സത്യമോ സാദ്ധ്യമോ ആയി മുമ്പു നിങ്ങൾ സ്നേഹിച്ചിരുന്ന ചിലത് നിങ്ങൾക്കിപ്പോൾ ഒരു പിശകായി തോന്നുന്നു; നിങ്ങളത് പൊഴിച്ചുകളയുന്നു, തന്റെ യുക്തിയുടെ ഒരു വിജയമായി അതിനെ കൊണ്ടാടുകയും ചെയ്യുന്നു. എന്നാൽ ആ പിശക് നിങ്ങൾക്കന്ന് അനിവാര്യമായിരുന്നെങ്കിലോ? നിങ്ങളന്ന് മറ്റൊരാളായിരുന്നു- നിങ്ങൾ എപ്പോഴും മറ്റൊരാളാണ്- അന്നത്തെ ‘സത്യങ്ങൾ’ നിങ്ങൾക്കന്നു കാണാൻ അനുവാദമില്ലാത്തതിനെ പൊതിഞ്ഞുവയ്ക്കുകയും നിങ്ങളുടെ കാഴ്ചയിൽ നിന്നതിനെ മറച്ചുപിടിക്കുകയും ചെയ്യുന്ന തൊലി പോലെയായിരുന്നു. അന്നത്തെ നിങ്ങളുടെ അഭിപ്രായത്തിന്റെ കഥ കഴിച്ചത് നിങ്ങളുടെ പുതിയ ജീവിതമാണ്, നിങ്ങളുടെ യുക്തിയല്ല: നിങ്ങൾക്കിപ്പോൾ അതിന്റെ ആവശ്യമില്ലാതായിരിക്കുന്നു, അതിനാൽ അതു തകർന്നുവീഴുന്നു, അയുക്തി അതിൽ നിന്നു വെളിച്ചത്തിലേക്ക് ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞുപോവുകയും ചെയ്യുന്നു. നാം എന്തിനെയെങ്കിലും വിമർശിക്കുമ്പോൾ അത് തോന്നിയപോലെയുള്ള, അമൂർത്തമായ ഒരു സംഭവമല്ല; അത്, മിക്കപ്പോഴുമെങ്കിലും, നമ്മിൽ വളർച്ച പ്രാപിക്കുകയും പടം പൊഴിക്കുകയും ചെയ്യുന്ന ജൈവോർജ്ജങ്ങളുടെ തെളിവാണ്. നാം നിഷേധിക്കുന്നു, നാം നിഷേധിക്കണം; എന്തെന്നാൽ, നമ്മിലുള്ള ചിലത്- നമുക്കിനിയും അറിയാത്തതും നാമിനിയും കാണാത്തതുമാണതെന്നും വരാം- ജീവിക്കാനും സ്വന്തം സ്ഥാനമുറപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.
1 അഭിപ്രായം:
Nice work, and....a piece of truth to believe. Thank you, sir!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