2016, മാർച്ച് 15, ചൊവ്വാഴ്ച

ആഫ്രിക്കൻ-അമേരിക്കൻ കവിതകൾ


Untitled7



റ്റെഡ് ജോൺസ്  - സത്യം

തിരക്കേറിയ തെരുവിലൂടെ
തന്നോടുതന്നെ
ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു


  ട
    ന്നു
      വ
        രു
          ന്ന
ഒരാളെക്കണ്ടാൽ
തിരിഞ്ഞോടരുതേ
അയാൾക്കടുത്തേക്കോടിച്ചെല്ലൂ
അയാൾ
കവിയാണ്‌
കവിയിൽ നിന്ന്
നിങ്ങൾക്കൊന്നും
പേടിക്കാനില്ല
സത്യമൊഴികെ
ഒന്നും

Untitled_3

പ്രെറ്റിമാൻ - കവിയുടെ പിറവി

മാലാഖ
അവനു
വാക്കിന്റെ വരം
കൊടുത്തതിന്റെ ശേഷം
ഒരു ദുർഭൂതം
അവനെ റാഞ്ചിയെടുത്തു
താഴേക്കിട്ടു

ന്റെ
  പ
   തി
    ക്കു
     ന്ന
      ജീ
       വി
        ത
         മ
          ല്ലോ
അവൻ
പറഞ്ഞൊപ്പിക്കാൻ
ശ്രമിക്കുന്നു.

Untitled_6

ഡെഡ്ലി റൻഡാൾ – കറുത്തവൾ


കറുത്ത പെണ്ണേ കറുത്ത പെണ്ണേ
ചെറിപ്പഴം പോലെ ചിറി ഞൊറിഞ്ഞവളേ
മുന്തിരിക്കുല പോലുടൽ കൊഴുത്തവളേ
ഞാവല്പഴം പോലിനിക്കുന്നവളേ


കറുത്ത പെണ്ണേ കറുത്ത പെണ്ണേ
നീ നടക്കുന്നതെന്തൊരിന്ദ്രജാലം
ഉയരുന്ന കിളി പോലെ, അല്ലെങ്കിൽ
വീഴുന്ന കൊള്ളിമീൻ പോലെ


കറുത്ത പെണ്ണേ കറുത്ത പെണ്ണേ
നീയെറിഞ്ഞതിതേതു വശ്യം
എന്റെ നെഞ്ചിലെ ഹൃദയമിതുപോൽ
കുതിക്കാൻ അടങ്ങാൻ വിറയ്ക്കാൻ

untitled9

ഇമാമു അമീർ ബറാക്ക (ലെറോയ് ജോൺസ്) - രാത്രി ഞങ്ങൾക്കു സ്വന്തം


ഞങ്ങൾ കറുത്തവർ
കറുത്തവർ ഞങ്ങൾ
ഞങ്ങൾ കറുത്ത മന്ത്രവാദികൾ
ഹൃദയത്തിന്റെ കരിമ്പനറകളിൽ
ഞങ്ങൾ പണിയുന്നതു കറുത്ത വിദ്യകൾ


വെള്ളക്കാർ വെളുത്തവർ
മരണം പോലെ വിളറിയവർ


പകൽ അവരെ തുണയ്ക്കില്ല
രാത്രി ഞങ്ങളുടേതുമാണ്‌

Untitled_5



അലീസിയ ലോയ് ജോൺസൺ - കറുത്ത കവിതയുടെ ദിവസം


ഞാൻ കാത്തിരിക്കുന്നു
കടകൾക്കും കലവറകൾക്കും മുന്നിൽ
ആയിരങ്ങൾ തടിച്ചുകൂടുന്ന
ഒരു നാളിനായി


ഞാൻ കാത്തിരിക്കുന്നു
കറുത്തവരായ ആയിരങ്ങൾ
കറുത്ത കവികളുടെ വാക്കുകൾ
കേൾക്കുന്ന ഒരു നാളിനായി


ഞാൻ കാത്തിരിക്കുന്നു
ഒരു കറുത്ത കവിതാദിനത്തിനായി

untitled8

കാൽവിൻ സി. ഹെന്റോൺ - അകലച്ചെണ്ട


ഞാനൊരു രൂപകമോ പ്രതീകമോ അല്ല.
നിങ്ങളീ കേൾക്കുന്നത് മരത്തിലുടക്കിയ കാറ്റല്ല,
തെരുവിൽ മുറിവേല്ക്കുന്ന പൂച്ചയുടെ രോദനവുമല്ല.
തെരുവിൽ മുറിവേല്ക്കുന്നതു ഞാനാണ്‌.
ചിരിക്കുന്നതും കരയുന്നതും
സുഖവും വേദനയുമറിയുന്നതും
ഇതു പറയുന്നതുമൊക്കെ ഞാനാണ്‌.
ഇതെന്റെ ശബ്ദമാണ്‌,
ഈ വാക്കുകൾ എന്റെ വാക്കുകളുമാണ്‌,
എന്റെ നാവവ ചൊല്ലുന്നു,
എന്റെ കൈ എഴുതുന്നു-
ഞാനൊരു കവിയാണ്‌.
കാതിൽ വന്നലയ്ക്കുന്നതായി
നിങ്ങൾ കേൾക്കുന്ന ശബ്ദം
എന്റെ മുഷ്ടിയുടേതാണ്‌.

Untitled_4



കോൺറാഡ് കെന്റ് റിവേഴ്സ് - വാട്ട്സ്*


വെളുത്തവനെ ഞാൻ
വെടിവച്ചു കൊല്ലണോ,
അയാളുടെ തലയ്ക്കുള്ളിലെ
കാപ്പിരിയെ മോചിപ്പിക്കാൻ?


*1965 ആഗസ്റ്റ് 11 മുതൽ 17 വരെ കറുത്തവരുടെ കലാപം നടന്ന ലോസ് ഏൻജെലെസ് നഗരഭാഗം. മദ്യപിച്ചു വണ്ടിയോടിച്ചതിന്‌ ഒരു ആഫ്രിക്കൻ അമേരിക്കനെ അറസ്റ്റു ചെയ്തതിനെ തുടർന്നുണ്ടായ ഒരു വാദപ്രതിവാദം പിന്നീട് കൊള്ളയും കലാപവുമായി വളരുകയായിരുന്നു. 34 പേർ മരിച്ചു. കറുത്തവർക്കിടയിലെ തൊഴിലില്ലായ്മയ്ക്കൊപ്പം പോലീസിന്റെ ഭാഗത്തു നിന്നുള്ള വംശീയവെറിയുമാണ്‌ കലാപത്തിനു കാരണമായി പിന്നീടു കണ്ടെത്തിയത്.

 

മാർഗരറ്റ് വാൾക്കെർ - വംശപ്പെരുമ


എന്റെ അമ്മൂമ്മമാർ ബലത്തവരായിരുന്നു.
അവർ കൊഴുവിനു പിന്നാലെ ചെന്നു,
മണ്ണിലുഴയ്ക്കാൻ കുനിഞ്ഞു.
വിത്തെറിഞ്ഞുകൊണ്ടവർ പാടത്തു നടന്നു.
അവർ മണ്ണു തൊട്ടപ്പോൾ കതിരു വളർന്നു.
അവർ നിറയെ പാട്ടും ഉള്ളുറപ്പുമായിരുന്നു.
എന്റെ അമ്മൂമ്മമാർ ബലത്തവരായിരുന്നു.


എന്റെ അമ്മൂമ്മമാർ ഓർമ്മകളുടെ കലവറയായിരുന്നു,
ഉള്ളിയും സോപ്പും ഈറൻ ചെളിയും മണക്കുന്നവർ,
ചടുലമായ കൈകളിൽ ഞരമ്പുകൾ പിടയുന്നവർ,
ഒരുപാടു കറയറ്റ വാക്കുകളവർക്കു പറയാനുമുണ്ടായിരുന്നു.
എന്റെ അമ്മൂമ്മമാർ ബലത്തവരായിരുന്നു.
ഞാനെന്തേ അവരെപ്പോലായില്ല?


Untitled_1

Arnold Adolf എഡിറ്റ്‌ ചെയ്ത Black Out Loud An Anthology of Modern Poems by Black Americans എന്ന പുസ്തകത്തില്‍ നിന്ന്. ചിത്രങ്ങള്‍ അതേ പുസ്തകത്തിനു വേണ്ടി Alvin Hollingsworth വരച്ചത്.


 

അഭിപ്രായങ്ങളൊന്നുമില്ല: