എമീൽ ചൊറാൻ

ദൈവമേ, ഒരിക്കലും പ്രാർത്ഥിക്കാതിരിക്കാനുള്ള കഴിവെനിക്കു തരേണമേ, ആരാധനയുടെ ചിത്തോന്മാദത്തിൽ നിന്നെന്നെ ഒഴിവാക്കേണമേ, എന്നെ എന്നേക്കുമായി നിന്റെ കൈകളിലേല്പിക്കുന്ന ആ പ്രേമത്തിന്റെ പ്രലോഭനം എന്നിൽ നിന്നു കടന്നുപോകേണമേ. എനിക്കും സ്വർഗ്ഗത്തിനുമിടയിൽ നിശ്ശൂന്യത പടരട്ടെ! എനിക്കൊരാഗ്രഹവുമില്ല, എന്റെ വിജനതകളിൽ നിന്റെ സാന്നിദ്ധ്യത്തെ കുടിപാർപ്പിക്കാൻ, എന്റെ രാത്രികളെ നിന്റെ വെളിച്ചത്തിന്റെ തേർവാഴ്ചയ്ക്കു വിട്ടുകൊടുക്കാൻ, എന്റെ സൈബീരിയകൾ നിന്റെ സൂര്യനടിയിൽ അലുത്തുപോകാൻ. സർവ്വദാ മണ്ണു കുഴച്ചും ലോകകാര്യങ്ങളിൽ സദാ വ്യാപൃതമായും മലിനപ്പെട്ട നിന്റെ കൈകൾ പോലെയല്ലാതെ എന്റെ കൈകൾ, നിന്നെക്കാൾ ഏകാകിയായ എന്റെ കൈകൾ, നിർമ്മലമായിരിക്കട്ടെ. എന്റെ ഏകാന്തതയോടും എന്റെ യാതനകളോടും മതിപ്പു വേണമെന്നല്ലാതെ നിന്റെ മൂഢമായ അപരിമിതശക്തിയോടു ഞാൻ ഒന്നും അപേക്ഷിക്കുന്നില്ല. നിന്റെ വാക്കുകൾ കൊണ്ടെനിക്കെന്തു കാര്യം? അവയ്ക്കു കാതുകൊടുക്കാൻ എന്നെ നിർബ്ബന്ധിതനാക്കിയേക്കാവുന്ന ചിത്തഭ്രമത്തെ ഞാൻ ഭയക്കുന്നു. ആദിമനിമിഷത്തിനു മുമ്പു സഞ്ചിതമായിരുന്ന ആ അത്ഭുതം, ആ ശാന്തി, എനിക്കു നല്കിയാലും; നിനക്കത് അസഹ്യമായതുകൊണ്ടാണല്ലോ, ശൂന്യതയെ ഭേദിക്കാനും കാലത്തിന്റെ ഈ മേളയ്ക്കു വഴിയൊരുക്കാനും നീ പ്രേരിതനായത്, ഈ പ്രപഞ്ചത്തിലേക്ക്, അസ്തിത്വത്തിന്റെ അപമാനത്തിലേക്കും നാണക്കേടിലേക്കും ഞാൻ തള്ളിവിടപ്പെട്ടത്.

(എമീൽ ചൊറാൻ- പ്രാർത്ഥനയുടെ ധാർഷ്ട്യം)


ഏകാന്തത നമുക്കനുഭവമാകുന്നത് വസ്തുക്കളുടെ നിശ്ശബ്ദത നമുക്കു കേൾക്കാറാകുമ്പോൾ മാത്രമാണ്‌. അപ്പോൾ ഒരു കല്ലിൽ ഉറങ്ങിക്കിടക്കുകയും ഒരു ചെടിയിൽ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യുന്ന രഹസ്യം നമുക്കു കേൾക്കാമെന്നാകുന്നു- പ്രകൃതിയുടെ മറഞ്ഞതും തുറന്നതുമായ രീതികൾ. ഏകാന്തതയുടെ കാര്യത്തിൽ വിചിത്രമെന്നു പറയാവുന്ന കാര്യം, അതിനെ സംബന്ധിച്ചിടത്തോളം അചേതനമായ ഒരു വസ്തുവും ഇല്ല എന്നതാണ്‌. എല്ലാ വസ്തുക്കൾക്കുമുണ്ട്, ഒരു ഭാഷ; പൂർണ്ണനിശ്ശബ്ദതയിലേ നമുക്കതിന്റെ പൊരുളു തിരിക്കാൻ കഴിയൂ. സർവ്വതിലുമുണ്ട്, ജീവൻ നിറഞ്ഞ, തീക്ഷ്ണമായ ഒരേകാന്തത. പ്രകൃതിയിൽ ചേതന നിദ്രാണമാണ്‌; സസ്യങ്ങളുടെ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചെടുക്കാൻ എനിക്കാഗ്രഹമില്ലാതില്ല.

നിഴലുകൾക്കുമുണ്ട് ഒരു രഹസ്യജീവിതം. ആവശ്യമുള്ളത്ര കവികൾ ലോകത്തുണ്ടായിട്ടില്ല; അതുകൊണ്ടല്ലേ, ഇത്രയധികം വസ്തുക്കൾ വെളിപ്പെടുത്തപ്പെടാതെ കിടക്കുന്നത്, സ്വന്തം പൊരുളുകളിൽ നിന്നവ അകന്നുപോയത്!
***
സംഗീതജ്ഞനെക്കുറിച്ച് എന്റെ നിർവ്വചനം: എല്ലാ ഇന്ദ്രിയങ്ങളിലൂടെയും കേൾക്കുന്ന ഒരാൾ. ബാഹിന്റെ രണ്ടാമത്തെ ഭാര്യ, അന്ന മഗദലീന, തന്റെ ഭർത്താവിന്റെ കണ്ണുകൾ കണ്ടപ്പോൾ തനിക്കു തോന്നിയത് മനസ്സിൽ തറയ്ക്കുന്ന വിധം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്: അവ കേൾക്കുന്ന കണ്ണുകളായിരുന്നു.

അവർ ഇങ്ങനെയും ഓർമ്മിക്കുന്നു: “ഒരിക്കൽ അദ്ദേഹം പാഷൻ ഒഫ് സെയ്ന്റ് മാത്ത്യൂവിലെ ‘ഗൊൽഗോത്ത’ എന്ന ഭാഗം രചിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിയിലേക്കു ചെല്ലാൻ ഇടയായി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി; സാധാരണഗതിയിൽ തുടുത്തു, പ്രശാന്തമായിരിക്കുന്ന ആ മുഖം വിളറി, കണ്ണീരിൽ കുതിർന്നിരുന്നു. ഞാൻ ചെന്നത് അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ല; ഞാൻ പതുക്കെ തിരിഞ്ഞുനടന്ന് വാതിലിനു മുന്നിലെ പടിയിലിരുന്ന് തേങ്ങിക്കരഞ്ഞു.” ബാഹിന്റെ സംഗീതം സ്വർഗ്ഗീയരൂപാന്തരത്തിന്റെ മാദ്ധ്യമമാണ്‌. അതിൽ വികാരങ്ങളില്ല, ദൈവവും ലോകവും മാത്രമേയുള്ളു, അവ രണ്ടിനേയും ഇണക്കുന്ന കണ്ണീരും.

