2017, ജൂൺ 29, വ്യാഴാഴ്‌ച

പാർ ലാഗെർക്വിസ്റ്റ് - അച്ഛനും ഞാനും

par-

എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴത്തെ ഒരു ഞായറാഴ്ച ദിവസം ഞാനോർക്കുന്നു; കിളികൾ പാടുന്നതു കേൾക്കാൻ കാട്ടിൽ പോകാമെന്നും പറഞ്ഞ് അന്നുച്ച തിരിഞ്ഞ് ഡാഡി എന്നെ വിളിച്ചു. അമ്മയോടു യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി; അത്താഴം ശരിയാക്കാനുള്ളതുകൊണ്ട് അമ്മയ്ക്കു വരാൻ പറ്റില്ല. ഇളംചൂടുള്ള തെളിഞ്ഞ വെയിലത്ത് പ്രസരിപ്പോടെ ഞങ്ങൾ നടന്നു. ഈ കിളികളുടെ പാട്ടൊക്കെ ഞങ്ങൾക്കെന്തോ വലിയ പുതുമയോ പ്രത്യേകതയോ ആയിരുന്നുവെന്നല്ല; ഞങ്ങൾ, ഡാഡിയും ഞാനും, അതു വലിയ ഗൗരവമായി എടുത്തില്ല. കാടും അതിലെ ജീവികളുമൊക്കെ ഞങ്ങൾക്കു പരിചയമില്ലാത്തതല്ല. ഞായറാഴ്ച ഉച്ച തിരിഞ്ഞ സമയമാണ്‌, ഡാഡിക്കു ജോലിക്കും പോകേണ്ട; എന്നാല്പിന്നെ ഒന്നു നടന്നുവരാം എന്നു കരുതി എന്നു മാത്രം. ഞങ്ങൾ റയിൽ പാളം വഴി നടന്നു; മറ്റുള്ളവർക്ക് അതു വഴി പ്രവേശനം ഇല്ല; എന്നാൽ ഡാഡി റയിൽവേയിൽ ജോലിക്കാരനായതുകൊണ്ട് അതിനവകാശമുണ്ട്. അങ്ങനെ വളഞ്ഞു ചുറ്റിപ്പോകാതെ ഞങ്ങൾക്കു നേരേ കാട്ടിലേക്കു കടക്കാൻ പറ്റി. അപ്പോഴാണ്‌ ഒരു കിളി പാടുന്നത്; വൈകിയില്ല, മറ്റു കിളികളുടെ പാട്ടുകളും കേട്ടുതുടങ്ങി. ചില്ലകളിലും പൊന്തകളിലുമിരുന്ന് അവ പാടുകയായിരുന്നു: കുരുവികൾ, പുള്ളുകൾ, ചിലപ്പന്മാർ; കാട്ടിലേക്കു കടക്കുന്തോറും പലപല ജീവികളുടെ കരച്ചിലും പാട്ടുകളും കാതിൽ വന്നു വീണുകൊണ്ടിരുന്നു. നിലം പറ്റി വളരുന്ന പുല്ക്കൊടികൾ; ബർച്ചുമരങ്ങൾ തളിരിലകളണിഞ്ഞിരുന്നു; പൈനുകളിൽ പച്ചനിറത്തിൽ ഇളംകൂമ്പുകൾ പൊടിച്ചിരുന്നു. എവിടെയും സുഖകരമായ ഒരു ഗന്ധവും പരന്നിരുന്നു. വെയിലു വീഴുമ്പോൾ പായലു പിടിച്ച നിലത്തു നിന്ന് നേർത്ത ആവി പൊങ്ങി. എവിടെയും ജീവിതവും അതിന്‍റെ ഒച്ചകളുമാണ്‌; വണ്ടുകൾ പറന്നുനടക്കുന്നു; ഈർപ്പമുള്ളിടങ്ങളിൽ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു.കിളികൾ പൊന്തകളിൽ നിന്ന് ശരം പോലെ പറന്നുവന്ന് അവയെ കൊക്കിലാക്കി പിന്നെയും മറഞ്ഞിരിക്കുന്നു. പെട്ടെന്ന് ഒരു ട്രെയിൻ കുതിച്ചുവന്നു; ഞങ്ങൾ തിട്ടയിലേക്കിറങ്ങി നിന്നു. ഡാഡി ഡ്രൈവറെ നോക്കി കൈ വീശിക്കാണിച്ചു; അയാൾ തിരിച്ചു കൈ വീശി. എല്ലാം ചലിക്കുന്നപോലെ തോന്നി. വെയിലത്തു താറുമൊലിപ്പിച്ചു കിടക്കുന്ന സ്ലീപ്പറുകൾക്കു മുകളിലൂടെ നടക്കുമ്പോൾ കരിയോയിലിന്‍റെയും ബദാം പൂക്കളുടെയും താറിന്‍റെയുമൊക്കെക്കൂടി ഒരു സമ്മിശ്രഗന്ധം എവിടെയും നിറഞ്ഞുനിന്നു. പാറക്കല്ലുകളിലൂടെ നടന്നു ചെരിപ്പു തേയിക്കാതിരിക്കാനായി സ്ലീപ്പറുകളിൽ ചവിട്ടിയാണ്‌ ഞങ്ങൾ നടന്നത്. പാളങ്ങൾ വെയിലത്തു വെട്ടിത്തിളങ്ങി. ഇരുവശവുമുള്ള ടെലിഫോൺ തൂണുകളുടെ മൂളൽ കടന്നുപോകുമ്പോൾ ഞങ്ങളുടെ കാതുകളിൽ വീണുകൊണ്ടിരുന്നു. അതെ! സുന്ദരമായ ദിവസം! ആകാശം കണ്ണാടി പോലെ തെളിഞ്ഞു കിടന്നിരുന്നു. ഒരു മേഘം പോലും കാണാനുണ്ടായിരുന്നില്ല; ഇതു പോലുള്ള ദിവസങ്ങളിൽ അതുണ്ടാവുകയേയില്ല, അങ്ങനെയാണ്‌ ഡാഡി പറഞ്ഞത്. അല്പദൂരം കൂടി നടന്നപ്പോൾ പാതയുടെ വലത്തായി ഒരു ഓട്ട്സ് പാടമുള്ളിടത്തെത്തി; ഞങ്ങൾക്കറിയാവുന്ന ഒരാളാണ്‌ അവിടെ കൃഷി ചെയ്തിരുന്നത്. ഓട്ട്സ് നന്നായി തഴച്ചു വളർന്നിരുന്നു; ഡാഡി പോലും വലിയ തൃപ്തിയോടെയാണ്‌ അതു നോക്കിനിന്നത്. പട്ടണത്തിൽ വളർന്നതു കാരണം ഇമ്മാതിരി കാര്യങ്ങളിലൊന്നും എനിക്കു വലിയ പിടിയില്ല. പിന്നെ ഞങ്ങൾ ഒരു ചോലയ്ക്കു മുകളിലുള്ള പാലത്തിലെത്തി; മിക്കപ്പോഴും അത് വരണ്ടു കിടക്കാറാണുള്ളതെങ്കിലും ഇപ്പോൾ അത് നിറഞ്ഞൊഴുകുകയാണ്‌. സ്ലീപ്പറുകൾക്കിടയിലൂടെ താഴേക്കു വീഴരുതെന്നതിനായി ഞങ്ങൾ കൈ കോർത്തുപിടിച്ചു നടന്നു. അവിടെ നിന്ന് റയിൽവേ ഗേറ്റ് കീപ്പറുടെ താമസസ്ഥലത്തേക്ക് അധികദൂരമില്ല. അതാകെ പച്ചപ്പിൽ മുങ്ങിയിരിക്കുകയാണ്‌. വീടിനോടു ചേർന്ന് ആപ്പിൾ മരങ്ങളും നെല്ലികളും. വിശേഷമറിയാനായി ഞങ്ങൾ കയറിച്ചെന്നു; അവർ ഞങ്ങൾക്ക് കുടിക്കാൻ പാലു തന്നു. അടിമുടി പൂത്തുനില്ക്കുന്ന ഫലവൃക്ഷങ്ങളും പന്നികളേയും കോഴികളേയുമൊക്കെക്കണ്ട് ഞങ്ങൾ പിന്നെയും നടന്നു. പുഴയുടെ കരയിലേക്കാണ്‌ ഞങ്ങൾ നടക്കുന്നത്; കാരണം മറ്റെവിടെയും ഇതുപോലെ മനോഹരമല്ല. പുഴയുടെ കാര്യത്തിൽ ഞങ്ങൾക്കു പ്രത്യേകിച്ചൊരു മമതയും ഉണ്ടായിരുന്നു; കുറച്ചുകൂടി മേലോട്ടു പോയാലുള്ള ഡാഡിയുടെ കുടുംബവീടിനരികിലൂടാണല്ലോ അതൊഴുകിവരുന്നത്. അവിടെ വരെ എത്താതെ ഞങ്ങൾ സാധാരണ മടങ്ങാറില്ല; കുറേക്കൂടി നടന്നപ്പോൾ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. അടുത്ത സ്റ്റേഷനിലേക്ക് വലിയ ദൂരമില്ല; എന്നാലും ഞങ്ങൾ അങ്ങോട്ടു പോയില്ല. ഡാഡി സിഗ്നലുകൾ ശരിയല്ലേയെന്ന് നോക്കി ഉറപ്പു വരുത്തി. ഡാഡി അങ്ങനെയാണ്‌, ഒരു കാര്യവും വിട്ടുകളയില്ല. ഞങ്ങൾ പുഴക്കരെ നടത്ത നിർത്തി. അന്തിവെയിലിൽ പരന്നൊഴുകുകയാണത്. ഇരുകരകളിലും ഇല തിങ്ങിയ മരങ്ങൾ തെളിഞ്ഞ ജലത്തിൽ മുഖം നോക്കി നിന്നിരുന്നു. എല്ലാമെത്ര ദീപ്തവും നൂതനവുമായിരുന്നു! മുകളിലെ തടാകങ്ങളിൽ നിന്ന് ഒരിളംതെന്നൽ വീശിവന്നു. വരമ്പു പിടിച്ച് ഞങ്ങൾ അല്പദൂരം താഴേക്കു നടന്നു. ചൂണ്ടയിടാൻ പറ്റിയ ഇടങ്ങൾ ഡാഡി എനിക്കു കാണിച്ചുതന്നു. കുട്ടിയായിരിക്കുമ്പോൾ മീൻ കൊത്തുന്നതും നോക്കി ഡാഡി ആ പാറകളിൽ ഇരിക്കാറുണ്ടായിർന്നത്രെ. പലപ്പോഴും ഒരു മീൻ പോലും ചൂണ്ടയിൽ കൊത്തുകയില്ല; എന്നാലും നേരം കളയാൻ പറ്റിയ സംഗതിയായിരുന്നു അത്. ഇപ്പോൾ ഡാഡിക്കു തീരെ സമയമില്ല. കുറച്ചു നേരം ഞങ്ങൾ പുഴക്കരയിലിരുന്നു കളിച്ചു; ഒഴുക്കെടുത്തുകൊണ്ടു പോകാനായി ഞങ്ങൾ കോർക്കുകഷണങ്ങൾ വലിച്ചെറിഞ്ഞു, ആർക്കാണ്‌ ഏറ്റവും ദൂരത്തേക്കെറിയാൻ പറ്റുന്നതെന്നറിയാനായി കല്ലുകൾ വലിച്ചെറിഞ്ഞു. പ്രകൃതം കൊണ്ടേ ഉല്ലാസപ്രിയരാണ്‌ ഞങ്ങൾ, ഡാഡിയും ഞാനും. അല്പം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയൊരു തളർച്ച തോന്നി. ഇനി കളി മതിയാക്കാമെന്നു വച്ച് ഞങ്ങൾ മടക്കയാത്ര തുടങ്ങി.

അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങി. കാടുകൾക്കു മാറ്റം വന്നു. നല്ല ഇരുട്ടെന്നു പറയാനില്ലെങ്കിലും മിക്കവാറും ഇരുട്ടായിക്കഴിഞ്ഞു. ഞങ്ങൾ വേഗം നടന്നു. അമ്മയ്ക്കിപ്പോൾ ഉത്കണ്ഠയായിത്തുടങ്ങിയിരിക്കും. ഒന്നുമില്ലെങ്കിലും എന്തെങ്കിലും സംഭവിക്കുമെന്ന പേടിയാണ്‌ അമ്മയ്ക്കെപ്പോഴും. ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു. എല്ലാം വേണ്ടപോലെ നടന്നു; ഞങ്ങൾക്കു വളരെ തൃപ്തിയുമായി. ഇരുട്ട് കൂടിക്കൂടി വരികയായിരുന്നു; മരങ്ങൾ വിചിത്രരൂപങ്ങൾ പോലെ തോന്നിത്തുടങ്ങി. അവ ഞങ്ങളുടെ കാലൊച്ചകൾ കാതോർത്തു നില്ക്കുകയാണ്‌; ഞങ്ങൾ ആരെന്ന് അവയ്ക്കറിയില്ലെന്ന പോലെ. ഒരു മരത്തിനടിയിൽ ഒരു മിന്നാമിനുങ്ങിനെ കണ്ടു. ഇരുട്ടത്തു കിടന്നുകൊണ്ട് ഞങ്ങളെ തുറിച്ചുനോക്കുകയാണത്. ഞാൻ ഡാഡിയുടെ കൈയിൽ മുറുകെപ്പിടിച്ചു; പക്ഷേ ഡാഡി ആ വിചിത്രവെളിച്ചം ശ്രദ്ധിച്ചതായി തോന്നിയില്ല; അദ്ദേഹം നേരേ നടന്നുപോയി. ചോലയ്ക്കു മുകളിലുള്ള പാലമെത്തിയപ്പോൾ നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. അടിയിൽ അത് ഇരച്ചൊഴുകുന്നതു കണ്ടാൽ ഞങ്ങളെ അതിനു വിഴുങ്ങണമെന്നു തോന്നിപ്പോകും. സ്ലീപ്പറുകളിൽ ശ്രദ്ധിച്ചു കാലു വച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നടന്നു; വീഴാതിരിക്കാനായി ഞങ്ങൾ കൈയിൽ പിടിച്ചിരുന്നു. ഡാഡി എന്നെ എടുത്ത് അപ്പുറത്തു കടത്തുമെന്നായിരുന്നു ഞാൻ കരുതിയത്; പക്ഷേ ഡാഡി അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഞാൻ അദ്ദേഹത്തെപ്പോലെയാകണമെന്ന് ഡാഡി കരുതിക്കാണും. ഞങ്ങൾ മുന്നോട്ടു നടന്നു. ആ ഇരുട്ടത്ത് ഒന്നും മിണ്ടാതെ, ഒരേ താളത്തിൽ കാലെടുത്തുവച്ച്, ശാന്തനായി ഡാഡി നടന്നു. ഡാഡിയുടെ മനസ്സിൽ എനിക്കറിയാത്ത ചിന്തകളായിരിക്കാം. ഇത്രയും പ്രേതതുല്യമായ ഒരന്തരീക്ഷത്തിൽ ഇത്രയും പ്രശാന്തത സൂക്ഷിക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിയുന്നുവെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ പേടിയോടെ ചുറ്റും നോക്കി. എവിടെയും ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. അമർത്തി ശ്വാസമെടുക്കാൻ കൂടി എനിക്കു ധൈര്യം വന്നില്ല; കാരണം, അപ്പോൾ ഇരുട്ട് നിങ്ങളിലേക്കു വരികയാണ്‌, അതപകടവുമാണ്‌, ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ ഇപ്പോൾ മരിക്കും. മനസ്സിൽ അങ്ങനെ ഒരു ചിന്ത വന്നത് ഞാൻ വ്യക്തമായി ഓർക്കുന്നു. തിട്ട നല്ല ഉയരത്തിലായിരുന്നു. കറുത്ത രാത്രിയിൽ അതലിഞ്ഞുചേർന്നു. ടെലിഫോൺ തൂണുകൾ പ്രേതങ്ങളെപ്പോലെ മാനത്തേക്കുയർന്നു നിന്നിരുന്നു; അങ്ങു മണ്ണിനടിയിൽ ആരോ സംസാരിക്കുകയാണെന്നപോലെ താഴ്ന്ന സ്ഥായിയിൽ അവ മുരണ്ടുകൊണ്ടിരുന്നു. എത്ര പേടിപ്പെടുത്തുന്നതായിരുന്നു എല്ലാം! ഒന്നും യഥാർത്ഥമല്ലെന്നും ഇതൊന്നും പ്രകൃതിയിലുള്ളതല്ലെന്നും എല്ലാം ഒരു നിഗൂഢതയാണെന്നും തോന്നി. ഞാൻ ഡാഡിയോട് ഒന്നുകൂടി പറ്റിച്ചേർന്നുകൊണ്ട് അടക്കത്തിൽ പറഞ്ഞു: “ഇരുട്ടാകുമ്പോൾ ഇത്രയും പേടി തോന്നുന്നതെന്താ, ഡാഡീ?”

“ ഇല്ല മോനേ, അത്ര പേടിക്കാനൊന്നുമില്ല,” എന്നു പറഞ്ഞുകൊണ്ട് ഡാഡി എന്‍റെ കൈയിൽ പിടിച്ചു.

“ഇല്ല, ഡാഡീ, അങ്ങനെയാണ്‌.”

“അല്ല, അങ്ങനെ ചിന്തിക്കരുത്. ദൈവം എന്നൊരാളുണ്ടെന്ന് നമുക്കറിയില്ലേ?”

ഒറ്റപ്പെട്ട പോലെ, എല്ലാവരുമെന്നെ കൈവിട്ടപോലെ എനിക്കു തോന്നി. എനിക്കു മാത്രമാണ്‌ പേടി തോന്നുന്നതെന്നത്, ഡാഡിക്കു പേടി ഇല്ലെന്നത് എനിക്കു വിചിത്രമായി തോന്നി. ഒരേ പോലെയല്ല ഞങ്ങളുടെ ചിന്തകളെന്നത് എനിക്കു വിചിത്രമായി തോന്നി. ഡാഡി പറഞ്ഞത് എന്നെ സഹായിച്ചില്ലെന്നത്, എന്‍റെ പേടി മാറ്റാൻ അതുതകിയില്ലെന്നത് അതിലും വിചിത്രമായി തോന്നി. ദൈവത്തെക്കുറിച്ചു പറഞ്ഞതു പോലും എന്നെ സഹായിച്ചില്ല. ദൈവം പോലും പേടിപ്പെടുത്തുന്നതായി എനിക്കു തോന്നി. ഈ ഇരുട്ടത്ത് അവൻ എവിടെയുമുണ്ടെന്നത്, ആ മരങ്ങൾക്കടിയിൽ, മുരളുന്ന തൂണുകൾക്കുള്ളിൽ (മുരളുന്നത് അവൻ തന്നെയായിരിക്കണം) അവനുണ്ടെന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. എവിടെയുമുള്ള അവനെ കാണാനും പറ്റില്ല.

മനസ്സിൽ അവനവന്‍റെ ചിന്തകളുമായി ഞങ്ങൾ നിശ്ശബ്ദരായി നടന്നു. എല്ലാ ഇരുട്ടും കൂടി എന്‍റെ ഹൃദയത്തിനുള്ളിലേക്കു ഞെരുങ്ങിക്കടന്നപോലെ എന്‍റെ നെഞ്ചു വിങ്ങി.

അപ്പോഴാണ്‌, ഞങ്ങൾ ഒരു വളവിലെത്തിയപ്പോഴാണ്‌, പിന്നിൽ പെട്ടെന്നൊരിരമ്പം ഞങ്ങൾ കേൾക്കുന്നത്. ഞങ്ങൾ ചിന്തകളിൽ നിന്നു ഞെട്ടിയുണർന്നു. ഡാഡി എന്നെ തിട്ടയിൽ നിന്നു വലിച്ചിറക്കി പൂണ്ടടക്കം പിടിച്ചുകൊണ്ടു നിന്നു; ഒരു ട്രെയിൻ ഇരമ്പിക്കുതിച്ചുപോയി: ഒരു കറുത്തിരുണ്ട തീവണ്ടി. ഒരു കോച്ചിലും വെളിച്ചമുണ്ടായിരുന്നില്ല; എവിടേക്കാണതു പാഞ്ഞുപോകുന്നത്? ഇതേതു വണ്ടിയായിരിക്കും? ഇത് വണ്ടിയുള്ള നേരവുമല്ല! ഭീതിയോടെ ഞങ്ങൾ നോക്കിനിന്നു. കൂറ്റൻ ആവിയെഞ്ചിന്‍റെ അലറുന്ന ചൂളയിലേക്ക് അവർ കല്ക്കരി കോരിയിട്ടുകൊണ്ടിരുന്നു; തീപ്പൊരികൾ ഇരുട്ടിലേക്കു പാറിവീണുകൊണ്ടിരുന്നു. പേടിപ്പെടുത്തുന്ന ദൃശ്യം. എരിതീയുടെ വെളിച്ചത്തിൽ വിളറിയും ചലനമറ്റും ഡ്രൈവർ നില്ക്കുന്നുണ്ടായിരുന്നു; അയാളുടെ മുഖം കല്ലിച്ച പോലിരുന്നു. ഡാഡിക്ക് അയാളെ കണ്ടിട്ടു മനസ്സിലായില്ല- ഡാഡിക്ക് അയാളെ അറിയില്ല. നേരേ മുന്നിലേക്കു തുറിച്ചു നോക്കിക്കൊണ്ട് അയാൾ നിന്നു, ഇരുട്ടിലേക്ക്, അന്ത്യമെന്നതില്ലാത്ത ഇരുട്ടിലേക്ക് പാഞ്ഞുപോവുക എന്നതാണു തന്‍റെ ഉന്നമെന്നപോലെ.

ഞെട്ടി വിറച്ചും കിതച്ചും കൊണ്ട് ആ ഭീഷണദൃശ്യം നോക്കി ഞാൻ നിന്നു. ഇരുട്ടതിനെ വിഴുങ്ങിക്കഴിഞ്ഞു. ഡാഡി എന്നെ പാളത്തിലേക്കു പിടിച്ചുകയറ്റി; ഞങ്ങൾ ധൃതിയിൽ വീട്ടിലേക്കു നടന്നു. അദ്ദേഹം പറഞ്ഞു, “അതേതു വണ്ടിയാണെന്ന് എനിക്കു മനസ്സിലാകുന്നേയില്ല! ആ ഡ്രൈവറേയും പരിചയമില്ല.” പിന്നെ ഡാഡി ഒന്നും മിണ്ടിയില്ല.

പക്ഷേ എന്‍റെ ഉടലാകെ വിറയ്ക്കുകയായിരുന്നു. അതെനിക്കുള്ളതായിരുന്നു, എന്‍റെ പേർക്കുള്ളതായിരുന്നു. അതിന്‍റെ പൊരുളെന്തെന്ന് ഞാൻ ഊഹിച്ചു: എന്നെ കാത്തിരിക്കുന്ന ഭീതിയാണത്, എനിക്കജ്ഞാതമായതെല്ലാമാണത്; എന്‍റെ ഡാഡിക്കറിയാത്തതെല്ലാമാണത്; അതിൽ നിന്നെന്നെ രക്ഷിക്കാൻ ഡാഡിക്കു കഴിയുകയുമില്ല. അതാണെനിക്കു പറഞ്ഞിരിക്കുന്ന ലോകം, എനിക്കു പറഞ്ഞിരിക്കുന്ന ജീവിതം; എല്ലാം സുരക്ഷിതവും സുനിശ്ചിതവുമായിരുന്ന ഡാഡിയുടെ ലോകവും ജീവിതവും പോലെയല്ല. അത് യഥാർത്ഥലോകമായിരുന്നില്ല, യഥാർത്ഥജീവിതവുമായിരുന്നില്ല; അന്ത്യമെന്നതില്ലാത്ത ഒരന്ധകാരത്തിലേക്ക് എരിഞ്ഞും കൊണ്ടതു പാഞ്ഞുപോയിരുന്നു എന്നു മാത്രം.


Par Lagerkvist (1891-1974) സ്വീഡിഷ് കവിയും നോവലിസ്റ്റും നാടകകൃത്തും; 1951ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. യാഥാർത്ഥ്യത്തിന്റെ അതിഥി(1925) എന്ന ആത്മകഥയാണ്‌ ഏറ്റവും പ്രശസ്തമായ കൃതി. കുള്ളൻ (1944), ബറാബസ് (1950) എന്നിവ നോവലുകൾ


മലയാളനാട് വെബ് മാഗസിന്റെ 2017 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

2017, ജൂൺ 19, തിങ്കളാഴ്‌ച

ഹക്കൂയിൻ - ഒരു കൈ കൊട്ടിയാൽ കേൾക്കുന്നത്


hakuin_thumb[2]

“ഒരു കൈ കൊട്ടിയാൽ എന്തു കേൾക്കും” എന്നത് സെൻ വായനക്കാർക്ക് സുപരിചിതമായ ഒരു ചോദ്യമാണ്‌. ഈ കോണിന്റെ (പ്രഹേളികയുടെ) ഉപജ്ഞാതാവ് ഹക്കൂയിൻ ഇകാകു Hakuin Ekaku(1684-1786) എന്ന ജാപ്പനീസ് ഗുരുവാണ്‌. അദ്ദേഹത്തിന്റെ രചനകൾ പ്രസംഗങ്ങൾ, കവിതകൾ, കത്തുകൾ, വ്യാഖ്യാനങ്ങൾ, ഗാനങ്ങൾ, ചിത്രങ്ങൾ, കാലിഗ്രാഫി എന്നിങ്ങനെ പല മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഒന്നിനോടും പറ്റിപ്പിടിക്കരുതെന്ന്, അതിനി എത്ര പേരു കേട്ട വേദഗ്രന്ഥമായാലും,  അദ്ദേഹം ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഉദാഹരണത്തിന്‌ വജ്രസൂത്രത്തിന്റെ വ്യാഖ്യാനത്തിൽ അതിലെ ‘രൂപം ശൂന്യം, ശൂന്യം രൂപം’ എന്ന വരിയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. “ചവറ്‌! ഉപയോഗമില്ലാത്ത കുപ്പത്തൊട്ടി! മൊച്ചയെ മരം കേറാൻ പഠിപ്പിക്കണോ! രണ്ടായിരം കൊല്ലമായി അലമാരയിൽ പൊടി പിടിച്ചു കിടക്കുകയാണ്‌ ഈ തരം സാധനങ്ങൾ.” അതുപോലെ ‘രൂപം ശൂന്യമല്ലാതൊന്നുമല്ല, ശൂന്യം രൂപമല്ലാതൊന്നുമല്ല’ എന്നതിനെക്കുറിച്ച് ഇങ്ങനെ: “ഒന്നാന്തരം പലഹാരം വച്ചിരുന്ന പാത്രമായിരുന്നു. അതിൽ രണ്ട് എലിക്കാട്ടമെടുത്തിട്ട് അയാൾ അതു നശിപ്പിച്ചുകളഞ്ഞു! വയറു നിറഞ്ഞവന്റെ വായിൽ മധുരം കുത്തിത്തിരുകിയിട്ടു കാര്യമുണ്ടോ!” അതിപാവനമായ ഈ ഗ്രന്ഥത്തോടുള്ള ഈ സമീപനം വിചിത്രമായി തോന്നാമെങ്കിലും ‘ബുദ്ധൻ മുന്നിൽ വന്നാൽ ബുദ്ധനെ കൊല്ലുക’ എന്ന ലിൻ-ചി ഉപദേശത്തിനു ചേർന്നതു തന്നെയാണത്.


ധ്യാനഗീതം


ജീവികൾ സഹജമായും ബുദ്ധന്മാർ തന്നെ,
മഞ്ഞും ജലവും പോലെ;
ജലമില്ലാതെ മഞ്ഞില്ല, ജീവികളില്ലാതെ ബുദ്ധന്മാരുമില്ല.
എത്രയരികിലാണതെന്നറിയാതെ
ആളുകളതിനെ പുറമേ തേടുന്നു- എന്തു കഷ്ടം!
വെള്ളത്തിൽ കിടന്നു ‘ദാഹിക്കുന്നു’ എന്നു നിലവിളിക്കുന്നവനെപ്പോലെ,
യാചകനെപ്പോലലഞ്ഞുനടക്കുന്ന ധനികന്റെ മകനെപ്പോലെ.
ആറു ലോകങ്ങളിലും ബന്ധിതരാണു നാമെങ്കിൽ
അജ്ഞതയുടെ അന്ധകാരത്തിലുഴലുകയാണു നാമെന്നതാണു കാരണം.
ഇരുണ്ട പാതകളൊന്നൊന്നായി നടന്നൊടുവിൽ
ഈ സംസാരചക്രത്തിൽ നിന്നെന്നാണു നാം പുറത്തുകടക്കുക?
മഹായാനധ്യാനം സ്തുതികൾക്കുമപ്പുറമത്രെ.
ദാനം, നാമം, ധർമ്മം, വ്രതം, വിനയം-
സർവതും ധ്യാനത്തിലടങ്ങുന്നു.
ഒരിക്കൽ ധ്യാനത്തിലിരുന്നാൽത്തന്നെ
നിങ്ങളുടെ ദുഷ്കർമ്മങ്ങൾ നശിച്ചുപോകുന്നു.
എങ്ങനെ പിന്നെ മായ നമ്മെ വഴി തെറ്റിക്കാൻ?
കാര്യകാരണങ്ങളുടെ കവാടം നിങ്ങൾ തുറന്നുകഴിഞ്ഞാൽ
ദ്വന്ദ്വങ്ങൾക്കപ്പുറത്തുള്ള ഒരു വഴി നിങ്ങൾ കണ്ടുപിടിക്കും.
രൂപമില്ലാത്ത രൂപം നിങ്ങളുടെ രൂപമാകുന്നു,
വന്നാലും പോയാലും നിങ്ങളിളകുന്നുമില്ല.
ചിന്തയില്ലാത്ത ചിന്ത നിങ്ങളുടെ ചിന്തയാകുന്നു,
നിങ്ങളുടെ പാട്ടും നൃത്തവും ധർമ്മത്തിന്റെ ശബ്ദമാകുന്നു.
എത്ര പരിധിയറ്റതാണു സമാധിയുടെ ആകാശം,
ജ്ഞാനചന്ദ്രനെത്ര ദീപ്തം!
ഈ മുഹൂർത്തത്തിൽ നിങ്ങൾക്കെന്തു കുറവാണുള്ളത്?
നിർവാണം നിങ്ങളുടെ കണ്മുന്നിലല്ലേ!
നിങ്ങൾ ഈ നില്ക്കുന്ന മണ്ണു തന്നെ ബുദ്ധക്ഷേത്രം,
നിങ്ങളുടെ ദേഹം ബുദ്ധദേഹവും.



മൊച്ച കൈയെത്തിക്കുന്നു

ജലത്തിലെ ചന്ദ്രനെ പിടിക്കാനായിmonkey moon
മൊച്ച കൈയെത്തിക്കുന്നു.
മരണം തന്നെ പിടി കൂടിയാലല്ലാതെ
അവൻ ഈ പണി നിർത്തുകയുമില്ല.
അവൻ ചില്ലയിലെ പിടിയൊന്നു വിട്ടിരുന്നെങ്കിൽ,
കയത്തിൽ താണു മറഞ്ഞിരുന്നെങ്കിൽ,
കണ്ണഞ്ചിക്കുന്ന നറും വെളിച്ചത്താൽ
ലോകമാകെത്തിളങ്ങിയേനെ!







Online works of Hakuin

2017, ജൂൺ 18, ഞായറാഴ്‌ച

വിസേന്തേ ഹുയിഡോബ്രോ - കാവ്യകല

Vicente_huidobro


ഒരായിരം വാതിലുകൾ തുറക്കുന്ന
ചാവി പോലെയാവട്ടെ കവിത.
ഒരു താള് മറിയുന്നു; എന്തോ ഒന്നു പറന്നുയരുന്നു..
കണ്ണുകൾ കാണുന്നതെന്തും സൃഷ്ടിയാവട്ടെ.
കേൾവിക്കാരന്റെ ഹൃദയം പിടയട്ടെ.

നവലോകങ്ങൾ കണ്ടെത്തുക,
വാക്കുകളിൽ ജാഗ്രത പാലിക്കുക.
ജീവൻ നല്കാനല്ലെങ്കിൽ പിന്നെ
വിശേഷണങ്ങൾ ജീവനെടുക്കും.

ഞരമ്പുകളുടെ കാലത്താണു
നാം ജീവിക്കുന്നത്.
മാംസപേശികൾ
കാഴചബംഗ്ളാവുകളിൽ തൂങ്ങിക്കിടക്കുന്നു,
ഓർമ്മകളെപ്പോലെ.
അതുകൊണ്ടു പക്ഷേ,
നാം ബലം കെട്ടവരായി എന്നല്ല.
ഓജസ്സ് തലയ്ക്കുള്ളിലത്രെ.

കവികളേ,
എന്തിനു നിങ്ങൾ പനിനീർപ്പൂക്കളെക്കുറിച്ചു പാടുന്നു?
നിങ്ങളുടെ വരികളിൽ അവ വിരിയട്ടെ.

സൂര്യനു ചുവട്ടിലുള്ളതെല്ലാം
നമുക്കുള്ളതല്ലേ.

കവി ഒരു ചെറുകിടദൈവമാണ്‌.


Vicente Huidobro (1893-1948)- ചിലിയൻ കവി. വസ്തുക്കളെ വിവരിക്കുകയല്ല, അവയ്ക്കു ജീവൻ നല്കുകയാണു കവിതയിൽ ചെയ്യേണ്ടതെന്ന “സൃഷ്ടിവാദം” എന്ന കാവ്യസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.


Arte Poética


Que el verso sea como una llave
Que abra mil puertas.
Una hoja cae; algo pasa volando;
Cuanto miren los ojos creado sea,
Y el alma del oyente quede temblando.

Inventa mundos nuevos y cuida tu palabra;
El adjetivo, cuando no da vida, mata.

Estamos en el ciclo de los nervios.
El músculo cuelga,
Como recuerdo, en los museos;
Mas no por eso tenemos menos fuerza:
El vigor verdadero
Reside en la cabeza.

Por qué cantáis la rosa, ¡oh Poetas!
Hacedla florecer en el poema;

Sólo para nosotros
Viven todas las cosas bajo el Sol.

El Poeta es un pequeño Dios.

Let poetry become a key
That opens a thousand doors.
A leaf falls; something flies past;
Let everything the eyes see be created,
And the listener’s soul keep trembling.

Invent new worlds and guard your word;
Unless it gives new life, the adjective kills.

We dwell in a circle of nerves.
Muscle hangs,
Like a memory, in museums,
But that doesn’t mean we have less strength.
True vigor
Comes from the head.

Poets! Why eulogize the rose?
Through the poem you can make it bloom.

Everything under the sun
Lives only for us.

The Poet is a little God.


2017, ജൂൺ 16, വെള്ളിയാഴ്‌ച

ഗബ്രിയേല മിസ്ത്രൽ - ഗദ്യകവിതകള്‍


ചുംബനം

യേശുവിനെ ഒറ്റിക്കൊടുത്തന്നു രാത്രിയിൽ അല്പനേരത്തേക്കു യൂദാ ഉറങ്ങി; ഉറക്കത്തിൽ യൂദാ സ്വപ്നം കണ്ടു; നാം സ്നേഹിക്കുന്നവരെയോ, നാം കൊല്ലാനൊരുങ്ങുന്നവരെയോ അത്രെ, നാം സ്വപ്നം കാണുന്നു.

യേശു അവനോടു പറഞ്ഞു: “നീ എന്തിനെന്നെ ചുംബിച്ചു? നിനക്കു നിന്റെ വാളു കൊണ്ടെന്നെ വരയാമായിരുന്നല്ലോ, എന്നെ അടയാളപ്പെടുത്താൻ. എന്റെ ചോര ഒരുങ്ങിയിരിക്കുകയായിരുന്നു, ഒരു പാനപാത്രം പോലെ, നിന്റെ ചുണ്ടുകൾക്കായി; എന്റെ ഹൃദയം മരണത്തെ ചെറുത്തതുമില്ല. ഒലീവുചില്ലകൾക്കിടയിൽ നിന്റെ മുഖമുയരുന്നതും നോക്കിയിരിക്കുകയായിരുന്നു ഞാൻ.

”നീയെന്തിനെന്നെ ചുംബിച്ചു? നീയിതു ചെയ്തതിനാൽ ഒരമ്മയുമിനി മകനെ ചുംബിക്കില്ല; സ്നേഹം കൊണ്ടു മണ്ണിനെ ചുംബിക്കുന്നതൊക്കെ, ഇലകളും വെയിലും, നിഴലിന്റെ ലാളനകളെ ചെറുക്കുകയും ചെയ്യും. വെളിച്ചത്തിൽ നിന്നു ഞാൻ ആ ചുംബനമെങ്ങനെ തുടച്ചുമാറ്റും, ഈ വസന്തകാലത്തെ ലില്ലിപ്പൂവുകളെയതു വാട്ടാതിരിക്കാൻ? ഹാ, നിന്നെ വിശ്വസിച്ച ലോകത്തെ വഞ്ചിച്ചുവല്ലോ, നീ.

“നീയെന്തിനെന്നെ ചുംബിച്ചു? കൊലയാളികൾ ദണ്ഡുകളും കത്തികളും തുടച്ചുവയ്ക്കുകയായി; വൃത്തിയുള്ളവയാണവ. തീക്കുണ്ഢങ്ങളല്ലാതെ ചുംബനങ്ങൾ പണ്ടുണ്ടായിട്ടില്ല.

“ഇനിയെങ്ങനെ നീ ജീവിക്കും? മരത്തിന്റെ തൊലിയ്ക്കു മുറിവുകൾ പൊരുത്തമാകും; മറ്റേതു ചുണ്ടുകൾ കൊണ്ടു പക്ഷേ, നീ ചുംബിക്കാൻ? അമ്മയെ നീ ചുംബിച്ചാൽ ആ സ്പർശം കൊണ്ടവർ വിളറിവെളുക്കും, നിന്റെ നേരറിഞ്ഞപ്പോൾ വെളുത്തുപോയ ഒലീവുമരങ്ങളെപ്പോലെ.

”യൂദാ, യൂദാ, ആ ചുംബനം ആരു നിന്നെ പഠിപ്പിച്ചു?“

”വേശ്യ,“ ശ്വാസം മുട്ടിക്കൊണ്ടവൻ പറഞ്ഞു; ചോര തന്നെയായ വിയർപ്പിൽ അവൻ മുങ്ങി; സ്വന്തം ചുണ്ടുകളവൻ കാർന്നു, തൊലി മരച്ചൊരു മരം പോലെ.

യൂദായുടെ തലയോട്ടിയിൽ ചുണ്ടുകൾ ശേഷിച്ചു. അടർന്നുവീഴാതെ അവ തങ്ങിനിന്നു, പാതി തുറന്നും, ചുംബനം ദീർഘിപ്പിച്ചും. അവയടയ്ക്കാനായി അവന്റെ അമ്മ ഒരു കല്ലെടുത്തുവച്ചു; പുഴുക്കളവ കാർന്നു; അഴുകാനായി മഴയവയെ കുതിർത്തു.ഒക്കെ വിഫലം. അവ ചുംബിച്ചുകൊണ്ടേയിരിക്കുന്നു, മണ്ണിനടിയിലും.


ശത്രു

ഞാന്‍ മണ്ണായിക്കഴിഞ്ഞെന്നു  ഞാൻ സ്വപ്നം കണ്ടു: വഴിയരികിൽ കറുത്ത മണ്ണിന്റെ ആറടി നീളം. സന്ധ്യക്കു കറ്റക്കെട്ടുകളും കയറ്റി വണ്ടികൾ കടന്നുപോകുമ്പോൾ അവ ശേഷിപ്പിച്ച ഗന്ധത്തിൽ പിറന്ന നാടിന്റെ ഓർമ്മകളുണർന്ന് ഞാൻ കോരിത്തരിച്ചു. പിന്നെ ഒരു പറ്റം കൊയ്ത്തുകാർ എന്നെയും കടന്നുപോയപ്പോൾ ആ ഓർമ്മകൾ വീണ്ടും എന്നിലുയർന്നു. അന്തിപ്പൂജയ്ക്കു മണി മുഴങ്ങുമ്പോൾ അന്ധമായ മണ്ണിനടിയിൽ കിടന്നുകൊണ്ട് എന്റെ ആത്മാവ് ദൈവത്തെ ഓർമ്മിച്ചു.

എനിക്കരികിൽ ഒരു സ്ത്രീയുടെ മുലയുടെ വടിവിൽ ചെമ്മണ്ണു കൂമ്പാരം കൂടിക്കിടന്നിരുന്നു; അതിനുമുണ്ടാവും ഒരാത്മാവെന്ന തോന്നലോടെ ഞാൻ ചോദിച്ചു:

“നിങ്ങളാരാ?”

“ഞാൻ,” അതു പറഞ്ഞു, “നിന്റെ ശത്രു, ഒരാലോചനയുമില്ലാതെ ‘ശത്രു’വെന്നു നീ വിളിച്ചവൾ.”

ഞാൻ പറഞ്ഞു:

“ഞാൻ മാംസമായിരുന്നപ്പോൾ, യൌവനം നിറഞ്ഞ, ധാർഷ്ട്യം നിറഞ്ഞ മാംസമായിരുന്നപ്പോൾ ഞാൻ വെറുത്തു. ഇന്നു പക്ഷേ ഞാൻ കറുത്തിരുണ്ട വെറും മൺപൊടി മാത്രമാണ്‌; ഇന്നു ഞാൻ എനിക്കു മേൽ വളരുന്ന മുൾച്ചെടികളെപ്പോലും സ്നേഹിക്കുന്നു, എന്നെ മുറിപ്പെടുത്തിക്കൊണ്ടു കടന്നുപോകുന്ന വണ്ടിച്ചക്രങ്ങളെയും സ്നേഹിക്കുന്നു.”

“എന്റെയും വെറുപ്പുകൾ ഒടുങ്ങിക്കഴിഞ്ഞു,” അവൾ പറഞ്ഞു, “യാതനകൾ ഏറെയറിഞ്ഞതിനാൽ ഒരു മുറിവു പോലെ ചെന്നിറമായിരിക്കുന്നു ഞാൻ; എനിക്കു നിന്നെ സ്നേഹിക്കണമെന്നു ഞാൻ വാശി പിടിച്ചതിനാൽ അവർ എന്നെ നിനക്കരികിൽ വച്ചു.”

“നീ ഒന്നുകൂടി എനിക്കരികിലായിരുന്നെങ്കിൽ,” ഞാൻ പറഞ്ഞു, “എന്റെ കൈകൾ നിന്നിലേക്കെത്തുന്നില്ലല്ലോ.”

“നീ എന്റെ ഹൃദയത്തിനരികിലായിരുന്നെങ്കിൽ,” അവൾ പറഞ്ഞു, “നിന്റെ വെറുപ്പിന്റെ പൊള്ളലറിഞ്ഞ എന്റെ നെഞ്ചിനരികെ.”

ഒരുച്ചതിരിഞ്ഞ നേരം അതു വഴി കടന്നുപോയ ഒരു കുംഭാരൻ വിശ്രമിക്കാനായി ഞങ്ങൾക്കരികിൽ വന്നിരുന്നു; രണ്ടു കളിമണ്ണിനെയും അയാൾ കൈയിലെടുത്തോമനിച്ചു.

“രണ്ടും നല്ല മൃദുത്വമുള്ളവ,” അയാൾ പറഞ്ഞു. “രണ്ടും ഒരേ പോലെ മൃദു, ഒന്നു കറുത്തും മറ്റേതു ചോരച്ചുവപ്പുമാണെന്നേയുള്ളു. ഞാൻ രണ്ടും കൊണ്ടുപോയി ഒരു പാത്രമുണ്ടാക്കും.”

കുംഭാരൻ ഞങ്ങളെ കൂട്ടിക്കലർത്തി; മറ്റൊന്നും ഇതേപോലെ തമ്മിൽ കലർന്നിട്ടുണ്ടാവില്ല; രണ്ടിളംകാറ്റുകൾ പോലെ, രണ്ടൊഴുക്കുകൾ പോലെ ഞങ്ങൾ ഇഴുകിച്ചേർന്നു.

എരിയുന്ന ചൂളയിൽ അയാൾ ഞങ്ങളെ വച്ചപ്പോൾ സൂര്യൻ കണ്ടതിൽ വച്ചേറ്റവും ദീപ്തമായ, സുന്ദരമായ നിറം ഞങ്ങൾ കൈവരിച്ചു: ഇതളുകളപ്പോൾ വിടർന്ന വർണ്ണോജ്ജ്വലമായ ഒരു പനിനീർപ്പൂവായിരുന്നു അത്...

അതിസാധാരണമായ ഒരു പാത്രമായിരുന്നു അത്, അലങ്കാരങ്ങളില്ല, കൊത്തുപണികളില്ല, ഞങ്ങളെ വേർപെടുത്താൻ യാതൊന്നുമില്ല. അതിനെ ചൂളയിൽ നിന്നെടുത്തപ്പോൾ കുംഭാരനു തോന്നി അതു കളിമണ്ണിൽ മെനഞ്ഞ വസ്തുവൊന്നുമല്ല, ഒരു പൂവാണെന്ന്: ദൈവത്തെപ്പോലെ അയാൾ ഒരു പൂവിന്റെ സൃഷ്ടി നടത്തിയിരിക്കുന്നു!

ആ മൺകുടത്തിലൊഴിക്കുന്നതെന്തും അത്രയ്ക്കു മധുരിച്ചിരുന്നു; അതു വാങ്ങിയ മനുഷ്യൻ കയ്ച്ചിട്ടിറക്കാൻ പാടില്ലാത്ത പാനീയങ്ങൾ അതിലൊഴിച്ചുവച്ചിരുന്നു, തേൻ പോലവ മധുരിക്കാൻ. ഇനി, കായീന്റെ ആത്മാവിനെത്തന്നെ അതിലൊന്നു മുക്കിയെടുത്തുവെന്നിരിക്കട്ടെ, തേനിറ്റുന്ന തേനട പോലെ അതതിൽ നിന്നുയർന്നുവരുമായിരുന്നു.


വൈരൂപ്യം

നിങ്ങൾക്കിനിയുമതിന്റെ പൊരുൾ തിരിഞ്ഞുകിട്ടിയിട്ടില്ല- വൈരൂപ്യത്തിന്റെ രഹസ്യം. നിങ്ങൾക്കു പിടി കിട്ടുന്നില്ല, വയലിലെ ലില്ലിപ്പൂക്കൾക്കു നാഥനായ നമ്മുടെ ദൈവം അതേ വയലിൽ എങ്ങനെ പൊറുപ്പിക്കുന്നു സർപ്പത്തെയെന്ന്, കിണറ്റിൽ തവളയെ എന്ന്.

അവൻ അവരെയും പൊറുപ്പിക്കുന്നു; മഞ്ഞു വീണ പായലിലൂടെ അവൻ അവരെയും കടത്തിവിടുന്നു.

വിരൂപമായതേതിനുമുള്ളിലുണ്ട് ദ്രവ്യത്തിന്റെ രോദനം; അതു കരയുന്നതു ഞാൻ കേട്ടിരിക്കുന്നു. ആ വേദന കാണൂ, അതിനെ സ്നേഹിക്കൂ. ചിലന്തിയെയും വണ്ടിനെയും സ്നേഹിക്കൂ, വേദനിക്കുകയാണവയെന്നതിനാൽ, ആഹ്ളാദത്തിന്റെ വിടർച്ചയാവാൻ അവയ്ക്കു കഴിയുന്നില്ലെന്നതിനാൽ. അവയെ സ്നേഹിക്കൂ, സൌന്ദര്യത്തിനായുള്ള അപഥസഞ്ചാരമാണവയെന്നതിനാൽ, പൂർണ്ണതയ്ക്കായുള്ള മൌനദാഹമാണവയെന്നതിനാൽ.

അങ്ങനെയാവരുതെന്നു നിങ്ങൾക്കുണ്ടായിട്ടും പാഴായായിപ്പോയ, ദുരിതം നിറഞ്ഞതായ ഒരു ദിവസം പോലെയാണവ. അവയെ സ്നേഹിക്കൂ, അവ ദൈവത്തെ ഓർമ്മിപ്പിക്കുന്നില്ലെന്നതിനാൽ, ആ മനോഹരമുഖം നമുക്കായി ആവാഹിച്ചുവരുത്തുന്നില്ലെന്നതിനാൽ. തങ്ങളിലേക്കെത്താത്ത സൌന്ദര്യത്തിനായി ക്ളേശിച്ചും അടങ്ങാത്ത ദാഹത്തോടെയും തേടിനടക്കുന്നവയിൽ സഹാനുഭൂതിയുള്ളവരാകൂ. സ്ഥൂലിച്ച ചിലന്തി നേർത്ത വലയ്ക്കുള്ളിലിരുന്നു സ്വപ്നം കാണുകയാണ്‌, ഒരാദർശലോകത്തെ; വണ്ടു ഭാവന ചെയ്യുന്നു, തന്റെ കറുത്ത മുതുകത്തു വീണ മഞ്ഞുതുള്ളി ഒരു ക്ഷണികതേജസ്സാണെന്നും.


ചെളിക്കുണ്ട്

ആകെ കെട്ടുനാറുന്നൊരു ചെളിക്കുണ്ടുണ്ടായിരുന്നു. അതിൽ വന്നുവീഴുന്നതൊക്കെ മലിനപ്പെട്ടു: അടുത്ത മരത്തിൽ നിന്നു പൊഴിയുന്ന ഇലകൾ, കിളിക്കൂട്ടിൽ നിന്നുള്ള പപ്പും പൂടയും; അതിനടിത്തട്ടിലെ പുഴുക്കൾ പോലും മറ്റു ചെളിക്കുണ്ടുകളിലെ പുഴുക്കളെക്കാൾ കറുത്തവയായിരുന്നു. അതിനരികു പറ്റി ഒരു പച്ചത്തണ്ടു പോലും വളർന്നിരുന്നില്ല.

അടുത്തൊരു മരവും കുറേ കൂറ്റൻ പാറക്കല്ലുകളും കൂടി അതിനെ വലയം ചെയ്തു നില്ക്കുകയായിരുന്നു; അങ്ങനെ സൂര്യൻ അതിനെ കാണാതെപോയി; സൂര്യൻ എന്നൊരു സംഗതിയുണ്ടെന്ന് അതിനുമറിയാതെപോയി.

അങ്ങനെയൊരു ദിവസം പക്ഷേ, അടുത്തൊരു കെട്ടിടം പണിക്കു വന്ന ജോലിക്കാർ വലിയ കല്ലുകൾ അന്വേഷിച്ച് അതുവഴി വന്നു.

ഇതു നടക്കുമ്പോൾ സന്ധ്യയായിക്കഴിഞ്ഞിരുന്നു. പിറ്റേന്നാൾ ആദ്യത്തെ വെയിൽക്കതിർ മരങ്ങൾക്കിടയിലൂടെ ചെളിക്കുണ്ടിലേക്കൂർന്നുവീണു...

സൂര്യന്റെ പൊൻവിരൽ തൊട്ടപ്പോൾ താറു പോലെ കറുത്തിരുന്ന വെള്ളം തെളിഞ്ഞുതുടങ്ങി: ആദ്യമത് ഇളം ചുവപ്പുനിറമായി, പിന്നെ വയലറ്റായി, പിന്നെ അതൊരു വർണ്ണരാജിയായി; വിസ്മയപ്പെടുത്തുന്നൊരു രത്നം!

ആ ദീപ്തബാണം തന്നിലാണ്ടിറങ്ങിയപ്പോൾ ആദ്യമൊരു സംഭ്രമം, പിന്നെ വിസ്മയം; പിന്നെ സ്വന്തം രൂപപ്പകർച്ച കണ്മുന്നിൽ കാണുന്നതിൽ വിചിത്രമായൊരാഹ്ളാദം; പിന്നെ...നിർവൃതി, ഒരു ദിവ്യസാന്നിദ്ധ്യം തന്നിലേക്കിറങ്ങിവരുമ്പോൾ നാവു നഷ്ടപ്പെട്ടൊരാരാധന.

തങ്ങൾക്കു ചുറ്റും സംഭവിക്കുന്ന ഈ പരിവർത്തനത്തിൽ അടിത്തട്ടിലെ പുഴുക്കൾ ആദ്യമൊക്കെ വല്ലാതെ വിരണ്ടുപോയി; പിന്നെ അവയുടെ സംഭ്രമമടങ്ങി; ഇപ്പോൾ തങ്ങൾക്കാകാശമായ ആ സുവർണ്ണവിതാനം അവർ സമചിത്തതയോടെ കണ്ടുനിന്നു.

അങ്ങനെ പ്രഭാതം കടന്നുപോയി, അപരാഹ്നവും പിന്നെ സായാഹ്നവും. അടുത്ത മരവും അതിലെ കിളിക്കൂടും കൂട്ടിലെ കിളിയുമൊക്കെ തങ്ങളുടെ കണ്മുന്നിൽ അരങ്ങേറുന്ന ആ മോക്ഷത്തിന്റെ ആഘാതം ഉള്ളിലറിഞ്ഞു.

അതിലും വിചിത്രമായതൊന്നാണ്‌ സൂര്യനസ്തമിച്ചപ്പോൾ അവർ കണ്ടത്.

പകലു മുഴുവൻ സൂര്യന്റെ ഊഷ്മളലാളനകളെ സാവധാനമായി, അദൃശ്യമായി ആ ചെളിവെള്ളം വലിച്ചെടുക്കുകയായിരുന്നു. അവസാനത്തെ രശ്മിയോടൊപ്പം അവസാനത്തെ നീർത്തുള്ളിയും അപ്രത്യക്ഷമായി. ആ ചെളിക്കുണ്ടൊഴിഞ്ഞുകിടന്നു, കാഴ്ച വറ്റിപ്പോയ കൂറ്റനൊരു കൺകുഴി പോലെ.

പഞ്ഞിക്കെട്ടു പോലൊരു മൃദുമേഘം തങ്ങൾക്കു മേലേ കൂടി ഒഴുകിനീങ്ങുമ്പോൾ മരവും കിളിയും ഒരുതരത്തിലുമൂഹിച്ചില്ല, ആകാശത്തെ ആ ചാരുത തങ്ങളുടെ അയൽവാസിയായിരുന്നുവെന്ന്, മാലിന്യം കൊണ്ടുദരം നിറച്ച ആ ചെളിക്കുണ്ടായിരുന്നുവെന്ന്.

.....

അങ്ങു താഴെ വേറെയും ചെളിക്കുണ്ടുകളുണ്ടല്ലോ; അവയ്ക്കു സൂര്യൻ വിലക്കുന്ന കല്ലുകളുരുട്ടിമാറ്റാൻ ദൈവം ആരെയും അയച്ചിട്ടില്ലേ?


ഗാനം

താഴ് വാരത്ത് ഒരു സ്ത്രീ പാടുകയാണ്‌. വന്നുമൂടുന്ന അന്ധകാരം അവളെ മായ്ച്ചുകളയുന്നു; പക്ഷേ അവളുടെ ഗാനം ഗ്രാമത്തിനു മേൽ അവളെ എടുത്തുയർത്തുകയാണ്‌.

അവളുടെ ഹൃദയം തകർന്നുപോയിരിക്കുന്നു, ഇന്നുച്ചയ്ക്ക് അരുവിത്തടത്തിലെ കല്ലുകൾക്കു മേൽ ഉടഞ്ഞുവീണ അവളുടെ മൺകുടം പോലെ. എന്നിട്ടും അവൾ പാടുകയാണ്‌. പുറമേ കാണാനില്ലാത്തൊരു മുറിവിലൂടെ കടന്നുപോകുമ്പോൾ ആ ഗാനത്തിന്റെ ഇഴയ്ക്കു മൂർച്ച കൂടുകയാണ്‌. അവൾ സ്വരമൊന്നു ഭേദപ്പെടുത്തുമ്പോൾ അവളുടെ ശബ്ദത്തിന്‌ ചോരയുടെ നനവു പകരുകയുമാണ്‌.

ഗ്രാമത്തിൽ അന്യശബ്ദങ്ങൾ അവയുടെ ദൈനന്ദിനമരണത്തിനു വഴങ്ങി നിശബ്ദമായിക്കഴിഞ്ഞു. ഒരു നിമിഷം മുമ്പായിരുന്നു, അവസാനത്തെ പക്ഷിയുടെ ഗാനം ഇടറിയിടറി നിലച്ചതും. മരണമില്ലാത്ത അവളുടെ ഹൃദയം, നോവിന്റെ ജീവൻ തുടിക്കുന്ന അവളുടെ ഹൃദയം നിശബ്ദമാവുന്ന ശബ്ദങ്ങളെയെല്ലാം അവളുടെ സ്വരത്തിലേക്ക്, ഇപ്പോൾ മൂർച്ച കൂടിയെങ്കിലും എന്നും മധുരമായ അവളുടെ സ്വരത്തിലേക്കു സഞ്ചയിക്കുന്നു.

അവൾ പാടുന്നത് സന്ധ്യക്കു മൌനമായി അവളെ നോക്കിയിരിക്കുന്ന ഒരു ഭർത്താവിനു വേണ്ടിയാണോ, അതോ അവളുടെ ഗാനത്തിലേക്കലിയുന്ന ഒരു കുഞ്ഞിനു വേണ്ടിയോ? ഇനിയഥവാ, ഇരുട്ടു വീഴുമ്പോൾ ഒറ്റയ്ക്കായിപ്പോയ ഒരു കുട്ടിയെപ്പോലെ തുണയറ്റ തന്റെ സ്വന്തം ഹൃദയത്തിനു വേണ്ടിയാവാം അവൾ പാടുന്നത്.

തന്റെ കൈകളിലേക്കോടിവരുന്ന ആ ഗാനം കാരണം ആസന്നരാത്രി ഒരമ്മയെപ്പോലാകുന്നു; മനുഷ്യന്റെ ഹൃദയാർദ്രതയോടെ നക്ഷത്രങ്ങൾ വിടർന്നുവരുന്നു; നക്ഷത്രാവൃതമായ ആകാശം മാനുഷികമാകുന്നു, അതിനു മണ്ണിന്റെ നോവറിയാമെന്നുമാകുന്നു.

പകലു പെയ്യുന്ന മഴ പോലെ നിർമ്മലമായ ആ ഗാനം മണ്ണിനെ കഴുകിയെടുക്കുന്നു; മനുഷ്യർ അന്യോന്യം വെറുത്ത നീചമായ ഒരു പകലിനെ അതു കഴുകിയെടുക്കുന്നു. പാടുന്നൊരു സ്ത്രീയുടെ തൊണ്ടയിൽ നിന്നും പകൽ ഉദ്ഗമിക്കുന്നു, നക്ഷത്രങ്ങളെ നോക്കി അഭിജാതമായതുയരുന്നു.


നാലിതൾപ്പൂവ്

എന്റെ ആത്മാവ് ഒരിക്കൽ ഒരു വന്മരമായിരുന്നു; ഒരു കോടി മധുരഫലങ്ങൾ അന്നതിൽ വിളഞ്ഞുകിടന്നിരുന്നു. അന്നെന്നെ കാണുക തന്നെ ഒരു നിറവായിരുന്നു; എന്റെ ചില്ലകൾക്കിടയിൽ ഒരു നൂറു കിളികളുടെ പാട്ടു കേൾക്കുക ഒരു പ്രഹർഷമായിരുന്നു!

പില്ക്കാലം എന്റെ ആത്മാവൊരു കുറ്റിച്ചെടിയായി; ശാഖകൾ വിരളമായ, ശുഷ്ക്കിച്ചൊരു മുൾച്ചെടി; എന്നാലും വാസനിക്കുന്നൊരു കറ അതിൽ നിന്നിറ്റിയിരുന്നു.

ഇന്നതു വെറുമൊരു പൂവായിരിക്കുന്നു, നാലിതളുള്ളൊരു കുഞ്ഞുപൂവ്. ഒന്നിനു പേര്‌ സൌന്ദര്യം, മറ്റേത് പ്രണയം; രണ്ടും എന്നും ഒരുമിച്ചായിരിക്കും; പിന്നെയൊന്നുള്ളത് ശോകം, ശേഷിച്ചത് ദയ. അങ്ങനെ, ഒന്നൊന്നായി ഇതളുകൾ വിരിഞ്ഞു; അതിലധികം ഇതളുകൾ അതിനുണ്ടാവുകയുമില്ല.

ഓരോ ഇതളിനും ചുവട്ടിലൊരു ചോരത്തുള്ളിയുണ്ടായിരുന്നു: സൌന്ദര്യം എനിക്കു ശോകമയമായിരുന്നതിനാൽ, പ്രണയമെനിക്കു കൊടുംയാതനയായിരുന്നതിനാൽ, എന്റെ ദയയും ഒരു മുറിവിൽ നിന്നു ജനിച്ചതായിരുന്നതിനാൽ.

ഒരു വന്മരമായിരുന്നപ്പോൾ എന്നെ അറിഞ്ഞിരുന്ന നിങ്ങൾ, ഇത്ര വൈകി, ഈ സന്ധ്യനേരത്ത് എന്നെത്തേടിവന്ന നിങ്ങൾ, നിങ്ങൾ ഒരുവേള എന്നെ കണ്ടിട്ടറിയാതെ കടന്നുപോയെന്നു വരാം.

പൊടിയിൽ കിടന്നുകൊണ്ട് മൌനമായി ഞാൻ നിങ്ങളെ നിരീക്ഷിക്കും; നിങ്ങളുടെ മുഖം കൊണ്ടെനിക്കു മനസ്സിലാവും, ഒരു കണ്ണീർത്തുള്ളി പോലെ ക്ഷണികമായ ഒരു കുഞ്ഞുപൂവു കൊണ്ട് നിങ്ങൾ തൃപ്തനാവുമോയെന്ന്.

ഉത്കർഷേച്ഛയാണു നിങ്ങളുടെ കണ്ണുകളിൽ ഞാൻ കാണുന്നതെങ്കിൽ കനികൾ കൊണ്ടു ചെമ്പിച്ച വന്മരങ്ങൾക്കടുത്തേക്കു പോകട്ടെ നിങ്ങളെന്നു ഞാൻ വയ്ക്കും.

എന്തെന്നാൽ, ഇന്ന്, ഈ പൊടിയിൽ എന്നോടൊപ്പം എനിക്കു കൈക്കൊള്ളാനാവുന്നയാൾ ഈ ക്ഷണികദീപ്തി കൊണ്ടു തൃപ്തനാവുന്നത്ര എളിമപ്പെട്ടവനായിരിക്കണം; ഉത്കർഷേച്ഛയോടത്ര ഉദാസീനനായിരിക്കണം; എന്റെ പൊടിയിൽ കവിളു ചേർത്തും ചുണ്ടുകളാലെന്നെ സ്പർശിച്ചും ലോകത്താൽ വിസ്മൃതനായും എന്റെയൊപ്പം നിത്യത കഴിക്കുന്നവനാവണം!


സ്വപ്നം

ദൈവം എന്നോടു പറഞ്ഞു: “നിന്റെ രാത്രിക്ക് ഒരു വിളക്കു മാത്രമേ ഞാൻ നിനക്കു ബാക്കി വയ്ക്കുന്നുള്ളു. അന്യസ്ത്രീകൾ പ്രണയത്തിനും ആനന്ദത്തിനും പിന്നാലെ പാഞ്ഞുപോയിരിക്കുന്നു. സ്വപ്നമെന്ന വിളക്കു ഞാൻ നിനക്കു തന്നിട്ടുപോകുന്നു; അതിന്റെ സൌമ്യദീപ്തിയിൽ നീ നിന്റെ ജീവിതം ജീവിക്കുക.

” ഈ വിളക്കു നിന്റെ ഹൃദയമെരിക്കില്ല, പ്രണയത്തിനു പിന്നാലെ പോയ ആ സ്ത്രീകളെ പ്രണയമെന്നപോലെ; ഇതു നിന്റെ കൈയിലിരുന്നുടയുകയുമില്ല, ആനന്ദമെന്ന ചില്ലുപാത്രം അന്യസ്ത്രീകളുടെ കൈകളിലുടഞ്ഞപോലെ. മനസ്സു തണുപ്പിക്കുന്നൊരു വെളിച്ചമാണു നിന്റെ വിളക്കിന്റേത്.

“മനുഷ്യസന്തതികളെ നീ പഠിപ്പിക്കുന്നുവെങ്കിൽ ഈ വിളക്കിന്റെ വെളിച്ചത്തിലായിരിക്കുമത്; ഒരു നിഗൂഢമാധുര്യം നീ പഠിപ്പിക്കുന്ന പാഠങ്ങൾക്കുണ്ടാവുകയും ചെയ്യും. നീ നൂലു നൂല്ക്കുമ്പോൾ, കമ്പിളിയോ ചണമോ നെയ്യുമ്പോൾ വലിയൊരു പ്രകാശവലയത്തിലും വിപുലമായിരിക്കും വിളക്കുവെട്ടത്തിൽ നിന്റെ നൂൽക്കഴി.

”നീ സംസാരിക്കുമ്പോൾ പകലിന്റെ ക്രൂരവെളിച്ചത്തിൽ ചിന്തിച്ചെടുത്ത വാക്കുകളെക്കാൾ സൌമ്യതയോടെയാവും നിന്റെ വാക്കുകൾ പുറത്തേക്കു വരിക.

“നിന്റെ വിളക്കിനെണ്ണ പകരുക നിന്റെ തന്നെ ഹൃദയമായിരിക്കും; ചിലനേരം നിന്റെ ഹൃദയം വിളഞ്ഞു കനം തൂങ്ങിയെന്നു വരാം, എണ്ണയോ തേനോ പിഴിഞ്ഞെടുക്കുന്ന കനികളെപ്പോലെ. എന്നാൽ അതു കാര്യമാക്കുകയും വേണ്ട!

”നിന്റെ സൌമ്യദീപ്തി നിന്റെ കണ്ണുകളിൽ തിളങ്ങിക്കാണാകും; വീഞ്ഞോ വികാരമോ കൊണ്ടു കണ്ണുകളെരിയുന്നവർ അപ്പോൾ ചോദിക്കും: ‘ഏതഗ്നിയാണവളിൽ, അവളെ പൊള്ളിക്കാതെ, അവളെ എരിച്ചടക്കാതെ!’

“:നിസ്സഹായയാണു നീയെന്ന ചിന്തയാൽ അവർ നിന്നെ സ്നേഹിക്കുകയില്ല; നിന്നോടു സഹതപിക്കുകയാണു വേണ്ടതെന്നു പോലും അവർ ചിന്തിക്കാം. എന്നാൽ, അവർക്കിടയിൽ ജീവിച്ചുകൊണ്ട്, നിന്റെ നോട്ടത്താൽ അവരുടെ ഹൃദയം തണുപ്പിക്കുന്ന നീയാണു സത്യത്തിൽ ദയാമയി.

“മനുഷ്യതൃഷ്ണകൾ രൂപം കൊടുത്ത എരിയുന്ന കവിതകൾ ഈ വിളക്കിന്റെ വെളിച്ചത്തിലിരുന്നു നീ വായിക്കും; അവയുടെ ആഴം കൂടിയതായി നീ അറിയും. വയലിനുകളുടെ സംഗീതം നീ കേൾക്കും; കേട്ടിരിക്കുന്നവരുടെ മുഖത്തു നോക്കിയാൽ നിനക്കു മനസ്സിലാകും, ഏറെ വേദനിക്കുന്നതു നീയാണെന്ന്, ഏറെ ആനന്ദിക്കുന്നതും നീ തന്നെയാണെന്ന്. ഭക്തി കൊണ്ടുന്മത്തനായ പുരോഹിതൻ നിന്നോടു സംസാരിക്കാൻ വരുമ്പോൾ നിരന്തരവും സൌമ്യവുമായ ദൈവലഹരി നിന്റെ കണ്ണുകളിൽ അയാൾ കാണും; അയാൾ പറയും: ‘നിനക്കവനെ എന്നെന്നേക്കുമായി കിട്ടിയിരിക്കുന്നു; പ്രഹർഷത്തിന്റെ നിമിഷങ്ങളിലേ പക്ഷേ, ഞാൻ അവനായിട്ടെരിയുന്നുള്ളു.’

“കൊടുംദുരിതങ്ങളിൽ മനുഷ്യർക്കവരുടെ ധനമോ ഭാര്യമാരെയോ കാമുകിമാരെയോ- അവരാണവർക്കു വിളക്കുകൾ- നഷ്ടപ്പെടുമ്പോൾ, അപ്പോൾ മാത്രമേ അവർക്കു ബോദ്ധ്യപ്പെടൂ, നീയായിരുന്നു അവരിലും ധനികയെന്ന്; എന്തെന്നാൽ ഒഴിഞ്ഞവയാണു നിന്റെ കൈകളെന്നാലും, വന്ധ്യമാണു നിന്റെ ഉദരമെന്നാലും, ജീർണ്ണമാണു നിന്റെ കുടിലെന്നാലും നിന്റെ വിളക്കിന്റെ ദീപ്തിയിൽ കുളിച്ചതായിരുന്നുവല്ലോ നിന്റെ മുഖം. സ്വന്തം സന്തോഷത്തിന്റെ ഉച്ഛിഷ്ടങ്ങൾ നിനക്കു വച്ചുനീട്ടിയതിന്റെ പേരിൽ അവർക്കു സ്വയം ലജ്ജ തോന്നുകയും ചെയ്യും!”


മൺകുടം

മൺകുടമേ, എന്റെ കവിളു പോലെ കപിലനിറമായതേ, എന്റെ ദാഹം നീയെത്ര തീർക്കുന്നില്ല!
കാട്ടുകൊല്ലിയിൽ കൊട്ടിവീഴുന്ന ചോലയുടെ ചുണ്ടുകൾ നിന്റേതിലും കുളിർമ്മയുള്ളതു തന്നെ; എന്നാൽ അകലെയാണത്, ഈ ഉഷ്ണരാത്രിയിൽ എനിക്കവിടെയെത്താനുമാകില്ല.
ഓരോ പുലരിയിലും ഞാൻ നിന്നെ വാവട്ടം വരെ നിറച്ചുവയ്ക്കുന്നു. നിറയുമ്പോൾ ജലത്തിന്റെ ഗാനമെനിക്കു കേൾക്കാം; പിന്നെയതു മൂകമാവുമ്പോൾ വിറയാർന്ന വായയ്ക്കു മേൽ ചുണ്ടുകളമർത്തി ഞാനെന്റെ കടം വീട്ടുന്നു. അഴകും ഉറപ്പുമുള്ളവളാണു നീ, കുരാൽ നിറമുള്ള കുടമേ. എനിക്കു മുലപ്പാൽ തന്ന വേലക്കാരിയുടെ മാറിടം പോലെയാണു നിന്നെക്കണ്ടാൽ. നിന്നെ നോക്കിയിരിക്കുമ്പോൾ ഞാൻ അവരെ ഓർക്കുന്നു; നിന്റെ വടിവുകളിലൂടപ്പോൾ ഞാനെന്റെ വിരലുകളോടിക്കുന്നു.
എന്റെ വരണ്ട ചുണ്ടുകൾ നീ കാണുന്നില്ലേ? പല ദാഹങ്ങളറിഞ്ഞ ചുണ്ടുകളാണവ: ദൈവത്തിനായി, സൌന്ദര്യത്തിനായി, പ്രണയത്തിനായി. എന്നാലൊരു ദാഹവും നിന്നെപ്പോലായിരുന്നില്ല, എളിമയും മെരുക്കവും ചേർന്നവളേ. മൂന്നും എന്റെ ചുണ്ടുകളിലുണങ്ങി.
എത്ര കാര്യമാണെനിക്കു നിന്നെ: നിനക്കരികിൽ ഒരിക്കലും ഞാനൊരു കോപ്പ വച്ചിട്ടില്ല; എന്റെ കൈകളാൽ ചുറ്റിപ്പിടിച്ചു നിന്റെ ചുണ്ടുകളിൽ നിന്നു നേരിട്ടു മൊത്തിക്കുടിച്ചിട്ടേയുള്ളു ഞാൻ. മൌനമായിരിക്കുമ്പോൾ ഒരാലിംഗനം നീ കിനാവു കണ്ടുവെന്നിരിക്കട്ടെ, ആ വ്യാമോഹം ഞാനിതാ, നിനക്കു തരുന്നു...
എന്റെ ഹൃദയാർദ്രത നീ അറിയുന്നുണ്ടോ?
വേനലിൽ നിനക്കു ചുറ്റും നനഞ്ഞ പൊൻപൂഴി ഞാൻ വിരിക്കുന്നു, ഉഷ്ണം നിന്നെ അലട്ടരുതെന്നതിനായി; ഒരിക്കൽ നറുംകളി കൊണ്ടു നിന്റെയൊരു വിള്ളൽ ഞാനടയ്ക്കുകയുമുണ്ടായി.
പലതിലും ഞാൻ പരാജിതയായിരുന്നു; എന്നാലെന്നും ഞാനാഗ്രഹിച്ചിരുന്നു, സൌമ്യയായൊരു കുടുംബിനിയാവാൻ, കാതരമായൊരു മാധുര്യത്തോടെ കാര്യങ്ങളിൽ അടുക്കും ചിട്ടയും വരുത്തുന്നവളാവാൻ...
നാളെ പാടത്തു പോവുമ്പോൾ ഓഷധികൾ ഞാൻ പറിച്ചുവരാം, നിന്റെ ജലത്തിൽ ഞാനവ മുക്കിവയ്ക്കാം. എന്റെ കൈകളുടെ വാസനയിൽ പാടങ്ങളുടെ പച്ചപ്പു നീയറിയും.
മൺകുടമേ: നല്ലവരാവാമെന്നെനിക്കു വാക്കു തന്നവരെക്കാൾ നല്ലവളായതു നീയായിരുന്നു.
എല്ലാ സാധുക്കൾക്കുമുണ്ടാവട്ടെ, എനിക്കെന്ന പോലെ, ഈ പൊള്ളുന്ന ഉച്ചമയക്കത്തിൽ, കയ്ക്കുന്ന ചുണ്ടുകൾക്കായി പുതുവെള്ളം നിറച്ച ഒരു മൺകുടം!


അമ്മ

ഇന്ന് അമ്മ എന്നെ കാണാൻ വന്നു; ഇവിടെ എനിക്കരികിൽ ഇരിക്കുകയായിരുന്നു അവർ. ഞങ്ങളുടെ ജീവിതത്തിൽ ഇതാദ്യമായി ഞങ്ങൾ രണ്ടു സഹോദരിമാരായി; വരാൻ പോകുന്ന ആ വലിയ സംഭവത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞങ്ങൾ.

വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർ എന്റെ അടിവയറ്റിൽ തൊട്ടു; സാവധാനം അവർ എന്റെ മാറിടം അനാവൃതമാക്കി. അവരുടെ കരസ്പർശമേറ്റപ്പോൾ എനിക്കു തോന്നി, തളിരിലകളുടെ മാർദ്ദവത്തോടെ തുറക്കുകയാണെന്റെ അകങ്ങളെന്ന്; ഒരു പാൽത്തിര പതഞ്ഞുയരുകയാണെന്റെ മാറത്തെന്ന്.

മുഖം ചുവന്ന്, മനസാകെപ്പതറി എന്റെ വേവലാതികളെക്കുറിച്ചു ഞാനവരോടു പറഞ്ഞു, സ്വന്തം ഉടലിനെ പേടിയാണെനിക്കെന്നു പറഞ്ഞു. ഞാൻ അവരുടെ മാറത്തേക്കു വീണു; ഒരിക്കൽക്കൂടി ഞാൻ ആ കൊച്ചു പെൺകുട്ടിയായി, ജീവിതത്തെ പേടിച്ച് അവരുടെ കൈകളിൽ കിടന്നു തേങ്ങിക്കരഞ്ഞവൾ!


മരിക്കുന്ന നേരത്ത്

നിനക്കു മുറിപ്പെട്ടാൽ എന്നെ വിളിക്കാൻ പേടി വേണ്ട. നീ എവിടെയാണെങ്കിലും, നാണക്കേടിന്റെ കിടക്കയാണതെങ്കിലും നീ എന്നെ വിളിച്ചോളൂ. ഞാൻ വരും, കള്ളിമുള്ളു വിതറിയതാണു നിന്റെ പടിക്കലേക്കുള്ള തുറസ്സുകളെങ്കിലും ഞാൻ വരും.

എനിക്കു മറ്റാരും വേണ്ട, ദൈവം പോലും വേണ്ട, നിന്റെ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചുകളയാൻ, നിന്റെ തലയ്ക്കടിയിൽ തലയിണ തിരുകിവയ്ക്കാൻ.

ഞാൻ എന്റെ ഉടൽ കാത്തുവയ്ക്കുന്നത് നീ അന്ത്യനിദ്രയിലാഴുമ്പോൾ മഴയിലും മഞ്ഞിലും നിന്നു നിന്റെ കുഴിമാടത്തിനൊരു കവചമാവാൻ. നിന്റെ കണ്ണുകൾ  ആ മഹാരാത്രി കാണരുതെന്നതിനായി എന്റെ കൈത്തലം അവയ്ക്കു മേൽ തങ്ങിനില്ക്കും.



ബ്ലാഗ ദിമിത്രോവ - കവിതകള്‍



ബ്ലാഗ ദിമിത്രോവ Blaga Nikolova Dimitrova (1922-2003) അഭിഭാഷകനായ അച്ഛന്റെയും അദ്ധ്യാപികയായ അമ്മയുടെയും മകളായി ബൾഗേറിയയിലെ ബ്യാല സ്ലാറ്റിനയിൽ ജനിച്ചു. 1945ൽ സോഫിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദമെടുത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിമർശിച്ചുവെന്നതിനാൽ അവരുടെ നാലു കവിതാസമാഹാരങ്ങൾക്ക് 70കളിൽ വിലക്കേർപ്പെടുത്തിയിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് ഒരു പത്രപ്രവർത്തകയായി അവർ ആ രാജ്യം സന്ദർശിച്ചിരുന്നു; 1967ൽ അവർ ഒരു വിയറ്റ്നാം പെൺകുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ജോൺ അപ്ഡൈക്കിന്റെ “ബൾഗേറിയൻ കവയിത്രി” എന്ന ചെറുകഥയ്ക്കു പ്രചോദനമായത് ബ്ലാഗ ദിമിത്രോവയാണ്‌. 1992-93 കാലത്ത് അവർ ബൾഗേറിയയുടെ വൈസ് പ്രസിഡന്റുമായിരുന്നു.


കാവ്യാദർശം


ഇനിയൊരു കവിതയെഴുതാനില്ല എന്ന പോലായിരിക്കട്ടെ,
നിങ്ങള്‍ ഓരോ കവിതയെഴുതുന്നതും.
സ്ട്രോൺഷ്യം കൊണ്ടു പൂരിതമായ,
ഭീകരത കൊണ്ടു ദുർവഹമായ,
സൂപ്പർസോണിക് സ്പീഡിൽ പറക്കുന്ന ഈ നൂറ്റാണ്ടിൽ
മരണം വന്നെത്തുന്നതു ഭയാനകമായ വേഗതയിൽ.
ഓരോ വാക്കിനെയും നിങ്ങൾ പറഞ്ഞുവിടൂ,
കൊലമരത്തിനടിയിൽ നിന്നെഴുതുന്ന കത്തു പോലെ,
തടവറയുടെ ചുമരിൽ വരഞ്ഞിട്ടൊരാഹ്വാനം പോലെ.
നുണക്കഥ പറയാൻ ഒരവകാശവുമില്ല നിങ്ങൾക്ക്,
കൊച്ചുതമാശകളൊപ്പിക്കാനവകാശമില്ല.
തെറ്റു തിരുത്താനുള്ള നേരം നിങ്ങൾക്കു കിട്ടില്ല.
ഓരോ കവിതയുമെഴുതൂ,
നിശിതമായി, നിർദ്ദയമായി, ചോര മഷിയാക്കി-
ഇനി മറ്റൊന്നെഴുതാനില്ലെന്നപോലെ.


നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം



ആഹ്ളാദിക്കാൻ മറക്കരുതേ!-
മഴുവിന്റെ പ്രഹരത്തിനടിയിൽ
മുട്ടുകാലിൽ തകർന്നുവീഴുമ്പോൾ
ജ്ഞാനികളായ വൃക്ഷങ്ങളന്യോന്യം മന്ത്രിക്കുന്നു.
ആഹ്ളാദിക്കാൻ മറക്കരുതേ!
നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം,
കാറ്റിനോടെതിരിടുന്ന കാലത്തോളം,
ഉയരങ്ങൾ ശ്വസിക്കുന്ന കാലത്തോളം,
മഴുവുറങ്ങുന്ന കാലത്തോളം.


മരുഭൂമികൾ

ഞാൻ ജനിച്ചതു സ്നേഹത്തിനായിരുന്നു-
അതു കൊടുക്കാനും അതു വാങ്ങാനുമായിരുന്നു.
എന്നിട്ടും എന്റെ ജീവിതം കടന്നുപോയി,
സ്നേഹമെന്തെന്നറിയാതെതന്നെ.
അങ്ങനെ ഞാൻ പൊറുക്കാൻ പഠിച്ചു:

ഞാൻ താണ്ടിയ മരുഭൂമികളോടു പോലും
എനിക്കു വെറുപ്പു തോന്നിയിട്ടില്ല;
അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോടെ
ഞാനവയോടു ചോദിക്കുക മാത്രം ചെയ്തു:

ഏതുദ്യാനങ്ങൾക്കായിട്ടാണു നിങ്ങൾ ജനിച്ചത്?


എന്റെ അമ്മയ്ക്കൊരു താരാട്ട്


ആഴത്തില്‍ വീണ ചുളിവുകള്‍ നീര്‍ത്തി
രാത്രിയിൽ അമ്മയ്ക്കു കിടക്ക വിരിക്കുമ്പോൾ
എല്ലും തൊലിയുമായ അവരുടെ കൈ
ഇരുട്ടിലേക്കെന്നെ വലിച്ചടുപ്പിക്കുന്നു.

സ്വപ്നത്തിലാഴും മുമ്പുള്ള പാതിമയക്കത്തിൽ
വാക്കുകൾ മാഞ്ഞുപോയ മസ്തിഷ്ക്കത്തിൽ നിന്നും
ഒരിടറിയ കുഞ്ഞുശബ്ദം മമ്മായെന്നെന്നെ വിളിക്കുമ്പോൾ
ഞാൻ എന്റെ അമ്മയുടെ അമ്മയാകുന്നു.

ഞാൻ നടുങ്ങിപ്പോകുന്നു,
ഭൂമിയുടെ അച്ചുതണ്ടുലഞ്ഞപോലെ,
ധ്രുവങ്ങൾ സ്ഥാനം മാറിയ പോലെ.
എവിടെയാണു ഞാൻ?
സിദ്ധാന്തം ചമയ്ക്കാനെനിക്കു  നേരമില്ല.

മനക്കലക്കത്തോടെ ഞാനവരെ തുടച്ചെടുക്കുന്നു;
ഒരിക്കൽ അവർ തന്നെ എന്നെ പഠിപ്പിച്ചപോലെ.
മമ്മാ, താനെന്തോ കുറുമ്പു കാട്ടിയെന്ന വേവലാതിയോടെ
അവർ അടക്കം പറയുമ്പോൾ
ജനാലയിലൂടെ പെട്ടെന്നു തണുത്ത കാറ്റു വീശിവരുന്നു.

ചൂടുവെള്ളസഞ്ചി. ഗ്ളാസ്സ്. ഗുളികകൾ.
വിളക്കിന്റെ ഷെയ്ഡു ഞാൻ ചരിച്ചുവയ്ക്കുന്നു.
മമ്മാ, എന്നെ ഒറ്റയ്ക്കാക്കിപ്പോകരുതേ,
എനിക്കിരുട്ടു പേടിയാണ്‌..


വേദനയും പേടിയും കൊണ്ടവർക്കു ഭാരം വച്ചിരിക്കുന്നു,
ഞാനവരെ കോരിയെടുക്കുമ്പോൾ
അവർ തേങ്ങലമർത്തുന്നു.
മഞ്ഞുകാലത്ത് ഒരേ തൊട്ടിലിൽ ചുരുണ്ടുകൂടിയ രണ്ടനാഥക്കുട്ടികൾ.
അവരിലാരാണു ഞാൻ?

രാവിലെ നേരത്തേ വിളിക്കണേ,
ഞാനുറങ്ങിപ്പോയാലോ.
ദൈവമേ, ഞാനെന്തെങ്കിലും മറന്നുവോ?
ആരാണു വൈകുക, അവരോ ഞാനോ?

മമ്മാ, എന്റെ കുഞ്ഞുറങ്ങിക്കോ.
'വാവാവോ, എന്റെ കുഞ്ഞേ...'


സ്ട്രോൺഷ്യം - ടെലിവിഷൻ ട്യൂബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ലോഹം.

Blaga Dimitrova's "Ars Poetica"

Write each of your poems
as if it were your last.
In this century, saturated with strontium,
charged with terrorism,
flying with supersonic speed,
death comes with terrifying suddenness.
Send each of your words
like a last letter before execution,
a call carved on a prison wall.
You have no right to lie,
no right to play pretty little games.
You simply don’t have the time
to correct your mistakes.
Write each of your poems,
tersely, mercilessly,
with blood — as if it were your last.
(Translated from the Bulgarian by Ludmilla G. Popava-Wightman)

As Long as You’re Upright

  • Don’t forget to rejoice! —
  • the wise trees whisper
  • as they crash on failing knees
  • under the ax.
  • Don’t forget to rejoice!
  • As long as you’re upright,
  • as long as you encounter the wind,
  • as long as you breathe the heights.


Deserts

I was born for love--

to give and to receive it.

Yet my life has passed

almost without loving.

So I've learned forgiving:

even the deserts

I have crossed

I feel no scorn for.

I just ask them

with astonished eyes:

What gardens were you born for?

(Translated from the Bulgarian by Heather McHugh)


LULLABY FOR MY MOTHER

In the evening I smooth her sheets,

covered with deep wrinkles.

Her hand,

withered by giving,

pulls me towards the night.

Half asleep, barely able to speak,

she says in a childish voice,

so naturally,

"Mommy!"

I become my mother's mother.

A cataclysm, a reversal

of the earth's axis—

the poles flip over.

What was I doing? I don't have time

for philosophical musings.

I dry her impatiently—

a skill, I've learnt from her.

"Mommy," she whispers, guiltily,

remembering her naughtiness.

Cold air blows in the window.

The heating pad. The glass. The pills.

To adjust the lamp shade.

"Mommy, don't go away!

I am afraid of the dark!"

Who is losing her mind, she or I?

Heavy with pain and fear, crying,

she waits for me to take her

in my arms. Two orphans cuddle

in the winter cradle.

Which am I?

Wake me up early tomorrow!

I am afraid, I'll oversleep!

Dear Lord, is there something

I have forgotten?

Who will be late, she or I?

Mommy, my child, sleep!

Lullaby,

my baby . . .

2017, ജൂൺ 14, ബുധനാഴ്‌ച

മൌറിസ് മെയ്ത്തെർലിങ്ക് - രണ്ടു കവിതകള്‍

maeterlinck2


നിര്‍വേദം


ഏതു കണ്ണുകളിൽച്ചെന്നു തങ്ങണമെന്നീച്ചുംബനങ്ങൾക്കറിയില്ല,
പണ്ടേയണഞ്ഞുപോയിരിക്കുന്നു, അവ താലോലിച്ച കണ്ണുകൾ.
ഉജ്ജ്വലമായ മനോരാജ്യങ്ങളിൽ മുഴുകിയിനിമേലവ കിടക്കും,
പച്ചപ്പുൽത്തകിടി മേൽ മയങ്ങുന്ന വേട്ടനായ്ക്കളെപ്പോലെ.
നരച്ച ചക്രവാളത്തിലൂടെ ചെമ്മരിപ്പറ്റം നീങ്ങുന്നതവർ കാണുന്നു,
തങ്ങളുടെ ജീവിതം പോലെ സന്ദിഗ്ധമായൊരാകാശത്തിലൂടെ,
പച്ചപ്പുല്പരപ്പിൽ ചിതറിവീണ നിലാവിന്റെ കതിരുകൾ മേഞ്ഞും.
അസൂയപ്പെടാതെ, മനസ്സസ്വസ്ഥമാവാതവർ നോക്കിനിൽക്കുന്നു,
ഓരോ കൈത്തലത്തിലും ആനന്ദം വിടർത്തുന്ന പനിനീർപ്പൂക്കളെ,
തങ്ങൾക്കു മനസ്സിലാവാത്ത മനശ്ശാന്തിയുടെ നീണ്ടുനീണ്ട പച്ചപ്പിനെ.


ഗാനം



അവളെ സ്നേഹിച്ചവനവന്റെ വഴിക്കു പോയി,
(കവാടമടയുന്നതു ഞാൻ കേട്ടിരുന്നു)
അവളെ സ്നേഹിച്ചവനവന്റെ വഴിക്കു പോയി,
എന്നിട്ടുമവളുല്ലാസവതിയായിരുന്നു.

പിന്നെയവൻ മടങ്ങിവന്നപ്പോൾ
(വിളക്കു കൊളുത്തുന്നതു ഞാൻ കേട്ടിരുന്നു)
പിന്നെയവൻ മടങ്ങിവന്നപ്പോൾ
അവൻ വരിച്ചതു മറ്റൊരുവളെ.

മരിച്ചൊരുവളെ ഞാൻ കണ്ടു
(അവളുടെയാത്മാവു കരയുന്നതു ഞാൻ കേട്ടിരുന്നു)
മരിച്ചൊരുവളെ ഞാൻ കണ്ടു,
ഇന്നുമവനെ കാത്തിരിക്കുന്നവളെ.


മൌറിസ് മെയ്ത്തെർലിങ്ക് Maurice Maetrerinck(1862-1949) - ഫ്രഞ്ചുഭാഷയിലെഴുതിയിരുന്ന ബല്ജിയൻ സിംബോളിസ്റ്റുകവി. 1911-ൽ നൊബേൽ സമ്മാനം ലഭിച്ചു.


Lassitude

HESE lips have long forgotten to bestow

Their kiss on blind eyes chiller than the snow,
Henceforth absorbed in their magnificent dream.
Drowsy as hounds deep in the grass they seem;
They watch the grey flocks on the sky-line pass,
Browsing on the moonlight scattered o'er the grass,
By skies as vague as their own life caressed.
They see, unvexed by envy or unrest,
The roses of joy that open on every hand,
The long green peace they cannot understand

Song

Her lover went his way,

(I heard the gate)

Her lover went his way,

Yet she was gay.

When he came again,

(I heard the lamp)

When he came again,

Another made the twain.

And the dead I met,

(I heard her spirit cry)

And the dead I met,

She who waits him yet.


Poems by Maeterlinck


ഹെൻറി ഡി റെനിയേ - കവിതകൾ



ഹെൻറി ഡി റെനിയേ Henri de Regnier (1864-1936)- ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ പ്രമുഖനായ ഫ്രഞ്ച് സിംബോളിസ്റ്റ് കവി. പുരാതനമായ ഒരു നോർമ്മൻ കുടുംബത്തിൽ ജനിച്ചു. പാരീസിൽ നിയമപഠനത്തിനിടെ സിംബോളിസ്റ്റ് കവികളുടെ സ്വാധീനത്തിൻ കീഴിൽ കവിതകൾ എഴുതിത്തുടങ്ങി. 1885ൽ  Lendemains (നാളെകൾ) എന്ന സമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്ന് Les Médailles d’argile (1900; കളിമൺ പതക്കങ്ങൾ),  La Sandale ailée (1906; ചിറകു വച്ച പാദുകം) എന്നീ സമാഹാരങ്ങളും. ആദ്യകാലത്ത് ഛന്ദോമുക്തരൂപങ്ങളിലാണ്‌ കവിതകൾ എഴുതിയിരുന്നതെങ്കിലും പില്ക്കാലത്ത് ക്ലാസ്സിക്കൽ രൂപങ്ങളിലേക്കു തിരിഞ്ഞു.

ദേവകൾ
ദേവകളെന്നോടുരിയാടാൻ വന്നുവെന്നിന്നു ഞാൻ സ്വപ്നം കണ്ടു:
ഒരു ദേവൻ - അരുവികളും കടല്പായലും വാരിച്ചുറ്റിയവൻ;
മറ്റൊരു ദേവൻ - മുന്തിരിവള്ളികളും ഗോതമ്പുകതിരുകളുമായി;
ഇനിയൊരു ദേവൻ- ചിറകു വച്ചവൻ, അപ്രാപ്യൻ,
നഗ്നതയുടെ സൌന്ദര്യമെടുത്തുടുത്തവൻ;
ഇനിയൊരാൾ - മുഖപടത്തിനു പിന്നിലൊളിച്ചവൻ;
ഒരാൾ കൂടി- ഇരുസർപ്പങ്ങൾ പിണഞ്ഞ സ്വർണ്ണദണ്ഡുമായി
പൂക്കൾ നുള്ളിനടക്കുന്ന ഗായകൻ;
വേറെയുമുണ്ടായിരുന്നു ദേവകൾ...
ഞാൻ പറഞ്ഞു: ഇതാ പഴക്കൂടകൾ, പുല്ലാങ്കുഴലുകളും-
എന്റെ പഴങ്ങൾ രുചിക്കൂ,
തേനീച്ചകളുടെ മൂളലിനും ഓടല്ക്കാടുകളുടെ വിനീതമർമ്മരത്തിനും
കാതു കൊടുക്കൂ;
പിന്നെ ഞാൻ പറഞ്ഞു: കേൾക്കൂ, കേൾക്കൂ,
മാറ്റൊലിയുടെ ചുണ്ടുകൾ കൊണ്ടൊരാൾ സംസാരിക്കുന്നതു കേട്ടില്ലേ?
ജീവിതമിരമ്പുന്ന ലോകത്തിനിടയിലേകനാണയാൾ...
പാവനമായ മുഖമേ, നിന്നെ ഞാൻ പതക്കങ്ങളാക്കി:
ശരല്ക്കാലസന്ധ്യ പോലെ സൌമ്യമായ വെള്ളിയിൽ,
മദ്ധ്യാഹ്നസൂര്യൻ പോലെ പൊള്ളുന്ന സ്വർണ്ണത്തിൽ,
രാത്രി പോലെ വിഷണ്ണമായ ചെമ്പിൽ,
ആഹ്ളാദം പോലെ കിലുങ്ങുന്ന ലോഹങ്ങളിൽ,
മഹത്വവും പ്രണയവും മരണവും പോലെ
മാരകമായി ശബ്ദിക്കുന്ന ലോഹങ്ങളിൽ;
ഏറ്റവും നല്ല പതക്കം ഞാൻ മെനഞ്ഞതു പക്ഷേ
കളിമണ്ണിൽ നിന്നായിരുന്നു;
ഒരു മന്ദഹാസത്തോടെ നിങ്ങളവ കൈയിലെടുക്കും,
നല്ല പണിത്തരമെന്നു നിങ്ങൾ പറയും,
പിന്നെയൊരു മന്ദഹാസത്തോടെ നിങ്ങൾ നടന്നുപോകും;
നിങ്ങളിലൊരാൾക്കു പോലും കണ്ണില്പ്പെട്ടില്ല,
എന്റെ കൈകൾ ഹൃദയാർദ്രതയാൽ വിറക്കൊള്ളുന്നതും
അവയിലൂടെ ജീവൻ വച്ചുണരാനായി
ഒരു മഹിതസ്വപ്നമെന്നിലുറങ്ങുന്നതും.
നിങ്ങളിലൊരാളു പോലും മനസ്സു കൊണ്ടറിഞ്ഞില്ല,
പാവനതയുടെ മുഖമാണു ഞാനാ പതക്കങ്ങളിൽ പതിച്ചതെന്ന്,
കാടുകളിൽ, കാറ്റുകളിൽ, കടലുകളിൽ, പുല്ക്കൊടികളിൽ,
പനിനീർപ്പൂക്കളിൽ, സർവപ്രതിഭാസങ്ങളിൽ,
നമ്മുടെയുടലുകളിൽ നാമറിയുന്നതാണതെന്ന്,
നമ്മുടേതു തന്നെയാണാ ദിവ്യത്വമെന്നും.


ക്രിസില
എന്റെ നാഴികവട്ട മുങ്ങിത്താഴുന്ന മുഹൂർത്തമെത്തുമ്പോൾ, ദേവീ,
എന്റെ കട്ടിൽത്തലയ്ക്കൽ കാട്ടരുതേ, കാലപിതാമഹന്റെ രൂപത്തെ;
അറുത്തുമുറിക്കുകയാണയാൾ, കണ്ണു നനയാതെ, കുറ്റബോധമില്ലാതെ,

മുഷിയുവോളം ദീർഘിച്ചുപോയൊരു വിഫലായുസ്സിന്റെ നാരിനെ.

പകരമായുധമണിയിക്കൂ പ്രണയത്തെ, എന്നുമെന്നെ വെറുത്തവനെ,
ഒരുമ്പെട്ടിരിക്കുകയാണവനെന്നെനിക്കറിയാതെയുമല്ല,
ആവനാഴിയിൽ ശേഷിച്ച കൂരമ്പെന്റെ ഹൃദയം നോക്കിത്തൊടുക്കാൻ,
എന്റെ ശോഷിച്ച ജീവരക്തമൊഴുക്കി മണ്ണിനെ ചുവപ്പിക്കാൻ.


വേണ്ട! ഞാനെന്റെ ജീവിതസായാഹ്നത്തെ സമീപിക്കുമ്പോൾ
വധുവിന്റെ മൌനമന്ദഹാസവുമായി യൌവനമെന്നിലേക്കെത്തട്ടെ ;
ഒരു ചെമ്പനിനീർപ്പൂവിന്റെ ഇതളുകളവൾ നുള്ളിവിതറട്ടെ,


യാത്രാമൊഴി ചൊല്ലി വിലപിക്കുന്നൊരു ജലധാരയുടെ വട്ടകയിൽ;
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ, കൊടുവാളുമെടുക്കേണ്ട,
മരണത്തിന്റെ നരകാന്ധകാരത്തിലേക്കെന്റെ കണ്ണുകൾ ഞാനടച്ചോളാം.


(1915)

സ്വരം

എന്റെ ശോകത്തിനു കൂട്ടിരിക്കാനാരുമെനിക്കിന്നു വേണ്ട,
നിന്റെയോമനക്കാലടികൾ വേണ്ട, ഞാൻ സ്നേഹിച്ച മുഖം വേണ്ട,
അലസമായ തൂവാലയെ, അടച്ചുവച്ച പുസ്തകത്തെ
ഒരു വിരൽ കൊണ്ടു തലോടുന്ന നിന്റെയക്കൈയും വേണ്ട.


എന്നെ വിട്ടുപോകൂ. എന്റെ വാതിലിന്നടഞ്ഞു കിടക്കട്ടെ.
പുലരിയുടെ തെന്നലിലേക്കെന്റെ ജനാലയിന്നു തുറന്നിടേണ്ട.
വിഷണ്ണവും  ഉദാസീനവുമാണിന്നെന്റെ ഹൃദയം,
സര്‍വ്വതുമിന്നെനിക്കു ശൂന്യം, നിഷ്ഫലം.


ഈ വിഷാദമെന്റേതല്ല, എനിക്കറിവുള്ളതുമല്ല,
എന്റെ വിഷാദം വന്നതെനിക്കുമപ്പുറത്തെങ്ങു നിന്നോ;
പാടുന്ന, ചിരിക്കുന്ന, പ്രണയിക്കുന്ന മനുഷ്യൻ-
ഒരുകാലമവൻ തന്റെ കാതിലൊരു മന്ത്രണം കേൾക്കും,


എന്തെന്നറിയാത്തതൊന്നവന്റെയുള്ളിൽ ജീവൻ വയ്ക്കും,
അതു പിടയ്ക്കും, അതു പടരും, അതു വിലാപമുതിർക്കും,
ഒരു വിഷണ്ണസ്വരം തന്റെ കാതിലിങ്ങനെയോതുമ്പോൾ:
ജീവിതത്തിന്റെ പൂവു വിടരുന്നതു ചാരമായിക്കായ്ക്കാനത്രെ.





Chrysilla

    translated by Jethro Bithell


O GODDESS, when the sands at last are run,
Let me not see slow Time at my bed-head
Cutting without regret or tears the thread
Of an importunate life too long outspun.

Arm rather Love, who from mine hour of birth
Hath hated me, and who were fain to make,
With his last arrow, from the heart he brake
Its pale, thin crimson flow upon the earth.

But no! Send me my Youth at eventide,
Silent, and naked, lovely as a bride,
And let her shed the petals of a rose

Into the fountain weeping me farewell,
And I shall need no dart nor scythe, but close
Mine eyes, and wander to the asphodel.


The Voice
     Translation by Eli Siegel
I do not wish anyone to be near my sadness—
Not even your dear step and your loved face,
Nor your indolent hand which caresses with a finger
The lazy ribbon and the closed book.
Leave me. Let my door today remain closed;
Do not open my window to the fresh wind of morning;
My heart today is miserable and sullen
And everything seems to me somber and everything seems vain.
My sadness comes from something further than myself;
It is strange to me and is not of me;
And every man, whether he sings or he laughs or he loves,
In his time hears that which speaks low to him,
And something then stirs and awakens,
Is perturbed, spreads and laments in him,
Because of this dull voice which says in his ear
That the flower of life in its fruit is ashes.


2017, ജൂൺ 13, ചൊവ്വാഴ്ച

മിത്‌സുഹാരു കനെക്കോ - എതിർപ്പ്




ചെറുപ്പത്തിൽ
എനിക്കു സ്കൂളിനോടെതിർപ്പായിരുന്നു.
ഇപ്പോഴാകട്ടെ,
ജോലി ചെയ്യുന്നതിനോടെനിക്കെതിർപ്പാണ്‌.

എന്തിലുമുപരി ഞാൻ വെറുക്കുന്നത്
ആരോഗ്യത്തെയും സ്വഭാവഗുണത്തെയുമാണ്‌.
ആരോഗ്യവും സത്യസന്ധതയും പോലെ
മനുഷ്യനോടിത്രയും ക്രൂരമായ മറ്റൊന്നില്ല.

‘ജാപ്പനീസ് സ്പിരിറ്റി’നോടെനിക്കെതിർപ്പാണെന്നു
ഞാൻ പറയേണ്ട കാര്യമില്ലല്ലോ,
കടമയും മാനുഷികവികാരങ്ങളും
എനിക്കു മനംപുരട്ടുലുണ്ടാക്കുമെന്നും.
എവിടെത്തെയും ഏതു ഭരണകൂടത്തിനുമെതിരാണു ഞാൻ,
എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മകൾക്കു മുന്നിൽ
ഞാനെന്റെ ആസനം കാണിച്ചുകൊടുക്കുകയും ചെയ്യും.

എന്തിനാണു ജനിച്ചതെന്നാരെങ്കിലും ചോദിച്ചാൽ
ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാൻ പറയും, “എതിർക്കാൻ.”
കിഴക്കായിരിക്കുമ്പോൾ
പടിഞ്ഞാറോട്ടു പോകാനാണെനിക്കാഗ്രഹം.

ഇടത്തോട്ടാണ്‌ ഞാനെന്റെ കോട്ടു കെട്ടുന്നത്,
ഷൂസിടുന്നത് ഇടത്തും വലത്തും മാറ്റിയും.
തിരിഞ്ഞിട്ടാണു ഞാൻ കുതിരപ്പുറത്തിരിക്കുക.
എല്ലാവരും വെറുക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു,
എല്ലാവരുടെയും താല്പര്യങ്ങൾ സമാനമാകുമ്പോൾ,
അതിനെയാണു ഞാനേറ്റവും വെറുക്കുക.

ഞാൻ വിശ്വസിക്കുന്നതിതിലാണ്‌:
എതിർക്കുക എന്നതാണ്‌
ജീവിതത്തിൽ ആകെക്കൂടിയുള്ള നല്ല കാര്യം.
എതിർക്കുക എന്നാൽ ജീവിക്കുക എന്നു തന്നെ.
എതിർക്കുക എന്നാൽ അവനവനിൽ ഒരു പിടുത്തം കിട്ടുക എന്നാണ്‌.


മിത്‌സുഹാരു കനെക്കോ Mitsuharu Kaneko(1895-1975)- ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കവിതയിൽ പലതു കൊണ്ടും വ്യത്യസ്തനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തും യുദ്ധവിരുദ്ധകവിതകൾ എഴുതിയിരുന്നത് അദ്ദേഹം മാത്രമാണ്‌. വളരെക്കാലം വിദേശത്തു കഴിഞ്ഞിരുന്നതിനാൽ ജാപ്പനീസ് സമൂഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അന്യനായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയതിനു ശേഷവും ഒരു പ്രവാസിയുടെ കണ്ണും മനസ്സും അദ്ദേഹം കൈവിട്ടില്ല എന്നതും പ്രധാനമാണ്‌. ക്ലാസ്സിക്കൽ ചൈനീസ് സാഹിത്യത്തിലും പാശ്ചാത്യസാഹിത്യത്തിലും അഗാധമായ പരിജ്ഞാനമുണ്ടായിരുന്നുവെങ്കിലും അതിനെ മറച്ചുവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നാട്യങ്ങളില്ലാത്ത, ലളിതമായ ശൈലി. ഒരു പക്ഷേ, കവിതയെക്കാളേറെ അദ്ദേഹം സ്നേഹിച്ചത് സ്ത്രീകളെയാണെന്നു പറയണം. അദ്ദേഹത്തിന്റെ പല കവിതകളും ചിത്രങ്ങളും സ്ത്രീകളോടുള്ള ശാരീരികാകർഷണത്തിന്റെ പ്രതിനിധാനങ്ങളുമാണ്‌.


Opposition

In my youth
I was opposed to school.
And now, again,
I’m opposed to work.

Above all it is health
And righteousness that I hate the most.
Theres nothing so cruel to man
As health and honesty.

Of course I’m opposed to the Japanese spirit
And duty and human feeling make me vomit.
I’m against any government anywhere
And show my bum to authors and artists circles.

When I’m asked for what I was born,
Without scruple, I’ll reply, To oppose.
When I’m in the east
I want to go to the west.

I fasten my coat at the left, my shoes right and left.
My hakama I wear back to front and I ride a horse facing its buttocks.
What everyone else hates I like
And my greatest hate of all is people feeling the same.

This I believe: to oppose
Is the only fine thing in life.
To oppose is to live.
To oppose is to get a grip on the very self.

Kaneko Mitsuharu

More Poems by Mitsuharu Kaneko

2017, ജൂൺ 12, തിങ്കളാഴ്‌ച

നിക്കോളാസ് ഗിയേൻ - കവിതകൾ





നിക്കോളാസ് ഗിയേൻ (Nicolas Guillen) 1902ൽ ക്യൂബയിൽ ജനിച്ചു. ക്യൂബൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള, പത്രപ്രവർത്തകനായ പിതാവിനെ തീവ്രവാദത്തിന്റെ പേരിൽ 1917ൽ പട്ടാളം വെടി വച്ചു കൊല്ലുകയായിരുന്നു. 1920 മുതൽ കവിതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ തനതായ സ്വരം കേട്ടു തുടങ്ങുന്നത് 1930ൽ പ്രസിദ്ധീകരിച്ച in Motivos de Son എന്ന സമാഹാരത്തോടെയാണ്‌. തന്റെ ആഫ്രിക്കൻ വേരുകളിലുള്ള അഭിമാനം, സോഷ്യൽ റിയലിസം, ക്യൂബൻ, കരീബിയൻ സമൂഹത്തോടുള്ള വിമർശനാത്മകസമീപനം ഇതൊക്കെയാണ്‌ അതിന്റെ ഘടകങ്ങൾ. 1936ൽ, സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ളിക്കൻ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അവിടേക്കു പോയിരുന്നു. 1937ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. വിപ്ലവാനന്തരം ഭരണത്തിൽ പങ്കാളിയാവുകയും ചെയ്തു. 1987ൽ ഹവാനയിൽ വച്ച് അദ്ദേഹം മരിച്ചു.


ഘടികാരം

ചില സമയങ്ങൾ എനിക്കേറെയിഷ്ടമാണ്‌,
രണ്ടേമുക്കാൽ മണി ഉദാഹരണത്തിന്‌:
ഘടികാരത്തിന്റെ മുഖത്തന്നേരം കാണാം,
വാരിയെടുക്കാൻ വരുന്നൊരു സഹോദരന്റെ
ഊഷ്മളസൌഹൃദം.
പീഡാനുഭവത്തിലെ ക്രിസ്തുവത്രേ, കാലവും:
ഭൂതത്തിനും ഭാവിക്കുമിടയിൽ കിടന്ന്
പാർശ്വത്തിലെ മുറിവിൽ നിന്നതു ചോര വാർക്കുന്നു.


അന്നാ മരിയ

അന്നാ മരിയാ,
നിന്റെ മാറത്തു വീഴുന്ന മുടിപ്പിന്നൽ
ചുറയിട്ട ചർമ്മത്തിൽ നിന്നു
സർപ്പദൃഷ്ടികൾ കൊണ്ടെന്നെ നോക്കുന്നു.
നിന്റെ നിരവധിയായ ചാരുതകളിൽ
ഇതൊന്നു തന്നെ മതിയെനിക്ക്:
നിനക്കുള്ളിലെരിയുന്ന ജ്വാലയെ
നീ പൊതിഞ്ഞുവയ്ക്കുന്ന ആ മന്ദഹാസം.

ചിന്താഘനം വച്ച മേഘങ്ങൾ
നിനക്കുള്ളിലുണരുമ്പോഴാണത്,
ഒരു സർപ്പത്തിന്റെ
അലസവും മിനുസവുമായൊരു കിടുങ്ങലോടെ
നിന്റെ ഉരുക്കുടലിന്റെ ചണ്ഡവാതം ശമിക്കുമ്പോഴാണത്...


ഫെദറിക്കോ


ഒരു നാടോടിപ്പാട്ടിന്റെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.

-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ഒരു തത്ത മറുപടി പറയുന്നു:
-അയാൾ പൊയ്ക്കഴിഞ്ഞു.

ഒരു ചില്ലുവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ഒരു കൈ വന്നു മറുപടി തരുന്നു:
അയാൾ പുഴക്കരെയാണ്‌.

ഒരു ജിപ്സിയുടെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെദറിക്കോ ഇവിടെ വന്നിരുന്നോ?
ആർക്കും മറുപടിയില്ല, ആരും മിണ്ടുന്നില്ല...
-ഫെദറിക്കോ! ഫെദറിക്കോ!

വെളിച്ചമില്ലാത്ത, ഒഴിഞ്ഞ പുര.
ചുമരുകളിൽ കരിമ്പായൽ;
ആൾമറ കെട്ടിയ കിണർ, തൊട്ടിയില്ലാതെ;
പച്ചപ്പല്ലികളോടിക്കളിക്കുന്ന തൊടി.

ഉഴുതുമറിച്ച മണ്ണിൽ
ഒച്ചുകളിഴയുന്നു;
നാശാവശിഷ്ടങ്ങൾക്കിടയിലൂടെ
ജൂലൈയിലെ ചുവന്ന കാറ്റിന്റെ താരാട്ട്.
ഫെദറിക്കോ! ഫെദറിക്കോ!

ആ ജിപ്സി മരിക്കാൻ പോയതെവിടെ?
അവന്റെ കണ്ണുകൾ തണുത്തുപോയതെവിടെ?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെദറിക്കോ! ഫെദറിക്കോ!

(ഒരു ഗാനം)

ഞായറാഴ്ച ഒമ്പതിനു പോയതാണ്‌,
ഞായറാഴ്ച രാത്രിയിൽ പോയതാണ്‌,
ഞായറാഴ്ച പോയി പിന്നെ വന്നിട്ടില്ല!
അവന്റെ കൈയിലൊരു ലില്ലിപ്പൂവുണ്ടായിരുന്നു,
അവന്റെ കണ്ണുകളിൽ ജ്വരമുണ്ടായിരുന്നു.
ലില്ലിപ്പൂ ചോരയായി,
ചോര പിന്നെ മരണമായി.

(മറ്റൊരു ഗാനം)

എവിടെയായിരിക്കും ഫെദറിക്കോ,
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെദറിക്കോ! ഫെഡെറിക്കോ!
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?

(സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫാസിസ്റ്റുകൾ വെടിവച്ചു കൊന്ന കവിയും നാടകകൃത്തുമായ ഫെദറിക്കോ ഗാർസിയ ലോർക്കയെക്കുറിച്ചെഴുതിയത്)


വിശപ്പ്


ഇതാണു വിശപ്പ്.
കണ്ണുകളും തേറ്റകളും മാത്രമായ ഒരു ജന്തു.
അതിന്റെ ശ്രദ്ധ തെറ്റിക്കാനാവില്ല,
അതിനെ കബളിപ്പിക്കാനാവില്ല.
ഒരു നേരത്തെ ആഹാരം കൊണ്ടതു തൃപ്തിപ്പെടില്ല,
ഒരുച്ചയൂണോ ഒരത്താഴമോ അതിനു മതിയാകില്ല.
ചോര കുടിക്കുമെന്നതു ഭീഷണിപ്പെടുത്തും,
സിംഹത്തെപ്പോലതലറും,
പെരുമ്പാമ്പിനെപ്പോലതു വരിഞ്ഞുമുറുക്കുകയും,
മനുഷ്യനെപ്പോലതു ചിന്തിക്കുകയും ചെയ്യും.
നിങ്ങളുടെ മുന്നിൽ നില്ക്കുന്ന ഈ സ്പെസിമൻ
ഇന്ത്യയിൽ നിന്നു പിടിച്ചതാണ്‌
(ബോംബേയുടെ ഒരു പ്രാന്തപ്രദേശത്തു നിന്ന്).
എന്നാൽ ഏറെക്കുറെ ഇതേ കിരാതാവസ്ഥയിൽ
മറ്റു പലേടത്തും ഇതിനെ കാണാവുന്നതേയുള്ളു.

പിന്നിലേക്കൊന്നു മാറിനില്ക്കണേ.

(മൃഗശാല)


2017, ജൂൺ 10, ശനിയാഴ്‌ച

മത്‌സുവോ ബഷോ - ഭൂതപ്പുരയില്‍ വാസം


ഹൈബൺ (Haibun)എന്ന, ഹൈക്കുവും ഗദ്യവും ഇടകലർന്ന സാഹിത്യരൂപത്തിന്റെ ലക്ഷണമൊത്ത ആദ്യത്തെ മാതൃകയായി പരിഗണിക്കപ്പെടുന്ന കൃതിയാണ്‌ ബഷോയുടെ “ഭൂതപ്പുരയിൽ വാസം” (Genjuan no ki). ക്യോട്ടോക്കു കിഴക്ക് ബീവാ തടാകത്തിന്റെ തെക്കേക്കരയിലുള്ള ഒരു കുടിലിലെ താമസത്തെക്കുറിച്ച് ഒരു സ്നേഹിതനെഴുതിയ കത്തിന്റെ രൂപത്തിലാണ്‌ ബഷോ ഈ ഹൈബൺ എഴുതിയിരിക്കുന്നത്. 1690 ആണ്‌ രചനാകാലം. തന്റെ ആദർശത്തിലുള്ള ഒരേകാന്തവാസിയെയാണ്‌ ബഷോ ഇതിൽ വരച്ചിടുന്നത്.


ഇഷിയാമായ്ക്കുമപ്പുറം, ഇവാമാമലയ്ക്കു പുറംതിരിഞ്ഞ്‌ കൊകുബുയാമ എന്നൊരു കുന്നു നിൽപ്പുണ്ട്‌; ആ പേര്, എനിക്കു തോന്നുന്നത്‌, പണ്ടിവിടെയുണ്ടായിരുന്ന കോകുബുൻജി(സർക്കാർ വക ക്ഷേത്രം)യിൽ നിന്നു വന്നതാവണം. കുന്നിനടിവാരത്തുള്ള അരുവി മുറിച്ചുകടന്ന് ഏതാണ്ട്‌ ഇരുനൂറു ചുവടു വീതം വിട്ടുള്ള മൂന്നു തിരിവുകളും പോയിക്കഴിഞ്ഞാൽ ഹാച്ചിമാൻ ദേവന്റെ ക്ഷേത്രമായി. അമിതാഭബുദ്ധന്റെ ഒരു മൂർത്തിയെയാണ്‌ ഇവിടെ വച്ചാരാധിക്കുന്നത്‌. യുജിത്‌സുസമ്പ്രദായക്കാർ കഠിനമായി ദ്വേഷിക്കുന്ന ഒരു സംഗതിയാണിത്‌. പക്ഷേ അങ്ങനെ വെറുക്കേണ്ട ഒന്നാണതെന്ന് എനിക്കു തോന്നുന്നില്ല; റിയോബു വാദിക്കുന്നതുപോലെ ബുദ്ധന്മാർ ലോകോപകാരത്തിനായി ഈ മണ്ണിലേക്കിറങ്ങിവരികയാണു വേണ്ടത്‌. സാധാരണഗതിയിൽ അപൂർവം ഭക്തന്മാരേ ദർശനത്തിനെത്താറുള്ളു; അതു കാരണം പ്രശാന്തവും പവിത്രവുമാണന്തരീക്ഷം. അമ്പലത്തിനടുത്തായി കോരപ്പുല്ലു മെടഞ്ഞ വാതിലുമായി ആൾപ്പാർപ്പില്ലാത്ത ഒരു കുടിൽ. ചുറ്റും ഞാറച്ചെടികളും ഇഞ്ചിപ്പുല്ലും; ചോർന്നൊലിക്കുന്ന കൂര; കുമ്മായം അടർന്നുവീണിരിക്കുന്നു; കുറുനരികളും തുരപ്പൻകരടികളും തങ്ങളുടെ വാസസ്ഥലമാക്കിയിരിക്കുകയാണവിടം. ഗെൻജുവാൻ(ഭൂതപ്പുര) എന്നാണതിനു പേര്‌. യോദ്ധാവായ സുഗാനുമാ ക്യോകുസുയിയുടെ ഒരമ്മാവനായ ഒരു ഭിക്ഷുവാണ്‌ മുമ്പിവിടെ താമസിച്ചിരുന്നത്‌. അദ്ദേഹം ഇവിടം വിട്ടിട്ട്‌ എട്ടു കൊല്ലമായിരിക്കുന്നു; ആളിന്റേതായി ഇപ്പോൾ ബാക്കിനിൽക്കുന്നത്‌ 'ഭൂതപ്പുരയിലെ കാരണവർ' എന്നൊരു പേരു മാത്രം.


ഞാനും പത്തുകൊല്ലം മുമ്പ്‌ നഗരജീവിതം ഉപേക്ഷിച്ചയാളാണ്‌; പ്രായം അമ്പതോടടുക്കുന്നു. തോടു പോയൊരൊച്ചിനെപ്പോലെയാണ്‌ ഞാനിപ്പോൾ. കിസാഗതയിലെ കൊടുംവെയിലിൽ എന്റെ മുഖം പൊള്ളിയിട്ടുണ്ട്‌; കാലു പുതയുന്ന വടക്കൻ കടലോരത്തെ പൂഴിമണ്ണിലൂടെ നടന്ന് എന്റെ കാലടികൾ മുറിഞ്ഞിട്ടുണ്ട്‌. ഇന്നിപ്പോൾ ഞാനിതാ, ബീവാതടാകത്തിലെ അലകൾക്കു മേൽ ഒഴുകിനടക്കുകയുമാണ്‌. ഒഴുക്കെടുക്കില്ലെന്ന വിശ്വാസത്തോടെ നീര്‍ക്കിളി വെറുമൊരോടത്തണ്ടിൽ കൂടു തൊടുത്തുവയ്ക്കുന്നു. അതേ വിചാരത്തോടെ ഞാനും കുടിലിന്റെ കൂര മേഞ്ഞു; വേലി പൊളിഞ്ഞതു മാറ്റി; വേനൽത്തുടക്കത്തിൽ ഞാൻ അങ്ങോട്ടു താമസം മാറ്റുകയും ചെയ്തു. അൽപ്പകാലത്തേക്കേയുള്ളു ഈ താമസം എന്നു ഞാൻ മനസ്സിൽ പറഞ്ഞുവെങ്കിലും ഇനി ഇവിടം വിട്ടുപോകുമോയെന്ന് എനിക്കിപ്പോൾ സംശയമായിരിക്കുന്നു.


വസന്തകാലമൊക്കെ കഴിഞ്ഞിരിക്കുന്നു; എന്നാലും അതു പോയിട്ട്‌ അധികകാലം കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. പൂക്കൾ ഇപ്പോഴും വിടർന്നുനിൽപ്പുണ്ട്‌; പൈൻമരങ്ങളിൽ നിന്ന് കാട്ടുവള്ളിച്ചെടികൾ തൂങ്ങിക്കിടക്കുന്നു; ഇടയ്ക്കൊക്കെ ഒരു കുയിൽ വന്നുപോകുന്നുമുണ്ട്‌. കാക്കകളും മരംകൊത്തികളും വന്നുകേറാറുണ്ടെങ്കിലും ഞാനവരെ ഒരു ശല്യമായിട്ടെടുക്കുന്നില്ല. എന്റെ ആത്മാവ്‌ ചൈനയിലേക്കു പറന്നുപോയതുപോലെയാണ്‌: വൂയിലെയോ ചൂയിലെയോ പ്രകൃതിഭംഗി കണ്ടു നിൽക്കുകയാണു ഞാൻ; അതോ മനോഹരമായ ക്സിയാവോനദിയുടെയോ ഡോങ്ങ്ടിങ്ങ്തടാകത്തിന്റെയോ കരയ്ക്കു നിൽക്കുകയോ? എന്റെ തെക്കുപടിഞ്ഞാറായി മലനിര ഉയർന്നുനിൽക്കുന്നു; അടുത്ത വീടുകൾ കുറേയകലത്തുമാണ്‌. മലമുടികളിൽ നിന്ന് വാസന പകരുന്ന തെക്കൻകാറ്റു വീശിവരുന്നു; തടാകത്തിന്റെ നനവുറ്റ വടക്കൻകാറ്റാവട്ടെ, കുളിരു പകരുന്നതുമാണ്‌. ഒരുവശം ഹൈ മലയും ഹിരയുടെ ഉയർന്ന മുടിയും; മറുവശം മഞ്ഞു മൂടിയ കരാസാകിയിലെ പൈൻമരങ്ങളും കോട്ടയും ഒരു പാലവും ചിറയിൽ മീൻ പിടിക്കുന്ന തോണികളും. കസാതോരി മല കേറിപ്പോകുന്ന മരംവെട്ടിയുടെ ശബ്ദം എനിക്കു കേൾക്കാം; കുന്നിനടിവാരത്തെ ഞാറ്റുപാട്ടും എന്റെ കാതിലേക്കെത്തുന്നുണ്ട്‌. അന്തിമൂടലിൽ മിന്നാമിന്നികൾ ഒളി പായിച്ചു നീങ്ങുന്നു; കുളക്കോഴിയുടെ അദൃശ്യമായ പാട്ടും കേൾക്കുന്നു: ചേതോഹരമാണ്‌ അരങ്ങ്‌. ഫ്യൂജീമല പോലെ രൂപമെടുത്ത മികാമിയാമ അതാ അവിടെ; അതു കാണുമ്പോൾ മുസാഷിനോയിലെ എന്റെ പഴയ വീടാണെനിക്കോർമ്മവരുന്നത്‌. തനാകാമിമല കാണുമ്പോൾ പ്രാചീനരായ കവികളൊക്കെ എന്റെ മുന്നിൽ വന്നു നിരക്കുകയും ചെയ്യുന്നു. ഇടതൂർന്നിരുണ്ട ഇലച്ചിലും വല മിനുക്കുന്ന മുക്കുവരുമായി മന്യോഷുവിൽ പറഞ്ഞിരിക്കുന്ന മാതിരി അതാ ഒരു ഗ്രാമം. ഒക്കെ നന്നായിട്ടു വീക്ഷിക്കാനായി എന്റെ കുടിലിനു പിന്നിലെ കയറ്റത്തിൽ പൈൻമരങ്ങൾക്കിടയിൽ ഞാനൊരു തട്ടു പോലൊന്നു കെട്ടിയുണ്ടാക്കി; ഇട്ടിരിക്കാൻ വട്ടത്തിലൊരു തടുക്കും. 'മൊച്ചയുടെ ഇരിപ്പിടം' എന്നാണു ഞാനതിനു പേരിട്ടത്‌. ചൈനയിലെ ആ കിറുക്കന്മാർ, ഒറ്റയ്ക്കിരുന്നു കുടിക്കാനായി ചാമ്പമരത്തിൽ മച്ചാൻ കെട്ടിയ ൿസു ക്വാന്റെയോ, മലമുടി മേൽ ആശ്രമം കെട്ടിയ കിഴവൻ വാങ്ങിന്റെയോ കൂട്ടത്തിൽ ഞാൻ എന്നെപ്പെടുത്തുന്നില്ല. പ്രകൃതം കൊണ്ടേ ഉറക്കം തൂങ്ങിയായ ഒരു മലവാസി മാത്രമാണു ഞാൻ; കുന്നിഞ്ചരിവിലേക്കു ചുവടുകൾ പോയപ്പോൾ അവിടെയിരുന്ന് പേൻ കൊന്നു രസിക്കുന്ന ഒരാൾ.
അങ്ങനെയിരിക്കുമ്പോൾ തടത്തിൽ നിന്ന് തെളിഞ്ഞ വെള്ളം കോരിക്കൊണ്ടുവന്ന് എന്തെങ്കിലും വച്ചുണ്ടാക്കിയെന്നും വരാം. എന്റെ ഏകാന്തതയ്ക്കകമ്പടിയായി അരുവിയുടെ കളകളശബ്ദം മാത്രം. ഒരു നെരുപ്പോടല്ലാതെ മറ്റൊന്നും എന്റെ മുറിയിലില്ല. എനിക്കു മുമ്പ്‌ ഇവിടെ ജീവിച്ചിരുന്നയാൾ അത്രയ്ക്കുയർന്ന ഒരാദർശശാലിയായതു കാരണം വിപുലമായ പണിയ്ക്കൊന്നും ആൾ മിനക്കെട്ടിട്ടില്ല. ബുദ്ധവിഗ്രഹമിരിക്കുന്ന മുറി കഴിച്ചാൽപ്പിന്നെ കിടക്ക വയ്ക്കാനുള്ള ചെറിയൊരിടം മാത്രമേയുള്ളു.


ത്‌സുകുഷിയിലെ കോരാമലയിലെ ഒരു ഭിക്ഷു അടുത്ത കാലത്ത്‌ ക്യോട്ടോവിലേക്കു പോയിരുന്നു; എന്റെ കുടിലിന്റെ പേർ ഒരു പലകയിലെഴുതിത്തരാമോയെന്ന് ഒരാളെ വിട്ട്‌ ഞാനദ്ദേഹത്തോടു ചോദിച്ചു; അദ്ദേഹം ഒരു മടിയും പറയാതെ ഒരു തൂലികയെടുത്ത്‌ ഗെൻ-ജൂ-ആൻ എന്നീ മൂന്നക്ഷരങ്ങൾ എഴുതിത്തരികയും ചെയ്തു. എന്റെ പുൽക്കുടിലിന്റെ ഓർമ്മയ്ക്കായി ഞാനതു സൂക്ഷിക്കുന്നു. ഗിരിവിഹാരം, വഴിയമ്പലം- അതിനെ നിങ്ങൾക്കെന്തു വേണമെങ്കിലും വിളിക്കാം; കാര്യമായ വസ്തുവകകളൊന്നുമില്ലാതെ താമസിക്കാവുന്ന ഒരു സ്ഥലമാണത്‌. മരത്തൊലി കൊണ്ടുള്ള ഒരു തൊപ്പി, കോരപ്പുല്ലു മെടഞ്ഞുണ്ടാക്കിയ ഒരു മഴക്കുപ്പായം, ഇത്രയുമേ എന്റെ മുറിയിൽ തൂങ്ങിക്കിടപ്പുള്ളു. പകൽസമയത്ത്‌ ചിലപ്പോൾ ചിലർ കയറിവന്നുവെന്നു വരാം. അമ്പലം സൂക്ഷിപ്പുകാരനായ കിഴവനോ നാട്ടുകാരോ നാട്ടുവിശേഷങ്ങൾ പറഞ്ഞിരിക്കാൻ വരും- ഞാറു കുത്തിക്കിളച്ച കാട്ടുപന്നി, അമരത്തടത്തിൽക്കയറിയ മുയൽ: ഒക്കെ എനിക്കു പുതിയ കാര്യങ്ങൾ. കുന്നുകൾക്കു പിന്നിൽ സൂര്യനിറങ്ങാൻ തുടങ്ങുമ്പോൾ എന്റെ നിഴലുമായി ചന്ദ്രനുദിക്കുന്നതും കാത്ത്‌ ഞാനിരിക്കും; അതുമല്ലെങ്കിൽ വിളക്കു കൊളുത്തിയിട്ട്‌ സ്വന്തം നിഴലുമായി ശരിതെറ്റുകളെക്കുറിച്ച്‌ ഒരു സംവാദത്തിനു ഞാന്‍ തുടക്കമിടും.


ഇങ്ങനെയാണെങ്കിലും ഏകാന്തതയിൽ അത്രമേൽ ആകൃഷ്ടനായി മലയിലോ കാട്ടിലോ സ്വയം ഒളിപ്പിക്കാൻ പാടുപെടുന്ന തരക്കാരനുമല്ല ഞാൻ. ഇടയ്ക്കിടെയുള്ള രോഗബാധയും മനുഷ്യരുമായി ഇടപെടുന്നതിലെ വൈഷമ്യങ്ങളും കാരണം എനിക്കു സമൂഹത്തെ മടുപ്പായെന്നേയുള്ളു. സ്വന്തം വൈദഗ്ദ്ധ്യക്കുറവു കാരണം വരുത്തിക്കൂട്ടിയ പിഴവുകളെക്കുറിച്ച്‌ പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്‌. ഭരണത്തിലിരിക്കുന്നവരോടും ഉയർന്ന പദവിയുള്ളവരോടും അസൂയ തോന്നിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു; ഏതോ ബുദ്ധവിഹാരത്തിലെ പണ്ഡിതസഭയിലിരിക്കുന്നതായും ഞാനൊരിക്കൽ സ്വപ്നം കണ്ടിരുന്നു. പകരം ഞാൻ ചെയ്തത്‌ കാറ്റുകളേയും മേഘങ്ങളേയും പോലെ അലഞ്ഞ യാത്രകളിൽ മുഴുകി ശരീരം ക്ഷയിപ്പിക്കുകയാണ്‌; പൂക്കളിലും കിളികളിലും എന്റെ വികാരങ്ങൾ കോരിച്ചൊരിയുകയാണ്‌. പക്ഷേ അതുവഴി ഒരു ജീവിതമാർഗം കണ്ടെത്താനും എനിക്കു സാധിച്ചു. അങ്ങനെ ഒടുവിൽ ശേഷിമാനോ വാസനാശാലിയോ അല്ലാത്ത എനിക്ക്‌ കവിതയിൽ ആത്മസമർപ്പണം ചെയ്യാനും കഴിഞ്ഞു. കവിതയ്ക്കു മേൽ അത്രയധികം അധ്വാനിച്ച്‌ ബോ ജൂയി തന്റെ സർവ്വേന്ദ്രിയങ്ങളും തുലച്ചുവത്രെ; കവിത കാരണമാണത്രെ, ദു ഫു മെലിഞ്ഞു ബലം കെട്ടുപോയത്‌. സ്വന്തം ബുദ്ധിയോ എഴുത്തിന്റെ ഗുണമോ വച്ചുനോക്കുമ്പോൾ ഞാൻ അവരുമായി സ്വയം താരതമ്യപ്പെടുത്താനൊന്നും പോകുന്നില്ല.

ഇത്രയൊക്കെപ്പറഞ്ഞതിനൊടുവിൽ ഞാനൊന്നു ചോദിച്ചോട്ടെ, നമ്മുടെയൊക്കെ വാസം ഒരു ഭൂതപ്പുരയിലല്ലേ? തല്‍ക്കാലം ഇത്രയും മതി- ഞാന്‍ ഉറങ്ങാന്‍ പോകുന്നു.

വേനല്‍മരങ്ങൾക്കിടയിൽ
ഒരോക്കുമരം-
അതിനെ വിശ്വസിക്കാം.

(1690)


The Hut of the Phantom Dwelling

by Burton Watson

The Hut of the Phantom Dwelling , which Basho rewrote a number of times in 1690, is considered the first outstanding example of haibun literature. Earlier haibun tended to be extremely short and to function primarily as salutations. But The Phantom Dwelling , which was closely modeled on Kamo no Chomei's prose essay Ten-Foot Square Hut ( Hojoki , 1212), is an extended prose poem in a highly elliptical, hybrid style of vernacular, classical Japanese and classical Chinese, with Chinese-style parallel words and parallel phrases Basho probably first wrote The Hut of the Phantom Dwelling to express his gratitude to Kyokusui, a disciple and patron, who lent him this dwelling where he could rest after his arduous journey through the Deep North. The essay is known as a poetic statement of Basho's ideal as a recluse.


Beyond Ishiyama, with its back to Mount Iwama, is a hill called Kokubuyama — the name, I think, derives from a kokubunji , or government temple of long ago. If you cross the narrow stream that runs at the foot and climb the slope for three turnings of the road, some two hundred paces each, you come to a shrine of the god Hachiman. The object of worship is a statue of the Buddha Amida. This is the sort of thing that is greatly abhorred by the Yuiitsu school, though I regard it as admirable that, as the Ryobu assert, the buddhas should dim their lights and mingle with the dust in order to benefit the world Ordinarily, few worshipers visit the shrine, and it's very solemn and still Beside it is an abandoned hut with a rush door Brambles and bamboo grass overgrow the eaves; the roof leaks; the plaster has fallen from the walls; and foxes and badgers make their den there. It is called the Genjuan, or Hut of the Phantom Dwelling. The owner was a monk, an uncle of the warrior Suganuma Kyokusui. It has been eight years since he lived there — nothing remains of him now but his name, Elder of the Phantom Dwelling.
I, too, gave up city life some ten years ago, and now I'm approaching fifty I'm like a bagworm that's lost its bag, a snail without its shell I've tanned my face in the hot sun of Kisagata in Dewa and bruised my heels on the rough beaches of the northern sea, where tall dunes make walking so hard. And now this year here I am drifting by the waves of Lake Biwa. The grebe attaches its floating nest to a single strand of reed to keep it from washing away in the current. With a similar thought, I mended the thatch on the eaves of the hut, patched up the gaps in the fence, and, at the beginning of the Fourth Month, the first month of summer, moved in for what I thought would be no more than a brief stay. Now, though, I'm beginning to wonder if I'll ever want to leave.
Spring is over, but I can tell it hasn't gone for long. Azaleas continue to bloom, wild wisteria hangs from the pine trees, and a cuckoo now and then passes by I even have greetings from the jays and woodpeckers that peck at things, but I really don't mind — in fact, I rather enjoy them. I feel as though my spirit had raced off to China to view the scenery in Wu or Chu, as though I were standing beside the lovely Xiao and Xiang Rivers or Lake Dongting. The mountain rises behind me to the southwest, and the nearest houses are a good distance away. Fragrant southern breezes blow down from the mountaintops, and north winds, dampened by the lake, are cool I have Mount Hie and the tall peak of Hira, and this side of them the pines of Karasaki veiled in mist, as well as a castle, a bridge, and boats fishing on the lake. I hear the voice of the woodsman making his way to Kasatori, and the songs of the seedling planters in the little rice paddies at the foot of the hill Fireflies weave through the air in the dusk of evening, clapper rails tap out their notes — there's surely no lack of beautiful scenes. Among them is Mikamiyama, which is shaped rather like Mount Fuji and reminds me of my old house in Musashino, while Mount Tanakami sets me to counting all the poets of ancient times who are associated with it. Other mountains include Bamboo Grass Crest, Thousand Yard Summit, and Skirt Waist. There's Black Ford village, where the foliage is so dense and dark, and the men tend their fish weirs, looking exactly as they're described in the Man'yoshu . In order to get a better view all around, I've climbed up the height behind my hut, rigged a platform among the pines, and furnished it with a round straw mat I call it Monkey's Perch. I'm not in a class with those Chinese eccentrics Xu Juan, who made himself a nest in a crab apple tree where he could do his drinking, or Old Man Wang, who built his retreat on Secretary Peak. I'm just a mountain dweller, sleepy by nature, who has returned his footsteps to the steep slopes and sits here in the empty hills catching lice and smashing them.
Sometimes when I'm in an energetic mood, I draw clear water from the valley and cook myself a meal. I have only the drip, drip of the spring to relieve my loneliness, but with my one little stove, things are anything but cluttered. The man who lived here before was truly lofty in mind and did not bother with any elaborate construction. Besides the one room where the Buddha image is kept, there is only a little place designed to store bedding.
An eminent monk of Mount Kora in Tsukushi, the son of a certain Kai of the Kamo Shrine, recently journeyed to Kyoto, and I got someone to ask him if he would write a plaque for me. He readily agreed, dipped his brush, and wrote the three characters Gen-ju-an . He sent me the plaque, and I keep it as a memorial of my grass hut. Mountain home, traveler's rest — call it what you will, it's hardly the kind of place where you need any great store of belongings. A cypress-bark hat from Kiso, a sedge rain-cape from Koshi — that's all that hangs on the post above my pillow. In the daytime, I'm once in a while diverted by people who stop to visit. The old man who takes care of the shrine or the men from the village come and tell me about the wild boar that's been eating the rice plants, the rabbits that are getting at the bean patches, tales of farm matters that are all quite new to me. And when the sun has begun to sink behind the rim of the hills, I sit quietly in the evening waiting for the moon so I may have a shadow for company or light a lamp and discuss right and wrong with my silhouette.
But when all has been said, I am not really the kind who is so completely enamored of solitude that he must hide every trace of himself away in the mountains and wilds. It's just that, troubled by frequent illness and weary of dealing with people, I've come to dislike society. Again and again I think of the mistakes I've made in my clumsiness over the years. There was a time when I envied those who had government offices or impressive domains, and on another occasion I considered entering the precincts of the Buddha and the teaching room of the patriarchs. Instead, I've worn out my body in journeys that were as aimless as the winds and clouds and expended my feelings on flowers and birds. But somehow I've been able to make a living this way, and so in the end, unskilled and untalented as I am, I give myself wholly to this one concern, poetry. Bo Juyi worked so hard at it that he almost ruined his five vital organs, and Du Fu grew lean and emaciated because of it. As far as intelligence or the quality of our writings goes, I can never compare with such men. And yet in the end, we all live, do we not, in a phantom dwelling? But enough of that — I'm off to bed.
Among these summer trees,
a pasania —
something to count on.


2017, ജൂൺ 9, വെള്ളിയാഴ്‌ച

സാഫോയുടെ കവിതകള്‍


220px-Bust_Sappho_Musei_Capitolini_MC1164

സാഫോ(Sappho)യുടെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയാനില്ല. ലെസ്ബോസ് എന്ന ഗ്രീക്കുദ്വീപിലെ ഒരു പ്രഭുകുടുംബത്തിൽ ക്രി.മു. 615നടുത്താണ്‌ ജനനം. സെർസീലാസ് (Cercylas) എന്ന ധനികനെ വിവാഹം കഴിച്ചിരുന്നുവെന്നും ക്ലൈസ് (Cleis) എന്ന മകൾ ഉണ്ടായിരുന്നുവെന്നും അറിയാം. ലെസ്ബോസിലെ മിറ്റെലീനി (Mytilene) എന്ന നഗരത്തിൽ അവിവാഹിതകളായ യുവതികൾക്കു വേണ്ടി സാഫോ ഒരു വിദ്യാലയം നടത്തിയിരുന്നു. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രോഡിറ്റി(Aphrodite)ക്കും കാമദേവനായ ഇറോസിനും (Eros) സമർപ്പിക്കപ്പെട്ടതായിരുന്നു ആ വിദ്യാലയം. അദ്ധ്യാപികയും കവിയും എന്ന നിലയിൽ അവർ പ്രസിദ്ധയുമായിരുന്നു. റോമൻ കവിയായ ഓവിഡ് പറയുന്നത് ഫെയോൺ (Phaon) എന്ന യുവനാവികനുമായുള്ള പ്രണയം തകർന്നതിനെത്തുടർന്ന് ചെറുപ്പത്തിൽ തന്നെ സാഫോ ഒരു പാറക്കെട്ടിൽ നിന്നെടുത്തു ചാടി ജീവനൊടുക്കി എന്നാണ്‌.  അങ്ങനെയല്ല, അറുപത്തഞ്ചാം വയസ്സിൽ മറ്റു കാരണങ്ങളാൽ മരിക്കുകയായിരുന്നു എന്നും ചില ചരിത്രകാരന്മാർ പറയുന്നു.

സാഫോയുടെ കാവ്യജീവിതത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ കിട്ടാനില്ല. വലിയൊരു കവിയായി പൗരാണികകാലത്ത് അറിയപ്പെട്ടിരുന്നു: പ്ലേറ്റോ ‘പത്താമത്തെ കാവ്യദേവത’ എന്ന് സാഫോയെ വിശേഷിപ്പിക്കുന്നുണ്ട്; നാണയങ്ങളിൽ അവരുടെ ചിത്രങ്ങൾ കാണാനുമുണ്ട്. ഇന്ന് ‘സാഫിക്’ എന്നറിയപ്പെടുന്ന വൃത്തം അവരുടെ സൃഷ്ടിയാണോ എന്നു വ്യക്തമല്ല. ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ അവരുടെ കവിതകൾ ഒമ്പതു പുസ്തകങ്ങളായി സമാഹരിക്കപ്പെട്ടുവെങ്കിലും അതെല്ലാം നഷ്ടമായി. 28 വരികളുള്ള ഒരു കവിതയൊഴികെ മറ്റൊന്നും പൂർണ്ണരൂപത്തിൽ കിട്ടാനില്ല. സാഫോയുടെ കവിതാശകലങ്ങളുള്ള പാപ്പിറസ്സുകൾ 1898ൽ കണ്ടെടുക്കപ്പെടുകയുണ്ടായി. 1914ൽ ഈജിപ്തിൽ നിന്നു കണ്ടെടുത്ത ചില ശവമഞ്ചങ്ങളിൽ സാഫോയുടെ കവിതകൾ രേഖപ്പെടുത്തിയ പാപ്പിറസ്സുകൾ ഉണ്ടായിരുന്നു.

സാഫോയുടെ മരണത്തിനു മൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ചില രചനകളിലാണ്‌ അമിതമായ ലൈംഗികാസക്തിയുടേയും സ്വവർഗ്ഗപ്രണയത്തിന്റെയും പ്രതീകമായി അവർ മാറുന്നത്. ലെസ്ബിയനിസം എന്ന പദം തന്നെ അങ്ങനെയുണ്ടായതാണ്‌. 1073ൽ ഗ്രിഗറി എന്ന മാർപാപ്പ സാഫോയുടെ കവിതകൾ കത്തിച്ചുകളയാൻ ഉത്തരവിട്ടിരുന്നു.

സാഫോയുടെ കവിതകൾ Lyre എന്ന തന്ത്രിവാദ്യത്തിന്റെ അകമ്പടിയോടെ ഒരാൾക്കു പാടാൻ വേണ്ടി എഴുതപ്പെട്ടവയാണ്‌. ഹോമറുടേതു പോലെ ദേവന്മാരെ സ്തുതിക്കുന്നതോ ഐതിഹാസികസംഭവങ്ങൾ വിവരിക്കുന്നതോ അല്ല ആ കവിതകൾ; ഒരാൾ മറ്റൊരാളോടു പറയുന്ന മട്ടിലാണ്‌ കവിതയുടെ രൂപം. പ്രണയത്തിന്റെ കയ്പും മധുരവുമാണ്‌ പ്രധാനമായ പ്രതിപാദ്യം.


1
എനിക്കു വേണ്ട തേൻ,
തേനീച്ചയും...

2
എന്റെയുടലിന്റെ കെട്ടഴിയുന്നു,
പ്രണയത്തിന്റെ വിഷം തീണ്ടിയതില്പിന്നെ...

3
പ്രണയമെന്റെ ഹൃദയമിളക്കി,
മലകളിലോക്കുമരങ്ങളെ
കാറ്റു പിടിച്ചുലയ്ക്കുമ്പോലെ...

4
എന്നെ നേരെ നോക്കൂ, പ്രിയനേ,
ഞാനറിയട്ടെ,
നിന്റെ കണ്ണുകളുടെ ചാരുത!

5
നാമിതു രുചിക്കുക!
ഇതിൽ പാപം കാണുന്നവനോ,
അവന്റെ പ്രാണനെടുക്കട്ടെ,
ശോകവുമാത്മാനുതാപവും!

6
ഈ തറിയിലിനി നെയ്യുക വയ്യമ്മേ,
അവനോടുള്ള പ്രണയമെന്റെ കണ്ണു  മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.

7
മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...

8
എന്തിനോടുപമിക്കും,
നിന്നെ ഞാനെൻ പ്രിയനേ?
മുളംകൂമ്പു പോലെ നീ,
നേർത്തും വിളർത്തും.

9
വസന്തകാലസന്ധ്യക്ക്
പൂർണ്ണചന്ദ്രനുദിക്കുമ്പോൾ
ബാലികമാർ വട്ടമിട്ടിരിക്കുന്നു,
ബലിപീഠത്തിനു ചുറ്റുമെന്നപോലെ.

10
ഉയർന്നിട്ടാകട്ടെ പന്തൽ,
പണിക്കാരേ,
ആരിലുമുയരമുള്ളവൻ,
വരാനുള്ളവൻ,
വരൻ!

11
സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
ദൂരെ, ദൂരെ നിന്നും
എനിക്കു കിട്ടിയൊരു കാതരോപഹാരം.

12
മൃദുലേ,യകലെ നിന്നു
നോക്കിനിന്നു ഞാൻ നിന്നെ,
പാടിയും പൂവു നുള്ളിയും
ഉദ്യാനത്തിൽ വ്യാപരിക്കുന്ന നിന്നെ.

പൊന്നിലും പൊന്നാണു
നിന്റെ മുടിയിഴകൾ,
നിന്റെ ഗാനത്തിനെതിരല്ല
കിന്നരത്തിന്റെ സ്വരവും.

13
യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരു നാളുമൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ?

14
ആപ്പിൾ മരത്തിന്റെ തലപ്പത്ത്
ചുവന്നുതുടുത്തൊരാപ്പിൾപ്പഴം;
വിളവെടുത്തവർ കാണാതെ പോയതോ?
അല്ല, അവർക്കു കൈയെത്താതെ പോയത്.

15
മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു മുഖം പൊത്തുന്നു
നക്ഷത്രങ്ങൾ.

16
ദേവോപമനവൻ,
എനിക്കെതിരെയിരിക്കുന്നവൻ,
എന്റെ ചുണ്ടിന്റെ മാധുര്യത്തിനു
കാതോർത്തിരിക്കുന്നവൻ.

അവന്റെ ചിരി കേൾക്കുമ്പോൾ
എന്റെ നെഞ്ചു പിടയ്ക്കുന്നു,
അവൻ മുന്നിലെത്തുമ്പോൾ
എന്റെ നാവിറങ്ങിപ്പോകുന്നു.
ആളുന്ന തീയെന്റെയുടലെരിക്കുന്നു,
എന്റെ കണ്ണുകളിരുട്ടടയ്ക്കുന്നു,
എന്റെ കാതുകൾ കൊട്ടിയടയ്ക്കുന്നു,
ഞാൻ വിയർത്തുകുളിക്കുന്നു,
ഒരു കിടുങ്ങലെന്നിലൂടെപ്പായുന്നു,
വേനലിൽ പുല്ലു പോലെ ഞാൻ വിളറുന്നു,
മരണമടുത്തവളെപ്പോലെയാകുന്നു ഞാൻ.

17

പ്രഭാതം ചിതറിച്ചതൊക്കെയും
അന്തിനക്ഷത്രമേ, നീ തടുത്തുകൂട്ടുന്നു.
കാടു കാട്ടി നടന്ന കുട്ടികൾ
അമ്മമാരുടെ മടിയിലേക്കു കുതിക്കുന്നു,
ആടുകളാലയിലേക്കു മടങ്ങുന്നു,
ചിറകുകൾ കൂടണയുന്നു.

18
ഇതാ, പ്രഭാതം,
പൊന്‍പാദുകങ്ങളുമായി!

19

ഞാനെന്നോടു തന്നെ ചോദിച്ചു,
നീയെന്തു നല്കും സാഫോ,
അഫ്രോഡിറ്റിയെപ്പോലെല്ലാം
തികഞ്ഞവൾക്ക്?

ഞാൻ പറഞ്ഞു,
വെളുത്ത പെണ്ണാടിന്റെ
കൊഴുത്ത തുടയെല്ലുകൾക്കു മേൽ
ഞാനവൾക്കു വീഞ്ഞു തൂവും.

20
വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളാണവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.

21
നീ മറന്നാലും ഞാൻ പറയട്ടെ,
നമ്മെയോർമ്മിക്കാനുണ്ടാവും
വരും കാലത്തൊരാളെങ്കിലും.

22
ഈ രണ്ടു കൈകൾ കൊണ്ട്
മാനത്തെയെത്തിപ്പിടിക്കാനോ?
ഞാനതു മോഹിക്കേണ്ട.

23
ഇനിയും നിന്നോടു പറയണോ ക്ളൈസ്,
വിലാപത്തിന്റെ ശബ്ദങ്ങളുചിതമല്ല,
കവിയായിട്ടൊരാൾ ജീവിച്ച വീട്ടിലെന്ന്?
നമ്മുടെ നിലയ്ക്കതു ചേരില്ലെന്നും?
(മരണക്കിടക്കയിൽ വച്ച് മകളെ വിളിച്ചു പറഞ്ഞതാണത്രെ)


The Complete Poems of Sappho

2017, ജൂൺ 6, ചൊവ്വാഴ്ച

ഹാൻസ് ആൻഡേഴ്സൻ - ഒരമ്മയുടെ കഥ


story-of-mother-02b

ഒരമ്മ തന്റെ കുഞ്ഞിനരികിൽ ഇരിക്കുകയായിരുന്നു: അതു മരിച്ചുപോകുമോ എന്ന പേടിച്ച് ആകെ ദുഃഖിതയാണവർ. അതിന്റെ കുഞ്ഞുമുഖം വിളറിവെളുത്തിരിക്കുന്നു; അതിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. വിമ്മിഷ്ടപ്പെട്ടുകൊണ്ടാണ്‌ കുഞ്ഞ് ശ്വാസമെടുക്കുന്നത്; ചിലപ്പോൾ അതൊരു നെടുവീർപ്പു പോലെയാകും നമുക്കു തോന്നുക. അതു കേൾക്കു മ്പോൾ മുമ്പത്തേക്കാൾ ഏറിയ ദുഃഖത്തോടെ ആ അമ്മ കുഞ്ഞിനെ ഉറ്റുനോക്കും.
ഈ സമയത്താണ്‌ വാതിൽക്കൽ ആരോ മുട്ടുന്നത്; വളരെ പാവപ്പെട്ട ഒരു വൃദ്ധൻ കയറിവന്നു; കുതിരകളെ പുതപ്പിക്കുന്ന തരം വിരിപ്പു പോലൊന്നു കൊണ്ട് അയാൾ മൂടിപ്പുതച്ചിരിക്കുന്നു. മഞ്ഞുകാലമായതിനാൽ അതിന്റെ ചൂട് അയാൾക്കത്യാവശ്യവുമാണ്‌. പുറത്തു സർവതും പുതമഞ്ഞു മൂടിക്കിടക്കുകയാണ്‌; മുഖത്തു കത്തി കുത്തിക്കേറുന്ന പോലെയാണ്‌ തണുത്ത കാറ്റു വീശുന്നത്. 

വൃദ്ധൻ തണുത്തു വിറയ്ക്കുന്നതു കണ്ടപ്പോൾ, ഈ സമയത്ത് കുഞ്ഞ് ഒന്നു സമാധാനപ്പെട്ടു കിടക്കുകയുമായിരുന്നു, അമ്മ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ ബിയറൊഴിച്ച് ചൂടാക്കാനായി അടുപ്പിൽ വച്ചു. വൃദ്ധൻ അടുത്തിരുന്ന് കുഞ്ഞു കിടക്കുന്ന തൊട്ടിൽ പതിയെ ആട്ടിക്കൊടുത്തു; അമ്മ അയാൾക്കരികിൽ പഴയൊരു കസേരയിലിരുന്നുകൊണ്ട് കുഞ്ഞിനെ നോക്കി; അത്ര വേദനയോടെയാണ്‌ അതു ശ്വാസമെടുക്കുന്നത്. അവർ ആ കുഞ്ഞുകൈയിൽ പിടിച്ചു.
mother-01

‘എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെടില്ലല്ലോ, ഇല്ലേ?’ അവർ അയാളോടു ചോദിച്ചു. ‘കരുണാമയനായ ദൈവം എന്റെ കുഞ്ഞിനെ കൊണ്ടുപോകില്ല!’
വൃദ്ധനാവട്ടെ-അതു മരണമായിരുന്നു- വല്ലാത്ത രീതിയിൽ ഒന്നു തലയാട്ടിയതേയുള്ളു; അത് ഏതർത്ഥത്തിലുമാവാം. അമ്മ തല കുനിച്ചിരുന്നു; അവരുടെ കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീരൊഴുകി. തലയ്ക്കു വല്ലാതെ ഭാരം തോന്നി യപ്പോൾ- കാരണം, മൂന്നു രാവും പകലും അവർ ഒന്നു കണ്ണടച്ചിട്ടില്ല- അവർ ഒന്നു മയങ്ങിപ്പോയി; അതും ഒരു നിമിഷത്തേക്കു മാത്രം. പെട്ടെന്നു തന്നെ തണുപ്പു കൊണ്ടു കിടുങ്ങി വിറച്ച് അവർ ഞെട്ടിയുണരുകയും ചെയ്തു.
‘എന്താത്?’ ചുറ്റും നോക്കിക്കൊണ്ട് അവർ ചോദിച്ചു; പക്ഷേ വൃദ്ധനെ എങ്ങും കാണാനുണ്ടായിരുന്നില്ല; അവരുടെ കുഞ്ഞിനേയും കാണാനില്ല. അയാൾ അതിനെയുമെടുത്താണ്‌ പോയിരിക്കുന്നത്. മൂലയ്ക്കലിരുന്ന പഴയ ഘടികാരം ഞരങ്ങാനും വിറയ്ക്കാനും തുടങ്ങി. അതിന്റെ പെൻഡുലമൂരി തറയിൽ വീണു: ഠപ്പേ! അതു നിശ്ചലമാവുകയും ചെയ്തു. ആ പാവം അമ്മ തന്റെ കുഞ്ഞിനെയും വിളിച്ചു കരഞ്ഞു കൊണ്ട് വീട്ടിനു പുറത്തേക്കോടി. 

story-of-mother-01
പുറത്തു മഞ്ഞത്ത് നീണ്ടുകറുത്ത കുപ്പായം കൊണ്ടു ദേഹം മൂടി ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവർ പറഞ്ഞു, ‘മരണം നിന്റെ വീട്ടിൽ കയറിവന്നിരുന്നു. നിന്റെ കുഞ്ഞിനേയും കൈയിൽ വച്ച് അവൻ പോകുന്നതു ഞാൻ കണ്ടു. കാറ്റിലും വേഗത്തിലാണവൻ പോവുക; താനെടുത്തത് ഒരിക്കലുമവൻ തിരിച്ചുനൽകാറുമില്ല.’

‘ഏതു വഴിക്കാണയാൾ പോയതെന്നു മാത്രം പറഞ്ഞുതരൂ,’ അമ്മ പറഞ്ഞു. ‘വഴിയറിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ അയാളെ കണ്ടുപിടിച്ചോളാം.’

‘വഴിയൊക്കെ എനിക്കറിയാം,’ കറുപ്പുടുത്ത സ്ത്രീ പറഞ്ഞു. ‘അതു പറയണമെങ്കിൽ പക്ഷേ, നീ നിന്റെ കുഞ്ഞിനു പാടിക്കൊടുത്ത പാട്ടുകളൊക്കെ എനിക്കു വേണ്ടി ഒന്നു പാടണം. എന്നെ അറിയില്ലേ, ഞാനാണു രാത്രി.  നിന്റെ താരാട്ടുപാട്ടുകൾ എനിക്കു വളരെ ഇഷ്ടമാണ് . മുമ്പു പലപ്പോഴും ഞാനവ കേട്ടിരിക്കുന്നു. പാടുമ്പോൾ നിന്റെ കണ്ണീരും ഞാൻ കണ്ടിരിക്കുന്നു.’

‘എല്ലാം, എല്ലാം ഞാൻ പാടാം!’ അമ്മ പറഞ്ഞു. ‘എന്നാൽ ഇപ്പോൾ എന്നെ നിർബന്ധിക്കരുതേ. എനിക്കയാൾക്കൊപ്പമെത്തണം, എന്റെ കുഞ്ഞിനെ കണ്ടുപിടിക്കണം.’
രാത്രി പക്ഷേ മിണ്ടാതനങ്ങാതിരുന്നതേയുള്ളു; അമ്മ പാടി; കൈകൾ കൂട്ടിത്തി രുമ്മിയും തേങ്ങിക്കരഞ്ഞും കൊണ്ട് അവർ പാടി. അവർ എത്രയെത്ര പാട്ടു കൾ പാടി; അതിലുമെത്രയോ അധികമായിരുന്നു, അവരൊഴുക്കിയ കണ്ണുനീർ. ഒടുവിൽ രാത്രി പറഞ്ഞു, ‘വലത്തു തിരിഞ്ഞ് ഇരുണ്ട പൈന്മരക്കാട്ടിലേക്കു പൊയ്ക്കോളൂ. മരണം നിന്റെ കുഞ്ഞിനെയും കൊണ്ട് ആ വഴിക്കു പോകുന്നതു ഞാൻ കണ്ടു.’

കാട്ടിനു നടുവിൽ ഒരു നാൽക്കവലയിലെത്തിയപ്പോൾ പിന്നെ എങ്ങോട്ടു പോകണമെന്ന് അമ്മയ്ക്കു തിട്ടമില്ലാതായി. അവിടെ ഒരു കരിമുൾച്ചെടി നിന്നിരുന്നു, ഒരില പോലുമില്ലാതെ, ഒരു പൂവു പോലുമില്ലാതെ; മഞ്ഞുകാലമായതിനാൽ അതിൽ മഞ്ഞു കട്ട പിടിച്ചു തൂങ്ങിക്കിടന്നിരുന്നു.

‘എന്റെ കുഞ്ഞിനേയും കൊണ്ട് മരണം ഇതുവഴി പോകുന്നതു നീ കണ്ടോ?’

‘കണ്ടു,’ മുൾച്ചെടി പറഞ്ഞു. ‘പക്ഷേ എന്നെ നിന്റെ നെഞ്ചത്തടുക്കിപ്പിടിച്ച് എനിക്കൊരല്പം ചൂടു തന്നാലല്ലാതെ ഞാൻ വഴി പറഞ്ഞുതരാൻ പോകുന്നില്ല. ഞാൻ തണുത്തുമരിക്കാൻ പോവുകയാണ്‌. ഞാനുറഞ്ഞു മഞ്ഞാവാൻ പോവുകയാണ്‌.‘

അമ്മ ആ കരിമുൾച്ചെടിയെ തന്റെ നെഞ്ചോടമർത്തിപ്പിടിച്ച് അതിനു ചൂടു നല്കി. അതിന്റെ മുള്ളുകൾ അവരുടെ നെഞ്ചത്തു തറച്ചുകേറി; കടുംചുവപ്പുനിറത്തിൽ അവരുടെ ചോര കുത്തിയൊലിച്ചു. അങ്ങനെ ആ തണുത്ത മഞ്ഞുകാലരാത്രിയിൽ ഒരു കരിമുൾച്ചെടിക്കു പൂക്കൾ വിരിഞ്ഞു, അതിനു തളിരിലകൾ വന്നു: അത്ര ചുടുന്നതാണ്‌ ദുഃഖിതയായ ഒരമ്മയുടെ ഹൃദയം! കരിമുൾച്ചെടി പിന്നെ അവർ പോകേണ്ട വഴി ആ അമ്മയ്ക്കു പറഞ്ഞുകൊ ടുക്കുകയും ചെയ്തു.

അവർ നടന്നെത്തിയത് വലിയൊരു തടാകത്തിന്റെ കരയിലാണ്‌; അതിൽ വഞ്ചിയോ കപ്പലോ ഒന്നും കാണാനില്ല. കയറി നടന്നു പോകാൻ പാകത്തിൽ അതുറഞ്ഞു കട്ടിയായിട്ടില്ല; ഇറങ്ങി നടന്നു പോകാൻ മാത്രം മഞ്ഞലിഞ്ഞതുമല്ല, ആഴം കുറഞ്ഞതുമല്ല. പക്ഷേ സ്വന്തം കുഞ്ഞിനെ കണ്ടെത്തണമെങ്കിൽ അതു കടന്നപ്പുറത്തെ ത്താതെയും പറ്റില്ല. അവർ തടാകത്തിന്റെ കരയിലിരുന്ന് അതു കുടിച്ചുവറ്റിക്കാൻ നോക്കി; ഒരു മനുഷ്യജീവിയെക്കൊണ്ടും പറ്റാത്തതൊന്നാണതെന്നതിനു സംശയമില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചുകൂടേ യെന്ന പ്രതീക്ഷയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു ആ പാവം സ്ത്രീ.

’ഇതു വിജയിക്കാൻ പോകുന്നില്ല,‘ തടാകം പറഞ്ഞു. ’നമുക്കു തമ്മിൽ ഒരൊത്തു തീർപ്പിലെത്തിയാലോ? മുത്തുകൾ ശേഖരിക്കുന്നത് എനിക്കു വളരെ ഇഷ്ടമാണ്‌; നിന്റെ കണ്ണുകൾ പോലെ ഇത്ര തെളിഞ്ഞ മുത്തുകൾ ഞാൻ ഇന്നേ വരെ കണ്ടിട്ടുമില്ല; നീ കരഞ്ഞുകരഞ്ഞവ വീഴ്ത്തിയാൽ ഞാൻ നിന്നെ മറുകരയിൽ മരണം പാർക്കുന്ന പുരയിലെ ത്തിക്കാം; അവിടെ മൂടിക്കെട്ടിയ ഒരു പുര യ്ക്കുള്ളിൽ അയാൾ മരങ്ങളും പൂച്ചെടികളും നട്ടുവളർത്തുന്നുണ്ട്; ഓരോന്നും ഓരോ മനുഷ്യജീവിതമത്രെ.‘

’ഹാ, എന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ എന്തുതന്നെ ഞാൻ നല്കില്ല,‘ ശോകാകുലയായ ആ അമ്മ പറഞ്ഞു. കണ്ണീരൊഴുക്കിക്കൊണ്ടു കരഞ്ഞു; കരഞ്ഞു കരഞ്ഞ് അവരുടെ കണ്ണുകൾ തടാകത്തിന്റെ കയത്തിലേക്കു പൊഴിഞ്ഞുവീണു; അവ അനർഘമായ രണ്ടു മുത്തുമണികളുമായി. തടാകം അവരെ വാരിയെടുത്ത് ഒരൂഞ്ഞാലി ലിരുത്തിയാട്ടുന്ന പോലെ മറുകരയിലെത്തിച്ചു. അവിടെ എത്രയും വിചിത്രമായ ഒരു ഭവനം കണ്ടു; മൈലുകളോളം ദൈർഘ്യത്തിൽ അതു നീണ്ടുകിടന്നു. കാടുകളും ഗുഹകളും നിറഞ്ഞ ഒരു പർവതമാണോ അതോ പണിതെടുത്ത ഒരെടുപ്പാണോ അതെന്നു പറയാൻ നിങ്ങൾക്കു കഴിയില്ല. കരഞ്ഞുകരഞ്ഞു കണ്ണുകൾ കളഞ്ഞ ആ അമ്മയ്ക്കാവട്ടെ, അതു കാണാനും കഴിയുമായിരുന്നില്ല. 

’എന്റെ കുഞ്ഞിനെയും കൊണ്ടു കടന്നുകളഞ്ഞ മരണം എവിടെയാണിരിക്കുന്നത്?‘ അവർ ചോദിച്ചു. 

’അദ്ദേഹം തിരിച്ചെത്തിയിട്ടില്ല,‘ മരണത്തിന്റെ കെട്ടിയടച്ച ഉദ്യാനം പരിപാലിക്കുന്ന തല വെളുവെളെ നരച്ച ഒരു വൃദ്ധ പറഞ്ഞു. ’നീയെങ്ങനെ ഇവിടെ യെത്തി? ആരാണു നിനക്കു വഴി പറഞ്ഞുതന്നത്?‘

’ദൈവമാണെന്നെ സഹായിച്ചത്,‘ അവർ പറഞ്ഞു. ’ദൈവം എന്നോടു കരുണ കാണിച്ചു; അതുപോലെ നിങ്ങളും എന്നോടു കരുണ കാണിക്കില്ലേ? എവിടെയാണെന്റെ കുഞ്ഞ്?‘
’അതിനെ എനിക്കറിയില്ലല്ലോ,‘ വൃദ്ധ പറഞ്ഞു. ’നിനക്കാണെങ്കിൽ കാണാനും പറ്റില്ല. പക്ഷേ ഇന്നലെ രാത്രിയിൽ കുറേയധികം പൂക്കളും മരങ്ങളും വാടി വീണുപോയിട്ടുണ്ട്. അവ പറിച്ചുനടാൻ മരണം വൈകാതെ ഇവിടെയെത്തും. ഓരോ മനുഷ്യജീവിക്കും, ഏതുതരം വ്യക്തിയാണയാൾ എന്നതനുസരിച്ച്, ഒരു ജന്മവൃക്ഷമോ ജന്മപുഷ്പമോ ഉണ്ടെന്നുള്ളത് നിനക്കറിയാവുന്നതാണല്ലോ. കണ്ടാൽ മറ്റു സസ്യങ്ങളെപ്പോലെയാണവയെങ്കിലും അവ യ്ക്കോരോന്നിനും മിടിയ്ക്കുന്നൊരു ഹൃദയമുണ്ടാവും. കുഞ്ഞുങ്ങളുടെ ഹൃദയങ്ങളും മിടിയ്ക്കും. നിന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പു നിനക്കറിയാവുന്നതല്ലേ. ഒന്നു കാതോർത്തു നോക്കൂ, നിനക്കതു തിരിച്ചറിയാൻ പറ്റിയെന്നു വരാം. ഇനിയെന്തു ചെയ്യണമെന്നു പറഞ്ഞുതന്നാൽ നീയെനിക്കെന്തു തരും?‘

’ഇനിയെനിക്കൊന്നും നല്കാനില്ല,‘ ആ പാവം അമ്മ പറഞ്ഞു. ’എന്നാൽ നിങ്ങൾക്കു വേണ്ടി ഞാൻ ഈ ലോകത്തിന്റെ ഏതറ്റം വരെയും പോകാം.‘

’അവിടെച്ചെന്നിട്ട് എനിക്കൊന്നും ചെയ്യാനില്ല,‘ വൃദ്ധ പറഞ്ഞു. ’നിന്റെ ഈ നീണ്ടുകറുത്ത മുടി എനിക്കു തന്നുകൂടേ? എത്ര മനോഹരമാണതെന്നു നിനക്കു തന്നെ അറിയാം; എനിക്കാണെങ്കിൽ അതു വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. ഞാൻ എന്റെ വെളുത്ത മുടി നിനക്കു തരാം; ഒന്നുമില്ലാത്തതിലും നല്ലതല്ലേ അത്.‘

’അത്രയേ വേണ്ടൂ?‘ അമ്മ ചോദിച്ചു. ’ഞാനതു സന്തോഷത്തോടെ തരാം.‘ എന്നിട്ടവർ തന്റെ മനോഹരമായ മുടി വൃദ്ധയ്ക്കു നല്കി; പകരം അവരുടെ വെളുത്ത മുടി സ്വീകരിക്കുകയും ചെയ്തു.

andersen-1889-28b

എന്നിട്ടവർ മരണത്തിന്റെ മൂടിക്കെട്ടിയ ഉദ്യാനത്തിലേക്കു പോയി. അവിടെ പൂക്കളും മരങ്ങളും എത്രയും വിചിത്രമായ മട്ടിൽ കെട്ടുപിണഞ്ഞു നില്ക്കുകയാണ്‌. ഒരിടത്ത് അതിലോലമായ ലില്ലിപ്പൂക്കൾ ചില്ലുപാത്രങ്ങൾ കൊണ്ട് അടച്ചുവച്ചിരിക്കുന്നു; ചിലതു നല്ല പുതുമയോടെ തന്നെ ഇരിക്കുന്നുണ്ട്; പക്ഷേ ചിലതാകട്ടെ, ദീനം പിടിച്ച പോലെ വാടിത്തളർന്നും കാണപ്പെട്ടു. ജലസസ്യങ്ങൾക്കിടയിലൂടെ നീർക്കോലികൾ പുളഞ്ഞുനടക്കുന്നുണ്ട്; കറുത്ത ഞണ്ടുകൾ തണ്ടുകളിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. പനമരങ്ങൾ നെട്ടനെ നില്ക്കുന്നു, പിന്നെ ഓക്കുമരങ്ങൾ, വാഴകൾ, അയമോദകം, സുഗന്ധവാഹികളായ കർപ്പൂരതുളസികളും. ഓരോ പൂവിനും മരത്തിനും ഓരോ വ്യക്തിയുടെ പേരാണ്‌; അവർ ചൈനയിലോ ഗ്രീൻലന്റിലോ ഭൂമിയുടെ മറ്റേതോ കോണിലോ ഒക്കെ ജീവിച്ചിരിക്കുകയാണ്‌. ചെറിയ ചട്ടികളിൽ കുത്തി ക്കേറ്റി വച്ചിരിക്കുന്നതു കാരണം ചില കൂറ്റൻ മരങ്ങൾ വളർച്ച മുരടിച്ചു നില്ക്കുന്നു; മറ്റൊരിടത്താ കട്ടെ, നല്ല വളക്കൂറുള്ള മണ്ണും നിരന്തരമായ പരിചരണവുമുണ്ടായിട്ടും ഒട്ടും ആരോഗ്യമില്ലാതെ വളരുന്ന കുറേ പൂക്കൾ. ദുഃഖഭരിതയായ ആ അമ്മ ഓരോ കുഞ്ഞുപൂവിനും കുഞ്ഞുചെടിക്കും മേൽ കുനിഞ്ഞുനിന്നുകൊണ്ട് അവയുടെ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനു കാതോർത്തു; കോടിക്കണക്കായ ഹൃദയമിടിപ്പുകളിൽ നിന്ന് അവർ സ്വന്തം കുഞ്ഞിന്റേതു വേർതിരിച്ചറിയുകയും ചെയ്തു. 

‘ഇതു തന്നെ!’ വാടിത്തളർന്ന്, ഒരു വശത്തേക്കു ചരിഞ്ഞു വീണുകിടക്കുന്ന ഒരു ഐറിസ് പൂവിനു നേർക്കു കൈ നീട്ടിക്കൊണ്ട് അവർ വിളിച്ചുപറഞ്ഞു. 

‘പൂവിൽ തൊടരുത്!’ വൃദ്ധ പറഞ്ഞു; ‘നീ ഇവിടെത്തന്നെ നില്ക്കുക; മരണം ഏതു നിമിഷവും വരാം. ആ ചെടി പിഴാൻ നീ അനുവദിക്കരുത്; അതു പിഴുതാൽ മറ്റു ചെടികൾ നീ പിഴുതുകളയുമെന്ന് ഭീഷണിപ്പെടുത്തുക. അപ്പോൾ മരണത്തിനു പേടി വരും; കാരണം ഓരോ ചെടിയുടെ കണക്കും ദൈവത്തിനു മുന്നിൽ ബോധിപ്പിക്കാനുള്ളതാണ്‌; ദൈവം പറയാതെ ഒന്നു പോലും പിഴാൻ പാടുള്ളതല്ല.’

ഈ സമയത്ത് അവിടെയൊരു തണുത്ത കാറ്റു വീശി; മരണം തനിക്കരികിൽ നില്ക്കുന്നത് അന്ധയായ അമ്മ അറിഞ്ഞു. 

‘നീയെങ്ങനെ ഇവിടെയെത്തി?’ മരണം ചോദിച്ചു. ‘എനിക്കു മുമ്പേ ഇവിടെയെത്താൻ നിനക്കു കഴിഞ്ഞതെങ്ങനെ?’

‘ഞാൻ അമ്മയാണ്‌’ അവർ പറഞ്ഞു.

മരണം തന്റെ മെല്ലിച്ച വിരലുകൾ ആ വാടിയ കുഞ്ഞുപൂവിനു നേർക്കു നീട്ടി; അവർ അതിനെ അടുക്കിപ്പിടിച്ചു നിന്നു; എന്നിട്ടും മരണം അതിന്റെ ഒരിലയിലെങ്ങാനും തൊടുമോ എന്നവർ പേടിച്ചു. അപ്പോൾ മരണം അവളുടെ കൈക ളിലേക്കു നിശ്വസിച്ചു; ഏതു തണുത്ത കാറ്റിലും തണുത്തതായിരുന്നു മരണത്തിന്റെ നിശ്വാസം. അവളുടെ കൈകൾ ശക്തി നശിച്ച് കുഴഞ്ഞുവീണു. 

‘എന്നെ ചെറുക്കാനുള്ള ബലം നിനക്കില്ല,‘ മരണം അവരോടു പറഞ്ഞു.

’ദയാമയനായ ദൈവത്തിനതുണ്ടല്ലോ,‘ അവർ പറഞ്ഞു.

’അവിടത്തെ കല്പന ഞാൻ നിറവേറ്റുന്നുവെന്നേയുള്ളു,‘ മരണം പറഞ്ഞു. ’അവന്റെ തോട്ടക്കാരനാണു ഞാൻ. അവന്റെ പൂക്കളും മരങ്ങളും പറിച്ചെടുത്ത് സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ, ആ അജ്ഞാതദേശത്ത് മാറ്റിനടുകയാണു ഞാൻ ചെയ്യുന്നത്. അതിനപ്പുറം, അവിടെ എങ്ങനെയവ വളരുന്നുവെന്നോ, എന്തൊക്കെയാണവിടത്തെ കാര്യങ്ങളെന്നോ ഞാൻ പറയാൻ പാടുള്ളതല്ല.‘

’എനിക്കെന്റെ കുഞ്ഞിനെ മടക്കിത്തരൂ,‘ അമ്മ കരഞ്ഞും കൊണ്ടു യാചിച്ചു. പെട്ടെന്നവർ ഓരോ കൈ കൊണ്ടും അതിസുന്ദരമായ രണ്ടു പൂക്കളെ കടന്നുപിടിച്ചു; എന്നിട്ടു മരണത്തോടു വിളിച്ചുപറഞ്ഞു: ’ഞാൻ നിങ്ങളുടെ സകല പൂക്കളും പിഴുതുകളയും; അത്ര ആശ കെട്ടവളാണു ഞാൻ!‘

’അതിൽ തൊടരുത്!‘ മരണം പറഞ്ഞു. ’ദുഃഖിതയാണു നീയെന്നല്ലേ പറ ഞ്ഞത്? എന്നിട്ടിപ്പോൾ നീ മറ്റൊരമ്മയെ അത്രയും ദുഃഖിതയാക്കാനും പോകുന്നു!‘

’മറ്റൊരമ്മ?‘ ആ സാധു സ്ത്രീ ചോദിച്ചു; അവർ പൂക്കളുടെ പിടി വിട്ടു.

’ഇതാ നിന്റെ കണ്ണുകൾ,‘ മരണം പറഞ്ഞു. ’തടാകം കടക്കുമ്പോൾ കയത്തിൽ കിടന്നു തിളങ്ങുന്നതു കണ്ട് ഞാൻ മുങ്ങിയെടുത്തതാണവ. നിന്റേതാണെന്നു പക്ഷേ, എനിക്കറിയില്ലായിരുന്നു. ഇപ്പോഴവയ്ക്ക് മുമ്പത്തേക്കാൾ തെളിച്ചമു ണ്ട്. അതു വച്ച് ഈ കിണറ്റിനുള്ളിലേക്കൊന്നു നോക്കൂ. നീ പിഴുതെടുക്കാൻ പോയ ആ രണ്ടു പൂക്കളുടെ പേരു ഞാൻ പറയാം; നീ നശിപ്പിക്കാൻ പോയ ആ മനുഷ്യജീവിതങ്ങളുടെ ഭാവി നിനക്കപ്പോൾ മനസ്സിലാകും.‘

അമ്മ കിണറ്റിന്റെ ആഴത്തിലേക്കു നോക്കി. ഒരു ജീവിതം ലോകത്തിനാകമാനം അനുഗ്രഹമാകുന്നതു കണ്ടപ്പോൾ അവർ എത്ര സന്തോഷി ച്ചുവെന്നോ; അത്ര ആഹ്ളാദവും കാരുണ്യവും നിറഞ്ഞതായിരുന്നു അത്. അവർ പിന്നെ മറ്റേ ജീവിതം നോക്കിക്കണ്ടു; ദുഃഖവും ദുരിതവും ദാരിദ്ര്യവും ഭീതിയുമായിരുന്നു അതു നിറയെ. 

’രണ്ടും ഒരേപോലെ ദൈവഹിതം തന്നെ,‘ മരണം പറഞ്ഞു.

’അതിലേതാണു ദൌർഭാഗ്യത്തിന്റെ പുഷ്പം, ഏത് സന്തുഷ്ടിയുടെ പുഷ്പം?‘

’അതെനിക്കു പറഞ്ഞുകൂട,‘ മരണം മറുപടി പറഞ്ഞു. ’എന്നാൽ ഇത്രയും ഞാൻ പറയാം. അതിൽ ഒരു പൂവ് നിന്റെ കുഞ്ഞിന്റേതാണ്‌. നീ കണ്ട ഒരു ജീവിതം നിന്റെ കുഞ്ഞിന്റെ വിധിയാണ്‌- നിന്റെ സ്വന്തം കുഞ്ഞിന്റെ ഭാവി!‘

അപ്പോൾ ആ അമ്മ ഭീതിയോടെ അലറിക്കരഞ്ഞു. ’അതിലേതാണെന്റെ കുഞ്ഞ്? അതു പറയൂ! നിഷ്കളങ്കനായ എന്റെ കുഞ്ഞിനെ രക്ഷിക്കൂ! അത്രയും ദുരിതം അവനു വരുത്തിവയ്ക്കരുതേ! അതിലും ഭേദം അവനെ കൊണ്ടുപോകു ന്നതാണ്‌! അവനെ ദൈവത്തിന്റെ രാജ്യത്തിലേക്കു കൊണ്ടുപൊയ്ക്കോളൂ! എന്റെ കണ്ണീരു മറന്നേക്കൂ, എന്റെ യാചനകൾ മറന്നേക്കൂ, ഞാൻ ചെയ്തതൊക്കെയും മറന്നേക്കൂ!‘

’നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല,‘ മരണം പറഞ്ഞു. ’നിനക്കു നിന്റെ കുഞ്ഞിനെ മടക്കിവേണോ അതോ നിനക്കജ്ഞാതമായ ഒരു ദേശത്തേക്കു ഞാനവനെ കൊണ്ടുപോകണോ?‘

ആ അമ്മയപ്പോൾ മുട്ടുകാലിൽ വീണുകൊണ്ട് ദൈവത്തിനോട് ഇങ്ങനെ പ്രാർത്ഥിച്ചു:
‘എന്റെ പ്രാർത്ഥന നിന്റെ ഹിതത്തിനെതിരാവുമ്പോൾ നീയതു കേൾക്കരുതേ! നിന്റെ ഹിതം തന്നെ ഏതിലും ഹിതം. നീയതു കേൾക്കരുതേ! നീയതു കേൾക്കരുതേ!’ അവരുടെ തല കുനിഞ്ഞു നെഞ്ചത്തേക്കു വീണു.

മരണം അവരുടെ കുഞ്ഞിനെ ഒരജ്ഞാതദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു.
(1848)

The Story of a Mother

by

Hans Christian Andersen

(1848)
A MOTHER sat by her little child; she was very sad, for she feared it would die. It was quite pale, and its little eyes were closed, and sometimes it drew a heavy deep breath, almost like a sigh; and then the mother gazed more sadly than ever on the poor little creature. Some one knocked at the door, and a poor old man walked in. He was wrapped in something that looked like a great horse-cloth; and he required it truly to keep him warm, for it was cold winter; the country everywhere lay covered with snow and ice, and the wind blew so sharply that it cut one’s face. The little child had dozed off to sleep for a moment, and the mother, seeing that the old man shivered with the cold, rose and placed a small mug of beer on the stove to warm for him. The old man sat and rocked the cradle; and the mother seated herself on a chair near him, and looked at her sick child who still breathed heavily, and took hold of its little hand.
“You think I shall keep him, do you not?” she said. “Our all-merciful God will surely not take him away from me.”
The old man, who was indeed Death himself, nodded his head in a peculiar manner, which might have signified either Yes, or No; and the mother cast down her eyes, while the tears rolled down her cheeks. Then her head became heavy, for she had not closed her eyes for three days and nights, and she slept, but only for a moment. Shivering with cold, she started up and looked round the room. The old man was gone, and her child—it was gone too!—the old man had taken it with him. In the corner of the room the old clock began to strike; “whirr” went the chains, the heavy weight sank to the ground, and the clock stopped; and the poor mother rushed out of the house calling for her child. Out in the snow sat a woman in long black garments, and she said to the mother, “Death has been with you in your room. I saw him hastening away with your little child; he strides faster than the wind, and never brings back what he has taken away.”
“Only tell me which way he has gone,” said the mother; “tell me the way, I will find him.”
“I know the way,” said the woman in the black garments; “but before I tell you, you must sing to me all the songs that you have sung to your child; I love these songs, I have heard them before. I am Night, and I saw your tears flow as you sang.”
“I will sing them all to you,” said the mother; “but do not detain me now. I must overtake him, and find my child.”
But Night sat silent and still. Then the mother wept and sang, and wrung her hands. And there were many songs, and yet even more tears; till at length Night said, “Go to the right, into the dark forest of fir-trees; for I saw Death take that road with your little child.”
Within the wood the mother came to cross roads, and she knew not which to take. Just by stood a thorn-bush; it had neither leaf nor flower, for it was the cold winter time, and icicles hung on the branches. “Have you not seen Death go by, with my little child?” she asked.
“Yes,” replied the thorn-bush; “but I will not tell you which way he has taken until you have warmed me in your bosom. I am freezing to death here, and turning to ice.”
Then she pressed the bramble to her bosom quite close, so that it might be thawed, and the thorns pierced her flesh, and great drops of blood flowed; but the bramble shot forth fresh green leaves, and they became flowers on the cold winter’s night, so warm is the heart of a sorrowing mother. Then the bramble-bush told her the path she must take. She came at length to a great lake, on which there was neither ship nor boat to be seen. The lake was not frozen sufficiently for her to pass over on the ice, nor was it open enough for her to wade through; and yet she must cross it, if she wished to find her child. Then she laid herself down to drink up the water of the lake, which was of course impossible for any human being to do; but the bereaved mother thought that perhaps a miracle might take place to help her. “You will never succeed in this,” said the lake; “let us make an agreement together which will be better. I love to collect pearls, and your eyes are the purest I have ever seen. If you will weep those eyes away in tears into my waters, then I will take you to the large hothouse where Death dwells and rears flowers and trees, every one of which is a human life.”
“Oh, what would I not give to reach my child!” said the weeping mother; and as she still continued to weep, her eyes fell into the depths of the lake, and became two costly pearls.
Then the lake lifted her up, and wafted her across to the opposite shore as if she were on a swing, where stood a wonderful building many miles in length. No one could tell whether it was a mountain covered with forests and full of caves, or whether it had been built. But the poor mother could not see, for she had wept her eyes into the lake. “Where shall I find Death, who went away with my little child?” she asked.
“He has not arrived here yet,” said an old gray-haired woman, who was walking about, and watering Death’s hothouse. “How have you found your way here? and who helped you?”
“God has helped me,” she replied. “He is merciful; will you not be merciful too? Where shall I find my little child?”
“I did not know the child,” said the old woman; “and you are blind. Many flowers and trees have faded to-night, and Death will soon come to transplant them. You know already that every human being has a life-tree or a life-flower, just as may be ordained for him. They look like other plants; but they have hearts that beat. Children’s hearts also beat: from that you may perhaps be able to recognize your child. But what will you give me, if I tell you what more you will have to do?”
“I have nothing to give,” said the afflicted mother; “but I would go to the ends of the earth for you.”
“I can give you nothing to do for me there,” said the old woman; “but you can give me your long black hair. You know yourself that it is beautiful, and it pleases me. You can take my white hair in exchange, which will be something in return.”
“Do you ask nothing more than that?” said she. “I will give it to you with pleasure.”
And she gave up her beautiful hair, and received in return the white locks of the old woman. Then they went into Death’s vast hothouse, where flowers and trees grew together in wonderful profusion. Blooming hyacinths, under glass bells, and peonies, like strong trees. There grew water-plants, some quite fresh, and others looking sickly, which had water-snakes twining round them, and black crabs clinging to their stems. There stood noble palm-trees, oaks, and plantains, and beneath them bloomed thyme and parsley. Each tree and flower had a name; each represented a human life, and belonged to men still living, some in China, others in Greenland, and in all parts of the world. Some large trees had been planted in little pots, so that they were cramped for room, and seemed about to burst the pot to pieces; while many weak little flowers were growing in rich soil, with moss all around them, carefully tended and cared for. The sorrowing mother bent over the little plants, and heard the human heart beating in each, and recognized the beatings of her child’s heart among millions of others.
“That is it,” she cried, stretching out her hand towards a little crocus-flower which hung down its sickly head.
“Do not touch the flower,” exclaimed the old woman; “but place yourself here; and when Death comes—I expect him every minute—do not let him pull up that plant, but threaten him that if he does you will serve the other flowers in the same manner. This will make him afraid; for he must account to God for each of them. None can be uprooted, unless he receives permission to do so.”
There rushed through the hothouse a chill of icy coldness, and the blind mother felt that Death had arrived.
“How did you find your way hither?” asked he; “how could you come here faster than I have?”
“I am a mother,” she answered.
And Death stretched out his hand towards the delicate little flower; but she held her hands tightly round it, and held it fast at same time, with the most anxious care, lest she should touch one of the leaves. Then Death breathed upon her hands, and she felt his breath colder than the icy wind, and her hands sank down powerless.
“You cannot prevail against me,” said Death.
“But a God of mercy can,” said she.
“I only do His will,” replied Death. “I am his gardener. I take all His flowers and trees, and transplant them into the gardens of Paradise in an unknown land. How they flourish there, and what that garden resembles, I may not tell you.”
“Give me back my child,” said the mother, weeping and imploring; and she seized two beautiful flowers in her hands, and cried to Death, “I will tear up all your flowers, for I am in despair.”
“Do not touch them,” said Death. “You say you are unhappy; and would you make another mother as unhappy as yourself?”
“Another mother!” cried the poor woman, setting the flowers free from her hands.
“There are your eyes,” said Death. “I fished them up out of the lake for you. They were shining brightly; but I knew not they were yours. Take them back—they are clearer now than before—and then look into the deep well which is close by here. I will tell you the names of the two flowers which you wished to pull up; and you will see the whole future of the human beings they represent, and what you were about to frustrate and destroy.”
Then she looked into the well; and it was a glorious sight to behold how one of them became a blessing to the world, and how much happiness and joy it spread around. But she saw that the life of the other was full of care and poverty, misery and woe.
“Both are the will of God,” said Death.
“Which is the unhappy flower, and which is the blessed one?” she said.
“That I may not tell you,” said Death; “but thus far you may learn, that one of the two flowers represents your own child. It was the fate of your child that you saw,—the future of your own child.”
Then the mother screamed aloud with terror, “Which of them belongs to my child? Tell me that. Deliver the unhappy child. Release it from so much misery. Rather take it away. Take it to the kingdom of God. Forget my tears and my entreaties; forget all that I have said or done.”
“I do not understand you,” said Death. “Will you have your child back? or shall I carry him away to a place that you do not know?”
Then the mother wrung her hands, fell on her knees, and prayed to God, “Grant not my prayers, when they are contrary to Thy will, which at all times must be the best. Oh, hear them not;” and her head sank on her bosom.
Then Death carried away her child to the unknown land.