2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ജ്യോവന്നി വെർഗ - ലാ ലൂപ്പ



നീണ്ടുമെലിഞ്ഞിട്ടായിരുന്നു അവൾ; ചെറുപ്പം പോയിട്ടും നിറഞ്ഞ മുലകളുടെ വടിവു നഷ്ടപ്പെട്ടിരുന്നില്ല; തൊലിനിറമാകട്ടെ, മലമ്പനി വിട്ടുമാറാത്ത ഒരാളുടേതുപോലെ വിളർച്ച പിടിച്ചതായിരുന്നു. ആ വിളർച്ചയ്ക്കടിയിൽ നിന്ന് രണ്ടു വലിയ കണ്ണുകളും തുടുത്തുചുവന്ന ചുണ്ടുകളും നിങ്ങളെ വെട്ടിവിഴുങ്ങാനെന്നപോലെ തെഴുത്തുനിന്നു.

ഗ്രാമത്തിൽ ആളുകൾ അവളെ വിളിച്ചിരുന്നത് ലാ ലൂപ്പ (പെൺചെന്നായ) എന്നായിരുന്നു; ഒരിക്കലും ശമനം കിട്ടാത്തതായിരുന്നല്ലോ, അവളുടെ ആർത്തി. ഒരു വിശന്ന ചെന്നായയുടെ അലഞ്ഞ നടത്തയോടെ ഒറ്റയ്ക്കവൾ വരുന്നതു കാണുമ്പോൾ സ്ത്രീകൾ കുരിശ്ശു വരയ്ക്കും. കണ്ണൊന്നടച്ചു തുറക്കും മുമ്പല്ലേ തങ്ങളുടെ ആണ്മക്കളേയും ഭർത്താക്കന്മാരെയും ആ ചുവന്ന ചുണ്ടുകൾ കൊണ്ടവൾ കൊത്തിയെടുക്കുക! സാന്ത അഗ്രിപ്പിനായുടെ അൾത്താരയ്ക്കു മുന്നിൽ നില്ക്കുമ്പോൾപോലും അവരെ തന്റെ വരുതിയിലാക്കാൻ അവൾക്കാ ചെകുത്താൻകണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞാൽ മതി.

ഭാഗ്യത്തിന്‌ ഈസ്റ്ററായാലും ക്രിസ്തുമസ്സായാലും ലാ ലൂപ്പ പള്ളിയിൽ കാലു കുത്താറില്ല. അവൾക്കു കുർബ്ബാന കൈക്കൊള്ളേണ്ട, കുമ്പസാരവും നടത്തേണ്ട. ഇവളൊരുത്തി കാരണമല്ലേ, സാന്ത മരിയ ഡി ഗേസുവിലെ അംഗിയോലിനോ അച്ചന്‌ - എത്ര സമർപ്പിതനായ ദൈവദാസനായിരുന്നു അദ്ദേഹം- ആത്മാവു നഷ്ടപ്പെട്ടത്.

മരിച്ചിയ, സുന്ദരിയും മിടുക്കിയുമായ ആ പാവം പെൺകുട്ടി, ആരും കാണാതെ കണ്ണീരൊഴുക്കി. ലാ ലൂപ്പയുടെ മകളായതു കാരണമാണല്ലോ ആരും അവളെ വിവാഹം കഴിക്കാൻ മുന്നോട്ടു വരാതിരുന്നത്. ഗ്രാമത്തിലെ മറ്റേതു പെൺകുട്ടിയേയും പോലെ അവൾക്കുമുണ്ടായിരുന്നു ഒരു തുണ്ടു മണ്ണും പെട്ടിയിലടച്ചുസൂക്ഷിച്ച കല്യാണപ്പുടവയും.

അങ്ങനെയിരിക്കെ ലാ ലൂപ്പ കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനുമായി പ്രേമത്തിലായി. അയാൾ പട്ടാളസേവനം കഴിഞ്ഞു നാട്ടിൽ വന്നിട്ട് നോട്ടറിയുടെ പാടത്തു പണിയ്ക്കു വന്നതാണ്‌; കൊയ്ത്തിന്‌ അവളുമുണ്ടായിരുന്നു. അവൾക്കവനോടു കടുത്ത പ്രേമമായിരുന്നു. അടിയുടുപ്പുകൾക്കടിയിൽ തന്റെ ഉടലെരിയുന്നത് അവളറിഞ്ഞു; അവന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ പൊള്ളുന്ന വേനൽനട്ടുച്ച തന്റെ തൊണ്ടയെരിക്കുന്നപോലെ അവൾക്കു തോന്നി. അവൻ ഇതൊന്നുമറിയാതെ കറ്റ കൊയ്തുകൂട്ടിക്കൊണ്ടിരുന്നു. “എന്തു പറ്റി, പീനാ?” അവൻ ചോദിച്ചു. പറന്നുപൊങ്ങുന്ന പുല്ച്ചാടികളുടെ മർമ്മരമല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത, സൂര്യരശ്മികൾ കുത്തനേ വന്നുപതിക്കുന്ന വിശാലമായ ആ പാടശേഖരത്ത് കൊയ്ത കറ്റകൾ കെട്ടുകെട്ടായി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ലാ ലൂപ്പ. അവൾ ഒരു ക്ഷീണവും കാണിച്ചില്ല, ഒരിക്കലെങ്കിലും അവളൊന്നു നടു നിവർത്തിയില്ല, ഒരിക്കൽപോലും അവൾ തന്റെ വെള്ളക്കുപ്പി ചുണ്ടത്തൊന്നു വച്ചതുമില്ല. അവൻ കൊയ്തുകൊയ്തുകയറുമ്പോൾ അവനെ തൊട്ടുനില്ക്കണമെന്നേ അവൾക്കുണ്ടായിരുന്നുള്ളു. ഇടയ്ക്കിടെ അവൻ ചോദിക്കും, “ എന്താ വേണ്ടേ, പീനാ?”

തനിക്കു വേണ്ടതെന്താണെന്ന് ഒരു സന്ധ്യക്ക് അവൾ അവനോടു പറഞ്ഞു. ഒരു പകലത്തെ പണി കൊണ്ടു തളർന്ന ജോലിക്കാർ കളത്തിൽ കിടന്നു മയങ്ങുകയായിരുന്നു. നാട്ടുമ്പുറത്തിന്റെ ഇരുണ്ട വിശാലത നായ്ക്കൾ കുരച്ചുനിറയ്ക്കുകയായിരുന്നു. “എനിക്കു വേണ്ടത് നിന്നെയാണ്‌! സൂര്യനെപ്പോലെ സുന്ദരനായ, തേൻ പോലെ മധുരിക്കുന്ന നിന്നെ!”

“പക്ഷേ എനിക്കു നിന്റെ മകളെ മതി, ആ ക്ടാവിനെ,” സ്വന്തം നേരമ്പോക്കാസ്വദിക്കുന്നപോലെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. ലാ ലൂപ്പ തന്റെ സമൃദ്ധമായ മുടിക്കെട്ടിൽ കൈകളാഴ്ത്തി ഒന്നും മിണ്ടാതെ നിന്നു; എന്നിട്ടവൾ നടന്നുപോയി. അവൾ പിന്നെ ആ കളത്തിലേക്കു വന്നതേയില്ല.

എന്നാൽ ഒക്ടോബറായപ്പോഴേക്കും ഒലീവാട്ടുന്ന കാലമായി. തന്റെ വീടിനടുത്ത് നാന്നി ജോലിക്കു വന്നുവെന്നറിഞ്ഞപ്പോൾ ലാ ലൂപ്പ പിന്നെയും അവനെ നോട്ടമിട്ടു. ചക്കാട്ടുന്ന ഒച്ച രാത്രി മുഴുവൻ അവളുടെ ഉറക്കം കളയുകയായിരുന്നു.

“ഒരു ചാക്കിൽ ഒലീവുമെടുത്ത് എന്റെ കൂടെ വാ,” അവൾ മകളോടു പറഞ്ഞു.

അവർ ചെല്ലുമ്പോൾ നാന്നി ചക്കിൽ ഒലീവിൻകായ കോരിയിട്ടിട്ട് കഴുതയെ തെളിക്കുകയാണ്‌.

“നിനക്കെന്റെ മോളെ, മരിച്ചിയയെ വേണോ?” പീന അവനോടു നേരേചെന്നു ചോദിച്ചു.

“മോൾക്കെന്തു സ്ത്രീധനമാണു കൊടുക്കാൻ പോകുന്നത്,” അവൻ അന്വേഷിച്ചു.

“അവളുടെ അച്ഛൻ സമ്പാദിച്ചതൊക്കെ അവൾക്കുള്ളതാണ്‌. വീടും അവൾക്കു കൊടുത്തേക്കാം. എനിക്കൊരു പായ വിരിക്കാനുള്ള ഇടം അടുക്കളയിൽ തന്നാൽ മതി.”

“അങ്ങനെയാണെങ്കിൽ നമുക്കത് ക്രിസ്തുമസ്സിനു സംസാരിക്കാം,“ നാന്നി പറഞ്ഞു.

ഒലീവെണ്ണയിലും അഴുക്കിലും കുളിച്ചു നില്ക്കുകയായിരുന്നു നാന്നി; അവനെ തനിക്കു വേണ്ടെന്ന് മരിച്ചിയ തീർത്തുപറഞ്ഞു. വീട്ടിലെത്തിയപ്പോൾ ലാ ലൂപ്പ മകളുടെ തലമുടിക്കു ചുറ്റിപ്പിടിച്ചിട്ട് പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു, ”ഞാൻ പറഞ്ഞതു കേട്ടുനിന്നില്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും.“

***

ലാ ലൂപ്പയെ ഇപ്പോൾ കണ്ടാൽ ഒരു ദീനക്കാരിയെപ്പോലെയാണ്‌. വയസ്സാവുമ്പോൾ പിശാച് സന്ന്യസിക്കാൻ പോകുമെന്ന് ആളുകൾ തമ്മിൽത്തമ്മിൽ അടക്കം പറഞ്ഞു. അവളിപ്പോൾ കറങ്ങിനടക്കാൻ പോകാറില്ല; ബാധയേറ്റവളെപ്പോലെ കണ്ണുകളും പായിച്ചുകൊണ്ട് വാതില്പടിയിൽ നില്ക്കാറുമില്ല. അവളുടെ കണ്ണുകൾ തന്റെ മേൽ വീഴുമ്പോഴെല്ലാം മരുമകൻ കഴുത്തിലെ വെന്തിങ്ങയെടുത്ത് കുരിശ്ശു വരയ്ക്കും.

കുട്ടികൾക്കു പാലുകൊടുത്തുകൊണ്ട് മരിച്ചിയ വീട്ടിലിരിക്കുമ്പോൾ അവളുടെ അമ്മ ആണുങ്ങൾക്കൊപ്പം പാടത്തു പണിയ്ക്കു പോയി. ശരിക്കും ആണുങ്ങൾ ചെയ്യുന്ന പണിയൊക്കെ അവൾ ചെയ്തു- കള പറിക്കുക, കിളയ്ക്കുക, കാലികളെ ആട്ടിത്തെളിക്കുക, മുന്തിരിവള്ളികൾ കോതിനിർത്തുക. അതിനി മജ്ജ മരവിപ്പിക്കുന്ന കിഴക്കൻ കാറ്റു വീശുന്ന ജനുവരിയാകട്ടെ, വരട്ടുന്ന തെക്കൻ കാറ്റു വീശുന്ന ആഗസ്റ്റുമാസമാവട്ടെ.

സന്ധ്യക്കും പുലർച്ചയ്ക്കുമുള്ള ആ നേരത്ത് ‘പെണ്ണായി പിറന്നവരൊന്നും പുറത്തിറങ്ങില്ല’ എന്നാണു ചൊല്ലെങ്കിലും ആ നാട്ടിലെവിടെയും നിങ്ങൾക്കു പീനയെ കാണാം- ഇടുക്കുതെരുവുകളുടെ ചുട്ടുപഴുത്ത തറക്കല്ലുകൾക്കു മേൽ, ആകാശം ചക്രവാളത്തിനു മേൽ തൂങ്ങിനില്ക്കുന്ന എറ്റ്നയുടെ പുകഞ്ഞ രൂപത്തോളം പരന്നുകിടക്കുന്ന പാടങ്ങളിൽ എറിച്ചുനില്ക്കുന്ന വൈക്കോൽക്കുറ്റികൾക്കിടയിൽ. “എഴുന്നേൽക്ക്!” പൊടിയടിഞ്ഞ കൊയ്ത്തുപാടത്തിനരികിൽ ഒരു കുണ്ടിൽ കൈകൾക്കു മേൽ തല വച്ചു കിടന്നുറങ്ങുകയായിരുന്ന നാന്നിയെ അവൾ വിളിച്ചുണർത്തി. “എഴുന്നേൽക്ക്! തൊണ്ട നനയ്ക്കാൻ ഞാൻ ലേശം വൈൻ കൊണ്ടുവന്നിട്ടുണ്ട്.”

അവൻ ഉറക്കച്ചടവോടെ കണ്ണു മിഴിച്ചുനോക്കുമ്പോൾ നേരേ മുന്നിൽ അവളെക്കണ്ടു: കൂർത്ത മാറിടം അവനു നേരേ തെറിപ്പിച്ചും കരി പോലെ കറുത്ത കണ്ണുകൾ കൊണ്ടവനെ തറച്ചും. കൈകൾ വായുവിലേക്കെറിഞ്ഞുകൊണ്ട് അവൻ പിന്നാക്കം മാറി. “പോ! പെണ്ണായിപ്പിറന്നവരൊന്നും ഈ നേരത്തു പുറത്തിറങ്ങില്ല!” താൻ കിടന്നുറങ്ങിയ ഉണക്കപ്പുല്ലിലേക്കു പിന്നെയും തല പൂഴ്ത്തി, മുടിയ്ക്കു പിടിച്ചുവലിച്ചുകൊണ്ട് അവൻ വിലപിച്ചു: “പോ! പോ! ഇനിയീ കളത്തിൽ കണ്ടുപോകരുത്!”

അവൾ പോവുകയും ചെയ്തു. അഴിഞ്ഞ മുടി വാരിക്കെട്ടി, വൈക്കോൽകുറ്റികൾ എറിച്ചുനിൽക്കുന്ന പൊള്ളുന്ന പാടത്ത് കരി പോലെ കറുത്ത കണ്ണുകൾ തറപ്പിച്ച് ലാ ലൂപ്പ പോയി.

എന്നാൽ അവൾ പിന്നെയും മെതിക്കളത്തിലേക്കു തിരിച്ചുപോയി; അവൻ എതിരു പറഞ്ഞതുമില്ല. തന്നെയുമല്ല, അവൾ വരാൻ വൈകിയാൽ ആ രാത്രിനേരത്ത് അവൻ അവളെയും കാത്ത് വിജനമായ ഇടവഴിയിൽ ചെന്നുനില്ക്കാനും തുടങ്ങി. എന്നിട്ടോരോതവണയും സ്വന്തം മുടിക്കു ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ അവളെ ഭത്സിക്കുകയും ചെയ്യും: “പോ! പോ! ഇനിയീ കളത്തിൽ കണ്ടുപോകരുത്!”

മരിച്ചിയ രാത്രിയും പകലുമിരുന്നു കരഞ്ഞു; പാടത്തു നിന്ന് അമ്മ തിരിച്ചുവരുന്നതു കാണുമ്പോഴെല്ലാം ഒരു ചെന്നായക്കുട്ടിയെപ്പോലെ അവളുടെ കണ്ണുകൾ അസൂയയും കണ്ണീരും കൊണ്ടെരിയും.

“ദുഷ്ട!” അവൾ പറയും. “അമ്മയെന്നു പറഞ്ഞു നടക്കുന്നു!”

“മിണ്ടാതിരിക്കാൻ!”

“കള്ളി! കള്ളി!”

“മിണ്ടാതിരിക്കാൻ!”

“ഞാൻ ഇൻസ്പെക്ടറോടു പോയിപ്പറയും.”

പറയുക മാത്രമല്ല, ഒരു ദിവസം  കുഞ്ഞുങ്ങളേയും ഒക്കത്തെടുത്ത്, ഒരു പേടിയുമില്ലാതെ, ഒരു തുള്ളി കണ്ണീരു പോലുമിറ്റിക്കാതെ, ഒരു ഭ്രാന്തിയെപ്പോലെ അവൾ സ്റ്റേഷനിലേക്കു കയറിച്ചെല്ലുകയും ചെയ്തു; പുളിപ്പിക്കാനിട്ട ഒലീവിൻകായകളുടെ മെഴുക്കും അഴുക്കും പുരണ്ട ഒരാളെ മനസ്സില്ലാമനസ്സോടെയാണ്‌ അവൾ കെട്ടിയതെങ്കിലും ആ ഭർത്താവിനോട് അവൾക്കിപ്പോൾ ഉത്ക്കടമായ സ്നേഹമായിരുന്നു.

ഇൻസ്പെക്ടർ നാന്നിയെ വിളിപ്പിച്ചു; തുറുങ്കും കഴുമരവും കൊണ്ടവനെ ഭീഷണിപ്പെടുത്തി. നാന്നി മുടിക്കു പിടിച്ചുവലിച്ചുകൊണ്ട് കരയാൻ തുടങ്ങി; അവൻ നടന്നതെല്ലാം സമ്മതിച്ചു; അവൻ സ്വയം ന്യായീകരിക്കാനും പോയില്ല.

“ഞാൻ വീണുപോയതാണേമാനേ!” അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു, “പിശാചെന്നെ വീഴ്ത്തിയതാണ്‌!” അവൻ ഇൻസ്പെക്ടറുടെ കാല്ക്കൽ വീണിട്ട് തന്നെ തുറുങ്കിലേക്കയക്കാൻ അപേക്ഷിച്ചു.

“എന്നോടു ദയവു തോന്നണം, ഇൻസ്പെക്ടറേമാനേ, ഈ നരകത്തിൽ നിന്നെന്നെ രക്ഷിക്കണം. എന്നെ കൊന്നുകളഞ്ഞോളൂ, എന്നെ ജയിലിലേക്കയച്ചോളൂ; ഇനിയൊരിക്കലും എനിക്കവളെ കാണാനിടവരരുതേ!“

”ഇല്ല,“ ഇൻസ്പെക്ടറുടെ ചോദ്യത്തിനു മറുപടിയായി ലാ ലൂപ്പ പറഞ്ഞു, ”എനിക്കു കിടക്കാൻ അടുക്കളയിൽ ഇടം തരണമെന്ന വ്യവസ്ഥയോടെയാണ്‌ ഞാനവനു സ്ത്രീധനമായി വീടെഴുതിവച്ചത്. അതെന്റെ വീടാണ്‌. ഞാനവിടെ നിന്നു പോകാനും പോകുന്നില്ല.“

ഇതു നടന്ന് അധികനാൾ കഴിയും മുമ്പ് നെഞ്ചത്തൊരു കോവർകഴുതയുടെ തൊഴി കിട്ടി നാന്നി കിടപ്പായി; അവൻ മരിക്കുമെന്ന മട്ടായിരുന്നു. എന്നാൽ ലാ ലൂപ്പ ആ വീട്ടിൽ നിന്നു പോകാതെ അവനു രോഗീലേപനം കൊടുക്കില്ലെന്ന് വികാരിയച്ചൻ പറഞ്ഞു. തന്റെ മരുമകൻ ഒരു സത്യക്രിസ്ത്യാനിയായി ലോകം വിട്ടുപോകട്ടെ എന്നതിനായി ലാ ലൂപ്പ വീടു വിട്ടുപോയി. എത്ര ഉൾത്താപത്തോടെയും പശ്ചാത്തപത്തോടെയുമാണ്‌ അവൻ കൂദാശ സ്വീകരിക്കുന്നതെന്നു കണ്ടപ്പോൾ അവന്റെ കിടക്കയ്ക്കു ചുറ്റും കൂടിയ അയൽക്കാരും ജിജ്ഞാസുക്കളായ സന്ദർശകരും വാവിട്ടു കരഞ്ഞുപോയി.

ആ കിടപ്പിൽ കിടന്ന് അന്നവൻ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ; എങ്കിൽ സുഖമായപ്പോഴേക്കും അവനെ വശീകരിക്കാൻ പിശാചിനു പിന്നെയും അവസരം കിട്ടുമായിരുന്നില്ലല്ലോ.

”എന്നെ വെറുതേ വിടൂ!“ അവൻ ലാ ലൂപ്പയോടു കരഞ്ഞുപറഞ്ഞു. ”ദൈവത്തെയോർത്ത് എന്റെ സമാധാനം നശിപ്പിക്കരുതേ! മരണത്തെ മുഖത്തോടു മുഖം കണ്ടവനാണു ഞാൻ. പാവം മരിച്ചിയ നീറിനീറിക്കഴിയുകയാണ്‌. ഇനി അറിയാൻ നാട്ടിലാരുമില്ല. നമ്മൾ തമ്മിൽ ഇനി കാണാതിരുന്നാൽ അതു നിനക്കും നല്ലതാണ്‌, എനിക്കും നല്ലതാണ്‌.“

ലാ ലൂപ്പയുടെ കണ്ണുകൾ കാണാതിരിക്കാൻ അവൻ സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ചേനെ; അവൾ തന്റെ കണ്ണുകൾ അവന്റെ മേൽ ഉറപ്പിക്കുമ്പോൾ അവന്റെ ഉടലും ആത്മാവും ഒരേപോലെ അടിയറവു പറയുകയായിരുന്നു. ആ വശീകരണത്തിൽ നിന്നൂരിപ്പോരാൻ എന്തു ചെയ്യണമെന്ന് അവനറിയില്ലായിരുന്നു. അവൻ നരകത്തിലെ പാപികൾക്കുള്ള കുർബ്ബാനകൾ നടത്തി, വികാരിയച്ചന്റെയും ഇൻസ്പെക്ടറുടേയും സഹായം തേടി. ഈസ്റ്ററിന്റന്ന് അവൻ കുമ്പസാരം നടത്തി; പള്ളിമുറ്റത്തെ പൊള്ളുന്ന തറക്കല്ലുകൾക്കു മേൽ എല്ലാവരും കാൺകെ ആറടി ദൂരം അവൻ അടിവയർ കൊണ്ടിഴയുകയും ചെയ്തു. ഇതിനൊക്കെ ശേഷവും ലാ ലൂപ്പ അവനെ വശീകരിക്കാൻ മടങ്ങിവന്നപ്പോൾ അവൻ അവളോടു പറഞ്ഞു: ”നോക്ക്! ഇനി നിന്നെ കളത്തിൽ കണ്ടുപോകരുത്; ഇനി എന്നെയും അന്വേഷിച്ച് നീ അവിടെ വന്നാൽ, ദൈവത്തിനാണെ, നിന്നെ ഞാൻ കൊല്ലും!“

”ആയിക്കോ, എന്നെ കൊന്നോ!“ ലാ ലൂപ്പ പറഞ്ഞു. ”എനിക്കതൊന്നും പ്രശ്നമല്ല. എനിക്കു പക്ഷേ, നീയില്ലാതെ ജീവിക്കാൻ പറ്റില്ല.“

തളിർത്ത ചോളപ്പാടത്തൂടെ അവൾ വരുന്നത് അകലെ നിന്നേ കണ്ടപ്പോൾ അവൻ മുന്തിരിവള്ളികൾ കോതുന്ന പണി നിർത്തിയിട്ട് ഒരു മരത്തിൽ ഉടക്കിവച്ചിരുന്ന മഴു വലിച്ചെടുത്തു.

