2017, ഏപ്രിൽ 30, ഞായറാഴ്‌ച

ലോർക്ക - ആറു കമ്പികൾ



1921ൽ 23 വയസ്സുള്ളപ്പോഴാണ്‌ ലോർക്ക തന്റെ ആദ്യത്തെ പ്രധാനപ്പെട്ട കവിതാഗ്രന്ഥമായ Poema del Cante Jondo (Poem of the Deep Song) എഴുതുന്നത്. ലോർക്കയുടെ കാവ്യജീവിതത്തിലെ പ്രധാനപ്രമേയങ്ങൾ ഈ ചെറിയ പുസ്തകത്തിൽ ബീജരൂപത്തിൽ കാണാം: പ്രണയം, മരണം, അന്യവല്ക്കരണം. ആൻഡലൂഷ്യൻ ജീവിതത്തിന്റെ ആത്മാവിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ യാത്ര കൂടിയായിരുന്നു ഈ പുസ്തകം. അതിനദ്ദേഹം ഉപകരണമാക്കിയത് ആൻഡലൂഷ്യക്കാർ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ കാവ്യാത്മകപ്രകാശനത്തിനു പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന cante jundo എന്ന ഗാനരൂപമാണ്‌. എന്നാൽ അതിന്റെ വെറുമൊരു അനുകരണമായി ഈ കവിതകളെ കാണുകയും വേണ്ട; ജിപ്സി-ആൻഡലൂഷ്യൻ-ഫ്ലാമെങ്കോ പ്രപഞ്ചത്തിന്റെ ആത്മാവിലേക്കുള്ള ഒരു പര്യവേക്ഷണമാണത്. ജീവൻ വെടിഞ്ഞ കമിതാക്കളും ശപ്താത്മാക്കളും നിറഞ്ഞ ഒരു ലോകമാണത്; ഇരുട്ടത്ത് ഒരു കത്തിയലകിന്റെ പാളലും പരിത്യക്തമായ ഒരു രോദനവും നൂറ്റാണ്ടുകളായി ചൊരിയുന്ന കണ്ണീരും  ജീവിതത്തോടും ഒപ്പം മരണത്തോടുമുള്ള ആൻഡലൂഷ്യയുടെ തീവ്രാഭിനിവേശത്തിന്റെ ബിംബങ്ങളാണ്‌.
(Carlos Bauer)


ആറു കമ്പികൾ


ഗിത്താർ
സ്വപ്നങ്ങളെ കരയിക്കുന്നു.
നഷ്ടജന്മങ്ങളുടെ
തേങ്ങലുകൾ
അതിന്റെ വർത്തുളവദനത്തിൽ നിന്നു
പുറത്തു ചാടുന്നു.
ഇരുണ്ട മരപ്പാനയിലൊഴുകിനടക്കുന്ന
നെടുവീർപ്പുകളെ നായാടാൻ
വിഷച്ചിലന്തിയെപ്പോലെ
കൂറ്റനൊരു നക്ഷത്രം നെയ്യുന്നു
ഗിത്താർ.


ഗിത്താർ


തേങ്ങുന്നു ഗിത്താർ.
പുലരിയുടെ
ചഷകങ്ങളുടയുന്നു.
തേങ്ങുന്നു ഗിത്താർ.
അതടങ്ങുകയില്ല,
അതിനെയടക്കാനാവില്ല.
ഒരേ താളത്തിലോർത്തോർത്തു
തേങ്ങുന്നു ഗിത്താർ,
അരുവിയുടെ തേങ്ങൽ പോലെ,
മഞ്ഞുപാടത്തിനു മേൽ
തെന്നലിന്റെ തേങ്ങൽ പോലെ.
അതിനെയടക്കാനാവില്ല.
അതു തേങ്ങുന്നു,
വിദൂരവസ്തുക്കൾക്കായി.
വെളുത്ത കമേലിയാപ്പൂക്കൾക്കു
ദാഹിക്കുമുഷ്ണഭൂമി പോലെ.
ഉന്നമില്ലാത്തൊരമ്പു പോലെ.
പുലരിയില്ലാത്ത സന്ധ്യ പോലെ.
ചില്ലയിലാദ്യം മരിച്ച കിളി പോലെ.
തേങ്ങുന്നു ഗിത്താർ.
ഹാ, ഗിത്താർ!
അഞ്ചു കഠാരകൾ
ആഴ്ന്നിറങ്ങിയ ഹൃദയമേ.



നിലവിളി

കുന്നിൽ നിന്നു
കുന്നിലേക്കൊരു
കമാനം പോലെ
ഒരു നിലവിളി.

ഒലീവുമരങ്ങളിൽ നിന്നു
നീലരാവിനു മേൽ
ഒരിരുണ്ട മഴവിൽ.

ഹാ!

ഒരു വയോളയുടെ വില്ലു പോലെ
കാറ്റിന്റെ ദീർഘതന്ത്രികളെ
വിറ കൊള്ളിച്ചുവല്ലോ
നിലവിളി.

ഹാ!

ഗുഹാജീവികൾ
എണ്ണവിളക്കുകൾ കൊളുത്തുന്നു.

ഹാ!


നിശ്ശബ്ദത


എന്റെ കുഞ്ഞേ
നിശ്ശബ്ദതയ്ക്കു കാതുകൊടുക്കൂ.
അലയിളക്കുന്ന നിശ്ശബ്ദത,
തടങ്ങളും മാറ്റൊലികളും
വഴുക്കുന്ന
നിശ്ശബ്ദത,
നെറ്റിത്തടങ്ങളെ
നിലത്തു മുട്ടിക്കുന്ന
നിശ്ശബ്ദത.


അതിനു ശേഷം


കാലം നെയ്യുന്ന
നൂലാമാലകൾ
മറയുന്നു.

(മരുഭൂമി മാത്രം
ശേഷിക്കുന്നു.)

ഹൃദയം,
തൃഷ്ണകളുടെ പ്രഭവം,
മറയുന്നു.

(മരുഭൂമി മാത്രം
ശേഷിക്കുന്നു.)

പ്രഭാതമെന്ന മിഥ്യയും
ചുംബനങ്ങളും
മറയുന്നു.

മരുഭൂമി മാത്രം
ശേഷിക്കുന്നു.
ഓളം വെട്ടുന്ന
മരുഭൂമി.



കഠാര

പാഴ്നിലത്തിലാഴുന്ന
കൊഴു പോലെ
ഹൃദയത്തിലേക്കിറങ്ങുന്നു
കഠാര.

അരുതേ.
അതെന്നിൽ കുത്തിയിറക്കരുതേ.
അരുതേ.

ഒരു വെയിൽനാളം പോലെ
കൊടിയ ഗർത്തങ്ങൾക്കു
തീ വയ്ക്കുന്നു
കഠാര.



വിസ്മയം

നെഞ്ചിലൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു.
അവനാരെന്നാർക്കുമറിയില്ല.
തെരുവുവിളക്കെമ്മട്ടു വിറ കൊണ്ടുവെന്നോ!
അമ്മേ.
തെരുവിലെ
കുഞ്ഞുവിളക്കെമ്മട്ടു വിറ കൊണ്ടുവെന്നോ!
പ്രഭാതമായി.
കനത്ത വായുവിലേക്കു തുറന്നുവച്ച
ആ കണ്ണുകൾ കണ്ടുനില്ക്കാൻ
ആർക്കുമായില്ല.
നെഞ്ചത്തൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു,
അവനാരെന്നാർക്കുമറിയുകയുമില്ല.


ബാല്ക്കണി


ലോല
ഫ്ലാമെങ്കോഗാനങ്ങൾ പാടുന്നു.
ഭാവിയിലെ കാളപ്പോരുകാർ
അവൾക്കു ചുറ്റും കൂടുന്നു,
ക്ഷുരകൻ തന്റെ വാതില്ക്കൽ
അവളുടെ താളത്തിൽ തലയാട്ടുന്നു.
തുളസിക്കും കർപ്പൂരവള്ളിയ്ക്കുമിടയിൽ
ലോല ഫ്ലാമെങ്കോഗാനങ്ങൾ പാടുന്നു.
അതേ ലോല,
തളം കെട്ടിയ ജലത്തിൽ
തന്നെത്തന്നെ നോക്കിനിന്നിരുന്നവൾ.


ലോല


നാരകമരത്തിനടിയിൽ നിന്നവൾ
കുഞ്ഞുടുപ്പുകൾ കഴുകുന്നു.
അവൾക്കു കണ്ണുകൾ പച്ച,
പാടലമവൾക്കു ശബ്ദം.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!

വെയിലു പതഞ്ഞുനിറഞ്ഞു
ചോലയൊഴുകി.
ഒലീവുതോപ്പിനുള്ളിൽ
ഒരു കുരുവി പാടി.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!

പിന്നെ, ലോല,
അവൾ സോപ്പു പതച്ചുതീർത്താൽ
ഭാവിയിലെ കാളപ്പോരുകാർ വരും.

ഹേയ്, പൂത്ത നാരകത്തിനടിയിലെ
സുന്ദരീ!



അമ്പാരൊ

അമ്പാരോ,
വീട്ടിലെത്രയ്ക്കൊറ്റയ്ക്കാണു നീ,
വെള്ളയുടുപ്പണിഞ്ഞവളേ!

(മുല്ലയ്ക്കും ജടാമാഞ്ചിക്കുമിടയിലെ
മദ്ധ്യരേഖ.)

നിന്റെ നടുമുറ്റത്തെ
അത്ഭുതജലധാരകൾ നിനക്കു കേൾക്കാം,
കാനറിപ്പക്ഷികളുടെ
നേർത്തുമഞ്ഞിച്ച സ്വരങ്ങളും.

അപരാഹ്നത്തിൽ
കാൻവാസിലലസം നെയ്യുമ്പോൾ
കിളികളെക്കൊണ്ടു വിറ കൊള്ളുന്ന
സൈപ്രസ്സ് മരങ്ങളും നീ കാണുന്നു.

അമ്പാരോ,
വീട്ടിലെത്രയ്ക്കൊറ്റയ്ക്കാണു നീ,
വെള്ളയുടുപ്പണിഞ്ഞവളേ!

അമ്പാരോ,
എത്ര ദുഷ്കരമാണു നിന്നോടു പറയുക,
എനിക്കു നിന്നെ സ്നേഹമാണെന്ന്!


മരണത്തിന്റെ വിലാപം


(മിഗുവെൽ ബെനിറ്റെസ്സിന്‌)

കറുത്ത മാനത്തിനു കുറുകെ
മിന്നലിന്റെ മഞ്ഞപ്പിണരുകൾ.

കണ്ണുകളുമായി ഈ ലോകത്തേക്കു ഞാൻ വന്നു,
കണ്ണുകളില്ലാതെ ഞാൻ മടങ്ങുന്നു.
അതിശോകത്തിന്റെ ദൈവമേ!
ഒടുവിലെന്താ,
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

നല്ലവർ പോകുന്നിടത്തേക്കു പോകാൻ
ഞാൻ ശ്രമിച്ചു,
എന്റെ ദൈവമേ, എനിക്കതാവുകയും ചെയ്തു!
എന്നിട്ടുമൊടുവിലെന്താ,
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

മഞ്ഞിച്ച കുഞ്ഞുനാരകമേ,
നാരകമരമേ,
നാരങ്ങകൾ
കാറ്റിലേക്കെറിയൂ.
നിനക്കറിയാമല്ലേ!
ഒടുവിൽ, ഒടുവിലിതു തന്നെ:
ഒരു മെഴുകുതിരിയും
നിലത്തു വിരിച്ച കരിമ്പടവും.

കറുത്ത മാനത്തിനു കുറുകെ
മിന്നലിന്റെ മഞ്ഞപ്പിണരുകൾ.


തല്ലുകൊണ്ട ജിപ്സിയുടെ പാട്ട്

ഇരുപത്തിനാലു തവണ അവരെന്നെ തല്ലി.

ഇരുപത്തിനാലു തവണ ആകെ.
ഇനി, രാത്രിയിൽ, എന്റെ അമ്മ
വെള്ളിത്തകിടിൽ എന്നെ പൊതിഞ്ഞെടുക്കും.

ഹൈവേയിലെ പോലീസുകാരേ,
എനിക്കൊരു കവിൾ വെള്ളം തരൂ,
മീനും വഞ്ചിയുമുള്ള വെള്ളം.
വെള്ളം, വെള്ളം, വെള്ളം, വെള്ളം.

അങ്ങു മുകളിൽ മുറിയിലൊറ്റയ്ക്കിരിക്കുന്ന
ഇൻപെക്ടറെജമാനനേ!
എന്റെ മുഖം തുടയ്ക്കാൻ വേണ്ടത്രയും പട്ടുതൂവാലകൾ
ഒരിക്കലുമെടുക്കാനുണ്ടാവില്ല!




Lorca Poem of the Deep Song

2017, ഏപ്രിൽ 29, ശനിയാഴ്‌ച

ലോർക്ക - ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ

lorca Severed hands


1935ൽ മരണത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ലോർക്ക എഴുതിയ പതിനൊന്നു ഗീതകങ്ങളുടെ സമാഹാരമാണ്‌ ‘ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ’ Sonetos del amor oscuro. 1933ൽ പരിചയപ്പെട്ട റഫായെൽ റോഡ്രിഗ്സ് റപ്യൂൺ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയോടു തോന്നിയ പ്രണയമാണ്‌ പ്രചോദനം. 1983ലാണ്‌ ഈ കവിതകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്.



റോസാപ്പൂക്കൾ കൊണ്ടൊരു മാല

ആ പൂമാല! വേഗമാവട്ടെ! ഞാൻ മരിക്കുകയായി!
വേഗം കൊരുക്കൂ! പാടൂ! കരയൂ! പാടൂ!
എന്റെ തൊണ്ടയിൽ ഇരുട്ടടയ്ക്കുകയായി,
ആയിരാമത്തെത്തവണയുമിതാ, ജനുവരിവെളിച്ചം പിന്നെയും പരക്കുകയായി.

നിനക്കെന്നോടുള്ള പ്രണയത്തിനും എനിക്കു നിന്നോടുമുള്ളതിനുമിടയിൽ
-നക്ഷത്രമണ്ഡലത്തിനും വൃക്ഷങ്ങളുടെ പ്രകമ്പനത്തിനുമിടയിൽ-
ഒരാണ്ടിനുള്ള രോദനത്തിന്റെ ഇരുട്ടുമായി
വയല്ച്ചുള്ളികളുടെ പടർപ്പുയർന്നുനില്ക്കുന്നു.

എന്റെ മുറിവിന്റെ പുതുമ മാറാത്ത കൊഴുച്ചാൽ കണ്ടുനിന്നോളൂ,
ഓടത്തണ്ടുകളും നേർത്ത ചിറ്റരുവികളും തകർത്തോളൂ,
തുടകളിലൊലിക്കുന്ന ചോരയും കുടിച്ചോളൂ.

എന്നാൽ വേഗമാവട്ടെ! കെട്ടുപിണഞ്ഞു നാമൊന്നാവുക,
പ്രണയം ചതച്ച ചുണ്ടും ദംശനമേറ്റ ആത്മാവുമായി
കാലം നമ്മെ കണ്ടെത്തട്ടെ, തകർന്നടിഞ്ഞവരായി.



മധുരിക്കുന്ന പരിഭവം

ഒരുനാളുമെനിക്കു നിഷേധിക്കരുതേ,
നിന്റെ കണ്ണുകളുടെ ശിലാശില്പവിസ്മയം;
ഏകാന്തരാത്രിയിലെന്റെ കവിളിൽ
നിന്റെ നിശ്വാസം വിടർത്തുന്ന പനിനീർപ്പൂവും.

എനിക്കു ഭയം, ഈ വിദൂരതീരത്തു
ചില്ലകൾ ഛേദിച്ച മരമായി നില്ക്കാൻ;
ഒരു പൂവൊരുപഴമൊരു ചെളിക്കട്ടയെങ്കിലും വേണം,
എന്റെ നോവിന്റെ പുഴുവിനു നുഴഞ്ഞുകേറാൻ.

നീയാണെന്റെ നിഗൂഢനിധിയെങ്കിൽ,
നീയാണെന്റെ കുരിശ്ശും തോരാത്ത ശോകവുമെങ്കിൽ,
നിനക്കധീനനായ നായയാണു ഞാനെങ്കിൽ,

ഞാൻ നേടിയെടുത്തതെനിക്കു നഷ്ടപ്പെടുത്തരുതേ,
നിന്റെ പുഴവെള്ളമലങ്കരിക്കുകയും ചെയ്തോളൂ,
എനിക്കന്യമായ ശരല്ക്കാലത്തിന്റെ പഴുക്കിലകളാൽ.


പ്രണയത്തിന്റെ തിരുമുറിവുകൾ


ഈ വെളിച്ചം, ദഹിപ്പിക്കുന്ന ഈയഗ്നി,
എന്നെച്ചുഴലുന്ന ഈ ധൂസരദേശം,
ഒരേയൊരു ചിന്തയുടെ കാർന്നുതിന്നുന്ന വേദന,
ആകാശത്തിന്റെ , ലോകത്തിന്റെ, കാലത്തിന്റെ യാതന;

സ്പന്ദനമടങ്ങിയ വീണയിൽ, തൃഷ്ണയുടെ പന്തത്തിൽ
രക്തഹാരം ചാർത്തുന്ന ഈ വിലാപം,
എന്റെ മേൽ തകർന്നുടയുന്ന ഈ കടലിന്റെ ഭാരം,
എന്റെ നെഞ്ചിൽ കുടിയേറിയ ഈ കരിന്തേൾ-

പ്രണയത്തിന്റെ പൂമാലയിവ, മുറിപ്പെട്ടവന്റെ ശയ്യ,
തകർന്ന ഹൃദയത്തിന്റെ ശേഷിപ്പുകൾക്കിടയിൽ
നിന്റെ സാന്നിദ്ധ്യം സ്വപ്നം കണ്ടു ഞാൻ കിടക്കുന്നതിവിടെ.

ഞാൻ തേടിയലഞ്ഞതു വിവേകത്തിന്റെ മലമുടി,
നിന്റെ ഹൃദയമെനിക്കരുളിയതു വിഷക്കളകളുടെ താഴ്‌വര,
കയ്ക്കുന്ന നേരുകൾക്കായി തീരാത്തൊരു ദാഹവും.


കവി കമിതാവിനോട് കത്തെഴുതാൻ പറയുന്നു


എനിക്കുള്ളിലെ പ്രണയമേ, എന്റെ ജാഗരമരണമേ,
നീയെഴുതുന്നൊരു വാക്കിനായി വിഫലമായി ഞാൻ കാത്തിരിക്കുന്നു,
വാടുന്ന പൂവു നോക്കിയിരിക്കെ മനസ്സിൽ ഞാൻ പറയുന്നു,
സ്വബോധം മറയും മുമ്പേ എനിക്കു നഷ്ടമാകട്ടെ നിന്നെ.

