2023, ഡിസംബർ 29, വെള്ളിയാഴ്‌ച

ചെക്കോവിന്റെ കഥകൾ

 ദിമിത്രി ഗ്രിഗറോവിച്ച് എന്ന ചെറുപ്പക്കാരനായ എഴുത്തുകാരൻ 1844ൽ അന്ന് 23 വയസ്സുള്ള ഫ്യോദോർ ദസ്തയേവ്സ്കിയോടൊപ്പം ഒരു വാടകമുറിയിൽ സഹവാസമായിരുന്നു. ദസ്തയേവ്സ്കി തന്റെ ആദ്യനോവലായ “പാവപ്പെട്ടവർ” എഴുതുന്ന കാലമാണത്. പൂർത്തിയായ നോവൽ ഗ്രിഗറോവിച്ചിലൂടെ അക്കാലത്തെ നിരൂപകസിംഹമായ വിസാരിയോൺ ബെലിൻസ്കിയുടെ കൈകളിലെത്തുകയും അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ റഷ്യൻ സാഹിത്യലോകത്ത് ദസ്തയേവ്സ്കിയുടെ അരങ്ങേറ്റം നടക്കുകയും ചെയ്തു. നാല്പതു കൊല്ലത്തിനിപ്പുറം 1886ൽ അതേ ഗ്രിഗറോവിച്ച് കാണാനിടയായി, അന്റോഷ ചെക്കോന്റെ എന്നൊരാളെഴുതിയ ചില നർമ്മകഥകൾ. അദ്ദേഹമത് അലെക്സി സുവോറിൻ എന്ന പ്രസാധകനു പരിചയപ്പെടുത്തി. അങ്ങനെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു മഹാനായ എഴുത്തുകാരൻ ജനശ്രദ്ധയിൽ വരുന്നത്- ആന്റൺ ചെക്കോവ്.

സ്വന്തം കൃതികളെ ഗൗരവത്തിലെടുക്കാതിരിക്കുന്നതിനും ഒരു തൂലികാനാമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നതിനും  ശാസിച്ചുകൊണ്ട് ഗ്രിഗറോവിച്ച് ആ ചെറുപ്പക്കാരന്‌ ഒരു കത്തെഴുതുന്നുണ്ട്. സ്വന്തം കഴിവിനെ മറച്ചുവയ്ക്കുന്നതിൽ മാപ്പു പറഞ്ഞുകൊണ്ട് ചെക്കോവ് 1886 മാർച്ച് 29നെഴുതിയ മറുപടിയിൽ ഇങ്ങനെ പറയുന്നു:

“പത്രമോഫീസുകളിൽ ചുറ്റിപ്പറ്റിനടന്ന അഞ്ചുകൊല്ലം കൊണ്ട് ഞാൻ പഠിച്ചത് സാഹിത്യലോകത്ത് ഞാൻ നിസ്സാരനാണെന്ന പൊതുബോധത്തോടു രാജിയാവാനാണ്‌. അങ്ങനെ ഞാൻ സ്വന്തം രചനയെ നിസ്സാരമായി കാണാൻ തുടങ്ങി. അതാണ്‌ ഒന്നാമത്തെ ഘടകം. ഞാൻ ഒരു ഡോക്ടർ ആണെന്നതും കാതറ്റം മരുന്നിലും ചികിത്സയിലും മുങ്ങിക്കിടക്കുകയാണു ഞാനെന്നതുമാണ്‌ രണ്ടാമത്തെ ഘടകം. ഒരേ സമയം രണ്ടു മുയലുകളെ പിടിക്കാൻ പോകരുതെന്ന പഴഞ്ചൊല്ല് എന്നെപ്പോലെ മറ്റാരുടേയും ഉറക്കം കെടുത്തിയിട്ടുണ്ടാവില്ല എന്നതുറപ്പാണ്‌.

ഇതൊക്കെ ഞാൻ എഴുതുന്നതിനുള്ള ഒരേയൊരു കാരണം ഞാൻ ചെയ്ത ഗുരുതരമായ പാപത്തെ അങ്ങയുടെ കണ്ണിൽ അല്പമെങ്കിലും ന്യായീകരിക്കാൻ വേണ്ടിമാത്രമാണ്‌. ഇക്കാലം വരെയും ഞാൻ എന്റെ സാഹിത്യപരിശ്രമങ്ങളെയൊക്കെ കണ്ടിരിക്കുന്നത് അങ്ങേയറ്റം ലാഘവത്തോടെയും ഉദാസീനതയോടെയുമാണ്‌; ഒരു കഥയിൽ ഒരു ദിവസത്തിലധികം പണിയെടുക്കുക എന്നത് എന്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല; താങ്കൾ അത്രയധികം ആസ്വദിച്ച “വേട്ടക്കാരൻ” എന്ന കഥയാകട്ടെ, കുളിമുറിയിൽ വച്ചാണ്‌ ഞാൻ എഴുതുന്നത്...ഭാവിയിലാണ്‌ എന്റെ പ്രതീക്ഷയൊക്കെയും. എനിക്ക് ഇരുപത്താറായിട്ടേയുള്ളു; എനിക്കെന്തെങ്കിലും കൈവരിക്കാൻ കഴിഞ്ഞുവെന്നു വന്നേക്കാം; എന്നാൽ കാലം പറക്കുകയാണല്ലോ...“

(റഷ്യൻ ക്ലാസ്സിക്കുകളുടെ പുതിയകാലവിവർത്തകരായ Richard Pevear, Larissa Volokhosky എന്നിവർ ആന്റൺ ചെക്കോവിന്റെ തിരഞ്ഞെടുത്ത കഥകൾക്കെഴുതിയ അവതാരികയിൽ നിന്ന്)

റൂമിയുടെ മരണം

 



750 കൊല്ലം മുമ്പ് 1273 ഡിസംബർ 17നാണ്‌ ജലാലുദ്ദീൻ റൂമി മരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു ടർക്കിഷ് ഗ്രന്ഥത്തിലെ ഒരു മിനിയേച്ചർ ചിത്രമാണിത്. റൂമി മരണശയ്യയിൽ കിടക്കുകയാണ്‌. കാലുകൾ ഒരു കംബളം കൊണ്ടു മൂടി അദ്ദേഹം തന്റെ ശിഷ്യന്മാരെ അവസാനമായി കാണുന്നതാണ്‌ സന്ദർഭം. കുറേ ദൂരത്തായി അദ്ദേഹത്തിന്റെ ഭാര്യയേയും മറ്റു ചില സ്ത്രീകളേയും കാണാം. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണത്തിനു ശേഷവും അനുഗ്രഹങ്ങളും പ്രചോദനവുമായി താൻ ഒപ്പമുണ്ടായിരിക്കുമെന്ന് അദ്ദേഹം അവരെ ആശ്വസിപ്പിക്കുന്നുണ്ട്. “മനുഷ്യരിൽ അത്യുത്തമൻ അന്യർക്കുപകരിക്കുന്നവനാണ്‌,” റൂമി പറയുന്നു, “പ്രസംഗങ്ങളിൽ അത്യുത്തമം സംക്ഷിപ്തവും ലക്ഷ്യവേധിയായതും.” കൂട്ടത്തിൽ അതിസുന്ദരനായ ഒരു യുവാവിനെയും കാണാം; അത് മരണത്തിന്റെ മാലാഖയായ അസ്രായീൽ ആണ്‌. റൂമി അസ്രായീലിനെ സ്വാഗതം ചെയ്യുന്നു. “അടുത്തു വന്നാലും...അങ്ങയോടു കല്പിച്ചിരിക്കുന്നത് ചെയ്താലും.” 1273 ഡിസംബർ 17ന്‌ സൂര്യാസ്തമയനേരത്ത് റൂമി ജീവൻ വെടിഞ്ഞു.

സിമോങ്ങ് ദ് ബുവ്വ വാർദ്ധക്യത്തെക്കുറിച്ച്


നമ്മുടെ മുൻജീവിതത്തിന്റെ യുക്തിരഹിതമായ ഹാസ്യാനുകരണമാകരുത് വാർദ്ധക്യം എന്നുണ്ടെങ്കിൽ അതിന്‌ ഒരു പരിഹാരമേയുള്ളു- നമ്മുടെ ജീവിതത്തിന്‌ അർത്ഥം നല്കിയിരുന്ന ലക്ഷ്യങ്ങളെ പിന്നീടും പിന്തുടരുക എന്നാണത്; എന്നു പറഞ്ഞാൽ,  വ്യക്തികളോട്, സംഘങ്ങളോട്, അല്ലെങ്കിൽ, സാമൂഹികവും രാഷ്ട്രീയവും ധൈഷണികവുമായ താല്പര്യങ്ങളോട്, അതുമല്ലെങ്കിൽ സർഗ്ഗാത്മകപ്രവൃത്തികളോടുള്ള അർപ്പണബോധം തുടർന്നുകൊണ്ടുപോവുക.

നമ്മളിൽത്തന്നെ ഒതുങ്ങിപ്പോകുന്നതിൽ നിന്നു നമ്മെത്തടയാനും മാത്രം ബലത്ത അഭിനിവേശങ്ങൾ നമുക്കു തുടർന്നുമുണ്ടാകാൻ വാർദ്ധക്യത്തിലും ആഗ്രഹിക്കാൻ നമുക്കു കഴിയണം. സ്നേഹത്തിലൂടെ, സൗഹൃദത്തിലൂടെ, ധാർമ്മികരോഷത്തിലൂടെ, സഹാനുഭൂതിയിലൂടെ അന്യരുടെ ജീവിതത്തിനു വില കല്പിക്കുന്നിടത്തോളം കാലമേ നിങ്ങളുടെ ജീവിതത്തിനും വിലയുണ്ടാകുന്നുള്ളു.

എല്ലാ മിഥ്യാബോധങ്ങളും മറഞ്ഞുകഴിഞ്ഞാലും ഒരേ പാതയിലൂടെ തുടർന്നും സഞ്ചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ എത്രയോ ഭേദമാണത്. എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കുന്നത് വിശേഷാവകാശം കിട്ടിയ ചിലർക്കു മാത്രമാണ്‌.: ജീവിതത്തിന്റെ അവസാനവർഷങ്ങളിലാണ്‌ അവരും മനുഷ്യരാശിയുടെ മഹാഭൂരിപക്ഷവും തമ്മിലുള്ള വിടവ് ഏറ്റവും ആഴത്തിലുള്ളതാകുന്നത്, ഏറ്റവും പ്രകടമാകുന്നതും.

ഇന്ന് ഒരു ഖനിത്തൊഴിലാളിയുടെ ജീവിതം അമ്പതാമത്തെ വയസ്സിൽ തീർന്നുകഴിഞ്ഞിരിക്കും; അതേസമയം വരേണ്യവർഗ്ഗത്തിൽ പെട്ട പലർക്കും എമ്പതാമത്തെ വയസ്സിലും ജീവിതഭാരമെന്നാൽ തൂവലിന്റെ ഭാരം പോലെയായിരിക്കും. തൊഴിലാളിയുടെ പതനം നേരത്തേ തുടങ്ങുന്നു. ഊഷരമായ ഒരു പാഴ്നിലമേ അയാൾ തനിക്കു ചുറ്റും കാണുന്നുള്ളു. തന്റെ ജീവിതത്തെ ലക്ഷ്യങ്ങളും മൂല്യങ്ങളും ജീവിച്ചിരിക്കാനുള്ള കാരണങ്ങളും കൊണ്ടു നിറയ്ക്കാൻ സഹായിക്കുന്ന ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യത അയാൾക്കനുവദിച്ചിട്ടില്ല. പ്രായം ചെന്ന ഒരു തൊഴിലാളിയിൽ നിന്ന് സമൂഹം മുഖം തിരിക്കുകയാണ്‌, അയാൾ മറ്റേതോ ജീവിവർഗ്ഗത്തിൽ പെട്ടതാണെന്നപോലെ. സംസ്കാരം ഫലപ്രദവും സജീവവുമായിരുന്നെങ്കിൽ അങ്ങനെയൊരു നിഷ്കാസനം അയാൾക്കനുഭവിക്കേണ്ടിവരുമായിരുന്നില്ല. എന്നാൽ ഒരിടത്തും ഒരുകാലത്തും അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടുമില്ല.

ആദർശസമൂഹത്തിൽ വാർദ്ധക്യം ഉണ്ടായിരിക്കില്ലെന്ന് നമുക്കു വേണമെങ്കിൽ സ്വപ്നം കാണാം. ഒരാൾ വ്യക്തിപരമായി പ്രായം കൊണ്ടു ബലഹീനനാവുമെങ്കിലും പ്രകടമായ കുറവു വരാതെ ജീവിക്കുകയും പിന്നൊരുനാൾ ഏന്തെങ്കിലും രോഗത്തിനധീനനാവുകയും ചെയ്തേക്കാം; ഒരുതരത്തിലുമുള്ള ഹീനതയും അനുഭവിക്കാതെ അയാൾ മരിക്കുകയും ചെയ്തേക്കാം. 

എന്നാൽ അങ്ങനെ ഒരവസ്ഥ അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല. സമൂഹം ഒരു വ്യക്തിയെ പരിപാലിക്കുന്നത് അയാളെക്കൊണ്ടു പ്രയോജനമുള്ള കാലത്തോളം മാത്രമാണ്‌. യുവാക്കൾക്ക് അതറിയാം. സാമൂഹ്യജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഉത്കണ്ഠ സമൂഹത്തിൽ നിന്നു ബഹിഷ്കൃതമാകുമ്പോൾ പ്രായമായവർ അനുഭവിക്കുന്ന മനോവേദനയോടു നിരക്കുന്നതായിരിക്കും.  ഈ രണ്ടു കാലങ്ങൾക്കുമിടയിൽ ആ പ്രശ്നം നിത്യജീവിതത്തിൽ മറഞ്ഞുകിടക്കും. യൗവ്വനത്തിനും വാർദ്ധക്യത്തിനുമിടയിൽ ഒരു യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്‌- മനുഷ്യരെ പൊടിച്ചു തരിയാക്കുന്ന ക്രഷർ; തങ്ങൾക്കതിൽ നിന്നു രക്ഷപ്പെടാവുന്നതാണ്‌ എന്ന തോന്നൽ പോലുമില്ലാത്തതിനാൽ അതിനടിയിൽ കിടന്നു ഞെരിയാൻ സ്വയം കിടന്നുകൊടുക്കുന്നവർക്കുള്ളതാണത്. പ്രായമായവരുടെ അവസ്ഥ യഥാർത്ഥത്തിൽ എന്താണെന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമുക്ക് കൂടുതൽ ഉദാരമായ ഒരു ‘വാർദ്ധക്യകാലനയം’ കൊണ്ട് (കൂടിയ പെൻഷൻ, മര്യാദയ്ക്കുള്ള താമസം, വിനോദത്തിനുള്ള സൗകര്യം) തൃപ്തരാവാൻ പറ്റില്ല. വ്യവസ്ഥിതി തന്നെയാണ്‌ പ്രശ്നം; അടിസ്ഥാനപരമായിട്ടല്ലാതെ ഒരു പരിഹാരമില്ല- ജീവിതരീതി തന്നെ മാറ്റുക.

2023, ഡിസംബർ 20, ബുധനാഴ്‌ച

അവ്രോം സുറ്റ്സ്ക്കെവെർ - ആരു ശേഷിക്കും?

 


 


ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു കാറ്റു ശേഷിക്കും.
അന്ധരായി മരിച്ച ബന്ധുക്കളുടെ അന്ധത ശേഷിക്കും.
ഒരു കടലിന്റെ തെളിവായി നുരയുടെ നേർത്തൊരിഴ ശേഷിക്കും.
ഒരു മരക്കൊമ്പിലുടക്കിക്കിടന്ന മേഘത്തുണ്ടു ശേഷിക്കും.

ആരു ശേഷിക്കും? എന്തു ശേഷിക്കും? ഒരു വാക്കിന്റെ ബാക്കി ശേഷിക്കും,
ഇനിയൊരാദിയിൽ ഉല്പത്തിയുടെ പുൽക്കൊടികളതിൽ നിന്നു മുള പൊട്ടും.
ആരും കാണണമെന്നില്ലാതെ ഒരു പനിനീർപ്പൂ ശേഷിക്കും,
ഏഴു പുൽക്കൊടികൾ അതിനെയറിഞ്ഞുവെന്നും വരും.

വടക്കു നിന്നിവിടത്തോളമുള്ള വിശാലതയിലെ നക്ഷത്രങ്ങളിൽ
ഒരു കണ്ണീർത്തുള്ളിയിൽ വീണ നക്ഷത്രം മാത്രം ശേഷിക്കും.
ചഷകത്തിലൊരു തുള്ളി വീഞ്ഞു ശേഷിക്കും, ഒരു മഞ്ഞുതുള്ളി.
ആരു ശേഷിക്കും? ദൈവം ശേഷിക്കും. നിനക്കതു പോരേ?

*

അവ്രോം സുറ്റ്സ്ക്കെവെർ Avrom Sutzkever (1913-2010)- ഇന്നത്തെ ബലാറസിൽ ജനിച്ച യിദ്ദിഷ് കവി. നാസി അധിനിവേശകാലത്ത് ചെറുത്തുനില്പിൽ പങ്കെടുത്തു. ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ രചനകൾ പ്രസിദ്ധം.

2023, ഡിസംബർ 19, ചൊവ്വാഴ്ച

അൽഫോൺസിന സ്റ്റോർണി - കവിതകൾ

 അല്ഫോൺസിനാ സ്റ്റോർണി Alfonsina Storni (1892-1938)- ഇറ്റാലിയൻ, സ്വിസ് ദമ്പതികളുടെ മകളായി സ്വിറ്റ്സർലന്റിൽ ജനിച്ച സ്പാനിഷ് കവയിത്രി. നാലാം വയസ്സു മുതൽ അർജന്റീനയിൽ. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താനായി പലതരം ജോലികൾ ചെയ്തു. സഞ്ചരിക്കുന്ന ഒരു നാടകസംഘത്തിൽ നടിയായി, അദ്ധ്യാപികയായി. 1912ൽ ഒരു മകൻ ജനിച്ചു. മകനോടൊപ്പം ബ്യൂണേഴ്സ് അയഴ്സിലേക്കു താമസം മാറ്റി. 1935ൽ സ്തനാർബുദത്തിനു ശസ്ത്രക്രിയ. 1938ൽ വീണ്ടും രോഗബാധ. ആ വർഷം ഒക്റ്റോബർ 25ന്‌ കടലിൽ ചാടി ആത്മഹത്യ ചെയ്തു.

ഈ കവിതയിൽ തന്റെ അമ്മയുടെ തലമുറ ചുമന്നുനടന്ന ലിംഗവ്യത്യാസത്തിൽ അധിഷ്ഠിതമായ പാരമ്പര്യത്തെ തള്ളിപ്പറയുകയാണ്‌ സ്റ്റോർണി എന്ന് നിരൂപകർ.)


പൈതൃകത്തിന്റെ ഭാരം


നിങ്ങൾ പറഞ്ഞു: എന്റെ അച്ഛൻ കരഞ്ഞിട്ടേയില്ല;
നിങ്ങൾ പറഞ്ഞു: എന്റെ മുത്തശ്ശൻ കരഞ്ഞിട്ടേയില്ല;
എന്റെ തറവാട്ടിൽ ആണുങ്ങൾ കരഞ്ഞിട്ടേയില്ല;
അവർ ഉരുക്കുമനുഷ്യരായിരുന്നു.
ഇതു പറയുമ്പോൾ ഒരു കണ്ണീർത്തുള്ളി ഉരുണ്ടുകൂടി
എന്റെ ചുണ്ടിലേക്കു വീണു...
അത്ര ചെറിയൊരു പാത്രത്തിൽ നിന്ന്
ഇത്രയും വിഷം ഞാൻ മുമ്പു കഴിച്ചിട്ടേയില്ല.
അബലയായ സ്ത്രീ, അന്യശോകങ്ങളറിയാൻ പിറന്നവൾ:
യുഗങ്ങളുടെ വേദന അതിൽ ഞാൻ നുകർന്നു.
ഹാ, എന്റെയാത്മാവിനെക്കൊണ്ടു കഴിയില്ല,
അത്രയും ഭാരം പേറിനടക്കാൻ.
(1919)

ഇനി ഞാനുറങ്ങട്ടെ

പൂമൊട്ടുകൾ പല്ലുകൾ, മുടി മൂടാൻ മഞ്ഞുതുള്ളികൾ, ചെടിച്ചില്ലകൾ കൈകൾ, പ്രകൃതീ, എനിക്കൊത്ത ധാത്രീ, മണ്ണടരുകൾ കൊണ്ടു വിരിപ്പുകളെനിക്കായൊരുക്കൂ, പന്നലും പായലും കൊണ്ടു പതുപതുത്തൊരു മെത്തയും. എന്നെക്കൊണ്ടുപോയിക്കിടത്തൂ, ഇനി ഞാനുറങ്ങട്ടെ. എന്റെ കട്ടിൽത്തലയ്ക്കലൊരു വിളക്കു വേണം, ഒരു നക്ഷത്രമണ്ഡലമെങ്കിലതുമെനിക്കു ഹിതം: രണ്ടിലേതായാലും തിരിയൊന്നു താഴ്ത്തിവയ്ക്കൂ. ഇനിപ്പോകൂ: മൊട്ടുകൾ വിടരുന്നതെനിക്കു കേൾക്കാം... ഒരു സ്വർഗ്ഗീയപാദം മുകളിൽ നിന്നെന്നെത്താരാട്ടുന്നു, ഒരു പറവയെനിക്കായൊരു ചിത്രം വരയ്ക്കുന്നു... എല്ലാം ഞാൻ മറക്കട്ടെ...നന്ദി. ഹാ, ഒരപേക്ഷ കൂടി: ഇനിയുമയാൾ ഫോൺ ചെയ്താൽ പറഞ്ഞേക്കൂ, ഇനി ശ്രമിക്കേണ്ടെന്ന്, ഞാൻ പൊയ്ക്കഴിഞ്ഞുവെന്ന്... (സ്റ്റോർണിയുടെ അവസാനത്തെ കവിത; അവർ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.)


2023, നവംബർ 24, വെള്ളിയാഴ്‌ച

ബാൽത്തസാർ ഗ്രേഷ്യൻ - ലോകത്തു നിന്നുപിഴയ്ക്കാനുള്ള പ്രമാണങ്ങൾ

 

നിങ്ങളുടെ ദേശത്തിന്റെ ദോഷങ്ങളിൽ നിന്നു മാറിനില്ക്കുക


ജലം അതൊഴുകുന്ന പ്രതലത്തിന്റെ ഗുണവും ദോഷവും പങ്കിടുന്നു; മനുഷ്യൻ അവൻ ജനിച്ച സ്ഥലകാലങ്ങളുടെയും. ചിലർക്ക് മറ്റു ചിലരെക്കാൾ തങ്ങളുടെ ജന്മദേശത്തോടു കടപ്പാടുണ്ടാവും; കൂടുതൽ അനുകൂലമായ ഒരാകാശം അവരുടെ തലയ്ക്കു  മേൽ ഉണ്ടായതുകൊണ്ടാണത്. എന്തെങ്കിലുമൊരു ദോഷം ഇല്ലാത്തതായി ഏറ്റവും പരിഷ്കൃതമായ ദേശങ്ങളിൽ പോലും  ഒന്നുമുണ്ടാകാൻ വഴിയില്ല; വീരവാദമോ അവകാശവാദമോ ആയി മറ്റു ദേശങ്ങൾ അത് പൊക്കിപ്പിടിക്കുകയും ചെയ്യും. സ്വന്തം ദേശത്തിന്റെ അത്തരം കുറവുകൾ അവനവനിൽ തിരുത്തുക, അല്ലെങ്കിൽ മറച്ചുവയ്ക്കുകയെങ്കിലും ചെയ്യുക എന്നത് സാമർത്ഥ്യത്തിന്റെ ഒരു വിജയമാണ്‌. സഹജീവികൾക്കിടയിൽ സമാനതയില്ലാത്തവനായി നിങ്ങൾ കൊണ്ടാടപ്പെടും; ഒട്ടും പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിൽ അത്രയ്ക്കുമതിന്റെ മതിപ്പു കൂടുകയും ചെയ്യും. ഇതുപോലെതന്നെ കുടുംബപരമായ കുറവുകളുണ്ടാവാം, പദവിയുടെ, തൊഴിലിന്റെ, പ്രായത്തിന്റെ കുറവുകളും വരാം. ഇവയെല്ലാം ഒറ്റയാളിൽ ഒരുമിച്ചുകൂടുകയും അവ വേണ്ടവിധം നിയന്ത്രിക്കപ്പെടാതെയും ഇരുന്നാൽ ദുസ്സഹമായ ഒരു രാക്ഷസരൂപം ഉരുവാകുകയും ചെയ്യും.
*

ദോഷൈകദൃക്കാകരുത്


എന്തിലും തെറ്റു കണ്ടുപിടിക്കുന്ന, ഒരിക്കലും മുഖം തെളിയാത്ത ചില കഥാപാത്രങ്ങളുണ്ട്; അതെന്തെങ്കിലും ദുഷ്ടബുദ്ധി കാരണമല്ല, അവരുടെ പ്രകൃതം അങ്ങനെയായിപ്പോയി എന്നേയുള്ളു. സർവ്വരേയും അവർ വിമർശിക്കും: ഇതു ചെയ്തതിനാൽ അവരെ, അതു ചെയ്യുമെന്നതിനാൽ ഇവരെ. ക്രൂരം എന്നതിനെക്കാൾ വഷളായ ഒരു സ്വഭാവമാണത്, നീചം എന്നുതന്നെ പറയണം. അത്രയും അത്യുക്തിയോടെയാണവർ കുറ്റപ്പെടുത്തുക; എന്നുപറഞ്ഞാൽ, കണ്ണിലെ കരടിനെ തൂമ്പയാക്കി അതവർ കിളച്ചുമറിയ്ക്കും. പറുദീസയെ തടവറയാക്കുന്ന കങ്കാണികൾ; ആവേശം കൂടിയായാൽ കളി കൈവിടുകയും ചെയ്യും. കുലീനപ്രകൃതമുള്ള ഒരാൾ മറിച്ച്, ഒരാളുടെ പിഴവിനു മാപ്പു കൊടുക്കാൻ എന്തെങ്കിലും ഒരു കാരണം കണ്ടെത്തും, കണ്ണടച്ചിട്ടായാലും.
*

കാര്യങ്ങളെ അവയുടെ വഴിക്കു വിടുക എന്ന കല.


സ്വകാര്യജീവിതമോ പൊതുജീവിതമോ കാറ്റും കോളും കൊണ്ടു പ്രക്ഷുബ്ധമാണെങ്കിൽ വിശേഷിച്ചും. മനുഷ്യവ്യവഹാരങ്ങളിൽ ചുഴലിക്കാറ്റുകളുണ്ടാവാം, വികാരങ്ങളുടെ ചണ്ഡവാതങ്ങളുണ്ടാവാം; അങ്ങനെയുള്ളപ്പോൾ സുരക്ഷിതമായ ഒരു കടവു കണ്ടുപിടിച്ച്, എല്ലാമൊന്നടങ്ങുന്നതുവരെ അവിടെ കാത്തുകിടക്കുന്നതായിരിക്കും ബുദ്ധി. ചികിത്സ പലപ്പോഴും രോഗം വഷളാക്കുകയേയുള്ളു. അതു കാലത്തിനോ പ്രകൃതിക്കോ വിട്ടുകൊടുക്കുക. എപ്പോൾ മരുന്നു കുറിക്കരുതെന്ന് അറിവുള്ള വൈദ്യർക്കറിയാം; ചിലപ്പോഴാകട്ടെ, ഒരു മരുന്നും കുറിക്കാതിരിക്കുന്നതിലായിരിക്കും ആ അറിവിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ കൊടുങ്കാറ്റുകളെ ശമിപ്പിക്കാനുള്ള ഉചിതമായ വഴി നിങ്ങൾ ഒരു വിരൽ പോലും അനക്കാതിരിക്കുകയും അതതിന്റെ വഴിക്ക് അടങ്ങാൻ വിട്ടുകൊടുക്കുകയുമായിരിക്കും. ഇപ്പോൾ വിട്ടുകൊടുത്താൽ പിന്നീടു വെട്ടിപ്പിടിക്കാം. ഉറവയിലെ വെള്ളം ഒന്നിളകിയാൽപോലും ചെളിയാകും; നമ്മൾ കൂടി കയ്യിട്ടിളക്കിയാൽ അതൊരിക്കലും തെളിയാൻ പോകുന്നില്ല; നമ്മൾ ഇടപെടാതിരുന്നാൽ അതു സാവധാനം തെളിഞ്ഞുവരും. അവ്യവസ്ഥ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അതിനെ അതിന്റെ വഴിക്കു വിടുകയാണ്‌; അങ്ങനെയേ അതടങ്ങുകയുമുള്ളു.
*

ഒറ്റയ്ക്കു ബുദ്ധിമാനാവുന്നതിനെക്കാൾ


ഒറ്റയ്ക്കു ബുദ്ധിമാനാവുന്നതിനെക്കാൾ നല്ലത് ബാക്കി ലോകത്തോടൊരുമിച്ച് ഭ്രാന്തനാവുന്നതാണ്‌.
എന്ന് രാഷ്ട്രീയക്കാർ പറയും. എല്ലാവരും അങ്ങനെയായാൽ ഒരാൾ മറ്റൊരാളെക്കാൾ മോശമാകാനില്ല; ഏകാന്തജ്ഞാനം ബുദ്ധിമോശമായി ആളുകൾ കാണുകയും ചെയ്യും. അത്രയ്ക്കു പ്രധാനമാണ്‌ ഒഴുക്കിനൊത്ത് തുഴയുക. ഏറ്റവും കേമമായ ജ്ഞാനം അജ്ഞതയിൽ അല്ലെങ്കിൽ അജ്ഞനാണെന്നുള്ള നാട്യത്തിലാണെന്നുവരാം. ഒരാൾക്ക് മറ്റുള്ളവർക്കൊപ്പമല്ലാതെ ജീവിക്കാൻ പറ്റില്ല; ഈ മറ്റുള്ളവരാവട്ടെ, മിക്കവാറും വിവരമില്ലാത്തവരുമായിരിക്കും. “തീർത്തും ഏകാകിയായി ജീവിക്കണമെങ്കിൽ നിങ്ങൾ ദേവന്മാരെപ്പോലെയായിരിക്കണം, അല്ലെങ്കിൽ കാട്ടുമൃഗങ്ങളെപ്പോലെ.” ഞാനാണെങ്കിൽ ഈ സൂക്തത്തെ ഒന്നു മറിച്ചിടുമായിരുന്നു: “ഒറ്റയ്ക്കു വിഡ്ഢിയാകുന്നതിനെക്കാൾ ഭേദം എല്ലാവരുമൊത്ത് ബുദ്ധിമാനാകുന്നതാണ്‌.” ആകാശപുഷ്പം തേടി മൗലികചിന്തകരാവാൻ ശ്രമിക്കുന്ന ചിലരുമുണ്ടാവട്ടെ.
*

സംസ്കാരവും ചാരുതയും

മനുഷ്യൻ ജനിക്കുമ്പോൾ പ്രാകൃതനാണ്‌; സംസ്കാരം കൊണ്ടാണ്‌ അവൻ മൃഗത്തിൽ നിന്നുയരുന്നത്. അതിനാൽ സംസ്കാരമാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതെന്നു പറയാം; എത്രയ്ക്കൊരാൾ മനുഷ്യനാണോ, അത്രയ്ക്കുണ്ടാവും അയാളുടെ സംസ്കാരം. അതുകൊണ്ടാണ്‌ ഗ്രീക്കുകാർക്ക് ശേഷിച്ച ലോകത്തെ പ്രാകൃതർ എന്നു വിളിക്കാൻ കഴിഞ്ഞത്. അജ്ഞത വളരെ അപരിഷ്കൃതമാണ്‌; അറിവു പോലെ സംസ്കാരത്തെ പോഷിപ്പിക്കുന്ന മറ്റൊന്നില്ല. എന്നാൽ അറിവു പോലും പരുക്കനാവുന്നു, ചാരുത ഇല്ലെങ്കിൽ. നമ്മുടെ ധിഷണ മാത്രം ചാരുവായാൽ പോരാ, നമ്മുടെ ആഗ്രഹങ്ങൾ, അതിലുമുപരി, നമ്മുടെ സംഭാഷണം ചാരുതയുള്ളതായിരിക്കണം. ചിലർ പ്രകൃത്യാ തന്നെ ആന്തരവും ബാഹ്യവുമായ ഗുണങ്ങളിൽ ചാരുതയുള്ളവരായിരിക്കും; അവരുടെ ചിന്തകൾ, അവരുടെ സംബോധനകൾ, ആത്മാവിന്റെ പുറംതോടെന്നു പറയാവുന്ന വേഷം, അതിന്റെ കാമ്പെന്നു പറയുന്ന സിദ്ധികൾ ഇതൊക്കെ ചാരുവായിരിക്കും. നേരേ മറിച്ച് വേറേ ചിലരുണ്ട്; അവരെ സംബന്ധിച്ചതെന്തും ഒരുതരത്തിൽ വിലക്ഷണമായിരിക്കും; അവരുടെ മേന്മകൾ പോലും അസഹനീയവും പ്രാകൃതവുമായ ഒരു വെടിപ്പില്ലായ്മയുടെ കറ പറ്റിയതായിരിക്കും. *

നിങ്ങളുടെ പെരുമാറ്റം പരിഷ്കൃതവും അഭിജാതവുമായിരിക്കട്ടെ

വലിയൊരാൾ പെരുമാറ്റത്തിൽ ചെറുതാകരുത്. അയാൾ ഒരിക്കലും ഒന്നിനേയും തുരന്നുനോക്കാൻ പോകരുത്, അരോചകമായ കാര്യങ്ങളിൽ വിശേഷിച്ചും. എല്ലാം അറിയുക എന്നത് പ്രധാനം തന്നെയാണെങ്കിലും എല്ലാവരുടേയും എല്ലാം അറിയേണ്ട ആവശ്യമില്ല. അത്തരം സന്ദർഭങ്ങളിൽ മാന്യതയോടെ, ഹൃദയവിശാലതയോടെ വേണം നമ്മുടെ പെരുമാറ്റം. കണ്ടില്ലെന്നു നടിക്കുന്നതും നല്ല സ്വഭാവത്തിന്റെ ഭാഗമാണ്‌. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും, ശത്രുക്കളുടെ പോലും, കാര്യങ്ങളിൽ വലിയൊരു ഭാഗവും ശ്രദ്ധിക്കാതെ വിടാനുള്ളതാണ്‌. എല്ലാ അധികപ്പറ്റും അലോസരമുണ്ടാക്കും, അലോസരമുണ്ടാക്കുന്ന കാര്യങ്ങളിൽ പ്രത്യേകിച്ചും. തനിക്കലോസരമുണ്ടാക്കുന്ന ഒരു വസ്തുവിനെ വിടാതെ ചുറ്റിപ്പറ്റി നടക്കുന്നത് ഒരുതരം ഭ്രാന്താണ്‌. പൊതുവേ പറഞ്ഞാൽ, ഓരോ മനുഷ്യന്റെയും പെരുമാറ്റം അയാളുടെ ഹൃദയത്തിനും ബുദ്ധിക്കും ചേർന്നതായിരിക്കും.

കാതിമകൾ

നമുക്ക് കണ്ണിമകളുണ്ട്, കാതിമകളില്ല, കാരണം, കാതുകൾ പഠനത്തിന്റെ കവാടങ്ങളാണ്‌; അതെപ്പോഴും മലർക്കെത്തുറന്നുകിടക്കണമെന്നു പ്രകൃതി കരുതി. ആ വാതിൽ നമുക്കു നിഷേധിച്ചതുകൊണ്ടു തൃപ്തയാകാതെ, കേൾവിയുള്ള ജീവികളിൽ നമ്മെ മാത്രം അവൾ കാതിളക്കാൻ പറ്റാത്തവരുമാക്കി. മനുഷ്യന്റെ കാതുകൾ മാത്രമേ ചലനമില്ലാത്തതായുള്ളു, സദാസമയവും ജാഗരൂകമാണത്. കാതു കൂർപ്പിക്കാനെടുക്കുന്ന ഒരു നിമിഷം പോലും നഷ്ടപ്പെടരുതെന്ന് പ്രകൃതി തീരുമാനിക്കുകയായിരുന്നു. ഏതു നേരവും, ആത്മാവതിന്റെ കിടപ്പറയിലേക്കു പോകുന്ന നേരവും, കാതുകൾ ഉണർന്നിരിക്കുകയാണ്‌. ആ കാവല്ക്കാർ നല്ല ഉണർവിലായിരിക്കുന്നതുപോലും അപ്പോഴായിരിക്കാം. അങ്ങനെയല്ലെങ്കിൽ അപായത്തെക്കുറിച്ചാരാണ്‌ മുന്നറിയിപ്പു നല്കുക? മനസ്സ് അലസമായി ഉറങ്ങുമ്പോൾ ആരാണതിനെ തട്ടിയുണർത്തുക? കാഴ്ചയും കേൾവിയും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്‌. കണ്ണുകൾ അവയ്ക്കു വേണ്ടപ്പോൾ, വേണമെന്നുള്ളപ്പോൾ, വസ്തുക്കളെ തേടിപ്പിടിക്കുകയാണ്‌; അതേ സമയം കാതുകൾക്കവ തടവില്ലാതെ വന്നുചേരുകയാണ്‌. കാണാവുന്നവ അവിടെത്തന്നെയുണ്ടാവും; നാം ഇപ്പോൾ നോക്കുന്നില്ലെങ്കിലും പിന്നീടെപ്പോൾ വേണമെങ്കിലും നോക്കിയാൽ കാണാവുന്നതേയുള്ളു. പക്ഷേ മിക്ക ശബ്ദങ്ങളും പെട്ടെന്നു കടന്നുപോകുന്നവയാണ്‌; ആ നിമിഷം കടന്നുപിടിച്ചില്ലെങ്കിൽ പിന്നീടു കിട്ടണമെന്നില്ല. നമുക്കാകെയുള്ള ഒരു നാവ് രണ്ടടപ്പുകൾക്കുള്ളിലാണ്‌, നമ്മുടെ രണ്ടു കാതുകളാവട്ടെ, രണ്ടായി തുറന്നുകിടക്കുകയും ചെയ്യുന്നു. നാം പറയുന്നതിന്റെ ഇരട്ടി കേൾക്കട്ടെ എന്നാണതിനർത്ഥം. കേൾക്കുന്നതിന്റെ പകുതിയോ അതിലധികമോ നമുക്കഹിതവും ഉപദ്രവകരം പോലുമോ ആണെന്നെനിക്കറിയാത്തതല്ല; പക്ഷേ അതിനു നല്ലൊരു പരിഹാരവുമുണ്ട്: കേട്ടില്ലെന്നു നടിക്കുക എന്നതാണത്, അല്ലെങ്കിൽ ഒരു കടയുടമസ്ഥനെപ്പോലെ, ജ്ഞാനിയെപ്പോലെ കേൾക്കുക. ഒരു യുക്തിയുമില്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ ഇരുകൈകളും പൊക്കി നാം കാതു പൊത്താറുമുണ്ടല്ലോ. കൈകൾ കേൾക്കാൻ സഹായിക്കുമെങ്കിൽ മുഖസ്തുതിയിൽ നിന്നു നമ്മെ രക്ഷിക്കാനും അവയ്ക്കാകും. തന്നെ പിടിക്കാൻ വരുന്ന പാമ്പാട്ടിയിൽ നിന്നു രക്ഷപ്പെടാൻ പാമ്പിന്‌ ഒരു വിദ്യ അറിയാം: അത് ഒരു കാത് നിലത്തോടു ചേർത്തു ശ്രദ്ധിക്കും, മറ്റേക്കാത് വാലു കൊണ്ടടയ്ക്കുകയും ചെയ്യും.
*