അവൻ തനിക്കു നേരേ വരുന്നത് ലാ ലൂപ്പ കണ്ടു; അവന്റെ മുഖം വിളറിവെളുത്തിരുന്നു, അവന്റെ കണ്ണുകൾ ഭ്രാന്തമായി കിടന്നുരുണ്ടിരുന്നു, അവന്റെ കൈയിലെ മഴു വെയിലേറ്റു തിളങ്ങിയിരുന്നു. പക്ഷേ അവൾ ഒരു നൊടി പോലും  പതറിയില്ല, അവന്റെ മുഖത്തു നിന്നു കണ്ണെടുത്തില്ല. ഇരുകൈകൾ നിറയേ ചുവന്ന പോപ്പിപ്പൂങ്കുലകളുമായി, ആ കരി പോലെ കറുത്ത കണ്ണുകൾ കൊണ്ട് ആർത്തിയോടെ അവനെ വെട്ടിവിഴുങ്ങിക്കൊണ്ട് അവൾ അവന്റെ നേരേ നടന്നുചെന്നു.

“ഹാ!” നാന്നി വിക്കിവിക്കിപ്പറഞ്ഞു. “നിന്റെയാത്മാവ് നരകത്തിൽക്കിടന്നു പൊരിയട്ടെ!”
***

ജ്യോവന്നി വെർഗ Giovanni Verga  (1840-1922)- തന്റെ ജന്മദേശമായ സിസിലിയുടെ ജീവിതം രേഖപ്പെടുത്തിയ ഇറ്റാലിയൻ എഴുത്തുകാരൻ.

ക്ലാരിസ് ലിസ്പെക്റ്റൊർ - ആദ്യചുംബനം

 


അവർ രണ്ടുപേരും സംസാരിക്കുന്നതിലേറെ പിറുപിറുക്കുകയായിരുന്നു: ആ ബന്ധം അല്പം മുമ്പു തുടങ്ങിയിട്ടേയുള്ളു, രണ്ടുപേരുടെയും തല പമ്പരം കറങ്ങുന്നുമുണ്ട്;  അതു പ്രണയമായിരുന്നു. പ്രണയവും അതിനെത്തുടർന്നുവരുന്ന മറ്റേതും: അസൂയ.

-കൊള്ളാം, നീ ആദ്യമായി പ്രേമിക്കുന്നത് എന്നെയാണെന്നു നീ പറയുന്നതു ഞാൻ വിശ്വസിക്കാം, അതു കേൾക്കുന്നത് എനിക്കിഷ്ടവുമാണ്‌. എന്നാൽ നീ നേരു പറയണം, നേരു മാത്രം പറയുകയും വേണം: എന്നെ ചുംബിക്കുന്നതിനു മുമ്പ് മറ്റൊരു സ്ത്രീയേയും നീ ചുംബിച്ചിട്ടില്ല?

കാര്യം ലളിതമായിരുന്നു.

-ഉണ്ട്, മുമ്പ് ഞാൻ ഒരു സ്ത്രീയെ ചുംബിച്ചിട്ടുണ്ട്.

-അതാരായിരുന്നു, മുറിപ്പെട്ടപോലെ അവൾ ചോദിച്ചു.

അവനത് ഉള്ളതുപോലെ പറയാൻ ശ്രമിച്ചു, അതെങ്ങനെയെന്ന്  അവനറിയുകയുമില്ല.

ടൂറിസ്റ്റ് ബസ് സാവധാനം മല കയറുകയായിരുന്നു. അവനു ചുറ്റും മറ്റു കുട്ടികൾ ഒച്ച വയ്ക്കുന്നുണ്ടായിരുന്നു. കുളിരുന്ന ഇളംകാറ്റ് തന്റെ മുഖത്തടിക്കുന്നതും അതിന്റെ നീണ്ട വിരലുകൾ, ഒരമ്മയുടേതുപോലെ നേർത്ത, ഭാരമില്ലാത്ത വിരലുകൾ, തന്റെ മുടിയിഴകൾ തഴുകിപ്പോകുന്നതുമറിഞ്ഞ് അവനിരുന്നു. ഇടയ്ക്കിടെ അവന്റെ മനസ്സ് ചിന്ത പോലുമില്ലാത്ത ഒരവസ്ഥയിലേക്കെത്തിയിരുന്നു- അതവനു ഹൃദ്യമായി തോന്നുകയും ചെയ്തു. കൂട്ടുകാരുടെ കോലാഹലത്തിനിടയിൽ അങ്ങനെയൊരവസ്ഥയിൽ അധികനേരമിരിക്കാനും പ്രയാസമായിരുന്നു.

അവനു ശരിക്കു ദാഹിക്കാനും തുടങ്ങിയിരുന്നു: കൂടെയുള്ളവരുമായി തമാശ പറയുക, ഉച്ചത്തിൽ, എഞ്ചിന്റെ മുരൾച്ചയെക്കാൾ ഉച്ചത്തിൽ സംസാരിക്കുക, പൊട്ടിച്ചിരിക്കുക, അലറിവിളിക്കുക, ചിന്തിക്കുക, വികാരം കൊള്ളുക, ഹൗ! തൊണ്ട വരണ്ടുപോകില്ലേ!

വെള്ളത്തിന്റെ സൂചന പോലുമില്ലതാനും. പിന്നെ ചെയ്യാനുള്ളത് വായിൽ ഉമിനീരു കെട്ടിനിർത്തുക എന്നതായിരുന്നു. അവൻ ചെയ്തതും അതാണ്‌. പൊള്ളുന്ന വായ ഉമിനീരു കൊണ്ടു നിറച്ചിട്ട് അതവൻ സാവധാനം കുടിച്ചിറക്കി; പിന്നെയും പിന്നെയും. പക്ഷേ അതിനും, ഉമിനീരിനും, ചൂടായിരുന്നു. അതുകൊണ്ടു ദാഹം പോയതുമില്ല. അത്യധികമായ ഒരു ദാഹം, അവനെക്കാൾ വലിയ ഒരു ദാഹം, അവന്റെ ഉടലാകെ ബാധിച്ചു.

മുമ്പത്ര സുഖദമായി തോന്നിയിരുന്ന ഇളംകാറ്റ് ഉച്ചവെയിലിൽ ചുടുന്നതും വരണ്ടതുമായി മാറിയിരുന്നു; അതവന്റെ മൂക്കിലൂടെ ഉള്ളിൽ കയറി അവൻ ക്ഷമയോടെ ശേഖരിച്ച ഉമിനീരിനെ വരട്ടിക്കളയുകയായിരുന്നു.

ഇനി മൂക്കൊന്നടച്ചുപിടിച്ചിട്ട് ആ ഉഷ്ണഭൂമിയിലെ വായു അകത്തേക്കെടുക്കുന്നത് അല്പമൊന്നു കുറച്ചാലോ? പക്ഷേ ചില സെക്കന്റുകൾ കഴിഞ്ഞപ്പോൾ അവനു ശ്വാസം മുട്ടി. കാത്തിരിക്കുക, കാത്തിരിക്കുക, അതേ അപ്രിഹാരമുള്ളു. കുറച്ചു മിനുട്ടുകളാവാം, കുറച്ചു മണിക്കൂറൂകളാവാം, എന്നാൽ അവന്റെ ദാഹമാവട്ടെ, വർഷങ്ങളുടേതുമായിരുന്നു.

എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ അവനറിയില്ല, താൻ വെള്ളത്തിനു തൊട്ടടുത്താണെന്ന് അപ്പോഴവനു തോന്നി, തന്റെ തൊട്ടടുത്ത് അതുണ്ട്; അവന്റെ കണ്ണുകൾ ജനാലയിലൂടെ പുറത്തുചാടി മണത്തും ഉറ്റുനോക്കിയും പൊന്തകൾക്കിടയിലൂടോടി.

അവനിലെ ജന്തുവാസനയ്ക്കു തെറ്റിയില്ല; റോഡിന്റെ അപ്രതീക്ഷിതമായ ഒരു തിരിവിൽ, പൊന്തകൾക്കിടയിലായി ഒരു ജലധാര...അവൻ സ്വപ്നം കണ്ട ജലം നേർത്തൊരു ചാലായി അതിൽ നിന്നിറ്റിയിരുന്നു.

ബസ് നിന്നു; എല്ലാവർക്കും ദാഹമുണ്ടായിരുന്നെങ്കിലും മറ്റാരെക്കാളും മുമ്പായി ആ കല്ലു കൊണ്ടുള്ള ജലധാരയ്ക്കടുത്തേത്താൻ അവനായി.

അവൻ കണ്ണടച്ചുപിടിച്ചുകൊണ്ട് ചുണ്ടുകൾ തുറന്നു; പിന്നെ വെള്ളമൊഴുകുന്ന ആ വിടവിലേക്ക് വ്യഗ്രതയോടെ ചുണ്ടുകൾ ചേർത്തമർത്തി.
ആദ്യത്തെ ഒരിറക്കു വെള്ളം അവന്റെ നെഞ്ചിലൂടെ, വയറ്റിലേക്ക് കുളിരു പകർന്നുകൊണ്ടൊഴുകിയിറങ്ങി.

അത് ജീവന്റെ തിരിച്ചുവരവായിരുന്നു; അവന്റെയുള്ളിലെ മണല്പറമ്പതിൽ മതിവരുവോളം കുതിർന്നു. അവനിപ്പോൾ കണ്ണു തുറക്കാമെന്നായി.

അവൻ കണ്ണു തുറന്നു; തന്റെ തൊട്ടടുത്തായി ഒരു പ്രതിമയുടെ രണ്ടു കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതവൻ കണ്ടു; അതൊരു സ്ത്രീയുടെ പ്രതിമയാണെന്നും അവളുടെ വായിൽ നിന്നാണ്‌ വെള്ളമൊഴുകുന്നതെന്നും അവൻ കണ്ടു. ആദ്യത്തെ കവിളെടുക്കുമ്പോൾത്തന്നെ വെള്ളത്തേക്കാൾ തണുത്തൊരു സ്പർശം തന്റെ ചുണ്ടുകൾക്കു തോന്നിയിരുന്നല്ലോ എന്നവനോർക്കുകയും ചെയ്തു.

താൻ ചുണ്ടു ചേർത്തത് ഒരു സ്ത്രീയുടെ കൽപ്രതിമയുടെ ചുണ്ടുകളോടാണെന്ന് അവനപ്പോൾ മനസ്സിലായി. ജീവൻ ഒലിച്ചിറങ്ങിയത് ആ വായിൽ നിന്നാണ്‌, ഒരു വായിൽ നിന്നു മറ്റൊന്നിലേക്കാണ്‌.

അവന്റെ നിഷ്കളങ്കത ഒന്നു പതറി; നിഗൂഢമായതെന്തോ അവനനുഭവപ്പെട്ടു. എന്നാൽ ജീവൻ പകരുന്ന, ജീവൻ മുളയെടുക്കുന്ന, ആ ദ്രാവകം പ്രവഹിക്കുന്നത് ഒരു സ്ത്രീയിൽ നിന്നല്ല...അവൻ ആ നഗ്നപ്രതിമയെ നോക്കി.

അവൻ അവളെ ചുംബിച്ചിരിക്കുന്നു.

പുറമേ കാണാത്ത ഒരു പ്രകമ്പനം അവനറിഞ്ഞു; അതവന്റെ ഉള്ളിന്റെയുള്ളിൽ നിന്നു തുടങ്ങി, ഉടലകെ പിടിച്ചുലച്ചുകൊണ്ട്, ഒരു പൊള്ളുന്ന കനലായി അവന്റെ മുഖത്തു നിന്നു പൊട്ടിത്തെറിച്ചു.

അവൻ ഒരടി മുന്നോട്ടു വച്ചു; അതോ പിന്നോട്ടോ? താൻ എന്താണു ചെയ്യുന്നതെന്ന് അവനു മനസ്സിലാകാതായിരുന്നു. അസ്വസ്ഥതയോടെ, വിസ്മയത്തോടെ അവനു ബോദ്ധ്യമായി, തന്റെ ദേഹത്തിന്റെ ഒരു ഭാഗം, മുമ്പെത്രയും അയഞ്ഞുകിടന്നിരുന്ന ഒരു ഭാഗം, ഇപ്പോഴത് വല്ലാതെ വലിഞ്ഞുമുറുകിയിരിക്കുകയാണെന്ന്, മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന്.

മധുരിക്കുന്നൊരു പ്രചണ്ഡതയോടെ അവൻ മറ്റുള്ളവർക്കിടയിൽ ഒറ്റപ്പെട്ടു നിന്നു; അവന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു, അതിന്റെ സ്പന്ദനങ്ങൾ അനിയതമായിരുന്നു, ലോകം മാറുകയാണെന്ന് അവനു ബോദ്ധ്യമാവുകയായിരുന്നു. ജീവിതം തീർത്തും പുതിയതായിരിക്കുന്നു, അതിപ്പോൾ മറ്റൊന്നാണ്‌, ഒരു ഞെട്ടലോടെ കണ്ടുപിടിക്കപ്പെട്ടതൊന്ന്. എപ്പോഴും തകരാവുന്ന ഒരു സന്തുലിതാവസ്ഥയിൽ ചഞ്ചലവുമാണത്.

ഒടുവിൽ, അവന്റെ സത്തയുടെ ആഴത്തിൽ നിന്ന്, അവന്റെയുള്ളിലെ ഒരു നിഗൂഢസ്രോതസ്സിൽ നിന്ന് ആ യാഥാർത്ഥ്യം പുറത്തേക്കു കുതിച്ചു. അതവനിൽ ഭയത്തോടൊപ്പം മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരഭിമാനവും നിറച്ചു: താൻ...

താൻ ഒരാണായിരിക്കുന്നു.
***


ബ്രസീലിയൻ എഴുത്തുകാരിയായ ക്ലാരിസ് ലിസ്പെക്റ്റൊർ (Clarice Lispector) 1920ൽ പടിഞ്ഞാറൻ ഉക്രെയിനിലെ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വംശീയവിദ്വേഷം പടർന്നതോടെ ആ കുടുംബം 1922ൽ ബ്രസീലിലേക്കു പലായനം ചെയ്തു. ക്ലാരിസിന്റെ ഒമ്പതാമത്തെ വയസ്സിൽ അമ്മ മരിച്ചപ്പോൾ (ബലാൽസംഗം ചെയ്ത ഒരു സംഘം റഷ്യൻ പട്ടാളക്കാരിൽ നിന്നു പകർന്ന സിഫിലിസ് ആയിരുന്നു മരണകാരണം) അച്ഛനും മൂന്നു പെണ്മക്കളും കൂടി റിയോ ഡി ജനിറോയിലേക്കു താമസം മാറ്റി. നിയമവും ജേണലിസവും പഠിച്ച ക്ലാരിസ് കൗമാരത്തിൽത്തന്നെ കഥകൾ എഴുതിത്തുടങ്ങിയിരുന്നു. 1943ൽ പ്രസിദ്ധീകരിച്ച “ഒരു വന്യഹൃദയത്തിനരികിൽ” എന്ന നോവൽ “പോർച്ചുഗീസ് ഭാഷയിൽ ഒരു സ്ത്രീ എഴുതിയ ഏറ്റവും മഹത്തായ നോവൽ” എന്നുപോലും പ്രശംസിക്കപ്പെട്ടു. 1944ൽ സഹപാഠിയായ Maury Gurgel Valente എന്ന ഡിപ്ലോമാറ്റിനെ വിവാഹം ചെയ്തു. അടുത്ത പതിനഞ്ചുകൊല്ലം യൂറോപ്പിലും അമേരിക്കയിലുമായിരുന്നു അവരുടെ ജീവിതം. വിദേശത്തായതോടെ വിസ്മൃതയായെങ്കിലും അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നോവലുകൾ, “കാൻഡെലാബ്ര,” “ഉപരോധിക്കപ്പെട്ട നഗരം” എന്നിവ ഇക്കാലത്ത് എഴുതപ്പെട്ടവയാണ്‌. 1959ൽ അവർ വിവാഹമോചിതയായി രണ്ട് ആണ്മക്കളോടൊപ്പം റിയോയിലേക്കു മടങ്ങി. 1960ൽ ഇറങ്ങിയ “കുടുംബന്ധങ്ങൾ” എന്ന കഥാസമാഹാരം വളരെ പ്രശസ്തമായി. 1961ൽ എഴുതിയ “ഇരുട്ടത്ത് ഒരാപ്പിൾ” എന്ന നോവൽ ഭാര്യയെ കൊന്ന ഒരാളുടെ വീക്ഷണത്തിലൂടെ കഥ പറയുന്നു. ആ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഗ്രിഗറി റബ്ബാസ ക്ലാരിസ്സിനെ ഓർമ്മിക്കുന്നത്  “മരിലിൻ ഡീട്രിച്ചിനെ ഓർമ്മിപ്പിക്കുകയും വിർജീനിയ വൂൾഫിനെപ്പോലെ എഴുതുകയും ചെയ്യുന്ന” ലിസ്പെക്റ്റൊർ എന്നാണ്‌. അതിനെ ഖണ്ഡിച്ചുകൊണ്ട് അവർ ഒരു പത്രക്കോളത്തിൽ എഴുതി: “വിർജീനിയ വൂൾഫുമായി എനിക്കെന്തോ അടുപ്പമുണ്ടെന്ന രീതിയിൽ ആളുകൾ എഴുതിക്കാണുന്നത് എനിക്കിഷ്ടപ്പെടുന്നില്ല...അവരുടെ ആത്മഹത്യ എനിക്കു തീരെ യോജിക്കാൻ പറ്റാത്തതായിരുന്നു. ഒടുക്കം വരെയും പോവുക എന്നതാണ്‌ നമ്മുടെ ഭയാനകമായ കടമ.”1964ൽ പ്രസിദ്ധീകരിച്ച “A Paixão Segundo G.H. (ജി.എച്ചിന്റെ കഷ്ടാനുഭവം)” എന്ന നോവലാണ്‌ അവരുടെ മാസ്റ്റർപീസ്. 1977ൽ അവരുടെ അവസാനത്തെ കൃതിയായ “നക്ഷത്രത്തിന്റെ നേരം” എന്ന നോവെല്ല ഇറങ്ങിയ ഉടനേ ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവർ പറയുന്നുണ്ട്: “എഴുതാതിരിക്കുമ്പോൾ ഞാൻ മരിച്ചപോലെയാണ്‌.” എങ്കിൽ ഒരു പുതിയ പുസ്തകം എഴുതി പുനർജ്ജന്മം നേടാമല്ലോ എന്ന ചോദ്യകർത്താവിന്റെ നിർദ്ദേശത്തിന്‌ അവരുടെ മറുപടി ഇങ്ങനെ: “ഇപ്പോൾ ഞാൻ മരിച്ചിരിക്കുകയാണ്‌. ഞാൻ സംസാരിക്കുന്നത് ശവക്കുഴിയിൽ നിന്നാണ്‌.“ ക്ലാരിസ് ലിസ്പെക്റ്റൊർ  1977 ഡിസംബർ 9ന്‌ രക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു.

ക്ലാരിസ് ലിസ്പെക്റ്റൊർ- മൂന്നു കഥകൾ


ഒരനുഭവം

ഇതൊരുപക്ഷേ മനുഷ്യനും മൃഗത്തിനും പരിചയമുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിൽ ഒന്നായിരിക്കാം. മറ്റൊരാളുടെ സഹായം തേടേണ്ടിവരിക, ഹൃദയവിശാലതയിൽ നിന്നും പരസ്പരം മനസ്സിലാക്കലിൽ നിന്നും ആ സഹായം സ്വീകരിക്കുക. നിശ്ശബ്ദമായ ഒരപേക്ഷ നടത്താനും അതു കേൾക്കപ്പെടാനും മാത്രമായി ഒരു ജന്മമെടുക്കുന്നതിലും അതിന്റേതായ ഒരു മൂല്യമുണ്ടെന്നു വരാം. ഞാനും സഹായത്തിനായി യാചിച്ചിരുന്നു. എനിക്കതു കിട്ടുകയും ചെയ്തിരുന്നു.

ഉടലിൽ ഒരമ്പു തറച്ച, അടുക്കാൻ പേടിക്കേണ്ട ഒരു കടുവയാണു ഞാനെന്ന് എനിക്കന്നു തോന്നിയിരുന്നു; ആ കഠോരമായ വേദന തന്നിലേല്പിച്ചതാരെന്നു കണ്ടുപിടിക്കാനായി, പേടിച്ചരണ്ടുനില്ക്കുന്ന കാണികളെ വട്ടം ചുറ്റി നോക്കുന്ന കടുവ. മുറിവു പറ്റിയ ഒരു മൃഗം ഒരു ശിശുവിനേക്കാൾ അപകടകാരിയല്ലെന്ന് ഒടുവിൽ ഒരാൾക്കു ബോധമുണ്ടാകുന്നു.  ധൈര്യത്തോടെ കടുവയെ സമീപിച്ച് ആ അപരിചിതൻ ശ്രദ്ധയോടെ അമ്പൂരിയെടുക്കുന്നു.

കടുവയോ? മനുഷ്യരുടേയും മൃഗങ്ങളുടേയും നന്ദിപ്രകടനങ്ങൾക്കതീതമാണ്‌ ചില സംഗതികൾ. അങ്ങനെ ഞാൻ, ആ കടുവ, പല വട്ടം എന്റെ നല്ല സമരിയാക്കാരനു മുന്നിൽ സാവധാനം വലം വച്ചു; പിന്നെ നിന്നിട്ട് കാല്പാദങ്ങൾ നക്കിത്തുടച്ചു; ഒടുവിൽ, വാക്കുകൾ അപ്രധാനമാണെന്നതിനാൽ, മൗനത്തിലേക്കു പിൻവാങ്ങുകയും ചെയ്തു.


കലഹം

അധികമായാൽ സ്നേഹവും ഫലമില്ലാത്തതാകുന്നു: അതിനെ പിന്നെ എന്തെങ്കിലും ഉപയോഗത്തിനു കൊള്ളിക്കാൻ പറ്റാതാകുന്നു, അത്രയും സ്നേഹം താങ്ങാൻ സ്നേഹിക്കപ്പെടുന്നയാളിനും കഴിയാതാകുന്നു. സ്നേഹത്തിലും നാം സ്വബോധം കൈവിടരുതെന്നും സംയമനം പാലിക്കണമെന്നും ബോദ്ധ്യമായപ്പോൾ ഒരു കുഞ്ഞിനെപ്പോലെ ഞാൻ കുഴങ്ങിപ്പോയി. നമ്മുടെ വൈകാരികജീവിതത്തിനും, കഷ്ടമേ, ബൂർഷ്വാസ്വഭാവമാണ്‌!


