അഭിപ്രായങ്ങൾ




ആർ.പി. ശിവകുമാർ

2020 ജനുവരി 16

ചില എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും വാങ്ങി വയ്ക്കാനൊരാവേശമുണ്ട്. ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ മകൻ ഡോ. രാജശേഖരൻ പിള്ളയാണ് അതിലൊരാൾ. ന്യൂറോ സർജ്ജനായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നമുക്കറിയാത്ത അപരിചിതമേഖലയിലേക്ക് നമുക്കറിയാവുന്ന മലയാളം കൊണ്ട് എത്തിക്കുന്ന പുസ്തകമാണ്. സൈറ്റേഷൻ എങ്ങനെ കൊടുക്കണം, എന്തിനു കൊടുക്കണം, എന്തിനെയാണ് ഗവേഷണം എന്നു പറയുന്നത് എന്നൊക്കെ മനസിലാക്കി തന്നെ എഴുത്തുകാരനാണ്. ഇപ്പോഴും വായിക്കാൻ പരമ സുഖം. അടുത്തയാൾ സി രവിചന്ദ്രനാണ്. മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ആദമിന്റെ പാലം മുതൽ ഇതുവരെയുള്ള എല്ലാം കൈയിലുണ്ട്. എഴുതി പോകുന്നതിന്റെ യുക്തിയാണ് അതിലേക്ക് പിടിച്ചിടുന്ന ഘടകം. അധികം താമസിക്കാതെ നമ്മളും ആ വഴിക്ക് ചിന്തിച്ചു തുടങ്ങും. ഓ അങ്ങനെയായിരുന്നോ അതെന്നു ചിന്തിച്ച് വാ വട്ടത്തിലാക്കും.. കുട്ടികൃഷ്ണമാരാരുടെയും മുണ്ടശ്ശേരിയുടെയും മുഴുവൻ കൃതികളും കയ്യിലില്ല. പി രാമന്റെയും പി എൻ ഗോപീകൃഷ്ണന്റെയും കണ്ണിൽപ്പെട്ട പുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ടെങ്കിലും ( ഇടയ്ക്ക് ഷെൽഫിൽനിന്ന് ‘മടിയരുടെ മാനിഫെസ്റ്റോ‘ കാണാതായി) അവരുടെ എല്ലാ സമാഹാരവും ഉണ്ടോ എന്നു സംശയമാണ്.. വിഷ്ണുപ്രാസദും മുഴുവനായി ഉണ്ടെന്ന് അവകാശപ്പെടാനില്ല. ലിംഗവിശപ്പ് ഈ അടുത്തകാലത്താണ് കിട്ടിയത്. ചുള്ളിക്കാടിന്റെ നോവലില്ല, എന്റെ സച്ചിദാനന്ദൻ കവിതകളും ഇല്ല.

നോക്കിയാൽ ഇനിയുമുണ്ടാവും.. മുഴുവനുണ്ട് എന്ന അഭിമാനത്തോടെയുള്ളത് ആദ്യം പറഞ്ഞ രണ്ട് എഴുത്തുകാരെയാണ്. ഇനിയും ബുക്കിറങ്ങിയാൽ മുൻ പിൻ നോക്കാതെ വാങ്ങി വയ്ക്കാൻ തോന്നുന്ന ഗദ്യകാരന്മാർ. മറ്റൊരാളെ അവസാനം പറയാൻ വേണ്ടി മാറ്റിവച്ചതാണ്. അതാണ് പോസ്റ്റിന്റെ ലക്ഷ്യം. അത് വി രവികുമാറാണ്. മലയാളത്തിലെ മികച്ച പരിഭാഷകൻ. അദ്ദേഹം സ്വന്തമായിട്ടൊന്നും എഴുതിയിട്ടില്ല. ചെയ്ത സേവനം പക്ഷേ സ്വന്തം രചനകളേക്കാൾ വളരെ മുകളിലാണ്.
അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കൈയിലില്ല, പക്ഷേ ഇനി കണ്ടാൽ വാങ്ങും. ‘പലായനങ്ങൾ’ കണ്ടിട്ടില്ല. ബോർഹസ്സിന്റെ കഥകളുടെ രണ്ട് വിവർത്തനങ്ങൾ ഉള്ളതിനാൽ ( ഒന്ന് വി പി ശിവകുമാർ വിവർത്തനം ചെയ്തത്) ‘മരണവും കോമ്പസ്സും‘ മുൻപെങ്ങോ വാങ്ങിക്കാതെ വിട്ടതാണ്. ഇനി കണ്ടാൽ വാങ്ങും. കഥ കൈ ചൂണ്ടുന്നത് നിങ്ങളെ, ലിറ്റിൽ പ്രിൻസ്, ഈസോപ്പുകഥകൾ, ഇതൊന്നും പല കാരണങ്ങൾകൊണ്ട് കൈവന്നിട്ടില്ല. പിന്നെ ഈ പൊങ്ങച്ച പോസ്റ്റിൽ അദ്ദേഹത്തിന്റെ പേരെങ്ങെനെ വന്നു എന്നുചോദിച്ചാൽ, വി ആർ ആരംഭിച്ച ഐറിസ് ബുക്സ് ( ഇരവി മംഗലം, തൃശ്ശൂർ) പ്രസിദ്ധീകരിച്ച എല്ലാ ബുക്കുകളും കൈയിലുണ്ടെന്ന് എന്ന് പറയാനാണ്. എത്രയും പ്രിയപ്പെട്ട അച്ഛന് എന്ന കാഫ്കയുടെ കത്തുകളും കുറിപ്പുകളും മുതൽ ഈയടുത്ത് പുറത്തിറങ്ങിയ ബ്രഹ്റ്റിന്റെ വിവർത്തനമായ കവിതയുടെ ദുരിതകാലം വരെ. ഐറിസിന്റെ ഇനി ഇറങ്ങാൻ പോകുന്ന പുസ്തകങ്ങളും സ്വന്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രസാധകരുടെ എല്ലാ ബുക്കും ( അതെല്ലാം വി രവികുമാറിന്റെയാകാനാണു സാധ്യത) വേണമെന്നുള്ളതും വിശദീകരിക്കാവുന്ന കാര്യമല്ലേ?
ഐറിസിന്റെ പുസ്തകങ്ങളുടെ കെട്ടും മട്ടും ഒന്നു പ്രത്യേകമാണ്. തീരെ പ്രകടനപരതയില്ല. താടിയും മുടിയും നരച്ച് പാകത വന്ന ഒരു മനുഷ്യന്റെ ഭാവമാണ്. ഒച്ചയില്ല, കണ്ണിൽ കുത്തുന്ന നിറമില്ല. ആകെ ഒരു സ്വച്ഛത. ഒരർത്ഥത്തിൽ തർജ്ജിമകളുടെ ധ്യാനലീനമായ അവസ്ഥയെ രൂപപരമായിതന്നെ അവ പിൻപറ്റുന്നുണ്ടെന്നു തോന്നും. പരിഭാഷയ്ക്കുള്ള തെരെഞ്ഞെടുപ്പും അവയുടെ അടുക്കി വയ്പ്പും ആകർഷകമാണ്. ഏറ്റവും സഹായകകരം അവയ്ക്ക് അത്യാവശ്യം വേണ്ട അടിക്കുറിപ്പുകൾ ഉണ്ടെന്നതാണ്. വിദേശകവിതകളിലെ രൂപകങ്ങളും ബിംബങ്ങളും ഒറ്റവായനയിൽ മനസിലാക്കുക അത്ര എളുപ്പമായിരിക്കില്ല. എഴുത്തുകാരെ വെറും ജീവചരിത്രക്കുറിപ്പായി അല്ലാതെ പരിചയപ്പെടുത്തുന്ന ആമുഖം എല്ലാ പുസ്തകത്തിലും ഉണ്ട്. രവികുമാർ കാഫ്കയുടെ ‘വിചാരണ’ തർജ്ജിമ ചെയ്തിട്ടുണ്ട്. അതേ സമയം കത്തുകൾ മറ്റൊരു കാഫ്കയെ പരിചയപ്പെടുത്തുന്നു. ഉലാവ് എച്ച് ഹേഗ് അധികം കേൾക്കാത്ത കവിയാണ്. എങ്കിലും ഇലക്കുടിലുകളും മഞ്ഞു വീടുകളും പെട്ടെന്ന് പരിചയമായി. ഷിംബോർസ്കയുടെ നർമ്മം, മലയാളവിവർത്തനത്തിലും മനസിലാക്കാൻ കഴിഞ്ഞു. മുൻപ് പറഞ്ഞു കേട്ടതുപോലെ ഇംഗ്ലീഷിൽ അതത്ര വ്യക്തമായിരുന്നില്ല എനിക്ക്. ഇപോൽ നോക്കുക, എം എ പഠനകാലം മുതൽ കൂടെയുള്ള ആളാണ് ബ്രെഹ്റ്റ്. ( ബ്രഹ്റ്റിന്റെ കല - സച്ചിദാനന്ദൻ, ഗലീലിയോ, സ്വസ്വാനിലെ നല്ല സ്ത്രീ, മദർ കറേജ്, കൊക്കേഷ്യൻ ചോക്കുവൃത്തം തുടങ്ങിയ നാടകങ്ങൾ, ( കണ്ടതും മലയാളത്തിൽ വായിച്ചതും) ഏലിയനേഷൻ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള വിവിധ വിശദീകരണങ്ങൾ, നൂറു കവിതകൾ... ) ‘ഒരു തൊഴിലാളി ചരിത്രം വായിക്കുന്നു’ പോലെയുള്ള ( ഏഴു കവാടങ്ങളുള്ള തീബ്സ് ആരു നിർമ്മിച്ചു?..) കവിതകൾക്ക് മലയാളത്തിൽ പ്രതികവിതകളുണ്ടായി. ‘ഇരുണ്ടകാലത്തും കവിതകളുണ്ടാവില്ലേ, ഇരുണ്ടകാലത്തെക്കുറിച്ചുള്ള കവിതകൾ’ തുടങ്ങിയ പ്രമാണവാക്യങ്ങൾ വാട്സാപ്പുകളിലൂടെയും മറ്റും പ്രചരിച്ചും അവ ഇപ്പോഴും നമ്മുടെ കൂടെ നടക്കുന്നു. രവികുമാറിലൂടെ വീണ്ടും ബ്രഹ്റ്റിനെ വായിക്കുമ്പോൾ അതിന്നും ഫ്രെഷാണ്. വിശ്വാസദാർഢ്യത്താൽ സത്യസന്ധവുമാണ്. ചോർച്ചകളൊന്നും അവിടെ തീരെയില്ല. വിമർശനാത്മക സ്വഭാവമാണ് ബ്രെഹ്റ്റിന്റെ കവിതയ്ക്ക്. അകം കാണുന്നതരം നോട്ടം. “കായ്ക്കാത്ത ഫലവൃക്ഷത്തെ വന്ധ്യം എന്നു വിളിക്കുന്നതിനു മുൻപ് മണ്ണിന്റെ ഗുണം നിങ്ങൾ നോക്കിയിരുന്നോ എന്നു ചോദിക്കുന്ന കവിതയുണ്ട്. ( വന്ധതയെക്കുറിച്ച്) 'കുതിച്ചൊഴുകുന്ന പുഴയെയല്ല അതിനെ ഞെരിക്കുന്ന തീരങ്ങളെയാണ് ഹിംസാത്മകം എന്നു വിളിക്കേണ്ടതെന്ന് ’മറ്റൊരു കവിതയിൽ ( ഹിംസാത്മകതയെക്കുറിച്ച്) വേറൊരു പ്രമാണവാക്യം ഇങ്ങനെയാണ് :
‘തോണിയുടെ അണിയത്തിരിക്കുമ്പോൾ
മറ്റേയറ്റത്തു ചോർച്ച കണ്ടാൽ
മുഖം തിരിച്ചിട്ടു കാര്യമില്ല ചങ്ങാതീ
മരണത്തിന്റെ കണ്ണെത്താത്തിടത്തല്ല താൻ’
- ഇനി നീമോളറുടെ പറഞ്ഞു പറഞ്ഞു പഴകിയ ‌ - അവർ ഒടുക്കം എന്നെ തേടി വന്നു - കവിതയ്ക്കു പകരം സമാനമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ വിശദീകരിക്കാൻ കുറച്ചുകൂടി കുറുകിയ ഈ വരികളെടുത്തുകൂടെ? കവിതകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനെപ്പറ്റി ബ്രഹ്റ്റ് എഴുതിയ കുറിപ്പിൽ കാവ്യബിംബങ്ങളുപയോഗിച്ച് അതിനെ ന്യായീകരിക്കുന്നുണ്ട്. ‘കവിതകൾ ജീവനുള്ളതാണെങ്കിൽ ഏതു മാരകമായ ശസ്ത്രക്രിയയെയും അത് അതിജീവിക്കും’ എന്നാണത്. ‘കവിത ആസ്വദിക്കുക എന്ന സിദ്ധി ഒരാൾക്കുണ്ടെങ്കിൽ മോശം വരികൾ കണ്ടെടുക്കാനുള്ള കഴിവും അയാൾക്കുണ്ടായിരിക്കണമെന്നു’ പറഞ്ഞ് വായനയ്ക്കും ഒരു മാനിഫെസ്റ്റോ അദ്ദേഹം തയാറാക്കുന്നു. മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽതന്നെയുണ്ട് പാതി ആനന്ദം. റോസാപ്പൂവ് നുള്ളിക്കീറിയാൽ (അതു നശിച്ചു എന്നല്ല) ഓരോ ഇതളും മനോഹരമായിരിക്കും... എന്നതിന്റെ അവസാന വരി. എത്ര ചുരുക്കി കാര്യം പറഞ്ഞു!!!
മലയാളത്തിന്റെ ശേഷിക്കുറവിനെപ്പറ്റിയുള്ള ഇരുണ്ടപാട്ടുകൾ ആവർത്തിച്ചു കേൾക്കുമ്പോഴും ഇതൊക്കെ മലയാളത്തിൽത്തന്നെ വായിച്ചാൽ പോരേ എന്നാണെനിക്ക്, ആശ്രയിക്കാവുന്ന ഒരു പരിഭാഷക(ൻ) ഉണ്ടെങ്കിൽ ! വിവർത്തനം മനുഷ്യത്വത്തെയാണ് ചെന്നു തൊടുന്നതെന്ന് എഡിത്ത് ഗ്രോസ്മാന്റെ ഒരു കണ്ടെത്തലുണ്ട്. അത്യന്തികമായി സ്രോതസ്സിൽനിന്ന് ലക്ഷ്യഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് ഭാഷയോ സംസ്കാരമോ പ്രമേയമോ ഒന്നുമല്ല, മാനവികതയെയാണെന്ന പൊരുളിലാണവർ ഊന്നിയത്. അതിസാധാരണമല്ലാത്ത സർഗശേഷിയാണ് പരിഭാഷകൾക്കു പിന്നിലെ ഊർജ്ജം എന്ന കാര്യം മറക്കാതെതന്നെ പറയുകയാണ്, അർത്ഥത്തിൽ മാത്രം എത്തിയാൽ പോരെന്നു മനസിലാവുന്നത് രവികുമാറിനെപോലെയുള്ളവരുടെ പ്രകടനപരത തീരെയില്ലാത്ത വിവർത്തനങ്ങൾ വായിക്കുമ്പോഴാണ്.

ആർ.പി. ശിവകുമാർ
2018 ജനുവരി 17



ചലച്ചിത്ര അക്കാദമിയിൽ ഒരിക്കൽ മലയാള ചുവടെഴുത്ത് പരിഭാഷാ ശില്പശാലയിൽ പങ്കെടുക്കുന്ന സമയത്ത് ഒരു ഫിലിംസൊസൈറ്റി പ്രവർത്തകൻ “ഇംഗ്ലീഷ് അറിയാത്ത ഒറ്റയൊരുത്തനും വിദേശ ചിത്രങ്ങൾ കാണാൻ വരുന്നില്ല പിന്നെ എന്തിനീ പാഴ് വേല?“ എന്ന് ഭത്സിച്ചിട്ട് തിടുക്കപ്പെട്ട് പോകുന്നത് ഇറങ്ങിപ്പോകുന്നതു കണ്ടു. (അന്ന് അടൂരിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിൽ അറിയാത്തവർ വിദേശ സിനിമ കാണേണ്ടതില്ലെന്നോ മറ്റോ ഉള്ള പരാമർശം കത്തി നിൽക്കുന്ന സമയമാണ്) അത് അങ്ങനെ മനസ്സിലാക്കേണ്ട കാര്യമല്ല. കുറേ ആളുകൾക്കുകൂടി വായിക്കാൻ സൗകര്യം ഒരുക്കും എന്നതുമാത്രമല്ല വിവർത്തനങ്ങളുടെ ഫലശ്രുതി. ഇംഗ്ലീഷിന്റെ ദല്ലാളിത്തത്തിൽനിന്ന് ഭാഷയെ അത് രക്ഷിക്കുന്നു. ഭാഷയുടെ അർത്ഥവിനിമയശേഷി വികസിപ്പിക്കുന്നു. അതുകൊണ്ട് എന്തായാലും പ്രാദേശികനായ ഒരു എഴുത്തുകാരനേക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഭാഷകന് സാംഗത്യവും സാധുതയും കൂടുതലാണ്. പരാജയപ്പെട്ട കലയാണ് വിവർത്തനം എന്ന നിർവചനത്തോട്, അത് പറഞ്ഞ മനുഷ്യൻ ഭയങ്കരനാണെന്ന് അറിയാം, (സാക്ഷാൽ ഉംബെർട്ടോ എക്കോ) എന്നാലും വലിയ അടുപ്പം തോന്നുന്നില്ല. കവിയായ ജോൺഡണിന്റെ സുന്ദരമായ ഒരു വാക്യമുണ്ട്, ജീവിതവിവർത്തനത്തെപ്പറ്റി. ‘ചില ഖണ്ഡങ്ങൾ വിവർത്തനം ചെയ്യുന്നത് കാലമാണ്, ചിലത് രോഗങ്ങൾ, വേറെ ചിലത് യുദ്ധം, മറ്റു ചിലത് നീതിയും’. ഈ വാക്യത്തെ ഒന്നു തറപ്പിച്ചു നോക്കിയാൽ, ഓരോ മൌലിക രചനയും ജീവിതത്തിന്റെ തീക്കാറ്റിനാൽ പാകം വന്ന വിവർത്തനങ്ങളല്ലേ എന്നു സംശയം വരും. ‘വിവർത്തനം ചെയ്യപ്പെട്ട തെങ്ങുകളാണ് ഈന്തപ്പനകൾ‘ എന്ന് കുഴൂർ വിൽസൺ സംശയിക്കുമ്പോൾ അതു കവിതയാണ്. ഒന്നാലോചിച്ചു നോക്കിയാൽ വിവർത്തനവുമാണ്, അനുഭവത്തിന്റെ. നമ്മളതിനെ ഗൃഹാതുരത എന്നൊക്കെ പറയും. ഇതൊക്കെക്കൊണ്ടായിരിക്കും, റെനെ മാർഗരറ്റ് ‘ഉണർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ പരിഭാഷയാണ് സ്വപ്നമെങ്കിൽ, സ്വപ്നം ജീവിതത്തിന്റെ പരിഭാഷയാണ്‘ എന്ന് ചിന്തിച്ചത്.
എഡിത്ത് ഗ്രോസ്മാൻ തന്റെ പുസ്തകത്തിന്റെ പേരിനെ -Why Translation Matters? – ന്യായീകരിക്കുന്നത് എല്ലാ സാഹിത്യവിനിമയങ്ങളുടെയും അടിസ്ഥാനമായ ഒരു രഹസ്യ രൂപകത്തിൽ ചെന്നു തൊട്ടുകൊണ്ടാണ് ; അതാണ് മനുഷ്യത്വം. ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും നിയതമായ ചിട്ടവട്ടങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നേരത്തേ സൂചിപ്പിച്ചതു പോലെ സ്വന്തം സമൂഹത്തിന്റെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയ്ക്കു വേണ്ടിയുള്ള മുറവിളി, ഒളിഞ്ഞോ തെളിഞ്ഞോ, കൃതികളിൽ നിന്ന് കൃതികളിലേയ്ക്ക് കടന്നു കയറുന്ന പ്രക്രിയയെയാണ് മനുഷ്യത്വം എന്ന രൂപകത്തിന്റെ സഞ്ചാരമായി അടയാളപ്പെടുത്തുന്നത്. പുതിയ പരിസ്ഥിതിയും ചിറകും ആകാശവും സ്വീകരിച്ചുകൊണ്ട് സഞ്ചരിക്കുമ്പോഴും അടിസ്ഥാനപരമായി വിവർത്തനം ചെയ്യപ്പെടുന്നത് ‘മനുഷ്യത്വം‘ തന്നെയാണ്.
താഴെ കൊടുത്തിരിക്കുന്ന ശീർഷകമില്ലാത്ത പുറംചട്ട, റിൽക്കേ എന്ന പുസ്തകത്തിന്റെയാണ്. 25 ഭാഗങ്ങളിലായി മലയാളത്തിലെ ഒരു സമ്പൂർണ്ണ റെയ്നർ മരിയ റിൽക്കേ കൃതി. കവിതകളും കത്തുകളും പ്രണയലേഖനങ്ങളും നോവലും കുറിപ്പുകളും കവിതാസമാഹാരങ്ങളും ചേർന്ന് 230 പേജുള്ള ഈ പുസ്തകം വി രവികുമാറിന്റെ തർജ്ജിമയിലാണ് ഐറിസ് ബുക്സ് പുറത്തിറക്കിയിരിക്കുന്നത്. റിൽക്കേയുടെ എന്നപോലെ രവികുമാറിന്റെകൂടി പുസ്തകമാണിത് എന്ന് മറ്റൊരുതരത്തിൽ പറയേണ്ടിവരും. വിവർത്തകന് ലക്ഷ്യഭാഷയിലാണ് സ്രോതഭാഷയേക്കാൾ കൃതഹസ്തതവേണ്ടതെന്ന് ഒരു സിദ്ധാന്തമുണ്ട്. നേരെ തിരിച്ചാണ് നമ്മുടെ സുപ്രസിദ്ധവിവർത്തനങ്ങളുടെ രീതി. അതുകൊണ്ടാണ് പണ്ട് കോയി പണ്ടാല എന്നെ മാന്തിപ്പൊളിച്ചു എന്ന് കാളിദാസശാകുന്തളം കരഞ്ഞ കരച്ചിൽ ഇന്നും പലയിടത്തും നിന്നു കേൾക്കുന്നത് . എന്നാൽ മലയാള ഭാഷയിൽ സ്വാധീനമുള്ള ആളാണ് വിവർത്തകനെങ്കിൽ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സുന്ദരവും