(എമീൽ ചൊറാൻ- കണ്ണീരും വിശുദ്ധന്മാരും)


(എമീൽ ചൊറാൻ- കണ്ണീരും വിശുദ്ധന്മാരും)


നിശ്ശബ്ദത ചിലപ്പോഴത്രയ്ക്കഗാധമാവുമ്പോൾ മൂടിയിട്ടധികനേരമാവാത്ത ശവക്കുഴികളിൽ ചിന്തകൾക്കനക്കം വയ്ക്കുന്നതു നിങ്ങൾക്കു കേൾക്കാം. കാറ്റിന്റെ വിലാപമൊടുങ്ങുമ്പോൾ പൂമ്പാറ്റകളുടെ നേർത്ത ചിറകിളക്കം മലഞ്ചരിവുകളുടെ മൗനത്തിനസഹ്യമാവുന്നു. അങ്ങനെയുള്ള മുഹൂർത്തങ്ങളിലാണ്‌ വിദൂരാകാശത്തിന്റെ ഇളംനീലിമ നിങ്ങൾക്കു കണ്ണില്പെടുന്നതും അതിന്റെ ദിവ്യവും മൂകവുമായ മൂഢതയുമായി നിങ്ങൾ സ്നേഹത്തിലാവുന്നതും. ഞാൻ ആകാശത്തെ സ്നേഹിക്കുന്നത് അതിനു ബുദ്ധിയില്ല എന്നതുകൊണ്ടാണ്‌. നക്ഷത്രങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നെനിക്കു സംശയമുണ്ട്.

(എമീൽ ചൊറാൻ- വിശുദ്ധരും കണ്ണീരും)


എമീൽ ചൊറാൻ - നൈരാശ്യത്തിൻ്റെ നെറുകയിൽ
---------------------------------------------------------------

അന്ത്യത്തെക്കുറിച്ചുള്ള ബോധം

അന്ത്യത്തിന്റെ ശോകത്തെയും ആഹ്ലാദത്തെയും കുറിച്ചേ എനിക്കു പറയാനുള്ളു. യാതൊന്നും പിടിച്ചുവയ്ക്കാതെ, ഒരു വിട്ടുവീഴ്ചയും ചെയ്യാതെ സ്വയം വെളിപ്പെടുത്തുന്നതിനെയേ ഞാൻ സ്നേഹിക്കുന്നുള്ളു; ഹൃദയം നുറുങ്ങുന്ന ശോകത്തിന്റെ പിടച്ചിലുകളിലും അന്ത്യനിമിഷങ്ങളുടെ ലഹരിയിലും വിക്ഷോഭത്തിലുമല്ലാതെ  മറ്റെവിടെയും നിങ്ങളതു കണ്ടെത്തുകയില്ല. സർവ്വതും അന്തിമമല്ലേ? ഇല്ലായ്മയെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ എന്താണ്‌, നമ്മുടെ അന്തിമശോകത്തിന്റെ പേരിലുള്ള വിലക്ഷണാനന്ദമല്ലാതെ, ഇല്ലായ്മയുടെ നിത്യതയോടും അസ്തിത്വത്തിന്റെ നശ്വരതയോടുമുള്ള നമ്മുടെ അമിതസ്നേഹമല്ലാതെ? യഥാർത്ഥത്തിൽ നമുക്ക് അസ്ത്വിത്വം പ്രവാസമാണെന്നും ഇല്ലായ്മ സ്വദേശമാണെന്നും വരുമോ?

ഞാൻ എന്നോടുതന്നെ മല്ലിടണം, എന്റെ വിധിക്കെതിരെ ആഞ്ഞടിക്കണം, എന്റെ രൂപാന്തരത്തിനെ ചെറുക്കുന്നതെന്തിനേയും തട്ടിത്തെറിപ്പിക്കണം; വെളിച്ചത്തിനും ഇരുട്ടിനുമായുള്ള എന്റെ തൃഷ്ണ മാത്രം ശേഷിക്കട്ടെ! എന്റെ ഓരോ പ്രവൃത്തിയും വിജയമോ പതനമോ,  പറക്കലോ വീഴ്ചയോ ആകട്ടെ! ഒരിടിവാളിന്റെ വേഗത്തിൽ ജീവനെന്നിൽ വളരുകയും മരിക്കുകയും ചെയ്യട്ടെ!  സർവ്വസാധാരണമായ അസ്തിത്വത്തിന്റെ ഹീനതയും യുക്തിഭദ്രതയും എന്റെ ആന്തരാവ്യവസ്ഥയുടെ സുഖങ്ങളേയും വേദനകളേയും, എന്റെ അന്തിമനൈരാശ്യത്തിന്റെയും ആനന്ദത്തിന്റെയും ദാരുണാഹ്ലാദങ്ങളെയും നശിപ്പിക്കാതിരിക്കട്ടെ!

അതിതീവ്രമായ ജൈവസംഘർഷത്തിന്റെ നിമിഷങ്ങളെ അതിജീവിക്കുക എന്നത് ഒരു മേന്മയല്ല, ബലഹീനതയുടെ ഒരടയാളമാണ്‌. അതിജീവിക്കുക, അസ്തിത്വത്തിന്റെ വൈരസ്യത്തിലേക്കു മടങ്ങാൻ മാത്രമായി? ശൂന്യതയുടെ അനുഭവത്തിനു ശേഷം, രതിസുഖത്തിന്റെ മൂർച്ഛയ്ക്കു ശേഷം അതിജീവനം അർത്ഥഹീനമാണ്‌. രതിമൂർച്ഛയ്ക്കിടെ ആളുകൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല, അതിജീവനത്തെ അവർ എന്തുകൊണ്ടു നിസ്സാരമായി കണുന്നില്ല എന്നത് എനിക്കു മനസ്സിലാകുന്നില്ല. ഹ്രസ്വമെങ്കിലും തീക്ഷ്ണമായ ആ വിറ നിമിഷങ്ങൾക്കകം നമ്മെ ചാരമാക്കേണ്ടതാണ്‌. എന്നാൽ അതു നമ്മെ കൊല്ലുന്നില്ലെങ്കിൽ നാം തന്നെ നമ്മെ കൊല്ലണം...എത്രയോ തരം മരണങ്ങളുണ്ട്. എന്നിട്ടും ലൈംഗികമായ ആത്മഹത്യക്കു ശ്രമിക്കാനുള്ള ധൈര്യമോ മൗലികതയോ ഒരാൾക്കുമില്ല- മറ്റു മരണങ്ങൾ പോലെതന്നെ നിശ്ശേഷമാണതും; എന്നാൽ ഇല്ലായ്മയിലേക്കുള്ള ആ വഴി ആനന്ദത്തിന്റെ നെറുകയിൽ നിന്നാണെന്നു മാത്രം. എന്തുകൊണ്ട് ആ പാതയിലേക്കിറങ്ങിക്കൂടാ? രതിസുഖത്തിന്റെ വിസ്മൃതിയിലെ നൈമിഷികമായ തെളിമ മതി, ലൈംഗികമരണം ഒരു മിഥ്യാഭ്രമമല്ലെന്നു ബോദ്ധ്യപ്പെടാൻ.

മനുഷ്യർക്ക് ദൈനന്ദിനജീവിതത്തിന്റെ ഏകതാനതയും നിസ്സാരതയും താങ്ങാൻ പറ്റാതാവുമ്പോൾ പൂർണ്ണതയുടെ ഏതനുഭൂതിയും അവർ ആത്മഹത്യക്കുള്ള അവസരമാക്കാൻ നോക്കും. പ്രഹർഷത്തിന്റെ അത്തരം അനർഘാവസ്ഥകളെ അതിജീവിക്കുക അസാദ്ധ്യമാണെന്നത് അസ്തിത്വത്തെ നശിപ്പിക്കും. ചില സിംഫണികൾ കേട്ടുകഴിഞ്ഞാൽ, അതുല്യമായ ഒരു പ്രകൃതിദൃശ്യം കണ്ടുകഴിഞ്ഞാൽ മരിക്കാൻ ആഗ്രഹം തോന്നിയേക്കാം എന്നതിൽ ആർക്കും പിന്നെ സംശയമുണ്ടാവില്ല.