ഭീതി


വെളിച്ചം അവന്റെ കണ്ണിനു താങ്ങാൻ പറ്റാത്ത വിധത്തിൽ തീക്ഷ്ണമായിരുന്നു. പിന്നെയാണ്‌ ആരോ തന്നെ പെട്ടെന്നു പിടിച്ചുവലിക്കുന്നപോലെ അവനു തോന്നിയത്; അവനെ തൊട്ടിലിൽ കൊണ്ടുകിടത്തിയതാണത്; അതുപക്ഷേ, അവനെങ്ങനെ അറിയാൻ? തനിക്കു മേൽ കുനിഞ്ഞുനില്ക്കുന്ന ആ മുഖങ്ങളോടുള്ള ഭീതി മാത്രമേ അവനറിയുന്നുള്ളു. ഒന്നിനെക്കുറിച്ചും അവനറിവില്ല. അവനു തോന്നിയപോലെ അനങ്ങാനും പറ്റുന്നില്ല. ശബ്ദങ്ങൾ ഇടിമുഴക്കം പോലെ തോന്നിച്ചു- ശ്രുതിമധുരമായ ഒന്നൊഴികെ; അതെന്തു സാന്ത്വനമായിരുന്നു! പക്ഷേ അവനെ പിന്നെയും ഒതുക്കിക്കിടത്താൻ നോക്കുകയായിരുന്നു അവർ; അവനു പേടി വന്നുതുടങ്ങി. തൊട്ടിലിന്റെ അഴികൾക്കിടയിലൂടെ അവൻ അലറിക്കരഞ്ഞു. പില്ക്കാലത്തു നീലയെന്നു തിരിച്ചറിഞ്ഞ നിറങ്ങൾ അവൻ കണ്ടു. അവനു കരച്ചിൽ വരുത്തിയ, സ്വാസ്ഥ്യം കെടുത്തുന്ന, ഒരു നീല. പിന്നെ, ഭീകരമായ ആ വയറ്റുവേദനയെക്കുറിച്ചുള്ള പേടി. അവർ അവന്റെ വായ പൊളിച്ച് തൊണ്ടയിലേക്കൊഴിച്ചുകൊടുക്കുന്ന അരോചകമായ ഒരു ദ്രാവകം അവൻ കുടിച്ചിറക്കണം. ശ്രുതിമധുരമായ ആ ശബ്ദമാണ്‌ മരുന്നൊഴിച്ചുകൊടുക്കുന്നതെങ്കിൽ അവനതു കുറച്ചുകൂടി സഹിക്കാൻ പറ്റുമെന്നു തോന്നിയിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അവൻ അലറിക്കരഞ്ഞിരുന്നില്ല. അവൻ ജനിച്ചിട്ടധികകാലമായിട്ടില്ല എന്നതേ നല്ലതായി പറയാനുള്ളു. അവന്റെ പ്രായം അഞ്ചു ദിവസമാണ്‌. 

അല്പം കൂടി പ്രായമായപ്പോൾ, എന്താണെന്നു മനസ്സിലായെങ്കിലും, അവർ ഇങ്ങനെ പറയുന്നത് അവനു കേൾക്കാമായിരുന്നു: “ഇപ്പോൾ അവനെക്കൊണ്ടു ശല്യമൊന്നുമില്ല; ആദ്യമൊക്കെ എന്തൊരു കരച്ചിലും അലർച്ചയുമായിരുന്നു. ദൈവം സഹായിച്ച് ഇപ്പോൾ അവനെ നോക്കാൻ വളരെ എളുപ്പമാണ്‌.” അല്ലല്ല, അതത്ര എളുപ്പമായിരുന്നില്ല. അതൊരിക്കലും എളുപ്പമാവുകയുമില്ല. ജനനം രണ്ടേകാന്തജീവികളായി വിഭജിക്കപ്പെടുന്ന ഒരു ജീവിയുടെ മരണമാണ്‌. മരണം വരെ നിലനില്ക്കാൻ പോകുന്ന തന്റെ നിഗൂഢഭീതിയോടു പൊരുത്തപ്പെടാൻ അവൻ ശീലിച്ചതുകൊണ്ട് അതിപ്പോൾ എളുപ്പമാണെന്നു തോന്നുന്നുവെന്നു മാത്രം. ഭൂമിയിൽ ജീവിക്കുകയും സ്വർഗ്ഗത്തിനായി ദാഹിക്കുകയും ചെയ്യുന്നതിന്റെ ഭീതി.


ഫ്രീഡ്രിക് നീച്ച

 ഒരു നടപ്പാലത്തിനു മേൽ


സ്വന്തം മനോവികാരങ്ങളുടെ പേരിൽ നാണക്കേടു തോന്നുന്നവരുമായി ഇടപെടേണ്ടിവരുമ്പോൾ യാഥാർത്ഥ്യം മറച്ചുവച്ചു നമുക്കു പെരുമാറേണ്ടിവരും; ആർദ്രതയുടേയോ ഉത്സാഹത്തിന്റെയോ ആനന്ദത്തിന്റെയോ ഒരു നിമിഷത്തിൽ ആരെങ്കിലും അവരെ കണ്ടുപോയാൽ അയാൾ തങ്ങളുടെ രഹസ്യങ്ങൾ കണ്ടുപിടിച്ചു എന്ന മട്ടിൽ അവർക്കയാളോടു കഠിനമായ വിദ്വേഷമാണു തോന്നുക. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവരെയൊന്നു തണുപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ അവർക്കു ചിരി വരുന്നതെന്തെങ്കിലും പറയുക, അല്ലെങ്കിൽ തണുത്തതും കളിമട്ടിലുള്ളതുമായ എന്തെങ്കിലും പരിഹാസം വിളമ്പുക; അപ്പോൾ അവരുടെയുള്ളിൽ പതഞ്ഞുയർന്നത് തണുത്തുറയുകയും അവർ വീണ്ടും തങ്ങൾക്കു മേൽ നിയന്ത്രണമേറ്റെടുക്കുകയും ചെയ്യും. ഇതുപക്ഷേ, കഥ പറയും മുമ്പേ ഗുണപാഠം നല്കിയതുപോലായി.

നാം തമ്മിൽ അത്രയ്ക്കടുപ്പമുണ്ടായിരുന്ന ഒരു കാലം നമ്മുടെ ജീവിതത്തിലുണ്ടായിരുന്നു; നമ്മുടെ സൗഹൃദത്തെയും സാഹോദര്യത്തെയും തടസ്സപ്പെടുത്താൻ യാതൊന്നുമില്ലാത്ത മട്ടായിരുന്നു. ഒരു ചെറിയ നടപ്പാലം മാത്രമാണ്‌ നമ്മെ വേർതിരിക്കാനുണ്ടായിരുന്നത്. നീ അതിലേക്കു കാലെടുത്തുവയ്ക്കാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഞാൻ നിന്നോടു ചോദിച്ചു: “ആ നടപ്പാലം കടന്ന് എന്റെയടുത്തേക്കു വരാൻ നിനക്കാഗ്രഹമുണ്ടോ?” അപ്പോൾ പെട്ടെന്ന് നിന്റെ ആഗ്രഹമെല്ലാം പൊയ്പ്പോയി; ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ മിണ്ടാതെ നിന്നതേയുള്ളു. അതില്പിന്നെ മലകളും കുതിച്ചൊഴുകുന്ന പുഴകളും അകറ്റുകയും വേർതിരിക്കുകയും ചെയ്യുന്നതെന്തും നമുക്കിടയിൽ വന്നുവീണു; അടുക്കാൻ ആഗ്രഹമുണ്ടായാലും നമുക്കതിനു കഴിയില്ലെന്നുമായി! ഇപ്പോൾ പക്ഷേ, ആ ചെറിയ നടപ്പാലത്തെക്കുറിച്ചോർക്കുമ്പോൾ നിനക്കു വാക്കുകൾ കിട്ടുന്നില്ല, അന്നതെന്തുപറ്റി എന്നോർത്ത് നീയൊന്നു തേങ്ങിപ്പോവുകയും ചെയ്യുന്നു.

*


തെരുവുകളുടെ, ആവശ്യങ്ങളുടെ, ഒച്ചകളുടെ ഈ കലാപത്തിനു നടുവിൽ ജീവിക്കുമ്പോൾ വിഷാദം നിറഞ്ഞ ഒരു സന്തോഷം എന്നിൽ നിറയുന്നു: എന്തുമാത്രം സുഖാസ്വാദനവും അക്ഷമയും തൃഷ്ണയുമാണ്‌, എന്തുമാത്രം ജീവിതദാഹവും ജീവിതലഹരിയുമാണ്‌ ഓരോ നിമിഷവും കാഴ്ച്ചയിലേക്കു വരുന്നത്! എന്നാൽ ഒച്ചയുണ്ടാക്കുന്ന, ജീവിക്കുന്ന, ജീവിതദാഹം നിറഞ്ഞ ഈ മനുഷ്യർക്കു മേൽ അധികം വൈകാതെ നിശ്ശബ്ദത വന്നിറങ്ങാൻ പോവുകയാണ്‌! ഓരോ ആൾക്കു പിന്നിലും അയാളുടെ നിഴൽ നില്ക്കുന്നതു നോക്കൂ, അയാളുടെ ഇരുണ്ട സഹയാത്രികൻ! കുടിയേറ്റക്കാരേയും കൊണ്ടു പോകുന്ന ഒരു കപ്പൽ തുറമുഖം വിടുന്നതിനു തൊട്ടു മുമ്പുള്ള നിമിഷം പോലെയാണത്: പണ്ടേതു നേരത്തേക്കാളുമേറെയായി അവർക്കന്യോന്യം കാര്യങ്ങൾ പറയാനുണ്ട്, സമയം വൈകിക്കഴിഞ്ഞിരിക്കുന്നു, ആ ഒച്ചപ്പാടിനെല്ലാം പിന്നിൽ സമുദ്രവും അതിന്റെ ഊഷരമൗനവും അക്ഷമയോടെ കാത്തുകിടക്കുകയാണ്‌- അത്ര ആർത്തിയോടെ, തന്റെ ഇരയെക്കുറിച്ചത്ര തീർച്ചയോടെ! എല്ലാവരും, ഒരാളൊഴിയാതെല്ലാവരും കരുതുന്നു, തൊട്ടുമുമ്പു കഴിഞ്ഞത് കാര്യമായിട്ടൊന്നുമില്ലെന്ന്, ഒന്നുംതന്നെ ഇല്ലെന്ന്; ആസന്നഭാവിയാണ്‌ എല്ലാമെന്ന്; ഈ തിടുക്കത്തിന്റെ, ഈ കോലാഹലത്തിന്റെ, അന്യോന്യം കടത്തിവെട്ടാനും കൂവിയിരുത്താനുമുള്ള ഈ ഒച്ചവയ്ക്കലിന്റെ കാരണം അതാണ്‌! ആ ഭാവിയിൽ താനാവണം മുമ്പൻ എന്നാണെല്ലാവർക്കും- അതേ സമയം അവിടെ എല്ലാവർക്കും പൊതുവായും തീർച്ചയായും ഉള്ളതാവട്ടെ, മരണവും മരണത്തിന്റെ നിശ്ചേഷ്ടതയും മാത്രം! എന്നാൽ ആ ഒരേയൊരു തീർച്ചയും പൊതുഘടകവും മനുഷ്യർക്കു മേൽ ഒരു പ്രഭാവവും ചെലുത്തുന്നില്ലെന്നതും മരണമെന്ന കൂട്ടായ്മയിലെ ഒരംഗമാണു താൻ എന്ന ചിന്തയേ അവരുടെ മനസ്സിൽ കടന്നുവരുന്നില്ല എന്നതും എത്ര വിചിത്രമായ കാര്യമാണ്‌! മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനുഷ്യർ ഒഴിവാക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു! ജീവിതത്തെക്കുറിച്ചുള്ള ചിന്ത അതിലും നൂറിരട്ടി അവർക്കാകർഷകമായിത്തോന്നാൻ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കാഗ്രഹവുമുണ്ട്.


*

എന്നെങ്കിലും ഒരു പകലോ രാത്രിയിലോ, നിങ്ങൾ തന്റെ ഏറ്റവും ഏകാന്തമായ ഏകാന്തതയിലായിരിക്കുമ്പോൾ ഒരു ഭൂതം അതിൽ നുഴഞ്ഞുകയറുകയും നിങ്ങളോട് ഇങ്ങനെ പറയുകയും ചെയ്തുവെന്നിരിക്കട്ടെ: “നിങ്ങൾ ഇപ്പോൾ ജിവിക്കുകയും ഇതേവരെ ജീവിച്ചതുമായ ഈ ജീവിതം ഒരു തവണ കൂടി, എണ്ണമറ്റ തവണ കൂടി നിങ്ങൾക്കു ജീവിക്കേണ്ടിവരും; അതിൽ പുതിയതായി ഒന്നുമുണ്ടാവില്ല; നിങ്ങളുടെ ജീവിതത്തിലെ ഓരോ സുഖവും ദുഃഖവും ഓരോ ചിന്തയും നെടുവീർപ്പും പറയാൻ പറ്റാത്തത്ര ചെറുതും വലുതുമായ ഓരോ കാര്യവും നിങ്ങളിലേക്കു മടങ്ങിവരും, അതേ പിന്തുടർച്ചാക്രമത്തിൽ- ഈ എട്ടുകാലിയും മരങ്ങൾക്കിടയിലെ ഈ നിലാവും ഈ നിമിഷവും ഈ ഞാനും പോലും. അസ്ത്വിത്വത്തിന്റെ നിത്യമായ മണൽഘടികാരം പിന്നെയും പിന്നെയും തിരിച്ചും മറിച്ചും വയ്ക്കപ്പെട്ടുകൊണ്ടേയിരിക്കും, ഒപ്പം, ഒരു മണൽത്തരിയായ നിങ്ങളും!“


അങ്ങനെ പറയുന്ന ആ ഭൂതത്തിനു മുന്നിൽ പല്ലും കടിച്ചുപിടിച്ചുകൊണ്ടു നിങ്ങൾ ചാടിവീഴില്ലേ, അവനെ ശപിക്കില്ലേ? അതോ, ഇങ്ങനെ അവനു മറുപടി പറയാൻ തോന്നുന്ന ഒരാശ്ചര്യനിമിഷം നിങ്ങൾക്കുണ്ടായിട്ടുണ്ടോ: ”അങ്ങൊരു ദൈവമാണ്‌, ഇത്രയും ദിവ്യമായ ഒരു സംഗതി ഞാൻ ഇതിനു മുമ്പു കേട്ടിട്ടില്ല.“ ഈ ചിന്ത നിങ്ങളെ കടന്നുപിടിച്ചാൽ അതു നിങ്ങളെ അടിമുടി മാറ്റും, നിങ്ങളെയത് ഞെരിച്ചമർത്താനും മതി. ഓരോ കാര്യത്തെക്കുറിച്ചും ”ഇതു ഞാൻ ഒരു തവണ കൂടിയും എണ്ണമറ്റ തവണ കൂടിയും ആഗ്രഹിക്കുന്നുണ്ടോ?“ എന്ന ചോദ്യം നിങ്ങളുടെ ഏതു പ്രവൃത്തിയുടെ മേലും എത്രയും വലിയ ഭാരത്തോടെ വീണുകിടക്കും. അഥവാ, നിങ്ങളോടും നിങ്ങളുടെ ജീവിതത്തിനോടും എത്ര അനുകൂലമായ ഒരു മനോഭാവം നിങ്ങൾക്കുണ്ടായിരിക്കണം, അങ്ങനെയൊരു നിരന്തരാവർത്തനത്തിന്‌ എത്രയും ഉത്കടമായി നിങ്ങൾ ആഗ്രഹിക്കണമെങ്കിൽ?

*

(from The Gay Science)

കാത്തിരിക്കുന്നവരുടെ പ്രശ്നം
--------------------------------------
ഒരു പ്രശ്നത്തിനുള്ള പരിഹാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യന്‌ തക്ക സമയത്ത് പ്രവൃത്തിയിലേക്കിറങ്ങണമെങ്കിൽ ഭാഗ്യവും എണ്ണമറ്റ മറ്റനേകം കാര്യങ്ങളും അയാളെ പിന്തുണയ്ക്കാൻ വേണ്ടിവരും. സാധാരണഗതിയിൽ അങ്ങനെ സംഭവിക്കാറില്ല; ലോകത്തിന്റെ ഏതു കോണിലുമുണ്ടാവും എത്രകാലമായി തങ്ങൾ കാത്തിരിക്കുന്നുവെന്ന ബോധം തന്നെയില്ലാത്തവർ, തങ്ങൾ കാത്തിരിക്കുന്നത് വ്യർത്ഥമായിട്ടാണെന്നുപോലും അറിയാത്തവർ. ഇടയ്ക്കെപ്പോഴെങ്കിലും ഉണരാനുള്ള വിളി വന്നുവെന്നിരിക്കട്ടെ, പ്രവൃത്തിക്കുള്ള ‘അനുവാദം’ തരുന്ന അവസരം എത്തിയെന്നിരിക്കട്ടെ, അപ്പോഴേക്കും വെറുതേയിരുന്ന് അവരുടെ യൗവ്വനത്തിന്റെയും ഊർജ്ജത്തിന്റെയും നല്ല കാലം കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെ ചാടിയെഴുന്നേറ്റ എത്രപേരാണ്‌ ഉൾക്കിടിലത്തോടെ ബോധവാന്മാരായിരിക്കുന്നത്, ഇരുന്നിരുന്ന് തങ്ങളുടെ കൈകാലുകൾ വെറുങ്ങലിച്ചുപോയിരിക്കുന്നുവെന്ന്, തങ്ങളുടെ ജീവചൈതന്യം കല്ലിച്ചുപോയിരിക്കുന്നുവെന്ന്! “വൈകിപ്പോയി!” അവർ തങ്ങളോടുതന്നെ പറയുകയാണ്‌; അവർക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു, അവരെക്കൊണ്ടിനി ഒരുകാലത്തും ഉപയോഗം ഉണ്ടാവുകയുമില്ല. പ്രതിഭയുടെ മണ്ഡലത്തിൽ “കൈകളില്ലാത്ത റാഫേൽ” (ആ പ്രയോഗത്തെ വിശാലാർത്ഥത്തിൽ എടുക്കുമ്പോൾ) അപവാദമല്ല, നിയമം തന്നെയാണെന്നു പറയാം. പ്രതിഭ അത്ര വിരളമല്ലെന്നും അതിലും വിരളമായത് കൈറോസിനെ(kairos), ‘തക്ക സമയ’ത്തെ, കീഴടക്കാൻ ആവശ്യമായ അഞ്ഞൂറു കൈകളാണെന്നും വരാം- അവസരത്തെ മുടിക്കു പിടിച്ചു നിർത്തുന്ന അഞ്ഞൂറു കൈകൾ!
(from Beyond Good and Evil)

2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

നെരൂദ - ഉടഞ്ഞ വസ്തുക്കൾക്കൊരു വാഴ്ത്ത്



വീട്ടിനുള്ളിൽ
വസ്തുക്കൾ വീണുടയുന്നു,
അദൃശ്യമായൊരു സംഹാരം
മിനക്കെട്ടു തള്ളിയിടുമ്പോലെ:
അതെന്റെ കൈകളല്ല,
നിങ്ങളുടെ കൈകളല്ല.
മുരത്ത നഖങ്ങളുമായി
ഭൂമി കുലുക്കിനടക്കുന്ന
പെൺകുട്ടികളല്ല,
ഭൂഗോളത്തിന്റെ ഭ്രമണമല്ല:
ആരുമല്ല, ഒന്നുമല്ല,
വേനലല്ല,
ചേടിനിറത്തിൽ ഉച്ചയല്ല,
ഭൂമിക്കു മേലിരുട്ടല്ല,
മൂക്കല്ല, കൈമുട്ടല്ല,
വിടരുന്ന ജഘനമല്ല,
കണംകയ്യോ
വീശിവന്ന കാറ്റോ അല്ല:
പിഞ്ഞാണമുടഞ്ഞു,
വിളക്കു വീണു,
പൂപ്പാത്രങ്ങളൊന്നൊന്നായി
പൊട്ടിത്തകർന്നു;
ഒക്ടോബർ നടുവിൽ
ചോരച്ചുവപ്പു കവിഞ്ഞൊഴുകിയ
ആ പൂപ്പാത്രം,
വയലറ്റുപൂക്കൾ
കൊണ്ടതാകെത്തളർന്നു;
ശൂന്യമായിക്കാത്തിരുന്ന
മറ്റൊന്നോ,
മഞ്ഞുകാലമുടനീളം
ഉരുണ്ടുരുണ്ടൊടുവിൽ
ഒരു പൂപ്പാത്രപ്പൊടിയായി,
ഒരുടഞ്ഞ ഓർമ്മ,
ഒരു തിളങ്ങുന്ന ധൂളി.

ആ ഘടികാരം,
നമ്മുടെ ജീവിതങ്ങൾക്കു നാവ്,
നമ്മുടെ ആഴ്ച്ചകളെ,
ഒന്നൊന്നായി എത്രയോ മണിക്കൂറുകളെ,
തേനിനോട്, മൗനത്തിനോട്,
എത്രയോ പിറവികളോട്,
എണ്ണമറ്റ ദുരിതങ്ങളോടു
കൊരുത്തെടുത്ത
ആ രഹസ്യച്ചരട്,
ആ ഘടികാരവും
മുഖമടിച്ചുവീണു,
അതിന്റെ നേർത്ത
നീലിച്ച കുടൽമാല
ഉടഞ്ഞ ചില്ലുകൾക്കിടയിൽ
കിടന്നുതുടിച്ചു,
അതിന്റെ ദീർഘഹൃദയം
ചുരുളഴിഞ്ഞു.

ജീവിതം
ചില്ലുകൾ കാരുന്നു,
ഉടുതുണിയെ കീറത്തുണിയാക്കുന്നു,
രൂപങ്ങളെ ഉടയ്ക്കുന്നു,
കാലത്തിൽ ശേഷിക്കുന്നതോ,
ഒരു തുരുത്തു പോലെ,
പെരുംകടലിൽ കപ്പൽ പോലെ,
നശ്വരം,
ഭംഗുരമായ അപായങ്ങളാൽ,
അദമ്യമായ ജലത്താൽ, ഭീഷണികളാൽ,
വലയിതം.

സകലതും നമുക്കൊരു
ചാക്കിൽ കെട്ടിയെടുക്കുക,
ഘടികാരങ്ങൾ, പിഞ്ഞാണങ്ങൾ,
തണുപ്പത്തു വിണ്ട കപ്പുകൾ,
നമ്മുടെ നിധികളെല്ലാം
കടലിനു കൊടുക്കുക:
ഒരേയൊരു സംഹാരത്തിൽ,
പുഴയൊച്ചപ്പെടുമ്പോലെ
നമ്മുടെ സമ്പാദ്യങ്ങൾ തകരട്ടെ,
കഠിനവും ദീർഘവുമായ ഏറ്റിറക്കങ്ങളാൽ
കടൽ പിന്നഴിച്ചുപണിയട്ടെ,
നിരുപയോഗമായ അത്രയും വസ്തുക്കളെ,
ആരുമുടയ്ക്കാതെതന്നെ
ഉടഞ്ഞുപോകുന്നവയെ.


2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

നെരൂദ - ഒരു ജോഡി സോക്സുകൾക്ക് ഒരു വാഴ്ത്ത്

 
മരു മോരി എനിക്ക്
ഒരു ജോഡി സോക്സുകൾ കൊണ്ടുതന്നു;
സ്വന്തം ഇടയക്കൈകൾ കൊണ്ട്
അവൾ തന്നെ തുന്നിയത്,
മുയലുകളെപ്പോലെ
പതുപതുത്ത രണ്ടു സോക്സുകൾ.
അവയിലേക്കു ഞാനെന്റെ
പാദങ്ങൾ കടത്തി,
അന്തിമിനുക്കത്തിന്റെയിഴകളും
കമ്പിളിനൂലും പിരിച്ചുനെയ്ത
രണ്ടു ചെപ്പുകളിലേക്കെന്നപോലെ.

വന്യമായ സോക്സുകൾ,
എന്റെ കാലടികൾ
രണ്ടു
കമ്പിളിമീനുകളായി,
ഒരു സ്വർണ്ണനൂലോടിയ
രണ്ടു വമ്പൻ നീലസ്രാവുകൾ,
രണ്ടു കൂറ്റൻ കരിങ്കിളികൾ,
രണ്ടു പീരങ്കികൾ:
രണ്ടു സ്വർഗ്ഗീയസോക്സുകളാൽ
എന്റെ പാദങ്ങളങ്ങനെ
അന്തസ്സാർന്നു.
എത്ര മനോഹരമായിരുന്നുവെന്നോ
അവ,
ഈ പാദങ്ങളെനിക്കു വേണ്ടെന്ന്
ഇതാദ്യമായി എനിക്കു തോന്നിപ്പോയി,
രണ്ടു ബലഹീനരായ
അഗ്നിശമനസേനാംഗങ്ങൾ,
ഈ മിനുങ്ങുന്ന സോക്സുകളുടെ
നെയ്തെടുത്ത അഗ്നിയ്ക്ക്
അർഹരല്ലവർ.

എന്നാലും
കുട്ടികൾ
മിന്നാമിന്നികളെ കുപ്പിയിലടച്ചു
വയ്ക്കുമ്പോലെ,
പണ്ഡിതന്മാർ
താളിയോലകൾ ശേഖരിക്കുമ്പോലെ
അവയെ സൂക്ഷിച്ചുവയ്ക്കാൻ
എനിക്കുണ്ടായൊരു
പ്രലോഭനത്തെ
ഞാൻ ചെറുത്തുനിന്നു.
ഒരു പൊന്നിൻകൂട്ടിൽ
അവയെ അടയ്ക്കാൻ,
മത്തന്റെ തുണ്ടവും
ധാന്യവും നിത്യം നൽകിപ്പോറ്റാൻ
എനിക്കുണ്ടായൊരാവേശത്തെ
ഞാൻ ചെറുത്തു.
അപൂർവഭംഗിയുള്ളൊരു
മാൻകുട്ടിയെ
അടുപ്പിലേക്കു വിട്ടുകൊടുക്കുകയും
ഖേദത്തോടെ ഭക്ഷിക്കുകയും ചെയ്യുന്ന
കാനനപര്യവേക്ഷകരെപ്പോലെ
ഞാൻ പാദങ്ങൾ നീട്ടി
ചന്തമുള്ള ആ സോക്സുകളണിഞ്ഞു,
പിന്നെ ഷൂസുമിട്ടു.

ഇതത്രേ
ഈ സ്തുതിയുടെ ഗുണപാഠം:
സൗന്ദര്യത്തിനു
സൗന്ദര്യമിരട്ടിയ്ക്കും,
നന്മയ്ക്കു
നന്മയുമിരട്ടിയ്ക്കും
മഞ്ഞുകാലത്ത്
രണ്ടു സോക്സുകളുടെ
കാര്യത്തിൽ.

2021, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പ്രയാണം

(മാക്സിം ദു കോമിന്‌)


I

ഭൂപടങ്ങളും തപാൽമുദ്രകളും തലയ്ക്കു പിടിച്ച കുട്ടിക്ക് പ്രപഞ്ചം അവന്റെ വിപുലമായ വിശപ്പിനു തുല്യം തന്നെ. വിളക്കിന്റെ വെളിച്ചത്തിൽ ലോകമെത്ര വിശാലം! ഓർമ്മയുടെ കണ്ണുകളിൽ ലോകമെത്ര പരിമിതം!

ഒരു പ്രഭാതത്തിൽ നാം യാത്രയാകുന്നു, തലയ്ക്കുള്ളിൽ അഗ്നിയുമായി, ഹൃദയം നിറയെ വിദ്വേഷവും ശമനം വരാത്ത തൃഷ്ണകളുമായി, തിരകളുടെ താളത്തിനൊത്തും നമ്മുടെ അനന്തതയെ കടലിന്റെ പരിമിതിയിൽ താരാട്ടിനു വിട്ടും.

ചിലർ അപമാനിതമായ ഒരു ജന്മദേശം വിട്ടു പായുന്നതിൽ സന്തുഷ്ടർ; ചിലർ സ്വന്തം ബാല്യത്തിന്റെ ഘോരതകളിൽ നിന്നു രക്ഷപ്പെടുന്നവർ; ചുരുക്കം ചിലർ ഏതോ സ്ത്രീയുടെ കണ്ണുകളിൽ, അപായപ്പെടുത്തുന്ന പരിമളമുള്ള ഒരു സർസിയുടെ നിഷ്ഠുരശാസനത്തിൽ ജീവിതം തുലച്ച ജ്യോതിഷികൾ. 

മൃഗങ്ങളായി മാറ്റപ്പെടുന്നതൊഴിവാക്കാനായി സ്ഥലരാശി മോന്തി, വെളിച്ചം മോന്തി, ആഗ്നേയാകാശം മോന്തി അവർ ഉന്മത്തരാകുന്നു; കാരുന്ന മഞ്ഞും കരിക്കുന്ന വെയിലും ചുംബനത്തിന്റെ തിണർപ്പുകൾ ക്രമേണ മായ്ച്ചുകളയുന്നു.

എന്നാൽ യഥാർത്ഥസഞ്ചാരികൾ യാത്ര പോകാനായി മാത്രം യാത്ര പോകുന്നവരാണ്‌; ബലൂണുകൾ പോലെ ഭാരം കുറഞ്ഞ ഹൃദയങ്ങളുമായി, തങ്ങളുടെ വിധിയിൽ നിന്നൊരിക്കലും വ്യതിചലിക്കാതെ, എന്തിനെന്നറിയാതെ അവർ പറയുന്നു: ‘നമുക്കു പോകാം!’

തൃഷ്ണകൾക്കു മേഘങ്ങളുടെ രൂപമുള്ളവരാണവർ, പട്ടാളത്തിലാദ്യമായിച്ചേർന്നവൻ പീരങ്കി സ്വപ്നം കാണുന്നപോലെ പരിധിയറ്റ ആനന്ദങ്ങൾ, മാറിമാറിവരുന്ന അപരിചിതാനന്ദങ്ങൾ, മനുഷ്യമനസ്സിനിയും പേരിടാത്ത ആനന്ദങ്ങൾ സ്വപ്നം കാണുന്നവർ.


II

ഭീകരം! കുതിക്കുന്ന പന്തുപോലെയും ചുറ്റുന്ന പമ്പരവും പോലെയാണു നാം; ഉറക്കത്തിൽ പോലും ജിജ്ഞാസ നമ്മെ പീഡിപ്പിക്കുന്നു, സൂര്യന്മാരെ ചാട്ട ചുഴറ്റിപ്പായിക്കുന്ന ക്രൂരനായൊരു മാലാഖയെപ്പോലെ നമ്മെ കറക്കിവിടുന്നു. 

ഉന്നം മാറിമാറിപ്പോകുന്ന വിചിത്രമായ കളി- ഒരിടത്തുമല്ലാത്തതിനാൽ അതെവിടെയുമാകാം! പ്രതീക്ഷ തളരാത്ത മനുഷ്യൻ ഭ്രാന്തനെപ്പോലെ ഓടിയോടി വിശ്രമം തേടുന്നു!

തന്റെ ഇക്കേരിയ തേടുന്ന പായക്കപ്പൽ പോലെയാണ്‌ നമ്മുടെ ആത്മാവ്. കപ്പൽത്തട്ടിൽ നിന്നൊരു ശബ്ദം വിളിച്ചുപറയുന്നു: ‘കണ്ണു തുറന്നുവയ്ക്കൂ!’ പാമരത്തിനു മുകളിൽ നിന്നു മറ്റൊരു ശബ്ദവും ഭ്രാന്തമായി ഉത്സാഹിപ്പിക്കുന്നു: ‘പ്രണയം...ആനന്ദം...മഹത്വം!’ നരകം! അതൊരു പാറക്കെട്ടാണ്‌!

കാഴ്ചയിലേക്കു വരുന്ന ഓരോ തുരുത്തിനേയും വിധി വാഗ്ദാനം ചെയ്ത എൽഡൊറാഡൊ ആയി കാവലാൾ കരുതുന്നു; അപ്പോഴേക്കും മദിരോത്സവത്തിനു തയ്യാറെടുക്കുന്ന ഭാവന പുലരിവെളിച്ചത്തിൽ കാണുന്നതൊരു പാറക്കെട്ടു മാത്രം.

സ്വപ്നദേശങ്ങളെ സ്നേഹിക്കുന്ന ഈ പാവത്താൻ! എവിടെയും അമേരിക്കകൾ കാണുന്ന ഇയാളെ ചങ്ങലയ്ക്കിടണോ, കടലിലെടുത്തെറിയണോ, യാഥാർത്ഥ്യത്തെ പിന്നെയും കയ്പുറ്റതാക്കുന്ന ഈ സ്വപ്നജീവിയെ?

ചെളിക്കുണ്ടിൽ കിടന്ന് ഉജ്ജ്വലസ്വർഗ്ഗങ്ങൾ സ്വപ്നം കാണുന്ന തെണ്ടിയെപ്പോലെയാണയാൾ; ഒരു മെഴുകുതിരിവെട്ടം തിളക്കുന്ന ഏതു ചെറ്റപ്പുരയിലും അയാളൊരു കപ്പുവ ദർശിക്കുന്നു.


III

ആശ്ചര്യപ്പെടുത്തുന്ന സഞ്ചാരികളേ, കടൽ പോലാഴമേറിയ നിങ്ങളുടെ കണ്ണുകളിൽ ഞങ്ങൾ വായിക്കുന്നതെത്ര ഉജ്ജ്വലമായ കഥകൾ! സമ്പന്നമായ ഓർമ്മകളുടെ നിധിപേടകങ്ങൾ തുറക്കൂ, നക്ഷത്രങ്ങളും വായുവും കൊണ്ടു പണിത രത്നാഭരണങ്ങൾ ഞങ്ങൾക്കു കാണിച്ചുതരൂ! 

ആവിയില്ലാതെ, കാറ്റുപായകളില്ലാതെ ഞങ്ങൾക്കു യാത്ര ചെയ്യണം! തടവറകളുടെ മടുപ്പിൽ നിന്നു നിങ്ങൾ ഞങ്ങളെ മോചിപ്പിക്കില്ലേ, കാൻവാസുകൾ പോലെ വലിച്ചുകെട്ടിയ ഞങ്ങളുടെ മനസ്സുകളിലേക്ക് ചക്രവാളം പശ്ചാത്തലമായ നിങ്ങളുടെ ഓർമ്മകൾ പ്രക്ഷേപിച്ചുകൊണ്ട്!

പറയൂ, നിങ്ങൾ കണ്ടതെന്തായിരുന്നു?


IV

‘നക്ഷത്രങ്ങളും തിരമാലകളും ഞങ്ങൾ കണ്ടു; മണല്പരപ്പുകളും ഞങ്ങൾ കണ്ടു. ആഘാതങ്ങളും അപ്രതീക്ഷിതമായ ദുരന്തങ്ങളും പലതുണ്ടായിട്ടും ഇവിടെന്നപോലെ അവിടെയും പലപ്പോഴും ഞങ്ങൾ മടുപ്പറിഞ്ഞിരുന്നു. 

’വയലറ്റുനിറമായ കടലിൽ സൂര്യന്റെ പ്രതാപം, അസ്തമയപ്രഭയിൽ നഗരങ്ങളുടെ പ്രതാപം- മോഹകവർണ്ണങ്ങൾ നിറഞ്ഞ ആകാശത്തേക്കെടുത്തുചാടാൻ അവ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരശാന്തതൃഷ്ണയ്ക്കു തിരി കൊളുത്തി.

അതിസമ്പന്നമായ നഗരങ്ങൾക്കും അതിസുന്ദരമായ ഭൂദൃശ്യങ്ങൾക്കുമായില്ല, യാദൃച്ഛികത മേഘങ്ങളിൽ നിന്നു രൂപപ്പെടുത്തുന്നവയോടുള്ള നിഗൂഢാകർഷണത്തിനു കിട നില്ക്കാൻ. തൃഷ്ണ ഞങ്ങളുടെ സ്വസ്ഥത കെടുത്തുകയായിരുന്നു.

‘-ആസ്വാദനം തൃഷ്ണ വളർത്തുന്നു. തൃഷ്ണേ, ആനന്ദം വളക്കൂറു നല്കുന്ന വൃദ്ധവൃക്ഷമേ, നിന്റെ പട്ട കല്ലിക്കുമ്പോൾ നിന്റെ ചില്ലകൾക്ക് സൂര്യനെ അടുത്തുകാണാൻ മോഹം!

നീയെന്നും വളർന്നുകൊണ്ടേയിരിക്കുമോ, സൈപ്രസിനെക്കാളും മുരത്ത നെടിയ മരമേ?- എന്നാലും നിങ്ങളുടെ ദാഹം തീരാത്ത ചിത്രശേഖരത്തിനായി ചില ചിത്രങ്ങൾ ശ്രദ്ധയോടെ ഞങ്ങൾ വരച്ചുവച്ചിരിക്കുന്നു, അകലെ നിന്നു വരുന്നതെന്തും സുന്ദരമെന്നു കരുതുന്ന എന്റെ സഹജീവികളേ!

’ആനമുഖമുള്ള വിഗ്രഹങ്ങൾക്കു മുന്നിൽ ഞങ്ങൾ നമസ്കരിച്ചു; രത്നങ്ങൾ പതിച്ച സിംഹാസനങ്ങൾ; തങ്ങൾ പാപ്പരായി എന്നു നിങ്ങളുടെ ബാങ്കുടമകൾ സ്വപ്നം കാണുന്നത്ര ഐശ്വര്യമുള്ള യക്ഷിക്കഥകളിലേതുപോലത്തെ കൊട്ടാരങ്ങൾ;

‘കണ്ണുകളെ ലഹരി പിടിപ്പിക്കുന്ന വേഷങ്ങൾ; പല്ലിലും നഖത്തിലും ചായമിട്ട സ്ത്രീകൾ, സർപ്പങ്ങൾ ഓമനിക്കുന്ന വിദഗ്ധരായ ഇന്ദ്രജാലക്കാർ.’


V

പിന്നെ, പിന്നെ? പിന്നെന്ത്?


VI

ശിശുസഹജമായ മനസ്സുകളേ! 

സുപ്രധാനമായതു ഞങ്ങൾ മറന്നില്ല; അസ്തിത്വമെന്ന ഗോവണിയുടെ താഴെ നിന്നു മുകളറ്റം വരെ നാശമില്ലാത്ത പാപത്തിന്റെ പ്രദർശനം ഞങ്ങൾ കണ്ടു, തേടിനടക്കാതെതന്നെ: സ്ത്രീ, നികൃഷ്ടയായ അടിമ, ഉദ്ധതയും മൂഢയും, ചിരിക്കാതെ സ്വയം ചമയിക്കുന്നവൾ, അറപ്പില്ലാതെ സ്വയം സ്നേഹിക്കുന്നവൾ; പുരുഷൻ, ദുരാഗ്രഹിയായ സ്വേച്ഛാധിപതി, ആഭാസൻ, ഹൃദയം കല്ലിച്ചവൻ, ആർത്തി തീരാത്തവൻ, അടിമയുടെ അടിമ, ഓടയിലേക്കു തുറന്ന ഓവുചാൽ.

‘സ്വന്തം ജോലി രസിച്ചുചെയ്യുന്ന ആരാച്ചാർ, വിങ്ങിക്കരയുന്ന രക്തസാക്ഷി, ചോര കൊണ്ടു താളിച്ചതും വാസനപ്പെടുത്തിയതുമായ മേളകൾ; ഏകാധിപതികളെ ക്ഷയിപ്പിക്കുന്ന അധികാരവിഷം; മൃതപ്രായമാക്കുന്ന ചാട്ടവാറിനോടു പ്രണയത്തിലായ ആളുകൾ.

’വിശദാംശങ്ങളിൽ നമ്മുടെ മതങ്ങൾ പോലെ തന്നെയായ മതങ്ങൾ, സ്വർഗ്ഗത്തിലേക്കാരോഹണം ചെയ്യുന്ന മതങ്ങൾ; തൂവൽമെത്തയിൽ മലർന്നുകിടക്കുന്ന സുഖാസക്തനെപ്പോലെ ആണികളിലും കുതിരരോമങ്ങളിലും സുഖം തേടുന്ന വിശുദ്ധന്മാർ.

‘ചിലയ്ക്കുന്ന മനുഷ്യവർഗ്ഗം, സ്വന്തം പ്രതിഭ തലയ്ക്കു പിടിച്ചും എന്നുമെന്നപോലെ ഭ്രാന്തു പിടിച്ചും പ്രാണവേദനയുടെ രോഷത്തോടെ ദൈവത്തിനോടലറുന്നു, “എന്റെ പങ്കാളീ, എന്റെ ഉടയോനേ, നീ നശിച്ചുപോകട്ടെ!”

’അത്രയും ബുദ്ധി മന്ദിക്കാത്തവർ, സ്മൃതിനാശത്തിന്റെ ധീരകാമുകർ, വിധി തടുത്തുകൂട്ടിയ പറ്റം വിട്ടോടിപ്പോകുന്നവർ, അവർ കറുപ്പുസത്തിന്റെ വൈപുല്യത്തിൽ അഭയം തേടുന്നു!- ഇതാണ്‌ ഈ ഭൂഗോളത്തിലെവിടെനിന്നും എന്നുമെത്തുന്ന വാർത്തകൾ.‘


VII

ഇതാണ്‌ യാത്രയിൽ നിന്നു കിട്ടുന്ന കയ്ക്കുന്ന ജ്ഞാനം! ആവർത്തനവിരസവും ചെറുതുമായ ലോകം ഇന്നും ഇന്നലെയും നാളെയും എന്നും നമ്മെ നമ്മുടെതന്നെ പ്രതിബിംബം കാട്ടിത്തരുന്നു: മടുപ്പിന്റെ മരുഭൂമിയിൽ ഭീതിയുടെ മരുപ്പച്ച!

നാം ഇവിടം വിട്ടു പോകണോ? ഇവിടെത്തന്നെ നില്ക്കണോ? നിങ്ങൾക്കു നില്ക്കാൻ കഴിയുമെങ്കിൽ നില്ക്കുക, പോകണമെന്നാണെങ്കിൽ പോവുക. ജാഗരൂകനായ ആ മാരകശത്രുവിനെ കബളിപ്പിക്കാനായി ഒരാൾ ഓടുന്നു, മറ്റൊരാൾ ഒളിക്കുന്നു! 

എന്നാൽ കഷ്ടം! ഓടിക്കൊണ്ടേയിരിക്കുന്നവരുണ്ട്, അലയുന്ന ജൂതനെപ്പോലെ, അപ്പോസ്തലന്മാരെപ്പോലെയുള്ളവർ; യാതൊന്നും, ഒരു വാഹനവും ഒരു കപ്പലും അവനെറിയുന്ന വലയിൽ നിന്നവരെ രക്ഷിക്കില്ല. എന്നാൽ വേറേ ചിലരുണ്ട്, സ്വന്തം കളിത്തൊട്ടിൽ വിട്ടിറങ്ങാതെ അവനെ കൊല്ലാനറിയുന്നവർ. 

ഒടുവിൽ നമ്മുടെ നെഞ്ചത്തവന്റെ കാലടി പതിക്കുമ്പോൾ, അപ്പോൾ പ്രതീക്ഷയോടെ നമുക്കാക്രോശിക്കാം: “മുന്നോട്ട്!” പുറംകടലിൽ കണ്ണു നട്ടും കാറ്റത്തു മുടി പാറിച്ചും ഒരിക്കൽ നാം ചൈനയിലേക്കു യാത്രയായതുപോലെ, ഇരുളിന്റെ കടലിലേക്കു നാം യാത്ര തിരിക്കും, ഒരു യുവനാവികന്റെ നെഞ്ചുപിടപ്പോടെ.

 വശ്യവും മാരകവുമായ ആ ശബ്ദങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേ? അവർ പാടുന്നു: ’ഇതുവഴിയേ! വാസനിക്കുന്ന താമര തിന്നാൻ മോഹിക്കുന്നവരേ. നിങ്ങളുടെ ഹൃദയം കൊതിക്കുന്ന അതിശയക്കനികൾ പറിച്ചുകൂട്ടിയിരിക്കുന്നതിവിടെ. വരൂ, ഈ നിത്യാപരാഹ്നത്തിന്റെ വിചിത്രമാധുര്യത്തിൽ ഉന്മത്തരാകൂ.‘

ആ പ്രേതത്തെ പരിചിതസ്വരം കൊണ്ടു നാം തിരിച്ചറിയുന്നു; നമ്മുടെ പൈലഡീസുമാർ അവിടെ നിന്നു നമ്മുടെ നേർക്കു കൈ നീട്ടുന്നു. ’നിങ്ങളുടെ ഹൃദയത്തിനുന്മേഷമേകാൻ നിങ്ങളുടെ ഇലക്ട്രയുടെ നേർക്കു നീന്തിവരൂ!‘ പണ്ടൊരിക്കൽ നാം കാൽമുട്ടുകൾ ചുംബിച്ചവൾ പറയുന്നു.


VIII

മരണമേ, വൃദ്ധനായ കപ്പിത്താനേ, നേരമായി! നമുക്കു നങ്കൂരമെടുക്കുക! മരണമേ, ഈ ദേശം ഞങ്ങൾക്കു മടുപ്പായി, നമുക്കു യാത്ര പുറപ്പെടുക! ആകാശവും കടലും മഷി പോലെ കറുത്തതാണെങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ വെളിച്ചം നിറഞ്ഞതാണെന്നു നിനക്കറിയുന്നതാണല്ലോ. 

നിന്റെ വിഷം പകർന്നൊഴിക്കൂ, അതു ഞങ്ങൾക്കു നവോന്മേഷം പകരട്ടെ! കൊടുംഗർത്തത്തിന്റെ കയങ്ങളിലേക്ക്, അതു സ്വർഗ്ഗമോ നകരമോ ആവട്ടെ, ഞങ്ങൾക്കെടുത്തുചാടണം; അത്രയ്ക്കുഗ്രമാണ്‌ ഞങ്ങളുടെ തലയ്ക്കുള്ളിലാളിക്കത്തുന്ന അഗ്നി. പുതിയതെന്തെങ്കിലും കണ്ടെത്താനായി അജ്ഞാതത്തിന്റെ ഗഹനതയിലേക്ക്!’

*

*മാക്സിം ദു കോം (Maxime du Camp)- ‘യാത്രികൻ’ എന്ന പേരിൽ പുരോഗതിയെ വാഴ്ത്തുന്ന ഒരു കവിതയെഴുതിയ സ്നേഹിതകവി. 

*സർസി (Circe)- ഹോമറുടെ ഒഡീസിയിൽ പുരുഷന്മാരെ പന്നികളാക്കി മാറ്റിയിരുന്ന മന്ത്രവാദിനി

*ഇക്കേരിയ -(Icaria)- ഗ്രീക്ക് പുരാണത്തിൽ ഇക്കാരസ് ആകാശത്തു നിന്ന് കടലിൽ പതിച്ച ഭാഗത്തുള്ള ദ്വീപ്. ഉട്ടോപ്പിയ എന്നർത്ഥം. 

*എൽ ഡൊറാഡോ (El Dorado)- ഇതിഹാസപ്രസിദ്ധമായ സ്വർണ്ണനഗരം.

*കപ്പുവ (Capua)- വിശാലമായ പാതകൾക്കു പേരു കേട്ട പ്രാചീനറോമൻ നഗരം.

*അലയുന്ന ജൂതൻ (The Wandering Jew)- കുരിശേറിയ ക്രിസ്തുവിനെ കളിയാക്കിയതിനാൽ അന്ത്യവിധിയുടെ നാളു വരെയും ലോകമലയാൻ വിധിക്കപ്പെട്ട ജൂതൻ. പതിമൂന്നാം നൂറ്റാണ്ടിൽ പ്രചാരം വന്ന ഒരു മിത്ത്.

*താമര തിന്നാൻ...- ഒഡീസിയിൽ താമരതീനികളുടെ ദേശത്തെത്തിപ്പെടുന്ന യുളീസസ്സിന്റെ ചില നാവികർക്ക് പിന്നെ യാത്ര തുടരാനുള്ള ആഗ്രഹം നഷ്ടപ്പെടുന്നുണ്ട്.

*പൈലഡീസ് (Pylades)- ഗ്രീക്ക് പുരാണത്തിൽ ഒറെസ്റ്റെസിന്റെ സ്നേഹിതൻ; വിശ്വസ്തസൗഹൃദത്തിന്റെ പ്രതീകം.

ഇലെക്ട്ര (Electra)- ഒറെസ്റ്റെസിന്റെ വിശ്വസ്തയായ സഹോദരി



2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ബോദ്‌ലേർ - തിന്മയുടെ പൂക്കൾ: ആമുഖങ്ങൾ

 II

ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്റെ ഭാര്യമാർക്കോ പെണ്മക്കൾക്കോ എന്റെ സഹോദരിമാർക്കോ വേണ്ടിയല്ല; എന്റെ അയല്ക്കാരുടെ ഭാര്യർക്കോ പെണ്മക്കൾക്കോ സഹോദരിമാർക്കോ വേണ്ടിയുമല്ല. നല്ല പ്രവൃത്തികളെ സുന്ദരമായ ഭാഷയുമായി കൂട്ടിക്കുഴയ്ക്കുന്നവർക്ക് ഞാനതു വിട്ടുകൊടുത്തിരിക്കുന്നു. 

ഉത്കൃഷ്ടമായ ശൈലിയുടെ ആരാധകൻ സാമാന്യജനത്തിന്റെ വെറുപ്പിനു സ്വയം നിന്നുകൊടുക്കുകയാണെന്ന് എനിക്കറിയാം; എന്നാൽ ഈ കാലഘട്ടത്തിന്റെ പടുഭാഷ ഉപയോഗിക്കാൻ, അല്ലെങ്കിൽ നന്മയെ ഭാഷയുമായി കൂട്ടിക്കുഴയ്ക്കാൻ മനുഷ്യവർഗ്ഗത്തോടുള്ള ബഹുമാനമോ കപടവിനയമോ ഗൂഢാലോചനയോ സാർവ്വത്രികവോട്ടവകാശമോ ഒന്നും എന്റെ കാര്യത്തിൽ ഒരിക്കലും സമർത്ഥമാകില്ലതന്നെ.

കവിതാദേശത്തിന്റെ കൂടുതൽ പുഷ്പസമൃദ്ധമായ മേഖലകൾ വിശ്രുതരായ ചില കവികൾ പണ്ടേ വീതിച്ചെടുത്തുകഴിഞ്ഞിട്ടുണ്ടല്ലോ. തിന്മയിൽ നിന്നു സൗന്ദര്യം പിഴിഞ്ഞെടുക്കുക എന്നത് രസകരവും കൂടുതൽ ഹൃദ്യവുമായി എനിക്കു തോന്നുന്നു; കാരണം കൂടുതൽ ദുഷ്കരമായ ദൗത്യമാണല്ലോ അത്. അടിസ്ഥാനപരമായി നിരുപയോഗവും തീർത്തും നിഷ്കളങ്കവുമായ ഈ പുസ്തകം ഞാൻ എഴുതിയത് എന്റെതന്നെ മാനസികോല്ലാസത്തിനും ദുഷ്കരമായതു ചെയ്യാനുള്ള എന്റെ ആവേശത്തെ തൃപ്തിപ്പെടുത്താനും മാത്രമാണ്‌.

ഈ കവിതകൾ ഉപദ്രവം ചെയ്തേക്കുമെന്ന് ചിലർ എന്നോടു പറഞ്ഞിരുന്നു; അതിലെനിക്ക് ആഹ്ലാദം തോന്നിയില്ല;  ഗുണം ചെയ്തേക്കുമെന്ന് വേറേ ചില സജ്ജനങ്ങളും പറഞ്ഞു; അതിലെനിക്കു ഖേദം തോന്നിയതുമില്ല. ആദ്യത്തെ കൂട്ടരുടെ പേടിയും രണ്ടാമത്തവരുടെ പ്രതീക്ഷയും എന്നെ ഒരേപോലെ അത്ഭുതപ്പെടുത്തുകയാണു ചെയ്തത്; സാഹിത്യത്തെക്കുറിച്ചുള്ള ക്ളാസ്സിക്കൽ സങ്കല്പങ്ങളെ ഈ കാലഘട്ടം മറന്നുകഴിഞ്ഞുവെന്നതിന്‌ മറ്റൊരു തെളിവായിട്ടാണ്‌ ഞാനതെടുക്കുന്നത്.

പേരുകേട്ട ചില പണ്ഡിതമ്മന്ന്യന്മാർ മനുഷ്യന്റെ സ്വാഭാവികമൂഢതയ്ക്കു വളം വച്ചു കൊടുത്തിട്ടുണ്ടെങ്കിലും എന്റെ രാജ്യം ‘പുരോഗതി’യുടെ പാതയിലൂടെ ഇത്രവേഗത്തിൽ സഞ്ചരിക്കുമെന്ന് ഞാൻ വിശ്വസിക്കരുതായിരുന്നു. ഒരാത്മീയമനുഷ്യന്റെ അവജ്ഞയെ ഹിംസാത്മകമായ വികാരമാക്കുന്നിടത്തോളം ലോകത്തിന്റെ മ്ളേച്ഛത കട്ടപിടിച്ചുപോയിരിക്കുന്നു. എന്നാൽ വിഷത്തിനു പോലും കടന്നുചെല്ലാൻ പറ്റാത്ത രീതിയിൽ അത്രയ്ക്കു തൊലിക്കട്ടിയുള്ള ചില സന്തുഷ്ടാത്മാക്കളുമുണ്ട്.

അസംഖ്യമായ വിമർശനങ്ങൾക്കു മറുപടി നല്കാനും അതേ സമയം ആധുനികപ്രബുദ്ധത തീരെ അസ്പഷ്ടമാക്കിക്കളഞ്ഞ തീർത്തും ലളിതമായ ചില പ്രശ്നങ്ങൾക്കു വിശദീകരണം നല്കാനുമാണ്‌ ഞാൻ ആദ്യം ഉദ്ദേശിച്ചത്. അതായത്, എന്താണ്‌ കവിത? എന്താണതിന്റെ ലക്ഷ്യം? നന്മയും സൗന്ദര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്; തിന്മയിലെ സൗന്ദര്യത്തെക്കുറിച്ച്; ഏകതാനതയ്ക്കും സമമിതിക്കും ആകസ്മികതയ്ക്കുമുള്ള മനുഷ്യന്റെ അനശ്വരദാഹത്തെ താളവും പ്രാസവും തൃപ്തിപ്പെടുത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ച്; ശൈലിയെ വിഷയത്തിനനുരൂപമാക്കുന്നതിനെക്കുറിച്ച്; പ്രചോദനം എന്ന പൊങ്ങച്ചത്തെയും അപകടത്തെയും കുറിച്ച്... എന്നാൽ ഇന്നു കാലത്ത് ചില പത്രങ്ങൾ വായിക്കുക എന്ന എടുത്തുചാട്ടത്തിന്‌ ഞാൻ വശംവദനായിപ്പോയി. അതോടെ ഇരുപതന്തരീക്ഷങ്ങളുടെ ഭാരമുള്ള ഒരു ജാഡ്യം എന്റെ മേൽ വന്നുപതിക്കുകയും ആരെയെങ്കിലും എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുബോദ്ധ്യപ്പെടുത്തുക എന്നതിലെ ഭയാനകമായ നിരർത്ഥകത എനിക്കഭിമുഖീകരിക്കേണ്ടിവരികയും ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്മാറുകയും ചെയ്തു. അറിയാവുന്നവർക്ക് ഞാൻ എന്താണു പറയുന്നതെന്ന് ഊഹിക്കാൻ കഴിയും; മനസ്സിലാകാത്തവർക്കോ മനസ്സിലാക്കില്ലെന്നു വ്രതമെടുത്തവർക്കോ മുന്നിൽ വിശദീകരണങ്ങൾ കൂന കൂട്ടിയിട്ടു കാര്യവുമില്ല.

III

മനസ്സിലാക്കപ്പെടാതിരിക്കുന്നതിൽ, അല്ലെങ്കിൽ വളരെക്കുറച്ചുമാത്രം മനസ്സിലാക്കപ്പെടുന്നതിൽ എന്തെങ്കിലും മഹത്വമുണ്ടെങ്കിൽ ഈയൊരു ചെറിയ പുസ്തകത്തിലൂടെ ഒറ്റയടിക്ക് എനിക്കതു നേടാനും അതിനർഹനാകാനും കഴിഞ്ഞു എന്ന് വീരവാദമല്ലാതെ എനിക്കു പറയാം. പല പ്രസാധകർക്കും മുന്നിൽ സമർപ്പിക്കപ്പെടുകയും അവർ അറപ്പോടെ നിരസിക്കുകയും തീർത്തും വിചിത്രമായ ഒരു തെറ്റിദ്ധാരണയുടെ ഫലമായി 1857ൽ വിചാരണ ചെയ്യപ്പെടുകയും വെട്ടിമുറിച്ചു വികലമാക്കപ്പെടുകയും പിന്നെ കുറേ വർഷങ്ങളിലെ മൗനത്തിനിടയിൽ സാവധാനം ജീവൻ വീണ്ടെടുക്കുകയും പുതിയ പൊടിപ്പുകൾ വളരുകയും ബലപ്പെടുകയും  എന്റെ താല്പര്യക്കുറവൊന്നുകൊണ്ട് പിന്നെയും അപ്രത്യക്ഷമാവുകയും ചെയ്തതിനു ശേഷം ‘ആധുനികകാലത്തിന്റെ കാവ്യദേവത’യുടെ ഈ അവയവപ്പൊരുത്തമില്ലാത്ത സന്തതി പ്രചണ്ഡമായ ചില മിനുക്കലുകളുടെ ഫലമായ ഒരു നവോല്ലാസത്തോടെ മൂന്നാമതൊരിക്കൽക്കൂടി മൂഢതയുടെ സൂര്യനെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുകയാണ്‌.

ഇത് എന്റെ തെറ്റല്ല, പൊതുജനത്തിന്റെ അനിഷ്ടത്തെ നേരിടാനും മാത്രം തനിക്കു കരുത്തുണ്ടെന്നു സ്വയം കരുതുന്ന നിർബ്ബന്ധബുദ്ധിക്കാരനായ ഒരു പ്രസാധകന്റേതാണ്‌.  ‘തന്റെ ജീവിതകാലം മുഴുവൻ ഈ പുസ്തകം ഒരു കളങ്കമായിരിക്കും,’ എന്ന് എന്റെ ഒരു സ്നേഹിതൻ, ഒരു വലിയ കവി, തുടക്കത്തിൽത്തന്നെ പ്രവചിച്ചിരുന്നു. ഞാൻ ഇതുവരെ നേരിട്ട അനർത്ഥങ്ങളെല്ലാം ആ പ്രവചനത്തെ സാധൂകരിക്കുന്നതായിരുന്നു എന്നതും ശരിയാണ്‌. എന്നാൽ വിദ്വേഷം ആസ്വദിക്കുകയും അവജ്ഞയിൽ മതിപ്പു കാണുകയും ചെയ്യുന്ന സ്വഭാവക്കാരനാണു ഞാൻ. മൂഢതയോട് പൈശാചികമെന്നു പറയാവുന്ന  തീവ്രാഭിമുഖ്യമുള്ളതിനാൽ അപവാദക്കാരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ എനിക്കൊരു പ്രത്യേകസന്തോഷം തോന്നാറുണ്ട്.  കടലാസ്സു പോലെ നിർമ്മലനും ജലം പോലെ സമചിത്തനും കൂദാശ കൈക്കൊള്ളുന്ന സ്ത്രീയെപ്പോലെ ദൈവഭക്തനും ഒരു ബലിയാടിനെപ്പോലെ നിർദ്ദോഷിയുമായതിനാൽ ഒരു തെമ്മാടിയായി, കുടിയനായി, നാസ്തികനായി, കൊലപാതകിയായി ധരിക്കപ്പെടുന്നതിൽ എനിക്കു വലിയ മുഷിച്ചിലൊന്നും തോന്നുകയില്ല. ഈ പുസ്തകം എന്തുകൊണ്ടാണ്‌, എങ്ങനെയാണ്‌ ഞാൻ എഴുതിയതെന്നും എന്തായിരുന്നു എന്റെ ലക്ഷ്യവും മാർഗ്ഗവുമെന്നും പ്ലാനും രീതിയുമെന്നും വിശദീകരിച്ചാൽ അത് എനിക്കും അയാൾക്കും എന്തെങ്കിലും ഉപകാരം ചെയ്തേക്കുമെന്ന് എന്റെ പ്രസാധകൻ നിർബ്ബന്ധിക്കുന്നു. ഗഹനമായ വചോവിലാസം ഇഷ്ടപ്പെടുന്ന മനസ്സുകൾക്കു അങ്ങനെയൊരു വിമർശനാത്മകസംരംഭത്തിൽ താല്പര്യം തോന്നിയെന്നുവരാം. അങ്ങനെയുള്ളവർക്കായി പിന്നീടൊരിക്കൽ ഞാൻ എഴുതാം, പത്തു കോപ്പി അച്ചടിക്കുകയും ചെയ്യാം. എന്നാൽ രണ്ടാമതൊന്നാലോചിക്കുമ്പോൾ ഇതുമായി എന്തെങ്കിലും ബന്ധമുള്ളവരുടെ കാര്യത്തിൽ അതു തീർത്തും അനാവശ്യമായ ഒരുദ്യമമാണെന്നു വരില്ലേ? കാരണം, അവർക്കെല്ലാം ഇപ്പോഴേ അറിയുന്നതാണത്, അല്ലെങ്കിൽ അനുമാനിക്കാവുന്നതാണ്‌; ശേഷിച്ചവർക്ക് അതൊരിക്കലും മനസ്സിലാവുകയുമില്ല. ഒരു കലാവസ്തുവിനെ സാമാന്യജനത്തിനു വിശദീകരിച്ചുകൊടുക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാവുമെന്ന വല്ലാത്തൊരു പേടി എനിക്കുണ്ട്; ഞാൻ അതു വഴി എല്ലാ ഫ്രഞ്ചുകാരെയും ഒരുത്തരവിലൂടെ ഒറ്റയടിക്ക് ധനികരും നന്മ നിറഞ്ഞവരുമാക്കാൻ മോഹിക്കുന്ന ആ ഉട്ടോപ്യന്മാരെപ്പോലെയാകില്ലേ എന്നു ഞാൻ പേടിക്കണം. അതിനെക്കാളൊക്കെ പ്രധാനപ്പെട്ട, നല്ല കാരണം അതെന്റെ മനസ്സിനെ ശല്യപ്പെടുത്തും, എന്നെ ബോറടിപ്പിക്കും എന്നതാണ്‌. ആൾക്കൂട്ടത്തെ, സദസ്സിനെ നമ്മൾ അണിയറയിലേക്കോ വേഷവിധാനങ്ങളെക്കുറിച്ചും രംഗസംവിധാനത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന വർക്ക്ഷോപ്പുകളിലേക്കോ ക്ഷണിക്കാറുണ്ടോ? നടിമാരുടെ ഡ്രസ്സിങ്ങ് റൂമിലേക്ക്? നമ്മുടെ രംഗസജ്ജീകരണങ്ങൾക്കു പിന്നിലെ മെക്കാനിസം പൊതുജനത്തിന്‌ (ഇന്ന് അത്യുത്സാഹം കാണിക്കുകയും നാളെ ഉദാസീനരാവുകയും ചെയ്യുന്നവർ) നാം കാണിച്ചുകൊടുക്കാറുണ്ടോ? റിഹേഴ്സൽ സമയത്തു നടത്തുന്ന തിരുത്തലുകളേയും മനോധർമ്മപ്രയോഗങ്ങളേയും കുറിച്ച് നാമവർക്കു വിശദീകരിച്ചുകൊടുക്കാറുണ്ടോ? ഏതനുപാതത്തിലാണ്‌ സഹജവാസനയും ആത്മാർത്ഥതയും സൂത്രപ്പണിയും കൃത്രിമങ്ങളുമായി കൂട്ടിച്ചേർത്ത് ഒടുവിൽ കൃതി എന്ന മിശ്രണം തയ്യാറാക്കുന്നതെന്നതെന്ന് നാമവർക്കു വെളിപ്പെടുത്താറുണ്ടോ? സകല പഴന്തുണികളും മുഖം മിനുക്കുന്ന ചായങ്ങളും കപ്പികളും തുടലുകളും തിരുത്തലുകളും കുത്തിക്കുറിച്ച പ്രൂഫുകളും, ചുരുക്കത്തിൽ കല എന്ന അഭയസങ്കേതത്തിനു പിന്നിലുള്ള എല്ലാ ഘോരതകളും, നാം വിളിച്ചുകാട്ടിക്കൊടുക്കാറുണ്ടോ? 

അതിനി എന്തായാലും ഇന്നത്തെ എന്റെ മൂഡ് അങ്ങനെയല്ല. വിശദീകരിക്കാനോ അമ്പരപ്പിക്കാനോ രസിപ്പിക്കാനോ അല്ലെങ്കിൽ പറഞ്ഞു വിശ്വസിപ്പിക്കാനോ ഒരാഗ്രഹവും എനിക്കില്ല. പരിപൂർണ്ണവിശ്രമവും തുടർച്ചയായ രാത്രിയുറക്കവുമാണ്‌ ഞാൻ ആശിക്കുന്നത്. വീഞ്ഞിന്റെയും കറുപ്പിന്റെയും ഉന്മത്താനന്ദങ്ങളെക്കുറിച്ചു ഞാൻ വാഴ്ത്തിപ്പാടിയിട്ടുണ്ടെങ്കിലും ഞാൻ ദാഹിക്കുന്നത് ഭൂമിയിൽ അറിയപ്പെടാത്ത ഒരു പാനീയത്തിനാണ്‌; സ്വർഗ്ഗത്തെ രസായനശാസ്ത്രത്തിനുപോലും എനിക്കെത്തിച്ചുതരാൻ കഴിയാത്തതൊന്ന്; ചേതനയോ മരണമോ ഉത്തേജനമോ നിർമ്മൂലനമോ ഉള്ളിലടക്കാത്ത ഒരു പാനീയം. ഒന്നുമറിയാതിരിക്കുക, ഒന്നും പഠിപ്പിക്കാതിരിക്കുക, ഒന്നും ഇച്ഛിക്കാതിരിക്കുക, ഒന്നും തോന്നാതിരിക്കുക, ഉറങ്ങുക, പിന്നെയുമുറങ്ങുക, ഇന്ന് ഇതുമാത്രമാണ്‌ എന്റെ ആഗ്രഹം. അധമവും വെറുപ്പു തോന്നിക്കുന്നതുമായ ഒരാഗ്രഹം, എന്നാൽ ആത്മാർത്ഥവുമാണത്...

*

(തിന്മയുടെ പൂക്കൾക്ക് ബോദ്‌ലേർ എഴുതാൻ ഉദ്ദേശിച്ച ആമുഖത്തിന്റെ മൂന്നു ഡ്രാഫ്റ്റുകളിൽ നിന്ന്)


2021, ഓഗസ്റ്റ് 21, ശനിയാഴ്‌ച

നെരൂദ - ആപ്പിളിനൊരു വാഴ്ത്ത്


ആപ്പിളേ,
എന്റെ സ്തുതിയ്ക്കു
വിഷയം നീ.
എനിയ്ക്കു കൊതി
നിന്റെ പേരു കൊണ്ടെന്റെ
വായ നിറയ്ക്കാൻ.
എനിയ്ക്കു മോഹം
നിന്നെയൊന്നായിത്തിന്നാൻ.
പറുദീസയിൽ നി-
ന്നിപ്പോഴിറുന്നു വീണ പോലെയാ-
ണെപ്പോഴും നീ:
പ്രഭാതത്തിന്റെ
തുടുത്ത കവിൾ പോലെ
നിറഞ്ഞും തികഞ്ഞും.
എത്ര വിലക്ഷണം
മറ്റു പഴങ്ങൾ:
കുലകുത്തിയ
മുന്തിരികൾ,
മിണ്ടാട്ടമില്ലാത്ത
മാമ്പഴങ്ങൾ,
എല്ലു തെഴുത്ത
പ്ളം പഴങ്ങൾ,
അമുങ്ങിയ
അത്തിപ്പഴങ്ങൾ.
ശുദ്ധലേപനം നീ,
വാസനിയ്ക്കുന്ന അപ്പം,
പൂക്കുന്നതിലൊക്കെക്കേമം.
നിന്റെയുരുണ്ട മുഗ്ധതയിൽ
പല്ലുകളാഴ്ത്തുമ്പോൾ
ഒരു നിമിഷം
ഞങ്ങളൊന്നു പിന്നാക്കം പോവുന്നു
പെറ്റിട്ട പടുതിയിലേക്ക്:
ആപ്പിളിന്റെയൊരല്പം
നമ്മിലൊക്കെ ശേഷിക്കുന്നു.
നിനക്കു സമൃദ്ധി വരട്ടെ,
നിന്റെ തറവാടു പുലരട്ടെ.
ആപ്പിളു കൊണ്ടു നിറയട്ടെ
ഒരു നഗരം
ഒരു രാഷ്ട്രം
ഒരു മിസ്സിസ്സിപ്പി നദി.
അതിന്റെ കരയിൽ
വന്നുകൂടട്ടെ
വീണ്ടും വന്നുകൂടട്ടെ
ഈ ഭൂമിയിലെ
ആകമാനജനങ്ങളും,
ഞങ്ങൾക്കറിയുന്ന
ഏറ്റവും ലളിതമായ കൃത്യത്തിൽ
മുഴുകട്ടെ ഞങ്ങൾ:
ഒരാപ്പിളിൽ ഞങ്ങൾ
പല്ലുകളാഴ്ത്തട്ടെ.

2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ബോദ്‌ലേർ - ഒരു ശവം

 

സൗമ്യസുന്ദരമായൊരു വേനൽപ്രഭാതത്തിൽ
നാമന്നുകണ്ട വസ്തു നിനക്കോർമ്മയുണ്ടോ, പ്രിയേ:
പാത  തിരിയുന്നിടത്തൊരു ചരൽത്തടത്തിൽ
അറയ്ക്കുന്നൊരു ജന്തുവിന്റെ ജഡം കിടന്നിരുന്നു,

കാമച്ചൂടു പിടിച്ചവളെപ്പോലെ കാലുകളകറ്റിവച്ചും
നീറിയും വിയർത്തും വിഷനീരുകളിറ്റിച്ചും 
നിരങ്കുശവും അശ്രദ്ധവുമായുമതു തുറന്നുവച്ചിരുന്നു,
കെട്ട വാതകങ്ങൾ  പെരുകിവീർത്തൊരുദരം.

ആ ജീർണ്ണപിണ്ഡത്തിനു മേൽ സൂര്യൻ തിളങ്ങിയിരുന്നു,
പാകത്തിനൊത്തതിനെ വേവിച്ചെടുക്കാനെന്നപോലെ,
മഹാപ്രകൃതിയതിൽ സഞ്ചയിച്ച മൂലകങ്ങളെല്ലാം
നൂറിരട്ടിയായവൾക്കു തിരിച്ചുകൊടുക്കാനെന്നപോലെ.

ആകാശമാ വിശിഷ്ടജഡത്തെ നോക്കിനിന്നിരുന്നു,
വിടർന്നുവരുന്നൊരു പൂവിനെയെന്നപോലെ;
അത്ര വീർപ്പുമുട്ടിക്കുന്നതായിരുന്നു അതിന്റെ നാറ്റം,
പുല്ലിലേക്കു മൂർച്ഛിച്ചുവീഴുമെന്നു നീയന്നു പേടിച്ചു.

അഴുകിയ വയറ്റിനു ചുറ്റും ഈച്ചകൾ മൂളിപ്പറന്നിരുന്നു,
അതിൽ നിന്നു പുറത്തുവന്ന പുഴുക്കളുടെ കരിമ്പടകൾ
ജീർണ്ണിച്ച മാംസാവശിഷ്ടങ്ങൾക്കിടയിലൂടെ
കൊഴുത്ത ദ്രാവകം പോലൊലിച്ചിറങ്ങിയിരുന്നു.

തിരയെന്നപോലതുയരുകയും താഴുകയുമായിരുന്നു,
അല്ലെങ്കിലതു നുരഞ്ഞുപൊങ്ങുകയായിരുന്നു;
ഒരജ്ഞാതശ്വാസമുള്ളിൽ നിറഞ്ഞിട്ടെന്നപോലെ
ജീവിക്കുകയും പെരുകുകയുമാണതെന്നു തോന്നി.

ആ ലോകത്തു നിന്നൊരു വിചിത്രസംഗീതം നാം കേട്ടു,
വെള്ളമൊഴുകുമ്പോലെ, കാറ്റു വീശുമ്പോലെ,
മുറത്തിൽ ധാന്യമണികളെടുത്തൊരാൾ
താളത്തിൽ പാറ്റിക്കൊഴിക്കുന്നപോലെ.

ആ രൂപങ്ങൾ പിന്നെ പതിയേ മാഞ്ഞുപോയി,
ഒരു സ്വപ്നത്തിൽ കണ്ട ദൃശ്യങ്ങൾ പോലെ,
കാൻവാസിൽ വരച്ചുതുടങ്ങുകയും പിന്നെ മറക്കുകയും
ഒടുവിലോർമ്മയിൽ നിന്നു മുഴുമിക്കുകയും ചെയ്ത ചിത്രം പോലെ.

പാറകൾക്കു പിന്നിലിരുന്നൊരു പെൺപട്ടി
നീരസത്തോടെ നമ്മെ നോക്കുകയായിരുന്നു,
ആ ജഡത്തിൽ നിന്നും താൻ തിന്നതിന്റെ ശിഷ്ടം
വീണ്ടെടുക്കാനുള്ള അവസരം നോക്കുകയായിരുന്നു.

എന്റെ കണ്മണീ, എന്റെ ജീവിതപ്രകാശമേ, 
നിനക്കുമീ നികൃഷ്ടത തന്നെ വന്നുചേരും, 
ഈയറയ്ക്കുന്ന, ദുഷിച്ച വസ്തുപോലെയാകും നീ, 
എന്റെ ദേവതേ, എന്റെ വികാരാവേശമേ!

അതെ! അന്ത്യശുശ്രൂഷകൾക്കെല്ലാമൊടുവിൽ,
പുല്ലുകൾക്കും തിടം വച്ച പൂക്കൾക്കുമടിയിൽ 
എല്ലുകൾക്കിടയിൽക്കിടന്നു നീ ദ്രവിക്കുമ്പോൾ
എന്റെ സൗന്ദര്യറാണീ, നിന്റെ ഗതിയുമിതുതന്നെയാകും.

ചുംബനങ്ങൾ കൊണ്ടു കൃമികൾ നിന്നെത്തിന്നുമ്പോൾ,
എന്റെ സുന്ദരീ, നീയവയോടിങ്ങനെ പറയൂ:
“എന്റെയുള്ളിലെന്നുമെന്നും ഞാൻ കാത്തുവയ്ക്കുന്നു,
എന്റെ ജീർണ്ണപ്രണയത്തിന്റെ സ്വരൂപവും ദിവ്യസത്തയും!”
*


2021, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ബോദ്‌ലേർ - ആനുരൂപ്യങ്ങൾ

 

പ്രകൃതി എന്ന ക്ഷേത്രത്തിൽ ജീവനുള്ള സ്തംഭങ്ങൾ;
ചിലനേരമവയിൽ നിന്നസ്പഷ്ടമന്ത്രണങ്ങളുയരുന്നു;
പ്രതീകങ്ങളുടെ നിബിഡവനത്തിലൂടെ മനുഷ്യനലഞ്ഞുനടക്കുമ്പോൾ
പരിചിതനേത്രങ്ങളോടവയവനെപ്പിന്തുടരുന്നു.

വിദൂരവും ദീർഘവുമായ മാറ്റൊലികളകലെ വിലയിക്കുമ്പോൾ
രാത്രിയുടെ ഇരുട്ടു പോലെ, പകലിന്റെ തെളിച്ചം പോലെ വിപുലമായി
അവ്യക്തഗഹനമായൊരേകസ്വരം പിറവിയെടുക്കുമ്പോലെ,
നിറങ്ങളും ശബ്ദങ്ങളും മണങ്ങളും ഒന്നു മറ്റൊന്നുപോലാകുന്നു.

ചില പരിമളങ്ങൾ ശിശുവിന്റെ ചർമ്മം പോലെ നിർമ്മലം,
പുല്ലാങ്കുഴൽ പോലെ മധുരം, പുല്പരപ്പു പോലെ ഹരിതം,
-വേറേ ചിലവ സമൃദ്ധം, സങ്കീർണ്ണം, ജീർണ്ണം, ജയോന്മത്തം,

പരിമാണങ്ങളെ ഭേദിച്ചുകൊണ്ടനന്തതയിലേക്കു വ്യാപിക്കുന്നവ:
കസ്തൂരിയും കുന്തിരിക്കവും പോലെ, മൂരും സാമ്പ്രാണിയും പോലെ,
ആത്മാവിന്റെയുമിന്ദ്രിയങ്ങളുടേയും പ്രഹർഷങ്ങളെ വാഴ്ത്തുന്നവ.

2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ബോദ്‌ലേർ - അമ്മയ്ക്ക്

1851 ആഗസ്റ്റ് 30

...ഞാൻ വളരെ ഉത്കണ്ഠാകുലനും വളരെ വിഷാദവാനുമാണ്‌. തീരെ ബലം കെട്ട ഒരു ജീവിയാണ്‌ മനുഷ്യൻ എന്നു സമ്മതിക്കണം; കാരണം, നന്മയിൽ ശീലത്തിന്‌ വലിയൊരു പങ്കാണല്ലോ ഉള്ളത്. 

ജോലി പുനരാരംഭിക്കുന്നതിൽ അവിശ്വസനീയമായ ബുദ്ധിമുട്ടുകളാണ്‌ എനിക്കുണ്ടായത്. ശരിക്കു പറഞ്ഞാൽ ആ ‘പുനഃ’ വെട്ടിക്കളയണമെന്ന് എനിക്കു തോന്നുന്നു; കാരണം, ഞാൻ തുടങ്ങിയിട്ടുതന്നെയില്ലല്ലോ! എത്ര വിചിത്രമാണിത്! യുവാവായ ബൽസാക്ക് എഴുതിയതു ചിലത് കുറച്ചു നാൾ മുമ്പ് എന്റെ കയ്യിൽ കിട്ടിയിരുന്നു. ജീനിയസ്സായ ഈ മനുഷ്യൻ ചെറുപ്പത്തിലെഴുതിയത് എത്ര വിലക്ഷണവും ബാലിശവും ബുദ്ധിഹീനവുമായിരുന്നെന്ന് നമുക്കു സങ്കല്പിക്കാൻതന്നെ പറ്റില്ല. എന്നിട്ടും വിപുലമായ ഭാവനയും ചേതനയും സ്വരൂപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പക്ഷേ അദ്ദേഹം എപ്പോഴും ജോലി ചെയ്യുകയായിരുന്നു! പ്രയത്നത്തിലൂടെ പണം മാത്രമല്ല, തർക്കമറ്റ പാടവം കൂടി കൈവരിക്കാമെന്നത് എത്ര ആശ്വാസജനകമാണ്‌! എന്നാൽ മുപ്പതായപ്പോഴേക്കും ബൽസാക്ക് നിരന്തരപ്രയത്നം എന്ന ശീലം സ്വന്തമാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു; എന്നാൽ ഇന്നാൾ വരെ എനിക്കദ്ദേഹവുമായി പൊതുവായിട്ടുള്ളത് കടങ്ങളും ബാക്കിയായ പദ്ധതികളും മാത്രം.

എനിക്കു ശരിക്കും ഒരു സന്തോഷവുമില്ല. അടുത്ത മാസം ഞാൻ അയക്കുന്ന സുപ്രധാനമായ ഒരു കൃതി സന്തോഷത്തോടെ, അല്ലെങ്കിൽ ഒരമ്മയുടെ കണ്ണുകളോടെ, അമ്മയ്ക്കു വായിക്കാം. പക്ഷേ ആകെക്കൂടി അതൊരു ശോച്യമായ എഴുത്താണ്‌. അത്ഭുതപ്പെടുത്തുന്ന ചില പേജുകൾ തീർച്ചയായും അതിൽ കണ്ടെത്താം; പിന്നെയുള്ളതൊക്കെ ഒരു കെട്ട് വൈരുദ്ധ്യങ്ങളും ആത്മഗതങ്ങളും മാത്രമാണ്‌. വ്യുല്പത്തിയുടെ കാര്യമാകട്ടെ, അതിന്റെ ഒരു പ്രതീതി ഉണ്ടെന്നു മാത്രം. പിന്നെ? പിന്നെന്താണ്‌ എനിക്കു കാണിച്ചുതരാനുള്ളത്? കവിതകളുടെ ഒരു സമാഹാരമോ? കുറച്ചു കൊല്ലം മുമ്പാണെങ്കിൽ ഒരാൾക്കു പേരെടുക്കാൻ അതു മതിയാവുമായിരുന്നു എന്നെനിക്കറിയാം. സകല പിശാചുക്കളെക്കൊണ്ടും ഒച്ചയെടുപ്പിക്കാൻ അതിനു കഴിഞ്ഞേനെ. എന്നാലിപ്പോൾ അവസ്ഥയും സാഹചര്യവുമൊക്കെ മാറിക്കഴിഞ്ഞു...ഞാൻ ഒരുപാടു ചിന്തിച്ചുകൂട്ടുന്നുവെന്ന്, സത്യസന്ധമോ ലളിതമോ ആയതെന്തെങ്കിലും സൃഷ്ടിക്കാൻ കഴിയാത്ത രീതിയിൽ അത്രയധികം ഞാൻ വായിച്ചുകൂട്ടി എന്ന് എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. ഒരുപാടറിവെനിക്കുണ്ട്, എന്നാൽ മുഷിഞ്ഞുപണിയെടുക്കൽ എനിക്കു പറഞ്ഞതല്ല. എന്തായാലും, ഒരുപക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ, ഞാൻ ആത്മവിശ്വാസവും ഭാവനയും നിറഞ്ഞവനായെന്നുവരാം. ഇതെഴുതിക്കൊണ്ടിരിക്കെ ഞാൻ ചിന്തിക്കുകയാണ്‌, ഒരു കാരണവശാലും ഇതെല്ലാം ഞാനൊരു സുഹൃത്തിനോടു കുമ്പസാരിക്കാൻ പോകുന്നില്ല.



1862 ആഗസ്റ്റ് 11. ഞായറാഴ്ച

എന്റേതുപോലെ ഇത്ര തുണ്ടം തുണ്ടമായിപ്പോയ ഒരു ജീവിതത്തിന്‌ അധികം ഉദാഹരണങ്ങളുണ്ടാവില്ല എന്നാണെന്റെ വിശ്വാസം; അതെനിക്ക് ഒട്ടും സന്തോഷം നല്കുന്നില്ല എന്നതാണ്‌  തീർച്ചയായും കൗതുകരം. എനിക്കെന്നോടു തന്നെയുള്ള, എന്റെ ഹതാശയോടുള്ള, എന്റെ സ്വപ്നങ്ങളോടുള്ള അസാധാരണമായ മല്ലപിടുത്തങ്ങളെക്കുറിച്ച് അമ്മയോടു പറയാൻ എനിക്കാഗ്രഹമില്ല (അതിനെനിക്കു സമയവുമില്ല). അതുപോലെ എനിക്കു താല്പര്യമുള്ള ഒരേയൊരു ജീവി അമ്മ മാത്രമാണെന്ന് ഒരു നൂറാമത്തെ തവണ ആവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അങ്ങനെ പറഞ്ഞതിനാൽ അമ്മ അതു വിശ്വസിക്കണമെന്നും എനിക്കു തോന്നുന്നു. ഗൗരവത്തോടെ തീരുമാനമെടുക്കേണ്ട ഒരു പ്രതിസന്ധിയിലാണ്‌, ഒരു ഘട്ടത്തിലാണു ഞാനെന്ന് എനിക്കൊരു തോന്നൽ വന്നിരിക്കുന്നു; എന്നു പറഞ്ഞാൽ ഞാൻ ഇതേവരെ ചെയ്തതിനെല്ലാം നേർവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുക; കീർത്തിയെ മാത്രം സ്നേഹിക്കുക; നിരന്തരമായ പ്രയത്നത്തിൽ, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ പോലുമില്ലാതെ, ഏർപ്പെടുക; ആനന്ദത്തിന്റെ സകല രൂപങ്ങളേയും അടിച്ചമർത്തുക; മഹത്വത്തിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായി മാറുക. ഒടുവിലായി, ചെറിയൊരു സമ്പാദ്യം സ്വരൂപിക്കാൻ കൂടി ശ്രമിക്കുക. പണത്തെ സ്നേഹിക്കുന്നവരെ ഞാൻ വെറുക്കുന്നു; എന്നാൽ എന്റെ വാർദ്ധക്യത്തിൽ ദാസ്യവും ദാരിദ്ര്യവും സഹിക്കേണ്ടിവരുന്നതിനെ ഞാൻ അങ്ങേയറ്റം പേടിക്കുകയും ചെയ്യുന്നു.

31ന്‌, 1ന്‌, 2ന്‌, അല്ലെങ്കിൽ 3ന്‌ ഞാൻ എത്തും, എന്നുപറഞ്ഞാൽ വീട്ടിലെത്തും. മാസാവസാനമാകുമ്പോഴേക്കും മനുഷ്യമുഖങ്ങളുടെ ബീഭത്സതയിൽ നിന്നോടിയൊളിക്കാൻ എനിക്കു പറ്റുമെന്നു ഞാൻ കരുതുന്നു. പാരീസ് സമൂഹം എന്തുമാത്രം തരം താണിരിക്കുന്നുവെന്നു പറഞ്ഞാൽ അമ്മയ്ക്കു വിശ്വാസം വരില്ല. പണ്ടെനിക്കറിവുള്ള വശ്യവും ദയാർദ്രവുമായ ആ ലോകമല്ല ഇന്നത്; ചിത്രകാരന്മാർക്കൊന്നുമറിയില്ല, എഴുത്തുകാർക്കൊന്നുമറിയില്ല, അക്ഷരത്തെറ്റു കൂടാതെ എഴുതാൻ പോലുമറിയില്ല. ഞാനൊരു കിഴവനാണ്‌, മമ്മിയാണ്‌, മറ്റുവരെപ്പോലെ അത്ര അജ്ഞനല്ല ഞാനെന്നതിനാൽ എല്ലാവരും എന്നെ വെറുക്കുകയും ചെയ്യുന്നു. എന്തൊരു ജീർണ്ണത! ഫ്ലോബേർ,      സാന്ത് ബേവ് (Sainte-Beuve, d'Aurevilly ഇവരല്ലാതെ ആരോടും ഒത്തുപോകാൻ എനിക്കു കഴിയുന്നില്ല; ചിത്രകലയെക്കുറിച്ചു ഞാൻ പറയുന്നത് തിയോഫിൽ ഗോതിയേക്കല്ലാതെ ആർക്കും മനസ്സിലാകുന്നില്ല. എനിക്ക്, ഞാൻ ആവർത്തിക്കുന്നു, ജീവിതത്തോടു വെറുപ്പും പേടിയുമാണ്‌; മനുഷ്യമുഖത്തു നിന്ന്, എന്തിലുമുപരി പാരീസിലെ മുഖങ്ങളിൽ നിന്ന്, എനിക്കോടിപ്പോകണം.

les Miserables തീർച്ചയായും കിട്ടിക്കാണുമല്ലോ. അവജ്ഞ പോലും അർഹിക്കാത്തതും മൂഢവുമാണ്‌ ആ പുസ്തകം. അതിന്റെ കാര്യത്തിൽ നുണ പറയാനുള്ള വലിയൊരു കഴിവ് ഞാൻ കാണിച്ചു. എന്റെ ലേഖനത്തിനുള്ള നന്ദിയായി തീർത്തും പരിഹാസ്യമായ ഒരു കത്ത് അദ്ദേഹം എനിക്കെഴുതി. മഹാനായ ഒരാൾ വിഡ്ഢിയുമാകാമെന്നതിന്‌ അതു തെളിവാണ്‌.



 1865 ജനുവരി 1, ഞായറാഴ്ച

എന്റെ പ്രിയപ്പെട്ട അമ്മേ,

എനിക്കമ്മയെക്കുറിച്ചോർക്കാനും ഇത്രയും കൊല്ലങ്ങളായി ഞാൻ എന്റെ മേൽ കൂട്ടിവച്ച കടമകളേയും ചുമതലകളേയും കുറിച്ചോർക്കാനും ഈ ദിവസത്തിന്റെ, ഒരു കൊല്ലത്തെ ദിവസങ്ങളിൽ വച്ചേറ്റവും വ്യസനകരമായ ഈ ദിവസത്തിന്റെ ഗൗരവം എനിക്കാവശ്യമില്ല. എന്റെ ഒന്നാമത്തെ കടമ, വാസ്തവത്തിൽ ഒരേയൊരു കടമ, അമ്മയെ സന്തോഷവതിയാക്കുക എന്നതാണ്‌. ഞാൻ നിരന്തരം അതുതന്നെ ആലോചിച്ചിരിക്കുന്നു. അതു സഫലമാക്കുക എന്നത് എന്നെങ്കിലും എന്നെക്കൊണ്ടാകുമോ?

ദൈവം ആ സാദ്ധ്യത പെട്ടെന്നൊരിക്കൽ എന്നിൽ നിന്നെടുത്തു മാറ്റിയാലോ എന്ന് ചിലപ്പോൾ ഒരു നടുക്കത്തോടെ ഞാൻ ചിന്തിച്ചുപോകാറുണ്ട്. ആദ്യം തന്നെ ഞാൻ വാക്കു തരട്ടെ, ഇക്കൊല്ലം സഹായത്തിനുള്ള ഒരാവശ്യവും അമ്മ എന്നിൽ നിന്നു സഹിക്കേണ്ടിവരില്ല. എന്തൊക്കെ പരാധീനതകളാണ്‌ ഞാൻ അമ്മയുടെ മേൽ കെട്ടിയേല്പിച്ചിരിക്കുന്നതെന്നോർക്കുമ്പോൾ എന്റെ മുഖം ചുവന്നുപോകുന്നു. കുറച്ചു പണം തിരിച്ചുതരാൻ പോലും ഇക്കൊല്ലം ഞാൻ നോക്കുന്നുണ്ട്. ഈ പുതുവർഷത്തിന്റെ ഒരു ദിവസം പോലും ജോലിയെടുക്കാതെ കടന്നുപോകില്ല എന്നും ഞാൻ വാക്കുതരുന്നു. തീർച്ചയായും ഒടുവിൽ പ്രതിഫലം വന്നുതന്നെയാവണം.

എന്റെ മനസ്സു നിറയെ ഇരുണ്ട ചിന്തകളാണ്‌. ഒരു തടസ്സവുമില്ലാതെ ഓരോ ദിവസവും സ്വന്തം ജോലി ചെയ്യുക എന്നത് എത്ര ദുഷ്കരമാണ്‌! എത്ര ബുദ്ധിമുട്ടാണ്‌, ഒരു പുസ്തകം മനസ്സിൽ രൂപപ്പെടുത്താൻ മാത്രമല്ല, മടുപ്പില്ലാതെ അതെഴുതാൻ, ഓരോ ദിവസത്തേക്കും വേണ്ട ധൈര്യം സംഭരിക്കാൻ! ഇത്രയും കാലമായി എന്റെ മനസ്സിലുള്ളതെല്ലാറ്റിനും കൂടി ശുഷ്കാന്തിയോടെ ജോലി ചെയ്താൽ പതിനഞ്ചു മാസത്തിലധികം വേണ്ട എന്നു ഞാൻ കണക്കാക്കിയിട്ടുണ്ട്. എത്ര തവണ ഞാൻ എന്നോടുതന്നെ പറഞ്ഞിരിക്കുന്നു, ‘എന്റെ ആത്മവിശ്വാസക്കുറവ്, മോശം കാലാവസ്ഥ, എന്റെ പേടികൾ, എന്റെ കടക്കാർ, എന്റെ ഏകാന്തതയുടെ മടുപ്പ് ഇതെല്ലാമിരിക്കെത്തന്നെ ധൈര്യം സംഭരിക്കൂ! നിനക്കതിനുള്ള പ്രതിഫലം കിട്ടും!’ എത്ര തവണയാണ്‌ ദൈവമെനിക്ക് പതിനഞ്ചു മാസങ്ങൾ മുമ്പേറു തന്നത്; എന്നിട്ടെത്ര തവണയാണ്‌, ഇപ്പോൾപ്പോലും, എന്റെ പദ്ധതികൾക്ക് ഞാൻ മുടക്കം വരുത്തിയത്. ശരിയാക്കേണ്ടതൊക്കെ ശരിയാക്കാനുള്ള സമയം (അതിനുള്ള ധൈര്യം എനിക്കുണ്ടെങ്കിൽ) എനിക്കു കിട്ടുമോ? അഞ്ചോ ആറോ കൊല്ലം എനിക്കു മുന്നിലുണ്ടെന്നെങ്കിലും എനിക്കുറപ്പുണ്ടായിരുന്നെങ്കിൽ! എന്നാൽ ആർക്കാണതിനെക്കുറിച്ചുറപ്പു പറയാൻ പറ്റുക? ഇപ്പോൾ എന്നെ ബാധിച്ചിരിക്കുന്ന ചിന്ത അതാണ്‌; മരണത്തെക്കുറിച്ചുള്ള ചിന്ത; അതിന്റെ കൂടെയുള്ളത് വെറും പേടിയല്ല, കാരണം, അത്രധികം അനുഭവിച്ചതിനാലും അത്രയധികം ശിക്ഷ കിട്ടിയതിനാലും കുറേയധികം ഇളവിനു ഞാനർഹനാണ്‌; മരണം എനിക്കു സഹിക്കാൻ പറ്റാത്തത് എന്റെ മനസ്സിലുള്ള പദ്ധതികളെയൊക്കെ അത് നിശ്ശേഷം നശിപ്പിക്കും എന്നുതുകൊണ്ടാണ്‌, ഈ ലോകത്ത് എനിക്കു ചെയ്യാനുള്ളതിന്റെ മൂന്നിലൊന്നുപോലും ഞാൻ ചെയ്തുകഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌.

കയ്യിൽ പണമൊന്നുമില്ലാതെ പാരീസിൽ ജീവിക്കാൻ, ആറേഴു ദിവസത്തേക്കെങ്കിലും പാരീസിൽ (എന്റെ നരകത്തിൽ) ഒന്നിറങ്ങാൻ പോലും എനിക്കെന്തു പേടിയാണെന്ന് അമ്മ ഊഹിച്ചിട്ടുണ്ടാകും. ചില കടക്കാരുടെ കാര്യത്തിലെങ്കിലും വ്യക്തമായ ഒരുറപ്പു കൊടുക്കേണ്ടിവരും. മതിപ്പോടെയല്ലാതെ എനിക്കു ഫ്രാൻസിലേക്കു മടങ്ങേണ്ട. ശ്രദ്ധ പതറിക്കുന്നതെന്തിനേയും ഒഴിവാക്കാൻ പ്രവാസം എന്നെ പഠിപ്പിച്ചുകഴിഞ്ഞു. തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനാവശ്യമായ ഊർജ്ജമാണ്‌ എനിക്കില്ലാത്തത്. അതുണ്ടായിക്കഴിഞ്ഞാൽ ആത്മാഭിമാനവും മനസ്സമാധാനവും എനിക്കു കിട്ടും.

അക്കാര്യത്തിൽ എനിക്കു ശുഭപ്രതീക്ഷയുമുണ്ട്. എന്റെ സാഹിത്യസംബന്ധമായ കാര്യങ്ങൾ നോക്കാൻ പാരീസിൽ ഒരാളെ ഞാൻ  ഏർപ്പെടുത്തിക്കഴിഞ്ഞു; ആ വിഷയത്തിൽ ചില നല്ല വാർത്തകൾ അധികം വൈകാതെ എനിക്കമ്മയോടു പറയാനുണ്ടാകും; ആളുകൾ എന്നെ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണെന്റെ വിശ്വാസം.

പ്രസിദ്ധീകരിക്കാൻ തയാറാക്കിയിട്ടുള്ളവയുടെ വിശദാംശങ്ങൾ അമ്മയ്ക്കറിയാമല്ലോ; ഹാ, എത്ര പതുക്കെയാണെല്ലാം!

1. Historires grotesques et seriesus. (പുതുവർഷത്തിന്റെ കോലാഹലം കഴിഞ്ഞാൽ അതു പുറത്തുവരും. മൈക്കൽ ഒരു കോപ്പി അയച്ചുതരും.)
2. Fleurs du mal (വിപുലീകരിച്ചത്)
3. Spleen de Paris 
4. Paradis Artificielles
5. Mes Contemporains
6. Pauvre Belgique

(അവസാനം പറഞ്ഞ മൂന്നിന്റെ കാര്യത്തിലാണ്‌ പാരീസിൽ നിന്നുള്ള മറുപടിക്ക് ഞാൻ ഉത്കണ്ഠയോടെ കാത്തിരിക്കുന്നത്.)

നോവെല്ല പരമ്പരയുടേയും Mon cœur mis à nu  (മലർക്കെത്തുറന്ന ഹൃദയം)വിന്റെയും കാര്യമാണെങ്കിൽ, അമ്മയുടെ ഒപ്പമായിരിക്കുമ്പോൾ ഞാനതെഴുതും. മാതൃസ്നേഹത്തിന്റെ മഹനീയദിനങ്ങളായിരിക്കും അവ. അകാലവാർദ്ധക്യത്തിന്റെ ദിനങ്ങളായിരിക്കില്ല അവയെന്നു ഞാൻ ആശിക്കട്ടെ!

അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി എഴുതാൻ ഞാൻ യാചിക്കുന്നു. ജലദോഷം? കാലുകളിലേയും മുതുകത്തേയും ബലക്ഷയത്തെക്കുറിച്ച് കഴിഞ്ഞ കത്തുകളിൽ എഴുതിയിരുന്നല്ലോ, അതെന്താണ്‌?

എനിക്കെല്ലാം വിശദമായി അറിയണം. ഇതാദ്യമായിട്ടാണ്‌ അമ്മയ്ക്ക് ഇങ്ങനെയൊന്നു വരുന്നതെന്നു തോന്നുന്നു; കാരണം, ഇതിനെക്കുറിച്ച് മുമ്പെഴുതിയിട്ടേയില്ലല്ലോ. എയ്മി* ഇപ്പോഴും നന്നായി നോക്കുന്നുണ്ടല്ലോ, അല്ലേ?

സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും സ്നേഹിക്കാത്ത ഒരു കുഞ്ഞിന്റെ അടക്കവയ്യാത്ത വികാരത്തോടെ ഞാൻ അമ്മയെ കെട്ടിപ്പിടിക്കുന്നു.

അമ്മയ്ക്കിഷ്ടപ്പെടുന്ന ഒന്നുരണ്ടു ചെറിയ സാധനങ്ങൾ ഞാൻ കൊണ്ടുവരാം.

ചാൾസ്

*എയ്മേ (Aimee)- മദാം ഓപിക്കിന്റെ പരിചാരിക


2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ബോദ്‌ലേർ - അപ്പോലോനീ സബാത്തിയേക്ക്

 1857 ആഗസ്റ്റ് 18


പ്രിയപ്പെട്ട മദാം,

എനിക്കു നിങ്ങളെ മറക്കാൻ പറ്റുമെന്ന് ഒരു നിമിഷം പോലും നിങ്ങൾ സംശയിച്ചിട്ടില്ലല്ലോ, അല്ലേ? പുസ്തകം പുറത്തുവന്ന നിമിഷം തന്നെ നിങ്ങൾക്കു വേണ്ടി ഒരു സ്പെഷ്യൽ കോപ്പി ഞാൻ മാറ്റിവച്ചിരുന്നു; അതിന്റെ പുറംചട്ട താൻ അർഹിക്കുന്നതല്ല എന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതിന്റെ പഴി എനിക്കല്ല, ബൈന്റർക്കാണു പോകേണ്ടത്; കുറച്ചുകൂടി നല്ലതൊന്നു വേണമെന്ന് ഞാനയാളോടു പറഞ്ഞതായിരുന്നു.

എന്റെ പ്രിയപ്പെട്ട ദേവതയ്ക്കു വേണ്ടി എഴുതിയ രണ്ടു കവിതകളിലും (Tout entiere, A celle qui est trop gaie) മറ്റു പലതിനുമൊപ്പം ആ തെമ്മാടികൾ (ഞാനുദ്ദേശിക്കുന്നത് ജഡ്ജിമാർ, വക്കീലന്മാർ തുടങ്ങിയവരെയാണ്‌) കുറ്റം കണ്ടെത്തുകയുണ്ടായി. രണ്ടാമതു പറഞ്ഞതാവട്ടെ, ആ പുസ്തകത്തിലെ ഏറ്റവും നല്ല കവിതയായി ബഹുമാന്യനായ സാന്ത്-ബേവ് വാഴ്ത്തിയതുമാണ്‌. 

എന്റെ ശരിക്കുള്ള കൈപ്പടയിൽ ഇതാദ്യമായിട്ടാണ്‌ ഞാൻ നിങ്ങൾക്കെഴുതുന്നത്. ഈ വ്യവഹാരവും കത്തുകളും കൊണ്ടു തിരക്കു പിടിക്കേണ്ടിവന്നില്ലായിരുന്നെങ്കിൽ (വിചാരണ മറ്റേന്നാളാണ്‌) എന്റെ ഭാഗത്തു നിന്നുണ്ടായ ബാലിശമായ പൊട്ടത്തരങ്ങൾക്ക് നിങ്ങളോടു ക്ഷമ ചോദിക്കാനുള്ള അവസരമായി ഞാൻ ഇതുപയോഗപ്പെടുത്തുമായിരുന്നു. അതെന്തുമാകട്ടെ, ആവശ്യത്തിനു പ്രതികാരം നിങ്ങൾ ചെയ്തുകഴിഞ്ഞില്ലേ, നിങ്ങളുടെ അനിയത്തിയെക്കൊണ്ടു പ്രത്യേകിച്ചും? ആളൊരു ഭയങ്കരി തന്നെ! ഒരു ദിവസം നമ്മളെ ഒരുമിച്ചു കണ്ടപ്പോൾ എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞതു കേട്ടപ്പോൾ എന്റെ ചോരയോട്ടം നിലച്ചുപോയി: “എന്റെ ചേച്ചിയോട് ഇപ്പോഴും നിങ്ങൾക്കു പ്രേമമാണോ, ഇപ്പോഴും നിങ്ങൾ അതുപോലുള്ള ഗംഭീരൻ കത്തുകൾ അയക്കാറുണ്ടോ?”  അന്നെനിക്കു ബോദ്ധ്യമായി, ഒന്നാമത്, ഒളിക്കാൻ തോന്നിയപ്പോൾ ഞാനതു ചെയ്തത് വേണ്ട വിധത്തിലല്ലെന്ന്; രണ്ടാമത്, നിങ്ങളുടെ സുന്ദരമായ മുഖം അത്ര ദയാമയമായിരുന്നില്ല അപ്പോഴെന്ന്. വഷളന്മാർ “പ്രേമിക്കും,” കവികൾ പക്ഷേ, “വിഗ്രഹാരാധകർ” ആണ്‌; നിത്യസത്യങ്ങൾ ഗ്രഹിക്കാനുള്ള മാനസികഘടനയല്ല നിങ്ങളുടെ അനിയത്തിക്കുള്ളതെന്നും എനിക്കു തോന്നുന്നു.

അതിനാൽ, നിങ്ങൾക്കു തമാശയായി തോന്നാം എന്നുണ്ടെങ്കിലും, ആ അരക്കിറുക്കുകാരിക്ക് രസമായി തോന്നിയ എന്റെ പ്രതിജ്ഞകൾ ഞാൻ ഒന്നുകൂടി ആവർത്തിക്കട്ടെ. ദിവാസ്വപ്നവും സഹതാപവും ബഹുമാനവും അതിന്റെകൂടെ വളരെ ഗൗരവത്തോടെ ചെയ്ത ഒരായിരം ബാലിശമായ പ്രവൃത്തികളും ചേർന്നാൽ ഇതിലധികം കൃത്യമായി നിർവ്വചിക്കാൻ പറ്റാത്ത, ആത്മാർത്ഥമായതൊന്നിന്റെ ഭാഗികമായ ഒരു ധാരണ നിങ്ങൾക്കു കിട്ടും. 

നിങ്ങളെ മറക്കുക എന്നത് എന്റെ ശേഷിക്കുമപ്പുറത്താണ്‌. തനിക്കു പ്രിയപ്പെട്ട ഒരു രൂപത്തിൽ കണ്ണു നട്ടുകൊണ്ട് ആയുസ്സു മുഴുവൻ കഴിച്ചുകൂട്ടിയ കവികളെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുണ്ട്. വിശ്വസ്തത പ്രതിഭയുടെ ഒരടയാളമാണെന്നുതന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഞാൻ സ്വപ്നം കാണുകയും മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു രൂപം മാത്രമല്ല നിങ്ങൾ- നിങ്ങൾ എന്റെ അന്ധവിശ്വാസമാണ്‌. വിഡ്ഢിത്തമായിട്ടെന്തെങ്കിലും ചെയ്യുമ്പോൾ ഞാൻ സ്വയം ചോദിക്കാറുണ്ട്: “ദൈവമേ, അവൾ ഇതറിഞ്ഞാൽ എന്തു കരുതും?” നല്ലതെന്തെന്തെങ്കിലും ചെയ്താൽ ഞാൻ സ്വയം പറയും: “എന്നെ ആത്മീയമായി അവളിലേക്കു കൂടുതൽ അടുപ്പിക്കുന്നതാണത്!”

നിങ്ങളെ കാണുക എന്ന സന്തോഷം എനിക്കുണ്ടായ ഒടുവിലത്തെ ആ അവസരം! നിങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ ഞാൻ എന്തുമാത്രം ശ്രദ്ധിച്ചിരുന്നെന്നോ! ഞാൻ സ്വയം പറഞ്ഞു: “ഈ വണ്ടി അവൾക്കു വേണ്ടിയാണ്‌ കാത്തുകിടക്കുന്നതെങ്കിൽ ഞാൻ മറ്റൊരു വഴിയിലൂടെ പോകുന്നതാവും നല്ലത്.” അപ്പോഴാണ്‌, എന്നെ വശീകൃതനാക്കുകയും എന്നെ ചീന്തിയെറിയുകയും ചെയ്യുന്ന ആ അരുമസ്വരത്തിൽ “ഗുഡ് ഈവനിംഗ്!” യാത്രയിലുടനീളം നിങ്ങളുടെ സ്വരത്തിൽ “ഗുഡ് ഈവനിംഗ്” എന്നാവർത്തിച്ചുകൊണ്ട് ഞാൻ അവിടെനിന്നു പോയി. 

എന്റെ ജഡ്ജിമാരെ പോയ വ്യാഴാഴ്ച്ച ഞാൻ കണ്ടിരുന്നു. അവർക്കു സൗന്ദര്യമില്ല എന്നല്ല ഞാൻ പറയുക. അറപ്പു തോന്നുന്ന വിധം വിരൂപികളാണവർ; അവരുടെ ആത്മാവുകൾ ആ മുഖങ്ങൾ പോലെതന്നെയാവണം. ഫ്ലാബേറിന്‌ തന്റെ പക്ഷത്ത് ചക്രവർത്തിനി ഉണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കാൻ ഒരു സ്ത്രീയുമില്ല. നിങ്ങളുടെ ബന്ധങ്ങളും എനിക്കു പിടുത്തം കിട്ടാത്ത മാർഗ്ഗങ്ങളും ഉപയോഗിച്ച് അവരുടെ ആ കട്ടിത്തലയോടുകൾക്കുള്ളിലേക്ക് വിവേകപൂർണ്ണമായ ഒരു ചിന്ത കടത്തിവിടാൻ നിങ്ങൾക്കു കഴിഞ്ഞേക്കുമെന്ന ഒരു വിചിത്രമായ ചിന്ത കുറച്ചു ദിവസം മുമ്പ് എനിക്കുണ്ടായി.

മറ്റേന്നാൾ, വ്യാഴാഴ്ച്ച, കാലത്താണ്‌ വാദം തുടങ്ങുന്നത്. ആ സത്വങ്ങളുടെ പേരുകൾ ഇങ്ങനെയാണ്‌:

പ്രസിഡന്റ്: ദ്യുപാട്ടി

സ്റ്റേറ്റ് അഡ്വൊക്കേറ്റ്: പിനാ (അപകടകാരി)

ജഡ്ജിമാർ: ഡെലേവോ, ദ് പൊന്റൊൺ ഡമിക്കോ, നക്കാർട്ട്

ആറാം കോടതി.

ഈ നിസ്സാരകാര്യങ്ങളെല്ലാം ഒരു വശത്തേക്കെനിക്കു മാറ്റിവയ്ക്കണം. ഒരാൾ നിങ്ങളെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നും അയാളുടെ ചിന്തകൾ ഒരുവിധത്തിലും നിസ്സാരമല്ലെന്നും നിങ്ങളുടെ വിദ്വേഷം നിറഞ്ഞ ഉല്ലാസപ്രകൃതത്തോട് അയാൾക്കു ചെറുതായൊരു വിരോധമുണ്ടെന്നും ഓർക്കുക. 

ഞാൻ പറഞ്ഞ രഹസ്യങ്ങളൊന്നും വെളിയിലേക്കു പോകരുതെന്ന് ആത്മാർത്ഥതയോടെ അപേക്ഷിക്കുന്നു. നിങ്ങൾ എന്റെ കൂട്ടാളിയാണ്‌, എന്റെ രഹസ്യമാണ്‌. ഇത്രകാലം എന്റെ ചോദ്യങ്ങൾക്ക് ഞാൻ തന്നെ ഉത്തരം നല്കിയിരുന്ന ഈ അടുപ്പമാണ്‌ അനൗപചാരികമായ സ്വരത്തിൽ നിങ്ങൾക്കെഴുതാൻ എന്നെ ധൈര്യവാനാക്കിയത്.

വിട, പ്രിയപ്പെട്ട ലേഡീ, എത്രയുമാരാധനയോടെ ഞാൻ നിങ്ങളുടെ കൈകളിൽ ചുംബിക്കുന്നു.

പിൻകുറിപ്പ്: പേജ് 84നും 105നുമിടയിലുള്ള കവിതകളെല്ലാം നിങ്ങൾക്കുള്ളതാണ്‌.


2021, ഓഗസ്റ്റ് 7, ശനിയാഴ്‌ച

ബോദ്‌ലേർ - മഹാമനസ്കനായ ചൂതാട്ടക്കാരൻ


ഇന്നലെ തെരുവിലെ തിരക്കിലൂടെ നടക്കുമ്പോൾ ഒരു നിഗൂഢജീവി എന്നെ ഉരുമ്മിക്കടന്നുപോയി- പരിചയപ്പെടണമെന്ന് ഏറെക്കാലമായി ഞാൻ ആഗ്രഹിച്ചിരുന്നതും മുമ്പൊരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും കണ്ടയുടനേ ഞാൻ തിരിച്ചറിയുകയും ചെയ്ത ഒരു വ്യക്തി. അദ്ദേഹത്തിനും എന്റെ പേരിൽ അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നിരിക്കണം; കാരണം, കടന്നുപോകുമ്പോൾ ആൾ എന്നെ നോക്കി അർത്ഥഗർഭമായി ഒന്നു കണ്ണിറുക്കിയിരുന്നു; ഒട്ടും മടിക്കാതെ ഞാൻ അതനുസരിക്കുകയും ചെയ്തു. തൊട്ടു പിന്നാലെയായി ഞാൻ അദ്ദേഹത്തെ പിന്തുടർന്നു; ഞങ്ങൾ ഇറങ്ങിച്ചെന്നത് ഗംഭീരമായ ഒരു ഭൂഗർഭവസതിയിലാണ്‌; പാരീസിലെ പ്രഭുഗൃഹങ്ങളിൽ ഒന്നിനുപോലും അതിശയിക്കാൻ പറ്റാത്ത ആഡംബരത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുകയാണത്. അതിപ്രതാപം നിറഞ്ഞ ആ സങ്കേതത്തിനു മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ടാവാമെങ്കിലും അതിന്റെ കവാടം ഇന്നേവരെ കണ്ണിൽ പെടാതിരുന്നത് വളരെ വിചിത്രമാണല്ലോ എന്നു ഞാൻ മനസ്സിൽ പറയുകയും ചെയ്തു. അതിവിശിഷ്ടമായ, ഒപ്പം തലയ്ക്കു പിടിക്കുന്ന ഒരന്തരീക്ഷമാണ്‌ അവിടെ നിറഞ്ഞുനിന്നിരുന്നത്; അവിടെ എത്തേണ്ട താമസം, ഈ മുഷിപ്പൻ ജീവിതത്തിലെ എല്ലാ ആകുലതകളും നിങ്ങളുടെ വിസ്മൃതിയിൽ പെട്ടുകഴിഞ്ഞു; ഒരിരുണ്ട ആനന്ദാനുഭൂതി നിങ്ങൾക്കുണ്ടാകുന്നു. ഇതിനു സമാനമായ ഒന്നായിരുന്നിരിക്കണം, അന്തിവെളിച്ചം കെടാത്ത ഒരു മാന്ത്രികദ്വീപിൽ ചെന്നിറങ്ങിയ ആ ‘താമരതീനികളും’ അനുഭവിച്ചത്; ജലപാതങ്ങളുടെ സുഖരാഗങ്ങൾക്കൊപ്പം അവരുടെ ഹൃദയങ്ങളിൽ വളർന്നത് ഇനിയൊരിക്കലും തങ്ങളുടെ പരദേവതകളെ, തങ്ങളുടെ ഭാര്യമാരെ, തങ്ങളുടെ സന്തതികളെ കാണാതിരിക്കാനും ഇനിയൊരിക്കലും ആഴിയുടെ കൊടുംതിരകൾക്കു മേൽ കയറാതിരിക്കാനുമുള്ള ആഗ്രഹമായിരുന്നല്ലോ.

അവിടെ ഞാൻ കണ്ട സ്ത്രീകളുടേയും പുരുഷന്മാരുടേയും വിചിത്രമുഖങ്ങളിൽ ഒരു മാരകസൗന്ദര്യം മുദ്ര ചാർത്തിയിരുന്നു; എനിക്കപ്പോൾ കൃത്യമായി ഓർമ്മിച്ചെടുക്കാൻ കഴിയാതിരുന്ന ഏതൊക്കെയോ ദേശങ്ങളിലും കാലങ്ങളിലും വച്ച് ഞാനിവരെ മുമ്പു കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ എനിക്കുണ്ടായി; അപരിചിതനായ ഒരാളെ കാണുമ്പോൾ സാധാരണ തോന്നാറുള്ള ഭീതിയല്ല, സഹോദരങ്ങളോടെന്നപോലെ ഒരനുഭാവമാണ്‌ എനിക്കപ്പോൾ അവരോടു തോന്നിയത്. അവരുടെ നോട്ടത്തിലെ സവിശേഷമായ ഭാവത്തെ നിർവ്വചിക്കാൻ  ഒന്നു ശ്രമിച്ചുനോക്കിയാൽ അത് ഇങ്ങനെയായിരിക്കും: മടുപ്പിനോടുള്ള ഭീതിയും ജീവിച്ചിരിക്കുന്നു എന്ന ബോധത്തിനായുള്ള നിരന്തരമായ ആഗ്രഹവും കൂടി ഇത്രമേലെരിക്കുന്ന കണ്ണുകൾ മുമ്പു ഞാൻ കണ്ടിട്ടില്ല.

കസേരകൾ വലിച്ചിട്ടിരുന്നപ്പോഴേക്കും ഞാനും എന്റെ ആതിഥേയനും ചിരകാലസുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ ആഹാരം കഴിച്ചു, വിശിഷ്ടങ്ങളായ പലതരം മദ്യങ്ങൾ അളവില്ലാതെ അകത്താക്കി; എന്നാൽ അതിലും വിശേഷമായി എനിക്കു തോന്നിയത്, അത്രയധികം മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനുള്ളത്രയും വെളിവ് എനിക്കുണ്ടായിരുന്നു എന്നതാണ്‌. എന്നാൽ ചൂതുകളി, ആ അമാനുഷികവിനോദം, പലപ്പോഴായി ഞങ്ങളുടെ മധുപാനത്തെ തടസ്സപ്പെടുത്തിയിരുന്നു; വീരോചിതമായ ഒരു ചങ്കൂറ്റത്തോടെയും മാനസികലാഘവത്തോടെയും ഞാനെന്റെ ആത്മാവിനെ പണയപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടറിയാനില്ലാത്ത ഒരു സംഗതിയാണല്ലോ ഈ ആത്മാവ് എന്നു പറയുന്നത്; മിക്കപ്പോഴും ഒരുപയോഗവുമില്ലാത്തതും ചിലപ്പോൾ ഒരു ശല്യവുമായ അത് നഷ്ടപ്പെടുത്തിയപ്പോൾ നടക്കാനിറങ്ങിയ വഴി വിസിറ്റിങ്ങ് കാർഡ് നഷ്ടപ്പെട്ടാലത്തെ വികാരമേ എനിക്കുണ്ടായുള്ളു. 

പിന്നെ ഞങ്ങൾ സിഗാറുകളും പുകച്ച് ദീർഘനേരമിരുന്നു; അതിന്റെ അനുപമമായ സ്വാദും മണവും അറിയാത്ത ദേശങ്ങളെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള നഷ്ടബോധം ആത്മാവിൽ പകർന്നു. ഈ സന്തോഷങ്ങളെല്ലാം തലയ്ക്കു പിടിച്ച ഞാൻ ഒരതിപരിചയത്തിന്റെ തള്ളലിൽ, അതിൽ അദ്ദേഹത്തിനും അപ്രിയമുള്ളതായി കണ്ടില്ല, നിറഞ്ഞുതുളുമ്പിയ ഒരു ഗ്ലാസ് പൊക്കിപ്പിടിച്ച് ഇങ്ങനെ ഉറക്കെപ്പറഞ്ഞു: “താങ്കളുടെ അക്ഷയമായ ആരോഗ്യത്തിന്‌, കിഴവൻ നിക്ക്!”

ഞങ്ങൾ പ്രപഞ്ചത്തെക്കുറിച്ചു സംസാരിച്ചു, അതിന്റെ സൃഷ്ടിയേയും ഭാവിയിൽ വരാനിരിക്കുന്ന നാശത്തെയും കുറിച്ചു സംസാരിച്ചു; പിന്നെ, ഈ നൂറ്റാണ്ടിനു പ്രിയപ്പെട്ട ചില ആശയങ്ങളെക്കുറിച്ച്- എന്നു പറഞ്ഞാൽ, പുരോഗതി, മനുഷ്യനു പരിപൂർണ്ണത പ്രാപിക്കാമെന്ന വിശ്വാസം എന്നിവ; മൊത്തത്തിൽ മനുഷ്യന്റെ അതിമോഹങ്ങളുടെ സകലരൂപങ്ങളെക്കുറിച്ചും. ആ വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തമാശ കലർന്ന തർക്കവാദങ്ങൾ അനിഷേദ്ധ്യവും നിർബ്ബാധവുമായ ഒരു പ്രവാഹമായിരുന്നു. അങ്ങനെയൊരു വചോവിലാസവും ഫലിതബോധവും മനുഷ്യവർഗ്ഗത്തിലെ ഏറ്റവും പേരു കേട്ട സംഭാഷണചതുരരിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇക്കാലം വരെ മനുഷ്യമനസ്സിനെ കൈയേറിയ പലതരം തത്ത്വശാസ്ത്രങ്ങളുടെ അയുക്തികതയെക്കുറിച്ച് അദ്ദേഹമെനിക്കു വിശദീകരിച്ചുതന്നു; ചില അടിസ്ഥാനതത്വങ്ങളെക്കുറിച്ച് എന്നോടു രഹസ്യമായി പറയാനുള്ള ദാക്ഷിണ്യവും അദ്ദേഹം കാണിച്ചു; അതിന്റെ ഉടമസ്ഥതയും പ്രയോജനവും എല്ലാവരുമായി പങ്കു വയ്ക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ചു സംശയമുള്ളതിനാൽ ഞാൻ അതിനു മുതിരുന്നില്ല. ലോകമാകെ തനിക്കുള്ള കുഖ്യാതിയെക്കുറിച്ച് അദ്ദേഹത്തിന്‌ ഒരു പരാതിയുമില്ലായിരുന്നു; അന്ധവിശ്വാസങ്ങൾ നശിച്ചുകാണാൻ ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം എനിക്കുറപ്പു തന്നു. സ്വന്തം ശക്തിയെക്കുറിച്ച് ഒരിക്കലേ തനിക്കു സംശയം തോന്നിയിട്ടുള്ളു എന്നദ്ദേഹം തുറന്നുപറഞ്ഞു; തന്റെ സഹപ്രവർത്തകരെക്കാൾ സൂക്ഷ്മബുദ്ധിയായ ഒരുപദേശി പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞ ദിവസമാണത്: “എന്റെ പ്രിയസഹോദരങ്ങളേ, പ്രബുദ്ധതയുടെ പുരോഗതിയെക്കുറിച്ചഭിമാനം കൊള്ളാൻ തോന്നുമ്പോൾ ഇക്കാര്യം മറക്കരുതേ: പിശാചിന്റെ കൗശലങ്ങളിൽ വച്ചേറ്റവും വശ്യം താനില്ലെന്നു നിങ്ങളെ വിശ്വസിപ്പിക്കലാണ്‌!”

പേരു കേട്ട ആ പ്രഭാഷകനെക്കുറിച്ചുള്ള ഓർമ്മ സ്വാഭാവികമായും ഞങ്ങളുടെ സംസാരവിഷയത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു തിരിച്ചുവിട്ടു; തൂലികയേയോ വാക്കിനേയോ പ്രബോധകരുടെ മനഃസാക്ഷിയേയോ പ്രചോദിപ്പിക്കുന്നത് തന്റെ സ്ഥിതിക്കു ചേരാത്തതാണെന്ന് തനിക്കു തോന്നിയിട്ടില്ലെന്നും മിക്ക അക്കാദമിൿവൃന്ദങ്ങളിലും അദൃശ്യനായിട്ടാണെങ്കിലും താൻ പങ്കെടുക്കാറുണ്ടെന്നും അസാധാരണനായ എന്റെയാ ആതിഥേയൻ പ്രസ്താവിച്ചു. 

ഇത്രയും ദയ കാണിച്ചതിന്റെ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തോട് ദൈവത്തിന്റെ വിശേഷങ്ങൾ ചോദിച്ചു; അടുത്തെങ്ങാനും ആളെക്കണ്ടുവോയെന്നു ഞാൻ ആരാഞ്ഞു. ഒരുതരം ഉദാസീനതയോടെയാണ്‌ അതിനദ്ദേഹം മറുപടി പറഞ്ഞത്; എന്നാലതിൽ എന്തോ ഒരു വിഷാദച്ഛായ കൂടി കലർന്നിരുന്നു: “തമ്മിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഹലോ പറയാറുണ്ട്; എന്നാലത്, സഹജമായ ഒരു മര്യാദ ഉള്ളിലുള്ളവരായിട്ടുകൂടി പഴയ ചില കലഹങ്ങൾ പൂർണ്ണമായി മറക്കാൻ പറ്റാത്ത രണ്ടു വൃദ്ധന്മാരെപ്പോലെയാണെന്നേയുള്ളു.”

വെറുമൊരു മനുഷ്യജീവിക്ക് ഇത്രയും ദീർഘിച്ച ഒരു കൂടിക്കാഴ്ച ഇതിനു മുമ്പ് അദ്ദേഹം അനുവദിച്ചിട്ടുണ്ടോയെന്നു സംശയമാണ്‌; അതു ഞാൻ ദുരുപയോഗപ്പെടുത്തുകയാണോ എന്ന പേടിയും എനിക്കുണ്ടായി. ഒടുവിൽ, വിറ പൂണ്ട പ്രഭാതം ജനാലകളെ വെള്ള പൂശാൻ തുടങ്ങിയപ്പോൾ, എത്രയോ കവികൾ പാടിപ്പുകഴ്ത്തുകയും എത്രയോ തത്ത്വചിന്തകർ തങ്ങളറിയാതെ മഹത്വപ്പെടുത്തുകയും ചെയ്ത ആ വിശ്രുതകഥാപാത്രം എന്നോടു പറഞ്ഞു: “എന്നെക്കുറിച്ച് നല്ല ഓർമ്മകളുമായി വേണം നിങ്ങൾ പോകുന്നത് എന്നെനിക്കാഗ്രഹമുണ്ട്; ഇത്രയൊക്കെ അപവാദപ്രചാരണത്തിനു വിധേയനായ ഞാൻ ചിലപ്പോഴൊക്കെ, നിങ്ങളുടെ ഒരു ഭാഷാപ്രയോഗം കടമെടുത്താൽ, ഒരു ‘നല്ല പിശാച്’ ആണെന്നു തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ആത്മാവിന്റെ കാര്യത്തിൽ നിങ്ങൾക്കു പറ്റിയ അപരിഹാര്യമായ നഷ്ടം നികത്തുന്നതിനായി, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരുന്നെങ്കിൽ ചൂതിൽ നിന്നു നിങ്ങൾക്കു കിട്ടുമായിരുന്നതെല്ലാം ഞാൻ മടക്കിത്തരുന്നു- എന്നു പറഞ്ഞാൽ, നിങ്ങളുടെ സകല ദുരിതങ്ങൾക്കും ഗർഹണീയമായ പുരോഗതിക്കും ഒരേപോലെ കാരണമായ മടുപ്പ് എന്ന വിചിത്രരോഗത്തെ ഒരായുസ്സു മുഴുവൻ തടുത്തുനിർത്താനും നിവാരണം ചെയ്യാനുമുള്ള സാദ്ധ്യത. നിങ്ങൾക്കൊരു മോഹം തോന്നിയാൽ എന്റെ സഹായം കൊണ്ട് അതു നടന്നിരിക്കും; മ്ളേച്ഛരായ സഹജീവികൾക്കെല്ലാം മേൽ നിങ്ങൾ കോയ്മ നേടും; സ്തുതിയും, ആരാധന പോലും, നിങ്ങൾക്കു കിട്ടും; നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു യത്നവും കൂടാതെതന്നെ സ്വർണ്ണവും വെള്ളിയും വജ്രങ്ങളും യക്ഷിക്കഥകളിലെ കൊട്ടാരങ്ങളും നിങ്ങളെ തേടിവരികയും തങ്ങളെ സ്വീകരിക്കാൻ നിങ്ങളോടപേക്ഷിക്കുകയും ചെയ്യും; രാജ്യവും പൗരത്വവും നിങ്ങളുടെ ഹിതം പോലെ മാറിമാറിയെടുക്കാം; എന്നും ഉഷ്ണം പുലരുന്ന, സ്ത്രീകൾ പൂക്കളെപ്പോലെ മണക്കുന്ന മാന്ത്രികദേശങ്ങളിൽ, ഒരുനാളും മടുക്കാത്ത സുഖങ്ങളും നുകർന്നു നിങ്ങൾക്കുന്മത്തനാകാം- അങ്ങനെയങ്ങനെ...“ എഴുന്നേറ്റുകൊണ്ട് സൗഹൃദപൂർണ്ണമായ ഒരു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

അത്രയും പ്രൗഢമായ ഒരു സദസ്സിനു മുന്നിൽ സ്വയം നാണം കെടുത്തുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ അവിശ്വസനീയമായ ആ ദാനസന്നദ്ധതയ്ക്കു നന്ദി പ്രകടിപ്പിക്കാനായി മഹാമനസ്കനായ ആ ചൂതാട്ടക്കാരന്റെ പാദങ്ങൾക്കു മുന്നിൽ ഞാൻ ദണ്ഡനമസ്കാരം ചെയ്തേനെ. പക്ഷേ അദ്ദേഹം പോയതില്പിന്നെ, പതുക്കെപ്പതുക്കെ, അവിശ്വാസം എന്ന മാറാരോഗം എന്നിലേക്കു തിരിച്ചുവന്നു; സുഖങ്ങളുടെ കാര്യത്തിൽ അത്രയും ധാരാളിത്തമുണ്ടാകാമെന്നു വിശ്വസിക്കാനുള്ള സാഹസം പിന്നെ ഞാൻ കാണിച്ചില്ല. ബുദ്ധിഹീനമായ ഒരു ശീലമായിപ്പോയതിനാൽ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ പാതിമയക്കത്തോടെ ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു: “എന്റെ ദൈവമേ! എന്റെ കർത്താവായ ദൈവമേ! സാത്താൻ എനിക്കു തന്ന വാക്കു മാറ്റാതെ നോക്കണേ!”

ബോദ്‌ലേർ, - പാവങ്ങളുടെ കണ്ണുകൾ


അതു ശരി, ഞാനിന്നു നിന്നെ വെറുക്കുന്നതെന്തുകൊണ്ടാണെന്നു നിനക്കറിയണം, അല്ലേ? അതെനിക്കു നിന്നെ പറഞ്ഞുമനസ്സിലാക്കുന്നതിനെക്കാൾ പ്രയാസമായിരിക്കും നിനക്കതു മനസ്സിലാവുക എന്നതിൽ സംശമില്ല; കാരണം, അഭേദ്യമായ സ്ത്രൈണതയ്ക്ക് ഈ ഭൂമുഖത്തുള്ള ഏറ്റവും നല്ല ഉദാഹരണമാണു നീയെന്നു ഞാൻ വിശ്വസിക്കുന്നു.

എനിക്കത്രമേൽ ഹ്രസ്വമെന്നു തോന്നിയ ദീർഘമായ ഒരു പകൽ നാം ഒരുമിച്ചുണ്ടായിരുന്നു; നമ്മൾ നമ്മുടെ എല്ലാ ചിന്തകളും പരസ്പരം കൈമാറുമെന്നും ഇനിമുതൽ നമ്മുടെ രണ്ടാത്മാക്കൾ ഒന്നായിരിക്കുമെന്നും  നാം പ്രതിജ്ഞയും ചെയ്തിരുന്നു- എല്ലാവരും സ്വപ്നം കണ്ടുവെന്നല്ലാതെ ഒരാൾക്കും സാക്ഷാല്ക്കരിക്കാൻ പറ്റാതെപോയ ഒരു സ്വപ്നം എന്നതൊഴിച്ചാൽ മറ്റൊരു മൗലികതയുമില്ലാത്ത ഒരു സ്വപ്നം.

സന്ധ്യയായപ്പോൾ നിന്റെ ക്ഷീണം മാറ്റാനായി റോഡിന്റെ തിരിവിൽ പുതിയതായി തുറന്ന കഫേയിലേക്കു നാം നടന്നു; കല്ലും കുമ്മായവും കൂടിക്കിടപ്പുണ്ടെങ്കിലും അതതിന്റെ പണി തീരാത്ത പൊലിമകൾ വിളിച്ചുകാട്ടിത്തുടങ്ങിയിരുന്നു. കഫേ വെട്ടിത്തിളങ്ങുകയാണ്‌. ഒരരങ്ങേറ്റത്തിന്റെ അത്യുത്സാഹം ആ ഗ്യാസ് ലൈറ്റിനെത്തന്നെ കടന്നുപിടിച്ചപോലെ തോന്നിയിരുന്നു; അതിന്റെ ഇരമ്പിക്കത്തുന്ന വെളിച്ചത്തിൽ പ്രകാശമാനമാണ്‌, കണ്ണു മഞ്ഞളിക്കുന്ന വെള്ളച്ചുമരുകൾ, കണ്ണഞ്ചിക്കുന്ന കണ്ണാടിപ്പാളികൾ, സ്വർണ്ണവർണ്ണത്തിലുള്ള സ്തൂപങ്ങളും ചുമരുകളുടെ തലപ്പുകളും, ചുമരുകളിലെ ചിത്രങ്ങളിൽ വേട്ടനായ്ക്കൾ വലിച്ചുപിടിച്ചുകൊണ്ടോടുന്ന കവിളുരുണ്ട പരിചാരകബാലന്മാർ, കൈത്തണ്ടകളിൽ പ്രാപ്പിടിയന്മാരുമായി ചിരിക്കുന്ന പ്രഭ്വികൾ, പഴങ്ങളും അപ്പങ്ങളും വാത്തുകളും നിറച്ച കൂടകൾ തലയിലേന്തിയ ദേവിമാരും വനദേവതമാരും, ബവേറിയൻ പാല്ക്കട്ടിയോ നാനാവർണ്ണമായ ഐസ്ക്രീമോ നിറച്ച ചഷകങ്ങളെടുത്തുനീട്ടുന്ന ഹീബിയും ഗാനിമീഡും- തീറ്റഭ്രാന്തിനു വിടുപണി ചെയ്യാൻ ചരിത്രവും പുരാണവും.

നമുക്കു നേരേ മുന്നിലായി നടപ്പാതയിൽ നാല്പതു കഴിഞ്ഞ നല്ലൊരു മനുഷ്യൻ നില്പുണ്ടായിരുന്നു: ക്ഷീണിച്ച മുഖം, നരച്ചുതുടങ്ങിയ താടി; ഒരാൺകുട്ടി അയാളുടെ ഒരു കൈ പിടിച്ചുനില്ക്കുന്നു, നടക്കാനുള്ള പ്രായമാകാത്ത മറ്റൊരു കുട്ടിയെ അയാൾ മറ്റേക്കൈയിൽ എടുത്തിരിക്കുന്നു. കുട്ടികളെ നോക്കുന്ന ജോലി ഏറ്റെടുത്ത അയാൾ അവരേയും കൊണ്ട് വൈകുന്നേരം നടക്കാനിറങ്ങിയതായിരിക്കും. എല്ലാവരും കീറത്തുണിയാണിട്ടിരിക്കുന്നത്. മൂന്നു മുഖങ്ങളും ഒരസാധാരണഗൗരവം പൂണ്ടിരിക്കുന്നു; ആറു കണ്ണുകൾ ആ പുതിയ കഫേയെ ഉറ്റുനോക്കുകയാണ്‌, ഒരേ ആരാധനയോടെ, എന്നാൽ, പ്രായത്തിനനുസരിച്ചുള്ള വ്യത്യാസത്തോടെ.

അച്ഛന്റെ കണ്ണുകൾ പറഞ്ഞു: “എന്തു ഭംഗിയാണ്‌! എന്തു ഭംഗിയാണ്‌! ഈ പാവപ്പെട്ട ലോകത്തെ സ്വർണ്ണമെല്ലാം ആ ചുമരുകളിലുണ്ടെന്നു തോന്നിപ്പോകും.” ആൺകുട്ടിയുടെ കണ്ണുകൾ പറഞ്ഞു: “എന്തു ഭംഗിയാണ്‌! എന്തു ഭംഗിയാണ്‌! എന്നാൽ ഞങ്ങളെപ്പോലല്ലാത്തവർക്കേ ആ വീട്ടിൽ കയറാൻ പറ്റൂ.“ മറ്റേക്കുഞ്ഞിന്റെ കണ്ണുകളാവട്ടെ, മൂഢവും തീവ്രവുമായ ഒരാനന്ദമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാൻ പറ്റാത്തവിധം വശീകരണത്തിനടിപ്പെട്ടിരിക്കുകയായിരുന്നു. 

ആനന്ദം ആത്മാവിനെ നവീകരിക്കുകയും ഹൃദയത്തെ ആർദ്രമാക്കുകയും ചെയ്യുന്നുവെന്നല്ലേ പാട്ടെഴുത്തുകാർ പറയുന്നത്. എന്റെ കാര്യത്തിൽ ആ വൈകുന്നേരത്ത് പാട്ടുകൾ പറഞ്ഞതു ശരിതന്നെയായിരുന്നു. ആ കണ്ണുകളുടെ കുടുംബം എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു എന്നു മാത്രമല്ല, നമ്മുടെ മേശപ്പുറത്തെ ഗ്ലാസ്സുകളും കുപ്പികളും എന്നെ തെല്ലൊന്നു നാണിപ്പിക്കുകയും ചെയ്തു; നമ്മുടെ ദാഹത്തേക്കാൾ എത്രയോ വലുതായിരുന്നു അവ. എന്റെ നോട്ടം ഞാൻ നിന്റെ കണ്ണുകളിലേക്കു തിരിച്ചു, പ്രിയേ; എന്റെ ചിന്തകൾ അവിടെയും വായിക്കാമെന്നു ഞാൻ കരുതി. അത്ര മനോഹരവും അത്ര വിചിത്രമാം വിധം സൗമ്യവുമായ നിന്റെ കണ്ണുകളിലേക്ക്, ചാപല്യത്തിനിരിപ്പിടവും ചന്ദ്രൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിന്റെ പച്ചക്കണ്ണുകളിലേക്ക് ഞാൻ ആണ്ടിറങ്ങി. അപ്പോൾ നീ പറഞ്ഞു: ”ആ നില്ക്കുന്നവരെ എനിക്കു തീരെ പിടിക്കുന്നില്ല; വായും പൊളിച്ചുള്ള നില്പു കണ്ടില്ലേ! വെയ്റ്ററോടു പറഞ്ഞ് അവരെ ഓടിച്ചുവിടരുതോ?“

പരസ്പരം മനസ്സിലാക്കുക അത്ര ദുഷ്കരമാണെന്റെ പ്രിയപ്പെട്ട മാലാഖേ, അതിനി അന്യോന്യം സ്നേഹിക്കുന്നവരാണെങ്കിലും!