2020, ജൂൺ 24, ബുധനാഴ്‌ച

ലോർക്ക - അർദ്ധവിലാപഗീതം



എന്തുമാത്രം ജീവിതം.
എല്ലാം എന്തിനു വേണ്ടി?
പാത പരന്നതും വിരസവും,
മതിയായത്ര പ്രണയവുമില്ല.

എന്തുമാത്രം തിടുക്കം.
എല്ലാം എന്തിനുവേണ്ടി?
ഒരു കടവുമടുക്കാത്ത
ഒരു തോണിയിൽ കയറാൻ.
സ്നേഹിതരേ, മടങ്ങിപ്പോരൂ!
നിങ്ങളുടെ ഉറവിലേക്കു മടങ്ങൂ!
മരണത്തിന്റെ
പാത്രത്തിലേക്ക്
നിങ്ങളുടെ ആത്മാവിനെ
പകർന്നൊഴിക്കരുതേ.
(1924)

2020, ജൂൺ 23, ചൊവ്വാഴ്ച

ലോർക്ക - ടെലഗ്രാഫ്



സ്റ്റേഷൻ പരിത്യക്തമായിരുന്നു. ഒരാൾ പോകുന്നുണ്ടായിരുന്നു, ഒരാൾ വരുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ഇടറിയ ചില ഒച്ചകൾ കൊണ്ട് മണിയുടെ നാവ് അതിന്റെ ഉരുണ്ട ചുണ്ടുകൾ നനച്ചിരുന്നു. ഉള്ളിൽ നിന്ന് ടെലഗ്രാഫിന്റെ ഇടവിട്ടുള്ള ജപമാല കേൾക്കാമായിരുന്നു. ഞാൻ ആകാശത്തിനു മുഖം കൊടുത്തുകൊണ്ട് മലർന്നുകിടന്നു; ഒന്നുമാലോചിക്കാതെ ഞാൻ ഒരു വിചിത്രരാജ്യത്തേക്കു പോയി; തണുത്തുനീലിച്ച ഒരു നദിയിൽ പൊന്തിക്കിടക്കുന്ന ആ രാജ്യത്ത് ഞാൻ ആരെയും കണ്ടില്ല. അന്തരീക്ഷത്തിൽ മഞ്ഞിച്ച കുമിളകൾ നിറയുകയാണെന്ന് പതുക്കെപ്പതുക്കെ എനിക്കു മനസ്സിലായി; എന്റെ ശ്വാസമേല്ക്കുമ്പോൾ അവ അലിഞ്ഞുപോവുകയും ചെയ്തിരുന്നു. അത് ടെലഗ്രാഫ് ആയിരുന്നു. അതിന്റെ ടിക്-ടോക് കുളത്തിനു മുകളിലെ കൊതുകുകളുടെ താളത്തിൽ എന്റെ കാതുകളുടെ വിപുലമായ ആന്റിനകളിൽ കടന്നു. സ്റ്റേഷൻ പരിത്യക്തമായിരുന്നു. ആലസ്യത്തോടെ ഞാൻ ആകാശത്തേക്കു നോക്കി; നക്ഷത്രങ്ങളെല്ലാം വെട്ടിത്തിളങ്ങുന്ന കണ്ണിമകൾ കൊണ്ട് കമ്പിസന്ദേശങ്ങൾ അയക്കുകയാണെന്ന് ഞാൻ കണ്ടു. അതിൽ സിരിയസ് നക്ഷത്രമാണ്‌ മറ്റു നക്ഷത്രങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ട് ഓറഞ്ച് ടിക്കുകളും പച്ച ടോക്കുകളും അയച്ചിരുന്നത്.

ആകാശത്തെ ഉജ്ജ്വലമായ ടെലഗ്രാഫ് സ്റ്റേഷനിലെ പാവം ടെലഗ്രാഫുമായി അലിഞ്ഞുചേർന്നു; എന്റെ ആത്മാവ് (എത്രയോ ആർദ്രമാണത്) നക്ഷത്രങ്ങളുടെ ചോദ്യങ്ങൾക്കും കൊഞ്ചലുകൾക്കും (എനിക്കവ അപ്പോൾ പൂർണ്ണമായി മനസ്സിലാവുകയും ചെയ്തിരുന്നു) കണ്ണിമകൾ കൊണ്ട് ഉത്തരം കൊടുക്കുകയും ചെയ്തു.

(മരണശേഷം പ്രസിദ്ധീകരിച്ചത്)





2020, ജൂൺ 18, വ്യാഴാഴ്‌ച

ലോർക്ക - ഓർമ്മക്കായി



പ്രിയപ്പെട്ട പോപ്ലാർ,
പ്രിയപ്പെട്ട പോപ്ലാർ,
നീയാകെ
മഞ്ഞിച്ചുപോയല്ലോ.
ഇന്നലെ
നീ പച്ചയായിരുന്നു,
തിളങ്ങുന്ന
കിളികളെക്കൊണ്ടുന്മത്തമായ
ഒരു പച്ച.
ഇന്നു നീ വിഷണ്ണൻ,
ശരല്ക്കാലാകാശത്തിനു ചുവട്ടിൽ;
ഞാനുമതുപോലെ,
എന്റെ ചുവന്ന ഹൃദയാകാശത്തിനു
ചുവട്ടിൽ.
എന്റെ ആർദ്രഹൃദയമുൾക്കൊള്ളട്ടെ,
നിന്റെ തായ്ത്തടിയുടെ പരിമളം.
പാടത്തെ പരുക്കൻ മുത്തശ്ശാ!
നീയും ഞാനും,
നമ്മൾ രണ്ടും
മഞ്ഞിച്ചുപോയല്ലോ!

(1920 ആഗസ്റ്റ്)

2020, ജൂൺ 14, ഞായറാഴ്‌ച

ലോർക്ക - സമുദ്രം




നീലിമയുടെ ലൂസിഫറാണ്‌
സമുദ്രം.
വെളിച്ചമാവാൻ കൊതിച്ചതിനാൽ
പതിച്ച ആകാശം.

പാവം സമുദ്രമേ,
ഒരുകാലത്താകാശമണ്ഡലത്തിൽ
നിശ്ചലം നിന്നവനേ,
നിത്യചലനമാണല്ലോ, ഇന്നു നിന്റെ വിധി.

എന്നാൽ നിന്റെ ദുഃഖത്തിൽ നിന്നും
പ്രണയം നിന്നെ വീണ്ടെടുത്തുവല്ലോ.
നിർമ്മലയായ വീനസ്സിനു നീ ജന്മം കൊടുത്തു,
നിന്റെ കയങ്ങൾക്കു കന്യകാത്വം നഷ്ടപ്പെട്ടില്ല,
നീ നോവറിഞ്ഞതുമില്ല.

നിന്റെ ശോകം സുന്ദരമാണ്‌,
ഉജ്ജ്വലമായ മൂർച്ഛകളുടെ സമുദ്രമേ,
ഇന്നു പക്ഷേ, നക്ഷത്രങ്ങളല്ല,
നിന്നിലുള്ളത് പച്ചനീരാളികൾ.

നിന്റെ യാതന ക്ഷമയോടെ സഹിക്കൂ,
പ്രബലനായ സാത്താനേ.
ക്രിസ്തു നിന്റെ മേൽ നടന്നുവല്ലോ,
എന്നാലതുപോലെ പാൻ എന്ന ദേവനും.

വീനസ് എന്ന നക്ഷത്രമാണ്‌,
ലോകത്തിന്റെ ലയം,
(സഭാപ്രസംഗി മിണ്ടരുത്!)
ആത്മാവിന്റെ കയം...

...പീഡിതനായ മനുഷ്യൻ
ഒരു പതിതമാലാഖയും.
നഷ്ടപ്പെട്ട പറുദീസയെന്നത്
ഭൂമി തന്നെയാവാം.
(ഏപ്രിൽ 1919)
*



*പാൻ Pan- പകുതി മനുഷ്യരൂപവും പകുതി ആടിന്റെ രൂപവുമുള്ള ഗ്രീക്ക് ദേവൻ; കാടിന്റെയും നായാട്ടിന്റെയും സംഗീതത്തിന്റെയും ദേവതയാണ്‌.

*സഭാപ്രസംഗി Ecclesiastes
- സോളമൻ രാജാവിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഉപദേശങ്ങളടങ്ങിയ ബൈബിൾ പുസ്തകം.

2020, ജൂൺ 13, ശനിയാഴ്‌ച

ബനഫൂൽ - ഉരുളൻകല്ലും കരിമ്പനയും




വിശാലമായ ഒരു സമതലം. അതിന്റെ ഒത്ത നടുക്ക് ഒരു കൂറ്റൻ കരിമ്പന നില്ക്കുന്നു. അതെത്ര കാലമായി അവിടെ നില്ക്കുന്നുവെന്ന് ആർക്കുമറിയില്ല. അടുത്തെങ്ങും ഒറ്റ മരവുമില്ല; പിന്നെ, അങ്ങു വിദൂരചക്രവാളം വരെയും പാടങ്ങൾ മാത്രം.

പനയുടെ തൊട്ടുതാഴെയായി ഒരു ചെറിയ ഉരുളൻകല്ല് കിടപ്പുണ്ട്. അതും അവിടെ കിടക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്ന് ആർക്കുമറിയില്ല. അതിനു ചുറ്റും കൊച്ചുകൊച്ചു പുല്ക്കൊടികൾ വളർന്നുനില്ക്കുന്നു. ഓർമ്മയുള്ള കാലത്തോളം ആ പുല്ക്കൊടികളെയല്ലാതെ ഉരുളൻകല്ല് മറ്റൊന്നും കണ്ടിട്ടില്ല. മഴക്കാലത്ത് അവ മുറ്റിത്തഴയ്ക്കുന്നു; പൊള്ളുന്ന ചൂടുകാലത്തവ വരണ്ടുണങ്ങുന്നു; അടുത്ത മഴയത്ത് പിന്നെയും മമതയുടെ പച്ചക്കൈകൾ നീട്ടി അവ അതിനെ പുണരുന്നു. ഉരുളൻകല്ല് ആകെ കണ്ടിട്ടുള്ളത് ഇതു മാത്രമാണ്‌- മണ്ണിൽ പുല്ലു വളരുന്നു, അവ വാടുന്നു, പിന്നെയുമവ വളരുന്നു. അതിന്റെ അനുഭവങ്ങളുടെ ആകെത്തുകയാണത്. എന്നാൽ ഇടയ്ക്കിടയ്ക്ക് അതിന്‌ ഇങ്ങനെയൊരു ചിന്ത വരാറുണ്ട്- വേറെയും കാര്യങ്ങൾ നടക്കുന്നുണ്ടാവണം, എനിക്കു കാണാൻ പറ്റാത്ത കാര്യങ്ങൾ.

ഒരു ദിവസം ഉരുളൻകല്ലിന്റെ ബോധത്തിലേക്ക് കരിമ്പന കടന്നുവന്നു.

ഇങ്ങനെ ഉയർന്നുനില്ക്കുന്ന ഈ കറുത്ത വസ്തു എന്താണ്‌? അതിനോർമ്മയുള്ള കാലം മുതല്ക്കേ അതിങ്ങനെ തന്നെയായിരുന്നു- നീണ്ടുനിവർന്ന്, മുകളിലേക്കു നോക്കിനില്ക്കുന്ന, ബലിഷ്ഠമായ ഒരു വസ്തു.

“ഒന്നു ചോദിച്ചോട്ടെ?”

കരിമ്പന മിണ്ടുന്നില്ല.

“അല്ല, ഞാൻ പറയുന്നതു കേൾക്കാമോ?”

ചെറുതാണെങ്കിലും ഉരുളൻകല്ല് പിടിവിടുന്നില്ല. കുറേനേരത്തെ ഒച്ചവയ്പ്പിനൊടുവിൽ അത് കരിമ്പനയുടെ ശ്രദ്ധയാകർഷിക്കുന്നതിൽ വിജയിച്ചു.

“ആരാണത്? എന്താ വേണ്ടത്?”

“ഞാൻ നിങ്ങളുടെ ചുവട്ടിൽ കിടക്കുന്ന ഒരു ഉരുളൻകല്ലാണ്‌. നിങ്ങളാരാ?”

“ഞാൻ കരിമ്പന.”

“ഓഹോ!”

ഇത്രയും കാലം അതിന്റെ ചുവട്ടിൽ കിടന്നിട്ടും ഉരുളൻകല്ലിന്‌ കരിമ്പനയുടെ പേരറിയില്ലായിരുന്നു. അതിന്‌ ആകെ അത്ഭുതമായി- എത്ര ഉയരത്തിലേക്കാണ്‌ കരിമ്പന ഉയർന്നുയർന്നുപോകുന്നത്! പെട്ടെന്നാണ്‌ അതിനു തോന്നിയത്, ആ മരത്തിന്റെ അനുഭവങ്ങൾ പുതുമയുള്ളതായിരിക്കും, തനിക്കു പരിചയമുള്ളതായിരിക്കില്ല എന്ന്.

അറച്ചറച്ച് അതു ചോദിച്ചു: “ഇത്രയും ഉയരത്തിൽ നിന്നു നോക്കുമ്പോൾ കാണുന്നതെന്തൊക്കെയാണെന്ന് ഒന്നു പറയുമോ?”

“ആകാശത്ത് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും.”

”പിന്നെ?“

“സൂര്യൻ പിന്നെയും ഉദിക്കുന്നതും...”
-----------------------------------------------------------------------------------------------------

ബനഫൂൽ (1899-1979) തീരെച്ചെറിയ കഥകളിലൂടെ പ്രശസ്തനായ ബംഗാളി സാഹിത്യകാരനാണ്‌. ആയിരക്കണക്കിനു കവിതകളും അറുപതു നോവലുകളും അഞ്ചു നാടകങ്ങളും കൂടാതെ ഏകാങ്കനാടകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുള്ള ബനഫൂൽ ഓർമ്മിക്കപ്പെടുന്നത് മിക്കപ്പോഴും അരപ്പേജിലൊതുങ്ങുന്ന 576 കഥകളിലൂടെയാണ്‌. കഥകളെഴുതാനുള്ള കുറിപ്പുകളാണോയെന്നു സംശയം തോന്നിക്കുന്നത്ര ചെറുതാണ്‌, അതിനാൽത്തന്നെ പലപ്പോഴും നിഗൂഢാർത്ഥമായ ഈ കഥകൾ. അദ്ദേഹത്തിന്റെ കഥകൾ സമാഹരിക്കപ്പെട്ടപ്പോൾ അതിന്‌ അദ്ദേഹം എഴുതിയ ആമുഖം ഇങ്ങനെയായിരുന്നു: “എന്റെ എഴുത്ത് ഇഷ്ടപ്പെടുന്നവർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. ഇഷ്ടപ്പെടാത്തവർക്ക് അത്രയും തന്നെ ആവശ്യമില്ല. എന്റെ കഥകൾ ഇനിയും പരിചയമാവാത്തവർക്ക് അവ വായിച്ചുകഴിയുമ്പോൾത്തന്നെ എന്റെ എഴുത്തിന്റെ സ്വഭാവം പിടികിട്ടും. അവരോടും പിന്നെ പ്രത്യേകിച്ചൊന്നും ഞാൻ പറയേണ്ടതില്ല.”

2020, ജൂൺ 12, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ഒരു കോമാളി



പുതുവർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്‌; ചെളിയും മഞ്ഞും കുഴഞ്ഞുകൂടിയ നിരത്തുകളിൽ, കളിപ്പാട്ടങ്ങളും പലഹാരങ്ങളും കൊണ്ടു വെട്ടിത്തിളങ്ങുന്ന, ആർത്തിയും നൈരാശ്യവും കുത്തിനിറച്ച, ഒരായിരം വണ്ടികൾ ചാലു കീറിയിരിക്കുന്നു; ഒരു മഹാനഗരത്തിന്റെ ഔദ്യോഗികജ്വരം: ഏതുറച്ച ഏകാകിയുടേയും മനസ്സിന്റെ താളം തെറ്റിക്കാൻ പോന്നതാണത്.

ആ തിരക്കിനും ബഹളത്തിനുമിടയിലൂടെ, ഒരു പൊണ്ണന്റെ ചാട്ട കൊണ്ടുള്ള ഇടിയും കുത്തുമൊക്കെ സഹിച്ചുകൊണ്ട് ഒരു കഴുത വേഗത്തിൽ നടന്നുപോവുകയാണ്‌.

അത് ഒരു വളവു തിരിയാറായപ്പോൾ ഒന്നാന്തരം കൈയ്യുറകൾ ധരിച്ച, മുടി കോതിമിനുക്കിയ, നിർദ്ദയമായ ഒരു ടൈയിൽ കഴുത്തു കുടുങ്ങിയ, ഉടവു തട്ടാത്ത പുതുവസ്ത്രങ്ങൾ തടവിൽ പിടിച്ച ഒരു മാന്യദേഹം ആ സാധുമൃഗത്തെ ഉപചാരത്തോടെ വണങ്ങിയിട്ട് തലയിൽ നിന്നു തൊപ്പിയൂരിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “പുതുവർഷത്തിൽ താങ്കൾക്ക് സുഖവും സന്തോഷവും ഉണ്ടാകട്ടെ!” എന്നിട്ടയാൾ മുഖത്തൊരു പൊട്ടന്റെ ഭാവത്തോടെ തിരിഞ്ഞ് തന്റെ കൂടെവന്നവരെ ഒന്നു നോക്കി, അവരുടെ അംഗീകാരം കൂടി കിട്ടിയാലേ തന്റെ ആത്മസംതൃപ്തി പൂർണ്ണമാകൂ എന്നപോലെ. 