ചിരായുസ്സാണു വായു, ശില നിശ്ചേഷ്ടവും;
അതിനു നിഴലറിയില്ല, നിഴലിൽ നിന്നൊഴിയാനും;
എന്റെയുള്ളിലെ ഹൃദയത്തിനു വേണ്ട,
ചന്ദ്രനുരുക്കിയൊഴിക്കുന്ന കൊഴുത്ത തേനും.

നിന്നെപ്രതി ഞാൻ നീറി, എന്റെ സിരകൾ ഞാൻ പിളർന്നു,
പല്ലുകളുടേയും ലില്ലികളുടേയും ദ്വന്ദ്വയുദ്ധത്തിൽ
നിന്റെയരക്കെട്ടിൽ ഞാൻ വ്യാഘ്രവും പ്രാവുമായി.

എങ്കിലെന്റെയുന്മാദത്തെ വാക്കുകളാൽ നിറയ്ക്കൂ,
അല്ലെങ്കിലാത്മാവിന്റെ നിത്യാന്ധകാരത്തിൽ
അന്തിമശാന്തിയോടെന്നെ ജീവിക്കാനനുവദിക്കൂ.



കവി സത്യം പറയുന്നു

കരഞ്ഞുതീർക്കണമെനിക്കെന്റെ വേദന,
ഒരു കഠാരയും ചുംബനങ്ങളും നീയുമായി
രാപ്പാടികൾ പാടുന്ന സാന്ധ്യവേളയിൽ
നീയെന്നെ പ്രേമിക്കും വരെ, എനിക്കായി കരയും വരെ.

എന്റെ പൂക്കളുടെ അരുംകൊല നടന്നപ്പോൾ
അതിന്നേകദൃക്സാക്ഷിയെ എനിക്കു വധിക്കണം,
എന്റെ കണ്ണീർത്തുള്ളികളുമെന്റെ വിയർപ്പുമണികളും
കട്ടിപ്പൊൻഗോതമ്പിന്റെ തീരാത്ത കൂമ്പാരമാക്കണം.

‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ ‘നീയെന്നെ സ്നേഹിക്കുന്നു’
ആ നൂല്ക്കഴിയൊരുനാളുമഴിയാതിരിക്കട്ടെ,
ശുഷ്കസൂര്യനും വൃദ്ധചന്ദ്രനുമതിനെന്നും ചൂടു പകരട്ടെ.

നീ നിഷേധിച്ചതും ഞാൻ ചോദിക്കാത്തതും മരണത്തിനിരിക്കട്ടെ,
മരണത്തിനാവില്ല,
ഉടലു തുടിക്കുമ്പോഴതിൽ നിഴലു വീഴ്ത്തുവാൻ.



ഉറക്കമില്ലാത്ത പ്രണയത്തിന്റെ രാത്രി

പൂർണ്ണചന്ദ്രനുമായി നാമിരുവർ രാത്രി ചവിട്ടിക്കയറി,
ഞാൻ കരഞ്ഞപ്പോൾ നീ പൊട്ടിച്ചിരിച്ചു,
നിന്റെ പരിഹാസമൊരു ദേവതയായിരുന്നു,
എന്റെ പരിഭവം തുടലിലിട്ട പ്രാവുകളും നിമിഷങ്ങളും.

വേദനയുടെ പളുങ്കേ, പിന്നെ നാം രാത്രിയുടെ പടിയിറങ്ങി,
വിപുലദൂരങ്ങളെച്ചൊല്ലി നീ തേങ്ങിക്കരഞ്ഞു.
നിന്റെ ദുർബ്ബലഹൃദയത്തിന്റെ പൂഴിപ്പരപ്പിൽ
അട വച്ച മുട്ടകളായിരുന്നു, എന്റെ കദനം.

പ്രഭാതം നമ്മെ കിടക്കയിലൊരുമിപ്പിച്ചു,
ചോരയണപൊട്ടിയൊഴുകുന്നൊരുറവയ്ക്കു മേൽ
നമ്മുടെ ചുണ്ടുകളൊട്ടിപ്പിടിച്ചു.

പടുതകൾക്കിടയിലൂടെ പിന്നെ സൂര്യൻ കയറിവന്നു,
ശവക്കോടി ചുറ്റിയ എന്റെ ഹൃദയത്തിനു മേൽ
ജീവന്റെ പവിഴക്കൊടിയതിന്റെ ചില്ലകൾ വിരിച്ചു.



കവി കമിതാവിനോട് ഫോണിൽ സംസാരിക്കുന്നു

മരപ്പലകയടിച്ചൊരു കുഞ്ഞുമുറിയിൽ
നിന്റെ സ്വരമെന്റെ നെഞ്ചിലെ പൂഴിയിൽ വെള്ളം തേവി,
എന്റെ കാല്ചുവടിനു തെക്കു വസന്തമായിരുന്നു,
എന്റെ നെറ്റിത്തടത്തിനു വടക്കു പന്നൽ പൂവിട്ടിരുന്നു.

ആയിടുങ്ങിയ ഇടത്തു വെളിച്ചത്തിന്റെ പൈന്മരം പാടി,
പുലരിയുടെ ഈണമില്ലാതെ, വിത്തുകളില്ലാതെ,
എന്റെ തേങ്ങലുകളിതാദ്യമായി
പുരപ്പുറത്തു പ്രത്യാശയുടെ തോരണം ചാർത്തി.

എനിക്കായൊഴുകിയെത്തിയ മധുരവും വിദൂരവുമായ ശബ്ദം,
ഞാൻ രുചിയറിഞ്ഞ മധുരവും വിദൂരവുമായ ശബ്ദം,
മധുരവും വിദൂരവുമായ മൂർച്ഛിക്കുന്ന ശബ്ദം.

മുറിപ്പെട്ടൊരു മാൻപേട പോലെ വിദൂരം,
പെയ്യുന്ന മഞ്ഞിൽ തേങ്ങൽ പോലെ മധുരം,
മജ്ജയിൽ കുടിയേറിയ പോലെ: മധുരം, വിദൂരം!


കവി കമിതാവിനോട് ക്വെങ്ക എന്ന ‘മായികനഗര’ത്തെക്കുറിച്ചു ചോദിക്കുന്നു


ജലം കൊത്തിയെടുത്ത നഗരം നിനക്കിഷ്ടമായോ,
തുള്ളിയിറ്റി, തുള്ളിയിറ്റി, പൈനുകളുടെ വനഗർഭത്തിൽ?
സ്വപ്നങ്ങളും മുഖങ്ങളും പാതകളും നീ കണ്ടുവോ,
കാറ്റിന്റെ പ്രഹരമേല്ക്കുന്ന കദനത്തിന്റെ ചുമരുകളും?

ഉടഞ്ഞ ചന്ദ്രന്റെ നീലിച്ച വിള്ളൽ നീ കണ്ടുവോ,
ഹുക്കാർപ്പുഴയുടെ പാട്ടിലും പളുങ്കിലും നനഞ്ഞതിനെ?
നിന്റെ വിരൽത്തുമ്പുകളിലുമവ ചുംബിച്ചുവോ,
വിദൂരശിലകളെ പ്രണയത്തിന്റെ കിരീടം ചൂടിച്ച കൊട്ടച്ചെടികൾ?

പുല്ച്ചാടികൾക്കും നിഴലുകൾക്കും തടവുകാരൻ,
സർപ്പത്തിന്റെ മൗനസഹനത്തിലേക്കു കയറിച്ചെല്ലുമ്പോൾ
നിനക്കെന്നെ ഓർമ്മ വന്നുവോ?

തെളിഞ്ഞ വായുവിൽ നീ കാണുന്നതില്ലേ,
കദനങ്ങളുടെ, ആനന്ദങ്ങളുടെ ഡാലിയ,
എന്റെ പൊള്ളുന്ന ഹൃദയം നിന്റെ പേർക്കയച്ചത്?

മാഡ്രിഡിനു 260 കി.മീ. തെക്കുപടിഞ്ഞാറായുള്ള ക്വെങ്ക Cuenca എന്ന വലിയയ പൈൻകാട്ടിനുള്ളിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ്‌ Ciudad Encantada (മായികനഗരം). വലിയ ചുണ്ണാമ്പുപാറകൾ കാറ്റിലും മഴയിലും ദ്രവിച്ച് ഏതോ പുരാതനനഗരത്തിലെ കൊട്ടാരങ്ങളും ദേവാലയങ്ങളും പാലങ്ങളും വീടുകളുംസ്തൂപങ്ങളുമാണെന്ന വിഭ്രമം കാണികളിൽ സൃഷ്ടിക്കുന്നു. ഹുക്കാർ Jucar ക്വെങ്കയിലൂടെ ഒഴുകുന്ന നദിയാണ്‌. ലോർക്ക 1932ൽ ഇവിടം സന്ദർശിച്ചിരുന്നു.


Sonnets of Dark Love translated by Paul Archer

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

ഗ്ളോറിയ ഫുവർത്തിസ് - രണ്ടു കവിതകൾ




ഗ്ളോറിയ ഫുവർത്തിസ് Gloria Fuertes (1917-1998)- സ്പാനിഷ് കവിയും ബാലസാഹിത്യകാരിയും. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള തലമുറയിലെ പ്രമുഖരായ എഴുത്തുകാരിൽ ഒരാൾ. പതിനഞ്ചു കവിതാസമാഹാരങ്ങളും മുപ്പത്തിനാലു ബാലസാഹിത്യകൃതികളും എഴുതിയിട്ടുണ്ട്.


ആത്മകഥ

ബർഗോസ് കതീഡ്രലിന്റെ ചുവട്ടടിയിലാണ്‌
എന്റെ അമ്മ ജനിച്ചത്.
മാഡ്രിഡ് കതീഡ്രലിന്റെ ചുവട്ടടിയിലാണ്‌
എന്റെ അച്ഛൻ ജനിച്ചത്.
സ്പെയിനിന്റെ നടുക്ക് ഒരുച്ച തിരിഞ്ഞ നേരത്ത്
എന്റമ്മയുടെ ചുവട്ടടിയിലാണ്‌
ഞാൻ ജനിച്ചത്.
എന്റെ അച്ഛൻ ഒരു പണിക്കാരനായിരുന്നു,
അമ്മ ഒരു തുന്നൽക്കാരിയായിരുന്നു.
സർക്കസിൽ ചേരാനായിരുന്നു എനിക്കു താല്പര്യം,
എനിക്കായതേ പക്ഷേ, ഞാനായുള്ളു.
ചെറുപ്പത്തിൽ ഞാനൊരു ദുർഗുണപരിഹാരപാഠശാലയിലായിരുന്നു,
ഫീസു വേണ്ടാത്തൊരു സ്കൂളിലും ഞാൻ പോയിരുന്നു.
കുഞ്ഞിലേ ഞാൻ ദീനക്കാരിയായിരുന്നു,
ഒരു വേനല്ക്കാലം ഞാൻ സാനിറ്റോറിയത്തിലുമായിരുന്നു,
ഇന്നെനിക്കതു പരിചയമായിരിക്കുന്നു.
കുറഞ്ഞതൊരേഴു പ്രേമങ്ങൾ എനിക്കുണ്ടായിട്ടുണ്ട്,
കുഴപ്പക്കാർ ചില ആണുങ്ങളും,
ഒന്നാന്തരമൊരു വിശപ്പും.
ഇതുവരെയായി രണ്ടിടത്തരം ശിക്ഷകൾ എനിക്കു കിട്ടീട്ടുണ്ട്,
വല്ലപ്പോഴുമൊക്കെ  ഒരു  ചുംബനവും.


ഗ്ളോറിയയുടെ കഥ


ഒരു പഴന്തുണി പോലെയാണ്‌
ഒരു സിഗററ്റുകുറ്റി പോലെയാണ്‌
ഒരു പുറന്തോടു പോലെയാണ്‌
താനെന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ.
നിങ്ങളുടെ ശോകത്തിനു വെള്ളം തേവരുത്.
തോറ്റത് നിങ്ങളല്ല
തോറ്റതയാളാണ്‌!
നിങ്ങളെക്കൊണ്ട് സ്വയം വൃത്തിയായിട്ട്
ഒരു പഴന്തുണി പോലെ നിങ്ങളെ വലിച്ചെറിഞ്ഞ അയാൾ.
നിങ്ങളുടെ ഊർജ്ജം മുഴുവൻ വലിച്ചുകുടിച്ചിട്ട്
ഒരു സിഗററ്റുകുറ്റി പോലെ നിങ്ങളെ ചവിട്ടിയരച്ച അയാൾ.
ഒരു പഴത്തിലെന്നപോലെ അയാൾ നിങ്ങളിൽ പല്ലുകളാഴ്ത്തി,
നിങ്ങളിൽ പിന്നെ ശേഷിച്ചതയാൾ വലിച്ചെറിഞ്ഞു:
വെൽവെറ്റു പോലെ നിർമ്മലമായ പുറന്തോട്.

ഒരു പഴന്തുണിയാണ്‌
സിഗററ്റുകുറ്റിയാണ്‌
പുറന്തോടാണു നിങ്ങളെങ്കിൽ
നിങ്ങളുടെ വിത്തുകൾ നിങ്ങളിൽത്തന്നെ വിതയ്ക്കൂ!
ഒരു ചിത്രത്തിൽ
ഒരു കവിതയിൽ
പിന്നെയും പൂവിടൂ.
ഒരു പുറന്തോടെങ്കിൽ
ഒരു വിശക്കുന്ന കുഞ്ഞിന്‌ ആഹാരമായും.
(ഞാൻ ചെയ്തതാണ്‌.)


2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഇവാൻ ഷില്ക്കിൻ - ദുഷ്ടനായ ഉദ്യാനപാലകൻ

iwan-gilkin-writers-photo-1


വിചിത്രമനസ്കരായ തോട്ടക്കാരുടെ ഹേമന്തോദ്യാനങ്ങളിൽ
ചില വിഷച്ചെടികളാരും കാണാതെ വളർന്നുകേറുന്നു;
അവയുടെ മുരത്ത കാണ്ഡങ്ങളെത്രവേഗം ചുറ്റിപ്പിണയുന്നു,
കുളങ്ങളുടെ ചെളിവരമ്പുകളിൽ ചുറയിടുന്ന പാമ്പുകൾ പോലെ!

അപൂർവ്വവും മനോഹരവുമാണവയുടെ ഭീഷണപുഷ്പങ്ങൾ,
അവയിൽ നിന്നു വമിക്കുന്നതു മാദകമായ തീക്ഷ്ണപരിമളങ്ങൾ.
അഭിമാനത്തോടവ തുറന്നുവയ്ക്കുന്നു വിഷമയമായ പൂപ്പാലികകൾ;
അവയുടെ പൈശാചസൗന്ദര്യത്തിൽ വിടരുന്നതബോധമരണം.

അവയുടെ സമൃദ്ധപരിമളം തട്ടിയാൽ ഉടലു വാടിയുണങ്ങും;
അവയുടെ സൗന്ദര്യത്തിലമിതമായിട്ടഭിരമിച്ചതിനാൽത്തന്നെ
രാജഗൃഹങ്ങളിൽ റാണിമാർ വിളർത്തുവിളറുന്നതു നാം കാണുന്നതും.

നിങ്ങളെപ്പോലെയാണു ഞാനും, വികൃതസ്വഭാവികളായ തോട്ടക്കാരേ!
അപക്വമനസ്സുകളിൽ ഞാനെന്റെ വിഷവിത്തുകൾ വിതയ്ക്കുന്നു,
അവയിലെന്റെ കവിത തഴയ്ക്കുന്നതു പിന്നെ ഞാൻ നോക്കിയിരിക്കുന്നു!


ഇവാൻ ഗിൽക്കിൻ Iwan Gilkin (1858-1924) - ബൽജിയംകാരനായ ഫ്രഞ്ചുകവി. മതപരവും ദാർശനികവുമായ പ്രമേയങ്ങൾ. ബോദ് ലേറുടെയും ഷോപ്പൻ ഹോവറുടെയും സ്വാധീനം പ്രകടം.


Le mauvais jardinier [The Wicked Gardener] (1919)

In the winter gardens of bizarre florists
Malign plants spread stealthily,
Plants whose teeming stems soon become entwined,
Like drowsy snakes on the muddy edges of ponds.

Their fearsome flowers, unusual and magnificent,
From which stream heavily-scented, intoxicating fragrances,
Proudly offer up their bowls of venomous blossom.
Death blooms in their savage splendour.

Their sumptuous aromas ruin one’s health
And it is through having indulged too much in their beauty
That pallid queens are to be seen languishing in their palaces.

And as for me, I am just like you, perverse gardeners!
In the precocious minds where I have cast my seeds,
I watch the poison of my poetry flourish.

2017, ഏപ്രിൽ 23, ഞായറാഴ്‌ച

ഗ്രിഗറി കോർസോ - രണ്ടു കവിതകള്‍

corso


ഗ്രിഗറി കോർസോ Gregory Corso (1930-2001)- ബീറ്റ് പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിലൊരാളായ അമേരിക്കൻ കവി. അച്ഛനമ്മമാർ വേർപിരിഞ്ഞതിനാൽ അനാഥാലയത്തിലായിരുന്നു ബാല്യം. പതിനൊന്നാമത്തെ വയസ്സിൽ അച്ഛൻ കൂട്ടിക്കൊണ്ടു പോയി. പലപ്പോഴും വീട്ടിൽ നിന്നോടിപ്പോയിരുന്നു. മോഷണക്കുറ്റത്തിന്‌ പതിനേഴാമത്തെ വയസ്സിൽ മൂന്നു കൊല്ലം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. അവിടെ വച്ചാണ്‌ സാഹിത്യത്തിലേക്കു തിരിയുന്നത്. 1950ൽ ഗ്രീൻവിച്ച് വില്ലേജിൽ വച്ച് കവി അലൻ ഗിൻസ്ബർഗ്ഗിനെ പരിചയപ്പെട്ടു. 51-52ൽ തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ യാത്ര ചെയ്തു. 55ൽ ആദ്യത്തെ കവിതാസമാഹാരം The Vestal Lady on Brattle പ്രസിദ്ധീകരിച്ചു. 1956ൽ കോർസോ ന്യൂയോർക്കിൽ പോയി ഗിൻസ്ബർഗ്ഗിനെ കണ്ടു. അവിടത്തെ ബാറുകളിലെയും കഫേകളിലേയും കവിതാവായനകളിലൂടെ ബീറ്റ് പ്രസ്ഥാനം രൂപമെടുക്കുകയും ചെയ്തു. The Happy Birthday of Death (1960, Long Live Man (1962), Selected Poems (1962), The Mutation of the Spirit (1964), Elegiac Feelings American (1970), Herald of the Autochthonic Spirit (1981) തുടങ്ങിയവ മറ്റു കവിതാഗ്രന്ഥങ്ങൾ.


നാവികഗാനം


എന്റെ അമ്മയ്ക്ക് കടൽ വെറുപ്പായിരുന്നു
എന്റെ കടൽ വിശേഷിച്ചും,
അരുതെന്നു ഞാൻ താക്കീതു ചെയ്തു;
എനിക്കതേ ചെയ്യാനുണ്ടായിരുന്നുള്ളു.
രണ്ടു കൊല്ലത്തില്പിന്നെ
അമ്മയെ കടൽ തിന്നു.
വിചിത്രവും എന്നാൽ സുന്ദരവുമായ ഒരു ഭക്ഷണം
കടലോരത്തു ഞാൻ കണ്ടു;
എനിക്കതു തിന്നാമോയെന്നു
കടലിനോടു ഞാൻ ചോദിച്ചു.
ആവാമെന്നു കടൽ പറഞ്ഞു.
എന്താ കടലേ, ഇതെന്തു മീനാണ്‌,
ഇത്ര മാർദ്ദവവും ഇത്ര രുചിയുമുള്ളതായി?
നിന്റമ്മയുടെ പാദം.

(ഗ്രിഗറി കോർസോ പറയുന്നു: ഇതാണ്‌ എന്റെ ആദ്യത്തെ കവിത. ഇതെഴുതുമ്പോൾ എനിക്കു പതിനാറു വയസ്സായിരുന്നു. അമ്മയെ ഞാൻ കണ്ടിട്ടില്ല; അമ്മ ഇറ്റലിയിലേക്കു മടങ്ങിപ്പോയെന്ന് എന്നെ വളർത്തിയവർ പറഞ്ഞു. അങ്ങനെ അതിനെക്കുറിച്ച് ഞാൻ എഴുതിയ ഒരു കവിതയാണിത്.)


ഗ്രീൻവിച്ച് വില്ലേജിലെ ആത്മഹത്യ


കൈകൾ ഇരുവശത്തേക്കും നീട്ടി,
ജനാലപ്പടിയിൽ പരത്തിവച്ച്
അവൾ താഴേക്കു നോക്കുന്നു
ബാർത്തോക്കിനേയും വാൻഗോഗിനേയും
ന്യൂയോർക്കറിലെ കാർട്ടൂണുകളെയും കുറിച്ചോർക്കുന്നു
അവൾ വീഴുന്നു
മുഖം ഒരു ഡെയ്‌ലി ന്യൂസ് കൊണ്ടു മറച്ച്
അവളെ അവർ എടുത്തുകൊണ്ടു പോകുന്നു
ഒരു കടക്കാരൻ നടപ്പാതയിലേക്ക്
ചൂടുവെള്ളം എടുത്തൊഴിക്കുന്നു
(1952)


Online Works of Gregory Corso

ഗിയാക്കോമോ നൊവേന്റാ - അതിനുമപ്പുറം

noventa

ആകാശത്തിനുമപ്പുറം
എന്താണച്ഛാ?
ആകാശം, മകനേ.
അതിനുമപ്പുറം?
പിന്നെയുമാകാശം.
അതിനുമപ്പുറം?
അതിലും കഷ്ടം-
ദൈവം!

ഗിയക്കോമോ നൊവേന്റ Giacomo Noventa (1898-1960) - ഇറ്റാലിയൻ കവിയും ചിന്തകനും. കത്തോലിക്കനും സോഷ്യലിസ്റ്റുമായ അദ്ദേഹം കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ് വിരുദ്ധനുമായിരുന്നു. കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടു വരുന്നതേയുള്ളു.


2017, ഏപ്രിൽ 22, ശനിയാഴ്‌ച

കികാകു - ഹൈക്കു

300px-Takarai_Kikaku


തകരായ് കികാകു Takarai Kikaku(1661-1707) ബഷോയുടെ പത്തു ശിഷ്യന്മാരിൽ ഏറ്റവും പ്രഗത്ഭനായി അറിയപ്പെടുന്നു. തന്റെ ഗുരുവിന്റെ അന്ത്യനാളുകളെക്കുറിച്ചും അതു കഴിഞ്ഞു തൊട്ടടുത്തുള്ള ദിവസങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പ്രസിദ്ധമാണ്‌. ബഷോയെ പ്രസിദ്ധനാക്കിയ രണ്ടു പുസ്തകങ്ങൾ, മിനാഷിഗുരി (1683)ഉൾപ്പെടെ, എഡിറ്റു ചെയ്തതും  സരുമിനോഷോ (1691) യ്ക്ക് ആമുഖം എഴുതിയതും അദ്ദേഹമാണ്‌. പക്ഷേ ഗുരുവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ദുഷ്കരമായിരുന്നു എന്നു തോന്നുന്നു; ഒടുവിൽ അവർ തമ്മിൽ തെറ്റിപ്പിരിഞ്ഞു എന്നും വരാം. ബഷോയുടെ അവസാനത്തെ പ്രധാനകൃതിയായ ഒകു നൊ ഹൊസോമിച്ചിയിൽ ഈ ശിഷ്യനെ പരാമർശിക്കുന്നതേയില്ല. കികാകുവിന്റെ ഹൈക്കു അതിന്റെ നർമ്മം കൊണ്ടും ഒപ്പം ക്ലിഷ്ടത കൊണ്ടും പ്രസിദ്ധമാണ്‌. ബഷോ അവസാനകാലത്ത് ഗ്രാമങ്ങളേയും ലാളിത്യത്തിന്റെ സൗന്ദര്യത്തെയുമാണ്‌ ഉപാസിച്ചതെങ്കിൽ കികാകു നഗരജീവിതത്തിലും അതിന്റെ സങ്കീർണ്ണതകളിലുമാണ്‌ ശ്രദ്ധിച്ചത്. അതുപോലെ തന്നെ ശ്ലേഷാർത്ഥപ്രയോഗങ്ങളും സൂചനകളും ബിംബപ്രയോഗങ്ങളും കൊണ്ട് ആസ്വാദനത്തെ വെല്ലുവിളിക്കുന്നവയുമായിരുന്നു അവ. പത്തു ലക്ഷം നഗരവാസികളുമായി അക്കാലത്തെ ഏറ്റവും വലിയ നഗരമായിരുന്ന ഇഡോ (ഇന്നത്തെ ടോക്ക്യോ)യിലെ ഏറ്റവും പ്രസിദ്ധനായ കവിയായിരുന്നു കികാകു.



1
ഒരിക്കൽ കികാകു ഇങ്ങനെയൊരു ഹൈക്കു രചിച്ചു:

ചുവന്ന തുമ്പി,
ചിറകു പറിക്കൂ-
വെറുമൊരു ചെറി.

ഗുരുവായ ബഷോയ്ക്ക് ഈ ക്രൂരത സഹിച്ചില്ല. അദ്ദേഹം ഇങ്ങനെ തിരുത്തി:

വെറുമൊരു ചെറി,
ചിറകു കൊടുക്കൂ-
ചുവന്ന തുമ്പി.

2
തല കീഴ്ക്കാമ്പാടായി
രാപ്പാടി
-തന്നാണ്ടത്തെ ആദ്യഗാനം.

3
കള്ളിന്റെ വെള്ളച്ചാട്ടം,
മാനത്തു നിന്ന്
നൂല്പുട്ടിന്റെ മഴയും.

4
പടക്കുതിര കുതിക്കുമ്പോൾ
കാറ്റിൽ ചിതറിയ ഈച്ചകൾ

ഇരുപതിനായിരം കവിതകള്‍.

(1684ൽ ഇഹാര സൈകാകു ഒറ്റ ദിവസം കൊണ്ട് 23500 ഹൈക്കു എഴുതി; അതിന്റെ ഓർമ്മയ്ക്ക്)

5
പണക്കാരനാണു താനെന്നോ?
എങ്കിൽ
ശരല്ക്കാലത്തെ മറന്നേക്കൂ.

6
കടലിനു മേലൊരു മഴവില്ല്,
അതിനെ മായ്ക്കുന്നു
മീവൽപ്പറ്റം.

7
ഒരു ഭിക്ഷക്കാരനതാ,
അയാൾക്കുടുക്കാൻ
ആകാശവും ഭൂമിയും.

8
കൊതുകുകൾ തൂണുകൾ
അതിനു മേൽ
സ്വപ്നങ്ങളുടെ തൂക്കുപാലം.

9
ശരല്ക്കാലപൂർണ്ണചന്ദ്രൻ,
ഈ പുല്പായയിൽ
പൈന്മരത്തിന്റെ നിഴലും.

10
പെട്ടെന്നൊരു വേനല്മഴ,
പുറത്തേക്കു പാളിനോക്കുന്നു
ഒരു സ്ത്രീ.

11
വിളർത്ത ഹേമന്തചന്ദ്രൻ
ഒറ്റയ്ക്കായ കളിപ്പാവയെ
നിഴലത്തു കിടത്തുന്നു.

12
അന്തിവെളിച്ചത്തിൽ
പട്ടണത്തെരുവിൽ
ഒരു പൂമ്പാറ്റ.


2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ഓച്ചി എറ്റ്സുജിൻ - ഹൈക്കു

ets


ഓച്ചി എറ്റ്സുജിൻ Ochi Etsujin(1656-1739)- ബഷോയുടെ പ്രധാനപ്പെട്ട പത്തു ശിഷ്യന്മാരിൽ ഒരാൾ. അദ്ദേഹത്തിന്റെ സരാഷിനാ യാത്രയിൽ സഹചാരി ആയിരുന്നു.

1
ശരല്ക്കാലസന്ധ്യ-
അവൾ വന്നു ചോദിക്കുന്നു,
“വിളക്കു കൊളുത്തട്ടെ?”

2
രാത്രിയാണെന്നോർമ്മിപ്പിക്കാൻ
ചീവീടേ ഉണ്ടായിരുന്നുള്ളു-
ചന്ദ്രനത്ര തെളിഞ്ഞതായിരുന്നു.

3
ഒരാണ്ടു കൂടി കടന്നുപോകുന്നു-
അച്ഛനമ്മമാരിൽ നിന്ന്
നരച്ച മുടി ഞാൻ ഒളിപ്പിക്കുന്നു.

4
അന്നൊരുമിച്ചു നാം കണ്ട മഞ്ഞ്-
ഇക്കൊല്ലവും
അതു പെയ്തോ?


ഓഷിമ റിയോട്ട - ഹൈക്കു

chrys


ഓഷിമ റിയോട്ട (1718-1787)- ബഷോയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പില്ക്കാലകവികളിൽ ഒരാൾ. രണ്ടായിരം ഹൈക്കു എഴുതിയെന്നു പറയപ്പെടുന്നു.

1
ആരും ഒന്നും മിണ്ടിയില്ല-
വീട്ടുകാരനും വിരുന്നുകാരനും
വെള്ളക്രിസാന്തമപ്പൂവും.

2
വിളക്കിൻ നാളം നോക്കിയിരിക്കെ
അതിൽ
കാറ്റിന്റെ പെരുമാറ്റം.

3
പിന്നാലെ ചെന്നപ്പോൾ
നിലാവിലൊളിക്കുന്നു
മിന്നാമിനുങ്ങ്.

4
തെളിഞ്ഞ ചന്ദ്രനു മുന്നിൽ
കുന്നിൻമുകളിലൊരു പൈൻമരം-
അതാണെന്റെ വരുംജന്മം.


2017, ഏപ്രിൽ 19, ബുധനാഴ്‌ച

ഇവാൻ ബുനിൻ - കവിതകൾ



ഇവാൻ അലക്സിയേവിച്ച് ബുനിൻ Ivan Alexeyevich Bunin (1870-1953) ദരിദ്രമെങ്കിലും സാഹിത്യപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചു. ആദ്യം പ്രസിദ്ധീകരിച്ചത് കവിതകളാണ്‌; ലോങ്ങ്ഫെല്ലോയുടെ ഹയവതയുടെ ഗാനം (The Song of Hayawatha) എന്ന കവിതയ്ക്ക് ബുനിൻ ചെയ്ത റഷ്യൻ പരിഭാഷ ഒരു ക്ലാസ്സിക് ആയി പരിഗണിക്കപ്പെടുന്നു. എന്നാലും അദ്ദേഹത്തിന്റെ ഗദ്യകൃതികളാണ്‌ കൂടുതൽ പ്രസിദ്ധം. പുഷ്കിൻ, ടോൾസ്റ്റോയ്, അടുത്ത സുഹൃത്തായ ചെക്കോഫ് എന്നിവരാണ്‌ അദ്ദേഹത്തിനു മാതൃകകൾ. 1920ൽ അദ്ദേഹം റഷ്യ വിട്ട് ഫ്രാൻസിൽ താമസമാക്കി. 1933ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അഴ്സനിയേവിന്റെ ജീവിതം എന്ന ആത്മകഥാംശമുള്ള നോവൽ, ഗ്രാമം, വരണ്ട താഴ്‌വര, നിഴലടഞ്ഞ വഴികൾ, സാൻഫ്രാൻസിസ്ക്കോക്കാരനായ ഒരു മാന്യൻ തുടങ്ങിയ കഥാസമാഹാരങ്ങൾ എന്നിവ പ്രധാനപ്പെട്ട കൃതികൾ.


പൂക്കളും നെടിയ തണ്ടുള്ള പുല്ക്കൊടികളും


പൂക്കളും നെടിയ തണ്ടുള്ള പുല്ക്കൊടികളും ഒരു തേനീച്ചയും,
പിന്നെ ആകാശത്തിന്റെ നീലിമയും മദ്ധ്യാഹ്നത്തിന്റെ ജ്വലനവും...
മരണമുഹൂർത്തമെത്തുമ്പോൾ ദൈവമവന്റെ മുടിയനായ പുത്രനോടു ചോദിക്കും:
“ഭൂമിയിൽ നിന്റെ വാസത്തിൽ തൃപ്തനായിരുന്നുവോ നീ?”
ഒക്കെയും ഞാൻ മറക്കും, ഇത്രയും ഞാനോർമ്മവയ്ക്കും:
നെടിയ കുന്തങ്ങൾ പോലുള്ള പുല്ക്കൊടികൾ, ഇടയിലൊരു പാതയും.
കാരുണ്യത്തിന്റെ കാല്മുട്ടുകളിൽ ഞാനള്ളിപ്പിടിക്കും,
തിരിച്ചൊന്നും പറയാതെ നിരുദ്ധകണ്ഠനായി ഞാനിരിക്കും.


രാത്രിയിലവളുടെ മുറിയിൽ...


രാത്രിയിലവളുടെ മുറിയിലേക്കു ഞാൻ ചെന്നു,
ഉറക്കമാണവൾ. നിലാവ് ജനാലപ്പടിയിൽ;
സ്ഫുരണങ്ങൾ വഴുതിവീണ കോസടിയിൽ.

മലർന്നുകിടക്കുമ്പോൾ വിടർന്ന മാറിടം നഗ്നം,
ഉറങ്ങുമ്പോളവളുടെ ജീവൻ നിശ്ചലം,
ജലം പോലെ നിശ്ചലം, അതു പോലെ ശീതം.
(1894)



നിന്റെ കൈത്തലം...

നിന്റെ കൈത്തലം ഞാൻ കവരുമ്പോൾ,
നിർന്നിമേഷമതുതന്നെ നോക്കി ഞാനിരിക്കുമ്പോൾ,
സാവധാനം, സലജ്ജ,മലസം നീ കണ്ണുകളുയർത്തുമ്പോൾ...
ആ കൈയിൽത്തന്നെയുണ്ടല്ലോ, പ്രിയേ, നിന്റെ ജീവിതമാകെ;
ഉടലുമാത്മാവുമായി നീയെന്റേതുമാകുന്നു.

മറ്റെന്തു ഞാൻ കൊതിയ്ക്കാൻ? ഇതില്പരമാനന്ദമെന്തറിയാൻ?
എന്നാലുമെന്നാലും പ്രിയേ, കലാപക്കാരനൊരു മാലാഖ,
അഗ്നിയും ചണ്ഡവാതവുമായവൻ,
വികാരങ്ങളുടെ മരണബീജം വിതയ്ക്കുന്നവൻ,
അവനതാ, ഭൂമിയ്ക്കു മേൽ പാറിനിൽക്കുന്നു,
അവിടെ- നമുക്കു നേരേമുകളിൽത്തന്നെ!
(1898)


ഒരു ചഷകം നിറയെ...


ഒരു ചഷകം നിറയെ കറുത്ത മദിര
ശോകത്തിന്റെ ദേവതയെനിക്കു നീട്ടി;
ഒരിറക്കു വയ്ക്കാതെ ഞാൻ കുടിച്ചു,
മരണത്തിന്റെ മയക്കത്തിൽ ഞാനടിഞ്ഞു.
ശോകത്തിന്റെ ദേവത മന്ദഹസിച്ചു,
വികാരലേശമില്ലാതവൾ പറഞ്ഞു:
“മധുരവുമുന്മത്തവുമാണീ മദിര;
എന്റെ മുന്തിരി വിളയുന്നതു ശവപ്പറമ്പിൽ.”
(1902)


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒനിറ്റ്സുറ - ഹൈക്കു

large_Uejima_Onitsura


ഉയേജിമ ഒനിറ്റ്സുറ Uejima Onitsura(1660-1768) ഒരു മദ്യവ്യാപാരിയുടെ മൂന്നാമത്തെ മകനായി ജനിച്ചു. വളരെ ചെറുപ്പത്തിലേ എഴുതിത്തുടങ്ങി. കവിതയിൽ കൂടുതൽ ശ്രദ്ധിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു. എഴുപത്തിമൂന്നാം വയസ്സിൽ സന്ന്യാസം സ്വീകരിച്ചു. അതിനു ശേഷം കവിതയെഴുത്തു നിർത്തുകയും ചെയ്തു.

1
ചെറിമരങ്ങൾ പൂക്കുമ്പോൾ
കിളികൾക്കു രണ്ടു കാല്‌,
കുതിരകൾക്കു നാലും.

2
ചെറിപ്പൂക്കൾ കാണുന്നവർ
പട്ടുടുത്ത
അസ്ഥികൂടങ്ങൾ.

3
വരുന്ന ശരല്ക്കാലത്ത്
ചന്ദ്രനെ നോക്കുമ്പോൾ
എന്റെ മടിയിൽ കുഞ്ഞുണ്ടാവില്ല.

(ആറു വയസ്സായ മകൻ മരിച്ചപ്പോൾ എഴുതിയത്)

4
ആളുകളെക്കണ്ടൊളിക്കുന്നു,
ആളുകളെ പരിചയിക്കുന്നു
-കുരുവിക്കുഞ്ഞുങ്ങൾ.

5
എനിക്കെന്റെ സ്വപ്നം മതി,
നീ വിളിച്ചുകാണിച്ച ചന്ദ്രനതാ,
മൂടല്മഞ്ഞിൽ മറഞ്ഞു കാക്കേ.

(മരണത്തിനു മുമ്പെഴുതിയത്)


Onitsura in English

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

തനേഡ സന്റോക്ക - ഹൈക്കു



നിത്യസഞ്ചാരിയായ ഹൈക്കുകവി. 1882 ഡിസംബർ 3ന്‌ യമാഗുച്ചി പ്രവിശ്യയിലെ സമ്പന്നനായ ഒരു ജന്മിയുടെ മകനായി ജനിച്ചു. അച്ഛൻ ധൂർത്തനും സ്ത്രീലമ്പടനുമായിരുന്നു. സന്റോക്കയ്ക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ അമ്മ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അടുത്തൊരിടത്ത് കളിച്ചുകൊണ്ടു നിന്ന സന്റോക്ക വന്നപ്പോൾ കണ്ടത് കിണറ്റിൽ നിന്നു പൊക്കിയെടുക്കുന്ന അമ്മയുടെ നിശ്ചേഷ്ടശരീരമാണ്‌. ആ കാഴ്ച അദ്ദേഹത്തെ ജീവിതാന്ത്യം വരെയും വേട്ടയാടിയിരുന്നു. അമ്മയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്തായാലും അച്ഛന്റെ കുത്തഴിഞ്ഞ ജീവിതമാണ്‌ അതിനു പ്രേരണയായി അദ്ദേഹം കണ്ടത്. അതിനു ശേഷം മുത്തശ്ശിയുടെ സംരക്ഷണയിലാണ്‌ സന്റോക്ക വളർന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം 1902ൽ ടോക്ക്യോ സർവ്വകലാശാലയിൽ സാഹിത്യപഠനത്തിനു ചേർന്നു. ഇക്കാലമായപ്പോഴേക്കും അദ്ദേഹം സാമ്പ്രദായികരീതിയിലുള്ള ഹൈക്കു എഴുതിത്തുടങ്ങിയിരുന്നു. ഇക്കാലത്തു തന്നെയാണ്‌ മലമുകളിലെ അഗ്നി എന്നർത്ഥം വരുന്ന സന്റോക്ക എന്ന തൂലികാനാമം സ്വീകരിക്കുന്നതും. 1904ൽ പക്ഷേ, അദ്ദേഹം പഠനം ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങി. മാനസികമായ ബുദ്ധിമുട്ടുകളാണ്‌ കാരണമായി പറഞ്ഞതെങ്കിലും അമിതമായ മദ്യപാനമാവാം യഥാർത്ഥത്തിൽ അതിലേക്കു നയിച്ചത്. കുടുംബസ്വത്തു മുഴുവൻ തുലച്ചുകളഞ്ഞ അച്ഛന്‌ മകന്റെ വിദ്യാഭ്യാസച്ചെലവു നടത്താനുള്ള കഴിവും ഇല്ലായിരുന്നു. അച്ഛൻ ഇക്കാലത്ത് നെല്ലിൽ നിന്നു വീഞ്ഞുണ്ടാക്കാനുള്ള ഒരു ഫാക്റ്ററി തുടങ്ങിയിരുന്നു. ബിസിനസ്സിൽ അദ്ദേഹം മകനേയും കൂടെക്കൂട്ടി. 1909ൽ അച്ഛന്റെ നിർബന്ധപ്രകാരം അടുത്തൊരു ഗ്രാമത്തിൽ നിന്ന് സന്റോക്ക വിവാഹവും കഴിച്ചു. രണ്ടിലും, ബിസിനസ്സിലും വിവാഹത്തിലും, അദ്ദേഹം പരാജയമായിരുന്നു. 1916ൽ നഷ്ടത്തെത്തുടർന്ന് ഫാക്റ്ററി പൂട്ടി; അച്ഛൻ ഒളിവിൽ പോയി. സന്റോക്ക ഭാര്യയും മകനുമൊപ്പം കുമാമോട്ടോയിലേക്കു താമസം മാറ്റി. സന്റോക്കയുടെ ഭാര്യ അവിടെ ചിത്രങ്ങളുടെ ചട്ടം വില്ക്കുന്ന ഒരു പീടിക തുറന്നു. ഇതിനിടെ കുടുംബത്തിന്റെ കടങ്ങൾ ഒറ്റയ്ക്കു നേരിടേണ്ടിവന്ന അനുജൻ 1918ൽ ആത്മഹത്യ ചെയ്തു. അതേ വർഷം തന്നെയാണ്‌ അദ്ദേഹത്തെ വളർത്തിയ മുത്തശ്ശിയുടെ മരണവും നടന്നത്. 1919ൽ അദ്ദേഹം ഭാര്യയേയും മകനേയും വിട്ട് ടോക്ക്യോവിൽ പോയി അവിടെ ഒരു സിമന്റ് ഫാക്ടറിയിൽ ജോലിക്കു ചേർന്നു. അതു താങ്ങാൻ പറ്റാതെ ഒരു ലൈബ്രറിയിൽ ജോലിയെടുത്തുവെങ്കിലും ഒടുവിൽ അതും ഉപേക്ഷിച്ചു. 1923 ഒക്ടോബറിൽ കാന്റോയിലുണ്ടായ ഭൂകമ്പത്തിൽ താൻ താമസിച്ചിരുന്ന കെട്ടിടം തകർന്നതോടെ അദ്ദേഹം വീണ്ടും നാട്ടിലേക്കു തന്നെ മടങ്ങി. 1924 ഡിസംബറിൽ കുടിച്ചു ബോധം കെട്ട സന്റോക്ക ട്രെയിനിനു മുന്നിൽ കയറി നിന്നു; അത് ആത്മഹത്യ ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നോ അതോ കുടിച്ചു ബോധം കെട്ടവന്റെ അഭ്യാസമായിരുന്നോ എന്നറിയില്ല; എന്തായാലും ഡ്രൈവർ കണ്ടതിനാൽ അദ്ദേഹം മരണത്തിൽ നിന്നൊഴിവായി. പോലീസിനു പകരം ഒരു സെൻ ആശ്രമത്തിലാണ്‌ റയിൽവേ അധികാരികൾ അദ്ദേഹത്തെ ഏല്പിച്ചത്. അവിടെ മോച്ചിസുക്കി ഗ്യാൻ എന്ന ഗുരുവിനു കീഴിൽ അദ്ദേഹം ബുദ്ധമതപഠനവും ധ്യാനപരിശീലനവും ആരംഭിച്ചു. 1925ൽ 44 വയസ്സുള്ളപ്പോൾ അദ്ദേഹം സോട്ടോ എന്ന സെൻ വിഭാഗത്തിൽ ഒരു പുരോഹിതനായി ദീക്ഷയേല്ക്കുകയും ചെയ്തു. 1926 ഏപ്രിലിൽ പക്ഷേ അദ്ദേഹം അതുപേക്ഷിച്ച് പിന്നീടു തന്റെ ജീവിതചര്യയായി മാറിയ യാത്രകൾക്കിറങ്ങി. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്നറിയില്ല; ഒരിടത്തും തങ്ങിനില്ക്കാത്ത തന്റെ പ്രകൃതത്തിന്‌ അതാണു യോജിച്ചതെന്ന് അദ്ദേഹം കരുതിക്കാണും; അല്ലെങ്കിൽ സൈഗ്യോ, ബഷോ തുടങ്ങി സഞ്ചാരികളും കവികളുമായ തന്റെ പൂർവ്വഗാമികളെ അദ്ദേഹം മാതൃകയായി സ്വീകരിച്ചതുമാവാം. ആ യാത്ര അദ്ദേഹം പതിനാറു കൊല്ലം നടത്തി. വിശപ്പും രോഗവും രൂക്ഷമായ പ്രകൃതിയും സഹിച്ച് ഇരുപത്തെണ്ണായിരത്തോളം മൈൽ അദ്ദേഹം നടന്നുവെന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ ഇതിനിടയിലും അമിതമായ മദ്യപാനം തുടർന്നുപോന്നിരുന്നു. 1932ൽ ശിഷ്യന്മാർ കെട്ടിക്കൊടുത്ത ഒരു കുടിലിൽ അദ്ദേഹം താമസമാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകവും ഈ വർഷമാണ്‌ ഇറങ്ങിയത്. 1935ൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. അദ്ദേഹം പിന്നെയും യാത്ര തുടങ്ങി. ഒടുവിൽ 1939ൽ മത്‌സുയാമയ്ക്കടുത്തുള്ള ഒരാശ്രമത്തിൽ അദ്ദേഹം ചെന്നുചേർന്നു. 1940 ഒക്ടോബർ 10ന്‌ സന്റോക്ക ഉറക്കത്തിൽ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു.

സന്റോക്കയുടെ കവിതയും ജീവിതവും തമ്മിൽ ഭേദമില്ല. മഴയെക്കുറിച്ചു ഹൈക്കു എഴുതുമ്പോൾ ഒരു ഭിക്ഷുവിന്റെ നേർത്ത മേലങ്കിയും വൈക്കോൽത്തൊപ്പിയും ധരിച്ച് മഴയത്തു നടന്നുകൊണ്ടു തന്നെയാണ്‌ അദ്ദേഹം അതെഴുതുന്നത്. ആ മഴ ശരിക്കും നനയിക്കുന്ന, ശരിക്കും എല്ലു വിറപ്പിക്കുന്ന മഴയുമാണ്‌.  ഉറക്കം പോലും ദീർഘദൂരം യാത്ര ചെയ്തു തളർന്ന ഒരാൾക്ക് സാന്ത്വനം നല്കുന്നതുമല്ല; വഴിവക്കിൽ, കല്ല് തലയിണയാക്കിയ അസ്വസ്ഥമായ ഉറക്കമാണ്‌. സന്റോക്ക തന്റെ യാത്രയിൽ അനുഭവിക്കുന്ന പ്രകൃതി ബഷോ, ബുസോൺ തുടങ്ങിയ പൂർവ്വഗാമികളുടെ പ്രകൃതിയുമല്ല. പൊള്ളുന്ന വെയിലും മജ്ജ മരവിപ്പിക്കുന്ന മഴയും പൊടിയും ചെളിയും നിറഞ്ഞു നീണ്ടുകിടക്കുന്ന വഴികളുമായി ശരിക്കും ഉടൽ തളർത്തുന്ന ഒരു ഭൗതികാനുഭവമാണത്. മറ്റു കവികൾ പ്രകൃതിയുടെ ഉദാത്തസൗന്ദര്യത്തിൽ നിന്നാണ്‌ സത്യം കണ്ടെത്താൻ ശ്രമിച്ചതെങ്കിൽ സന്റോക്ക അതിന്റെ നഗ്നതയിലാണ്‌ തന്റെ സത്യവും മുക്തിയും തേടിയത്.


1
പടിഞ്ഞാറുള്ളവർക്കിഷ്ടം
മലകളെ കീഴടക്കാൻ
കിഴക്കുള്ളവർക്കിഷ്ടം
മലകളെ ധ്യാനിക്കാൻ
എനിക്കിഷ്ടം
മലകളെ രുചിക്കാൻ.

2
ബുദ്ധന്റെ കുഞ്ഞുവിഗ്രഹം-
മനുഷ്യർക്കു വേണ്ടിയല്ലേ
അതു മഴ കൊള്ളുന്നു?

3
അസ്തമിക്കുന്ന ചന്ദ്രനെ
നോക്കിനില്ക്കെ
ഞാൻ ഞാനാകുന്നു.

4
ജീവിതത്തിനും
മരണത്തിനുമിടയിൽ
തോരാത്ത മഞ്ഞുമഴ.

5
നടന്നിരക്കുമ്പോൾ
തലയ്ക്കു മേൽ
എരിയുന്ന മാനം.

6
ചന്ദ്രനുദിക്കുന്നു
ഒന്നിനും
കാത്തുനില്ക്കാതെ.

7
ഏകാന്തത
ഈ നേർവഴി
നിറയെ.

8
ഓരോ നാളും
നാം കാണുന്നു
അസുരന്മാരെ
ബുദ്ധന്മാരെ.

9
കാലിടറി
ഞാൻ വീണു
മലകൾ അനങ്ങിയില്ല.

10
ഒഴിഞ്ഞ വയറ്റിൽ
തുളച്ചുകേറുന്നു
നിലാവ്.

11
ഉറക്കം വരാതെ
ആ കൂമൻ
ഈ ഞാൻ.

12
പുല്പരപ്പിൽ കിടക്കുമ്പോൾ
ഈ യാത്രയുടെ മുറിവുകൾ
സൂര്യനു ഞാൻ തുറന്നുവയ്ക്കുന്നു.

13
ഉച്ചയുറക്കം വിട്ടെഴുന്നേല്ക്കുമ്പോൾ
നാലുപാടും മലകൾ.

14
ഇരിക്കാനിടമില്ലാതെ
കാക്ക കരയുന്നു
കാക്ക പറക്കുന്നു.

15
മഞ്ഞു പെയ്യുമ്പോൾ
ഒറ്റയ്ക്ക്,
ഒറ്റയ്ക്ക് ഞാൻ നടക്കുന്നു.

16
പിച്ചച്ചട്ടിയിൽ
വന്നുവീണത്
പഴുക്കില.

17
വലിച്ചെറിഞ്ഞെനിക്കു കിട്ടുന്നു
ഒരൊറ്റനാണയത്തിന്റെ
തിളക്കം.

18
മുഖത്തോടു മുഖം നോക്കി
നാം ചിരിക്കുന്നു
ഇനിയൊരിക്കലും
കണ്ടുമുട്ടാത്ത നാം.

19
ചുമ നില്ക്കുന്നില്ല
പുറം തടവാൻ
ആരുമില്ല.

20
മഴ പെയ്യുന്നു
വെയിലു വീഴുന്നു
മരിക്കാനൊരിടം തേടി
ഞാൻ നടക്കുന്നു.

21
നടന്നുതളർന്ന കാലുകൾ
അതിലൊന്നിൽ
പറന്നിറങ്ങിയ തുമ്പി.

22

പുൽത്തുമ്പത്തൊരു
തുമ്പി
മനോഗതങ്ങളിൽ
മുഴുകി.

23
നാട്ടിലിപ്പോൾ
മഴ പെയ്യുകയാവും
നഗ്നപാദനായി
ഞാൻ നടക്കുന്നു.

24
തളിരിലകളിൽ നിന്നിറ്റുന്നു
എന്റെ
വൈക്കോൽത്തൊപ്പിയിൽ നിന്നിറ്റുന്നു.

25
ഉടലിനു സാക്കെ, ആത്മാവിനു ഹൈക്കു,
ഉടലിന്റെ ഹൈക്കു സാക്കെ,
ആത്മാവിന്റെ സാക്കെ ഹൈക്കു.

26
നല്ലൊരു പാർപ്പിടത്തിലേക്ക്
നല്ലൊരു വഴി
ശവക്കുഴി.

27
മഞ്ഞുകാലത്തെ മഴമേഘങ്ങൾ
പട്ടാളക്കാർ ചൈനയിലേക്കു പോകുന്നു
ചീളുകളായി ചിതറാൻ.

28
ഇന്നും
കത്തുകളില്ല
പൂമ്പാറ്റകൾ മാത്രം.

29
ശേഷിച്ച ഈച്ചകൾക്ക്
ഞാൻ
പരിചിതൻ.

30
ബാക്കിയായ
ജീവൻ കൊണ്ട്
ഞാൻ വയറു ചൊറിയുന്നു.

31
നല്ല സത്രം
ഇരുപുറം മലകൾ
മുന്നിൽ ചാരായക്കട.

32
കുയിലേ,
നമുക്കു നാളെ
ആ മല കയറാം.

33
ഒഴുകി, ഒഴുകി
ചെളിവെള്ളം
തെളിയുന്നു.

34
ഒരു പൊളിഞ്ഞ കുടിലിൽ
എന്റെ പൊളിഞ്ഞ ജീവിതം
ഞാനൊളിപ്പിക്കുന്നു.

35
അതെന്റെ മുഖമായിരുന്നു
ആ തണുത്ത കണ്ണാടിയിൽ
കണ്ടത്.


36
തലയ്ക്കുള്ളിൽ
എവിടെയോ
ഒരു കാക്ക കരയുന്നു.

37
മരിക്കാൻ മോഹമില്ല
ജീവിക്കാൻ മോഹമില്ല
തലയ്ക്കു മേൽ കാറ്റു വീശുന്നു.



ഡയറിയിൽ നിന്ന്

* ഒരു ദിവസത്തെ ജീവിതം കൊണ്ട് പ്രപഞ്ചത്തെക്കുറിച്ചുള്ള നിങ്ങളുടെ ഒരു ദിവസത്തെ സംശയങ്ങളേ പരിഹരിക്കപ്പെടുന്നുള്ളു.

* തന്നെത്തന്നെ കീഴടക്കുമ്പോൾ മനുഷ്യജീവിതം ആരംഭിക്കുന്നു, തന്നെത്തന്നെ കീഴടക്കിക്കൊണ്ട് അതവസാനിക്കുന്നു.

* തന്റെ ഊർജ്ജമെല്ലാം ഉപയോഗപ്പെടുത്തിയവൻ, പ്രാർത്ഥനയുടെ ഒരു വാക്കു പോലും ഉരുവിടാത്തവൻ, വ്യാമോഹങ്ങളിൽ നിന്നു മുക്തനാണവൻ.

* പ്രാർത്ഥിക്കാതെ വയ്യെന്നാണെങ്കിൽ തന്നിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചോളൂ.

* ആത്മരതി ആത്മപ്രശംസയല്ല. തന്നെത്തന്നെ സ്നേഹിക്കുന്നവനാണ്‌ തന്നോടൊട്ടും ദാക്ഷിണ്യം കാണിക്കാത്തതും.

* തേടിയിട്ടു കിട്ടിയില്ലെങ്കിൽ അതിൽ ഖേദിക്കരുത്; തേടിക്കിട്ടിയതു കൊണ്ടു പോരെന്നാണെങ്കിൽ അതിൽ ഖേദിക്കുക.

* നരകത്തിൽ നിന്നു വന്നവൻ അലറിവിളിച്ചുകൊണ്ടോടുന്നില്ല. മണ്ണിൽ കണ്ണു നട്ട് മൂകനായി അയാൾ നടക്കുന്നു.

* വിദഗ്ധമായി നിർമ്മിച്ച കവിതയേക്കാൾ അവിദഗ്ധമായി ജനിച്ച കവിതയാണ്‌ എനിക്കിഷ്ടം.

* കഴിവില്ലാത്ത, ചുണയില്ലാത്ത എനിക്ക് രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളു: എന്റെ രണ്ടു കാലിൽ നടക്കുക, എന്റെ കവിതകൾ എഴുതുക.

* തങ്ങൾ എന്താണോ, ശരിക്കും അതാകുമ്പോഴാണ്‌ ആളുകൾ സന്തുഷ്ടരാവുക. യാചകൻ ശരിക്കും യാചകനായാലേ, യാചകനാവുന്നതിന്റെ സുഖം അയാളറിയൂ.

* മരണം! തണുത്തതെന്തോ നിങ്ങളുടെ ഉടലിനെയാകെ പൊതിയുന്നു; ഏകാന്തമായ, പേടിപ്പെടുത്തുന്ന, വിവരിക്കാനാവാത്ത ഒരു തണുപ്പ്.

* ദരിദ്രനാവുന്നതിൽ ഒരു കുഴപ്പവുമില്ല; അതിന്റെ നാറ്റമുണ്ടാവരുതെന്നേയുള്ളു.

*എന്റെ ജീവിതത്തിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ- എന്നു പറഞ്ഞാൽ, എന്റെ കവിതയിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ- അതിതു കൊണ്ടാണ്‌: അത് മറ്റൊന്നിന്റെയും അനുകരണമല്ല, അതിൽ സൂത്രപ്പണികളില്ല, അത് കുറച്ചു നുണകളേ പറയുന്നുള്ളു, അത് സ്വാഭാവികവുമാണ്‌.

* കൊതുകുവലയ്ക്കടിയിൽ നീണ്ടുനിവർന്നു കിടന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുക- അതാണ്‌ പരമസ്വർഗ്ഗം!

* ഇതേ വരെ എന്റെ ഹൈക്കു വീഞ്ഞു പോലെയായിരുന്നു, മോശമല്ലെങ്കിലും അതു വളരെ നല്ലതുമായിരുന്നില്ല. ഇനി മുതൽ എന്റെ ഹൈക്കു ജലം പോലെയായിരിക്കും- തെളിഞ്ഞത്, തിളങ്ങുന്നത്, കവിഞ്ഞൊഴുകില്ലെങ്കിലും അല ഞൊറിഞ്ഞു പരക്കുന്നത്...


                  

2017, ഏപ്രിൽ 16, ഞായറാഴ്‌ച

മസവോക്ക ഷിക്കി - ഹൈക്കു

MasaokaShiki

ആധുനികകാലത്തിനായി ഹൈക്കുവിനെ പുനർനിർവ്വചിച്ച കവിയാണ്‌ മസവോക്ക ഷിക്കി Masaoka Shiki. രോഗപീഡിതമായ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ നിരന്തരമായ വിമർശനങ്ങളിലൂടെയും കവിതാരചനയിലൂടെയും ഹൈക്കുവിനെ അതിന്റെ സാങ്കേതികകാർശ്യങ്ങളിൽ നിന്നു മോചിപ്പിക്കാനും ആധുനികജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു മാദ്ധ്യമമാക്കി അതിനെ മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

1867 ഒക്ടോബർ 14ന്‌ മത്‌സുയാമയിലെ ഒരു സമുരായി കുടുംബത്തിലാണ്‌ ജനനം. അദ്ദേഹത്തിന്‌ അഞ്ചു വയസ്സുള്ളപ്പോൾ സമുരായി ആയിരുന്ന അച്ഛൻ ഹയാത മരിച്ചു. അമ്മ യേ അദ്ധ്യാപികയായിരുന്നു. സ്കൂളിൽ വച്ചേ ഷിക്കി എഴുത്തു തുടങ്ങിയിരുന്നു. 1883ൽ അദേഹം ടോക്ക്യോവിലെ ഇമ്പീരിയൽ യൂണിവേഴ്സിറ്റിയിൽ ക്ലാസ്സിക് ജാപ്പനീസ് സാഹിത്യം പഠിക്കാൻ ചേർന്നു. പഠനശേഷം ഒരു പ്രസിദ്ധീകരണസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. 1894-95ലെ ചൈന-ജപ്പാൻ യുദ്ധകാലത്ത് റിപ്പോർട്ടറായി ജോലി ചെയ്യുന്നതിനിടെ നേരത്തേയുണ്ടായിരുന്ന ക്ഷയരോഗം വഷളായതിനെത്തുടർന്ന് പിന്നീടുള്ള കാലം തന്റെ കവിതാപരീക്ഷണങ്ങളുമായി അദ്ദേഹം വീട്ടിൽത്തന്നെ കഴിഞ്ഞു. അവസാനകാലം തീർത്തും ശയ്യാവലംബിയായെങ്കിലും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടുമൊപ്പം ഹൈക്കുവിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു അദ്ദേഹത്തിനുത്സാഹം. 1902 സെപ്തംബർ 9ന്‌ മുപ്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

കവിതയെ നൂറ്റാണ്ടുകൾ പഴകിയ വിഷയങ്ങളിൽ നിന്നും പദാവലിയിൽ നിന്നും മോചിപ്പിക്കേണ്ടതിനെക്കുറിച്ച് 1892ൽത്തന്നെ ഷിക്കി ബോധവാനായിരുന്നു. 1900ത്തിൽ എഴുതിയ “ആഖ്യാനം” എന്ന ലേഖനത്തിൽ തന്റെ സിദ്ധാന്തത്തെ വിവരിക്കാനായി “ഷസെയ് (പ്രകൃതിയിൽ നിന്നുള്ള ആലേഖനം)” എന്ന പദം അദ്ദേഹം ഉപയോഗിക്കുന്നു. കവി വിഷയത്തെ യഥാർത്ഥത്തിൽ അതെങ്ങനെയാണോ, അതുപോലെ വേണം അവതരിപ്പിക്കേണ്ടത്; അതിനയാൾ ഉപയോഗിക്കുന്നത് സമകാലികഭാഷയുമായിരിക്കണം. എട്ടാം നൂറ്റാണ്ടിലെ കവിതാസമാഹാരമായ “മന്യോ-ഷു (പതിനായിരം ഇലകൾ അടുക്കിയത്)” വിന്‌ ജാപ്പനീസ് സാഹിത്യലോകത്തു പുനർജ്ജന്മം കൊടുക്കുന്നത് അതിനെക്കുറിച്ചു ഷിക്കി നിരന്തരമായി എഴുതിയ ലേഖനങ്ങളാണ്‌; അതുപോലെ യൊസ ബുസോൺ(1716-1784) എന്ന ചിത്രകാരൻ കൂടിയായ ഹൈക്കു കവിയെ വീണ്ടും വെളിച്ചത്തേക്കു കൊണ്ടുവരുന്നതും അദ്ദേഹമാണ്‌. തന്റെ രോഗാവസ്ഥയെക്കുറിച്ച് കവിതകളിലും “ആറടി നീളമുള്ള രോഗശയ്യ” തുടങ്ങിയ ലേഖനങ്ങളിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ആത്മാനുകമ്പ അതിൽ കടന്നുവരുന്നതേയില്ല.

ഹൈക്കു എഴുത്തുകാർക്ക് ഷിക്കിയുടെ ഉപദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
തുടക്കക്കാർക്ക്

*അസ്വാഭാവികത വേണ്ട.
*ഭാഷയിലെ പഴയ നിയമങ്ങളുടെ കാര്യത്തിൽ അമിതമായ വേവലാതിയരുത്.
*പഴയ എഴുത്തുകാരെ വായിക്കുക; അവർ നല്ല കവിതകളും മോശം കവിതകളും എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വയ്ക്കുക.
*നിങ്ങളുടെ സന്തോഷത്തിനായി എഴുതുക. നിങ്ങൾ എഴുതുന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കാമോ?

എഴുതി കുറേ മുന്നേറിക്കഴിഞ്ഞവരോട്

*പരിപ്രേക്ഷ്യത്തിന്റെ കാര്യം ഓർമ്മ വയ്ക്കുക. വലിയവ വലിയവ തന്നെ; എന്നാൽ  ചെറിയവ അടുത്തു കണ്ടാൽ വലിയവയാകും.
*ഹൈക്കു തർക്കവാക്യങ്ങളല്ല. കാര്യമായി ചിന്തിച്ചെഴുതിയതാണെന്ന് വായിച്ചാൽ തോന്നരുത്.
*സംക്ഷിപ്തമായി എഴുതുക; അനാവശ്യമായ ഒരു പദവും കടന്നുവരരുത്.
*ക്രിയ, വിശേഷണങ്ങൾ തുടങ്ങിയവ കഴിയുന്നത്ര കുറയ്ക്കുക.
*സാങ്കല്പികവും യഥാർത്ഥവുമായ ചിത്രങ്ങൾ രണ്ടും ഉപയോഗിക്കുക; മുൻഗണന പക്ഷേ, യഥാർത്ഥത്തിലുള്ളതിനു കൊടുക്കുക.

എഴുതിത്തഴകിയവരോട്

ഹൈക്കുവിനെക്കുറിച്ച് കിട്ടാവുന്നതെല്ലാം വായിക്കുക; അവയുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് പര്യാലോചിക്കുക.
*എല്ലാ തരം ഹൈക്കുവും പരിചയിക്കുക; എന്നാൽ നിങ്ങളുടേതായ ഒരു ശൈലി ഉണ്ടാവണം

*പുതിയ സാമഗ്രികൾ നേരിട്ടെടുക്കുക; പഴയ കവിതകളിൽ നിന്നു വലിച്ചൂരരുത്.
*മറ്റു സാഹിത്യവിഭാഗങ്ങളെക്കുറിച്ചു കൂടി കുറച്ചെന്തെങ്കിലും അറിയുക.
*എല്ലാ കലകളെക്കുറിച്ചും എന്തെങ്കിലും അറിയുക.



1
ഒരാൾ അന്ധൻ
ഒരാൾ ബധിരൻ
ഒരാൾ മൂകൻ-
ശരൽക്കാലസന്ധ്യയും.

2
തന്നെപ്പണിതവന്റെ
മുതുകിലേറി
നോക്കുകുത്തി
പാലം കടക്കുന്നു.

3
ബധിരനാണയാൾ
മൂകനാണയാൾ
അമ്പലമണി നോക്കി
നില്ക്കയാണയാൾ.

4
ക്രിസാന്തമങ്ങൾക്കു നൂറു നിറം
വാടിവീഴും വേളയിൽ
ഒരേ നിറം.

5
ഇലയുടെ സൂചിമുനയിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

6
പച്ചപ്പുല്ലിൽ
ഒരു ശിശുവിന്റെ
നഗ്നപാദങ്ങൾ.

7
പൂർണ്ണചന്ദ്രനുദിക്കുമ്പോൾ
ഈറക്കാട്
വിറ കൊള്ളുന്നു.

8
ശരല്ക്കാലം കനക്കുമ്പോൾ
എനിക്കു ദൈവങ്ങളില്ല
എനിക്കു ബുദ്ധന്മാരില്ല.

9
പാടലപ്പൂക്കൾക്കിടയിൽ
ഒരു വെള്ളപ്പൂമ്പാറ്റ-
ആരുടെയാത്മാവാണത്?

10
ഒരു ശവമാടം
അരികിൽ പൈന്മരം
കൂടെ കുയിലും.

11
ഒരു കുയിൽ
അതിരുകളില്ലാത്ത
മാനത്ത്.

12
ഒരു പഴയ കുളം
അതിൽ പൊന്തിയൊഴുകുന്നു
ഒരു ചീവീടിന്റെ തൊണ്ട്.

13
ഓത്തു കേട്ടെച്ചിലായ
കാതിൽ
കുയിലിന്റെ പാട്ട്.

14
കൊടുങ്കാറ്റ് കടന്നുപോകുന്നു
ഒരു മരത്തിൽ അന്തിവെയിൽ
ഒരു ചീവീടിന്റെ കരച്ചിൽ.

15
ഒരു മിന്നൽ വെളിച്ചം
കാട്ടുമരങ്ങൾക്കിടയിലൂടെ
ഞാൻ പൊയ്ക കണ്ടു.

16
കുന്നുമ്പുറത്തൊരമ്പലം
ഉച്ചമയക്കത്തിന്റെ കൂർക്കം
കുയിലിന്റെ പാട്ടും

17
രാത്രിയിൽ പിന്നെയും
നിന്നെക്കാത്തിരിക്കുമ്പോൾ
തണുത്ത കാറ്റ് മഴയാകുന്നു.

18
നിലാവുള്ള രാത്രികളിൽ
നോക്കുകുത്തികൾ മനുഷ്യരെപ്പോലെ
നമുക്കവയോടു കരുണയും തോന്നുന്നു.

19
മരം മുറിച്ചപ്പോൾ
എന്റെ ജനാലയ്ക്കൽ
നേരത്തേയൊരു സൂര്യോദയം.

20
മനുഷ്യരെ വെറുക്കണം
ഓർക്കിഡുകൾക്കവർ
വില പേശുന്നു.

21
മഞ്ഞു പെയ്യുന്നു
കതകിന്റെ ഓട്ടയിലൂടെ
ഞാനതു നോക്കിയിരിക്കുന്നു.

22
എത്ര ദീർഘം
എന്റെ ശിഷ്ടജീവിതം?
ഒരു ഹ്രസ്വരാത്രി.

23
ബുദ്ധവിഗ്രഹത്തിന്റെ കൃഷ്ണമണി
അതിൽ തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

24
തെളിഞ്ഞ പുഴവെള്ളത്തിൽ
വെള്ളാരംകല്ലുകൾ
ഇളകുന്നു.

25
കൊഴിയുന്ന ചെറിപ്പൂക്കൾ
അതിനിടയിൽ
കിളിച്ചിറകുകൾ.

26
കൊയ്ത്തുനാൾ
ചുടുകാട്ടിൽ
ഇന്നു പുകയില്ല.

27
ശരല്ക്കാലത്തിന്റെ
നിറപ്പകർച്ചയിൽ
വിദൂരവെളിച്ചങ്ങൾ.

28
വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
നോക്കുകുത്തി ചാഞ്ഞുനില്ക്കുന്നു.

29
തെളിഞ്ഞ ചന്ദ്രൻ
നെഞ്ചിലെന്തോ പോലെ
ഞാൻ ഒറ്റയ്ക്കാണ്‌.

30
ഒരു നായ മോങ്ങുന്നു
കാലൊച്ചകൾ കേൾക്കുന്നു
രാത്രി നീളുന്നു.

31
മഴ പെയ്യട്ടെ
ഉറക്കത്തിൽ
പെയ്യുമ്പോലെ.

32
ഞാൻ പോകുന്നു
നിങ്ങൾ ശേഷിക്കുന്നു
രണ്ടു തരം ശരല്ക്കാലങ്ങൾ
നമ്മുടേത്.

(മരിക്കുന്നതിനു മുമ്പ് സ്നേഹിതന്മാർക്കും ശിഷ്യന്മാർക്കുമായി എഴുതിയത്)


2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ബോർഹസ് കവിതകൾ

borges4



തെരുവുകൾ


എന്റെ ഹൃദയമിരിക്കുന്നത്
ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിൽ.
ആളുകളും വണ്ടികളും തിക്കിത്തിരക്കുന്ന
ആർത്തി പിടിച്ച തെരുവുകളിലല്ല,
കാര്യമായിട്ടൊന്നും നടക്കാത്ത ഇടത്തെരുവുകളിൽ,
കണ്ടുകണ്ട് ഉണ്ടെന്നറിയാതായിപ്പോയവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്തിൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ;
പിന്നെ, അവയ്ക്കുമപ്പുറം,
ആശ്വസിപ്പിക്കാനൊരു മരമില്ലാത്ത,
മോടി കുറഞ്ഞ കൊച്ചുവീടുകൾ പരുങ്ങിനില്ക്കുന്ന,
മരണമില്ലാത്ത ദൂരങ്ങളിൽ മുങ്ങിപ്പോയ,
ആകാശത്തിന്റെയും സമതലത്തിന്റെയും വൈപുല്യത്തിൽ
സ്വയം നഷ്ടമായ തെരുവുകളിലും.
ഏകാകിയായ ഒരാൾക്കവ ഒരു പ്രതീക്ഷയാണ്‌;
ഒറ്റയൊറ്റയായ ആത്മാക്കൾ ആയിരക്കണക്കാണല്ലോ,
അവയിലധിവസിക്കുന്നത്,
ദൈവത്തിനു മുന്നിലും കാലത്തിലും അനന്യരായവർ,
നിസ്സംശയം അനർഘരായവർ.
വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും
തെരുവുകൾ ചുരുൾ നിവരുന്നു-
അവയും എന്റെ ദേശം തന്നെ.
ഞാൻ വരച്ചിടുന്ന ഈ വരികളിൽ
അവയുടെ പതാകകൾ പാറട്ടെ.

(1923)


ഏതു മരണത്തിലുമുള്ള കുറ്റബോധം


ഓർമ്മയിൽ നിന്നും പ്രതീക്ഷയിൽ നിന്നും മുക്തനായി,
അതിരറ്റതായി, അമൂർത്തതയായി, ഭാവി തന്നെയായി,
മരിച്ചയാൾ ഒരാളേയല്ല: മരണം തന്നെയത്രെ.
ഇന്നതല്ലെന്നേ അയാളെപ്പറയാവൂ,
മിസ്റ്റിക്കുകളുടെ ദൈവത്തെപ്പോലെ;
മരിച്ചയാൾ എവിടെയും ആരുമല്ല,
ലോകത്തിന്റെ നാശവും അഭാവവുമാണയാൾ.
അയാളിൽ നിന്നെല്ലാം നാം കവർന്നിരിക്കുന്നു,
ഒരു നിറമോ ഒരക്ഷരമോ പോലും
നാമയാൾക്കു ബാക്കി വയ്ക്കുന്നില്ല;
ഇതാ ഇവിടെ, അയാളുടെ കണ്ണുകൾ ഇനി കാണാത്ത നടുമുറ്റം,
ഇതാ ഇവിടെ, അയാളുടെ പ്രത്യാശ കാത്തിരുന്ന ഇടവഴി.
നാം ചിന്തിക്കുന്നതു പോലും
അയാൾ ചിന്തിക്കേണ്ടതായിരിക്കാം.
കള്ളന്മാരെപ്പോലെ നാം വീതം വച്ചെടുത്തുകഴിഞ്ഞു,
കൊള്ളമുതൽ പോലെ രാത്രികളും പകലുകളും.
(1923)




1922നടുത്തെന്നോ എഴുതിയതും പിന്നെ നഷ്ടപ്പെട്ടെന്നു വരാവുന്നതുമായ വരികൾ


നഗരത്തിന്റെ വിദൂരപ്രാന്തങ്ങളിൽ
അസ്തമയത്തിന്റെ നിശ്ശബ്ദയുദ്ധങ്ങൾ,
ആകാശത്തൊരു പോരാട്ടത്തിന്റെ
നിത്യപ്രാചീനപരാജയങ്ങൾ,
കാലത്തിന്റെ കയത്തിൽ നിന്നെന്ന പോലെ
സ്ഥലത്തിന്റെ നിശ്ശൂന്യാതലത്തിൽ നിന്നു
നമ്മിലേക്കെത്തുന്ന ശുഷ്കിച്ച പുലരികൾ,
മഴയുടെ കരിന്തോപ്പുകൾ,
തുറന്നുനോക്കാൻ പേടിച്ചൊരു പുസ്തകത്തിൽ നിന്ന്
എന്റെ സ്വപ്നങ്ങളിൽ വന്നുകയറുന്ന സ്ഫിങ്ക്സ്,
നമ്മെ കാത്തിരിക്കുന്ന ജീർണ്ണതയും മാറ്റൊലിയും,
വെണ്ണക്കല്ലിൽ വീഴുന്ന നിലാവ്,
പ്രശാന്തദേവകളെപ്പോലുയർന്നുനില്ക്കുന്ന
ചിരന്തനവൃക്ഷങ്ങൾ,
അന്യോന്യരാത്രിയും കാത്തിരുന്ന സന്ധ്യയും,
പ്രപഞ്ചമെന്നു പേരായ വാൾട്ട് വിറ്റ്മാൻ,
ഒരു പുഴയുടെ മൗനം പൂണ്ട അടിത്തട്ടിൽ
ഒരു രാജാവിന്റെ വീരഖഡ്ഗം,
സാക്സണുകൾ, അറബികൾ, ഗോത്തുകൾ,
തങ്ങളറിയാതെനിക്കു ജന്മം നല്കിയവർ,
ഇതൊക്കെയും ശേഷിച്ചതും ചേർന്നതാണോ ഞാൻ,
അതോ രഹസ്യത്താക്കോലുകളും ദുർഘടഗണിതവുമുണ്ടോ,
നമുക്കു പൊരുളു തിരിയാത്തതായി?
(1923)




വാർത്തെടുക്കൽ

കൈകൾ മുമ്പേയെത്തി ചുമരുകൾ തള്ളിനീക്കുമ്പോൾ
അന്ധനാകാശങ്ങൾ ദൃശ്യമാകുമ്പോലെ,
രാത്രിയെത്തുന്ന മുഹൂർത്തത്തിൽ
വരാനിരിക്കുന്ന കവിതകളെനിക്കനുഭൂതമാവുന്നു.
പ്രഹരമേറ്റു തിണർത്ത കാലത്തിന്റെ ചുമലുകളിൽ
രക്തവർണ്ണമായ വാക്കുകൾ:
അവയുടെ തെളിഞ്ഞ വെളിച്ചത്തിൽ
ഈ ഹീനരാത്രിയെ ഞാനെരിക്കണം.
കവിതയുടെ കഠിനവജ്രത്തിൽ
സായാഹ്നത്തിന്റെ കണ്ണീരിനെ ഞാനടക്കണം.
ആത്മാവു നഗ്നനായലയട്ടെ,
കാറ്റിനെപ്പോലേകനുമാവട്ടെ,
കാര്യമാക്കില്ല ഞാനതിനെ,
ഉജ്ജ്വലമായൊരു ചുംബനത്തിന്റെ പ്രപഞ്ചം
ഇന്നുമെന്റെ ജീവനെ പുണരുമെങ്കിൽ.
കവിത വിതയ്ക്കുന്നവനു
വളക്കൂറുള്ള നിലമത്രേ, രാത്രി.


രാത്രിയുടെ ചരിത്രം


തലമുറ തലമുറയായി
മനുഷ്യർ രാത്രിയെ നിർമ്മിച്ചെടുത്തു.
ആദിയിലതന്ധതയും നിദ്രയുമായിരുന്നു,
നഗ്നപാദങ്ങൾ കീറുന്ന മുള്ളുകളായിരുന്നു,
ചെന്നായകളെപ്പേടിയായിരുന്നു.
നാമൊരുനാളുമറിയാൻ പോകുന്നില്ല,
രണ്ടു സന്ധ്യകളെ വിഭജിക്കുന്ന അന്ധകാരത്തിന്റെ അന്തരാളത്തിന്‌
ആ പേരു രൂപപ്പെടുത്തിയതാരാണെന്ന്.
നാമൊരുനാളുമറിയാൻ പോകുന്നില്ല,
നക്ഷത്രങ്ങൾ നിറഞ്ഞ സ്ഥലരാശിയെന്ന്
ആ പേരിനർത്ഥമുണ്ടായതേതു കാലത്തെന്ന്.
അന്യർ പിന്നെ പുരാണങ്ങൾ മെനഞ്ഞു.
അവരവളെ നമ്മുടെ വിധാതാക്കൾ,
ഇടർച്ചയില്ലാത്ത ഭാഗ്യദേവതകളുടെ മാതാവാക്കി.
അവരവൾക്കു കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം നീട്ടിക്കൂവുന്ന പൂവൻകോഴിയേയും ബലി കൊടുത്തു.
കൽദായർ അവൾക്കു പന്ത്രണ്ടു വീടുകൾ പണിതു,
സീനോ അനന്തമായ ലോകങ്ങളും.
ലാറ്റിൻ ആറടിശ്ശീലുകളിൽ നിന്ന്,
പാസ്കലിന്റെ ഭീതിയിൽ നിന്ന് അവൾക്കു രൂപം കിട്ടി.
ലൂയി ദെ ലിയോൺ അവളിൽ
തന്റെ പീഡിതാത്മാവിന്റെ സ്വദേശം കണ്ടു.
ഇന്നു നമുക്കവൾ അക്ഷയ,
മൂത്ത വീഞ്ഞു പോലെ.
ഇന്നവളെക്കുറിച്ചോർക്കുമ്പോൾ തല പെരുക്കുമ്പോലെ,
കാലമവൾക്കു നിത്യതയും ചാർത്തി.


ആ ലോലമായ ഉപകരണങ്ങൾ, കണ്ണുകളില്ലാതെ
രാത്രിയുണ്ടാകുമായിരുന്നില്ലെന്നോർക്കുമ്പോൾ!



കാവ്യാദര്‍ശം


ജലവും കാലവുമൊഴുകുന്ന പുഴയെ നോക്കിനില്ക്കുമ്പോൾ
കാലം തന്നെയും മറ്റൊരു പുഴയാണെന്നോർക്കുക,
നാം നിലയ്ക്കും, ഒഴുക്കു നിലയ്ക്കുമ്പോലെയെന്നും
മുഖങ്ങളലിയും, ജലം പോലെയെന്നുമറിയുക. 

 
ഉറങ്ങുകയല്ലെന്നു സ്വപ്നം കാണുന്ന മറ്റൊരുറക്കമാണുണർച്ചയെന്നും
നമ്മുടെയുടലിനെ കിടിലം കൊള്ളിയ്ക്കുന്ന മരണം
എന്നും രാത്രിയിൽ വന്നുപോകുന്ന അതേ മരണമാണെന്നും
ഉറക്കമെന്നാണതിനു പേരെന്നും ബോധവാനാവുക. 

 
ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ
മനുഷ്യന്റെ ദിവസങ്ങളുടെയും അവന്റെ വർഷങ്ങളുടെയും പ്രതീകമായി കാണുക,
ഒരു സംഗീതമായി, ഒരു മന്ത്രണമായി, ഒരു പ്രതീകമായി
കാലം ചെയ്യുന്ന കൊടിയ ദ്രോഹത്തെ രൂപം മാറ്റുക. 

 
മരണത്തിൽ നിദ്രയെ കാണുക, അസ്തമയത്തിൽ
വിഷാദം പുരണ്ട പൊൻനിറവും- അതാണു കവിത.
ചിരന്തനവും ദരിദ്രവുമാണത്, കവിത;
ഉദയം പോലെ, അസ്തമയം പോലെ അതു മടങ്ങുകയും ചെയ്യുന്നു. 

 
സായാഹ്നങ്ങളിൽ ചിലനേരം നമുക്കു കാണാം,
ഒരു കണ്ണാടിയുടെ കയത്തിൽ നിന്നൊരു മുഖം നമ്മെ നോക്കുന്നു;
ആ കണ്ണാടി പോലെയാവണം കവിത,
അതു നമ്മെ നമ്മുടെ തന്നെ മുഖം കാണിച്ചുതരുന്നു. 

 
അത്ഭുതങ്ങൾ ചെടിച്ച യുളീസസിനെക്കുറിച്ചു പറയാറില്ലേ,
തന്റെ ഇത്താക്ക, വിനീതവും ഹരിതവുമായ ഇത്താക്ക,
അതു കാഴ്ചയിൽ വന്നപ്പോളയാൾ കരഞ്ഞുപോയെന്ന്;
അത്ഭുതങ്ങളുടേതല്ല, ഹരിതനിത്യതയുടെ ഇത്താക്ക- അതാണു കല. 

 
ഒഴുകുമ്പോഴും ശേഷിക്കുന്ന പുഴയെപ്പോലനന്തവുമാണു കല,
ഒന്നായിരിക്കെ മറ്റൊന്നാകുന്ന ഹെറാക്ളിറ്റസിന്റെ കണ്ണാടിയാണത്,
താനായിരിക്കെത്തന്നെ മറ്റൊരാളാകുന്ന ഹെറാക്ളിറ്റസ്,
അന്തമെന്നതില്ലാതൊഴുകുന്ന പുഴയെപ്പോലെ തന്നെ.




അതിരുകള്‍

എനിക്കൊരിക്കലുമിനി ഓർമ്മ വരാത്ത വെർലെയ്ന്റെ ഒരു വരിയുണ്ട്.
എന്റെ കാലടികൾക്കപ്രാപ്യമായൊരു തെരുവരികെത്തന്നെയുണ്ട്.
എന്നെ അവസാനമായിക്കണ്ടുകഴിഞ്ഞ ഒരു കണ്ണാടിയുണ്ട്.
ലോകാവസാനം വരെയ്ക്കും ഞാൻ ചേർത്തടച്ചൊരു വാതിലുണ്ട്.
എന്റെ പുസ്തകശേഖരത്തിൽ (ഞാനിപ്പോൾ അതു നോക്കിനില്ക്കുകയാണ്‌)
ഇനിയൊരിക്കലും ഞാന്‍ തുറന്നുനോക്കാനിടയില്ലാത്ത ചില പുസ്തകങ്ങളുണ്ട്.
ഈ വേനല്ക്കാലത്ത് എനിക്കമ്പതു വയസ്സാകും.
കരളലിവില്ലാത്ത മരണം നിരന്തരമെന്നെ കവര്‍ന്നെടുക്കുകയുമാണ്‌.


നിമിഷം

എവിടെ നൂറ്റാണ്ടുകൾ, എവിടെ താർത്താറുകൾ
സ്വപ്നം കണ്ടുനടന്ന വാൾപ്പയറ്റുകൾ?
എവിടെ അവർ നിലം പരിശ്ശാക്കിയ വൻകോട്ടകൾ?
കുരിശു പണിത തടിയെവിടെ, ആദാമിന്റെ വൃക്ഷമെവിടെ? 

 
മുമ്പും പിമ്പുമില്ലാത്തതാണു വർത്തമാനം.
കാലത്തെ സ്ഥാപിച്ചെടുക്കുന്നതോർമ്മ.
ഘടികാരത്തിന്റെ ചര്യക്കൊപ്പമെത്തുന്നു,
തുടര്‍ച്ചയും ഒപ്പം സ്ഖലിതങ്ങളും.
ചരിത്രം പോലെതന്നെ വൃഥാവാദമത്രെ, ഒരു വർഷവും. 

 
ഉദയാസ്തമയങ്ങൾക്കിടയിലൊരു ഗർത്തം,
യാതനകളുടെ, ശ്രേയസ്സുകളുടെ, വേവലാതികളുടെ.
ക്ഷയിച്ച രാത്രികളുടെ ദർപ്പണങ്ങളിൽ കാണുക
അവയിലേക്കു നോക്കുന്ന അതേ മുഖങ്ങളുമല്ല.
നശ്വരവുമനശ്വരവുമാണു പാഞ്ഞുപോകുന്ന ദിനരാത്രങ്ങൾ.
മറ്റൊരു സ്വർഗം പ്രതീക്ഷിക്കേണ്ട, മറ്റൊരു നരകവും.
*

വസ്തുക്കൾ

എന്റെ ചൂരൽവടി, എന്റെ ചില്ലറത്തുട്ടുകൾ, 
ഈ താക്കോൽവളയം,
പറഞ്ഞതനുസരിക്കുന്ന താഴ്,
എനിക്കു ശേഷിച്ച ചുരുക്കം നാളുകൾ കൊണ്ടു
വായിച്ചുതീർക്കാനാവാത്ത കുറിപ്പുകൾ,
മേശപ്പുറവും ചീട്ടുകുത്തും,
ഒരു പുസ്തകവും അതിന്റെ താളുകൾക്കിടയിൽ
ചതഞ്ഞുവാടിയ വയലറ്റും
(അവിസ്മരണീയമായ ഏതോ രാവിന്റെ
ഇന്നോർമ്മയുണർത്താത്ത സ്മാരകം),
ഒരുദയത്തിന്റെ മിഥ്യാദർശനം ജ്വലിക്കുന്ന
പടിഞ്ഞാറൻ ചുമരിലെ കണ്ണാടി.
എത്രയെത്ര വസ്തുക്കൾ!
നഖംവെട്ടികൾ, വാതില്പടികൾ,
അറ്റ്ലസുകൾ, വൈൻ ഗ്ലാസുകൾ, ആണികൾ-
വീട്ടടിമകളെപ്പോലവ നമ്മെ സേവിക്കുന്നു,
ഒരക്ഷരം മിണ്ടാതെ, യാതൊന്നും കാണാതെ,
എന്നാലെന്തോ രഹസ്യം പുറത്തുവിടാതെ!
നമ്മൾ വിസ്മൃതിയിലേക്കു മറഞ്ഞാലും
അവ ഇവിടെയുണ്ടാവും,
നാം പോയെന്നവ അറിയുകയുമില്ല.


ഒരു പൂച്ചയോട്


കണ്ണാടികളിത്രയും മൗനം വാരിപ്പുതച്ചതല്ല,
ഇഴഞ്ഞെത്തുന്ന പ്രഭാതമിത്രയും ഗോപ്യവുമല്ല;
നിലാവത്തു കാണുമ്പോൾ നീയൊരു വ്യാഘ്രരൂപം,
അകന്നു നിന്നുമാത്രം ഞങ്ങൾ ദർശിക്കേണ്ടതും.
ഏതോ നിഗൂഢമായ ദൈവശാസനത്തിൻ കീഴിൽ
ഞങ്ങൾ നിന്റെ പൊരുളു തേടിയിറങ്ങുന്നു, വിഫലമായി;
ഗംഗയെക്കാൾ, അസ്തമയത്തെക്കാൾ വിദൂരം,
നിന്റേതാണു മൗനം, നിന്റേതാണു നിഗൂഢത.
എന്റെ കൈ നിന്റെ പുറം തലോടുമ്പോൾ
നീയതിനു സദയം വഴങ്ങിത്തരുന്നു.
പണ്ടേ മറന്നൊരാ ഭൂതകാലത്തില്പിന്നെ
വിശ്വാസമില്ലാത്തൊരു കൈയുടെ സ്നേഹം
ദാക്ഷിണ്യത്തോടെ നീ സ്വീകരിക്കുന്നു.
നീ മറ്റൊരു കാലത്തെ ജന്തു, മറ്റൊരു ലോകത്തിനു പ്രഭു,
സ്വപ്നം പോലടഞ്ഞതും വേറിട്ടതുമാണാ ലോകം.
(1972)


നമ്മുടെ ഇന്നലെകളെല്ലാം


എന്റെ ഭൂതകാലത്തിനവകാശി ആരെന്നെനിക്കറിയണം.
പലരായ എന്നിൽ ആരാണയാൾ?
ചില ലാറ്റിൻ ഷഡ്പദികൾ
(വർഷങ്ങളും ദശകങ്ങളും മായ്ച്ചുകളഞ്ഞ വരികൾ)
ആഹ്ലാദത്തോടെ ഉരുവിട്ടു പഠിച്ച ജനീവയിലെ ബാലൻ?
പുലികളുടേയും കടുവകളുടേയും വന്യരൂപങ്ങളറിയാൻ,
കവിളുരുണ്ട മാലാഖക്കുഞ്ഞുങ്ങളെപ്പോലെ
കൊടുങ്കാറ്റുകളെ വരച്ചിട്ട പഴയ ഭൂപടങ്ങൾ കാണാൻ
അച്ഛന്റെ ഗ്രന്ഥശാലയരിച്ചുപെറുക്കിയ കുട്ടി?
അതോ, അന്ത്യശ്വാസം വലിച്ചുകിടക്കുന്നൊരാളെ,
കതകു തുറന്നു നോക്കിനിന്നവൻ, അതെ,
മരവിക്കുന്ന മുഖത്തെ, മരിക്കുന്ന മുഖത്തെ,
എന്നെന്നേക്കുമായി വിട്ടുപോകുന്ന മുഖത്തെ
വെളുക്കുന്ന പുലരിയിൽ ചുംബിച്ച ബാലൻ?
ഇന്നില്ലാത്ത അവരെല്ലാമാണു ഞാൻ.
ഈ അന്തിവെളിച്ചത്തിൽ, എന്തിനെന്നില്ലാതെ,
ആ മറഞ്ഞുപോയവരെല്ലാമാണു ഞാൻ.
(1974)


ഞാൻ


കപാലം, അടച്ചുപൂട്ടിയ ഹൃദയം,
ഒരിക്കലും ഞാൻ കാണാത്ത ചോരയുടെ വഴികൾ,
സ്വപ്നത്തിന്റെ പാതാളലോകം, ആ പ്രോട്ടിയസ്,
പിടലി, കുടലുകൾ, എല്ലുകൂടം.
ഇതെല്ലാം ചേർന്നതാണു ഞാൻ.
അത്ഭുതം, ഞാനൊരു വാളിന്റെ ഓർമ്മയുമാണ്;
സുവർണ്ണവും വിവർണ്ണവും പിന്നെയൊന്നുമല്ലാതെയുമാകുന്ന
ഒരേകാന്തസൂര്യന്റെ പതനത്തിന്റെ ഓർമ്മയും.
കടവടുക്കുന്ന കപ്പലുകൾ കണ്ടുനിന്നവനാണു ഞാൻ.
എണ്ണിയെണ്ണിക്കുറയുന്ന പുസ്തകങ്ങളാണു ഞാൻ,
കാലം കരളുന്ന അപൂർവ്വചിത്രങ്ങളും;
മരിച്ചവരോടസൂയ തോന്നുന്നവൻ.
അതിലൊക്കെ വിചിത്രമായിത്തോന്നുന്നു,
ഏതോ വീടിന്റെ മുറിക്കുള്ളിലിരുന്ന്
ഈ വാക്കുകൾ മെടഞ്ഞെടുക്കുന്നവനായതും.
(1975)


സ്വപ്നം


പാതിരാവിൽ ഘടികാരങ്ങൾ
കാലത്തിന്റെ സമൃദ്ധി ധൂർത്തടിക്കുമ്പോൾ
ഞാൻ പോകും,
യുളീസസ്സിന്റെ നാവികർ പോയതിനുമപ്പുറത്തേക്ക്,
മനുഷ്യസ്മൃതിക്കു പ്രാപ്യമായതിനപ്പുറത്തേക്ക്,
സ്വപ്നങ്ങളുടെ ദേശത്തേക്ക്.
ആ ജലഗർഭത്തിൽ നിന്നു ചിലതെല്ലാം ഞാൻ വീണ്ടെടുത്തുവരും,
എന്റെ ഗ്രഹിതത്തിനു പിടി കിട്ടാത്തവ:
ഏതോ ആദിമസസ്യശാസ്ത്രത്തിലെ പുൽക്കൊടികൾ,
നാനാവിധമായ ജന്തുക്കൾ,
മരിച്ചവരുമായുള്ള വർത്തമാനങ്ങൾ,
എന്നും പൊയ്മുഖങ്ങളായ മുഖങ്ങൾ,
അതിപ്രാചീനഭാഷകളിലെ വാക്കുകൾ,
ചിലനേരം കൊടുംഭീതി,
പകലൊരു വിധേനയും നാമനുഭവിക്കാത്തതും.
ഞാൻ എല്ലാമാകും, അഥവാ, ഒന്നുമാവില്ല.
ഞാൻ മറ്റേയാളാകും,
മറ്റേ സ്വപ്നത്തെ, എന്റെ ജാഗ്രദവസ്ഥയെ
നോക്കിനില്ക്കുന്നയാൾ.
അയാളതു തട്ടിക്കിഴിച്ചു നോക്കുന്നു,
നിർമ്മമതയോടെ, ഒരു മന്ദഹാസത്തോടെ.

(1975)

ആത്മഹത്യ ചെയ്യുന്നവൻ


രാത്രിയിൽ ഒരു നക്ഷത്രം പോലും ശേഷിക്കില്ല.
രാത്രി തന്നെയും ശേഷിക്കില്ല.
ഞാൻ മരിക്കും, എന്നോടൊപ്പം,
ഈ ദുർവ്വഹപ്രപഞ്ചത്തിന്റെ ഭാരവും.
പിരമിഡുകളും പതക്കങ്ങളും
ഭൂഖണ്ഡങ്ങളും മുഖങ്ങളും ഞാൻ മായ്ക്കും.
അടിഞ്ഞുകൂടിയ ഭൂതകാലം ഞാൻ മായ്ക്കും.
ചരിത്രത്തെ, പൊടിയുടെ പൊടിയെ, ഞാൻ പൊടിയാക്കും.
ഞാനിതാ, അവസാനത്തെ അസ്തമയം നോക്കിനില്ക്കുന്നു.
അവസാനത്തെ കിളി പാടുന്നതു ഞാൻ കേൾക്കുന്നു.
ഞാൻ ആർക്കും ഒന്നും ബാക്കി വയ്ക്കുന്നില്ല.
(1975)


കുറ്റബോധം


പാപങ്ങളിൽ കൊടിയ പാപം ഞാൻ ചെയ്തു.
ജീവിതത്തിൽ ഞാൻ സന്തുഷ്ടനായതേയില്ല.
വിസ്മൃതിയുടെ ഹിമാനികളെന്നെ വലിച്ചിഴക്കട്ടെ,
നിഷ്കരുണമവയെന്നെ മുക്കിത്താഴ്ത്തട്ടെ.


അച്ഛനമ്മമാരെനിക്കു ജീവന്‍ തന്നു വളർത്തി,
ജീവിതമെന്ന മനോഹരമായ അപായക്കളിക്കായി,
ഭൂമിയ്ക്കും വായുവിനും ജലത്തിനും അഗ്നിക്കുമായി.
ഞാനവരെ നിരാശപ്പെടുത്തി; ഞാൻ സന്തുഷ്ടനായില്ല.


അവരുടെ യൗവനസ്വപ്നങ്ങൾ എന്നിൽ ഫലം കണ്ടില്ല;
ഞാൻ മനസ്സർപ്പിച്ചത് കലയുടെ ചിട്ടകളിലായിരുന്നു,
അതിന്റെ ക്ഷുദ്രമായ നൂലാമാലകളിലായിരുന്നു.


ഞാൻ ധീരനാവുമെന്നവരാശിച്ചു. ഞാൻ ധീരനായില്ല.
ഒരുനാളുമെന്നെപ്പിരിയാതതൊപ്പം നടക്കുന്നു:
നിർഭാഗ്യവാനായ ഒരു മനുഷ്യന്റെ നിഴൽ.
(1976)




ഒരു ശനിയാഴ്ച


ഒരൊഴിഞ്ഞ വീട്ടിൽ താമസിക്കുന്ന അന്ധനായ ഒരു മനുഷ്യൻ
തന്റെ നിശ്ചിതവും പരിമിതവുമായ പഥങ്ങൾ നടന്നുതീർക്കുന്നു;
നീണ്ടുനീണ്ടുപോകുന്ന ചുമരുകൾ,
ഉൾവാതിലുകളുടെ മിനുസമായ ചില്ലുകൾ,
തന്റെ സ്നേഹത്തിനു വിലക്കപ്പെട്ട പുസ്തകങ്ങളുടെ
പരുപരുത്ത പുറംചട്ടകൾ,
തന്റെ പൂർവ്വികരുടെ സമ്പാദ്യമായ വെള്ളിപ്പാത്രങ്ങൾ,
ജലനാളികൾ, ചില നാണയങ്ങൾ, ഒരു ചാവി,
ഒക്കെയും അയാൾ തൊട്ടറിയുന്നു.
അയാൾ ഒറ്റയ്ക്കാണ്‌. കണ്ണാടിയിൽ ആരുമില്ല.
അയാളുടെ കൈ ആദ്യത്തെ ബുക്കലമാരയിലുരുമ്മുന്നു.
വേണമെന്നില്ലാതെ ഏകാന്തമായ കിടക്കയിലേക്കു ചായുമ്പോൾ
അയാളറിയുന്നു,
അസ്തമയമാകുമ്പോൾ മുടക്കമില്ലാതെ താൻ ചെയ്യുന്ന പ്രവൃത്തികൾ
തനിക്കു ദുരൂഹമായ ഒരു കളിയുടെ നിയമങ്ങൾക്കനുസൃതമാണെന്ന്,
തനിക്കു പൊരുളു തിരിയാത്ത ഒരു ദൈവം
ആ കളി നിയന്ത്രിക്കുന്നുവെന്ന്.
ക്ളാസ്സിക്കുകളിലെ ചില ഭാഗങ്ങൾ
ഉച്ചത്തിലും താളത്തിലും അയാൾ ഉരുവിടുന്നു,
ക്രിയകളിലും വിശേഷണങ്ങളിലും ചില വ്യതിയാനങ്ങൾ വരുത്തിനോക്കുന്നു,
നല്ലതോ ചീത്തയോ ആകട്ടെ, അയാൾ ഈ കവിതയെഴുതുന്നു.
(1977)


ബെപ്പൊ


കണ്ണാടിയുടെ സുതാര്യമായ ചില്ലിൽ
ബ്രഹ്മചാരിയായ വെള്ളപ്പൂച്ച തന്നെത്തന്നെ നോക്കിക്കാണുന്നു.
തിരിച്ചുനോക്കുന്ന ആ വെണ്മയും ആ സ്വർണ്ണക്കണ്ണുകളും
(വീട്ടിനുള്ളിലെ പര്യവേക്ഷണങ്ങൾക്കിടയിൽ
ഇതിനു മുമ്പവൻ അതുകളെ കണ്ടിട്ടില്ല)
തന്റെ തന്നെ പ്രതിരൂപത്തിലാണെന്നവൻ സംശയിക്കുകയേയില്ല.
അവനെ നോക്കുന്ന ആ പൂച്ച
കണ്ണാടിയുടെ സ്വപ്നമാണെന്നവനോടാരു പറഞ്ഞുകൊടുക്കും?
ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്‌,
അനുരൂപരായ ആ രണ്ടു പൂച്ചകളും-
ചില്ലിലുള്ളതും ചുടുചോരയൊഴുകുന്ന മറ്റേതും-
കാലാതീതമായ ഏതോ ആദിരൂപം
കാലം കൊണ്ടനുഗ്രഹിച്ച രണ്ടു പ്രതിച്ഛായകളാണെന്ന്.
എന്നിയാഡ്സിൽ പ്ളോട്ടിനസ്
(അദ്ദേഹവും ഒരു നിഴലായിരുന്നു)
ഇതുതന്നെ പറഞ്ഞുവച്ചിരിക്കുന്നു.
പറുദീസയ്ക്കു മുമ്പുള്ള ഏതാദാമിന്റെ,
പൊരുളു തിരിയാത്ത ഏതു ദേവന്റെ
ഉടഞ്ഞ പ്രതിബിംബങ്ങളാണു നാം?
(1981)

ബെപ്പൊ- ബോർഹസ്സിന്റെ വെളുത്ത വളർത്തുപൂച്ച

നീതിമാന്മാർ


വോൾട്ടെയർ ആശിച്ചപോലെ, സ്വന്തമുദ്യാനം പരിപാലിക്കുന്നവൻ.
ഭൂമിയിൽ സംഗീതമുണ്ടെന്നായതിൽ ആഹ്ലാദിക്കുന്നവൻ.
ഒരു പദനിഷ്പത്തി കണ്ടെത്തിയതിൽ ആനന്ദിക്കുന്നവൻ.
ഒരു കാപ്പിക്കടയിലെ നിശ്ശബ്ദതയിൽ ചെസ്സ് കളിക്കുന്നവർ.
നിറവും രൂപവും ഏതു വേണമെന്നു ധ്യാനിക്കുന്ന കുംഭാരൻ.
തനിക്കിഷ്ടപ്പെടാത്തതായാലും ഈ കവിതക്കു മനോഹരമായി അച്ചു നിരത്തുന്നവൻ.
ഒരു കവിതയിലെ അവസാനത്തെ മൂന്നു വരികൾ ഒരുമിച്ചിരുന്നു വായിക്കുന്ന ഒരു സ്ത്രീയും പുരുഷനും.
ഉറങ്ങുന്ന ഒരു ജീവിയെ തലോടുന്നവൻ.
തന്നോടു ചെയ്ത ഒരന്യായത്തെ ന്യായീകരിക്കുന്നവൻ, അല്ലെങ്കിൽ അതിനാഗ്രഹിക്കുന്നവൻ.
സ്റ്റീവൻസൺ ജീവിച്ചിരുന്നുവെന്നതിനു നന്ദി പറയുന്നവൻ.
അന്യരുടെ ഭാഗം ശരിയാവട്ടേയെന്നു വയ്ക്കുന്നവൻ.
ലോകത്തെ രക്ഷിക്കുന്നതവർ, തങ്ങളറിയാതെ.
(1981)


ഒരു വായനക്കാരൻ


തങ്ങളെഴുതിയ പുസ്തകങ്ങളുടെ പേരിൽ അന്യർ വീമ്പു പറയട്ടെ,
വായിച്ച പുസ്തകങ്ങളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ ഭാഷാശാസ്ത്രജ്ഞനല്ലായിരിക്കാം,
വിഭക്തികൾ, പ്രത്യയങ്ങൾ,
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക്
ഉച്ചാരണത്തിന്റെ ക്ളേശഭൂയിഷ്ടമായ യാത്രകൾ
-റ്റി ആയി കല്ലിക്കുന്ന ഡി,
ജീയ്ക്ക് കേയുമായുള്ള ചാർച്ച-
ഇതിലേക്കൊന്നും ഞാൻ ആഴത്തിൽ പോയിട്ടില്ലായിരിക്കാം.
എന്നാൽ ഇപ്പോന്ന വർഷങ്ങളിത്രയും
ഭ്രാന്തമായൊരഭിനിവേശം ഭാഷയോട് ഞാൻ പുലർത്തിയിരുന്നു.
എന്റെ രാത്രികൾ വിർജിൽ കൊണ്ടു നിറഞ്ഞത്.
പഠിക്കുകയും പിന്നെ മറക്കുകയും ചെയ്ത ലാറ്റിൻ
ഒരു സമ്പാദ്യം തന്നെയത്രെ.
മറവിയും ഓർമ്മയുടെ മറ്റൊരു രൂപം തന്നെയാണല്ലോ,
ഓർമ്മയുടെ പാതിയിരുണ്ട നിലവറ,
നാണയത്തിന്റെ കാണാത്ത മറുപുറം.
മമത തോന്നിയ രൂപങ്ങളും മുഖങ്ങളും പേജുകളും
കാഴ്ചയിൽ നിന്നു മാഞ്ഞുതുടങ്ങിയപ്പോൾ
എന്റെ പൂർവ്വികരുടെ ഇരുമ്പുഭാഷ പഠിക്കുന്നതിൽ ഞാൻ മുഴുകി:
അവർ തങ്ങളുടെ ഏകാന്തതയും വാളുകളും രേഖപ്പെടുത്തിവച്ച ഭാഷ.

ഇന്നിതാ, എഴുന്നൂറു കൊല്ലത്തില്പിന്നെ, സ്നോറി സ്റ്റുർലിസോൺ,
അൾട്ടിമാ തൂലെയിൽ നിന്ന് നിന്റെ ശബ്ദം എന്നെ തേടിവരുന്നു.
പുസ്തകത്തിനു മുന്നിലിരിക്കുന്ന ചെറുപ്പക്കാരനു കൃത്യമായൊരുന്നമുണ്ട്:
കൃത്യമായ അറിവിലേക്കു വായിച്ചെത്തുക.
എന്റെ പ്രായത്തിൽ ഏതുദ്യമവും രാത്രിയിലേക്കടുക്കുന്ന സാഹസമത്രെ.
പ്രാക്തനമായ നോഴ്സ് ഭാഷകളിൽ ഒരിക്കലും ഞാൻ നിഷ്ണാതനാവില്ല,
സിഗേറിന്റെ നിധിയിൽ എന്റെ കൈകളെത്തുകയുമില്ല.
ഞാനേറ്റെടുത്ത ദൌത്യം അനന്തമത്രെ,
ആയുസ്സൊടുങ്ങുവോളം അതെന്റെയൊപ്പമുണ്ടാവും,
പ്രപഞ്ചം പോലെ നിഗൂഢമായി,
പഠിതാവായ എന്നെപ്പോലെ നിഗൂഢമായി.


അൾട്ടിമാ തൂലെ (Ultima Thule)- ക്ളാസിക്കൽ യൂറോപ്യൻ സാഹിത്യത്തിലും ഭൂപടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഉത്തരധ്രുവപ്രദേശം; ഇന്നത്തെ നോർവേ ആണതെന്ന് ഗവേഷകർ പറയുന്നു. ഒരതിവിദൂരദേശത്തെയോ അപ്രാപ്യലക്ഷ്യത്തെയോ സൂചിപ്പിക്കാൻ വെർജിൽ ഈ വാക്കുപയോഗിച്ചിരുന്നു.
സ്നോറി സ്റ്റുർലിസോൺ (Snorri Sturluson, 1179-1241) - ഐസ് ലാന്റുകാരനായ കവിയും ചരിത്രകാരനും; Prose Edda എന്ന ഇതിഹാസമെഴുതി.
നോഴ്സ്- വൈക്കിംഗുകളുടെ കാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ഭാഷ.
സിഗേർ (Sigurd)- Elder Edda എന്ന നോഴ്സ് ഇതിഹാസത്തിലെ കഥാപാത്രം; സ്വർണ്ണനിധി കാക്കുന്ന വ്യാളിയെ വധിക്കുന്നുണ്ട്.
 

ഇന്നലെയുടെ സമ്പാദ്യങ്ങൾ


എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളാണെനിക്കു നഷ്ടപ്പെട്ടതെന്നെനിക്കറിയാം,
ആ നഷ്ടങ്ങൾ മാത്രമാണിന്നെന്റെ സമ്പാദ്യങ്ങളെന്നും.
മഞ്ഞയും കറുപ്പും എനിക്കു നഷ്ടമായി,
ആ അപ്രാപ്യവർണ്ണങ്ങളെക്കുറിച്ചു ഞാനിന്നു ചിന്തിക്കുന്നതോ,
കണ്ണുള്ളവർക്കറിയാത്ത രീതിയിലും.
എന്റെ പിതാവു മരിച്ചുപോയി,.
എന്നാലിപ്പോഴുമദ്ദേഹം എന്നോടൊപ്പമുണ്ട്.
സ്വിൻബേണിന്റെ വരികളുരുവിടുമ്പോൾ
എനിക്കെന്റെ അച്ഛന്റെ ശബ്ദമാണെന്ന് ആളുകൾ പറയുന്നു.
മരിച്ചവരേ നമുക്കുറ്റവരാകുന്നുള്ളു,
നഷ്ടമായവയേ നമുക്കുള്ളതാകുന്നുള്ളു.
ഇലിയം മണ്ണടിഞ്ഞു,
ഹോമറിന്റെ വരികളിൽ ഇന്നുമതു ജീവിക്കുന്നു.
ഇസ്രയേൽ ഇസ്രയേലായത് അതൊരു പ്രാക്തനഗൃഹാതുരത്വമായപ്പോഴാണ്‌.
ഏതു കവിതയും കാലം ചെല്ലുമ്പോൾ വിലാപഗീതമാവുന്നു.
നമ്മെ വിട്ടുപോയ സ്ത്രീകൾ നമ്മുടേതാകുന്നു,
നമുക്കിപ്പോൾ തെറ്റിദ്ധാരണകളും ഉത്കണ്ഠകളും വേദനകളും
പ്രതീക്ഷയുടെ ഭീതിയുമില്ലെന്നതിനാൽ വിശേഷിച്ചും.
നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.
(1982)




















കുരിശേറിയ ക്രിസ്തു

കുരിശേറിയ ക്രിസ്തു; അവന്റെ പാദം മണ്ണു തൊടുന്നില്ല.
മൂന്നു കുരിശുകൾക്കും ഒരേ ഉയരം.
അവൻ നടുവിലല്ല. അവൻ മൂന്നാമൻ മാത്രം.
കറുത്ത താടി അവന്റെ നെഞ്ചുരുമ്മുന്നു.
ചിത്രങ്ങളിൽ കണ്ടു പരിചയമായതല്ല അവന്റെ മുഖം.
നിശിതമാണത്, ജൂതന്റേതാണത്. ഞാനവനെ കാണുന്നില്ല.
ഈ മണ്ണിൽ എന്റെ കാലടി പതിയുന്ന അവസാനനാൾ വരെയും
ഞാനവനെ തേടിനടക്കും.
ആ തകർന്ന മനുഷ്യൻ വേദന തിന്നുകയാണ്‌,
അവൻ മിണ്ടുന്നില്ല.
തറച്ചിറങ്ങിയ മുൾക്കിരീടം അവനെ പീഡിപ്പിക്കുന്നു.
ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ അവനിലേക്കെത്തുന്നില്ല.
അവരവന്റെ യാതനകൾ പലവേളകളിൽ കണ്ടിരിക്കുന്നു.
അവന്റെ അല്ലെങ്കിൽ മറ്റൊരാളിന്റെ. രണ്ടും ഒന്നു തന്നെ.
കുരിശേറിയ ക്രിസ്തു. കലങ്ങിയ മനസ്സോടെ അവനോർക്കുന്നു
ഒരുപക്ഷേ തന്നെ കാത്തിരിക്കുന്ന ദൈവരാജ്യത്തെപ്പറ്റി,
തന്റേതാകാതെപോയ സ്ത്രീയെപ്പറ്റി.
അവനു കാണാൻ വിധിച്ചിട്ടുള്ളതല്ല, ദൈവശാസ്ത്രം,
പൊരുളു തിരിയാത്ത ത്രിത്വം, നോസ്റ്റിക്കുകൾ,
ഭദ്രാസനപ്പള്ളികൾ, ഒക്കാമിന്റെ ഖഡ്ഗം,
പട്ടവും തൊപ്പിയും കുർബാനമുറകളും,
വാളിന്മേൽ ഗത്രമിന്റെ മാനസാന്തരം,
മതദ്രോഹവിചാരണകൾ, രക്തസാക്ഷികളുടെ ചോര,
കിരാതമായ കുരിശുയുദ്ധങ്ങൾ, ജൊവാൻ ഒഫ് ആർക്,
സൈന്യങ്ങളെ ആശീർവദിച്ചുവിടുന്ന വത്തിക്കാൻ.
അവനറിയാം, താൻ ദേവനല്ലെന്ന്,
ആ പകലിനൊപ്പം മരിക്കുന്ന മനുഷ്യനാണെന്ന്.
രണ്ടായാലും അവനതു പ്രശ്നമല്ല.
അവന്റെ പ്രശ്നം ആ കാരിരുമ്പാണികളാണ്‌.
അവൻ റോമാക്കാരനല്ല. അവൻ ഗ്രീക്കുകാരനല്ല.
അവൻ വിതുമ്മിക്കരയുന്നു.
അവൻ നമുക്കു തന്നിട്ടു പോയത്
ഉജ്ജ്വലമായ ചില ഉപമകളും
ഭൂതകാലത്തെ റദ്ദു ചെയ്യാൻ സമർത്ഥമായ
ഒരു മാപ്പുകൊടുക്കൽ സിദ്ധാന്തവും
(ഒരു ഐറിഷുകാരൻ തന്റെ തടവറയുടെ ചുമരിൽ
കുറിച്ചിട്ടതാണ്‌ മേല്പറഞ്ഞ വാചകം.)
ആത്മാവു തിടുക്കത്തോടെ അതിന്റെ അന്ത്യം തേടുന്നു.
ഇരുട്ടു വീണുകഴിഞ്ഞു. അവൻ മരിച്ചുകഴിഞ്ഞു.
അനക്കമറ്റ ഉടലിൽ ഒരീച്ച ഇഴഞ്ഞുകേറുന്നു.
ഈ മനുഷ്യൻ വേദന തിന്നുവെങ്കിൽ
ഈ നിമിഷം വേദന തിന്നുന്ന എനിക്കതുകൊണ്ടെന്തു ഗുണം?

(1984)

നോസ്റ്റിക്കുകൾ Gnostics)- അന്തഃപ്രജ്ഞയാണ്‌ ആത്മാവിന്റെ മോക്ഷത്തിനുള്ള വഴിയെന്നു വാദിച്ചിരുന്ന രണ്ടാം നൂറ്റാണ്ടിലെ ദാർശനികർ. ആ പ്രജ്ഞ ഭൂമിയിൽ അവതരിച്ചതാണ്‌ ക്രിസ്തു എന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു.
ഒക്കാമിന്റെ ഖഡ്ഗം (Ockam’s Razor) -പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രൻസിസ്കൻ പാതിരിയും താർക്കികനുമായ ഒക്കാമിലെ വില്ല്യമിന്റേതായി കരുതപ്പെടുന്ന സിദ്ധാന്തം. ആധുനികശാസ്ത്രത്തിൽ അതിങ്ങനെയാണ്‌: ഒരേ പ്രവചനം നല്കുന്ന രണ്ടു സിദ്ധാന്തങ്ങളുണ്ടെങ്കിൽ അതിൽ ലളിതമായതിനെ സ്വീകരിക്കുക.ശാസ്ത്രത്തിൽ നിന്ന് അനാവശ്യമായ ദാർശനികവിവക്ഷകൾ ഒഴിവാക്കാൻ ഈ പ്രമാണം ഉപയോഗപ്പെടും.
ഗത്രം (Guthrum)- ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാനിഷ് രാജാവ്; വെസെക്സിലെ ആല്ഫ്രഡ് രാജാവുമായുള്ള യുദ്ധത്തിൽ തോറ്റതിനെത്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചു.





2017, ഏപ്രിൽ 11, ചൊവ്വാഴ്ച

റില്‍ക്കെ - ഓർഫ്യൂസ് ഗീതകങ്ങൾ



1922ഫെബ്രുവരിയിൽ ഡ്യൂണോ വിലാപങ്ങൾ എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെയാണ്‌ റിൽക്കെ ഓർഫ്യൂസ് ഗീതകങ്ങളിലെ 55 കവിതകൾ എഴുതുന്നതും. റിൽക്കെ അക്കാലത്ത് സ്വിറ്റ്സർലന്റിലെ മ്യൂസോട്ടിലാണ്‌ താമസം.  കാമുകിയായ ബലാഡൈൻ ക്ളൊസ്സോവ്സ്ക തങ്ങൾ ഒരുമിച്ചിരുന്ന് ഓവിഡിന്റെ മെറ്റമോർഫൊസസ് വായിച്ചതിന്റെ ഓർമ്മക്കായി മരച്ചുവട്ടിലിരുന്ന് മൃഗങ്ങൾക്കു വേണ്ടി പാടുന്ന ഓർഫ്യൂസിനെ ചിത്രീകരിച്ചിട്ടുള്ള ഒരു പോസ്റ്റ് കാർഡ് അദ്ദേഹത്തിനു നല്കിയിരുന്നു. പ്രചോദനത്തിന്റെ അത്യസാധാരണമായ ഒരൂർജ്ജപ്രവാഹത്തിൽ ഫെബ്രുവരി 2 മുതൽ 5 വരെയുള്ള ദിവസങ്ങൾ കൊണ്ട്  ആദ്യത്തെ 25 കവിതകൾ പൂർണ്ണരൂപത്തിൽ അദ്ദേഹത്തിനു ലഭിച്ചു. മറ്റു കവിതകൾ 17നും 23 നും ഇടയിലും. “ഓർഫ്യൂസ് ഗീതകങ്ങൾ റിൽക്കേയുടെ വിജയഗാഥകളാണ്‌,” സി. എം. ബൗറ എഴുതുന്നു; “കവിത എന്നാൽ എന്താണെന്നാണ്‌ താൻ അർത്ഥമാക്കുന്നതെന്നും കവിതയിൽ നിന്ന് എന്താണു തനിക്കു ലഭിച്ചതെന്നും അതിൽ നിന്നെന്താണു താൻ പ്രതീക്ഷിക്കുന്നതെന്നും ഈ ഗീതകങ്ങളിലൂടെ റിൽക്കെ കാണിച്ചുതരുന്നു. ശുദ്ധമായ ആഹ്ളാദത്തിനാണ്‌ ഇവിടെ പ്രാബല്യം.”


3

ഒരു ദേവനതാവും. എന്നാലൊരു മനുഷ്യനതാവുമോ?

വീണയുടെ ഇടുക്കുകവാടം കടക്കാനയാൾക്കാവുമോ?

ഹൃദയപഥങ്ങൾ കൂടിപ്പിരിയുന്ന ഇരുണ്ട കവലയിൽ നില്ക്കെ,

ഒരപ്പോളോയുടെ ദേവാലയവുമയാൾക്കു കണ്ണിൽപ്പെടുന്നുമില്ല.

 

ഗാനമെന്നാൽ, നീ പറയുന്നു, അഭിലാഷപ്രകടനമല്ല,

സ്വാധീനത്തിലാക്കാനുള്ള യാചനായാത്രയല്ല;

താനാകലാണത്. സമ്മതിച്ചു. ഒരു ദേവനതനായാസവുമാണ്‌.

എന്നാൽ ഞങ്ങൾ ഞങ്ങളാവുന്നതെന്നാണെന്നു പറയൂ.

 

എന്നാണവൻ ഞങ്ങളിലേക്കു ഭൂമിയും നക്ഷത്രങ്ങളും പകരുക?

ഞങ്ങൾ പ്രേമിക്കുമ്പോഴോ? ചെറുപ്പത്തിൽ നിങ്ങൾക്കങ്ങനെ തോന്നും.

തൊണ്ട കീറി നിങ്ങൾ പാടിയാലും അതങ്ങനെയല്ല.

 

ആ പാടിയ പാട്ടുകളെല്ലാം മറന്നേക്കുക. അവ മാഞ്ഞുപോകും.

യഥാർത്ഥത്തിലുള്ള ഗാനം മറ്റൊരു തരം നിശ്വാസമാണ്‌.

അതൊന്നിനെക്കുറിച്ചുമല്ല. ദൈവത്തിലൊരു കാറ്റോട്ടം. ഒരു കാറ്റ്.


5

അവനായിട്ടൊരോർമ്മക്കല്ലും നിങ്ങളുയർത്തേണ്ട.

ആണ്ടോടാണ്ടു പനിനീർപ്പൂക്കളവനായി വിടരട്ടെ.

ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.

വേറൊരു പേരവനു തിരഞ്ഞു നാമലയുകയും വേണ്ട.

 

കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസ് തന്നെ.

അവൻ വന്നുപോകുന്നതറിയുന്നില്ല നാമെങ്കിലും

ഒരു പനിനീർപ്പൂവിനെക്കാളധികം ചിലനാളെങ്കിലും

നമ്മോടൊത്തവനുണ്ടായാലതു മാത്രം പോരേ?

 

താൻ മറഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും

അവൻ മറഞ്ഞുപോകണം: നമുക്കതല്ലേ പാഠം?

അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പോഴേക്കും

 

നമുക്കെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.

തന്റെ വീണയുടെ കമ്പികളവന്റെ കൈകളെ വരിയുന്നില്ല,

അതിലംഘിക്കുമ്പോഴാണവൻ അനുസരിക്കുന്നതും.


19

പ്രതിക്ഷണം രൂപം മാറുന്ന മേഘത്തെപ്പോലെ

ലോകമാകൃതി മാറ്റിയെടുക്കുന്നുവെങ്കിലും

പൂർണ്ണത പ്രാപിച്ചതൊക്കെയും

മൂലപ്രകൃതിയിലേക്കു മടങ്ങുന്നു.

 

മാറുന്നതിനും മായുന്നതിനും മുകളിൽ,

അവയെക്കാൾ വിപുലമായും സ്വതന്ത്രമായും

നിന്റെ നിത്യഗാനമൊന്നു മാത്രം കേൾക്കാകുന്നു,

വീണയേന്തിയ ദേവാ.

 

ഞങ്ങളുടെ വേദനകളറിയപ്പെടാതെ പോകുന്നു,

സ്നേഹിക്കാനിനിയും ഞങ്ങൾ പഠിച്ചിട്ടില്ല,

മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്

 

ഞങ്ങൾക്കു മറ നീക്കിക്കിട്ടിയിട്ടുമില്ല.

മണ്ണിനു മേൽ നിന്റെ ഗാനമൊന്നേ,

സ്തുതിയ്ക്കുന്നു, സുഖപ്പെടുത്തുകയും ചെയ്യുന്നു.


20

എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ ദേവാ,

ജീവികളെ കേൾവി പഠിപ്പിച്ചവനേ?

ഏറെക്കാലം മുമ്പൊരു സായാഹ്നത്തിന്റെ ഓർമ്മ-

വസന്തകാലമായിരുന്നു, റഷ്യയിലായിരുന്നു...

 

ഗ്രാമത്തിൽ നിന്നൊറ്റയ്ക്കൊരു വെള്ളക്കുതിരയോടിവന്നു,

അവന്റെ മുൻകാലിലൊരു മരമുട്ടി കെട്ടിയിരുന്നു;

പുല്പുറത്തു രാത്രി കഴിക്കാനായി അവൻ വന്നു;

തട്ടിത്തടഞ്ഞിട്ടാണവന്റെ കുതിപ്പെങ്കിലും

 

അതിരറിയാത്ത  പ്രഹർഷത്തിന്റെ താളത്തിൽ

ആ കുഞ്ചിരോമങ്ങൾ തുള്ളിക്കളിക്കുകയായിരുന്നു.

സിരകളിലവന്റെ അശ്വരക്തമിരച്ചുകേറുകയായിരുന്നു!

 

വൈപുലങ്ങൾ അവനറിഞ്ഞു. ഹാ!

അവൻ പാടി. അവൻ കേട്ടു.

നിന്റെ കാവ്യചക്രം അവനിൽ പൂർണ്ണവുമായി.

അവന്റെ രൂപം- എന്റെ നിവേദ്യം

1900 മേയിൽ ലൂ അന്ദ്രിയാസ് ശലോമിയുമൊത്ത് രണ്ടാമത് റഷ്യയിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ്‌ ഈ കവിതയ്ക്കു നിമിത്തമായത്. 1922ൽ അവർക്കയച്ച കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നു: നിനക്കോർമ്മയുണ്ടോ, ഒരിക്കൽ, സന്ധ്യസമയത്ത് മുൻകാലിൽ കെട്ടിയ കുറ്റിയുമായി നമുക്കടുത്തേക്ക് ആഹ്ളാദത്തോടെ കുതിച്ചു വന്ന ആ കുതിരയെ? ഞാനവനെ ഓർഫ്യൂസിന്‌ ഒരു നിവേദ്യമാക്കി! കാലത്തിനെന്തർത്ഥം? ഇപ്പോഴെന്നാൽ? അത്രയും വർഷങ്ങൾക്കപ്പുറത്തു നിന്ന് ആഹ്ളാദത്തിന്റെ പൂർണ്ണതയുമായി എന്റെ അനുഭൂതിയുടെ വൈപുല്യത്തിലേക്ക് കുതിച്ചോടി വരികയായിരുന്നു അവൻ...


21

വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.

ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ കുട്ടിയെപ്പോലെ;

എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!

ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും കിട്ടുന്നു.

 

അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.

ആ കിഴവന്റെ താടിവെളുപ്പു നമുക്കിഷ്ടവുമായിരുന്നു.

ഏതു പച്ച, ഏതു നീല എന്നവളോടു ചോദിക്കുമ്പോൾ

അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!

 

ഭൂമീ, സുകൃതം ചെയ്തവളേ,

ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.

കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.

 

ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!

വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ പതിഞ്ഞതൊക്കെയും

പാടുകയാണവൾ, അവൾ പാടുകയുമാണ്‌!


II

8

നഗരത്തിലെ ശിഥിലോദ്യാനങ്ങളിലെന്റെ കളിക്കൂട്ടുകാരായിരുന്നവരേ,

എന്നോ കഴിഞ്ഞുപോയൊരു ബാല്യത്തിലൊപ്പം ജിവിച്ച ചിലരേ,

നാമന്യോന്യം കണ്ടെത്തിയതും അറച്ചും നാണിച്ചും  തമ്മിലടുത്തതുമെങ്ങനെ?

ചുരുണ കൈയിലെടുത്ത കുഞ്ഞാടിനെപ്പോലെ മൗനം കൊണ്ടു സംസാരിച്ചതെങ്ങനെ?

 

നമ്മളിൽ സന്തോഷം നിറഞ്ഞപ്പോഴതാരുടേതുമായിരുന്നില്ല;

നമ്മിലതിനവകാശിയാരായിരുന്നു?

തിക്കിത്തിരക്കിക്കേറുന്ന പുരുഷാരത്തിനിടയിൽ,

ദീർഘദീർഘമായൊരു വർഷത്തിന്റെ വേവലാതികൾക്കിടയിലതൊളിച്ചുപോവുകയായിരുന്നു.

 

വണ്ടികൾ നമ്മെക്കടന്നുരുണ്ടു നീങ്ങിയപ്പോൾ നാമതു നോക്കിനിന്നു;

നമ്മെ ചുഴന്നുനിന്ന ബലിഷ്ഠവും അയഥാർത്ഥവുമായ വീടുകൾക്കു നാമന്യരായിരുന്നു,

ആ പ്രപഞ്ചത്തിൽ യഥാർത്ഥമായി യാതൊന്നുണ്ടായിരുന്നു?

 

ഒന്നുമില്ല. പന്തുകൾ മാത്രം. അവയുടെ ഉജ്ജ്വലകമാനങ്ങൾ മാത്രം.

കുട്ടികൾ പോലുമില്ല...ചിലനേരത്തെന്നാൽ ഒരു കുട്ടി മാത്രം,

മറഞ്ഞുപോകുന്നതിനിടെ പതിയ്ക്കുന്ന പന്തിനു ചുവടെ കാലെടുത്തുവെച്ചു.

(ഇഗോൺ വോൺ റിൽക്കെയുടെ ഓർമ്മയ്ക്ക്)


21

വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂവനങ്ങളെ,

ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും അപ്രാപ്യവുമായവയെ;

ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ ജലധാരകളെ,

നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക, അനന്യതകളെ.

 

തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു ജീവിതമെന്ന്,

അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു നിനക്കായെന്ന്;

പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര തെളിച്ചത്തിൽ

ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു നിന്നെയെന്ന്.

 

ജീവിക്കുക, അത്ര തന്നെ! എന്നൊരു നിശ്ചയമെടുത്തപ്പോൾ

പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ വരുത്തരുതേ;

ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, പട്ടുനൂലേ!

 

ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു ചിത്രത്തോടുമാവട്ടെ,

(ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)

അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.


27

അങ്ങനെയൊരാളുണ്ടോ, കാലമെന്ന സംഹാരകൻ?

ശാന്തിയുടെ മലമുടിയിൽ നിന്നെന്നാണവൻ കോട്ട തട്ടിയിടുക?

എന്നുമെന്നും ദേവന്മാർക്കധീനമായ ഈ ഹൃദയം,

ഊറ്റം കാണിച്ചെന്നാണവനതു പറിച്ചെടുക്കുക?

 

നിയതി നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പോലെയാണോ,

ഉത്കണ്ഠകളാലത്രവേഗമുടയുന്നവയാണോ നാം?

ഗഹനവും വാഗ്ദാനങ്ങളാൽ സമ്പന്നവുമായ ബാല്യം,

ഇനിയൊരു കാലത്തതു വേരോടില്ലാതാകുമെന്നോ?

 

അനിത്യരാണു നാമെന്നു നമ്മെ വേട്ടയാടുന്ന ബോധം

ഒരു വേനൽക്കാലമേഘം പോലെ ഹാ,

നമ്മുടെ നിഷ്കപടഹൃദയത്തിലൂടൊഴുകിപ്പോകുന്നു.

 

എന്നാൽ നാം ഹതാശരാവട്ടെ, അനിത്യരാവട്ടെ,

നിത്യശക്തികൾക്കിടയിൽ നമ്മളും ഗണനീയരാവുന്നു,

ദേവന്മാർക്കു നാമുപയോഗപ്പെടുന്നുവെന്നതിനാൽ.