച ആ മനുഷ്യൻ എന്നെക്കൊണ്ട്‌ അയാളുടെ ഇംഗിതം സാധിച്ച ശേഷം കെട്ടിയിട്ട എന്റെ ഭർത്താവിനെ നോക്കി കളിയാക്കിച്ചിരിച്ചു. എന്റെ ഭർത്താവിന്‌ എന്തുമാത്രം മാനക്കേടു തോന്നിയിട്ടുണ്ടാവും! അദ്ദേഹം അവിടെക്കിടന്നു ഞെളിയുകയും പുളയുകയും ചെയ്തു; പക്ഷേ കെട്ടുകൾ കൂടുതൽ വരിഞ്ഞിറങ്ങിയെന്നല്ലാതെ ഗുണമുണ്ടായില്ല. ഞാൻ അങ്ങോട്ടോടിച്ചെന്നു. അല്ലല്ല, ഞാൻ അങ്ങോട്ടോടിച്ചെല്ലാൻ നോക്കി; പക്ഷേ ആ മനുഷ്യൻ എന്നെ തൊഴിച്ചു താഴെയിട്ടുകളഞ്ഞു. അപ്പോഴാണ്‌ അതു സംഭവിക്കുന്നത്‌: എന്റെ ഭർത്താവിന്റെ കണ്ണുകളിലെ വിവരിക്കാനാവാത്ത ഒരു തിളക്കം അപ്പോഴാണ്‌ എന്റെ കണ്ണിൽപ്പെടുന്നത്‌. ശരിക്കും അതു വിവരിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ ഞാൻ കിടുങ്ങിപ്പോകുന്നു. എന്റെ ഭർത്താവിന്‌ ഒരക്ഷരം മിണ്ടാൻ കഴിയില്ലായിരുന്നു; പക്ഷേ ആ കണ്ണുകൾ അദ്ദേഹത്തിന്റെ ഹൃദയം മുഴുവനായി എനിക്കു തുറന്നിടുകയായിരുന്നു. അതിൽ തിളങ്ങുന്നതായി ഞാൻ കണ്ടത്‌ കോപമായിരുന്നില്ല, ദുഃഖവുമായിരുന്നില്ല. അവജ്ഞയുടെ തണുത്ത മിന്നലായിരുന്നു- എന്നോടുള്ള അവജ്ഞ. ആ കൊള്ളക്കാരന്റെ തൊഴിയെക്കാൾ എന്നെ വേദനയേൽപ്പിച്ചത്‌ അതായിരുന്നു. ഒരു നിലവിളിയോടെ ഞാൻ അവിടെ പ്രജ്ഞയറ്റു വീണു.

എനിക്കു ബോധം വീണപ്പോൾ നീലക്കുപ്പായമിട്ട മനുഷ്യനെ കാണാനില്ലായിരുന്നു. കാട്ടിൽ അപ്പോൾ മരത്തോടു കെട്ടിയിട്ട നിലയിൽ എന്റെ ഭർത്താവു മാത്രമേയുള്ളു. മുളയിലകൾ അട്ടിയിട്ടു വീണുകിടക്കുന്നതിനു മേൽ നിന്ന് കഷ്ടിച്ചെഴുന്നേറ്റു നിൽക്കാനേ എനിക്കായുള്ളു; ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ആ കണ്ണുകൾ പഴയപടി തന്നെയുണ്ടായിരുന്നു: അവജ്ഞയും വെറുപ്പും നിറഞ്ഞ അതേ തണുത്ത നോട്ടത്തോടെ. ആ സമയത്ത്‌ എന്റെയുള്ളിൽ നിറഞ്ഞ വികാരത്തെ ഞാനെങ്ങനെ വിവരിക്കാൻ?

മാനക്കേട്‌…ദുഃഖം...കോപം...കാലുറയ്ക്കാതെ ഞാൻ അദ്ദേഹത്തിനടുത്തേക്കു നടന്നുചെന്നു.

'ഹൊ, എന്റെ ഭർത്താവേ! ഇങ്ങനെയൊക്കെ നടന്ന ശേഷം എനിക്കങ്ങയോടൊപ്പം ജീവിക്കാൻ പറ്റില്ല. ഞാൻ ഈ നിമിഷം ഇവിടെ വച്ചു മരിക്കാൻ തയാറാണ്‌. പക്ഷേ അങ്ങും- അതെ, അങ്ങും എന്റെകൂടെ മരിക്കണം. എന്റെ മാനഹാനിയ്ക്ക്‌ അങ്ങു സാക്ഷിയായതല്ലേ. അതങ്ങയുടെ മനസ്സിലിരിക്കെ എനിക്കു ലോകം വിട്ടുപോകാൻ പറ്റില്ല.'

പറയാനുള്ളതൊക്കെ പറയാൻ ശ്രമിക്കുകയായിരുന്നു ഞാൻ; പക്ഷേ എന്റെ ഭർത്താവാകട്ടെ, പഴയപടി എന്നെ അവജ്ഞയോടെ തുറിച്ചുനോക്കി ഇരിക്കുകയായിരുന്നു. എന്റെ നെഞ്ച്‌ ഏതു നിമിഷവും പൊട്ടിപ്പിളരുമെന്ന് എനിക്കു പേടിയായി. ഒടുവിൽ മനസ്സടക്കിപ്പിടിച്ച്‌ ആ മുളംകൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ വാളു തിരഞ്ഞു. ആ കൊള്ളക്കാരൻ അതു കൊണ്ടുപോയിരിക്കണം- അതവിടെയെങ്ങും കാണാനില്ലായിരുന്നു- എന്റെ ഭർത്താവിന്റെ അമ്പും വില്ലും കണ്ടില്ല. ഒടുവിൽ ഭാഗ്യത്തിന്‌ എന്റെ കാൽച്ചുവട്ടിലായി ഞാൻ ആ കഠാര കണ്ടു. എന്റെ ഭർത്താവിനു മുന്നിൽ അതെടുത്തു വീശിക്കൊണ്ട്‌ ഞാൻ വീണ്ടും പറഞ്ഞു:

'ഇതാ, ഇതോടെ എല്ലാം കഴിയണം. അങ്ങയുടെ ജീവനെടുക്കാൻ എന്നെ അനുവദിക്കണേ. തൊട്ടുപിന്നാലെ ഞാനും മരണത്തിൽ അങ്ങയെ അനുഗമിച്ചോളാം.'

ഇതു കേട്ടപ്പോൾ അവസാനം എന്റെ ഭർത്താവിന്റെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി. അതെ, മുളയില കുത്തിക്കേറ്റിയിരുന്നതു കാരണം ഒച്ച പുറത്തുവന്നിരുന്നില്ല, എന്നാലും അദ്ദേഹം പറയുന്നതെന്താണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. എന്നോടുള്ള കൊടിയ അവജ്ഞയോടെ അദ്ദേഹം പറഞ്ഞതിത്രയും: 'കൊല്ല്.' സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ എവിടെയോ ഒഴുകിനടന്ന ഞാൻ അദ്ദേഹത്തിന്റെ ഇളംനീലക്കുപ്പായത്തിന്റെ നെഞ്ചിലൂടെ കഠാര കുത്തിക്കയറ്റി.

പിന്നെ എനിക്കു വീണ്ടും ബോധം പോയി. കാഴ്ച തിരിച്ചുകിട്ടിയപ്പോൾ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരുന്ന എന്റെ ഭർത്താവിന്റെ ശ്വാസം നിലച്ചിരുന്നു. ചാമ്പൽനിറമായ ആ മുഖത്ത്‌ മുളംകൂട്ടത്തിലൂടെ അരിച്ചിറങ്ങുന്ന ഒരു പോക്കുവെയിൽനാളം തങ്ങിനിന്നിരുന്നു. കണ്ണിരും കുടിച്ചിറക്കിക്കൊണ്ട്‌ ഞാൻ അദ്ദേഹത്തിന്റെ കെട്ടഴിച്ച്‌ ആ കയറു വലിച്ചെറിഞ്ഞു. എന്നിട്ടു പിന്നെ- എന്നിട്ടു പിന്നെ എന്റെ കാര്യമെന്തായി? അതു പറയാനുള്ള ശേഷി എനിക്കിനിയില്ല. സ്വയം കൊല്ലാൻ എനിക്കു കഴിഞ്ഞില്ല എന്നു ഞാൻ പറയേണ്ടതില്ലല്ലോ. തൊണ്ടയ്ക്കു കുത്താൻ ശ്രമിച്ചു . അടിവാരത്തെ കുളത്തിൽ മുങ്ങിച്ചാവാൻ നോക്കി. പക്ഷേ ഫലിച്ചില്ല. ഞാൻ ഇന്നും ഇവിടെത്തന്നെയുണ്ട്‌, മരിക്കാനുള്ള എന്റെ കഴിവുകേടിൽ എനിക്കഭിമാനവുമില്ല.(ഹതാശമായ ഒരു പുഞ്ചിരി.) കരുണയുടെ ബോധിസത്വനായ കനോൺ പോലും എന്റെ ദൗർബല്യം കണ്ട്‌ മുഖം തിരിച്ചതാവും. പക്ഷേ ഞാൻ- സ്വന്തം ഭർത്താവിനെ കൊന്ന ഞാൻ, ഒരു കൊള്ളക്കാരൻ മാനം കവർന്ന ഞാൻ- ഞാനെന്തു ചെയ്യണം? പറയൂ, ഞാനെന്തു ചെയ്യണം...(പെട്ടെന്ന് പൊട്ടിക്കരയുന്നു.)



മരണപ്പെട്ടയാളിന്റെ ആത്മാവ്‌ ഒരു പ്രേതാവിഷ്ടനിലൂടെ ബോധിപ്പിച്ചത്‌

ആ കൊള്ളക്കാരൻ എന്റെ ഭാര്യയെക്കൊണ്ട്‌ തന്റെ ഇംഗിതം സാധിച്ച ശേഷം അവൻ നിലത്തിരുന്ന് അവളെ സമാധാനിപ്പിക്കാൻ നോക്കി. എനിക്കൊന്നും മിണ്ടാൻ പറ്റിയിരുന്നില്ല, എന്നെ അപ്പോഴും മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നല്ലോ. എന്നാലും കണ്ണുകാട്ടി ഞാൻ അവളെ മനസ്സിലാക്കിക്കാൻ ശ്രമിക്കുകയായിരുന്നു: അവൻ പറയുന്നതൊന്നും വിശ്വസിച്ചുകളയല്ലേ. അവൻ പറയുന്നതൊക്കെ പൊളിയാണ്‌. എന്റെ മനസ്സിലുള്ളത് അവളിലേക്കെത്തിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെങ്കിലും അവൾ തന്റെ കാൽമുട്ടുകളിൽ തുറിച്ചുനോക്കിക്കൊണ്ട്‌ വീണുകിടക്കുന്ന മുളയിലകളിൽ കൂനിപ്പിടിച്ചിരുന്നതേയുള്ളു. അതുമല്ല, അവൻ പറയുന്നത്‌ അവൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുന്നുണ്ട്‌. അസൂയ കൊണ്ട്‌ ഞാൻ ഞെളിപിരി കൊണ്ടു. പക്ഷേ ആ കള്ളൻ തന്റെ പഞ്ചാരവാക്കുകൾ കൊണ്ട്‌ ഓരോരോ ന്യായങ്ങൾ പറയുകയാണ്‌. 'ഇനിയിപ്പോൾ നിന്റെ ദേഹത്തു ചെളി പറ്റിയ സ്ഥിതിയ്ക്ക്‌  ഭർത്താവുമായുള്ള ബന്ധം പഴയപടിയാവാൻ പോകുന്നില്ല. അയാളുടെ കൂടെ എന്തിനു പോകണം- വാ, എന്റെ ഭാര്യയായിക്കോ! എനിക്കു നിന്നോട്‌ അത്ര സ്നേഹം തോന്നിയതു കൊണ്ടാണ്‌ ഞാൻ ഇത്ര പരുക്കനായിട്ടു പെരുമാറിയത്‌.' അവളോട്‌ അങ്ങനെ പറയാനുള്ള ചങ്കൂറ്റം ആ കള്ളനുണ്ടായി!

അതു കേട്ട്‌ എന്റെ ഭാര്യ മുഖമുയർത്തി നോക്കിയപ്പോൾ അവൾ ആകെ മയങ്ങിപ്പോയ പോലെ തോന്നി. അന്നേരത്തെപ്പോലെ സുന്ദരിയായി ഞാനവളെ കണ്ടിട്ടേയില്ല. എന്നിട്ട്‌ എന്റെയാ സുന്ദരിയായ ഭാര്യ ആ കൊള്ളക്കാരനോട്‌ എന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതെന്താണെന്നോ- കൈയും കാലും കൂട്ടിക്കെട്ടിയ തന്റെ ഭർത്താവിന്റെ മുന്നിൽ വച്ച്‌? ഒരു ജീവിതത്തിനും മറ്റൊന്നിനുമിടയിൽ അലഞ്ഞുനടക്കുകയാവാം എന്റെ ആത്മാവ്‌; എന്നാലും അവളുടെ ആ മറുപടി ഓർക്കുമ്പോഴൊക്കെയും വെറുപ്പും കോപവും കൊണ്ട്‌ എരിഞ്ഞുപോകുന്നു ഞാൻ. ' ശരി,' അവൾ പറയുകയാണ്‌, 'എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപൊയ്ക്കോ.' ( ദീർഘമായ ഒരു മൂകത.)

അതു മാത്രമായിരുന്നില്ല അവൾ എന്നോടു ചെയ്ത പാതകം. അത്രയേ അവൾ ചെയ്തുള്ളുവെങ്കിൽ ഞാൻ ഈ ഇരുട്ടിൽക്കിടന്ന് ഇതുമാതിരി ദുരിതമനുഭവിക്കുമായിരുന്നില്ല. അവന്റെ കൈയിൽ പിടിച്ച്‌ ആ മുളംകൂട്ടത്തിൽ നിന്ന് ഒരു സ്വപ്നത്തിലെന്നപോലെ അവൾ കാലെടുത്തുവയ്ക്കുമ്പോൾ പെട്ടെന്ന് അവളുടെ മുഖം വിവർണ്ണമായി, അവൾ തിരിഞ്ഞുനിന്ന് എന്നെച്ചൂണ്ടി. 'കൊല്ലയാളെ!' അവൾ ആക്രോശിച്ചു. 'അയാളെ കൊല്ലാൻ! അയാൾ ജീവനോടിരിക്കുമ്പോൾ എനിക്കു നിങ്ങളോടൊപ്പം വരാൻ സാധ്യമല്ല!' മനസ്സിന്റെ സമനില തെറ്റിയ പോലെ അവൾ അതുതന്നെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 'കൊല്ലയാളെ!' ഇന്നും ആ വാക്കുകൾ ഒരു കൊടുംകാറ്റു പോലെ എന്നെ തൂക്കിയെടുത്ത്‌ പാതാളത്തിലേക്കെറിയുന്നപോലെ തോന്നിപ്പോവുന്നു. ഇത്രയും വിദ്വേഷം നിറഞ്ഞ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ വായിൽ നിന്നു വന്നിട്ടുണ്ടാവുമോ? ഇത്രയും ശപ്തമായ വാക്കുകൾ ഇതിനു മുമ്പ്‌ ഏതെങ്കിലുമൊരു മനുഷ്യജീവിയുടെ കാതുകളിൽ പതിച്ചിട്ടുണ്ടാവുമോ? ഇത്രയും- (നിന്ദാഗർഭമായ ഒരു പൊട്ടിച്ചിരി.) അവൾ പറയുന്നതു കേട്ടപ്പോൾ ആ കൊള്ളക്കാരൻ പോലും വിളറിപ്പോയി. അവന്റെ കൈയിൽ അള്ളിപ്പിടിച്ചുകൊണ്ട്‌ അവൾ വീണ്ടും അലറി, 'അയാളെ കൊല്ലാൻ!' കൊള്ളക്കാരൻ അവളെ തുറിച്ചുനോക്കി; എന്നെ കൊല്ലുമെന്നോ കൊല്ലില്ലെന്നോ അവൻ പറഞ്ഞില്ല. പിന്നെ ഞാൻ കാണുന്നത്‌, ഒറ്റച്ചവിട്ടു കൊടുത്ത്‌ അവൻ അവളെ താഴെയിടുന്നതാണ്‌. (നിന്ദാഗർഭമായ പൊട്ടിച്ചിരി വീണ്ടും.)

കൊള്ളക്കാരൻ തൊഴുതുകൊണ്ട്‌ എന്നെ നോക്കി.

"ഇവളെ ഞാൻ എന്തു ചെയ്യണം?,' അവൻ എന്നോടു ചോദിച്ചു. 'കൊല്ലണോ അതോ വിട്ടയക്കണോ? തലയൊന്നനക്കിയാൽ മതി. കൊല്ലട്ടെ?' മറ്റൊന്നുമില്ലെങ്കിൽ ഇതൊന്നുകൊണ്ടു തന്നെ ആ കൊള്ളക്കാരന്റെ പാതകങ്ങൾക്കു മാപ്പു കൊടുക്കാൻ ഞാൻ തയാറാണ്‌. (ദീർഘമായ മൗനം വീണ്ടും.)

ഞാൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ എന്റെ ഭാര്യ ഒരു നിലവിളിയോടെ മുളംകൂട്ടത്തിനിടയിലേക്കു കുതിച്ചു. അവൻ അവളുടെ പിന്നാലെ പാഞ്ഞു; അവനവളെ എവിടെക്കിട്ടാൻ? എന്തോ കിനാവു കാണുന്ന പോലെ ഞാൻ ആ കാഴ്ചയും കണ്ടുകൊണ്ടിരുന്നു.

എന്റെ ഭാര്യ ഓടിപ്പോയതിപ്പിന്നെ കൊള്ളക്കാരൻ വന്ന് എന്റെ വാളും വില്ലും അമ്പുമെടുത്തു; എന്നിട്ട്‌ എന്നെ കെട്ടിയിരുന്ന കയർ ഒരു ഭാഗത്തു മുറിച്ചു. 'ഇനി എനിക്കോടാനുള്ള ഊഴമായി,' ആ പൊന്തക്കാടിൽ നിന്നു മറയുമ്പോൾ അവൻ പിറുപിറുക്കുന്നത്‌ എന്റെ ഓർമ്മയിലുണ്ട്‌. പിന്നെ അവിടമാകെ നിശ്ശബ്ദമായി. അല്ല- ആരോ തേങ്ങിക്കരയുന്നത്‌ എനിക്കു കേൾക്കാം. കെട്ടഴിക്കുമ്പോൾ ഞാൻ അതിനു കാതു കൊടുക്കുകയായിരുന്നു; ഒടുവിൽ എനിക്കു മനസ്സിലായി- കരയുന്നതു ഞാൻ തന്നെയാണെന്ന് എനിക്കു മനസ്സിലായി. ( വീണ്ടും ദീർഘമായ മൗനം.)

ഒടുവിൽ മരത്തിന്റെ ചുവട്ടിൽ നിന്ന് ക്ഷീണിച്ചവശനായി ഞാൻ എഴുന്നേറ്റു നിന്നു. എന്റെ ഭാര്യ വലിച്ചെറിഞ്ഞ കഠാര അതാ, എന്റെ കാൽച്ചുവട്ടിൽ കിടക്കുന്നു. ഞാൻ അതെടുത്ത്‌ എന്റെ നെഞ്ചിലേക്കു കുത്തിയിറക്കി. ചോരക്കട്ട പോലെന്തോ എന്റെ വായിലേക്കിരച്ചുകയറി; പക്ഷേ എനിക്കൊരു വേദനയും തോന്നിയില്ല. എന്റെ നെഞ്ചത്തു തണുപ്പു കേറി, പിന്നെ സകലതും അനക്കമറ്റു. എന്തൊരു നിശ്ശബ്ദത! മലയുടെ മറഞ്ഞ ഭാഗത്തെ ആ മുളംകൂട്ടത്തിനു മുകളിലെ ആകാശത്ത്‌ ഒരു കിളിയും പാടാനെത്തിയില്ല. മുളംകൂട്ടത്തിലും ദേവദാരുക്കളുടെ ഉയർന്ന ചില്ലകളിലും സൂര്യന്റെ ഏകാന്തദീപ്തി തങ്ങിനിന്നിരുന്നു. സൂര്യൻ- പിന്നെ അതും സാവധാനം മങ്ങുകയായി, കൂടെ ദേവദാരുക്കളും മുളകളും. ആഴ്‌ന്ന നിശ്ശബ്ദതയാലാവൃതനായി ഞാൻ അവിടെക്കിടന്നു.

പിന്നെ അടക്കിയ കാൽച്ചുവടുകൾ എന്നെത്തേടിവന്നു. അതാരെന്നു കാണാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഇരുട്ടെന്നെ നാലുപാടും വന്നു മൂടിക്കളഞ്ഞു. ഒരാൾ- ആരോ ഒരാൾ അദൃശ്യമായ ഒരു കൈ കൊണ്ട്‌ എന്റെ നെഞ്ചിൽ നിന്ന് കഠാര സാവധാനം വലിച്ചൂരി. വീണ്ടും എന്റെ വായിലേക്ക്‌ ചോര പതഞ്ഞുകേറി; പിന്നെ ഞാൻ എന്നെന്നേക്കുമായി ജീവിതങ്ങൾക്കിടയിലെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്തു.

(ഡിസംബർ 1921)


കുറോസോവ തന്റെ പ്രസിദ്ധമായ സിനിമ ചെയ്തത് അകുതഗാവയുടെ റഷോമോണ്‍, ഒരു മുളംകാവിനുള്ളില്‍ വച്ച്‌ എന്ന രണ്ടു കഥകളെ ആസ്പദമാക്കിയാണ്.


In a Grove

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

മോപ്പസാങ്ങ് - ഒരു ഭ്രാന്തന്റെ ഡയറി



അദ്ദേഹം മരിച്ചു- ഒരുയർന്ന നീതിപീഠത്തിന്റെ തലവൻ, ഫ്രാൻസിലെ സർവകോടതികളിലും കുറ്റമറ്റ ജീവിതത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന സത്യസന്ധനായ മജിസ്ട്രേറ്റ്. വക്കീലന്മാരും ചെറുപ്പക്കാരായ നിയമോപദേഷ്ടാക്കളും ജഡ്ജിമാരുമൊക്കെ അത്യാദരവോടെ പരേതന്‌ അന്ത്യോപചാരമർപ്പിച്ചു. അപ്പോൾ അവർക്കോർമ്മയിൽ വന്നത് ആഴത്തിലുള്ള രണ്ടു കണ്ണുകൾ പ്രകാശമാനമാക്കുന്ന വിളറിയതും മെലിഞ്ഞതും പ്രൌഢവുമായ ഒരു മുഖമാണ്‌.
കുറ്റകൃത്യങ്ങളെ വിടാതെ പിന്തുടർന്നും ദുർബലരെ സംരക്ഷിച്ചുമാണ്‌ അദ്ദേഹം ജീവിതം കഴിച്ചത്. തട്ടിപ്പുകാർക്കും കൊലപാതകികൾക്കും ഇതിലും പേടിക്കേണ്ട ഒരു ശത്രുവിനെ കിട്ടാനില്ല. അവരുടെ ഹൃദയാന്തരാളങ്ങളിൽ അതിനിഗൂഢമായി കിടന്നിരുന്ന രഹസ്യങ്ങൾ പോലും അദ്ദേഹം ഏതോ വിധത്തിൽ വായിച്ചെടുത്തിരുന്നുവല്ലോ.

അങ്ങനെ എമ്പത്തിരണ്ടാമത്തെ വയസ്സിൽ, ഒരു ജനതയുടെയാകെ ആദരാഞ്ജലികളാൽ ബഹുമാനിതനായും അവരുടെ വ്യസനചിന്തകളാൽ അനുഗതനായും അദ്ദേഹം മരണത്തിലേക്കു പോയിരിക്കുന്നു. ചുവന്ന ബല്റ്റണിഞ്ഞ സൈനികർ ശവമാടത്തിലേക്ക് അദ്ദേഹത്തിന്‌ അകമ്പടി ചെന്നു, വെളുത്ത അംഗവസ്ത്രം ധരിച്ച മാന്യദേഹങ്ങൾ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ആത്മാർത്ഥമെന്നു തോന്നിച്ച കണ്ണീരു ചൊരിയുകയും ചെയ്തു.
പക്ഷേ ബഹുമാന്യനായ ആ ജഡ്ജി കൊടുംകുറ്റവാളികളെക്കുറിച്ചുള്ള രേഖകൾ സൂക്ഷിച്ചിരുന്ന മേശവലിപ്പിൽ നിന്ന് നോട്ടറിയെ ഞെട്ടിച്ചുകൊണ്ടു പുറത്തുവന്ന ഈ വിചിത്രമായ കടലാസ്സൊന്നു വായിച്ചുകേൾക്കൂ! അതിന്റെ തലക്കെട്ടിങ്ങനെയായിരുന്നു:

എന്തുകൊണ്ട്?

1851 ജൂൺ 20. ഞാൻ ഇപ്പോൾ കോടതിയിൽ നിന്നിറങ്ങിയതേയുള്ളു. ബ്ളോണ്ടിനെ ഞാൻ കൊല്ലാൻ വിധിച്ചു! ഈ മനുഷ്യൻ എന്തിനാണ്‌ തന്റെ അഞ്ചു കുഞ്ഞുങ്ങളെ കൊന്നത്? കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചില മനുഷ്യരെ നാം വല്ലപ്പോഴും കണ്ടുമുട്ടാറുണ്ട്. അതെ, അതെ, അതൊരാനന്ദം തന്നെ ആയിരിക്കണം- ഏതിലും വലിയ ആനന്ദം; കാരണം, തിന്നുന്ന പോലെയല്ലേ കൊല്ലുന്നതും? ഉണ്ടാക്കുക, ഇല്ലാതാക്കുക! ഈ രണ്ടു വാക്കുകളിൽ അടങ്ങിയിരിക്കുന്നു, പ്രപഞ്ചത്തിന്റെ ചരിത്രം, സർവലോകങ്ങളുടെയും ചരിത്രം, ആകെ അത്രയേയുള്ളു! കൊല്ലുക എന്നത് എന്തുകൊണ്ടു നമ്മെ മത്തു പിടിപ്പിക്കുന്നില്ല?

ജൂൺ 25. ജീവിക്കുന്ന, നടക്കുന്ന, ഓടുന്ന ഒരു ജീവി. ഒരു ജീവി? എന്താണ്‌ ഒരു ജീവി എന്നു പറഞ്ഞാൽ? ഒരു ചലനതത്വവും ആ തത്വത്തെ നിയന്ത്രിക്കുന്ന ഒരിച്ഛയും ഉള്ളിൽ വഹിക്കുന്ന ഒരു സ്ചേതനവസ്തു. ആ വസ്തു- അതിനൊന്നിലും ഉറച്ചൊരു പിടുത്തമില്ല. അതിന്റെ കാലടികൾ നിലത്തുറയ്ക്കുന്നില്ല. ഭൂമിയിലൂടെ പാറിനടക്കുന്ന ജീവന്റെ ഒരു തരിയാണത്; എവിടെ നിന്നു വരുന്നുവെന്നെനിക്കറിയാത്ത ആ ജീവന്റെ തരിയെ എനിക്കു വേണമെങ്കിൽ നശിപ്പിക്കാം. പിന്നെ ഒന്നുമില്ല- ഒന്നുമേയില്ല. അതു നശിച്ചു; അതോടെ അതിന്റെ കഥയും കഴിഞ്ഞു.

ജൂൺ 26. എങ്കിൽ എന്തുകൊണ്ടാണ്‌ കൊല്ലുന്നത് കുറ്റകരമായത്? അതെ, എന്തുകൊണ്ട്? മറിച്ച്, പ്രകൃതിയുടെ നിയമമാണത്. കൊല്ലുക എന്നത് ഓരോ ജീവിക്കും പറഞ്ഞിട്ടുള്ളതാണ്‌; ജീവിക്കാൻ വേണ്ടി അവൻ കൊല്ലുന്നു, കൊല്ലാൻ വേണ്ടി അവൻ ജീവിക്കുന്നു. മൃഗം ദിവസം മുഴുവൻ, അതിനു ജീവനുള്ള ഓരോ നിമിഷവും വിരാമമെന്നതില്ലാതെ കൊന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനും കൊല്ലുന്നു, വിരാമമില്ലാതെ, തന്റെ ഭക്ഷണത്തിനായി; പക്ഷേ അതിനുപരി മാനസികാനന്ദത്തിനു കൂടി അവൻ കൊല്ലുന്നു എന്നതിനാൽ അനുധാവനം എന്നതൊന്നും അവൻ കണ്ടുപിടിച്ചിരിക്കുന്നു! കുട്ടി കാണുന്ന കീടങ്ങളെയും കൊച്ചുകിളികളെയും തന്റെ മുന്നിൽ വരുന്നതെന്തിനെയും കൊല്ലുന്നു. പക്ഷേ നമുക്കുള്ളിൽ അദമ്യമായിക്കിടക്കുന്ന കൂട്ടക്കൊലയ്ക്കായുള്ള ദാഹത്തെ ശമിപ്പിക്കാൻ ഇതു കൊണ്ടൊന്നും കഴിയില്ല. ജന്തുക്കളെ കൊന്നതു കൊണ്ടായില്ല; മനുഷ്യനെയും നമുക്കു കൊല്ലണം! വളരെക്കാലം മുമ്പ് ഈ ആവശ്യം നാം നിവർത്തിച്ചുപോന്നത് മനുഷ്യബലി കൊണ്ടായിരുന്നു. സമൂഹമായി ജീവിക്കുക എന്നത് ഇന്ന് ഒരാവശ്യമായതു കാരണം കൊലപാതകം കുറ്റകൃത്യമായിരിക്കുന്നു. കൊലപാതകിക്കു നാം ശിക്ഷ വിധിക്കുകയും അവനെ ശിക്ഷിക്കുകയുമാണ്‌! അതേ സമയം കൊല്ലുക എന്ന സഹജവും ഉദ്ധതവുമായ വാസനയ്ക്കു കീഴ്പ്പെടാതിരിക്കാൻ നമുക്കാവില്ല എന്നതിനാൽ ഇടക്കിടെ യുദ്ധങ്ങൾ നടത്തി നാം ആശ്വാസം കൊള്ളുന്നു. അപ്പോൾ ഒരു ദേശമൊരുമിച്ച് മറ്റൊരു ദേശത്തെ കശാപ്പു ചെയ്യുകയാണ്‌. ചോരയുടെ വിരുന്നാണത്; സൈന്യങ്ങളെ ഉന്മാദികളാക്കുകയും രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിരുന്ന് ആ കൂട്ടക്കൊലകളുടെജ്വരം കൊള്ളിക്കുന്ന കഥകൾ വായിക്കുന്ന നാട്ടുകാരെയും സ്ത്രീകളെയും കുട്ടികളെയും ആവേശഭരിതരാക്കുകയും ചെയ്യുന്ന വിരുന്ന്.

ആ കൂട്ടക്കൊലകൾ നടത്താൻ തിരഞ്ഞെടുത്തു വിടുന്നവരോട് നമുക്കു വെറുപ്പു തോന്നാറുണ്ടോ? ഇല്ല, അവരെ നാം ബഹുമതികൾ കൊണ്ടു മൂടുകയാണ്‌. അവരെ നാം പൊന്നും പട്ടുമണിയിക്കുന്നു; അവർ തലയിൽ തൂവലുകളും മാറത്തു പതക്കങ്ങളും അണിയുന്നു; അവർക്കു കിട്ടാത്ത ക്ഈർത്തിമുദ്രകളില്ല, ഉപഹാരങ്ങളില്ല, ബഹുമതിപത്രങ്ങളില്ല. അവർ നെഞ്ചു വിരിച്ചു നടക്കുന്നു, ആളുകൾ അവരെ ബഹുമാനിക്കുന്നു, സ്ത്രീകൾ അവരെ സ്നേഹിക്കുന്നു, ആൾക്കൂട്ടം അവർക്കായി ആർപ്പു വിളിക്കുന്നു; ഇതിനൊക്കെ കാരണമോ, മനുഷ്യരക്തം ചിന്തുക എന്ന ദൌത്യം അവർ നിറവേറ്റി എന്നതും! അവർ തങ്ങളുടെ മാരകയന്ത്രങ്ങൾ തെരുവുകളിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ സാധാരണക്കാരൻ അസൂയ കാരണം കണ്ണെടുക്കാതെ അതു നോക്കിനില്ക്കുന്നു. അസ്തിത്വത്തിന്റെ ഹൃദയത്തിൽ പ്രകൃതി പ്രതിഷ്ഠിച്ച മഹത്തായ നിയമമാണ്‌ കൊല്ലുക എന്നത്! കൊല്ലുന്നതിനെക്കാൾ സുന്ദരവും കുലീനവുമായ ഒരു പ്രവൃത്തി വേറെയില്ല!

ജൂൺ 30. കൊല്ലുക എന്നതാണു നിയമം; എന്തെന്നാൽ നിത്യയൌവനമാണു പ്രകൃതിക്കു ഹിതം. അബോധപൂർവ്വമായി താൻ ചെയ്യുന്ന പ്രവൃത്തികൾ വഴി അവൾ ഇങ്ങനെ ആക്രോശിക്കുകയാണെന്നു നമുക്കു തോന്നും: “വേഗം, വേഗം, വേഗം!” എത്ര നശിപ്പിക്കുന്നുവോ, അത്രക്കും അവൾ പുതുതാവുകയാണ്‌.

ജൂലൈ 3. എന്തൊരാനന്ദമായിരിക്കുമത്, അന്യാദൃശവും ആസ്വാദ്യവും: കൊല്ലുക എന്നത്! ജീവനുള്ള, ചിന്തിക്കുന്ന ഒരു ജീവിയെ നിങ്ങൾക്കു മുന്നിൽ കൊണ്ടുനിർത്തുക, അതിൽ ഒരു തുളയുണ്ടാക്കുക, എന്നു പറഞ്ഞാൽ തീരെച്ചെറിയ ഒരു തുള, എന്നിട്ടതിലൂടെ ആ ചുവന്ന ദ്രാവകം, അതായത് ചോര, അതായത് ജീവൻ പുറത്തേക്കൊഴുകുന്നതു കാണുക, പിന്നെ നിങ്ങൾക്കു മുന്നിൽ തണുത്തതും ചിന്താശൂന്യവുമായ ഒരു മാംസപിണ്ഡം മാത്രമുണ്ടാവുക!

ആഗസ്റ്റ് 5. വിധിച്ചും ശിക്ഷിച്ചും വാക്കുകൾ കൊണ്ടു വധിച്ചും കത്തി കൊണ്ടു കൊന്നവനെ ഗില്ലറ്റിൻ കൊണ്ടു കൊന്നും ജീവിതം കഴിക്കുന്ന ഞാൻ, ഞാൻ വധിച്ച ആ ഘാതകരെപ്പോലെ ഞാനും ഒന്നു ചെയ്താൽ, എങ്കിൽ, എങ്കിൽ അതാരറിയാൻ?

ആഗസ്റ്റ് 10. ആരറിയാൻ പോകുന്നു? ആരെന്നെ സംശയിക്കാൻ പോകുന്നു, ഇല്ലാതാക്കാൻ എനിക്കു പ്രത്യേകിച്ചു താല്പര്യമൊന്നുമില്ലാത്ത ഒന്നിനെയാണു ഞാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ?

ആഗസ്റ്റ് 22. എനിക്കു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു കൊച്ചുജന്തുവിനെ കൊന്നു, ഒരു പരീക്ഷണമെന്നനിലയിൽ, ഒരു തുടക്കമെന്ന നിലയിൽ. ജീൻ, എന്റെ വേലക്കാരൻ, ഒരു ഗോൾഡ് ഫിഞ്ചിനെ വളർത്തിയിരുന്നു. ഓഫീസിന്റെ ജനാലക്കടുത്തുള്ള കൂട്ടിലാണ്‌ അതിനെ ഇട്ടിരുന്നത്. ഞാൻ എന്തോ കാര്യം പറഞ്ഞ് അവനെ പുറത്തേക്കയച്ചിട്ട് ആ കൊച്ചുകിളിയെ കൈയിലെടുത്തു; അതിന്റെ ഹൃദയം മിടിക്കുന്നത് ഞാൻ കൈവെള്ളയിലറിഞ്ഞു. അതിന്റെ ഊഷ്മളത ഞാനറിഞ്ഞു. ഞാൻ അതിനെയും കൊണ്ട് മുറിക്കുള്ളിലേക്കു നടന്നു. ഇടക്കിടെ ഞാൻ അതിനെ ഒന്നമർത്തിനോക്കി; അതിന്റെ ഹൃദയമിടിപ്പു കൂടി; ഒരേ സമയം ജുഗുപ്ത്സാവഹവും ആസ്വാദ്യവുമായിരുന്നു എനിക്കത്. ഞാനതിനെ ഞെരിച്ചുകൊല്ലുകയായിരുന്നു. പക്ഷേ അതു പോരാ, എനിക്കു ചോര കാണണം.
പിന്നെ ഞാൻ കത്രികയെടുത്തു, നഖം വെട്ടുന്ന കൊച്ചു കത്രിക. വളരെ പതുക്കെ ഞാൻ അതിന്റെ തൊണ്ടയിൽ മൂന്നു കുത്തു കുത്തി. അതു ചുണ്ടു പിളർത്തി, എന്നിൽ നിന്നു രക്ഷപ്പെടാൻ കുതറി- പക്ഷേ ഞാൻ അതിനെ ഇറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു- ഹാ! ഒരു പേപ്പട്ടിയെ വേണമെങ്കിൽ എനിക്കങ്ങനെ പിടിച്ചുവയ്ക്കാമായിരുന്നു- ചോര ഇറ്റുവീഴുന്നതു ഞാൻ കണ്ടു.

പിന്നെ കൊലപാതകികൾ, യഥാർത്ഥകൊലപാതകികൾ ചെയ്യുന്നതു തന്നെ ഞാനും ചെയ്തു. ഞാൻ കത്രിക കഴുകിവച്ചു, എന്റെ കൈകൾ കഴുകി. ജഡം തോട്ടത്തിലേക്കു കൊണ്ടുപോയി ഒരു സ്ട്രോബറി മരത്തിനടിയിൽ ഞാൻ മറവു ചെയ്തു. ആരും അതു കണ്ടുപിടിക്കാൻ പോകുന്നില്ല. എല്ലാ ദിവസവും എനിക്ക് ആ മരത്തിൽ നിന്ന് ഒരു സ്ട്രോബറി തിന്നാം. എങ്ങനെ ആസ്വദിക്കണമെന്നറിഞ്ഞാല്പിന്നെ ജീവിതം നമുക്ക് എത്ര ആസ്വാദ്യമാകുന്നു!
വേലക്കാരൻ കരഞ്ഞു; തന്റെ കിളി പറന്നുപോയെന്നാണ്‌ അവൻ കരുതിയത്. അവൻ എന്നെ എങ്ങനെ സംശയിക്കാൻ? ആഹാ!

ആഗസ്റ്റ് 25. ഒരു മനുഷ്യനെ കൊല്ലണം! കൊന്നേ പറ്റൂ!

ആഗസ്റ്റ് 30. അതു സാധിച്ചു. പക്ഷേ എത്ര ചെറിയതൊന്ന്! വെർനേയിലെ കാട്ടിൽ നടക്കാൻ പോയതായിരുന്നു. മനസ്സിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. നോക്കൂ! വഴിയിൽ ഒരു കൊച്ചുകുട്ടി, വെണ്ണ പുരട്ടിയ റൊട്ടിയും തിന്നുകൊണ്ട് ഒരു കൊച്ചുകുട്ടി. എന്നെ കണ്ടിട്ട് അവൻ തീറ്റ നിർത്തി എനിക്കു സലാം പറഞ്ഞു.
എന്റെ മനസ്സിൽ ഒരു ചിന്ത കയറിക്കൂടുകയാണ്‌: “അവനെ കൊന്നാലോ?”
ഞാൻ ചോദിക്കുന്നു: “നീ ഒറ്റയ്ക്കാണോ, മോനേ?”
“അതെ, സാർ.”
“ഈ കാട്ടിൽ നീ ആകെ ഒറ്റയ്ക്ക്?”
“അതെ, സർ.”
അവനെ കൊല്ലാനുള്ള ആഗ്രഹം ലഹരി പോലെ എന്റെ തലയ്ക്കു പിടിച്ചു. ഞാൻ സാവധാനം അവനടുത്തേക്കു ചെന്നു; അവൻ ഓടിപ്പോകാൻ നോക്കുകയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ. പിന്നെ ഞാൻ പെട്ടെന്ന് അവന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചു. അവൻ ആ കൊച്ചുകൈകൾ കൊണ്ട് എന്റെ കൈത്തണ്ടയിൽ പിടിച്ചുകിടന്നു. കാറ്റത്തു തൂവലിളകും പോലെ അവന്റെ ദേഹം കിടന്നു പിടഞ്ഞു. പിന്നെ അവൻ അനങ്ങാതായി. ഞാൻ ജഡമെടുത്ത് ഒരു കുണ്ടിലേക്കെറിഞ്ഞു; മീതെ കുറച്ചു പായലും വാരിയിട്ടു. ഞാൻ വീട്ടിൽ മടങ്ങിയെത്തി സുഖമായി അത്താഴം കഴിച്ചു. എത്ര ചെറിയൊരു വസ്തുവായിരുന്നു അത്! രാത്രിയിൽ ഞാനാകെ സന്തോഷത്തിലായിരുന്നു, മനസ്സിനു നല്ല ലാഘവം തോന്നി; രാത്രി മുഴുവൻ ഞാൻ പ്രിഫെക്റ്റിന്റെ കൂടെ ചെലവഴിച്ചു. അന്നു ഞാൻ ഒരുപാടു തമാശകൾ പറഞ്ഞുവെന്ന് അവർ പറഞ്ഞു. പക്ഷേ ഞാനിനിയും ചോര കണ്ടിട്ടില്ല! എനിക്കു സമാധാനമായിട്ടില്ല.

ആഗസ്റ്റ് 31. കുട്ടിയുടെ ജഡം കണ്ടെടുക്കപ്പെട്ടു. അവർ കൊലപാതകിയെ തിരയുകയാണ്‌. ആഹാ!

സെപ്തംബർ 1. രണ്ടു തെണ്ടികളെ അറസ്റ്റു ചെയ്തു. തെളിവുകളൊന്നും കിട്ടിയിട്ടില്ല.

സെപ്തംബർ 2. അച്ഛനമ്മമാർ എന്നെ കാണാൻ വന്നിരുന്നു. അവർ കരഞ്ഞു! ആഹാ!

ഒക്റ്റോബർ 6. ഒന്നും പുറത്തു വന്നിട്ടില്ല. അലഞ്ഞുനടക്കുന്ന ഏതോ ഒരുത്തൻ ചെയ്തതാവണം. ആഹാ! ചോരയൊഴുകുന്നതു കാണാൻ പറ്റിയിരുന്നെങ്കിൽ ഇതിനകം എനിക്കു സ്വസ്ഥത കിട്ടിയേനെ!

ഒക്റ്റോബർ 10. ഒന്നു കൂടി. രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാൻ പുഴക്കരയിലൂടെ നടക്കുകയാണ്‌. ഒരു മരത്തിനടിയിൽ ഒരു മീൻപിടുത്തക്കാരൻ കിടന്നുറങ്ങുന്നതു ഞാൻ കണ്ടു. ഉച്ചനേരമായിരുന്നു. ഒരു മൺകോരി, എനിക്കു മാത്രമായി അവിടെ കൊണ്ടുവച്ചപോലെ, അടുത്തുള്ള ഉരുളക്കിഴങ്ങുപാടത്തു കിടപ്പുണ്ടായിരുന്നു.
ഞാൻ അതെടുത്തു തിരിച്ചുവന്നു; ഒരു ഗദ പോലെ അതുയർത്തിപ്പിടിച്ചിട്ട് അതിന്റെ ഒരറ്റം കൊണ്ട് അയാളുടെ തലയ്ക്ക് ഒറ്റയടി; അയാളുടെ തല പിളർന്നു. ഹൊ! അയാളുടെ ചോര കുത്തിയൊലിച്ചു- ഇളംചുവപ്പുനിറത്തിലുള്ള ചോര. വളരെ സാവധാനം അതു വെള്ളത്തിലേക്കൊഴുകി. കാലുകൾ അമർത്തിച്ചവിട്ടി ഞാൻ നടന്നുപോയി. ഞാനഥവാ ആരുടെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ! ആഹാ! ഒരൊന്നാന്തരം കൊലപാതകിക്കുള്ള ഉരുപ്പടി തന്നെ ഞാൻ!

ഒക്റ്റോബർ 25. മീൻപിടുത്തക്കാരന്റെ സംഭവം വലിയ ഒച്ചപ്പാടിനു കാരണമായിരിക്കുന്നു. അയാളോടൊപ്പം വല വീശാൻ പോയ അനന്തരവന്റെ മേൽ കൊലക്കുറ്റം ചുമത്തിയിരിക്കുന്നു.

ഒക്റ്റോബർ 26. അനന്തരവൻ തന്നെയാണ്‌ കുറ്റം ചെയ്തതെന്ന് പ്രോസിക്യൂട്ടർ കൊണ്ടുപിടിച്ചു വാദിച്ചു. എല്ലാവർക്കും അതു വിശ്വാസമായിരിക്കുന്നു.. ആഹാ! ആഹാ!

ഒക്റ്റോബർ 27. അനന്തരവന്റെ വാദം ഫലിക്കുന്നില്ല. താനന്ന് റൊട്ടിയും ചീസും വാങ്ങാൻ ഗ്രാമത്തിൽ പോയിരിക്കുകയായിരുന്നുവെന്ന് അയാൾ വാദിക്കുന്നു. തന്റെ അഭാവത്തിലാണ്‌ അമ്മാവന്റെ കൊല നടന്നതെന്ന് അയാൾ ആണയിടുന്നു. ആരു വിശ്വസിക്കാൻ?

ഒക്റ്റോബർ 28. അനന്തരവൻ കുറ്റമേറ്റപോലെയാണ്‌, അത്രയ്ക്കാണ്‌ എല്ലാവരും കൂടി അവന്റെ തല തിന്നത്! ആഹാ! നീതി!

നവംബർ 15. അനന്തരവനെതിരെ അനിഷേദ്ധ്യമായ തെളിവുകൾ കിട്ടിയിരിക്കുന്നു; അമ്മാവന്റെ അനന്തരാവകാശി അയാളായിരുന്നു. കേസിന്റെ അവസാനവാദം കേൾക്കുന്നതു ഞാനാണ്‌.

1852 ജനുവരി 25. മരണം! മരണം! മരണം! ഞാൻ അവനു മരണശിക്ഷ വിധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ പ്രസംഗം ഒരു മാലാഖയുടേതു പോലിരുന്നു! ആഹാ! ഒന്നു കൂടി! അവന്റെ വധശിക്ഷ നടപ്പാക്കുന്നതു പോയിക്കാണണം!

മാർച്ച് 10. അതു കഴിഞ്ഞു. ഇന്നു രാവിലെ അവനെ ഗില്ലറ്റിനിൽ വച്ചു. അവൻ ഒന്നാന്തരമായി മരിച്ചു! ഒന്നാന്തരമായി! എനിക്കു സന്തോഷം തോന്നി! ഒരു മനുഷ്യന്റെ തല മുറിച്ചുമാറ്റുന്നതു കാണാൻ എന്തു രസമാണല്ലേ!

ഇനി എനിക്കു കാത്തിരിക്കാം; എനിക്കു കാത്തിരിക്കാം. എത്രയും ചെറിയൊരു സംഗതി മതി ഞാൻ പിടിയിലാവാൻ.

നോട്ടുബുക്കിൽ പേജുകൾ പിന്നെയും ഉണ്ടായിരുന്നുവെങ്കിലും പുതിയ കുറ്റകൃത്യങ്ങളൊന്നും പരാമർശിച്ചുകണ്ടില്ല.
കുറ്റവാളികളുടെ മനഃശാസ്ത്രമറിയുന്ന ഒരു ഡോക്ടർക്കു മുന്നിൽ ഈ ദാരുണമായ കഥ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ പൈശാചികജീവിയുടെ നൈപുണ്യവും ഭീകരതയും ഒത്തുചേർന്ന അനേകം ഭ്രാന്തന്മാർ പുറമേക്കറിയാതെ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്നാണ്‌.


The Diary of a Madman