2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

ബോദ്‌ലേർ- ഏകാകിയുടെ മദിര

 

നിരങ്കുശസൗന്ദര്യവുമായി മുങ്ങിനിവരാനൊരുങ്ങുമ്പോൾ
തടാകത്തിനു മേൽ ചന്ദ്രനെറിയുന്ന തരംഗിതരശ്മി പോലെ
ഒന്നു ചാഞ്ഞുംകൊണ്ടു നമുക്കു നേർക്കു തെന്നിയെത്തുന്ന
ഒരഭിസാരികയുടെ അനന്യമോഹകമായ നോട്ടം;

ഒരു ചൂതാട്ടക്കാരന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ;
അതിലോലയായ അഡലീനയുടെ തീ പാറുന്ന ചുംബനം;
മാനവശോകത്തിന്റെ വിദൂരരോദനം പോലെ
തളർത്തുകയും തലോടുകയും ചെയ്യുന്നൊരു സംഗീതശകലം;

ഇതെല്ലാം ചേർന്നാലുമാവില്ല, മഹാചഷകമേ,
ഭക്തനായ കവിയുടെ ദാഹാർത്തഹൃദയത്തിനായി
സമൃദ്ധോദരത്തിൽ നീ കാത്തുവച്ച തീക്ഷ്ണലേപനമാവാൻ.

നീയവനു പകരുന്നു, ജീവനും യൗവ്വനവുമാശയും
-പിന്നെ, യാചകരുടെ നിധിയായ സ്വാഭിമാനവും;
ഞങ്ങളെയതു വിജേതാക്കളാക്കുന്നു, ദേവതുല്യരും!

2021, ഏപ്രിൽ 28, ബുധനാഴ്‌ച

ബോദ്‌ലേർ- മദിരയുടെ ആത്മാവ്



രാത്രിയിൽ, കുപ്പികളിൽ നിന്നും, മദിരയുടെയാത്മാവിങ്ങനെ പാടി:
“കോലരക്കിന്റെ മുദ്ര വച്ച ചില്ലുതടവറയ്ക്കുള്ളിൽ നിന്നും
നിറയെ വെളിച്ചവും സാഹോദര്യവുമായൊരു ഗാനം
വേരറ്റ മനുഷ്യാ, നിന്റെ നന്മക്കായി ഞാനയക്കുന്നു!

എനിക്കു ജീവൻ നല്കാനും എനിക്കാത്മാവു നല്കാനും
എരിയുന്ന കുന്നിൻചരിവിൽ, പൊരിയുന്ന വെയിലിൽ
നീ കഷ്ടപ്പെട്ടതും  വിയർപ്പൊഴുക്കിയതുമെനിക്കറിയാം;
അതിനാൽ ഞാൻ കൃതഘ്നനും ദുഷ്ടനുമാവുകയുമില്ല.

പണിയെടുത്തു തളർന്നവന്റെ തൊണ്ടയിലൂടിറങ്ങുമ്പോൾ
ഞാനനുഭവിക്കുന്ന പരമാനന്ദം എത്ര നിസ്സീമം!
തണുത്ത നിലവറകളേക്കാൾ എനിക്കു ഹിതകരം,
അവന്റെ ചൂടുള്ള നെഞ്ചിന്റെ സുഖമുള്ള കുഴിമാടം!

കേൾക്കുന്നില്ലേ, ഞായറാഴ്ചകളിൽ മാറ്റൊലിക്കുന്ന സംഘഗാനങ്ങൾ,
എന്റെ പിടയ്ക്കുന്ന നെഞ്ചിൽ ചിലയ്ക്കുന്ന പ്രതീക്ഷയും?
മേശ മേൽ കൊടുംകൈ കുത്തി, കുപ്പായക്കൈ തെറുത്തുകേറ്റി
നീയെന്നെ മഹത്വപ്പെടുത്തുമ്പോൾ നിന്നെ ഞാൻ സംതൃപ്തനാക്കാം.

നിന്റെ ഭാര്യയുടെ കണ്ണുകളിൽ ഞാൻ ജീവന്റെ തിരി കൊളുത്താം,
നിന്റെ മകനു കരുത്തും അവന്റെ കവിളിനു തുടുപ്പും പകരാം,
ഈ ജീവിതപ്പന്തയത്തിലെ ബലഹീനനായ ഓട്ടക്കാരനു ഞാൻ
മല്പിടുത്തക്കാരുടെ പേശികൾ ദൃഢമാക്കുന്ന എണ്ണയും തരാം

നിത്യനായ വിതക്കാരനെറിഞ്ഞ അനർഘധാന്യമണിയായി,
അമൃതവല്ലിയായി നിന്നിലേക്കു ഞാൻ വന്നുവീഴും,
നമ്മുടെ പ്രണയത്തിൽ നിന്നൊരു കവിത പിറക്കും,
ഒരപൂർവ്വപുഷ്പം പോലതു ദൈവത്തിനു നേർക്കു വിടർന്നുനില്ക്കും!“


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

ബോദ്‌ലേർ - അഗാധത്തിൽ നിന്നു ഞാനപേക്ഷിക്കുന്നു...



എന്റെ ഹൃദയം വീണുകിടക്കുന്ന തമോഗർത്തത്തിനടിയിൽ നിന്നും
എന്റെയേകപ്രണയമേ, നിന്റെ കരുണയ്ക്കായി ഞാൻ യാചിക്കുന്നു.
ധൂസരചക്രവാളമരികിടുന്ന തമോവൃതപ്രപഞ്ചമാണിവിടം,
ഇവിടെ രാത്രിയിലൊഴുകിനടക്കുന്നു കൊടുംഭീതിയും ദൈവനിന്ദയും.

വർഷത്തിലാറുമാസം ചൂടില്ലാത്തൊരു സൂര്യൻ തലയ്ക്കു മുകളിൽ,
പിന്നെയാറുമാസം രാത്രി ഭൂമിയെ മൂടിയിടുന്നു.
ഏതു ധ്രുവപ്രദേശത്തെക്കാളും മൃതവും ശൂന്യവുമായൊരു ദേശം
-ചോലകളില്ല, ജീവികളില്ല, കാടുകളില്ല, പച്ചപ്പുമില്ല!

ഈ ലോകത്തൊരു ഭീതിക്കും കിടനില്ക്കാനാവില്ല,
ഉല്പത്തിക്കു മുമ്പെന്നപോലത്തെ ഈ വിപുലരാത്രിക്കും
ആ വെറുങ്ങലിച്ച സൂര്യന്റെ തണുത്ത ക്രൗര്യത്തിനും!

ജീവികളിൽ വച്ചേറ്റവും താഴ്ന്നവയോടെനിക്കസൂയ തോന്നുന്നു:
മൂഢനിദ്രയിൽ സ്വയം മറക്കാനവയ്ക്കാകുന്നുണ്ടല്ലോ-
ഇവിടെ കാലത്തിന്റെ നൂൽക്കഴിയഴിയുന്നതെത്ര മന്ദമായി!
*

യഹോവേ, അഗാധത്തിൽ നിന്നു ഞാനപേക്ഷിക്കുന്നു..എന്നു തുടങ്ങുന്ന 130-മത്തെ സങ്കീർത്തനം ബോദ്‌ലേറുടെ കൈയിൽ തന്നോടു മുഖം തിരിച്ച കാമുകിയോടുള്ള പ്രണയനിവേദനമായി മാറി!


ബോദ്‌ലേർ - യക്ഷി



കൂർത്ത കഠാര കുത്തിയിറക്കുന്ന പോലെന്റെ
വ്യാകുലഹൃദയത്തിലേക്കു കടന്നവളേ;
ഒരു പിശാചക്കൂട്ടം പോലെ പ്രബലയായി,
വെറി പിടിച്ചും അണിഞ്ഞൊരുങ്ങിയും,

വിഷണ്ണമായ എന്റെയാത്മാവിനെ
തന്റെ കിടക്കയും സ്വരാജ്യവുമാക്കിയവളേ;
-കുലടേ! നിന്നോടെന്നെത്തളച്ചവളേ,
കുറ്റവാളിയെ ചങ്ങലയോടെന്നപോലെ,

ചൂതാടിയെ പകിടയോടെന്നപോലെ,
കുടിയനെ കുപ്പിയോടെന്നപോലെ,
ശവത്തെ പുഴുക്കളോടെന്നപോലെ,
-ശപ്തയാ,ണഭിശപ്തയാണു നീ!

ചടുലമായ വാളിനോടു ഞാനിരന്നു,
എനിക്കു മോചനം നേടിത്തരാൻ;
കുടിലമായ വിഷത്തോടു ഞാൻ പറഞ്ഞു,
ഭീരുത്വത്തിൽ നിന്നെന്നെ രക്ഷപ്പെടുത്താൻ;

വാളും വിഷവും, കഷ്ടം, മുഖം തിരിച്ചു,
അവജ്ഞയോടെ ചിരിച്ചുകൊണ്ടവർ പറഞ്ഞു:
“നിന്റെ നികൃഷ്ടമായ അടിമത്തത്തിൽ നിന്നും
മോചിതനാവാൻ നിനക്കൊരർഹതയുമില്ല.

അവളുടെ സാമ്രാജ്യത്തിൽ നിന്നു നിന്നെ
ഞങ്ങളുടെ യത്നങ്ങളഥവാ മോചിപ്പിച്ചാലും
ആ യക്ഷിയുടെ ജഡത്തിനു നിന്റെ ചുംബനങ്ങളാൽ
പിന്നെയും നീ ജീവൻ കൊടുക്കും, മഠയാ!”

2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഒരു മലബാർ പെൺകുട്ടിയോട്



നിന്റെ കൈകൾ പോലെ മെലിഞ്ഞതാണ്‌ നിന്റെ പാദങ്ങൾ,
എത്ര സുന്ദരിയായ വെള്ളക്കാരിയേയുമസൂയപ്പെടുത്തും നിന്റെ കനത്ത ജഘനങ്ങൾ;
ചിന്താശീലനായ കലാകാരനോമനയാണു നിന്റെ മൃദുലമായ ഉടൽവടിവുകൾ;
നിന്റെ മേനിയിലുമിരുണ്ടതാണു നിന്റെ വിടർന്ന വെൽവെറ്റുകണ്ണുകൾ.
നിന്റെ ദൈവം നിനക്കു ജന്മം നല്കിയ നീലിച്ച ഉഷ്ണദേശത്ത്
നിന്റെ ജോലിയായിരുന്നു, നിന്റെ യജമാനന്റെ ഹൂക്ക കൊളുത്തുക,
കൂജകളിൽ പുതുവെള്ളവും ധൂപപാത്രങ്ങളിൽ സാമ്പ്രാണിയും നിറയ്ക്കുക,
കിടക്കറയുപരോധിക്കുന്ന കൊതുകുകളെ ആട്ടിപ്പായിക്കുക,
പിന്നെ ചോലമരങ്ങൾ പാടിത്തുടങ്ങുന്ന പുലർകാലവേളയിൽ
കൈതച്ചക്കയും നേന്ത്രപ്പഴവും വാങ്ങാൻ അങ്ങാടിയിൽ പോവുകയും.

പകലാകെ നിനക്കു തോന്നിയിടത്തേക്കു നിന്റെ കാലടികൾ വന്നിരുന്നു,
അർത്ഥമറിയാത്ത പഴമ്പാട്ടുകൾ ആരും കേൾക്കാതെ നീ മൂളിയിരുന്നു.
കടുംചുവപ്പുകഞ്ചുകവുമണിഞ്ഞു പിന്നെ സായാഹ്നസൂര്യനെത്തുമ്പോൾ
നിലത്തു വിരിച്ച പുല്പായയിൽ നീ നിന്നെ മെല്ലെക്കിടത്തിയിരുന്നു,
അവിടെ നിന്റെയൊഴുകുന്ന സ്വപ്നങ്ങളിലന്നു കുരുവികൾ പാറിനടന്നിരുന്നു,
ആ സ്വപ്നങ്ങളെന്നും, നിന്നെപ്പോലെ, പ്രസന്നവും പുഷ്പാലങ്കൃതവുമായിരുന്നു.

അല്ലലറിയാത്ത കുഞ്ഞേ, നീയെന്തിനു ഞങ്ങളുടെ ഫ്രാൻസിലേക്കു വരണം,
ജനം പെരുകിയ, ദുരിതങ്ങൾ വെട്ടിക്കീറിയ ഒരു നാട്ടിലേക്ക്?
നാവികരുടെ കരുത്തൻ കരങ്ങളിൽ സ്വജീവൻ വിശ്വസിച്ചേല്പിച്ചുകൊണ്ട്
എന്തിനു നീ നിന്റെ പ്രിയപ്പെട്ട പുളിമരങ്ങളോടു യാത്ര പറഞ്ഞു പോരണം?
അവിടെ നേർത്ത മസ്ലിനും ധരിച്ചർദ്ധനഗ്നയായി നടക്കുമ്പോൾ,
പുതമഞ്ഞിലും മഞ്ഞുകാറ്റിലും നീ കുളിർന്നുവിറയ്ക്കുമ്പോൾ,
അലസവും നിഷ്കളങ്കവുമായൊരു ഭൂതകാലത്തെയോർത്തെത്ര നീ വിലപിക്കില്ല,
നിഷ്ഠുരമായ മാർക്കച്ചയുടെ തടവിൽ നിന്റെ മാറിടം ഞെരിയുമ്പോൾ,
ഞങ്ങളുടെ തെരുവിലെ ചേറിൽ നിന്നത്താഴം പെറുക്കിയെടുക്കണം നീയെങ്കിൽ,
നിന്റെ വിചിത്രവശ്യതകളുടെ പരിമളം വിറ്റുനടക്കണം നീയെങ്കിൽ?
ചിന്താകുലമായ നിന്റെ കണ്ണുകളപ്പോൾ ഞങ്ങളുടെ മലിനമായ മൂടൽമഞ്ഞിലലയുകയാവും,
ഇല്ലാത്ത തെങ്ങുകളുടെ ചിതറിയ പ്രേതരൂപങ്ങൾ തേടി!


2021, ഏപ്രിൽ 24, ശനിയാഴ്‌ച

ബോദ്‌ലേർ - സാന്ധ്യസംഗീതം



ആ കാലമെത്തുന്നു: മെലിഞ്ഞ തണ്ടിലുലഞ്ഞും കൊണ്ടു
പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും;
സായാഹ്നവായുവിൽ ചുറ്റിത്തിരിയുന്നു ശബ്ദങ്ങളും ഗന്ധങ്ങളും;
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റിക്കുന്ന സുഖാലസ്യം!

പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും;
വേദനിക്കുന്ന ഹൃദയം പോലെ വിറകൊള്ളുന്ന വയലിൻ;
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റിക്കുന്ന സുഖാലസ്യം!
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.

വേദനിക്കുന്ന ഹൃദയം പോലെ വിറകൊള്ളുന്ന വയലിൻ,
ഇരുണ്ട മഹാശൂന്യതയെ വെറുക്കുന്ന മൃദുലഹൃദയം!
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം;
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.

ഇരുണ്ട മഹാശൂന്യതയെ വെറുക്കുന്ന മൃദുലഹൃദയം,
ദീപ്തഭൂതകാലത്തിന്റെ ശേഷിപ്പുകളതു പെറുക്കിക്കൂട്ടുന്നു.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.
അരുളിക്ക പോലെന്നിൽത്തിളങ്ങുന്നു നിന്റെയോർമ്മകൾ.


2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ദ്വന്ദ്വയുദ്ധം



രണ്ടു പോരാളികൾ നേർക്കുനേർ പാഞ്ഞടുത്തു,
ചോരത്തുള്ളികളും തീപ്പൊരികളും വായുവിൽ തെറിച്ചു;
ഈ തമാശക്കളികൾ, ഈ വാളിളക്കങ്ങൾ,
ചിണുങ്ങുന്ന പ്രണയത്തിനിരയായ യൗവ്വനത്തിന്റെ കോലാഹലം.

വാളുകളൊടിയുന്നു! നമ്മുടെ യൗവ്വനം പോലെ, പ്രിയേ!
പിന്നെ പല്ലുകളുണ്ടല്ലോ, കൂർത്ത വിരൽനഖങ്ങളുണ്ടല്ലോ;
വാളിനും കൊടിയ കഠാരയ്ക്കും പകരം വീട്ടാൻ അവ മതി.
-ഹാ, പ്രണയം വ്രണപ്പെടുത്തിയ ഹൃദയങ്ങളുടെ രോഷമേ!

പുലികളും കാട്ടുപൂച്ചകളും പതുങ്ങുന്ന കൊടുംകൊല്ലിയിൽ
നമ്മുടെ വീരയോദ്ധാക്കൾ കെട്ടിമറിഞ്ഞുവീഴുന്നു;
മുൾക്കാടുകളുടെ ഊഷരതയിൽ അവരുടെ ചർമ്മം പൂവിടും.

ഈ ഗർത്തം നരകം, അതിൽ വസിക്കുന്നവർ നമ്മുടെ സ്നേഹിതർ;
കുറ്റബോധമില്ലാതതിൽക്കിടന്നുരുളുക നാം, ക്രൂരയായ ആമസോണേ,
നമ്മുടെ കുടിപ്പകയൊരുനാളും കെടാതെരിഞ്ഞുനില്ക്കാനായി!

wer

ബോദ്‌ലേർ - ലീത്തി



എന്റെ മാറിൽ വന്നുകിടക്കൂ, ഞാനാരാധിക്കുന്ന വ്യാഘ്രമേ,
ക്രൂരയും ബധിരയുമായ ആത്മാവേ, അലസഭാവമെടുത്ത സത്വമേ;
നിന്റെ മുടിയുടെ നിബിഡതയിൽ വിറയാർന്ന വിരലുകളാഴ്ത്തണം,
സ്മൃതി കെട്ടേറെനേരമെനിക്കവിടെയുറങ്ങിക്കിടക്കണം.

നിന്റെ ഗന്ധം വഴിയുന്ന നിന്റെ പുടവയുടെ ഞൊറികൾക്കുള്ളിൽ
എന്റെ നീറുന്ന നെറ്റിത്തടമെനിക്കൊന്നൊളിപ്പിക്കണം,
വാടിക്കൊഴിഞ്ഞ പൂവിന്റെ പഴകിപ്പോയ മണം പോലെ
മരിച്ച പ്രണയത്തിന്റെ മാധുര്യമെനിക്കു ശ്വസിക്കണം.

എനിക്കുറങ്ങിയാൽ മതി! ജീവനെക്കാളെനിക്കുറക്കം മതി!
മരണം പോലെ മധുരതരമായൊരു മയക്കത്തിൽ
കാച്ചിയ ചെമ്പു പോലെ മിനുങ്ങുന്ന നിന്റെ മേനിയിൽ
കുറ്റബോധമില്ലാതെന്റെ ചുംബനങ്ങൾ ഞാൻ വിതയ്ക്കും.

എന്റെയാത്മാവിന്റെ കടിച്ചമർത്തിയ തേങ്ങലുകളെ
നിന്റെ കിടക്കയുടെ ഗർത്തത്തിലല്ലാതെവിടെ ഞാൻ മുക്കിത്താഴ്ത്തും?
നിന്റെ ചുണ്ടുകളിൽ കുടിപാർക്കുന്നു പ്രബലയായ വിസ്മൃതി,
നിന്റെ ചുംബനങ്ങളിലൊഴുകുന്നു മരണനദിയായ ലീത്തി.

എന്റെ ശിരോലിഖിതമേ, ഇനിമേലെന്റെയാനന്ദമേ,
മരണം വിധിക്കപ്പെട്ടവനെപ്പോലെ നിനക്കു ഞാൻ വഴങ്ങാം;
വിധേയനായ രക്തസാക്ഷി, വിധിക്കപ്പെട്ട നിരപരാധി,
സ്വന്തം ചിതാഗ്നി താൻ തന്നെ ആളിക്കത്തിക്കുന്നവൻ.

എന്റെ ശോകവുമെന്റെ വിദ്വേഷവും ശമിപ്പിക്കാൻ, വരൂ,
നങ്കൂരമിടാനൊരു ഹൃദയത്തിനുമിടം കൊടുക്കാത്ത മാറിടമേ,
ശിലാകഠിനമായ മുലകളുടെ തറയ്ക്കുന്ന മൊട്ടുകളിൽ നിന്നും
മോഹനിദ്രയുടെ നഞ്ഞു കലർന്ന പാലു ഞാനൂറ്റിക്കുടിക്കട്ടെ.
*

ലീത്തി- പാതാളത്തിലെ വിസ്മൃതിയുടെ നദി; ഭൂമിയിൽ വീണ്ടും ജന്മമെടുക്കുന്നതിനു മുമ്പായി ആത്മാക്കൾ ഈ നദിയിലെ വെള്ളം കുടിച്ച് തങ്ങളുടെ പൂർവ്വജന്മം മറക്കുന്നു.


2021, ഏപ്രിൽ 21, ബുധനാഴ്‌ച

ബോദ്‌ലേർ - സന്തുഷ്ടമരണം



ഒച്ചുകളിഴയുന്ന കൊഴുത്തുമിനുത്ത ചെളിമണ്ണിൽ
ആഴത്തിലും വീതിയിലുമെനിക്കൊരു കുഴിയെടുക്കണം,
അതിലെന്റെ വൃദ്ധാസ്ഥികളെ സ്വസ്ഥമായിക്കിടത്തണം,
തിരയിലൊരു സ്രാവിനെപ്പോലെ ബോധം കെട്ടുറങ്ങണം.

വില്പത്രങ്ങളും ശവകുടീരങ്ങളുമെനിക്കു വേണ്ടേവേണ്ട,
ഒരു മനുഷ്യനുമെനിക്കായി കണ്ണീരും ചൊരിയേണ്ട;
ഈ നികൃഷ്ടജഡത്തിന്റെ കുടൽമാല കൊത്തിവലിക്കാൻ
ജീവനുള്ളപ്പോൾത്തന്നെ ഞാൻ കാക്കകളെ ക്ഷണിച്ചേക്കാം.

പുഴുക്കളേ, കണ്ണും കാതുമില്ലാത്ത കറുത്ത ചങ്ങാതിമാരേ,
ഒരു സന്തുഷ്ടജഡമിതാ, നിങ്ങൾക്കു മുന്നിലേക്കു വരുന്നു;
വികടദാർശനികരേ, ജീർണ്ണതയുടെ സന്തതികളേ,

കുറ്റബോധമില്ലാതെന്റെ തകർച്ചയിലേക്കിഴഞ്ഞുകയറൂ,
ജഡത്തിലും ജഡമായ ഈ വൃദ്ധദേഹത്തിനു സഹിക്കാൻ
ഒരു പീഡനമെങ്കിലും ശേഷിക്കുന്നെങ്കിലതൊന്നു പറയൂ.


ബോദ്‌ലേർ - ദിനാവസാനം



വിളറിയ വെളിച്ചത്തിലാർത്തുവിളിക്കുന്നു,
കാരണമേതുമില്ലാതോടിനടക്കുന്നു,
നിർലജ്ജം നൃത്തം വയ്ക്കുന്നു- ജീവിതം.
പിന്നെ ചക്രവാളത്തിൽ,

സർവ്വതും, വിശപ്പുപോലുമടക്കിയും
സർവ്വതും, നാണക്കേടു പോലും മായ്ച്ചും
മാദകരാത്രി വന്നെത്തുമ്പോൾ
കവി തന്നോടുതന്നെ പറയുന്നു: “അവസാനം!

എന്റെ മനസ്സുമെന്റെ തണ്ടെല്ലിനെപ്പോലെ
വിശ്രമത്തിനായിക്കേഴുന്നു;
ഹൃദയം നിറയെ നിഴലടഞ്ഞ സ്വപ്നങ്ങളുമായി

ഞാൻ മലർന്നുകിടക്കാൻ പോകുന്നു;
നിന്റെ തിരശ്ശീലകളിൽ ഞാനെന്നെപ്പൊതിയും
ഉന്മേഷമേകുന്ന നിബിഡാന്ധകാരമേ!”

ബോദ്‌ലേർ - വിചിത്രപരിമളം



ഉഷ്ണിക്കുന്ന ശരല്ക്കാലരാത്രിയിൽ ഇരുകണ്ണുകളും പൂട്ടി
നിന്റെ ചുടുന്ന മാറിടത്തിന്റെ പരിമളം ശ്വസിച്ചു കിടക്കുമ്പോൾ
എനിക്കു മുന്നിലനാവൃതമാകുന്നു, ധന്യതയുടെ വിദൂരതീരങ്ങൾ,
ഒരു നിരന്തരസൂര്യന്റെ ജ്വാലകളേറ്റവ വെട്ടിത്തിളങ്ങുന്നു.

സുഖാലസ്യത്തിന്റെയാ പ്രശാന്തദ്വീപിലെനിക്കു കാണാം,
വിചിത്രമായ വൃക്ഷങ്ങൾ, സ്വാദിഷ്ഠമായ ഫലങ്ങൾ;
ഉടൽ മെലിഞ്ഞതും ഉശിരുള്ളവരുമാണവിടെ പുരുഷന്മാർ,
ആശ്ചര്യപ്പെടുത്തുന്നൊരാർജ്ജവം സ്ത്രീകളുടെ കണ്ണുകളിൽ.

ആ വശ്യതീരത്തേക്കു നിന്റെ ഗന്ധമെന്നെ നയിക്കുമ്പോൾ
ഒരു പ്രയാണത്തിന്റെ തളർച്ച മാറാത്ത കപ്പല്പായകളും
പാമരങ്ങളുമിടതിങ്ങിയൊരു തുറമുഖം ഞാൻ കാണുന്നു,

പച്ചപ്പുളിമരങ്ങളുടെ പരിമളം വായുവിലെങ്ങും പരക്കുന്നു,
ശ്വാസവായുവിലൂടതെന്റെയുള്ളിലേക്കു പടരുന്നു,
നാവികരുടെ ഗാനവുമായതെന്റെയാത്മാവിൽ കലരുന്നു.


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

ബോദ്‌ലേർ - അന്തിവെളിച്ചം



വശ്യയായ സായംസന്ധ്യ വരവായി, കുറ്റവാളിയുടെ ചങ്ങാതി,
ചെന്നായയുടെ പാദപതനങ്ങളോടെ, തവന്റെ കൂട്ടാളി പോലെ;
വലിയൊരു പെട്ടകം പോലാകാശം സാവധാനമടയുന്നു,
പൊറുതി കെട്ട മനുഷ്യൻ കാട്ടുമൃഗമായി മാറുന്നു.

സന്ധ്യേ, മനോജ്ഞസന്ധ്യേ, ഇന്നു ഞങ്ങളദ്ധ്വാനിച്ചെന്നു പറയുന്ന
നേരുള്ള കൈകളത്രമേൽ മോഹിക്കുന്നവളേ, 
ഘോരദുഃഖത്തിൽ വീണു ദഹിക്കുന്ന ആത്മാവുകൾക്കും
തളർച്ച കൊണ്ടു തല താണുപോയ പണ്ഡിതന്മാർക്കും
കിടക്കയിലേക്കു ചടഞ്ഞുവീഴുന്ന നടുവൊടിഞ്ഞ പണിക്കാർക്കും
പ്രിയസന്ധ്യേ, സാന്ത്വനവുമായി നീയെത്തുന്നു.
ഈ നേരമത്രേ, വലിയ കാര്യങ്ങൾ നടത്താനുള്ളവരെപ്പോലെ
അന്തരീക്ഷത്തിലെ ദുഷ്ടശക്തികൾ സാവധാനം ഉറക്കം വിട്ടുണരുന്നു,
നമ്മുടെ വെളിയടകളിലും മോന്തായങ്ങളിലുമവ പറന്നുവന്നിടിക്കുന്നു.
ഗ്യാസുവിളക്കുകൾ കാറ്റിൽ വേവലാതിപ്പെടുന്ന തെരുവുകളിൽ
വ്യഭിചാരമതിന്റെ വെളിച്ചങ്ങളാളിക്കത്തിക്കുന്നു,
ഉറുമ്പിൻ പുറ്റു പോലവൾ വാതിലുകൾ തുറന്നുവയ്ക്കുന്നു,
ഓരൊളിവേട്ടയ്ക്കു തയ്യാറെടുക്കുന്ന ശത്രുവിനെപ്പോലെ
രക്ഷാമാർഗ്ഗങ്ങളെല്ലാമവൾ തെളിച്ചുവയ്ക്കുന്നു;
മനുഷ്യന്റെ നിത്യാഹാരമപഹരിക്കുന്ന പുഴുവിനെപ്പോലെ
ചെളിയുമഴുക്കും നിറഞ്ഞ നഗരത്തിലൂടവൾ നീങ്ങുന്നു.
അങ്ങുമിങ്ങും നിങ്ങൾക്കു കേൾക്കാം, അടുക്കളകളിലെ പൊരിക്കലുകൾ,
നാടകശാലകളിലെ സീല്ക്കാരങ്ങൾ, ബാൻഡുകളുടെ അലർച്ചകൾ.
ഭാഗ്യത്തിന്റെ പകിടയുരുളുന്ന ചൂതാട്ടമടകളിൽ
തേവിടിശ്ശികളും തെമ്മാടികളും മേശകൾക്കു ചുറ്റും തിരക്കുന്നു.
വിശ്രമമറിയാത്ത, അനുകമ്പയറിയാത്ത കവർച്ചക്കാർ,
അവരും വൈകാതെ തങ്ങളുടെ നിത്യത്തൊഴിലിനിറങ്ങും,
പണപ്പെട്ടികളും വാതിലുകളുമവർ കുത്തിത്തുറക്കും,
കുറച്ചുനാളുകൾ കൂടി ജീവിതം ദീർഘിപ്പിക്കാൻ,
തങ്ങളുടെ വെപ്പാട്ടികൾക്കു തുണി വാങ്ങിക്കൊടുക്കാൻ.

ഈ ഭവ്യമുഹൂർത്തത്തിലെന്റെയാത്മാവേ, നീ ശാന്തമാവൂ,
ഈ കോലാഹലത്തിനു നേർക്കു നീ കാതുകളടയ്ക്കൂ.
രോഗികളുടെ നോവുകൾ കടുക്കുന്നതും ഈ നേരമത്രേ!
കറുത്ത രാത്രി വന്നവരുടെ കഴുത്തു പിരിക്കും,
അവരുടെ വിധിയതോടെ തീരും, ഒരേ കുഴിയിലവരടിയും.
ആശുപത്രികളിലവരുടെ നെടുവീർപ്പുകളുയരുന്നു;
അവരിലൊന്നിലധികം പേരുമിനി വീട്ടിലേക്കു മടങ്ങില്ല,
രാത്രിയിൽ, തീയ്ക്കരികിൽ, ഒരിഷ്ടജനത്തിനൊപ്പം
സൂപ്പിന്റെ മണവും നുകർന്നവരിരിക്കില്ല.

അവരിൽ മിക്കവരും പക്ഷേ, വീടിന്റെ ഊഷ്മളതയറിഞ്ഞവരല്ല,
ഇന്നേവരെയവർ ജീവിച്ചിട്ടുമില്ല!


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

ബോദ്‌ലേർ - പൂച്ച



എന്റെ പ്രണയാതുരഹൃദയത്തിലേക്കു വരൂ നീ, സുന്ദരിപ്പൂച്ചേ,
നിന്റെ കൂർത്തുമൂത്ത നഖങ്ങളുറയിൽത്തന്നെ കിടക്കട്ടെ.
വൈഡൂര്യം ലോഹവുമായിടഞ്ഞു തീപ്പൊരി പാറുന്ന
നിന്റെ മനോഹരനയനങ്ങളിലേക്കു ഞാനെടുത്തുചാടട്ടെ.

എന്റെ വിരൽത്തുമ്പുകളലസമായി നിന്നെത്തലോടുമ്പോൾ,
നിന്റെ തലയിലൂടെ, പുറവടിവിലൂടെന്റെ വിരലുകളോടുമ്പോൾ,
എന്റെ കൈ നിന്റെയുടലിന്റെ ആലക്തികസ്പർശനത്താൽ
പരമാനന്ദത്തിന്റെ ലഹരി പൂണ്ടുന്മത്തമാകുമ്പോൾ,

എന്റെ മനക്കണ്ണിൽ ഞാൻ കാണുന്നതെന്റെ പെണ്ണിനെ.
അവളുടെ നോട്ടം, അരുമമൃഗമേ, നിന്റേതുപോലെ ഗഹനം,
ശീതം, ചാട്ടുളി പോലെ വന്നുതറയ്ക്കുന്നതും.

പിന്നെയവളുടെ മുടി മുതൽ കാൽവിരൽത്തുമ്പിനോളം
അവളുടെയിരുണ്ട ദേഹത്തെച്ചുഴന്നൊഴുകിനടക്കുന്നു,
നിഗൂഢമായൊരുദ്ധതഭാവം, അപായപ്പെടുത്തുന്നൊരു ഗന്ധം.


ബോദ്‌ലേർ - കടന്നുപോയവൾ



തെരുവെനിക്കു ചുറ്റും കാതടയ്ക്കുമാറലറുകയായിരുന്നു.
മെലിഞ്ഞും ഒരഭിജാതശോകമെടുത്തണിഞ്ഞും
ഉജ്ജ്വലമായ കയ്യിൽ പുടവത്തുമ്പെടുത്തുപിടിച്ചും
ഉയരത്തിലൊരുവൾ എന്നെക്കടന്നുപോയി.

സുഭഗമായ ചടുലചലനങ്ങൾ, ശില്പഭദ്രമായ കാൽവണ്ണകൾ,
കണ്ണുകളിലെ കൊടുങ്കാറ്റു മുളയ്ക്കുന്ന വിവർണ്ണാകാശത്തു നിന്നും
ഉന്മത്തനെപ്പോലെ പിടഞ്ഞും കൊണ്ടു ഞാൻ കുടിച്ചു,
ത്രസിപ്പിക്കുന്ന മാധുര്യം, ജീവനെടുക്കുന്ന പരമാനന്ദം.

ഒരു മിന്നൽ...രാത്രി പിന്നെ! ക്ഷണികസൗന്ദര്യമേ,
ഒരു നോട്ടത്താലെനിക്കു പുനർജ്ജന്മം നല്കിയവളേ,
നിത്യതയിൽ വച്ചല്ലാതെ നാമിനിക്കാണില്ലെന്നോ?

ഇവിടെ നിന്നകലെ! ഏറെ വൈകിയൊരിക്കൽ! ഒരിക്കലുമില്ലെന്നുമാവാം!
നാമെവിടേയ്ക്കു പോകുന്നുവെന്നന്യോന്യം നമുക്കറിയില്ലല്ലോ,
ഞാൻ പ്രേമിക്കുമായിരുന്നവളേ, ഹാ, അതറിയുമായിരുന്നവളേ!


2021, ഏപ്രിൽ 18, ഞായറാഴ്‌ച

ബോദ്‌ലേർ - നിശ്ശൂന്യതക്കായുള്ള ദാഹം



ഒരിക്കൽ പൊരുതാൻ കൊതി പൂണ്ടിരുന്ന ഖിന്നനായ ആത്മാവേ,
കുതിമുള്ളാഴ്ത്തി നിന്റെയുത്സാഹത്തെക്കുതിപ്പിച്ച പ്രത്യാശ
ഇനി നിന്റെ മേലേറില്ല! ചടഞ്ഞുകിടന്നുറക്കമായിക്കോളൂ,
ചുവടു വയ്ക്കുമ്പോൾ വേയ്ക്കുന്ന കിഴട്ടുകുതിരേ.

വ്യർത്ഥമോഹങ്ങൾ വേണ്ടിനി ഹൃദയമേ, മൂഢനിദ്രയായിക്കോളൂ.

ഓടിത്തളർന്ന പരാജിതാത്മാവേ, കാലം കടന്ന കവർച്ചക്കാരാ,
പ്രണയത്തിലും കലഹത്തിലും നിനക്കിപ്പോൾ രുചി കെട്ടു;
കാഹളഗാനങ്ങൾക്കു വിട, വിട പുല്ലാങ്കുഴലിന്റെ നെടുവീർപ്പിനും!
സുഖങ്ങളേ, വിഷണ്ണവും ഖിന്നവുമായ ഒരു ഹൃദയത്തെയിനിയും മോഹിപ്പിക്കരുതേ!

രമണീയവസന്തത്തിനതിന്റെ സുഗന്ധം പൊയ്പ്പോയി!

കാലത്തിന്റെ വേലിയേറ്റമനുനിമിഷമെന്നെ വിഴുങ്ങുന്നു,
വിറങ്ങലിച്ച ജഡങ്ങളെ ഹിമപാതമെന്നപോലെ;
ഇങ്ങുയരത്തിലിരുന്നു ഞാൻ ലോകഗോളത്തെ വീക്ഷിക്കുന്നു,
കേറിയിരിക്കാനൊരു കൂരയുടെ മറവുമെനിക്കു വേണ്ട.

ഹിമപ്രവാഹമേ, നിന്റെ കുത്തൊഴുക്കിലെന്നെയും കൊണ്ടുപോകേണ്ടേ?


ബോദ്‌ലേർ - ചൂതാട്ടം



നിറം മങ്ങിയ കസേരകളിൽ പ്രായം ചെന്ന വിളറിയ വേശ്യകൾ,
കറുപ്പിച്ച പുരികങ്ങൾ, മാരകശാന്തത നിറഞ്ഞ കണ്ണുകൾ;
അവരുടെ പൊള്ളച്ചിരിയിൽ ചുളിഞ്ഞ കാതുകളിൽ നിന്നിറ്റുവീഴുന്നു,
മുക്കുപൊന്നിന്റെയും കല്ലുകളുടേയും കമ്മലിളകുന്ന കിലുക്കങ്ങൾ.

ചൂതാട്ടമേശകൾക്കു ചുറ്റും ചുണ്ടുകളില്ലാത്ത മുഖങ്ങൾ,
നിറമില്ലാത്ത ചുണ്ടുകൾ, പല്ലുകളില്ലാത്ത മോണകൾ,
ജ്വരത്തിന്റെ നരകപ്പിടുത്തത്തിൽ പിടഞ്ഞുപോയ വിരലുകൾ
ഒഴിഞ്ഞ കീശകളോ കിതയ്ക്കുന്ന നെഞ്ചുകളോ തപ്പുന്നു.

കരി പിടിച്ച മച്ചിനടിയിൽ മങ്ങിക്കത്തുന്ന തൂക്കുവിളക്കുകൾ,
ചോര വിയർപ്പാക്കിയതിവിടെക്കൊണ്ടുതുലയ്ക്കുന്ന
സമർത്ഥരായ കവികളുടെ ഇരുണ്ട നെറ്റിത്തടങ്ങളിൽ
കൂറ്റനെണ്ണവിളക്കുകളവയുടെ രൂക്ഷവെളിച്ചം വീഴ്ത്തുന്നു.

ഒരു രാത്രിസ്വപ്നത്തിൽ എന്റെ ദീർഘദൃഷ്ടിക്കു മുന്നിൽ
ചുരുൾ നിവർന്ന കറുത്ത ചിത്രം ഇതായിരുന്നു;
ആ നിശ്ശബ്ദമായ മടയുടെ പിന്നാമ്പുറത്തെന്നെയും  ഞാൻ കണ്ടു,
കൈമുട്ടുകളിൽ ചാഞ്ഞും തണുത്തും മിണ്ടാതെയും അസൂയാലുവായും;

എനിക്കസൂയ അവരുടെ പിടി വിടാത്ത ദുരാശയോടായിരുന്നു,
ആ വൃദ്ധവേശ്യകളുടെ രോഗാതുരമായ പ്രസരിപ്പിനോടായിരുന്നു;
എന്റെ കണ്മുന്നിൽ സ്വയം മറന്നവർ വാണിഭം നടത്തുകയാണ്‌:
ഒരാൾ തന്റെ പഴയ പ്രതാപം, ഒരുവൾ തന്റെ സൗന്ദര്യം.

വായ പിളർന്ന കൊടുംഗർത്തത്തിലേക്കവരിരച്ചുപായുമ്പോൾ
ആ പതിതരോടിത്രയുമസൂയയോ നിനക്ക്, ഹൃദയമേ?
സ്വന്തം ചോരയൂറ്റിക്കുടിക്കുമ്പോഴും അവർക്കിഷ്ടം
മരണത്തെക്കാൾ യാതനയെ, ശൂന്യതയെക്കാൾ നരകത്തെ!

2021, ഏപ്രിൽ 17, ശനിയാഴ്‌ച

ബോദ്‌ലേർ - അലഞ്ഞും കരഞ്ഞും



അഗഥാ പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നുപോകാറുണ്ടോ,
ഈ കറുത്ത കടലിൽ നിന്ന്, ഈ ദുഷിച്ച നഗരത്തിൽ നിന്ന്?
സ്വച്ഛവും ഗഹനവുമായി- കന്യകാത്വം പോലെ-
ദീപ്തനീലിമ പൊട്ടിവിടരുന്ന മറ്റൊരു കടലിലേക്ക്?
അഗഥാ പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നുപോകാറുണ്ടോ?

സാഗരം, മഹാസാഗരം, വേദനകളിൽ നമുക്കു സാന്ത്വനം!
ഏതു പിശാചാണിരമ്പുന്ന കാറ്റിന്റെ മഹാവാദ്യവുമായി
കടലിനെ, ആ കഠോരഗായകനെ നിയോഗിച്ചയച്ചത്,
നമുക്കു താരാട്ടു പാടുകയെന്ന പുണ്യകർമ്മത്തിനായി?
സാഗരം, മഹാസാഗരം, വേദനകളിൽ നമുക്കു സാന്ത്വനം!

കപ്പലുകളേ! തീവണ്ടികളേ! അകലേക്കെന്നെക്കൊണ്ടുപോകൂ!
ഞങ്ങളുടെ കണ്ണീരു വീണു ചെളി കെട്ടിയ ഇവിടം വിട്ടകലെ!
നേരല്ലേ, അഗഥയുടെ കരയുന്ന ഹൃദയവും ചിലനേരം പറയാറില്ലേ,
“കുറ്റബോധത്തിൽ നിന്ന്, അപരാധത്തിൽ നിന്ന്, ശോകത്തിൽ നിന്ന്
കപ്പലുകളേ! തീവണ്ടികളേ! അകലേക്കെന്നെക്കൊണ്ടുപോകൂ!”

എത്രയകലെയാണു നീ, സുഗന്ധപൂരിതമായ പറുദീസാ!
തെളിഞ്ഞ നീലിമയ്ക്കടിയിൽ സുഖവും സ്നേഹവും മേളിക്കുന്നിടം,
ഞങ്ങൾ സ്നേഹിക്കുന്നവ ഞങ്ങളുടെ സ്നേഹത്തിനർഹമാകുന്നിടം,
നിർമ്മലാനന്ദത്തിൽ ഹൃദയങ്ങൾ മുങ്ങിത്താഴുന്നിടം!
എത്രയകലെയാണു നീ, സുഗന്ധപൂരിതമായ പറുദീസാ!

എന്നാൽ കൗമാരപ്രണയങ്ങളുടെ പച്ചപ്പറുദീസ,
യാത്രകൾ, പാട്ടുകൾ, ചുംബനങ്ങൾ, പൂച്ചെണ്ടുകൾ,
കുന്നുകൾക്കു പിന്നിൽ സ്പന്ദിക്കുന്ന വയലിനുകൾ,
ഇരുളുന്ന തോപ്പുകളിൽ മദിരയുടെ ഭാജനങ്ങൾ,
-എന്നാൽ കൗമാരപ്രണയങ്ങളുടെ പച്ചപ്പറുദീസ,

പാപബോധമില്ലാത്ത, രഹസ്യാനന്ദങ്ങളുടെയാ പറുദീസ,
ഇന്ത്യയെക്കാൾ, ചൈനയെക്കാൾ നമുക്കതകലെയാണോ?
കരഞ്ഞും വിലപിച്ചും നമുക്കതിനെ തിരിച്ചുവിളിക്കാനാകുമോ,
രജതശോഭയാർന്ന ഗാനങ്ങളാൽ നമുക്കു ജീവിപ്പിക്കാനാകുമോ,
പാപബോധമില്ലാത്ത, രഹസ്യാനന്ദങ്ങളുടെയാ പറുദീസയെ?



2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പാതിരാത്രിക്ക് ഒരു മനഃസാക്ഷിവിചാരണ

 

പാതിരാത്രിയിൽ ഘടികാരമടിക്കുമ്പോൾ
പരിഹാസത്തോടതു നമ്മെ ഉത്തരവാദപ്പെടുത്തുന്നു:
ഒരു പകലു കൂടി കടന്നുപോകുമ്പോൾ
ആ നേരം കൊണ്ടു നാമെന്തു ചെയ്തുവെന്നോർക്കുക.
-വെള്ളിയാഴ്ച, പതിമൂന്നാം തീയതിയും,
ഇന്നു നമുക്കൊരു ദുർഭഗദിനമായിരുന്നു.
നമുക്കെന്തെല്ലാമറിയാമായിരുന്നിട്ടും
ദൈവവിരോധമായിരുന്നു നാം ചെയ്തതൊക്കെയും.

ദൈവങ്ങളിൽ വച്ചനിഷേദ്ധ്യനായവനെ,
യേശുവിനെ നാമിന്നു തള്ളിപ്പറഞ്ഞു!
അസഹനീയനായ ഏതോ ധൂർത്തനൊപ്പം
വിരുന്നമേശയിൽ നാം പരാന്നഭോജിയായി;
നരകത്തിന്റെ യോഗ്യനായ ആ സാമന്തനെ,
നമുക്കുള്ളിലെ  മൃഗത്തെ പ്രീതിപ്പെടുത്താൻ,
നാം സ്നേഹിക്കുന്നതിനെ നാം അധിക്ഷേപിച്ചു,
വെറുക്കുന്നതിനൊക്കെയും നാം മുഖസ്തുതി പാടി.

ഒരു നീതിയുമില്ലാതെ വെറുപ്പിനിരയായ സാധുക്കളെ
ഭീരുവായ ആരാച്ചാരെപ്പോലെ നാം ദ്രോഹിച്ചു;
അളവറ്റ മൂഢതയെ, കാളമുഖം വച്ച മൂഢതയെ,
മുട്ടിലിഴഞ്ഞു നാമാരാധിച്ചു;
ജഡപിണ്ഡത്തെ ചുംബിച്ചു നാം കിടന്നു,
അതും ആത്മസമർപ്പണത്തോടെ.
ജീർണ്ണതയുടെ വിളറിയ വെളിച്ചത്തിനു നാം
ആശീർവ്വാദം നേരുകയും ചെയ്തു.

അതിനുമൊടുവിൽ, പമ്പരം കറങ്ങുന്ന തലയെ
ഉന്മാദത്തിൽ മുക്കിത്താഴ്ത്താനുള്ള ശ്രമത്തിൽ,
കാവ്യദേവതയുടെ പുരോഹിതരായ നാം,
രോഗാതുരതയുടെ പ്രഹർഷത്തെ ഘോഷിക്കേണ്ട നാം,
പന്നിയെപ്പോലെ വലിച്ചുവാരിത്തിന്നു!...
...വേഗം, വേഗം നമുക്കു വിളക്കൂതിക്കെടുത്താം,
രാത്രിയുടെ കരിമ്പടത്തിനുള്ളിൽ നമുക്കൊളിക്കാം.

(പില്ക്കാലത്തെഴുതിയ “പുലർച്ചയ്ക്കൊരുമണിയ്ക്ക്” എന്ന ഗദ്യകവിതയിലും ഈ ആത്മപരിശോധന ആവർത്തിക്കുന്നുണ്ട്.)



2021, ഏപ്രിൽ 15, വ്യാഴാഴ്‌ച

ബോദ്‌ലേർ - അപമാനിതചന്ദ്രൻ



ഞങ്ങളുടെ പ്രപിതാക്കൾ രഹസ്യമായാരാധിച്ചിരുന്ന ചന്ദ്ര,
നിന്റെ നീലിച്ച മാളികയിൽ നിന്നന്തഃപുരം വിട്ടിറങ്ങുമ്പോൾ
വെള്ളിമാറ്റുടുത്ത ദാസിമാരകമ്പടി വന്നവളേ, സിന്തിയാ,
ഇരുളടഞ്ഞ ഞങ്ങളുടെ മടകളിൽ വെളിച്ചം വീശുന്ന ദീപമേ,

നീ കാണുന്നുവോ, വിടർന്ന ചുണ്ടുകൾക്കിടയിൽ വെളുത്ത പല്ലുകളും കാട്ടി
സമൃദ്ധശയ്യകളിൽ തളർന്നുറക്കമായ പ്രണയികളെ?
കവിതയുമായി മല്ലു പിടിക്കുന്ന കവികളെ?
വൈക്കോലിലിണചേർന്നു പുളയുന്ന അണലികളെ?

നിഗൂഢപാദങ്ങളുമായി, മഞ്ഞ മുഖംമൂടിയുമായി,
പുലരി മുതൽ സന്ധ്യ വരെ നീയലയുന്നതു പഴയൊരോർമ്മയിലോ,
എൻഡമിയോണിന്റെ മങ്ങിയ ചാരുതകളെ ചുംബിക്കുവാനോ?

-“ഈ  ജീർണ്ണകാലത്തിന്റെ സന്താനമേ, ഞാൻ കാണുന്നതു നിന്റെയമ്മയെ,
പോയ വർഷങ്ങളുടെ ഭാരത്താൽ കണ്ണാടിയിലേക്കു ചരിഞ്ഞവളെ,
നിന്നെയൂട്ടിയ മുലക്കണ്ണുകളിൽ കുങ്കുമം തേയ്ക്കുകയാണവൾ!“
*

സിന്തിയാ - ആർട്ടെമിസ് എന്ന ചാന്ദ്രദേവതയുടെ മറ്റൊരു ഗ്രീക്കുനാമം.
എൻഡമിയോൺ - ഗ്രീക്കുപുരാണത്തിൽ ചന്ദ്രൻ പ്രണയിച്ച ആട്ടിടയബാലൻ; സിയൂസ് അവനു നിത്യയൌവനം നല്കി.
ഈ ജീർണ്ണകാലത്തിന്റെ സന്താനമേ - കവിയുടെ ധാർഷ്ട്യം കണ്ടു കോപിച്ച ചന്ദ്രൻ അയാളുടെ അമ്മയെ, ഈ ജീർണ്ണിച്ച കാലത്തെയാണു താൻ കാണുന്നതെന്നു തിരിച്ചടിക്കുന്നു; കാലം കവർന്ന സൌന്ദര്യത്തെ ചമയം കൊണ്ടു തിരിച്ചുപിടിക്കാൻ നോക്കുന്ന വൃദ്ധവേശ്യയാണവർ.



2021, ഏപ്രിൽ 14, ബുധനാഴ്‌ച

ബോദ്‌ലേർ - ഒരു ശപിക്കപ്പെട്ട ഗ്രന്ഥത്തിന്റെ തലക്കുറി



ശാന്തശീലനായ പ്രിയപ്പെട്ട വായനക്കാരാ,
ഇടയഗാനങ്ങൾ ഹിതമായവനേ, സരളചിത്തനേ,
ഈ ശനി പിടിച്ച പുസ്തകം വലിച്ചെറിയൂ,
പേക്കൂത്തുകളും മനസ്സുരുക്കങ്ങളുമാണിതു നിറയെ.

കൗശലക്കാരനായ ചെകുത്താന്റെ പാഠശാലയിലല്ല
നീ നിന്റെ ഭാഷയും വ്യാകരണവും പഠിച്ചതെങ്കിൽ
അതു കളയൂ!  ഇതിലൊരു വസ്തുവും നിനക്കു തിരിയില്ല;
എന്റെ തല തിരിഞ്ഞതാണെന്നു നീ കരുതും.

ഇനിയല്ല, അതിന്റെ ചാരുതകളിൽ മയങ്ങാതെ
പാതാളത്തിൽ മുങ്ങാൻ നിന്റെ കണ്ണിനറിയാമെങ്കിൽ,
എന്നെ വായിക്കൂ, എന്നെ സ്നേഹിക്കാൻ പഠിക്കൂ;

യാതന തിന്നുന്ന ജിജ്ഞാസുവായ ആത്മാവേ,
നിൻ്റെ പറുദീസ തേടി നിത്യയാത്ര ചെയ്യുന്നവനേ,
എന്നോടു ദയ കാണിക്കൂ!...ഇല്ലെങ്കിൽ പോയിത്തുലയൂ!
*

1857ൽ പ്രസിദ്ധീകരിച്ച ‘പാപത്തിന്റെ പൂക്കൾ’ ഒന്നാം പതിപ്പ് കോടതി കയറിയിരുന്നു, സദാചരത്തിനു നിരക്കുന്നതല്ല അതിലെ ചില കവിതകളെന്നതിന്റെ പേരിൽ. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്‌ ഒരു തലക്കുറിയായിട്ടാണ്‌ ഈ കവിത ചേർത്തത്.


2021, ഏപ്രിൽ 10, ശനിയാഴ്‌ച

ബോദ്‌ലേർ -ഒരു യക്ഷിയുടെ രൂപഭേദങ്ങൾ



ചുടുന്ന കനലുകൾക്കു മേൽ പാമ്പിനെപ്പോലെ പുളഞ്ഞും
മാർക്കച്ചയുടെ കവചത്തിനുള്ളിൽ മുലകളെ ഞെരിച്ചും
ഞാവൽപ്പഴം പോലെ ചുവന്ന ചുണ്ടുകൾ വിടർത്തിയും
കസ്തൂരി മണക്കുന്ന വാക്കുകളപ്പോളവൾ പറഞ്ഞു: 
“നനവൂറുന്നതാണെന്റെ ചുണ്ടുകൾ; എനിക്കറിയാം,
മനഃസാക്ഷിക്കിഴവനെ ഉറക്കിക്കിടത്തുന്ന വിദ്യയും.
ഏതു കണ്ണീരുമെന്റെ മാറിടം കൊണ്ടു ഞാനൊപ്പിയെടുക്കും,
കിഴവന്മാരെ കുട്ടികളെപ്പോലെ ഞാൻ ചിരിപ്പിക്കും.
മൂടുപടങ്ങളില്ലാതെ, നഗ്നയായെന്നെക്കാണുന്നവർക്കു
ചന്ദ്രനും സൂര്യനും ആകാശത്തിലന്യനക്ഷത്രങ്ങളും ഞാനാവും!
കാമകലയിലത്ര നിപുണയാണു ഞാനെന്നതിനാൽ, എൻ്റെ ജ്ന്ജാനീ,
മാരകകരങ്ങളിലൊരുവനെ ഞാൻ ഞെരിക്കുമ്പോൾ,
കാതരയുമാസക്തയും ദുർബ്ബലയും ബലിഷ്ഠയുമായി
ദംശനങ്ങൾക്കെന്റെ മാറിടം ഞാൻ വിട്ടുകൊടുക്കുമ്പോൾ,
വികാരം കൊണ്ടു മൂർച്ഛിക്കുന്ന ഈ മൃദുമെത്തകളിൽ
നിസ്സഹായരായ മാലാഖമാർ പോലുമെനിക്കായി ശപ്തരാവും!”

അസ്ഥികളിൽ നിന്നെന്റെ മജ്ജയെല്ലാമവളൂറ്റിയെടുത്തതില്പിന്നെ
ഒരു ചുംബനത്തിനാലസ്യത്തോടെ ഞാൻ തിരിഞ്ഞുകിടക്കുമ്പോൾ
ഞാൻ കാണുന്നതാകെ ചലം നിറഞ്ഞൊരു  തോൽസഞ്ചി മാത്രം!
ഭീതി കൊണ്ടു മരവിച്ചു കണ്ണുകൾ രണ്ടും ഞാനിറുക്കിയടച്ചു;
തെളിഞ്ഞ വെളിച്ചത്തിലേക്കു പിന്നെയും കണ്ണു തുറന്നപ്പോൾ
ഞാൻ കണ്ടതൊരു കൊഴുത്ത കളിപ്പാവയെയല്ല,
എന്റെ ജീവരക്തമൂറ്റിയെടുത്തു ചീർത്തവളെയല്ല,
വിറ കൊള്ളുന്നൊരെല്ലുകൂടത്തിന്റെ ശേഷിപ്പുകളെ;
അതു കിടന്നു ഞരങ്ങുന്നു, ഒരു കാറ്റുകാട്ടി പോലെ,
ഹേമന്തരാത്രികളിൽ ഒരു കമ്പിക്കാലിൻ മുകളിൽ
കാറ്റത്തിളകിയാടുന്ന ചൂണ്ടുപലക പോലെ.

ബോദ്‌ലേർ - യാത്ര പോകാനുള്ള ക്ഷണം



എന്റെ കുഞ്ഞേ, എന്റെ സോദരീ,
നാമൊരുമിച്ചവിടെക്കഴിയുന്നതിന്റെ
ഹർഷാവേശമൊന്നോർത്തുനോക്കൂ!
ഹിതം പോലെ നമുക്കു ചുംബിക്കാം,
നിന്നെയോർമ്മിപ്പിക്കുന്നൊരു ദേശത്തു
മരിക്കും വരെ നമുക്കു പ്രേമിക്കാം!
മൂടിക്കെട്ടിയൊരാകാശത്തു
നനവു പറ്റിയ സൂര്യന്മാ-
രെന്റെ ഹൃദയത്തിനു നല്കുന്ന പ്രിയങ്ങൾ
കണ്ണീരിനിടയിലൂടെത്തെളിയുന്ന
നിന്റെ കുടിലനേത്രങ്ങൾ പോലെ
നിഗൂഢങ്ങൾ!

ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!

വർഷങ്ങളുടെ ശോഭ കൊണ്ടു
മിന്നിത്തിളങ്ങുന്ന ദിവാനുകൾ
നമ്മുടെ കിടപ്പറയെ അലങ്കരിക്കും!
എത്രയുമനർഘമായ പുഷ്പങ്ങൾ
കുന്തിരിക്കത്തിന്റെ സന്ദിഗ്ധഗന്ധത്തിൽ
അവയുടെ പരിമളമിടകലർത്തും.
അലംകൃതമായ മച്ചുകൾ,
ധ്യാനസ്ഥരായ ദർപ്പണങ്ങൾ,
കിഴക്കിന്റെ സമൃദ്ധികൾ,
അവിടെയുള്ള സർവ്വതും
ആത്മാവിന്റെ കാതിലോതും
തനതുമൊഴിയിലവയുടെ രഹസ്യങ്ങൾ.

ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!

കനാലുകളിൽ നീ കാണുന്നില്ലേ,
സ്വപ്നം കണ്ടു മയങ്ങുന്ന യാനങ്ങളെ,
യാത്രക്കേതുനേരവുമൊരുങ്ങിയവയെ?
നിന്റെയേതു ഹിതവും നിവർത്തിക്കാൻ
ലോകത്തിനങ്ങേയറ്റത്തു നിന്നോടിവന്നതാണവ.
പോക്കുവെയിൽ 
പൊന്നും ഹയാസിന്തും പൂശുന്നു,
പാടങ്ങളെ, കനാലുകളെ, നഗരത്തെയാകെ.
വെളിച്ചത്തിന്റെ ഊഷ്മളതയിൽ
ലോകം മയക്കത്തിലാഴുന്നു.

ചിട്ടയും സൗന്ദര്യവുമാണവിടെ സർവ്വതും,
സുഖവും സ്വസ്ഥതയും സമൃദ്ധിയും!

ബോദ്‌ലേർ - നിഷേധി



കോപിഷ്ടനായൊരു മാലാഖ കഴുകനെപ്പോലെ പറന്നിറങ്ങുന്നു,
ആ നിഷേധിയുടെ മുടിക്കു കുത്തിപ്പിടിച്ചുകൊണ്ടലറുന്നു:
“പ്രമാണമെന്താണെന്നു നീയറിയണം!
(നിന്റെ നല്ല മാലാഖയല്ലേ ഞാൻ?) എന്നെ അനുസരിക്കുക!

മുഖം ചുളിക്കാതെ സ്നേഹിക്കണമെന്നു നീയറിയണം,
പാവങ്ങളെ, തെമ്മാടികളെ, പീഡിതരെ, മനസ്സുലഞ്ഞവരെ,
അങ്ങനെ നിന്റെയനുകമ്പ ഭൂമിയിൽ വിരിക്കട്ടെ,
ദൈവപുത്രനെഴുന്നെള്ളും നാളിൽ അവനായൊരു പരവതാനി.

അതാണ്‌ സ്നേഹം! നിന്റെ ഹൃദയം മരവിക്കും മുമ്പേ,
ദൈവത്തിൽ നിന്നതിന്റെ തിരി കൊളുത്തൂ, അവനായെരിയൂ;
അതു മാത്രമായിരിക്കും നിനക്കു ശേഷിക്കുന്ന ആനന്ദം!”

സ്നേഹിക്കുന്നളവിൽത്തന്നെ ശിക്ഷിക്കുകയും ചെയ്യുന്ന മാലാഖ
കൂറ്റൻ മുഷ്ടികൾ കൊണ്ടാ നിഷേധിയെ പ്രഹരിക്കുന്നു;
ആ ശപ്താത്മാവു പക്ഷേ, അപ്പോഴും പറയുന്നു: “ഞാൻ അനുസരിക്കില്ല!”


ബോദ്‌ലേർ - ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെ...

 

ഒരതിവൃഷ്ടിദേശത്തെ രാജാവിനെപ്പോലെയാണു ഞാൻ-
ധനികൻ, എന്നാൽ ഷണ്ഡൻ, അകാലത്തിൽ വൃദ്ധനായവൻ;
മുട്ടുകാലിലിഴയുന്ന ഉപദേശികളെ മാനിക്കാതെ
വേട്ടനായ്ക്കളും അന്യമൃഗങ്ങളുമായി നേരം കളയുകയാണയാൾ.
നായാട്ടും പ്രാവുവേട്ടയും- യാതൊന്നുമയാളെ രസിപ്പിക്കുന്നില്ല,
തന്റെ മട്ടുപ്പാവിനു മുന്നിൽ മരിച്ചുവീഴുന്ന പ്രജകൾ പോലും.
ആ ക്രൂരനായ രോഗിയുടെ ചുളിഞ്ഞ നെറ്റിത്തടം നിവർത്താൻ
കൊട്ടാരം വിദൂഷകന്റെ പേക്കൂത്തുകൾക്കൊന്നിനുമാവുന്നില്ല.
അയാളുടെ രാജകീയശയ്യ ഒരു ശവകുടീരമായിമാറുന്നു;
ഏതു രാജാവും സുന്ദരനായ കൊട്ടാരം ദാസിമാർക്കാകട്ടെ,
ആ എലുമ്പുകൂടത്തിലൊരു പുഞ്ചിരി വിടർത്താൻ
ഏതസഭ്യവേഷമണിയണമെന്നറിയുന്നുമില്ല.
ഈയത്തെ സ്വർണ്ണമാക്കുന്ന രസായനവിദ്യക്കാരനറിയുന്നില്ല,
ഏതധമലോഹമാണയാളിൽ തുരുമ്പിക്കുന്നതെന്നും.
പണ്ടു റോമാക്കാർക്കു പരിചിതമായിരുന്ന രക്തസ്നാനങ്ങളും
-അധികാരസ്ഥർ വാർദ്ധക്യത്തിലതോർക്കുന്നു-
ഈ തണുത്ത ജഡത്തിലൊരു തരി ചൂടു പകരാനശക്തം;

2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

ബോദ്‌ലേർ - സ്ഫിങ്ക്സ്

 

ഒരായിരം കൊല്ലം ജീവിച്ചാലും ഇത്രയുമോർമ്മകൾ എനിക്കുണ്ടാവില്ല!

കണക്കുബുക്കുകൾ, പ്രണയലേഖനങ്ങൾ, വ്യവഹാരങ്ങൾ, കവിതകൾ,
നോവലുകൾ, രസീതികളിൽ പൊതിഞ്ഞുവച്ച മുടിച്ചുരുളുകൾ:
ഇത്രയൊക്കെ കുത്തിനിറച്ച കൂറ്റനൊരു മേശയ്ക്കകത്തും
എന്റെ വിഷണ്ണമായ തലയ്ക്കുള്ളിലുള്ളത്രയും രഹസ്യങ്ങളുണ്ടാവില്ല.
ഒരു പിരമിഡാണത്, വിശാലമായൊരു കല്ലറയാണത്,
ഒരു പൊതുശ്മശാനത്തിലുള്ളതിലധികം ശവങ്ങളതിലുണ്ട്.
-ചന്ദ്രൻ മുഖം തിരിച്ചൊരു ശവപ്പറമ്പാണു ഞാൻ;
നീണ്ടുനീണ്ട പുഴുക്കൾ കുറ്റബോധം പോലതിലിഴയുന്നു,
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ ശവങ്ങളവ കരളുന്നു.
വാടിയ പനിനീർപ്പൂക്കൾ നിറഞ്ഞ പഴയൊരു വേശ്യാലയം ഞാൻ;
കാലഹരണപ്പെട്ട വേഷങ്ങൾ മൂലയ്ക്കു കൂടിക്കിടക്കുന്നു,
എന്നോ തുറന്ന വാസനത്തൈലക്കുപ്പികൾ മണക്കാൻ
മങ്ങിയ പെൻസിൽ ചിത്രങ്ങളും വിളറിയ ബുഷ്ഷേകളും.

വർഷങ്ങളുടെ കനത്ത ഹിമപാതത്തിനടിയിൽ
ജഡബുദ്ധിയാക്കുന്ന നിഷ്ക്രിയതയുടെ ഫലമായ വൈരസ്യം
നിത്യതയുടെ ഭയാനകമായ തോതിലേക്കു വളരുമ്പോൾ
ഞൊണ്ടുന്ന നാളുകളെക്കാൾ ദീർഘദീർഘമായിട്ടൊന്നുമില്ല.
-ഇനിമേൽ, പ്രാണനോടുന്ന ഉടലേ,  നീയില്ല!
നീയിനി ഒരസ്പഷ്ടഭീതി വലയം ചെയ്യുന്ന ഒരു ശിലാഖണ്ഡം:
ഒരു സഹാറയുടെ വിപുലതയിൽ മയക്കത്തിലായ,
ഉദാസീനമായ ലോകത്തിന്റെ ഓർമ്മയിൽ നിന്നു മാഞ്ഞ,
ഭൂപടത്തിൽ നിന്നു മായ്ച്ചുകളഞ്ഞ പഴയൊരു സ്ഫിങ്ക്സ്:
അതിന്റെ ധാർഷ്ട്യം പാടുന്നതസ്തമയസൂര്യനോടു മാത്രം.
*

ബുഷ്ഷേ -Francois Boucher(1703-70)റൊക്കോക്കോ കാലഘട്ടത്തിലെ ഫ്രഞ്ചു ചിത്രകാരൻ

സ്ഫിങ്ക്സ് - ഈജിപ്തിലെ മെമ്നോണിന്റെ പ്രതിമ അസ്തമയരശ്മികളേല്ക്കുമ്പോൾ പാടും എന്നൊരു കഥയുണ്ട്. ബോദ്‌ലേർ അതിനെ ഒന്നു ഭേദപ്പെടുത്തുന്നു. മറവിയിൽ പെട്ട ഒരു സ്ഫിങ്ക്സ് പ്രതിമ ഏകാകിയും ലോകം അവഗണിച്ചവനുമായ കവിയുടെ ബിംബമാവുകയാണിവിടെ.

2021, ഏപ്രിൽ 7, ബുധനാഴ്‌ച

ബോദ്‌ലേർ - ബാൽക്കണി



ഓർമ്മകൾക്കെല്ലാമമ്മേ, എന്റെ കാമുകിമാരിലനുപമേ,
എന്റെയാനന്ദസർവ്വസ്വമേ, എന്റെ കർമ്മങ്ങൾക്കാധാരമേ!
നമ്മുടെ ലാളനകളുടെ മാർദ്ദവം നിനക്കോർമ്മയുണ്ടാവും,
ഊഷ്മളമായ മുറിയ്ക്കകവും സായാഹ്നത്തിന്റെ ചാരുതയും.
ഓർമ്മകൾക്കെല്ലാമമ്മേ, എന്റെ കാമുകിമാരിലനുപമേ!

എരികനലുകളുടെ തീക്ഷ്ണത തിളക്കിയ സന്ധ്യകൾ,
മഞ്ഞു മൂടുന്ന പാടലസന്ധ്യകളിൽ നാമിരുന്ന ബാൽക്കണി;
മൃദുലമായിരുന്നുനിന്റെ മാറിടം! ദയാർദ്രമായിരുന്നു നിന്റെ ഹൃദയം!
മരണമില്ലാത്തതെന്തൊക്കെ നാമന്യോന്യമന്നു മന്ത്രിച്ചു.
എരികനലുകളുടെ തീക്ഷ്ണത തിളക്കിയ സന്ധ്യകൾ!

ഊഷ്മളസായാഹ്നങ്ങളിൽ അസ്തമയങ്ങളന്നെത്ര സുന്ദരമായിരുന്നു!
ആകാശമെത്ര വിപുലമായിരുന്നു! ഹൃദയമെത്ര സമർത്ഥമായിരുന്നു!
നിനക്കു മേൽ കുനിഞ്ഞുനില്ക്കെ, എനിക്കാരാദ്ധ്യയായ റാണീ,
നിന്റെ ചോരയുടെ വാസന ഞാൻ ശ്വസിക്കുന്നുവെന്നും ഞാനോർത്തു.
ഊഷ്മളസായാഹ്നങ്ങളിൽ അസ്തമയങ്ങളന്നെത്ര സുന്ദരമായിരുന്നു!

വലയം ചെയ്യുന്ന ചുമരു പോലെ രാത്രി പിന്നെ സാന്ദ്രമായി,
ഇരുളിന്റെ കയങ്ങളിൽ നിന്റെ കണ്ണുകൾ ഞാൻ കണ്ടറിഞ്ഞു,
നിന്റെ ശ്വാസം ഞാനൂറ്റിക്കുടിച്ചു, അമൃതമായി, കാകോളമായി!
എന്റെ കൈകളുടെ സാഹോദര്യത്തിൽ നിന്റെ കാലടികളുറക്കം പിടിച്ചു.
വലയം ചെയ്യുന്ന ചുമരു പോലെ രാത്രി പിന്നെ സാന്ദ്രമായി.

മരിച്ച നിമിഷങ്ങളെ പുനരാനയിക്കുന്ന മന്ത്രവിദ്യയെനിക്കറിയാം;
നിന്റെ കാൽമുട്ടുകളിൽ പറ്റിക്കിടന്നെന്റെ യൗവ്വനം ഞാനോർക്കുന്നു;
നിന്റെയലസസൗന്ദര്യത്തെ ഞാനെവിടെത്തേടാൻ,
നിന്റെ പ്രീതിദദേഹത്തിലല്ലാതെ, നിന്റെ സൗമ്യഹൃദയത്തിലല്ലാതെ?
മരിച്ച നിമിഷങ്ങളെ പുനരാനയിക്കുന്ന മന്ത്രവിദ്യയെനിക്കറിയാം!

ആ പ്രതിജ്ഞകൾ, ആ പരിമളങ്ങൾ, ആ ദീർഘചുംബനങ്ങൾ:
നമുക്കാഴമറിയാത്തൊരുൾക്കടലിൽ നിന്നവ പുനർജ്ജനിക്കുമോ,
ആഴക്കടലുകളുടെ കയങ്ങളിൽ നിന്നു മുങ്ങിക്കുളിച്ചുകയറിയതില്പിന്നെ,
നവയൗവ്വനമെടുത്താകാശത്തേക്കുയരുന്ന സൂര്യന്മാരെപ്പോലെ!
-ഹാ, ആ പ്രതിജ്ഞകൾ, ആ പരിമളങ്ങൾ, ആ ദീർഘചുംബനങ്ങൾ!

2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ബോദ്‌ലേർ - രോഗിണിയായ കാവ്യദേവത



എന്റെ പാവം കാവ്യദേവതേ, കഷ്ടം! നിനക്കിതെന്തു പറ്റി?
നിന്റെ കുഴിഞ്ഞ കണ്ണുകളിൽ പേക്കിനാവുകൾ കുടിയേറിയല്ലോ;
നിന്റെ വിളർത്ത മുഖത്തു മാറിമാറി നിഴലിക്കുന്നുവല്ലോ,
ഭീതിയും ഉന്മാദവും മരവിപ്പും മൗനവും.

പച്ചനിറക്കാരി യക്ഷിയും ചുവന്നുതുടുത്ത ചാത്തനും-
കുടങ്ങളിൽ നിന്നവർ പകർന്നുതന്നുവോ, ഭീതിയും പ്രണയവും?
ദുഃസ്വപ്നമതിന്റെ ധൃഷ്ടമുഷ്ടിയാൽ നിന്നെക്കേറിപ്പിടിച്ചുവോ,
ഒരു പുരാതനനരകച്ചതുപ്പിൽ നിന്നെക്കൊണ്ടാഴ്ത്തിയോ?

എനിക്കു ഹിതം നിന്നെ ആരോഗ്യത്തിന്റെ പരിമളം മണക്കുന്നതും
നിന്റെ നെഞ്ചിലെന്നും അഗാധചിന്തകളുയരുന്നതും
തരംഗതാളത്തിൽ നിന്റെ ക്രിസ്തീയരക്തമൊഴുകുന്നതും-

പ്രാക്തനകവിതകളുടെ നിയതതാളവുമായി,
ചിലനേരം ഗാനങ്ങൾക്കധിപൻ, അപ്പോളോയുടെ വഴിയേ,
ചിലനേരം വിളഞ്ഞ പാടങ്ങളുടെ ദേവൻ, പാനിന്റെ വഴിയേ.


ബോദ്‌ലേർ - അന്ധർ



ഒന്നവരെ നോക്കൂ, എന്നാത്മാവേ, എത്ര ഭയാനകമാണത്!
നൂല്പാവകളെപ്പോലെ, ബുദ്ധി മന്ദിച്ചവരെപ്പോലെ,
പേടിപ്പെടുത്തുന്ന, വിചിത്രരായ നിദ്രാടകരെപ്പോലെ;
ആ ഇരുണ്ട നേത്രഗോളങ്ങളുരുളുന്നതെവിടെയ്ക്കാവും?

ഒരു ദിവ്യസ്ഫുലിംഗവും ശേഷിക്കാത്ത  കണ്ണുകൾ
എന്തോ തിരയുന്ന പോലാകാശത്തു തറഞ്ഞുനില്ക്കുന്നു;
സ്വപ്നത്തിലെന്നപോലെ തലയും തൂക്കി നടക്കുമ്പോൾ
തെരുവിലെ തറക്കല്ലുകളിലവരുടെ നോട്ടം പതിയുന്നതേയില്ല. 

നിത്യമൗനത്തിനു കൂടപ്പിറപ്പായ നിസ്സീമതമസ്സിനെ
അങ്ങനെയവർ നടന്നുനടന്നു തീർക്കുന്നു.
സുഖാന്വേഷണത്താൽ ക്രൂരതയുടെ വക്കോളമെത്തിയ നഗരമേ,

പാടിയും ചിരിച്ചും അലറിയും നീ മദിക്കുമ്പോൾ, നോക്കൂ,
കാലു വേയ്ച്ചും എന്നാലവരെക്കാൾ പകച്ചും ഞാൻ ചോദിക്കുന്നു:
ഈ അന്ധന്മാർ ആകാശത്തു തേടുന്നതെന്താവാം?


ബോദ്‌ലേർ- ഭൂമി കുഴിക്കുന്ന അസ്ഥികൂടങ്ങൾ



I

പ്രാക്തനകാലത്തെ മമ്മികളെപ്പോലെ
പുസ്തകങ്ങളുടെ ജഡങ്ങൾ സുഖശയനം നടത്തുന്ന
കപ്പൽത്തുറയിലെ പൊടിപിടിച്ച കടകളിൽ
വില്പനയ്ക്കു വച്ച ശരീരശാസ്ത്രപുസ്തകങ്ങൾ.

മ്ലാനമാണു വിഷയമെങ്കിലും
അജ്ഞാതനായൊരു ചിത്രകാരന്റെ അറിവും കഴിവും
ആ വെറുങ്ങലിച്ച ചിത്രങ്ങൾക്കൊരു
വിചിത്രസന്ദര്യം നല്കുന്നതിൽ വിജയിച്ചിരിക്കുന്നു.

ആ നിഗൂഢതകളെ പിന്നെയും ഭീതിദമാക്കുംവണ്ണം
പാടത്തിറങ്ങിയ പണിക്കാരെപ്പോലെ
ഭൂമി കുഴിക്കുന്ന അസ്ഥികൂടങ്ങളേയും
തൊലിയൂർന്നുപോയ ജഡങ്ങളേയും നാം കാണുന്നു.

II

മാംസപേശികൾ വലിഞ്ഞുമുറുകിയും
തണ്ടെല്ലിന്റെ കരുത്തെല്ലാമെടുത്തും
വിധിക്കു വഴങ്ങിയ കുടിയാന്മാരെപ്പോലെ
കല്ലു പോലുറച്ച നിലം കിളച്ചുമറിക്കുന്നവരേ,

എന്തു വിചിത്രമായ വിളയാണു നിങ്ങൾ കൊയ്യുന്നതെന്നു പറയൂ,
ശവപ്പറമ്പിൽ നിന്നു വിളിച്ചിറക്കിയവരേ,
ഏതു ജന്മിയുടെ കലവറ നിറയ്ക്കാനാണ്‌
നിങ്ങൾ പാടുപെടുന്നതെന്നു പറയൂ.

ദുർഭഗമായൊരു വിധിയുടെ വിശദചിത്രങ്ങളേ,
നിങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നതിതാണോ:
ആഴമേറിയ ശവക്കുഴിക്കുള്ളിൽ പോലും
ആ വാഗ്ദത്തനിദ്ര ഞങ്ങൾ മോഹിക്കേണ്ടെന്ന്?

ശൂന്യതയും കള്ളക്കളി കളിക്കുമെന്ന്,
സർവ്വതും, മരണം പോലും, നമ്മോടു നുണ പറയുമെന്ന്?
ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ മരിച്ചുകഴിഞ്ഞാൽ,
നിത്യത എന്നതുള്ള കാലത്തോളം,

ഒരജ്ഞാതദേശത്തിന്റെ ഏകാന്തതയിൽ,
ചോരയൊലിക്കുന്ന, നഗ്നമായ പാദങ്ങൾക്കടിയിൽ
കരിമ്പാറ പോലുറച്ച മണ്ണിലാഞ്ഞുവെട്ടിയും
കൊത്തിയും കിളച്ചും ഞങ്ങൾ കഴിയണമെന്ന്?


2021, ഏപ്രിൽ 4, ഞായറാഴ്‌ച

ബോദ്‌ലേർ - “തീരാത്ത മടുപ്പിന്റെ പിടിയിൽ പെട്ടു ഞരങ്ങുന്ന ആത്മാവിനു മേൽ...”

 

തീരാത്ത മടുപ്പിന്റെ പിടിയിൽ പെട്ടു ഞരങ്ങുന്ന ആത്മാവിനു മേൽ
ശവപ്പെട്ടിയുടെ മൂടി പോലെ ആകാശം താഴ്ന്നടയുമ്പോൾ,
ലോകമാകെ വലയം ചെയ്യുന്ന ചക്രവാളരേഖയിൽ നിന്നും
ഏതു രാത്രിയെക്കാളുമിരുണ്ട പകൽ വന്നു ഞങ്ങളെ വളയുമ്പോൾ,

ഈറൻ മാറാത്തൊരിരുട്ടറയായി ഭൂമി മാറിമറിയുമ്പോൾ,
പ്രത്യാശ ഉള്ളിൽ പെട്ടുപോയൊരു വാവലിനെപ്പോലെ
കുഴഞ്ഞുപോയ ചിറകുകൾ കൊണ്ടു ചുമരുകളിൽച്ചെന്നടിക്കുമ്പോൾ,
പൂതലിച്ച മച്ചിലതു വിഭ്രാന്തമായി തല കൊണ്ടിടിക്കുമ്പോൾ,

കൂറ്റനൊരു തടവറയുടെ കനത്ത കമ്പിയഴികൾ പോലെ
തോരാമഴയുടെ നരച്ച നാരുകൾ ചുറ്റും വന്നു വീഴുമ്പോൾ,
നികൃഷ്ടമായൊരു ചിലന്തിപ്പറ്റം ഒച്ചയനക്കമില്ല്ലാതെ 
ഞങ്ങളുടെ തലയ്ക്കുള്ളിലതിന്റെ വല വിരിക്കുമ്പോൾ,

പൊടുന്നനേ കൂട്ടത്തോടെ മണികൾ പിടഞ്ഞുണരുന്നു,
ഭീഷണമായൊരാക്രോശമാകാശത്തേക്കെടുത്തെറിയുന്നു,
കൊട്ടിയടച്ച കാതിൽ തട്ടിവിളിച്ചുകരയുകയല്ലാതെ
മറ്റൊരു വഴിയില്ലാതെ ഗതിയറ്റലയുന്ന ആത്മാക്കൾ പോലെ.

വിലാപങ്ങളില്ലാതെ, പെരുമ്പറയില്ലാതെന്റെ ആത്മാവിലൂടെ
ശവമഞ്ചങ്ങളുടെ നീണ്ടനിരയതാ, സാവധാനം നീങ്ങുന്നു;
പരാജിതയായ പ്രത്യാശ തേങ്ങുന്നു; കൊടുംവേദനയെന്ന ഭീകരൻ
എന്റെ ചരിഞ്ഞ തലയോട്ടിയിൽ കറുത്ത ജയക്കൊടി നാട്ടുന്നു.


ബോദ്‌ലേർ - “അറയ്ക്കുന്നൊരു ജൂതത്തിക്കൊപ്പം...”



അറയ്ക്കുന്നൊരു ജൂതത്തിക്കൊപ്പമൊരു രാത്രി ഞാൻ കിടന്നു*,
ഒരു ശവത്തിനരികിൽ മറ്റൊരു ശവമെന്നപോലെ;
ആ വാടകയുടലിന്റെ കൂടെക്കിടക്കുമ്പോൾ 
എന്റെ തൃഷ്ണ നിരാകരിച്ച മറ്റൊരു സൗന്ദര്യത്തെ ഞാനോർത്തു.

അവളുടെ നിസ്സർഗ്ഗപ്രതാപം ഞാൻ മനസ്സിൽ കണ്ടു,
ഊർജ്ജവും ചാരുതയും ചേർന്ന നോട്ടം ഞാൻ കണ്ടു,
ഓർമ്മകൾ കൊണ്ടുതന്നെ പ്രണയദാഹമുണർത്തുന്ന
പരിമളച്ചെപ്പു പോലുള്ള മുടിക്കെട്ടും കണ്ടു.

ഉത്കടാവേശത്തോടെ നിന്നെ ഞാൻ ചുംബിച്ചേനെ,
കുളിരുന്ന കാലടികളിൽ നിന്നു തഴച്ചിരുണ്ട മുടി വരെയ്ക്കും
ഊഷ്മളാശ്ളേഷങ്ങൾ കൊണ്ടു നിന്നെ ഞാൻ പൊതിഞ്ഞേനെ,

വെറുമൊരു കണ്ണീർത്തുള്ളി കൊണ്ടൊരു രാത്രിയെങ്കിലും
നിന്റെ തണുത്ത കണ്ണുകളിലെ തീനാളങ്ങളെ
ക്രൂരയായ റാണീ, നീയൊന്നു കെടുത്തിയിരുന്നെങ്കിൽ!

*ബോദ്‌ലേറുടെ ആദ്യത്തെ കാമുകിയായ സാറയാണ്‌ ഈ ‘ജൂതത്തി’ എന്നു കരുതപ്പെടുന്നു; തന്റെ പില്ക്കാലകാമുകിയായ ‘കറുത്ത വീനസ്’ ഷീൻ ദുവാലിനോടു പിണങ്ങിയാണ്‌ കവി  ആദ്യകാമുകിയിലേക്കു മടങ്ങിച്ചെല്ലുന്നത്. എന്നാൽ ഇവിടെയും അയാൾക്കു നഷ്ടബോധം തോന്നുന്നത് അവളുടെ പ്രബലസാന്നിദ്ധ്യത്തെക്കുറിച്ചോർത്താണ്‌!


ബോദ്‌ലേർ - ഒരു സുന്ദരിക്കു സ്തുതി



നീ സ്വർഗ്ഗത്തു നിന്നു പതിച്ചതോ, പാതാളത്തിൽ നിന്നുയർന്നതോ?
ദിവ്യമെന്നപോലെ നാരകീയവുമാണല്ലോ നിന്റെ നോട്ടം, സുന്ദരീ!
ധന്യതകൾക്കൊപ്പം അശുഭങ്ങളും അതിൽ നിന്നു കലങ്ങിയൊഴുകുന്നു,
അതുകൊണ്ടല്ലേ, മനുഷ്യർ നിന്നെ മദിരയോടുപമിക്കുന്നതും!

ഉദയാസ്തമയങ്ങൾ രണ്ടും നിന്റെ കണ്ണുകളിലൊതുങ്ങുന്നു,
കൊടുങ്കാറ്റൂതുന്ന രാത്രിപോലെ നീ പരിമളങ്ങൾ പാറ്റുന്നു,
നുരയുന്ന ചാറ നിന്റെ വദനം, നിന്റെ ചുംബനം മാദകപാനീയം,
വീരനെയതധീരനാക്കുന്നു, ബാലനെ ചുണക്കുട്ടിയാക്കുന്നു.

നീ വന്നതിരുണ്ട നരകത്തിൽ നിന്നോ നക്ഷത്രങ്ങളിൽ നിന്നോ?
വളർത്തുനായയെപ്പോലെ വിധി നിന്നെപ്പിരിയാതെ നടക്കുന്നു;
തന്നിഷ്ടം പോലെ നീ ആനന്ദങ്ങളും ദുരിതങ്ങളും വിതറിനടക്കുന്നു,
ആരെയും ഭരിക്കുന്നവൾ, ആരുടെയും വിളിപ്പുറത്തുമല്ല നീ.

സുന്ദരീ, കൊലച്ചിരിയുമായി നീ ശവങ്ങളിൽ ചവിട്ടി നടക്കുന്നു;
നിന്റെയാഭരണങ്ങളിൽ പകിട്ടു കുറഞ്ഞതല്ലല്ലോ ഉൾക്കിടിലം,
നിന്റെയാഭരണങ്ങളിൽ പകിട്ടൊട്ടും കുറയാത്ത നരഹത്യ
നിന്റെയുദരത്തിലുരുമ്മിക്കൊണ്ടു നൃത്തം വയ്ക്കുന്നു.

ദീപമേ, കണ്ണഞ്ചിക്കൊണ്ടു നിന്നിലേക്കു പറന്നെത്തുന്ന ശലഭം
നാളത്തിൽ വീണു കരിയുമ്പോൾ പറയുന്നു: ധന്യം, ഈ ദഹനം!
കിതച്ചും കൊണ്ടു കാമുകിയ്ക്കു മേൽ ചായുന്ന കാമുകനെക്കണ്ടാൽ
സ്വന്തം കുഴിമാടത്തെത്തലോടുന്ന മരണാസന്നനെപ്പോലെ!

നീ വരുന്നതു സ്വർഗ്ഗത്തു നിന്നോ നരകത്തിൽ നിന്നോ ആകട്ടെ,
ഭീതിദയും ഭീമാകൃതിയും വിദഗ്ധയുമായ സത്വമേ, സുന്ദരീ!
ഞാൻ സ്നേഹിക്കുന്ന, അദൃശ്യമായ അനന്തതയിലേക്കുള്ള വഴി
നിന്റെ കണ്ണുകൾ, ചിരികൾ, കാലടികളെനിക്കു തുറക്കുമെങ്കിൽ!

ദൈവത്തിൽ നിന്നോ പിശാചിൽ നിന്നോ? മാലാഖയോ യക്ഷിയോ?
ആരുമായിക്കോളു നീ, സൂര്യപടക്കണ്ണുകളുള്ള മോഹിനീ!
ലോകത്തിന്റെ ഭാരവും കാലത്തിന്റെ വൈരസ്യവും സഹനീയമാക്കാൻ
നിന്റെ ഗന്ധം, നിന്റെ താളം, നിന്റെ തിളക്കമുതകുമെങ്കിൽ!


2021, ഏപ്രിൽ 3, ശനിയാഴ്‌ച

ബോദ്‌ലേർ - സിസിന



ഡയാനയെ മനസ്സിൽ കാണൂ, മൃഗയക്കിറങ്ങിയവളെ,
അടിക്കാടടിച്ചൊതുക്കിക്കാട്ടിലൂടെക്കുതിക്കുന്നവളെ,
വേട്ടയുടെ ലഹരിയിൽ മാറിടം തുറന്നും മുടി പാറിച്ചും
ഏതു കുതിരക്കാരനെയും പിന്നിലാക്കിപ്പായുന്നവളെ!

തെറോയിനെ അറിയുമോ, ചോരയ്ക്കു ദാഹിക്കുന്നവളെ,
ചെരുപ്പു പോലുമില്ലാത്തൊരു തെരുക്കൂട്ടത്തെ നയിച്ചും
കണ്ണും കവിളുമാളിക്കത്തിച്ചു തന്റെ വേഷം നന്നായഭിനയിച്ചും
കയ്യിൽ വാളുമേന്തി കൊട്ടാരപ്പടവോടിക്കയറുന്നവളെ?

അതാണ്‌ സിസിന! ഈ പടയാളിപ്പെണ്ണു പക്ഷേ,
നിഗ്രഹോത്സുകയെന്നപോലെ വരദായിനിയുമത്രെ;
വെടിമരുന്നും പെരുമ്പറകളുമവളെ കലി കൊള്ളിക്കുമ്പോഴും

ശരണാർത്ഥികൾക്കു മുന്നിലവൾ ആയുധങ്ങൾ താഴെവയ്ക്കും,
താൻപോരിമ തെളിയിച്ചവരെ തനിക്കു മുന്നിൽ കാണുമ്പോൾ
ആ ജ്വലിക്കുന്ന ഹൃദയം കണ്ണീരിന്റെ തടാകവുമാകും!
*

സിസിന (Sisina)- മദാം സബാത്തിയേയുടെ ഇറ്റാലിയൻ സ്നേഹിതയായ എലിസാ നിയേരിയ്ക്ക് ബോദ്ലെയർ നല്കിയ പേര്‌; നെപ്പോളിയൻ മൂന്നാമനെ വധിക്കാൻ ശ്രമിച്ച ഓർസിനിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ വിപ്ളവകാരികളോട് ഇവർക്കുള്ള അനുഭാവം വലിയ ചർച്ചാവിഷയമായിരുന്നു.
തെറോയിൻ-Theroigne de Mericourt, ഫ്രഞ്ചുവിപ്ളവനായിക; വേഴ്സായ് കൊട്ടാരത്തിന്റെ കോണിപ്പടികൾ ഉപരോധിച്ചതിവരായിരുന്നു.

ബോദ്‌ലേർ - ഇവിടെ നിന്നകലെ



ഇതാണാ പാവനമായ ഭവനം,
ഇവിടെയാണവൾ ചമയങ്ങളെല്ലാമണിഞ്ഞും
ഏതതിഥിക്കും സന്നദ്ധയായും

പനവിശറി കൊണ്ടു മാറിടം വീശിയും
പതുപതുത്ത തലയിണയിൽ കൊടുംകൈ കുത്തിയും
ജലധാരകളുടെ തേങ്ങലിനു കാതോർക്കുന്നതും;

ഇതത്രേ, ഡോറത്തിയുടെ കിടപ്പറ.
അകലെ, താരാട്ടിന്റെ തേങ്ങുന്ന താളത്തിൽ
തെന്നലും ചോലയും ഇവൾക്കായി പാടുന്നു;
ഇത്രയും ലാളന കിട്ടിയ മറ്റൊരു വേശ്യയുണ്ടോ?

അടി തൊട്ടു മുടിയോളമുടലുടനീളം
സാമ്പ്രാണിയും സുഗന്ധതൈലവും പൂശി
സ്നിഗ്ധചർമ്മത്തോടവളുടെ മേനി മിനുങ്ങുമ്പോൾ
-മുറിയുടെ കോണിൽ പൂക്കൾ മൂർച്ഛിക്കുന്നു.
**

റീയൂണിയൻ ദ്വീപിൽ വച്ചു പരിചയിച്ച ഡോറത്തിയെക്കുറിച്ചെഴുതിയത്. ഇതേ ഡോറത്തിയുടെ ഇതിലും ശക്തവും വിശദവുമായ പ്രതിപാദനമാണ്‌ ‘ഡോറത്തി എന്ന സുന്ദരി’ എന്ന പേരിലുള്ള ഗദ്യകവിത.

2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

ബോദ്‌ലേർ - കിത്തെറായിലേക്കൊരു യാത്ര



എന്റെ ഹൃദയം ആഹ്ലാദത്തിന്റെ ചിറകേറിയൊരു പക്ഷിയായിരുന്നു,
കമ്പക്കയറുകൾക്കിടയിലൂടതു സ്വൈരമായി വിഹരിക്കുകയായിരുന്നു;
തെളിഞ്ഞ മാനത്തിനു ചുവട്ടിലൂടെ ഞങ്ങളുടെ യാനമൊഴുകുകയായിരുന്നു,
ഭാസുരമായ സൂര്യവെളിച്ചം കുടിച്ചുന്മത്തനായൊരു മാലാഖയെപ്പോലെ.

ഏതാണാ ഇരുളടഞ്ഞ, മ്ളാനമായ ദ്വീപ്?
അതല്ലേ, കിത്തെറാ! പാട്ടുകളിൽ പേരു കേട്ടൊരു ദേശം,
അവിവാഹിതരായി നരയ്ക്കുന്ന പുരുഷന്മാരുടെ എൽ ഡൊറാഡോ.
എന്നാൽ നോക്കൂ; എത്ര ദരിദ്രവും വിരസവുമാണത്.

നിഗൂഢാനന്ദങ്ങളുടേയും മദിരോത്സവങ്ങളുടേയും നാടേ!
പ്രാക്തനയായ വീനസ്ദേവിയുടെ അഭിജാതമായ മായാരൂപം
നിന്റെ കടലിനുമേലൊരു പരിമളം പോലെ തങ്ങിനില്ക്കുന്നു,
പ്രണയവുമാലസ്യവും കൊണ്ടു ഞങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കുന്നു.

പച്ചക്കൊളുന്തുകളുടേയും വാടാത്ത പൂക്കളുടേയും നാടേ,
ഏതൊരാളുമൊരിക്കലെത്താൻ മോഹിച്ച പവിത്രദേശമേ,
കാമുകഹൃദയങ്ങളുടെ ചുടുനിശ്വാസങ്ങളന്നുയർന്നിരുന്നു,
പനിനീർപ്പൂക്കാടുകൾക്കു മേൽ പരിമളം പോലെ,

മാടപ്രാവുകളുടെ തീരാത്ത കുറുകൽ പോലെ;
എന്നാലിന്നു കിത്തെറ മുൾക്കാടു കേറിയൊരു മുനമ്പു മാത്രം,
കാറിയ കിളിയൊച്ചകൾ കീറിമുറിയ്ക്കുന്ന മരുപ്രദേശം.
എന്നാലവിടെ ഞാൻ വിചിത്രമായൊരു ദൃശ്യം കണ്ടു!

മരങ്ങളുടെ നിഴല്പാടിലൊളിഞ്ഞ പുരാതനദേവാലയമല്ല,
താലോലിക്കുന്ന തെന്നലിനായി മാറിടം തുറന്നിട്ടും
നിഗൂഢതൃഷ്ണകളുടെ തീനാളങ്ങളിലുടലെരിഞ്ഞും
പൂക്കളിറുക്കുന്ന യുവതിയായ പൂജാരിണിയെയല്ല.

തിരകൾ വകഞ്ഞും കൊണ്ടു ഞങ്ങളുടെ നൗക തീരമടുത്തപ്പോൾ,
വെളുത്ത കപ്പല്പായകൾ കണ്ടു പറവകൾ വിരണ്ടുയർന്നപ്പോൾ,
ഞങ്ങൾ കണ്ടത് മൂന്നു കവരങ്ങളുള്ളൊരു കഴുമരമായിരുന്നു,
നെടിയ സൈപ്രസ് മരം പോലെ മാനത്തതിരുണ്ടുയർന്നു നിന്നു.

അതിൽ കഴുവേറ്റിയ മനുഷ്യന്റെ അഴുകിത്തുടങ്ങിയ ശവത്തിന്മേൽ
ഭീഷണരായ കഴുകന്മാർ കൊത്തിപ്പറിക്കുകയായിരുന്നു;
ഓരോ ജന്തുവും വൃത്തികെട്ട വളഞ്ഞ കൊക്കുകൾ
ആ ജീർണ്ണതയുടെ ഓരോ കോണിലും കുത്തിക്കയറ്റുകയായിരുന്നു.

കണ്ണുകൾ രണ്ടു കുഴികളായിരുന്നു, വയറു പിളർന്നുകിടന്നിരുന്നു,
നീലിച്ച കുടൽമാല പുറത്തുചാടി തുടകളിൽ പിണഞ്ഞുകിടന്നിരുന്നു,
ബീഭത്സാനന്ദങ്ങളാൽ വയറു നിറഞ്ഞ ആ ജന്തുക്കൾ
കൊക്കുകൾ കൊണ്ടയാളെ ഷണ്ഡനാക്കുകകൂടിച്ചെയ്തിരുന്നു.

പാദങ്ങൾക്കടിയിലായി അസൂയ പെരുത്ത ഒരു നാല്ക്കാലിപ്പറ്റം
മോന്തകളുയർത്തിപ്പിടിച്ചു തിക്കിത്തിരക്കിയിരുന്നു;
അവയിൽ വലിപ്പം മുഴുത്ത ഒരു ജന്തു വട്ടം ചുറ്റി നടക്കുന്നു,
ആരാച്ചാർ തന്റെ സഹായികൾക്കിടയിലെന്നപോലെ!

കിത്തെറാ നിവാസീ, ഇത്ര തെളിഞ്ഞൊരാകാശത്തിന്റെ സന്തതീ,
ഘോരപീഡനങ്ങൾ മൗനമായി സഹിക്കുകയാണോ നീ,
ഇത്രനാൾ നീയാചരിച്ച നിഷിദ്ധവിശ്വാസങ്ങൾക്കും
നിനക്കു ശവക്കുഴി വിലക്കിയ പാപങ്ങൾക്കും പരിഹാരമായി?

കഴുവേറ്റിയ പരിഹാസ്യനേ, നിന്റെ വേദനകളെന്റേതുതന്നെ!
നിന്റെ കുഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ കണ്ടപ്പോൾ
തൊണ്ടയിൽ നിന്നു പല്ലുകളിലേക്കൊരു മനംപുരട്ടലിരച്ചുകേറുന്നു,
പഴയ വേദനകളുടെ പിത്തവെള്ളത്തിലെന്റെ വായ കയ്ക്കുന്നു.

നിന്റെ മുന്നിൽ നില്ക്കുമ്പോൾ, ഓർമ്മയിലെന്നുമുള്ള സത്വമേ,
യൗവ്വനത്തിലെന്റെയുടൽ വിരുന്നാക്കിയാനന്ദിച്ച ജന്തുക്കൾ,
കരുണയറ്റ കാക്കകൾ, അറുക്കവാൾപല്ലുകളുള്ള കരിമ്പുലികൾ,
അവയുടെ പല്ലും നഖങ്ങളും പിന്നെയുമെന്നിലാഴുന്നതു ഞാനറിഞ്ഞു.

ആകാശം ചേതോഹരമായിരുന്നു, കടൽ കണ്ണാടിപോലായിരുന്നു,
എന്റെ ലോകം പക്ഷേ, ചോരയുമിരുട്ടും മാത്രമായി;
ഇരുളു നെയ്ത ശവക്കച്ച കൊണ്ടെന്നപോലെന്റെ ഹൃദയം
ആ വൈരൂപ്യത്തിന്റെ ചിത്രത്തിൽ ഞാൻ മൂടിയിട്ടു.

നിന്റെ ദ്വീപിൽ, ഹേ വീനസ്, ഞാൻ കണ്ടതിതു മാത്രം,
എന്റെ രൂപം തൂങ്ങിയാടുന്നൊരു കഴുമരത്തിന്റെ പ്രതീകം...
സ്വദേഹത്തെയും ഹൃദയത്തെയുമറപ്പില്ലാതെ നോക്കിക്കാണാൻ
മനക്കരുത്തും ബലവുമെനിക്കു തരേണമേ, ദൈവമേ!

കിത്തെറാ Cythera- പെലോപ്പൊണീസിനു തെക്കുള്ള ഒരു ഗ്രീക്കുദ്വീപ്; പ്രണയത്തിന്റെ ദേശമെന്ന നിലയിൽ ഇതിഹാസപ്രസിദ്ധമായിരുന്നു.

2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

ബോദ്‌ലേർ - ഹ്യൂട്ടോൺടിമൊറോമിനോസ്


കോപമില്ലാതെ, പകയില്ലാതെ, നിന്നെ ഞാൻ പ്രഹരിക്കും,
കശാപ്പുകാരൻ മൂരിയെപ്പോലെ,
പണ്ടു മോശ പാറയിലാഞ്ഞടിച്ചപോലെ!
നിന്റെ കണ്ണുകളുടെ തടയണ ഞാൻ വെട്ടിമുറിക്കും,

നിന്റെ നോവിന്റെ കണ്ണീർപ്പുഴ ഞാനൊഴുക്കിവിടും,
അതു കുടിച്ചെന്റെ ദാഹത്തിന്റെ സഹാറ കുതിരും,
എന്റെ തൃഷ്ണ, പ്രത്യാശ കൊണ്ടാകെച്ചീർത്തവൾ,
നിന്റെ കയ്ക്കുന്ന കണ്ണീരിലൊഴുകിനടക്കും,

യാത്രയ്ക്കു പായ തിരിച്ച നൗക പോലെ;
നിന്റെ യാതന കുടിച്ചുന്മത്തമായ എന്റെ ഹൃദയത്തിൽ
നിന്റെ മുഗ്ധമായ തേങ്ങലുകൾ മാറ്റൊലിക്കും,
പടനിലത്തു പെരുമ്പറ പോലെ!

ശ്രുതിഭദ്രമായ സ്വർഗ്ഗീയസംഗീതത്തിൽ
ഞാൻ വെറുമൊരപശ്രുതിയല്ലേ,
വാളു പോലെന്നെ വെട്ടിക്കീറുന്ന
ആർത്തി പെരുത്ത വിരുദ്ധോക്തി കാരണം?

എന്റെ ശബ്ദത്തിലുണ്ടവൾ, ആ കലഹക്കാരി!
എന്റെ ചോരയിലുണ്ടവൾ, ആ കരാളവിഷം!
ആ പെൺചെന്നായക്കു മുഖം നോക്കാൻ
കുടിലമായ കണ്ണാടിയും ഞാൻ തന്നെ!

മുറിവു ഞാൻ, മുറിവേല്പിച്ച കഠാരയും ഞാൻ!
കവിളു ഞാൻ, കവിളത്തു വീണ പ്രഹരവും ഞാൻ!
ചക്രം ഞാൻ, ചതഞ്ഞരഞ്ഞ കൈകാലുകൾ ഞാൻ!
പീഡകനും പീഡിതനും ഞാൻ!

സ്വന്ത ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സാണു ഞാൻ
-ദൈവശാപമേറ്റു പരിത്യക്തരായവരിലൊരാൾ:
എന്നും പൊട്ടിച്ചിരിക്കാൻ വിധിക്കപ്പെട്ടവരാണവർ,
എന്നാലൊന്നു പുഞ്ചിരിക്കാൻ പോലുമാകാത്തവർ!
***

ഹ്യൂട്ടോൺടിമോറൊമിനോസ്  Héautontimorouménos - സ്വയം പീഡിപ്പിക്കുന്നവൻ എന്നർത്ഥം വരുന്ന ഗ്രീക്കുപദം. റോമൻ നാടകകൃത്തായ ടെറെൻസിന്റെ ഒരു രചനയും ഇതേ പേരിലുണ്ട്.