2023, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പാബ്ലോ നെരൂദ - കഴിഞ്ഞ കാലം



കഴിഞ്ഞ കാലത്തെ നാം ഉപേക്ഷിച്ചുകളയണം,
നിലയ്ക്കു മേൽ നിലയായി,
ഓരോരോ ജനാലയായി നാം പണിയുമ്പോൾ
കെട്ടിടം ഉയർന്നുവരുമ്പോലെ,
അതുപോലെ നാം കൊഴിച്ചുകളയണം-
ആദ്യം, പൊട്ടിയ ഓടുകൾ,
പിന്നെ, ഗർവ്വിതരായ വാതിലുകൾ-
ഒടുവിൽ കഴിഞ്ഞ കാലത്തുനിന്ന്
പൊടിയടിഞ്ഞുവീഴും വരെ,
തറയിൽ ചെന്നിടിച്ചുതകരാനെന്നപോലെ,
തീ പിടിച്ചപോലെ പുക ഉയരും വരെ,
ഓരോ പുതിയ നാളും
ഒഴിഞ്ഞ പിഞ്ഞാണം പോലെ വെട്ടിത്തിളങ്ങും വരെ.
ഒന്നുമില്ല, ഒന്നുമുണ്ടായിരുന്നേയില്ല.
അതു നിറയ്ക്കേണ്ടിവരുന്നു,
നവീനവും വികസ്വരവുമായൊരു സാഫല്യത്താൽ;
ഇന്നലെ താഴെ വീഴുന്നു,
ഇന്നലെയുടെ ജലം കിണറ്റിലെന്നപോലെ,
ഒരു നീർത്തൊട്ടിയിൽ
ഒച്ചയില്ലാതെ, തീയില്ലാതെ.
ദുഷ്കരമാണ്‌,
എല്ലുകൾക്ക് മറഞ്ഞുപോകുന്നതു  പരിചയമാവാൻ,
അടയാൻ കണ്ണുകളെ പഠിപ്പിക്കാൻ,
എന്നാൽ അറിയാതെ നാമതു ചെയ്യുകയും ചെയ്യുന്നു.
എല്ലാം ജീവനുള്ളതായിരുന്നു,
ജീവൻ, ജീവൻ, ജീവനുള്ളതായിരുന്നു,
ഒരു കടുംചെമലമീനിനെപ്പോലെ.
കാലമെന്നാൽ ഒരിരുണ്ട തുണിയുമായി വന്നു,
മീനിന്റെ മിന്നലിനെ തുടച്ചുമാറ്റിക്കൊണ്ടേയിരുന്നു.
വെള്ളം, വെള്ളം, വെള്ളം
കഴിഞ്ഞ കാലം ഇറ്റിക്കൊണ്ടേയിരുന്നു,
മുള്ളുകളിലും വേരുകളിലുമതു പിടിമുറുക്കിക്കൊണ്ടേയിരുന്നു.
അതു കഴിഞ്ഞു, അതു കഴിഞ്ഞു,
ഓർമ്മകൾക്കിപ്പോൾ അർത്ഥവുമില്ലാതായി.
കനം തൂങ്ങുന്ന കൺപോളകളിപ്പോൾ
കണ്ണുകളുടെ വെളിച്ചത്തെ മൂടിവയ്ക്കുന്നു,
ഒരിക്കൽ ജീവനുണ്ടായിരുന്നതിനിപ്പോൾ
ജീവനെന്നതില്ലാതെയുമാകുന്നു;
നാമെന്തായിരുന്നുവോ, അതല്ല നാമിപ്പോൾ.
വാക്കുകളുടെ കാര്യമാണെങ്കിൽ,
അക്ഷരങ്ങൾക്കിപ്പോഴുമുണ്ട് ഒച്ചയും തെളിച്ചവുമെങ്കിലും
അവ മാറുന്നു, ചുണ്ടുകളും മാറുന്നു;
അതേ ചുണ്ടുകളിപ്പോൾ മറ്റേതോ ചുണ്ടുകൾ;
അവ മാറുന്നു, ചുണ്ടുകൾ, ചർമ്മം, ചോരയോട്ടം;
നമ്മുടെ എല്ലിൻകൂട്ടിൽ മറ്റൊരാത്മാവ് കുടിയേറുന്നു;
ഒരിക്കൽ നമ്മിലുണ്ടായിരുന്നത് ഇന്നില്ലാതാവുന്നു.
അത് നമ്മെ വിട്ടുപോയിരിക്കുന്നു,
എന്നാൽ അവർ നമ്മെ വിളിക്കുമ്പോൾ
“ഞാനിവിടെയുണ്ട്” എന്നു നാം മറുപടി പറയുമ്പോൾ
നമുക്കു ബോദ്ധ്യമുണ്ട്, 
ഒരിക്കലുണ്ടായിരുന്നത് ഇല്ലാതായിക്കഴിഞ്ഞുവെന്ന്,
കഴിഞ്ഞ കാലത്തലിഞ്ഞില്ലായിക്കഴിഞ്ഞുവെന്ന്,
ഇന്നത് മടങ്ങിവരാറില്ലെന്ന്.
*

2023, ഓഗസ്റ്റ് 27, ഞായറാഴ്‌ച

ആദം സഗയെവ്സ്കി - എഴുത്തും പാരമ്പര്യവും

 ചോദ്യം: എഴുതുമ്പോൾ ഏതെങ്കിലും തരത്തിൽ പാരമ്പര്യത്തോടടുക്കുകയാണോ താങ്കൾ ചെയ്യുന്നത്? അതോ, രചനാപ്രക്രിയയിലേക്കു കടന്നുവരാതെ പശ്ചാത്തലത്തിൽ മാത്രം നില്ക്കുന്ന ഒരു പരിഗണനയാണോ അത്?

ആദം സഗയെവ്സ്കി: പാരമ്പര്യത്തോടടുക്കുക എന്നത് അങ്ങനെയൊരു സങ്കല്പനം ഉപയോഗിക്കാതെതന്നെ നാം നിത്യവും ചെയ്യുന്ന ഒന്നാണെന്നു  ഞാൻ വിചാരിക്കുന്നു: വായനയുടെ ജീവനാണത്. ഹോമർ മുതൽ സാഫോ വരെ, ആർച്ചിലോക്കസ്, പഴയ ചൈനീസ് കവിത, നിങ്ങളുടെ കയ്യിൽ തടയുന്നതെന്തും വായിക്കുമ്പോൾ പ്രാക്തനപ്രചോദനത്തിന്റെ ചിതാഭസ്മങ്ങൾ ആ കവിതകളിൽ നിങ്ങൾ കണ്ടെത്തുന്നു; അതിനോടുള്ള തന്റെ പ്രതികരണമെന്താണെന്ന് മനനം ചെയ്യാതിരിക്കാനും നിങ്ങൾക്കാവില്ല. എന്നാൽ പാരമ്പര്യമെന്നത് എന്റെ കാര്യത്തിൽ എനിക്കു തൊട്ടു മുമ്പുള്ള തലമുറയിലെ മിവോഷ്, ഹെർബെർട്ട് എന്നിവർ കൂടിയുമാണ്‌.

അതേ സമയം കവിതയെ ഞാൻ കാണുന്നത് കാലത്തിന്റെ പുതുമയുടെ ആവിഷ്കാരമായിട്ടാണ്‌. ഒരു പുതിയ ദിവസത്തോട് അസ്തിത്വപരമായി പ്രതികരിക്കാതെ പാരമ്പര്യം തുടർന്നുകൊണ്ടു പോകാനാണ്‌ നാം ഇവിടെയുള്ളതെങ്കിൽ അതു വെറും അക്കാദമിക്കാവുന്നു. ഭൂതകാലത്തിന്റെ ശബ്ദങ്ങളെ ഉൾക്കൊള്ളലും അവയോടുള്ള സംവാദവും ചേർന്ന സങ്കീർണ്ണമായ ഒരു സങ്കലനമാണു വേണ്ടത്. ഓരോ തലമുറയ്ക്കും പുതിയതായി ഒരു വാക്കു പറയാനുണ്ട്; കാരണം, ലോകം മാറിക്കൊണ്ടേയിരിക്കുകയാണ്‌.

2023, ഓഗസ്റ്റ് 26, ശനിയാഴ്‌ച

സുമാക്കോ ഫുക്കാവോ - മനുഷ്യസംസാരം



എത്രയ്ക്കർത്ഥരഹിതമാണ്‌ മനുഷ്യസംസാരം!
അത്രയുമതർത്ഥരഹിതമായതെങ്ങനെ,
മറ്റെല്ലാവർക്കുമറിയാവുന്നതും 
മനസ്സിലാകുന്നതുമായ ഒരു ഭാഷയിലാണ്‌
എല്ലാവരും സംസാരിക്കുന്നതെന്നിരിക്കെ?

രണ്ടു കല്ലുകളുടെ കൂട്ടിയിടിയിൽ നിന്നുപോലും
ശബ്ദസമാനമായ ഒരു ശബ്ദമുണ്ടാകുന്നു.
ഹാ, ഒന്നു പറയൂ,
നമ്മുടെ ആത്മാവുകൾ കണ്ടുമുട്ടുമ്പോൾ
അത്രയും പൊള്ളയായ ഒരു ശബ്ദം എന്തുകൊണ്ടുണ്ടാകുന്നു?
എന്തുകൊണ്ടു നാം സംസാരിക്കുന്നില്ല,
ഒന്നുകിൽ നമുക്കു ജീവൻ നല്കുന്നൊരു ഭാഷയിൽ,
അല്ലെങ്കിൽ മരണത്തിന്റെ പ്രതീക്ഷ നല്കുന്ന ഭാഷയിൽ?
ഹാ, എത്രയ്ക്കർത്ഥരഹിതമാണ്‌ മനുഷ്യസംസാരം!
നക്ഷത്രങ്ങളോടെനിക്കസൂയ തോന്നുന്നു,
മൗനത്തിൽ പോലും തീപ്പൊരി പാറിക്കുന്നല്ലോ അവയുടെ സംസാരം.

മേരി ഒലിവർ - ഒരു വേനല്പകൽ

 


ഈലോകം ആരു സൃഷ്ടിച്ചു?
ആരു സൃഷ്ടിച്ചു അരയന്നത്തെ, കരിങ്കരടിയെ?
പുല്ച്ചാടിയെ ആരു സൃഷ്ടിച്ചു?
ഞാൻ പറയുന്നത്, ഈ പുല്ച്ചാടിയെ-
പുല്ക്കൊടികൾക്കിടയിൽ നിന്നു ചാടിപ്പുറത്തുവന്ന ഇതിനെ,
എന്റെ കയ്യിൽ നിന്നു പഞ്ചാര തിന്നുന്ന ഇതിനെ,
മേലേയ്ക്കും താഴേക്കുമല്ല, മുന്നിലേക്കും പിന്നിലേക്കും താടിയിളക്കുന്ന ഇതിനെ-
വിപുലവും സങ്കീർണ്ണവുമായ കണ്ണുകളിരുപാടും പായിക്കുന്നതിനെ.
ഇപ്പോഴവൾ തന്റെ വിളർത്ത മുൻകാലുകളുയർത്തി
വെടിപ്പായി മുഖം കഴുകുന്നു.
ഇപ്പോഴവൾ തന്റെ ചിറകുകൾ വെട്ടിത്തുറന്നൊഴുകിപ്പോകുന്നു.
പ്രാർത്ഥനയെന്തെന്നു കൃത്യമായും എനിക്കറിയില്ല.
എന്നാലെനിക്കറിയാം ശ്രദ്ധ നല്കാൻ,
പുല്പരപ്പിലേക്കു വീഴാൻ,
പുല്പരപ്പിൽ മുട്ടുകുത്താൻ,
അലസതയുടെ ധന്യത നുകരാൻ,
പാടങ്ങളിലൂടലയാൻ-
പകൽ മുഴുവൻ അതാണു ഞാൻ ചെയ്തതും.
പറയൂ, പകരം ഞാനെന്തു ചെയ്യണമായിരുന്നു?
എല്ലാമൊടുവിൽ മരിക്കില്ലേ, ചിലനേരം കാലമെത്തും മുമ്പേയും?
പറയൂ, നിങ്ങൾക്കാകെയുള്ള വന്യവും അനർഘവുമായ ഒരു ജീവിതം കൊണ്ട്
എന്തു ചെയ്യാമെന്നാണ്‌ നിങ്ങൾ മനസ്സിൽ കാണുന്നത്?



2023, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

നോവിക്ക തദിക്ക് - കവിതകൾ

ചെറുചിത്രങ്ങളുടെ പട്ടിക


1
ഒരു പ്രേതനഗരത്തിൽ
നായ്ക്കളലഞ്ഞുനടക്കുന്നു
ചത്ത നായ്ക്കൾക്കിടയിൽ

2
ഇരുളടഞ്ഞൊരിടത്തെരുവിൽ
ഒരു ബാലനുരുട്ടിനടക്കുന്നു
പരിശുദ്ധമാതാവിന്റെ പ്രകാശവലയം

3
ആരുടെയോ പിന്നാമ്പുറത്ത്
കുരിശിൽത്തറച്ച
ഒരു പിടക്കോഴി

4
ഒരു വേശ്യാലയത്തിലെ പതിവുകാരന്റെ
പൈപ്പിൽ നിന്നുയരുന്നു
ഒരു സ്ത്രീയുടെ കറുത്ത സ്റ്റോക്കിങ്ങ്സ്
പുക പോലെ

5
വരാന്തയിൽ
പല ഷൂസുകൾ ഓവർക്കോട്ടുകൾ
തൊപ്പികൾ കയ്യുറകൾ
വീടെന്നാൽ ശൂന്യം
ഒരു മനുഷ്യമുഖവും 
കാണാനില്ല

6
അജ്ഞാതവും സ്ഥൂലവുമായ
നരച്ച വസ്തുക്കൾ
മുക്തിയുടെ കടലിനു മേൽ

*


ഒരു റയിൽവേ സ്റ്റേഷനിൽ, സ്വപ്നം


ശുഷ്കിച്ച്, വളഞ്ഞുകൂടി, ആകെ നരച്ച്,
എന്റെ പെട്ടികൾക്കു മേൽ ഞാനിരിക്കുന്നു,
കൈകൾ തമ്മിൽ പിണച്ചും.

ഞാനാരോടും യാതൊന്നും ചോദിക്കുന്നില്ല,
ഞാനാരെയും കാത്തിരിക്കുകയുമല്ല.

ഞാനെവിടെ നിന്നാണു വരുന്നതെന്നെനിക്കറിയില്ല,
എവിടെയ്ക്കാണു പോകുന്നതെന്നുമറിയില്ല.

പെട്ടിയിൽ എന്റെ പുസ്തകങ്ങളുണ്ട്,
സഞ്ചിയിൽ എന്റെ ഉടുപ്പുകളുണ്ട്.

എന്റെ സ്വന്തമായതൊക്കെ ഞാൻ കൂടെയെടുത്തിരിക്കുന്നു.

എന്റെ തലയിൽ ഞാനണിഞ്ഞിരിക്കുന്നു,
പല നിറങ്ങളിലുള്ള ഒരു തൊപ്പി,
എന്റെ ഏറ്റവും വലിയ അഭിമാനവും ആനന്ദവും.

*

വില്ല്യം ജെ. ഹാരിസ് - കവിതകൾ


സഹതാപാർദ്രരായ വണ്ണാത്തിപ്പുള്ളുകൾ
-----------------------------------------

പഴയൊരു ചൈനീസ് പുരാവൃത്തമുണ്ട്
ഒരു നെയ്ത്തുകാരിയും ആട്ടിടയനും
പ്രണയബദ്ധരാകുന്നതിനെക്കുറിച്ച്
ദേവകളവരെ ശിക്ഷിച്ചതിനെക്കുറിച്ച്
അവൾ സ്വർഗ്ഗവാസിയായിരുന്നല്ലോ
അയാൾ വെറുമൊരു മനുഷ്യനും
ഒരിക്കൽ മാത്രം അവർക്കു കണ്ടുമുട്ടാം
ആണ്ടിലൊരിക്കൽ
ഏഴാം മാസത്തിൽ
ഏഴാം നാളിൽ
അവരോടത്രയും സഹതാപം തോന്നി
വണ്ണാത്തിപ്പുള്ളുകൾക്ക്
ഓരോ വർഷവും
ആ ദിവസം
ആകാശഗംഗയ്ക്കു കുറുകേ അവർ നിരക്കും
ഒരു പാലമായി
ആ കമിതാക്കൾക്കു ചുംബിക്കാനായി
സഹതാപാർദ്രരായ വണ്ണാത്തിപ്പുള്ളുകളാണ്‌ കവിതകൾ
പ്രേമിക്കുന്നവർക്കിടയിലെ പാലങ്ങൾ
ആത്മാക്കൾക്കിടയിലെ പാലങ്ങൾ
ലോകങ്ങൾക്കിടയിലെ പാലങ്ങൾ
*

നിന്നെ കാണാൻ ഭംഗിയുണ്ട്
------------------------------

ഭർത്താവ് പറയുന്നു, “നിന്നെ കാണാൻ ഭംഗിയുണ്ട്.”
ചെവി കേൾക്കാതെ ഭാര്യ പറയുന്നു,
“നിങ്ങളെന്റെ കണ്ണട കണ്ടോ?”
“നിന്നെ കാണാൻ ഭംഗിയുണ്ടെന്നാണ്‌ ഞാൻ പറഞ്ഞത്.”
“എന്തായാലും ഞാനെന്റെ കണ്ണട തപ്പട്ടെ,
എന്നിട്ടു നമുക്കു നോക്കാം.”

അൽബേർ കമ്യു- കലാകാരനും അയാളുടെ കാലവും

 കലയുടെ ലക്ഷ്യം, ജീവിതത്തിന്റെ ലക്ഷ്യം ഓരോ മനുഷ്യനിലും ലോകത്താകെയുമുള്ള സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ആകെത്തുക കൂട്ടുക എന്നതല്ലാതെ മറ്റൊന്നല്ല. അതൊരിക്കലും, ഒരു സാഹചര്യത്തിലും, ആ സ്വാതന്ത്ര്യത്തെ ചുരുക്കുകയോ അടിച്ചമർത്തുകയോ ചെയ്യുക എന്നതാവരുത്, താല്ക്കാലികമായിപ്പോലും. മനുഷ്യനെ ഏതെങ്കിലും ബാഹ്യനിയമത്തിനനുരൂപമായി മെരുക്കിയെടുക്കുന്നതിലേക്കു നയിക്കുന്ന ചില കലാസൃഷ്ടികളുണ്ട്. അവനെ തന്നിലെ ഏറ്റവും അധമമായതിന്‌, ഭീതിയ്ക്കോ വിദ്വേഷത്തിനോ, കീഴ്പ്പെടുത്തുന്ന വേറേ ചിലതുമുണ്ട്. എന്റെ കണ്ണിൽ അത്തരം സൃഷ്ടികൾ വിലകെട്ടതാണ്‌. മഹത്തായ ഒരു രചനയും വിദ്വേഷമോ അവജ്ഞയോ ആധാരമാക്കിയിട്ടില്ല. മറിച്ച്, യഥാർത്ഥമെന്നു പറയാവുന്ന ഒരു കലാസൃഷ്ടിയുമില്ല, അതിനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള സ്വാതന്ത്ര്യത്തിന്റെ അളവു കൂട്ടാത്തതായി. അതെ, ഞാൻ പുകഴ്ത്തുന്നത് ആ സ്വാതന്ത്ര്യത്തെയാണ്‌, ജീവിതത്തിൽ എനിക്കു തുണയാകുന്നതും അതാണ്‌. കലാകാരൻ അയാളുടെ ഒരു സൃഷ്ടിയിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അയാളുടെ ജീവിതം വിജയമോ പരാജയമോ ആവാം. എന്നാൽ, മനുഷ്യരെ ഞെരിച്ചമർത്തുന്ന പലതരം ബന്ധനങ്ങളുടെ ഭാരം ഒട്ടൊന്നു കുറയ്ക്കാനോ താങ്ങാവുന്നതെങ്കിലുമാക്കാനോ തന്റെ ദീർഘകാലയത്നത്തിന്റെ ഫലമായി തനിക്കു കഴിഞ്ഞു എന്നയാൾക്കു തന്നോടുതന്നെ പറയാമെന്നായാൽ ഒരുതരത്തിൽ അയാൾക്കൊരു ന്യായീകരണം കിട്ടിക്കഴിഞ്ഞു, ഒരളവു വരെ അയാൾക്കു സ്വയം മാപ്പു കൊടുക്കുകയും ചെയ്യാം.

(From Resistance, Rebellion and Death)

2023, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

പിയെർ പൗലോ പസോലിനി -ഞാൻ മരിക്കുന്ന നാൾ




ഒരു നഗരത്തിൽ, ത്രിയെസ്തേയിൽ, അല്ലെങ്കിൽ ഊദിനേയിൽ,
ഓരങ്ങളിൽ നാരകങ്ങൾ വരിയിട്ടുനില്ക്കുന്ന തെരുവിൽ,
വസന്തത്തിലിലച്ചാർത്തുകൾ നിറം പകരുന്ന വേളയിൽ,
ഉച്ചയുടെ മഞ്ഞപ്പിലെരിയുന്നൊരു സൂര്യനു ചുവട്ടിൽ,
ഞാൻ മരിച്ചുവീഴും, ഞാനെന്റെ കണ്ണുകളടയ്ക്കും,
ആകാശവുമതിന്റെ വെളിച്ചവും ശേഷിക്കും.

പച്ചപ്പു കൊണ്ടൂഷ്മളമായൊരു നാരകത്തിൻ ചുവട്ടിൽ
എന്റെ മരണത്തിന്റെയിരുട്ടിലേക്കു ഞാൻ പതിക്കും,
സൂര്യനും നാരകങ്ങളുമതു ചിതറിക്കും.
ഞാൻ വിട്ടുപോന്ന വെളിച്ചത്തിൽ
ചന്തമുള്ള ബാലന്മാരോടിക്കളിക്കും,
സ്കൂൾ വിട്ടോടിവരുന്നവർ,
നെറ്റിയിൽ മുടിച്ചുരുൾ വീണുകിടക്കുന്നവർ.


2023, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ഫെർണാണ്ടോ പെസൊവ - കവിതകൾ


പരിത്യാഗം


നിത്യരാത്രീ,  മകനേയെന്നെന്നെ വിളിയ്ക്കൂ,
നിന്റെ കൈകളിലെന്നെ വാരിയെടുക്കൂ.
സ്വപ്നത്തിന്റെയുമാലസ്യത്തിന്റെയും സിംഹാസനം
സ്വമനസ്സാലെ ത്യജിച്ച ചക്രവർത്തി ഞാൻ.

എന്റെ കൈകളിൽ ഭാരം തൂങ്ങിയ ഉടവാൾ
ബലത്തുറച്ച കൈകൾക്കു ഞാനടിയറ വച്ചു;
തകർന്ന ചെങ്കോലും കിരീടവും
പൂമുഖത്തു ഞാൻ വലിച്ചെറിഞ്ഞു.

കാര്യമില്ലാതെ കിലുങ്ങിയ കുതിമുള്ളും
ഫലമില്ലാത്ത മാർച്ചട്ടയും
തണുത്ത കൽപ്പടവുകളിൽ ഞാനുപേക്ഷിച്ചു.

രാജത്വമപ്പാടെ ഞാനഴിച്ചുവച്ചു,
പ്രശാന്തമായ ചിരന്തനരാത്രിയിലേക്കു ഞാൻ മടങ്ങുന്നു,
അസ്തമയനേരത്തെ ഭൂദൃശ്യം പോലെ.

(1913 ജനുവരി)

തണലത്ത് ഒരു ഡയറിത്താൾ


നിനക്കിപ്പോഴും ഓർമ്മയുണ്ടോയെന്നെ?

പണ്ടൊരുകാലം നിനക്കെന്നെയറിയാമായിരുന്നു.
നീ അവഗണിച്ചുവിട്ട ആ വിഷാദക്കാരൻ കുട്ടിയായിരുന്നു ഞാൻ,
പിന്നെ നിനക്കു താല്പര്യമാവുകയായിരുന്നു
(എന്റെ നോവിൽ, എന്റെ വിഷാദത്തിൽ, മറ്റെന്തിലോ ഒന്നിലും),
താനറിയാതെതന്നെ ഒടുവിൽ നിനക്കെന്നെ ഇഷ്ടവുമായി.
ഓർക്കുന്നുവോ? കടൽക്കരയിൽ കളിച്ചുനടന്ന കുട്ടിയെ,
തനിയേ, ഒച്ചയില്ലാതെ, അന്യരിൽ നിന്നകലെയായി?
ചിലനേരമവൻ വിഷാദത്തോടെ അവരെ നോക്കുകയും ചെയ്തിരുന്നു,
എന്നാൽ നഷ്ടബോധമില്ലാതെയും...

ഇടയ്ക്കു നീ എന്റെ നേർക്കൊരു നോട്ടമെറിയുന്നതും ഞാൻ കാണുന്നു.
നീയോർക്കുന്നുവോ? താനോർക്കുന്നുവെന്നറിയണമെന്നു നിനക്കുണ്ടോ?
എനിക്കറിയാം...
എന്റെ ശാന്തവും വിഷാദിച്ചതുമായ മുഖത്തു നീയിന്നും കാണുന്നില്ലേ,
എന്നുമന്യരിൽ നിന്നകലെയായി കളിച്ചുനടന്ന വിഷാദക്കാരനായ കുട്ടിയെ,
വിഷാദം പൂണ്ട കണ്ണുകളോടെ, എന്നാൽ നഷ്ടബോധമില്ലാതെ
ചിലനേരമവരെ നോക്കിനിന്നവനെ?
എനിക്കറിയാം നീയതു ശ്രദ്ധിക്കുന്നുവെന്ന്,
എന്നെ വിഷാദവാനാക്കുന്നതേതു വിഷാദമെന്നു നിനക്കു മനസ്സിലാവുന്നില്ലെന്ന്.
അതു ഖേദമല്ല, നഷ്ടബോധമല്ല, നിരാശയല്ല, നീരസമല്ല.
അല്ല...അതു വിഷാദമാണ്‌,
ജനനപൂർവ്വമണ്ഡലത്തിൽ വച്ച്
ദൈവം രഹസ്യം കൈമാറിയ ഒരുവന്റെ-
പ്രപഞ്ചമെന്ന മായയുടെ,
വസ്തുക്കളുടെ കേവലശൂന്യതയുടെ രഹസ്യം-
പരിഹാരമില്ലാത്തൊരു വിഷാദം,
സർവ്വതും നിരർത്ഥകവും വിലകെട്ടതുമാണെന്നറിയുന്ന ഒരുവന്റെ,
പ്രയത്നം യുക്തിശൂന്യമായ ഒരു പാഴ്ച്ചെലവാണെന്നറിയുന്ന ഒരുവന്റെ,
ജീവിതം ഒരു ശൂന്യതയാണെന്നറിയുന്ന,
വ്യാമോഹത്തിനു പിന്നിൽത്തന്നെ നിരാശയുമുണ്ടെന്നറിയുന്ന,
മരണമാണു ജീവിതത്തിനർത്ഥമെന്നറിയുന്ന ഒരുവന്റെ...

ഇതാണ്‌, ഇതു മാത്രവുമല്ല, എന്റെ മുഖത്തു നീ കാണുന്നത്,
ഇടയ്ക്കിടെ എന്റെ നേർക്കൊരു നോട്ടമെറിയാൻ നിനക്കു കാരണമാകുന്നതും.
ഇതല്ലാതെ പിന്നെയുണ്ട്,
ആ നിരാനന്ദമായ വിസ്മയം, ഇരുണ്ട കുളിര്‌,
ജീവിതോദയത്തിന്റെ ലക്ഷണങ്ങളില്ലാതിരുന്നൊരു കാലത്ത്,
സങ്കീർണ്ണവും ദീപ്തവുമായ പ്രപഞ്ചം
സാഫല്യം കാത്തിരിക്കുന്ന ഒരനിവാര്യഭാഗധേയം മാത്രമായിരുന്ന കാലത്ത്,
ആ ജനനപൂർവ്വമണ്ഡലത്തിൽ വച്ച്,
ദൈവത്തിൽ നിനൊരു രഹസ്യം പകർന്നുകിട്ടിയതിന്റെ.

ഇതെന്നെ നിർവചിക്കുന്നില്ലെങ്കിൽ, മറ്റൊന്നുമെന്നെ നിർവചിക്കില്ല.
ഇതെന്നെ നിർവചിക്കുന്നുമില്ല-
എന്തെന്നാൽ ദൈവമെന്നോടരുളിയ രഹസ്യം ഇതു മാത്രമല്ലായിരുന്നു.
മറ്റു ചിലതുമുണ്ടായിരുന്നു,
അതാണ്‌ അയഥാർത്ഥമാനങ്ങളെ പുൽകാനെന്നെക്കൊണ്ടുപോയത്,
അതിൽ അത്രയുമഭിരമിക്കാനെന്നെവിട്ടത്,
അഗ്രാഹ്യമായതിനെ ഗ്രഹിക്കാൻ,
അറിയരുതാത്തതിനെ അറിയാൻ എനിക്കുള്ള മിടുക്കായത്.
അതാണെനിക്കു നല്കിയത്,
ഒരു സാമ്രാജ്യവുമെനിക്കില്ലെങ്കിലും
ഉള്ളിൽ ഒരു ചക്രവർത്തിയുടെ കുലീനത,
പകൽവെളിച്ചത്തിൽ ഞാൻ മെനഞ്ഞെടുത്ത എന്റെ സ്വപ്നലോകം...
അതെ,
അതാണെന്റെ മുഖത്തിനു ബാല്യത്തെക്കാൾ പ്രായം ചെന്നൊരു വാർദ്ധക്യം നല്കുന്നത്,
ആഹ്ളാദത്തിനിടയിലും എന്റെ മുഖത്തിനൊരുത്കണ്ഠ നല്കുന്നതും.

ഇടയ്ക്കെന്റെ നേർക്കു നീയൊരു നോട്ടമെറിയുന്നു,
നിനക്കെന്നെ പിടികിട്ടുന്നുമില്ല,
നീ പിന്നെയും നോട്ടമെറിയുന്നു, പിന്നെയും, പിന്നെയും...
ദൈവമില്ലെങ്കിൽ ജീവിതമല്ലാതൊന്നുമില്ല,
നിനക്കതു പിടികിട്ടുകയുമില്ല...

(1916 സെപ്തംബർ 17)

ദൈവം


ചിലനേരം ഞാനൊരു ദൈവമാകുന്നു,
ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന ദൈവം;
അപ്പോൾ ഞാനാകുന്നു ദൈവം,
ഭക്തനും പ്രാർത്ഥനയും;
ആ ദൈവം വിസ്മൃതിയിലാവുന്ന
ദന്തവിഗ്രഹവും.

ചിലനേരം ഞാനൊരവിശ്വാസിയാകുന്നു,
ഞാൻ കൊണ്ടാടുന്ന ദൈവത്തിൽ
വിശ്വാസമില്ലാത്തവൻ;
ഞാൻ ഉള്ളിൽ കാണുന്നതൊരാകാശമാകെ,
പരന്നതും പൊള്ളയുമായൊരാകാശം.

(1923 ജൂൺ 3)


കിടക്കയിലെന്നപോലെ...


കിടക്കയിലെന്നപോലെ
തെരുവിൽ തകിടം മറിയുന്ന പൂച്ചേ,
എന്തസൂയപ്പെടുന്നു ഞാനെന്നോ നിന്റെ ഭാഗ്യത്തിൽ,
ഭാഗ്യമേയല്ലതെന്നതിനാൽ.

കല്ലുകളേയും ആളുകളേയും ഭരിക്കുന്ന
വിധിനിയമങ്ങൾക്കടിമേ,
നിന്നെ ഭരിക്കുന്നതു വാസനകൾ,
നീയനുഭവിക്കുന്നതേ നീയനുഭവിക്കുന്നുമുള്ളു.

അതിനാലത്രേ നീ സന്തുഷ്ടയായി.
നീയെന്ന ഇല്ലായ്മ നിന്റേതു മാത്രം.
ഞാനെന്നെ നോക്കുന്നു, എന്നെ കാണാനില്ല പക്ഷേ.
എന്നെയെനിക്കറിയാം: അതു ഞാനല്ല.

1931 ജനുവരി


ഒളിച്ചോടിയവൻ

ഒളിച്ചോടിയവനാണു ഞാൻ.
ജനിച്ചപ്പോഴേ അവരെന്നെ
എന്നിൽത്തന്നെ പൂട്ടിയിട്ടു.
ഞാൻ പക്ഷേ, ഇറങ്ങിയോടിക്കളഞ്ഞു.
എന്നും ഒരേയിടത്തു തന്നെ കഴിഞ്ഞാൽ
ആളുകൾക്കു മടുക്കുമെങ്കിൽ,
എന്നും ഒരേയാളായിരിക്കുന്നതും
അവർക്കു മടുക്കില്ലേ?
എന്റെ ആത്മാവെന്നെത്തേടി നടക്കുന്നുണ്ട്;
ഞാൻ ഒഴിഞ്ഞുമാറി നടക്കുകയാണ്‌.
അതെന്നെ കണ്ടുപിടിക്കുമോ?
ഇല്ലെന്നാണെന്റെ വിശ്വാസം.
എന്നും ഒരേ ഞാനായിരിക്കുക എന്നാൽ
അതൊരു തടവറ തന്നെ.
ഒരു പലായനമായിരിക്കട്ടെ എന്റെ ജീവിതം,
അങ്ങനെ ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയും ചെയ്യട്ടെ!!
(1931 ഏപ്രിൽ 5)

മരണം വഴിയിലൊരു തിരിവ്...


മരണം വഴിയിലൊരു തിരിവ്,
മരിക്കുകയെന്നാൽ കാഴ്ചയിൽ നിന്നു തെന്നുക.
കാതോർത്താലെനിക്കു കേൾക്കാം നിങ്ങൾ ചുവടു വയ്ക്കുന്നത്,
ഞാനുള്ളപോലുള്ളത്.

ഭൂമി സ്വർഗ്ഗം കൊണ്ടു പടുത്തത്.
പിശകിവിടെ കൂടു കൂട്ടിയിട്ടുമില്ല.
ആരുമൊരിക്കലും നഷ്ടമായിട്ടില്ല.
ഇവിടെയൊക്കെ നേര്‌, വഴിയും.

1932 മേയ് 23


സെന്യോർ സിൽവ

മുടിവെട്ടുകാരന്റെ മകൻ മരിച്ചു,
അഞ്ചു വയസ്സു മാത്രമായ കുട്ടി.
അവന്റെ അച്ഛനെ എനിക്കറിയാം- ഒരു കൊല്ലമായി
താടി വടിയ്ക്കുമ്പോൾ 
ഞങ്ങൾ  വർത്തമാനം പറയാറുണ്ട് .

അയാൾ  ആ വാർത്ത പറയുമ്പോൾ
എനിക്കുള്ളത്രയും ഹൃദയമൊന്നു നടുങ്ങി;
ആകെയുലഞ്ഞ് ഞാനയാളെ കെട്ടിപ്പിടിച്ചു,
എന്റെ ചുമലിൽ തല വച്ച് അയാൾ തേങ്ങി.

മൂഢവും ശാന്തവുമായ ഈ ജീവിതത്തിൽ
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയില്ല.
എന്നാലെന്റെ ദൈവമേ, മനുഷ്യവേദന ഞാനറിയുന്നു!
അതൊരിക്കലുമെനിക്കു നിഷേധിക്കരുതേ!

1934 മാർച്ച് 28


എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു...


എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു,
ഞാൻ സ്നേഹിച്ചവരുണ്ടായിരുന്നു.
ഇന്നെനിയ്ക്കു ലജ്ജ തോന്നിപ്പോയി-
ഒരിക്കൽ ഞാനാരായിരുന്നുവെന്നോർത്ത്.

എനിക്കു ലജ്ജ തോന്നിപ്പോയി,
എന്നും സ്വപ്നം കണ്ടിരിക്കുകയല്ലാതെ
ഒരുനാളും പുറത്തേക്കൊന്നു കാലെടുത്തുകുത്താതെ-
ഇവിടെയിങ്ങനെയൊരാളായിപ്പോയതിൽ,

ലജ്ജ തോന്നിപ്പോയെനിക്ക്,
ഞാനാരാകുമായിരുന്നു മുമ്പെന്ന
ഈ സ്വപ്നമല്ലാതെ മറ്റൊന്നുമെനിക്കില്ലെന്ന്
എനിക്കു ബോദ്ധ്യമായിത്തുടങ്ങുമ്പോൾ..

(1934 ആഗസ്റ്റ് 6)



രാത്രിയാവുകയാണെന്നതിനാൽ...


രാത്രിയാവുകയാണെന്നതിനാൽ, ആരെയും പ്രതീക്ഷിക്കാനില്ലാത്തതിനാലും,
ലോകത്തിനെതിരെ ഞാനെന്റെ വാതിലടച്ചു കുറ്റിയിട്ടു,
സമാധാനം നിറഞ്ഞ എന്റെ കുഞ്ഞുഭവനം
എന്നോടൊപ്പമൊരഗാധമൗനത്തിലാണ്ടു.

ഏകാന്തതയുടെ ലഹരിയറിഞ്ഞും തന്നോടുതന്നെ സംസാരിച്ചും
വേവലാതികളൊന്നുമേയില്ലാതെ മുറിക്ക്ള്ളിലുലാത്തുമ്പോൾ
നേരുള്ള, നല്ലവനായ ആ കൂട്ടുകാരനായിരുന്നു ഞാൻ,
എന്റെ കൂട്ടുകാരിൽ എനിക്കു കാണാൻ കിട്ടാത്തവൻ.

ആ നേരത്തതാ, വാതിലിലാരോ മുട്ടുന്നു,
ഒരു കവിത അങ്ങനെതന്നെ ആവിയായിപ്പോകുന്നു...
അതയല്ക്കാരനായിരുന്നു, അയാളെന്നെ ഓർമ്മിപ്പിക്കുകയായിരുന്നു,
നാളെ ഉച്ചഭക്ഷണം അയാളുടെ വീട്ടിലാണെന്ന്. അതെ, ഞാൻ വരാം.

പിന്നെയും വാതിലും എന്നെയും അടച്ചുകുറ്റിയിട്ട്
ഹൃദയത്തിൽ പുനരുജ്ജീവിപ്പിക്കാൻ ഞാൻ ശ്രമിച്ചു,
ആ നടത്തം, ആ ഉത്സാഹം, ആ അഭിലാഷവും;
എന്നെ ഉന്മത്തനാക്കിയ അതേ അഭിലാഷം.

ഒക്കെ വെറുതേ...എന്നത്തേയും പോലെ അതേ മേശയും കസേരയും,
എന്നെ തുറിച്ചുനോക്കുന്ന അനിവാര്യമായ അതേ ചുമരുകൾ,
അണയുന്ന തീയിനെ നോക്കിനോക്കി പിന്നെ നോട്ടം മാറ്റുന്നൊരാളെപ്പോലെ:

പിന്നെയും നോക്കുമ്പോഴയാൾ തീയവിടെ കാണുന്നുമില്ല.


(1934 ആഗസ്റ്റ് 19)


ഒരാളൊരുനാൾ...


ഒരാളൊരുനാൾ നിങ്ങളുടെ വാതില്ക്കൽ വന്നു മുട്ടിയെന്നിരിക്കട്ടെ,

എന്റെ ദൂതനാണു താനെന്നയാൾ അവകാശപ്പെട്ടുവെന്നുമിരിക്കട്ടെ,
വിശ്വസിച്ചുപോകരുതത്, അതിനി ഞാൻ തന്നെയാണെങ്കിലും;
എന്റെയങ്ങേയറ്റത്തെ വൃഥാഭിമാനത്തിനു നിരക്കുന്നതായിരിക്കില്ലല്ലോ,
ആകാശത്തിന്റെ അയഥാർത്ഥവാതിലിൽ ചെന്നു മുട്ടുന്നതുപോലും.

എന്നാലൊരാളും മുട്ടുന്നതായി കേൾക്കാതെതന്നെയൊരുനാൾ
നിങ്ങൾ ചെന്നു വാതിൽ തുറക്കാനിടയായെന്നിരിക്കട്ടെ,
മുട്ടാനുള്ള ധൈര്യത്തിനായി കാത്തുനില്ക്കുന്നതായിട്ടൊരാളെ
നിങ്ങളവിടെ കാണാനിടയായെന്നുമിരിക്കട്ടെ, തിരിഞ്ഞുനടക്കരുത്.
എന്റെ ദൂതൻ തന്നെയാണത്, ഞാനുമാണത്, എന്റെ പരിജനവും,
എന്നെ നൈരാശ്യത്തിലേക്കു പായിക്കുന്ന വൃഥാഭിമാനവും.
നിങ്ങളുടെ വാതിലിൽ മുട്ടാത്തയാൾക്കായി വാതിൽ തുറന്നുകൊടുക്കൂ!

(1934 സെപ്തംബർ 5)


മടുപ്പൊഴികെ സർവ്വതും...

മടുപ്പൊഴികെ സർവ്വതുമെന്നെ മടുപ്പിക്കുന്നു.
എനിക്കൊന്നു ശന്തനായാൽ മതി, ശാന്തതയില്ലാതെതന്നെ,
നിത്യം കഴിക്കേണ്ടൊരു മരുന്നു പോലെ
ജിവിതത്തെ ഞാനെടുത്തോളാം-
സർവ്വരും വിഴുങ്ങുന്നൊരു ഗുളിക.

എത്ര ഞാൻ കാംക്ഷിച്ചു, എത്ര ഞാൻ സ്വപ്നം കണ്ടു,
അത്രയുമെത്ര ഒന്നുമാക്കിയില്ലെന്നെ.
എന്റെ കൈകൾ തണുത്തുപോയി
അവയെ ഊഷ്മളമാക്കാൻ വന്നുചേരുന്ന പ്രണയത്തിന്റെ
നിർവൃതിയെ കാത്തിരുന്നുതന്നെ.

1934 സെപ്തംബർ 6


തെരുവിൽ കണ്ട ചിരിക്കുന്ന കുട്ടി...


തെരുവിൽ കണ്ട ചിരിക്കുന്ന കുട്ടി,
ഓർത്തിരിക്കാതെ കാതിൽ വീണ ഗാനം,
അർത്ഥമറിയാത്ത ചിത്രം, നഗ്നമായ പ്രതിമ,
അതിരുകളില്ലാത്ത കാരുണ്യം-

വസ്തുക്കളിൽ ബുദ്ധി ചുമത്തിയ യുക്തിയെ
അധികരിക്കുന്നതാണിതൊക്കെ.
അതിലെല്ലാമുണ്ട്, സ്നേഹത്തിന്നൊരംശം,
നാവെടുക്കാത്തതാണാ സ്നേഹമെങ്കിലും.


(1934 ഒക്ടോബർ 4)



ഉപദേശം



താനാരാണെന്ന നിങ്ങളുടെ സ്വപ്നത്തിനു ചുറ്റും
ഉയരത്തിൽ നല്ലൊരു ചുമരു പടുക്കൂ.
പിന്നെ, പടിവാതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ
നിങ്ങളുടെ പൂന്തോട്ടം കണ്ണിൽപ്പെടുന്നിടത്തൊക്കെ
ഏറ്റവും പ്രസരിപ്പുള്ള പൂച്ചെടികൾ തന്നെ നട്ടുവളർത്തൂ;
പ്രസരിപ്പുള്ള തരക്കാരനാണു നിങ്ങളെന്നന്യരറിയട്ടെ.
അന്യരുടെ കണ്ണുകളെത്താത്തിടം ഒഴിഞ്ഞും കിടക്കട്ടെ.

അന്യർ ചെയ്യുന്നപോലെ നിങ്ങളും പൂത്തടങ്ങളൊരുക്കുക,
വഴിയേ പോകുന്ന കണ്ണുകളുള്ളിലേക്കു നോക്കുമ്പോൾ
അവർ കാണണമെന്നു നിങ്ങളാഗ്രഹിച്ച മാതിരി
അവർ നിങ്ങളുടെ പൂന്തോട്ടം കാണട്ടെ.
താൻ താനായിരിക്കുന്നിടത്തു പക്ഷേ,
അന്യരുടെ കണ്ണുകളെത്താത്തിടത്തു പക്ഷേ,
കാട്ടുപൂക്കൾ സ്വച്ഛന്ദം വിടർന്നുനിൽക്കട്ടെ,
തോന്നിയ പാട് പുല്ലു വളർന്നുകേറട്ടെ.

ഇരട്ടമറയ്ക്കുള്ളിൽ അടച്ചുകെട്ടിയൊരു വ്യക്തിത്വമാകട്ടെ നിങ്ങൾ,
പാളിനോക്കുന്നവനൊരുദ്യാനം മാത്രം കാണട്ടെ-
അതിമോടിയായൊരു സ്വകാര്യോദ്യാനം-
അതിനും പിന്നിൽപ്പക്ഷേ, നാട്ടുപൂക്കൾ വളർന്നുനിൽക്കുന്നു,
നിങ്ങൾക്കു പോലും കാണാത്ത പുൽക്കൊടികളിലുരുമ്മിനിൽക്കുന്നു.

(1935)

സ്വാതന്ത്ര്യം

സ്വാതന്ത്ര്യമെന്നാൽ എന്തെന്നാണോ നിങ്ങൾ ചോദിക്കുന്നത്? സ്വാതന്ത്ര്യമെന്നാൽ യാതൊന്നിന്റെയും അടിമയാവാതിരിക്കുക എന്നുതന്നെ, അതിനി ഒരനിവാര്യതയായാലും യാദൃച്ഛികതയായാലും; സ്വാതന്ത്ര്യമെന്നാൽ കള്ളക്കളി കളിക്കരുതെന്ന് വിധിയെ നിർബന്ധിക്കുക എന്നുതന്നെ.
(സെനെക്ക)


ഹാ, എത്രയാഹ്ളാദപ്രദമാണ്‌
തനിക്കു പറഞ്ഞ പണി ചെയ്യാതിരിക്കുക,
വായിക്കാൻ പുസ്തകം കയ്യിലെടുത്തിട്ട്
അതൊന്നു തുറന്നുപോലും നോക്കാതിരിക്കുക!
വായന ഒരു മടുപ്പു തന്നെ,
പഠനം കൊണ്ടു കാര്യവുമില്ല.
സൂര്യൻ പൊന്നുപോലെ തിളങ്ങുന്നത്
സാഹിത്യത്തിന്റെ തുണയില്ലാതെ.
പാഞ്ഞും പതിഞ്ഞും പുഴയൊഴുകുന്നത്
ഒരാദ്യപതിപ്പുമില്ലാതെ.
പ്രഭാതത്തിലെ ഈയിളംകാറ്റിന്‌
തിടുക്കമെന്നതുമില്ല.

മഷി തളിച്ച വെറും കടലാസുകളാണ്‌ പുസ്തകങ്ങൾ.
പഠിക്കുകയെന്നാൽ
ഒന്നുമില്ലായ്മയും ഒന്നുമേയില്ലായ്മയും തമ്മിൽ
വേർതിരിഞ്ഞുകിട്ടായ്കയും.

അതിലുമെത്ര ഭേദം,
മൂടൽമഞ്ഞു പടരുന്ന നേരത്ത്
സെബാസ്റ്റ്യൻരാജാവു വരുന്നതും കാത്തിരിക്കുക,
അദ്ദേഹമിനി വന്നാലുമില്ലെങ്കിലും!

കവിത കേമം തന്നെ, നന്മയും നൃത്തവും...
അതിലുമുത്തമമത്രേ, ശിശുക്കൾ, സംഗീതം, നിലാവ്,
വളർത്തുന്നതിനു പകരം വാട്ടുമ്പോൾ മാത്രം
പാപം ചെയ്യുന്ന സൂര്യനും.

ഇപ്പറഞ്ഞതിനേക്കാളൊക്കെ ശ്രേഷ്ടം
ക്രിസ്തുയേശു,
പണമിടപാടുകളെക്കുറിച്ചൊന്നുമറിയാത്തവൻ,
ഒരു പുസ്തകശേഖരത്തിനും ഉടമയല്ലാത്തവൻ, നാമറിഞ്ഞിടത്തോളം...

1935 മാർച്ച് 16



സ്വാതന്ത്ര്യമെന്നാൽ...- സെനെക്കയുടെ ഒരുദ്ധരണി ചേർക്കണമെന്ന് കവിയ്ക്കുദ്ദേശ്യമുണ്ടായിരുന്നതായി കയ്യെഴുത്തുപ്രതിയിൽ സൂചനയുണ്ട്; പക്ഷേ ചേർത്തിരുന്നില്ല.  സെനെക്കയുടെ ഈ വരികളാണ്‌ അദ്ദേഹം മനസ്സിൽ കണ്ടതെന്നൂഹിച്ച് അതെടുത്തുചേർത്തിരിക്കുന്നത് ഇംഗ്ളീഷ് വിവർത്തകനായ റിച്ചാർഡ് സെനിത്ത്.

സെബാസ്റ്റ്യൻരാജാവ്  (1554-1578) - ദേശീയവാദിയും സ്വപ്നദർശിയുമായ പോർച്ചുഗീസ് രാജാവ്; സ്പെയിനുമായുള്ള യുദ്ധത്തിനിടെ അപ്രത്യക്ഷനായി; സ്പാനിഷ് അടിമത്തത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ  മൂടല്മഞ്ഞു പടരുന്ന നേരത്ത് അദ്ദേഹം മടങ്ങിവരുമെന്നൊരു മിത്തുമുണ്ട്.


റുബയ്യാത്ത്



ദീർഘവും വിഫലവുമായ പകലിനു മേൽ സന്ധ്യയുടെ ശവക്കോടി.
നമുക്കതു നിഷേധിച്ച പ്രത്യാശ പോലും ഇല്ലായ്മയായി പൊടിയുന്നു.
ജീവിതം, കുടിച്ചു ലക്കു കെട്ടൊരു യാചകൻ,
സ്വന്തം നിഴലിനോടതു കൈനീട്ടിയിരക്കുന്നു.
*

“ഞാനിതു ചെയ്യും,” ഇതു കേട്ടുകേട്ടെനിക്കു മടുത്തു.
ചെയ്യുക, ചെയ്യാതിരിക്കുക- ആരാണതിനൊക്കെ അധികാരി?
ആത്മാവിന്റെ ഭാരം കൂടി പേറേണ്ടിവന്ന മൃഗം,
ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടു മനുഷ്യനുറങ്ങുന്നു; അതേയെനിക്കറിയൂ.
*

ആത്മാവിനു നിത്യജീവനുണ്ടെന്നു പറയേണ്ട,
വെട്ടിമൂടിക്കഴിഞ്ഞാൽ ഉടലൊന്നുമറിയുന്നില്ലെന്നും.
തനിക്കറിയാത്തതൊന്നിനെക്കുറിച്ചു നിങ്ങളെന്തറിയാൻ?
കുടിയ്ക്കൂ! ഇന്നിന്റെ ഇല്ലായ്മയേ നിങ്ങൾക്കറിയൂ.
*

ആശയും തൃഷ്ണയുമില്ലാതെ, സ്നേഹവും വിശ്വാസവുമില്ലാതെ,
ജിവിതത്തെ നിഷേധിച്ചും കൊണ്ടു ജീവിതം കഴിയ്ക്കൂ,
പിന്നെ ഉറങ്ങാൻ നേരമാവുമ്പോൾ കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കൂ:
അതല്ലാത്തതൊന്നാണ്‌, ഉള്ളതായുള്ളതെല്ലാം.
*

നിങ്ങളുടെ ഹിതപ്പടി സ്വജീവിതത്തെ നിങ്ങൾക്കു രൂപപ്പെടുത്താം,
നിങ്ങൾ ജീവിക്കും മുമ്പേ ജീവിതത്തിനൊരു രൂപവുമുണ്ടായിരുന്നു.
നിലത്തു വരച്ചിടാനെന്തിനു വെറുതേ മോഹിക്കുന്നു,
ആകാശം കടന്നു പോകുന്ന മേഘത്തിന്റെ ക്ഷണികമായ നിഴലിനെ?
*

ഒക്കെയും വ്യർത്ഥം, എന്നറിയുന്നതുമുൾപ്പെടെ.
പകലിനു പിമ്പേ രാത്രി, പിന്നെ പകൽ.
പരിത്യാഗത്തിന്റെ അഭിജാതരാത്രിയിൽ
പരിത്യാഗത്തെത്തന്നെ പരിത്യജിക്കൂ.
*

തനിക്കു നഷ്ടമായതിനെ പൂട്ടിവയ്ക്കുന്നവൻ ജ്ഞാനി.
താനെന്ന ഇല്ലായ്മയെ ആരും കാണുന്നില്ലല്ലോ.
ഓരോ മുഖംമൂടിക്കടിയിലുമുണ്ട്, ഒരു തലയോട്ടി.
ആരുമല്ലാത്തൊരാളിന്റെ മുഖംമൂടിയാണോരോ ആത്മാവും.
*

ശാസ്ത്രത്തെ, അതിന്റെ പ്രയോഗത്തെ പ്രതി വേവലാതിപ്പെടേണ്ട.
അന്തിവെളിച്ചം വീണ ജീവിതമെന്ന ഈ മുറിയിൽ
മേശകസേരകളുടെ അളവെടുത്തിട്ടെന്തു കാര്യം?
അളവെടുക്കുകയല്ല, അവയുപയോഗിക്കൂ: മുറി ഒഴിഞ്ഞുകൊടുക്കാനുള്ളതല്ലേ?
*

സൂര്യൻ തിളങ്ങുന്ന കാലത്തോളം നാമതിൽ സുഖിക്കുക,
അതാകാശം വിട്ടുകഴിഞ്ഞാൽ നാം പോയിക്കിടന്നുറങ്ങുക.
മടങ്ങിവരുമ്പോൾ ഒരുവേള അതു നമ്മെ കണ്ടില്ലെന്നു വരാം,
ഇനിയല്ല, നാം തന്നെ മടങ്ങിവന്നുവെന്നും വരാം.

*

2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ബെർത്തോൾട്ട് ബ്രെഹ്റ്റ് -എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ




ജ്ഞാനിയായ ശലോമോനെ നിങ്ങൾ കണ്ടു,
അയാളുടെ ഗതി എന്തായെന്നും നിങ്ങൾക്കറിയാം.
സങ്കീർണ്ണതകൾ സരളമായിട്ടയാൾക്കു തോന്നി.
താൻ ജനിച്ച നേരത്തെ അയാൾ ശപിച്ചു,
വ്യർത്ഥമാണെല്ലാമെന്നും അയാൾ കണ്ടു.
എത്ര മഹാനും വിജ്ഞനുമായിരുന്നു ശലോമോൻ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചത് ജ്ഞാനമായിരുന്നു-
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

പിന്നെ നിങ്ങൾ കണ്ടു, ധീരനായ സീസറെ.
അയാളെന്തായെന്നു നിങ്ങൾക്കറിയാം.
ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരയാളെ ദൈവതുല്യനാക്കി.
എന്നിട്ടയാളെ കൊലയ്ക്കു കൊടുക്കുകയും ചെയ്തു.
മാരകമായ കഠാരയവരുയർത്തുമ്പോൾ
എത്ര ഉച്ചത്തിലാണയാൾ കരഞ്ഞത്: എന്റെ മകനേ, നീയും!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു ധൈര്യമായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

സത്യവാദിയായ സോക്രട്ടീസിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ട്,
ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത മനുഷ്യൻ.
നിങ്ങൾ കരുതുമ്പോലത്രയും നന്ദി അവർ കാണിച്ചില്ല.
പകരമവർ കയ്യിൽ വച്ചുകൊടുത്തതു വിഷപാനീയമായിരുന്നു.
എത്ര സത്യസന്ധനായിരുന്നു ജനങ്ങളുടെയാ കുലീനപുത്രൻ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു സത്യസന്ധതയായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

വിശുദ്ധമാർട്ടിനു കണ്ടുനില്ക്കാൻ കഴിഞ്ഞിരുന്നില്ല,
ദുരിതത്തിൽ കഴിയുന്ന തന്റെ സഹജീവികളെ.
മഞ്ഞിൽ കിടക്കുന്നൊരു പാവത്തെ അയാൾ കണ്ടു,
നമുക്കറിയാം,  അയാൾ തന്റെ മേലങ്കി ആ പാവവുമായി പങ്കുവച്ചു.
ഇരുവരുമങ്ങനെ മരവിച്ചുമരിച്ചു.
സ്വർഗ്ഗത്തയാൾ തന്റെയിടം നേടുകയും ചെയ്തു.
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
അയാളെ ആ പടുതിയിലെത്തിച്ചതു നിസ്വാർത്ഥതയായിരുന്നു.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

നിങ്ങളിവിടെ കാണുന്നത് വിശിഷ്ടരായ വ്യക്തികളെ,
ദൈവത്തിന്റെ സ്വന്തം പ്രമാണങ്ങൾ പിന്തുടർന്നിരുന്നവരെ.
എന്നിട്ടിന്നേവരെ അവനതു ഗൗനിച്ചിട്ടേയില്ല.
സുരക്ഷിതവും ഊഷ്മളവുമായ മുറികളിലിരിക്കുന്നവരേ,
ഞങ്ങളുടെ കൊടിയ കുറവുകൾ നിവർത്തിയ്ക്കാൻ തുണച്ചാലും.
എത്ര നല്ലവരായിട്ടാണു ഞങ്ങൾ തുടങ്ങിയതെന്നോ!
ലോകത്തിനെന്നാൽ കാത്തുനില്ക്കേണ്ടിവന്നില്ല,
പിന്നീടെന്തുണ്ടായെന്നതു വൈകാതെ കണ്ടു.
ഞങ്ങളെ ഈ പടുതിയിലെത്തിച്ചതു ദൈവഭയമാണ്‌.
എത്ര ഭാഗ്യവാനാണയാൾ, അങ്ങനെയൊന്നില്ലാത്തവൻ!

(മദർ കറേജ് എന്ന നാടകത്തിൽ നിന്ന്)


2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

തർക്കോവ്സ്കി - ഡയറി

 “സാദ്ധ്യമായ ഒരു യാത്രയേയുള്ളു, അത് അവനവന്റെ ഉള്ളിലുള്ള യാത്രയാണ്‌. ഭൂമിയുടെ പ്രതലത്തിലൂടെ സഞ്ചാരം നടത്തിയിട്ട് നാം അധികമൊന്നും പഠിക്കുന്നില്ല; യാത്ര ചെയ്തു എന്നാവാൻ നാം മടങ്ങിയെത്തണം. ഒരാൾ തുടക്കത്തിലേക്കു മടങ്ങുന്നത് അയാളായിട്ടല്ല എന്നും ഞാൻ കരുതുന്നു; കാരണം, ആ പ്രക്രിയക്കിടയിൽ അയാൾ മാറിക്കഴിഞ്ഞു. നമുക്ക് നമ്മളെ, നാം കൂടെക്കൊണ്ടുനടക്കുന്നതിനെ വിട്ടോടിപ്പോകാൻ കഴിയില്ല. ആമ അതിന്റെ പുറംതോട് ചുമന്നുനടക്കുന്നതുപോലെ നാം നമ്മുടെ ആത്മാവിന്റെ പാർപ്പിടം കൂടെക്കൊണ്ടുനടക്കുന്നു. ലോകത്തെ സർവ്വരാജ്യങ്ങളിലൂടെ യാത്ര ചെയ്താലും അത് വെറും പ്രതീകാത്മകമാണ്‌. നാം എവിടെയെത്തിയാലും അവിടെയും നാം സ്വന്തം ആത്മാവിനെ തേടിക്കൊണ്ടിരിക്കും.”

*

നമ്മുടെ ജീവിതങ്ങളെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ക്ഷുദ്രമായ ജിജ്ഞാസയിൽ നിന്ന് നാം സ്വയം മോചിപ്പിച്ചെടുക്കണം. ഒന്നാമതായി വേണ്ടത് പുതിയതെന്തെങ്കിലും കണ്ടാൽ ഉത്തേജിതരാകാനും  അന്നന്നു നടക്കുന്നതിന്റെ പിന്നാലെ പോകാനും നാളെ എന്തു നടക്കും എന്നു കാണാൻ വ്യഗ്രതയോടെ  കാത്തിരിക്കാനുമുള്ള പിടിവിടാത്ത പ്രവണതയുടെ  വേരറുക്കുക എന്നതാണ്‌.

അതല്ലെങ്കിൽ ആശാഭംഗമോ വിരക്തിയോ അല്ലാതെ മനസ്സമാധാനമോ സ്വസ്ഥതയോ നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നിങ്ങളുടെ സ്വസ്ഥമായ പാർപ്പിടത്തിന്റെ പടിവാതിൽ കടന്നുവരുന്നതിനും മുമ്പ് ലോകത്തിന്റെ ദുഷ്ടത തകർന്നുപോകണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ലോകത്തു നടക്കുന്ന കാര്യങ്ങൾ ഉണർത്തിവിടുന്ന അശാന്തമായ ആ വികാരാവേശങ്ങളെല്ലാം, ചൂടാറാത്ത ആ വാർത്താശകലങ്ങളെല്ലാം നിങ്ങളുടെ ആത്മാവിൽ നിന്നു നിഷ്കാസനം ചെയ്യുക. എല്ലാ ആരവങ്ങൾക്കും നേരെ, പുറത്തു നടക്കുന്നതിന്റെ മാറ്റൊലികൾക്കെല്ലാം നേരെ നിങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുക. അത്രയും നിശ്ചയദാർഢ്യം നിങ്ങൾക്കുണ്ടെകിൽ ലഘുസാഹിത്യം പോലും വർജ്ജിക്കുക; എന്തെന്നാൽ, അതും, സാരാംശത്തിൽ, എഴുത്തുരൂപത്തിലുള്ള അതേ ആരവം തന്നെയാണ്‌.

(പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ ചിന്തകനായ ചാദയേവിന്റെ ലേഖനത്തിൽ നിന്ന്; തർക്കോവ്സ്കിയുടെ ഡയറിയിൽ ഉദ്ധരിച്ചിരിക്കുന്നത്.)

ഒരു ജീവിതത്തിൽ ആയിരക്കണക്കിനു സ്വപ്നങ്ങൾ നാം കാണുന്നതുപോലെ നമ്മുടെ ഈ ജീവിതവും ആയിരക്കണക്കിനു ജീവിതങ്ങളിൽ ഒന്നുമാത്രമാണ്‌; യഥാർത്ഥവും ശുദ്ധവും സത്യവുമായ ആ ജീവിതത്തിൽ നിന്ന് ഈ ജീവിതത്തിലേക്കു നാം കടന്നുവരുന്നു, മരിക്കുമ്പോൾ ആ ജീവിതത്തിലേക്കു നാം മടങ്ങിപ്പോവുകയും ചെയ്യുന്നു. നമ്മുടെ ജീവിതം ആ യഥാർത്ഥജീവിതം കാണുന്ന ഒരു സ്വപ്നം മാത്രമാണ്‌; ആ ജീവിതം മറ്റൊന്നിന്റെ സ്വപ്നം; അങ്ങനെ അനന്തമായി  പോയിപ്പോയി അവസാനത്തെ യഥാർത്ഥജീവിതത്തിലെത്തുന്നു- ദൈവത്തിന്റെ ജീവിതം.

ജനനവും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ആദ്യാവബോധവും ഒരു ഉറക്കത്തിലേക്കു വീഴലാണ്‌, അതിമാധുര്യമുള്ള സ്വപ്നവുമാണത്; മരണം ഉറക്കമുണരലാണ്‌. നേരത്തേ മരിക്കുന്നത് മതിയായ ഉറക്കം കിട്ടാത്ത ഒരാളെ വിളിച്ചുണർത്തുന്നപോലെയാണ്‌. പ്രായമായി മരിക്കുന്നത് ആവശ്യത്തിനുറങ്ങിയ ഒരാൾ സ്വമേധയാ ഉണരുന്നപോലെയും. ആത്മഹത്യ ദുഃസ്വപ്നമാണ്‌: താൻ ഉറങ്ങുകയാണെന്ന് നിങ്ങൾക്കോർമ്മ വരികയും നിങ്ങൾ സ്വയം കുലുക്കിയുണർത്തുകയുമാണ്‌.

(ടോൾസ്റ്റോയ് കർമ്മസിദ്ധാന്തത്തെക്കുറിച്ച്. )

-തർക്കോവ്സ്കി

2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

അൽബേർ കമ്യു - പതനം

 ...നോക്കൂ, നിങ്ങൾ ഏകാകിയും ഒപ്പം ക്ഷീണിതനുമാണെങ്കിൽ താനൊരു പ്രവാചകനാണെന്ന ചിന്തയിലേക്കു വഴുതിവീഴാൻ എളുപ്പമാണ്‌. കല്ലും മൂടല്മഞ്ഞും വെള്ളം കെട്ടിക്കിടക്കുന്ന കുണ്ടുകളും നിറഞ്ഞ ഒരു മണലാരണ്യത്തിലേക്കൊളിച്ചോടിയ ഞാൻ ശരിക്കും അങ്ങനെയൊരാളുമാണ്‌- ഹീനമായ ഒരു കാലത്തിനു ചേർന്ന പൊള്ളപ്രവാചകൻ, ഒരു മിശിഹയും വരാനില്ലാത്ത ഒരിശയ്യാവ്; പനിയും ചാരായവും നിറഞ്ഞ്, ഈ പൂതലിച്ച വാതിലിൽ പുറം ചേർത്ത്, കാർമേഘം നിറഞ്ഞ മാനത്തേക്കു വിരൽ ചൂണ്ടി, ന്യായവിധിക്കു നിന്നുകൊടുക്കുന്നതു താങ്ങാൻ പറ്റാത്ത നിയമഹീനർക്കു മേൽ ശാപങ്ങൾ ചൊരിയുന്നവൻ. അവർക്കതു താങ്ങാൻ പറ്റില്ല, എന്റെ പൊന്നുചങ്ങാതീ, അതാണു കാര്യം. നിയമം പാലിക്കുന്നവന്‌ ന്യായവിധിയെ ഭയക്കേണ്ടതില്ല: താൻ വിശ്വസിക്കുന്ന ഒരു വ്യവസ്ഥയിലേക്ക് അയാളെ തിരിച്ചെടുക്കുകയാണ്‌ അതു ചെയ്യുന്നത്. എന്നാൽ ഏറ്റവും വലിയ മനുഷ്യദണ്ഡന ഒരു നിയമവുമില്ലാതെ വിധിക്കപ്പെടുക എന്നതാണ്‌. ആ ദണ്ഡനയിലാണ്‌ നാം എത്തിപ്പെട്ടിരിക്കുന്നതും. തങ്ങൾക്കു സ്വാഭാവികമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ നിന്നു മുക്തരായതിനാൽ തുടലഴിച്ചുവിട്ടപോലായ ന്യായാധിപന്മാർ ഓടിപ്പാഞ്ഞുനടന്ന് പണി തീർക്കുകയാണ്‌. അതിനാൽ അവരെക്കാൾ വേഗത്തിൽ പോകാൻ നമ്മളും നോക്കണം, വേണ്ടേ? കൂറ്റനൊരു ഭ്രാന്താലയമാണ്‌ ഫലം. പ്രവാചകന്മാരും മുറിവൈദ്യന്മാരും കണ്ടമാനം പെരുകുന്നു; ഉത്തമമായ ഒരു നിയമം, അല്ലെങ്കിൽ, കുറ്റമറ്റ ഒരു വ്യവസ്ഥിതി സൃഷ്ടിക്കാൻ അവർ ഓടിക്കൂടുന്നു. ഭാഗ്യത്തിന്‌ ഞാൻ ഇങ്ങെത്തിക്കഴിഞ്ഞു! ഞാനാണ്‌ ആദ്യവും അവസാനവും, ഞാൻ പ്രഖ്യാപിക്കുന്നതാണ്‌ നിയമം. ചുരുക്കത്തിൽ ഞാനൊരു പശ്ചാത്തപിക്കുന്ന ന്യായാധിപനാണ്‌.

*

...നോക്കൂ, എനിക്കറിയാവുന്ന ഒരാൾ മനുഷ്യരെ മൂന്നുതരമായി വിഭജിക്കാറുണ്ടായിരുന്നു: നുണ പറയേണ്ടിവരുന്നതിനെക്കാൾ ഒന്നും ഒളിപ്പിക്കാതിരിക്കാൻ ഇഷ്ടപ്പെടുന്നവർ; ഒന്നും ഒളിപ്പിക്കാൻ ഇല്ലാതെവരുന്നതിനെക്കാൾ നുണ പറയാൻ ഇഷ്ടപ്പെടുന്നവർ; നുണ പറയുന്നതിനൊപ്പം ഒളിപ്പിക്കാനും ഇഷ്ടപ്പെടുന്നവർ. ഏതു ഗണത്തിലാണ്‌  എന്നെപ്പെടുത്തേണ്ടതെന്ന് താങ്കൾക്കുതന്നെ തീരുമാനിക്കാം.

ഏതായാലും ഞാനെന്തിനതു കാര്യമാക്കണം? നുണകൾതന്നെ നമ്മെ നേരിലേക്കുള്ള വഴിയിൽ എത്തിക്കാറില്ലേ? എന്റെ കഥകളും, നേരായാലും നുണയായാലും, അതേ നിഗമനത്തിലേക്കു തന്നെയല്ലേ കൈചൂണ്ടുക? അവയ്ക്കെല്ലാം ഒരേ അർത്ഥം തന്നെയല്ലേ ഉള്ളത്? അതിനാൽ, അവ ശരിയോ തെറ്റോ എന്നതിൽ എന്തു കാര്യമിരിക്കുന്നു, രണ്ടായാലും ഞാൻ എന്തായിരുന്നു, ഞാൻ എന്താണ്‌ എന്നതിനെയാണ്‌ അവ സൂചിപ്പിക്കുന്നതെങ്കിൽ? ചിലപ്പോഴൊക്കെ, നേരു പറയുന്ന ഒരാളെക്കാൾ നുണ പറയുന്നവനെയാണ്‌ നമുക്ക് കൂടുതൽ നന്നായി മനസ്സിലാവുക. വെളിച്ചം പോലെ സത്യവും കണ്ണഞ്ചിപ്പിക്കും. അസത്യം, മറിച്ച്, ഏതു വസ്തുവിന്റെയും മാറ്റു കൂട്ടുന്ന സുന്ദരമായ അന്തിവെളിച്ചം പോലെയാണ്‌...

*

ഒരപരാധവും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുകയാണ്‌ നാമോരോരുത്തരും, മനുഷ്യവംശത്തെയും ദൈവത്തെത്തന്നെയും കുറ്റപ്പെടുത്തുകയാണ്‌ അതിനർത്ഥം എന്നു വന്നാലും. ബുദ്ധിശാലിയോ ഉദാരമതിയോ ആയിത്തീരുന്നതിനെടുത്ത യത്നത്തിന്റെ പേരിൽ ഒരാളെ നിങ്ങൾ അഭിനന്ദിച്ചാൽ അയാൾക്കത് വലിയ സന്തോഷമൊന്നും ഉണ്ടാക്കണമെന്നില്ല; മറിച്ച് ജന്മനാതന്നെ അയാൾ എത്ര ഉദാരമതിയാണെന്നു പുകഴ്ത്തിയാൽ അയാളുടെ മുഖം പൂത്തുവിടരുന്നത് നിങ്ങൾക്കു കാണാം. ഇനി, ഒരു കുറ്റവാളിയോട് അയാൾ ചെയ്ത അതിക്രമം അയാളുടെ പ്രകൃതത്തിൽ നിന്നോ സ്വഭാവത്തിൽ നിന്നോ വന്നതല്ല, ദൗർഭാഗ്യകരമായ ചുറ്റുപാടുകൾ കൊണ്ടുണ്ടായതാണെന്നു പറഞ്ഞുനോക്കൂ, അയാളുടെ നന്ദിയും കടപ്പാടും ഇത്രയെന്നു പറയാൻ പറ്റില്ല. അയാൾക്കു വേണ്ടി കോടതിയിൽ വാദിക്കുകയാണെന്നു നിങ്ങൾ എന്നു സങ്കല്പിച്ചാൽ ആ നിമിഷത്തിലായിരിക്കും അയാൾ കണ്ണീർ വാർക്കുകയും ചെയ്യുക. എന്നാൽ ജന്മനാ സത്യസന്ധനോ ബുദ്ധിമാനോ ആകുന്നതിൽ എന്തു കേമത്തമിരിക്കുന്നു? സാഹചര്യങ്ങൾ കൊണ്ടു കുറ്റവാളിയായ ഒരാളുടെ ഉത്തരവാദിത്വത്തിൽക്കൂടുതൽ ഒന്നുമില്ല ജന്മം കൊണ്ടു കുറ്റവാളിയായ ഒരാൾക്ക് എന്നതുപോലെയാണതും. ഈ തെമ്മാടികൾക്കു പക്ഷേ മാപ്പു വേണം, എന്നു പറഞ്ഞാൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറണം; അതിനവർ പ്രകൃതത്തെപ്പിടിച്ചുള്ള ന്യായീകരണങ്ങളോ സാഹചര്യം പറഞ്ഞുള്ള ഒഴികഴിവുകളോ നിരത്തും, രണ്ടും പരസ്പരവിരുദ്ധമാണെന്നു വന്നാലും. പ്രധാനകാര്യം തങ്ങൾ നിരപരാധികളാണ്‌ എന്നതാണ്‌, ജന്മം കൊണ്ടു തങ്ങൾക്കു സിദ്ധിച്ച നന്മകളെ ചോദ്യം ചെയ്യരുത്, നിമിഷികമായ നോട്ടക്കുറവിന്റെ ഉല്പന്നങ്ങളായ തങ്ങളുടെ അതിക്രമങ്ങളെ താല്ക്കാലികപ്രതിഭാസങ്ങളായി മാത്രം കാണുകയും വേണം. ഞാൻ പറഞ്ഞുവല്ലോ, ന്യായവിധിയിൽ നിന്നൊഴിഞ്ഞുമാറുക എന്നതാണ്‌ കാര്യം. എന്നാൽ, ദുഷ്കരമാണതെന്നതിനാൽ, ആളുകളെക്കൊണ്ട് നിങ്ങളെ പ്രകൃതത്തെ അഭിനന്ദിപ്പിക്കുകയും ഒപ്പം അതിനു മാപ്പു കൊടുപ്പിക്കുകയും ചെയ്യുക എന്നത് വിഷമം പിടിച്ച കാര്യമാണെന്നതിനാൽ, അവർ പണക്കാരാകാൻ ശ്രമിക്കും. എന്തിന്‌? അതാണോ നിങ്ങൾ ആലോചിക്കുന്നത്? സംശയമെന്തിന്‌, അധികാരത്തിനു തന്നെ. എന്നാൽ അതിലും വിശേഷിച്ച്, സമ്പത്ത് നിങ്ങളെ തത്ക്ഷണവിചാരണയിൽ നിന്നു രക്ഷിക്കുന്നതിനാൽ, സബ്‌വേയിലെ ആൾക്കൂട്ടത്തിൽ നിന്നു നിങ്ങളെ പൊക്കിയെടുത്ത് ക്രോമിയം പ്ലേറ്റു ചെയ്ത കാറിൽ കെട്ടിയടയ്ക്കുന്നതിനാൽ, മതിലു കെട്ടിത്തിരിച്ച കൂറ്റൻ പുൽത്തകിടികളിൽ, ഒന്നാം ക്ലാസ് റയിൽവേ കോച്ചിൽ, ആഡംബരക്കപ്പലിലെ ക്യാബിനിൽ നിങ്ങളെ വേറിട്ടുനിർത്തുന്നതിനാൽ. സമ്പത്ത്, എന്റെ പൊന്നുചങ്ങാതീ, ശിക്ഷയിൽ നിന്നു വിട്ടയക്കലല്ല, ശിക്ഷ നീട്ടിവയ്ക്കലാണ്‌; അതൊരിക്കലും വേണ്ടെന്നു വയ്ക്കുകയുമരുത്.

*

എനിക്കാരും കൂട്ടുകാരില്ലെന്ന് എങ്ങനെയാണു ഞാൻ അറിയുക? വളരെ എളുപ്പം. എന്റെ കൂട്ടുകാരെ ഒന്നു കളിപ്പിക്കാനായി ആത്മഹത്യയെക്കുറിച്ചാലോചിക്കുമ്പോൾ എനിക്കതു മനസ്സിലായി. ഒരു തരത്തിൽ അതവർക്കൊരു ശിക്ഷയാകട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ. എന്നാൽ ആരെ ശിക്ഷിക്കാൻ? ചിലർക്കത് ഒരത്ഭുതമായി തോന്നിയെന്നുവരാം, അല്ലാതെ ആരുമത് തങ്ങൾക്കൊരു ശിക്ഷയായി എടുക്കില്ല. എനിക്ക് ആരും കൂട്ടുകാരായി ഇല്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ഇനി, അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നു എന്നിരിക്കട്ടെ, അതുകൊണ്ടെനിക്കു കാര്യമായ ഗുണമൊന്നും ഉണ്ടാകാനും പോകുന്നില്ല. ആത്മഹത്യ ചെയ്യാൻ എനിക്കു സാദ്ധ്യമായെന്നിരിക്കട്ടെ, അതവരിൽ എന്തു പ്രഭാവമാണുണ്ടാക്കുന്നതെന്ന് എനിക്കും കാണാനും പറ്റിയെന്നിരിക്കട്ടെ, അപ്പോൾ, അതെ, അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടായി എന്നു വരാം. എന്നാൽ, മണ്ണ്‌ ഇരുണ്ടതാണ്‌, എന്റെ സുഹൃത്തേ, തടി കട്ടികൂടിയതാണ്‌, ശവക്കച്ച വെളിച്ചം കടക്കാത്തതുമാണ്‌. അതേയതെ, ആത്മാവിന്റെ കണ്ണുകൾ- ആത്മാവ് എന്നൊന്നുണ്ടെങ്കിൽ, അതിനു കണ്ണുകളുമുണ്ടെങ്കിൽ! പക്ഷേ നോക്കൂ, നമുക്കതു തീർച്ചയില്ല, തീർച്ചയാക്കാൻ പറ്റില്ല. അല്ലെങ്കിൽ ഇങ്ങനെയൊരു പരിഹാരമുണ്ട്; നിങ്ങളെ അവർ ഗൗരവത്തോടെ എടുക്കുകയെങ്കിലും ചെയ്യുക. നിങ്ങളുടെ വാദങ്ങൾ, നിങ്ങളുടെ ആത്മാർത്ഥത, അല്ലെങ്കിൽ നിങ്ങളനുഭവിക്കുന്ന യാതനയുടെ ഗൗരവം അവർക്കു ബോദ്ധ്യപ്പെടുകതന്നെയില്ല, നിങ്ങളുടെ മരണം കൊണ്ടല്ലാതെ. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളുടെ കാര്യം സംശയാസ്പദമായിരിക്കും, അവരുടെ സംശയദൃഷ്ടിയേ നിങ്ങൾ അർഹിക്കുന്നുള്ളു. നിങ്ങൾക്കാ കാഴ്ച കണ്ടാസ്വദിക്കാം എന്ന എത്ര ചെറുതെങ്കിലുമായ തീർച്ച ഉണ്ടായാൽ മാത്രമേ, അവർ വിശ്വസിക്കാൻ തയാറില്ലാതിരുന്നതൊന്ന് അവർക്കു മുന്നിൽ തെളിയിച്ചുകൊടുത്ത് അവരെ അമ്പരപ്പിച്ചതുകൊണ്ടു കാര്യമുള്ളു. പക്ഷേ നിങ്ങൾ സ്വയം കൊല്ലുന്നു; എന്നിട്ടുപിന്നെ അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും അതുകൊണ്ടെന്തു നേടാൻ? അവരുടെ അന്ധാളിപ്പും പശ്ചാത്താപവും (അതെത്രയും അല്പായുസ്സുമായിരിക്കും) കാണാൻ, സ്വന്തം ശവസംസ്കാരത്തിനു സാക്ഷിയാവാൻ (ഏതു മനുഷ്യന്റെയും സ്വപ്നമാണത്) നിങ്ങൾ ഇല്ലല്ലോ. നമ്മളെക്കുറിച്ചുള്ള സംശയം ഇല്ലാതാവണമെങ്കിൽ നമ്മൾ ഇല്ലാതാവണം, അത്രതന്നെ.

*

“ഇതിനു നിങ്ങൾ അനുഭവിക്കും!” കാണാൻ മിടുക്കനായ ഒരാളെ വിവാഹം കഴിക്കുന്നതിനെതിരുനിന്ന അച്ഛനോട് ചെറുപ്പക്കാരിയായ ഒരു മകൾ പറഞ്ഞു. എന്നിട്ട് അവൾ പോയി ആത്മഹത്യ ചെയ്തു. പക്ഷേ അച്ഛൻ യാതൊന്നും അനുഭവിച്ചില്ല. അയാൾക്ക് ചൂണ്ടയിടാൻ ഇഷ്ടമായിരുന്നു. മൂന്നു ഞായറാഴ്ച്ചകൾ കഴിഞ്ഞ് അയാൾ പുഴയിൽ ചൂണ്ടയിടാൻ പോയി; മറക്കാൻ- എന്നാണ്‌ അയാൾ പറഞ്ഞത്. അയാൾ പറഞ്ഞത് സത്യവുമായിരുന്നു: അയാൾ അതു മറന്നു. ഉള്ളതു പറഞ്ഞാൽ, അങ്ങനെയായിരുന്നില്ലെങ്കിലാണ്‌ അത്ഭുതം തോന്നേണ്ടത്. തന്റെ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനായി താൻ ചാവാൻ പോവുകയാണെന്ന് ഒരാൾ കരുതുന്നു; യഥാർത്ഥത്തിൽ അയാൾ അവൾക്കവളുടെ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്....സ്വേച്ഛയാ മരിക്കുന്നതുകൊണ്ടും താൻ സ്വയം ഉഴിഞ്ഞുവച്ച ഒരാശയത്തിനു വേണ്ടി സ്വജീവൻ ബലി കഴിക്കുന്നതുകൊണ്ടും എന്തു പ്രയോജനം? നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പ്രവൃത്തിക്ക് മൂഢമോ പ്രാകൃതമോ ആയ കാരണങ്ങൾ ആരോപിക്കാനാണ്‌ ആളുകൾ ആ അവസരം ഉപയോഗിക്കുക. മറക്കപ്പെടുക, പരിഹസിക്കപ്പെടുക, ഉപകരണമാവുക- രക്തസാക്ഷികൾക്ക് ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. മനസ്സിലാക്കപ്പെടുക- അതൊരിക്കലും ഉണ്ടാവില്ല!

*

തന്റെ സ്നേഹിതൻ ജയിലിലടയ്ക്കപ്പെട്ടു എന്നറിഞ്ഞ ദിവസം മുതൽ രാത്രിയിൽ കിടപ്പുമുറിയുടെ തറയിൽ കിടന്നുറങ്ങിയിരുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്; തന്റെ സ്നേഹിതനു നിഷേധിക്കപ്പെട്ട ഒരു സുഖം തനിക്കും വേണ്ടെന്ന് സ്വമേധയാ തീരുമാനിക്കുകയായിരുന്നു അയാൾ. നമുക്കു വേണ്ടി വെറും തറയിൽ കിടന്നുറങ്ങാൻ ആരുണ്ടാവും, പ്രിയപ്പെട്ട സർ? എനിക്കതിനു കഴിയുമോ? ഞാൻ പറയട്ടെ, എനിക്കങ്ങനെ ചെയ്യണമെന്നുണ്ട്, ഞാനതു ചെയ്തുവെന്നും വരാം. അതെ, ഒരുനാൾ നമുക്കെല്ലാം അതിനു കഴിഞ്ഞെന്നുവരും, അതായിരിക്കും നമ്മുടെ മോക്ഷവും. പക്ഷേ, അതത്ര എളുപ്പമല്ല; കാരണം, സൗഹൃദം അശ്രദ്ധമാണ്‌, ബലഹീനമെങ്കിലുമാണ്‌. അതാഗ്രഹിക്കുന്നതു കൈവരിക്കാൻ അതിനു കഴിയാറില്ല. അല്ലെങ്കിൽ അത്ര തീവ്രമായി അതാഗ്രഹിക്കാത്തതുകൊണ്ടാവാം. നമ്മൾ ജീവിതത്തെ അത്ര തീവ്രമായി സ്നേഹിക്കാത്തതുകൊണ്ടാവാം. മരണം മാത്രമേ നമ്മുടെ ഉൾവികാരങ്ങളെ തട്ടിയുണർത്താറുള്ളു എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തൊട്ടുമുമ്പു മരിച്ചുപോയ സ്നേഹിതന്മാരോടു നമുക്കെന്തു സ്നേഹമാണ്‌- ശ്രദ്ധിച്ചിട്ടില്ലേ? നിശ്ശബ്ദരായിക്കഴിഞ്ഞ, വായിൽ മണ്ണടിഞ്ഞ, നമ്മുടെ അദ്ധ്യാപകരോട് നമുക്കെന്തു ബഹുമാനമാണ്‌! അപ്പോഴാണ്‌ നമ്മുടെ നാവിൽ നിന്ന് ആദരസൂചകമായ വാക്കുകൾ സ്വാഭാവികമെന്നപോലെ പുറത്തേക്കുവരുന്നത്, ജീവിതകാലം മുഴുവൻ അവർ കേൾക്കാൻ കൊതിച്ചിരിക്കാവുന്ന വാക്കുകൾ. മരിച്ചവരോടാണ്‌ നമ്മൾ കൂടുതൽ നീതിമാന്മാരും മഹാമനസ്കരുമാവുന്നത് എന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം വളരെ ലളിതമാണ്‌! അവർക്കും നമുക്കുമിടയിൽ ഒരു ബാദ്ധ്യതയുമില്ല എന്നതുതന്നെ! അവർ നമ്മളെ നിർബ്ബന്ധിക്കുന്നതേയില്ല, നമുക്കൊഴിവു കിട്ടുമ്പോൾ മതി; നമ്മുടെ കോക്ക്ടെയ്ൽ പാർട്ടിക്കും നമ്മുടെ തല്ക്കാലകാമുകിക്കുമിടയിലെ ഇടവേളയിൽ, അതായത്, നമുക്കു മറ്റൊന്നും ചെയ്യാനില്ലാത്ത നേരത്തു കൊള്ളിക്കാവുന്നതേയുള്ളു ആ ആദരപ്രകടനം. അവർ നമ്മളെ എന്തിനെങ്കിലും നിർബ്ബന്ധിക്കുന്നുണ്ടെങ്കിൽ അത് ഓർമ്മിക്കപ്പെടാനാണ്‌, നമ്മുടെ ഓർമ്മകൾക്കാകട്ടെ, ആയുസ്സു കുറവുമാണ്‌. അതെ, നാം സ്നേഹിക്കുന്നത് അടുത്തിടെ മരിച്ച സ്നേഹിതരെയാണ്‌, വേദനിച്ചു മരിച്ചവരെയാണ്‌, നമ്മുടെ വികാരങ്ങളെയാണ്‌, എന്നു പറഞ്ഞാൽ, നമ്മളെത്തന്നെയാണ്‌!

*

" സൗഹൃദം അശ്രദ്ധമാണ്‌, ബലഹീനമെങ്കിലുമാണ്‌. . . തൊട്ടുമുമ്പു മരിച്ചുപോയ സ്നേഹിതന്മാരോടു നമുക്കെന്തു സ്നേഹമാണ്‌- ശ്രദ്ധിച്ചിട്ടില്ലേ? മരിച്ചവരോടാണ്‌ നമ്മൾ കൂടുതൽ നീതിമാന്മാരും മഹാമനസ്കരുമാവുന്നത് എന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ കാരണം വളരെ ലളിതമാണ്‌! അവർക്കും നമുക്കുമിടയിൽ ഒരു ബാദ്ധ്യതയുമില്ല എന്നതുതന്നെ! അവർ നമ്മളെ നിർബ്ബന്ധിക്കുന്നതേയില്ല, നമുക്കൊഴിവു കിട്ടുമ്പോൾ മതി; നമ്മുടെ കോക്ക്ടെയ്ൽ പാർട്ടിക്കും നമ്മുടെ തല്ക്കാലകാമുകിക്കുമിടയിലെ ഇടവേളയിൽ, അതായത്, നമുക്കു മറ്റൊന്നും ചെയ്യാനില്ലാത്ത നേരത്തു കൊള്ളിക്കാവുന്നതേയുള്ളു ആ ആദരപ്രകടനം. അവർ നമ്മളെ എന്തിനെങ്കിലും നിർബ്ബന്ധിക്കുന്നുണ്ടെങ്കിൽ അത് ഓർമ്മിക്കപ്പെടാനാണ്‌, നമ്മുടെ ഓർമ്മകൾക്കാകട്ടെ, ആയുസ്സു കുറവുമാണ്‌. അതെ, നാം സ്നേഹിക്കുന്നത് അടുത്തിടെ മരിച്ച സ്നേഹിതരെയാണ്‌, വേദനിച്ചു മരിച്ചവരെയാണ്‌, നമ്മുടെ വികാരങ്ങളെയാണ്‌, എന്നു പറഞ്ഞാൽ, നമ്മളെത്തന്നെയാണ്‌!"

ഫ്രീഡ്രിക് നീച്ച - മൌനവും നാട്യവും

 ...മനസ്സിലാക്കാൻ അത്രയും പ്രയാസമുള്ള ഒരാളാണോ ഞാൻ, എന്റെ ഉദ്ദേശ്യങ്ങളിൽ, പദ്ധതികളിൽ, സൗഹൃദങ്ങളിൽ അത്രയെളുപ്പം തെറ്റിദ്ധരിക്കപ്പെടാനും? ഹാ, ഏകാകികളും സ്വതന്ത്രാത്മാക്കളുമായ ഞങ്ങളെപ്പോലുള്ളവർ- ഞങ്ങൾ എന്തു ചിന്തിക്കുന്നുവോ, അതിനു വിരുദ്ധമായി കാണപ്പെടാനാണ്‌ എപ്പോഴും ഞങ്ങളുടെ വിധി. സത്യവും ആർജ്ജവവും അല്ലാതെ മറ്റൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നിരിക്കെ തെറ്റിദ്ധാരണകളുടെ വലക്കണ്ണികളാണ്‌ ഞങ്ങളെ വലയം ചെയ്യുന്നത്; ഞങ്ങൾ എത്ര തീവ്രമായി ആഗ്രഹിച്ചാലും ഞങ്ങളുടെ ചെയ്തികൾ അവാസ്തവമായ അഭിപ്രായങ്ങളുടെയും നിർബ്ബന്ധിതമായ വിട്ടുവീഴ്ച്ചകളുടേയും അർദ്ധസമ്മതങ്ങളുടേയും ദയാപൂർവ്വമായ മൗനത്തിന്റെയും തെറ്റായ വ്യാഖ്യാനങ്ങളുടേയും പുകമേഘത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുകയും വേണം. അത്തരം സംഗതികൾ ഞങ്ങളുടെ നെറ്റിത്തടത്തിൽ വിഷാദത്തിന്റെ ഭാരമേറ്റിയിരിക്കുന്നു; കപടാഭിനയം ആവശ്യമായിവരുമെന്ന ചിന്ത മരണത്തെക്കാൾ ഞങ്ങൾക്കു വെറുപ്പുളവാക്കുന്നതാണല്ലോ.  ഇത്തരം കാര്യങ്ങളോട് നിരന്തരം ഏറ്റുമുട്ടേണ്ടിവരുന്നത് ഞങ്ങളെ സ്ഫോടകാത്മകവും ഭീഷണവുമായ ഒരവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കു മേൽ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന ഗോപ്യതയ്ക്കും നിർബ്ബന്ധിതമായ ആത്മനിയന്ത്രണത്തിനുമെതിരെ ഇടയ്ക്കിടെ ഞങ്ങൾ പ്രതികാരം നടത്താറുമുണ്ട്. ഭയാനകമായ മുഖങ്ങളുമായി അപ്പോൾ ഞങ്ങൾ സ്വന്തം മാളങ്ങളിൽ നിന്നു പുറത്തുവരുന്നു; ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും അപ്പോൾ സ്ഫോടനങ്ങളായിരിക്കും; ഞങ്ങളിലൂടെത്തന്നെ ഞങ്ങൾ നാശമടയുക എന്നത് സാദ്ധ്യതയുടെ അതിർവരമ്പിനപ്പുറത്താകാതെയും വരാം. അത്ര അപകടകരമായിട്ടാണ്‌ ഞങ്ങൾ ജീവിക്കുന്നത്! കൃത്യമായും ഞങ്ങൾക്കാണ്‌, ഏകാകികൾക്കാണ്‌, സ്നേഹം ആവശ്യമുള്ളത്; മനസ്സു തുറക്കാനും സരളമനസ്കരാവാനും ചങ്ങാതിമാരുടെ സാന്നിദ്ധ്യം വേണ്ടത്; മൗനവും നാട്യവും തമിലുള്ള നിതാന്തസമരം അപ്പോഴേ നിലയ്ക്കുകയുമുള്ളു...


(ഫ്രീഡ്രിക് നീച്ച സഹോദരി എലിസബത്തിനെഴുതിയ കത്തിൽ നിന്ന്. 1875 ജനുവരി 22)

2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

ഫ്ലോബേറിന്റെ ഒരു കത്ത്


ആദ്യമേതന്നെ ഞാൻ നിങ്ങൾക്കു നന്ദി പറയട്ടെ; നിങ്ങൾ അയച്ചതെല്ലാം എനിക്കു കിട്ടി. നന്ദി, കത്തിന്‌, പുസ്തകങ്ങൾക്ക്, എല്ലാറ്റിനുമുപരി ആ ഛായാചിത്രത്തിന്‌. ആ സൂക്ഷ്മമായ ജാഗ്രത എന്റെ മനസ്സിനെ സ്പർശിച്ചു.

നിങ്ങളുടെ മൂന്നു വാല്യങ്ങൾ ഞാൻ സാവധാനം, ശ്രദ്ധ കൊടുത്തു വായിക്കാൻ പോവുകയാണ്‌- എന്നു പറഞ്ഞാൽ അവ അർഹിക്കുന്ന രീതിയിൽ (അതെനിക്ക് മുൻകൂട്ടിത്തന്നെ തീർച്ചയാണ്‌.)

പക്ഷേ തല്ക്കാലം എനിക്കതു കഴിയില്ല; കാരണം, ഗ്രാമത്തിലേക്കു മടങ്ങുന്നതിനു മുമ്പ് പൗരാണികതയുടെ തീർത്തും അജ്ഞാതമായ ഒരു കാലഘട്ടത്തെക്കുറിച്ച് എനിക്കു ചില പുരാവസ്തുപഠനങ്ങൾ ചെയ്തുതീർക്കാനുണ്ട്- മറ്റൊരു ദൗത്യത്തിനായുള്ള ഒരു ദൗത്യം. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടു മുമ്പു നടന്ന കാര്യങ്ങളെക്കുറിച്ച് ഒരു നോവലെഴുതാൻ പോവുകയാണു ഞാൻ. ആധുനികലോകത്തു നിന്ന് ഒരവധിയെടുക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു: ആവശ്യത്തിലധികം കാലം എന്റെ തൂലിക അതിൽ മുഴുകിക്കഴിഞ്ഞിരിക്കുന്നു; അതിനെ കാണുന്നത് എത്രയ്ക്കു വെറുപ്പാണോ, അത്രയ്ക്ക് അതിനെ ചിത്രീകരിക്കുന്നതും എനിക്കു മടുപ്പായിരിക്കുന്നു.

പറഞ്ഞാൽ മനസ്സിലാകുന്ന നിങ്ങളെപ്പോലൊരു വായനക്കാരിയുടെ മുന്നിൽ മദാം, ആർജ്ജവം ഒരു കടമയാണ്‌. അതിനാൽ ഞാൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാം: മദാം ബോവറി യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചല്ലേയല്ല. തീർത്തും കല്പിതമായ ഒരു കഥയാണത്; എന്റെ വികാരങ്ങളോ എന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള വിശദാംശങ്ങളോ ഒന്നുപോലും അതിലില്ല. നേരേ മറിച്ച്,  യാഥാർത്ഥ്യമെന്ന പ്രതീതി (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) വരുന്നത് ആ പുസ്തകത്തിന്റെ നിർവ്യക്തികതയിൽ നിന്നാണ്‌. എഴുത്തുകാരൻ ഒരിക്കലും സ്വന്തം പ്രമേയമാകരുത് എന്നത് എന്റെയൊരു പ്രമാണമാണ്‌. കലാകാരൻ തന്റെ കൃതിയിൽ സൃഷ്ടിയിൽ ദൈവത്തെപ്പോലെയാകണം: അദൃശ്യനും സർവ്വശക്തനും; അയാളുടെ സാന്നിദ്ധ്യം എവിടെയുമുണ്ടാകണം, ഒരിടത്തും അയാൾ കാണപ്പെടുകയുമരുത്.

തന്നെയുമല്ല, കല വ്യക്തിപരമായ വികാരങ്ങൾക്കും വൈകാരികസംക്ഷോഭങ്ങൾക്കും മുകളിലേക്കുയരുകയും വേണം. ഭൗതികശാസ്ത്രങ്ങളുടെ കൃത്യതയുള്ള, നിർദ്ദയമായ ഒരു ചിട്ട അതിനു നല്കേണ്ട കാലമായിരിക്കുന്നു. അപ്പോഴും, എന്നെ സംബന്ധിച്ച് ഏറ്റവും മുഖ്യമായ വൈഷമ്യം അവശേഷിക്കുന്നു: ശൈലി, രൂപം, പ്ലേറ്റോ പറഞ്ഞപോലെ സത്യത്തിന്റെ ഗരിമയെ സങ്കല്പിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും അന്തർനിഹിതമായ ആ അവാച്യസൗന്ദര്യം.

ഏറെക്കാലത്തേക്ക് മദാം, നിങ്ങളുടേതുപോലൊരു ജീവിതമായിരുന്നു എന്റേതും. ഗ്രാമത്തിൽ, തീർത്തും ഏകാകിയായി വളരെ വർഷങ്ങൾ ഞാൻ ജീവിച്ചു; മരങ്ങളിൽ കാറ്റു പിടിക്കുന്നതും എന്റെ ജനാലയ്ക്കു ചോടെ സേൻ നദിയിൽ പൊന്തിയൊഴുകുന്ന മഞ്ഞുകട്ടകൾ വെടിയ്ക്കുന്നതുമല്ലാതെ മഞ്ഞുകാലങ്ങളിൽ യാതൊന്നും ഞാൻ കേട്ടിരുന്നില്ല. ജീവിതത്തിനെക്കുറിച്ച് എന്തെങ്കിലും ഒരു ധാരണയിൽ ഞാൻ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ജീവിതം, ആ വാക്കിന്റെ സാമാന്യമായ അർത്ഥത്തിൽ വളരെക്കുറച്ചേ ഞാൻ ജീവിച്ചിട്ടുള്ളു എന്നതാണ്‌; ഞാൻ കഴിച്ചത് വളരെക്കുറച്ചായിരുന്നു, ഞാൻ അയവിറക്കിയത് വളരെയധികവും; എല്ലാതരം ആളുകളേയും ഞാൻ കണ്ടിട്ടുണ്ട്, പല നാടുകളും ഞാൻ കണ്ടു. കാൽനടയായും ഒട്ടകപ്പുറത്തും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. പാരീസിലെ ഊഹക്കച്ചവടക്കാരും ദമാസ്കസിലെ ജൂതന്മാരും ഇറ്റാലിയൻ ചട്ടമ്പികളും നീഗ്രോ വേഷംകെട്ടുകാരും എനിക്കു പരിചയക്കാരായിരുന്നു. വിശുദ്ധദേശത്തേക്കു ഞാൻ തീർത്ഥയാത്ര ചെയ്തിട്ടുണ്ട്, പർണാസസ്സിലെ മഞ്ഞിൽ ഞാൻ വഴി തെറ്റിയലഞ്ഞിട്ടുമുണ്ട്- അത് പ്രതീകാത്മകമായി എടുത്താൽ മതി.

പരാതിയില്ല; ലോകത്തിന്റെ നാലു മൂലയ്ക്കും ഞാൻ പോയിക്കഴിഞ്ഞു; നിങ്ങൾ സ്വപ്നം കാണുന്ന ആ പാരീസിനെക്കുറിച്ച് തികഞ്ഞ ഗ്രാഹ്യവും എനിക്കുണ്ട്. സ്വീകരണമുറിയുടെ ഊഷ്മളതയിൽ അരികിൽ ഒരു പുസ്തകവുമായി  ഇരിക്കുക, നിങ്ങളുടെ മാനസികപ്രതികരണം നിശിതമായിരിക്കുമ്പോൾ ഹാംലെറ്റോ ഫൗസ്റ്റോ എടുത്തു വായിക്കുക - അതിനു  പകരം വയ്ക്കാൻ യാതൊന്നുമില്ല;  വെനീസിൽ ഗ്രാൻഡ് കനാലിനരികിൽ ഒരു ചെറിയ കൊട്ടാരം വാങ്ങുക എന്നതാണ്‌ എന്റെ സ്വപ്നം.

അങ്ങനെ മദാം, നിങ്ങളുടെ ജിജ്ഞാസയുടെ ഒരു ഭാഗത്തിനു നിവൃത്തിയായതായി ഞാൻ കരുതുന്നു. എന്റെ ഛായാചിത്രവും ജീവചരിത്രവും പൂർണ്ണമാക്കുന്നതിനായി ഇതും കൂടി കൂട്ടിച്ചേർക്കുക: എനിക്കു മുപ്പത്തഞ്ചു വയസ്സാണ്‌, അഞ്ചടി എട്ടിഞ്ച് ഉയരം, കപ്പലിലെ ചുമട്ടുകാരനുള്ള ചുമലുകൾ, ഒരു പരിഷ്കാരിയുവതിയുടെ പെട്ടെന്നു വെറി പിടിക്കുന്ന സ്വഭാവവും. ഞാൻ അവിവാഹിതനും ഒറ്റയ്ക്കു കഴിയുന്നവനുമാണ്‌.

(ഗുസ്താവ് ഫ്ലോബേർ എഴുത്തുകാരിയായ Mlle Leroyer de Chantepieയ്ക്ക് 1857 മാർച്ച് 18നയച്ച കത്തിൽ നിന്ന്)




2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഹെർമ്മൻ ഹെസ്സെ - പുല്പുറത്തു മലർന്നുകിടക്കുമ്പോൾ



ഇത്രേയുള്ളു എല്ലാം:
പൂക്കളുടെ നൈമിഷികമായ ഇന്ദ്രജാലപ്രകടനം,
തെളിഞ്ഞ വേനല്പാടത്ത് തൂവലുകൾ പോലെ കൊഴിയുന്ന നിറങ്ങൾ,
മാനത്തു വലിച്ചുകെട്ടിയ നേർത്ത നീലിമ, തേനീച്ചകളുടെ ഗാനം?
ഏതോ ദൈവം സ്വപ്നം കണ്ടു പുലമ്പുന്നതാണിതെല്ലാമെന്നോ,
അജ്ഞാതശക്തികളേതോ വിടുതലിനായി കരഞ്ഞുവിളിക്കുന്നതാണെന്നോ?
നീലിമയിൽ സുന്ദരവും ധീരവുമായി വിശ്രമിക്കുന്ന ആ മലയുടെ വിദൂരരേഖ-
അതുമൊരു സംക്ഷോഭം മാത്രമാണെന്നോ,
കലങ്ങിമറിയുന്ന പ്രകൃതിയുടെ പിരിമുറുക്കം?
ശോകം മാത്രം, യാതന മാത്രം, നിരർത്ഥകമായ അനിശ്ചിതത്വം മാത്രം,
ഒരിക്കലുമടങ്ങാത്ത, ധന്യതയറിയാത്ത ചലനം?
വിടൂ, എന്നെ വെറുതേവിടൂ, ദുഷ്ടസ്വപ്നമേ!
സാന്ധ്യവെളിച്ചത്തിൽ പ്രാണികളുടെ നൃത്തമെന്നെ തൊട്ടിലാട്ടുമ്പോൾ,
കിളിപ്പാട്ടുകളുമെന്നെ താരാട്ടുമ്പോൾ,
മുഖസ്തുതി കൊണ്ടൊരു കാറ്റിന്റെ നിശ്വാസമെന്റെ നെറ്റിത്തടം തണുപ്പിക്കുമ്പോൾ,
എന്നെ വെറുതേവിടൂ, പ്രാക്തനശോകമേ!
വേദനയാണെല്ലാമെന്നായിക്കോട്ടെ,
യാതനയാണെല്ലാമെന്നായിക്കോട്ടെ,
നിഴലും ദുരിതവുമാണെപ്പോഴുമെന്നായിക്കോട്ടെ-
എന്നാലങ്ങനെയല്ല, വേനലിന്റെ ഈ മധുരമുഹൂർത്തം,
അങ്ങനെയല്ല, ഈ വയല്പൂവിന്റെ പരിമളം,
എന്റെ ആത്മാവിനുള്ളിലെ ആർദ്രമായ ആഹ്ലാദവും.