2025 ഡിസംബർ 29, തിങ്കളാഴ്‌ച

റെയ്‌നർ മരിയ റിൽക്കെ - മഹിതമുഹൂർത്തം

ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോൾ കരയുന്നതാരായാലും 
കാരണമില്ലാതയാൾ കരയുന്നു, 
എന്നെയോർത്തു കരയുന്നു. 

 ഈ രാത്രിയിലെവിടെയെങ്കിലും 
ഇപ്പോൾ ചിരിക്കുന്നതാരായാലും 
കാരണമില്ലാതയാൾ ചിരിക്കുന്നു, 
എന്നെനോക്കിച്ചിരിക്കുന്നു. 

 ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോഴലയുന്നതാരായാലും 
കാരണമില്ലാതയാളലയുന്നു, 
എന്നിലേക്കലഞ്ഞെത്തുന്നു. 

 ഈ ലോകത്തെവിടെയെങ്കിലും 
ഇപ്പോൾ മരിക്കുന്നതാരായാലും 
കാരണമില്ലാതയാൾ മരിക്കുന്നു, 
എന്നിലേക്കു നോട്ടമയക്കുന്നു. 

 (Book of Images)

2025 ഡിസംബർ 26, വെള്ളിയാഴ്‌ച

വിനോദ് കുമാർ ശുക്ല - കവിതകൾ


എന്റെ ഭാഷയിൽ ഞാൻ...
==================


എന്റെ ഭാഷയിൽ ഞാൻ 
ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു,
മറ്റാരുടെയും ഭാഷയെ ഞാൻ അപമാനിക്കയില്ലെന്ന്,
ഓരോ ജന്മത്തിലും മാതൃഭാഷ മാറേണ്ടതിലേക്കായി
ജന്മങ്ങൾ ഞാൻ മാറിമാറിയെടുക്കുമെന്ന്.
ഇതു ഞാൻ പറയുന്നത് ജീവലോകത്തോടാണ്‌,
പക്ഷികളോടും മൃഗങ്ങളോടും കീടങ്ങളോടും കൂടിയാണ്‌.



 ഞാൻ  മരിച്ചുപോയെന്ന്...
================


ഞാൻ മരിച്ചുപോയെന്നെല്ലാവർക്കും തോന്നിക്കഴിഞ്ഞതില്പിന്നെയും
എനിക്കു ജീവനുണ്ടായെന്നുവരാം,
ഞാനെന്റെ കണ്ണുകൾ സാവധാനം തുറന്നാൽ
ഒരു പുനർജ്ജന്മമെടുത്തവനു മുന്നിലെന്നപോലെ
ലോകം പ്രത്യക്ഷമായെന്നും വരാം.
ദുഷ്ടജനങ്ങളെ ഞാൻ മറന്നുപോയിരിക്കും,
നല്ലവരെ എനിക്കോർമ്മയുണ്ടാവുകയും ചെയ്യും.
പണ്ടേതന്നെ ഞാനീ ലോകത്തെ തിരിച്ചറിഞ്ഞിരുന്നത്
എനിക്കു ചുറ്റുമുള്ളതൊക്കെ വച്ചിട്ടായിരുന്നു,
പരിചിതമായ ഒരു മുഖം മതിയായിരുന്നു,
ഈ ലോകം ഞാൻ വിട്ടുപോയിട്ടില്ലെന്നെന്നെയോർമ്മിപ്പിക്കാൻ.

കുറച്ചു കൊണ്ടു ജീവിച്ചു,
കുറച്ചു മാത്രം കണ്ടു,
കുറച്ചു പേരോടിടപെട്ടു,
കുറച്ചു നേരം കൊണ്ടു കാലവും തീർന്നു.
ഇവിടെയുള്ളതല്ലാതെ
ഞാനെന്നു പറയാനൊന്നുമില്ല.

പണ്ടേതന്നെ, നാലഞ്ചു നാളത്തേക്കു പുറത്തു പോകുമ്പോഴും
ഞാനെന്റെ പിത്തളപ്പാത്രങ്ങളും
വെള്ളിമോതിരവും ചില കത്തുകളും
ഒരു ട്രങ്കിലിട്ട് ഒരയല്ക്കാരനെ ഏല്പിക്കുമായിരുന്നു,
ഭദ്രമായി സൂക്ഷിക്കാൻ.



ഒരു വരണ്ട നദി...
=============


ഒരു വരണ്ട നദി
പിന്നത്തെക്കൊല്ലവും വരണ്ടുപോയി.
അങ്ങടിയിൽ
അതു പിന്നെയും വരണ്ടതാവാം.
വരണ്ട നദികൾക്കടിയിൽ
വേറെയും വരണ്ട നദികളുടെ ചാലുകളുണ്ടാവാം.

അങ്ങനെയൊരു നദിയോരത്തിലെ ഗ്രാമത്തിൽ
അവിടുത്തെ ഏറ്റവും പ്രായമുള്ളയാൾ,
ജീവനോടെ ശേഷിച്ച അവസാനത്തെയാൾ,
എക്കലിലും ചെളിയിലും കണ്ടെത്തും,
സുതാര്യമായൊരു ശിലാഖണ്ഡത്തിൽ
ഫോസിലുകൾ-
നദീസസ്യങ്ങളുടെ,
നദീമത്സ്യങ്ങളുടെ, 
ജീവികളുടെ, ഒച്ചുകളുടെ;
അതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുമുണ്ടാവും,
ഒരു തുള്ളി വെള്ളം,
കോടാനുകോടിവർഷങ്ങൾ പ്രായമുള്ളത്.
ഏറ്റവും പ്രായമുള്ള ഒരു മനുഷ്യന്റെ ആത്മാവിൽ
ഭദ്രമായിരിക്കുന്നു,
ഒരേയൊരരിമണി.



ഒരു പച്ചത്തത്ത...
----------------------


ഒരു പച്ചത്തത്ത
ആകാശത്തു നിന്നു പറന്നിറങ്ങി
(ആകാശത്തൊരു പച്ചക്കൂമ്പ് മുളച്ചപോലെ)
ഒരു മരത്തിൽ ചെന്നിരുന്നു.
മരത്തിനു തഴച്ച പച്ചയായിരുന്നു.
അതില്പിന്നെ ഞാൻ തത്തയെ കണ്ടതേയില്ല.
കണ്ടതാ പച്ച തഴച്ച മരം മാത്രം.
*

ഒരങ്ങാടിത്തെരുവിലൂടെ...
-----------------------------


ഒരങ്ങാടിത്തെരുവിലൂടെ
തിരക്കു പിടിച്ചു പോകുന്നൊരാൾ,
ഓരോ കയ്യിലും അഴുക്കു പിടിച്ച ഓരോ സഞ്ചി,
ഒന്നൊഴിഞ്ഞത്, ഒന്നു നിറഞ്ഞത്.
അതിൽ ഉരുളക്കിഴങ്ങ്, ചീര,
ഗരം മസാലപ്പൊതി, 
മുളക്- പച്ചയും ചുവപ്പും.
ഞാനൊരു പത്തുരൂപാ നോട്ടായി
ആ സഞ്ചിക്കുള്ളിൽ അഭയം തേടിയിരുന്നെങ്കിൽ!
ഞാൻ പക്ഷേ, എന്റെതന്നെ സഞ്ചിക്കുള്ളിൽ
കുടുങ്ങിക്കിടക്കുകയായിരുന്നു!



എന്റെ കാലുകൾ കൊണ്ടല്ല...
===================


എന്റെ കാലുകൾ കൊണ്ടല്ല,
എല്ലാവരുടെയും കാലുകൾ കൊണ്ടാണു ഞാൻ നടക്കുന്നത്,
എല്ലാവരുടെയും കണ്ണുകൾ കൊണ്ട് കണ്ടുകൊണ്ടും.
ഞാൻ എഴുന്നേല്ക്കുമ്പോൾ
അതെല്ലാവരുടെയും ഉറക്കത്തിൽ നിന്ന്,
ഞാനുറങ്ങുമ്പോൾ അതെല്ലാവരുടെയും ഉറക്കത്തിനുള്ളിൽ.
ഒറ്റയ്ക്കല്ല ഞാൻ,
എനിക്കുള്ളിലൊരാൾക്കൂട്ടം തിക്കിത്തിരക്കുന്നു.
എന്നെ അന്വേഷിച്ചുപോകരുത്.
നിങ്ങൾക്കെന്നെ കണ്ടുകിട്ടിയാൽ
മറ്റെല്ലാവരെയും കണ്ടുകിട്ടിയതില്പിന്നെയാവുമത്.
അഥവാ, നിങ്ങളെന്നെ കണ്ടുമുട്ടിയില്ലെന്നും വരാം.
ഇനി കണ്ടുമുട്ടിയാൽ അതേതൊരാളുമാവുകയും ചെയ്യാം.


നഗരത്തിലിരുന്ന്...
———————————


നഗരത്തിലിരുന്ന് കാടുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ
ഒരു ചിന്ത കൊണ്ടു ഞാനഥവാ, കാടിനെ കൊല്ലുകയാണെന്നു വരാം.
കാട്ടിലല്ലെങ്കിൽ കാടുകൾ പിന്നെവിടെയാണുണ്ടാവുക?
അവ നഗരത്തിലെ വഴിമരങ്ങൾക്കിടയിലായിരിക്കും.

രാത്രിയിൽ പാതയോരത്തെ മരങ്ങൾക്കടിയിൽ 
കിടന്നുറങ്ങുന്ന ഒരാദിവാസികുടുംബത്തിന്റെ സ്വപ്നങ്ങളിൽ
ബസ്തറിലെ മൈനയും കുടപ്പനകളും കയറിവരുന്നു,
എന്നാൽ സ്വപ്നം കാണുന്ന കണ്ണുകൾ അന്ധമാണ്‌.

പ്രായമായ ഒരു കുടുംബക്കാരണവർ,
ഇപ്പോഴും കേൾവിയും കാഴ്ചയുമുള്ളൊരാൾ,
ഇന്നു സ്വപ്നം കാണുമ്പോളയാളുടെ കണ്ണിൽ
സ്വപ്നത്തിന്റെ ഒരുണക്കച്ചുള്ളി തറച്ചുകേറി,
അയാൾക്കും കാഴ്ച നഷ്ടമായി.
*




കണ്ടിടത്തൊക്കെ...
———————


കണ്ടിടത്തൊക്കെ നിർത്തിനിർത്തിപ്പോകുന്ന
ചത്തീസ്ഗഢ് ബിലാസ്‌പുർ എക്സ്പ്രസ്സിൽ
യാത്ര ചെയ്യുകയായിരുന്നു ഞാൻ.
ഗോന്ദിയ സ്റ്റേഷനെത്തിയപ്പോൾ
എടിപിടീന്നാളുകളിറങ്ങി
അപ്പോൾ വന്ന കല്ക്കത്ത വണ്ടിയിൽ കയറി.
എന്നെക്കാൾ പ്രായമുള്ള ഒരു യാത്രക്കാരൻ
ഇറങ്ങിപ്പോകും വഴി എന്നെ ഉപദേശിച്ചു,
‘നിങ്ങളും ഇറങ്ങിക്കോ,
അടുത്ത ജന്മത്തിലേ ഈ വണ്ടി അവിടെയെത്തൂ.’

എനിക്കൊരു തിടുക്കവുമില്ലായിരുന്നു,
ഞാൻ വണ്ടിയിൽത്തന്നെയിരുന്നു;
മൂന്നാലു സ്റ്റേഷൻ കഴിഞ്ഞാൽ
എനിക്കിറങ്ങേണ്ട രാജനന്ദ്ഗാവായി,
അവിടെയാണു ഞാൻ ജനിച്ചത്.


എന്റെ മരവിച്ച കൈകൾ...
-----------------------------


എന്റെ മരവിച്ച കൈകൾ
മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾക്കു
സമാന്തരം,
എന്റെ കണ്ണുകളാവട്ടെ,
ഒരിലനാമ്പിൽ നട്ടിരിക്കുന്നു.

മഴ പെയ്യുമ്പോൾ
അതാദ്യമെന്റെ
കണ്ണുകളെ നനയ്ക്കണം.

അതില്പിന്നെ.
എന്റെ കൈകളുടെ പച്ചപ്പിൽ
ഒരു കിളി വന്നു കൂടുകൂട്ടണം,
മുട്ടയിടണം.

*

വിഗ്രഹങ്ങൾ ശിലയുടേതാണ്‌...
-----------------------------------


വിഗ്രഹങ്ങൾ ശിലയുടേതാണ്‌,
അവയുടെ പരമാനന്ദം,
ആ പരമാനന്ദത്തിന്റെ മന്ദഹാസം,
ശിലയുടേതാണ്‌.
ആ ശിലകളിലേക്കൊന്നു നാം കണ്ണെറിയുന്നു,
എന്നാലത്രയ്ക്കു സജീവമാണെല്ലാമെന്നതിനാൽ
വിഗ്രഹങ്ങൾ നമ്മെയൊന്നു കടാക്ഷിക്കുമ്പോൾ
നാം തന്നെ ശിലകളാവുന്നു,
നന്നായി കൊത്തിയെടുത്ത പ്രതിമകൾ,
ശിലാശ്ലേഷത്തിലമർന്ന നാമിരുപേർ.
*


ധൗളഗിരി കാണുമ്പോൾ...
========================


ധൗളഗിരി കാണുമ്പോൾ 
എനിക്കോർമ്മ വന്നത്
അതിന്റെ ചിത്രമാണ്‌.
ഞാനാദ്യം കണ്ടത് ചിത്രമാണല്ലോ.

വീട്ടുചുമരിലെ ചിത്രങ്ങളിൽ
എന്റെ പൂർവ്വികരുടെ ചിത്രങ്ങളുമുണ്ട്.
അവരെ ഞാൻ കണ്ടിട്ടേയില്ല.
അതിനാൽ അവരെക്കുറിച്ചോർക്കുമ്പോൾ
എനിക്കോർമ്മ വരുന്നത്
അവരുടെ ചിത്രങ്ങളാണ്‌.

ധൗളഗിരി കണ്ടതിൽപിന്നെ പക്ഷേ,
അങ്ങനെയല്ല.
ഇപ്പോഴെനിക്കോർമ്മ വരുന്നത്
എന്റെ പൂർവ്വികരെയാണ്‌,
അവരുടെ ചിത്രങ്ങളല്ല.


ആദിവാസികൾ നൃത്തം ചെയ്യുന്നതല്ല...
--------------------------------------------


ആദിവാസികൾ നൃത്തം ചെയ്യുന്നതല്ല 
നിങ്ങൾ കാണുന്നത്,
അവരെക്കൊണ്ടു നൃത്തം ചെയ്യിക്കുന്നതാണ്‌.
അവരുടെ വീടുകൾ
അവർ താമസിക്കുന്ന വീടുകളല്ല,
നിങ്ങളെ കാണിക്കാനുള്ള വീടുകളാണ്‌.
നിങ്ങൾ കാണുന്ന മണ്ണടുപ്പിൽ
അവർ തീ പൂട്ടാറില്ല,
മറ്റുള്ളവർക്കു കാണാൻ വേണ്ടി
കത്തിച്ചതാണത്.

നിങ്ങൾ കാണുന്നത്
നിങ്ങളെ കാണിക്കുന്നതാണ്‌,
നിങ്ങൾ കാണാത്തത്
നിങ്ങളെ കാണിക്കാത്തതാണ്‌.
കാണാൻ കഴിയാത്തവർക്കായി
നഗരത്തിൽ ഒരുക്കിയിരിക്കുന്നു,
കാടിനെക്കുറിച്ചൊരു പ്രദർശനം.


എന്റെ എട്ടണ നാണയം...
-----------------------------


എന്റെ എട്ടണ നാണയം 
കാണാതെപോയി.
അതു നോക്കി നടക്കുമ്പോൾ
എനിക്കൊരു വെള്ളിരൂപ കിട്ടി.
അതെന്റേതല്ല,
എന്നാൽ അതിലുണ്ടായിരുന്നു,
എന്റെ ഛേദിച്ച ശിരസ്സിന്റെ രൂപം.
എന്റെ ഉടലപ്പോൾ
ആ എട്ടണ നാണയത്തിലുണ്ടാവണം.
അതുകൊണ്ടാവണം
മിനക്കെട്ടു ഞാനതു നോക്കിനടന്നത്.
എന്റെ അപൂർണ്ണവ്യക്തിത്വമിവ്വിധം
പണത്തിന്റെ പിന്നാലെയുള്ളൊരോട്ടമാവുമെന്ന്
ആരറിഞ്ഞു!


ഈ പെയ്യുന്ന മഴയിൽ...
--------------------------


ഈ പെയ്യുന്ന മഴയിൽ
ഏതായിരുന്നു ആദ്യത്തെത്തുള്ളി?
എവിടെയാണതു വീണത്?
അതാരു പറഞ്ഞുതരും?
എണ്ണാൻ മഴത്തുള്ളികൾ ബാക്കികിടക്കുന്നു.
ഒരാളതെണ്ണുമെന്നും ഞാൻ വിശ്വസിക്കുന്നു.

ഈ കാട്ടിൽ,
ഏതായിരുന്നു ആദ്യത്തെ മരം,
രണ്ടാമത്തേതും മൂന്നാമത്തേതും പിന്നീടുള്ളതും?
ഈ മരത്തിന്റെ ഇലകളിൽ
ഏതായിരുന്നു ആദ്യത്തെ ഇല,
അതിനാകെ എത്രയിലകൾ?

ഒരാൾ, അതാരായാലും,
ആദ്യം ചോദിച്ച ചോദ്യമേതായിരുന്നു?
ഉത്തരമേതായിരുന്നു?
അതിനി തെറ്റായ ഉത്തരമാണെങ്കിൽ
അതായിരിക്കണം ആദ്യത്തെ തെറ്റായ ഉത്തരം.
അതെന്തായിരുന്നു?

ആദ്യത്തെ ഭാഷ ഏതായിരുന്നു?
അതിലെ ആദ്യത്തെ വാക്കേതായിരുന്നു,
രണ്ടാമതും മൂന്നാമതും വാക്കുകൾ ചേർന്നപ്പോൾ
ആദ്യത്തെ വാക്യമേതായിരുന്നു?
അതിൽ പറഞ്ഞതെന്തായിരുന്നു?
ആദ്യത്തെ വാക്യം ആദ്യം കേട്ടയാൾക്ക്
അതാദ്യമെഴുതിയയാൾ വായിച്ചുകൊടുത്തിരിക്കണം.
ആതാരായിരുന്നു?
അതാരു പറഞ്ഞുതരും?


കുട്ടികളുടെ ചിത്രങ്ങൾ
-------------------------


ചന്തയിൽ നിന്നു വാങ്ങി
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന
കുട്ടികളുടെ വർണ്ണചിത്രങ്ങൾ-
കൊഴുത്തുരുണ്ട, കവിളു തുടുത്ത
ആ കുട്ടികൾ
നമ്മുടെ കുട്ടികളെപ്പോലെയല്ലേയല്ല.

അത്തരം കുട്ടികളുടെ ചിത്രങ്ങൾക്ക്
നല്ല വില്പനയാണ്‌;
ഏതു കുടുംബത്തിലുമുണ്ടാവും,
അങ്ങനെയൊരു ചിത്രം വാങ്ങി
വീട്ടിൽ തൂക്കിയിടുന്ന ഒരച്ഛൻ.

വാസ്തവമെന്തെന്നാൽ,
അതാരും തുറന്നുപറയില്ലെങ്കിലും,
സ്വന്തം കുട്ടികളെക്കുറിച്ചുള്ള
ആധിയാണവർക്ക്.


ഒരു ചെറിയ മുറി...
-----------------------


ഒരു ചെറിയ മുറി,
അതിന്റെ ചുമരു നിറയെ
ആണികൾ അടിച്ചുകയറ്റിയിരിക്കുന്നു,
ചിത്രങ്ങൾ തൂക്കിയിടാനായി.
എന്നാൽ
ഒരു ചിത്രം പോലും കാണാനില്ല.
എടുക്കാൻ പാകത്തിൽ
ആണികളിൽ തൂക്കിയിട്ടിരിക്കുകയാണ്‌
ഇനിയുള്ള നാളുകളിൽ
ധരിക്കാനുള്ള കുപ്പായങ്ങൾ.


ആകാശത്തേക്ക്...
-----------------------


ആകാശത്തേക്കു ഞാനൊരു
താക്കോല്ക്കൂട്ടം തട്ടിയെറിഞ്ഞു,
ആകാശം പൊട്ടിത്തുറക്കുന്നതു
ഞാൻ കണ്ടു.
എന്റെ ചെല്ലപ്പെട്ടിയുടെ
താക്കോലുകളിലൊന്നാണ്‌
അതു തുറന്നതെന്നതിൽ സംശയമില്ല.

അങ്ങു മുകളിൽ
തെളിഞ്ഞ മാനത്ത്
അഞ്ചു ജെറ്റുവിമാനങ്ങൾ പ്രത്യക്ഷമാവുന്നു,
പിന്നെ കാണാതെയാവുന്നു.
എന്റെ ചെല്ലപ്പെട്ടിക്കുള്ളിലുണ്ട്
രണ്ടു പാറ്റകൾ,
പെട്ടി തലകീഴായി പിടിച്ചാലും
പുറത്തേക്കു വരാത്തവ.


ദൂരെനിന്നുവേണം വീടിനെ നോക്കാൻ
-----------------------------------------


വളരെ ദൂരെനിന്നു വേണം
നിങ്ങൾ സ്വന്തം വീടിനെ നോക്കാൻ,
തള്ളിവിട്ടാലും നിങ്ങൾക്കു മടങ്ങാൻ പറ്റാത്തവിധം
അത്ര ദൂരത്തു നിന്ന്;
ഏഴു സമുദ്രങ്ങൾക്കുമപ്പുറത്താണെങ്കിലും
ഒരുനാൾ മടങ്ങാമെന്ന ആശയോടെ.
പോകുമ്പോൾ നിങ്ങളൊന്നു തിരിഞ്ഞുനില്ക്കണം,
മറ്റൊരു ദേശത്തു നിന്നു സ്വദേശത്തെ നോക്കണം,
ബഹിരാകാശത്തു നിന്നു ഭൂമിയെ നോക്കണം,
സ്വന്തം കുട്ടികളെക്കുറിച്ചോർക്കുമ്പോൾ,
വീട്ടിലവർ എന്തു ചെയ്യുകയാവുമെന്നോർക്കുമ്പോൾ
നിങ്ങളോർക്കുന്നതു ഭൂമിയിലെ കുട്ടികളെക്കുറിച്ചുമാകട്ടെ,
വീട്ടിലെല്ലാം വേണ്ടത്രയുണ്ടോയെന്നാധിപ്പെടുമ്പോൾ
ഭൂമിയിലെല്ലാം വേണ്ടത്രയുണ്ടോയെന്നും നിങ്ങളാധിപ്പെടട്ടെ,
ഭൂമിയിലൊരാൾ വിശന്നിരിക്കുന്നത്
വീട്ടിലൊരാൾ വിശന്നിരിക്കുന്നപോലാകട്ടെ,
ഭൂമിയിലേക്കു മടങ്ങിയെത്തുന്നത്
വീട്ടിലേക്കു മടങ്ങിയെത്തുന്നപോലെയുമാകട്ടെ.
വീട്ടിലെ കാര്യങ്ങളാകെ കുഴപ്പത്തിലാണെന്നതിനാൽ
ചില ചുവടുകൾക്കു പിന്നെ വീട്ടിലേക്കു ഞാൻ തിരിച്ചുനടക്കുമ്പോൾ
അതു ഭൂമിയിലേക്കു തിരിച്ചുനടക്കുന്നപോലെയാകുന്നു.
*

ആരാണവിടെ...
---------------------


ആരാണവിടെ?
ഞാൻ ചോദിക്കുന്നു,
എന്റെ മുഖം പിന്നെ വിവർണ്ണമാവുകയും ചെയ്യുന്നു.
ആരുമില്ല- അതാണുത്തരം,
ഞാൻ തന്നെയാണതു പറയുന്നതും.
ഞങ്ങളിരുവർ, ഞാനും ഞാനും,
വാർദ്ധക്യത്തിൽ അതുമിതും പറഞ്ഞിരിക്കുകയാണ്‌,
സമയം പോകാനായി,
ഇന്നുകളും നാളെകളും പോകാനായി.
ഏതാഴ്ചയാണിന്നെന്നറിയാനായി
മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചിരിക്കുന്നു.
ഇന്നേതാഴ്ചയാണോ,
അതു കടന്നുപോയിരിക്കുന്നു.
*

ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു...
---------------------------------------------


ചുമരിൽ ഒരു ജനാല ജീവിച്ചിരുന്നു.
ആ ജനാലയുള്ളതിനാൽ ഒരു പുറംകാഴ്ചയും ജീവിച്ചിരുന്നു:
ഒരു കുടിൽ, രണ്ടു നടപ്പാതകൾ, ഒരു പുഴ,
രണ്ടു കുളങ്ങൾ.
ഇവയ്ക്കെല്ലാം കൂടി ഒരാകാശവും ഉണ്ടായിരുന്നു.
ആളുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു.
മരങ്ങളുണ്ടായിരുന്നു, കിളികളുണ്ടായിരുന്നു.
ഒക്കെയും ആ ജനാലയിലാണു ജീവിച്ചിരുന്നത്.
ആരുമില്ലെങ്കിൽ ജനാല അടഞ്ഞുകിടന്നിരുന്നു.
ആരെങ്കിലുമുണ്ടെങ്കിൽ ജനാല തുറന്നുകിടന്നിരുന്നു.
അതിന്റെ ഇങ്ങേപ്പുറത്ത്, ചുമരിൽ,
ഒരു മനുഷ്യൻ ജീവിച്ചിരുന്നു.
*


ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്‌...
----------------------------------------------------------------------------


ഞാനെന്റെ അയല്ക്കാരന്റെ വീട്ടിലേക്കു നടന്നുപോവുകയാണ്‌.
ഇതും ഒരു യാത്രപോകൽ തന്നെയല്ലേ?
ദൂരത്തേക്കു പോകുന്നതേ യാത്രയായിട്ടുള്ളൂ?
ഞാനെന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു,
ഇപ്പോൾ അയല്ക്കാരന്റെ വീട്ടിലേക്കു പോവുകയാണ്‌,
വീടെന്റെ പിന്നിലായിക്കഴിഞ്ഞു.
യാത്രയുടെ രണ്ടു ചുവടു ഞാൻ വച്ചുകഴിഞ്ഞു-
എന്റെ തീർത്ഥയാത്രയുടെ.
*

നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്‌...
--------------------------------------------------


നമ്മളെല്ലാവരും ഒരേ കൂരയ്ക്കു കീഴിലാണ്‌ ജീവിച്ചിരുന്നതെങ്കിൽ,
വെവ്വേറെ അടുപ്പുകളില്ലാതെ-
അപ്പുപ്പൻ, വല്യമ്മായി, അച്ഛൻ, അമ്മാവൻ, സഹോദരങ്ങൾ-
എല്ലാവരും ഒരേയിടത്തായിരുന്നെങ്കിൽ.
പ്രകൃതി പ്രകൃതിക്കടുത്താണ്‌ ജീവിക്കുന്നത്,
പുല്ല് പുല്ലിനരികിൽ,
ചെളി ചെളിക്കരികിൽ,
വായുവിൽ ജീവിക്കുന്നുണ്ട്,
കൊടുങ്കാറ്റുകൾ, ചുഴലികൾ, 
സുഗന്ധം പേറിവരുന്ന തെന്നലുകൾ.
ഭൂമിയെ വലയം ചെയ്യുന്ന വായു ഒന്നുതന്നെയാണ്‌,
നമ്മുടെ പ്രാണവായുവിനൊപ്പം.
*

ഹതാശനായി...
-------------------

ഹതാശനായി അയാൾ ഇരുന്നുപോയി.
എനിക്കയാളെ അറിയുമായിരുന്നില്ല,
എന്നാൽ നൈരാശ്യം എനിക്കറിയാമായിരുന്നു.
അതുകൊണ്ടാണ്‌ അയാൾക്കടുത്തുചെന്ന്
ഞാൻ കൈനീട്ടിയത്.
അയാൾ എന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റുനിന്നു.
അയാൾക്കെന്നെ അറിയുമായിരുന്നില്ല,
എന്നാൽ നീട്ടിയ കൈ അയാൾക്കറിയുമായിരുന്നു.
ഞങ്ങൾ ഒരുമിച്ചു നടന്നു.
ഞങ്ങൾക്കന്യോന്യം അറിയുമായിരുന്നില്ല,
എന്നാൽ ഒരുമിച്ചു നടക്കാൻ ഞങ്ങൾക്കറിയാമായിരുന്നു.
*

അങ്ങനെയൊരു പ്രായത്തിൽ...
====================


അങ്ങനെയൊരു പ്രായത്തിൽ ഞാനെത്തിയിരിക്കുന്നു,
പിറന്നുവീഴുന്ന ഏതു കുഞ്ഞും
എന്റെ പേരക്കുട്ടികളെക്കാൾ
ഇളയതാകുന്ന പ്രായം.
പിറവിയുടെ ലോകത്താഘോഷമാണ്‌-
പ്രഭാതമായിരിക്കുന്നു എന്നൊരാൾ പറഞ്ഞാൽ
അതു കേൾക്കേണ്ടത്
ആർക്കോ ഒരാൺകുട്ടി ജനിച്ചിരിക്കുന്നു എന്നാണ്‌;
പ്രഭാതമായിരിക്കുന്നു! എന്നാരെങ്കിലും ആർപ്പു വിളിച്ചാൽ
അതു കേൾക്കേണ്ടത്
നവജാതശിശു ഒരു പെൺകുട്ടിയാണ്‌ എന്നാണ്‌.
എന്റെ മകൾക്ക് രണ്ടു പെൺകുട്ടികളാണ്‌,
ഇളയവൾ ഉണരേണ്ട താമസം,
അവൾ പകലിനെ ഒരു പാവയെപ്പോലെ പൊക്കിയെടുക്കുന്നു,
മൂത്തവൾ ഉണരുമ്പോഴാകട്ടെ,
അവൾ പകലിനെത്തന്നെ പൊക്കിയെടുക്കുന്നു!


2025 ഡിസംബർ 2, ചൊവ്വാഴ്ച

റയ്‌മണ്ട് കാർവർ - ഉറക്കം



കൈ തലയിണയാക്കി അയാളുറങ്ങി.
ഒരു പാറ മേൽ.
സ്വന്തം കാലിൽ.
മറ്റൊരാളുടെ കാല്ക്കൽ.
ബസ്സുകളിൽ, ട്രെയിനുകളിൽ, വിമാനങ്ങളിൽ അയാളുറങ്ങി.
ജോലിക്കിടയിലുറങ്ങി.
വഴിയരികിലുറങ്ങി.
ഒരാപ്പിൾച്ചാക്കിനു മുകളിലുറങ്ങി.
ഒരു പബ്ലിക് ടോയ്‌ലെറ്റിലയാളുറങ്ങി.
ഒരു വൈക്കോല്ക്കൂനയിൽ. 
സൂപ്പർ ഡോമിൽ.
ഒരു ജഗ്വാറിൽ, ഒരു പിക്കപ്പിന്റെ പിന്നിൽ.
തിയേറ്ററുകളിലുറങ്ങി.
ജയിലിലുറങ്ങി.
സ്റ്റിയറിങ്ങ് വീലിനു പിന്നിൽ.
ബോട്ടുകളിൽ.
കാവല്പുരകളിലയാളുറങ്ങി, ഒരിക്കലൊരു കോട്ടയ്ക്കകത്തും.
മഴയത്തുറങ്ങി.
പൊള്ളുന്ന വെയിലത്തുറങ്ങി.
കുതിരപ്പുറത്തയാളുറങ്ങി.
കസേരകളിൽ, പള്ളികളിൽ, ആഡംബരഹോട്ടലുകളിലയാളുറങ്ങി.
ജീവിതകാലം മുഴുവൻ വിചിത്രമായ കൂരകൾക്കു ചുവട്ടിലയാളുറങ്ങി.
ഇപ്പോഴയാൾ മണ്ണിനടിയിലുറങ്ങുന്നു.
ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
വൃദ്ധനായ ഒരു രാജാവിനെപ്പോലെ.
*

*സൂപ്പർ ഡോം- ന്യൂ ഓർലിയൻസിലെ സ്റ്റേഡിയം

2025 നവംബർ 29, ശനിയാഴ്‌ച

ബാഷോ - ഹൈബൺ



ഹൈക്കുവും ഗദ്യവും ഇടകലർന്ന ഒരു സാഹിത്യരൂപമാണ്‌ ഹൈബൺ (Haibun). അതിന്‌ ഒരു നിയതരൂപം നല്കി പ്രചാരത്തിലാക്കിയത് മത്‌സുവോ ബാഷോ ആണ്‌.


1. ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക


ഏകാന്തദാരിദ്ര്യം, ചന്ദ്രനെ നോക്കിയിരിക്കുക. ഏകാന്തദാരിദ്ര്യം, എന്റെ പടുതിയെക്കുറിച്ചാലോചിച്ചിരിക്കുക. ഏകാന്തദാരിദ്ര്യം, ഒരു കഴിവുമില്ലല്ലോ എനിക്കെന്നു ചിന്തിച്ചിരിക്കുക. ഞാനെങ്ങനെ കഴിഞ്ഞുകൂടുന്നു? മറുപടി ഞാൻ തന്നെ പറയാം: “എകാന്തദാരിദ്ര്യത്തിൽ.” ആരും തിരിച്ചൊന്നും പറയുന്നില്ല. പിന്നെയും ഏകാന്തദാരിദ്ര്യം.


ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക.

ഒറ്റയ്ക്കിരുന്നു ചന്ദ്രനെ നോക്കുന്നവൻ

ചായ കുടിക്കുമ്പോൾ പാടുന്നു.


(1680)


2. ഒരു വേനല്പാടത്തിന്റെ ചിത്രത്തിലെഴുതിയത്


“തൊപ്പിയും വച്ച് കുതിരപ്പുറത്തിരിക്കുന്ന ആ ഭിക്ഷു എവിടെ നിന്നു വരുന്നു, എവിടേയ്ക്കു പോകുന്നു?” “അത്,” ചിത്രകാരൻ പറഞ്ഞു, “യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണ്‌.” “എങ്കിൽ, തപ്പിത്തടയുന്ന ത്രിലോകസഞ്ചാരീ, താഴെ വീഴാതെ പിടിച്ചിരിക്കൂ!”


മന്ദം നടക്കുന്ന കുതിരയുടെ പുറത്ത്

ചിത്രത്തിൽ ഞാനെന്നെ കാണുന്നു-

വേനലെരിക്കുന്ന പാടം.


(1683)


ക്യോരിക്കുവിനെ പിരിയുമ്പോൾ എഴുതിയത്


പോയ ശരല്ക്കാലത്തു മാത്രമാണ്‌ ഞാൻ അയാളെ കാണാനിടയായത്; എന്നിട്ട് ഈ അഞ്ചാം മാസത്തിന്റെ തുടക്കത്തിൽ അയാൾ പോകുന്നതിനെക്കുറിച്ചു ഞാൻ വിലപിക്കുന്നു. വിട പറയാനുള്ള സമയമായപ്പോൾ അയാളെന്റെ പുല്ക്കുടിലിന്റെ വാതില്ക്കൽ വന്നു മുട്ടി. ഒരു പകൽ മുഴുവൻ ഞങ്ങൾ അലസമായി അലഞ്ഞുനടന്നു. പല കഴിവുകളുമുള്ള അയാൾക്ക് കവിതയും ചിത്രം വരയും വളരെ ഇഷ്ടമാണ്‌. അയാളുടെ താല്പര്യങ്ങളുടെ മാറ്റൊന്നുരച്ചുനോക്കിയാലോ എന്ന് എനിക്കു തോന്നി. “നിങ്ങൾ എന്തുകൊണ്ടാണ്‌ ചിത്രം വരയെ സ്നേഹിക്കുന്നത്?” ഞാൻ ചോദിച്ചു. “കവിത കാരണം,” അയാൾ പറഞ്ഞു. “നിങ്ങൾ എന്തുകൊണ്ടാണ്‌ കവിതയെ സ്നേഹിക്കുന്നത്?” “ചിത്രം വര കാരണം.” ഈ രണ്ടു കലകൾക്കും അങ്ങനെ ഉപയോഗം ഒന്നുതന്നെ. “അതെ, ഒരാൾ പലതിൽ വ്യാപരിക്കുന്നത് ലജ്ജാവഹമാണ്‌.” അതിനാൽ രണ്ടു കലകളെ ഒരേ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് പ്രശംസനീയം തന്നെ. ചിത്രം വരയിൽ അയാൾ എന്റെ ഗുരുവാണ്‌; ഞാൻ അയാളെ കവിതയുടെ രീതികൾ പഠിപ്പിക്കുന്നു; അങ്ങനെ അയാളെന്റെ ശിഷ്യനുമാണ്‌. എന്റെ ഗുരു ചിത്രം വരയുടെ ആത്മീയതയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു; അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതയോടെയാണ്‌ ആ തൂലിക നീങ്ങുന്നത്. ആ രചനകളുടെ നിഗൂഢമായ ഗഹനത അതേവിധത്തിൽ ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ല.


ഞാൻ അയാളോട് ഇങ്ങനെ പറഞ്ഞു: “എന്റെ കവിത വെയിലത്തു ചൂളയും തണുപ്പത്തു വിശറിയുമാണ്‌. പൊതുവായ അഭിരുചിക്കു വിരുദ്ധമായിട്ടാണ് അതിന്റെ ഗതി. പ്രായോഗികമായി അതു കൊണ്ട് ഒരുപയോഗവുമില്ല. എന്നാൽ ഷെൻസേയും സെയ്ഗ്യോയും എറ്റിയെറിഞ്ഞ നിസ്സാരമായ വാക്കുകൾ പോലും മനസ്സിളക്കാൻ പോരുന്നതാണ്‌. ഗോ-ടോബ ചക്രവർത്തിയല്ലേ പറഞ്ഞത്, ‘അവരുടെ കവിതയിൽ സത്യമുണ്ട്, ഉള്ളിൽ ശോകവുമായി’ എന്ന്. ഈ വാക്കുകളിൽ നിന്നു ശക്തി സംഭരിക്കൂ. ഈ നേർത്ത ഇഴയിൽ നിന്നു മാറിപ്പോകരുത്. കുക്കായി എഴുതിയിട്ടില്ലേ: ‘പുരാതനരുടെ കാല്പാടുകൾക്കു പിന്നാലെ പോരുത്; അവർ തേടിയതെന്തോ, അതു തേടുക. ഹൈക്കെയുടെ കാര്യത്തിലും ശരിയാണത്.’ ഞാൻ വിളക്കുമെടുത്ത് പടി വരെ ചെന്നു. അവിടെ വച്ച് ഞങ്ങൾ പിരിഞ്ഞു.  

(1693) 

ഏകാന്തവാസത്തിനുള്ള വിശദീകരണം


കാമവികാരത്തെ കൺഫ്യൂഷ്യസിന്റെ മതക്കാർ അവജ്ഞയോടെ കാണുന്നു, ബുദ്ധമതത്തിലെ പഞ്ചപ്രമാണങ്ങളിൽ ആദ്യത്തേതും കാമനിരോധം തന്നെ. എന്നാൽ കുടഞ്ഞുകളയാൻ ഏറ്റവും ദുഷ്കരമായതൊന്നാണത്; വൈകാരികമായി ആഴത്തിലേക്കിറങ്ങിയതുമാണത്. കുരാബുമലയിലെ പ്ലം മരങ്ങൾക്കു ചുവട്ടിൽ വച്ച് സന്ധ്യക്കു ചെയ്യുന്ന പ്രതിജ്ഞകൾ പൊടുന്നനേ പ്രണയത്തിന്റെ പരിമളം വീശുന്നതോടെ ലംഘിക്കപ്പെടുന്നു. കുന്നുകളുടെ മറവിൽ, ആരും ശ്രദ്ധിക്കാനില്ലാതിരിക്കുമ്പോൾ, അവിവേകങ്ങൾ നടക്കുന്നു. ഒരു വേശ്യയോടുള്ള മോഹത്തിൽ മുങ്ങി വീടും വിറ്റ്, സ്വന്തം ജീവിതം നശിപ്പിച്ചവരുടെ ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്. എന്നാൽ ദീർഘായുസ്സിനു ദാഹിക്കുകയും ലോകതൃഷ്ണകളുടെ പേരിൽ ആത്മാവിനെ ദണ്ഡിപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തോടുള്ള അശ്രദ്ധയാണ്‌. അതുവച്ചു നോക്കുമ്പോൾ പ്രേമിക്കുന്നവരുടെ പാപങ്ങൾ നിസ്സാരവും ക്ഷമിച്ചുകൊടുക്കാവുന്നതുമാകുന്നു.

ഒരൾ എഴുപതു വയസ്സെത്തുന്നത് വിരളമാണ്‌, ഇരുപതു വർഷത്തിലധികം ശരീരവും മനസ്സും പുഷ്കലായിട്ടിരിക്കുകയുമില്ല. വാർദ്ധക്യം തുടങ്ങുന്നതിനു മുമ്പുള്ള നമ്മുടെ ആദ്യത്തെ നാല്പതു കൊല്ലത്തിന്‌ ഒറ്റ രാത്രി നീളുന്ന സ്വപ്നത്തിന്റെ ദൈർഘ്യമേയുള്ളു. അമ്പതിലോ അറുപതിലോ നമ്മെ ബലക്ഷയം പിടികൂടുകയും നാം പോകെപ്പോകെ ദയനീയരാവുകയും ചെയ്യും. അതിരാവിലെ നാം ഉറക്കമുണരുന്നു, എന്തു ചെയ്യണമെന്നറിയാതെ; വൈകുന്നേരമാകുന്നതോടെ നാം ക്ഷീണിക്കുകയും ചെയ്യുന്നു, ഒന്നും ചെയ്യാതെതന്നെ.

മൂഢന്മാർക്കാധിപ്പെടാൻ പലതുമുണ്ട്. സുഖലോലുപരായി ജീവിക്കുകയും അതില്പിന്നെ ഏതെങ്കിലും വിദ്യയിൽ നിഷ്ണാതരാവുകയും ചെയ്യുന്നവർക്ക് ശരിതെറ്റുകൾ വേർതിരിച്ചറിയാൻ നല്ല കഴിവുണ്ടാവും. എന്നാൽ കല തന്നെ ജീവിതമാക്കിയ ചിലർ ആർത്തിയുടെ ഈ ആസുരലോകത്തോടുള്ള കലി കാരണം തങ്ങളുടെ കലാജിവിതം തുടർന്നുകൊണ്ടു പോകാനാകാതെ വഴിയരികിലെ ഏതെങ്കിലും ചെളിക്കുണ്ടിൽ ചെന്നടിയുന്നു. അതിനാൽ പണ്ടൊരു ഗുരു പറഞ്ഞപോലെ ഗുണദോഷങ്ങൾ ചികയാൻ പോകാതിരിക്കുക, യൗവ്വനവും വാർദ്ധക്യവും മറവിയിൽ തള്ളുക, മനഃശാന്തിയോടെ ജീവിക്കുക: ഒരു വൃദ്ധന്റെ ആനന്ദമാണിത്.

ആരെങ്കിലും ഇതുവഴി വന്നാൽ പിന്നെ അതുമിതും പറച്ചിലായി. ആരെയെങ്കിലും കാണാൻ ചെന്നാൽ അവരെ ബുദ്ധിമുട്ടിക്കുകയാണോ എന്ന ശങ്കയുമുണ്ടാകുന്നു. സുൻ ജിങ്ങ് വാതിൽ അടച്ചിടുമായിരുന്നു; ദു വുലാങ്ങ് പടി തുറക്കുകയുമില്ല. സ്നേഹിതരില്ലാതിരിക്കുകയാണ്‌ എന്റെ സൗഹൃദം; ദാരിദ്ര്യമാണെന്റെ ധനം. അമ്പതു വയസ്സായ, പിടിവാശിക്കാരനായ ഈ വൃദ്ധൻ സ്വയം ഗുണദോഷിക്കാനായി ഇതെഴുതുന്നു.

തിരുതാളിപ്പൂക്കൾ-
പകലടഞ്ഞുകിടക്കുന്ന
എന്റെ വേലിപ്പടിയിൽ.

(1693)

2025 നവംബർ 26, ബുധനാഴ്‌ച

ബ്രെയോൺ മിച്ചൽ

പരിഭാഷപ്പെടുത്താൻ എത്ര കൃതികളുണ്ടോ, അത്രയും പരിഭാഷാതത്വശാസ്ത്രങ്ങളുമുണ്ട്, അല്ലെങ്കിൽ ഉണ്ടാവണം. ഓരോ കൃതിയും അനന്യമാണ്‌, അനന്യമായ പരിഹാരമാർഗ്ഗമാണ്‌ ഓരോന്നിനും വേണ്ടതും. ഏതു പരിഭാഷാതത്വശാസ്ത്രവും ഏതു കൃതിയാണോ പരിഭാഷപ്പെടുത്തുന്നത് അതിനനുസൃതമായി പരിഷ്കരിക്കപ്പെടണം; പലപ്പോഴും പരിഭാഷാപ്രക്രിയക്കിടയിലാണ്‌ ആ പരിഷ്കരണം നടക്കുന്നതും. എന്നാൽ, പരിഭാഷ കൃത്യവും പൂർണ്ണവും മൂലകൃതിയുടെ ശൈലിയോടു വിശ്വസ്തവുമായിരിക്കണമെന്നത് നാം ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ഒരു മുൻധാരണയുമാണ്‌. കൃത്യം, പൂർണ്ണം, വിശ്വസ്തം- ഈ പദങ്ങൾ കൊണ്ട് നാം എന്താണർത്ഥമാക്കുന്നത്? മൂലരചനയെ മിനുക്കി നന്നാക്കുന്ന വിവർത്തനമാണ്‌ ഏറ്റവും വലിയ വഞ്ചന എന്ന് ജോർജ്ജ് സ്റ്റെയ്‌നർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊതുജനത്തിനു വേണ്ടി ഒഴുക്കുള്ളതും പരായണക്ഷമവുമായ ഭാഷാന്തരം നിർമ്മിക്കാൻ പ്രയത്നിക്കുമ്പോൾ മിക്ക സമകാലികവിവർത്തകരുടേയും മനസ്സിലുള്ളത് ഇപ്പറഞ്ഞതു തന്നെയാണെന്നും വരുന്നു,  മൂലഗ്രന്ഥകാരൻ വരുത്തിയെന്ന് അവർ കരുതുന്ന ശൈലീഭംഗങ്ങളും പിശകുകളും മിനുസപ്പെടുത്തുകയും മായ്ച്ചുകളയുകയും ചെയ്യുക എന്നാണ്‌ അതിനർത്ഥമെങ്കിലും. 1930കളിൽ കാഫ്കയുടെ നോവലുകൾ ആദ്യമായി വിവർത്തനം ചെയ്യുമ്പോൾ എഡ്വിൻ മൂറും വില്ലാ മൂറും സ്വീകരിച്ചത് ഈ സമീപനമായിരുന്നു. എന്നാൽ കാഫ്കയുടെ കാര്യം വ്യത്യസ്തമാണ്‌; വിവർത്തനത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ്‌ അതാവശ്യപ്പെടുന്നത്.

(ബ്രെയോൺ മിച്ചൽ "വിചാരണ"യുടെ ഇംഗ്ലീഷ് വിവർത്തനത്തിനെഴുതിയ ആമുഖത്തിൽ നിന്ന്.)

2025 നവംബർ 18, ചൊവ്വാഴ്ച

ഓസ്കാർ വൈൽഡ്

ഏറ്റവും കുലീനമായ കല ജനിക്കുന്നത് തെളിഞ്ഞതും ആരോഗ്യപ്രദവുമായ ഒരന്തരീക്ഷത്തിലാണ്‌, തുറന്ന ചൂളകളും ഫാക്ടറികളുടെ പുകക്കുഴലുകളും പുറത്തു വിടുന്ന പുകയും കരിയും അഴുക്കും കൊണ്ടു മലിനമായ നമ്മുടെ ഇംഗ്ലീഷ് നഗരങ്ങളിലെ വായുവിലല്ല. നിങ്ങളുടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബലത്തതും സ്വബോധമുള്ളതും ആരോഗ്യമുള്ളതുമായ ശരീരപ്രകൃതിയുണ്ടാവണം. രോഗികളോ വിഷാദപ്രകൃതികളോ അലസരോ ആയവർ കലയിൽ കാര്യമായൊന്നും ചെയ്യുന്നില്ല. ഒടുവിലായി പറയട്ടെ, ഓരോ സ്ത്രീയും പുരുഷനും സ്വന്തമായ ഒരു വ്യക്തിബോധം ഉള്ളവരുമായിരിക്കണം; എന്തെന്നാൽ, കലയുടെ അന്തഃസത്ത ഇതാണ്‌: സാദ്ധ്യമായതിൽ വച്ചേറ്റവും അഭിജാതമായ രീതിയിൽ സ്വയം ആവിഷ്കരിക്കാനുള്ള മനുഷ്യന്റെ അഭിലാഷം. ലോകത്തെ ഏറ്റവും ഗംഭീരമായ കല ജനിച്ചത് റിപ്പബ്ലിക്കുകളിലായതിനു കാരണം അതാണ്‌. ഏഥൻസ്, വെനീസ്, ഫ്ലോറൻസ്: അവിടെങ്ങും രാജാക്കന്മാരുണ്ടായിരുന്നില്ല; അതിനാൽ അവരുടെ കല കുലീനവും ലളിതവും ആത്മാർത്ഥവുമായി. അതേ സമയം, എന്തുതരം കലയാണ്‌ രാജാക്കന്മാരുടെ മൂഢത ഒരു രാജ്യത്തിനു മേൽ അടിച്ചേല്പിക്കുന്നതെന്നു കാണണമെങ്കിൽ ലൂയി പതിന്നാലാമന്റെ, ആ ചക്രവർത്തിസാർവ്വഭൗമന്റെ കാലത്തെ ഫ്രാൻസിലേക്കു നോക്കിയാൽ മതി: സ്വന്തം വൈരൂപ്യത്തെയും ബീഭത്സതയേയും കുറിച്ചുള്ള ബോധത്തിൽ ഞെരിപിരികൊള്ളുന്ന, കടുംചായം തേച്ചതും പൊന്നു പൂശിയതുമായ ഫർണീച്ചറുകൾ, ഓരോ കോണിലും ഇളിച്ചുകൊണ്ടിരിക്കുന്ന ജലദേവതകൾ, ഓരോ നാളിയിലും നാവു നീട്ടിയിരിക്കുന്ന വ്യാളികൾ. അയഥാർത്ഥവും രാക്ഷസീയവുമായ ഈ കല അക്കാലത്തെ ഫ്രാൻസിലെ വിഗ്ഗു വച്ച പൊങ്ങച്ചങ്ങൾക്കു മാത്രം ചേർന്നതുതന്നെ; ഞാനോ നിങ്ങളോ പോലുള്ളവർക്കുള്ളതല്ല. പണക്കാർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സമ്പാദിക്കട്ടെ എന്നല്ല നമ്മുടെ ആഗ്രഹം, മറിച്ച്, പാവപ്പെട്ടവർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സൃഷ്ടിക്കട്ടെ എന്നാണ്‌. എനിക്കോ നിങ്ങൾക്കോ ആവശ്യമുള്ള കല ഒരടിമ നെയ്തെടുത്തതും കുഷ്ഠരോഗിയായ ഏതോ രാജാവിന്റെ പാണ്ടു പിടിച്ച ദേഹത്ത് അയാളുടെ സുഖഭോഗങ്ങളുടെ പാപത്തെ അലങ്കരിക്കാനോ മറചുവയ്ക്കാനോ എടുത്തിട്ട കടുംചുവപ്പു പട്ടല്ല; മറിച്ച്, ഒരു ജനതയുടെ കുലീനവും സുന്ദരവുമായ ജീവിതത്തിന്റെ കുലീനവും സുന്ദരവുമായ ആവിഷ്കാരമാവട്ടെയത്. 

(ഓസ്കാർ വൈൽഡ്/ from Art and the Craftsman)

2025 നവംബർ 11, ചൊവ്വാഴ്ച

ഗോപാൽ ഹൊനാൽഗരെ - കവിതകൾ

 

ഉത്കടാവേശത്തിന്റെ രണ്ടു മുഖങ്ങൾ


എന്റെ ചുവട്ടടിയിൽ
ഒരു മണ്ണിര
എവിടെ നിന്നെന്നില്ലാതെ
എവിടെയ്ക്കോ നീങ്ങുന്നു
മണ്ണു തിന്നു തിന്ന്
ഒരു വഴി തുറന്നുകൊണ്ട്.

എന്റെ തലയ്ക്കു മേലാവട്ടെ,
ചോരച്ചുവപ്പുനിറമായ
തീരെച്ചെറിയ 
ചില ദേശാടനക്കിളികൾ
(അവയുടെ പേരെനിക്കോർമ്മയില്ല)
25 ഗ്രാം ഭാരമുള്ള ഓരോന്നും
മൂവായിരം മൈൽ ദൂരം
നില്ക്കാതെ പറന്ന്
ലക്ഷ്യത്തിലെത്തിച്ചേരുന്നു
13 ഗ്രാം മാത്രം ഭാരവുമായി.

*

ബെർത്തോൾട്ട് ബ്രെഹ്റ്റ് - കവിതകൾ

 
അമ്മയുടെ പേര്‌


ഗുരുതരമായി മുറിവേറ്റവരെക്കുറിച്ചു പറയുമ്പോൾ
നഴ്സുമാർ ഇടയ്ക്കിടെ പറയുന്നൊരു സംഗതിയുണ്ട്:
അവരൊന്നും മിണ്ടാതെയാകുന്നുവെന്ന്,
പിന്നെയുമവർ കുട്ടികളാകുന്നുവെന്ന്.
രോഗികളായി വേദന തിന്നുന്ന ചെറുപ്പക്കാർ
സഹനപൂർണ്ണമായ അവരുടെ ജോലി ഓർമ്മ വയ്ക്കുന്നുവെന്ന്,
തങ്ങളോടു കാണിക്കുന്ന എത്ര ചെറുതായ ദാക്ഷിണ്യത്തിനും
വിചിത്രമായൊരു തീക്ഷ്ണതയോടവർ നന്ദി പറയുന്നുവെന്ന്.
ഒരു കാരണവുമില്ലാതെ കാണാം,
ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ കണ്ണീരു വന്നു തുളുമ്പുന്നതെന്ന്,
ഞരങ്ങിക്കൊണ്ടയാൾ ഒരു പേരുച്ചരിക്കുമെന്ന്-
അയാൾ ഉദ്ദേശിക്കുന്നത് തന്റെ അമ്മയെ.
അതെ, അന്ത്യം വന്നടുക്കുമ്പോൾ,
ജീവന്റെ വെളിച്ചം അവരെ വിട്ടുപോകുമ്പോൾ,
മരണാസന്നർ അമ്മമാരെ വിളിച്ചു കരയുന്നു,
പത്തുകൊല്ലം മുമ്പേ മരിച്ചുപോയിരിക്കുന്നു ആ അമ്മമാരെന്നാലും...
*


കോമാളി


അയാളുടെ മുഖം മഞ്ഞുപോലെ,
പാറമതിൽ പോലത്ര വെളുത്തും വെടിച്ചും.
അയാളുടെ കണ്ണുകളിലെ കലങ്ങിയ നോട്ടത്തിൽ കാണാകുന്നു,
തവിഞ്ഞുപോയൊരു വെളിച്ചം.
മരം പോലെ മരവിച്ചതാണയാളുടെ മുഖം...
ഒരു മൂലയ്ക്ക്, ഒറ്റയ്ക്കിരിക്കുകയാണയാൾ, കോമാളി...
ഒരു കുഞ്ഞിന്റെ കണ്ണുകളാണയാൾക്ക്, അത്രയും നന്മ നിറഞ്ഞത്.
അസാധാരണമായൊരിണങ്ങായ്കയുണ്ടിപ്പോൾ,
അവയിൽ മുമ്പുണ്ടായിരുന്ന എരിതീയ്ക്കും
ഇപ്പോഴത്തെ മങ്ങിയ അശ്രദ്ധയ്ക്കും തമ്മിൽ...
അയാളുടെ മുഖത്തിനൊരു മൃതന്റെ നോട്ടം...
ഇന്നയാളുടെ അമ്മ മരിച്ചു,
അയാൾ, ആ പാവം കോമാളി, 
വ്യസനിച്ചുകൊണ്ടവിടെയിരിക്കണം,
പലനിറത്തുണികൾ വെട്ടിത്തുന്നിയ കുപ്പായവുമായി...
*

യാചകൻ


നിലാവുള്ള രാത്രികളിൽ ചിലനേരം
നാട്ടിലെ വീടുകൾക്കിടയിലൂടെ നിശ്ശബ്ദം കടന്നുപോകുമ്പോൾ
എന്റെയീ ചോര വാർന്ന തൊണ്ടയിലിരച്ചുയരുന്നു,
ചുട്ടുപൊള്ളുന്ന, പേടിപ്പിക്കുന്ന വ്യസനം.

ഞാനപ്പോൾ അമ്മയെ ഓർക്കുന്നു,
സ്നേഹം വഴിയുന്ന ആ മുഖം കാണുന്നു,
ഈദൃശരാത്രികളിലെത്ര തവണയാണ്‌,
നിലാവെളിച്ചത്തിൽ കണ്ണീരുമായിട്ടവരിരുന്നതെന്നോർക്കുന്നു.

*

അവർ രണ്ടുപേർ



തൊട്ടുതൊട്ടവർ നടന്നു, ആ  രണ്ടുപേർ,
ഹൃദ്യമായ കാര്യങ്ങളവർക്കു പറയാനുണ്ടായിരുന്നു,
അതിദുഷ്കരമായിരുന്നു പക്ഷേ, അവർക്കു വാക്കുകൾ.
അതിനാലവർ കാലാവസ്ഥയെക്കുറിച്ചു പരിതപിച്ചു,
ഇന്നത്തെക്കാലത്തു കാര്യങ്ങളിങ്ങനെയാണെന്നും.
മനസ്സിലുള്ളതിനെക്കുറിച്ചവർ മിണ്ടിയതേയില്ല...
അതില്പിന്നെ വർഷങ്ങളനേകം കഴിഞ്ഞുപോയി,
വിലാപങ്ങളിലൂടവരുടെ കാലവും കടന്നുപോയി,
പറയാനാഗ്രഹിച്ചതവർ ഒരുകാലത്തും പറഞ്ഞുമില്ല.

*

ദൈവത്തിന്റെ സന്ധ്യാപ്രാർത്ഥന


നീലിച്ച സായാഹ്നവാതം തട്ടി പിതാവായ ദൈവമുണരുമ്പോൾ തനിയ്ക്കു മേൽ ആകാശം വിവർണ്ണമാകുന്നതവൻ കാണുന്നു, അതവനാസ്വാദ്യവുമാകുന്നു. അന്നേരം തന്നെ പ്രപഞ്ചത്തിന്റെ വിപുലസംഘഗാനം അവന്റെ കേൾവിയെ ഉത്തേജിപ്പിക്കുകയും അവനതിൽ മുഴുകുകയും ചെയ്യുന്നു:

പ്രളയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കാടുകളുടെ ആക്രന്ദനങ്ങൾ.

ആളുകളുടെയും അകസാധനങ്ങളുടെയും ഭാരം താങ്ങാവുന്നതിലധികമാകുമ്പോൾ പഴകിയ മരവീടുകളുടെ ഞരക്കം.

കരുത്തപഹരിക്കപ്പെട്ട ക്ഷീണിതമായ പാടങ്ങളുടെ കാസച്ചുമ.

ഭൂമിയിലെ തന്റെ കഠിനവും ധന്യവുമായ ജീവിതം സമാപ്തിയിലേക്കെത്തിക്കുന്ന അവസാനത്തെ മാമത്തിന്റെ കൂറ്റനായ ഉദരശബ്ദങ്ങൾ.

മഹാന്മാരുടെ അമ്മമാർ ഉത്ക്കണ്ഠയോടുരുക്കഴിക്കുന്ന പ്രാർത്ഥനകൾ.

വെളുത്ത ഹിമാലയത്തിലെ മഞ്ഞുറഞ്ഞ ഏകാന്തതയിൽ സ്വയം വിനോദിക്കുന്ന ഹിമാനികളുടെ ഹുങ്കാരങ്ങളും ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ യാതനകളും.

അതേസമയം തന്നെ: കാടുകളെ മുക്കിത്താഴ്ത്തുന്ന പ്രളയജലത്തിന്റെ ഉന്മത്തഗാനങ്ങൾ.

പുരാതനമായ പലകത്തട്ടുകളുടെ താരാട്ടിലുറങ്ങുന്ന മനുഷ്യരുടെ സൗമ്യനിശ്വാസങ്ങൾ.

നിർവൃതിയിലാണ്ട ചോളപ്പാടത്തിന്റെ മന്ത്രണങ്ങൾ, മില്ലുകളുടെ ദീർഘപ്രാർത്ഥനകൾ.

മഹാന്മാരുടെ മഹദ്വചനങ്ങൾ.

ദുരിതത്തിലായ ബെർത്ത് ബ്രെഹ്റ്റിന്റെ ഒന്നാന്തരം കവിതകൾ.
*


പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം...


പുല്ലിനുമുണ്ടാവട്ടെ ഒരർത്ഥം, തമ്പുരാനേ,
നിന്റെ കാറ്റുകൾ വീശിയടങ്ങുമ്പോൾ,
സന്ധ്യാപ്രാർത്ഥനയ്ക്കു മണികൾ മുഴങ്ങുമ്പോൾ,
പാടങ്ങൾ വിശ്രാന്തിയിൽ മയങ്ങുമ്പോൾ.

കിളികൾ മരച്ചില്ലകൾക്കിടയിൽ
തങ്ങളുടെ കോലാഹലമവസാനിപ്പിക്കുമ്പോൾ
അപ്പോൾ, പൊടുന്നനേ ഉറക്കം വന്നുകയറുന്നു,
ഒച്ചയെടുക്കുന്നവനും ഒച്ചയില്ലാത്തവനും മേൽ.

പുല്ലിൽ, നീലപ്പുല്ലിലെന്റെ പിൻകഴുത്തറിയുന്നു,
നിന്റെ മണ്ണിൽ നിന്നും തമ്പുരാനേ,
ഊഷ്മളത പിൻവാങ്ങുന്നതും, നക്ഷത്രങ്ങൾ
എന്നിൽ ചേക്കയേറാനെത്തുന്നതും.
*

ഈ രാത്രിയിലിപ്പോൾ...


1
ഈ രാത്രിയിലിപ്പോൾ നിന്നെ ഞാൻ പ്രേമിക്കുന്ന വേളയിൽ
വെണ്മേഘങ്ങൾ മാനത്തു മൗനത്തിലാണ്‌,
പാറകൾക്കു മേൽ പുഴവെള്ളമിരമ്പുകയാണ്‌,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയാണ്‌.

2
ആണ്ടോടാണ്ടു പുഴവെള്ളം
ഇരമ്പിക്കുതിച്ചുപായുന്നു,
ആകാശത്തു കാണാം
മേഘങ്ങളെത്രയെങ്കിലും.

3
പില്ക്കാലം ഏകാന്തതയുടെ വർഷങ്ങളിൽ
കാണാൻ വെണ്മേഘങ്ങളപ്പോഴുമുണ്ടാകും,
പാറകൾക്കു മേൽ പുഴവെള്ളമൊച്ചയെടുക്കും,
മരവിച്ച പച്ചപ്പിൽ കാറ്റു വിറകൊള്ളുകയും ച്യ്യും.
*

ഭാഗ്യത്തെക്കുറിച്ച്


രക്ഷപ്പെടണമെന്നുള്ളവന്‌
ഭാഗ്യം കൂടിയേ കഴിയൂ.
ഭഗ്യമില്ലാതെ
ഒരാൾക്കും സ്വയം രക്ഷിക്കാനാവില്ല
തണുപ്പിൽ നിന്ന്
വിശപ്പിൽ നിന്ന്
സഹജീവികളിൽ നിന്നു പോലും.

ഭാഗ്യം നമുക്കു തുണ.

എനിക്കൊരുപാടു ഭാഗ്യം കിട്ടിയിരിക്കുന്നു.
അതുകൊണ്ടത്രേ
ഇപ്പോഴും ഞാൻ ഇവിടൊകെത്തന്നെയുള്ളതും.
ഭാവിയിലേക്കു നോക്കുമ്പോൾ പക്ഷേ,
ഒരു കിടുങ്ങലോടെ ഞാൻ തിരിച്ചറിയുന്നു,
എന്തുമാത്രം ഭാഗ്യം
ഇനിയുമെനിക്കു വേണ്ടിവരുമെന്ന്.

ഭാഗ്യം നമുക്കു തുണ.

ഭാഗ്യമുള്ളവനു ബലവുമുണ്ട്.
നല്ല പോരാളിയും വിജ്ഞനായ ഗുരുവും
ഭാഗ്യമുള്ളവരായിരിക്കും.

ഭാഗ്യം നമുക്കു തുണ.
*

നിങ്ങളുടെ രാജ്യത്തോ?


ഞങ്ങളുടെ രാജ്യത്ത്,
ഒരു വർഷം തീരാറാവുമ്പോൾ,
അല്ലെങ്കിൽ വലിയൊരു ജോലി ചെയ്തുകഴിയുമ്പോൾ,
അല്ലെങ്കിൽ ഒരു പിറവിയുടെ വാർഷികത്തിനോ
സന്തോഷത്തിനും ഭാഗ്യത്തിനുമുള്ള ആശംസകൾ
ഞങ്ങളന്യോന്യം കൈമാറുന്നു,
കാരണം, ഞങ്ങളുടെ രാജ്യത്ത്
ഹൃദയനൈർമ്മല്യമുള്ളവർ ഭാഗ്യവാന്മാർ കൂടിയാവണം.

ആരെയും ദ്രോഹിക്കാത്തവൻ
ഞങ്ങളുടെ രാജ്യത്ത്
അഴുക്കുചാലിൽ അവസാനിക്കും,
സൗഭാഗ്യങ്ങൾ വില്ലന്മാർക്കു മാത്രമുള്ളതും.

ഉച്ചയ്ക്കൊരൂണു തരപ്പെടുത്താൻ
ധൈര്യം നല്ല കണക്കിൽ വേണം,
അത്രയും ധൈര്യമുണ്ടെങ്കിൽ
മറ്റിടങ്ങളിൽ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാം.
ഒരാൾക്കും, മരണത്തെ മുഖത്തോടു മുഖം നോക്കാൻ
തയാറല്ലവരെങ്കിൽ,
ദുരിതത്തിലായവരെ സഹായിക്കാനാവില്ല.

അസത്യങ്ങൾ പറയുന്നവനെ
തണ്ടിലേറ്റി തെരുവിലൂടെഴുന്നള്ളിക്കും,
സത്യം പറയുന്നവനാവട്ടെ,
അംഗരക്ഷകരുടെ സംഘം തന്നെ വേണ്ടിവരും,
ഒരാളെയുമയാൾ കണ്ടെത്തുകയുമില്ല.
*

ഗീതകം


അക്കാലത്തു നിന്നെനിക്കോർമ്മയുള്ളതിത്രമാത്രം:
വെള്ളമിരച്ചൊഴുകിപ്പോകും പോലൊരു ശബ്ദം,
അല്ലെങ്കിൽ ജനാലയ്ക്കു പുറത്തു ചില മരങ്ങളുടെ മർമ്മരം.
അപ്പോഴേക്കും പക്ഷേ, ഞാനുറക്കത്തിൽ വീണിരുന്നു,
അന്യമനസ്കനായി അവളുടെ മുടിയിൽ മുഖമമർത്തി ഞാൻ കിടന്നു.
അതിനാലെനിക്കൊന്നുമറിയില്ല; ചിതറിയ ചില ചിത്രങ്ങൾ മാത്രം;
അവളുടെ കാൽമുട്ടുകളെക്കുറിച്ചെന്തോ, പിന്നെയവളുടെ തോളെല്ല്,
കറുത്ത മുടിയിൽ വാസനത്തൈലത്തിന്റെ പരിമളം,
അവളെക്കുറിച്ചു പണ്ടു ഞാൻ കേട്ടതിന്റെ ഓർമ്മകളും.
മറക്കാനെളുപ്പമാണവളുടെ മുഖമെന്നാണു ഞാൻ കേട്ടത്,
മതിയായ വെളിച്ചത്തിൽ തൊട്ടടുത്തു നിന്നു നോക്കിയാൽ
ഒന്നുമെഴുതാത്തൊരു കടലാസുതാളു പോലെ ശൂന്യമാണത്.
അതിബുദ്ധിമതിയാണവളെന്നാരും പറയില്ല,
അവൾക്കറിയാം, എല്ലാവരും തന്നെ മറക്കുമെന്നും;
ഇതൊരിക്കലവൾ വായിക്കാനിടയായെന്നിരിക്കട്ടെ,
തന്നെക്കുറിച്ചാണിതെന്നവൾക്കു മനസ്സിലാവുകയുമില്ല.


ഒരു സ്വീഡിഷ് ഭൂദൃശ്യം


വിളർത്ത പച്ചനിറമായ പൈൻമരങ്ങൾക്കു ചുവട്ടിൽ
ഒരു വീട് പൊളിച്ചിറക്കുകയാണ്‌.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു വെളുത്ത മേശ.
ഒരൾത്താരയാണോ അത്?
അതോ ഒരു പീടികയിലെ വില്പനമേശ?
അതാണ്‌ ചോദ്യം.
യേശുവിന്റെ മാംസമാണോ ഇവിടെ വിറ്റിരുന്നത്?
അവന്റെ രക്തമാണോ വിളമ്പിയിരുന്നത്?
ഇനിയല്ല, തുണിയും ചെരുപ്പുമാണോ വാഴ്ത്തപ്പെട്ടത്?
ഐഹികമോ പാരത്രികമോ ആയ എന്തു നേട്ടമാണ്‌
ആളുകളിവിടെ നോട്ടമിട്ടത്?
ഇവിടെ പുരോഹിതന്മാർ വില്ക്കുകയായിരുന്നോ,
അതോ വ്യാപാരികൾ പ്രസംഗിക്കുകയോ?
ദൈവത്തിന്റെ അത്ഭുതസൃഷ്ടികളായ  പൈൻമരങ്ങൾ വെട്ടിവീഴ്ത്തുകയാണ്‌,
അടുത്ത മുറിയിൽ താമസിക്കുന്ന ജോലിക്കാരൻ.

( 1939)

ഓർമ്മ


സായാഹ്നത്തിന്റെ ചുവപ്പിൽ ഞാൻ കിടന്നു
യാചകനൊരാൾ എനിക്കടുത്തുവന്നു
ഒരു പുല്ലാങ്കുഴലിലയാൾ വായിക്കുന്നുണ്ടായിരുന്നു
പോയകാലത്തിൽ നിന്നൊരീണം.

ആരായിരിക്കുമയാൾ, ഞാനോർത്തു,
മുമ്പെവിടെയാണു ഞാനിതു കേട്ടത്,
പുല്ലാങ്കുഴലിലയാൾ വായിക്കുന്ന
പോയകാലത്തിന്റെ ആ ഈണം.

യാചകനിപ്പോൾ പൊയ്ക്കഴിഞ്ഞിരിക്കുന്നു
എനിക്കറിയുന്നൊരാ ഗാനവും മാഞ്ഞുകഴിഞ്ഞു
എന്റെ വാർദ്ധക്യത്തിന്റെ സ്വസ്ഥതയും സമാധാനവും
എന്നിൽ നിന്നപഹരിക്കപ്പെടുകയും ചെയ്തു.
*


ഞാൻ നിങ്ങളോടു സംസാരിക്കുന്നത്...


ഞാൻ നിങ്ങളോടു സംസാരിക്കുന്നത് 
നിർവ്വികാരവും സാധാരണവുമായ ഒരു രീതിയിലാണെങ്കിൽ,
ഏറ്റവും ശുഷ്കമായ വാക്കുകളിലാണെങ്കിൽ,
നിങ്ങളെ പരിഗണിക്കാത്ത മട്ടിലാണെങ്കിൽ
(നിങ്ങളുടെ ഉൾവലിഞ്ഞ പ്രകൃതവും
വ്യക്തിപരമായ ധർമ്മസങ്കടങ്ങളും കാരണം
നിങ്ങളെ തിരിച്ചറിയാത്തപോലെ)

യാഥാർത്ഥ്യം സംസാരിക്കുമായിരുന്ന ഭാഷയിലാണ്‌
ഞാൻ സംസാരിക്കുന്നത് എന്നതുകൊണ്ടാണത്
(നിങ്ങളുടെ പ്രത്യേകപ്രകൃതം മലിനമാക്കാത്ത,
നിങ്ങളുടെ ധർമ്മസങ്കടങ്ങൾ മടുത്ത, യാഥാർത്ഥ്യം),
നിങ്ങൾക്കതു മനസ്സിലാകുന്നില്ല എന്നതുകൊണ്ടാണത്.
*

എന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ഒരു ഗാനം


1.എനിക്കറിയാം, പ്രിയപ്പെട്ടവളേ, ഈ തലതിരിഞ്ഞ ജീവിതം കാരണം എന്റെ മുടിയെല്ലാം കൊഴിഞ്ഞുപോവുകയാണെന്നും റോഡിനു നടുക്കാണു ഞാൻ കിടന്നുറങ്ങുന്നതെന്നും.
2. ഞാൻ നിർമ്മലനായിരുന്ന ഒരു കാലമുണ്ടായിരുന്നു, പ്രിയപ്പെട്ടവളേ.
3. എന്നെക്കാൾ കരുത്തയായ ഒരു പെണ്ണെനിക്കുണ്ടായിരുന്നു, മേയുന്ന കുതിരയെക്കാൾ കരുത്തുള്ള പുല്ലു പോലെ- പിന്നെ വീണ്ടുമതെഴുന്നേറ്റുനില്ക്കുമെന്നതിനാൽ.
4. ദുഷ്ടനാണു ഞാനെന്നറിഞ്ഞിട്ടും അവളെന്നെ പ്രേമിച്ചു.
5.  ഏതു വഴിക്കാണു നാം പോകുന്നതെന്നവളെന്നോടു ചോദിച്ചു, ഏതു വഴിയാണവളുടേതെന്നും, ഒരുവേള താഴേക്കാണോ അതു പോകുന്നതെന്നും. എനിക്കു തന്റെ ശരീരം തന്നുകൊണ്ടവൾ പറഞ്ഞു: എനിക്കാകെ ഇതേയുള്ളു. അവളുടെ ശരീരം എന്റേതായി.
6. ഇപ്പോഴവളില്ല, പെയ്തൊഴിഞ്ഞ മേഘം പോലെ അവൾ മറഞ്ഞുപോയി; ഞാനവളുടെ പിടി വിട്ടപ്പോൾ അവൾ താഴെ വീണു, അതായിരുന്നു അവളുടെ വഴിയെന്നതിനാൽ.
7. മുന്നിലൊരു കുപ്പിയുമായി നീയെന്നെ കാണുന്ന രാത്രികളിലെന്നാൽ ഞാനവളുടെ മുഖം കാണുന്നു, കാറ്റത്തു വിളറിയ, എനിക്കു നേരേ തിരിച്ച ബലിഷ്ഠമായ മുഖം. കാറ്റത്തു ഞാനെന്റെ മുഖം താഴ്ത്തുന്നു. 

(1920ൽ എഴുതിയ ഈ കവിത ബാൽ എന്ന നാടകത്തിന്റെ ഭാഗമാണ്‌.)


മുങ്ങിമരിച്ചവൾ


ചാലുകളിലൂടെ, അരുവികളിലൂടെ മഹാനദിയിലേക്ക്
മുങ്ങിമരിച്ചവളൊഴുകിനീങ്ങി, .
ആകാശമൊരു സ്ഫടികക്കല്ലു പോലവൾക്കു മേൽ തിളങ്ങി,
ആ ഉടലിനോടൊരു ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്നപോലെ.

ചെളിയും പായലുമവളുടെ മേൽ പറ്റിപ്പിടിച്ചപ്പോൾ
പതിയെപ്പതിയെ ഭാരം വച്ചവൾ ചീർത്തുവന്നു.
മീനുകൾ കൈകാലുകൾക്കിടയിലൂടെ സ്വച്ഛന്ദം നീന്തിനടന്നു,
ജലജന്തുക്കളും ചെടികളുമവളിൽ പിടിച്ചുകിടന്നു.

സന്ധ്യകളിലാകാശം പുക പോലെ കരിപിടിച്ചു,
രാത്രിയിൽ നക്ഷത്രങ്ങൾ നേരിയ വെളിച്ചം കാട്ടിയിരുന്നു.
പുലരിയിലെന്നാൽ നേരത്തേ തെളിച്ചമെത്തിയതിനാൽ
ഒരു പകലിന്റെ തുടക്കവുമൊടുക്കവുമപ്പോഴുമവൾക്കു കിട്ടി.

പുഴവെള്ളത്തിലവളുടെ വിളറിയ ജഡം ജീർണ്ണിക്കുമ്പോൾ
പതിയെപ്പതിയെ ദൈവവുമവളെ മറന്നു:
അവളുടെ മുഖമാദ്യം, പിന്നെ കൈകൾ, ഒടുവിലവളുടെ മുടിയും.
ഒഴുകിനടക്കുന്ന ചീഞ്ഞ ജഡങ്ങൾക്കിടയിൽ മറ്റൊരു ജഡമായി അവൾ.


2025 നവംബർ 7, വെള്ളിയാഴ്‌ച

കു സാങ്ങ് - ലജ്ജ




മൃഗശാലയിൽ,
അഴികൾക്കും വലകൾക്കുമിടയിലൂടുറ്റുനോക്കിക്കൊണ്ട്
ഞാനൊരു മൃഗത്തെത്തേടുകയയിരുന്നു,
ലജ്ജയെന്നാൽ എന്താണെന്നറിയാവുന്നതൊന്നിനെ.

സൂക്ഷിപ്പുകാരാ! ഞാൻ ചോദിച്ചു,
ആ കുരങ്ങന്മാരുടെ തുടുത്ത പൃഷ്ഠങ്ങളിലൊന്നിൽ 
ഉണ്ടാവുമെന്നു വരാവുന്നതല്ലേ,
അതിന്റെയൊരംശമെങ്കിലും?

അല്ലെങ്കിലാ കരടിയുടെ കൈപ്പത്തിയിൽ,
നിരന്തരം നക്കിത്തുടയ്ക്കപ്പെടുന്നതിൽ?
ഇനിയല്ലെങ്കിൽ സീലുകളുടെ മീശരോമങ്ങളിൽ,
പച്ചത്തത്തയുടെ കൊക്കുകളിൽ?
ഒരംശം പോലുമെങ്ങുമില്ലെന്നോ?

ഈ നഗരത്തിലെ ജനങ്ങളിൽ നിന്ന്
ലജ്ജയെന്നതു മാഞ്ഞുപോയതിനാൽ
ഞാനതു തേടി മൃഗശാലയിലേക്കു വന്നതാണ്‌.
*


കൊറിയൻ ആധുനികകവിതയിലെ ഒരു പ്രമുഖനായ Ku Sang (1919-2004) സോളിൽ ജനിച്ചു. കൊറിയൻ യുദ്ധാനുഭവങ്ങളും ക്രിസ്തീയവിശ്വാസവും കവിതയെ സ്വാധീനിച്ചിട്ടുണ്ട്.

2025 നവംബർ 6, വ്യാഴാഴ്‌ച

ലൂയിസ് ആൽബെർട്ടോ ഡേ ക്വെൻക - കവിതകൾ


കാട്
———


കാടെന്നോടു പറഞ്ഞത് വളരെപ്പഴയൊരു കഥയായിരുന്നു.
ആളുകൾ വെളിച്ചപ്പാടിനെത്തേടി അതിന്റെ നിബിഡതയിലൂടിറങ്ങിത്തിരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്നതെന്നോടു പറഞ്ഞു.
വിശ്വാസികളുടെ സംശയങ്ങൾക്കു തീർപ്പു വരുത്താനായി വെളിച്ചപ്പാടു നിലകൊണ്ട വനഹൃദയമാരും കണ്ടില്ല പക്ഷേ.
അങ്ങനെയൊരു കേന്ദ്രമതിനുണ്ടായിരുന്നില്ലെന്നതിനാൽ,
ആദ്യന്തങ്ങളില്ലാത്ത അതിവിപുലമായൊരു നൂലാമാലയായിരുന്നു കാടെന്നതിനാൽ, ഇന്നുമതങ്ങനെയാണെന്നതിനാൽ,
ഉത്തരങ്ങൾക്കിടമില്ല കാര്യങ്ങളുടെ ക്രമത്തിലെന്നതിനാൽ.
അങ്ങനെയത്രേ, അന്ധരും അജ്ഞരുമായി,
ശൂന്യതയുടെ കീഴ്ക്കാംതൂക്കിലേക്കു നാം നടക്കുന്നു,
വഞ്ചനയുടെ, വെറുപ്പിന്റെ, നുണകളുടെ കാട്ടിൽ വഴി തെറ്റി.
ഞാൻ ദമാസ്കസിലേക്കു പോകുന്ന വഴി
കാടെന്നോടു രഹസ്യത്തിൽ പറഞ്ഞതിതായിരുന്നു.
*

എല്ലാ വാതിലും തുറക്കുക
-------------------------------


എല്ലാ വാതിലും തുറക്കുക: 
സ്വർണ്ണത്തിലേക്കു നയിക്കുന്നത്,
നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്,
പ്രണയത്തിന്റെ നിഗൂഢത ഒളിപ്പിച്ചുവയ്ക്കുന്നത്,
ആനന്ദത്തിന്റെ ഗഹനമായ രഹസ്യം മറച്ചുപിടിക്കുന്നത്,
ഉദാത്തമായൊരു ദർശനത്തിന്റെ സുഖാനുഭൂതിയിൽ
നിങ്ങൾക്കു നിത്യജീവിതം പ്രദാനം ചെയ്യുന്നത്.
എല്ലാ വാതിലും തുറന്നുനോക്കുക,
ജിജ്ഞാസ പുറത്തുകാണിക്കാതെ,
വിലക്കപ്പെട്ട മുറികളുടെ ചുമരുകളിൽ തെറിച്ചുവീണ ചോരപ്പാടുകളെയോ
മച്ചിനെ അലങ്കരിക്കുന്ന രത്നങ്ങളെയോ
ഇരുട്ടത്തു നിങ്ങളുടെ ചുണ്ടുകളെ തേടുന്ന ചുണ്ടുകളെയോ
വാതില്പടികളിൽ പതിയിരിക്കുന്ന വിശുദ്ധവചനത്തെയോ ശ്രദ്ധിക്കാതെ.
ഹതാശമായി, എന്നാൽ മര്യാദ വിടാതെ,
ചിരിയടക്കിക്കൊണ്ട്, കണ്ണീരു തുടച്ചുകൊണ്ട്,
ലോകത്തിന്റെ വിളുമ്പത്ത്, വഴിയുടെ അറ്റത്ത്,
ചുറ്റും ശത്രുവിന്റെ വെടിയുണ്ടകൾ മൂളിപ്പായുന്നതും
രാപ്പാടികൾ പാടുന്നതും കേട്ടുകൊണ്ട്,
സംശയിച്ചുനില്ക്കാതെ,
സഹോദരാ, എല്ലാ വാതിലും തുറക്കുക.
ഉള്ളിൽ ഒന്നുമില്ലെന്നു വന്നാലും.


Luis Alberto de Cuenca - 1950ൽ മാഡ്രിഡിൽ ജനിച്ച സ്പാനിഷ് കവി. നഗരയാഥാർത്ഥ്യത്തിന്റെയും പോപ് സംസ്കാരത്തിന്റെയും ക്ലാസ്സിക്കൽ പൗരാണികതയുടേയും ചേരുവയാണ്‌ അദ്ദേഹത്തിന്റെ കവിതയെന്ന് നിരൂപകർ.

*

അക്വിറ്റെയ്‌നിലെ വില്ല്യം മടങ്ങിവരുന്നു


ശൂന്യതയിൽ നിന്നു ഞാനൊരു കവിതയുണ്ടാക്കട്ടെ.
നീയും ഞാനുമായിരിക്കുമതിലെ പ്രധാനപാത്രങ്ങൾ.
നമ്മുടെ ശൂന്യത, നമ്മുടെ ഏകാന്തത, മാരകവിരസത, 
ദൈനന്ദിനപരാജയങ്ങൾ, എല്ലാമതിലുണ്ടാവും,
തീരെച്ചെറുതുമായിരിക്കുമത്, എന്തെന്നാൽ
കുറച്ചു വരികളിലൊതുങ്ങാനുള്ളതേയുള്ളു അവ,
ഒരുപക്ഷേ ഒരേഴുവരികളിൽ, അല്ലെങ്കിലെട്ട്,
ഈ അവസാനത്തെ വരിയും കണക്കിലെടുത്താൽ.


*William of Aquitaine (1086-1126)- കവി കൂടിയായിരുന്ന ഗാസ്കണിയിലെ പ്രഭു; കുരിശുയുദ്ധത്തിൽ പങ്കെടുത്തിരുന്നു.


ഉംബർട്ടോ സബ


ഗ്രീഷ്മരാത്രി
------------------

ഉറക്കവും കാത്തു ഞാൻ കിടക്കയിൽ കിടക്കുമ്പോൾ
അടുത്ത മുറിയിൽ നിന്നൊരു മധുരസ്വരം ഞാൻ കേൾക്കുന്നു.
തുറന്ന ജാലകത്തിലൂടൊരു വെളിച്ചം ഞാൻ കാണുന്നു,
അകലെ, ഒരു കുന്നിൻതലപ്പിലെവിടെയോ.

ഇവിടെ, എന്റെ ഹൃദയത്തോടു നിന്നെ ഞാനമർത്തുന്നു,
എത്രയെന്നറിയാത്ത വർഷങ്ങൾക്കു മുമ്പേ
എന്നെ വിട്ടുപോയ പ്രണയമേ.

*

ഗ്രീക്ക് ആന്തോളജി

 സിനോഡോട്ടസ്

ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ ഇറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

അസ്ക്ളേപിയാഡീസ് 


1
ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.

2

അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?

3

പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.
*

(അസ്ക്ളേപിയാഡീസ്  Asklepiades ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.)

പ്ലേറ്റോ

ആസ്റ്റെർ
—————

ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.
*


ആസ്റ്റെർ
——————
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!
*

പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.


ആന്റിപേറ്റർ 
ഓർഫ്യൂസിന്റെ മരണം

——————————

ഇനിയൊരിക്കലുമോർഫ്യൂസ്, നിന്റെ വീണ വഴി കാട്ടുകില്ല,
ശിലകളെ, മരങ്ങളെ, ജന്തുജാലങ്ങളെ.
ആരിനി ശാസിക്കുമിളകിമറിയുന്ന കടലുകളെ?
ആരിനിപ്പാടിയുറക്കും ക്ഷോഭിച്ചെത്തുന്ന കാറ്റുകളെ?
മൃതനായി നീ: നിനക്കായി വിലപിക്കുന്നു,
കവിതയുടെ ദേവതമാർ, നിനക്കമ്മയായ ദേവിയും.
മരിച്ച സന്തതികളെയോർത്തു നാമെന്തിനു കരയുന്നു,
സ്വന്തം ശിശുക്കളെക്കാക്കാൻ ദേവകൾക്കുമാവില്ലെന്നിരിക്കെ?
*

(ആന്റിപേറ്റർ - ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കുകവി)

ഫിലോഡെമോസ് 

എണ്ണ കുടിപ്പിച്ചുന്മത്തമാക്കൂ, കിടക്കവിളക്കിനെ,
നാം പുറത്തു പറയാൻ മടിക്കുന്നതൊക്കെ
നിശ്ശബ്ദം കണ്ടും കേട്ടുമിരിക്കുന്നവനാണവൻ.
പിന്നെയതു കരിന്തിരി കെട്ടും പോകട്ടെ,
ചിലനേരങ്ങളിൽ കാമദേവനഹിതമത്രെ,
എല്ലാം കണ്ടുകൊണ്ടുറങ്ങാതിരിക്കുന്ന സാക്ഷിയെ.
ഇനിയാ വാതിൽ ഭദ്രമിറുക്കിയടയ്ക്കൂ.
പിന്നെ നമുക്കു മിത്രമായ കിടക്ക നമ്മെപ്പഠിപ്പിക്കട്ടെ,
കാമസൂത്രത്തിലെ ശേഷിച്ച രഹസ്യങ്ങൾ.
*

ഫിലോഡെമോസ് ( ക്രി.മു. 110-30) - സീനോയുടെ ശിഷ്യനായ ഗ്രീക്കു കവി


സിൽവിന ഒകാമ്പോ - കവിതകൾ

 
ഡോൾഫിനുകൾ
----------------------


ആളുകൾ കരുതുമ്പോലെ
ഡോൾഫിനുകൾ തിരപ്പുറത്തു കളിക്കുകയല്ല.
കടൽത്തട്ടിലേക്കു താഴുമ്പോൾ
ഡോൾഫിനുകൾ ഉറക്കം പിടിക്കുകയാവും.
എന്താണവ തേടുന്നത്?
അതെനിക്കറിയില്ല.
അടി തൊടുമ്പോൾ
പെട്ടെന്നവ ഞെട്ടിയുണരുന്നു,
കടലിനത്രയാഴമാണെന്നതിനാൽ
അവ പിന്നെ മുകളിലേക്കുയരുന്നു.
ഉയരുമ്പോൾ എന്താണവ തേടുന്നത്?
എനിക്കറിയില്ല.
ഉയർന്നുവന്നാകാശം കാണുമ്പോൾ
പിന്നെയുമവയ്ക്കുറക്കം വരുന്നു,
ഉറങ്ങിക്കൊണ്ടവ താഴുകയും ചെയ്യുന്നു.
പിന്നെയുമവ കടൽത്തട്ടു തൊടുന്നു,
ഞെട്ടിയുണരുന്നു, പൊങ്ങുന്നു.
നമ്മുടെ സ്വപ്നങ്ങളുമതുപോലെ.
*

ഒരു മരത്തിന്റെ ചരമശ്രുതി
---------------------------------


തൊണ്ട നനയ്ക്കുന്ന പാനീയം പോലെ
വേനലിൽ ഞാൻ തണലു നല്കിയിരുന്നു.
അന്തിമിനുക്കത്തിന്റെ പൊന്നും
മാടപ്രാവിൽ പുഴയുടെ സ്ഥിരതയും
എന്റെ മരനീരു പിടിച്ചെടുത്തിരുന്നു.
അത്രയ്ക്കശ്രദ്ധമായിരുന്നു നോട്ടങ്ങളെന്നതിനാൽ
ഈ ലോകത്തൊരാൾക്കുപോലുമായില്ല,
എന്റെയിലകളുടെ, എന്റെ ഗാനങ്ങളുടെ എണ്ണമെടൂക്കാൻ.
ഇന്നെന്റെയഭാവം ഒരുപാടിടമെടുക്കുന്നു:
ഇട വിടാത്ത കിളികളുടെ പലായനം കുറിയ്ക്കുന്നു,
*

Silvina Ocampo (1903–1993) - അർജ്ജന്റീനയിലെ എഴുത്തുകാരികളിൽ പ്രമുഖയാണ്‌ കഥാകൃത്തും കവിയും വിവർത്തകയുമായ സിൽവിന ഒകാമ്പോ. മാജിക്കൽ റിയലിസത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്‌. ഒകാമ്പോയുടെ ഏറ്റവും പ്രശസ്തമായ കൃതി ‘ലിയോപോൾഡിനയുടെ സ്വപ്നം’ എന്ന കഥാസമാഹാരമാണ്‌.

2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ആമി ലോവെൽ -1918 സെപ്തംബർ



ഈ സായാഹ്നത്തിനു നിറം
വെയിലത്തു പൊഴിയുന്ന മഴയുടേതായിരുന്നു;
ഇലകൾ തട്ടിമറിഞ്ഞ മരങ്ങൾ
വെട്ടിത്തിളങ്ങിയിരുന്നു.
മേപ്പിളിലകൾ കൊഴിഞ്ഞുവീണ ഇടവഴികൾ പോലെ
നടപ്പാതകൾ മിനുങ്ങിക്കിടന്നിരുന്നു.
തുറന്ന ജനാലച്ചതുരങ്ങളിലൂടെ ചിരിച്ചുകൊണ്ട്
വീടുകളവയ്ക്കിരുവശവും നിരന്നുനിന്നിരുന്നു.
പാർക്കിൽ, ഒരു മരത്തിനടിയിൽ
കമിഴ്ന്നുകിടക്കുന്ന രണ്ടു കുട്ടികൾ
ഒരു കടലാസ്സുപെട്ടിയിൽ 
റെഡ്ബെറികൾ പെറുക്കിയിടുകയായിരുന്നു.
യുദ്ധങ്ങളൊന്നുമില്ലാത്തൊരു കാലത്തൊരുനാൾ
ഈ സായാഹ്നം ഞാൻ പുറത്തെടുക്കും,
എന്റെ വിരലുകൾക്കിടയിലിട്ടു ഞാനതു തിരിയ്ക്കും,
നാവിലതിന്റെ മാധുര്യം ഞാനറിയും,
ഇലകളുടെ പലായനത്തിന്റെ
മൊരിഞ്ഞ വൈവിദ്ധ്യം ഞാൻ കാണും.
ഇന്നെനിക്കതു പെറുക്കിയെടുക്കാമെന്നേയുള്ളു,
എന്റെ ചോറ്റുപാത്രത്തിലതിട്ടുവയ്ക്കാമെന്നേയുള്ളു.
ഇപ്പോഴെനിക്കു മറ്റൊന്നിനും സമയമില്ലല്ലോ,
ഇടിഞ്ഞുപൊളിഞ്ഞൊരു ലോകത്ത്
സമനില തെറ്റാതിരിക്കാനുള്ള ഉദ്യമത്തിനല്ലാതെ.
*



2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

ഫാസിൽ ഹുസ്‌നു ഡഗ്ലാർക്ക - മൃതം



ഒരിമാമും അടുത്തില്ലാത്തൊരിടത്തു വേണം
എനിക്കു കിടന്നു മരിക്കാൻ.
ആരും കാണുന്നതെനിക്കിഷ്ടമല്ല,
എന്റെ സുന്ദരമായ പാദങ്ങൾ, മുടി, എന്റെയെല്ലാം.

മരണത്താൽ നിർമ്മലൻ, സ്വതന്ത്രൻ,
അജ്ഞാതസമുദ്രത്തിലൊരു മത്സ്യം.
ഞാനൊരു മുസ്ലീമല്ലേ? അതെ!
എന്നാലെനിക്കു വേണ്ട, ചുറ്റുമൊരാൾക്കൂട്ടം.

വെളുത്ത ശവക്കോടിയിൽ പൊതിഞ്ഞുകെട്ടി
എന്റെയന്ധകാരത്തെ വികലമാക്കരുതേ.
ചുമലിലെടുത്തെന്റെയുടലിനെയുലയ്ക്കുകയുമരുതേ:
സ്വപ്നത്തിലായിരിക്കുമെന്റെ കൈകാലുകളപ്പോൾ.

ഒരു പ്രാർത്ഥന കൊണ്ടും കുറയാൻ പോകുന്നില്ല,
പ്രപഞ്ചത്തിനും എനിക്കുമിടയിലെ ദൂരം.
എന്റെ ജഡത്തെ കുളിപ്പിക്കരുത്! അരുതേ!
അത്രയിഷ്ടമാണെനിക്കെന്റെ ചൂടിനെ!

Fazil Husnu Daglarca (1914-2008)- ടർക്കിഷ് സമകാലീനകവിതയിലെ ഏറെ ശ്രദ്ധേയനായ ഒരു കവിയാണ്‌.

ലിയു ത്‌സുങ്ങ് -യുവാൻ - പുഴമഞ്ഞ്



ഒരായിരം മലകളുണ്ട്,
ഒരു കുഞ്ഞുകിളിയില്ല,
ഒരായിരം പാതകളുണ്ട്,
ഒരു ചോടിൻ പാടില്ല.
ഒരു കൊതുമ്പുവള്ളം,
ഒരു വൈക്കോൽത്തൊപ്പി,
പുഴമഞ്ഞിൽ ചൂണ്ടയിടും
ഒരു വൃദ്ധരൂപം.

ടാങ്ങ് രാജവംശത്തിന്റെ കാലത്ത് ക്രി.വ. 810നടുപ്പിച്ചു ജീവിച്ചിരുന്ന ലിയു ത്‌സുങ്ങ് -യുവാന്റെ (Liu Tsung-yuan)ഏറ്റവും പ്രശസ്തമായ കവിതയാണിത്. ചിത്രം പോലുള്ള ഈ കവിത മറ്റനേകം കവിതകൾക്കും ചിത്രങ്ങൾക്കും വിഷയമായിട്ടുണ്ട്. ഒരു ചൈനീസ് ചിത്രച്ചുരുണ ചുരുളഴിയുന്നപോലെയാണ്‌ കവിതയുടെ സംവിധാനം. കൊട്ടാരത്തിൽ നിന്നു നിഷ്കാസിതനായി പ്രവാസിയായി കഴിയേണ്ടിവന്ന കാലത്താണ്‌ കവി ഇതെഴുതുന്നത്. തണുത്തുറഞ്ഞ, നിശ്ശൂന്യമായ ഭൂദൃശ്യത്തിലെ ആ ഏകാന്തരൂപം ഭ്രഷ്ടനായ കവിതന്നെയാണ്‌.

മിൽഡ്രെഡ് വെസ്റ്റൺ - പബ്ലിക് ലൈബ്രറി



രാത്രിയിൽ
വെളിച്ചത്തിന്റെ പ്രശാന്തവൃത്തങ്ങൾക്കരികിൽ
വിപരീതങ്ങൾ കണ്ടുമുട്ടിയിരിക്കുന്നു-
ഓർക്കാനായി വായിക്കുന്നവരും
മറക്കാനായി വായിക്കുന്നവരും

*

ആർതർ ഗ്വിറ്റെർമാൻ - നാട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ

 

ഇനിയും പിടിച്ചുതൂങ്ങാൻ 
ഒരൊഴിവുകഴിവും പറയാനില്ലാത്തൊരിടത്തു നിന്ന്
തിരിച്ചു സ്വന്തം നാട്ടിലെത്തിയപ്പോൾ
അവിടെയെല്ലാം പണ്ടേക്കണക്കു തന്നെയാണെന്നു 
ഞാൻ കണ്ടു-
ഓരോ മനുഷ്യനും 
മുന്നിൽക്കണ്ട ഏതോ മരീചികയുടെ പിന്നാലെ പായുന്നു;
ഒരു വസ്തുവും ചെയ്യാനില്ലാത്തവർ
അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു;
കാര്യമായിട്ടൊന്നും കളിക്കാനില്ലാത്ത അരങ്ങ്
അതുതന്നെ കളിച്ചുകൊണ്ടിരിക്കുന്നു.
പണ്ടേപ്പോലൊന്നും പറയാനില്ലാത്ത എഴുത്തുകാർ
പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.
*

റോബർട്ട് പിൻസ്കി - സമുരായിപ്പാട്ട്



എനിക്കൊരു മേല്ക്കൂരയില്ലാതിരുന്നപ്പോൾ
ചങ്കൂറ്റം ഞാനൊരു മേല്ക്കൂരയാക്കി.
എനിക്കത്താഴമില്ലാതിരുന്നപ്പോൾ
എന്റെ കണ്ണുകൾ അത്താഴമുണ്ടു.

എനിക്കു കണ്ണുകളില്ലാതിരുന്നപ്പോൾ
ഞാൻ കാതോർത്തു.
എനിക്കു കാതുകളില്ലാതിരുന്നപ്പോൾ
ഞാൻ ചിന്തിച്ചു.
എനിക്കൊരു ചിന്തയുമില്ലാതിരുന്നപ്പോൾ
ഞാൻ കാത്തിരുന്നു.

എനിക്കച്ഛനില്ലാതിരുന്നപ്പോൾ
കരുതലിനെ ഞാനച്ഛനാക്കി.
എനിക്കമ്മയില്ലാതിരുന്നപ്പോൾ
ചിട്ടയെ ഞാൻ കെട്ടിപ്പിടിച്ചു.

എനിക്കൊരു ചങ്ങാതിയില്ലാതിരുന്നപ്പോൾ
സ്വസ്ഥതയെ ഞാൻ ചങ്ങാതിയാക്കി.
എനിക്കൊരു ശത്രുവില്ലാതിരുന്നപ്പോൾ
എന്റെ ഉടലിനോടു ഞാനെതിരിട്ടു.

എനിക്കൊരു ദേവാലയമില്ലാതിരുന്നപ്പോൾ
എന്റെ ശബ്ദം ഞാനൊരു ദേവാലയമാക്കി.
എനിക്കു പൂജാരിയില്ല.
എന്റെ നാവെന്റെ ഗായകസംഘം.

എനിക്കു വഴികളില്ലാതെ വരുമ്പോൾ
ഭാഗ്യമാണെന്റെ വഴി.
എനിക്കൊന്നുമില്ലാതെവരുമ്പോൾ
മരണമെന്റെ ഭാഗ്യമാകും.

ആവശ്യമാണെന്റെ തന്ത്രം,
നിസ്സംഗതയാണെന്റെ നയം,.
എനിക്കൊരു കാമുകിയില്ലാതെവന്നപ്പോൾ
ഉറക്കത്തിനോടു ഞാൻ പ്രണയമിരന്നു.
*

Robert Pinsky- 1940ൽ ജനിച്ച അമേരിക്കൻ കവിയും വിമർശകനും വിവർത്തകനും.

ഹൊർഹെ ലൂയിസ് ബോർഹസ് - ലാളിത്യം



ഉദ്യാനത്തിന്റെ കവാടം തുറക്കുന്നു,
ഏറെ വായിച്ചൊരു പുസ്തകത്തിന്റെ
താളു മറിയുന്ന വിധേയത്വത്തോടെ.
ഉള്ളിലെത്തിയതില്പിന്നെ
എന്റെ കണ്ണുകൾക്കൊന്നും കണ്ടെടുക്കേണ്ടതില്ല,
ഓർമ്മയിൽ നിശ്ചിതവും കൃത്യവുമാണെല്ലാം.

എല്ലാമെല്ലാം എനിക്കറിയാം-
ആചാരങ്ങൾ, മനസ്സുകൾ,
ഓരോ കുടുംബവും നെയ്തെടുക്കുന്ന സ്വകാര്യഭാഷകൾ.

എനിക്കിവിടെയൊന്നും പറയേണ്ടതില്ല,
മറ്റാരെങ്കിലുമാണെന്നു നടിക്കേണ്ടതുമില്ല.
ഈ വീട്ടുകാർക്കെന്നെ നന്നായറിയാം,
എന്റെ ദൗർബ്ബല്യങ്ങളും എന്റെ ആകുലതകളുമറിയാം.

ഇതാവാം നമുക്കെത്താവുന്നതിൽ വച്ചേറ്റവുമുന്നതം,
നമുക്കനുവദനീയമായ ദൈവപ്രസാദവും-
വിസ്മയപ്പെട്ട നോട്ടങ്ങൾക്കു പാത്രമാവുകയല്ല,
ജീവിതത്തിൽ വിജയം കൊയ്തുകൂട്ടുകയല്ല,
ഉള്ളിലേക്കു നമുക്കു പ്രവേശനം കിട്ടുക,
ഒരനിഷേദ്ധ്യയാഥാർത്ഥ്യത്തിന്റെ ഭാഗമായി,
പാതയിലെ കല്ലുകൾ പോലെ, മരങ്ങൾ പോലെ.
*

ലിയോ ടോൽസ്റ്റോയ് - ചിന്തകൾ

 നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രകടവും ഏറ്റവും നിസ്സാരവുമായ ആവിഷ്കാരമാണ്‌ അപ്രധാനമായ ഒരുകൂട്ടം പ്രവൃത്തികളിൽ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ നമുക്കുള്ള കഴിവ്; ഉദാഹരണത്തിന്‌, ഇടത്തോട്ടോ വലത്തോട്ടോ തിരിയണോ അതോ നില്ക്കുന്നിടത്തു നിന്നാൽ മതിയോ? അതിനെക്കാൾ വെല്ലുവിളി നിറഞ്ഞതും ഉയർന്ന നിരപ്പിലുള്ളതുമായ ആവിഷ്കാരമാണ്‌ നമ്മുടെ വികാരങ്ങ്ൾ വിളിക്കുന്നിടത്തേക്കു പോകണോ അതോ ആ വിളി കേൾക്കാതിരിക്കണോ എന്നു തീരുമാനിക്കുക. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സാരവത്തുമായ ആവിഷ്കാരമാണ്‌ നമ്മുടെ ചിന്തകൾ ഏതു ദിശയിലേക്കു തിരിയണം എന്നു തീരുമാനിക്കുക.

*
മരണം എന്നാൽ ഈ ജീവിതത്തിൽ എനിക്കു സന്നിഹിതമായ ലോകത്തെ ഗ്രഹിക്കാൻ എന്നെ സഹായിക്കുന്ന ശാരീരികാവയവങ്ങളുടെ വിനാശം എന്നാണർത്ഥം. മരണം എന്നാൽ ലോകത്തെ വീക്ഷിക്കാൻ ഞാനുപയോഗിച്ച ചില്ലുപാളിയുടെ വിനാശം എന്നാണർത്ഥം. എന്നാൽ ചില്ലിന്റെ വിനാശത്തിൽ കണ്ണുകളുടെ വിനാശം ഉൾപ്പെടൂന്നുമില്ല.
*

അഞ്ചു വയസ്സുള്ള ഒരു കുട്ടിയിൽ നിന്ന് എന്റെ പ്രായമുള്ള ഒരാളിലേക്ക് ഒരു ചെറിയ ചുവടുവയ്പിന്റെ അകലമേയുള്ളു. എന്നാൽ ഒരു കൈക്കുഞ്ഞിൽ നിന്ന് അഞ്ചുവയസ്സുകാരൻ കുട്ടിയിലേക്ക് വളരെ വലിയൊരു ദൂരമാണുള്ളത്. ഒരു ഭ്രൂണത്തിൽ നിന്ന് ഒരു കൈക്കുഞ്ഞിലേക്ക് ഒരഗാധഗർത്തമങ്ങനെതന്നെ. അസ്തിത്വമില്ലായ്മയിൽ നിന്ന് ഭ്രൂണത്തിലേക്കുള്ളതാകട്ടെ, ഒരു ഗർത്തത്തിൽ കവിഞ്ഞതൊന്നും- ഗ്രഹണശക്തിക്കുമതീതമായതൊന്ന്.
*

തത്വശാസ്ത്രത്തെയാകെ ഇനിപ്പറയുന്ന ചോദ്യങ്ങളിലേക്കു ചുരുക്കാമെന്ന് ചിന്തകനായ ലിഷ്റ്റെൻബെർഗ് പറയുന്നു: “ആരാണു ഞാൻ? ഞാൻ ചെയ്യേണ്ടതെന്താണ്‌? എന്തിലാണെനിക്കു വിശ്വസിക്കാവുന്നത്? എന്താണെനിക്കു പ്രതീക്ഷിക്കാനുള്ളത്?” ഈ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം രണ്ടാമത്തേതാണ്‌. നാം ചെയ്യേണ്ടതെന്താണെന്ന് നമുക്കറിയാമെങ്കിൽ നമുക്കറിയേണ്ട മറ്റെല്ലാം നമുക്കറിയാമെന്നാകും.
*
ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്‌, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.

(ലിയോ ടോൾസ്റ്റോയ് / from A Calendar of Wisdom)

2025 സെപ്റ്റംബർ 14, ഞായറാഴ്‌ച

അലക്സാണ്ടർ റിസ്റ്റോവിച്ച് - പിശാചിന്റെ മുത്താഴം



ഒരു മുള്ളു കിട്ടിയാൽ അതുമതിയവന്‌.
ഇരുമ്പു കൊണ്ടുള്ളൊരാപ്പിൾ,
ഒരു കോട്ടൺ ബനിയൻ മാത്രമിട്ട്
വീട്ടിനുള്ളിലുലാത്തുന്ന ഒരു പെൺകുട്ടിയുടെ മുലക്കണ്ണ്‌,
അല്ലെങ്കിലൊരു പന്നിയുടെ ചെവിയായാലും മതി.
രണ്ടൊഴിഞ്ഞ പിഞ്ഞാണങ്ങൾക്കിടയിലിഴയുന്ന പ്രാണി.
ജമന്തിപ്പൂവിലൂതുന്ന കുട്ടി.
ഊർദ്ധ്വൻ വലിക്കുന്നൊരു വൃദ്ധയുടെ
അഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ.
ഒരു കൈ മാറത്തും
മറ്റേക്കൈ ചുണ്ടിലുമായി
കാമുകനെ കാത്തുനില്ക്കുന്ന യുവതിയുടെ കൈകാലുകൾ.


മുത്താഴത്തിനു കഴിക്കുന്നതവൻ
അത്താഴത്തിനു ഛർദ്ദിക്കുന്നു,
ഒരു റോസാച്ചെടിക്കു മേൽ,
അല്ലെങ്കിലൊരു ക്രിസ്തുമസ് ട്രീയ്ക്കു ചുവട്ടിൽ.
*

Aleksandar Ristovic സെർബിയൻ കവി (1933-1994)

2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹെൽമുട്ട് ഹെയ്സെൻബുട്ടെൽ - നഷ്ടബോധം


----------------------------------

പേപ്പെൻബർഗ് ഉദ്യാനത്തിനു മുകളിലെ മേഘങ്ങളുടെ പേരിൽ
ഞാനൊരിക്കലായിരുന്ന കൊച്ചുകുട്ടിയുടെ പേരിൽ
ചതുപ്പിലെ കല്ക്കരിപ്പാളികളുടെ പേരിൽ
എനിക്കു 17 തികഞ്ഞപ്പോൾ ഹൈവേകളുടെ ഗന്ധത്തിന്റെ പേരിൽ
ഞാനൊരു പട്ടാളക്കാരനായിരുന്നപ്പോഴത്തെ ഇരുമ്പുട്രങ്കുകളുടെ മണത്തിന്റെ പേരിൽ
നിർജ്ജനമായ നഗരത്തിലൂടെ അമ്മയോടൊപ്പമുള്ള യാത്രയുടെ പേരിൽ
ചെറുപട്ടണങ്ങളിൽ റയിൽവേ സ്റ്റേഷനുകളിലെ വസന്തകാലസായാഹ്നങ്ങളുടെ പേരിൽ
ഡ്രെസ്ഡെനിൽ ലൈലോ അഹ്ലെൻഡോർഫിനോടൊപ്പമുള്ള നടത്തകളുടെ പേരിൽ
നവംബറിൽ മഞ്ഞു പെയ്യുന്നൊരു പകലത്തെ ആകാശത്തിന്റെ പേരിൽ
ഡ്രെയറുടെ സിനിമയിൽ ജൊവാൻ ഓഫ് ആർക്കിന്റെ മുഖത്തിന്റെ പേരിൽ
പഴയ കലണ്ടറുകളിൽ വെട്ടിക്കളഞ്ഞ തീയതികളുടെ പേരിൽ
കടല്ക്കാക്കകളുടെ സീല്ക്കാരങ്ങളുടെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ ഇരമ്പത്തിന്റെ പേരിൽ
ഉറക്കം വരാത്ത രാത്രികളുടെ ഇരമ്പത്തിന്റെ പേരിൽ
*

Helmut Heißenbüttel (1921-1966)- ജർമ്മൻ കവിയും നോവലിസ്റ്റും. 
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു.