2016, ജൂൺ 11, ശനിയാഴ്‌ച

ഏറിച്ച് ഫ്രീഡ്–കവിതകൾ - 1



 



ഏറിച്ച് ഫ്രീഡ് Erich Fried(1921-1988)- ജർമ്മൻ കവിയും  വിവർത്തകനും. ഓസ്ട്രിയയിലെ വിയന്നയിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. 1938ൽ നാസികൾ രാജ്യം ആക്രമിച്ചപ്പോൾ ലണ്ടനിലേക്കു പലായനം ചെയ്തു. ലൈബ്രേറിയനായും ഫാക്റ്ററി ജോലിക്കാരനായും  ജോലി ചെയ്തു. കുടിയേറ്റക്കാരായ യുവാക്കളുടെ “യംഗ് ഓസ്ട്രിയ” എന്ന ഇടതുപക്ഷപ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചുവെങ്കിലും അതിന്റെ സ്റ്റാലിനിസ്റ്റ് പ്രവണതകളിൽ പ്രതിഷേധിച്ച് വൈകാതെ രാജി വച്ചു. 1952 മുതൽ 1968 വരെ ബി.ബി.സിയുടെ ജർമ്മൻ സർവീസിൽ രാഷ്ട്രീയകാര്യലേഖകനായി പ്രവർത്തിച്ചു. കുടലിലെ ക്യാൻസറിനെ തുടർന്ന് 1988ൽ ജർമ്മനിയിൽ വച്ച് അന്തരിച്ചു.

കവിതകളും റേഡിയോ നാടകങ്ങളും ഒരു നോവലുമാണ്‌ പ്രധാനമായി എഴുതിയിട്ടുള്ളത്. ഷേക്സ്പിയർ, റ്റി.എസ്.എലിയട്ട്, ഡൈലൻ തോമസ് തുടങ്ങിയവരുടെ കൃതികൾ ജർമ്മനിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

മുയലുകളുടെ പ്രസവം പോലെയാണ്‌ തന്റെ കവിതയെഴുത്തെന്ന് ഏറിച്ച് ഫ്രീഡ് ഒരിക്കൽ സ്വയം കളിയാക്കുന്ന രീതിയിൽ പറഞ്ഞിരുന്നു. ശരിയാണ്‌, ഒരു കവിതയെങ്കിലും എഴുതാതെ ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല. മറ്റേതൊരു തൊഴിലും പോലെ നിരന്തരം ചെയ്യേണ്ടതും നിരന്തരം പുതുക്കിക്കൊണ്ടിരിക്കേണ്ടതുമായ ഒരു വൈദഗ്ധ്യമായിരുന്നു അദ്ദേഹത്തിന്‌ കവിതയെഴുത്ത്. പക്ഷേ ഈ സമൃദ്ധിയിൽ ഒരു ദൗർബല്യം അദ്ദേഹത്തിന്റെ വിമർശകർ കാണാതിരുന്നില്ല. പല കവിതകളും ഭാഷയിലെ കസർത്തുകളായിരുന്നു, പരീക്ഷണങ്ങളായിരുന്നു; ചിലതാകട്ടെ, സാന്ദർഭികവിഷയങ്ങൾ പ്രമേയങ്ങളാക്കുന്നതിനാൽ അല്പായുസ്സുകളുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവർക്കു തർക്കമുണ്ടായിരുന്നു. അന്നന്നത്തെ രാഷ്ട്രീയസംഭവങ്ങളെക്കുറിച്ച്, അതിനി ജർമ്മനിയിലോ വിയറ്റ്നാമിലോ മദ്ധ്യപൂർവ്വദേശത്തോ ആകട്ടെ, വേണ്ടത്ര ആലോചിക്കാതെയുള്ള ഇടപെടലുകളാണവയെന്ന്, മൂപ്പെത്താത്ത ഒരു മനഃസാക്ഷിയുടെ തല്ക്ഷണപ്രതികരണങ്ങളാണവയെന്ന് അവർ പരാതിപ്പെട്ടു. കവിത രാഷ്ട്രീയത്തിൽ നിന്ന് കുറച്ചുകൂടി അകലം പാലിക്കേണ്ടേ? ഫ്രീഡിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ അവർ വേണ്ട വിധം മനസ്സിലാക്കിയില്ല എന്നതാണ്‌ ഈ തരം പരാതികൾക്കുള്ള അടിസ്ഥാനം. അദ്ദേഹത്തിന്റെ രാഷ്ട്രീയം കക്ഷിക്കൂറായിരുന്നില്ല; സ്വേച്ഛാധിപത്യത്തെ, അധികാരദുർവിനിയോഗത്തെ, സൈദ്ധാന്തികകടുംപിടുത്തങ്ങളെ, ആത്മവഞ്ചനയെ ഏതു രൂപത്തിൽ, എവിടെക്കണ്ടാലും എതിർക്കുക എന്ന നിശ്ചയത്തിന്റെ ആവിഷ്കാരമാണ്‌ ഫ്രീഡിന്റെ രാഷ്ട്രീയം. അതിനദ്ദേഹം എടുത്തുപയോഗിച്ച ആയുധങ്ങളും( ഹാസ്യം, ഐറണി, നിന്ദ) അവർ ശരിയായി കണ്ടില്ല. രാഷ്ട്രീയത്തോടു മല്ലു പിടിക്കുമ്പോൾത്തന്നെ കവിതയുടെ സർഗ്ഗാത്മകത അതിനുണ്ടാവണം എന്ന നിശിതശാസനത്തിൽ കീഴിലാണ്‌ അദ്ദേഹത്തിന്റെ എഴുത്ത് നടന്നത്. അതുകൊണ്ടു തന്നെയാണ്‌ ജർമ്മൻ വിദ്യാർത്ഥിപ്രസ്ഥാനം അതിന്റെ മുദ്രാവാക്യങ്ങളായി അദ്ദേഹത്തിന്റെ കവിതകൾ തിരഞ്ഞെടുത്തത്; അതു തന്നെയാണ്‌ അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കു കിട്ടിയ അസാമാന്യമായ പ്രചാരവും കാണിക്കുന്നത്.

കവി എന്ന നിലയിൽ ആരൊക്കെയാണ്‌ ഫ്രീഡിനെ സ്വാധീനിച്ചത്? തന്റെ സമകാലികരിൽ പോൾ ചെലാൻ (Paul Celan), ഇംഗ്ബോർഗ് ബാഹ് മൻ(Ingebor Bachmann), നെല്ലി സാഷ്(Nelly Sachs) എന്നിവർ അദ്ദേഹത്തിന്‌ ആദരണീയരായിരുന്നു. എന്നാൽ അദ്ദേഹത്തിന്‌ ഏറ്റവും മനസ്സടുപ്പം തോന്നിയത് ഹോൾഡെർലിനു(Holderlin)മായിട്ടാണ്‌. സ്വാതന്ത്ര്യത്തെയും സൗഹൃദത്തെയും പ്രണയത്തെയും ആഘോഷിച്ച, ജീവിതത്തിൽ ചിന്തയുടെയും വികാരത്തിന്റെയും സമന്വയം സാധിച്ച, നൈരാശ്യവും ഉന്മാദവുമറിഞ്ഞ ആ കവിയെയാണ്‌ അദ്ദേഹം ആരാധിച്ചത്. ഫ്രീഡിന്റെ കവിതകളിൽ ഹോൾഡെർലിന്റെ ഛായകളും പരാമർശങ്ങളും ഉദ്ധരണികളും സമൃദ്ധമാണ്‌; ചില കവിതകൾ പ്രകടമായിത്തന്നെ കടം വാങ്ങലുകളുമാണ്‌.

വൃത്തവും താളവും പ്രാസവുമില്ലാത്തതാണ്‌ ഫ്രീഡിന്റെ കവിതകൾ. സ്വകാര്യത്തിലിരുന്നു നുണയാനുള്ളതൊന്നല്ല തന്റെ കവിത എന്നതിനാൽ, പ്രഭാഷണങ്ങളുടെ സ്വഭാവമാണതിനുള്ളതെന്നതിനാൽ സംഭാഷണത്തിന്റെ താളമാണ്‌ അദ്ദേഹത്തിന്റെ കവിതകളിൽ വരികളുടെ ദൈർഘ്യവും വടിവും നിശ്ചയിക്കുന്നത്. മുഴങ്ങുന്ന ശബ്ദവും അഭിനയസാമർത്ഥ്യവും സമ്പുഷ്ടമാക്കിയ അദ്ദേഹത്തിന്റെ കവിതവായനകൾക്ക് തീർത്തും അനുയോജ്യവുമായിരുന്നു ആ കാവ്യരൂപം. തന്റെ രാഷ്ട്രീയകവിതകൾക്കും പ്രണയകവിതകൾക്കും അദ്ദേഹം വായനക്കാരെ കണ്ടെത്തിയത് ഈ കവിയരങ്ങുകളിലൂടെയാണ്‌. ഇക്കാര്യത്തിൽ പശ്ചിമയൂറോപ്പിൽ സാധാരണമല്ലാത്ത ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം. ഇതിനൊരു സമാന്തരം കാണണമെങ്കിൽ യവ്തുഷെങ്കോയിലേക്കു തിരിയേണ്ടി വരും. അങ്ങനെ ഫ്രീഡിന്റെ കവിതയ്ക്ക് ഒരു സാമൂഹ്യധർമ്മം നിർവ്വഹിക്കാനുണ്ട്: മനഃസാക്ഷിയെ ഉണർത്തുക, ആളുകളെ ചിരിപ്പിക്കുക, അമിതാധികാരത്തോടു തനിക്കുള്ള വെറുപ്പിനെ അവരിലേക്കു സംക്രമിപ്പിക്കുക എന്നിങ്ങനെ; അതേ സമയം വ്യക്തിബന്ധങ്ങളിലെ ശോകങ്ങളും ആനന്ദങ്ങളും അനുഭവിപ്പിക്കുക എന്നതും അതിന്റെ ധർമ്മമായിരിക്കുന്നു, ഒട്ടും കുറഞ്ഞ അളവിലല്ലാതെ.

(ഏറിച്ച് ഫ്രീഡിന്റെ കവിതകളുടെ ഇംഗ്ളീഷ് സമാഹാരമായ Love Poemsന്‌ വിവർത്തകനും കവിയുടെ സഹപ്രവർത്തകനുമായ സ്റ്റുവാർട്ട് ഹൂഡ് (Stuart Hood) എഴുതിയ ആമുഖത്തിൽ നിന്ന്)

ENGLISH LANGUAGE TRANSLATIONS
Last Honours, trans. by Georg Rapp (London: Turret Books, 1968); On Pain of Seeing, trans. by Georg Rapp (London: Rapp and Whiting, 1969/ Chicago: Swallow Press, 1969); selection in Four German Poets (New York: Red Dust, 1979); 100 Poems without a Country, trans. by Stuart Hood and Georg Rapp (London: John Calder, 1978/New York: Red Dust, 1980);Love Poems (Paris: Calder Publications, 1991)


പ്രണയകവിതകൾ

1. അതതാണ്


അതു ഭ്രാന്താണ്‌
യുക്തി പറയുന്നു
അതെന്തോ അതതാണ്‌
പ്രണയം പറയുന്നു


അതു കെടുതിയാണ്‌
ജാഗ്രത പറയുന്നു
അതു വേദന മാത്രമാണ്‌
ഭീതി പറയുന്നു 


അതിനു ഭാവിയേയില്ല
ഉൾക്കാഴ്ച പറയുന്നു
അതെന്തോ അതതാണ്
പ്രണയം പറയുന്നു


അതപഹാസ്യമാണ്‌
ആത്മാഭിമാനം പറയുന്നു
അതു വിഡ്ഡിത്തമാണ്‌
ജാഗ്രത പറയുന്നു 


അതു നടക്കാത്തതാണ്‌
അനുഭവം പറയുന്നു
അതെന്തോ അതതാണ്
പ്രണയം പറയുന്നു



ചോദ്യങ്ങളും ഉത്തരങ്ങളും


എവിടെയാണതിന്റെ താമസം?
നൈരാശ്യത്തിന്റെ തൊട്ടടുത്ത വീട്ടിൽത്തന്നെ.


ആരൊക്കെയാണതിന്റെ ബന്ധുക്കൾ?
മരണവും ഭീതിയും


പോകേണ്ടിവരുമെന്നാവുമ്പോൾ
എവിടെയ്ക്കാണതു പോവുക?
ആർക്കുമതറിയില്ല


എവിടെ നിന്നാണതു വരുന്നത്?
തൊട്ടരികിൽ നിന്നോ വളരെയകലെ നിന്നോ


എത്ര നാളതൊപ്പമുണ്ടാവും?
ഭാഗ്യമുണ്ടെങ്കിൽ
നിങ്ങളുടെ ആയുസ്സൊടുങ്ങുവോളം


നിങ്ങളിൽ നിന്നതെന്താണാവശ്യപ്പെടുന്നത്?
അതിനൊന്നും വേണ്ട, അല്ലെങ്കിൽ എല്ലാം വേണം


അതുകൊണ്ടെന്താണർത്ഥമാക്കുന്നത്?
രണ്ടായാലുമൊന്നുതന്നെയെന്ന്


പകരമതെന്തു തരുന്നു
നിങ്ങൾക്ക്-അല്ലെങ്കിൽ എനിക്ക്?
അതു നമ്മിൽ നിന്നെടുത്തതു കൃത്യമായി
അതിനായി അതിനൊന്നും വേണ്ട


അതു നിങ്ങളെ-
അല്ലെങ്കിൽ എന്നെ-
തടവുകാരനാക്കുകയാണോ
അതോ നമ്മെ സ്വതന്ത്രരാക്കുകയോ?
അതു നമ്മെ സ്വതന്ത്രരാക്കി
എന്നു വന്നേക്കാം


അതുമായി നമുക്കൊരിടപാടുമില്ലെന്നു വന്നാൽ
അതു നല്ലതോ ചീത്തയോ?
അതിലും വലിയൊരു ദുര്യോഗം
നമുക്കു വരാനില്ല തന്നെ


ശരിക്കുമതെന്താണ്‌
എങ്ങനെ നാമതിനെ നിർവചിക്കാൻ?
താനതാണെന്നു ദൈവം പറഞ്ഞതായി
പറഞ്ഞുകേൾക്കുന്നുണ്ട്



ഒരു നിസ്സാരകാര്യം


(കാതറിന്)
പ്രണയമെന്താണെന്നെനിക്കറിയില്ല
അതിനി ഇതുപോലെന്തെങ്കിലുമാണെന്നു വരാം:


വിദേശയാത്ര കഴിഞ്ഞു വന്നിട്ട്
“ഞാനൊരു നീറ്റെലിയെക്കണ്ടു”
എന്നവള്‍ അഭിമാനത്തോടെന്നോടു പറയുമ്പോൾ
രാത്രിയിൽ ഉറക്കമുണരുമ്പോഴും
പിറ്റേന്നു ജോലിയിലായിരിക്കുമ്പോഴും
ആ വാക്കുകളെനിക്കോർമ്മ വരുമ്പോൾ
അതേ വാക്കുകൾ അവൾ ഒന്നുകൂടി പറഞ്ഞുകേൾക്കാനും
പറയുമ്പോളവൾക്കതേ ഭാവമായിരിക്കാനും
എനിക്കു തിടുക്കം തോന്നുമ്പോൾ-


എനിക്കു തോന്നുന്നു അതായിരിക്കാം പ്രണയമെന്ന്
അഥവാ അതുപോലെന്തെങ്കിലുമായിരിക്കാമെന്ന്.



കാലത്തൊരു ചെളി വാരിയെറിയൽ

(കാതറിന്)

നിന്നോടു ഞാനെന്റെ പ്രണയം പ്രഖ്യാപിച്ചപ്പോൾ
നീയതു തള്ളിക്കളഞ്ഞു
ഒരു വിശദീകരണവും നൽകി:
“ഇപ്പൊക്കണ്ട സ്വപ്നത്തിൽ
ഞാനൊരു ചുള്ളനെക്കണ്ടു
ആളു കണ്ണുപൊട്ടനായിരുന്നു
ജർമ്മൻകാരനും
നല്ല തമാശയല്ലേ?”


ഞാൻ നിനക്കു സുന്ദരസ്വപ്നങ്ങൾ നേർന്നു
എന്റെ മേശയ്ക്കരികിലേക്കു ഞാൻ
തിരിച്ചുപോയി
എനിക്കു പക്ഷേ അസൂയ തോന്നി
മുമ്പൊന്നും തോന്നാത്ത മാതിരി



അതിലും ഭേദം


ജീവിതം
ഇതിലുമനായാസമായേനെ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ

ഇത്ര ദുഃഖമുണ്ടാവുമായിരുന്നില്ല
ഓരോ നേരവും
നാം പിരിയുമ്പോൾ
ഇത്ര പേടിക്കുമായിരുന്നില്ല
അടുത്ത വേർപാടിനെ
അതിനടുത്തതിനെ

ഇത്ര ദാഹവുമുണ്ടാകുമായിരുന്നില്ല
നീയില്ലാതിരിക്കുമ്പോൾ
കഴിവു കെട്ടതാണതെങ്കിലും
അസാദ്ധ്യമായതേ അതിനു വേണ്ടു
അതും അപ്പോൾത്തന്നെ
അടുത്ത നിമിഷം
പിന്നെ
അതു നടക്കില്ലെന്നാവുമ്പോൾ
അതിനു മനസ്സു നോവുന്നു
ശ്വാസം കിട്ടാതെയാവുന്നു


ജീവിതം
ഇതിലുമനായാസമായേനെ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ
അതെന്റെ ജീവിതമാവില്ല
എന്നേയുള്ളു



എന്നാൽ


ആദ്യം ഞാൻ സ്നേഹിച്ചത്
നിന്റെ കണ്ണുകളിലെ തിളക്കത്തെ
നിന്റെ ചിരിയെ
നിന്റെ ജീവിതാനന്ദത്തെ


ഇന്നു ഞാൻ നിന്റെ തേങ്ങലിനെയും സ്നേഹിക്കുന്നു
നിന്റെ ജീവിതഭയത്തെയും
നിന്റെ കണ്ണുകളിലെ നിസ്സഹായതയെയും


എന്നാൽ നിന്റെ ഭയമകറ്റാൻ
ഞാൻ സഹായിക്കാം
എന്തെന്നാൽ
എന്റെ ജീവിതാനന്ദമെന്നാൽ
നിന്റെ കണ്ണുകളിലെ തിളക്കം തന്നെയിന്നും



ഉദാഹരണത്തിന്‌


പരിഹാസ്യമായ സംഗതികൾ
ഒരുപാടുണ്ട്
ഫോണിലൂടെ നിന്റെ ശബ്ദം കേൾക്കുമ്പോൾ
അതിനെ ചുംബിക്കുക
ഒരുദാഹരണം


അതിലും പരിഹാസ്യമാണ്‌
വ്യസനകരവുമാണ്
നിന്നെ ചുംബിക്കാനാവില്ലെന്നിരിക്കെ
എന്റെ ഫോണിനെ
ചുംബിക്കാതിരിക്കുക



രാക്കവിത


ചുംബനങ്ങൾ കൊണ്ടല്ല
നിന്റെ പുതപ്പു കൊണ്ടു
നിന്നെപ്പൊതിയാൻ
(നിന്റെ ചുമലിൽ നിന്ന്
അതൂർന്നുപോയിരുന്നു)
ഉറക്കത്തിൽ
നിനക്കു കുളിരാതിരിക്കാൻ

നീ
ഉറക്കം വിട്ടെഴുന്നേറ്റതില്പിന്നെ
ചെന്നു ജനാലയടയ്ക്കാൻ
നിന്നെപ്പുണരാൻ
ചുംബനങ്ങൾ കൊണ്ടു
നിന്നെപ്പൊതിയാൻ
നിന്നെ
കണ്ടെത്താൻ



കണക്കൊപ്പിക്കാതെ


നിന്നെക്കാൾ വല്ലാതെ പ്രായം കൂടുതലാണ്‌
എനിക്കെന്നത്
എന്നെക്കാൾ വല്ലാതെ ചെറുപ്പമാണ്‌
നീയെന്നത്
നമ്മെക്കാൾ ബോധം കൂടിയവർ
തങ്ങൾ കണക്കു കൂട്ടിയ
സ്വന്തം ഭാവികൾ
കൃത്യമായ അളവൊപ്പിച്ചു മുറിച്ചെടുക്കുന്ന
പണിപ്പുരകളിലേക്കു മാത്രം
ബാധകമാണതൊക്കെ



പ്രണയകവിത പോലെയൊന്ന്


എനിക്കു നിന്നോടാഗ്രഹം തോന്നുമ്പോൾ
ആർക്കാണ്‌ നിന്നോടാഗ്രഹം തോന്നുന്നത്?


എന്റെ കൈ നിന്നെത്തേടുമ്പോൾ
ആരാണ്‌ നിന്നെത്തഴുകുന്നത്?


അതു ഞാനോ അതോ
എന്റെ യൗവനത്തിന്റെ ശിഷ്ടമോ?


അതു ഞാനോ അതോ
എന്റെ വാർദ്ധക്യത്തിന്റെ തുടക്കമോ?


എന്റെ ജീവിതധൈര്യമോ അതോ
എന്റെ മരണഭയമോ?


എനിക്കു നിന്നോടാഗ്രഹം തോന്നുന്നുവെന്നതിൽ
എന്തിനു നീ പ്രാധാന്യം കാണണം?


എന്നെ ദുഃഖിതനാക്കുക മാത്രം ചെയ്ത എന്റെ അനുഭവങ്ങൾ
നിനക്കെന്തു നല്കാൻ?


ജീവിക്കുകയോ നല്കുകയോ എത്ര ദുഷ്കരമായി
എന്നു മാത്രം പറയുന്ന എന്റെ കവിതകൾ നിനക്കെന്തു നല്കാൻ?


എന്നാലുദ്യാനത്തിൽ വെയിലു വീഴുന്നു
മഴയ്ക്കു മുമ്പുള്ള കാറ്റു വീശുന്നു


പുല്ലുണങ്ങുന്ന മണം പരക്കുന്നു
ചെടിപ്പടർപ്പിന്റെയും


ഞാൻ നിന്നെ നോക്കുന്നു
എന്റെ കൈ നിന്നെത്തേടുന്നു



തിരിഞ്ഞുനോട്ടം


നിന്നെ പ്രതി
ഞാനനുഭവിക്കുന്ന സന്തോഷമില്ലായ്മ
നിന്നിൽ നിന്നെനിക്കു കിട്ടുന്ന സന്തോഷവുമായി
ഞാൻ കണക്കൊപ്പിക്കണം

അത് നാൾക്കണക്കിലോ
അതോ മണിക്കൂറു കണക്കിനോ? 


സന്തോഷത്തിന്റെ നാളുകളെക്കാൾ കൂടുതലായി
വേർപാടിന്റെ
വേവലാതിയുടെ
നിന്നോടുള്ള
നിന്നെക്കുറിച്ചുള്ള ഭീതിയുടെ
ആഴ്ചകളോ?


കണക്കെടുത്തിട്ടെന്തു കാര്യം?
എനിക്കു നിന്നെ ഇഷ്ടമാണ്‌



മഞ്ഞുകാലത്തെ പൂന്തോട്ടം


മഞ്ഞയും ചുവപ്പും നിറമുള്ള
രണ്ടു സ്റ്റാമ്പുകളൊട്ടിച്ച
നിന്റെ കവർ
ഞാനൊരു ചെടിച്ചട്ടിയിൽ നട്ടു


എന്നും ഞാനതിനു
നനച്ചുകൊടുക്കും
നിന്റെ കത്തുകൾ
എനിക്കായി വളരട്ടെ

മനോഹരവും 
വ്യസനം നിറഞ്ഞതുമായ കത്തുകൾ
നിന്നെപ്പോലെ മണക്കുന്ന
കത്തുകൾ


ഞാനിതു
നേരത്തേ ചെയ്യേണ്ടതായിരുന്നു
ഈ കാലമെത്തുന്നതു വരെ
കാക്കരുതായിരുന്നു



ബ്രെമെനിലേക്കു മടങ്ങുമ്പോൾ


ശരല്കാലത്തിന്റെ അന്ത്യകാലം
ആദ്യത്തെ മഞ്ഞുവീഴ്ച
ഇരുട്ടു വീണ വഴികൾ
മഞ്ഞു പോലെ മിനുസം
എന്നാൽ നിന്റെ നേർക്ക്


പിന്നെ നരച്ച പുലരിവെളിച്ചം
ട്രെയിൻ
വിരസതാളം
ക്ഷീണിപ്പിക്കുന്നത്
എന്നാൽ നിന്റെ നേർക്ക്


നിന്റെ നാടിന്റെ നടുമദ്ധ്യത്തിലൂടെ
എന്റെ ജീവിതത്തിന്റെ
നടുമദ്ധ്യത്തിലൂടെ
എന്നാൽ നിന്റെ നേർക്ക്


നിന്റെ ശബ്ദത്തിലേക്ക്
നിന്റെ സത്തയിലേക്ക്
നീയായ നിന്നിലേക്ക്
നിന്റെ നേർക്ക്



ഒരുപക്ഷേ


ഓർമ്മിക്കുകയാവും
ഒരുപക്ഷേ
മറക്കാനുള്ള
ഏറ്റവും
വേദനാപൂർണ്ണമായ വഴി


ആ വേദന തണുപ്പിക്കാനുള്ള

ഏറ്റവും ദയാർദ്രമായ വഴിയും


ശരല്ക്കാലം


അതൊരു പഴുക്കിലയാണെന്നു ഞാൻ കരുതി
കാറ്റത്തുയർന്നു പൊങ്ങി
പിന്നെ എന്റെ കൈ മേൽ വീണത്:
ഒരു മഞ്ഞപ്പൂമ്പാറ്റ

ഈ ശരല്ക്കാലത്തിന്റെ മൂർദ്ധന്യത്തിൽ
കൊഴിയേണ്ട ഒരില
അതിലുമായുസ്സ്
അതിനുണ്ടാവുകയുമില്ല

(നിന്റെ പ്രണയത്തിന്റെ
വമ്പൻ ഏറ്റിറക്കങ്ങളിൽ
ഒരു മഞ്ഞപ്പൂമ്പാറ്റയെക്കാളായുസ്സ്
എനിക്കുമില്ല)


എന്നാലെന്റെ കൈയിൽ കിടന്ന്
അതു ചിറകിളക്കുന്നു
ചിറകു കൊണ്ടു പതിയെ തല്ലുന്നു
അതതറിയുന്നുമില്ല



അനിശ്ചിതം


എനിക്കു കണ്ണുകളുണ്ട്
നിന്നെ ഞാൻ കാണുന്നുവെന്നതിനാൽ
എനിക്കു കാതുകളുണ്ട്
നിന്നെ ഞാൻ കേൾക്കുന്നുവെന്നതിനാൽ
എനിക്കു ചുണ്ടുകളുണ്ട്
നിന്നെ ഞാൻ ചുംബിക്കുന്നുവെന്നതിനാൽ


അതേ കണ്ണുകളും കാതുകളുമാണോ
എനിക്കുണ്ടാവുക
ഞാൻ നിന്നെ കാണാതെയും
കേൾക്കാതെയുമിരിക്കുമ്പോൾ
നിന്നെ ചുംബിക്കാതിരിക്കുമ്പോൾ
അതേ ചുണ്ടുകളും?



ഒരു ദിവ്യാത്ഭുതത്തിനുള്ള തുടക്കം


ഒഴിഞ്ഞ പുരയിടത്തിനു മുന്നിൽ
കണ്ണും പൂട്ടി നിന്നു ധ്യാനിക്കുക
അവിടെയുണ്ടായിരുന്ന പഴയ പുര
പിന്നെയും കണ്മുന്നിൽ തുറന്നു കിടക്കുന്നതു വരെ


ചലനമറ്റ ഘടികാരം നോക്കിയിരിക്കുക
അതിന്റെ സെക്കന്റ് സൂചി
പിന്നെയും
നീങ്ങിത്തുടങ്ങുന്നത്ര നേരം


നിന്നെയുമോർത്തിരിക്കുക
നിന്നോടുള്ള പ്രണയം
പിന്നെയും
സന്തോഷം നല്കുന്നതാവും വരെ


എങ്കിൽ
മരിച്ചവരെ ഉണർത്തുക
എത്രയും
എളുപ്പവുമാണ്‌



ഹൃദയാകൃതിയിൽ ഇലകളുള്ള ചെടി


(ജാപ്പനീസ് ശൈലിയിൽ ഒരു ടാങ്ക കവിത)

ഊഷ്മളമായ വേനൽ മഴ:
ഒരു കനത്ത തുള്ളി പതിക്കുമ്പോൾ
ഇലയാകെ വിറ കൊള്ളുന്നു.
എന്റെ ഹൃദയുമതുപോലെ വിറ കൊള്ളുന്നു
ഓരോ നേരവും നിന്റെ പേരതിൽ വന്നു പതിക്കുമ്പോൾ



നല്ല തോട്ടക്കാർ


എത്ര നന്നായി
കൈയിൽ കൈ കോർത്ത്
തോട്ടത്തിൽ നാം നടക്കുന്നുവെന്നത്
നമ്മുടെ തൈമരത്തിന്‌
നാം നനച്ചു കൊടുക്കുന്നുവെന്നത്
അതിനെ പരിപാലിക്കുന്നുവെന്നത്


ഞാൻ കമ്പിളിപ്പുഴുക്കളെ പെറുക്കിക്കളയുന്നു
നീയതിനു വെള്ളം തളിയ്ക്കുന്നു!
അതെത്ര പച്ചപ്പോടെ നിന്നേനെ
അതിന്റെ വേരുകൾ
നാം
വെട്ടിനുറുക്കിയിരുന്നില്ലെങ്കിൽ



സ്വപ്നം


രാത്രിയിൽ മരണം എനിക്കരികിൽ വന്നു
ഞാൻ പറഞ്ഞു:
“ആയിട്ടില്ല”
അവൻ ചോദിച്ചു:
“എന്തുകൊണ്ടായിട്ടില്ല?”
എനിക്കു മറുപടിയുണ്ടായില്ല

അവൻ തലയൊന്നു കുലുക്കി
പിന്നെ സാവധാനം
ഇരുട്ടിലേക്കു പിൻവാങ്ങി
എന്തുകൊണ്ടായിട്ടില്ല?
എന്റെ പ്രിയേ
നിനക്കൊരുത്തരം തരാനില്ലേ?



