2020, ജൂലൈ 31, വെള്ളിയാഴ്‌ച

ലോർക്ക - കസീഡ: കരച്ചിൽ



ബാല്ക്കണി ഞാൻ അടച്ചിട്ടു,
കരച്ചിലെനിക്കു കേൾക്കേണ്ട.
നരച്ച ചുമരുകൾക്കപ്പുറത്തു നിന്നു പക്ഷേ,
കരച്ചിലല്ലാതൊന്നും കേൾക്കാനുമില്ല.

മാലാഖമാരിൽ ചിലരേ പാടുന്നുള്ളു,
നായ്ക്കളിൽ ചിലതേ കുരയ്ക്കുന്നുള്ളു.
എന്റെ കൈത്തലത്തിലൊതുങ്ങുന്നു,
ഒരായിരം വയലിനുകൾ.

കൂറ്റനൊരു നായയാണ്‌ കരച്ചിൽ,
കൂറ്റനൊരു മാലാഖയാണ്‌ കരച്ചിൽ,
കൂറ്റനൊരു വയലിനാണ്‌ കരച്ചിൽ,
കണ്ണീരു കാറ്റിന്റെ വായ മൂടുന്നു,
കരച്ചിലല്ലാതൊന്നും കേൾക്കാനുമില്ല.

ലോർക്ക - കസീഡ: ജലം മുറിവേല്പിച്ചവൻ



കിണറ്റിനുള്ളിലേക്കെനിക്കിറങ്ങണം,
ഗ്രനാഡയുടെ ചുമരുകളെനിക്കു കയറണം,
ജലത്തിന്റെ കറുത്ത കൂരാണി തുളച്ചുകയറിയ
ഹൃദയമെനിക്കു കണ്ടുനില്ക്കണം.

ഉറമഞ്ഞിന്റെ കിരീടത്തിനടിയിൽ
മുറിപ്പെട്ട കുട്ടി ഞരങ്ങുകയായിരുന്നു.
കുളങ്ങൾ, നീർത്തൊട്ടികൾ, ജലധാരകൾ
അവയുടെ വാളുകൾ വായുവിലുയർത്തി.
ഹാ, എത്രയുന്മത്തമായ പ്രണയം, 
എത്ര മൂർച്ചയേറിയ വായ്ത്തല,
എത്രയിരുണ്ട മന്ത്രണങ്ങൾ, 
എത്ര വെണ്മയായ മരണം!
വെളിച്ചത്തിന്റെ മരുപ്പറമ്പുകൾ,
പുലരിയുടെ മണല്ക്കൂനകളെ
എങ്ങനെയവ തട്ടിത്തകർത്തു!
കുട്ടി ഒറ്റയ്ക്കായിരുന്നു,
നഗരം അവന്റെ തൊണ്ടയിലുറങ്ങുകയായിരുന്നു.
അവന്റെ സ്വപ്നങ്ങളിൽ നിന്നൊരു നീർക്കുത്ത്
ആർത്തിപെറ്റ പായലിനെ തടുത്തുനിർത്തുന്നു.
കുട്ടിയും അവന്റെ നോവും, നേർക്കുനേർ,
മെടഞ്ഞുകൂടിയ രണ്ട് പച്ചമഴകളായിരുന്നു.
കുട്ടി നിലത്തു നിവർന്നുകിടന്നു,
വേദന അവനു മേൽ കുനിഞ്ഞുനിന്നു.

കിണറ്റിനുള്ളിലേക്കെനിക്കിറങ്ങണം,
കവിളുകവിളായിട്ടെന്റെ മരണമെനിക്കു കുടിച്ചിറക്കണം,
കരിമ്പായലു കൊണ്ടെന്റെ ഹൃദയമെനിക്കു നിറയ്ക്കണം,
ജലം മുറിപ്പെടുത്തിയ കുട്ടിയെ എനിക്കു കണ്ടുനില്ക്കണം.


(കസീഡ (casida)- അറബിയിലെ ഒരു ദീർഘകവിതാരൂപം


ലോർക്ക - ഗസൽ: അത്ഭുതപ്രണയം



കെട്ട പാടങ്ങളുടെ കുമ്മായങ്ങൾക്കിടയിലും
പ്രണയത്തിന്റെ ഈറത്തണ്ടായിരുന്നു നീ,
ഈറനായ മുല്ലപ്പൂവായിരുന്നു.

തെക്കൻ കാറ്റിനും 
കെട്ട മാനത്തിന്റെ ജ്വലനത്തിനുമിടയിലും
എന്റെ നെഞ്ചിൽ മഞ്ഞിന്റെ മർമ്മരമായിരുന്നു നീ.

മാനവും പാടവും
എന്റെ കൈകളിൽ തുടലുകൾ പിണച്ചു.

പാടവും മാനവും
എന്റെയുടലിന്റെ മുറിവുകളിൽ ആഞ്ഞടിച്ചു.

ലോർക്ക -ഗസൽ: വെളിച്ചപ്പെടാത്ത പ്രണയം


വേലായിലെ മണി മുഴങ്ങുന്നതു
കേൾക്കാനായി മാത്രം
‘വെർബീന കൊണ്ടൊരു കിരീടം 
നിനക്കു ഞാൻ കൊരുത്തു.

വല്ലികളിൽ മുങ്ങിത്താണ
ചന്ദ്രനായിരുന്നു ഗ്രനാഡ.

വേലായിലെ മണി മുഴങ്ങുന്നതു
കേൾക്കാനായി മാത്രം
കാർട്ടെഗ്നായിലെ എന്റെ ഉദ്യാനം
ഞാൻ മാന്തിപ്പൊളിച്ചു.

കാറ്റുകാട്ടികൾക്കിടയിൽ പാടലനിറത്തിൽ
ഒരു മാൻപേടയായിരുന്നു ഗ്രനാഡ.

വേലായിലെ മണി മുഴങ്ങുന്നതു 
കേൾക്കാനായി മാത്രം
നിന്റെയുടലിൽ ഞാനെരിഞ്ഞു,
ആരുടേതതെന്നറിയാതെ.

വേലായിലെ മണിമേട (Torre de la Vela) ഗ്രനാഡയിലെ പ്രാചീനമായ കോട്ടയുടെ ഭാഗമായിരുന്നു. ഗ്രനാഡയിലെ ഫലഭൂയിഷ്ടമായ സമതലങ്ങളിൽ ജലസേചനം നടത്തിയിരുന്നത് ഈ മണിമേടയിൽ മണി മുഴക്കുന്നതിനനുസരിച്ചായിരുന്നു. 

ലോർക്ക - ഗസൽ: ഭീഷണസാന്നിദ്ധ്യം



പുഴയൊഴുകാൻ തടങ്ങൾ വേണമെന്നെനിക്കില്ല,
കാറ്റു വീശാൻ താഴ്വര വേണമെന്നെനിക്കില്ല.

രാത്രിക്കു കണ്ണുകൾ വേണമെന്നെനിക്കില്ല,
എന്റെ ഹൃദയത്തിനു പൊന്നിന്റെ പൂവും വേണ്ട;

കാളകൾ കൂറ്റനിലകളോടു സംസാരിച്ചോട്ടെ,
ഇരുളു കൊണ്ടു മണ്ണിര ജീവൻ വെടിഞ്ഞോട്ടെ.

തലയോട്ടിയിൽ പല്ലുകൾ തിളങ്ങിക്കോട്ടെ,
പട്ടുകളിൽ മഞ്ഞകൾ കവിഞ്ഞൊഴുകട്ടെ.

മുറിപ്പെട്ട രാവിന്റെ പോരാട്ടം ഞാൻ കണ്ടുനില്ക്കാം,
നട്ടുച്ചയുമായതു കെട്ടുപിണയുന്നതു ഞാൻ കാണാം.

കാലം യാതനപ്പെടുന്ന തകർന്ന കമാനങ്ങളും
അസ്തമയത്തിന്റെ വിഷപ്പച്ചയും ഞാൻ സഹിക്കാം.

എന്നാലെനിക്കു വെളിപ്പെടുത്തരുതേ, നിന്റെ നിർമ്മലനഗ്നത,
ഈറകൾക്കിടയിൽ തുറന്ന കറുത്ത കള്ളിമുൾ പോലെ.

ഇരുളടഞ്ഞ ഗ്രഹങ്ങൾക്കു ദാഹിച്ചു ഞാൻ കിടന്നോളാം,
എന്നാലുമെനിക്കു കാട്ടരുതേ, നിന്റെയരക്കെട്ടിന്റെ കുളിർമ്മ.

ലോർക്ക - ഗസൽ: ഹതാശമായ പ്രണയം



രാത്രിക്കു വരാനാഗ്രഹമില്ല,
നീ വരരുതെന്നതിനായി,
ഞാൻ പോകരുതെന്നതിനായി.

എന്നാൽ ഞാൻ പോകും,
ഒരു കരിന്തേൾസൂര്യനെന്റെ നെറ്റി കാർന്നുതിന്നാലും.

എന്നാൽ നീ വരും,
ഒരുപ്പുമഴ നിന്റെ നാവു പൊള്ളിച്ചാലും.

പകലിനു വരാനാഗ്രഹമില്ല,
നീ വരരുതെന്നതിനായി,
ഞാൻ പോകരുതെന്നതിനായി.

എന്നാൽ ഞാൻ പോകും,
പേക്കാന്തവളകൾക്കെന്റെ ചവച്ച കാർണേഷൻ വഴങ്ങിക്കൊണ്ട്.

എന്നാൽ നീ വരും,
ഇരുട്ടിന്റെ ചെളി കലങ്ങിയ ഓടകളിലൂടെ.

രാത്രിക്കും പകലിനും വരാനാഗ്രഹമില്ല,
നിനക്കായി ഞാൻ മരിക്കട്ടെ എന്നതിനായി,
എനിക്കായി നീ മരിക്കട്ടെ എന്നതിനായി.

2020, ജൂലൈ 30, വ്യാഴാഴ്‌ച

ലോർക്ക -ഗസൽ: അങ്ങാടിയിലെ പ്രഭാതം



എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതെനിക്കു കാണണം,
നിന്റെ പേരെനിക്കറിയണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

നിന്റെ കവിളത്തെ ചോര വാറ്റിയ-
തേതൊമ്പതുമണിനേരത്തെ ധൂസരചന്ദ്രൻ?
വെടിച്ചുപൊള്ളുന്ന നിന്റെ വിത്തുകൾ
മഞ്ഞിൽ നിന്നു വാരിയെടുക്കുന്നതാര്‌?
നിന്റെ പളുങ്കിനെ കൊല ചെയ്യുന്ന-
തേതു കള്ളിമുള്ളിന്റെ കുറിയ മുന?

എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതു കാണാൻ ഞാൻ പോകുന്നു,
നിന്റെ കണ്ണുകളെനിക്കു മൊത്തിക്കുടിക്കണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

അങ്ങാടിയിൽ നീ എന്തുമാത്രം ഒച്ചയിട്ടു,
എനിക്കുള്ള ശിക്ഷയായി!
ചോളമണിക്കൂനകൾക്കിടയിൽ
കൂട്ടം തെറ്റി വീണ കാർണേഷൻ പുഷ്പമേ!
നിനക്കരികിൽ ഞാനെത്രയകലെ,
നീയില്ലെങ്കിൽ ഞാനെത്രയരികെ!

എൽവിരാകമാനത്തിനടിയിലൂടെ
നീ പോകുന്നതു കാണാൻ ഞാൻ പോകുന്നു,
നിന്റെ തുടകളിലെനിക്കു തൊടണം,
പിന്നെയെനിക്കു തേങ്ങിക്കരയണം.

എൽവിരാകമാനം (Arch of Elvira)- ഗ്രനാഡയുടെ ജിപ്സിഭാഗത്തേക്കുള്ള കവാടം. മൂറിഷ് ശൈലിയിൽ പണിത ഈ കമാനത്തിനടിയിലൂടെയാണ്‌ മുമ്പ് അധിനിവേശസൈന്യങ്ങൾ നഗരത്തിലേക്കു കടന്നുവന്നിരുന്നത്.

പ്രകടമായ സ്വവർഗ്ഗാനുരാഗസൂചനകൾ നിറഞ്ഞ ഈ കവിത പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിൽ ലോർക്ക വിമുഖനായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. 1931-34ൽ എഴുതിയതാണെങ്കിലും ലോർക്കയുടെ മരണശേഷം1940ലാണ് ആദ്യമായി  പ്രസിദ്ധീകരിക്കപ്പെടുന്നത്.



ലോർക്ക - ഗസൽ: മരിച്ച കുട്ടി



ഗ്രനാഡയിൽ ഓരോ അപരാഹ്നത്തിലും,
ഓരോ അപരാഹ്നത്തിലും ഒരു കുട്ടി മരിക്കുന്നു.
ജലം ഓരോ അപരാഹ്നത്തിലും
കൂട്ടുകാരുമൊത്തു സൊറ പറഞ്ഞിരിക്കുന്നു.

മരിച്ചവർക്കു പായൽ പിടിച്ച ചിറകുകൾ.
തെളിഞ്ഞ കാറ്റും കലങ്ങിയ കാറ്റും
മണിമേടകൾ ചുറ്റിപ്പറക്കുന്ന രണ്ടു വാൻകോഴികൾ,
പകൽ, മുറിപ്പെട്ട ഒരു കുട്ടിയും.

ഒരു വാനമ്പാടിയുടെ മിന്നായവും മാനത്തു ശേഷിച്ചിരുന്നില്ല,
വീഞ്ഞിന്റെ വിലങ്ങളിൽ നിന്നെ ഞാൻ കണ്ടെത്തുമ്പോൾ.
ഒരു മേഘശകലവും കരയ്ക്കു മേൽ ശേഷിച്ചിരുന്നില്ല,
നീ പുഴയിൽ മുങ്ങിത്താഴുമ്പോൾ.

ഒരതികായനെപ്പോലെ മലകളിൽ നിന്നു ജലമുരുണ്ടിറങ്ങി,
ലില്ലികളും നായ്ക്കളും താഴ്‌വരയിൽ തകിടം മറിഞ്ഞു.
എന്റെ കൈകൾ വയലറ്റുനിഴൽ വീഴ്ത്തിയ നിന്റെയുടൽ
തണുത്തുമരവിച്ചൊരു ദേവദൂതനായിരുന്നു, പുഴത്തടത്തിൽ.

2020, ജൂലൈ 29, ബുധനാഴ്‌ച

ലോർക്ക - ഗസൽ: പലായനം



കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു,
ഇറുത്ത പാടെ കാതിൽ ചൊരുകിയ പൂക്കളുമായി,
നാവു നിറയെ പ്രണയവും വേദനയുമായി.
കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു,
ചില കുട്ടികളുടെ ഹൃദയങ്ങളിൽ ഞാനെന്നെത്തുലച്ചപോലെ.

ചുംബിക്കുമ്പോൾ ഓർമ്മവരാത്തൊരാളുമുണ്ടാവില്ല,
മുഖമില്ലാത്ത മനുഷ്യരുടെ മന്ദഹാസങ്ങൾ;
ഒരു ചോരക്കുഞ്ഞിനെത്തൊടുമ്പോളാരും മറക്കില്ല,
ചലനമറ്റ കുതിരകളുടെ കപാലങ്ങൾ.

അസ്ഥികളുടെ ശിലാകഠിനമായ ദേശമാണ്
പനിനീർപ്പൂക്കൾ നെറ്റിത്തടത്തിൽ തേടുന്നതെന്നതിനാൽ,
മണ്ണിനടിയിലെ വേരുകളെ അനുകരിക്കുക എന്നതല്ലാതെ
മറ്റൊരു ബോധമില്ല മനുഷ്യന്റെ കൈകൾക്കെന്നതിനാൽ.

ചില കുട്ടികളുടെ ഹൃദയങ്ങളിൽ ഞാനെന്നെത്തുലച്ചപോലെ
കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു.
ജലത്തെയറിയില്ലെന്നതിനാൽ തേടിത്തേടി ഞാൻ നടക്കുന്നു,
എന്നെ ദഹിപ്പിക്കാൻ വെളിച്ചം നിറഞ്ഞൊരു മരണം.

അന്തോണിയോ മച്ചാദോ - വിണ്ടുകീറിയ മേഘങ്ങൾ


സ്പെ യി നി ൽ ലോ റ്ക്കയെ ക്കാ ൾ വാ യി ക്കപ്പെ ടു ന്നത് അന്തോ ണിയോ മച്ചാ ദോ ആണെ ങ്കി ലും അത്ര യും
പ്രശസ്തി അദ്ദേ ഹത്തി ന് സ്പാ നി ഷ് ലോ കത്തി നു പുറത്തു കി ട്ടി യി ട്ടി ല്ല. ഇരുപതാം നൂറ്റാ ണ്ടി ലെ ഏറ്റവും
ചി ന്താ ശീ ലനാ യ, വി നീ തനാ യ, സ്നേ ഹയോ ഗ്യ നാ യ കവി എന്നാ ണ് റോ ബർട്ട് ബ്ലൈ അദ്ദേ ഹത്തെ
വി ശേ ഷി പ്പി ക്കുന്നത്. 1875 ജൂലൈ 26നു സെ വി യേ യി ൽ ജനി ച്ച മച്ചാ ദോ യു ടെ വി ദ്യാ ഭ്യാ സം മാ ഡ്രി ഡി ൽ
ആയി രുന്നു. പാ രീ സി ലെ സോ ർബോ ൺ യൂ ണിവേ ഴ്സി റ്റി യി ലെ പഠനത്തിനു ശേ ഷം അദ്ദേ ഹം ഫ്ര ഞ്ച്
അദ്ധ്യാ പകനാ യി . 1909ൽ പതി നാ റു കാ രി യാ യ ലി യോ നോ റി നെ വി വാ ഹം ചെ യ്തു . എന്നാ ൽ
ക്ഷയരോ ഗബാ ധി തയാ യി രണ്ടുകൊ ല്ലത്തി നുള്ളി ൽ അവർ മരി ച്ചു . മച്ചാ ദോ പി ന്നീ ട് വി വാ ഹം ചെ യ്തി ല്ല.
ഫ്രാ ങ്കോ അധി കാ രം പി ടി ച്ചെ ടുത്തതി നെ ത്തുടർന്ന് സ്പെ യി നി ൽ ആഭ്യ ന്തരയു ദ്ധം രൂ ക്ഷമാ യപ്പോ ൾ 1939ൽ
അദ്ദേ ഹം അമ്മയോ ടൊ പ്പം ഫ്രാ ൻസി ലേ ക്കു കടന്നു . എന്നാ ൽ ഫെ ബ്രു വരി 22ന് ഒരു കടലോ രഗ്രാ മത്തിലെ
ഒരു ഹോ ട്ടൽമു റി യി ൽ വച്ച് അദ്ദേ ഹവും രണ്ടു ദി വസത്തിനു ള്ളി ൽ അമ്മയും മരി ച്ചു . Soledades
ഏകാ ന്തതകൾ (1903), Soledades, galerías, y otros poemas ഏകാ ന്തതകൾ, ഗാ ലറി കൾ, മറ്റു
കവി തകൾ (1907), Campos de Castilla കാ സി യേ യി ലെ സമതലങ്ങൾ (1912), Nuevas canciones
പുതി യ കവി തകൾ (1924) എന്നി വയാ ണ് അദ്ദേ ഹത്തിന്റെ പ്ര ധാ നപ്പെ ട്ട കവി താ സമാ ഹാ രങ്ങൾ.

വിണ്ടുകീറിയ മേഘങ്ങൾ,
മഴവില്ലു തിളങ്ങുന്ന മാനം,
വെയിലും മഴയും നെയ്ത പുതപ്പിൽ
ചുരുണ്ടുകൂടിയ പാടങ്ങൾ.
ഞാനുണർന്നു.
ആരാണെൻ്റെ സ്വപ്നത്തിന്റെ മാന്ത്രികജാലകങ്ങൾ
പടുതയിട്ടു മറയ്ക്കുന്നത്?
എന്റെ ഹൃദയം ചകിതമായി മിടിച്ചു.
പൂവിടുന്ന നാരകത്തോപ്പുകൾ,
വരിയിട്ടുനിന്ന സൈപ്രസ് മരങ്ങൾ,
പച്ചപ്പാടം, ഈർപ്പം, വെയിൽ, മഴവിൽ...
നിന്റെ മുടിയിലിറ്റുന്ന മഴത്തുള്ളികൾ!...
ഓർമ്മയിൽ നിന്നെല്ലാം കൈവിട്ടു പോകുന്നു,
കാറ്റത്തു പാറുന്ന സോപ്പുകുമിളകൾ പോലെ.

ലോർക്ക - ഇരുണ്ട മരണത്തിന്റെ ഗസൽ




ആപ്പിൾക്കനികളുടെ ഉറക്കമെനിക്കുറങ്ങണം,
സിമിത്തേരികളുടെ കോലാഹലത്തിൽ നിന്നെനിക്കകലെപ്പോകണം;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ കുട്ടിയുടെ ഉറക്കമെനിക്കുറങ്ങണം.
ഇനിയുമെനിക്കു കേൾക്കേണ്ടാ, മരിച്ചവർ ചോര ചൊരിയില്ലെന്ന്,
അഴുകിയ വായ വെള്ളത്തിനു കേഴുകയാണെന്ന്.
പുല്ക്കൊടികളുടെ യാതനകളെക്കുറിച്ചെനിക്കു കേൾക്കേണ്ട,
സർപ്പമുഖമുള്ള ചന്ദ്രൻ പുലരിക്കു മുമ്പെത്തൊക്കെച്ചെയ്തുവെന്നും.
എനിക്കൊരുനിമിഷമൊന്നുറങ്ങിയാൽ മതി,
ഒരു നിമിഷം, ഒരു മിനുട്ട്, ഒരു നൂറ്റാണ്ട്;
എന്നാൽ നിങ്ങളേവരുമറിയണം, മരിച്ചിട്ടില്ല ഞാനെന്ന്,
പൊന്നു കൊണ്ടൊരു പുൽത്തൊട്ടിയുണ്ടെന്റെ ചുണ്ടുകളിലെന്ന്,
പടിഞ്ഞാറൻ കാറ്റിന്റെ കുഞ്ഞുചങ്ങാതിയാണു ഞാനെന്ന്,
എന്റെ കണ്ണീരിന്റെ കൂറ്റൻ നിഴലാണു ഞാനെന്ന്.
പുലരുമ്പോഴൊരു മൂടുപടത്തിലെന്നെ പൊതിഞ്ഞെടുക്കൂ,
പുലരിയെറിയുന്ന ഉറുമ്പുകളെനിക്കുമേൽ വീഴാതിരിക്കട്ടെ,
എന്റെ പാദുകങ്ങളിൽ ഘനജലം തളിയ്ക്കൂ,
അവളുടെ കരിന്തേൾക്കാലുകൾ പിടുത്തം വിടട്ടെ.
ആപ്പിൾക്കനികളുടെ ഉറക്കമെനിക്കുറങ്ങണമെന്നതിനാൽ,
എന്നിൽ നിന്നു മണ്ണു കഴുകിക്കളയുന്നൊരു വിലാപമെനിക്കു പഠിക്കണമെന്നതിനാൽ;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ ഇരുണ്ട കുട്ടിയോടൊപ്പമെനിക്കു ജീവിക്കണമെന്നതിനാൽ.

ലോർക്ക - ആകസ്മികപ്രണയത്തിന്റെ ഗസൽ


നിന്റെയുദരത്തിലെ ഇരുണ്ട മഗ്നോളിയ,
അതിന്റെ പരിമളത്തെക്കുറിച്ചാർക്കുമറിയില്ലായിരുന്നു.
പല്ലുകൾക്കിടയിൽ വച്ചു നീ പ്രണയക്കുരുവിയെ കുരുതി കൊടുത്തു,
അതിനെക്കുറിച്ചും ആർക്കുമറിയില്ലായിരുന്നു.
നിന്റെ നെറ്റിത്തടത്തിലെ നിലാവു വീണ ചത്വരത്തിൽ
ഒരായിരം പേഴ്സ്യൻകുതിരകൾ കിടന്നുറക്കമായി.
മഞ്ഞിന്റെ വൈരിയായ നിന്റെയരക്കെട്ടിനെ കെട്ടിപ്പിടിച്ചു
നാലുരാത്രികൾ ഞാൻ കിടന്നു.
കുമ്മായത്തിനും മുല്ലപ്പൂക്കൾക്കുമിടയിൽ
നിന്റെ നോട്ടം വിളർത്ത ചില്ലയായിരുന്നു.
‘എന്നും’ എന്നെഴുതുന്ന രജതാക്ഷരങ്ങൾക്കായി
എന്റെ നെഞ്ചിനകമാകെ ഞാൻ തിരഞ്ഞു.
എന്നും, എന്നും, എന്റെ യാതനയുടെ പൂവനമേ,
എന്നിൽ നിന്നു വഴുതിപ്പോവുകയാണു നിന്റെയുടലെന്നും:
എന്റെ വായിൽ നിന്റെ സിരകളിലെ രക്തം,
എന്റെ മരണത്തിനിരുണ്ട കുഴിമാടം, നിന്റെ വദനം.

2020, ജൂലൈ 27, തിങ്കളാഴ്‌ച

ലോർക്ക - സാന്തിയാഗോനഗരത്തിനൊരു പ്രണയഗാനം



എന്റെ പ്രിയകാമുകി,
സാന്തിയാഗോയിൽ മഴ പെയ്യുന്നു.
ആകാശത്തിലെ വെളുത്ത കമേലിയ,
മൂടുപടം മൂടിയ സൂര്യൻ തിളങ്ങുന്നു.

രാത്രിയുടെ ഇരുട്ടിൽ
സാന്തിയാഗോയിൽ മഴ പെയ്യുന്നു.
വെള്ളിപ്പുൽക്കൊടികളും കിനാവുകളും
വിജനചന്ദ്രനെ മൂടുന്നു.

തെരുവിൽ മഴ പെയ്യുന്നതു നോക്കൂ,
കല്ലിന്റെയും ചില്ലിന്റെയും വിലാപം.
തളർന്ന കാറ്റിൽ, നോക്കൂ,
നിന്റെ കടലിന്റെ ചാരവും നിഴലും.

നിന്റെ കടലിന്റെ ചാരവും നിഴലും,
സാന്തിയാഗോ, സൂര്യനിൽ നിന്നകന്നവളേ;
ഏതോ പ്രാക്തനപ്രഭാതം
എന്റെ  ഹൃദയത്തിലോളം വെട്ടുന്നു.

(From Six Galician Poems)

ലോർക്ക - കവി സഹായത്തിനായി കന്യാമറിയത്തോടു പ്രാർത്ഥിക്കുന്നു



ദിവ്യയായ ദേവമാതാവിനോടു  ഞാൻ പ്രാർത്ഥിക്കുന്നു,
ജീവികൾക്കെല്ലാം സ്വർഗ്ഗീയറാണി,
അവളെനിക്കു തരുമാറാകട്ടെ,
തങ്ങളുടെ ശബ്ദാവലിയിൽ ഒരേയൊരക്ഷരം മാത്രമുള്ള
കുഞ്ഞുജീവികളുടെ പരിശുദ്ധവെളിച്ചം.
ആത്മാവില്ലാത്ത ജന്തുക്കൾ. സരളരൂപങ്ങൾ.
പൂച്ചയുടെ നികൃഷ്ടബുദ്ധിയിൽ നിന്നകന്നവ,
കൂമന്റെ കല്പിതഗഹനതയിൽ നിന്നകന്നവ,
കുതിരയുടെ ശില്പഭദ്രമായ ജ്ഞാനത്തിൽ നിന്നകന്നവ.
കണ്ണുകളില്ലാതെ സ്നേഹിക്കുന്ന,
അനന്തതയുടെ വീചികളറിയാൻ
ഒരേയൊരിന്ദ്രിയം മാത്രമുള്ള,
കിളികൾക്കു തിന്നൊടുക്കാനായി
കൂമ്പാരം കൂടുന്ന ജീവികൾ.
ആ പരന്ന കുഞ്ഞുജന്തുക്കൾക്കുള്ള
ഏകമാനമെനിക്കു നല്കുക.
എങ്കിലെനിക്കു പറയാമല്ലോ,
ചെരുപ്പിന്റെ കനത്ത നിഷ്കളങ്കതയ്ക്കടിയിൽ
മണ്ണിനടിയിൽ ഞെരിയുന്ന കുഞ്ഞുകാര്യങ്ങളെപ്പറ്റി.
അങ്ങാടിയിൽ നടക്കുന്ന കോടിക്കോടി കുഞ്ഞുമരണങ്ങൾ,
തലയറ്റ ഉള്ളികളുടെ ചൈനീസ് പുരുഷാരം,
ചതഞ്ഞ മീനിന്റെ കൂറ്റൻ മഞ്ഞസൂര്യൻ-
ഇവയെച്ചൊല്ലി വിലപിക്കാനാരുമില്ല.

അമ്മേ, എന്നുമെന്നും ഭയക്കേണ്ടവളേ,
മാനമാകെ നീന്തുന്ന തിമിംഗലമേ;
അമ്മേ, എന്നുമെന്നും ചിരിപ്പിക്കുന്നവളേ,
അയമോദകം കടം വാങ്ങാൻ വന്ന അയല്ക്കാരീ,
നിനക്കറിയാമല്ലോ,
ലോകത്തെക്കുറിച്ചു സംസാരിക്കണമെങ്കിൽ
അതിന്റെ അണുമാത്രമായ ഉടലുകളും
എനിക്കറിവുണ്ടായിരിക്കണമെന്ന്.

(അജ്ഞാതമരണം വിധിക്കപ്പെട്ട ഹീനജന്മങ്ങളാണെങ്കിലും സൂക്ഷ്മജീവികളുടെ അദ്വയബോധം തനിയ്ക്കും നല്കണേയെന്നു പ്രാർത്ഥിക്കുകയാണു ലോർക്ക. തുടക്കത്തിൽ ദിവ്യവും വിശുദ്ധവുമായ സാമ്പ്രദായികഭാവമാണു കന്യാമറിയത്തിനെങ്കിൽ, അവസാനമെത്തുമ്പോൾ ഒരു പാഗൻമാതൃദേവതയുടെ ഭീഷണഭാവം പകരുകയാണവൾ.)

From Earth and Moon

2020, ജൂലൈ 25, ശനിയാഴ്‌ച

ലോർക്ക - പ്രണയഗാനം



ഒരു മാതളപ്പഴമായിരുന്നു എന്റെ ചുംബനം,
തുറന്നതും അഗാധവും;
കടലാസ്സു കൊണ്ടൊരു പനിനീർപ്പൂ, 
നിന്റെ വദനം.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

അടകല്ലുകൾക്കു കൂടങ്ങളായിരുന്നു 
എന്റെ കൈകൾ;
മണി മുഴങ്ങുന്ന സായാഹ്നം,
നിന്റെയുടൽ.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

നീലിച്ച കപാലം വായ തുറന്നു.
അതിനുള്ളിൽ തൂങ്ങിക്കിടന്നിരുന്നു,
തൂങ്ങിക്കിടക്കുന്ന ചുണ്ണാമ്പുകല്ലുകൾ പോലെ
എന്റെ ‘നിന്നെ ഞാൻ പ്രേമിക്കുന്നു’ എന്ന വാക്കുകൾ.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

എന്റെ കൗമാരസ്വപ്നങ്ങളിൽ
കരിമ്പായലടിഞ്ഞു.
കുതിച്ചുയർന്ന എന്റെ വേദന
ചന്ദ്രനേയും തുളച്ചുകയറി.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

ഉന്നതമായ പാഠശാലകളിൽ
ഞാനിപ്പോൾ പരിശീലിപ്പിക്കുന്നു,
എന്റെ പ്രണയത്തെയും എന്റെ സ്വപ്നങ്ങളെയും
(കണ്ണു കാണാത്ത കുതിരകളെ).

പശ്ചാത്തലമോ, ഒരു മഞ്ഞുപാടം.

(1920 ഒക്ടോബർ, ഗ്രനാഡ)



2020, ജൂലൈ 24, വെള്ളിയാഴ്‌ച

ലോർക്ക- തിരസ്കൃതൻ



എന്റെ ദൈവമേ,
ചോദ്യങ്ങളുടെ വിത്തുമായി ഞാൻ വന്നു.
ഞാനവ നട്ടു, അവ പൂവിട്ടതേയില്ല.

(ചന്ദ്രനു ചുവട്ടിൽ
ഒരു ചീവീടു പാടുന്നു.)

എന്റെ ദൈവമേ,
ഉത്തരങ്ങളുടെ ഇതളടുക്കുമായി ഞാൻ വന്നു,
എന്നാൽ കാറ്റവ കൊഴിച്ചതേയില്ല!

(ഭൂമി തിരിയുന്നു:
ബഹുവർണ്ണമായ ഒരോറഞ്ച്.)

എന്റെ ദൈവമേ, ഞാൻ ലാസറസ്!
എന്റെ കുഴിമാടം പുലരി കൊണ്ടു നിറയ്ക്കൂ,
എന്റെ വണ്ടിയ്ക്കു കരിങ്കുതിരകളെത്തരൂ!

(കാവ്യാത്മകമായൊരു കുന്നിനു മേൽ
ചന്ദ്രനസ്തമിക്കുന്നു.)

എന്റെ ദൈവമേ,
ഒരു ചോദ്യവും കിട്ടാത്ത ഉത്തരവുമായി ഞാനിരിക്കാം,
ചില്ലകളിളകുന്നതും നോക്കി.)

(ഭൂമി തിരിയുന്നു:
ബഹുവർണ്ണമായ ഒരോറഞ്ച്!)

ലോർക്ക - അടുക്കുകവിതകൾ



1. പകർച്ച


ഒറ്റക്കിളിയേ
പാടുന്നുള്ളു.
വായു അതിനെ
പെരുക്കുകയാണ്‌.
നാം കേൾക്കുന്നത്
കണ്ണാടികളിലൂടെ.

2. ആദി


ആദവും ഹവ്വയും.
സർപ്പം
ആയിരം നുറുങ്ങുകളായി
കണ്ണാടി
എറിഞ്ഞുടച്ചു.
ആപ്പിളായിരുന്നു
അവന്റെ പാറ.

3. പൊയ്ക


കൂമൻ
ധ്യാനം നിർത്തുന്നു,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവിലൂടെ
പറന്നിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിക്കടന്നുപോകുന്നു.
കിഴവൻ കൂമൻ ചിറകു കുടയുന്നു,
ധ്യാനം തുടരുന്നു.

4. ആകെ


കാറ്റിന്റെ കൈ
സ്ഥലത്തിന്റെ നെറ്റി തലോടുന്നു
പിന്നെയും പിന്നെയും.
നക്ഷത്രങ്ങൾ
നീലിച്ച കണ്ണിമകൾ
പാതിയടയ്ക്കുന്നു
പിന്നെയും പിന്നെയും.

5. ഭേദങ്ങൾ


ഈ മാറ്റൊലിയുടെ ചില്ലകൾക്കടിയിൽ
തളം കെട്ടിയ വായു.
ആ നക്ഷത്രങ്ങളുടെ പടർപ്പിനടിയിൽ
തളം കെട്ടിയ ജലം.
നമ്മുടെ നിബിഡചുംബനത്തിനടിയിൽ
തളം കെട്ടിയ നിന്റെ വദനം.


6. നിറങ്ങൾ


ചന്ദ്രന്റെ നിറം
പാരീസിനു മേൽ
വയലറ്റ്,
മൃതനഗരങ്ങൾക്കു മേൽ
മഞ്ഞ.

പച്ചനിറത്തിലൊരു ചന്ദ്രനുണ്ട്,
ഇതിഹാസങ്ങളിലെ ചന്ദ്രൻ,
ചിലന്തിവല പോലെ
ഒരു ചന്ദ്രനുണ്ട്,
ഉടഞ്ഞ വർണ്ണച്ചില്ലു പോലെ
ഒരു ചന്ദ്രനുണ്ട്,
മരുപ്പറമ്പുകൾക്കു മേൽ
കട്ടച്ചോര പോലെ ഒരു ചന്ദ്രനും.

എന്നാൽ വെളുത്ത ചന്ദ്രൻ,
ശരിക്കുമുള്ള ചന്ദ്രൻ,
അതു തിളങ്ങുന്നത്
ഉൾനാടൻ ശവപ്പറമ്പുകളിലെ
മൂകതയ്ക്കു മേൽ.

7. ഘടികാരങ്ങളുടെ വനം


ഘടികാരങ്ങളുടെ വനത്തിലേക്കു
ഞാൻ കടന്നുചെന്നു.

മിടിക്കുന്ന ഇലകൾ,
കുലകുത്തിയ മണികൾ.
ബഹുമുഖമായൊരു ഘടികാരത്തിനടിയിൽ
പെൻഡുലങ്ങളുടെ നക്ഷത്രമണ്ഡലങ്ങൾ.

കറുത്ത ഐറിസ് പൂക്കൾ,
മരിച്ച നേരങ്ങൾ.
കറുത്ത ഐറിസ് പൂക്കൾ,
പുതിയ നേരങ്ങൾ.
എല്ലാം ഒരേപോലെ!
പ്രണയത്തിന്റെ സുവർണ്ണനേരമോ?

ഒരു നേരമേയുള്ളു,
ഒരേയൊരു നേരം.
വളരെത്തണുത്ത ഒരു നേരം.

8. മരംവെട്ടി


സന്ധ്യക്ക്
ഞാനിറങ്ങിനടന്നു.
“എവിടെയ്ക്ക്?” അവർ ചോദിച്ചു.
“ദീപ്തനക്ഷത്രങ്ങളെ നായാടാൻ.”
പിന്നെ കുന്നുകൾ മയക്കമായപ്പോൾ
നക്ഷത്രങ്ങളെ മാറാപ്പിലാക്കി
ഞാൻ മടങ്ങി.
ഒരു സഞ്ചി നിറയെ രാത്രി,
വെളുത്ത രാത്രി!


9. ഡോൺചെല്ല


ഞാനെന്തേ ഇപ്പോൾ നിന്നെയോർക്കാൻ,
മാർച്ചുമാസത്തിലെ ഒരു മഴനാളിൽ,
മഠത്തിൽ നിന്നിറങ്ങിവരുന്നതായി?

വെളുത്ത കൊച്ചു ഹിമപ്പക്ഷി,
അവർ നിന്നെ അങ്ങനെ വിളിച്ചിരുന്നു,
ഒരു സ്കൂൾകുട്ടി നിനക്കൊരു പനിനീർപ്പൂവും തന്നിരുന്നു.

പിന്നെ നിന്നിൽ നിന്നൊരു തൂവൽ കൊഴിഞ്ഞുവീണു,
ഈ വരികൾ ഞാനെഴുതുന്നതതുകൊണ്ട്.
എത്രയും ചെറിയൊരു തൂവൽ,
നീയതറിഞ്ഞതുതന്നെയില്ല!


10. തത്ത്വചിന്തകന്റെ അവസാനത്തെ നടത്തം


ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
തന്റെ ഗിത്താറും മീട്ടിക്കൊണ്ട്
മരണം പിന്നാലെയുണ്ടായിരുന്നു.
ന്യൂട്ടൺ
നടക്കാനിറങ്ങിയതായിരുന്നു.
അയാളുടെ ആപ്പിളിൽ
പുഴുക്കൾ നുഴഞ്ഞുകേറി.
മരങ്ങളിൽ കാറ്റിരമ്പി,
ചില്ലകൾക്കടിയിൽ പുഴയും.
(വേഡ്സ്‌വർത്തിനു കരച്ചിൽ വന്നേനെ.)
ഉടലിനെ വല്ലാതെ വളച്ചൊടിച്ചുകൊണ്ട്
മറ്റൊരാപ്പിളും കാത്തുനില്ക്കുകയായിരുന്നു,
തത്ത്വചിന്തകൻ.
അയാൾ വഴിയിലൂടോടി.
പുഴക്കരയിൽ ചെന്നുകിടന്നു.
ചന്ദ്രന്റെ കൂറ്റൻ പ്രതിബിംബത്തിൽ
തന്റെ മുഖം മുങ്ങിപ്പോകുന്നതയാൾ കണ്ടു.
ന്യൂട്ടൺ
കണ്ണീരൊഴുക്കി.

ഒരു ദേവതാരത്തിന്റെ തലപ്പത്ത്
രണ്ടു കൂമന്മാർ സല്ലപിച്ചിരുന്നു.
പിന്നെ രാത്രിയിൽ
ആ ജ്ഞാനിയായ മനുഷ്യൻ
പതുക്കെ വീട്ടിലേക്കു നടന്നു.
ആപ്പിളുകളുടെ കൂറ്റൻ കൂമ്പാരങ്ങൾ
അയാൾ സ്വപ്നം കണ്ടു.


11. സ്കൂൾ


മാഷ്:

കാറ്റിനെ
ഏതു കന്യക പരിണയിക്കും?

കുട്ടി:

ഞങ്ങൾ മോഹിക്കുന്ന
കന്യക.

മാഷ്:

കാറ്റ്
കന്യകയ്ക്കെന്തു കൊടുക്കും?

കുട്ടി:

പൊന്നിന്റെ ചുഴലികൾ.
ഒരു കൂമ്പാരം ഭൂപടങ്ങൾ.

മാഷ്:

അവൾ അവനോ?

കുട്ടി:

തന്റെ തുറന്ന ഹൃദയം.

മാഷ്:

അവളുടെ പേരു പറയൂ.

കുട്ടി:

അതൊരു രഹസ്യം.

(സ്കൂളിന്റെ
ജനാലയ്ക്ക്
നക്ഷത്രങ്ങളുടെ
പടുത.)


12. പ്രണയഗാനം


വൃത്തങ്ങളായി പടരുന്ന
അലകൾ പോലെ
നിന്റെ വാക്കുകൾ
എന്റെ നെഞ്ചിൽ.

കാറ്റിനോടു കൂട്ടിയിടിക്കുന്ന
കിളിയെപ്പോലെ
നിന്റെ ചുംബനം
എന്റെ ചുണ്ടിൽ.

രാത്രിക്കെതിർനില്ക്കുന്ന
ജലധാരകൾ പോലെ
എന്റെ ഇരുണ്ട കണ്ണുകൾ
നിന്റെയുടലിൽ.


2020, ജൂലൈ 23, വ്യാഴാഴ്‌ച

ലോർക്ക - ഗാനങ്ങൾ



1. ഇതു സത്യം!


ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാൻ സഹിക്കുന്ന വേദന!

നിന്നോടുള്ള പ്രണയത്താൽ
എനിക്കുണ്ടായി,
ഒരു ശ്വാസവേദന,
ഒരു ഹൃദയവേദന,
ഒരു തലവേദന.

ആരെന്നിൽ നിന്നിതു വാങ്ങും,
ഞാൻ തലയിൽ കെട്ടിയ ഈ നാട,
വെളുത്ത ശോകത്തിന്റെ പട്ടുശീല?
പിന്നെയാരതു തുന്നി തൂവാലകളാക്കും?

ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാൻ സഹിക്കുന്ന വേദന!
*

2. മൂകനായ കുട്ടി


കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.
(ചീവീടുകളുടെ രാജാവതു കൈക്കലാക്കിയിരുന്നു.)
ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.

സാംസാരിക്കാനെനിക്കതു വേണ്ട;
ഞാനതുകൊണ്ടൊരു മോതിരമുണ്ടാക്കും,
എന്റെ മൗനത്തിന്റെ കുഞ്ഞുവിരലിൽ
ഞാനതണിയിക്കും.

ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.

(തടവിലായ ശബ്ദം, അങ്ങകലെ,
ഒരു ചീവീടിന്റെ വേഷമിടുകയായിരുന്നു.)
*

3. വിട പറയൽ


ഞാൻ മരിച്ചാൽ
ബാൽക്കണി തുറന്നുകിടക്കട്ടെ.

ഒരു കുട്ടി ഓറഞ്ചു തിന്നു.
(എന്റെ ബാൽക്കണിയിൽ നിന്ന് ഞാനതു കാണുന്നു.)

കൊയ്ത്തുകാരൻ ഗോതമ്പു കൊയ്യുന്നു.
(എന്റെ ബാൽക്കണിയിൽ നിന്ന് എനിക്കതു കേൾക്കാം.)

ഞാൻ മരിച്ചാൽ
ബാൽക്കണി തുറന്നുകിടക്കട്ടെ.
*


4. കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്


മരംവെട്ടുകാരാ,
എന്റെ നിഴൽ മുറിച്ചുകളയൂ.
വൈഫല്യത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

കണ്ണാടികൾക്കിടയിൽ ഞാനെന്തിനു വന്നുപിറന്നു?
പകലെന്നെ വട്ടം ചുറ്റുന്നു
രാത്രിയതിന്റെ നക്ഷത്രങ്ങളിലേക്കെന്നെ
പകർത്തുകയും ചെയ്യുന്നു.

എനിക്കെന്നെക്കാണാതെ ജീവിക്കണം.
ഉറുമ്പുകളും അപ്പൂപ്പൻതാടികളുമാണ്‌
എന്റെയിലകളും എന്റെ കിളികളുമെന്ന്
ഞാൻ സ്വപ്നം കാണട്ടെ.

മരംവെട്ടുകാരാ,
എന്റെ നിഴൽ മുറിച്ചുകളയൂ.
വൈഫല്യത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.
*

5. സെവിയേച്ചിന്ത്


നാരകത്തോപ്പിൽ
സൂര്യോദയം.
പൊൻനിറമായ കുഞ്ഞുതേനീച്ചകൾ
തേൻ തേടിപ്പോകുന്നു.

എവിടെ,
തേനിരിക്കുമിടം?

അതൊരു നീലമാറിടത്തിൽ,
ഇസബെൽ.
ആ റോസ്മേരിച്ചെടിയുടെ
വിടർന്ന പൂവിൽ.

(മൂറിനൊരു*
പൊൻപീഠം,
ഭാര്യയ്ക്കു
തിളങ്ങുന്നതും.)

നാരകത്തോപ്പിൽ
സൂര്യോദയം.

* ഒരു നാടോടിക്കവിതയുടെ വരികൾ 

6. അഡെലീന, നടക്കാനിറങ്ങിയവൾ


കടലിൽ ഓറഞ്ചില്ല,
സെവിയേയിൽ പ്രണയവും.
കറുത്ത പെണ്ണേ, എന്തുമാതിരി വെയിൽ!
നിന്റെ കുടയൊന്നു കടം തരൂ.

ചെറുനാരങ്ങാനീരിൽ
എന്റെ മുഖം പച്ചയാകും.
നിന്റെ വാക്കുകൾ - പരൽമീനുകൾ-
ചുറ്റും നീന്തിനടക്കും.

കടലിൽ ഓറഞ്ചില്ല.
കഷ്ടമേ, പ്രിയേ,
സെവിയേയിൽ പ്രണയവുമില്ല.

*സെവിയേ Seville - ഒരു ആൻഡലൂഷ്യൻ നഗരം

7. ലൂസിയ മർത്തീനെസ്


ലൂസിയ മർത്തീനെസ്,
ചെമ്പട്ടിലിരുണ്ടവളേ.

വെളിച്ചത്തു നിന്നു നിഴലിലേക്കു മാറുന്നു,
സന്ധ്യ പോലെ നിന്റെ തുടകൾ.
നിന്റെ മഗ്നോളിയാപ്പൂക്കളെ ഇരുളടയ്ക്കുന്നു,
കരി പോൽ കറുത്ത നിഗൂഢസിരകൾ.

ഞാൻ വന്നു, ലൂസിയ മർത്തീനെസ്.
ഞാൻ വന്നു, നിന്റെ വായ വിഴുങ്ങാൻ,
പുലരിയുടെ കടല്ചിപ്പികളിലേക്ക്
മുടിയ്ക്കു പിടിച്ചു നിന്നെ വലിച്ചിഴച്ചുകൊണ്ടുപോകാൻ.

എനിക്കു വേണം, എനിക്കു കഴിയും.
ലൂസിയ മർത്തീനെസ്.
*

2020, ജൂലൈ 22, ബുധനാഴ്‌ച

ലോർക്ക - പുതിയ പാട്ടുകൾ



സായാഹ്നം പറയുന്നു: “എനിക്കു ദാഹം, നിഴലുകൾക്കായി.”
ചന്ദ്രൻ പറയുന്നു: “എനിക്കു നക്ഷത്രങ്ങളെ ദാഹം.”
ചില്ലുപോലത്തെ ജലധാരയ്ക്കു ചുണ്ടുകളെ ദാഹം,
കാറ്റിനു നെടുവീർപ്പുകളേയും.

എനിക്കു ദാഹം പരിമളങ്ങൾക്കും ചിരികൾക്കുമായി.
ഐറിസുകളില്ലാത്ത, ചന്ദ്രന്മാരില്ലാത്ത,
നഷ്ടപ്രണയങ്ങളില്ലാത്ത
പുതുപാട്ടുകൾക്കായെനിക്കു ദാഹം.

ഭാവിയുടെ പ്രശാന്തതടാകങ്ങളെ
വിറ കൊള്ളിക്കുന്ന,
അവയുടെ അലകളെ, എക്കലിനെ
പ്രത്യാശ കൊണ്ടു നിറയ്ക്കുന്ന ഒരു പ്രഭാതഗാനം.

നിറയെ ചിന്തകളുമായി
പ്രശാന്തവും ദീപ്തവുമായ ഒരു ഗാനം,
വിഷാദവും മനോവ്യഥയും തീണ്ടാത്ത,
ദിവാസ്വപ്നം തീണ്ടാത്ത ഗാനം.

കാവ്യാത്മകതയുടെ മാംസളതയില്ലാത്ത,
മൗനത്തിൽ ചിരി നിറയ്ക്കുന്ന ഗാനം.
(നിഗൂഢതയിലേക്കു കുടഞ്ഞിട്ട
അന്ധരായ പ്രാപ്പറ്റം.)

വസ്തുക്കളുടെ ആത്മാവിലേക്കു ചെല്ലാൻ,
കാറ്റുകളുടെ ആത്മാവിലേക്കു ചെല്ലാനൊരു ഗാനം,
ചിരന്തനഹൃദയത്തിന്റെ ധന്യതയിൽ
ഒടുവിൽ ചെന്നുകിടന്നുറങ്ങാനും.

(1920 ആഗസ്റ്റ്)

2020, ജൂലൈ 21, ചൊവ്വാഴ്ച

ലോർക്ക - ആമുഖം



ഇതാ, ദൈവമേ,
എന്റെ ഹൃദയം.
നിന്റെ ചെങ്കോലതിലാഴ്ത്തിക്കോളൂ, കർത്താവേ.
ശരല്ക്കാലത്തു മൂപ്പെത്താൻ വൈകിയ
ഒരു സബർജല്ലിയാണത്,
ഉള്ളഴുകിയതുമാണത്.
അതിനെ അത്രയുമാഴത്തിൽ മുറിവേല്പിച്ച
ഭാവഗാനക്കഴുകന്മാരുടെ
എല്ലുകൂടങ്ങൾ പറിച്ചെടുക്കൂ,
നിനക്കൊരു കൊക്കുണ്ടെന്നു വരികിൽ
മടുപ്പിന്റെ തൊലിയും
ചെത്തിക്കളയൂ.

അതിനു നിനക്കു മനസ്സില്ലെന്നാണെങ്കിൽ
എനിക്കും വിരോധമൊന്നുമില്ല.
ഈ പഴഞ്ചൻ നീലാകാശവും
നക്ഷത്രങ്ങളുടെ നൃത്തവുമൊക്കെ
നീ തന്നെ കൈയിൽ വച്ചോളൂ.
അനന്തതയും കൈയിൽത്തന്നെയിരിക്കട്ടെ.
ഞാൻ എന്റെയൊരു ചങ്ങാതിയിൽ നിന്ന്
ഒരു ഹൃദയം കടം വാങ്ങിക്കോളാം.
ചിറ്റരുവികളും പൈൻമരങ്ങളും
യുഗങ്ങളുടെ ചുറ്റികയടികൾക്കെതിരു നില്ക്കാൻ പോന്ന
ഒരിരുമ്പുരാപ്പാടിയുമായി
ഒരു ഹൃദയം.

തന്നെയുമല്ല, സാത്താനെന്നെ വലിയ കാര്യവുമാണ്‌,
ഞങ്ങളൊരുമിച്ച് കാമാസക്തിയുടെ ഒരു പരീക്ഷ എഴുതിയിരുന്നു.
തെമ്മാടി! അവനെനിക്കു മാർഗരീറ്റയെ കണ്ടുപിടിച്ചുതന്നോളും-
അവനെനിക്കു വാക്കു തന്നിട്ടുണ്ട്.
കിഴവന്മാരായ ഒലീവുമരങ്ങൾക്കു ചുവട്ടിൽ
വേനൽരാവു പോലെ മുടി രണ്ടായി പിന്നിയിട്ട,
നിറമിരുണ്ട മാർഗരീറ്റ,
അവളുടെ നിർമ്മലമായ തുടകളിലേക്കു ഞാൻ തുളച്ചുകയറും.
അതില്പിന്നെ ദൈവമേ,
നിന്നെപ്പോലെ ഞാൻ സമ്പന്നനാകും,
നിന്നിലും സമ്പന്നനായെന്നും വരും.
എന്തെന്നാൽ,
സാത്താൻ തന്റെ ഉറ്റ ചങ്ങാതിമാർക്കു നല്കുന്ന
വീഞ്ഞിനു കിട നില്ക്കുന്നതല്ലല്ലോ ശൂന്യത.
കണ്ണീരു വാറ്റിയ മദിര.
അതിനെന്താ!
കളകൂജനം വാറ്റിയെടുത്ത
നിന്റെ മദിരയ്ക്കു തുല്യമാണത്.

പറയൂ, കർത്താവേ,
എന്റെ ദൈവമേ!
നീ ഞങ്ങളെ
പാതാളത്തിന്റെ കയത്തിലേക്കിടിച്ചുതാഴ്ത്തുകയാണോ?
കൂടുകൾ തകർന്ന, കണ്ണു കാണാത്ത,
കിളികളാണോ ഞങ്ങൾ?

വിളക്ക് കരിന്തിരി കത്തുന്നു.
എവിടെ ദിവ്യത്വത്തിന്റെ എണ്ണ?
തിരകളടങ്ങുകയാണ്‌.
കളിപ്പാവകളായ പടയാളികളെപ്പോലെ
ഞങ്ങളെ വച്ചു കളിക്കുകയാണോ നീ?
പറയൂ, കർത്താവേ,
എന്റെ ദൈവമേ!
ഞങ്ങളുടെ ദുഃഖം
നിന്റെ കാതുകളിലേക്കെത്താറില്ലേ?
ദൈവനിന്ദകൾ
നിന്നെ മുറിപ്പെടുത്താനായി
ഇഷ്ടിക കെട്ടാത്ത ബാബേൽഗോപുരങ്ങൾ
കെട്ടിപ്പൊക്കിയിട്ടില്ലേ?
അതോ, ആ കലപില കേൾക്കുന്നത്
നിനക്കൊരു രസമാണെന്നോ?
നീ ബധിരനാണോ? അന്ധനാണോ?
അതുമല്ല, മാനസികമായി കോങ്കണ്ണനാണോ,
അതിനാൽ മനുഷ്യാത്മാവിനെ ഇരട്ടയായി കാണുന്നവൻ?

ഉറക്കം തൂങ്ങുന്ന കർത്താവേ!
എന്റെ ഹൃദയത്തെ ഒന്നു നോക്കൂ,
ഒരു സബർജല്ലി പോലെ തണുത്തതിനെ,
ശരല്ക്കാലത്തു മൂപ്പെത്താൻ വൈകിയതിനെ,
അഴുകിത്തുടങ്ങിയതിനെ!

നിൻ്റെ വെളിച്ചം വരുമെന്നാണെങ്കിൽ
കണ്ണു തുറന്നാലും,
ഇനിയല്ല, നിന്റെ ഉറക്കം തീരില്ലെന്നാണെങ്കിൽ,
വരൂ, നാടോടിയായ സാത്താനേ,
ചോരക്കറ പറ്റിയ ദേശാടകാ,
ഒലീവുമരങ്ങൾക്കിടയിൽ മാരഗരീറ്റയെ കിടത്തൂ,
നിറമിരുണ്ട,
വേനൽരാവു പോലെ മുടി പിന്നിയ മാർഗരീറ്റയെ.
അവളുടെയാ വ്യാകുലനേത്രങ്ങളിൽ
ഐറിസ്പൂക്കൾ കൊണ്ടു പുള്ളി കുത്തിയ ചുംബനങ്ങളാൽ
തീ പടർത്തുന്നതെങ്ങനെയെന്നു ഞാനറിയട്ടെ.
പിന്നെ, ഒരന്ധമായ സന്ധ്യയിൽ
കാവ്യാത്മകമായ “എൻറിക്! എൻറിക്!” വിളികൾ *
ഞാൻ കേൾക്കും,
എന്റെ സ്വപ്നങ്ങളിലെല്ലാമപ്പോൾ
മഞ്ഞുതുള്ളി നിറയുകയുമാവും.

ഇതാ, കർത്താവേ,
ഇതാ, എന്റെ പഴയ ഹൃദയം.
ഞാൻ എന്റെയൊരു ചങ്ങാതിയിൽ നിന്ന്
പുതിയതൊന്നു കടം വാങ്ങാൻ പോകുന്നു.
ചിറ്റരുവികളും പൈൻമരങ്ങളുമൊക്കെയുള്ള
ഒരു ഹൃദയം.
അണലികളോ ഐറിസ്സുകളോ
ഇല്ലാത്ത ഒരു ഹൃദയം.
ബലിഷ്ഠമായിരിക്കുമത്,
ഒറ്റക്കുതിയ്ക്കു പുഴ ചാടിക്കടക്കുന്ന
ഗ്രാമീണയുവാവിനെപ്പോലതു
സുഭഗവുമായിരിക്കും.

(1920 ജൂലൈ 24)

ബോദ്‌ലേറും മറ്റും പ്രതിനിധികളായ ഫ്രഞ്ച് സാത്താനിസത്തിന്റെ സ്വാധീനം ഈ ആദ്യകാലകവിതയിൽ കാണാം. ലോർക്ക ആവർത്തിച്ചു വായിച്ചിരുന്ന പുസ്തകമാണ്‌ ഗൊയ്ഥേയുടെ ഫൗസ്റ്റ്.  ലോർക്ക ഇവിടെ ഫൗസ്റ്റിലെ നായകനായ എൻറിക്കുമായി (ഹെയ്ൻറിച്ച് ഫൗസ്റ്റ്) താദാത്മ്യം പ്രാപിക്കുകയാണ്‌.  
ആദ്യകാലത്തെഴുതിയ ഒരു ലേഖനത്തിൽ ലോർക്ക ഇങ്ങനെ പരിഭവിയ്ക്കുന്നു: ‘കളിപ്പാട്ടങ്ങളായി ഉപയോഗപ്പെടുത്താനാണ്‌ ദൈവം നമ്മെ സൃഷ്ടിച്ചതെന്നു വന്നുകൂടേ?...കൂട്ടിലടച്ചിട്ടിരിക്കുന്ന നമുക്ക് മനസ്സലിവില്ലാത്ത ആ ദൈവത്തിന്റെ വിരലുകൾക്കനുസരിച്ചിളകാനാണു വിധി എന്നു തോന്നുന്നു. അത്യാപത്തു വരുമ്പോൾ ആളുകൾ ആശ്ചര്യപ്പെടാറുണ്ട്: “എത്ര മഹത്താണ്‌ ദൈവത്തിന്റെ ശക്തി!” അതെ, വളരെ മഹത്തായതു തന്നെയാണത്; അതുപക്ഷേ തിന്മയുടെ ശക്തിയാണ്‌; എന്നു പറഞ്ഞാൽ യാതനയുടെ.’

* നാടകത്തിൻ്റെ അവസാനരംഗത്ത് മാർഗരീറ്റ സ്വർഗ്ഗത്തേക്കുയരുമ്പോൾ ഫൗസ്റ്റിനെ പേരു പറഞ്ഞു വിളിക്കുന്നുണ്ട്.






2020, ജൂലൈ 19, ഞായറാഴ്‌ച

ലോർക്ക - നിശ്ശബ്ദതയ്ക്ക് ഒരു വിലാപഗീതം

നിശ്ശബ്ദതേ,
നീ നിന്റെ ജനാലച്ചില്ലെവിടെക്കൊണ്ടുപോകുന്നു,

ചിരി കൊണ്ട്, വാക്കുകൾ കൊണ്ട്,
മരങ്ങളുടെ തേങ്ങലുകൾ കൊണ്ടു മങ്ങിയതിനെ? 

നിശ്ശബ്ദതേ, നീയെങ്ങനെയാണു കഴുകിക്കളയുക,
നിന്റെ മേലാടയുടെ പ്രശാന്തശുഭ്രതയിൽ നിന്നു
ഗാനങ്ങളുടെ മഞ്ഞുതുള്ളികൾ,
വിദൂരസാഗരങ്ങളുടെ മുഖരമായ പാടുകൾ?
പാടത്തു തേവുന്ന പഴയൊരു ചക്രം
നിന്റെ ചില്ലിലൂടെ

സാവധാനത്തിലൊരമ്പയക്കുമ്പോൾ
ആരാണാ മുറിവുണക്കുക?
അസ്തമയനേരത്തു
മണിനാദങ്ങൾ നിന്നെ മുറിപ്പെടുത്തിയാൽ,
പാട്ടുകളുടെ പറവപ്പറ്റങ്ങൾ കൊണ്ടു
നിന്റെ തടാകങ്ങൾ ശിഥിലമായാൽ,
നീലമലകളിൽ കണ്ണീർത്തുള്ളികളായി
സുവർണ്ണമർമ്മരങ്ങൾ പൊഴിഞ്ഞാൽ

നീ എങ്ങോട്ടാണു പോവുക?

ഹേമന്തവായു
നിൻ്റെ നീലിമയെ ചീളുകളാക്കുന്നു,
ഏതോ കുളിരരുവിയുടെ അമർന്ന വിലാപം
നിൻ്റെ തോപ്പുകളെ  ഛേദിച്ചുകൊണ്ടൊഴുകുന്നു.
എവിടെക്കൈ വച്ചാലും നീ കാണുന്നത്
ചിരിയുടെ മുള്ളുകൾ,
വികാരത്തിന്റെ പൊള്ളുന്ന മഴുപ്രഹരം.
നക്ഷത്രങ്ങൾക്കിടയിലേക്കാണു നീ 

പോകുന്നതെങ്കിലും
നീലക്കിളികളുടെ ഭവ്യമന്ത്രണം
നിന്റെ മുഖപടം മാറ്റുന്നുവല്ലോ.


ശബ്ദത്തെ വിട്ടു പാഞ്ഞാലും
ശബ്ദം തന്നെയാകുന്നു നീ:
സംഗീതത്തിന്റെ പ്രേതാത്മാവ്,
വിലാപത്തിന്റെ, ഗാനത്തിന്റെ പുകച്ചുരുൾ.
ഇരുണ്ട രാത്രികളിൽ
ഞങ്ങളെത്തേടി നീയെത്തുന്നു,
അനന്തതയെ ഞങ്ങളുടെ ചെവികളിലോതാൻ,
ശ്വാസമില്ലാതെ, ചുണ്ടുകളില്ലാതെ.


നക്ഷത്രങ്ങൾ കൊണ്ടു തുളഞ്ഞ,
സംഗീതം കൊണ്ടു നിറഞ്ഞ നിശ്ശബ്ദതേ,
പാവനമായ ഉറവകൾ വറ്റി,
ശ്രുതിമധുരമായ എട്ടുകാലിവലകളിൽ കുടുങ്ങിയ നീ,
നീ എവിടെയ്ക്കു  കൊണ്ടുപോകുന്നു,
മനുഷ്യാതീതമായ നിന്റെ ശോകത്തെ?


ചിന്തകളുടെ മേഘഛായ വീശിയ 
നിന്റെ തിരകളിൽ
ഇന്നു ശബ്ദങ്ങളുടെ ചാരവും
പ്രാക്തനശോകങ്ങളുമൊഴുകിപ്പോകുന്നു.
എന്നെന്നേക്കുമായി നിലച്ച

നിലവിളികളുടെ മാറ്റൊലികൾ,     
ജഡമായി മാറി
യൊരു കടലിന്റെ വിദൂരാരവം.

ഉറക്കത്തിലാണു  യഹോവയെങ്കിൽ
നിശ്ശബ്ദതേ,
നീയാ ദീപ്തസിംഹാസനമേറൂ,
അവന്റെ തലയ്ക്കു മേൽ
ഒരു പൊലിഞ്ഞ നക്ഷത്രമെടുത്തുവയ്ക്കൂ,
പ്രകാശത്തിന്റെ നിത്യസംഗീതത്തെ നിശ്ശബ്ദമാക്കൂ. 


പിന്നെ നീ മടങ്ങൂ,

ദൈവത്തിനും കാലത്തിനും മുമ്പത്തെ
നിത്യരാത്രിയിൽ
ശാന്തമായി നീയൊഴുകിയിറങ്ങിയ
ഉറവിലേക്ക്.

(1920 ജൂലൈ)

2020, ജൂലൈ 17, വെള്ളിയാഴ്‌ച

ലോർക്ക - വിലാപഗീതം



തൃഷ്ണകളെരിയുന്നൊരു ധൂപപാത്രം പോലെ
ദീപ്തസായാഹ്നത്തിലൂടെ നീ കടന്നുപോകുന്നു,
വാടിയ ജടാമാഞ്ചി പോലിരുണ്ട ഉടലുമായി,
അനിമേഷനയനങ്ങളിൽ പ്രബലരതിയുമായി.

മരിച്ച ചാരിത്രത്തിന്റെ വിഷാദം നിന്റെ ചുണ്ടുകളിൽ,
ഡയണീസസ്സിന്റെ പാനപാത്രമായ നിന്റെ ഗർഭപാത്രത്തിൽ
ഒരെട്ടുകാലി വന്ധ്യതയുടെ മൂടുപടം നെയ്യുന്നു,
ചുംബനങ്ങളുടെ കനികളായി
ജീവനുള്ള പനിനീർപ്പൂക്കളൊരുനാളും വിരിയാത്ത
നിന്റെ ഉദരത്തിനായി.

മരിച്ച വ്യാമോഹങ്ങളുടെ നൂൽക്കഴി നിന്റെ വെളുത്ത കൈകളിൽ,
ആഗ്നേയചുംബനങ്ങൾക്കു ദാഹിക്കുന്ന വികാരം നിന്റെയാത്മാവിൽ,
തൊട്ടിലുകളും സ്വസ്ഥതയും സ്വപ്നം കാണുന്ന നിന്റെ മാതൃസ്നേഹം
ഒരു താരാട്ടിന്റെ നീലയിഴകളിടുന്നു നിന്റെ ചുണ്ടുകളിൽ.

നിദ്രാണമായ പ്രണയം നിന്റെ ഉടലു തൊട്ടിരുന്നുവെങ്കിൽ
പൊൻകതിരുകളിടുമായിരുന്നു നീ, സീരിസ്സിനെപ്പോലെ,
നിന്റെ മാറിൽ നിന്നു മറ്റൊരു ക്ഷീരപഥമൊഴുക്കുമായിരുന്നു നീ,
കന്യാമറിയത്തെപ്പോലെ.

മഗ്നോളിയാപ്പൂവുപോലെ നീ വാടിക്കരിയും,
കനലടങ്ങാത്ത നിന്റെ തുടകളിലൊരാളും ചുംബിക്കില്ല,
കിന്നരത്തിന്റെ തന്ത്രികളിലൂടെന്നപോലെ
നിന്റെ മുടിയിലൂടൊരു വിരലുമോടില്ല.

കരിവീട്ടിയും ജടാമാഞ്ചിയും പോലെ കാതലാർന്ന പെണ്ണേ,
മുല്ലപ്പൂ പോലെ നിശ്വാസം വെളുത്തവളേ!
മനിലാസാൽവ ചുറ്റിയ വീനസ് നീ,
ഗിത്താറും മധുരിക്കുന്ന മാലഗാവീഞ്ഞുമറിയുന്നവൾ.

ശ്യാമഹംസമേ! നിന്റെ തടാകത്തിലുണ്ട്,
ഫ്ലാമെങ്കോഗാനങ്ങളുടെ താമരകൾ,
മധുരനാരങ്ങകളുടെ തിരമാലകൾ,
തന്റെ ചിറകൊതുക്കിൽ വാടിയ കൂടുകളിൽ
പരിമളം നിറയ്ക്കുന്ന ചുവന്ന കാർണേഷനുകളും.

ആരും ഉർവ്വരയാക്കുന്നില്ല നിന്നെ, ആൻഡലൂഷ്യൻ രക്തസാക്ഷീ,
തളം കെട്ടിയ ജലത്തിന്റെ കലുഷതാളത്തിനിടയിൽ,
പാതിരാവിന്റെ നിറഞ്ഞ നിശ്ശബ്ദതയിൽ,
മുന്തിരിക്കൊടികൾക്കടിയിലാകേണ്ടിയിരുന്നു,
നിന്റെ ചുംബനങ്ങൾ.

നിന്റെ കണ്ണുകൾക്കടിയിൽ കറുത്ത പാടുകൾ വീഴുന്നുവല്ലോ,
നിന്റെ കറുത്ത മുടിയിഴകൾ വെള്ളിനാരുകളാകുന്നുവല്ലോ;
പരിമളം തൂവിക്കൊണ്ടു നിന്റെ മുലകൾ ചരിയുന്നു,
നിന്റെ പ്രൗഢമായ നട്ടെല്ലു വളഞ്ഞുതുടങ്ങുന്നു.

മെലിഞ്ഞ സ്ത്രീയേ, എരിയുന്ന മാതൃത്വമേ!
ആകാശത്തിന്റെ കയങ്ങളെയ്തുവിടുന്ന നക്ഷത്രങ്ങളോരോന്നും
ഹൃദയത്തിൽ തറച്ചുകയറിയ വ്യാകുലമാതാവേ!

ആൻഡലൂഷ്യയുടെ പ്രതിബിംബം നീ:
വിപുലവികാരങ്ങൾ നിശ്ശബ്ദം സഹിക്കുന്നവൾ,
നോട്ടങ്ങൾ ചുവന്ന പോറലുകൾ വീഴ്ത്തിയ തൊണ്ടകളിൽ,
ചോരയും മഞ്ഞും തുടിക്കുന്ന തൊണ്ടകളിൽ
മടക്കിയിട്ട തട്ടങ്ങളിൽ, വിശറികളിലുലയുന്ന വികാരങ്ങൾ.

ശരൽക്കാലത്തിന്റെ മൂടൽമഞ്ഞിനുള്ളിലേക്കി നീ കയറിപ്പോകുന്നു,
കന്യകയായി, ആഗ്നസ്സിനെപ്പോലെ, സെസീലിയയെപ്പോലെ,
പ്രിയങ്കരിയായ ക്ലാരയെപ്പോലെ;
മുന്തിരിവള്ളികളും പച്ചിലകളും തലയിൽ ചാർത്തി
നൃത്തം ചെയ്യേണ്ടിയിരുന്ന ബാക്കസ്സിന്റെ പൂജാരിണികൾ.

നിന്റെ കണ്ണുകളിലൊഴുകുന്ന വിപുലവിഷാദം ഞങ്ങളോടു പറയുന്നു,
നിന്റെ തകർന്ന ജീവിതത്തിലെ പരാജയങ്ങളെപ്പറ്റി,
അങ്ങകലെ മണികളുടെ കലുഷകലാപം മുഴങ്ങുമ്പോൾ
ജനാലയ്ക്കു വെളിയിൽ ആളുകൾ കടന്നുപോകുന്നതു നോക്കിയും
പഴകിയ നാട്ടുവഴികളുടെ മനക്കടുപ്പത്തിനു മേൽ മഴ പെയ്യുന്നതു കണ്ടും
നാളുകൾ തള്ളിനീക്കുന്ന നിന്റെ ഗതികെട്ട ലോകത്തിന്റെ വൈരസ്യത്തെപ്പറ്റി.

എന്നാൽ കാറ്റിനു നീ കാതുകൊടുത്തതു വെറുതേ,
മധുരിക്കുന്ന പ്രണയഗാനം നിന്റെ കാതുകളിൽ വീണതേയില്ല.
ഇപ്പോഴും നീ ജനാലയ്ക്കു പിന്നിലിരുന്നു പുറത്തേക്കു നോക്കുന്നു.
എത്രയഗാധമായിരിക്കും നിന്റെയാത്മാവിൽ നിറയുന്ന ശോകം,
പ്രണയമാദ്യം പരിചയിക്കുന്നൊരു പെൺകുട്ടിയുടെ വികാരം
നിന്റെ പാഴായ നെഞ്ചിൽ നീ കണ്ടെത്തുമ്പോൾ!

നിന്റെയുടൽ കുഴിമാടത്തിലേക്കു പോകും,
വികാരങ്ങൾക്കൊരുടവും തട്ടാതെ.
ഇരുണ്ട മണ്ണിനു മേൽ
ഒരു പ്രഭാതഗാനം പൊട്ടിവിടരും.
നിന്റെ കണ്ണുകളിൽ നിന്നു രണ്ടു ചോരച്ച കാർണേഷനുകൾ വളരും,
നിന്റെ മാറിൽ നിന്നു തൂവെള്ളയായ രണ്ടു പനിനീർപ്പൂക്കളും.
നിന്റെ വിപുലശോകമെന്നാൽ നക്ഷത്രങ്ങളിലേക്കു പറക്കും,
അവയെ മുറിപ്പെടുത്താൻ, നിഷ്‌പ്രഭമാക്കാൻ യോഗ്യമായ
മറ്റൊരു നക്ഷത്രമായി.

(1918 ഡിസംബർ, ഗ്രനാഡ)
---------------------------------------------------------------------------------------------------------------------

തിരിച്ചുകിട്ടാത്ത പ്രണയത്തെയും വിഫലമായ മാതൃത്വത്തെയും പറ്റിയുള്ള വിലാപഗാനം. ഈ പ്രമേയം അതിന്റെ പൂർണ്ണതയിൽ ‘യെർമ്മ,’ ‘അവിവാഹിതയായ ഡോണ റൊസീറ്റ’ എന്നീ നാടകങ്ങളിൽ കാണാം.

* ജടാമാഞ്ചി Spikenard- ഹിമാലയൻ സാനുക്കളിൽ കണ്ടുവരുന്ന ഒരു സുഗന്ധതൈലച്ചെടി.
*ഡയണീസസ് dionysus- വീഞ്ഞിന്റെയും ഉർവ്വരതയുടേയും നാടകത്തിന്റെയും ദേവൻ. റോമാക്കാർ ബാക്കസ് എന്നു വിളിച്ചു.
* സീരിസ് Ceres- റോമാക്കാർക്ക് കൃഷിയുടേയും മാതൃവാത്സല്യത്തിന്റെയും ദേവി.
*മനിലാസാൽവ Manila Shawl- കൊളോണിയൽ കാലത്ത് ഫിലിപ്പൈൻസിലും ലാറ്റിനമേരിക്കയിലും സ്പെയിനിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ചിത്രത്തുന്നൽ ചെയ്ത സില്ക്ക് ഷാൾ. ഫ്ലാമെങ്കോ നൃത്തത്തിൽ ആഹാര്യത്തിന്റെ ഭാഗമാണ്‌.
*മാലഗാവീഞ്ഞ് Malaga Wine- സ്പെയിനിലെ മാലഗ നഗരത്തിൽ ഉല്പാദിപ്പിക്കുന്ന മധുരമുള്ള വീഞ്ഞ്.
*ആഗ്നസ് St. Agnes- പതിമൂന്നാം വയസ്സിൽ രക്തസാക്ഷിയായ റോമൻ വിശുദ്ധ.
*ക്ലാര St. Clare- ഫ്രാൻസിസ് അസീസ്സിയുടെ ശിഷ്യ
*സെസീലിയ Cecilia- സംഗീതജ്ഞർക്കു പ്രിയപ്പെട്ട വിശുദ്ധ.

2020, ജൂലൈ 16, വ്യാഴാഴ്‌ച

ബോദ്‌ലേർ - അവനവന്റെ കൈമീറ



നരച്ചുപരന്ന ഒരാകാശത്തിനു ചുവട്ടിൽ, ഒരു വഴിത്താര പോലുമില്ലാത്ത, ഒരു കള്ളിമുള്ളോ ഒരു മുൾച്ചെടിയോ ഒരു പുൽക്കൊടി പോലുമോ കണ്ടെടുക്കാനില്ലാത്ത, വിശാലവും പൊടി പാറുന്നതുമായ ഒരു സമതലപ്രദേശത്തുവച്ച് അധോമുഖരായി നടന്നുപോകുന്ന കുറേ മനുഷ്യരെ ഞാൻ കാണാനിടയായി.

ഓരോ ആളും മുതുകത്ത് ഒരു കൂറ്റൻ കൈമീറയെ ചുമക്കുന്നുണ്ട്, ഗോതമ്പുചാക്കോ കരിച്ചാക്കോ, അല്ലെങ്കിൽ റോമൻ കാലാളുകൾ മുതുകത്തു കൊണ്ടുനടക്കുന്ന പടക്കോപ്പോ പോലെ കനത്തത്.

എന്നാൽ ആ ഭീകരസത്വം വെറുമൊരു ജഡഭാരവുമല്ല; മറിച്ച്, വഴക്കമുള്ളതും കരുത്തുറ്റതുമായ പേശികൾ കൊണ്ട് തന്നെ ചുമക്കുന്ന മനുഷ്യനെ ചുറ്റിപ്പിടിച്ചിരിക്കുകയാണത്; അതിന്റെ ബലിഷ്ഠമായ രണ്ടു വളർനഖങ്ങൾ അയാളുടെ നെഞ്ചത്താഴ്ന്നിറങ്ങിയിരിക്കുന്നു; കഥകളിൽ പറയുന്നതരത്തിലുള്ള അതിന്റെ തല മനുഷ്യന്റെ തലയ്ക്കു മേൽ ഉയർന്നുനില്ക്കുന്നു, ശത്രുക്കളിൽ ഭീതി വളർത്താനായി പണ്ടത്തെ പടയാളികൾ തലയിലണിഞ്ഞിരുന്ന ശിരോകവചങ്ങൾ പോലെ.

ഈ മട്ടിൽ അവർ എങ്ങോട്ടുപോവുകയാണെന്ന് ഞാൻ അതിൽ ഒരാളോടന്വേഷിച്ചു. തനിക്കു യാതൊന്നും അറിയില്ലെന്നായിരുന്നു അയാളുടെ മറുപടി; തനിക്കെന്നല്ല, കൂടെയുള്ളവർക്കും ഒന്നുമറിയില്ല; എന്നാൽ തങ്ങൾ എങ്ങോട്ടോ പോവുകയാണെന്നുമാത്രം അവർക്കറിയാം, നടക്കാനുള്ള അദമ്യമായ ഒരു പ്രേരണ അങ്ങോട്ടവരെ തള്ളിവിടുകയാണ്‌.

വിചിത്രമെന്നു പറയട്ടെ, തന്റെ കഴുത്തിനു ചുറ്റിപ്പിടിച്ച്, മുതുകത്തള്ളിപ്പിടിച്ചു കിടക്കുന്ന ആ വിലക്ഷണജന്തു ഒരാളെപ്പോലും മാനസികമായി ശല്യപ്പെടുത്തുന്നതായി കണ്ടില്ല; തങ്ങളുടെ ഒരു ഭാഗമായിത്തന്നെയാണ്‌ അവർ അതിനെ കാണുന്നതെന്നു തോന്നി. ആ തളർന്ന, ഗൗരവം മുറ്റിയ മുഖങ്ങളിൽ നൈരാശ്യത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല; ആകാശത്തിന്റെ നിരുന്മേഷമായ കമാനത്തിനു ചുവട്ടിൽ, അതേ ആകാശം പോലെതന്നെ പരിത്യക്തമായ ഒരു ഭൂമിയിലെ പൊടിമണ്ണിൽ കാലു വലിച്ചിഴച്ച്, ഒരുനാളും ആശ കൈവിടാതിരിക്കാൻ വിധിക്കപ്പെട്ടവരുടെ കീഴടങ്ങിയ മുഖത്തോടെ അവർ മുന്നോട്ടു നീങ്ങി.

അങ്ങനെ ആ പരിവാരമൊന്നാകെ എന്നെക്കടന്നു പോയി; വൈകാതെ, ഭൂമിയുടെ വർത്തുളോപരിതലം ജിജ്ഞാസുവായ മനുഷ്യദൃഷ്ടിയിൽ നിന്നു വഴുതിമാറുന്ന ആ ബിന്ദുവിൽ വച്ച് ചക്രവാളത്തിന്റെ ധൂസരതയിൽ അവർ അലിഞ്ഞുപോവുകയും ചെയ്തു.

ആ നിഗൂഢതയുടെ പൊരുളഴിക്കാൻ കുറച്ചു നിമിഷത്തേക്ക് ഞാൻ മനഃപൂർവ്വമായിത്തന്നെ ശ്രമിച്ചുനോക്കി; എന്നാൽ തടുക്കരുതാത്ത ഒരുദാസീനത എന്റെ മേൽ വന്നുവീണു; അതിന്റെ ഭാരം അവരെ ഞെരിച്ചമർത്തുന്ന ആ കൈമീറകളുടേതിനെക്കാൾ കനത്തതുമായിരുന്നു.

2020, ജൂലൈ 14, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ബറാബാസ്സിനെ സംബന്ധിച്ച വിചാരങ്ങൾ



ബറാബാസ്സിന്റെ കാര്യം പിന്നെയെന്തായി?
ഞാൻ ചോദിച്ചിട്ടും ആർക്കും ഒന്നുമറിയില്ല
തുടലൂരി വിട്ടയുടനേ പ്രകാശമാനമായ തെരുവിലേക്കയാൾ പോയി
അയാൾക്കു വലത്തേക്കു തിരിയാമായിരുന്നു
നേരേ പോകാമായിരുന്നു
ഇടത്തേക്കു തിരിയാമായിരുന്നു
നിന്ന നില്പിൽ പെരുവിരലൂന്നി ഒന്നു തിരിയാമായിരുന്നു
ഒരു പൂവൻകോഴിയെപ്പോലെ തൊണ്ട തെളിഞ്ഞൊന്നു കൂവാമായിരുന്നു
സ്വന്തം തലയ്ക്കും കൈകൾക്കും ചക്രവർത്തിയാണയാൾ
സ്വന്തം ശ്വാസത്തിനധികാരിയാണയാൾ

ഞാനിതു ചോദിക്കുന്നത് അന്നു നടന്നതിലൊക്കെ ഒരർത്ഥത്തിൽ ഞാൻ പങ്കാളിയായിരുന്നു എന്നതുകൊണ്ടാണ്‌
പീലാത്തോസ്സിന്റെ കൊട്ടാരത്തിനു മുന്നിൽ ആൾക്കൂട്ടത്തിന്റെ ആവേശം ബാധിച്ച് മറ്റുള്ളവരോടൊപ്പം ഞാനും ആർത്തുവിളിച്ചു
ബറാബാസ്സിനെ മോചിപ്പിക്കുക ബറാബാസ്സിനെ മോചിപ്പിക്കുക
എല്ലാവരും ഒച്ചയെടുക്കുകയായിരുന്നു
ഞാനൊരാൾ മാത്രം നിശ്ശബ്ദനായി നിന്നാലും നടക്കേണ്ടതൊക്കെ നടക്കുമായിരുന്നു

അങ്ങനെ ബറാബാസ് ഒരുവേള മലകളിലെ തന്റെ തസ്കരസംഘത്തിലേക്കു മടങ്ങിയിട്ടുണ്ടാവാം
അറപ്പില്ലാതെ കൊല്ലുകയും വിദഗ്ധമായി കൊള്ളയടിക്കുകയും ചെയ്യുന്നുണ്ടാവാം
ഇനിയല്ലെങ്കിൽ അയാളൊരു കുംഭാരനായിട്ടുണ്ടാവാം
അയാളിപ്പോൾ പാപക്കറ പറ്റിയ തന്റെ കൈകൾ സൃഷ്ടിയുടെ കളിമണ്ണിൽ കഴുകിയെടുക്കുകയുമാവാം
അയാളൊരു വെള്ളക്കച്ചവടക്കാരനാണ്‌ കാലിതെളിപ്പുകാരനാണ്‌ കൊള്ളപ്പലിശക്കാരനാണ്‌
കപ്പലുടമയാണ്‌- അയാളുടെ ഒരു കപ്പലിലാണ്‌ പൗലോസ് കോരിന്തിലേക്കു പോയത്-
അല്ലെങ്കിൽ- എന്തിനാ സാദ്ധ്യത തള്ളിക്കളയണം-
റോമാക്കാരുടെ ശമ്പളപ്പട്ടികയിലുള്ള വിലപിടിച്ച ചാരനുമാവാം

സാദ്ധ്യതകളും അധികാരവും ഭാഗ്യദേവതയുടെ കടാക്ഷങ്ങളും വച്ച് വിധി കളിക്കുന്ന കളികൾ കണ്ടതിശയിക്കൂ

എന്നാൽ നസ്രായേനു മാത്രം
മറ്റൊരു വഴിയില്ലായിരുന്നു
ചോരയുടെ
ചെങ്കുത്തായ
ഊടുവഴിയല്ലാതെ
(1990)


2020, ജൂലൈ 12, ഞായറാഴ്‌ച

നെരൂദ - കറുത്ത പെൺപുലിക്കൊരു വാഴ്ത്ത്



മുപ്പത്തൊന്നുകൊല്ലം മുമ്പ്,
സിംഗപ്പൂരിൽ
- ഞാൻ ഇപ്പോഴും ഓർക്കുന്നു-
ഈർപ്പത്തിന്റെ ചുംബനങ്ങൾ
പുണ്ണുകൾ വീഴ്ത്തിയ
നനഞ്ഞ വെൺചുമരുകളിൽ
ചോര പോലെ ചുടുന്ന
മഴ വീഴുകയായിരുന്നു.
തലയ്ക്കു മേൽ കല്ലിച്ച സൂര്യൻ
കൊടുംപകയോടെ
കുന്തങ്ങളെറിയുമ്പോൾ,
പല്ലുകളുടെയോ കണ്ണുകളുടെയോ
ഒരു മിന്നായം
ഇരുണ്ട ജനക്കൂട്ടത്തെ
വെളിച്ചപ്പെടുത്തുന്നു.

നുരയുന്ന ഇടത്തെരുവുകളിലൂടെ
ഞാനലഞ്ഞു:
വെറ്റിലക്കെട്ടുകൾ,
വാസനിക്കുന്ന ഇലക്കിടക്കകൾക്കു മേൽ
ശയിക്കുന്ന അടയ്ക്കകൾ,
വിയർത്തൊഴുകുന്ന ഉച്ചമയക്കത്തിൽ
അഴുകുന്ന ദൂരിയാൻ പഴങ്ങൾ.


പൊടുന്നനേയതാ,
രണ്ടു കണ്ണുകൾ
എന്നെ പിടിച്ചുനിർത്തുന്നു,
ഒരുറ്റുനോട്ടം,
തെരുവിനു നടുവിൽ ഒരു കൂട്ടിൽ;
മഞ്ഞുപോലെ തണുത്ത
രണ്ടു വൃത്തങ്ങൾ,
രണ്ടു കാന്തങ്ങൾ,
ഒന്നിനൊന്നിടയുന്ന
രണ്ടാലക്തികമുനകൾ,
തറച്ചുകേറുന്ന രണ്ടു കൃഷ്ണമണികൾ
ആ പുണ്ണു പിടിച്ച ചുമരിനു മുന്നിൽ
തറയിലെന്നെ കുത്തിക്കോർക്കുന്നു.
പിന്നെ ഞാൻ കണ്ടു,
ഓളം വെട്ടുന്ന പേശികൾ,
വെൽവെറ്റ് ചർമ്മം,
പൂർണ്ണതയുടെ വലിവും മുറുക്കവും-
അന്ധകാരത്തിന്റെ അവതാരം.
പിന്നെ, ആ ചടുലസാന്നിദ്ധ്യം
ഒന്നനങ്ങുമ്പോൾ
ആ ചർമ്മത്തിന്റെ രാത്രിയിൽ
പരാഗരേണുക്കൾ പോലെ
മിനുങ്ങിയിരുന്നു,
ഒന്നുകിൽ - എനിക്കു കൃത്യമറിയില്ല-
രണ്ടു പുഷ്യരാഗചതുരങ്ങൾ,
അല്ലെങ്കിൽ സുവർണ്ണഷഡ്ഭുജങ്ങൾ.
ചിന്താധീനയായ,
സ്പന്ദിക്കുന്ന
ഒരു പെൺപുലി;
ആ വൃത്തികെട്ട
തെരുവിനു നടുവിൽ
കൂട്ടിലടച്ച
ഒരു വനറാണി.
ചതിയിലൂടെ തനിക്കു നഷ്ടപ്പെട്ട
കാടിന്റെ പേരിൽ,
തനിക്കെന്നെന്നേക്കുമായി നഷ്ടപ്പെട്ട
സ്വാതന്ത്ര്യത്തിന്റെ പേരിൽ,
മനുഷ്യരുടേയും
അവരുടെ പൊടി പിടിച്ച
പാർപ്പിടങ്ങളുടേയും പേരിൽ
അവളുടെ അവജ്ഞ,
അവളുടെ രോഷത്തിന്റെ ഉഷ്ണം
വെളിപ്പെട്ടത്
അവളുടെ കണ്ണുകളിലൂടെ മാത്രം.
എന്നെന്നേക്കുമായി കൊട്ടിയടച്ച
വന്യതയുടെ വാതിലിൽ
മുദ്ര വച്ചവയായിരുന്നു
ആ കണ്ണുകൾ.

തീ പോലെ, പുക പോലെ
അവൾ നടന്നു,
അവൾ കണ്ണടച്ചപ്പോൾ
പുക പോലവൾ മറയുകയും ചെയ്തു,
പിടി തരാത്ത, അദൃശ്യരാത്രി പോലെ.

2020, ജൂലൈ 9, വ്യാഴാഴ്‌ച

യഹൂദ അമിഹായി- എല്ലാം തികഞ്ഞ സ്ത്രീ






തന്റെ അഭിലാഷങ്ങളെല്ലാറ്റിലും നിന്ന്
ഒരാദർശസ്ത്രീയെ മെനഞ്ഞെടുത്ത ഒരാളെ എനിക്കറിയാം:
മുടിയെടുത്തത് കടന്നുപോയ ഒരു ബസ്സിന്റെ ജനാലയ്ക്കൽ കണ്ട
ഒരു സ്ത്രീയിൽ നിന്ന്,
നെറ്റിത്തടം ചെറുപ്പത്തിലേ മരിച്ച ഒരു കസിന്റേത്,
കുട്ടിക്കാലത്തു തന്നെ പഠിപ്പിച്ച ഒരു ടീച്ചറുടെ കൈകൾ,
തന്റെ ബാല്യകാലകാമുകിയുടെ കവിളുകൾ,
ടെലിഫോൺ ബൂത്തിൽ വച്ചു കണാനിടയായ ഒരു സ്ത്രീയുടെ ചുണ്ടുകൾ,
ബീച്ചിൽ മലർന്നുകിടക്കുന്ന ഒരു ചെറുപ്പക്കാരിയുടെ തുടകൾ,
ഇവളുടെ വശ്യമായ നോട്ടം, അവളുടെ കണ്ണുകൾ,
ഒരു പത്രപ്പരസ്യത്തിൽ നിന്ന് അരക്കെട്ടും.
താൻ ശരിക്കും പ്രേമിക്കുന്നൊരു സ്ത്രീയെ
ഇതെല്ലാറ്റിൽ നിന്നും അയാൾ ഇണക്കിയെടുത്തു.
അയാൾ മരിച്ചപ്പോൾ, അവർ, ആ സ്ത്രീകളെല്ലാം വന്നു-
അറുത്തുമാറ്റിയ കാലുകളുമായി, തുരന്നെടുത്ത കണ്ണുകളുമായി,
പിഴുതെടുത്ത മുടിനാരുകളുമായി,
പാതി കീറിയ മുഖങ്ങളുമായി, അരിഞ്ഞെടുത്ത കൈകളുമായി,
ചുണ്ടുകളുണ്ടായിരുന്നിടത്ത് ആഴത്തിലൊരു കീറലുമായി;
തൻ്റേത്, തൻ്റേത്, തൻ്റേതാവശ്യപ്പെട്ട് അവർ വന്നു,
അവർ അയാളുടെ ശരീരം തുണ്ടുതുണ്ടാക്കി,
മാംസം ചീന്തിയെടുത്തു,
പണ്ടേ തുലഞ്ഞുപോയ ഒരാത്മാവു മാത്രം അയാൾക്കു ബാക്കിവച്ചു.
(1999)


2020, ജൂലൈ 8, ബുധനാഴ്‌ച

നെരൂദ - പ്രായത്തിനൊരു വാഴ്ത്ത് -

എനിക്കു പ്രായത്തിൽ വിശ്വാസമില്ല.
എല്ലാ വൃദ്ധരും
കണ്ണുകളിൽ
ഒരു കുട്ടിയെ
കൊണ്ടുനടക്കുന്നുണ്ട്.
കുട്ടികൾ
ചിലനേരം
നമ്മെ നിരീക്ഷിക്കുന്നതോ,
ജ്ഞാനവൃദ്ധന്മാരുടെ കണ്ണുകളോടെ.
ജീവിതത്തെ
നാമളക്കേണ്ടത്
മീറ്ററിലോ കിലോമീറ്ററിലോ
മാസങ്ങളിലോ ആണോ?
പിറവിയിൽ നിന്നുള്ള അകലം വച്ചാണോ?
ഇനിയുമെത്രകാലം
നിങ്ങളലയണം,
മറ്റെല്ലാവരെയും പോലെ,
ഭൂമിക്കു മുകളിലെ നടപ്പു നിർത്തി
അതിനടിയിൽ
ചെന്നുകിടന്നൊന്നു
വിശ്രമിക്കാൻ?
ഊർജ്ജം, നന്മ, ബലം,
രോഷം, പ്രണയം, ആർദ്രത
ഇതൊക്കെയെടുത്തു പെരുമാറിയ
സ്ത്രീകൾ, പുരുഷന്മാർ,
അസ്സലായി ജീവിച്ചുവായ്ച്ചവർ,
ഇന്ദ്രിയസുഖങ്ങളിൽ കായ്ച്ചവർ,
അവരെ നാം
കാലം കൊണ്ടളക്കാതിരിക്കുക,
കാലം മറ്റൊന്നുമാകാം,
ഒരു പുഷ്പം, ഒരു സൗരപ്പക്ഷി,
ഒരു ലോഹച്ചിറക്,
അതല്ലെങ്കിൽ മറ്റു ചിലത്,
എന്നാലും അതൊരളവല്ല.
കാലമേ,
ലോഹമോ
പക്ഷിയോ ആയതേ,
തണ്ടു നീണ്ട പൂവേ,
മനുഷ്യരുടെ ജീവിതങ്ങളിൽ
നീണ്ടുപടരുക,
തെളിനീരോ
പതിഞ്ഞ വെയിലോ
കൊണ്ടവരെ
കുളിപ്പിക്കുക.
ഞാൻ പ്രഖ്യാപിക്കുന്നു,
നീ ശവക്കോടിയല്ല,
പാതയത്രേ,
വായു കൊണ്ടു
പടവുകൾ വച്ച
നിർമ്മലമായ
കോണിപ്പടി,
ഓരോ വസന്തവും
നെയ്തെടുക്കുന്ന
കോടിപ്പുടവ.
ഇനി,
കാലമേ,
ഞാൻ നിന്നെ ചുരുട്ടിയെടുക്കുന്നു,
എന്റെ ചൂണ്ടപ്പെട്ടിയിൽ
നിന്നെ നിക്ഷേപിക്കുന്നു,
എന്നിട്ടു ഞാനിറങ്ങിപ്പോകുന്നു,
നിന്നെ ചൂണ്ടച്ചരടാക്കി
പുലരിയെന്ന മീനിനെ പിടിക്കാൻ!

നെരൂദയും വയഹോയും


ലാറ്റിനമേരിക്കൻ കവികളിൽ വച്ച് ഏറ്റവുമധികം രാഷ്ട്രാന്തരപ്രശസ്തി കിട്ടിയത് നെരൂദയ്ക്കാണ്‌; ലെനിൻ സമ്മാനത്തിനും നൊബേൽ പുരസ്കാരത്തിനും അർഹനായ നെരൂദ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയഭാഗധേയത്തിലും പങ്കാളിയായിരുന്നു.വൈകാരികതയുടെ നൈസർഗ്ഗികമായ ഒരു സംഗീതത്തോടെ, ഒഴുകുന്ന ഒരു ഭാഷയിൽ കവിതയെഴുതാനുള്ള കഴിവാണ്‌ നെരൂദയെ ശ്രദ്ധേയനാക്കിയത്; നിത്യജീവിതത്തിലെ ഏറ്റവും സാധാരണമായ ഒരു കാര്യത്തെക്കുറിച്ചുപോലും ഒരു കവിതയെഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നെരൂദയുടെ “ഇരുപതു പ്രണയകവിതകളും ഒരു നൈരാശ്യഗീതവും” സ്പാനിഷ് അമേരിക്കയുടെ പ്രണയഭാഷ മാറ്റിയെഴുതിയ പുസ്തകമാണ്‌; മുൻകാലകവികൾക്കില്ലാത്ത ഒരാർജ്ജവത്തോടെ ഇന്ദ്രിയതൃഷ്ണയെ, അതിന്റെ സാഫല്യത്തെ ആവിഷ്കരിക്കുകയാണ്‌ ആ കവിതകൾ ചെയ്തത്. പിന്നീടുവന്ന Residencia en la Tierra (ഭൂമിയിൽ വാസം) യുടെ രണ്ടു ഭാഗങ്ങൾ മനുഷ്യന്റെ വിധിയ്ക്കു മേൽ ഉദാസീനയായ പ്രകൃതിയുടെ അനിവാര്യമായ വിജയത്തെ വിഷാദത്തോടെ നോക്കിക്കാണുന്നു. എന്നാൽ പിന്നീട് സോഷ്യലിസ്റ്റായ നെരൂദ കാവ്യശൈലിയിൽ വിറ്റ്മാന്റെ അനുയായി ആയി; ഒരു രാഷ്ട്രീയദർശനം നല്കുന്ന ആത്മവിശ്വാസത്തിന്റെ ഊർജ്ജ്വസ്വലമായ സ്വരമായിരുന്നു പിന്നീടുള്ള കവിതകൾക്ക്.  അവസാനകാലത്തെ കവിതകളിൽ വസ്തുക്കളുടെ നിർജ്ജീവാവസ്ഥയിലേക്കു മടങ്ങിപ്പോകുന്ന സചേതനജീവികളെ തിരയടങ്ങിയ മനസ്സോടെ കണ്ടുനില്ക്കുകയാണ്‌ നെരൂദ. അദ്ദേഹത്തിന്റെ വിപുലമായ കാവ്യപ്രപഞ്ചം എപ്പോഴും ഭൗതികലോകത്തിൽ വേരിറക്കിയതായിരുന്നു. അമൂർത്തവല്ക്കരണങ്ങളും അതിഭൗതികചിന്തകളും ആ കവിതകളിൽ കാണില്ല; തന്റെ അഞ്ചിന്ദ്രിയങ്ങൾ കണ്ടുമുട്ടുന്ന എന്തിനെക്കുറിച്ചും ഒരു കവിതയെഴുതാൻ നെരൂദയ്ക്കു കഴിഞ്ഞിരുന്നു. യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ ഭാഷ സമർത്ഥമാണോയെന്ന സംശയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. 
വയഹോയുടെ കാര്യം നേരേ മറിച്ചായിരുന്നു: തന്റെ വൈകാരികാനുഭൂതികളുടെ ആവിഷ്കാരം ഭാഷയുമായുള്ള മല്പിടുത്തമായിരുന്നു അദ്ദേഹത്തിന്‌.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഇരുവരും എഴുതിയ കവിതകൾ വായിച്ചാൽ ഈ വ്യത്യാസം മനസ്സിലാക്കാം. തന്റെ രോഷവും വേദനയും പ്രകടിപ്പിക്കുമ്പോൾത്തന്നെ അന്തിമഫലം എന്തായിരിക്കുമെന്ന് നെരൂദയ്ക്കു സംശയമില്ല. ഫാസിസ്റ്റ് ബോംബിങ്ങിനെക്കുറിച്ചും സ്നേഹിതനായ ലോർക്കയുടെ മരണത്തെക്കുറിച്ചും മാഡ്രിഡിന്റെ തെരുവുകളിലൂടൊഴുകുന്ന സ്പെയിനിന്റെ ചോരയെക്കുറിച്ചും വിവരിച്ച ശേഷം കവിത ധിക്കാരത്തോടെ വെല്ലുവിളിയ്ക്കുന്നു:
സ്പെയിനിലെ ഓരോ കുഴിയിൽ നിന്നുംഒരു സ്പെയിൻ പുറത്തുവരുന്നു,മരിച്ച ഓരോ കുഞ്ഞിൽ നിന്നുംകണ്ണുകളുള്ളൊരു റൈഫിൾ പുറത്തുവരുന്നു,ഓരോ കൊടുംപാതകത്തിൽ നിന്നുംവെടിയുണ്ടകൾ പിറവിയെടുക്കുന്നു,ഒരുനാളവ നിങ്ങളുടെ ഹൃദയത്തിൽഉന്നം കാണും...(ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു)

സ്പാനിഷ് റിപ്പബ്ലിക്കിനു വേണ്ടി സായുധപ്രതിരോധം തീർക്കുന്നതിൽ നെരൂദയെപ്പോലെതന്നെ പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു, വയെഹോയ്ക്കെങ്കിലും കവിതയിൽ അതിന്റെ പ്രതികരണം സന്ദേഹങ്ങൾ നിറഞ്ഞതായിരുന്നു. സ്പാനിഷ് സന്നദ്ധസൈനികരെ വാഴ്ത്തുന്ന ഒരു കവിതയിൽ വയഹോ എഴുതുന്നു:
മരിക്കാനായി നിന്റെ ഹൃദയം മാർച്ചുചെയ്തു പോകുമ്പോൾ,
ലോകവിപുലമായ വേദനയോടെ
നിന്റെ ഹൃദയം കൊല്ലാനായി മാർച്ചുചെയ്തു പോകുമ്പോൾ,
സത്യമായുമെനിക്കറിയില്ല,
എന്തു ചെയ്യണമെന്ന്,
എവിടെയാണു ഞാൻ നില്ക്കേണ്ടതെന്ന്;
ഞാൻ ഓടുന്നു, എഴുതുന്നു, കൈയ്യടിക്കുന്നു,
കരയുന്നു, നോക്കുന്നു, നശിപ്പിക്കുന്നു...

പല അടരുകളുള്ള വയഹോയുടെ ബിംബലോകം നെരൂദയുടത്ര വിശാലമല്ല; എന്നാൽ അതിനെക്കാൾ നൂതനവും അപ്രവചനീയവും സാന്ദ്രവും വികാരതീക്ഷ്ണവുമാണത്. രാഷ്ട്രീയപ്രതികരണങ്ങൾക്കു മനുഷ്യരെ സജ്ജരാക്കുന്ന രൂപകങ്ങൾ നെരൂദ ഭൗതികലോകത്തു നിന്നു കണ്ടെടുക്കുമ്പോൾ വയഹോയുടെ രൂപകങ്ങൾ ഭൗതികവും രാഷ്ട്രീയവും ഭാഷാപരവും ആത്മീയവുമായ മണ്ഡലങ്ങളുടെ സംഘർഷത്തിൽ നിന്നാണ്‌ ജന്മമെടുക്കുന്നത്. തന്നെയുമല്ല, മനുഷ്യശോകത്തിന്റെ ആവിഷ്കാരത്തിന്‌ ഭാഷ സമർത്ഥമാണോയെന്ന സംശയവും അദ്ദേഹത്തെ അലട്ടുന്നുണ്ട്:
ഇത്രയധികം വാക്കുകൾക്കു ശേഷവും
വാക്കു തന്നെയും ശേഷിക്കുന്നില്ലെങ്കിൽ!

(By Efrain Kristal; from the introduction to The Complete Poetry of Cesar Vallejo)

2020, ജൂലൈ 7, ചൊവ്വാഴ്ച

വീസ്വാവ ഷിംബോർസ്ക - ഒരു സംഭവം


ആകാശം, ഭൂമി, പ്രഭാതം,
സമയം എട്ട് പതിനഞ്ച്.
സവാന്നയിലെ മഞ്ഞിച്ച പുല്ലുകളിൽ
ശാന്തതയും നിശ്ശബ്ദതയും.
അങ്ങകലെ ഒരു കരിവീട്ടിമരം,
നിത്യപ്പച്ചയായ ഇലകളും
പടരുന്ന വേരുകളുമായി.
ആ ധന്യമായ നിശ്ചേഷ്ടതയിൽ
പൊടുന്നനേയൊരു സംക്ഷോഭം.
ജീവനിൽ കൊതിയുള്ള രണ്ടു ജന്തുക്കൾ
പിടഞ്ഞുപിടിച്ചോടുകയാണ്‌.
ഒരു കറുത്ത മാൻ വെപ്രാളപ്പെട്ടു പായുന്നു,
അവൾക്കു പിന്നാലെ കിതച്ചുകൊണ്ടു കുതിക്കുന്നു,
വിശന്നുവെറിപിടിച്ച ഒരു പെൺസിംഹം.
ഈ നിമിഷം ഇരുവരുടെയും സാദ്ധ്യതകൾ
ഒപ്പത്തിനൊപ്പമാണ്‌.
മുൻതൂക്കം മാനിനാണെന്നു വേണമെങ്കിലും പറയാം.
നിലത്തുനിന്നു തെറിച്ചുനിന്ന
ആ വേരില്ലായിരുന്നെങ്കിൽ,
നാലു കുളമ്പുകളിലൊന്നതിൽ
തട്ടിത്തടഞ്ഞില്ലായിരുന്നെങ്കിൽ,
ഒറ്റക്കുതിപ്പിനു കടന്നുപിടിക്കാൻ
സിംഹത്തിനിടനല്കിയ
നിമിഷാർദ്ധനേരത്തെ
താളഭംഗമില്ലായിരുന്നെങ്കിൽ-
ആരെയാണ്‌ പഴിക്കേണ്ടതെന്ന ചോദ്യത്തിന്‌
ഉത്തരം മൗനം മാത്രം.
ആകാശം, സർക്കുലസ് കോയെലെസ്റ്റിസ്, നിരപരാധിയാണ്‌.
ടെറാ ന്യൂട്രിക്സ്, ആതിഥേയയായ ഭൂമി, നിരപരാധിയാണ്‌.
ടെമ്പസ് ഫ്യൂജിറ്റീവം, കാലം, നിരപരാധിയാണ്‌.
ആ കറുത്ത മാൻ, ഗസെല ഡോർക്കാസ്, നിരപരാധിയാണ്‌.
പെൺസിംഹം, ലിയോ മസെയ്ക്കസ്, നിരപരാധിയാണ്‌.
കരിവീട്ടിമരം, ഡിയോസ്പൈറോസ് മെസ്പിലിഫോർമിസ്, നിരപരാധിയാണ്‌.
ബൈനോക്കുലറിലൂടെ ഇതെല്ലാം കണ്ടുനിന്ന നിരീക്ഷകനാവട്ടെ,
ഇത്തരം സന്ദർഭങ്ങളിൽ
ഹോമോ സാപ്പിയെൻസ് ഇന്നസെൻസുമാണ്‌.

വീസ്വാവ ഷിംബോർസ്ക - തുടൽ

ചുട്ടുപൊള്ളുന്ന പകൽ, ഒരു നായ്ക്കൂട്, തുടലിട്ട ഒരു നായയും.
ചില ചുവടുകൾക്കപ്പുറത്തായി ഒരു കിണ്ണം നിറയെ വെള്ളം.
എന്നാൽ തുടലിനു നീളം കുറവാണ്‌, നായക്ക് കിണ്ണം അകലെയാണ്‌.
ഈ ചിത്രത്തിൽ ഒരു വിശദാംശം കൂടി നമുക്കു കൂട്ടിച്ചേർക്കാം:
നമ്മെ നിർബ്ബാധം കടന്നുപോവാനനുവദിക്കുന്ന,
നീളക്കൂടുതലുള്ള,
എന്നാൽ കാണാൻ പറ്റാത്ത തുടലുകൾ.

2020, ജൂലൈ 6, തിങ്കളാഴ്‌ച

വീസ്വാവ ഷിംബോർസ്ക - ഡൈനോസറിന്റെ അസ്ഥികൂടം


പ്രിയസഹോദരങ്ങളേ,
ശരിയല്ലാത്ത അനുപാതങ്ങളുടെ ഒന്നാന്തരം ഒരുദാഹരണമാണ്‌ നമുക്കു മുന്നിലുള്ളത്.
നോക്കൂ!
ഡൈനോസറിന്റെ അസ്ഥികൂടമാണ്‌ നമുക്കു മുന്നിൽ ഉയർന്നുനില്ക്കുന്നത്-

പ്രിയസുഹൃത്തുക്കളേ,
ഇടതുഭാഗത്തായി അനന്തതയിലേക്കു നീളുന്ന വാൽ നാം കാണുന്നു,
വലതുഭാഗത്താകട്ടെ, മറ്റൊരനന്തതയിലേക്കു തള്ളിനില്ക്കുന്ന കഴുത്തും-

ബഹുമാന്യരായ സഖാക്കളേ,
രണ്ടിനുമിടയിലായി നാലു കാലുകൾ,
കുന്നുപോലത്തെ ഉടലിനടിയിലെ ചെളിയിൽ അവ പൂന്തിയിറങ്ങിയിരുന്നു-

മഹാനുഭാവരായ പൗരന്മാരേ,
പ്രകൃതിക്കൊരിക്കലും പിഴയ്ക്കാറില്ല, എന്നാൽ ഫലിതബോധത്തിനു കുറവുമില്ല:
കണ്ടാൽ ചിരി വരുന്ന ആ കുഞ്ഞൻതലയൊന്നു നോക്കൂ-

മാന്യമഹാജനങ്ങളേ,
ഈ വലിപ്പത്തിലുള്ള ഒരു തലയ്ക്കുള്ളിൽ ദൂരക്കാഴ്ചക്കുള്ള ഇടമില്ല,
അതുകൊണ്ടല്ലേ, അതിന്റെ ഉടമ അന്യം നിന്നുപോയതും-

ആദരണീയരായ മഹദ്‌വ്യക്തികളേ,
എത്രയും ചെറിയ ഒരു മനസ്സ്, അത്രയും വലിയ ഒരു വിശപ്പ്,
വിവേകപൂർണ്ണമായ ജാഗ്രതയേക്കാൾ കൂടുതൽ മൂഢമായ ഉറക്കം-

വിശിഷ്ടാതിഥികളേ,
ഇക്കാര്യത്തിൽ കുറച്ചുകൂടി ഭേദമാണ്‌ നമ്മൾ,
ജീവിതം സുന്ദരമാണ്‌, ലോകം നമ്മുടേതുമാണ്‌-

ആരാധ്യരായ പ്രതിനിധികളേ,
ചിന്തിക്കുന്ന ഈറത്തണ്ടിനു* മേൽ നക്ഷത്രാവൃതമായ ആകാശം,
അതിനുള്ളിൽ ധാർമ്മികനിയമവും-

അത്യാദരണീയരായ സംഘാംഗങ്ങളേ,
ഇത്രയും വിജയം ഇനി രണ്ടാമതുണ്ടാവില്ല,
ഈയൊരു സൂര്യനു ചുവട്ടിലേ ഇങ്ങനെയുണ്ടാവൂ എന്നും വരാം-

ശ്രേഷ്ടരായ സാമാജികരേ,
കൈകളെത്ര നിപുണം,
ചുണ്ടുകളെത്ര വാചാലം,
ഈ ചുമലുകൾക്കു മേൽ എങ്ങനെയുള്ളൊരു ശിരസ്സ്-

കോടതികളിൽ അത്യുന്നതമേ,
ഇല്ലാതായൊരു വാലിനു പകരം എന്തുമാത്രം ഉത്തരവാദിത്വം-
-----------------------------------------------------------------------------

*മനുഷ്യന്‌ പാസ്ക്കലിന്റെ നിർവ്വചനം



2020, ജൂലൈ 5, ഞായറാഴ്‌ച

വീസ്വാവ ഷിംബോർസ്ക - മുന്നറിയിപ്പ്

ബഹിരാകാശത്തേക്കു പോകുമ്പോൾ വിദൂഷകന്മാരെ കൂടെക്കൂട്ടരുത്.
അതാണെന്റെ ഉപദേശം.

ജീവനില്ലാത്ത പതിനാലു ഗ്രഹങ്ങൾ,
ചില ധൂമകേതുക്കൾ, രണ്ടു നക്ഷത്രങ്ങൾ.
മൂന്നാമത്തെ നക്ഷത്രത്തിലേക്കു യാത്രയാവുമ്പോഴേക്കും
നിങ്ങളുടെ വിദൂഷകന്മാർക്കു വെറി പിടിച്ചിട്ടുണ്ടാവും.

പ്രപഞ്ചമെന്നാൽ അതു തന്നെ-
എന്നു പറഞ്ഞാൽ, പരിപൂർണ്ണം.
നിങ്ങളുടെ വിദൂഷകന്മാർ അതു മാപ്പാക്കില്ല.

യാതൊന്നും അവർക്കു സന്തോഷം നല്കില്ല:
കാലമോ (എത്രയോ പ്രാക്തനമാണത്),
സൌന്ദര്യമോ (പിഴവില്ലാത്തതാണത്),
ഗുരുത്വാകർഷണമോ (ഹാസ്യത്തിന്റെ ലാഘവത്തിനതു വേണ്ട).
അന്യർ അത്ഭുതപ്പെട്ടു വാ പൊളിക്കുമ്പോൾ
വിദൂഷകന്മാർ കോട്ടുവായിടുകയാവും.

നാലാമത്തെ നക്ഷത്രത്തിലേക്കുള്ള യാത്രയ്ക്കിടെ
കാര്യങ്ങൾ പിന്നെയും വഷളാവും:
ഉറഞ്ഞുകൂടിയ മന്ദഹാസങ്ങൾ,
ശിഥിലമായ ഉറക്കവും മനോനിലയും.
അലസജല്പനങ്ങൾ:
വെണ്ണക്കട്ടി കൊത്തിയെടുത്ത ആ കാക്കയെ ഓർമ്മയില്ലേ,
പൊന്നുതമ്പുരാന്റെ ചിത്രത്തിൽ ഈച്ച മുട്ടയിട്ടതും,
ചൂടുവെള്ളത്തൊട്ടിയിൽ കുരങ്ങൻ വീണതും-
അതൊക്കെയായിരുന്നു ജീവിതം.

സങ്കുചിതമനസ്കർ.
നിത്യതയെക്കാൾ അവർക്കിഷ്ടം ഒരു വ്യാഴാഴ്ച.
പ്രാകൃതർ.
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ അവർക്കു ചേരുക അപശ്രുതികൾ.
സിദ്ധാന്തത്തിനും പ്രയോഗത്തിനുമിടയിലുള്ള,
കാര്യകാരണങ്ങൾക്കിടയിലുള്ള  വിടവിൽ വീഴുമ്പോഴാണ്‌
അവർക്കേറ്റവുമധികം സന്തോഷം തോന്നുക.
ഇതു പക്ഷേ ബഹിരാകാശമാണ്‌, ഭൂമിയല്ല:
ഇവിടെ സർവതും ഒന്നിനൊന്നിണങ്ങും.

പതിമൂന്നാമത്തെ ഗ്രഹത്തിലെത്തുമ്പോൾ
(കുറ്റമറ്റ ആ ശൂന്യതയിൽ കണ്ണു നട്ടുകൊണ്ട്)
അവർ തങ്ങളുടെ പേടകം വിട്ടിറങ്ങാൻ തന്നെ മടിക്കും:
“വല്ലാത്ത തലവേദന,” അവർ പരാതിപ്പെടും. “തള്ളവിരലൊന്നു മുട്ടി.”

എന്തൊരു ദുർവ്യയം. എന്തൊരവമാനം.
എന്തുമാത്രം പണമാണ്‌ ബഹിരാകാശത്തു കൊണ്ടുപോയി തുലയ്ക്കുന്നത്.

2020, ജൂലൈ 4, ശനിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക - കാഴ്ചപ്പാട്



അപരിചിതരെപ്പോലെ അവർ കടന്നുപോയി,
ഒരു വാക്കോ ഒരു ചേഷ്ടയോ കൈമാറാതെ.
അവൾ സ്റ്റോറിലേക്ക്,
അയാൾ തന്റെ കാറിനടുത്തേക്കും.

അവരൊന്നു നടുങ്ങിയിരിക്കാം,
അവരുടെ മനസ്സൊന്നു പതറിയിരിക്കാം,
അല്ലെങ്കിലവർക്കോർമ്മ വന്നില്ലെന്നും വരാം,
അല്പകാലം നിതാന്തപ്രണയത്തിലായിരുന്നു തങ്ങളെന്ന്.

എന്നാൽത്തന്നെ എന്തുറപ്പാണുള്ളത്,
അതവർ തന്നെയാണെന്ന്?
ദൂരെ നിന്ന് അങ്ങനെയാണെന്നു തോന്നാം,
അടുത്തു ചെന്നാൽ അല്ലെന്നും.

ഞാൻ ജനാലയ്ക്കിലിരുന്ന് അവരെ ശ്രദ്ധിക്കുകയായിരുന്നു.
ഉയരക്കാഴ്ചകൾ പലപ്പോഴും തെറ്റിപ്പോകാറുമുണ്ടല്ലോ.

അവൾ ചില്ലുവാതിലിനപ്പുറത്തു പോയിമറഞ്ഞു,
അയാൾ കാറുമെടുത്ത് ഓടിച്ചുപോയി,
യാതൊന്നും സംഭവിക്കാത്തപോലെ,
ഇനിയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ.

എന്നാൽ ഞാൻ,
ഞാനതുകണ്ടുവെന്ന് ഒരുനിമിഷത്തേക്കുറപ്പായ ഞാൻ,
ഈയൊരാനുഷംഗികകവിത കൊണ്ട്, വായനക്കാരേ,
നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്‌,
ആ കാഴ്ച സങ്കടപ്പെടുത്തുന്നതായിരുന്നുവെന്ന്.

2020, ജൂലൈ 3, വെള്ളിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക - ഒരു കുറിപ്പ്

ജീവിതം എന്ന ഒറ്റ മാർഗ്ഗമേയുള്ളു,
കൊഴിയുന്ന ഇലകളാൽ സ്വയം മൂടാൻ,
പൂഴിപ്പരപ്പിൽ ശ്വാസം പിടിച്ചുനിൽക്കാൻ,
ചിറകെടുത്തു മുകളിലേക്കുയരാൻ,
ഒരു നായയാകാൻ,
അല്ലെങ്കിൽ അതിന്റെ ഊഷ്മളമായ രോമത്തിൽ തഴുകാൻ,
വേദനയെ
അതല്ലാത്തതെല്ലാറ്റിൽ നിന്നും വേറിട്ടറിയാൻ,
സംഭവങ്ങൾക്കുള്ളിലേക്കിഴഞ്ഞുകയറാൻ,
അഭിപ്രായങ്ങളിൽ നേരം കളയാൻ,
സാദ്ധ്യമായതിൽ വച്ചേറ്റവും ചെറിയ തെറ്റു വരുത്താൻ.
അത്യസാധാരണമായ ഒരവസരം,
വിളക്കു കെടുത്തിയിട്ടു നടത്തിയ ഒരു സംഭാഷണം
ഒരു നിമിഷത്തേക്കൊന്നോർമ്മിക്കാൻ,
ഒരു വട്ടമെങ്കിലും
കല്ലിൽ തടഞ്ഞുവീഴാൻ,
ഒന്നല്ലെങ്കിൽ മറ്റൊരു മഴയിൽ നനഞ്ഞുകുതിരാൻ,
പുല്പരപ്പിൽ താക്കോൽക്കൂട്ടം മറന്നുവയ്ക്കാൻ,
വായുവിലൊരു തീപ്പൊരിയെ കണ്ണുകൾ കൊണ്ടു പിന്തുടരാൻ,
പ്രധാനമായതെന്തിനെയോ
ഒരിക്കലുമറിയാതിരിക്കാൻ.

വീസ്വാവ ഷിംബോർസ്ക - തിരക്കേറിയ തെരുവുകളിൽ വച്ച് എന്നെ പിടികൂടുന്ന ചിന്തകൾ

മുഖങ്ങൾ.ഭൂമിയുടെ പ്രതലത്തിൽ. കോടിക്കണക്കായ മുഖങ്ങൾ.
ഉണ്ടായിരുന്ന മുഖങ്ങളിൽ നിന്നും ഉണ്ടാവാനുള്ള മുഖങ്ങളിൽ നിന്നും
ഓരോ മുഖവും വ്യത്യസ്തമാണെന്നാണു വയ്പ്,.
പക്ഷേ പ്രകൃതി- വാസ്തവം ആരുകണ്ടു?-
എന്നും ഒരേതരം പ്രവൃത്തി നിരന്തരം ചെയ്തു മുഷിഞ്ഞപ്പോൾ
പഴയ ആശയങ്ങൾ ആവർത്തിച്ചുവെന്നു വരാം,
അണിഞ്ഞുമുഷിഞ്ഞ മുഖങ്ങൾ
നമുക്കെടുത്തു തന്നുവെന്നു വരാം.


ആ കടന്നുപോയത് ജീൻസിട്ട ആർക്കിമെഡീസാവാം,
പഴകിയ വേഷത്തിൽ ആ പോയത് കാതറൈൻ റാണിയാവാം,
കറുത്ത കണ്ണടയും വച്ച്, ബ്രീഫ് കേസുമായി നടന്നുപോയത് ഒരു ഫറവോനും.

ഇത്രയും വിപുലമാകാത്തൊരു വാഴ്സയിലെ
നഗ്നപാദനായ ചെരുപ്പുകുത്തിയുടെ വിധവയാവാം മറ്റേത്,
അൽറ്റാമിരായിലെ ഗുഹാചിത്രകാരനാവാം
പേരക്കുട്ടികളെയും കൊണ്ട് മൃഗശാലയിലേക്കു പോകുന്നത്,
കാഴ്ചബംഗ്ളാവിൽ സ്വയം മറന്നുനിൽക്കാൻ പോകുന്ന മറ്റേയാൾ
ഒരു വാൻഡൽ ആയിരിക്കണം.

ഇരുന്നൂറു നൂറ്റാണ്ടു മുമ്പ്,
അഞ്ചു നൂറ്റാണ്ടു മുമ്പ്,
അര നൂറ്റാണ്ടു മുമ്പ് മരിച്ചുപോയവർ.


സ്വർണ്ണരഥത്തിൽ വഹിച്ചുകൊണ്ടു പോയവർ,
കഴുമരത്തിലേക്ക് വണ്ടിയിലിട്ടുകൊണ്ടു പോയവർ.

മോണ്ടെസുമ, കൺഫൂഷ്യസ്, നെബുചദ്നെസ്സാർ,
അവരുടെ ആയമാർ, അവരുടെ അലക്കുകാരികൾ, ബാബിലോൺ റാണിമാർ,
എല്ലാവരും പക്ഷേ ഇംഗ്ളീഷ് മാത്രം  സംസാരിക്കുന്നവർ.

ഭൂമിയുടെ പ്രതലത്തിൽ.കോടിക്കണക്കായ മുഖങ്ങൾ.
നിങ്ങളുടെ, എന്റെ, ആരുടേതും-
ഏതു മുഖങ്ങളെന്നു നിങ്ങളറിയാൻ പോകുന്നില്ല.
കള്ളക്കളിയെടുക്കുകയാണു പ്രകൃതിയെന്നു വരാം,
ആളുകൾക്കനുസരിച്ചു മുഖങ്ങളില്ലാതെ വന്നപ്പോൾ
മറവിയുടെ കണ്ണാടിയിൽ മുങ്ങിത്താണ മുഖങ്ങളെ
പൊക്കിയെടുത്തുകൊണ്ടു വരികയാണവളെന്നു വരാം.

വീസ്വാവ ഷിംബോർസ്ക - ഒരാശയം



ഒരാശയം എന്റെ മനസ്സിൽ വന്നു.
ഒരു പാട്ടിനോ? കവിതയ്ക്കോ?
ആകട്ടെ- ഞാൻ പറയുകയാണ്‌- ഇരിക്കൂ, നമുക്കു സംസാരിക്കം.
അതിനു മുമ്പ് എനിക്കു നിങ്ങളെക്കുറിച്ചൊന്നറിയണമല്ലോ.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
ഓ, അങ്ങനെയാണല്ലേ, കഥ- ഞാൻ പറയുകയാണ്‌- സംഗതി കൊള്ളാമല്ലോ!
ഇതു ഞാൻ കുറേക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നതാണ്‌.
പക്ഷേ അതിനെക്കുറിച്ചൊരു കവിതയെഴുതാൻ? അതു വേണ്ട.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
അതങ്ങനെയാണെന്നു തോന്നാം- ഞാൻ പറയുകയാണ്‌,
നിങ്ങളെന്റെ കഴിവുകളെ പർവ്വതീകരിച്ചുകാണുകയാണ്‌.
എങ്ങനെ തുടങ്ങണമെന്നുപോലും എനിക്കറിയണമെന്നില്ല.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
നിങ്ങൾക്കു തെറ്റി - ഞാൻ പറയുകയാണ്‌,
ഹ്രസ്വവും സംക്ഷിപ്തവുമായ കവിതയാണ്‌ ദീർഘകവിതയേക്കാൾ ദുഷ്കരം.
എന്നെ ഇങ്ങനെ ശല്യപ്പെടുത്തരുത്, സംഗതി നടക്കില്ല.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
എന്നാൽ ശരി, ഞാനൊന്നു നോക്കാം, നിങ്ങൾ വല്ലാത്ത വാശിക്കാരൻ തന്നെ.
ഞാൻ മുമ്പേ പറഞ്ഞില്ലെന്നു പറഞ്ഞേക്കരുത്.
ഞാൻ എഴുതുന്നു, നുള്ളിക്കീറുന്നു, പറത്തിവിടുന്നു.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
നിങ്ങൾ പറഞ്ഞതു ശരിതന്നെ- ഞാൻ പറയുകയാണ്‌- കവികൾ വേറെയുമുണ്ട്,
അവരിൽ ചിലർ എന്നെക്കാൾ നന്നായി ഇതെഴുതിയെന്നും വരാം.
പേരും മേൽവിലാസവും വേണമെങ്കിൽ ഞാൻ തരാം.

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
എന്താ സംശയം, എനിക്കവരോടസൂയ തോന്നും,
അല്ലെങ്കിൽത്തന്നെ ഞങ്ങൾക്കന്യോന്യം അസൂയയാണ്‌, മോശം കവിതയുടെ പേരിൽ പോലും.
എന്നാൽ ഇതെന്തായാലും...ഇതെന്തുകൊണ്ടും...

അതിനു മറുപടിയായി അതെന്റെ കാതിൽ ചിലതു മന്ത്രിച്ചു.
അതേയതെ, നിങ്ങൾ പറഞ്ഞ ഗുണങ്ങൾ ഈ കവിതയ്ക്കു വേണ്ടതുതന്നെയാണ്‌.
നമുക്കിനി മറ്റെന്തെങ്കിലും സംസാരിച്ചാലോ?
നമുക്കൊരു കാപ്പി കുടിക്കാം?

അതൊന്നു നെടുവീർപ്പിടുകമാത്രം ചെയ്തു.

പിന്നെയതു മറഞ്ഞുപോകാൻ തുടങ്ങി.

പിന്നെയതു മറഞ്ഞുപോയി.




വീസ്വാവ ഷിംബോർസ്ക - ഭാഗ്യം കൊണ്ട്


അതു സംഭവിച്ചേനെ.
അതു സംഭവിക്കേണ്ടതായിരുന്നു.
മുമ്പങ്ങണെ സംഭവിച്ചിട്ടുണ്ട്. പിന്നീട്.
അടുത്തൊരിടത്ത്. അതിലുമകലെ.
അതു സംഭവിച്ചു, പക്ഷേ നിങ്ങൾക്കായിരുന്നില്ല.

നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ആദ്യമായിരുന്നതിനാൽ.
നിങ്ങൾ രക്ഷപെട്ടു, നിങ്ങൾ ഒടുവിലായിരുന്നതിനാൽ.
ഒറ്റക്കായിരുന്നതിനാൽ. അന്യർക്കൊപ്പമായിരുന്നതിനാൽ.
വലത്തായിരുന്നതിനാൽ. ഇടത്തായിരുന്നതിനാൽ.
മഴ പെയ്തിരുന്നതിനാൽ. തണലുണ്ടായിരുന്നതിനാൽ.
പകൽ നല്ല വെയിലുണ്ടായിരുന്നതിനാൽ.

നിങ്ങളുടെ ഭാഗ്യം- അവിടൊരു കാടുണ്ടായിരുന്നു.
നിങ്ങളുടെ ഭാഗ്യം- അവിടെ മരങ്ങളുണ്ടായിരുന്നില്ല.
നിങ്ങളുടെ ഭാഗ്യം- ഒരു വാരുകോൽ, ഒരു കൊളുത്ത്, ഒരു കഴുക്കോൽ,
ഒരു ചട്ടം, ഒരു വളവ്, ഒരു കാലിഞ്ച്, ഒരു സെക്കന്റ്.
നിങ്ങളുടെ ഭാഗ്യം- തക്കസമയത്ത് ഒരു വൈക്കോൽത്തുരുമ്പൊഴുകിവന്നു.

അക്കാരണത്താൽ, എന്നതിനാൽ, എന്നാലും, എന്നായിട്ടും.
എന്തു സംഭവിച്ചേനേ,
ഒരാകസ്മികദൗർഭാഗ്യത്തിന്‌ നിന്ന് ഒരു കൈ, ഒരടി, ഒരിഞ്ച്,
ഒരു മുടിയകലം അടുത്തായിരുന്നെങ്കിൽ?

അല്ല, നിങ്ങൾ ഇങ്ങെത്തിയോ?
കഷ്ടിച്ചു രക്ഷപ്പെട്ടതിന്റെ അന്ധാളിപ്പു മാറാതെ?
വലയിലെ ഒരു തുളയിലൂടെ നിങ്ങൾ വഴുതിപ്പോന്നുവെന്നോ?
എന്റെ ഞെട്ടൽ മാറുന്നില്ല, എനിക്കു നാവു പൊന്തുന്നില്ല.
കേട്ടോ, നിങ്ങളുടെ ഹൃദയം എന്റെയുള്ളിൽ കിടന്നു പിടയ്ക്കുന്നത്!

വീസ്വാവ ഷിംബോർസ്ക- ഇവിടെ


മറ്റിടങ്ങൾ എങ്ങനെയാണെന്നെനിക്കറിയില്ല,
എന്നാൽ ഇവിടെ ഭൂമിയിൽ വേണ്ടതൊക്കെ വേണ്ടത്ര നമുക്കുണ്ട്.
ഇവിടെ നാം പണിതെടുക്കുന്നുണ്ട്, കസേരകൾ, സങ്കടങ്ങൾ,
കത്രിക, മനസ്സലിവ്, ട്രാൻസിസ്റ്ററുകൾ, വയലിനുകൾ,
അണക്കെട്ടുകൾ, ചായക്കപ്പുകൾ, തമാശകൾ.

മറ്റെവിടെങ്കിലും സകലതും വേണ്ടതിലധികമുണ്ടെന്നു വരാം.
എന്നാൽ, എന്തെന്നറിയാത്ത കാരണങ്ങളാൽ
അവിടെ പെയിന്റിങ്ങുകളില്ല, പിക്ചർ ട്യൂബുകളില്ല,
അടകളില്ല, കണ്ണീരു തുടയ്ക്കാൻ കൈലേസുകളില്ല.

ഇവിടെ നമുക്കു ചുറ്റുവട്ടങ്ങൾ എത്രയെങ്കിലുമാണ്‌.
അവയിൽ ചിലതിനോടു നിങ്ങൾക്കൊരിഷ്ടം തോന്നിയെന്നുവരാം,
നിങ്ങളതിനെ ഒരോമനപ്പേരിട്ടു വിളിച്ചുവെന്നുവരാം,
ആപത്തുകളിൽ നിന്നതിനെ കാത്തുവെന്നുവരാം.

ഇതുപോലുള്ളിടങ്ങൾ മറ്റെവിടെയെങ്കിലും കണ്ടേക്കാം,
എന്നാൽ നിങ്ങൾക്കതു സുന്ദരമായി തോന്നാറില്ല.

മറ്റെങ്ങുമില്ലാത്ത മാതിരി, അഥവാ, മിക്കവാറുമെങ്ങുമില്ലാത്ത മാതിരി
നിങ്ങൾക്കിവിടെ സ്വന്തമായ ഒരുടൽ തന്നിരിക്കുന്നു,
സ്വന്തം സന്താനങ്ങളെ കൂട്ടിച്ചേർക്കാനായി
അനുബന്ധോപകരണങ്ങൾ കൊണ്ടു സജ്ജവുമാണത്.
കൈകാലുകളും അന്തം വിട്ട തലയും- അതു പറയേണ്ടല്ലോ.

അജ്ഞത ഇവിടെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്,
കണക്കെടുക്കലും തട്ടിച്ചുനോക്കലും അളവെടുക്കലുമാണെപ്പോഴും,
അതിനൊടുവിൽ കാരണങ്ങളും നിഗമനങ്ങളും കണ്ടെടുക്കുകയും.

എനിക്കറിയാം, നിങ്ങൾ പറയാൻ പോകുന്നതെനിക്കറിയാം:
യാതൊന്നും ഇവിടെ വാഴില്ലെന്ന്,
കാലമുള്ള കാലം മുതല്ക്കേ, കാലമൊടുങ്ങുന്ന കാലം വരേക്കും
പ്രകൃതിശക്തികൾക്കാണിവിടെ മേല്ക്കൈയെന്ന്.
എന്നാലറിയാമോ, പ്രകൃതിശക്തികളും ചിലപ്പോൾ ക്ഷീണിക്കാറുണ്ട്,
അപ്പോഴവ നീണ്ടകാലത്തേക്കവധിയെടുക്കാറുണ്ട്.

ഇനി നിങ്ങൾ പറയാൻ പോകുന്നതും എനിക്കറിയാം:
യുദ്ധം, യുദ്ധം, യുദ്ധം.
അതിനിടയിലും വിരാമങ്ങളുണ്ടാവാറുണ്ടല്ലോ.
അറ്റൻഷൻ! ആളുകൾ ചീത്തകളാവുന്നു.
സ്റ്റാന്ററ്റീസ്! ആളുകൾ നല്ലവരാകുന്നു.
അറ്റൻഷന്റെ കാലത്ത് പാഴിടങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
സ്റ്റാന്ററ്റീസിൽ നെറ്റിവിയർപ്പിൽ നിന്നു വീടുകളുണ്ടാവുകയും
ആളുകളതിൽ താമസം തുടങ്ങുകയും ചെയ്യുന്നു.

ഭൂമിയിലെ ജീവിതം ഒരു ലാഭക്കച്ചവടമെന്നേ പറയേണ്ടു.
ഉദാഹരണത്തിന്‌, സ്വപ്നങ്ങൾക്കു പ്രവേശനം സൗജന്യമാണ്‌.
നഷ്ടപ്പെടുമ്പോഴേ വ്യാമോഹങ്ങൾക്കു വില കൂടുന്നുള്ളു.
ഉടലാവട്ടെ, തവണവ്യവസ്ഥയിലും കിട്ടും.

ഇതൊന്നും പോരാഞ്ഞിട്ടല്ലേ,
ഗ്രഹങ്ങളുടെ ആകാശത്തൊട്ടിലിൽ ടിക്കറ്റെടുക്കാതൊരു കറക്കവും,
ഒപ്പം, താരാപഥങ്ങളുടെ പ്രചണ്ഡവാതത്തിനിടയിലൂടെ
സൗജന്യമായി തരപ്പെട്ടൊരു സവാരിയും,
അതും കാതുകൾ കൊട്ടിയടയ്ക്കുന്ന വേഗത്തിൽ,
ഇവിടെ ഭൂമിയിലുള്ളതൊന്നിനും ഒന്നു വിറയ്ക്കാൻ കൂടി ഇടകൊടുക്കാതെ.
ഒന്നു സൂക്ഷിച്ചുനോക്കൂ,
മേശ അതിട്ടിടത്തുതന്നെ കിടപ്പുണ്ട്,
അതിന്മേൽ പത്രം നിവർത്തിയ പടി തന്നെ,
തുറന്നുവച്ച വാതിലിലൂടെ ഒരു തെന്നൽ പതിയേ വീശിവരുന്നു,
ചുമരുകളിൽ വിള്ളലുകളും കാണാനില്ല,
അതിനാൽ, അതിലൂടെ നിങ്ങൾ
പുറത്തെ ശൂന്യതയിൽ ചെന്നുവീഴുമെന്നു പേടിക്കുകയും വേണ്ട.
***

2020, ജൂലൈ 2, വ്യാഴാഴ്‌ച

വീസ്വാവ ഷിംബോർസ്ക - ഭൂപടം



അതു നിവർത്തിയിട്ട മേശപ്പുറം പോലെ പരന്നതാണത്-
അതിനടിയിൽ ഒന്നും ഇളകുന്നില്ല, ഒന്നും സ്ഥാനം മാറുന്നില്ല.
മുകളിൽ- എന്റെ മനുഷ്യനിശ്വാസം ഒരു ചുഴലിയുമുയർത്തുന്നില്ല,
അതിന്റെ പ്രതലത്തെ കലുഷമാക്കുന്നുമില്ല.

അതിന്റെ സമതലങ്ങളും താഴ്വരകളും എന്നും പച്ചയാണ്‌
അതിന്റെ പീഠഭൂമികളും പർവ്വതങ്ങളും മഞ്ഞയും തവിട്ടുനിറവുമാണ്‌,
അതിന്റെ കടലുകളും മഹാസമുദ്രങ്ങളുമാവട്ടെ,
കീറിപ്പറിഞ്ഞ തീരങ്ങൾക്കരികിൽ കരുണ നിറഞ്ഞ ഒരു നീലയും.

ഇതിലുള്ളതെല്ലാം ചെറുതാണ്‌, സമീപസ്ഥവും സുപ്രാപ്യവുമാണ്‌,
അഗ്നിപർവ്വതങ്ങളെ വിരൽത്തുമ്പുകൊണ്ടെനിക്കു ഞെക്കാം,
കട്ടിക്കൈയ്യുറകളില്ലാതെ ഇരുധ്രുവങ്ങളിൽ തലോടാം,
ഏതു മരുഭൂമിയേയും, അതിനരികിൽ കിടക്കുന്ന നദിയുൾപ്പെടെ,
ഒറ്റനോട്ടത്തിലൊതുക്കുകയും ചെയ്യാം.

പ്രാചീനവനങ്ങളുടെ സ്ഥാനത്ത് ചുരുക്കം ചില മരങ്ങൾ,
അതിൽ നിങ്ങൾക്കു വഴി തുലയാനും പോകുന്നില്ല.

കിഴക്കും പടിഞ്ഞാറും ഭൂമദ്ധ്യരേഖയുടെ മേലും കീഴെയും-
സൂചി വീണാൽ കേൾക്കുന്നത്ര നിശ്ശബ്ദതയോടെ,
ഓരോ കറുത്ത സൂചിക്കുത്തിലും മനുഷ്യർ ജീവിച്ചുപോരുന്നു.
ജഡങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട ശവപ്പറമ്പുകളും
പൊടുന്നനേ തകർന്നടിഞ്ഞ കെട്ടിടങ്ങളും ചിത്രത്തിലേയില്ല.

രാഷ്ട്രങ്ങളുടെ അതിർത്തിരേഖങ്ങൾ കഷ്ടിച്ചേ കാണാനുള്ളു,
വേണോ വേണ്ടയോ എന്നുറപ്പിക്കാനാവാത്തപോലെ.

ഭൂപടങ്ങൾ എനിക്കിഷ്ടമാണ്‌, അവ നുണ പറയുന്നുവെന്നതിനാൽ,
കൊടിയ നേരിലേക്കവ നമ്മെ കടത്തിവിടുന്നില്ലെന്നതിനാൽ.
വിശാലമനസ്കതയോടെ, ഫലിതബോധത്തോടെ,
എനിക്കു മുന്നിലവ നിവർത്തിയിടുന്നു,
ഈ ലോകത്തില്ലാത്ത ഒരു ലോകത്തെയെന്നതിനാൽ.


വീസ്വാവ ഷിംബോർസ്ക - ഒരു ഗ്രീക്ക് പ്രതിമ

മനുഷ്യരുടെയും മറ്റത്യാഹിതങ്ങളുടെയും തുണയോടെ
കാലം അതിന്മേൽ കണക്കിനു പണിയെടുത്തിരിക്കുന്നു.
ആദ്യം തന്നെ അതതിന്റെ മൂക്കടർത്തിമാറ്റി,
പിന്നെ ജനനേന്ദ്രിയങ്ങൾ,
ഒന്നൊന്നായി കൈകാൽ വിരലുകളും,
പിന്നെ വർഷങ്ങൾ കടന്നുപോകെ
ഒന്നു കഴിഞ്ഞൊന്നായി കൈകൾ,
ഇടതും വലതും തുടകൾ,
മുതുകും ശിരസ്സും ജഘനവും;
അടർന്നുവീണതൊക്കെ കാലം കഷണങ്ങളാക്കി,
കട്ടയും ചരലും ധൂളിയുമാക്കി.


ജീവനുള്ള ഒരാളാണ് ഈ വിധം മരിക്കുന്നതെങ്കിൽ
ഓരോ പ്രഹരത്തിനുമൊപ്പം ഒരുപാടു ചോരയൊഴുകിയേനെ.


എന്നാൽ മാർബിൾ പ്രതിമകൾ നശിക്കുക നിറം വിളറിയിട്ടാണ്‌,
അതു പൂർണ്ണനാശവുമാകുന്നില്ല.


നാം ഇവിടെ സംസാരിക്കുന്നതിനെക്കുറിച്ചാണെങ്കിൽ,
തലയറ്റ ഒരുടലേ ശേഷിക്കുന്നുള്ളു,
പിടിച്ചുനിർത്തിയ ശ്വാസം പോലെ;
നഷ്ടപ്പെട്ടുപോയതിന്റെയൊക്കെ
ഭാരവും ഭംഗിയുമൊക്കെ

ഇനി അത് തന്നിലേക്കു പിടിച്ചുനിർത്തണമല്ലോ.

അതതിൽ വിജയിക്കുകയും ചെയ്യുന്നു,
ഇന്നും വിജയിക്കുന്നു,
നമ്മെ തന്നിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു,
നമ്മുടെ കണ്ണഞ്ചിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.


ഇവിടെ കാലം മാന്യമായ ഒരു പരാമർശമർഹിക്കുന്നു,
പാതിവഴിയിൽ അതു നിർത്തിയെന്നതിനാൽ,
പില്ക്കാലത്തേക്കായി ചിലതതു ബാക്കിവച്ചുവെന്നതിനാൽ.


(from Here)