2019, മേയ് 21, ചൊവ്വാഴ്ച

കവിതയിലെ മൊസാർട്ട്


വീസ്‌വാവ ഷിംബോർസ്ക്ക Vislawa Szymborska 1923 ജൂലൈ 2ന്‌ പടിഞ്ഞാറൻ പോളണ്ടിലെ പ്രൊവെന്റ് എന്ന ചെറിയ പട്ടണത്തിൽ വിൻസെന്റ് ഷിംബോർസ്ക്കിയുടേയും അന്ന റോട്ടെർമുണ്ടിന്റെയും രണ്ടാമത്തെ മകളായി ജനിച്ചു. കൗണ്ട് വ്ലാദിസ്ലാവ് സമോയ്സ്ക്കിയുടെ സ്റ്റുവാർഡ് ആയിരുന്നു അച്ഛൻ. കൗണ്ടിന്റെ മരണശേഷം ഷിംബോർസ്ക്കയുടെ കുടുംബം ക്രാക്കോവിലേക്കു താമസം മാറ്റി. സ്കൂൾ വിദ്യാഭ്യാസം അവിടുത്തെ കോൺവെന്റ് സ്കൂളിലായിരുന്നു. കുട്ടിയായിരിക്കുമ്പോൾത്തന്നെ ഷിംബോർസ്ക്കയുടെ കവിതാവാസന പുറത്തേക്കു വന്നുതുടങ്ങി. അച്ഛന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. തന്റെ എഴുത്തുജീവിതത്തിന്റെ തുടക്കത്തെപ്പറ്റി ഷിംബോർസ്ക്ക പറയുന്നു: “എന്റെ വീട്ടിലെ ബൗദ്ധികമായ അന്തരീക്ഷമായിരിക്കണം അതിനു കാരണം. ഞങ്ങൾ ഒരുപാടു പുസ്തകങ്ങൾ വായിച്ചിരുന്നു; അവയെക്കുറിച്ച് ഒരുപാടു ചർച്ച ചെയ്തിരുന്നു. എന്റെ അച്ഛൻ പ്രത്യേകിച്ചും നല്ലൊരു വായനക്കാരനായിരുന്നു. അഞ്ചു വയസ്സുള്ളപ്പോൾത്തന്നെ ഞാൻ കവിത എഴുതിത്തുടങ്ങി. ഞാനെഴുതിയ കവിത - അതൊക്കെ കുട്ടിക്കവിതകളായിരുന്നു- ഇഷ്ടപ്പെട്ടാൽ അച്ഛൻ പോക്കറ്റിൽ കൈയിട്ട് കുറച്ചു നാണയം എടുത്തുതരും. ആ പ്രായത്തിലേ ഞാൻ എഴുതി സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്നു!”

1940ൽ ജർമ്മൻ സൈന്യം ക്രാക്കോവ് കീഴടക്കിയപ്പോൾ ഷിംബോർസ്ക്ക പഠനം തുടർന്നത് അണ്ടർഗ്രൗണ്ട് ക്ലാസ്സുകളിലാണ്‌. 1943ൽ അവർ റയിൽവേയിൽ ഒരു ക്ലർക്കായി ജോലിക്കു ചേർന്നു. അതുകാരണം നിർബ്ബന്ധിതജോലിക്കായി ജർമ്മനിയിലേക്കു പോകുന്നതിൽ നിന്ന് രക്ഷപ്പെടാനും കഴിഞ്ഞു. 1945ൽ യുദ്ധം അവസാനിച്ചപ്പോൾ ഷിംബോർസ്ക്ക ക്രാക്കോവിലെ യൂണിവേഴ്സിറ്റിയിൽ പോളിഷ് സാഹിത്യവും സോഷ്യോളജിയും പഠിക്കാൻ ചേർന്നു. ഇവിടെ വച്ചാണ്‌ 1980ൽ നൊബേൽ സമ്മാനം നേടിയ അമേരിക്കൻ-പോളിഷ് കവി ചെസ്‌വാ മിവോഷിനെ (Czeslaw Milosz) പരിചയപ്പെടുന്നത്. 1945 മാർച്ചിൽ ഒരു ദിനപത്രത്തിൽ ഷിംബോർസ്ക്ക തന്റെ ആദ്യത്തെ കവിത Szukam slowa (ഒരു വാക്കു തേടി) പ്രസിദ്ധീകരിച്ചു. സാമ്പത്തികപ്രയാസങ്ങൾ കാരണം 1948ൽ ഡിഗ്രിയെടുക്കാതെ വിദ്യാഭ്യാസം അവസാനിച്ചു. അതേ വർഷം തന്നെ എഴുത്തുകാരനായ ആദം വ്ളോഡെക്കിനെ (Adam Wlodek) വിവാഹം കഴിച്ചു. 1954ൽ അവർ വിവാഹമോചിതരുമായി.

1948ൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയെങ്കിലും ‘കമ്മ്യൂണിസ്റ്റ് അജണ്ട മുന്നോട്ടുവയ്ക്കുന്നില്ല,’ എന്ന കാരണത്താൽ സെൻസർഷിപ്പ് കടമ്പ കടന്നില്ല. പിന്നീട് 1952ൽ ഇറങ്ങിയ ‘സോഷ്യലിസ്റ്റ് ആശയങ്ങൾക്കു നിരക്കുന്ന’ കവിതകളടങ്ങിയ Dlagtego zyjemy (നമ്മൾ ജീവിക്കുന്നത് അതിനുവേണ്ടി)യാണ്‌ ഷിംബോർസ്ക്കയുടെ ആദ്യത്തെ പുസ്തകം. അക്കാലത്തെ തന്റെ കവിതയെഴുത്തിനെ അവർ ന്യായീകരിക്കുന്നത് ‘ബന്ധനത്തിന്റെ കാലത്തെ രാഷ്ട്രത്തെ പിന്തുണയ്ക്കുക എന്നതാണ്‌ കവിയുടെ കടമ’ എന്നു പറഞ്ഞുകൊണ്ടാണ്‌. അന്നത്തെ രാഷ്ട്രീയകാലാവസ്ഥയും പൂർവ്വയൂറോപ്യൻ രാജ്യങ്ങളിലെ ജനതകൾ കമ്മ്യൂണിസത്തിൽ അർപ്പിച്ചിരുന്ന വിശ്വാസവും വച്ചു വേണം തങ്ങളുടെ പ്രവൃത്തികൾ നോക്കിക്കാണാൻ എന്നും ഷിംബോർസ്ക്ക സ്വയം ന്യായീകരിക്കുന്നുണ്ട്. ‘അന്നത്തെ അവസ്ഥ ഇന്നുള്ളവർക്കു മനസ്സിലാവില്ല. മനുഷ്യവംശത്തെ രക്ഷിക്കണമെന്ന് ഞാൻ യഥാർത്ഥമായും ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു ഞാൻ തിരഞ്ഞെടുത്ത വഴി സാദ്ധ്യമായവയിൽ വച്ചേറ്റവും മോശമായിരുന്നു. ഞാനതു ചെയ്തത് മനുഷ്യരാശിയോടുള്ള സ്നേഹം കൊണ്ടാണ്‌. പിന്നെയാണെനിക്കു ബോദ്ധ്യമാകുന്നത്, മനുഷ്യരാശിയെ സ്നേഹിക്കുകയല്ല, ആളുകളെ ഇഷ്ടപ്പെടുകയാണു വേണ്ടതെന്ന്. അതൊരു കടുത്ത പാഠമായിരുന്നു എനിക്ക്. അതെന്റെ യൗവനത്തിന്റെ സ്ഖലിതമായിരുന്നു. ഉത്തമബോദ്ധ്യത്തോടെ ചെയ്തതാണത്; എത്രയോ കവികൾ ആ വ്യാമോഹത്തിൽ പെട്ടുപോയി. പിന്നീട്, ആ പ്രത്യയശാസ്ത്രത്തിൽ നിന്നു വിട്ടുപോയതിന്‌ അവർക്ക് തടവറയിൽ കഴിയേണ്ടിവന്നു. ഭാഗ്യത്തിന്‌ എനിക്ക് ആ വിധി ഉണ്ടായില്ല, കാരണം എനിക്കൊരിക്കലും ഒരു യഥാർത്ഥരാഷ്ട്രീയപ്രവർത്തകയുടെ പ്രകൃതം ഉണ്ടായിരുന്നില്ല.’

