2024, ഫെബ്രുവരി 15, വ്യാഴാഴ്‌ച

മേരി ലൂയിസ് കാഷ്നിറ്റ്സ് - ഹിരോഷിമ




ഹിരോഷിമയിൽ മരണം വീഴ്ത്തിയ മനുഷ്യൻ
സന്ന്യാസജീവിതം വരിച്ചുകഴിഞ്ഞു,
അയാളിപ്പോൾ ആശ്രമത്തിൽ മണിയടിക്കുകയാണ്‌.
ഹിരോഷിമയിൽ മരണം വീഴ്ത്തിയ മനുഷ്യൻ
ഒരു കയറിന്റെ കുരുക്കിൽ തലവച്ചു തൂങ്ങിച്ചത്തു.
ഹിരോഷിമയിൽ മരണം വീഴ്ത്തിയ മനുഷ്യൻ
സ്ഥിരബുദ്ധി ഇല്ലാത്തയാളാണിപ്പോൾ.
അണുധൂളിയിൽ നിന്നുയർന്നുവരുന്ന
നൂറായിരം പ്രേതരൂപങ്ങളുമായി
മല്ലുപിടിക്കുകയാണയാൾ, എല്ലാ രാത്രിയിലും.
ഇതൊന്നുമല്ല സത്യം.
ഇന്നലെയും കൂടി ഞാനയാളെ കണ്ടിരുന്നു,
നഗരപ്രാന്തത്തിലെ തന്റെ വീട്ടുമുറ്റത്ത്-
വളർച്ച മുറ്റാത്ത വേലിപ്പൊന്തകൾ,
ചന്തമുള്ള റോസാച്ചെടികൾ.
ഒരാൾക്കൊളിക്കാൻ പാകത്തിൽ
മറവിയുടെ കാടു വളർത്തിയെടുക്കാൻ സമയമെടുക്കും.
വ്യക്തമായി കാണാമായിരുന്നു, ആ പുതുപുത്തൻ വീട്,
പൂക്കളുടെ ചിത്രങ്ങളുള്ള വേഷത്തിൽ യുവതിയായ ഭാര്യ,
അമ്മയുടെ കയ്യിൽ പിടിച്ചു നില്ക്കുന്ന കൊച്ചുപെൺകുട്ടി,
അയാളുടെ കഴുത്തിൽ വട്ടം കയറിയിരുന്ന്
തലയ്ക്കു മേൽ ചാട്ട ചുഴറ്റുന്ന മകൻ.
തന്റെ മുറ്റത്തെ പുൽത്തകിടിയിൽ നാലുകാലിൽ നടക്കുന്ന,
ചിരി കൊണ്ടു മുഖം വക്രിച്ച അയാളെ
തിരിച്ചറിയാൻ വളരെയെളുപ്പമായിരുന്നു,
എന്തെന്നാൽ ഫോട്ടോഗ്രാഫർ, ലോകത്തിന്റെ കാണുന്ന കണ്ണ്‌,
വേലിയ്ക്കു പിന്നിലായിരുന്നു.

2024, ഫെബ്രുവരി 11, ഞായറാഴ്‌ച

ലൂയിസ് ഡി കമോയിസ് - ശാപം



മരണം മായ്ച്ചു കളയട്ടെ, എനിക്കു ജന്മം നൽകിയ ദുർദ്ദിനം;
കാലപ്രവാഹത്തിലെന്നേക്കുമതു മറവിയിൽപ്പെട്ടുപോകട്ടെ.
ഇനിയെന്നെങ്കിലുമൊരുനാളതു മടങ്ങിവന്നുവെന്നാകട്ടെ,
അന്നു സൂര്യനെ രാഹു ഗ്രസിക്കട്ടെ, ഭൂമിയിലന്നിരുളു വീഴട്ടെ.

വെളിച്ചം മങ്ങിമായട്ടെ, സൂര്യൻ പടുതയ്ക്കുള്ളിലാവട്ടെ.
അവസാനത്തിന്റെ ശകുനങ്ങൾ ലോകമെങ്ങും നിറയട്ടെ.
വിരൂപങ്ങൾ പിറക്കട്ടെ, മഴ പോൽ ചോര പെയ്യട്ടെ,
ഒരമ്മയും പെറ്റ കുഞ്ഞിനെ കണ്ടിട്ടറിയാതെപോകട്ടെ.

എന്തെന്നുമേതെന്നുമറിയാതെ പകച്ചവർ, പേടിച്ചവർ,
ശോകം വിളറിച്ച മുഖങ്ങളിൽ കണ്ണീരൊലിക്കുന്നവർ,
കണ്മുന്നിൽ തകരുകയാണു ലോകമെന്നവർ കരുതട്ടെ.

വ്യഥ കൊണ്ടു വിറ കൊണ്ട മനുഷ്യരേ, കണ്ണീരു തുടയ്ക്കുക,
ഈ ലോകത്തീ ദുർദ്ദിനത്തിങ്കലല്ലോ പിറന്നുവീണു,
ലോകമിതുവരെക്കണ്ടതിൽവച്ചതിഹീനമായ ജന്മം!
------------------------------------------------------------

ലൂയിസ് ഡി കമോയിസ് Luís Vaz de Camões (1524-1580)- പോർച്ചുഗീസ് ഭാഷയിലെ ഏറ്റ്വും മഹാനായ കവി. വാസ്കോ ഡ ഗാമയുടെ ഇന്ത്യായാത്ര പ്രമേയമായ Os Lusiads എന്ന ഇതിഹാസമാണ്‌ പ്രധാനപ്പെട്ട രചന


2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

പീറ്റർ ആൾട്ടെൻബെർഗ് - ഗദ്യകവിതകൾ

 

ഒക്റ്റോബർ ഞായറാഴ്ച


ആവി പറക്കുന്ന, വെയിലിൽ കുളിച്ച, പ്രശാന്തമായ ഒരപരാഹ്നം. ഞാനിരുന്നെഴുതുകയാണ്‌. ആരോ കതകിൽ മുട്ടുന്നു. “ദയവു ചെയ്ത് ഉപദ്രവിക്കരുത്, എനിക്കൊറ്റയ്ക്കാവണം.”
“ഹേയ്, പീറ്റർ, എനിക്കു താനുമായിട്ടൊന്ന് അതുമിതും പറഞ്ഞിരിക്കണമെന്നേയുള്ളു; ഇന്നാകെ ബോറടി തോന്നുന്നു. ഓഫീസ് ജോലി പോലെയാണോ തന്റെ എഴുത്തുജോലി? താൻ കവിത ചമയ്ക്കുകയാ?”
“അതെന്താ ഒരു വിപരീതധ്വനി? അതെ, ഞാൻ കവിത ചമയ്ക്കുക തന്നെയാണ്‌.”
“അല്ല പീറ്ററേ, താൻ വല്ല കൂലിപ്പണിക്കാരനൊന്നുമല്ലല്ലോ; ദൈവം സഹായിച്ച് തനിക്കൊരു സ്ഥിരം ജോലിയുമില്ല; രണ്ടു മണിക്കൂർ കഴിഞ്ഞ് ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ തനിക്ക് ആരുടെയും ശല്യമില്ലാതെ തന്റെ കവിതയെഴുത്തിലേക്കു തിരിച്ചുപോകാമല്ലോ.”
“താനതൊന്നു ശ്രമിച്ചുനോക്ക്; ഇതെന്തുതരം ജോലിയാണെന്ന് തനിക്കു വലിയ പിടിയില്ലെന്നു തോന്നുന്നു!”
“ഇതൊരു പുതുമയാണല്ലോ! ഓഫീസ് സമയം വച്ചെഴുതുകയും സന്തോഷമായിട്ടൊന്നു സംസാരിച്ചിരിക്കാൻ വരുന്ന കൂട്ടുകാരനെ വീട്ടിനകത്തേക്കു കയറ്റാതിരിക്കുകയും ചെയ്യുന്ന ഒരു കവി! തന്റെ അനുഭൂതികൾ അങ്ങനെയങ്ങ് ആവിയായിപ്പോവുകയൊന്നുമില്ലല്ലോ! അതോ അങ്ങനെയാണോ?!”
“ജോലിയിൽ മുഴുകിയിരിക്കുന്ന ഒരു വക്കീലിനെയോ ഡോക്ടറെയോ ബാങ്ക് ഓഫീസറെയോ തടസ്സപ്പെടുത്താൻ തനിക്കു തോന്നുമോ?!”
“ജോലിയിൽ മുഴുകിയിരിക്കുന്ന- പീറ്ററേ, അതു വിട്; തന്റെ ജോലി ജോലി എന്ന വാക്കിന്റെ അർത്ഥത്തിനുള്ളിൽ വരുന്നതല്ല, അതൊരു വിനോദമാണ്‌, നേരം കളയലാണ്‌!“
”എന്റെ നേരം കളയലിനെ, വിനോദത്തെ തന്റെ നർമ്മസംഭാഷണം കൊണ്ടു വിഘാതപ്പെടുത്തണമെന്നു തനിക്കാഗ്രഹമുണ്ടോ?!“
”എന്നാലങ്ങനെയാവട്ടെ, പീറ്റർ, തന്റെ ആരാധകരോട് ഒട്ടും നന്ദിയില്ലാത്ത തരക്കാരനാണു താൻ; അല്ല, തന്നെയാര്‌ ഗൗരവത്തിലെടുക്കാൻ പോകുന്നു! വിട, കവേ! ലോകത്തിനെന്തെങ്കിലും നഷ്ടപ്പെടുമെങ്കിൽ അതിനു കാരണക്കാരനാവാൻ ഞാനില്ലേ! എന്നാൽ, പിന്നെ കാണാം.“
*

ഷൂബെർട്ട്

--------------------------------------------
എന്റെ കട്ടിലിനു മുകളിലായി ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയ്ന്റിംഗിന്റെ കാർബൺ പ്രിന്റ് കിടപ്പുണ്ട്: ഷൂബെർട്ടിന്റെ. മൂന്നു വിയന്നീസ് പെൺകുട്ടികൾക്കായി പിയാനോയുടെ അകമ്പടിയോടെ ഗാനങ്ങളാലപിക്കുകയാണ്‌ ഷൂബെർട്ട്. അതിനടിയിൽ ഞാൻ ഇങ്ങനെ കുറിച്ചിട്ടു: ”എന്റെ ദൈവങ്ങളിൽ ഒന്ന്! തങ്ങളുടെ ഹൃദയങ്ങളിൽ മറഞ്ഞുകിടക്കുന്ന നിറവേറാത്ത ആദർശങ്ങൾക്കൊരു ജീവരൂപം നല്കാനായി മനുഷ്യർ ദൈവങ്ങളെ സൃഷ്ടിച്ചു!“
നിഗ്‌ലി എഴുതിയ ഷൂബെർട്ടിന്റെ ജീവചരിത്രം ഞാൻ പലപ്പോഴും എടുത്തു വായിക്കാറുണ്ട്. നിഗ്‌ലി അവതരിപ്പിക്കാൻ നോക്കുന്നത് ഷൂബെർട്ടിന്റെ ജീവിതമാണ്‌, അല്ലാതെ,അതിനെക്കുറിച്ച് തന്റെ തോന്നലുകളല്ല. മുപ്പത്തേഴാം പേജ് വരുന്ന ഭാഗത്തേക്ക് ഒരു നൂറുതവണയല്ല ഞാൻ മടങ്ങിച്ചെന്നിരിക്കുന്നത്. സെലെസ്സിൽ കൗണ്ട് എസ്റ്റെർഹേസിയുടെ എസ്റ്റേറ്റിൽ ഒരു സംഗീതാധ്യാപകനാണ്‌ അദ്ദേഹം. തീരെ ചെറുപ്പമായ കൗണ്ടസ് മേരിയേയും കൗണ്ടസ് കരോളിനേയുമാണ്‌ അദ്ദേഹം പഠിപ്പിക്കുന്നത്. കരോളിനുമായി അദ്ദേഹം കടുത്ത പ്രണയത്തിലാണ്‌. അങ്ങനെയാണ്‌ ഒരു പിയാനോയിൽ രണ്ടുപേർ വായിക്കുന്ന യുഗ്മഗാനങ്ങൾ അദ്ദേഹം സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെഅഗാധമായ സ്നേഹത്തെക്കുറിച്ച് കൗണ്ടസ് അറിയുന്നതേയില്ല. സ്വന്തം രചനകളിൽ ഒന്നുപോലും അദ്ദേഹം തനിക്കു സമർപ്പിക്കുന്നില്ല എന്നു പറഞ്ഞ് കൗണ്ടസ് ഒരിക്കൽ പരിഭവത്തോടെ കളിയാക്കിയപ്പോൾ മാത്രമാണ്‌ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്: “എന്തിനു വേണ്ടി?! ഇതെല്ലാം നിങ്ങൾക്കുള്ളതാണ്‌!”
പൊട്ടിത്തെറിക്കാറായ ഒരു ഹൃദയം തന്റെ ശോകം ഒരു നിമിഷത്തേക്ക് ഒന്നു വെളിപ്പെടുത്തിയ ശേഷം പിന്നെയും എന്നെന്നേക്കുമായി അടഞ്ഞുകൂടുന്നപോലെയാണത്. അതുകൊണ്ടാണ്‌, നിഗ്‌ലിയുടെ ഷൂബെർട്ടിന്റെ ജീവചരിത്രത്തിന്റെ മുപ്പത്തേഴാം പേജിലേക്ക് ഞാൻ ഇടയ്ക്കിടെ മടങ്ങിപ്പോകുന്നത്.
*

കവിത


ഞാനൊരുത്തിയെ ഒരു രാത്രിക്കു വാടകയ്ക്കെടുത്തു.
അതിനെന്താ.
ഉറങ്ങും മുമ്പവൾ ചോദിച്ചു: “നിങ്ങൾ കവിയാണോ?”
“എന്തേ? ആവാം. അതിനെന്താ.”
“പണ്ടൊരിക്കല് ഞാനുമൊരു കവിതയെഴുതി...”
“?!?”
എനിക്കെത്ര പ്രിയപ്പെട്ടവൻ നീ.
ഇന്നു നീയെത്രയകലെ...
അതിനെന്താ.
എന്റെ ശവമാടത്തിലിങ്ങനെ എഴുതിവച്ചാലും:
‘എനിക്കു സ്നേഹം നിന്നെ മാത്രം.’
ആര്‌ ആരെയെന്നാരുമറിയില്ല.
ഞാനവൾക്ക് അഞ്ചിനു പകരം പത്തു ഗോൾഡെൻ കൊടുത്തു.
“ഹൗ,” ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു,
“അഞ്ചിനാണല്ലോ നമ്മൾ ഉറപ്പിച്ചത്.”
“അതിനെന്താ. എന്റെ കണക്കുകൂട്ടൽ കിറുകൃത്യമാണ്‌.
അതെങ്ങനെയാണെന്നു നോക്കെടോ-
അഞ്ച് നിന്റെ സുന്ദരമായ ഉടലിന്‌,
നിന്റെ സുന്ദരമായ ആത്മാവിനഞ്ചും!”
*
(പീറ്റർ ആൾട്ടെൻബെർഗ് Peter Altenberg(1859-1919)- വിയന്നയിലെ ഒരു ധനികജൂതകുടുംബത്തിൽ ജനിച്ചു. ‘മാനസികവിക്ഷോഭങ്ങൾ താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ ജോലി ചെയ്തു ജീവിക്കുക ബുദ്ധിമുട്ടായിരിക്കും’ എന്ന് ഡോക്ടർമാർ വിധിച്ചതിനാൽ ഒരു ബൊഹീമിയൻ കവിയായി സ്വയം സമർപ്പിക്കാൻ കഴിഞ്ഞു. കാഫ്ക, തോമസ് മൻ, ബർണാഡ് ഷാ, കാൾ ക്രൗസ് ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.)