കഴുതയാവട്ടെ, ആ ഉയർന്നതരം കോമാളിയെ കാണുകപോലും ചെയ്യാതെ തന്റെ കടമ വിളിക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നുപോവുകയും ചെയ്തു.

എന്റെ കാര്യം പറയാനാണെങ്കിൽ, ആ ജളപ്രഭുവിന്റെ നേർക്ക് അടക്കവയ്യാത്ത ഒരു രോഷം എന്റെയുള്ളിൽ ഇരച്ചുകേറി; ഫ്രാൻസിന്റെ ആന്തരസത്തയുടെ അവതാരമാണ്‌ അയാളെന്ന് എനിക്കു തോന്നി.

(ഗദ്യകവിതകൾ-4)

ബോദ്‌ലേർ - കലാകാരന്റെ കുമ്പസാരപ്രാർത്ഥന




എത്ര തീക്ഷ്ണമാണ്‌ ശരല്ക്കാലദിവസങ്ങളുടെ അന്ത്യങ്ങൾ- ഹാ, നീറ്റുന്നതാണ്‌, ആ  തീക്ഷ്ണത! അവ്യക്തത തീക്ഷ്ണതയ്ക്കു തടസ്സമാവാത്ത ചില മധുരാനുഭൂതികളുണ്ട്; അനന്തതയേക്കാൾ മൂർച്ചയേറിയ കത്തിമുന മറ്റൊന്നില്ല.

എത്ര ആനന്ദപ്രദമാണ്‌, കടലിന്റെയും ആകാശത്തിന്റെയും വൈപുല്യത്തിൽ സ്വന്തം നോട്ടത്തെ അലയാൻ വിടുക! നിശ്ശബ്ദത, ഏകാന്തത, നീലിമയുടെ നിരുപമമായ നൈർമ്മല്യം! ചക്രവാളരേഖയിൽ വിറകൊള്ളുന്ന ഒരു കൊച്ചുവഞ്ചിപ്പായ (അതിന്റെ വലിപ്പക്കുറവും ഒറ്റപ്പെടലും എന്റെ അപരിഹാര്യമായ അസ്തിത്വത്തിന്റെതന്നെ അനുകരണമല്ലേ?); തിരയിളക്കത്തിന്റെ ഏകതാനമായ പല്ലവി- ഇതെല്ലാം എന്നിലൂടെ ചിന്തിക്കുന്നു, അഥവാ, ഞാൻ അവയിലൂടെ ചിന്തിക്കുന്നു (ദിവാസ്വപ്നത്തിന്റെ വൈപുല്യത്തിൽ ‘ഞാൻ’ എത്രവേഗം നഷ്ടപ്പെട്ടുപോകുന്നു!); അവ ചിന്തിക്കുന്നു, എന്നു പറഞ്ഞാൽ, സംഗീതാത്മകമായി, ചിത്രരൂപമായി, വക്രോക്തികളില്ലാതെ, തർക്കവാദങ്ങളില്ലാതെ, നിഗമനങ്ങളില്ലാതെ.

എന്നാൽ എന്നിൽ നിന്നു വരുന്നതോ വസ്തുക്കൾ എയ്തുവിടുന്നതോ ആയ ചിന്തകൾക്ക് എത്രവേഗമാണ്‌ മുനവയ്ക്കുന്നത്! പ്രചണ്ഡമായ ആനന്ദം അസ്വാസ്ഥ്യത്തിലേക്കും സുഖകരമായ ഒരു വേദനയിലേക്കും നയിക്കുന്നു. വലിഞ്ഞുമുറുകിയ എന്റെ ഞരമ്പുകൾ ഇപ്പോൾ ചെവി തുളയ്ക്കുന്നതും വേദനാജനകവുമായ കമ്പനങ്ങളാണ്‌ പുറപ്പെടുവിക്കുന്നത്.

ഇപ്പോഴിതാ, ആകാശത്തിന്റെ ഗഹനത എന്നെ ഭീതിപ്പെടുത്തുന്നു; അതിന്റെ പ്രസന്നത എന്നെ അരിശം കൊള്ളിക്കുന്നു. കടലിന്റെ നിർവ്വികാരത, രംഗത്തിന്റെ മാറ്റമില്ലായ്മ എന്നെ പ്രകോപിപ്പിക്കുന്നു...എന്നെന്നും നരകിക്കുകയോ അതോ സൗന്ദര്യത്തിൽ നിന്ന് എന്നെന്നേക്കുമായി പലായനം ചെയ്യുകയോ, എന്താണു വേണ്ടത്? പ്രകൃതീ, കരുണയറ്റ മോഹിനീ, എന്നും ജയിക്കുന്ന പ്രതിയോഗീ, എന്നെ വെറുതെ വിടൂ! എന്റെ തൃഷ്ണകളേയും എന്റെ അഭിമാനത്തേയും പ്രലോഭിപ്പിക്കാതിരിക്കൂ! സൗന്ദര്യത്തെ നോക്കിക്കാണുക എന്നാൽ തോറ്റുവീഴുന്നതിനു മുമ്പ് കലാകാരൻ സംഭീതനായി നിലവിളിയ്ക്കുന്ന ഒരു ദ്വന്ദ്വയുദ്ധമാണ്‌.
-----------------------------------------------------------------------------------------------------------------------

*കത്തോലിക്കാവിശ്വാസത്തിൽ കുമ്പസാരപ്രാർത്ഥന സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്‌. ഈ കവിതയിൽ ദൈവസാന്നിദ്ധ്യമില്ല, കവിയുടെ പ്രതിയോഗി പ്രകൃതിയുമാണ്‌.

2020, ജൂൺ 10, ബുധനാഴ്‌ച

യാന്നിസ് റിറ്റ്സോസ് - നില





അവൻ പൂർണ്ണനഗ്നനായി
കടലോരത്തു നില്ക്കുകയായിരുന്നു.
ആകാശം അവന്റെ മുടിയിൽ നാവോടിച്ചു.
കടൽ അവന്റെ കാലടിയിൽ നാവോടിച്ചു.
അസ്തമയം അവന്റെ നെഞ്ചിനു കുറുകേ
ഒരു ചുവന്ന നാട കെട്ടിക്കൊടുത്തു,
അരക്കെട്ടിൽ വച്ചു മുറുക്കിക്കെട്ടുകയും ചെയ്തു.
ഒരറ്റം അവന്റെ ഇടതുകാല്മുട്ടിലേക്കു തൂങ്ങിക്കിടന്നു.

2020, ജൂൺ 8, തിങ്കളാഴ്‌ച

യാന്നിസ് റിറ്റ്സോസ് - മുഖമോ മുഖപ്പോ?




‘ഈ പ്രതിമ ഞാൻ കല്ലിൽ കൊത്തിയെടുത്തതാണ്‌’ - അയാൾ പറഞ്ഞു-
‘ചുറ്റിക കൊണ്ടല്ല; എന്റെ വെറും വിരലുകൾ കൊണ്ട്,
എന്റെ വെറും കണ്ണുകൾ കൊണ്ട്,
എന്റെ വെറും ഉടലു കൊണ്ട്, എന്റെ ചുണ്ടുകൾ കൊണ്ട്.
ഇപ്പോഴെനിക്കു മനസ്സിലാവുന്നില്ല
ഞാനാരെന്ന്, ഈ പ്രതിമയാരെന്ന്.’

അയാൾ അതിനു പിന്നിലൊളിച്ചു,
അയാൾ വിരൂപനായിരുന്നു, വിരൂപനായിരുന്നു-
അയാൾ അതിനെ പുണർന്നു,
ഇടുപ്പിനു പിടിച്ച് അതിനെ പൊക്കിയെടുത്തു,
അവർ ഒരുമിച്ചു നടന്നു.
പിന്നെ അയാൾ ഞങ്ങളോടു പറയും.
ഈ പ്രതിമ (അതൊരത്ഭുതസൃഷ്ടി തന്നെയായിരുന്നു) എന്നു പറയുന്നത്
താൻ തന്നെയാണെന്ന്;
പ്രതിമ ഒറ്റയ്ക്കാണു നടക്കുന്നതെന്നും.
പക്ഷേ ആരയാളെ വിശ്വസിക്കാൻ പോകുന്നു?