1953ൽ ഷിംബോർസ്ക്ക Zycie literackie (സാഹിത്യജീവിതം) എന്ന സാഹിത്യനിരൂപണമാസികയിൽ ചേർന്നു. 1954ൽ രണ്ടാമത്തെ കവിതാസമാഹാരമായ Pytania zadawane sobie (എന്നോടു തന്നെയുള്ള ചോദ്യങ്ങൾ) പ്രസിദ്ധീകരിച്ചു. ഇതിലെ കവിതകളും സോഷ്യലിസ്റ്റ് ചായ്‌വുള്ളതു തന്നെ. എന്നാൽ 1957ൽ ഇറങ്ങിയ Wolanie do Yeti (യതിയെ വിളിച്ചുവരുത്തൽ) എന്ന സമാഹാരത്തിലെ കവിതകളിലാണ്‌ പില്ക്കാലഷിംബോർസ്ക്കയിലേക്കുള്ള മാറ്റം കണ്ടു തുടങ്ങുന്നത്. കമ്മ്യൂണിസത്തിനോടുള്ള എതിർപ്പ് ജോസഫ് സ്റ്റാലിനെ ഹിമാലയത്തിലെ അറയ്ക്കുന്ന മഞ്ഞുമനുഷ്യനാക്കുന്നു. കവിയുടെ ധർമ്മത്തെക്കുറിച്ചുള്ള സങ്കല്പം മാറുന്നു. അയാൾ മറ്റുള്ളവർക്കു വേണ്ടി (തൊഴിലാളിക്കു വേണ്ടി, രാജ്യത്തിനു വേണ്ടി, പാർട്ടിക്കു വേണ്ടി) സംസാരിക്കേണ്ടതില്ലെന്നാകുന്നു; മാനുഷികപരിഗണനകൾ മുന്നിലേക്കു വരുന്നു; ദുരന്തങ്ങളെ നർമ്മത്തോടെ കാണുന്ന, ഷിംബോർസ്ക്കയുടെ കവിതകൾക്കു തനതായുള്ള ആ പ്രത്യേകശൈലി രൂപമെടുക്കുകയും ചെയ്യുന്നു. 1962ൽ വന്ന Sol (ഉപ്പ്) എന്ന സമാഹാരത്തിൽ ആ കാവ്യപരിണാമം പൂർണ്ണത പ്രാപിക്കുന്നു. രാഷ്ട്രീയപ്രശ്നങ്ങൾക്കപ്പുറം നീറുന്ന മാനുഷികവികാരങ്ങളും നിത്യജീവിതസന്ദർഭങ്ങളുടേയും വസ്തുക്കളുടേയും സൂക്ഷ്മനിരീക്ഷണങ്ങളുമാണ്‌ ആ കവിതകളിലുള്ളത്. സ്ബിഗിനിയെഫ് ഹെർബെർട്ട്, ചെസ്‌വാ മീവോഷ് തുടങ്ങിയ സമകാലികരായ മറ്റു പോളിഷ് കവികളിൽ നിന്ന് ഷിംബോർസ്ക്കയെ മാറ്റിനിർത്തുന്നത് ഈ പ്രകടരാഷ്ട്രീയമില്ലായ്മ തന്നെയാണ്‌. അതേ സമയം കവിയായ റോബർട്ട് ഹാസ് നിരീക്ഷിക്കുന്നപോലെ, സ്വന്തം ആന്തരികജീവിതത്തെ സൂക്ഷ്മപരിശോധന ചെയ്യുന്നതിനു പോലും യുദ്ധാനന്തരപോളണ്ടിൽ ഒരു രാഷ്ട്രീയമാനമുണ്ട്.

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായി 1980ൽ സോളിഡാരിറ്റി പ്രസ്ഥാനം രൂപം കൊണ്ടപ്പോൾ ഷിംബോർസ്ക്ക അതിനു പിന്തുണ നല്കി. സോളിഡാരിറ്റിയുടെ ആശയങ്ങളോട് Zycie literackieയുടെ എഡിറ്റർ വിയോജിപ്പു പ്രകടിപ്പിച്ചപ്പോൾ താൻ ഇത്രയും കാലം എഴുതിക്കൊണ്ടിരുന്ന ആ പ്രസിദ്ധീകരണത്തിൽ നിന്നു രാജി വയ്ക്കാനും അവർ തയ്യാറായി. പിന്നീട് അണ്ടർഗ്രൗണ്ട് പ്രസിദ്ധീകരണങ്ങളിലും പാരീസിൽ നിന്ന് പ്രവാസികൾ ഇറക്കിയിരുന്ന Kultura paryska എന്ന മാസികയിലും Stanczykowna എന്ന തൂലികാനാമത്തിലാണ്‌ അവർ എഴുതിയിരുന്നത്. അക്കാലത്തെ രാഷ്ട്രീയകാലാവസ്ഥയിൽ ഷിംബോർസ്ക്കയുടെ ഒരു പുസ്തകം പോലും പുറത്തുവന്നില്ല. ഒടുവിൽ പട്ടാളനിയമം പിൻവലിച്ചുകഴിഞ്ഞ് 1986ലാണ്‌ ‘പാലത്തിലുള്ളവർ’ എന്ന സമാഹാരം പ്രസിദ്ധീകരിക്കുന്നത്.

1996ൽ ഷിംബോർസ്ക്കയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ‘സ്റ്റോൿഹോം ദുരന്തം’ എന്നാണ്‌ അതിനെ കവിയുടെ സുഹൃത്തുക്കൾ വിശേഷിപ്പിച്ചത്! കവിതയെഴുത്തുമായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ഒരാളെ പെട്ടെന്ന് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു തള്ളിവിടുകയാണല്ലോ! സമ്മാനം സ്വീകരിച്ചുകൊണ്ട് 1996 ഡിസംബർ 7നു നടത്തിയ പ്രഭാഷണമാകട്ടെ, നൊബേൽ പ്രസംഗങ്ങളിൽ വച്ച് ഏറ്റവും ഹ്രസ്വവുമായിരുന്നു. കവി ലോകത്തെ സമീപിക്കേണ്ടത് ഒരു പച്ചപ്പാവത്തെപ്പോലെ വേണമെന്ന് ആ പ്രസംഗത്തിൽ ഷിംബോർസ്ക്ക പറയുന്നു. “പ്രചോദനം കവികൾക്കും കലാകാരന്മാർക്കും മാത്രം പറഞ്ഞിട്ടുള്ളതല്ല. സ്വന്തം ജീവിതനിയോഗം ബോധപൂർവ്വം തിരഞ്ഞെടുക്കുകയും സ്നേഹത്തോടെയും ഭാവനയോടെയും തന്റെ തൊഴിൽ ചെയ്യുകയും ചെയ്യുന്ന ആരെയും പ്രചോദനം സന്ദര്‍ശിക്കാതെ വരുന്നില്ല. ഡോക്ടർമാർ, അദ്ധ്യാപകർ, തോട്ടക്കാർ- അങ്ങനെ നൂറുകണക്കിനാളുകൾ. പുതിയ വെല്ലുവിളികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലത്തോളം അവർക്ക് തങ്ങളുടെ തൊഴിൽ നിരന്തരമായ ഒരു സാഹസികതയായി മാറുന്നു. പ്രചോദനം എന്തുമാവട്ടെ, അതു പിറക്കുന്നത് നിരന്തരമായ ഒരു ”എനിക്കറിയില്ല“ എന്നതിൽ നിന്നാണ്‌...‘

സ്വന്തം സ്വകാര്യതകളുമായി അഭിരമിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കവിയെ ലോകശ്രദ്ധയുടെ പ്രലോഭനങ്ങൾ കാര്യമായി ബാധിച്ചില്ല. പൊതുചടങ്ങുകളിൽ അവർ നിത്യസാന്നിദ്ധ്യമായിരുന്നില്ല, അപൂർവ്വമായേ അവർ വിദേശസന്ദർശനം നടത്തിയിട്ടുള്ളു, ഫോട്ടോയെടുക്കുന്നതിനും ഇന്റർവ്യൂവിനും ഇരുന്നുകൊടുക്കുന്നതിന്‌ അവർക്കു വെറുപ്പായിരുന്നു, മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യപരിഷ്കരണങ്ങൾക്കുമായിട്ടല്ലാതെയുള്ള രാഷ്ട്രീയപ്രവർത്തനങ്ങളും അവർക്കുണ്ടായിരുന്നില്ല.

ഷിംബോർസ്ക്കയുടെ പ്രസിദ്ധീകരിക്കപ്പെട്ട കവിതകൾ ആകെയെടുത്താൽ 400നടുത്തേ വരൂ. അതിനു കാരണമായി അവർ പറഞ്ഞതിതാണ്‌: ’എന്റെ മുറിയിൽ ഒരു ചവറ്റുകുട്ടയുണ്ട്. രാത്രിയിൽ എഴുതിയ കവിത മിക്കപ്പോഴും രാവിലത്തെ വായനയെ അതിജീവിക്കാറില്ല.‘

ശ്വാസകോശത്തിലെ ക്യാൻസറിനെ തുടർന്ന് 2012 ഫെബ്രുവരി 1ന്‌ ഷിംബോർസ്ക്ക അന്തരിച്ചു.

*

നൊബേൽ പുരസ്ക്കാരസമിതി വീസ്‌വാവ
ഷിംബോർസ്ക്കയെ വിശേഷിപ്പിച്ചത് ‘കവിതയിലെ മൊസാർട്ട്’ എന്നാണ്‌. മൊസാർട്ടിന്റെ സംഗീതത്തിലെന്നപോലെ ഒരനായാസത, ഒരു ലാഘവം, ഒരു ചിറകേറൽ ഷിംബോർസ്ക്കയുടെ കവിതയിലുമുണ്ട്. ഒപ്പം, മൊസാർട്ടിനെപ്പോലെതന്നെ ഒരു വിദൂഷകന്റെ സ്വാതന്ത്ര്യവും. അതുകൊണ്ടാണ്‌ ചെസ്‌വാ മീവോഷ് പറയുന്നത്, സാമുവൽ ബക്കെറ്റിന്റെയോ ഫിലിപ്പ് ലാർക്കിന്റെയോ ഹതാശമായ ലോകങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്‌ ഷിംബോർസ്ക്കയുടെ ലോകമെങ്കിലും അവരുടേതിൽ നിന്നു വ്യത്യസ്തമായി ഇവിടെ നമുക്ക് ശ്വാസം മുട്ടുന്നില്ല എന്ന്.

ആ കവിതയുടെ വിഷയങ്ങളാവട്ടെ, നിത്യജീവിതസന്ദർഭങ്ങളും പരിചിതവസ്തുക്കളുമാണ്‌. ജനാലപ്പടിയിൽ പാറിവീണ ഒരു മണൽത്തരി, വഴിയിൽ ചത്തുകിടക്കുന്ന ഒരു വണ്ട്, ഒരു പത്രവാർത്തയോടൊപ്പം കണ്ട ഒരു ഗ്രൂപ്പ് ഫോട്ടോ, ഒരു കല്ക്കഷണം ഇതൊക്കെയാവാം. ഇനി ഈ നിസ്സാരവിഷയങ്ങൾ ഉദാത്തചിന്തകളിലേക്കുള്ള ചവിട്ടുപടിയെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. ഒരു പരിധിയിൽ കവിഞ്ഞ ദാർശനികപരത ആ കവിതകൾ സ്വയം നിഷേധിക്കുന്നു. ‘ഒരു കല്ലിനോടു നടത്തിയ സംഭാഷണം’ എന്ന കവിതയിൽ കല്ലിനു വെളിയിൽ നിന്നുകൊണ്ട് തന്നെ ഉള്ളിലേക്കു കടത്തിവിടൂയെന്ന് കെഞ്ചുന്ന കവിയുടെ അതിവാചാലതയെ ‘എനിക്കു വാതിലില്ല’ എന്നു പറഞ്ഞുകൊണ്ട് കല്ല് പുറത്തിട്ടടയ്ക്കുന്നു. ‘മുകളിൽ നിന്നു നോക്കുമ്പോൾ’ എന്ന കവിതയിൽ ചത്തുകിടക്കുന്ന വണ്ടിനെക്കണ്ട് നാം ആലോചനയിൽ മുഴുകുമ്പോൾ ആ വണ്ടിന്റെ വിനീതാത്മാവിനറിയാം, ‘അതിപ്രധാനമായതൊന്നും തനിക്കു സംഭവിച്ചിട്ടില്ലെന്ന്, അതിപ്രധാനമായതൊക്കെ മനുഷ്യർക്കു മാറ്റിവച്ചിരിക്കുകയാണെന്ന്.’ അതിചിന്തയെ നിരാകരിക്കുന്ന ഷിംബോർസ്ക്ക പ്രകടരാഷ്ട്രീയവും വേണ്ടെന്നു വയ്ക്കുന്നു. ‘വിയറ്റ്നാം’ പോലുള്ള ചില കവിതകളിലല്ലാതെ സമകാലികരാഷ്ട്രീയസംഭവങ്ങൾ കവിതകൾക്കു വിഷയമാകുന്നതേയില്ല. ഈ കവിതകളിൽ നിന്ന് കവിയുടെ ജീവചരിത്രം പുനർനിർമ്മിക്കാനും പറ്റില്ല.

ഷിംബോർസ്ക്കയുടെ കവിതകൾക്കുള്ള മറ്റൊരു സവിശേഷത ഓരോ കവിതയും സ്വന്തമായ ഓരോ ലോകങ്ങൾ ആണെന്നതാണ്‌. ഭാഷാപരമോ ശൈലീപരമോ ആയ ചില ബന്ധങ്ങൾ ഉണ്ടെന്നല്ലാതെ കവിതകൾക്കു തമ്മിൽ മറ്റൊരു ചാർച്ചയുമില്ല.

“അപ്പോൾ എന്താണ്‌ കവിത എന്ന സംഗതി?” ഷിംബോർസ്ക്ക പറയുന്നു, “ഈ ചോദ്യം ആദ്യം ഉന്നയിക്കപ്പെട്ടതില്പിന്നെ ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു. അതൊന്നും എനിക്കറിയില്ല. പക്ഷേ ഞാനതിൽ മുറുകെപ്പിടിച്ചു നില്ക്കുന്നു, ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.”

*

2019, മേയ് 8, ബുധനാഴ്‌ച

ഫ്യോദർ സോലൊഗബ് - പ്രാർത്ഥന



ദൈവമേ,
വാക്കിനടിമയായ സാധുവും ദുർബലനുമാണു ഞാനെങ്കിൽ,
മണ്ണടിയും വരെ പണിയെടുക്കണമെന്നാണെന്റെ വിധിയെങ്കിൽ,
ഒരേയൊരു പ്രാർത്ഥനയിൽ
സ്വയമതിവർത്തിക്കാനെന്നെയനുവദിക്കേണമേ:
ഒരെട്ടുവരിക്കവിതയെനിക്കെഴുതണം,
തെളിഞ്ഞ നാളം പോലതെരിഞ്ഞു നില്ക്കണം.