2021, ഡിസംബർ 19, ഞായറാഴ്‌ച

ആർ. എസ്. തോമസ് - വരവ്



ദൈവത്തിന്റെ കയ്യിൽ
ഒരു ചെറുഗോളമുണ്ടായിരുന്നു.
നോക്കൂ, അവൻ പറഞ്ഞു.
പുത്രൻ നോക്കി.
അങ്ങകലെ, ജലത്തിലൂടെന്നപോലെ
അവൻ കണ്ടു,
തീക്ഷ്ണവർണ്ണമായ,
വരണ്ടുണങ്ങിയ ഒരു ദേശം.
വെളിച്ചം അവിടെ എരിയുകയായിരുന്നു,
മൊരി പിടിച്ച വീടുകൾ
നിഴലുകൾ വീഴ്ത്തിയിരുന്നു,
ഒരു ദീപ്തസർപ്പം, 
ചെളി തിളങ്ങുന്നൊരു പുഴ,
ചുറയഴിഞ്ഞൊഴുകിയിരുന്നു.

നഗ്നമായ ഒരു കുന്നിൽ
നഗ്നമായ ഒരു മരം
ആകാശത്തെ മ്ളാനമാക്കിയിരുന്നു.
മനുഷ്യർ അതിനു നേർക്കു
മെലിഞ്ഞ കൈകൾ നീട്ടിയിരുന്നു,
മറഞ്ഞുപോയൊരേപ്രിൽ മാസം
അതിന്റെ കൂടിപ്പിണഞ്ഞ ചില്ലകളിലേക്കു
മടങ്ങിവരുമെന്നപോലെ.
പുത്രൻ അവരെ നോക്കിയിരുന്നു.
ഞാൻ അവിടേയ്ക്കു പോകട്ടെ,
അവൻ പറഞ്ഞു.


2021, ഡിസംബർ 15, ബുധനാഴ്‌ച

തദേവുഷ് ദബ്രോവ്സ്കി - കവിതകൾ



കവിയും ലേഖകനുമായ തദേവുഷ് ദബ്രോവ്സ്ക്കി Tadeusz Dąbrowski (ജ.1979) “പോളിഷ് കവിതയുടെ പ്രതീക്ഷ” എന്നു വാഴ്ത്തപ്പെടുന്നു. Black Square, Posts എന്നിവയാണ്‌ ഇംഗ്ലീഷിൽ ലഭ്യമായ പുസ്തകങ്ങൾ.


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല...


ആപ്പിൾ എന്ന വാക്കിൽ ഒരു സത്യവും അടങ്ങുന്നില്ല,
അതിന്റെ രൂപമോ നിറമോ മണമോ രുചിയോ അതിലില്ല.
സത്യം കാണാനോ മണക്കാനോ രുചിക്കാനോ ഉള്ളതല്ല.
ആപ്പിൾ എന്നു പറയുമ്പോൾ നിങ്ങളതു കഴിക്കുന്നില്ല.

ആപ്പിൾ എന്ന വാക്കിനും ആപ്പിൾ-സത്യത്തിനുമിടയിലെ
ഇടത്താണ്‌ ആപ്പിൾ സംഭവിക്കുന്നത്.
മരണം എന്ന വാക്കിനും മരണ-സത്യത്തിനുമിടയിലെ
ഇടമാണ്‌ ഏറ്റവും വിപുലമായ ഇടം.
ജീവിതം സംഭവിക്കുന്നത് അവിടെയാണ്‌.
സത്യം എന്ന വാക്കിനും സത്യത്തിനുമിടയിൽ സംഭവിക്കുന്നതാണ്‌

മരണം


.ചിന്തകളുടെ ഇറക്കത്തിനും...



ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ
നിത്യതയുടെ ഒരു മിനുട്ടെനിക്കു കിട്ടി, രൂപകങ്ങൾ ശേഖരിക്കാൻ.

ഏന്നാൽ ആദ്യത്തേതു കുനിഞ്ഞെടുക്കാൻ തുടങ്ങും മുമ്പേ
എനിക്കു മേലൊരു തിരയടിച്ചുകയറി, 
വിക്ഷുബ്ധനിദ്രയെന്നെ മുക്കിത്താഴ്ത്തി.
സൂര്യനതിന്റെ വിരലുകൾ കൊണ്ടെന്റെ കണ്ണുകളിൽ കുത്തുകയായിരുന്നെന്നതിനാൽ
അല്പനേരം കഴിഞ്ഞു ഞാനുണർന്നു.
കാര്യമായിട്ടൊന്നും എനിക്കോർമ്മവന്നില്ല.
എന്റെ വലതുകീശയിൽ ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു,
ഒരു കടല്ച്ചൊറി വലത്തേതിലും,
എന്റെ വായിൽ- മണലും.


ആധുനികകവിത



ഒരു വവ്വാലിനെപ്പോലെയാണ്‌,
അതിന്റെ ആവാസം നിലവറകളിലാണ്‌,
തട്ടുമ്പുറങ്ങളിലും ഗുഹകളിലുമാണ്‌,
പകലത് ഉറക്കത്തിലായിരിക്കും,
പിന്നത് രാത്രിയിൽ വേട്ടയ്ക്കിറങ്ങുന്നു,
തല കീഴ്ക്കാമ്പാട് തൂങ്ങിക്കിടക്കുന്നു.

അതിനെ ഒരു പക്ഷിയോടുപമിക്കാൻ
ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരും.

അതന്ധമാണ്‌,
അത് സിഗ്നലുകളയക്കുന്നു,
അത് സിഗ്നലുകൾ സ്വീകരിക്കുന്നു,
ഇങ്ങനെ പറയാം:
അതതിനെ മാത്രമേ കേൾക്കുന്നുള്ളു.

അത് മനുഷ്യരക്തം കുടിക്കുമെന്ന് 
ആളുകൾ കരുതിയിരുന്നു,
എന്നാൽ ഒരീച്ചയെ കിട്ടിയാൽ,
ഒരു പാറ്റയെ, ഒരു നിശാശലഭത്തെ കിട്ടിയാൽ
അതിനു തൃപ്തിയായി.

ചെറുതായിരുന്നപ്പോൾ
സന്ധ്യക്കു ഞാൻ
‘വവ്വാൽ വേട്ട’യ്ക്കു പോയിരുന്നു.

ഞാൻ മുകളിലേക്കു കല്ലുകളെടുത്തെറിയും,
വവ്വാലതിനു നേർക്കു പറന്നിറങ്ങും,
അതൊരു പറ്റിക്കലായിരുന്നുവെന്ന്
അവസാനനിമിഷം മനസ്സിലാകുമ്പോൾ
പെട്ടെന്നതു ദിശ മാറ്റി പറന്നുപോകും.

ചിലനേരം കല്ല് വലുതാണെങ്കിൽ
അതിൽ ചെന്നിടിച്ച്
വവ്വാൽ നിലത്തു വീഴും.

കവിത, അതു കവിതയാണെങ്കിൽ,
ഒരു വെള്ളാരങ്കല്ലിനെ ഓർമ്മിപ്പിക്കും,
ചിലനേരത്തൊരിഷ്ടികയേയും.

കവിതയുടെ കാര്യം ഇങ്ങനെയാണ്‌...



കവിതയുടെ കാര്യം ഇങ്ങനെയാണ്‌: 
നിങ്ങൾ കടലിൽ പോകുന്നു, 
വലയെറിയുന്നു,
കോടിക്കോടി ടണ്ണുകളുടെ വെള്ളത്തിലൂടെ
വല വലിച്ചുകേറ്റുന്നു,
ഒടുവിൽ ഭീമാകാരനായ ഒരു ഞണ്ടിനെ
നിങ്ങൾക്കു കിട്ടുന്നു,
നിങ്ങളെപ്പോലെതന്നെ,
അതു നിങ്ങളോടു പറയുകയാണ്‌:
ഈ നശിച്ച മീൻപിടുത്തം
തനിക്കു മറ്റെവിടെയെങ്കിലും
ചെയ്തുകൂടായിരുന്നു?




“എന്റെ എഴുത്തു നടക്കുന്നിടം”


എന്റെ എഴുത്തു നടക്കുന്നിടം എല്ലായ്പോഴും കവിതയുടെ ഇടം ആകണമെന്നില്ല, അല്ലെങ്കിൽ വല്ലപ്പോഴുമേ അങ്ങനെയാകുന്നുള്ളു. മേശ സ്ഥിരതയുടെ പര്യായമാണ്‌; എന്റെ കവിത വരുന്നത് ചലനത്തിൽ നിന്നാണ്‌, ഭൂമിശാസ്ത്രപരമായ, അല്ലെങ്കിൽ അതിലും പ്രധാനമായി, മാനസികമായ അതിരുകൾ മുറിച്ചുകടന്നിട്ടാണ്‌. അതിലംഘനത്തിൽ നിന്ന്.

അതിനാൽ, ഞാൻ കാവ്യദേവതകളുമായി കളിക്കുകയാണെന്ന്, കൃത്യമായി പറഞ്ഞാൽ അവർ എന്റെ കൂടെ കളിക്കുകയാണെന്ന് പറയാം; വ്യത്യസ്തവും അപ്രതീക്ഷിതവുമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും. എന്നാൽ എന്റെ മേശ കൈത്തൊഴിലിന്റെ മേഖലയാണ്‌; അതിനാണ്‌ ഗ്രീക്കുകാർ techne എന്ന വാക്കു കൊണ്ടു സൂചിപ്പിക്കുന്നത്.

“ചിന്തകളുടെ ഇറക്കത്തിനും ഉറക്കത്തിന്റെ ഏറ്റത്തിനുമിടയിൽ നിത്യതയിൽ നിന്നൊരു മിനുട്ട് എനിക്കു കിട്ടുന്നു, രൂപകങ്ങൾ ശേഖരിക്കാൻ...” എന്നു ഞാനൊരു കവിതയിൽ എഴുതിയിരുന്നു. നിഗൂഢത നിറഞ്ഞ ആ ‘ഇട’യിൽ നിന്നുതന്നെയാണ്‌ കവിത വരുന്നത്- പകലിനും രാത്രിക്കും, ഹേമന്തത്തിനും വസന്തത്തിനും, സൂര്യനും കൊടുങ്കാറ്റിനും, പ്രേമത്തിനും കാമത്തിനും, എനിക്കും എന്നിലെ സാദ്ധ്യതകൾക്കുമിടയിൽ നിന്ന്, വാക്കിനും വിഷയത്തിനുമിടയിൽ നിന്ന്. ബാറിനും ലൈബ്രറിക്കുമിടയിൽ നിന്ന്.

(തദേവുഷ് ദബ്രോവ്സ്ക്കി തന്റെ എഴുത്തുമേശയെക്കുറിച്ച്)



ചാൾസ് സിമിക് - കവിതകൾ

 

ശീർഷകമില്ലാത്ത കവിത


കാരീയത്തോടു ഞാൻ ചോദിച്ചു,
നീയെന്തിനാണ്‌ വെടിയുണ്ടയായി വാർത്തെടുക്കാൻ
നിന്നുകൊടുത്തത്?
ആൽക്കെമിസ്റ്റുകളുടെ കാര്യം
നീ മറന്നുപോയോ?
സ്വർണ്ണമായി മാറാമെന്ന പ്രതീക്ഷ
നീ കൈവെടിഞ്ഞോ?

ആരും മറുപടി തരുന്നില്ല.
കാരീയം. വെടിയുണ്ട.
ഇത്തരം പേരുകളുള്ളപ്പോൾ
ഉറക്കം അഗാധവും ദീർഘവുമാകുന്നു.
*

പേടി


ഒരാളിൽ നിന്നൊരാളിലേക്ക്
ഭീതി പകരുന്നു,
അവരറിയാതെ.
ഒരില മറ്റൊന്നിലേക്ക്
വിറ പകരുമ്പോലെ.

പൊടുന്നനേ മരമാകെ വിറകൊള്ളുകയായി.
കാറ്റിന്റെ ലക്ഷണമൊന്നും കാണാനുമില്ല.
*

തണ്ണിമത്തങ്ങകൾ


പഴക്കടകളിൽ
ഹരിതബുദ്ധന്മാർ.
നാം പുഞ്ചിരി കഴിക്കുന്നു,
പല്ലുകൾ തുപ്പിക്കളയുന്നു.
*

ജനുവരി


ഒരു കൊച്ചുസ്കൂൾകെട്ടിടത്തിന്റെ
മഞ്ഞുറഞ്ഞ ജനാലയിൽ
കുട്ടികളുടെ വിരല്പാടുകൾ.

ഒരു സാമ്രാജ്യം, ഞാനെവിടെയോ വായിച്ചു,
സ്വയം നിലനിർത്തിപ്പോരുന്നത്
അതിന്റെ തടവറകളിലെ ക്രൂരതകളിലൂടെയാണ്‌
*

എന്റെ വലംകൈവിരലുകൾക്ക്‌

1
പെരുവിരൽ
ഒരു കുതിരയുടെ ആടുന്ന പല്ല്
തന്റെ പിടകൾക്കൊരു പൂവൻ
ഒരു പിശാചിന്റെ കൊമ്പ്‌
ജനനവേളയിൽ
അവരെന്റെ മാംസത്തോടൊട്ടിച്ചുവിട്ട
തടിയൻ വിര
അവനെ അടക്കിനിർത്താൻ
ഞൊട്ടയൊടിയും വരെ
രണ്ടായി വളയ്ക്കാൻ
നാലാളു വേണ്ടിവരുന്നു.

അവനെ മുറിച്ചുതള്ളൂ
സ്വന്തം കാര്യം നോക്കാൻ ആളാണവൻ
ഭൂമിയിൽ വേരു പിടിക്കട്ടെ
അല്ലെങ്കിൽ ചെന്നായ്ക്കളോടൊത്ത്‌
വേട്ടയ്ക്കു പോകട്ടെ.

2
രണ്ടാമൻ വഴി ചൂണ്ടുന്നു
സത്യമായ വഴി
ആ പാത ചന്ദ്രനെയും
ചില നക്ഷത്രങ്ങളെയും കടന്നുപോകുന്നു
ശ്രദ്ധിക്കുക
അവൻ അതിനുമപ്പുറം ചൂണ്ടുന്നു
അവൻ തന്നെത്തന്നെ ചൂണ്ടുന്നു

3
നടുക്കത്തെയാളിനു നടുവേദനയാണ്‌
ഒരു വഴക്കവുമില്ലാത്തവൻ
ഈ ജീവിതത്തോടിനിയും പൊരുത്തപ്പെടാത്തവൻ
പിറവിയിലേ ഒരു കിഴവൻ
തനിക്കു കൈമോശം വന്ന എന്തോ ഒന്നാണ്‌
അവൻ എന്റെ കൈയിൽ തേടുന്നത്‌
കൂർത്ത പല്ലുള്ള നായ
ചെള്ളെടുക്കുന്നപോലെ.

4
നാലാമൻ നിഗൂഢതയത്രെ
ചിലനേരം എന്റെ കൈ
മേശമേൽ വിശ്രമിക്കുമ്പോൾ
ആരോ തന്നെ പേരുചൊല്ലി വിളിച്ചപോലെ
അവൻ ചാടിയെഴുന്നേൽക്കുന്നു.

ഓരോ എല്ലിനും വിരലിനും ശേഷം
ഞാൻ അവന്റെയടുക്കലെത്തുന്നു
മനഃക്ലേശത്തോടെ.

5
അഞ്ചാമനിലെന്തോ കുതറുന്നു
നിതാന്തമായി ജനനാരംഭവേളയിലുള്ള
എന്തോ ഒന്ന്
ദുർബലനും വഴങ്ങുന്നവനും
അവന്റെ സ്പർശം മൃദുവാണ്‌
അവനിൽ ഒരു കണ്ണീർത്തുള്ളി തങ്ങിനിൽക്കുന്നു

അവൻ കണ്ണിലെ കരടെടുക്കുന്നു.

*

എന്നെക്കുറിച്ച്
-------------------


നിദ്രാരഹിതരുടെ കിരീടം വയ്ക്കാത്ത രാജാവാണു ഞാൻ,
സ്വന്തം പ്രേതങ്ങളോടിപ്പോഴും വാളെടുത്തു പട വെട്ടുന്നവൻ,
മച്ചുകളും അടഞ്ഞ വാതിലുകളും വായിച്ചുപഠിക്കുന്നവൻ,
രണ്ടും രണ്ടും നാലാവണമെന്നു നിർബ്ബന്ധമില്ലെന്നു വാതു വയ്ക്കുന്നവൻ.

ശവമുറിയിൽ പാതിരാഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ
അക്കോർഡിയൻ വായിക്കുന്നൊരു സന്തുഷ്ടാത്മാവ്.
ഭ്രാന്തു പിടിച്ചവന്റെ തലയ്ക്കുള്ളിൽ നിന്നു രക്ഷപ്പെട്ടോടി
അയാളുടെ തലയ്ക്കരികിലെ ചുമരിൽ പറന്നുവന്നിരിക്കുന്നൊരീച്ച.

ഗ്രാമത്തിലെ പൂജാരിമാരുടേയും കരുവാന്മാരുടേയും പിൻഗാമി:
പ്രശസ്തരും അദൃശ്യരുമായ രണ്ടു ജാലവിദ്യക്കാരെ
മുറുമുറുത്തുകൊണ്ടു സഹായിക്കുന്ന അരങ്ങുതുണ;
ഒരാൾക്കു പേര്‌ ദൈവമെന്ന്, പിശാചെന്നു മറ്റേയാൾക്കും; എന്നു പറഞ്ഞാൽ,

ഞാനാരെന്നു ഞാൻ കരുതുന്നുവോ, അയാളാണു ഞാനെങ്കിൽ.


ചരിത്രപുസ്തകം


തിരക്കേറിയൊരു തെരുവിൽ വച്ച്
അതിന്റെ കുത്തഴിഞ്ഞ താളുകൾ
ഒരു കുട്ടി കണ്ടു.
അവൻ പന്തു തട്ടുന്നതു നിർത്തി
അവയുടെ പിന്നാലെ പോയി.

അവന്റെ കയ്യിൽ കിടന്നൊന്നു പിടഞ്ഞിട്ട്
അവ പറന്നുപോയി.
ചില തീയതികളും ഒരു പേരും 
അവന്റെ കണ്ണില്പെട്ടുവെന്നു മാത്രം.

നഗരപ്രാന്തമെത്തിയപ്പോൾ
കാറ്റിനവയിൽ താല്പര്യം നഷ്ടപ്പെട്ടു.
പഴയ റെയില്പാലത്തിനടുത്ത പുഴയിൽ
ചിലതു ചെന്നു വീണു.

പൂച്ചക്കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്നതവിടെയാണ്‌,
ആഡംബരനൗക കടന്നുപോകുന്നതതുവഴിയാണ്‌,
“വിജയം” എന്നാണതിന്റെ പേര്‌,
അതിൽ നിന്നൊരു ഞൊണ്ടി കൈ വീശിക്കാണിക്കുന്നുമുണ്ട്.


2021, ഡിസംബർ 14, ചൊവ്വാഴ്ച

ഫ്ലോബേർ- കലാദർശനം

 സുന്ദരമായി എനിക്കു തോന്നുന്നത്, ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ഒന്നിനെക്കുറിച്ചുമല്ലാത്ത ഒരു പുസ്തകമാണ്‌; ബാഹ്യമായതൊന്നിനേയും ആശ്രയിക്കാത്ത ഒരു പുസ്തകം; സ്വന്തം ശൈലിയുടെ ബലം കൊണ്ടുതന്നെ ഒരുമിച്ചുനില്ക്കുന്നത്, താങ്ങാൻ ഒന്നിനേയും ആശ്രയിക്കാതെ ശൂന്യതയിൽ തൂങ്ങിനില്ക്കുന്ന ഭൂമിയെപ്പോലെ. വിഷയം എന്നൊന്നു പറയാനില്ലാത്ത ഒരു പുസ്തകം; അല്ലെങ്കിൽ, വിഷയം പുറമേ കാണാനില്ലാത്തത്, അങ്ങനെയൊന്ന് സാദ്ധ്യമാണെങ്കിൽ. പ്രമേയം ഏറ്റവും കുറഞ്ഞ കൃതികളാണ്‌ ഏറ്റവും നല്ല രചനകൾ; ആവിഷ്കാരം ആശയത്തോടു കൂടുതൽ കൂടുതൽ അടുക്കുന്തോറും, ഭാഷ അതിനോടു കൂടുതൽ കൂടുതൽ ഏകീഭവിക്കുകയും ലയിക്കുകയും ചെയ്യുന്തോറും അന്തിമഫലം കൂടുതൽ നന്നാവുകയും ചെയ്യുന്നു. കലയുടെ ഭാവി കിടക്കുന്നത് ഈ ദിശയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കത്തിൽ നിന്നുള്ള അതിന്റെ വികാസം അങ്ങനെയാണെന്ന്, അത് കൂടുതൽ കൂടുതലായി സൂക്ഷ്മവും അലൗകികവുമാവുകയാണെന്ന് ഞാൻ കാണുന്നു, ഈജിപ്ഷ്യൻ കവാടങ്ങളിൽ നിന്ന് ഗോത്തിക് കമാനങ്ങളിലേക്കെന്നപോലെ, 20,000 വരികളുള്ള ഹിന്ദു കവിതകളിൽ നിന്ന് ബൈറന്റെ ആത്മപ്രവാഹങ്ങളിലേക്കെന്നപോലെ. രൂപം സ്വാധീനത്തിലാവുന്തോറും കൃശമായി കൃശമായിവരുന്നു; ഒരു ക്രമവും പ്രമാണവും അളവുകോലുമായും അതിനു ബന്ധമില്ലാതെവരുന്നു; ഇതിഹാസത്തിന്റെ സ്ഥാനത്ത് നോവൽ വരുന്നു, ഗദ്യത്തിന്റെ സ്ഥാനത്ത് താളത്തിലുള്ള വരികൾ വരുന്നു; യാഥാസ്ഥിതികത്വം ഇല്ലാതാവുന്നു, രൂപം അതിന്റെ സ്രഷ്ടാവിന്റെ ഇച്ഛയ്ക്കനുരൂപമായി സ്വതന്ത്രമാവുന്നു. വിഷയത്തിൽ നിന്നുള്ള ഈ മോചനം എവിടെയും കാണാം; ഭരണകൂടങ്ങൾ ഇങ്ങനെയൊരു പരിണാമത്തിൽ കൂടി കടന്നുപോയിട്ടുണ്ട്, പൗരസ്ത്യദേശത്തെ സ്വേച്ഛാധിപത്യങ്ങളിൽ നിന്ന് ഭാവിയിലെ സോഷ്യലിസത്തിലേക്ക്.

അതുകൊണ്ടു തന്നെയാണ്‌ കുലീനമായ വിഷയങ്ങളോ ഹീനമായ വിഷയങ്ങളോ ഇല്ലെന്നു പറയുന്നതും; വിഷയം എന്നൊരു വസ്തു ഇല്ലെന്ന് ശുദ്ധകലയുടെ നിലപാടിൽ നിന്നുകൊണ്ട് നമുക്കൊരു പ്രമാണം സ്ഥാപിക്കാവുന്നതേയുള്ളു; ശൈലി മാത്രമാണ്‌ വസ്തുക്കളെ കാണുന്നതിനുള്ള ആത്യന്തികമായ രീതി.
(1856 ജനുവരി 16ന്‌ ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)

എന്റെ പുസ്തകത്തിന്റെ ആകെയുള്ള മൂല്യം, അങ്ങനെയൊന്ന് അതിനുണ്ടെങ്കിൽ, അതിതായിരിക്കും- ലിറിസിസം, വൾഗാരിറ്റി എന്നീ രണ്ടു ഗർത്തങ്ങൾക്കു മുകളിൽ വലിച്ചുകെട്ടിയ ഒരു മുടിനാരിഴയ്ക്കു മേൽ പിഴയ്ക്കാതെ നേരേ നടന്നുപോകാൻ എനിക്കു കഴിഞ്ഞു. അതിനെക്കുറിച്ചോർക്കുമ്പോൾ ഞാൻ വിസ്മിതനായിപ്പോകുന്നു. അതേ സമയം, എത്രയധികം സൗന്ദര്യമാണ്‌ എന്നെ വിശ്വസിച്ചേല്പിച്ചിരിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ പേടിച്ചരണ്ടുപോവുകയും ചെയ്യുന്നു; മാംസപേശികൾ കൊളുത്തിവലിയ്ക്കുന്നപോലെ എനിക്കു തോന്നുന്നു, എവിടെയെങ്കിലും പോയി ഒളിച്ചുകളയാൻ വല്ലാത്ത ഒരാഗ്രഹം എനിക്കുണ്ടാവുകയും ചെയ്യുന്നു. പതിനഞ്ചു നീണ്ടകൊല്ലങ്ങളായി ഒരു വണ്ടിക്കാളയെപ്പോലെ ഞാൻ പണിയെടുക്കുകയായിരുന്നു. ഭ്രാന്തമായ ഒരു പിടിവാശിയോടെയാണ്‌ എന്റെ ഇതേവരെയുള്ള ജീവിതം ഞാൻ ജീവിച്ചത്; എന്റെ മറ്റെല്ലാ തൃഷ്ണകളേയും ഞാൻ കൂടുകളിൽ അടച്ചിട്ടിരുന്നു; ഇടയ്ക്കെപ്പോഴെങ്കിലും ഒരു മാറ്റത്തിനു വേണ്ടിമാത്രം ഞാൻ അവയെ പോയി കാണുകയും ചെയ്തിരുന്നു. ഹാ, ഞാൻ നല്ലൊരു പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ അതിനു വേണ്ടി പണിയെടുത്തിട്ടുമുണ്ട്! ബഫോണിന്റെ ആ ദൈവനിന്ദ സത്യമായിരുന്നെങ്കിൽ! (ദീർഘമായ ക്ഷമയാണ്‌ പ്രതിഭ.) അങ്ങനെയുള്ളവരുടെ മുൻപന്തിയിൽ ഞാനുമുണ്ടാവും.
(ഫ്ലോബേർ 1852 മാർച്ച് 20-21ന്‌ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്; തന്റെ മാസ്റ്റർപീസായ മദാം ബോവറി സാദ്ധ്യമാക്കിയ പ്രതിഭയെയാണ്‌ അദ്ദേഹം ക്ഷമാപൂർവ്വമായ അദ്ധ്വാനമാക്കി ചുരുക്കുന്നത്!)

ഏത് ഐന്ദ്രിയാനുഭവങ്ങളുടെ സഫലാവിഷ്കാരമാണോ കവിത, അവയെ ഒരിക്കലും അതിൽ നിന്നു മാറ്റിക്കണ്ടിട്ടില്ല, മ്യൂസ്സേ. ..നാഡികൾ, കാന്തശക്തി- അദ്ദേഹത്തിന്‌ കവിത അതൊക്കെയായിരുന്നു. യഥാർത്ഥത്തിൽ അത്രയും വിക്ഷുബ്ധമൊന്നുമല്ല, അത്. സംവേദനക്ഷമത കൂടിയ നാഡികൾ മാത്രമാണ്‌ കവിതയുടെ അവശ്യോപാധി എങ്കിൽ ഞാൻ ഷേക്സ്പിയറെയോ ഹോമറിനെയോ കവച്ചുവയ്ക്കുമായിരുന്നു. അത്തരം ആശയക്കുഴപ്പം ഒരു ദൈവദൂഷണം മാത്രമാണ്‌. എന്തിനെക്കുറിച്ചാണ്‌ ഞാൻ സംസാരിക്കുന്നതെന്ന് എനിക്കറിയാം: മുപ്പതു ചുവടുകൾക്കകലെ, അടച്ചിട്ട വാതിലുകൾക്കു പിന്നിൽ ആളുകൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നതു കേൾക്കാനുള്ള കഴിവെനിക്കുണ്ടായിരുന്നു; പുറത്തറിയുമാറ്‌ എന്റെ ആന്തരാവയവങ്ങൾ എന്റെ ചർമ്മത്തിനടിയിൽ വിറകൊള്ളുമായിരുന്നു; ചിലനേരം ഒരു നൊടിയിടയിൽ ഒരു കോടി ചിന്തകളും ചിത്രങ്ങളും സർവ്വവിധത്തിലുമുള്ള മാനസികാനുഭവങ്ങളും ഗംഭീരമായ ഒരു വെടിക്കെട്ടുപോലെ എന്റെ മനസ്സിനുള്ളിൽ പൊട്ടിത്തെറിക്കുമായിരുന്നു. ഇതെല്ലാം പക്ഷേ, വികാരങ്ങളോടു വളര ബന്ധപ്പെട്ടതാണെങ്കില്ക്കൂടി, സ്വീകരണമുറിയിലെ കൊച്ചുവർത്തമാനം പോലെയേയുള്ളു.

കവിത ഒരർത്ഥത്തിലും മനസ്സിന്റെ ഒരു ബലക്ഷയമല്ല; അതേസമയം മേല്പറഞ്ഞ നാഡീസംവേദനങ്ങൾ അങ്ങനെയാണുതാനും. അമിതമായ സംവേദനക്ഷമത ഒരു ദൗർബ്ബല്യമാണ്‌. വിശദീകരിക്കാം:
എന്റെ മനസ്സിനു ബലമുണ്ടായിരുന്നെങ്കിൽ നിയമപഠനവും മടുപ്പും കാരണം ഞാൻ രോഗിയാകുമായിരുന്നില്ല. ആ സാഹചര്യങ്ങൾ എന്നെ പരാജയപ്പെടുത്തുന്നതിനു നിന്നുകൊടുക്കുന്നതിനു പകരം ഞാനവയെ ഉപയോഗപ്പെടുത്തുമായിരുന്നു. എന്റെ അസന്തുഷ്ടി എന്റെ തലച്ചോറിനുള്ളിൽ ഒതുങ്ങിക്കിടക്കുന്നതിനു പകരം എന്റെ ശിഷ്ടദേഹത്തെക്കൂടി ബാധിച്ച് എന്നെ ഇളക്കിമറിക്കുകയാണു ചെയ്തത്. അതൊരു ‘വ്യതിയാന’മായിരുന്നു. സംഗീതം ശരീരത്തെ ദ്രോഹിക്കുന്ന കുട്ടികളെ പലപ്പോഴും നാം കണ്ടിട്ടുണ്ട്: അവർക്ക് നല്ല സിദ്ധികളുണ്ട്, ഒന്നു കേട്ടാൽ ഈണങ്ങൾ അവർക്കോർമ്മനില്ക്കും, പിയാനോ വായിക്കുമ്പോൾ അവർ ഉത്തേജിതരുമായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ പിന്നെ ആഞ്ഞിടിക്കുകയാണ്‌, അവർ മെലിയുകയും വിളറുകയും രോഗികളായി മാറുകയുമാണ്‌, അവരുടെ പാവം നാഡികൾ സ്വരങ്ങൾ കേൾക്കുമ്പോൾ വേദന കൊണ്ടു പുളയുകയാണ്‌-നായ്ക്കളെപ്പോലെ. അവർ ഒരിക്കലും ഭാവിയിലെ മൊസാർട്ടുമാർ ആകുന്നില്ല. അവരുടെ പ്രവൃത്തി അസ്ഥാനത്താണ്‌: ആശയം ഉടലിലേക്കു കടക്കുകയും അവിടെയത് വന്ധ്യമായി കിടക്കുകയും ഉടലിന്റെ നാശത്തിനു കാരണമാവുകയും ചെയ്യുകയാണ്‌. പരിണതഫലം പ്രതിഭയല്ല, ആരോഗ്യവുമല്ല.
കലയുടെ കാര്യവും ഇതുതന്നെ. വികാരാവേശം കൊണ്ട് കവിതയാകുന്നില്ല; നിങ്ങൾ എത്ര വ്യക്തിപരമാകുന്നുവോ, അത്രയ്ക്കു നിങ്ങൾ ദുർബ്ബലനുമാവുകയാണ്‌. ആ വഴിക്ക് ഞാനെന്നും പാപം ചെയ്തിട്ടുണ്ട്; കാരണം, ചെയ്യുന്ന പ്രവൃത്തിയിൽ ഞാനെന്നെത്തന്നെ ആമഗ്നനാക്കിയിരുന്നു. അന്തോണിപ്പുണ്യവാളനു* പകരം ഞാനാണ്‌ എന്റെ പുസ്തകത്തിലുള്ളത്; വായനക്കാരനല്ല, ഞാനാണ്‌ പ്രലോഭനങ്ങൾ അനുഭവിച്ചത്. ഒരനുഭവം എത്ര കുറച്ചേ നിങ്ങൾ അനുഭവിക്കുന്നുള്ളു, അത്രയധികം നിങ്ങൾ ചേർന്നവനാവുകയാണ്‌, അതിനെ അതായി ആവിഷ്കരിക്കാൻ. എന്നാൽ അതനുഭവിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കുകയും വേണം. ആ കഴിവിനെയാണ്‌ നമ്മൾ പ്രതിഭ എന്നു വിളിക്കുന്നത്: നിങ്ങളുടെ മോഡലിനെ നിരന്തരം തനിക്കു മുന്നിൽ കാണാനുള്ള കഴിവ്.
ഇതുകാരണമാണ്‌ കാവ്യാത്മകഭാഷയെ ഞാൻ കഠിനമായി വെറുക്കുന്നത്. വാക്കുകളില്ലാത്തിടത്ത് ഒരു നോട്ടം തന്നെ അധികമാണ്‌. ആത്മപ്രവാഹങ്ങൾ, വിവരണങ്ങൾ, കാവ്യാത്മകത- എല്ലാം ശൈലിയിൽ അടങ്ങിയിരിക്കണം. അവയെ മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നത് കലയെ, അനുഭൂതിയെത്തന്നെ വ്യഭിചരിക്കലാണ്‌.
(ഫ്ലോബേർ കോലെറ്റിനെഴുതിയ കത്തിൽ നിന്ന്)
* ഫ്ലോബേറിന്റെ നോവൽ- അന്തോണിപ്പുണ്യവാളന്റെ പ്രലോഭനങ്ങൾ

2021, ഡിസംബർ 12, ഞായറാഴ്‌ച

മേരി ഒളിവർ - ഞാൻ കാട്ടിൽ പോകുന്ന വിധം

 

ഒറ്റയ്ക്കു കാട്ടിൽ പോകാനാണ്‌ എനിക്കിഷ്ടം, ഒരു കൂട്ടുകാരനെയും കൂട്ടാതെ; എന്തെന്നാൽ അവരെല്ലാം ചിരിക്കുടുക്കകളും വായാടികളുമാണ്‌,

അതിനാലെനിക്കു ചേരാത്തവരും.

ഞാൻ കിളികളോടു മിണ്ടുന്നതിനോ മരമുത്തശ്ശന്മാരെ കെട്ടിപ്പിടിക്കുന്നതിനോ അന്യർ സാക്ഷികളാകുന്നത് എനിക്കിഷ്ടമല്ല. എനിക്കു പ്രാർത്ഥിക്കാൻ എന്റെയൊരു വഴിയുണ്ട്; തീർച്ചയായും നിങ്ങൾക്കുമുണ്ടാവും അങ്ങനെയൊന്ന്.

തന്നെയുമല്ല, ഒറ്റയ്ക്കാവുമ്പോൾ എനിക്കദൃശ്യയുമാവാം. ഒരു മൺപുറ്റിനു മേൽ പായല്ക്കൂന പോലെ അനക്കമറ്റെനിക്കിരിക്കാം; എന്നെക്കണക്കാക്കാതെ കുറുനരികൾ കടന്നുപോകും. പനിനീർപ്പൂക്കൾ പാടുന്നതിന്റെ കഷ്ടിച്ചു കേൾക്കാവുന്ന ശബ്ദം എനിക്കു കേൾക്കുകയും ചെയ്യാം.

നിങ്ങളെന്നെങ്കിലും എന്നോടൊപ്പം കാട്ടിലേക്കു വന്നിട്ടുണ്ടെങ്കിൽ നിങ്ങളോടെനിക്കത്രയ്ക്കു സ്നേഹമുണ്ടാവും.


2021, ഡിസംബർ 10, വെള്ളിയാഴ്‌ച

ബോദ്‌ലേർ സമാഹാരം

 


ജീനിയസിന്റെ കാര്യത്തിൽ പൊതുജനം പതുക്കെയോടുന്ന വാച്ചുപോലെയാണ്‌,’ ബോദ്‌ലേർ ദലക്വായെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നുണ്ട്. തന്റെ ജീവിതകാലത്ത് കവി എന്ന നിലയിൽ ഒരു പരിമിതവൃത്തത്തിനുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന ബോദ്‌ലേറുടെ പ്രതിഭ ലോകം അറിഞ്ഞുതുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്‌. ഒരുകാലത്ത് കവിതയുടെ പേരിൽ ചിലർ മാത്രം ആദരിക്കുകയും കുത്തഴിഞ്ഞ ജീവിതത്തിന്റെ പേരിൽ പരക്കെ പഴിക്കപ്പെടുകയും ചെയ്ത ബോദ്‌ലേർ ഇന്ന് പാശ്ചാത്യസംസ്കാരം സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ആ അംഗീകാരത്തിന്റെ ആധാരം പുതിയ പ്രമേയങ്ങളും പുതിയൊരു പദാവലിയും അവതരിപ്പിക്കുകയും പാരമ്പര്യകാവ്യരൂപങ്ങളെ അതുല്യമായ രീതിയിൽ മെരുക്കിയെടുക്കുകയും ചെയ്ത ‘തിന്മയുടെ പൂക്കൾ’ മാത്രമല്ല, നഗരജീവിതത്തിന്റെ സങ്കീർണ്ണതയെ ആവിഷ്കരിക്കാൻ സമർത്ഥമായ സാഹിത്യരൂപമായി ഗദ്യകവിതയെ കാണുകയും അതിലൂടെ ആധുനികതയുടെ അടിസ്ഥാനമിടുകയും ചെയ്ത ‘പാരീസ് സ്പ്ലീൻ’ കൂടിയാണ്‌.

ബോദ്‌ലേർ ജനിച്ചിട്ട് ഇരുന്നൂറുകൊല്ലം തികയുന്ന 2021ൽ പ്രസിദ്ധീകരിക്കുന്ന ഈ സമാഹാരത്തിൽ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കവിതകളും ഗദ്യകവിതകളും ലേഖനങ്ങളും കത്തുകളും ഡയറിക്കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 396 പേജ്, ഹാർഡ് ബൗണ്ട്. വില 450 രൂ. കുറച്ചു കോപ്പികൾ മാത്രമേ അച്ചടിക്കുന്നുള്ളു. ആവശ്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുമല്ലോ: 7356370521 (ഫോൺ/വാട്ട്സ് ആപ്പ്).

2021, ഡിസംബർ 9, വ്യാഴാഴ്‌ച

ദസ്തയെവ്സ്കി- മാരി എന്ന കൃഷിപ്പണിക്കാരൻ


വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു, വഴക്കും തെറിയും ഓരോ കോണിൽ നിന്നും ഇടതടവില്ലാതെ ഉയർന്നുകൊണ്ടിരുന്നു. കേട്ടാലറയ്ക്കുന്ന പാട്ടുകൾ; ബങ്കുകൾക്കിടയിലെ ഇടുങ്ങിയ ഇടങ്ങളിൽ ചീട്ടുകളിസംഘങ്ങൾ; പോക്കിരിത്തം കൂടിപ്പോയതിനു സഹതടവുകാരുടെ വിചാരണയും ശിക്ഷാവിധിയും ഏല്ക്കേണ്ടിവന്ന ചില തടവുപുള്ളികൾ അർദ്ധപ്രാണരായി ആട്ടിന്തോൽ കോട്ടുകളും പുതച്ച് ബങ്കുകളിൽ കിടപ്പുണ്ടായിരുന്നു; ബോധം എപ്പോഴെങ്കിലും തിരിച്ചുകിട്ടുന്നതുവരെ അവർ അങ്ങനെ കിടക്കും. പലതവണ കത്തികൾ പുറത്തുവന്നുകഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ അവധിക്കാലത്തിനുള്ളിൽ നടന്ന ഇതെല്ലാം കൂടി എന്നെ മാനസികമായി തളർത്തിയിരിക്കുകയായിരുന്നു; അതെന്റെ ശരീരത്തെക്കൂടി ബാധിച്ചിരുന്നു. പിന്നെ, കുടിയന്മാരുടെ ഒച്ചവയ്പും മര്യാദ കെട്ട പെരുമാറ്റവും എനിക്കൊരിക്കലും അറപ്പോടെയല്ലാതെ കാണാൻ പറ്റിയിട്ടില്ല, ഇങ്ങനെയൊരിടത്തു പ്രത്യേകിച്ചും. ഇത്തരം ദിവസങ്ങളിൽ ജയിലധികാരികൾ അവിടേക്കെത്തിനോക്കിയിരുന്നില്ല, ഒരന്വേഷണവുമില്ല, വോഡ്ക്ക ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നുള്ള തിരച്ചിലുകളില്ല; ഈ സമുദായഭ്രഷ്ടർക്കും ആണ്ടിലൊരിക്കൽ വെറിക്കൂത്തു നടത്താനുള്ള അവസരം കൊടുക്കണമെന്ന് അവർക്കു ബോദ്ധ്യമായിരുന്നു; ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒടുവിൽ, ഇനിയൊട്ടും താങ്ങാൻ പറ്റിലെന്ന മട്ടിൽ എന്റെ ഹൃദയത്തിനുള്ളിൽ രോഷം പതഞ്ഞുപൊന്തി. എം. എന്നു പേരുള്ള പോളണ്ടുകാരനായ ഒരു രാഷ്ട്രീയത്തടവുകാരൻ എതിരേ വരുന്നുണ്ടായിരുന്നു; മുഖമാകെ ഇരുട്ടു നിറച്ചുകൊണ്ട് അയാൾ എന്നെ ഒന്നു നോക്കി; അയാളുടെ കണ്ണുകൾ എരിയുകയായിരുന്നു, ചുണ്ടുകൾ വിറ കൊള്ളുകയായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” എന്നെ കടന്നുപോകുമ്പോൾ പല്ലിറുമ്മിക്കൊണ്ട് അയാൾ ഫ്രഞ്ചിൽ പറഞ്ഞു. ഞാൻ ജയിൽ വാർഡിൽ തിരിച്ചെത്തി; കാൽ മണിക്കൂർ മുമ്പു മാത്രമാണ്‌ തല പെരുത്തുകൊണ്ട് അവിടെ നിന്നു ഞാൻ ഓടിപ്പോയത്. വോഡ്ക്ക തലയ്ക്കു പിടിച്ച താത്താർ ഗാസിൻ എന്നയാൾക്കു മേൽ കുറ്റിയാന്മാരായ ആറു പേർ ചാടിവീണപ്പോഴാണ്‌ ഞാൻ അവിടെ നിന്നിറങ്ങിയത്; ഒരൊട്ടകത്തെ കൊല്ലാൻ പോന്നത്ര തല്ലു കൊടുത്ത് അവർ അയാളെ അസ്തപ്രാണനാക്കി ഇട്ടിരിക്കുകയാണ്‌; ഈ ഹെർക്കുലീസ് അങ്ങനെയൊന്നും ചാവാൻ പോകുന്നില്ലെന്നും അതിനാൽ കരുണയൊന്നും കാണിക്കേണ്ടെന്നും അവർക്കുറപ്പായിരുന്നു. ഞാൻ തിരിച്ചുചെല്ലുമ്പോൾ ഗാസിൻ ഒരു ബങ്കിൽ ജീവനുള്ളതിന്റെ ഒരു ലക്ഷണവുമില്ലാതെ ബോധം കെട്ടു കിടക്കുകയാണ്‌; ആട്ടിന്തോൽ കോട്ടു കൊണ്ട് അയാളെ പുതപ്പിച്ചിട്ടുണ്ട്; എല്ലാവരും നിശ്ശബ്ദരായി അയാളെ മാറി കടന്നുപോകുന്നു. അടുത്ത ദിവസം കാലത്താകുമ്പോഴേക്കും അയാൾ പഴയ പടി ആകുമെന്ന് അവർക്കു നല്ല ഉറപ്പാണ്‌; എന്നാൽ ഭാഗ്യക്കേടിന്‌ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അയാൾ കൊണ്ട അത്രയും തല്ലു മതിയാകാനും മതി. ഇരുമ്പഴിയിട്ട ഒരു ജനാലക്കെതിരേയുള്ള എന്റെ ബങ്കിലേക്കു പോയി കൈ തലയിണയാക്കി, കണ്ണുമടച്ച് ഞാൻ മലർന്നുകിടന്നു.അങ്ങനെ കിടക്കാൻ എനിക്കിഷ്ടമായിരുന്നു: ഉറങ്ങുന്നയാളെ ആരും ശല്യപ്പെടുത്താൻ വരില്ല; അയാൾക്കു ദിവാസ്വപ്നം കാണുകയോ ചിന്തിക്കുകയോ ആവാം. എന്നാൽ അന്നെനിക്കു സ്വപ്നം കാണാൻ തോന്നിയില്ല; എന്റെ ഹൃദയം അസ്വസ്ഥമായിരുന്നു; എമ്മിന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങുകയുമായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതിരിക്കട്ടെ, ഞാനെന്തിന്‌ അപ്പോഴത്തെ എന്റെ ചിന്തകൾ വിവരിക്കണം? ഇക്കാലത്തുപോലും ചിലപ്പോൾ ആ രാത്രിയെക്കുറിച്ചു ഞാൻ സ്വപ്നം കാണാറുണ്ട്; അതുപോലെ എന്നെ വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ വേറേയില്ലെന്നുതന്നെ പറയാം. എന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഞാൻ ഇന്നേവരെ അച്ചടിച്ച രൂപത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത് നിങ്ങൾ ഒരുപക്ഷേ, ശ്രദ്ധിച്ചുകാണും. പതിനഞ്ചു കൊല്ലം മുമ്പ് “മരിച്ച വീട്” ഞാനെഴുതിയത് ഒരു സാങ്കല്പികവ്യക്തിയെ ആഖ്യാതാവാക്കി വച്ചിട്ടാണ്‌- സ്വന്തം ഭാര്യയെ കൊന്നുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റവാളി. (എന്നെ കഠിനതടവിനു ജയിലിലേക്കയച്ചത് ഭാര്യയെ കൊലപ്പെടുത്തിയതിനാണെന്നു വിശ്വസിക്കുകയും ഇന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന പലരുമുണ്ടെന്ന് ഈ സന്ദർഭത്തിൽ പറഞ്ഞുകൊള്ളട്ടെ.)

പതുക്കെപ്പതുക്കെ ഞാൻ എന്നെത്തന്നെ മറന്നു; പോയകാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാനാണ്ടുപോയി. ജയിലിലായിരുന്ന നാലുകൊല്ലക്കാലം എന്റെ പൂർവ്വജീവിതം ഓർമ്മയിൽ വീണ്ടും ജീവിക്കുക എന്നതായിരുന്നു എന്റെ രീതി. ആ ഓർമ്മകൾ സ്വേച്ഛ പോലെയാണ്‌ ഉയർന്നുവന്നിരുന്നത്; എനിക്കവയെ ബോധപൂർവ്വം വിളിച്ചുവരുത്തേണ്ട ആവശ്യമില്ലായിരുന്നു. വിശേഷിച്ചൊരു ബിന്ദുവിൽ, പലപ്പോഴും ശ്രദ്ധിക്കുക തന്നെയില്ലാത്ത ചെറിയൊരു കാര്യത്തിൽ നിന്നാവും തുടക്കം; പിന്നെ പതുക്കെപ്പതുക്കെ ഒരു സമ്പൂർണ്ണചിത്രമായി, വിശദവും വ്യക്തവുമായ ഒരു മാനസികാനുഭവമായി അതു വളരും. ഞാൻ ആ അനുഭവങ്ങളെ വിശകലനം ചെയ്തു നോക്കാറുണ്ടായിരുന്നു; വളരെപ്പണ്ടു നടന്ന സംഭവങ്ങളിൽ പുതിയ വിശദാംശങ്ങൾ ഞാൻ കൂട്ടിച്ചേർക്കും; ഇതിനൊക്കെയുപരി ഞാനവയിൽ തിരുത്തുകൾ വരുത്തും, നിരന്തരമായി തിരുത്തും; എന്റെ ആകെയുള്ള വിനോദം അതായിരുന്നു. ഇത്തവണ, എന്തു കാരണം കൊണ്ടോ, എന്റെ ഓർമ്മയിൽ പെട്ടെന്നുയർന്നുവന്നത് എനിക്ക് ഒമ്പതു വയസ്സു മാത്രം പ്രായമുള്ളപ്പോഴത്തെ ഒരു നിമിഷമാണ്‌- പൂർണ്ണമായി മറന്നുവെന്നു ഞാൻ കരുതിയിരുന്ന ഒരു നിമിഷം. നാട്ടുമ്പുറത്തെ ഞങ്ങളുടെ വീട്ടിലെ ഒരു ആഗസ്റ്റുമാസമാണ്‌ എനിക്കോർമ്മ വന്നത്; തെളിഞ്ഞതും ഈർപ്പമില്ലാത്തതുമെങ്കിലും കുറേശ്ശെ തണുപ്പും കാറ്റുമുണ്ടായിരുന്ന ഒരു പകൽ. വേനലൊടുക്കമായിരുന്നു; അധികം വൈകാതെ എനിക്ക് മോസ്കോയിലേക്കു പോകേണ്ടിവരും; വിരസമായ ഫ്രഞ്ചുക്ലാസ്സുകളുമായി മഞ്ഞുകാലം മൊത്തം അവിടെക്കഴിക്കണം. ഗ്രാമത്തിൽ നിന്നു പോകുന്നതിന്റെ വിഷമമായിരുന്നു എനിക്ക്. മെതിക്കളം ചുറ്റി, കൊല്ലിയുടെ അരികിലൂടെ പൊന്തകൾ ഇടതൂർന്നു വളർന്നുനില്ക്കുന്ന ഇടുക്കിലേക്കു ഞാൻ നടക്കുകയായിരുന്നു. ഉള്ളിലേക്കു ചെല്ലുന്തോറും ഒരു മുപ്പതു ചുവടകലെ ഒരു വെളിമ്പാടത്ത് ഒരു പണിക്കാരൻ ഒറ്റയ്ക്കുഴുതുപോകുന്നത് ഞാൻ കേട്ടു. അയാൾ ഒരു ചരിവിനു മുകളിലേക്കാണുഴുന്നതെന്നും കുതിര ആഞ്ഞുവലിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. കുതിരയെ ഉഷാറാക്കാൻ അയാൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഇടയ്ക്കിടെ എന്നിലേക്കൊഴുകിയെത്തിയിരുന്നു. ഞങ്ങളുടെ മിക്കവാറും എല്ലാ പണിക്കാരെയും എനിക്കു പരിചയമായിരുന്നു; എന്നാൽ അതാരാണെന്ന് എനിക്കു മനസ്സിലായില്ല; സ്വന്തം ചിന്തകളിൽ വ്യാപൃതനായ ഞാൻ അതു കാര്യമാക്കിയതുമില്ല. പിന്നെ, ഞാൻ തിരക്കിലുമായിരുന്നാല്ലോ: തവളകളെ തല്ലാൻ വാൾനട്ട് മരങ്ങളിൽ നിന്ന് പറ്റിയ കമ്പുകൾ ഒടിച്ചെടുക്കുകയായിരുന്നു ഞാൻ. ബെർച്ചിന്റെ കമ്പുകൾക്കു ബലമുണ്ടെങ്കിലും വടിയായിട്ടുപയോഗിക്കാൻ ബലം കുറഞ്ഞതെങ്കിലും വാൾനട്ടു തന്നെയാണ്‌ നല്ലത്. പിന്നെ, എന്നെ ആകർഷിക്കാൻ വണ്ടുകളും മറ്റു പ്രാണികളും ഉണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള അവയെ ഞാൻ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ദേഹത്തു കറുത്ത പൊട്ടുകളുള്ള, മഞ്ഞയും ചുവപ്പും നിറമായ പല്ലികളേയും അത്രതന്നെ എനിക്കിഷ്ടമായിരുന്നു; എന്തു മെയ്‌വഴക്കമാണ്‌ ആ കുഞ്ഞുജീവികൾക്ക്! എന്നാൽ എനിക്കു പാമ്പുകളെ പേടിയായിരുന്നു. പല്ലികളുടെയത്ര പാമ്പുകളെ ഞാൻ കണ്ടിട്ടുമില്ല. കൂണുകൾ അവിടെ കുറവായിരുന്നു; കൂണുകൾ വേണമെങ്കിൽ ബെർച്ചുമരങ്ങൾ കൂട്ടമായി വളരുന്നിടത്തേക്കു പോകണം; അതായിരുന്നു എന്റെ മനസ്സിലും. കാടിനെപ്പോലെ, കൂണുകളും കട്ടുകനികളുമുള്ള, പ്രാണികളും കിളികളും പെരുച്ചാഴികളുമുള്ള അണ്ണാറക്കണ്ണന്മാരുമുള്ള, ഇലകളഴുകുന്ന ഈറൻ മണമുള്ള കാടിനെപ്പോലെ മറ്റൊന്നിനെയും ഈ ലോകത്തു ഞാൻ സ്നേഹിച്ചിട്ടില്ല. ഇപ്പോൾ, ഇതെഴുതുന്ന ഈ നേരത്തും, നാട്ടിലെ ഞങ്ങളുടെ ബെർച്ചുമരങ്ങളുടെ മണം ഞാനറിയുന്നുണ്ട്: ആയുസ്സുള്ള കാലത്തോളം ആ അനുഭൂതികൾ എന്റെയൊപ്പം ഉണ്ടാവുകയും ചെയ്യും. പെട്ടെന്ന്, ആ ഗഹനമായ നിശ്ശബ്ദതയ്ക്കിടയിൽ ഒരു നിലവിളി വ്യക്തവും വിശദവുമായി ഞാൻ കേട്ടു: “ചെന്നായ്!” ഞാൻ അലറിക്കരഞ്ഞു; പേടിച്ചരണ്ട ഞാൻ കരഞ്ഞുകൊണ്ട് നേരേ ആ പണിക്കാരൻ ഉഴുതുകൊണ്ടുനില്ക്കുന്ന  പാടത്തേക്കോടി. അത് ഞങ്ങളുടെ പണിക്കാരൻ മാരി ആയിരുന്നു. അങ്ങനെ ഒരു പേരുണ്ടോ എന്നെനിക്കറിയില്ല; എന്തായാലും എല്ലാവരും അയാളെ വിളിച്ചിരുന്നത് മരി എന്നാണ്‌; അമ്പതിനടുത്തു പ്രായമുള്ള, കുറ്റിയാനായ ഒരാൾ; ഇരുണ്ടിടതൂർന്നു തവിട്ടുനിറമായ താടിയിൽ നര നല്ല കണക്കിനുണ്ട്. എനിക്കയാളെ അറിയാമെങ്കിലും അന്നുവരെ സംസാരിക്കാൻ ഇടയായിട്ടില്ല. എന്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ കുതിരയെ നിർത്തി; ഞാൻ ഓടിച്ചെന്ന് കിതച്ചുകൊണ്ട് ഒരു കൈ കൊണ്ട് അയാളുടെ കലപ്പയിലും മറ്റേക്കൈ കൊണ്ട് അയാളുടെ കുപ്പായക്കയ്യിലും കയറിപ്പിടിച്ചു; ഞാൻ എന്തുമാത്രം പേടിച്ചിരിക്കുന്നുവെന്ന് അയാൾക്കു മനസ്സിലായി.

“അവിടൊരു ചെന്നായ!” ഞാൻ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.

അയാൾ തല വെട്ടിച്ച് ചുറ്റും നോക്കി; ഞാൻ പറഞ്ഞത് ഒരു നിമിഷം അയാളും വിശ്വസിച്ചെന്നു തോന്നി.

“എവിടെ ചെന്നായ?”

“ഞാൻ കേട്ടു...ആരോ ”ചെന്നായ്!“ എന്നു വിളിച്ചുപറഞ്ഞു...” ഞാൻ വിക്കിവിക്കിപ്പറഞ്ഞു.

“എന്താ ഇപ്പറയുന്നേ, ഇവിടെ ചെന്നായോ? മോനു തോന്നിയതായിരിക്കും.” എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ എന്റെ വിറയൽ മാറിയില്ല; ഞാൻ അയാളുടെ കോട്ടിൽ ഒന്നുകൂടി മുറുക്കെപ്പിടിച്ചു; എന്റെ മുഖമാകെ വിളറി എന്നും എനിക്കു തോന്നുന്നു. അസ്വസ്ഥമായ ഒരു പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി; എന്റെ അവസ്ഥയെക്കുറിച്ച് അയാൾക്കുത്കണ്ഠ തോന്നിയിരിക്കണം.

“മോൻ വല്ലാതെ പേടിച്ചുപോയല്ലോ, അല്ലേ?” തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു. “പേടിക്കാനൊന്നുമില്ല...ഇങ്ങോട്ടു നോക്ക്, അയ്യേ!”

അയാൾ കൈ നീട്ടി പെട്ടെന്ന് എന്റെ കവിളത്തൊന്നു തലോടി.

“പേടിക്കേണ്ട; കർത്താവു കൂടെയുണ്ട്! കുരിശു വരച്ചോ.”

എന്നാൽ എനിക്കു കുരിശു വരയ്ക്കാൻ പറ്റിയില്ല. എന്റെ ചുണ്ടിന്റെ കോണുകൾ പിടയുകയായിരുന്നു; അത് വല്ലാതെ അയാളുടെ ഉള്ളിൽ തട്ടി എന്നു തോന്നുന്നു. അയാൾ നഖം കറുത്ത, ചെളി പറ്റിയ വിരൽ നീട്ടി എന്റെ ചുണ്ടത്തു തൊട്ടു.

“അയ്യേ, ഇങ്ങോട്ടു നോക്ക്,” വിടർന്ന, മാതൃതുല്യമെന്നു പറയാവുന്ന ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു, “പേടിക്കാനൊന്നുമില്ലെന്നേ! അയ്യയ്യേ!”

ഒടുവിൽ ചെന്നായ യഥാർത്ഥത്തിൽ ഇല്ലെന്ന് എനിക്കു ബോദ്ധ്യമായി; ‘ചെന്നായ്’ എന്ന നിലവിളി ഞാൻ ഭാവനയിൽ കേട്ടതായിരിക്കണം. എന്നാൽ അത്ര വ്യക്തവും വ്യതിരിക്തവുമായി ഞാനതു കേട്ടതുമാണ്‌. മുമ്പും ഇതേപോലെ രണ്ടുമൂന്നു തവണ ഇങ്ങനെ ചില ആക്രോശങ്ങൾ (ചെന്നായകളെക്കുറിച്ചു മാത്രമല്ല) ഞാൻ ഭാവനയിൽ കേട്ടിരുന്നു. (ബാല്യത്തോടൊപ്പം അവയും ഇല്ലാതായി.)

“ഞാനിനി പോയാലോ?” ഒട്ടൊരു നാണക്കേടോടെ അയാളെ നോക്കിക്കൊണ്ട് ചോദ്യരൂപത്തിൽ ഞാൻ പറഞ്ഞു.

“മോനിനി പൊയ്ക്കോ, ഞാൻ നോക്കിക്കോളാം. ഞാനുള്ളപ്പോൾ ചെന്നായക്കു മോനെ കിട്ടില്ല!” അതേ മാതൃതുല്യമായ പുഞ്ചിരിയോടെ അയാൾ കൂട്ടിച്ചേർത്തു. “യേശു കൂടെയുണ്ടാവട്ടെ, പൊയ്ക്കോ,“ എന്നിട്ടയാൾ എനിക്കു മേൽ കുരിശു വരച്ചു, പിന്നെ സ്വന്തമായും. ഞാൻ നടന്നു; ഓരോ പത്തു ചുവടു വയ്ക്കുമ്പോഴും ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. മാരി കുതിരയേയും പിടിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിനിന്നു; ഞാൻ തിരിഞ്ഞുനോക്കുമ്പോഴെല്ലാം അയാൾ തലയാട്ടി. അങ്ങനെയൊരു പേടിത്തൊണ്ടനായി മറ്റൊരാൾ എന്നെ കാണുന്നതിൽ എനിക്കു ചെറിയ നാണക്കേടുണ്ടായി എന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും, ചെന്നായപ്പേടി പൂർണ്ണമായി മാറിയില്ലെങ്കിലും, ഞാൻ നടന്നു; ഒടുവിൽ, കൊല്ലിയും കടന്ന് ആദ്യത്തെ മെതിക്കളം കണ്ണില്പെട്ടപ്പോൾ എന്റെ പേടിയെല്ലാം പമ്പ കടന്നു; ഞങ്ങളുടെ നായ, വോൾചോക്ക്, എന്നെ സ്വീകരിക്കാൻ കുതിച്ചുചാടി വരികയും ചെയ്തിരുന്നു. വോൾചോക്കിനെ കണ്ടപ്പോൾ എന്റെ ആത്മവിശ്വാസമെല്ലാം തിരിച്ചുവന്നു. ഞാൻ അവസാനമായി ഒന്നുകൂടി മാരിയെ തിരിഞ്ഞുനോക്കി. ഇപ്പോൾ അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും അയാൾ അപ്പോഴും എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണെന്നും തലയാട്ടുകയാണെന്നും എനിക്കു തോന്നി. ഞാൻ അയാളെ കൈ വീശിക്കാണിച്ചു; അയാളും എന്നെ നോക്കി കൈ വീശിയിട്ട് കുതിരയെ നടത്താൻ തുടങ്ങി. ”നടക്ക്!“ ദൂരെ നിന്ന് അയാളുടെ ഒച്ച ഞാൻ വീണ്ടും കേട്ടു; കുതിര പിന്നെയും മരക്കലപ്പ വലിക്കാൻ തുടങ്ങി.

ഈ ഓർമ്മയാണ്‌- എന്തു കാരണം കൊണ്ടെന്നറിയില്ല- എന്റെ മനസ്സിലേക്കു പെട്ടെന്നു കയറിവന്നത്, അതും അത്യസാധാരണമായ സൂക്ഷ്മതയോടെ. ഞാൻ സ്വയം കുലുക്കിയുണർത്തിയിട്ട് ബങ്കിൽ എഴുന്നേറ്റിരുന്നു. ഓർമ്മയുടെ ഒരു നേർത്ത മന്ദഹാസം അല്പനേരം കൂടി എന്റെ മുഖത്തു തങ്ങിനിന്നിരുന്നു എന്നും ഞാനോർക്കുന്നു. ഒരു മിനുട്ടു കൂടി ഞാൻ അതും ചിന്തിച്ചിരുന്നു.

വീട്ടിലെത്തിയപ്പോൾ മാരിയുമൊത്തുള്ള ആ സാഹസകൃത്യത്തിന്റെ കഥ ഞാൻ ആരോടും പറഞ്ഞില്ല. സാഹസമെന്നു പറയാൻ തന്നെ അതിലൊന്നുമില്ലായിരുന്നു എന്നതാണു സത്യം. അധികം വൈകാതെ മാരി എന്റെ ഓർമ്മയിൽ നിന്നു പോവുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്കൊക്കെ അയാളെ കണ്ടാലും ആ ചെന്നായയെക്കുറിച്ചൊ മറ്റെന്തിനെയെങ്കിലും കുറിച്ചോ അയാളുമായി സംസാരിക്കാൻ നിന്നിട്ടുമില്ല. എന്നിട്ടിപ്പോൾ, ഇരുപതു കൊല്ലത്തിനു ശേഷം, സൈബീരിയയിൽ വച്ച് ആ കൂടിക്കാഴ്ച എനിക്കോർമ്മ വരികയാണ്‌, ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളോടും കൂടി. അതിനർത്ഥം എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ ശ്രദ്ധിക്കാതെ അതു മറഞ്ഞുകിടക്കുകയായിരുന്നു എന്നും അതിന്റെ ആവശ്യം വന്ന സമയത്ത് പെട്ടെന്നത് ഓർമ്മയിലൂടെ പുറത്തേക്കു വരികയായിരുന്നു എന്നുമാണ്‌. ഒരു പാവം അടിയാന്റെ സൗമ്യവും മാതൃനിർവ്വിശേഷവുമായ പുഞ്ചിരി ഞാനോർത്തു; എനിക്കു മേൽ കുരിശു വരച്ചുകൊണ്ട് തലയാട്ടുന്ന ആ പ്രത്യേകഭാവം ഞാനോർത്തു. “നീ വല്ലാതെ പേടിച്ചുപോയി, അല്ലേ മോനേ!” എന്റെ വിറയ്ക്കുന്ന ചുണ്ടുകളെ ആർദ്രതയോടെ സ്പർശിച്ച ആ ചെളി പുരണ്ട തടിച്ച വിരലും ഞാൻ വിശേഷിച്ചോർത്തു. തീർച്ചയായും ഏതു കുട്ടിയുടേയും പേടി മാറ്റാൻ ആരും അതുപോലൊക്കെ ചെയ്യും; എന്നാൽ അന്നത്തെ ആ ഏകാന്തസംഗമത്തിൽ തീർത്തും വ്യത്യസ്തമായതെന്തോ ആണ്‌ സംഭവിച്ചത്. ഞാൻ അയാളുടെ സ്വന്തം മകനായിരുന്നെങ്കിൽ ഇതിലും കൂടുതൽ സ്നേഹം തിളങ്ങുന്ന കണ്ണുകളോടെയാവില്ല അയാൾ എന്നെ നോക്കിയിരിക്കുക. ആരാണ്‌ അയാളെ അതിനു പ്രചോദിപ്പിച്ചത്? അയാൾ ഞങ്ങളുടെ അടിയാൻ ആയിരുന്നു, ഞാൻ അയാളുടെ യജമാനന്റെ മകനും. അയാൾ എന്നോടു കാണിച്ച കാരുണ്യം ആരും അറിയാനോ അതിനയാൾക്കു പ്രതിഫലം നല്കാനോ പോകുന്നില്ല. അയാൾക്കിനി കൊച്ചുകുട്ടികളോടു വലിയ സ്നേഹമാണെന്നു വരുമോ? അങ്ങനെയുള്ളവരുണ്ട്. ഞങ്ങൾ തമ്മിൽ കണ്ടത് ആളൊഴിഞ്ഞ ഒരു പാടത്തു വച്ചാണ്‌; ദൈവം മാത്രമേ, ഒരുപക്ഷേ, താഴേക്കു നോക്കുമ്പോൾ കണ്ടിരിക്കുകയുള്ളു, എത്ര അഗാധമായ, നാഗരികമായ മാനുഷികവികാരമാണ്‌, എത്ര പേലവവും സ്ത്രൈണമെന്നുതന്നെതന്നെ പറയാവുന്നതുമായ ആർദ്രതയാണ്‌ അപരിഷ്കൃതനും പരുക്കനുമായ ഒരാളുടെ ഉള്ളിൽ, അക്കാലത്ത് സ്വാതന്ത്ര്യം പ്രതീക്ഷിക്കാനോ സ്വപ്നം കാണാൻ കൂടിയോ കഴിയാത്ത ഒരു റഷ്യൻ അടിയാന്റെ ഹൃദയത്തിൽ നിറഞ്ഞതെന്ന്. ഇനി പറയൂ, നമ്മുടെ കർഷകജനതയുടെ ഉയർന്ന സംസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോൺസ്റ്റന്റിൻ അക്സാക്കോവിന്റെ മനസ്സിലുണ്ടായിരുന്നതും ഇതു തന്നെയല്ലേ?

പിന്നെ കിടക്കയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കുമ്പോൾ, ഞാനോർക്കുന്നു, ഞാൻ ആ ഭാഗ്യം കെട്ട മനുഷ്യരെ വീക്ഷിച്ചത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്‌; എന്റെ മനസ്സിൽ അവരെക്കുറിച്ചുണ്ടായിരുന്ന വെറുപ്പും ദേഷ്യവും ഏതോ ദിവ്യാത്ഭുതം കൊണ്ടെന്നപോലെ മറഞ്ഞുപോയിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു; നടക്കുമ്പോൾ ചുറ്റുമുള്ള മുഖങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കി; കുറ്റവാളി എന്നു മുഖത്തു ചാപ്പ കുത്തിയ, പറ്റെ വടിച്ച ആ കൃഷിക്കാരൻ, കുടിച്ചു ലക്കു കെട്ട് കാറിയ ശബ്ദത്തിൽ ഉച്ചത്തിൽ പാടുന്ന ആ മനുഷ്യൻ- അയാൾ ഞാൻ പറഞ്ഞ ആ മാരി തന്നെയാണെന്നു വരാം. എനിക്കയാളുടെ ഹൃദയത്തിലേക്കെന്തായാലും എത്തിനോക്കാൻ പറ്റില്ലല്ലോ.

അന്നു വൈകിട്ട് ഞാൻ എമ്മിനെ പിന്നെയും കണ്ടു. പാവം മനുഷ്യൻ! മാരിമാരെക്കുറിച്ച് അയാൾക്കെന്തോർമയുണ്ടാവാൻ? അത്തരക്കാരെക്കുറിച്ച് ഇതല്ലാതെ മറ്റൊരു വീക്ഷണം അയാൾക്കെങ്ങനെയുണ്ടാവാൻ: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതെ, പോളിഷ് തടവുകാർക്ക് ഞങ്ങൾ സഹിച്ചതിലുമധികം സഹിക്കേണ്ടിയിരുന്നു, അക്കാലത്ത്.

(1876 ഫെബ്രുവരിയിൽ എഴുതിയ ഈ കഥ ‘ഒരെഴുത്തുകാരന്റെ ഡയറി’ എന്ന പുസ്തകത്തിൽ നിന്നാണ്‌. അദ്ദേഹം സൈബീരിയയിൽ തടവുകാരനായിരുന്നപ്പോഴത്തെ അനുഭവമായിട്ടാണ്‌ കഥയുടെ രൂപം.)