സ്വച്ഛവുമാണ് രവികുമാറിന്റെ പരിഭാഷ. തുടക്കത്തിൽ പ്രസക്തമായ വിവരങ്ങൾ ചേർത്ത് റിൽക്കേയുടെ ജീവചരിത്രക്കുറിപ്പ് ചേർത്തിട്ടുണ്ട്. അകത്ത് ഓരോ വിഭാഗത്തിനു മുൻപ് അതിന്റെ രചനാകാലത്തെയും സാഹചര്യത്തെയും പറ്റി വിവരണങ്ങളുണ്ട്. വേണ്ടിടത്ത് പ്രസക്തമായ അടിക്കുറിപ്പുകളും മറ്റു വിവരങ്ങളും. അക്ഷരത്തേറ്റോ അച്ചടിപിശാചോ തീരെയില്ല. വായിക്കുന്ന ആളിന്റെ അനായാസതയെ മുൻനിർത്തി ആസൂത്രണം ചെയ്താണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നതെന്ന് വ്യക്തം. പരിഭാഷ എന്ന ബ്ലോഗിൽ നിരന്തരമായി വിവർത്തനങ്ങൾ രവികുമാർ പ്രസിദ്ധം ചെയ്തിരുന്നു. ഐറിസ് ബുക്സിന്റെ മൂന്നാമത്തെ പുസ്തകമാണ് ‘റിൽക്കേ‘. എത്രയും പ്രിയപ്പെട്ട അച്ഛന് - ഫ്രാൻസ് കാഫ്കയുടെ കത്തുകളും ഡയറിക്കുറിപ്പുകളും, മൂന്നു മുറിവുകൾ നൂറു കവിതകൾ (ജീവിതത്തിന്റെ പ്രണയത്തിന്റെ മരണത്തിന്റെ ) എന്നിവയാണ് മറ്റു പുസ്തകങ്ങൾ. നേരത്തേ ലോഗോസ് ബുക്സ് സെൻ കൃതികളുടെ സമാഹാരവും (സെൻ സാരം) ലോകകഥകളുടെ പരിഭാഷയും (മഴ നനയുന്ന പൂച്ച) പുറത്തിറക്കിയിരുന്നു. , മറ്റു പ്രസാധകർ പ്രസിദ്ധീകരിച്ചബോർഹസ് ഉൾപ്പടെയുള്ള എഴുത്തുകാരുടെ വിവർത്തനങ്ങൾ വേറെ.
വി രവികുമാറിന്റെ റിൽക്കേ എന്ന പുസ്തകത്തിൽ നിന്ന് :
ആദാമിന്റെ പാർശ്വത്തിൽനിന്ന്
ഹവ്വായെ ഊരിയെടുക്കുകയായിരുന്നു;
തന്റെ ജീവിതം ജീവിച്ചു കഴിഞ്ഞാൽ
മരിക്കാൻ അവൾ എവിടെ പോകും? ( ഹവ്വ, ഫ്രെഞ്ചു കവിതകൾ)
ഒരിക്കൽ രഹസ്യങ്ങൾ പറയാൻ തുടങ്ങിയാൽ
എന്തൊക്കെ നുണകളാണവർ കൈമാറുന്നതെന്നു നോക്കൂ
തമ്മിൽത്തമ്മിൽ സ്നേഹിക്കുന്നവർ ! ( ഒരിക്കൽ... സമാഹരിക്കാത്ത കവിതകൾ)
കാലുമുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണ് മനസ്സുമാറുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി. ( പാടിക്കൊണ്ടു മരിച്ച തിമോഫി എന്ന വൃദ്ധൻ, ചിത്രപുസ്തകം)

അഭിപ്രായങ്ങളൊന്നുമില്ല: