കവിതയെന്നാല്‍
--------------------------------------
എന്താണു കവിത?
വാക്കുകളാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, വാക്കുകളെ ഒഴിവാക്കുകയെന്ന്.
അർത്ഥമാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, അർത്ഥങ്ങളൊഴിവാക്കുകയെന്ന്.
അപ്പോൾ നിങ്ങൾ ചോദിക്കുന്നു,
വാക്കുമർത്ഥവും പോയാൽപ്പിന്നെയെവിടെ കവിതയെന്ന്.
അതിനു ഞാൻ പറയും,
വാക്കുമർത്ഥവും പോയാലും ശേഷിക്കുന്നതു കവിതയെന്ന്.
കാവ്യകല
------------------------
ഉലയും കൂടവും വേണം വരികൾ നേരെയാവാൻ,
വരികൾ നേരെയായാൽ കവിതയായെന്നുമില്ല.
ഈ കിഴവൻ കവിതകളെ നായാടിപ്പിടിക്കാറില്ല,
കവിതകൾ അയാൾക്കു മുന്നിൽ വന്നുനില്ക്കുകയാണ്!
പുസ്തകം വായിക്കരുത്!
------------------------------------------------------------
പുസ്തകം വായിക്കരുത്!
കവിത ചൊല്ലരുത്!
വായന കൊണ്ടു കൃഷ്ണമണികളടർന്നുവീണു
നിങ്ങളുടെ കൺകുഴികളൊഴിയുമെന്നേയുള്ളു.
കവിത ചൊല്ലിയതു കൊണ്ടോരോ വാക്കിനുമൊപ്പം
ഹൃദയം ചോരുമെന്നേയുള്ളു.
ആത്മാവിനാനന്ദമാണു വായനയെന്നാളുകൾ പറയും.
കവിത ചൊല്ലുക രസമാണെന്നാളുകൾ പറയും.
ശരല്ക്കാലത്തെച്ചീവീടിനെപ്പോലെ
നിരന്തരമൊച്ചവെച്ചാൽപ്പക്ഷേ,
ഒരുണക്കക്കിഴവനാകുമെന്നേയുള്ളു നിങ്ങൾ.
ഇനിയൊരുണക്കക്കിഴവനായില്ലെങ്കിലും
അന്യർക്കൊരു കർണ്ണശൂലമാവുകയേയുള്ളു നിങ്ങൾ.
അതിനാലതിലും ഭേദമിത്:
കണ്ണുകളടയ്ക്കുക,
മുറിയിലടച്ചിരിക്കുക,
വിരികൾ താഴ്ത്തുക,
നിലം തുടയ്ക്കുക,
ധൂപം പുകയ്ക്കുക.
എത്ര മനോഹരം,
കാറ്റിനു കാതു കൊടുക്കുക,
മഴയ്ക്കു കാതു കൊടുക്കുക,
ആവതുള്ളപ്പോളിറങ്ങിനടക്കുക,
തളരുമ്പോൾ വന്നുകിടന്നുറങ്ങുക.
സ്വന്തം ചിത്രത്തെക്കുറിച്ച്
----------------------------------------
നറുംതെന്നൽ വീശുമ്പോൾ
കവിത ചൊല്ലാനെനിക്കു തോന്നുന്നു,
തെളിനിലാവു കാണുമ്പോൾ
കള്ളു കുടിക്കാനെനിക്കു തോന്നുന്നു;
ഒടുവിൽ തല നീരാതെ
പൂക്കൾക്കിടയിലേക്കു ഞാൻ വീഴുന്നു,
ആകാശം പുതപ്പും
മണ്ണ് തലയിണയുമായി.
മഴ കേട്ടു കിടക്കുമ്പോൾ
-------------------------------------
ഒരാണ്ടു മുമ്പ് തോണിയിൽ നാട്ടിലേക്കു മടങ്ങുമ്പോൾ
ഒരു രാത്രി ഞാൻ യെൻ-ലിങ്ങിൽ കടവടുത്തിരുന്നു.
വഞ്ചിപ്പായകളിൽ മഴ തല്ലുന്നതും കേട്ട്
രാത്രി മുഴുവൻ ഞാനന്നുറങ്ങാതെ കിടന്നു.
ഇന്നലെ രാത്രിയിൽ മെടഞ്ഞ മേല്പുര മേൽ മഴ പെയ്തു,
വഞ്ചിപ്പായകളിൽ മഴ തല്ലുന്നതു ഞാൻ സ്വപ്നവും കണ്ടു.
യാങ്ങ് വാൻ-ലി Yang Wan-li(1127-1206)- സുങ്ങ് കവിതയിലെ പ്രമുഖരായ നാലു കവികളിൽ ഒരാളായി പരിഗണിക്കപ്പെടുന്നു. 1162ൽ അതു വരെ എഴുതിയ കവിതകളെല്ലാം അദ്ദേഹം ചുട്ടു നശിപ്പിച്ചു. പിന്നീടെഴുതിയ കവിതകൾ മാത്രമാണ് ശേഷിക്കുന്നത്. സർക്കാരുദ്യോഗസ്ഥനായ വാൻ-ലി തന്റെ ജോലിയുടെ ഓരോ ഘട്ടത്തിനുമനുസരിച്ച് ഓരോ പുതിയ കവിതാസമാഹാരങ്ങൾ എഴുതി. ഇങ്ങനെ ആകെ ഒമ്പതു സമാഹാരങ്ങൾ ഉള്ളതിൽ അവസാനത്തേത് “ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷമെഴുതിയ കവിതകൾ” ആണ്. അക്കാലത്തെ ഏറ്റവും വെറുക്കപ്പെട്ട ഒരു പ്രധാനമന്ത്രി നിർമ്മിച്ച ഒരുദ്യാനത്തെക്കുറിച്ച് ഒരു ലേഖനമെഴുതാനുള്ള നിർദ്ദേശത്തെ ധിക്കരിക്കാനുള്ള ധൈര്യവും അദ്ദേഹം കാണിച്ചിരുന്നു.
യാങ്ങ് തന്റെ കവിതയിൽ സംസാരഭാഷയ്ക്കു പ്രാധാന്യം കൊടുത്തിരുന്നു; അതുകൊണ്ടാവാം, ചൈനീസ് സാഹിത്യത്തിൽ അപൂർവ്വമായ ഒരു സാരള്യം, രൂപത്തിലും ഭാവത്തിലും, അദ്ദേഹത്തിന്റെ കവിതയിൽ കാണാം. സെൻ ദർശനത്തിലെ താല്പര്യം കാരണം ഭൗതികലോകത്തിന്റെ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുത്തിരിക്കുന്നു. ഉദാഹരണത്തിന് ഒരു ഈച്ചയുടെ ചലനങ്ങൾ വർണ്ണിക്കാനായി മാത്രം അദ്ദേഹം ഒരു കവിത എഴുതിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