ഹൃദയം യഥാർത്ഥത്തിൽ


“എന്നെയോർത്തു പേടിക്കേണ്ട”
എന്നു പറഞ്ഞ ഹൃദയം
തണുത്തുറയുന്നു
ആർക്കു വേണ്ടിയാണോ
അതതു പറഞ്ഞത്
അവളെയോർത്തു പേടിക്കുന്നു


ഞാൻ നിന്നെ ചുംബിക്കുന്നെങ്കിൽ


ഞാൻ നിന്നെ ചുംബിക്കുന്നെങ്കിൽ
അതു നിന്റെ ചുണ്ടുകളെ മാത്രമല്ല
നിന്റെ നാഭിച്ചുഴിയെ മാത്രമല്ല
നിന്റെ മടിത്തട്ടിനെ മാത്രമല്ല
നിന്റെ ചോദ്യങ്ങളെയും
നിന്റെ തൃഷ്ണകളെയും ഞാൻ ചുംബിക്കുന്നു
നിന്റെ സംശയങ്ങളെയും നിന്റെ ധൈര്യത്തെയും
നിനക്കെന്നോടുള്ള പ്രണയത്തെയും
നിനക്കെന്നിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും
ഞാൻ ചുംബിക്കുന്നു
കയറിവന്ന ചുവടിനെയും
വീണ്ടുമിറങ്ങിപ്പോയ ചുവടിനെയും
ഞാൻ ചുംബിക്കുന്നു
ഞാൻ ചുംബിക്കുന്നത്
നീയിപ്പോഴാരാണോ അയാളെ
നാളെയും അതിൽ പിന്നെയും
എന്റെ കാലം കഴിഞ്ഞാലും
നീ ആരായിരിക്കുമോ അയാളെ


പ്രസംഗങ്ങൾ


സമാധാനത്തെക്കുറിച്ച്
ആളുകളോടു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ഭാവിയെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പ്രസംഗിക്കുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക
സ്വന്തം സഹജീവികളെക്കുറിച്ചാധിപ്പെടുക
ഒപ്പം നിന്നെക്കുറിച്ചു ചിന്തിക്കുക-
ആത്മവഞ്ചനയാണോ ഇത്
അതോ അന്തിമസത്യമോ?



പ്രണയവും നമ്മളും


പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?
അതു നമ്മെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റ്ലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ ഭയങ്ങൾക്കും
ബോംബിനുമെതിരെ?

എന്തു സഹായമതു ചെയ്തു
നമ്മെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല.
പ്രണയം നമ്മെ വഞ്ചിച്ചു.

പ്രണയത്തെക്കൊണ്ടു നമുക്കെന്തു കാര്യം?

നമ്മെക്കൊണ്ടു പ്രണയത്തിനെന്തു കാര്യം?
നാമതിനെ സഹായിക്കാനെത്തിയോ,
തൊഴിലില്ലായ്മയ്ക്കെതിരെ
ഹിറ്റലർക്കെതിരെ
കഴിഞ്ഞ യുദ്ധത്തിനെതിരെ
ഇന്നലെയ്ക്കും ഇന്നിനുമെതിരെ
പുതിയ പേടികൾക്കും
ബോംബിനുമെതിരെ?
അതിനെ നശിപ്പിക്കുന്ന
സർവതിനുമെതിരെ?
ഒരു സഹായവും ചെയ്തില്ല
പ്രണയത്തെ നാം വഞ്ചിച്ചു.


എന്താണ്‌ ജീവൻ?


ജീവൻ
എന്റെ കുളിത്തൊട്ടിയിൽ
വെള്ളത്തിന്റെ ഇളംചൂടാണ്‌


ജീവൻ
നിന്റെ നാഭിയില്‍
എന്റെ ചുണ്ടുകളാണ്‌


ജീവൻ
നമ്മുടെ നാട്ടിലെ അനീതികൾക്കെതിരെയുള്ള
രോഷമാണ്‌


വെള്ളം ഇളംചൂടുള്ളതുകൊണ്ടായില്ല
ഞാനതിൽ
തുടിച്ചുകുളിക്കുകയും വേണം

നിന്റെ നാഭിയില്‍ എന്റെ ചുണ്ടുള്ളതുകൊണ്ടായില്ല
ഞാനവിടെ
ചുംബിക്കുകയും വേണം

അനീതിക്കെതിരെ
രോഷം കൊണ്ടതു കൊണ്ടായില്ല
നാമതിന്റെ കാരണം തേടുകയും വേണം

അതിന്റെ കാര്യത്തിൽ
എന്തെങ്കിലും ചെയ്യുകയും വേണം
അതാണ്‌ ജീവൻ



അഭിപ്രായങ്ങളൊന്നുമില്ല: