2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

കാഫ്ക - ഫെലിസിന്




1912 നവംബർ 24

പ്രിയപ്പെട്ടവളേ, എത്രയും ജുഗുപ്ത്സാവഹമായ ഈ കഥ ഞാനൊരിക്കൽക്കൂടി മാറ്റിവയ്ക്കുകയാണ്‌, നിന്നെക്കുറിച്ചോർമ്മിച്ച് എനിക്കൊന്നുന്മേഷമാവാൻ. ഇന്നത്തോടെ അതു പാതിയും തീർന്നിരിക്കുന്നു, ആകപ്പാടെ എനിക്കത്ര തൃപ്തിക്കുറവുമില്ല; പക്ഷേ തീരാത്തത്ര ജുഗുപ്ത്സാവഹമാണത്. നോക്കൂ, ഈവകയൊക്കെ പുറത്തുവരുന്നത് നീ കുടിയേറിയ അതേ ഹൃദയത്തിൽ നിന്നു തന്നെയാണ്‌, അസൗകര്യങ്ങൾ സഹിച്ചും നീ താമസിക്കുന്ന അതേ ഹൃദയത്തിൽ നിന്ന്. എന്നാൽ അതോർത്തു നീ മനസ്സു വിഷമിപ്പിക്കുകയും വേണ്ട; ആരു കണ്ടു, എഴുതിയെഴുതി വിമുക്തനാവുന്നതോടെ മാലിന്യങ്ങൾ മാറി നിനക്കർഹനായേക്കില്ല ഞാനെന്ന്; ഇനിയുമൊഴിച്ചുകളയാൻ എത്രയോ ബാക്കി കിടക്കുന്നുവെന്നതു ശരിയാണെങ്കിലും, ഈ ഇടപാടിന്‌ രാത്രികളുടെ ദൈർഘ്യം മതിയാവുകയില്ലെങ്കിലും?
ഇനി, ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിന്റെ ആഗ്രഹമതായതു കൊണ്ട്, അതെളുപ്പമാണെന്നതു കൊണ്ടും, നിന്റെ കാതിൽ ഞാൻ മന്ത്രിക്കട്ടെ, എനിക്കു നിന്നെ എന്തുമാത്രം സ്നേഹമാണെന്ന്. നിന്നെ ഞാനത്രയ്ക്കും സ്നേഹിക്കുന്നു ഫെലിസ്; എനിക്കു നീ സ്വന്തമാവുകയാണെങ്കിൽ ചിരായുസ്സിനു ഞാൻ കൊതിക്കുമായിരുന്നു; പക്ഷേ ഓർക്കുക, ആരോഗ്യമുള്ള ഒരുവനായി, നിനക്കു നിരക്കുന്നവനായി. അതെ, അങ്ങനെയാണത്, നീയതു മനസ്സിലാക്കുകയും വേണം. ചുംബനത്തെക്കവിഞ്ഞതൊന്നാണത്; അതു ബോദ്ധ്യമാവുമ്പോൾ നിന്റെ കൈയിൽ പതിയെ തലോടുകയല്ലാതെ കാര്യമായി മറ്റൊന്നും ചെയ്യാൻ എനിക്കു ശേഷിക്കുന്നുമില്ല. അതുകൊണ്ടാണ്‌ പ്രിയപ്പെട്ടവളേ എന്നല്ലാതെ ഫെലിസ് എന്നു വിളിയ്ക്കാൻ എനിക്കിഷ്ടം; പ്രിയേ എന്നല്ലാതെ നീയെന്നും. അതേസമയം കഴിയുന്നത്ര കാര്യങ്ങൾ നിന്നോടു പറയണമെന്നുമെനിക്കുള്ളതിനാൽ പ്രിയപ്പെട്ടവളേ എന്നു വിളിക്കാനും എനിക്കിഷ്ടം തന്നെ, ഇനിയെന്തു പേരു വിളിയ്ക്കാനും.



1913 മാർച്ച് 17-18

നീ പറഞ്ഞതു ശരിയാണു ഫെലിസ്; അടുത്ത കാലത്തായി നിനക്കു കത്തെഴുതാൻ ഞാൻ സ്വയം അത്രമാത്രം നിർബ്ബന്ധിച്ചാലേ കഴിയൂ എന്നായിരിക്കുന്നു; പക്ഷേ നിനക്കെഴുതലും എന്റെ ജീവിക്കലും തമ്മിൽ അത്രയ്ക്കടുത്തുവരികയും ചെയ്തിരിക്കെ, ജീവിക്കാനും എനിക്കു സ്വയം നിർബ്ബന്ധിക്കേണ്ടിവരുന്നു. അങ്ങനെയല്ലേ?
അതുമല്ല മൂലസ്രോതസ്സിൽ നിന്ന് ഒരു വാക്കു പോലും എന്നിലേക്കു വരുന്നുമില്ല; വഴിയിലെവിടെയോ വച്ച്, വളരെ ആകസ്മികമായി, വളരെ പ്രയാസപ്പെട്ടും കൈയിലാക്കുകയാണു ഞാനെന്നേയുള്ളു. ഒരിക്കൽ, ജീവിതവും എഴുത്തും എനിക്കൊന്നായിരുന്ന കാലത്ത് ഞാൻ നിനക്കെഴുതിയിരുന്നല്ലോ, ഒരനുഭൂതി യഥാർത്ഥമാണെങ്കിൽ അനുയോജ്യമായ വാക്കുകൾ തേടി അതലയേണ്ടിവരില്ലെന്ന്, അവ മുന്നിൽ വന്നു നിന്നുതരുമെന്ന്, അവ തന്നെയും അതിനു പ്രേരകമാവാമെന്ന്? അതൊരുപക്ഷേ സത്യമല്ലെന്നു വരാം.

പക്ഷേ എത്ര പതറാത്ത കൈ കൊണ്ടാവട്ടെ ഞാനെഴുതുന്നത്, അതെങ്ങനെ കൈവരിക്കാൻ, ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതൊക്കെ: ഒരേപോലെ ഗൗരവമുള്ളതാണ്‌ എന്റെ രണ്ടപേക്ഷകളുമെന്നു നിന്നെ ബോദ്ധ്യപ്പെടുത്തുക: ‘എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുക’ അതുപോലെ ‘എന്നെ വെറുക്കുക’.
പക്ഷേ നീ എന്നെക്കുറിച്ചു വേണ്ടവിധം ചിന്തിക്കുന്നില്ലെന്നു ഞാൻ ഗൗരവമായിത്തന്നെ പറയുകയാണ്‌. ഉണ്ടെങ്കിൽ ആ നരച്ച മുടി നീ എനിക്കയച്ചുതരുമായിരുന്നല്ലോ. ചെന്നികളിൽ മാത്രമല്ല എന്റെ മുടി നരച്ചിരിക്കുന്നത്, എന്റെ തലയാകെ നര കേറുകയാണ്‌; ഒരാൾ കഷണ്ടിയാണെങ്കിൽത്തന്നെ നിനക്കയാളെ സഹിക്കാൻ പറ്റില്ലെന്നോർക്കുമ്പോൾ നര ഒന്നുകൂടി വെളുക്കുകയുമാണ്‌.
പറഞ്ഞ ഡയറി എഴുതാൻ എനിക്കു മനസ്സു വരുന്നുമില്ല, ഫെലിസ്. ( ഫെ എന്നെഴുതാൻ എന്റെ പേന പിന്നെയും വിസമ്മതിക്കുകയാണ്‌; സ്കൂൾകുട്ടികൾക്കോ വെറും പരിചയക്കാർക്കോ അതു മതി; ഫെലിസ് എന്നാൽ അതിലുമധികമാണ്‌; ശരിയ്ക്കും അതൊരാശ്ളേഷം തന്നെയാണ്‌. വാക്കുകളെ ആശ്രയിക്കുന്ന, ഈയൊരു കാര്യത്തിലെന്നപോലെ പ്രകൃതം കൊണ്ടും, എന്നെപ്പോലൊരാൾ അങ്ങനെയൊരവസരം വിട്ടുകളയുമെന്നു കരുതാമോ?) അതു നിറയെ അസഹ്യമായ കാര്യങ്ങളായിരിക്കും, തീർത്തും അസാദ്ധ്യമായ കാര്യങ്ങൾ; അവ കത്തുകളായല്ലാതെ, വെറുമൊരു ഡയറിയായി വായിക്കാൻ നിന്നെക്കൊണ്ടു കഴിയുമോ, പ്രിയപ്പെട്ടവളേ? ആ വാഗ്ദത്തം ഞാൻ മുൻകൂറായി ആവശ്യപ്പെടുകയാണ്‌.
ഇന്നുച്ചയ്ക്കു ഞാനെഴുതി, എന്റെ ബർലിൻയാത്ര എന്നെ മാത്രമാശ്രയിച്ചാണിരിക്കുന്നതെന്നപോലെ; അതു ഞാൻ കത്തെഴുതിയതിന്റെ തിടുക്കം കൊണ്ടു വന്നുപോയതാണ്‌; മറ്റെന്തിലുമുപരി നിനക്കതിനെക്കുറിച്ചുള്ള വീക്ഷണത്തിലാണ്‌ ആ യാത്രയുടെ ഭാവി എന്നു ഞാൻ പറയേണ്ടല്ലോ.
വിട, പ്രിയപ്പെട്ടവളേ. എന്റെ യാത്രയ്ക്കുള്ള വിഘാതത്തെക്കുറിച്ച് നാളെ പകൽ ഞാനെഴുതാം.
ഫ്രാൻസ്