യാന്നിസ് റിറ്റ്സോസ് - കാഴ്ച തിരിച്ചുകിട്ടിയ പെൺകുട്ടി




ആഹാ- അവൾ പറയുകയാണ്‌ - എനിക്കു കാഴ്ച കിട്ടി.
നോക്കൂ. ഇത്രയും കാലം എന്റെ കണ്ണുകൾ എനിക്കന്യരായിരുന്നു,
അവയെന്നിൽ മുങ്ങിക്കിടക്കുകയായിരുന്നു;
മൊരി പിടിച്ച രണ്ടു വെള്ളാരങ്കല്ലുകളായിരുന്നു അവ,
ഇരുണ്ട, കൊഴുത്ത വെള്ളത്തിൽ - കറുത്ത വെള്ളത്തിൽ.
ഇപ്പോഴിതാ- അതൊരു മേഘമല്ലേ?
ഇതൊരു റോസാപ്പൂവല്ലേ? - പറയൂ;
ഇതൊരിലയല്ലേ? - അതു പച്ചയല്ലേ? - പച്...ച.
ഇത്, ഇതെന്റെ ശബ്ദവുമല്ലേ - അല്ലേ?
ഞാൻ പറയുന്നതു നിങ്ങൾക്കു കേൾക്കാമോ?
ഒച്ചയും കാഴ്ചയും - സ്വാതന്ത്ര്യമെന്നു പറഞ്ഞാൽ അതല്ലേ?
നിലവറയിലെ എന്റെ വെള്ളിത്തളിക ഞാൻ മറന്നുപോയി,
ബയന്റുപെട്ടികളും കൂടുകളും നൂലുണ്ടകളും.

*

യാന്നിസ് റിറ്റ്സോസ് - കുംഭാരൻ

                                                      (പിഗ്മാലിയണും ഗലേറ്റിയയും - റോദാങ്)

ഒരുനാളയാൾ കുടങ്ങളുടെയും കലങ്ങളുടെയും ചെടിച്ചട്ടികളുടെയും
പണി മുഴുമിപ്പിച്ചു.
പിന്നെയും കുറച്ചു കളിമണ്ണു ബാക്കിയായി.
അയാളൊരു സ്ത്രീയെ മെനഞ്ഞെടുത്തു.
അവളുടെ മുലകൾ വലുതും ഉറച്ചതുമായിരുന്നു.
അയാളുടെ മനസ്സലഞ്ഞു.
അയാൾ വീട്ടിലെത്താൻ വൈകി.
അയാളുടെ ഭാര്യ മുറുമുറുത്തു.
അയാൾ തിരിച്ചൊന്നും പറഞ്ഞില്ല.
അടുത്ത നാളയാൾ കുറേക്കൂടി കളിമണ്ണു കരുതി,
അതിനടുത്ത നാൾ അതിലധികവും.
അയാൾ വീട്ടിലേക്കു പോകില്ല.
ഭാര്യ അയാളെ വിട്ടുപോയി.
അയാളുടെ കണ്ണുകളെരിഞ്ഞു.
അയാൾ അർദ്ധനഗ്നനാണ്‌.
അയാളൊരു ചുവന്ന അരപ്പട്ട കെട്ടിയിരിക്കുന്നു.
രാത്രി മുഴുവൻ അയാൾ കളിമൺപെണ്ണുങ്ങൾക്കൊപ്പം കിടക്കുന്നു.
ആലയുടെ വേലിയ്ക്കു പിന്നിൽ നിന്നയാൾ പാടുന്നത്
പുലർച്ചെ നിങ്ങൾക്കു കേൾക്കാം.
അയാൾ ചുവന്ന അരപ്പട്ടയും അഴിച്ചുകളയുന്നു.
നഗ്നൻ. പൂർണ്ണനഗ്നൻ.
അയാൾക്കു ചുറ്റുമായി ഒഴിഞ്ഞ കുടങ്ങൾ, ഒഴിഞ്ഞ കലങ്ങൾ,
ഒഴിഞ്ഞ ചെടിച്ചട്ടികൾ, പിന്നെ,
അന്ധകളും ബധിരകളും മൂകകളും സുന്ദരികളുമായ സ്ത്രീകളും,
മുലകളിൽ കടിപ്പാടുകളുമായി.

(1967)

ലോർക്ക - പാത



നിന്റെ കുന്തം
ഒരുകാലത്തും
ചക്രവാളത്തെ മുറിപ്പെടുത്തില്ല.
അതിനെ തടുക്കാനുണ്ടല്ലോ
മലയെന്ന പരിച.

ചന്ദ്രന്റെ ചോരയും
സ്വപ്നം കാണേണ്ട,
നീ വിശ്രമിക്കൂ.
എന്നാൽ നിരത്തേ,
എന്റെ ഉള്ളംകാലുകളെ
മഞ്ഞുതുള്ളികൾ താലോലിക്കട്ടെ.

അതികായനായ കൈനോട്ടക്കാരാ!
നിന്റെ മുതുകത്തവർ മറന്നിട്ടുപോകുന്ന
മങ്ങിയ മുദ്രകൾ നോക്കി
ആത്മാക്കളുടെ ജാതകം നീ വായിക്കാറുണ്ടോ?
കാല്പാടുകളുടെ ഫ്ലാമേറിയനാണു നീയെങ്കിൽ
ചാലു കീറിയ നിന്റെ ഉടലിലൂടെ
സൗമ്യവും വിനീതവുമായി കടന്നുപോകുന്ന കഴുതകളെ
നീ എത്ര സ്നേഹിക്കുമായിരുന്നില്ല!
നിന്റെ കുന്തം എവിടെച്ചെന്നു തറയ്ക്കുമെന്ന്
അവരേ ആലോചിച്ചുനോക്കുന്നുള്ളു.
മൃഗലോകത്തെ ബുദ്ധന്മാരായ അവരേ
വൃദ്ധരും വ്രണിതരുമായിക്കഴിയുമ്പോൾ
വാക്കുകളില്ലാത്ത നിന്റെ പുസ്തകം  കൂട്ടിവായിക്കുന്നുള്ളു.

നാട്ടുമ്പുറത്തെ വീടുകൾക്കിടയിൽ
എന്തു വിഷാദമാണു നിനക്ക്!
എന്തു തിളക്കമാണു നിന്റെ നന്മകൾക്ക്!
പരിഭവമില്ലാതെ നീ താങ്ങുന്നുണ്ടല്ലോ,
ഉറക്കം തൂങ്ങുന്ന നാലു കുതിരവണ്ടികളെ,
രണ്ടു വേലമരങ്ങളെ, 
വെള്ളം വറ്റിയ ഒരു പഴയ കിണറിനെ.

ലോകം ചുറ്റി എത്ര യാത്ര ചെയ്താലും
നിനക്കൊരു താവളം കിട്ടില്ല,
ഒരു സെമിത്തേരിയോ ശവക്കച്ചയോ കിട്ടില്ല; 
ഒരു പ്രണയത്തിന്റെ ഈണം
നിന്റെ ഉണ്മയ്ക്കു പുതുമ നല്കുകയുമില്ല.

പാടങ്ങളിൽ നിന്നു പുറത്തുവരൂ,
നിത്യതയുടെ ശ്യാമവിദൂരതയിൽ 
വെള്ളയരം കൊണ്ടു നിഴലു കടയുകയാണെങ്കിൽ,
നിരത്തേ, സാന്താ ക്ലാരാപ്പാലത്തിൽ നിന്നു
നീ താഴെ വീഴുമേ!
----------------------------------------------------------------------------------------------------------------------

*ഫ്ലാമേറിയൻ - സൂക്ഷ്മനിരീക്ഷകൻ എന്ന അർത്ഥത്തിൽ;  Camille Flammarion(1842-1925) എന്ന ഫ്രഞ്ച് വാനനിരീക്ഷകനെയാണ്‌ സൂചിപ്പിക്കുന്നത്.

*സാന്താ ക്ലാരാ- ‘സാന്താ ക്ലാരാ പാലം കടക്കുമ്പോൾ/മോതിരമൂരി പുഴയിൽ വീണു’ എന്നൊരു നാടൻ പാട്ടുണ്ട്.




ഹാഫിസ് - എന്നോടു ചോദിക്കേണ്ട



പ്രണയമേ, നിന്റെ വേദന ഞാനെത്രയറിഞ്ഞിരിക്കുന്നു!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-
വിരഹമേ, നിന്റെ കയ്പൻനീരെത്ര ഞാൻ മൊത്തിയിരിക്കുന്നു!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-

തേടിത്തേടിയെത്ര വഴികൾ തെറ്റി ഞാനലഞ്ഞു;
അതിനൊക്കെയുമൊടുവിൽ ഞാൻ തേടിപ്പിടിച്ചതാരെ?
ആരെയെന്നെന്നോടു ചോദിക്കേണ്ട-

അവളുടെ പടിക്കൽ നിന്നൊരേയൊരു മൺപൊടി,
ഒരു മൺപൊടി കാണാനെന്റെ കണ്ണുകളെന്തു കണ്ണീരൊഴുക്കി!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-

എന്തേ, അതൃപ്തരായി ചുണ്ടു കടിക്കുന്നു നിങ്ങൾ, സ്നേഹിതരേ?
എനിക്കു വശമായതേതു പവിഴാധരമെന്നു നിങ്ങൾക്കറിയുമോ?
എന്നെന്നെന്നോടു ചോദിക്കേണ്ട-

പോയ രാത്രിയിൽ ഇതേ കാതുകൾ കേട്ടിരിക്കുന്നു,
അവളുടെ ചുണ്ടുകളിൽ നിന്നിമ്മാതിരിയൊരു ഭാഷ-
എന്തെന്നെന്നോടു ചോദിക്കേണ്ട-

പ്രണയത്തിന്റെ ചുറ്റിച്ചുഴലുന്ന വഴികളിൽ തേടിയലഞ്ഞവ,
ഹാഫിസിനെപ്പോലെന്റെ കാലടികൾ ലക്ഷ്യം കണ്ടുവല്ലോ-
എവിടെയെന്നെന്നോടു ചോദിക്കേണ്ട. 

ബോദ്‌ലേർ - വീനസ്സും കോമാളിയും



എത്ര സുന്ദരമായ ദിവസം! സൂര്യന്റെ എരിയുന്ന കണ്ണിനടിയിൽ വിശാലമായ ഉദ്യാനം മൂർച്ഛിക്കുന്നു, പ്രണയത്തിന്റെ കോയ്മയിൽ പെട്ട യൗവ്വനം പോലെ.

എവിടെയും പ്രകൃതിയുടെ ഹർഷോന്മാദമാണെങ്കിലും ഒരു ശബ്ദം പോലും കേൾക്കാനില്ല; അരുവികൾ പോലും ഉറക്കത്തിലായപോലെ. മനുഷ്യന്റെ ആഘോഷങ്ങൾ പോലെയല്ല, ഈ ഉത്സവത്തിന്‌ ആരവങ്ങളില്ല.

പെരുകിപ്പെരുകിവരുന്ന വെളിച്ചത്തിൽ ഓരോ വസ്തുവിനും തിളക്കം കൂടിക്കൂടിവരുന്നപോലെയായിരുന്നു; ഉന്മാദികളായ പൂക്കൾ തങ്ങളുടെ കടുംനിറങ്ങൾ കൊണ്ട് ആകാശനീലിമയെ വെല്ലാൻ വെമ്പുന്നപോലെ, ഉഷ്ണം പരിമളങ്ങൾക്കു രൂപം നല്കി പുകപോലവയെ നക്ഷത്രങ്ങളിലേക്കുയർത്തുന്നപോലെ.

എന്നാൽ, പ്രപഞ്ചത്തിന്റെ ഈ ആഘോഷവേളയിലും അതാ, എന്റെ കണ്ണുകൾ ഒരു പീഡിതജന്മത്തെ കണ്ടെടുക്കുന്നു.
വീനസ്ദേവിയുടെ ഭീമാകാരമായ ഒരു പ്രതിമയ്ക്കു ചുവട്ടിൽ ഒരു കോമാളി, രാജാക്കന്മാരെ മടുപ്പോ കുറ്റബോധമോ ബാധിക്കുമ്പോൾ അവരെ രസിപ്പിക്കുക എന്ന നിയോഗം ഏറ്റെടുത്ത ഒരു വിദൂഷകൻ; പലതരം തുണിത്തുണ്ടുകൾ തുന്നിയെടുത്ത കുപ്പായവും കൂർമ്പൻതൊപ്പിയും മണികളുമൊക്കെയായി ഒരു വിഡ്ഢിവേഷം; പ്രതിമയുടെ പീഠത്തിനു ചുവട്ടിൽ ചുരുണ്ടുകൂടിക്കിടന്നുകൊണ്ട് അമരയായ ആ ദേവിയെ നിറകണ്ണുകളോടെ നോക്കുകയാണയാൾ.

അയാളുടെ കണ്ണുകൾ പറഞ്ഞതിതാണ്‌: “മനുഷ്യരിൽ വച്ചേറ്റവും അധമനും ഏറ്റവും ഏകാകിയും സ്നേഹവും സൗഹൃദവും നിഷേധിക്കപ്പെട്ടവനും അതിനാൽ ഏറ്റവും താഴ്ന്ന ജന്തുവിനേക്കാൾ താഴ്ന്നവനുമാണു ഞാൻ. എന്നാൽ എന്നെയും സൃഷ്ടിച്ചിരിക്കുന്നത് അനശ്വരമായ സൗന്ദര്യത്തെ അറിയാനും അനുഭവിക്കാനുമാണല്ലോ! ഹാ, ദേവീ! ഇവന്റെ സങ്കടവും ഉന്മാദവും കരുണയോടെ കാണേണമേ!“

എന്നാൽ പ്രീതിപ്പെടുത്താനാവാത്ത ആ ദേവിയുടെ മാർബിൾക്കണ്ണുകൾ  വിദൂരതയിൽ, എന്തിലെന്നറിയില്ല, തറഞ്ഞുനില്ക്കുകയായിരുന്നു.

2020, ജൂൺ 7, ഞായറാഴ്‌ച

ലോർക്ക - പ്രഭാതം




ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.

അത് പാടങ്ങളെ
വിളയിക്കുന്ന ജീവരസം,
പ്രകൃതിയുടെ വഴികളിലൂടലയാൻ
ആത്മാക്കളെ അഴിച്ചുവിട്ട
കവികളുടെ ജീവരക്തം.

ശിലാതലങ്ങളിൽ നിന്നു സ്രവിക്കുമ്പോൾ
അതാലപിക്കുന്ന ഗാനങ്ങൾ!
മനുഷ്യർക്കു സ്വയം സമർപ്പിക്കുമ്പോൾ
അതിന്റെ മധുരതാളങ്ങൾ!

പ്രഭാതം ദീപ്തം,
അടുപ്പുകളിൽ നിന്നു പുക പൊന്തുന്നു,
മൂടല്മഞ്ഞിനെയതു കൈയിലെടുത്തുയർത്തുന്നു.

പോപ്ലാർമരങ്ങൾക്കടിയിൽ
ജലത്തിന്റെ കഥകൾക്കു കാതു കൊടുക്കൂ:
പുല്ലുകൾക്കിടയിൽ മറഞ്ഞ
ചിറകില്ലാത്ത പറവകളാണവ.

പാടുന്ന മരങ്ങൾ
വാടിയുണങ്ങിവീഴുന്നു,
പ്രശാന്തമായ പർവ്വതങ്ങൾ
സമതലത്തിന്റെ വാർദ്ധക്യത്തിലേക്കെത്തുന്നു;
എന്നാൽ ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.

കാല്പനികവ്യാമോഹങ്ങളുടെ ഗാനമായി
മാറിയ വെളിച്ചമത്.
മൃദുലമെങ്കിലും പ്രബലമത്,
സൗമ്യവും നിറയെ ആകാശവും.
നിത്യമായ പ്രഭാതത്തിന്റെ അരുണവർണ്ണവും
മൂടല്മഞ്ഞുമത്.
മൂടിപ്പോയ നക്ഷത്രങ്ങൾ
നിലാവിന്റെ തേനൊഴുക്കുന്നതത്.
എന്താണ്‌ ജ്ഞാനസ്നാനം,
ദൈവം ജലമായി
തന്റെ രക്തത്തിന്റെ കൃപയാൽ
നമ്മുടെ നെറ്റിത്തടങ്ങളെ
അഭിഷിക്തമാക്കുന്നതല്ലാതെ?
വെറുതേയല്ല,
യേശു ജലത്തിൽ സ്നാനമേറ്റത്.
വെറുതേയല്ല,
നക്ഷത്രങ്ങൾ തിരകളിൽ വിശ്വാസമർപ്പിക്കുന്നത്.
വെറുതേയല്ല,
വീനസ്ദേവി അതിന്റെ മാറിൽ പിറന്നതും:
വെള്ളം കുടിക്കുമ്പോൾ നാം കുടിക്കുന്നത്
സ്നേഹത്തിന്റെ സ്നേഹം.
ഒഴുകുന്ന സ്നേഹമത്,
സൗമ്യവും ദിവ്യവും;
ലോകത്തിന്റെ ജീവനത്,
അതിന്റെ ആത്മാവിന്റെ കഥയും.

അതിനെ ചുംബിച്ചാണു നാം
ദാഹം ശമിപ്പിക്കുന്നതെന്നതിനാൽ
മനുഷ്യന്റെ ചുണ്ടുകളുടെ രഹസ്യങ്ങളുണ്ടതിൽ.
ചുംബനങ്ങളുടെ പെട്ടകമത്,
അടഞ്ഞുപോയ ചുണ്ടുകളുടേത്;
നിത്യബന്ധിതയാണെന്നതിനാൽ
ഹൃദയത്തിനുടപ്പിറന്നവൾ.

ക്രിസ്തു പറയേണ്ടിയിരുന്നതിങ്ങനെ:
“ജലത്തിനോടു കുമ്പസാരിക്കുക,
നിങ്ങളുടെ യാതനകളെല്ലാം,
നിങ്ങളുടെ നാണക്കേടുകളെല്ലാം.
നമ്മുടെ ദുഃഖങ്ങൾ കേൾക്കാൻ
മറ്റാർക്കാണു യോഗ്യത, സഹോദരങ്ങളേ,
വെള്ളയുടുത്താകാശത്തേക്കൊഴുകുന്ന
ഇവൾക്കല്ലാതെ?”

വെള്ളം കുടിക്കുമ്പോഴെന്നപോലെ
മറ്റൊരിക്കലും നാം പൂർണ്ണരാകുന്നില്ല.
നമ്മൾ പിന്നെയും കുട്ടികളാകുന്നു,
നമ്മൾ കൂടുതൽ നല്ലവരാകുന്നു,
നമ്മുടെ വേവലാതികളൊഴിയുന്നു.
സുവർണ്ണമേഖലകളിലൂടെ
നമ്മുടെ കണ്ണുകളലയുന്നു.
ആർക്കുമറിയാത്തതല്ലാത്ത
ദിവ്യഭാഗ്യമേ!
എത്രയോ ആത്മാക്കളെ
കഴുകിയെടുക്കുന്ന നറുംവെള്ളമേ,
ഒരഗാധശോകം
ഞങ്ങൾക്കതിന്റെ ചിറകു നല്കിയാൽ
യാതൊന്നുമുണ്ടാവില്ല,
നിന്റെ പാവനതീരങ്ങൾക്കെതിരുനില്ക്കാൻ.

(1918 ആഗസ്റ്റ് 7, ഗ്രനാഡ)


2020, ജൂൺ 6, ശനിയാഴ്‌ച

ബോദ്‌ലേർ - ആൾക്കൂട്ടങ്ങൾ


ഒരു കുളിത്തൊട്ടിയിലെന്നപോലെ ആൾക്കൂട്ടത്തിൽ ആണ്ടുമുങ്ങുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല: ആൾക്കൂട്ടത്തിൽ രമിക്കുക ഒരു കലയാണ്‌; മനുഷ്യരുമായുള്ള വേഴ്ച ത്രസിപ്പിക്കുന്നൊരു മേളയാവണമെങ്കിൽ തൊട്ടിലിൽ കിടക്കുമ്പോഴേ നിങ്ങൾക്കതിനുള്ള അനുഗ്രഹം കിട്ടിയിരിക്കണം; വേഷപ്പകർച്ചകളോടും പൊയ്മുഖങ്ങളോടും ഒരാഭിമുഖ്യം, വീട്ടിലിരിക്കുന്നതിനോടു വെറുപ്പ്, അലഞ്ഞ യാത്രകൾ ചെയ്യാനുള്ള ആവേശം ഇതൊക്കെ നിങ്ങൾക്കു വരം കിട്ടിയിരിക്കണം.

ജനക്കൂട്ടം, ഏകാന്തത: ഉത്സാഹിയും ഭാവനാസമ്പന്നനുമായ ഒരു കവിയ്ക്ക് സമാനവും വച്ചുമാറാവുന്നതുമായ പദങ്ങളാണവ. തന്റെ ഏകാന്തതയെ ജനബഹുലമാക്കാൻ അറിയാത്ത ഒരാൾക്ക് തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കാവാനും അറിവുണ്ടാവില്ല.

കവി മറ്റാർക്കുമില്ലാത്ത ഒരു വിശേഷാനുകൂല്യത്തിനുടമയാണ്‌: അയാൾക്ക് തന്നിഷ്ടം പോലെ താനോ മറ്റൊരാളോ ആയി മാറാം. ഒരുടൽ തേടി നടക്കുന്ന ഗതി കിട്ടാത്ത ആത്മാക്കളെപ്പോലെ ഏതു കഥാപാത്രത്തിലും വേണമെന്നു തോന്നുമ്പോൾ അയാൾക്കു ചെന്നുകയറാം. അയാൾ ഒരാളുടെ കാര്യത്തിൽ മാത്രം എവിടെയും ഒഴിഞ്ഞുകിടക്കുകയാണ്‌; ചിലയിടങ്ങൾ അടഞ്ഞുകിടക്കുകയാണെന്നു തോന്നിയാൽത്തന്നെ അയാൾക്കു ചെന്നുകയറാൻ കൗതുകം തോന്നാത്ത ഇടങ്ങളാണവയെന്നേ അർത്ഥമാക്കാനുള്ളു.

ഏകാകിയായി തെരുവിലൂടെ നടക്കുന്ന ചിന്താശീലനായ ഒരാൾക്ക് മറ്റെവിടെയും കിട്ടാത്ത ലഹരിയാണ്‌ ഈ ലോകവേഴ്ചയിൽ നിന്നു ലഭിക്കുന്നത്. ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരാളറിയുന്ന ജ്വരതുല്യമായ ആനന്ദങ്ങൾ ഒരിരുമ്പുപെട്ടി പോലെ കൊട്ടിയടച്ച സ്വാർത്ഥനും കക്ക പോലെ തന്നിൽത്തന്നെയടങ്ങിയ അലസനും നിഷേധിക്കപ്പെട്ടവയാണ്‌. തനിക്കു വീണുകിട്ടുന്ന ഏതു തൊഴിലും ഏതു സന്തോഷവും ഏതു ദുരിതവും തന്റേതായി അയാൾ ഏറ്റെടുക്കുന്നു.

ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതി എത്ര നിസ്സാരവും എത്ര ദുർബ്ബലവും എത്ര നിയന്ത്രിതവുമാണ്‌, ഈ ആനന്ദക്കൂത്തുമായി, ആരെന്നറിയാത്ത വഴിപോക്കന്‌, അവിചാരിതമായി മുന്നിൽ വരുന്ന അവസരത്തിന്‌, തന്റെ സർവ്വസ്വവും, കവിതയും അനുകമ്പയുമെല്ലാം, സമർപ്പിക്കുന്ന ഒരാത്മാവിന്റെ ഈ വിശുദ്ധവ്യഭിചാരത്തിനു മുന്നിൽ.

ഇടയ്ക്കൊക്കെ ഈ ലോകത്തിലെ സന്തുഷ്ടരായ മനുഷ്യരെ അവരുടെ സന്തോഷങ്ങളേക്കാൾ ഉത്കൃഷ്ടവും പരിഷ്കൃതവും മഹത്തുമായ സന്തോഷങ്ങൾ വേറേയുണ്ടെന്നു പഠിപ്പിക്കുക നല്ലതാണ്‌, മറ്റൊന്നിനുമല്ലെങ്കിൽ അവരുടെ മൂഢമായ അഭിമാനത്തെ ഒരു നിമിഷത്തേക്ക് ഒന്നടിച്ചിരുത്താനെങ്കിലും. കോളണികൾ സ്ഥാപിച്ചവർ, മനുഷ്യരെ മേച്ചുനടന്നവർ, ഭൂമിയുടെ അതിരുകളിലേക്കു ഭ്രഷ്ടരായ പ്രേഷിതപുരോഹിതർ ഇവരൊക്കെ ആ നിഗൂഢമായ ലഹരിയുടെ എന്തോ ഒന്നറിഞ്ഞവരായിരുന്നു എന്നതിൽ സംശയമില്ല; തങ്ങളുടെ പ്രതിഭ പടുത്തെടുത്ത വംശപ്പെരുമയ്ക്കു നടുവിൽ നില്ക്കുമ്പോൾ അത്ര ക്ലേശഭരിതമായ തങ്ങളുടെ വിധിയെക്കുറിച്ചും അത്ര നിർമ്മലമായ തങ്ങളുടെ ജീവിതത്തെക്കുറിച്ചും സഹതപിക്കുന്നവരെയോർത്ത് അവർ ഉള്ളിൽ ചിരിക്കുന്നുണ്ടാവണം.

(ഗദ്യകവിതകൾ- 12)

സെസർ വയഹോ - വീട്ടിൽ ഇപ്പോൾ ആരും താമസമില്ല...



വീട്ടിൽ ഇപ്പോൾ ആരും താമസമില്ല- നിങ്ങൾ എന്നോടു പറയുന്നു-; എല്ലാവരും പൊയ്ക്കഴിഞ്ഞു. സ്വീകരണമുറി, കിടപ്പുമുറി, നടുമുറ്റം ഇവിടെങ്ങും ഒരാളുപോലുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞതിനാൽ ഒരാളും ഇവിടെയില്ല.

ഞാൻ നിങ്ങളോടു പറയുന്നു: ഒരാൾ വിട്ടുപോകുമ്പോൾ ഒരാൾ ബാക്കിയാകുന്നുണ്ട്. ഒരാൾ കടന്നുപോയ ഇടം പിന്നെ ശൂന്യമല്ല. ശൂന്യമായ ഒരേയൊരിടം, മനുഷ്യന്റെ ഏകാന്തത നിറഞ്ഞ ഇടം, അത് ഒരാളും ഇതേവരെ കടന്നുപോകാത്ത ഇടം മാത്രമാണ്‌. പുതിയ വീടുകൾ പഴയ വീടുകളേക്കാൾ മരിച്ചതാണ്‌; കാരണം, അവയുടെ ചുമരുകൾ കല്ലോ ഉരുക്കോ കൊണ്ടുള്ളതാണ്‌, മനുഷ്യരെക്കൊണ്ടുള്ളതല്ല. ഒരു വീട് ജന്മമെടുക്കുന്നത് ആളുകൾ അതു പണിതുതീർക്കുമ്പോഴല്ല, അവർ അതിൽ താമസിക്കാൻ തുടങ്ങുമ്പോഴാണ്‌. വീട് ജീവിക്കുന്നത് അതിൽ മനുഷ്യർ ഉള്ളപ്പോൾ മാത്രമാണ്‌, ശവകുടീരങ്ങൾ പോലെ. അതുകൊണ്ടുതന്നെയാണ്‌ ഒരു വീടും ഒരു ശവകുടീരവും തമ്മിൽ തടുക്കരുതാത്ത ഒരു സാദൃശ്യമുള്ളതും. വീടിനു പോഷണം മനുഷ്യന്റെ ജീവിതവും ശവകുടീരത്തിനത് മനുഷ്യന്റെ മരണവുമാണെന്ന വ്യത്യാസമേയുള്ളു. അതുകൊണ്ടാണ്‌ ആദ്യത്തേത് നില്ക്കുന്നതും രണ്ടാമത്തേത് കിടക്കുന്നതും.

എല്ലാവരും വീട്ടിൽ നിന്നു പൊയ്ക്കഴിഞ്ഞു എന്നതാണ്‌ യാഥാർത്ഥ്യമെങ്കിൽ എല്ലാവരും അതിൽത്തന്നെയുണ്ട് എന്നതാണ്‌ സത്യം. ബാക്കി നില്ക്കുന്നത് അവരുടെ ഓർമ്മകളല്ല, അവർ തന്നെയാണ്‌. അവർ വീട്ടിലുണ്ട് എന്നല്ല, അവർ വീട്ടിൽ സജീവമായിട്ടുണ്ട് എന്നാണ്‌. കൃത്യങ്ങളും പ്രവൃത്തികളും ട്രെയിനിലോ വിമാനത്തിലോ കുതിരപ്പുറത്തോ നടന്നോ ഇഴഞ്ഞോ വീടു വിട്ടുപോകുന്നു. വീട്ടിൽ ശേഷിക്കുന്നത് അവയവമാണ്‌, ക്രിയാനാമത്തിന്റെ കർത്താവ്. കാൽവയ്പുകൾ പൊയ്ക്കഴിഞ്ഞു, ചുംബനങ്ങളും മാപ്പുകളും കുറ്റങ്ങളും പൊയ്ക്കഴിഞ്ഞു. വീട്ടിൽ തുടരുന്നത് കാലടിയും ചുണ്ടുകളും കണ്ണുകളും ഹൃദയവും. നിഷേധങ്ങളും സമ്മതങ്ങളും, നല്ലതും ചീത്തയും പിരിഞ്ഞുപൊയ്ക്കഴിഞ്ഞു. വീട്ടിൽ തുടർന്നുമുള്ളത് ക്രിയയുടെ കർത്താവാണ്‌.

*






2020, ജൂൺ 4, വ്യാഴാഴ്‌ച

ബോദ്‌ലേർ - ഉന്മത്തനാകൂ



ഏതുനേരവും നിങ്ങൾ ഉന്മത്തനായിരിക്കണം. അതാണ്‌ പ്രധാനം, അതേ കാര്യമാക്കാനുള്ളു. കാലത്തിന്റെ ഭീഷണമായ ഭാരം ചുമലുകളിൽ പിടിച്ചമർത്തി നിങ്ങളെ മണ്ണിനോടു ചേർത്തരയ്ക്കുന്നതറിയാതിരിക്കണമെങ്കിൽ ഒരു നിമിഷമൊഴിവില്ലാതെ ഉന്മത്തനായിട്ടിരിക്കൂ.

എന്നാൽ എന്തിന്റെ ലഹരിയിലാണ്‌ നിങ്ങൾ ഉന്മത്തനാകേണ്ടത്? മദ്യമോ കവിതയോ നന്മയോ എന്തുമാകാം, അത് നിങ്ങളുടെ ഇഷ്ടം. നിങ്ങൾ ഉന്മത്തനായിരിക്കണമെന്നേയുള്ളു.

ഇനി ഇടയ്ക്കെപ്പോഴെങ്കിലും ഒരു കൊട്ടാരത്തിന്റെ പടവുകളിൽ വച്ച്, ഒരോടയിലെ പച്ചപ്പുല്ലിൽ വച്ച്, സ്വന്തം മുറിയുടെ മ്ളാനമായ ഏകാന്തതയിൽ വച്ച് ലഹരിയിറങ്ങുന്നതായോ ബോധം തെളിയുന്നതായോ നിങ്ങൾക്കു തോന്നിയാൽ കാറ്റിനോടു ചോദിക്കൂ, തിരയോടു ചോദിക്കൂ, താരത്തോടു ചോദിക്കൂ, കിളിയോടു ചോദിക്കൂ, ഘടികാരത്തോടു ചോദിക്കൂ, പറക്കുന്നതെനോടും കരയുന്നതെന്തിനോടും ഒഴുകുന്നതെന്തിനോടും പാടുന്നതെന്തിനോടും പറയുന്നതെന്തിനോടും ചോദിക്കൂ: നേരമെന്തായി? കാറ്റും തിരയും താരവും കിളിയും ഘടികാരവും പറയും: “ഉന്മത്തനാകാനുള്ള നേരം! കാലത്തിന്റെ രക്തസാക്ഷിയായ അടിമയാകരുതെന്നുണ്ടെങ്കിൽ ഉന്മത്തനാകൂ: എന്നേരവും ഉന്മത്തനായിട്ടിരിക്കൂ! മദ്യമോ കവിതയോ നന്മയോ, ഏതിലെന്നത് നിങ്ങളുടെ ഇഷ്ടം.”

(ഗദ്യകവിതകൾ - 33)

2020, ജൂൺ 3, ബുധനാഴ്‌ച

ബോദ്‌ലേർ - ചിത്രകാരന്റെ മോഹം



തൃഷ്ണ കടിച്ചുകീറുന്ന മനുഷ്യൻ നിർഭാഗ്യവാനായേക്കാം, എന്നാൽ കലാകാരൻ സന്തുഷ്ടനത്രേ.

ഒരു സ്ത്രീയെ വരയ്ക്കാനുള്ള മോഹം കൊണ്ടെരിയുകയാണു ഞാൻ;  ഇടയ്ക്കെന്നോ എനിക്കു മുന്നിൽ പ്രത്യക്ഷയായി, അത്രയും പെട്ടെന്നെന്നെ വിട്ടു മറഞ്ഞവൾ, രാത്രിയുടെ വരവോടെ സഞ്ചാരിയ്ക്കു ഖേദത്തോടെ വിട്ടുപോകേണ്ട സുന്ദരവസ്തു പോലെ. അവൾ പോയിമറഞ്ഞിട്ടെത്രകാലമായിരിക്കുന്നു!

സുന്ദരിയാണവൾ; സുന്ദരി എന്നു പറഞ്ഞതുകൊണ്ടായില്ല: ഒരു വിസ്മയമാണവൾ. ഇരുട്ടാണവൾ നിറയെ: ഇരുളും ആഴവുമാണ്‌ നമുക്കു മനസ്സിൽ വരിക. നിഗൂഢത മുനിഞ്ഞുകത്തുന്ന രണ്ടു മടകളാണവളുടെ കണ്ണുകൾ; അവളുടെ നോട്ടമാകട്ടെ, ഇടിമിന്നൽ പോലെ വെളിച്ചം പരത്തുന്നു: അന്ധകാരത്തിൽ ഒരു സ്ഫോടനം.

വെളിച്ചവും സന്തോഷവും പ്രസരിപ്പിക്കുന്ന ഒരു കറുത്ത നക്ഷത്രത്തെ സങ്കല്പിക്കാനാവുമെങ്കിൽ ഞാനവളെ ഒരു ഒരു കറുത്ത സൂര്യനോടുപമിക്കും. അല്ല, അതിലുമേറെ അവളെന്നെ ഓർമ്മിപ്പിക്കുന്നത് ചന്ദ്രനെയാണ്‌; അതിന്റെ പ്രബലസ്വാധീനം അവളിൽ പതിഞ്ഞിട്ടുണ്ടെന്നതിൽ സംശയവുമില്ല; എന്നാൽ ഇടയഗാനങ്ങളിലെ, വികാരങ്ങളുറഞ്ഞ ഭാര്യയെപ്പോലുള്ള, വിളറിയ ചന്ദ്രനല്ല, കൊടുങ്കാറ്റൂതുന്ന രാത്രിയിൽ, പാഞ്ഞുപോകുന്ന മേഘങ്ങൾക്കിടയിൽ തൂങ്ങിനില്ക്കുന്ന അശുഭചന്ദ്രൻ, മദിപ്പിക്കുന്ന ചന്ദ്രൻ; നിർമ്മലമനസ്കരായവരുടെ സ്വപ്നങ്ങളിൽ വരുന്ന ശാന്തനും വിവേകിയുമായ ചന്ദ്രനല്ല, തെസ്സാലിയിലെ മന്ത്രവാദിനികളോടു മത്സരിച്ചുതോറ്റപ്പോൾ അവർ ആകാശത്തു നിന്നു പറിച്ചെടുത്തു മണ്ണിലേക്കെറിഞ്ഞ ചന്ദ്രൻ, വിറ പൂണ്ട പുല്പരപ്പിൽ നൃത്തം വയ്ക്കാൻ അവർ കല്പിച്ച ചന്ദ്രൻ!

ആ ഇടുങ്ങിയ നെറ്റിത്തടത്തിൽ കുടിപാർക്കുന്നുണ്ട്, പിടുത്തം വിടാത്ത ഒരിച്ഛാശക്തിയും ഇരയ്ക്കായുള്ള ആർത്തിയും. എന്നാൽ, സ്വാസ്ഥ്യം കെടുത്തുന്ന ആ മുഖത്തിന്റെ താഴ്ഭാഗത്ത്, അജ്ഞാതവും അസാദ്ധ്യവുമായതെന്തിനേയും ഉള്ളിലേക്കു വലിച്ചെടുക്കാൻ ത്രസിക്കുന്ന നാസാദ്വാരങ്ങൾക്കു കീഴെയായി, വെളുത്തുചുവന്നു, വശ്യമായ ഒരു വദനത്തിന്റെ വിടർച്ചയിൽ നിന്ന് അവാച്യമായൊരു ഭംഗിയോടെ ഒരു പുഞ്ചിരിയുടെ മിന്നൽ പാളുന്നു; ആഗ്നേയഭൂമിയിൽ ഒരത്ഭുതം പോലെ പൊട്ടിവിടരുന്ന ഒരു വിശിഷ്ടപുഷ്പത്തെയാണ്‌ നാമപ്പോൾ മനസ്സിൽ കാണുക.

കീഴടക്കി അനുഭവിക്കാനുള്ള ആഗ്രഹം നമ്മിലുണർത്തുന്ന സ്ത്രീകളുണ്ട്; എന്നാൽ ഇവളാകട്ടെ, തന്റെ ദൃഷ്ടിപാതത്തിനടിയിൽ സ്വച്ഛന്ദമൃത്യു വരിക്കാനാണ്‌ നമ്മെ ക്ഷണിക്കുന്നത്.

(ഗദ്യകവിതകൾ-36)
------------------------------------------------------------------------------------------------------------------

*തെസ്സലിയിലെ മന്ത്രവാദിനികൾ- ലാറ്റിൻ കവിയായ ലൂഷന്റെLucan (39-65) റോമൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ചുള്ള ഇതിഹാസത്തിലെ മന്ത്രവാദിനികളെയാണ്‌ പരാമർശിക്കുന്നത്. 


2020, ജൂൺ 2, ചൊവ്വാഴ്ച

എല്വാദ് - ഗബ്രിയേൽ പേരി



ഒരു മനുഷ്യൻ മരിച്ചു 
ജീവിതത്തിലേക്കു മലർക്കെത്തുറന്ന കൈകളല്ലാതെ 
മറ്റൊരു കവചവുമില്ലാതിരുന്ന ഒരാൾ 
ഒരു മനുഷ്യൻ മരിച്ചു 
തോക്കുകൾ വെറുക്കപ്പെടുന്ന പാതയല്ലാതെ 
മറ്റൊരു പാതയുമില്ലാതിരുന്ന ഒരാൾ 

ഒരു മനുഷ്യൻ മരിച്ചു 
മരണത്തിനെതിരെ മറവിക്കെതിരെ 
യുദ്ധം തുടരുന്ന ഒരാൾ 
അയാൾ ആഗ്രഹിച്ചതൊക്കെ 
നാമാഗ്രഹിച്ചവയായിരുന്നു 
ഇന്നും നാമാഗ്രഹിക്കുന്നവയും 
ഹൃദയത്തിൽ കണ്ണുകളിൽ 
ആഹ്ളാദം വെളിച്ചമാവണമെന്ന് 
ഭൂമിയിൽ നീതി വേണമെന്ന് 

നമ്മെ ജീവിക്കാൻ തുണയ്ക്കുന്ന വാക്കുകളുണ്ട് 
വെറും നിഷ്കളങ്കമായ വാക്കുകളാണവ 
ഊഷ്മളത എന്ന വാക്ക് വിശ്വാസം എന്ന വാക്ക് 
സ്നേഹം നീതി സ്വാതന്ത്ര്യം എന്ന വാക്ക് 
കുട്ടി എന്ന വാക്ക് ദയ എന്ന വാക്ക് 
ചില പൂക്കളുടെയും ചില പഴങ്ങളുടെയും പേരുകൾ 
ധൈര്യം എന്ന വാക്ക് കണ്ടുപിടുത്തം എന്ന വാക്ക് 
സഹോദരനെന്ന വാക്ക് സഖാവെന്ന വാക്ക് 
ചില ദേശങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ 
സ്ത്രീകളുടെയും സ്നേഹിതരുടെയും പേരുകൾ 

അതിനൊപ്പം ഇനി നാം പേരി എന്ന പേരു കൂടി ചേർക്കുക 
നമുക്കു ജീവിതം നൽകുന്ന ഇവയ്ക്കു വേണ്ടി മരിച്ച പേരി 
നമുക്കയാളെ സ്നേഹിതൻ എന്നു വിളിക്കുക 
വെടിയുണ്ടകളേറ്റു തുളവീണതാണയാളുടെ നെഞ്ച് 
എന്നാലും അയാൾ കാരണം 
നമുക്കന്യോന്യം നന്നായറിയാമെന്നായിരിക്കുന്നു 
നമുക്കന്യോന്യം സ്നേഹിതൻ എന്നു വിളിക്കുക 
അയാളുടെ പ്രത്യാശ ജീവിക്കുന്നു 
(1944)
------------------------------------------------------------------------------------------------------------------------------------

ഗബ്രിയേൽ പേരി Gabriel Peri (1902-1941) ഇടതുപക്ഷക്കാരനായ ഫ്രഞ്ചുരാഷ്ട്രീയപ്രവർത്തകൻ. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ Humaniteയുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. പലപ്പോഴും പാർട്ടിയുടെ ഔദ്യോഗികനയങ്ങൾക്കെതിരായ നിലപാടെടുത്തിരുന്നു. 1939 ആഗസ്റ്റിൽ റഷ്യയും ജർമ്മനിയും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയെ മനസ്സു കൊണ്ടെതിർത്തിരുന്നുവെങ്കിലും പരസ്യമായി പാർട്ടിയെ തള്ളിപ്പറഞ്ഞില്ല. ജർമ്മൻ സൈന്യം പാരീസ് ഉപരോധിച്ചപ്പോൾ നഗരം വിട്ടുപോകാത്ത അപൂർവ്വം പാർട്ടിനേതാക്കളിൽ ഒരാളായിരുന്നു പേരി. ഫ്രഞ്ച് സർക്കാർ എല്ലാ പാർട്ടികളേയും പിരിച്ചുവിട്ടപ്പോൾ അദ്ദേഹം ഒളിവിൽ പോയി പ്രവർത്തനം തുടർന്നു. 1941 മേയിൽ ദുരൂഹമായ സാഹചര്യങ്ങളിൽ പേരി അറസ്റ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിസം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന്‌ പത്തു കൊല്ലത്തെ തടവിനു ശിക്ഷിച്ച് സാന്തേ എന്ന കുപ്രസിദ്ധമായ ഫ്രഞ്ച് ജയിലിലിട്ടു. എന്നാൽ ചില മാസങ്ങൾക്കു ശേഷം അദ്ദേഹത്തെ നാസികളുടെ നിയന്ത്രണത്തിലുള്ള മറ്റൊരു ജയിലിലേക്കു മാറ്റി. കമ്മ്യൂണിസ്റ്റുകളുടെ ചെറുത്തുനില്പിനുള്ള മറുപടി എന്ന നിലയിൽ പേരി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് തടവുകാരെ വധിക്കാൻ നാസികൾ തീരുമാനിച്ചു. 1941 ഡിസംബർ 5ന്‌ മോണ്ട് വലേറിയനിൽ വച്ച് 91 സഖാക്കൾക്കൊപ്പം ഗബ്രിയേൽ പേരിയെ ഫയറിങ്ങ് സ്ക്വാഡ് വെടിവച്ചുകൊന്നു. ജർമ്മൻ അധിനിവേശത്തിനെതിരെയുള്ള ഫ്രഞ്ച് പ്രതിരോധത്തിന്റെ പ്രതീകമായി മാറി ഗബ്രിയേൽ പേരി.  അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട  കവിതകളിൽ ഏറ്റവും പ്രശസ്തമാണ്‌ എല്വാദിന്റെ ഈ കവിതയും ലൂയി ആരഗങ്ങിന്റെ Le Crève-Coeur എന്ന കവിതയും.