ജീവിതത്തിൽ നിന്നു ഭ്രഷ്ടനായ ജന്തുവാണ്‌ മനുഷ്യൻ; അവന്റെ അവസ്ഥ ദാരുണമാണ്‌, കാരണം, അവന്‌ ജീവിതത്തിന്റെ സരളമൂല്യങ്ങൾ തൃപ്തി നല്കാതായിക്കഴിഞ്ഞിരിക്കുന്നു. ജന്തുക്കൾക്ക് ജീവിതം മാത്രമേയുള്ളു; മനുഷ്യനാകട്ടെ, ജീവിതം ഒരു ചോദ്യചിഹ്നമാണ്‌. തിരുത്താൻ പറ്റാത്ത ഒരു ചോദ്യചിഹ്നം; എന്തെന്നാൽ, മനുഷ്യൻ ഒരുത്തരവും കണ്ടെത്തിയിട്ടില്ല, ഒരിക്കലും കണ്ടെത്തുകയുമില്ല. ജീവിതത്തിന്‌ അർത്ഥമില്ലെന്നു മാത്രമല്ല, അർത്ഥമുണ്ടാവാൻ പോകുന്നുമില്ല.






ജീവിതാശ നഷ്ടപ്പെടുന്നതിനെക്കുറിച്ച്

നിങ്ങൾക്കതിജീവിക്കാൻ പറ്റാത്ത ചില അനുഭവങ്ങളുണ്ട്; ഒന്നിനും അർത്ഥമില്ലെന്ന് പിന്നീടു നിങ്ങൾക്കു തോന്നിപ്പോവുകയാണ്‌. നിങ്ങൾ ജീവിതത്തിന്റെ അതിർവരമ്പുകളിലെത്തിക്കഴിഞ്ഞാൽ, ആ അപായസീമകളിൽ വച്ചു തനിക്കു നല്കപ്പെടുന്നതെല്ലാം അതിന്റെ പരമാവധി നിങ്ങൾ ജീവിച്ചുകഴിഞ്ഞാൽ, പിന്നെ, ദൈനന്ദിനചേഷ്ടകൾക്കും പതിവുകാംക്ഷകൾക്കും അവയുടെ വിലോഭനീയമായ ചാരുതകൾ നഷ്ടപ്പെടുകയാണ്‌. പിന്നെയും ജീവിച്ചുപോകാൻ നിങ്ങൾക്കു കഴിയുന്നുണ്ടെങ്കിൽ അത് ഉള്ളിലുള്ളതിനെ പുറത്തുള്ളതായി കാണാൻ നിങ്ങൾക്കുള്ള പ്രാപ്തി ഒന്നുകൊണ്ടുമാത്രമാണ്‌, തീരാത്ത സമ്മർദ്ദങ്ങളിൽ നിന്ന് എഴുത്തിലൂടെ സ്വയം മുക്തി നേടാൻ കഴിയുന്നതുകൊണ്ടു മാത്രമാണ്‌. സർഗ്ഗാത്മകത മരണത്തിന്റെ നഖങ്ങളിൽ നിന്നുള്ള ഒരു താല്കാലികവിടുതിയത്രെ.

ജീവിതം എനിക്കു വച്ചുനീട്ടുന്നതെല്ലാം കാരണം, മരണമെന്ന ഭാവിയിലെ സാദ്ധ്യത കാരണം ഞാൻ പൊട്ടിത്തെറിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. ഏകാന്തത കൊണ്ട്, പ്രണയം കൊണ്ട്, നൈരാശ്യം കൊണ്ട്, വെറുപ്പു കൊണ്ട്, ഈ ലോകം എനിക്കു വച്ചുനീട്ടുന്നതെല്ലാം കൊണ്ട് ഞാൻ മരിക്കുകയാണെന്ന് എനിക്കു തോന്നുന്നു. ഓരോ അനുഭവത്തോടെയും ഊതിവീർപ്പിച്ചു പൊട്ടാറായ ഒരു ബലൂൺ പോലെ വികസിക്കുകയാണു ഞാൻ. ഏറ്റവും ഭീതിദമായ സാന്ദ്രീകരണം ഇല്ലായ്മയിലേക്കു പൊട്ടിത്തെറിക്കുന്നു. ഉള്ളിൽ നിങ്ങൾ വളരുന്നു, അതിരുകൾ ശേഷിക്കാതാകുന്ന നിലയിൽ നിങ്ങൾ ഭ്രാന്തമായി വികസിക്കുന്നു, രാത്രി വെളിച്ചത്തെ കവരുന്ന ആ വിളുമ്പിലേക്കു നിങ്ങളെത്തുന്നു, പിന്നെ,  ആ നിറവിൽ നിന്ന് ഒരു പ്രചണ്ഡവാതം നിങ്ങളെ ചുഴറ്റിയെടുത്ത് നേരേ ഇല്ലായ്മയിലേക്കെറിയുകയാണ്‌. ജീവിതം ഒരേസമയം സമൃദ്ധിയും ഇല്ലായ്മയും അമിതാഹ്ലാദവും നൈരാശ്യവും ജനിപ്പിക്കുന്നു. യുക്തിഹീനതയിലേക്കു നിങ്ങളെ വലിച്ചെടുക്കാനായി ഉള്ളിലെ നീർച്ചുഴി വാപിളർന്നെത്തുമ്പോൾ അതിനു മുന്നിൽ നിങ്ങളാരാണ്‌? അമിതമായ തീവ്രതയാൽ, അമിതമായ അസന്തുലിതാവസ്ഥയാൽ എന്റെ ജീവിതം പൊട്ടിപ്പിളരുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. അമർത്തിയാലടങ്ങാത്ത ഒരു സ്ഫോടനം പോലെയാണത്. സകലതിനുമൊപ്പം നിങ്ങളേയും അതു വായുവിലേക്കെടുത്തെറിയുന്നു. ജീവിതത്തിന്റെ വിളുമ്പിലെത്തിക്കഴിഞ്ഞാൽ നിങ്ങൾക്കു തോന്നുന്നു, താനിപ്പോൾ തന്റെ ആന്തരജീവിതത്തിന്റെ നിയന്താവല്ലെന്ന്, ആത്മനിഷ്ഠത എന്നത് ഒരു മായ മാത്രമാണെന്ന്, തന്റെ വരുതിയിലല്ലാത്ത ശക്തികൾ തനിക്കുള്ളിൽ ഇളകിമറിയുകയാണെന്ന്, വ്യക്തിപരമായ  ഒരു സത്തയോടോ നിയതവും വ്യതിരിക്തവുമായ ഒരു താളത്തോടോ ബന്ധമില്ലാതെയാണവ രൂപം പ്രാപിക്കുന്നതെന്ന്. ജീവിതത്തിന്റെ വിളുമ്പിൽ സകലതും മരണത്തിനുള്ള സന്ദർഭമാണ്‌. ഉള്ളതായും ഇല്ലാത്തതുമായുമുള്ളതെല്ലാം കാരണം നിങ്ങൾ മരിക്കുന്നു. ഏതനുഭവവും ഇപ്പോൾ ഇല്ലായ്മയിലേക്കുള്ള ഒരു എടുത്തുചാട്ടമാണ്‌. ജീവിതം വച്ചുനീട്ടുന്നതെല്ലാം അങ്ങേയറ്റത്തെ തീവ്രതയോടെ നിങ്ങൾ ജീവിച്ചുകഴിഞ്ഞുവെന്നിരിക്കട്ടെ, യാതൊന്നും അനുഭവമാകാത്ത ഒരു ഘട്ടത്തിൽ നിങ്ങളെത്തിക്കഴിഞ്ഞു. എന്തെന്നാൽ, പിന്നീട് യാതൊന്നും ശേഷിക്കുന്നില്ല. ആ അനുഭവങ്ങളുടെ എല്ലാ സാദ്ധ്യതകളിലും കൂടി നിങ്ങൾ കടന്നുപോകണമെന്നില്ല; മുഖ്യമായവ അവയുടെ പരമാവധിയിലെത്തുന്നത്ര ജീവിച്ചാൽ മതി. ഏകാന്തത കൊണ്ട്, നൈരാശ്യം കൊണ്ട്, അല്ലെങ്കിൽ പ്രണയം കൊണ്ട് താൻ മരിക്കുകയാണെന്നു നിങ്ങൾക്കു തോന്നലുണ്ടാവുമ്പോൾ നിങ്ങൾ ഇനിയും അനുഭവിക്കാത്തതെല്ലാം ആ തോരാദുഃഖത്തിന്റെ ഘോഷയാത്രയിൽ അണിചേരാൻ വന്നുചേരും.

ആ തരം ചുഴലിക്കാറ്റുകളെ അതിജീവിക്കാൻ കഴിയില്ലെന്ന തോന്നൽ ഉണ്ടാകുന്നത് തീർത്തും ആന്തരികമായ ഒരു തലത്തിന്റെ പരകോടിയിൽ നിന്നുകൂടിയാണ്‌. ജീവിതത്തിന്റെ തീനാളങ്ങൾ എരിയുന്നത് ചൂടു പുറത്തുപോകാതെ അടച്ചുകെട്ടിയ ഒരു ചൂളയിലാണ്‌. ബാഹ്യതലത്തിൽ ജീവിതം നയിക്കുന്നവർ മുൻകൂട്ടിത്തന്നെ രക്ഷ നേടിയവരാണ്‌; എന്നാൽ അപകടത്തെക്കുറിച്ചു ധാരണയില്ലാത്ത അവർക്ക് രക്ഷപ്പെടുത്താനായി എന്തിരിക്കുന്നു? ആന്തരാനുഭവത്തിന്റെ കൊടുംവേദന പരമമായ അപകടത്തിന്റെ മേഖലകളിലേക്കു നിങ്ങളെ നയിക്കുന്നു; എന്തെന്നാൽ അനുഭവങ്ങളിലൂടെ ബോധപൂർവ്വം സ്വയം സാക്ഷാല്ക്കരിക്കുന്ന ജീവിതത്തിന്‌ സ്വയം നിഷേധിക്കാതെയും വയ്യ. വലിയ പിരിമുറുക്കങ്ങൾ സഹിച്ചുനില്ക്കാൻ പറ്റാത്തവിധം പരിമിതവും ശകലിതവുമാണ്‌ ജീവിതം. തങ്ങളറിഞ്ഞ പരമാനന്ദമുഹൂർത്തങ്ങൾക്കു ശേഷം തങ്ങൾക്കിനി ജീവിച്ചിരിക്കാൻ പറ്റില്ലെന്ന് എല്ലാ മിസ്റ്റിക്കുകൾക്കും തോന്നിയിട്ടുള്ളതല്ലേ? ഈ ലോകത്തു നിന്ന് അവർ എന്തു പ്രതീക്ഷിക്കാനാണ്‌, പതിവുപരിധികൾക്കുമതീതമായി ജീവിതത്തെ, ഏകാന്തതയെ, നൈരാശ്യത്തെ, മരണത്തെയും അറിഞ്ഞ അവർ?


ലോകവും ഞാനും

ഞാനുണ്ട്; അതിനാൽ ലോകം നിരർത്ഥകമാണ്‌. ഒരു മനുഷ്യനെ സംബന്ധിച്ചതെന്തും  ഒടുവിൽ ഇല്ലായ്മയിലേക്കെത്തുന്നുവെങ്കിൽ, ഈ ലോകത്ത് അയാളെ ഭരിക്കുന്ന ഒരേയൊരു നിയമം യാതനയുമാണെങ്കിൽ അയാളുടെ ദാരുണമായ പീഡാനുഭവത്തിൽ എന്തർത്ഥമിരിക്കുന്നു? എന്നെപ്പോലെ ഒരാളെ ലോകം സഹിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം  ജീവിതമെന്ന സൂര്യനിലെ കളങ്കങ്ങൾ അത്രയ്ക്കു വലുതാകയാൽ കാലക്രമേണ അവ അതിന്റെ വെളിച്ചത്തെത്തന്നെ അടച്ചുമൂടും എന്നുമാത്രമാണ്‌. ജീവിതത്തിന്റെ മൃഗീയത എന്നെ കാല്ക്കീഴിലിട്ടു ചവിട്ടിയരച്ചു, ഉയർന്നുപറക്കുകയായിരുന്ന എന്റെ ചിറകുകൾ അരിഞ്ഞൊതുക്കി, എനിക്കവകാശപ്പെട്ട ആഹ്ലാദങ്ങളെല്ലാം കവരുകയും ചെയ്തു.

ഒരുജ്ജ്വലവ്യക്തിയാവാൻ ഞാൻ വിനിയോഗിച്ച അത്യാവേശവും ഭ്രാന്തമായ അഭിനിവേശവും, ഭാവിയിൽ ഒരു പരിവേഷം നേടിയെടുക്കാനായി ഞാനെടുത്തണിഞ്ഞ പൈശാചികമായ വശ്യത, അകൃത്രിമവും ആകർഷകവുമായ ഒരു ആന്തരപുനർജ്ജന്മത്തിനായി ഞാൻ വ്യയം ചെയ്ത ഊർജ്ജം- ഇതെല്ലാം നിർവ്വീര്യമാണെന്നു തെളിഞ്ഞു, നിഷേധാത്മകതയുടെയും വിഷത്തിന്റെയും കരുതൽശേഖരമപ്പാടെ എനിക്കു മേലെടുത്തുചൊരിഞ്ഞ ഈ ലോകത്തിന്റെ മൃഗീയമായ ക്രൂരതയ്ക്കും അയുക്തികതയ്ക്കും മുന്നിൽ. ഉയർന്ന താപനിലകളിൽ ജീവിക്കുക അസാദ്ധ്യമാണ്‌. അതിൽ നിന്നാണ്‌, മൂർച്ഛയിലേക്കെത്തുന്ന തരത്തിൽ ആന്തരോർജ്ജം പ്രവർത്തിക്കുന്നവർ, സാമാന്യനിലവാരത്തിലുള്ള താപനില സ്വീകാര്യമല്ലാത്തവർ- അവർ പതനത്തിനു വിധിക്കപ്പെട്ടവരാണെന്ന നിഗമനത്തിൽ ഞാനെത്തിയത്. സാധാരണമല്ലാത്ത ജീവിതം ജീവിക്കുന്നവരുടെ വിനാശം ജീവിതത്തിന്റെ രാക്ഷസീയതയുടെ ഒരു മുഖമാണ്‌; എന്നാലത് അതിന്റെ അപര്യാപ്തതയുടെ മുഖവും കൂടിയാണ്‌; എന്തുകൊണ്ട് ജീവിതം ഇടത്തരം മനുഷ്യരുടെ അവകാശമായിരിക്കുന്നു എന്നതിന്റെ വിശദീകരണവും ഇതിലുണ്ട്. ജീവിതത്തിന്റെ സാധാരണതാപനിലയിൽ ഇടത്തരം മനുഷ്യരേ ജീവിക്കുന്നുള്ളു; മറ്റുള്ളവർ ജീവനു താങ്ങാനാവാത്ത താപനിലകളിൽ ദഹിച്ചുപോവുകയാണ്‌; ജിവിതത്തിനപ്പുറത്തേക്ക് ഒരു ചുവടു വച്ചുകഴിഞ്ഞ അവർക്ക് അതിൽ ശ്വാസമെടുക്കാൻ കൂടി കഴിയുന്നില്ല. ഈ ലോകത്തിലേക്ക് എനിക്കു യാതൊന്നും സംഭാവന ചെയ്യാനില്ല, കാരണം, എനിക്ക് ഒരു രീതിയേയുള്ളു: യാതന. ആളുകൾ അല്പന്മാരും പ്രതികാരദാഹികളും നന്ദി കെട്ടവരും ആത്മവഞ്ചകരുമാണെന്നാണോ നിങ്ങളുടെ പരാതി? നിങ്ങളെ ആ അപൂർണ്ണതകളിൽ നിന്നെല്ലാം വിടുവിക്കാനായി ഞാൻ ‘യാതനാമാർഗ്ഗം’ ശുപാർശ ചെയ്യുന്നു. ഏതു തലമുറയ്ക്കും മേലും നിങ്ങളിതു പ്രയോഗിച്ചുനോക്കൂ, ഫലം പ്രത്യക്ഷത്തിൽ നിങ്ങൾക്കു കാണാം. ഇതുവഴി എന്നെക്കൊണ്ടും മനുഷ്യവർഗ്ഗത്തിന്‌ ഒരുപകാരമുണ്ടായി എന്നും വരാം!

ചാട്ടയോ തീയോ കുത്തിവയ്പുകളോ, എന്തു മാർഗ്ഗം പ്രയോഗിച്ചും ഓരോ മനുഷ്യനേയും ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലെ കഠിനവേദനയിലേക്കു കൊണ്ടുവരിക; ഘോരമായ പീഡനത്തിലൂടെ ആസന്നമരണത്തിന്റെ ദർശനം പ്രദാനം ചെയ്യുന്ന മഹാശുദ്ധീകരണത്തിനയാൾ വിധേയനാകും. എന്നിട്ടയാളെ സ്വതന്ത്രനാക്കുക; തളർന്നുവീഴും വരെ പേടിയെടുത്തയാൾ ഓടട്ടെ. സാധാരണമാർഗ്ഗങ്ങളിലൂടെ ലഭിക്കുന്നതിനെക്കാൾ എത്രയോ മികച്ചതായിരിക്കും അതിന്റെ ഫലം എന്നു ഞാൻ ഉറപ്പുതരുന്നു. എനിക്കാകുമായിരുന്നെങ്കിൽ ജീവിതത്തിന്റെ സമൂലശുദ്ധീകരണം സാധിക്കാനായി ലോകത്തെയാകെ ഞാൻ കൊടുംയാതനയിലേക്കടിച്ചുകയറ്റുമായിരുന്നു; ജീവിതത്തിന്റെ വേരുകൾക്കു ഞാൻ തീ കൊളുത്തുമായിരുന്നു, അവയെ നശിപ്പിക്കാനല്ല, പുതിയതും വ്യത്യസ്തവുമായ ജീവരസം, പുതിയൊരുഷ്ണം അവയ്ക്കു നല്കാൻ. ലോകത്തിനു ഞാൻ കൊളുത്തുന്ന അഗ്നിയിൽ നിന്ന് നശീകരണമല്ല, പ്രപഞ്ചത്തിന്റെയാകെ രൂപാന്തരീകരണമാണുണ്ടാവുക. ഇതുവഴി ജീവിതം ഉയർന്ന താപനിലകളുമായി പൊരുത്തപ്പെട്ടുപോകും, മദ്ധ്യമത്വത്തിനു സഹായകമായ ഒരു സാഹചര്യമല്ലാതാവുകയും ചെയ്യുമത്. ഈ സ്വപ്നത്തിൽ മരണം ഇനിമേൽ ജീവിതത്തിൽ അന്തർലീനമല്ല എന്നും വരാം.

(ഈ വരികൾ എഴുതിയത് എനിക്ക് 22 തികയുന്ന ഇന്ന്, 1933 ഏപ്രിൽ 8ന്‌. മരണത്തിന്റെ കാര്യത്തിൽ ഞാൻ ഇപ്പോഴേ ഒരു വിദഗ്ധനാണെന്നു ചിന്തിക്കുമ്പോൾ വിചിത്രമായി തോന്നുന്നു.)

ദാരിദ്ര്യത്തെക്കുറിച്ച്


മനുഷ്യന്റെ വിധിയാണ്‌ ദാരിദ്ര്യം എന്നു ബോദ്ധ്യമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സാമൂഹ്യപരിഷ്കാരത്തെക്കുറിച്ചുള്ള ആശയങ്ങളിൽ ഇനിയും വിശ്വാസം വച്ചുകൊണ്ടിരിക്കാൻ എനിക്കു കഴിയാതെ വന്നിരിക്കുന്നു. ഒരേ പോലെ മൂഢവും വ്യർത്ഥവുമാണ്‌ ആ തരം സിദ്ധാന്തങ്ങളെല്ലാം. മൃഗങ്ങൾക്കിടയിൽ ദാരിദ്ര്യമില്ല, കാരണം അവ ജീവിക്കുന്നത് സ്വന്തനിലയ്ക്കാണ്‌, ശ്രേണീബന്ധങ്ങളും ചൂഷണവും അവക്കജ്ഞാതവുമാണ്‌. മനുഷ്യരിൽ മാത്രം കണ്ടുവരുന്നതൊന്നാണ്‌ ഈ പ്രതിഭാസം; കാരണം, മനുഷ്യൻ മാത്രമേ തനിക്കു തുല്യരെ തന്റെ അടിമകളാക്കിയിട്ടുള്ളു.
സാധുക്കളെ സഹായിക്കാനായി ഈ ലോകത്തുണ്ടായിട്ടുള്ള സ്ഥാപനങ്ങളൊക്കെ ദാരിദ്ര്യത്തെ ഒന്നുകൂടി വ്യക്തമായി എടുത്തു കാട്ടാനേ ഉപകരിച്ചിട്ടുള്ളു; അവഗണിക്കപ്പെട്ട അവസ്ഥയെക്കാൾ ഭയാനകവും ദുർഗ്രഹവുമാണതെന്ന് അവ കാണിച്ചുതരുന്നു. ദാരിദ്ര്യം, നാശാവശിഷ്ടങ്ങളെപ്പോലെ, മനുഷ്യത്വത്തിന്റെ അഭാവം കൊണ്ട് നമ്മെ മുറിപ്പെടുത്തുന്നു; മാറ്റേണ്ടതൊന്നിനെ അതിനു കഴിവുണ്ടായിട്ടും മാറ്റാൻ മനുഷ്യൻ മുതിരാതിരിക്കുമ്പോൾ നമുക്കു ദുഃഖം തോന്നുന്നു. മനുഷ്യനു പാടേ തുടച്ചു മാറ്റാൻ പറ്റുന്നതാണ്‌ ദാരിദ്ര്യം എന്നറിയുമ്പോഴും ദാരിദ്ര്യം നിത്യമാണെന്ന ഒരു ബോധവും നിങ്ങൾക്കുണ്ടാകുന്നുണ്ട്; ആ കടുത്ത ഉത്ക്കണ്ഠയിൽ മനുഷ്യന്റെ ക്ഷുദ്രമായ അഗണ്യത നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യുന്നു. സമൂഹജീവിതത്തിലെ ദാരിദ്ര്യം മനുഷ്യന്റെ തീരാത്ത ആന്തരദാരിദ്ര്യത്തിന്റെ വിളറിയ പ്രതിഫലനം മാത്രമാണ്‌.

ദാരിദ്ര്യത്തെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം എനിക്കു ജീവിതാശ നഷ്ടപ്പെടുകയാണ്‌. ഈ പേനയും വലിച്ചെറിഞ്ഞിട്ട് ചേരിയിൽ പോയി ജീവിക്കുകയാണു വേണ്ടതെന്നു തോന്നിപ്പോവുന്നു; വിഷമയമായ ഒരു പുസ്തകം കൊണ്ടെന്നതിനെക്കാൾ ഫലപ്രദമായി ദാരിദ്ര്യത്തിൽ നിന്നു മോചിതനാവാൻ അതുകൊണ്ട് എനിക്കു കഴിഞ്ഞെന്നു വരാം. മനുഷ്യന്റെ കൊടിയ ദാരിദ്ര്യത്തെ, ജീർണ്ണതയെ, അഴുകുന്ന വ്രണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ വല്ലാത്തൊരു നൈരാശ്യം എന്നെ പിടി കൂടുകയാണ്‌. ദാരിദ്ര്യത്തെ നേരിടാൻ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപീകരിക്കുന്നതിനു പകരം മനുഷ്യൻ, യുക്തിവാദിയായ ഈ ജീവി, ചെയ്യേണ്ടത് സാഹോദര്യത്തിന്റെ ഒരു ചേഷ്ടയായി താൻ ധരിച്ചിരിക്കുന്ന കോട്ടൂരി നല്കുകയാണ്‌. ലോകത്തിലെ ദാരിദ്ര്യത്തിനു മുന്നിൽ മനുഷ്യന്റെ വില കെടുകയാണ്‌; ഇത്രയും പൊങ്ങച്ചക്കാരനായ ഒരു ജീവിയുടെ പതനത്തിനതു കാരണമാവുമെന്നതും തീർച്ചയാണ്‌. ദാരിദ്ര്യത്തിനു മുന്നിൽ സംഗീതം പോലും എനിക്കു നാണക്കേടായി തോന്നുന്നു. അനീതിയാണ്‌ സമൂഹജീവിതത്തിന്റെ അന്തഃസത്ത. അപ്പോൾപ്പിന്നെ എങ്ങനെയാണ്‌ ഏതെങ്കിലും രാഷ്ട്രീയസാമൂഹ്യസിദ്ധാന്തത്തെ നാം പിന്തുണയ്ക്കുക?
ദാരിദ്ര്യം ജീവിതത്തിലുള്ള സകലതിനെയും നശിപ്പിക്കുന്നു; അതതിനെ ദാരുണവും ബീഭത്സവുമാക്കുന്നു. ആഭിജാത്യത്തിന്റെ വിളർച്ച എന്നപോലെ ദാരിദ്ര്യത്തിന്റെ വിളർച്ചയുമുണ്ട്: ആദ്യത്തേത് സംസ്കാരത്തിന്റെ ഫലമാണെങ്കിൽ മറ്റേത് ശവസംസ്കാരത്തിന്റേതാണെന്നേയുള്ളു; കാരണം, ദാരിദ്ര്യം നിങ്ങളെ ഒരു പ്രേതമാക്കുകയാണ്‌, ജീവിതത്തിൽ നിന്ന് നിഴലുകളെ, പ്രളയാന്ത്യത്തിൽ ശേഷിച്ചവരെപ്പോലുള്ള അവ്യക്തജന്മങ്ങളെ സൃഷ്ടിക്കുകയാണ്‌. ദാരിദ്രത്തിന്റെ സംക്ഷോഭങ്ങൾക്ക് ശുദ്ധീകരണത്തിന്റെ ഒരു ഛായയുമില്ല; അതാകെ വെറുപ്പാണ്‌, മനക്കടുപ്പമാണ്‌, ദുഷ്ടതയ്ക്കടിപ്പെടുന്ന ഉടലാണ്‌. രോഗമെന്ന പോലെ ദാരിദ്ര്യവും നിർമ്മലവും ദിവ്യവുമായ ഒരാത്മാവിനല്ല, കറ പറ്റാത്ത എളിമയ്ക്കല്ല പിറവി കൊടുക്കുക; അതിന്റെ എളിമ വിഷലിപ്തമാണ്‌, ദുഷ്ടമാണ്‌, പക നിറഞ്ഞതുമാണ്‌.
അനീതിക്കു മുന്നിൽ ആപേക്ഷികമായ കലഹത്തിനിടമില്ല. അതു നിത്യമായ കലഹമായിരിക്കണം, ദാരിദ്ര്യം നിത്യമാണെന്നതിനാൽ.

ഒന്നും പ്രധാനമല്ല

ഞാൻ മനോവ്യഥ അനുഭവിക്കുന്നുവെങ്കിൽ, ഞാൻ ചിന്തിക്കുന്നുവെങ്കിൽ അതെത്രമാത്രം പ്രധാനമാണ്‌? ഈ ലോകത്ത് എന്റെ സാന്നിദ്ധ്യം ചില പ്രശാന്തജീവിതങ്ങളെ അസ്വസ്ഥമാക്കുകയും മറ്റു ചില ജീവിതങ്ങളുടെ ബോധശൂന്യവും സുഖപ്രദവുമായ നിഷ്കളങ്കതയെ തകിടം മറിക്കുകയും ചെയ്യും. എന്റെ ദുരന്തം പോലൊന്ന് ലോകത്തുണ്ടായിട്ടില്ല എന്നാണെന്റെ തോന്നലെങ്കിലും- സാമ്രാജ്യങ്ങളുടെ പതനത്തെക്കാൾ വലുതാണത്- എന്റെ നിശ്ശേഷമായ അഗണ്യതയെക്കുറിച്ചു ബോധവാനാകാതിരിക്കുന്നില്ല ഞാൻ. ഈ പ്രപഞ്ചത്തിൽ ഞാൻ യാതൊന്നുമല്ല എന്ന പൂർണ്ണവിശ്വാസം എനിക്കുണ്ട്; അതേ സമയം, എന്റേതു മാത്രമാണ്‌ യഥാർത്ഥമായ അസ്തിത്വം എന്നെനിക്കു തോന്നുകയും ചെയ്യുന്നു. ലോകത്തിനും എനിക്കുമിടയിൽ ഒരു തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ ലോകത്തെ, അതിന്റെ വെളിച്ചങ്ങളെ, അതിന്റെ പ്രമാണങ്ങളെയാവും ഞാൻ വേണ്ടെന്നുവയ്ക്കുക; കേവലശൂന്യതയിൽ ഏകാകിയായി പറന്നുപോകാൻ എനിക്കു ഭയമുണ്ടാവില്ല. ജീവിതം എനിക്കൊരു പീഡനമാണെങ്കിലും എനിക്കതിനെ ത്യജിക്കാൻ കഴിയില്ല, കാരണം, ഏതു കേവലമൂല്യങ്ങളുടെ പേരിലാണോ ഞാൻ സ്വയം ബലി കൊടുക്കേണ്ടത്, അവയിൽ എനിക്കൊരു വിശ്വാസവുമില്ല. തികച്ചും ആത്മാർത്ഥമായി പറയാനാണെങ്കിൽ ഞാൻ പറയും, ഞാൻ എന്തുകൊണ്ടു ജീവിക്കുന്നു, എന്തുകൊണ്ടു ഞാൻ ജീവിതം അവസാനിപ്പിക്കുന്നില്ല എന്ന് എനിക്കറിയില്ല. കാരണമൊന്നും കൂടാതെ സ്വയം നിലനിർത്തിപ്പോകുന്ന ജീവിതത്തിന്റെ അസംബന്ധസ്വഭാവത്തിൽ തന്നെയാകാം അതിനുള്ള ഉത്തരം കിടക്കുന്നത്. ജീവിക്കുന്നതിന്‌ അസംബന്ധമെന്നു പറയാവുന്ന പ്രേരണകളേ ഉള്ളുവെങ്കിൽ എന്തു പറ്റും? അപ്പോഴും അവയെ പ്രേരണകൾ എന്നു പറയാമോ? ഒരാശയത്തിന്റെയോ ഒരു വിശ്വാസത്തിന്റെയോ പേരിൽ ബലി കൊടുക്കാനുള്ള മൂല്യം ഈ ലോകത്തിനില്ല. നമ്മുടെ ക്ഷേമത്തിനും നമ്മുടെ ജ്ഞാനോദയത്തിനുമായി മറ്റുള്ളവർ മരിക്കാനുണ്ടായി എന്നതുകൊണ്ട് പണ്ടത്തേക്കാൾ സന്തുഷ്ടരാണോ ഇന്നു നമ്മൾ? എനിക്കു സന്തോഷം കിട്ടട്ടേയെന്നതിനായി മറ്റൊരാൾ മരിച്ചാൽ അതെന്നെ കൂടുതൽ അസന്തുഷ്ടനാക്കുകയാണു ചെയ്യുക; എന്തെന്നാൽ ഒരു ശവപ്പറമ്പിൽ ജീവിതം പണിയാൻ എനിക്കാഗ്രഹമില്ല. ചരിത്രത്തിൽ നടന്ന സകലയാതനകളുടെയും ഉത്തരവാദിത്വം എനിക്കാണെന്ന് ചില നിമിഷങ്ങളിൽ എനിക്കു തോന്നിപ്പോകാറുണ്ട്; കാരണം, ചിലർ നമുക്കു വേണ്ടി ചോര ചിന്തിയതെന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. നമ്മളെക്കാൾ സന്തുഷ്ടരായിരുന്നു അവരെന്നു തെളിഞ്ഞാൽ അതെത്ര വലിയ വൈരുദ്ധ്യമായിരിക്കും. ചരിത്രം പൂഴിയായി പൊടിഞ്ഞുപോകട്ടെ! ഞാനെന്തിനതു കാര്യമാക്കണം? മരണം പരിഹാസ്യമായ ഒരു വെളിച്ചത്തിൽ പ്രത്യക്ഷപ്പെടട്ടെ; യാതന പരിമിതവും വെളിപാടിലേക്കെത്താത്തതുമാകട്ടെ; ആവേശം അശുദ്ധമാകട്ടെ; ജീവിതം യുക്ത്യനുസാരമാകട്ടെ; നൈരാശ്യം തുച്ഛവും ഭാഗികവുമാകട്ടെ; നിത്യത ഒരു വാക്കു മാത്രമാകട്ടെ; ശൂന്യതയുടെ അനുഭവം ഒരു മിഥ്യാഭ്രമമാകട്ടെ; മരണഗതി ഒരു ഫലിതവും! ഞാൻ നല്ല ഗൗരവത്തോടെ എന്നോടുതന്നെ ചോദിക്കുകയാണ്‌- എന്താണ്‌ ഇതിന്റെയൊക്കെ അർത്ഥം,? എന്തിനു ചോദ്യങ്ങളുയർത്തണം, വെളിച്ചം വീഴ്ത്തണം, അല്ലെങ്കിൽ നിഴലുകൾ കാണണം? തീർത്തും ഏകാന്തമായ ഒരു കടലോരത്തു ചെന്നിരുന്ന് ആ പൂഴിമണ്ണിൽ എന്റെ കണ്ണീരു കുഴിച്ചുമൂടാൻ കഴിഞ്ഞാൽ അതല്ലേ കൂടുതൽ നല്ലത്? പക്ഷേ ഞാൻ കരയാറേയില്ല, കാരണം, എന്റെ കണ്ണീരെപ്പോഴും ചിന്തകളായി മാറുകയാണ്‌. എന്റെ ചിന്തകൾക്കാകട്ടെ, കണ്ണീരു പോലെ അത്രയ്ക്കു കയ്പുമാണ്‌.

എമീൽ ചൊറാൻ - ശോകത്തിന്റെ ഭാരം
-----------------------------------------------

മരണതിന്റേതല്ലാത്ത മറ്റൊരു ശോകമുണ്ടോ? തീർച്ചയായും ഇല്ല, എന്തെന്നാൽ, യഥാർത്ഥശോകം കറുത്തതാണ്‌, ചാരുതകളില്ലാത്തതാണ്‌, സ്വപ്നശൂന്യവുമാണ്‌. വിഷാദത്തിലുള്ളതിനെക്കാൾ ക്ഷീണതയുണ്ട് ശോകത്തിന്‌; അതു നമ്മെ ജീവിതവിദ്വേഷത്തിലേക്കും കൊടിയ നിരുന്മേഷത്തിലേക്കും തള്ളിവിടുകയും ചെയ്യും. ശോകവും വേദനയും തമ്മിലുള്ള വ്യത്യാസം: ആദ്യത്തേതിൽ ആത്മനിരീക്ഷണമാണ്‌ മുന്നിട്ടുനില്ക്കുക, രണ്ടാമത്തേതാകട്ടെ, വൈകാരികാനുഭൂതികളുടെ മാരകമായ ഭൗതികതയാൽ ഭാരം തൂങ്ങുന്നതും. രണ്ടും നയിക്കുന്നത് മരണത്തിലേക്കാണ്‌, പ്രണയത്തിലേക്കോ കാമോത്കർഷത്തിലേക്കൊ അല്ല. കാമം എന്നാൽ ജീവിതത്തിന്റെ രഹസ്യമയമായ അനിവാര്യതയിൽ മാദ്ധ്യസ്ഥങ്ങളൊന്നുമില്ലാതെ ജീവിക്കുക എന്നാണർത്ഥം; ഏതു രത്യനുഭവത്തിലും അന്തർനിഹിതമായ നിഷ്കളങ്കത കാരണം മോചനത്തിന്റെ മിഥ്യാനുഭവം അതു സൃഷ്ടിക്കുകയും ചെയ്യുന്നു. നേരേ മറിച്ച് ശോകമോ യാതനയോ അനുഭവിക്കുക എന്നു പറഞ്ഞാൽ ജീവിതമെന്ന പ്രവാഹത്തിൽ പ്രത്യക്ഷവും ജൈവവുമായി ഭാഗഭാക്കാകാൻ കഴിയാതെവരിക എന്നാണർത്ഥം. ശോകത്തിലൂടെയും യാതനയിലൂടെയുമാണ്‌ അസ്തിത്വം നമുക്കു വെളിപ്പെടുന്നത്; ഭൗതികലോകത്തു നിന്നുള്ള നമ്മുടെ വിച്ഛേദത്തിന്റെ ബോധം നാമാർജ്ജിക്കുന്നത് അവയിലൂടെ മാത്രമാണ്‌.; ആ ഉദ്വിഗ്നത നമ്മുടെ അസ്തിത്വത്തിനു മേൽ ഒരു ദുരന്തഭാവം ചാർത്തുകയും ചെയ്യുന്നു.

-------------------------------------------

എനിക്കറിയില്ല

ഏതാണു ശരി, ഏതാണു തെറ്റെന്ന് എനിക്കറിയില്ല; എന്തു ചെയ്യാം, എന്തു ചെയ്യരുതെന്നും എനിക്കറിയില്ല; വിലയിരുത്താൻ എനിക്കറിയില്ല, പ്രശംസിക്കാൻ എനിക്കറിയില്ല. സാധുവായ പ്രമാണങ്ങളില്ല, അവിരുദ്ധമായ തത്ത്വങ്ങളും ഈ ലോകത്തില്ല. ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു തല പുണ്ണാക്കാൻ ഇപ്പോഴും ചിലരുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സത്യം പറയട്ടെ, ജ്ഞാനം ആപേക്ഷികമായാല്പോലും എനിക്കൊരു പിണ്ണാക്കുമില്ല; അറിയാനും വേണ്ടി ലോകത്തൊന്നുമില്ല എന്നതു തന്നെയാണ്‌ അതിനു കാരണം. ഈ ലോകത്തെ നിശ്ശേഷം ഞാൻ അറിഞ്ഞുകഴിഞ്ഞു എന്നു ചിലനേരം എനിക്കു തോന്നാറുണ്ട്; ചിലപ്പോഴാകട്ടെ, എനിക്കു ചുറ്റുമുള്ള ലോകം എനിക്കു പിടി കിട്ടാതെയും പോകുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ സർവതും എനിക്കു ചവർക്കുന്നു; പൈശാചികവും വിലക്ഷണവുമായ ആ ചവർപ്പുചുവയിൽ മരണം പോലും വിരസമായിപ്പോകുന്നു. ആ ചവർപ്പിനെ നിർവചിക്കുക എത്ര ദുഷ്കരമാണെന്ന് ഇതാദ്യമായി ഞാൻ മനസ്സിലാക്കുന്നു. അതിനൊരു താത്വികാധിഷ്ഠാനം നിർമ്മിക്കാൻ ഫലമില്ലാതെ പണിപ്പെടുകയാണു ഞാനെന്നു വരാം; സിദ്ധാന്തങ്ങൾക്കും മുമ്പുള്ള ഒരു മണ്ഡലത്തിലാണ്‌ അതിന്റെ ഉത്ഭവം എന്നതാണു വാസ്തവം എന്നും വരാം. ഈ നിമിഷത്തിൽ എനിക്കൊന്നിലും വിശ്വാസമില്ല, ഒന്നിലും ഞാൻ ആശ വയ്ക്കുന്നുമില്ല. ജീവിതത്തിനതിന്റെ ചാരുതകൾ നല്കുന്ന എല്ലാ രൂപങ്ങളും ഭാവങ്ങളും നിരർത്ഥകമായി എനിക്കു തോന്നുന്നു. ഭാവിയാകട്ടെ, ഭൂതകാലമാവട്ടെ, എന്റെ ബോധത്തിലേക്കു കടന്നു വരുന്നില്ല; വർത്തമാനകാലം വിഷലിപ്തമായും തോന്നുന്നു. ഞാൻ നൈരാശ്യത്തിലാണോയെന്നും എനിക്കറിയില്ല; പ്രത്യാശാനാശം നൈരാശ്യത്തിലേക്കവശ്യം നയിക്കണമെന്നില്ലല്ലോ. എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്നതിനാൽ എന്നെ എന്തു വേണമെങ്കിലും വിളിച്ചോളൂ. എല്ലാം എനിക്കു നഷ്ടപ്പെട്ടു കഴിഞ്ഞു! എനിക്കു ചുറ്റുമെവിടെ നോക്കിയാലും പൂക്കൾ വിടർന്നുനില്ക്കുകയാണ്‌, കിളികൾ പാടുകയാണ്‌. സകലതിൽ നിന്നും എത്രയകലെയായിപ്പോയി ഞാൻ!


അഗ്നിസ്നാനം


ഒരു വർഗ്ഗീകരണം അസാദ്ധ്യമായ, അല്ലെങ്കില്‍ ദുസാദ്ധ്യമെങ്കിലുമാവുന്ന തരത്തിൽ അത്രയധികമാണ്‌ നിരാകാരത്വത്തിന്റെ പ്രതീതി കൈവരിക്കാനുള്ള വഴികൾ. എന്നാൽക്കൂടി ഞാൻ പറയട്ടെ, ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ അഗ്നിസ്നാനം. അഗ്നിസ്നാനം: ജ്വാലകളും സ്ഫുലിംഗങ്ങളുമായി നിങ്ങളുടെ സത്തയാകെ ആളിക്കത്തുന്നു, നരകത്തിലെന്നപോലെ തീനാളങ്ങൾ നിങ്ങളെ നക്കിയെടുക്കുന്നു. അത്ര നിശ്ശേഷമാണഗ്നിസ്നാനം കൊണ്ടുള്ള പുണ്യാഹമെന്നതിനാൽ അസ്തിത്വം പോലും പിന്നെ ബാക്കിയാകുന്നില്ല. അതിന്റെ ഉഷ്ണവാതങ്ങളും പൊള്ളിക്കുന്ന നാളങ്ങളും ജീവന്റെ കാമ്പിനെ ചുട്ടെരിക്കുന്നു, ജീവന്റെ ഊർജ്ജത്തെ ഞെക്കിക്കൊല്ലുന്നു, ജീവന്റെ തീക്ഷ്ണതയെ അഭിലാഷമായി പരിവർത്തിപ്പിക്കുന്നു. ഒരഗ്നിസ്നാനത്തിൽ, അതിന്റെ വിപുലശോഭയിൽ രൂപാന്തരപ്പെട്ടു ജിവിക്കുക- നൃത്തം ചെയ്യുന്നൊരു ജ്വാല മാത്രമായി നിങ്ങൾ മാറിപ്പോകുന്ന നിരാകാരവിശുദ്ധിയുടെ അവസ്ഥ അങ്ങനെയൊരു തരമാണ്‌. ഗുരുത്വാകർഷണത്തിന്റെ നിയമങ്ങളിൽ നിന്നു വിമുക്തമാവുന്ന ജീവിതം ഭ്രമമോ സ്വപ്നമോ ആയിപ്പോകുന്നു. ഇതു കൊണ്ടു കഴിഞ്ഞില്ല: എത്രയും വിചിത്രവും വൈരുദ്ധ്യം തോന്നുന്നതുമായ ഒരനുഭൂതി ഒടുവിൽ നിങ്ങൾക്കുണ്ടാവുകയാണ്‌- സ്വപ്നതുല്യമായ ഒരയഥാർത്ഥതയിലാണു താൻ എന്നൊരനുഭൂതിയാണ്‌ മുമ്പു നിങ്ങൾക്കുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ താൻ ചാരമായിപ്പൊഴിയുന്നു എന്നൊരു തോന്നലാണ്‌ നിങ്ങൾക്കുണ്ടാകുന്നത്. അഗ്നിസ്നാനത്തിന്റെ അനിവാര്യമായ പരിണതിയാണിത്: ഉള്ളിന്റെയുള്ളിൽ നടന്ന ഒരഗ്നിബാധ നിങ്ങളുടെ സത്തയുടെ നിലം കൂടി ചുട്ടെരിച്ചു കഴിഞ്ഞാൽ, സർവതും ചാമ്പലായിക്കഴിഞ്ഞാൽ അനുഭവിക്കാൻ പിന്നെന്തു ബാക്കിയിരിക്കുന്നു? എന്റെ ചാരം നാലു കാറ്റുകൾ അടിച്ചുപറത്തുന്നുവെന്ന, സ്ഥലരാശിയിൽ വിതറുന്നുവെന്ന ചിന്തയിൽ ഒരുന്മത്താനന്ദമുണ്ട്, അനന്തവൈരുദ്ധ്യവുമുണ്ട്; ലോകത്തോടുള്ള തീരാത്ത നീരസമാണത്.

അഭിപ്രായങ്ങളൊന്നുമില്ല: