2019, ജൂലൈ 23, ചൊവ്വാഴ്ച

കബീർ പറയുന്നു



1



ഉടുതുണിയില്ലാതെ നടന്നാൽ മതി സദ്ഗതിയടയാനെങ്കിൽ
കാട്ടിലെ മാനുകൾക്കതെന്നേ കിട്ടിയേനേ.

മുണ്ഡനം ചെയ്ത ശിരസ്സാണു പരമഭക്തിയുടെ ചിഹ്നമെങ്കിൽ
ഭക്തശിരോമണികളാണു പെണ്ണാടുകളെന്നു പറയരുതോ.

രേതസ്സിനെ നിരോധിച്ചാൽ സ്വർഗ്ഗത്തേക്കു ദൂരം കുറയുമെങ്കിൽ
മുമ്പേ നടക്കുന്നതു വരിയുടച്ച മൂരിയാവേണ്ടേ.

കബീർ പറയുന്നതു കേൾക്കു സഹോദരാ,
മോചനത്തിനു വചനമൊന്നേ,
                                                  -രാമനാമം.




2


സ്വന്തമുടലു മണക്കാൻ നിങ്ങൾ ചന്ദനമുട്ടിയരയ്ക്കുമ്പോൾ
മറ്റൊരിടത്തു മറ്റൊരാൾ മാവിൻതടി വെട്ടുകയായിരുന്നു,
നിങ്ങൾക്കു ചിതയൊരുക്കാൻ.
കൈയിൽ പറക്കുന്ന പട്ടത്തിന്റെ ചരടും
താംബൂലതൈലമൊലിച്ചിറങ്ങുന്ന താടിയും:
ഈ കോലത്തിൽ നിങ്ങൾ മരണത്തെ മറക്കുന്നു,
ഏതു കള്ളനെയും പോലെ നിങ്ങളെയും ചുടുമെന്നു മറക്കുന്നു.
രാമനാണൊരേയൊരു നേരെന്നു നിങ്ങൾ കാണുന്നുന്നില്ലേ,
കബീർ പറയുന്നു, ശേഷമൊക്കെ ഒരു പെരുംനുണയെന്നും?


3


കൂരമ്പു പോലാണു ഹരിയുടെ പ്രണയം,
തറഞ്ഞുതന്നെയറിയണമതിന്റെ നൊമ്പരം.
ഉടലിലതിന്റെ വടു കാണില്ലെന്നിരിക്കെ,
അരച്ച പച്ചമരുന്നു നിങ്ങളെവിടെപ്പുരട്ടും?
വധുക്കളെല്ലാവരുമൊരുപോലിരിക്കെ,
ഹരിയെന്ന വരനിന്നാരെ വരിക്കും?
സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞവൾ,
അവളാണു ധന്യയെന്നു കബീറു പറയും.



4



നമുക്കു പോകാം, പോകാമെന്നവർ തിടുക്കപ്പെടുത്തുന്നു;
ഒരു വളവും കഴിഞ്ഞുചെന്നാൽ സ്വർഗ്ഗമായെന്ന മട്ടിലാണവർ!
ആ സ്വർഗ്ഗമെങ്ങനെയുണ്ടെന്നവരോടൊന്നു ചോദിക്കൂ,
സ്വന്തം തെരുവു പോലുമറിയാതെ പകച്ചവർ നില്ക്കും.
ഇനി, സ്വർഗ്ഗത്തിലേക്കാണവരുടെ യാത്രയെങ്കിലും
അവരുടെ യാത്ര തീരുന്നിടം സ്വർഗ്ഗമാകണമെന്നുമില്ല.
കേട്ടുകേൾവി വച്ചാണവരിറങ്ങിപ്പുറപ്പെടുന്നതെങ്കിലോ?
നിങ്ങൾതന്നെ പോയൊന്നുറപ്പു വരുത്തുകയല്ലേ ഭംഗി?
ഈ കബീറിനു പക്ഷേ, എവിടെയും പോകണമെന്നില്ല,
ഇഷ്ടന്മാർ ചിലരെ കിട്ടിയാൽ അയാൾക്കിവിടം തന്നെ മതി.

2019, ജൂലൈ 1, തിങ്കളാഴ്‌ച

നിക്കോളായ് ടിഖോനോവ് - രണ്ടു കവിതകൾ



തീയും കയറും


തീയും കയറും, മഴുവും വെടിയുണ്ടയും-
വിശ്വസ്തരായ സേവകരെപ്പോലവ ഞങ്ങൾക്കു പിന്നാലെ വന്നു.
ഓരോ തുള്ളിയിലുമൊരു പ്രളയമുറങ്ങിക്കിടന്നിരുന്നു,
ഓരോ കല്ലും മലയായിപ്പൊന്തിയിരുന്നു,
ചവിട്ടടിയിലമർന്ന ഓരോ ചുള്ളിക്കമ്പിലും
കാടുകൾ കറുത്ത കൈകളുയർത്തി നെടുവീർപ്പിട്ടിരുന്നു.
അസത്യം ഞങ്ങൾക്കൊപ്പം വിരുന്നുണ്ടു,
മണികൾ മുഴങ്ങിയെങ്കിലതു ശീലം കൊണ്ടു മാത്രമായി,
ഭാരം പോയ നാണയങ്ങൾക്കു കിലുക്കവും പോയി,
കുട്ടികൾ ജഡങ്ങളെ ഭയമില്ലാതെ നോക്കിനിന്നു...
അന്നേ ഞങ്ങളാദ്യമായി പഠിച്ചുള്ളു,
കയ്ക്കുന്ന വാക്കുകൾ- പരുഷവും സുന്ദരവുമായ വാക്കുകൾ.
(1921)



ഞങ്ങളുടെ മുറികൾ

ഞങ്ങളുടെ മുറികൾ ഉരുണ്ടുനീങ്ങുന്ന വണ്ടികളായിരിക്കുന്നു,
ആകാശത്തതിന്റെ ചക്രച്ചുറ്റുകൾ കരയുന്നു;
ഞങ്ങൾക്കു താഴെ പച്ചപ്പായ മുടിച്ചുരുളുകൾ
നിലാവൊഴുകുന്ന പുഴയിലിളകുന്നു.



കണ്ണാടിപ്പാലങ്ങളിലൂടെ ഞങ്ങൾ യാത്ര പോകുന്നു,
ഭൂമി കടന്ന്, ആകാശവും കടന്ന്.
ചുവന്നുതുടുത്ത കവിളുകൾ ജനാലയിലമർത്തി
സൂര്യൻ ഞങ്ങൾക്കായൊരു ഗാനമാലപിക്കുന്നു.



വേനലിലെ തേനറകളാണോരോ ഹൃദയവും,
അതിലുണ്ട് കറുത്ത തേനും വെളുത്ത തീയും.
ഞങ്ങളാണു ഭാഗ്യവാന്മാരെന്ന പോലെ
അരുവിയ്ക്കു മേൽ ഞങ്ങൾ തല താഴ്ത്തുന്നു.



ആരാണു ഞങ്ങൾക്കു നായകനെന്നറിയില്ല,
ഉരുളുന്ന ചക്രങ്ങളുടെ ലക്ഷ്യമേതെന്നറിയില്ല,
തുറന്നുവിട്ടൊരു കിളിയെപ്പോലാത്മാവു പക്ഷേ,
കാറ്റു കീറിമുറിയ്ക്കുന്ന ചിറകേറിക്കുതിയ്ക്കുന്നു.

1921 



നിക്കോളായ് സെമെനോവിച്ച് ടിഖോനോവ്  
Nikolay Tikhonov
(1896-1979)- റഷ്യൻ കവി. രണ്ടു മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. 1944ൽ സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ ചെയർമാനായെങ്കിലും ആഹ് മാത്തോവയെ തള്ളിപ്പറഞ്ഞില്ലെന്നതിന്റെ പേരിൽ ഷഡനോവിന്റെ അപ്രീതിയ്ക്കു പാത്രമായി.