ഒന്നും നഷ്ടപ്പെടാനില്ലാത്തവനുമായി മത്സരിക്കാൻ പോകരുത്; 


കാരണം, അതുവഴി നിങ്ങൾ ഏർപ്പെടുന്നത് തുല്യരല്ലാത്ത രണ്ടുപേരുടെ ഏറ്റുമുട്ടലിലാണ്‌. മറ്റേയാൾ വരുന്നത് ഒരുത്കണ്ഠയുമില്ലാതെയാണ്‌! നാണക്കേടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞതിനാൽ ഇനി അയാൾക്ക് ഒരു നഷ്ടത്തെയും ഭയക്കാനില്ല. അയാൾ അതിനാൽ ഏതുതരം മര്യാദകേടിനേയും ആശ്രയിക്കും. അമൂല്യമായ ഒരു സല്പേരിനെ അത്രയും ഭയങ്കരമായ ഒരപായസാദ്ധ്യതയ്ക്കു നാം വിധേയമാക്കരുത്; അല്ലെങ്കിൽ വർഷങ്ങൾ കൊണ്ടു നാം നേടിയെടുത്തത് ഒരു നിമിഷത്തിൽ നഷ്ടപ്പെട്ടുവെന്നു വരാം; കാരണം, ഒരേയൊരു പിഴവു മതി, വിയർത്തുനേടിയതെല്ലാം പാഴിലാകാൻ. മാന്യതയും ഉത്തരവാദിത്വവുമുള്ളവന്‌ നഷ്ടപ്പെടാൻ ഏറെയുണ്ടാകും. സ്വന്തം സല്പേരിനെക്കുറിച്ചോർക്കുമ്പോൾ അതു നഷ്ടപ്പെടാനുള്ള സാദ്ധ്യത അയാൾ പരിഗണിക്കും. അതിനാൽ അങ്ങേയറ്റത്തെ ജാഗ്രതയോടെയേ അയാൾ മത്സരത്തിനിറങ്ങുകയുള്ളു; തന്നെയുമല്ല, സ്വന്തം സല്പേരിനിടിവു തട്ടാതെ തക്ക സമയത്ത് അയാൾ പിൻവാങ്ങുകയും ചെയ്യും. തോൽവിയിൽ നഷ്ടപ്പെട്ടതു വീണ്ടെടുക്കാൻ ഒരു വിജയത്തിനും കഴിയില്ലല്ലോ.
*

സ്വസ്ഥജീവിതം, സുദീർഘജീവിതം


ജീവിക്കുക, ജീവിക്കാനനുവദിക്കുക. സമാധാനപ്രേമികൾ ജീവിക്കുക മാത്രമല്ല, അവർ ജീവിതത്തെ ഭരിക്കുകയും ചെയ്യുന്നു. കേൾക്കുക, കാണുക, നാവടക്കുക. വിവാദമില്ലാത്ത ഒരു പകൽ സ്വപ്നങ്ങളില്ലാത്ത നിദ്ര പ്രദാനം ചെയ്യുന്നു. ദീർഘജീവിതവും സന്തുഷ്ടജീവിതവും: മനസ്സമാധാനത്തിന്റെ ഇരട്ടക്കനികൾ. തനിക്കൊന്നുമല്ലാത്തതിനെ ഒന്നുമല്ലാതെ കാണുന്നവന്‌ എല്ലാമുണ്ട്. എന്തിനേയും ഗൗരവത്തിലെടുക്കുന്നതിനെക്കാൾ കൊടിയ സ്വഭാവദൂഷ്യം വേറേയില്ല. നമ്മെ സംബന്ധിക്കുന്നതിനെ ഗൗരവത്തിലെടുക്കാത്തതും അങ്ങനെയല്ലാത്തതിനെ ഗൗരവത്തിലെടുക്കുന്നതും ഒരേപോലെ മൂഢമാണ്‌.




ജസ്യൂട്ട് പാതിരിയും സ്പാനിഷ് ബറോക്ക് ഗദ്യശൈലിയുടെ പ്രതിനിധിയുമായ ബാൽത്തസാർ ഗ്രേഷ്യൻ (Baltasar Gracián y Morales) 1601 ജനുവരി 8ന്‌ സ്പെയിനിലെ ബൽമൊന്തോവിൽ ജനിച്ചു. ജസ്യൂട്ട് സ്കൂളുകളിലെ പഠനത്തിനു ശേഷം 1635ൽ പുരോഹിതനായി. ഉപദേശി എന്ന നിലയിൽ പേരെടുത്തുവെങ്കിലും അദ്ദേഹത്തിന്റെ ചില പ്രഭാഷണവിദ്യകൾ (നരകത്തിൽ നിന്നു വന്നതായി അവകാശപ്പെടുന്ന ഒരു കത്ത് ദേവാലയത്തിലെ പ്രസംഗപീഠത്തിൽ നിന്നു വായിക്കുക തുടങ്ങിയവ) മേലധികാരികളുടെ അപ്രീതി സമ്പാദിക്കാൻ സഹായകമായി. 1651ൽ El Criticon  (ദോഷദർശി) മുകളിൽ നിന്നുള്ള അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തിയതും അതിനു കാരണമായി. അതു കണക്കിലെടുക്കാതെ 1657ൽ പുസ്തകത്തിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചതോടെ അടുത്ത കൊല്ലം അദ്ദേഹത്തെ ഗ്രൗസിലേക്കു നാടു കടത്തി. എന്നാൽ മറ്റൊരു സന്ന്യാസസമൂഹത്തിൽ ചേരാൻ അദ്ദേഹം അപേക്ഷ നല്കിയതറിഞ്ഞതോടെ അദ്ദേഹത്തെ വീണ്ടും ജസ്യൂട്ട് സമൂഹത്തിലേക്കു തിരിച്ചെടുത്തു. 1658 ഡിസംബർ 6നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1651 മുതൽ 1657 വരെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ “ദോഷദർശി” എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. എന്നാൽ ഇക്കാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തിക്കാധാരം 1647ൽ പ്രസിദ്ധീകരിച്ച Oráculo Manual y Arte de Prudencia (ലോകത്തു നിന്നുപിഴയ്ക്കാനുള്ള പ്രമാണങ്ങൾ) എന്ന ജീവിതസഹായിയാണ്‌. ലോകത്തെ ആദ്യത്തെ സെൽഫ് ഹെല്പ് പുസ്തകം എന്ന് അതിനെ വിളിക്കാം. മറ്റൊന്നിനും വേണ്ടിയല്ലെങ്കിൽ ആ ഭാഷാവൈദഗ്ധ്യത്തിനു വേണ്ടിയെങ്കിലും അദ്ദേഹത്തെ വായിക്കാവുന്നതാണ്‌.

2023, നവംബർ 14, ചൊവ്വാഴ്ച

ദസ്തയേവ്സ്കി

 ഏതു മനുഷ്യനുമുണ്ടാവും, എല്ലാവരോടും പറയാതെ തന്റെ കൂട്ടുകാരുമായി മാത്രം അയാൾ പങ്കുവയ്ക്കുന്ന ചില ഓർമ്മകൾ. തന്റെ സുഹൃത്തുക്കളോടുപോലും പറയാതെ, തന്നോടു മാത്രം, അതും രഹസ്യമായി, വെളിപ്പെടുത്തുന്ന വേറേ ചില ഓർമ്മകളുമുണ്ടാവും. ഒടുവിലായി, ഒരാൾ തന്നോടുപോലും പറയാൻ പേടിക്കുന്ന ചില ഓർമ്മകളുമുണ്ടാവും; ഏതു മാന്യവ്യക്തിയുടേയും ഉള്ളറകളിൽ അങ്ങനെ കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒട്ടനവധി കാര്യങ്ങൾ കാണും. എന്നുവച്ചാൽ, ഒരാൾ എത്ര മാന്യനാണോ, അത്രയധികമായിരിക്കും അങ്ങനെയുള്ള സംഗതികൾ എന്നുവേണമെങ്കിലും പറയാം. 


(ദസ്തയേവ്സ്കി/ അധോതലക്കുറിപ്പുകൾ)

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

ലിയോപോൾഡ് സ്റ്റാഫ് - കവിതകൾ

ലിയോപോൾഡ് സ്റ്റാഫ് (1878-1957)  Leopold Staff- പോളിഷ് കവിയും വിവർത്തകനും. പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിലെ യംഗ് പോളണ്ട് എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രതിനിധി. സംക്ഷിപ്തവും അവക്രവുമായ ശൈലിയാണ്‌ കവിതകളുടെ മുഖമുദ്ര.




 പാലം



കുതിച്ചൊഴുകുന്ന വൻപുഴയുടെ കരയ്ക്കു നില്ക്കുമ്പോൾ
എനിക്കു വിശ്വാസമായിരുന്നില്ല,
നേർത്തു ദുർബലമായ മുളക്കീറുകൾ
മരവള്ളി കൊണ്ടുറപ്പിച്ച ആ പാലം
ഞാൻ കടന്നുകയറുമെന്ന്.
പൂമ്പാറ്റയെപ്പോലെ മയത്തിൽ ഞാൻ നടന്നു,
ആനയെപ്പോലെ കനത്തിൽ ഞാൻ നടന്നു,
നർത്തകനെപ്പോലെ ചുവടുറപ്പിച്ചു ഞാൻ നടന്നു,
കുരുടനെപ്പോലെ ചുവടുറയ്ക്കാതെ  ഞാൻ നടന്നു.
ഞാൻ പാലം കടക്കുമെന്നെനിക്കു വിശ്വാസമായിരുന്നില്ല,
ഇപ്പോൾ മറുകരെ നില്ക്കെ,
ഞാൻ പാലം കടന്നുവെന്നെനിക്കു വിശ്വാസവുമാകുന്നുമില്ല.



മൂന്നു പട്ടണങ്ങൾ



മൂന്നു കൊച്ചുപട്ടണങ്ങൾ,
മൂന്നും കൂടി ഒന്നിലിട്ടുവയ്ക്കാവുന്നത്ര
ചെറിയ പട്ടണങ്ങൾ...
ഭൂപടത്തിലില്ലവ,
യുദ്ധത്തിലവ തകർന്നടിഞ്ഞു.
അവയിലും മനുഷ്യർ ജീവിച്ചിരുന്നു,
പരിശ്രമശാലികൾ, ശാന്തചിത്തർ,
സമാധാനപ്രേമികൾ.

ആറിത്തണുത്ത, ഉദാസീനപ്രകൃതികളായ സഹോദരന്മാരേ,
നിങ്ങളിലൊരാളു പോലും
ഈ നഗരങ്ങളെക്കുറിച്ചൊന്നന്വേഷിക്കാത്തതെന്തേ?
എത്ര പാപ്പരാണയാൾ ,
ചോദ്യങ്ങൾ ചോദിക്കാത്തയാൾ .


ഭാഷ


ഒരു രാപ്പാടിയുടെ പാട്ടിനോടാരാധന തോന്നാൻ
നിങ്ങളതു മനസ്സിലാക്കണമെന്നില്ല.
തവളകരച്ചിൽ കേട്ടു ലഹരി പിടിക്കാൻ
നിങ്ങളതു മനസ്സിലാക്കണമെന്നില്ല.
മനുഷ്യഭാഷ എനിക്കു മനസ്സിലാകും,
അതിന്റെ നുണകളും അതിന്റെ നെറികേടുകളുമായി.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാനായേനേ, എക്കാലത്തെയും ഏറ്റവും വലിയ കവി.

അസ്തിവാരങ്ങൾ

പൂഴിയിൽ ഞാൻ പണിതപ്പോൾ വീടിടിഞ്ഞുവീണു. പാറ മേൽ ഞാൻ പണിതപ്പോൾ വീടിടിഞ്ഞുവീണു. ഈ വട്ടം ഞാൻ പണി തുടങ്ങുന്നത് ചിമ്മിനിപ്പുകയിൽ നിന്ന്. *

പായൽ

കാടുപിടിച്ച പഴയൊരു പാർക്കിനുള്ളിൽ പായലു കൊണ്ടാകെമൂടിയ ഒരു കുളത്തിനരികിൽ നില്ക്കുകയായിരുന്നു ഞാൻ. ഒരിക്കലിതിലെ വെള്ളം തെളിഞ്ഞതായിരുന്നുവെന്നും ഇനിയുമതങ്ങനെയാവണമെന്നുമുള്ള ചിന്തയോടെ ആ പച്ചക്ലാവു ഞാൻ വടിച്ചുമാറ്റാൻ തുടങ്ങി. നെറ്റിത്തടത്തിൽ ചിന്തകൾ ചാലു കീറിയ ഒരാൾ, ഒരു ജ്ഞാനി, എന്റെ ഉദ്യമത്തിനിടെ അവിചാരിതമായി അവിടെ വന്നു; ഒരു സൗമ്യമന്ദഹാസത്തോടെ, ദാക്ഷിണ്യത്തോടെ അയാളെന്നെ ഗുണദോഷിച്ചു: “ഇങ്ങനെ സമയം കളയുന്നതിൽ ഒരതൃപ്തിയും നിങ്ങൾക്കു തോന്നുന്നില്ലേ? നിത്യതയുടെ ഒരു തുള്ളിയാണ്‌ ഓരോ നിമിഷവും, ജീവിതം അതിന്റെ ഒരു കണ്ണുചിമ്മലും. നിങ്ങളുടെ ശ്രദ്ധയർഹിക്കേണ്ട വിഷയങ്ങൾ മറ്റനേകമുണ്ട്.” നാണക്കേടോടെ ഞാനവിടന്നു പോയി. അന്നു മുഴുവൻ ഞാൻ ചിന്തയിലായിരുന്നു, ജീവിതത്തെയും മരണത്തെയും കുറിച്ച്, സോക്രട്ടീസിനേയും ആത്മാവിന്റെ അനശ്വരതയേയും കുറിച്ച്, പിരമിഡുകളേയും ഈജിപ്ഷ്യൻ ചോളത്തെയും കുറിച്ച്; റോമൻ ഫോറത്തെയും ചന്ദ്രനെയും കുറിച്ചു ഞാനാലോചിച്ചു, ഡൈനസോറിനേയും ഈഫൽ ഗോപുരത്തെയും കുറിച്ചും... എന്നാൽ ഒന്നും എങ്ങുമെത്തിയില്ല. അടുത്ത നാൾ, പായലു പിടിച്ച ആ കുളത്തിന്റെ അതേയിടത്തു ചെന്നപ്പോൾ ഞാൻ കണ്ടു, ആ ജ്ഞാനി, നെറ്റിയിൽ ഒരു ചുളിവു പോലുമില്ലാതെ, ഞാൻ ദൂരെയെറിഞ്ഞ ചുള്ളിക്കമ്പു കൊണ്ട് പായലു പിടിച്ച പ്രതലം വടിച്ചുമാറ്റുകയാണ്‌. ചില്ലകളിൽ കിളികൾ പാടിയിരുന്നു. മരങ്ങൾ മൃദുമർമ്മരം പൊഴിച്ചിരുന്നു.
*

2023, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ലൂയി ദ് ബെർണിയെർ - പ്രണയം എന്ന ഉന്മാദം

 പ്രണയം ഒരു താല്കാലികോന്മാദമാണ്‌; അഗ്നിപർവ്വതം പോലതു പൊട്ടിത്തെറിക്കുന്നു, പിന്നെയതടങ്ങുന്നു. അതടങ്ങിക്കഴിഞ്ഞാൽ നിങ്ങളൊരു തീരുമാനമെടുക്കുകയും വേണം. തമ്മിൽ പിരിയുന്നത് അത്രയ്ക്കചിന്തനീയമാകുന്ന രീതിയിൽ നിങ്ങളുടെ വേരുകൾ പിണഞ്ഞുകൂടിയിട്ടുണ്ടോയെന്ന് നിങ്ങൾ ഇരുന്നാലോചിക്കേണ്ടി വരും. കാരണം, പ്രണയം അങ്ങനെയൊന്നാണ്‌. പ്രണയം ശ്വാസം മുട്ടലല്ല, അത് വികാരവിക്ഷോഭമല്ല, ലോകാവസാനം വരെ തങ്ങളുടെ പ്രണയത്തിനു മരണമില്ല എന്ന വാഗ്ദാനഘോഷണമല്ല, ഓരോ രണ്ടു മിനുട്ടു കൂടുന്തോറും ഇണ ചേരാനുള്ള തൃഷ്ണയല്ല, നിങ്ങളുടെ ഉടലിന്റെ ഓരോ പഴുതിലും അയാൾ ചുംബിക്കുകയാണെന്നു സങ്കല്പിച്ചുകൊണ്ട് രാത്രിയിൽ കണ്ണു മിഴിച്ചു കിടക്കുകയുമല്ല. വേണ്ട, നാണിക്കേണ്ട, ഞാൻ ചില സത്യങ്ങൾ പറയുകയാണ്‌. ഇതെല്ലാം വെറും “പ്രണയത്തിലാവുക” മാത്രമാണ്‌, ബുദ്ധി കുറഞ്ഞ ഏതൊരാൾക്കും ചെയ്യാവുന്നത്. നിങ്ങൾ പ്രണയത്തിലായിക്കഴിഞ്ഞാൽ ഒരെരിഞ്ഞടങ്ങൽ നടക്കും; അതിനു ശേഷം ബാക്കിയാവുന്നതെന്താണോ, അതാണ്‌ സാക്ഷാലുള്ള പ്രണയം. അത് പഠിച്ചെടുക്കേണ്ട ഒരു കലയാണ്‌, ഒപ്പം ഭാഗ്യത്തിനു കയ്യുള്ള ഒരു യാദൃച്ഛികതയും.

(from Captain Corelli's Mandolin)


നെരൂദയുടെ വാഴ്ത്തുകൾ

ഒരു വ്യക്തിയെ, സ്ഥലത്തെ, വസ്തുവിനെ, അല്ലെങ്കിൽ ഒരാശയത്തെ സംബോധന ചെയ്യുന്നതും പലപ്പോഴും അതിനെ പ്രകീർത്തിക്കുന്നതുമായ ഒരു ഭാവഗീതരൂപത്തെയാണ്‌ Ode എന്നു പറയുന്നത്. മലയാളത്തിൽ ഇതിനെ സംബോധനാഗീതം, അർച്ചനാഗീതം എന്നൊക്കെ പറയാം. ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ പിൻഡാറിന്റെയും ഹൊറേസിന്റെയും പാരമ്പര്യത്തിൽ വ്യത്യസ്തസ്വഭാവമുള്ള അർച്ചനാഗീതങ്ങളുണ്ട്. റൊമാന്റിക് കാലഘട്ടം വരുമ്പോൾ ഷെല്ലിയുടെ “പടിഞ്ഞാറൻ കാറ്റിനോട്,” കീറ്റ്സിന്റെ “ഒരു ഗ്രീക്ക് ചിതാഭസ്മകുംഭത്തിനോട്” എന്നിവ ഇതിന്റെ ഏറ്റവും നല്ല മാതൃകകളാണ്‌. എന്നാൽ നെരൂദയിലെത്തുമ്പോൾ അതാകെ മാറുന്നു, രൂപത്തിലും വിഷയത്തിലും.  

 തരളയൗവ്വനത്തിന്റെ പിടച്ചിലുകളായ ‘ഇരുപതു പ്രണയകവിതകളും’ അവ്യവസ്ഥ ഭരിക്കുന്ന ഒരു ലോകത്തിന്റെ സറിയലിസ്റ്റ് പ്രകാശനമായ ‘ഭൂമിയിൽ വാസ’വും ലാറ്റിനമേരിക്കയുടെ വേരുകൾ തിരഞ്ഞുകൊണ്ട് വർത്തമാനകാലചരിത്രത്തെ നേരിടുന്ന  ‘കാന്റോ ജനറലും’ എഴുതിക്കഴിഞ്ഞ ശേഷമാണ്‌ പാബ്ലോ നെരൂദ തന്റെ  സംബോധനാഗീതങ്ങളുടെ  രചനയിലേക്കു പ്രവേശിക്കുന്നത്. ‘സമരം തുടർന്നുപോകണമെന്നതിനാൽ ഞാനിപ്പോൾ മറ്റൊരു രൂപത്തിൽ എഴുതാൻ തുടങ്ങിയിരിക്കുന്നു,’ അക്കാലത്തെ ഒരഭിമുഖത്തിൽ നെരൂദ പറയുന്നുണ്ട്. ‘മനുഷ്യരെ യുദ്ധമുഖത്തേക്കു പറഞ്ഞയക്കുമ്പോൾ അവർക്കു പാടാൻ വിലാപഗാനങ്ങൾ മതിയാവില്ല. അവിടെയാണ്‌ ഒരു പുതിയ റിയലിസത്തിന്റെ ആവശ്യം വരുന്നത്. തെരുവിലൂടെ നടക്കുന്നയാൾ ചൂളം വിളിക്കുന്നപോലെ കവിതയെഴുതുക എന്നതാണ്‌ എന്റെ ആഗ്രഹം. ആർജ്ജവം നിറഞ്ഞതും വിറയ്ക്കാത്തതുമായിരിക്കും ആ കവിത.’

1952ലെഴുതിയ ‘അദൃശ്യമനുഷ്യൻ’ എന്ന കവിതയിൽ ഈ പുതിയ തരം കവിതയുടെ തിരനോട്ടം കാണാം. ‘നിഗൂഢമായ നിഴലുകളില്ല/ഇരുട്ടില്ല.’ സുതാര്യമായ ഭാഷയിലൂടെ കവി അദൃശ്യനാകുന്നു, ജനങ്ങൾക്കിടയിൽ ഒരാളാകുന്നു. ‘എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പ്, അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പ് നമ്മുടെ ഭൂമിയിൽ കവിത തഴച്ചുവളർന്നിരുന്നു. അതുകൊണ്ടാണ്‌ കവിത അപ്പം പോലെയാണെന്നു പറയുന്നത്. അതുകൊണ്ടാണ്‌ എല്ലാവരുമത് പങ്കു വയ്ക്കണമെന്നു പറയുന്നതും, പണ്ഡിതന്മാരും കർഷകരും മനുഷ്യരാശി എന്ന വിപുലവും അവിശ്വസനീയവും അസാധാരണവുമായ കുടുംബമൊന്നാകെ.‘ അപ്പം പോലെ സാധാരണവും അവശ്യവുമായ ആ കവിതയുടെ തുടക്കമാണ്‌ 1954ൽ പ്രസിദ്ധീകരിച്ച ഓദാസ് എലെമന്താലിസ് (Odas Elementales). 

നെരൂദയുടെ അടുത്ത സുഹൃത്തായ മിഗുവെൽ ഒട്ടെറോ സിൽവ കാരക്കാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ’എൽ നാസ്യണൽ‘ (El Nacional) എന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. തന്റെ പത്രത്തിൽ ഒരു പ്രതിവാസകവിതാപംക്തി ചെയ്യാനുള്ള സിൽവയുടെ ക്ഷണം നെരൂദ സ്വീകരിച്ചു. എന്നാൽ പത്രത്തിന്റെ സാഹിത്യപ്പതിപ്പിലല്ല, വാർത്താപേജിൽത്തന്നെ കവിതകൾ വരണമെന്ന നിബന്ധനയിൽ. പത്രത്തിൽ അധികം കവിതകളൊന്നും വന്നില്ലെങ്കിലും ഈ പുതിയ രൂപത്തിലുള്ള എഴുത്ത് നെരൂദ തുടർന്നുകൊണ്ടുപോയി. ഓദാസ് ഇംഗ്ലീഷിൽ സമാഹരിച്ച ഇലൻ ഇസ്തവൻസ് (Ilan Stavans) പറയുന്നത് അവ ആകെ 252 എണ്ണം വരുമെന്നാണ്‌. 1954ലെ ആദ്യസമാഹാരത്തിനു ശേഷം Nuevas elemantales (1956), Tercer libro de las odas (1957), Navegaciones y regresos (1959) എന്നീ പുസ്തകങ്ങളിലാണ് ശേഷിച്ചവ.

ഇതിഹാസസമാനമായ കാന്റോ ജനറൽ എഴുതിക്കഴിഞ്ഞ ശേഷമാണ്‌ നെരൂദ നിത്യസാധാരണവസ്തുക്കളുടെ ഇതിഹാസമായ Odas Elementales എഴുതുന്നത്. കാന്റോയിലെ ആഹ്വാനരൂപത്തിലുള്ള ദീർഘവാക്യങ്ങളല്ല, എല്ലാ അമിതാവേശങ്ങളും ചോർത്തിക്കളഞ്ഞ ഹ്രസ്വമായ വരികളാണ്‌ കവി ആവിഷ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. വിപ്ലവാഹ്വാനങ്ങൾ നല്കി ജനതയെ പിടിച്ചുകുലുക്കുകയല്ല കവിയുടെ ഉദ്ദേശ്യം, മറിച്ച് യഥാർത്ഥ്യത്തിൽ അന്തർനിഹിതമായ അത്ഭുതസ്വഭാവത്തെ മനസ്സിലാക്കുന്നതിൽ നിന്നു ജനിക്കുന്ന ആഹ്ലാദം അവരുമായി പങ്കുവയ്ക്കുക എന്നതാണ്‌. 

“ഞാൻ ഒരു റിയലിസ്റ്റിക് കവിയാണ്‌” എന്ന് നെരൂദ പറയുന്നുണ്ട്. റിയലിസ്റ്റിക് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് വസ്തുനിഷ്ഠമായ ആഖ്യാനത്തിന്റെ കവിയാണ്‌ താൻ എന്നോ യാഥാർത്ഥ്യത്തെ വളച്ചുകെട്ടില്ലാതെ താൻ അവതരിപ്പിക്കുമെന്നോ അല്ല. മൂർത്തതയുടെ, ബീജരൂപത്തിലുള്ള മൂർത്തതയുടെ അന്വേഷണത്തിലാണ്‌ താൻ എന്നാണതിനർത്ഥം. ഓദാസ് എലെമന്താലിസിൽ ഉള്ളതെല്ലാം വിത്തുകളാണ്‌: വായുവും ഉള്ളിയും പച്ച എന്ന നിറവും കടല്ക്കാക്കയും അലക്കുകാരിയും പോലും. വസ്തുക്കളും സ്ഥലങ്ങളും മനുഷ്യജീവികളും കവിയുടെ നിരീക്ഷണത്തിനു കീഴിൽ ഒരു ജീവന്റെ, പ്രത്യുത്പാദനത്തിന്റെ, സൗന്ദര്യത്തിന്റെ സ്ഥിരതയുടെ ഒരു മൂർത്തത വെളിവാക്കുന്നു. തന്റെ സൂക്ഷ്മദർശിനിയിലൂടെ ഒരുപ്പുപരലിനെ, ഉള്ളിയുടെ ഉദരത്തെ, ഒരു തേയിലപ്പെട്ടിയെ ദീർഘനിരീക്ഷണം ചെയ്യുകയും പിന്നെ തന്റെ നിരീക്ഷണങ്ങൾ കടലാസ്സിലേക്കു പകർത്തുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനെപ്പോലെയാണയാൾ. അതിന്‌ ദാർശനികമാനങ്ങൾ ഒന്നുമില്ല. നെരൂദയുടെ ലോകസങ്കല്പം ഭൗതികമാണ്‌. ഓദാസ് ഭൗതികപ്രപഞ്ചത്തിനുള്ള സ്തുതിഗീതങ്ങളാണ്‌. അവയിൽ ഒരു സാമാന്യതത്വം സരളമായി ആവിഷ്കരിക്കുന്ന കവിതകളുണ്ട്; ചില സന്ദേശങ്ങൾ കൈമാറുന്ന കവിതകളുണ്ട്; ഒരു പ്രാണിയുടെ, പ്രകൃതിയിലെ ഒരു ഘടകത്തിന്റെ നൈമിഷികചിത്രങ്ങളുമുണ്ട്. ചില കവിതകളാവട്ടെ,  വാൾട്ട് വിറ്റ്മാനോ ലോർക്കയോ വയഹൊയോ പോലെ  തന്റെ ആദർശബിംബങ്ങളോ തനിക്കു പ്രിയപ്പെട്ടവരോ ആയ കവികൾക്കുള്ള വാഴ്ത്തുകളാണ്‌. വിഷയം ഏതുമാകട്ടെ, അതിൽ ഒളിഞ്ഞിരിക്കുന്ന, നാം കാണാതെപോകുന്ന നന്മയെ കണ്ടെടുക്കാൻ നമ്മെ പ്രാപ്തരാക്കുക എന്നതാണ്‌ ആ കവിതയുടെ ലക്ഷ്യം.

പത്രക്കോളത്തിലാണ് കവിത പ്രത്യക്ഷപ്പെടുന്നതെന്നതും പത്രവായനക്കാരാണ് അതിന്റെ അനുവാചകരെന്നതും ഈ പുതുകവിതയുടെ രൂപം  നിശ്ചയിക്കുന്നതിൽ നിർണ്ണായകമായി. കോളത്തിലൊതുങ്ങുന്ന രീതിയിൽ വരികളുടെ നീളം കുറയുകയും എല്ലാത്തരം വായനക്കാർക്കും അഭിഗമ്യമാകുന്ന മട്ടിൽ ശൈലി ലളിതമാവുകയും ചെയ്തു. നെരൂദയുടെ പുഞ്ചിരി ഏറ്റവുമധികം തെളിഞ്ഞുകാണുന്നത് ഈ കവിതകളിലാണെന്നും ആരോ പറഞ്ഞിട്ടുണ്ട്.
*


2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

ആർതർ റിംബോ- സന്ധ്യാപ്രാർത്ഥന



ഒരു ക്ഷുരകന്റെ കസേരയിൽ മാലാഖയെപ്പോലിരുന്നു 
ഞാനെന്റെ ജീവിതം ജീവിക്കുന്നു,
കയ്യിലൊരു കപ്പുമായി, കുനിഞ്ഞ പിടലിയും ഒട്ടിയ വയറുമായി,
തലയ്ക്കു മേൽ തങ്ങിനില്ക്കുന്ന ചുരുട്ടിന്റെ പുകയുമായി.

പഴയൊരു പ്രാവിൻകൂട്ടിലാവിപറക്കുന്ന കാഷ്ടം പോലെ
ഒരായിരം സ്വപ്നങ്ങളെന്റെയുള്ളിൽ നീറിക്കത്തുന്നു:
ചിലനേരമെന്റെ ഹൃദയമൊരോക്കുമരം പോലെയാകുന്നു,
ചില്ലയൊടിയുന്നേടത്തു പൊന്നുപോലെ ചോര പൊടിയുന്നു.

പിന്നെ, മുപ്പതുനാല്പതു കോപ്പകളിലലിയിച്ചു
ഞാനന്റെ സ്വപ്നങ്ങളകത്താക്കിയതില്പിന്നെ,
ഒരടിയന്തിരം നിവർത്തിക്കാനായി ഞാൻ തിരിയുന്നു,

ഇസ്സോപ്പിന്റെയും പുതിനയുടെയും തമ്പുരാനെപ്പോലെ
ആകാശത്തേക്കു വിശാലമായി ഞാൻ മൂത്രമൊഴിക്കുന്നു,
പൂവിടുന്ന പന്നൽത്തടത്തിനതു പുണ്യാഹവുമാകുന്നു.
*

ഇന്നും ആധുനികനായ ഫ്രെഞ്ച് കവി ആർതർ  റിംബോ  (Arthur Rimbaud) ജനിച്ചിട്ട് 169  കൊല്ലമാകുന്നു. അസാമാന്യമായിരുന്നു ആധുനികകവിതയിൽ അദ്ദേഹത്തിന്റെ കാവ്യാദർശത്തിന്റെയും കാവ്യസങ്കേതങ്ങളുടേയും സ്വാധീനം. എഴുതാനുള്ളതൊക്കെ അഞ്ചുകൊല്ലത്തിനുള്ളിൽ എഴുതി, പിന്നെ കവിതയെ പാടേ ഉപേക്ഷിച്ച റിംബോയുടെ ജീവിതം ഇങ്ങനെ സംഗ്രഹിക്കാം:


പാരീസിന്‌ 200 മൈൽ വടക്കുകിഴക്കുള്ള Charleville എന്ന ചെറുനഗരത്തിൽ 1854 ഒക്ടോബർ 20നാണ്‌ Jean Nicolas-Arthur Rimbaud ജനിച്ചത്. ഒരു സഹോദരനുണ്ടായിരുന്നു; മൂന്നു സഹോദരിമാരിൽ രണ്ടുപേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. പട്ടാള ഓഫീസർ ആയിരുന്ന അച്ഛൻ വിരളമായേ വീട്ടിൽ വന്നിരുന്നുള്ളു; റിംബോയ്ക്ക് ആറു വയസ്സുള്ളപ്പോൾ അദ്ദേഹം കുടുംബത്തെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് അമ്മയുടെ പട്ടാളച്ചിട്ടയിലായിരുന്നു കുട്ടികളുടെ ജീവിതം. 13 വയസ്സുള്ളപ്പോൾ റിംബോ ലാറ്റിനിൽ 60 വരികളുള്ള ഒരു കവിതയെഴുതി നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ മകന്‌ അയച്ചുകൊടുത്തു. 14 വയസ്സായതോടെ താൻ പങ്കെടുക്കുന്ന ഏത് അക്കാദമിക് മത്സരങ്ങളിലും റിംബോയ്ക്കായി ജയം. പതിനഞ്ചാമത്തെ വയസ്സിൽ ഒരു സാഹിത്യമാസികയിൽ ആദ്യത്തെ കവിത അച്ചടിച്ചുവരികയും ചെയ്തു. അക്കാലത്തെ പ്രശസ്തരായ കവികൾക്ക്, പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹത്തോടെ, കവിതകൾ അയച്ചുകൊടുത്തിരുന്നു. ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും കവി ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഇടയ്ക്കിടെ പാരീസിലേക്കുള്ള ഒളിച്ചോട്ടങ്ങളും നിരന്തരമായ യാത്രകളും (മിക്കപ്പോഴും കാൽനടയായി) നിറഞ്ഞതായിരുന്നു. ജീവിതകാലത്ത് ‘അനാഥക്കുട്ടികളുടെ നവവത്സരസമ്മാനങ്ങൾ,’ ‘ആദ്യരാത്രി’ എന്നീ കവിതകളും ‘നരകത്തിൽ ഒരു കാലം’ എന്ന ഗദ്യകവിതയും മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. മറ്റു കവിതകളൊക്കെ മരണാനന്തരം പുറത്തുവന്നവയാണ്‌. ഇരുപതാമത്തെ വയസ്സിൽ റിംബോ എഴുത്ത് പൂർണ്ണമായും ഉപേക്ഷിച്ചു. പിന്നീടദ്ദേഹം ജോലി അന്വേഷിച്ച് യാത്രകളിലായിരുന്നു- ഇംഗ്ലണ്ടിൽ, സ്ക്കോട്ട്ലന്റിൽ, ജർമ്മനിയിൽ, സ്വിറ്റ്സർലന്റിൽ, ഇറ്റലിയിൽ, ഹോളണ്ടിൽ, ഡെന്മാർക്കിൽ, ഒടുവിൽ ഈജിപ്തിലും. പട്ടാളക്കാരനായും അദ്ധ്യാപകനായും ഫോർമാനായും പല ജോലികളും ചെയ്തു. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ കാണുന്നത് അബീസീനിയയിൽ കാപ്പിയും തുണിയും തോക്കുകളും വില്ക്കുന്ന ഒരു കച്ചവടക്കാരനായിട്ടാണ്‌. ഒരു കാൽ മുറിച്ചുമാറ്റിയതിനെത്തുടർന്ന് ആരോഗ്യനില വഷളായപ്പോൾ അദ്ദേഹം ഫ്രാൻസിലേക്കു മടങ്ങി. മുപ്പത്തേഴാം വയസ്സിൽ മാഴ്സെയ്സിൽ വച്ച് അദ്ദേഹം മരിച്ചു.

ലൂയിസ് ഗ്ലിക്ക് - വസന്തം



എത്രവേഗം വസന്തമെത്തുന്നു:
ഒറ്റരാത്രി കൊണ്ടെന്നപോലെ പ്ലം മരങ്ങൾ പൂവിടുന്നു,
ഊഷ്മളമായ വായുവിൽ കിളിപ്പാട്ടുകൾ നിറയുന്നു.

ഉഴുതിട്ട പുതുമണ്ണിലാരോ ഒരു സൂര്യനെ വരച്ചിട്ടിരിക്കുന്നു,
നാലുപാടും പ്രസരിക്കുന്ന രശ്മികളുമായി.
പശ്ചാത്തലമെന്നാൽ ചെളിമണ്ണായതിനാൽ സൂര്യനു കറുത്ത നിറം.
ആരും ഒപ്പിട്ടിട്ടുമില്ല.

കഷ്ടമേ, എത്ര വേഗമാണെല്ലാം മറഞ്ഞുപോകുന്നത്,
കിളിപ്പാട്ടുകൾ, അതിലോലമായ പൂക്കൾ,
ഒടുവിൽ ഭൂമി പോലും കലാകാരന്റെ പേരിനെ പിന്തുടരുന്നു,
വിസ്മൃതിയിലേക്ക്.

എന്നാല്ക്കൂടി കലാകാരനുദ്ദേശിച്ചത്
ആഘോഷത്തിനായുള്ള ഒരു മനോഭാവം.

എത്ര മനോഹരമാണ്‌ പൂക്കൾ- പിടിച്ചുനില്ക്കുന്ന ജീവന്റെ മുദ്രകൾ.
കിളികൾ പറന്നടുക്കുന്നതെത്ര വ്യഗ്രതയോടെ.


2023, ഒക്‌ടോബർ 24, ചൊവ്വാഴ്ച

സിസെറോ -വാർദ്ധക്യത്തെക്കുറിച്ച്

ഒന്നു പറയാമോ, മനുഷ്യാവസ്ഥ ആകെയെടുത്താൽ ഗണനീയമായ ഒരു കാലം നീണ്ടുനില്ക്കുന്നതായി എന്താണുള്ളത്? ജീവിതങ്ങളിൽ വച്ചേറ്റവും സാധ്യമായ ദൈർഘ്യമുള്ളതിനെക്കുറിച്ചോർത്തുനോക്കൂ: ടാർടേസ്സസിലെ രാജാവിന്റെ ആയുർദൈർഘ്യം നമുക്കു കിട്ടിയെന്നു സങ്കല്പിക്കുക; ഗേഡ്സിലെ അർഗന്തോണിയസിനെക്കുറിച്ചു ഞാൻ വായിക്കുകയായിരുന്നു: അദ്ദേഹം എമ്പതുകൊല്ലം രാജ്യം ഭരിക്കുകയും നൂറ്റി ഇരുപതുകൊല്ലം ജീവിക്കുകയും ചെയ്തുവത്രെ. അങ്ങനെയാണെങ്കില്ക്കൂടി, അവസാനമുള്ള കാലത്തോളം ഒന്നിനേയും ദീർഘം എന്നു പറയാൻ പറ്റില്ല. കാരണം, ആ അവസാനം എത്തുമ്പോൾ അതിനു മുമ്പുണ്ടായിരുന്നതെല്ലാം അപ്രത്യക്ഷമാവുകയാണല്ലോ. ഒന്നു മാത്രം ശേഷിക്കുന്നു- നിങ്ങളുടെ നന്മയും സൽപ്രവൃത്തികളും കൊണ്ട് നിങ്ങൾ സമ്പാദിച്ചതു മാത്രം. മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ എല്ലാം കടന്നുപോകുന്നു: കടന്നുപോയവ പിന്നെ മടങ്ങിവരുന്നതുമില്ല. ഭാവിയിൽ എന്താണു വരാൻ പോകുന്നതെന്ന് നമുക്കു പറയാൻ പറ്റില്ല. അതിനാൽ നമുക്കനുവദിച്ചുകിട്ടിയ ജീവിതം കൊണ്ട് നാം തൃപ്തരാവുകതന്നെ വേണം.

നാടകം മുഴുവൻ കളിച്ചുതീരുന്നതുവരെ ഒരു നടൻ അരങ്ങിൽ ഉണ്ടാവണമെന്നില്ല: താൻ പ്രത്യക്ഷപ്പെട്ട ഭാഗങ്ങളിൽ കയ്യടി കിട്ടിക്കഴിഞ്ഞാൽ അയാൾ ചെയ്യേണ്ടതു ചെയ്തുകഴിഞ്ഞു. ജീവിതത്തിലുമതേ, കളി തീരുന്നതുവരെ അരങ്ങിൽ തൂങ്ങിനില്ക്കാതെ ഒരാൾക്ക് തന്റെ വേഷം വിവേകത്തോടെ അവതരിപ്പിക്കാം. നിങ്ങളുടെ ജീവിതം എത്ര കുറഞ്ഞ കാലത്തേക്കാവട്ടെ, സത്യസന്ധമായും മര്യാദയോടെയും ജീവിക്കാനുള്ള ദൈർഘ്യം അതിനുണ്ടാവും. അതല്ല, ദീർഘായുസ്സാണ്‌ നിങ്ങൾക്കു കിട്ടിയതെങ്കിൽ സുഖപ്രദമായ വസന്തകാലം കഴിഞ്ഞ് വേനലും ശരത്തും വരുമ്പോൾ കൃഷിക്കാരനുണ്ടാവുന്ന വിഷമത്തിൽ കൂടുതലൊന്നും നിങ്ങൾക്കുണ്ടാകേണ്ട ആവശ്യവുമില്ല. യൗവ്വനത്തിന്റെ കാലമായ വസന്തം കിട്ടാൻ പോകുന്ന ഫലങ്ങളുടെ വാഗ്ദാനമാണു നല്കുന്നതെങ്കിൽ വിള കൊയ്യാനും ശേഖരിക്കാനുമുള്ള കാലങ്ങളാണല്ലോ പിന്നീടു വരാൻ പോകുന്നത്. വർദ്ധക്യത്തിനു പ്രത്യേകമായ വിളവെടുപ്പ്, ഞാൻ ആവർത്തിക്കട്ടെ, മുൻകാലങ്ങളിൽ സമ്പാദിച്ച അനുഗ്രഹങ്ങളുടെ സമ്പുഷ്ടമായ ഓർമ്മകളാണ്‌.

പ്രകൃതിയോടു നിരക്കുന്നതെന്തും നല്ലതായി കണക്കാക്കണം; പ്രായമെത്തിയവർ മരിക്കണം എന്നതിനെക്കാൾ ആ പ്രകൃതിനിയമത്തോടു നിരക്കുന്നതായി മറ്റൊന്നുമില്ലതാനും. അതേ വിധി ചിലപ്പോഴൊക്കെ ഒരു ചെറുപ്പക്കാരനെ വന്നാക്രമിക്കുന്നുണ്ടെങ്കിൽ പ്രകൃതി അവിടെ ഇടഞ്ഞുനില്ക്കുകയാണ്‌: ഒരു ചെറുപ്പക്കാരന്റെ മരണം എന്നെ ഓർമ്മിപ്പിക്കുന്നത് വെള്ളപ്പാച്ചിലിൽ കെട്ടുപോകുന്ന ഒരു തിരിനാളത്തെയാണ്‌. എന്നാൽ വാർദ്ധക്യമെത്തി മരിക്കുന്നത് ഒരു പരപ്രേരണയുമില്ലാതെ ഒരു തിരി താനേ എണ്ണ വറ്റി കെട്ടുപോകുന്നപോലെയുമാണ്‌. പച്ചയായിരിക്കുമ്പോൾ ആപ്പിളുകൾ ബലം പ്രയോഗിച്ചു പറിച്ചെടുക്കേണ്ടിവരുന്നു; എന്നാൽ മൂത്തുപഴുത്തുകഴിഞ്ഞാൽ അവ താനേ കൊഴിഞ്ഞുവീഴുന്നു. അതുപോലെ യുവാക്കളെ മരണം സമീപിക്കുന്നത് ഹിംസാത്മകമായിട്ടാണ്‌; പ്രായമായവയെ അവർ പാകമായിട്ടും. ഈ പാകമെത്തൽ എന്ന ചിന്ത എന്നെ വല്ലാതെ വശീകരിക്കുന്നു: മരണം ആസന്നമാകുമ്പോൾ ഞാൻ സ്വയം കാണുന്നത് ഒരു ദീർഘയാത്ര കഴിഞ്ഞ് തുറമുഖത്തേക്കടുത്തുകൊണ്ടിരിക്കുന്ന ഒരു കപ്പൽയാത്രക്കാരനെപ്പോലെയാണ്‌:എനിക്കു കര കാണാമെന്നായിരിക്കുന്നു.


2023, ഒക്‌ടോബർ 21, ശനിയാഴ്‌ച

പാബ്ലോ നെരൂദ -സെസർ വയഹോയ്ക്ക്



നിന്റെ മുഖത്തെ കഠിനശില,
വയഹോ, 
ഊഷരമായ മലമടക്കുകളുടെ ചുളിവുകൾ,
എന്റെ ഗാനത്തിൽ ഞാനോർമ്മിക്കട്ടെ,
നിന്റെ ദുർബ്ബലമായ ഉടലിനു മുകളിലെ
അതിവിപുലമായ നെറ്റിത്തടവും
നിന്റെ കണ്ണുകളിൽ മറ നീക്കിയ
സൂര്യാസ്തമയവും;
ആ നാളുകൾ,
പരുക്കനായ,
ഒന്നിനൊന്നു നിരക്കാത്ത നാളുകൾ,
ഓരോ മണിക്കൂറും
വെവ്വേറെ അമ്ളങ്ങളുമായി,
അല്ലെങ്കിൽ,
അതിവിദൂരമായ ആർദ്രതയുമായി.
തെരുവിലെ
പൊടി പിടിച്ച വെളിച്ചത്തിൽ
ജീവിതത്തിന്റെ ചാവികൾ
വിറകൊള്ളുന്നു.
ഒരു യാത്രയും കഴിഞ്ഞു
മടങ്ങിവരികയായിരുന്നു നീ,
മടങ്ങിച്ചുളുങ്ങിയ മലനിരകൾക്കു മേൽ,
ഭൂമിക്കടിയിൽ,
സാവധാനത്തിൽ.
വാതിലിൽ
ഞാനുറക്കെയിടിച്ചു,
ചുമരുകൾ തുറക്കാൻ,
വഴികൾ തുറന്നുകിട്ടാൻ.
ഞാനപ്പോൾ വാല്പറൈസോയിൽ നിന്നു
വന്നിട്ടേയുള്ളു,
മാസേയിലേക്കെനിക്ക്
കപ്പൽ കയറണം.
ഭൂമി രണ്ടായി പകുത്തിരുന്നു,
വാസനിക്കുന്നൊരു നാരങ്ങയുടെ
കുളിരുന്ന രണ്ടർദ്ധഗോളങ്ങൾ പോലെ.
നീയവിടെ നിന്നു,
ഒന്നിനോടും ചേരാതെ,
നിന്റെ ജീവനും
നിന്റെ മരണവുമായി,
പൊഴിയുന്ന പൂഴിയുമായി,
പൊഴിഞ്ഞുകൊണ്ട് നിന്നെയളക്കുന്ന,
ശൂന്യതയിലേക്ക്,
പുകയിലേക്ക്,
ഹേമന്തത്തിന്റെ
തകർന്ന ഇടവഴികളിലേക്ക്
നിന്നെ ഒഴിച്ചുകളയുന്ന
പൂഴിയുമായി.

അത് പാരീസിലായിരുന്നു.
പാവപ്പെട്ടവർ പാർക്കുന്ന
ജീർണ്ണിച്ച ഹോട്ടലുകളിലായിരുന്നു
നിന്റെ താമസം.
സ്പെയിൻ
ചോര വാർക്കുകയായിരുന്നു.
നാമൊരുമിച്ചു പ്രതികരിച്ചു,
പിന്നെ നീ 
പാരീസിൽത്തന്നെ നിന്നു,
അതിന്റെ പുകയിൽ.
പിന്നെപ്പൊടുന്നനേ
നീ ഇല്ലാതായപ്പോൾ
ചാലു കീറിയ മണ്ണില്ലാതായി,
നിന്റെ എല്ലുകളെ ഇണക്കിനിർത്തിയ
ആൻഡിയൻ ശിലയുമില്ലാതായി.
ഒരു പരീസിയൻ ഹേമന്തത്തിൽ
പുകയും
കട്ടിമഞ്ഞും മാത്രം
ബാക്കിയായി.

ഇരുവട്ടം ഭ്രഷ്ടനായവൻ,
എന്റെ സോദരാ,
മണ്ണിൽ നിന്നും വായുവിൽ നിന്നും,
ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും,
പെറുവിൽ നിന്നും നിന്റെ പുഴകളിൽ നിന്നും
ഭ്രഷ്ടനായവൻ,
നിന്റെ സ്വന്തം കളിമണ്ണിൽ
ശേഷിക്കാതെപോയവൻ.
ഞാനില്ലാത്തത് 
ജീവിതത്തിൽ നീയറിഞ്ഞിട്ടില്ല,
മരണത്തിൽ നീയതറിയുന്നു.
നിന്റെ ദേശത്ത്
നിന്നെ ഞാൻ തേടുന്നു,
ഓരോ തുള്ളിയിലും,
ഓരോ പൊടിയിലും.
നിന്റെ മുഖം
മഞ്ഞിച്ചതാണ്‌,
ചെങ്കുത്താണത്,
അനർഘരത്നങ്ങളും
തകർന്ന യാനങ്ങളും
നിറഞ്ഞതാണു നീ.
പ്രാചീനമായ കോണിപ്പടികൾ
ഞാൻ കയറുന്നു,
എനിക്കതിൽ
വഴി തുലഞ്ഞുവെന്നുവരാം,
പൊന്നിഴകൾക്കിടയിൽ
കുരുങ്ങി,
ഇന്ദ്രനീലക്കല്ലുകളിൽ
മുങ്ങി,
മൂകനായി.
അതല്ലെങ്കിൽ
നിന്റെ ജനതയിലാവാം
ഞാൻ,
നിന്റെ വർഗ്ഗത്തിനിടയിൽ,
നിന്റെ ചിതറിയ ചോളത്തിൽ,
ഒരു പതാകയുടെ
വിത്തിൽ.
ഒരുവേള, ഒരുവേള,
പുനർജ്ജന്മം നേടി
നീ മടങ്ങിയെത്തിയെന്നുവരാം.
യാത്രയുടെ
അന്ത്യത്തിലാണു നീ,
അതിനാൽ
നീ നിന്നെ കണ്ടെത്തും
നിന്റെ ജന്മദേശത്ത്,
കലാപത്തിനിടയിൽ,
ജീവനോടെ,
നിന്റെ ചില്ലിന്റെ ചില്ലായി,
നിന്റെ തീയിന്റെ തീയായി,
ചോരച്ചുവപ്പായ കല്ലിന്റെ രശ്മിയായി.


2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

പാബ്ലോ നെരൂദ -അപ്പത്തിന്‌



അപ്പമേ,
ഗോതമ്പുമാവിൽ നിന്ന്, 
വെള്ളത്തിൽ നിന്ന്,
തീയിൽ നിന്ന്
നീയുയരുന്നു.
കട്ടി കൂടിയോ കുറഞ്ഞോ,
പരന്നോ ഉരുണ്ടോ
നീ പകർത്തുന്നു,
അമ്മയുടെ
ഉരുണ്ട ഉദരത്തെ,
ആണ്ടിൽ രണ്ടു വട്ടം
ഭൂമിയുടെ വൃദ്ധിയെ.
എത്ര ലളിതമാണു നീ,
അപ്പമേ,
എത്ര ഗഹനവും!
അപ്പക്കടക്കാരന്റെ
പൊടി തൂകിയ താമ്പാളങ്ങളിൽ
നിങ്ങൾ നിരന്നിരിക്കുന്നു,
വെള്ളിപ്പാത്രങ്ങൾ പോലെ,
തളികകൾ പോലെ,
കടലാസ്സുതുണ്ടുകൾ പോലെ,
പിന്നെപ്പൊടുന്നനേ
ജീവൻ 
നിങ്ങൾക്കു മേലൊഴുകുന്നു,
തീയും വിത്തും ചേരുന്നു,
നിങ്ങൾ വളരുന്നു,
കണ്ടുനില്ക്കെ വളരുന്നു,
ഇടുപ്പുകളും വായകളും മുലകളും പോലെ,
മൺകൂനകളോ
മനുഷ്യരുടെ ജീവിതങ്ങളോ പോലെ.
ചൂടു കൂടുന്നു,
നിറവ് നിങ്ങളെ മൂടുന്നു,
ഉർവ്വരതയുടെ ഗർജ്ജനത്തിൽ
നിങ്ങളാഴുന്നു,
പെട്ടെന്നതാ, നിങ്ങളുടെ പൊൻനിറം
നിങ്ങളിലുറയ്ക്കുന്നു.
നിങ്ങളുടെ കുഞ്ഞുദരങ്ങളിൽ 
വിത്തുകൾ വീഴുമ്പോൾ
തവിട്ടുനിറത്തിൽ ഒരു മുറിപ്പാട്
നിങ്ങളുടെ ഇരുപാതികളുടെ നീളത്തിൽ
ചാപ്പ കുത്തുന്നു.
ഇപ്പോൾ
നിങ്ങൾ
മനുഷ്യവർഗ്ഗത്തിന്റെ ഊർജ്ജമാണ്‌,
ആദരിക്കപ്പെടുന്ന ദിവ്യാത്ഭുതം,
ജീവിക്കാനുള്ള ഇച്ഛാശക്തി.

ഏതു വായയ്ക്കും പരിചിതമായ
അപ്പമേ,
ഞങ്ങൾ നിനക്കു മുന്നിൽ മുട്ടുകുത്തില്ല:
അവ്യക്തരായ ദൈവങ്ങളോടോ
തെളിച്ചമില്ലാത്ത മാലാഖമാരോടോ
മനുഷ്യർ യാചിക്കില്ല:
മണ്ണിൽ നിന്നും കടലിൽ നിന്നും
ഞങ്ങൾ അപ്പമുണ്ടാക്കും,
ഞങ്ങളുടെ ഭൂമിയിലും ഗ്രഹങ്ങളിലും
ഞങ്ങൾ ഗോതമ്പു വിളയിക്കും,
ഓരോ വായയ്ക്കുമുള്ള അപ്പം,
ഓരോ വ്യക്തിക്കുമുള്ള അപ്പം,
ഞങ്ങളുടെ നിത്യാന്നം.
ഞങ്ങളതിന്റെ വിത്തു വിതയ്ക്കുന്നതും
കതിരോളം അതിനെ വളർത്തുന്നതും
ഒരാൾക്കല്ല,
എല്ലാവർക്കും വേണ്ടിയാണെന്നതിനാൽ
മതിയാവോളമതുണ്ടാവും:
ഭൂമിയിലെ എല്ലാ മനുഷ്യർക്കും
വേണ്ടുന്നത്ര.
ഞങ്ങൾ പരസ്പരം പങ്കു വയ്ക്കും,
അപ്പത്തിന്റെ രൂപവും മണവുമുള്ളതെന്തും:
മണ്ണിനെത്തന്നെ,
സൗന്ദര്യത്തെ,
സ്നേഹത്തെ-
എല്ലാറ്റിനും അപ്പത്തിന്റെ രുചി,
അതിന്റെ രൂപം.
എല്ലാമുള്ളത്
പങ്കു വയ്ക്കാൻ,
നിർബാധം കൊടുക്കാൻ,
പെരുകാൻ.

അതിനാലത്രേ അപ്പമേ,
മനുഷ്യരുടെ വീടുകൾ വിട്ടു
നീ ഒളിച്ചോടിയാൽ,
അവർ നിന്നെ മറച്ചുവയ്ക്കുകയോ
നിഷേധിക്കുകയോ ചെയ്താൽ,
അത്യാഗ്രഹി നിന്നെ കൂട്ടിക്കൊടുക്കുകയോ
പണക്കാരൻ നിന്നെ ഏറ്റെടുക്കുകയോ ചെയ്താൽ,
മണ്ണിനും ചാലിനുമായി
ഗോതമ്പ് കൊതിക്കുന്നില്ലെങ്കിൽ:
അപ്പോൾ അപ്പമേ,
ഞങ്ങൾ പ്രാർത്ഥിക്കാൻ വിസമ്മതിക്കും:
അപ്പമേ,
ഞങ്ങൾ യാചിക്കാൻ വിസമ്മതിക്കും.
പകരം ഞങ്ങൾ നിനക്കു വേണ്ടി പൊരുതും,
അന്യർക്കൊപ്പം നിന്ന്,
വിശപ്പറിയുന്ന ഏതൊരാൾക്കുമൊപ്പം നിന്ന്.
ഏതു പുഴയിലും ഏതാകാശത്തും
ഞങ്ങൾ നിന്നെത്തേടിപ്പോകും.
മണ്ണു മുഴുവൻ ഞങ്ങൾ
ഞങ്ങൾക്കിടയിൽ വീതിയ്ക്കും,
നീ മുളയെടുക്കട്ടെ എന്നതിനായി,
മണ്ണ്‌ ഞങ്ങളോടൊപ്പം വരികയും ചെയ്യും:
തീയും വെള്ളവും മനുഷ്യരും
ഞങ്ങളുടെ പക്ഷത്തു നിന്നു പൊരുതും.
ഗോതമ്പുകതിരുകൾ കൊണ്ടു കിരീടമണിഞ്ഞ്
എല്ലാവർക്കുമായി ഞങ്ങൾ നേടിയെടുക്കും,
മണ്ണും അപ്പവും.
അപ്പോൾ
ജീവിതത്തിനു തന്നെ
അപ്പത്തിന്റെ രൂപമായിരിക്കും,
അതുപോലഗാധവും ലളിതവും
അളവറ്റതും നിർമ്മലവുമായിരിക്കും.
ഓരോ ജീവിക്കുമുണ്ടാവും
അതിന്റെ വിഹിതം
മണ്ണും ജീവനും,
എന്നും കാലത്ത് 
ഞങ്ങൾ കഴിക്കുന്ന അപ്പം,
ഓരോരുത്തരുടേയും നിത്യാന്നം,
പാവനവും പൂജനീയവുമാണത്,
മനുഷ്യസമരങ്ങളിൽ വച്ചേറ്റവും ദീർഘവും
വില കൊടുത്തതുമായതിനൊടുവിലാണ്‌
ഞങ്ങളതു നേടിയെടുത്തതെന്നതിനാൽ.
ഈ ഭൗമ‘വിജയ’ത്തിന്‌*
ചിറകുകളില്ല:
പകരം അവൾ ചുമലിൽ ധരിക്കുന്നത് 
അപ്പമത്രേ.
ധീരതയോടവൾ ഉയർന്നുപാറുന്നു,
ലോകത്തെ സ്വതന്ത്രമാക്കി,
വായുവിൽ പിറന്ന
ഒരപ്പക്കടക്കാരനെപ്പോലെ.

*പ്രാചീനയവനശില്പമായ “Winged Victory of Samothrace" ആണ്‌ പരാമൃഷ്ടം.
 


പാബ്ലോ നെരൂദ -തലയോടിന്‌

അങ്ങനെയൊന്നിനെ
ഞാൻ ശ്രദ്ധിച്ചിട്ടുപോലുമില്ല,
ഒന്നു വീഴുന്നതു വരെ,
ബോധം പോയി
ഏതോ ചതഞ്ഞ പഴത്തിന്റെ
കുരു പോലെ
എന്റെ സത്തയുടെ പുറത്തേക്ക്
ഞാനുരുണ്ടുകിടക്കുന്നതുവരെ;
പിന്നെല്ലാം
ഉറക്കവും ഇരുട്ടുമായിരുന്നു,
പിന്നെ
ചോരയും ചലനവുമായിരുന്നു,
പൊടുന്നനേ
ഒരു തീക്ഷ്ണവെളിച്ചമായിരുന്നു:
നിങ്ങളുടെ നിഴലിനെ
ഉച്ചാടനം ചെയ്യുന്ന
ദൂതന്മാർ.
പിന്നെ
നിലാവു പോലെ വെളുത്ത
കിടക്കവിരി,
ഒടുവിൽ,
മുറിവിൽ കറുത്ത പഞ്ഞി പോലെ
ഒട്ടിപ്പിടിക്കുന്ന
ഉറക്കവും.

ഇന്നു കാലത്ത്
ജാഗ്രതയോടെ
ഞാനൊരു വിരലു നീട്ടി,
എന്റെ വാരിയെല്ലുകൾക്കു മുകളിലൂടെ,
തരിപ്പണമായ
എന്റെ ഉടലിലൂടെ
ഞാനതിനെ കൊണ്ടുപോയി,
കേടു പറ്റാത്ത ഒരേയൊരു കാര്യം
കവചം പോലുറച്ച
എന്റെ പാവം തലയോടാണെന്ന്
ഞാൻ കണ്ടു.
എന്റെ മുതിർന്ന കാലത്ത്
എത്ര തവണ 
യാത്രകളിൽ,
പ്രണയബന്ധങ്ങളിൽ
ഓരോ മുടിയിഴയും
നെറ്റിയിലെ ഓരോ ചുളിവും
ഞാൻ പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല;
എന്നിട്ടുപോലും ഞാൻ ശ്രദ്ധിച്ചില്ല,
എന്റെ ശിരസ്സിന്റെ ഗാംഭീര്യം,
ചിന്തയുടെ അസ്ഥിഗോപുരം,
കട്ടിനാളികേരം,
ഘടികാരസൂത്രം കാത്തുസൂക്ഷിക്കുന്ന
കാൽസിയത്തിന്റെ താഴികക്കുടം,
അതിസൂക്ഷ്മമായ നിധികൾക്കു
കാവലായ കട്ടിച്ചുമര്‌,
ധമനികൾ,
അത്ഭുതപ്പെടുത്തുന്ന ചംക്രമണങ്ങൾ,
യുക്തിയുടെ സ്പന്ദനങ്ങൾ,
നിദ്രയുടെ സിരകൾ,
ആത്മാവിന്റെ പശ,
നിങ്ങളെന്ന ലഘുസമുദ്രം,
മനസ്സിന്റെ ഉദ്ധതമകുടം,
കടലിനടിയിലെ മലമടക്കുകൾ,
അതിൽ ഇച്ഛയെന്ന മത്സ്യം,
ഉദ്ദീപനങ്ങളുടെ ആലക്തികദലപുടം,
ഓർമ്മയെന്ന കടല്പായൽ.

ഞാനെന്റെ തലയിൽ തൊട്ടു,
ഞാനതിനെ കണ്ടെടുത്തു,
ഇലകളും
കിളികളുടെ വിറയാർന്ന പാട്ടുകളും കൊഴിഞ്ഞ
മലയുടെ ഭൗമപ്രകൃതിയിൽ നിന്ന്
കഠിനലോഹത്തെ,
ഭൂമിയുടെ അസ്ഥികൂടത്തെ,
കണ്ടെടുക്കുന്നപോലെ.
അങ്ങനെ,
മുറിപ്പെട്ടവനാണിപ്പോഴുമെങ്കിലും
ഈ ഗാനത്തിൽ
നിന്നെ ഞാൻ വാഴ്ത്തുന്നു,
തലയോടേ,
നിങ്ങളുടെ,
എന്റെ,
തലയോട്,
കാവൽക്കനം,
ബലത്ത പെട്ടി,
ജീവന്റെ കവചം,
അസ്തിത്വത്തിന്റെ വിത്ത്.



2023, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ഫ്രീഡ്രിക് നീച്ച -തടവറയിൽ


എന്റെ കണ്ണുകൾ, അവയെത്ര തീക്ഷ്ണമോ ദുർബ്ബലമോ ആയിക്കോട്ടെ, അതിനാവുന്ന ദൂരത്തോളമേ എത്തുകയുള്ളു; ആ ദൂരത്തിനുള്ളിലടങ്ങുന്ന ഇടത്താണ്‌ ഞാൻ ജീവിക്കുന്നതും ചലിക്കുന്നതും; ആ ചക്രവാളരേഖയാണ്‌ വലുതും ചെറുതുമായ കാര്യങ്ങളിൽ എന്റെ ആസന്നഭാഗധേയം; അതിൽ നിന്നെനിക്കു രക്ഷയുമില്ല. സമാനമായ ഒരു വൃത്തം ഓരോ ജീവിക്കു ചുറ്റും വരച്ചിട്ടിട്ടുണ്ട്; അതിനു മാത്രം പ്രത്യേകമായിട്ടുള്ള ഒരു വൃത്തകേന്ദ്രവുമുണ്ടാകും. നമ്മുടെ കാതുകൾ സമാനമായ ഒരു വൃത്തത്തിനുള്ളിൽ നമ്മെ അടച്ചിടുന്നു, നമ്മുടെ സ്പർശേന്ദ്രിയവും അതുപോലെ. തടവറയുടെ ചുമരുകൾ പോലെ ഇന്ദ്രിയങ്ങൾ നമ്മെ അടച്ചിട്ടിരിക്കുന്ന ഈ ചക്രവാളത്തിനുള്ളിൽ കിടന്നുകൊണ്ടാണ്‌ നാം ലോകത്തെ “അളക്കു”ന്നത്, ഇതടുത്താണെന്നും അതകലെയാണെന്നും ഇത് ചെറുതാണെന്നും അതു വലുതാണെന്നും ഇത് കട്ടിയുള്ളതാണെന്നും അത് മൃദുവാണെന്നും  പറയുന്നത്: ഈ അളക്കലിനെ നാം ഇന്ദ്രിയാനുഭവം എന്നു പറയുന്നു- അതാകെ പിശകുമാണ്‌! കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവിൽ വച്ച് അതേവരെ നമുക്കു സാദ്ധ്യമായ അനുഭവങ്ങളുടേയും ഉത്തേജനങ്ങളുടേയും ശരാശരിക്കണക്കു വച്ച് നാം ജീവിതത്തെ ദീർഘമോ ഹ്രസ്വമോ ആയി, സമൃദ്ധമോ ദരിദ്രമോ ആയി, നിറഞ്ഞതോ ഒഴിഞ്ഞതോ ആയി അളക്കുന്നു: ശരാശരി മനുഷ്യജീവിതം വച്ച് മറ്റെല്ലാ ജീവികളുടേയും ജീവിതത്തെ നാം അളക്കുകയും ചെയ്യുന്നു- അതാകെ പിശകുമാണ്‌. നമ്മുടെ കാഴ്ചശക്തി ഇപ്പോഴത്തേതിനെക്കാൾ നൂറുമടങ്ങു കൂടുതലായിരുന്നെങ്കിൽ മറ്റൊരു മനുഷ്യനെ നാം അസാമന്യമായ ഉയരത്തിൽ കാണുമായിരുന്നു; അളക്കാൻ പറ്റാത്തതായി അയാളെ നമുക്കു കാണിച്ചുതരുന്ന അവയവങ്ങളെക്കുറിച്ചും നമുക്കു സങ്കല്പിക്കാവുന്നതാണ്‌. നേരേ മറിച്ച്, സൗരയൂഥത്തെ ഒരേയൊരു കോശമായി ചുരുക്കിക്കാണിക്കുന്ന മട്ടിലുള്ള അവയവങ്ങളും ഉണ്ടാവാം: വിപരീതമായ ശരീരഘടനയുള്ള ജീവികൾക്ക് മനുഷ്യശരീരത്തിലെ ഒരു കോശം, നിർമ്മിതിയിലും ചലനത്തിലും ഇണക്കത്തിലും, ഒരു സൗരയൂഥം പോലെ കാണപ്പെട്ടുവെന്നും വരാം. നമ്മുടെ ഇന്ദ്രിയങ്ങളുടെ ശീലങ്ങൾ  നുണകളുടേയും ചതികളുടേയും ഇഴകൾ കൊണ്ടു നെയ്തെടുത്ത ഒരു വലയാണ്‌ നമ്മുടെ പ്രത്യക്ഷാനുഭവം: ഇതാകുന്നു, നമ്മുടെ നിർണ്ണയങ്ങളുടേയും “അറിവി”ന്റെയും ആധാരവും- “യഥാർത്ഥലോക”ത്തേക്ക് ഒരു രക്ഷാമാർഗ്ഗവുമില്ല, പിൻവാതിലുമില്ല, വളഞ്ഞ വഴിയുമില്ല! നമ്മൾ ചിലന്തികൾ, നമ്മളുടെ വലയ്ക്കുള്ളിൽ നാമിരിക്കുന്നു, വലയിൽ വീഴുന്നതിനെയെല്ലാം നമുക്കു പിടിക്കാം, എന്നു പറഞ്ഞാൽ, കൃത്യമായും നമ്മുടെ വലയിൽത്തന്നെ വീഴാൻ ദാക്ഷിണ്യം കാണിക്കുന്നതെന്തിനേയും!


(from Daybreak)

2023, ഒക്‌ടോബർ 15, ഞായറാഴ്‌ച

പാബ്ലോ നെരൂദ - നീലപ്പൂവിന്‌


പുൽമൈതാനത്തിലൂടെ
കടലിനു നേർക്കു നടക്കുമ്പോൾ
-നവംബർ മാസമായിരുന്നു-
എല്ലാം പിറവിയെടുത്തുകഴിഞ്ഞിരുന്നു,
എല്ലാറ്റിനുമുണ്ടായിരുന്നു ഉയരം,
പരിമളം, ആന്ദോളനവും.
കടലിന്റെ ഉന്മത്തരേഖയെത്തുവോളം
ഓരോരോ പുല്ക്കൊടിയായി,
ഓരോരോ ചുവടായി
ഭൂമിയെ ഞാൻ പഠിക്കും.
പൊടുന്നനേ ഒരു കാറ്റിൻ തിര
കാട്ടുബാർലികളെ പിടിച്ചുകുലുക്കുന്നു:
എന്റെ കാല്ച്ചുവട്ടിൽ നിന്ന്
ഒരു കിളി പറന്നുയരുന്നു;
മണ്ണിലാകെ പൊന്നിഴകൾ,
പേരറിയാത്ത പൂവിതളുകൾ,
ഒരു പച്ചപ്പനിനീർപ്പൂവു പോലെ
പൊടുന്നനേയതു തിളങ്ങിനില്ക്കുന്നു,
മുള്ളുകൾ കൊണ്ടു കിരീടവുമായി,
വൈരത്തിന്റെ പവിഴവും കാട്ടി,
മെലിഞ്ഞ തണ്ടുകളും 
നക്ഷത്രപ്പൂക്കളുള്ള കള്ളിച്ചെടികളുമായി;
ഓരോ ചെടിയുടേയും അനന്തവൈവിദ്ധ്യം
എനിക്കു കുശലം പറയുന്നു,
ചിലനേരമൊരു മുള്ളെടുത്തു വീശി,
ചിലനേരമൊരു തീക്ഷ്ണപരിമളത്തിന്റെ
തുടിപ്പുമായി.
പതയുന്ന ശാന്തസമുദ്രത്തിലേക്ക്
ഗുപ്തവസന്തത്തിന്റെ നിലം പറ്റിയ പുല്ലിൽ
വേയ്ക്കുന്ന ചുവടുകൾ വച്ചടുക്കുമ്പോൾ
കര തീരുന്നതിനു തൊട്ടു മുമ്പായി,
മഹാസമുദ്രത്തിനു നൂറു മീറ്ററിനിപ്പുറം,
സർവ്വതുമുന്മാദവും ഗാനവുമങ്കുരണവുമായപോലെ.
കുഞ്ഞുപുൽക്കൊടികൾ പൊൻകിരീടമണിഞ്ഞിരുന്നു,
മണൽച്ചെടികൾ ശോണരശ്മികൾ തൊടുത്തിരുന്നു,
വിസ്മൃതിയുടെ ഓരോ കുഞ്ഞിലയേയും
നിലാവിന്റെയോ തീയുടെയോ അമ്പു വന്നെതിരേറ്റിരുന്നു.
കടലിനരികിൽ,
നവംബറെന്ന മാസത്തിൽ,
വെളിച്ചവും തീയും കടലുപ്പുകളുമേറ്റുവാങ്ങുന്ന 
പൊന്തകൾക്കിടയിലൂടെ നടക്കുമ്പോൾ
ഒരു നീലപ്പുവിനെ ഞാൻ കാണുന്നു,
ഊഷരമായ പുൽമേട്ടിൽ പിറവിയെടുത്തതിനെ.
എവിടെ നിന്ന്, ഏതുറവിടത്തിൽ നിന്നാണ്‌
നീ നിന്റെ നീലരശ്മി ഊരിയെടുത്തത്?
നിന്റെ വിറയാർന്ന പട്ടുടയാട സമ്പർക്കത്തിലാണോ,
കടലാഴവുമായി മണ്ണിനടിയിലൂടെ?
അതിനെ കൈകളിലെടുത്തു ഞാൻ നോക്കുന്നു,
ഒരേയൊരു തുള്ളിക്കുള്ളിൽ
ഒരു കടലിനു ജീവിക്കാനാവുമെന്നപോലെ,
കരയും കടലും തമ്മിലുള്ള യുദ്ധത്തിനിടയിൽ
ഒരു പൂവിനുയർത്താനാവും ഒരു ചെറുപതാകയെന്ന്,
ആകാശനീലമായ അഗ്നിയുടെ,
തടുക്കരുതാത്ത ശാന്തിയുടെ,
അദമ്യമായ വിശുദ്ധിയുടെ.

പാബ്ലോ നെരൂദ- ഉള്ളിയ്ക്ക്


ഉള്ളീ,
തിളങ്ങുന്ന കുപ്പി നീ,
ഇതളായി, ഇതളായി,
നിന്റെ സൗന്ദര്യം രൂപമെടുത്തു,
സ്ഫടികശല്ക്കങ്ങളായി നീ പെരുകി,
ഇരുണ്ട മണ്ണിന്റെ നിഗൂഢമായ ആഴങ്ങളിൽ
നിന്റെയുദരം ഗോളാകാരം പൂണ്ടു.
ആ ദിവ്യാത്ഭുതം നടന്നത്
ഭൂഗർഭത്തിൽ,
ആലസ്യത്തോടെ നിന്റെ പച്ചത്തണ്ട്
പുറത്തേക്കു വന്നപ്പോൾ,
വാളുകൾ പോലെ തോട്ടത്തിൽ
നിന്റെയിലകൾ പിറന്നപ്പോൾ,
നിന്റെ നഗ്നസുതാര്യത പ്രദർശിപ്പിച്ചുകൊണ്ട്
മണ്ണവളുടെ കരുത്തു കാട്ടി,
അതിവിദൂരകാലത്തൊരു സമുദ്രം
മഗ്നോളിയാപ്പൂക്കൾ പോലെ
അഫ്രോഡിറ്റിയുടെ മുലകളുയർത്തിക്കൊണ്ടുവന്നു,
അതുപോലെ മണ്ണ്‌ നിനക്കു പിറവി തന്നു,
ഉള്ളീ,
ഒരാകാശഗോളം പോലെ തിളക്കമാർന്നവളേ,
തിളങ്ങാൻ വിധിക്കപ്പെട്ടവളേ,
ഭ്രമണം ചെയ്യാത്ത താരാഗണമേ,
പാവപ്പെട്ടവരുടെ തീന്മേശകളിൽ
ഉരുണ്ട പനിനീർപ്പൂവേ.

കലത്തിലെ തിളയ്ക്കുന്ന പരിണതിയിലേക്ക്
ഉദാരമായി
നീ നിന്റെ ഗോളാകാരമായ പുതുമ പരിത്യജിക്കുന്നു,
പൊള്ളുന്ന എണ്ണച്ചൂടിൽ
സ്ഫടികച്ചില്ലുകൾ രൂപം മാറുന്നു,
ചുരുണ്ട പൊൻതൂവലുകളായി.

സലാഡിന്റെ പ്രണയത്തെ
നിന്റെ സ്വാധീനം സജീവമാക്കുന്നതിനെക്കുറിച്ചും
ഞാൻ ഘോഷിക്കട്ടെ,
ഒരു തക്കാളിയുടെ ഇരുപാതികളിൽ
നിന്റെ കൊത്തിയരിഞ്ഞ തെളിമ കാണുമ്പോൾ
ഒരാലിപ്പഴത്തിന്റെ രൂപം നിനക്കു തന്ന
ആകാശത്തെയും ഞാനോർക്കുന്നു.
എന്നാൽ കയ്യകലത്തിനുള്ളിൽ,
എണ്ണയിൽ നനഞ്ഞ്,
ഒരു നുള്ളുപ്പിൽ കുതിർന്ന്,
പണിക്കാരുടെ വിശപ്പിനു നീ ശമനം നല്കുന്നു,
കഠിനമായ പാതയിലൂടവർ വീട്ടിലേക്കു മടങ്ങുമ്പോൾ.

പാവങ്ങളുടെ നക്ഷത്രമേ,
മിനുക്കക്കടലാസിൽ പൊതിഞ്ഞ ദേവതേ,
മണ്ണിൽ നിന്നു നീയുയരുന്നു,
നിത്യയായി, അക്ഷതയായി, നിർമ്മലയായി,
ഒരു നക്ഷത്രവിത്തു പോലെ;
അടുക്കളയിൽ
കത്തി നിന്നെ രണ്ടായി മുറിക്കുമ്പോൾ
വേദനയില്ലാത്ത ഒരേയൊരു കണ്ണീരുണ്ടാവുന്നു,
വേദനിപ്പിക്കാതെ നീ ഞങ്ങളെ കരയിപ്പിക്കുന്നു.
ജീവനുള്ള സർവ്വതിനേയും 
ഞാൻ വാഴ്ത്തിപ്പാടിയിട്ടുണ്ട്,
എന്നാൽ കണ്ണഞ്ചിക്കുന്ന തൂവലുകളുള്ള
ഒരു കിളിയെക്കാളും സുന്ദരിയാണ്‌
എനിക്കു നീ;
എന്റെ കണ്ണുകൾക്കു നീ
ഒരു സ്വർഗ്ഗീയഗോളം,
ഒരു പ്ലാറ്റിനക്കപ്പ്,
മഞ്ഞു പോൽ വെളുത്ത പൂവിന്റെ
നിശ്ചലനൃത്തം.

നിന്റെ സ്ഫാടികപ്രകൃതത്തിൽ ജീവിക്കുന്നു
മണ്ണിന്റെ പരിമളം.


2023, ഒക്‌ടോബർ 14, ശനിയാഴ്‌ച

പാബ്ലോ നെരൂദ -തേനീച്ചകൾക്ക്



തേനീച്ചകളുടെ ബഹുലത!
അവർ കയറിപ്പോകുന്നു, ഇറങ്ങിപ്പോകുന്നു,
കടുംചുവപ്പിലൂടെ, നീലിമയിലൂടെ, മഞ്ഞയിലൂടെ,
ലോകത്തെ ഏറ്റവും മാർദ്ദവമുള്ള
മാർദ്ദവത്തിലൂടെ;
നിങ്ങളൊരു ദളപുടത്തിലേക്ക്
തല കീഴ്ക്കാമ്പാടിടിച്ചിറങ്ങുന്നു,
നിങ്ങളുടെ ഇടപാടു നടത്തുന്നു,
പിന്നെ തിരിച്ചിറങ്ങുന്നു,
ഒരു സ്വർണ്ണക്കുപ്പായവുമണിഞ്ഞ്,
ഒരുകൂട്ടം മഞ്ഞപ്പാപ്പാസുകളുമിട്ട്.

ഇടുപ്പ്
ഒന്നാന്തരം,
അടിവയർ
കരി കൊണ്ടു വരഞ്ഞത്,
സദാ ചിന്തിച്ചുകൂട്ടുന്ന
കുഞ്ഞുതല,
ചിറകുകൾ
വെള്ളത്തിൽ നിന്നപ്പോൾപ്പണിതത്;
വാസനിക്കുന്ന ജനാലയോരോന്നിലൂടെയും
നിങ്ങൾ കയറിച്ചെല്ലുന്നു,
പട്ടു പോൽ നനുത്ത
വാതിലുകൾ തുറക്കുന്നു,
എത്രയും സുരഭിലമായ പ്രണയത്തിന്റെ
മണിയറയിലേക്കു കടക്കുന്നു,
വജ്രത്തരി പോലൊരു തേൻതുള്ളി
അവിടെക്കണ്ടെടുക്കുന്നു,
വിരുന്നു പോകുന്ന വീടുകളോരോന്നിലും നിന്നു
നിങ്ങൾ കവരുന്നു,
നിഗൂഢമായ മധു,
കൊഴുത്ത തേൻ,
സാന്ദ്രഗന്ധം,
തുള്ളിയിറ്റുന്ന വെളിച്ചം,
പിന്നെയൊടുവിൽ
നിങ്ങൾ മടങ്ങുന്നു,
നിങ്ങൾ സംഘമായി പാർക്കുന്ന
കൊട്ടാരത്തിലേക്ക്,
അതിന്റെ ഗോത്തിക് ആൾമറകളിൽ
നിങ്ങൾ നിക്ഷേപിക്കുന്നു,
പൂക്കളുടേയും പറക്കലിന്റേയും
ആ ഉല്പന്നം,
ദിവ്യവും നിഗൂഢവുമായ
ദാമ്പത്യസൂര്യൻ!
തേനീച്ചകളുടെ ജനതതി!
ഒരുമയുടെ
പാവനോത്കർഷം,
തുടിക്കുന്ന
പള്ളിക്കൂടം.

ഇരമ്പുന്ന,
ഒച്ചപ്പാടുകാരായ
വേലക്കാരികൾ
പൂന്തേൻ പരുവപ്പെടുത്തുന്നു,
നൊടിനേരം കൊണ്ടതിനെ
അമൃതബിന്ദുക്കളാക്കുന്നു;
ഒസോർണോവിലിത്
വേനല്ക്കലെ ഉച്ചമയക്കത്തിന്റെ കാലം.
അങ്ങു മുകളിൽ
സൂര്യനതിന്റെ കുന്തങ്ങൾ
മഞ്ഞിലെറിഞ്ഞുകൊള്ളിക്കുന്നു,
അഗ്നിപർവ്വതങ്ങൾ വെട്ടിത്തിളങ്ങുന്നു,
കടൽ പോലനന്തമായി
കര നീണ്ടുകിടക്കുന്നു
ആകാശത്തിനു നീലനിറം,
എന്നാലെന്തോ വിറകൊള്ളുന്നുണ്ട്,
വേനലിന്റെ 
ആഗ്നേയഹൃദയമാണത്,
പലതായിപ്പെരുകിയ
തേനൂറുന്ന ഹൃദയം,
മൂളുന്ന തേനീച്ച,
പൊന്നും പറക്കലും
ചേർത്തുപണിത തേനറ!

തേനീച്ചകളേ,
അതിനിർമ്മലരായ പണിക്കാരേ,
ഗോത്തിക് ജോലിക്കാരേ,
വെട്ടിത്തിളങ്ങുന്ന
തൊഴിലാളികളേ,
യുദ്ധത്തിൽ
വിഷമുള്ളായുധമാക്കുന്ന
ധീരരായ ചാവേറുകളേ;
മുരളൂ,
മണ്ണിന്റെ സമൃദ്ധികൾക്കു മേൽ
മുരളൂ,
പൊന്നിന്റെ കുടുംബമേ,
കാറ്റിന്റെ ബഹുലതേ,
ഉലർത്തിയിടൂ,
പൂക്കളിൽ നിന്നഗ്നി,
കേസരങ്ങളിൽ നിന്നു ദാഹം;
പകലുകളെ തുന്നിക്കൂട്ടുന്ന
കൂർത്ത,
വാസനിക്കുന്ന ഇഴ 
നിങ്ങൾ,
തേനിന്റെ വിതരണക്കാർ നിങ്ങൾ,
പശ്ചിമാകാശത്തെ
അതിവിദൂരദ്വീപുകളിൽ,
ഈറൻ ഭൂഖണ്ഡങ്ങളിൽ
യാത്ര ചെയ്യുന്നവർ.

അതെ:
മെഴുകുയർത്തട്ടെ
ഹരിതബിംബങ്ങൾ,
എണ്ണമറ്റ നാവുകളിൽ
തേനൊഴുകട്ടെ,
സമുദ്രമൊരു
തേനീച്ചക്കൂടാവട്ടെ,
ഭൂമി
പൂക്കളുടെ മേടയും
മേലങ്കിയുമാവട്ടെ,
ലോകമാകട്ടെ,
ഒരു ജലപാതം,
ഒരു ധൂമകേതുവിന്റെ വാൽ,
തേനറകളുടെ
തീരാത്ത കലവറയും!


2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

പാബ്ളോ നെരൂദ -ശരല്ക്കാലത്തിന്‌



ഹാ, ഇത്രയും കാലം
ശരല്ക്കാലമില്ലാതെ കഴിയാൻ
ഭൂമിക്കെങ്ങനെ
കഴിഞ്ഞു!
വാസന്തദേവത
എത്ര നമ്മളെ പീഡിപ്പിച്ചു,
കാണായ മരങ്ങളിലെല്ലാം
നിർലജ്ജം
മുലക്കണ്ണുകൾ കാട്ടി!
പിന്നെ വേനലായി,
കതിരുകളും
കതിരുകളും
ഇടയ്ക്കിടെ
ചീവീടുകളും
മണ്ണട്ടകളും
നിലയ്ക്കാത്ത വിയർപ്പുമായി.
പിന്നെ
പ്രഭാതത്തിൽ
ഭൂമിയുടെ ബാഷ്പം
വായുവിൽ.
മറ്റൊരു നക്ഷത്രത്തിൽ നിന്ന്
വെള്ളിത്തുള്ളികൾ പൊഴിഞ്ഞു.
ഈർപ്പത്തിൽ നിന്നു കാറ്റിലേക്ക്,
കാറ്റിൽ നിന്നു വേരിലേക്ക്
അതിരുകൾ മാറുന്നത്
ഗന്ധത്തിൽ നിങ്ങളറിഞ്ഞു.
ബധിരവും ഗഹനവുമായതെന്തോ
മണ്ണിനടിയിൽ പണിയെടുക്കുന്നു,
സ്വപ്നങ്ങൾ കൂട്ടിവയ്ക്കുന്നു.
ഊർജ്ജം ചുരുളിടുന്നു,
സമൃദ്ധിയുടെ നാട
വലയങ്ങൾ തീർക്കുന്നു.

ശരല്ക്കാലം വിനീതം
മരംവെട്ടികളെപ്പോലെ.
എല്ലാ ദേശത്തെയും
എല്ലാ മരങ്ങളിലും നിന്ന്
എല്ലാ ഇലകളും പറിച്ചെടുക്കുക
എത്ര ദുഷ്കരം.
ഇലകൾ നെയ്തുകൂട്ടുക
ഒരെളുപ്പപ്പണിയായിരുന്നു
വസന്തത്തിന്‌,
ഇനിയവ വാടിവീഴട്ടെ,
മഞ്ഞക്കിളികളെപ്പോലെ.
അതത്ര എളുപ്പമല്ല.
അതിനുള്ള നേരമില്ല.
എത്ര വഴികളിലൂടോടണം,
എത്ര ഭാഷകൾ സംസാരിക്കണം,
സ്വീഡിഷ്,
പോർച്ചുഗീസ്,
ചുവന്ന മൊഴി,
പച്ചമൊഴി.
എവിടെയും
ഏതു ഭാഷയിലും
നിശ്ശബ്ദനാവാനും പഠിക്കണം,
അവ വീഴട്ടെ,
വീഴട്ടേയവ,
ഇലകൾ.

ശരല്ക്കാലമാവുക
ദുഷ്കരം,
വസന്തമാവാൻ
എളുപ്പവും.
ജ്വലിക്കാൻ ജനിച്ചതിനെയൊക്കെ
ജ്വലിപ്പിക്കുക,
അതെളുപ്പമാണ്‌.
എന്നാൽ 
ലോകത്തിന്റെ പ്രവർത്തനം
നിർത്തുക,
അതിനെ
മഞ്ഞവസ്തുക്കളുടെ വലയമാക്കുക,
വീഞ്ഞിനെ
മുന്തിരിക്കുലയിലെത്തിക്കുക,
മരത്തിന്റെ ഉയരത്തിൽ
ക്ഷമയോടെ
കനികൾ വിളക്കുക,
പിന്നവയെ
ആളൊഴിഞ്ഞ,
ഉദാസീനമായ തെരുവുകളിൽ
ചൊരിയുക,
പൗരുഷത്തിന്റെ കൈകൾക്കു പറഞ്ഞ
പണിയാണത്.

അതിനാലത്രേ,
ശരല്ക്കാലമേ,
കുംഭാരസഖാവേ,
ഗ്രഹങ്ങളുടെ നിർമ്മാതാവേ,
വൈദ്യുതിപ്പണിക്കാരാ,
ഗോതമ്പുകലവറക്കാരാ,
ആണുങ്ങൾ തമ്മിലെന്നപോലെ
ഞാൻ നിങ്ങൾക്കു കൈ തരുന്നു,
നിങ്ങളോടൊപ്പം കുതിരസവാരി ചെയ്യാൻ,
നിങ്ങളോടൊപ്പം പണിയ്ക്കു കൂടാൻ
എന്നെ ക്ഷണിക്കാൻ ഞാൻ
നിങ്ങളോടു പറയുന്നു.
ഏറെനാളത്തെ
എന്റെ ആഗ്രഹമായിരുന്നു,
ശരല്ക്കാലത്തിനു കീഴിൽ
വേല പഠിക്കുക,
പരിശ്രമശാലിയായ
ഒരു മെക്കാനിക്കിന്റെ
അകന്ന ബന്ധുവാകുക,
സ്വർണ്ണം,
ഉപയോഗശൂന്യമായ സ്വർണ്ണം വിതറി
കുതിരപ്പുറത്തു കുതിച്ചുപായുക.
എന്നാൽ നാളെ,
ശരല്ക്കാലമേ,
പാതയിലെ പാവങ്ങൾക്കു
സ്വർണ്ണയിലകൾ കൊണ്ടു 
വേതനം നല്കാൻ
നിന്നെ ഞാൻ സഹായിക്കാം.

ശരല്ക്കാലമേ,
കേമനായ കുതിരക്കാരാ,
ഇരുണ്ട മഞ്ഞുകാലം
നമ്മെ കടന്നുപിടിക്കും മുമ്പേ
നമുക്കു കുതിച്ചുപായുക.
നമ്മുടെ ജോലി കഠിനമാണ്‌.
നമുക്കു മണ്ണൊരുക്കുക,
അവളെ നാം പഠിപ്പിക്കുക,
അമ്മയാകാൻ,
തന്റെ ഉദരത്തിൽ
വിത്തുകളെ കാത്തുവയ്ക്കാൻ;
അവയുറങ്ങുമ്പോൾ
കാവൽ നില്ക്കുന്നുണ്ടല്ലോ,
ലോകമലയുന്ന
രണ്ടു ചുവന്ന കുതിരക്കാർ:
ശരല്ക്കാലവും
ശരല്ക്കാലത്തിന്റെ ശിഷ്യനും.

മറഞ്ഞ വേരുകളിൽ നിന്നങ്ങനെ
നൃത്തം വച്ചു പുറത്തേക്കു വരട്ടെ,
വസന്തത്തിന്റെ സൗരഭ്യവും
പച്ചനിറത്തിൽ മൂടുപടവും.



2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

പാബ്ളോ നെരൂദ -കസേരയ്ക്കൊരു വാഴ്ത്ത്



കാട്ടിനുള്ളിൽ ഒരു കസേര:
കാട്ടുവള്ളികളുടെ കൂട്ടിപ്പിടുത്തത്തിൽ
ഒരു പവിത്രവൃക്ഷം ഞരങ്ങുന്നു.
വേറെയും വള്ളികൾ
ആകാശത്തേക്കു പിരിഞ്ഞുയരുന്നു,
ചോര പറ്റിയ ജന്തുക്കൾ
നിഴലുകൾക്കിടയിൽ ഓരിയിടുന്നു,
പച്ചനിറമായ ആകാശത്തു നിന്ന്
പ്രൗഢരൂപികളായ ഇലകളിറങ്ങിവരുന്നു,
ഇലച്ചാർത്തിനിടയിലൂടെ
ഒരു കിളി മിന്നിമറയുന്നു,
ഒരു പതാകയിലേക്കു തൊടുത്ത അമ്പുപോലെ.
ചില്ലകൾ തങ്ങളുടെ വയലിനുകൾ
അങ്ങുയരത്തിൽ തൂക്കിയിടുന്നു.
പൂക്കളിൽ ആസനസ്ഥരായി
പ്രാണികൾ പ്രാർത്ഥിക്കുന്നു, 
നിശ്ചേഷ്ടരായി.
ഈ കടല്ക്കാട്ടിലെ കരിമ്പായലിൽ,
മഴക്കാടിന്റെ മേല്ക്കെട്ടിയിൽ നിന്നുതിർന്ന
മേഘങ്ങളിൽ
കാലുകൾ പൂണ്ടുപോകുന്നു.
ഇവിടം പരിചിതമല്ലാത്ത ഈ വിദേശി,
ഹതാശനായ ഈ സഞ്ചാരി,
ഒരു കാര്യമേ അപേക്ഷിക്കുന്നുള്ളു,
കസേരകളുടെ മരത്തിൽ
ഒരു കസേര,
ഒരു സിംഹാസനം,
ചുളുങ്ങിയതെങ്കിലും
വെൽവെറ്റ് വിരിച്ചത്,
കാടൻവള്ളികൾ കാർന്നുതിന്ന
സൂര്യപടസമൃദ്ധി.
അതെ,
ഒരു കസേര,
പ്രപഞ്ചത്തെ സ്നേഹിക്കുന്ന ഒരു കസേര,
കാൽനടയ്ക്കു പോകുന്നവന്‌
ഒരുറച്ച
അടിത്തറ,
വിശ്രമത്തിന്റെ
പരമോന്നതമായ
അന്തസ്സ്!

ആർത്തി പെറ്റ കടുവകളേ, പിന്നിലേക്കു മാറൂ,
രക്തദാഹികളായ ഈച്ചപ്പറ്റങ്ങളേ, പിന്നിലേക്കു മാറൂ,
പ്രേതരൂപികളായ ഇലകളുടെ
കരിമ്പടർപ്പുകളേ, പിന്നിലേക്കു മാറൂ,
ഓരുള്ള നീരൊഴുക്കുകളേ,
തുരുമ്പിന്റെ നിറമായ പൊന്തകളേ,
ചിരഞ്ജീവികളായ പാമ്പുകളേ, പിന്നിലേക്കു മാറൂ,
ഇടിമുഴക്കത്തിനു നടുവിൽ,
അതാ,
ഒരു കസേര,
ഒരു കസേര,
എനിക്കായി,
എല്ലാവർക്കുമായി,
ഒരു കസേര,
തളർന്ന ദേഹത്തിന്റെ
രക്ഷയ്ക്കായി മാത്രമല്ല,
എല്ലാറ്റിനുമായി,
എല്ലാവർക്കുമായി,
നഷ്ടമായ ബലം വീണ്ടെടുക്കാൻ,
ധ്യാനിക്കാൻ.

യുദ്ധം വിശാലമാണ്‌,
നിഴലടഞ്ഞ കാടു പോലെ.
സമാധാനം
തുടങ്ങുന്നത്
ഒരേയൊരു 
കസേരയിൽ.
*


ചിലിയിലെ ആഭ്യന്തരയുദ്ധകാലത്ത് ആൻഡീസ് മലനിരകളിലൂടെ അർജ്ജന്റീനയിലേക്കുള്ള നെരൂദയുടെ പലായനത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ കവിത വായിക്കാൻ.


റേ ബ്രാഡ്ബറി -ലോകത്തെ അവസാനത്തെ രാത്രി




“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?”

“ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?”

“അതെ, കാര്യമായിട്ടു തന്നെ.”

“അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു.

അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു.

“അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാലോ?” അയാൾ പറഞ്ഞു.

“കാര്യമായിട്ടു പറയുകയല്ലല്ലോ?” അയാളുടെ ഭാര്യ ചോദിച്ചു.

അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.

“യുദ്ധം?”

അയാൾ തല കുലുക്കി.

“ഹൈഡ്രജൻ ബോംബും ആറ്റം ബോംബുമല്ലല്ലോ?”

“അല്ല.”

“രോഗാണുക്കളെക്കൊണ്ടുള്ള യുദ്ധം?”

“അതൊന്നുമല്ല,” സാവാധാനം കാപ്പി ഇളക്കിക്കൊണ്ട് അതിന്റെ ഇരുണ്ട ആഴങ്ങളിലേക്കു നോക്കി അയാൾ പറഞ്ഞു. “വേണമെങ്കിൽ ഒരു പുസ്തകം വായിച്ചടയ്ക്കുന്നപോലെ എന്നു പറയാം.”

“എനിക്കൊന്നും മനസ്സിലാകുന്നില്ല.”

“ഇല്ല, ശരിക്കു പറഞ്ഞാൽ എനിക്കും മനസ്സിലാകുന്നില്ല. ഇത് വെറുമൊരു തോന്നലാണ്‌; ചിലപ്പോൾ എനിക്കു പേടി തോന്നും, ചിലപ്പോൾ എനിക്കൊരു പേടിയും തോന്നുകയില്ല- സമാധാനമാണു തോന്നുക.” അയാൾ പെൺകുട്ടികളെയും പ്രദീപ്തമായ വിളക്കുവെട്ടത്തിൽ തിളങ്ങുന്ന അവരുടെ മഞ്ഞമുടിയും ഒന്നു കണ്ണോടിച്ചുനോക്കിയിട്ട് ഒച്ച താഴ്ത്തി. “ഞാനിതുവരെ നിന്നോടു പറഞ്ഞിരുന്നില്ല. നാലു രാത്രി മുമ്പാണ്‌ ഇതാദ്യം ഉണ്ടായത്.”

“ഏത്?”

“ഞാൻ കണ്ട ഒരു സ്വപ്നം. എല്ലാം അവസാനിക്കാൻ പോവുകയാണെന്ന് ഞാൻ സ്വപ്നം കണ്ടു; ഒരു സ്വരം അങ്ങനെ പറയുകയും ചെയ്തു. എനിക്കോർമ്മയുള്ള ഒരു സ്വരവുമായിരുന്നില്ല അത്, എന്നാലും ആരുടെയോ ശബ്ദമായിരുന്നു. ഈ ഭൂമിയിൽ കാര്യങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന് അതു പറഞ്ഞു. കാലത്തെഴുന്നേല്ക്കുമ്പോൾ ഞാനതിനെക്കുറിച്ച് കാര്യമായിട്ടൊന്നും ചിന്തിക്കാൻ പോയില്ല; പിന്നെ ഞാൻ ജോലിക്കു പോയി; പക്ഷേ ആ ചിന്ത പകലു മുഴുവൻ മനസ്സിലുണ്ടായിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ സ്റ്റാൻ വിൽസ് ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു. ‘എന്താണിത്ര ചിന്തിക്കാൻ?’ ഞാൻ ചോദിച്ചു. ‘ഇന്നലെ രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു,’ അയാൾ പറയുന്നതിനു മുമ്പേ ആ സ്വപ്നം എന്താണെന്ന് എനിക്കറിയാമായിരുന്നു. എനിക്കു വേണമെങ്കിൽ അതയാളോടു പറയാമായിരുന്നു; ഞാൻ പറഞ്ഞില്ല, അയാൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.”

“അതേ സ്വപ്നം തന്നെയായിരുന്നു?”

“അതെ. അതേ സ്വപ്നം ഞാനും കണ്ടിരുന്നുവെന്ന് ഞാൻ സ്റ്റാനിനോടു പറഞ്ഞു. അയാളതിൽ അത്ഭുതമൊന്നും കാണിച്ചില്ല. ശരിക്കു പറഞ്ഞാൽ അയാൾക്കാശ്വാസമായപോലെയാണ്‌ തോന്നിയത്. പിന്നെ ഞങ്ങൾ ഓഫീസുകൾ മുഴുവൻ കയറിയിറങ്ങാൻ തുടങ്ങി, വെറുതേ ഒരു രസത്തിന്‌. അങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നുമല്ല. നമുക്കൊന്നു നടന്നിട്ടുവരാം, എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. ഞങ്ങളങ്ങു നടന്നു, അത്രതന്നെ; എവിടെയും ഞങ്ങൾ കണ്ടത് ആളുകൾ അവരുടെ മേശയിലോ തങ്ങളുടെ കൈകളിലോ അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്കോ നോക്കി ഇരിക്കുന്നതാണ്‌; കണ്ണുകൾക്കു മുന്നിലുള്ളത് അവർ കാണുന്നുമുണ്ടായിരുന്നില്ല. ചിലരോടു ഞാൻ സംസാരിക്കാൻ നിന്നു; അതുപോലെ സ്റ്റാനും.“

”എല്ലാവരും ആ സ്വപ്നം കണ്ടിരുന്നോ?“

”എല്ലാവരും കണ്ടു. അതേ സ്വപ്നം, ഒരു മാറ്റവുമില്ലാതെ.“

”ആ സ്വപ്നം കണ്ടിട്ടു നിങ്ങൾക്കു വിശ്വസിക്കാൻ തോന്നിയോ?“

”ഉവ്വ്. മുമ്പൊരിക്കലും എനിക്ക് ഇത്ര വിശ്വാസം വന്നിട്ടില്ല.“

”എപ്പോഴാണ്‌ അതു നിലയ്ക്കുക? അതായത്, ലോകം?“

”നമുക്കത് രാത്രിയിൽ എപ്പോഴെങ്കിലുമായിരിക്കും; പിന്നെ, രാത്രി ലോകത്തിന്റെ ഓരോ ഭാഗവുമെത്തുമ്പോൾ ആ ഭാഗവും പോകും. എല്ലാം പോയിത്തീരാൻ ഇരുപത്തിനാലു മണിക്കൂറെടുക്കും.“

കാപ്പിയിൽ തൊടാതെ അവർ അല്പനേരം ഇരുന്നു. പിന്നെ അവരത് സാവധാനമെടുത്ത് പരസ്പരം നോക്കിക്കൊണ്ട് കുടിക്കാൻ തുറങ്ങി.

”നാമിതർഹിക്കുന്നുണ്ടോ?“ ഭാര്യ ചോദിച്ചു.

“ഇതിൽ അർഹതയുടെ കാര്യമൊന്നുമില്ല; വിചാരിച്ചപോലെയല്ല നടന്നതെന്നു മാത്രം. ഇക്കാര്യത്തിൽ നീ തർക്കിക്കാൻ പോലും വന്നില്ല എന്നു ഞാൻ ശ്രദ്ധിച്ചു. എന്തുകൊണ്ടാണത്?”

”അതിനൊരു കാരണമുണ്ടെന്നു തോന്നുന്നു,“ അവർ പറഞ്ഞു.

”ഓഫീസിലുള്ളവർ പറഞ്ഞ അതേ കാരണം?“

അവർ തലയാട്ടി. “എനിക്കതു പറയാൻ തോന്നിയില്ല. ഇന്നലെ രാത്രിയിലാണ്‌ അതു സംഭവിച്ചത്. ഈ ബ്ലോക്കിലെ പെണ്ണുങ്ങൾ അതിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്, അതും തമ്മിൽത്തമ്മിൽ മാത്രം.” അവർ സായാഹ്നപത്രമെടുത്ത് അയാളുടെ നേർക്കു നീട്ടി. “ ഇതിൽ അതിനെക്കുറിച്ച് ഒരു വാർത്തയും ഇല്ല.”

”ഇല്ല. എല്ലാവർക്കും അറിയാം, പിന്നെ അതിന്റെ ആവശ്യമെന്താ?“ അയാൾ പത്രമെടുത്തിട്ട് കസേരയിൽ ചാരിയിരുന്നു. എന്നിട്ടയാൾ കുട്ടികളേയും പിന്നെ അവരെയും നോക്കി. ”നിനക്കു പേടി തോന്നുന്നുണ്ടോ?“

”ഇല്ല, കുട്ടികളുടെ കാര്യമോർത്തിട്ടുപോലും പേടിയില്ല. ഞാൻ പേടിച്ചു മരിച്ചുപോകുമെന്നായിരുന്നു എന്റെ ചിന്തയെങ്കിലും ഇല്ല, എനിക്കൊരു പേടിയും തോന്നുന്നില്ല.“

”ശാസ്ത്രജ്ഞന്മാർ അത്രയൊക്കെ പറഞ്ഞിട്ടുള്ള ആത്മരക്ഷയ്ക്കുള്ള വാസനയൊക്കെ എവിടെപ്പോയി?“

“എനിക്കെങ്ങനെ അറിയാൻ? കാര്യങ്ങൾ യുക്തിക്കനുസരിച്ചാണു നടക്കുന്നതെന്നു തോന്നിയാൽ നമ്മുടെ മനസ്സ് വല്ലാതിളകില്ല. ഇത് യുക്ത്യനുസരിച്ചാണ്‌. നാം ജീവിച്ച രീതി വച്ചു നോക്കിയാൽ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനും പാടില്ല.”

”നമ്മൾ അത്രയ്ക്കു മോശമായിരുന്നില്ലല്ലോ, അല്ലേ?“

”അല്ല, അത്രയ്ക്കു നല്ലവരുമായിരുന്നില്ല. അതാണു പ്രശ്നമെന്ന് എനിക്കു തോന്നുന്നു. നമ്മൾ നമ്മളായിരുന്നു എന്നല്ലാതെ എന്തിന്റെയെങ്കിലും ഒന്നുമായിരുന്നില്ല; അതേ സമയം ലോകത്തിന്റെ വലിയൊരു ഭാഗമാകട്ടെ, തീർത്തും അരോചകമായ പലതുമാകുന്ന തിരക്കിലുമായിരുന്നു.“

വരാന്തയിൽ കുട്ടികൾ ബ്ളോക്കുകൾ കൊണ്ടുള്ള വീട് തട്ടിമറിച്ചിട്ടിട്ട് കൈകൾ വീശി ചിരിക്കുകയായിരുന്നു.

”ഇങ്ങനെയുള്ള ഒരു സമയത്ത് ആളുകൾ തെരുവുകളിലൂടെ അലറിക്കരഞ്ഞുകൊണ്ടോടുമെന്നായിരുന്നു ഞാനെന്നും വിചാരിച്ചിരുന്നത്.“

”അങ്ങനെയാവില്ല എന്നാണ്‌ എന്റെ ഊഹം. ശരിക്കുള്ള കാര്യങ്ങളിൽ ആരും അലറിക്കരയാറില്ല.“

”നിങ്ങളേയും കുട്ടികളേയും ഓർത്തല്ലാതെ എനിക്കു നഷ്ടബോധമൊന്നും ഉണ്ടാകില്ല, അറിയാമോ? നിങ്ങൾ മൂന്നുപേരുമല്ലാതെ നഗരങ്ങളോ കാറുകളോ ഫാക്ടറികളോ എന്റെ ജോലിയോ ഒന്നും എനിക്കിഷ്ടമായിരുന്നില്ല. എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, എന്റെ കുടുംബമല്ലാതെ; വേണമെങ്കിൽ കാലാവസ്ഥയുടെ ഒരു മാറ്റമോ ചൂടുകാലത്ത് ഒരു ഗ്ലാസ് തണുത്ത വെള്ളമോ അല്ലെങ്കിൽ ഉറക്കം എന്ന ധാരാളിത്തമോ പറയാം. ശരിക്കു നോക്കിയാൽ കുഞ്ഞുകാര്യങ്ങൾ. ഇവിടെ ഇങ്ങനെയിരുന്ന് ഈ മട്ടിൽ സംസാരിക്കാൻ നമുക്കെങ്ങനെ പറ്റുന്നു?“

”നമുക്കു വേറൊന്നും ചെയ്യാനില്ലാത്തതിനാൽ.“

“അതെയതെ; എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാം അതു ചെയ്യുമായിരുന്നു. ലോകചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും തലേ രാത്രിയിൽ തങ്ങൾ എന്തു ചെയ്യാൻ പോവുകയായിരുന്നു എന്ന് ആളുകൾക്ക് ശരിക്കും മനസ്സിലാകുന്നത് എന്നെനിക്കു തോന്നുന്നു.”

“ഈ രാത്രിയിൽ, അടുത്ത കുറച്ചു മണിക്കൂർ നേരത്തേക്ക്, മറ്റുള്ളവരെല്ലാം എന്തായിരിക്കും ചെയ്യാൻ പോകുന്നത്?”

”തിയേറ്ററിൽ പോവുക, റേഡിയോ കേൾക്കുക, റ്റീ വി കാണുക, ചീട്ടു കളിക്കുക, കുട്ടികളെ കിടത്തിയുറക്കുക, അവരും ഉറങ്ങാൻ നോക്കുക, അതൊക്കെത്തന്നെ, എന്നത്തെയും പോലെ.“

”ഒന്നാലോചിച്ചാൽ അതിൽ അഭിമാനിക്കുകയും ചെയ്യാം- എന്നത്തെയും പോലെ.“

”നമ്മൾ അത്ര മോശക്കാരല്ല.“

അവർ അല്പനേരം അങ്ങനെയിരുന്നു; പിന്നയാൾ കുറച്ചുകൂടി കാപ്പി പകർന്നു. “അത് ഇന്നു രാത്രിയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കെങ്ങനെ തോന്നി?”

“കാരണം.”

“എന്തുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ പത്തു കൊല്ലത്തിനുള്ളിലെ ഒരു രാത്രി, അല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം മുമ്പത്തെ ഏതെങ്കിലും രാത്രി അവസാനരാത്രി ആയില്ല?”

“ചരിത്രത്തിൽ ഇതിനു മുമ്പൊരിക്കലും 1951 ഫെബ്രുവരി 30 എന്ന തീയതി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം; ഇപ്പോൾ അതായിരിക്കെ, മറ്റേതൊരു തീയതിയും അർത്ഥമാക്കുന്നതിൽ കൂടുതൽ ഈ തീയതി അർത്ഥമാക്കുന്നതിനാലായിരിക്കാം; ലോകമെങ്ങും കാര്യങ്ങൾ ഒരേപോലെ ആയത് ഈ വർഷമായതുകൊണ്ടാവാം; അതുകൊണ്ടാവാം ലോകാവസാനം ഇന്നായതും.”

“ഇന്നു രാത്രിയിൽ സമുദ്രത്തിനു മുകളിലൂടെ ഇരുവശത്തേക്കും പറക്കുന്ന യുദ്ധവിമാനങ്ങൾ ഇനി കര കാണില്ല.”

“അതും ഭാഗികമായ കാരണമാണ്‌.”

“അപ്പോൾ,” അയാൾ ചോദിച്ചു, “ഇനിയെന്താ? പാത്രങ്ങൾ കഴുകിവച്ചാലോ?”

അവർ പാത്രങ്ങൾ നന്നായി കഴുകി നല്ല വൃത്തിയിൽ അടുക്കിവച്ചു. എട്ടരയ്ക്ക് മക്കളെയവർ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തി; കട്ടിലിനരികിലെ കുഞ്ഞുവിളക്കുകളുടെ സ്വിച്ചിട്ടിട്ട് വാതിൽ അല്പമൊന്നു തുറന്നുവയ്ക്കുകയും ചെയ്തു.

“ഞാൻ ആലോചിക്കുകയാണ്‌,”

“എന്ത്?”

“വാതിൽ ചേർത്തടയ്ക്കണോ അതോ അവർ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന മട്ടിൽ ഒന്നു ചാരിയാൽ മതിയോ എന്ന്.”

“അതിന്‌ കുട്ടികൾക്കെന്തെങ്കിലും അറിയാമോ- അവരോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?”

“ഇല്ലില്ല. അല്ലെങ്കിൽ അവർ നമ്മളോടതു ചോദിക്കേണ്ടതല്ലേ?”

അവർ പത്രങ്ങൾ വായിച്ചും സംസാരിച്ചും റേഡിയോയിൽ പാട്ടു കേട്ടും ഇരുന്നു; പിന്നെ ക്ലോക്കിൽ പത്തരയും പതിനൊന്നും പതിനൊന്നരയും അടിക്കുന്നതും കേട്ട്, ഫയർ പ്ലേസിലെ കനലുകളും നോക്കി അവരിരുന്നു. ലോകത്തെ മറ്റുള്ളവരെക്കുറിച്ച് അവരോർത്തു; അവരും തങ്ങളുടേതായ രീതിയിൽ ഈ രാത്രി കഴിച്ചുകൂട്ടുകയാവും.

അയാൾ എഴുന്നേറ്റ് അവരെ ദീർഘമായി ചുംബിച്ചു.

“നമ്മൾ എന്തായാലും പരസ്പരം മോശമായി പെരുമാറിയിട്ടില്ല.”

“നിനക്കു കരച്ചിൽ വരുന്നുണ്ടോ?”

”അങ്ങനെയൊന്നുമില്ല.“

അവർ ഓരോ മുറിയിലും ചെന്ന് ലൈറ്റുകൾ കെടുത്തിയിട്ട് വാതിലുകൾ പൂട്ടി; പിന്നെയവർ കിടപ്പുമുറിയിൽ ചെന്ന് രാത്രിയുടെ തണുത്ത ഇരുട്ടിൽ നിന്നുകൊണ്ട് വേഷം മാറി. ഭാര്യ എന്നും ചെയ്യുന്നപോലെ വിരിപ്പെടുത്ത് നന്നായി മടക്കി കസേരയിലേക്കിട്ടു. “വിരിപ്പുകൾക്കു നല്ല തണുപ്പും വൃത്തിയുമുണ്ട്,” അവർ പറഞ്ഞു.

”എനിക്കു ക്ഷീണം തോന്നുന്നു.“

”നമുക്കു രണ്ടുപേർക്കും.“

അവർ കട്ടിലിൽ കയറി മലർന്നുകിടന്നു.

“ഇപ്പോ വരാമേ,” ഭാര്യ പറഞ്ഞു.

അവർ എഴുന്നേല്ക്കുന്നതും വീടിനു പിന്നിലേക്കു പോകുന്നതും അയാൾ കേട്ടു; പിന്നെ ഒരു വാതിൽ അടയുന്നതിന്റെ നേർത്ത കിരുകിരുക്കം അയാൾ കേട്ടു; ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ മടങ്ങിവന്നു. “അടുക്കളയിൽ ടാപ്പടയ്ക്കാൻ മറന്നുപോയി,” അവർ പറഞ്ഞു. “അതടച്ചു.”

അതിലെന്തോ തമാശ തോന്നിയതുകൊണ്ട് അയാൾക്കു ചിരിക്കാതിരിക്കാൻ പറ്റിയില്ല.

താൻ ചെയ്തതിലെ തമാശ മനസ്സിലാക്കികൊണ്ട് അവരും അയാളോടൊപ്പം ചിരിച്ചു. പിന്നെ അവർ ചിരി നിർത്തി കൈകൾ പരസ്പരം പിണച്ച്, തലകൾ അടുപ്പിച്ച് കുളിർമ്മയുള്ള ആ മെത്തയിൽ കിടന്നു.

“ഗുഡ് നൈറ്റ്,” ഒരു നിമിഷം കഴിഞ്ഞ് അയാൾ പറഞ്ഞു.

”ഗുഡ് നൈറ്റ്,“ അവരും പറഞ്ഞു, എന്നിട്ടു പതുക്കെ, ”ഡിയർ...“
*



അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ Ray Douglas Bradbury (1920-2012)യെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിക്കുന്നത് ആധുനികകാലത്ത് സയൻസ് ഫിൿഷനെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ ഏറ്റവുമധികം പങ്കു വഹിച്ച എഴുത്തുകാരൻ എന്നാണ്‌. ഫാറൻഹീറ്റ് 451 ആണ്‌ ഏറ്റവും പ്രശസ്തമായ നോവൽ. കഥകൾക്കും കവിതകൾക്കും  പുറമേ സിനിമയ്ക്കും ടെലിവിഷനും വേണ്ടിയും എഴുതിയിരുന്നു.

(മലയാളനാട് വെബ് മാഗസീനിൽ 2024 സെപ്തംബറിൽ പ്രസിദ്ധീകരിച്ചത്)