2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഒക്റ്റേവിയോ പാസ്- നെരൂദയെക്കുറിച്ച്

 ചോദ്യം: 1940ൽ ചിലിയുടെ കോൺസൽ ജനറലായി പാബ്ലോ നെരൂദ മെക്സിക്കോയിലേക്കു വന്നിരുന്നല്ലോ; അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചറിയാൻ താല്പര്യമുണ്ട്.

ഒക്റ്റേവിയോ പാസ്: ഞാൻ മുമ്പു പറഞ്ഞപോലെ, മുപ്പതുകളിൽ ആധുനികകവിത വായിക്കാൻ തുടങ്ങിയ കാലത്ത് നെരൂദയുടെ കവിത എനിക്കൊരു വെളിപാടായിരുന്നു. ഞാൻ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് ഒരു കോപ്പി നെരൂദക്കയച്ചിരുന്നു. അതിനു മറുപടിയൊന്നും ഉണ്ടായില്ല; എന്നാൽ സ്പെയിനിലെ കോൺഗ്രസിന്‌ എന്നെ ക്ഷണിച്ചത് അദ്ദേഹമായിരുന്നു. 1937ൽ പാരീസിലെത്തുമ്പോൾ എനിക്കൊറ്റ മനുഷ്യനെ അറിയില്ലായിരുന്നു. എന്നാൽ ഞാൻ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ നല്ല ഉയരമുള്ള ഒരാൾ ഒക്റ്റേവിയോ പാസ്! ഒക്റ്റേവിയോ പാസ്! എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഓടിവന്നു. അത് നെരൂദ ആയിരുന്നു. താൻ എന്തു ചെറുപ്പമാണെടോ! എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആലിംഗനം ചെയ്തു. അദ്ദേഹം എനിക്കു താമസിക്കാൻ ഒരു ഹോട്ടൽ കണ്ടെത്തി; ഞങ്ങൾ വലിയ കൂട്ടുകാരുമായി. തുടക്കക്കാരനായ എന്റെ കവിതയെ ശ്രദ്ധിക്കുകയും അനുഭാവത്തോടെ വായിക്കുകയും ചെയ്തവരിൽ ഒരാൾ അദ്ദേഹമായിരുന്നു.

ചോദ്യം: എന്നിട്ടെവിടെയാണു പിശകിയത്?

പാസ്: അദ്ദേഹം മെക്സിക്കോയിൽ വന്നപ്പോൾ ഞാൻ പലപ്പോഴും അദ്ദേഹത്തെ പോയിക്കാണുമായിരുന്നു; പക്ഷേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒന്നാമത്, വ്യക്തിപരമായ ഒരു പ്രശ്നമുണ്ടായിരുന്നു. നെരൂദ വളരെ ഉദാരമനസ്കനായിരുന്നു; എന്നാൽ അടക്കിഭരിക്കാനുള്ള ഒരു പ്രവണതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനന്ന് കലഹക്കാരനായിരുന്നതുകൊണ്ടാവാം, എന്റെ സ്വാതന്ത്ര്യത്തെ അങ്ങനെ വിട്ടുകൊടുക്കാൻ എനിക്കു മടിയുള്ളതുകൊണ്ടുമാവാം. തന്നെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടം തനിക്കു ചുറ്റും ഉണ്ടാവുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നു- അവരിൽ ബുദ്ധിയുള്ളവർ ഉണ്ടായിരുന്നു, എന്നാൽ കൂടുതലും ശരാശരിക്കാർ ആയിരുന്നു. രണ്ടാമത്തേത് രാഷ്ട്രീയമായിരുന്നു. അദ്ദേഹം കൂടുതൽ കൂടുതൽ സ്റ്റാലിനിസ്റ്റ് ആവുകയായിരുന്നു; എന്റെ സ്റ്റാലിൻ ഭ്രമമാവട്ടെ, കുറഞ്ഞുകുറഞ്ഞു വരികയും. ഒടുവിൽ ഞങ്ങൾ തല്ലുപിടിച്ചു- ശാരീരികമായിത്തന്നെ, പിന്നെ ഞങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാതെയുമായി. അദ്ദേഹം എന്നെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങൾ എഴുതി, ഒരു വഷളൻ കവിതയുൾപ്പെടെ. ഞാനും അദ്ദേഹത്തെക്കുറിച്ച് അരോചകമായ ചിലതെന്തോ എഴുതി. 

ചോദ്യം: പിന്നീട് ഒരനുരഞ്ജനം ഉണ്ടായോ?

പാസ്: ഇരുപതു കൊല്ലത്തോളം ഞങ്ങൾ മിണ്ടിയതേയില്ല. ഞങ്ങൾ ചിലപ്പോൾ ഒരേ സഥലത്ത്, ഒരേ സമയത്തുണ്ടാവാറുണ്ടായിരുന്നു; ഞാൻ ഒരു ‘വഞ്ചകൻ’ ആണെന്നും ഞാനുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്നും അദ്ദേഹം ഞങ്ങളുടെ പൊതുസുഹൃത്തുക്കളോടു പറയുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ അക്കാലത്താണ്‌ സ്റ്റാലിനിസ്റ്റ് ക്രൂരതകളെക്കുറിച്ചുള്ള ക്രൂഷ്ചേവ് റിപ്പോർട്ട് പുറത്താവുന്നതും അതദ്ദേഹത്തിന്റെ വിശ്വാസങ്ങളെ തകർക്കുന്നതും. ഒരു കാവ്യസമ്മേളനത്തിന്‌ ഞങ്ങൾ ലണ്ടനിൽ വരാൻ ഇടയായി. ആയിടയ്ക്ക് എന്റെ പുനർവിവാഹം നടന്നിട്ടേയുള്ളു; പാബ്ലോയുടെ കാര്യത്തിലും അതുതന്നെ. അദ്ദേഹത്തിന്റെ ഭാര്യ മാറ്റിൽഡെ ഉറുഷ്യേയെ കാണുമ്പോൾ ഞാൻ എന്റെ ഭാര്യ മാരി ഹൊസേയോടൊപ്പമായിരുന്നു. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ ഒക്റ്റേവിയോ പാസ് ആണ്‌, അവർ പറഞ്ഞു. അതെ, നിങ്ങൾ മാറ്റിൽഡേയും, ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു, പാബ്ളോയെ കാണണമെന്നുണ്ടോ? നിങ്ങളെ വീണ്ടും കാണുന്നത് അദ്ദേഹത്തിനിഷ്ടമായിരിക്കും എന്നാണെനിക്കു തോന്നുന്നത്. ഞങ്ങൾ പാബ്ലോയുടെ മുറിയിലേക്കു പോയി. അദ്ദേഹത്തെ ഏതോ പത്രക്കാരൻ ഇന്റർവ്യൂ ചെയ്യുകയായിരുന്നു. അയാൾ പോയ ഉടനേ എന്റെ മോനേ! എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ശരിക്കും ചിലിയൻ ആയ ഒരു പ്രയോഗമാണത് -mijito-, ഹൃദയം നിറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം അതു പറഞ്ഞതും. അതെന്നെ വല്ലാതെ സ്പർശിച്ചു; ഞാൻ കരഞ്ഞില്ല എന്നേയുള്ളു. ഞങ്ങൾ ചുരുക്കമായിട്ടെന്തോ സംസാരിച്ചു; അദ്ദേഹം ചിലിയിലേക്കു മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹം എനിക്കൊരു പുസ്തകം അയച്ചു; ഞാനും ഒരു പുസ്തകം അദ്ദേഹത്തിനയച്ചു. പിന്നെ ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം മരിക്കുകയും ചെയ്തു. ദുഃഖകരമായിരുന്നു ആ കൂടിക്കാഴ്ച, എന്നാൽ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നുമാണത്- ഞാൻ അത്രയധികം ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുമായി വീണ്ടും സൗഹൃദത്തിലാവാനുള്ള സാധ്യത.

(പാരീസ് റിവ്യു 1991ൽ ഒക്റ്റേവിയോ പാസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

ഉസാമ അലോമർ - തീരെച്ചെറിയ കഥകൾ

യൗവ്വനം മോഷ്ടിക്കുന്നവർ


രാജ്യത്ത് അതിവിചിത്രമായ ഒരു സംഗതി സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ദിവസം കാലത്ത് ഉറക്കമുണർന്ന ചില യുവാക്കൾ കണ്ടത് തങ്ങൾ എമ്പതും തൊണ്ണൂറും വയസ്സുള്ള വൃദ്ധന്മാർ ആയി മാറിയിരിക്കുന്നതാണ്‌. ഓരോ ദിവസം ചെല്ലുന്തോറും യൗവ്വനം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടുവന്നു; ജനങ്ങളെയാകെ വല്ലാത്തൊരു ഭീതി പിടിച്ചുലച്ചു. തങ്ങളുടെ ദേശം വൈകാതെ ഒരു വൃദ്ധസദനമായി മാറിയേക്കുമോയെന്ന് ആളുകൾ പേടിച്ചു. ഈ പേടികൾക്കിടയിൽ ഗവേഷകർ ഈ അനന്യപ്രതിഭാസത്തെക്കുറിച്ചു പഠിക്കാൻ ആരംഭിച്ചു. നിഷ്കൃഷ്ടവും സമയമെടുത്തുള്ളതുമായ പഠനത്തിനൊടുവിൽ അവർ അതിന്റെ നിഗൂഢതയുടെ പൊരുളഴിക്കുകയും ചെയ്തു; എന്നാൽ അതു പൊതുജനത്തിനു മുന്നിൽ വയ്ക്കാൻ അവർക്കു ധൈര്യം വന്നില്ല. തങ്ങളുടെ അന്വേഷണഫലം പത്രത്തിൽ ആരോ ചോർത്തിക്കൊടുത്ത ദിവസം വരെ അവരത് രഹസ്യമാക്കിവച്ചു; വൃദ്ധരായ ചില ഉന്നതാധികാരികൾ ആ ചെറുപ്പക്കാരുടെ യൗവ്വനം മോഷ്ടിച്ച് തങ്ങളുടെ പ്രായത്തോടു ചേർക്കുകയും ശിഷ്ടം വന്നത് തങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും കിങ്കരന്മാർക്കും വീതിച്ചുകൊടുക്കുകയുമായിരുന്നുവെന്നാണ്‌ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തപ്പെട്ടത്. ചെറുപ്പക്കാരിൽ നിന്നു കഴിയുന്നത്ര യൗവ്വനം മോഷ്ടിക്കാനും അങ്ങനെ തങ്ങളുടെ ജീവിതങ്ങൾ ഏറ്റവുമധികം ആസ്വദിക്കാനും ആ അതിവൃദ്ധന്മാർക്കിടയിൽ ചൂടുപിടിച്ച മത്സരം നടക്കുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. 

എല്ലാവരും വല്ലാതങ്ങുലഞ്ഞപോലെയായി...ആ രാജ്യത്തു ചെറുപ്പക്കാരായി ശേഷിച്ചവരുടെ കാര്യമാണെങ്കിൽ, യൗവ്വനം മോഷ്ടിക്കാത്തവരുള്ള മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടാൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുക്കുകയും ചെയ്തു.

*


ആകാശത്തിലെ തുളകൾ


ഒരു ട്രക്കിന്റെ പിന്നിലിരുന്ന് രക്തരൂഷിതമായ ഒരു യുദ്ധത്തിൽ നിന്നു രക്ഷപെട്ടോടുകയായിരുന്ന ഒരു സ്ത്രീ കീറത്തുണി ധരിച്ച ഒരു കുട്ടി മറ്റൊരു കുട്ടിയോട് ഇങ്ങനെ ചോദിക്കുന്നതു കേട്ടു: “മാനത്തു നോക്ക്....നിറയെ വെളുത്ത തുളകൾ! അതെങ്ങനെ വന്നു എന്നാണെന്റെ സംശയം.”

“അതെങ്ങനെ വന്നുവെന്നു നിനക്കറിഞ്ഞുകൂടാ?” മറ്റേക്കുട്ടി വിശദീകരിച്ചു. “ വെടിയുണ്ട കൊണ്ടിട്ടാണതുണ്ടായത്!”

സ്ത്രീ അതു കേട്ടപ്പോൾ കരഞ്ഞുകൊണ്ട് അവരെ മാറോടടുക്കിപ്പിടിച്ചു.

*

കാലം എന്നെ വിട്ടുപോയപ്പോൾ


ഞാൻ കാലത്തിന്റെ കയ്യിൽ പിടിച്ചുകൊണ്ട് സന്തോഷത്തോടെ നടക്കുകയായിരുന്നു. ഞങ്ങൾ കുറേ നേരം നടന്നുകഴിഞ്ഞപ്പോൾ എനിക്കു നല്ല ക്ഷീണമായി. നമുക്കു കുറച്ചുനേരമൊന്നിരുന്നു തളർച്ച മാറ്റിയിട്ടു പോയാലോ എന്നു ഞാൻ കാലത്തോടു ചോദിച്ചു. അവനതു കേട്ടില്ലെന്നു തോന്നി. ഞാൻ ഒന്നുകൂടി ഒച്ചയിൽ എന്റെ അപേക്ഷ ആവർത്തിച്ചു. അവൻ പെട്ടെന്ന് എന്റെ കയ്യിലെ പിടി വിട്ടിട്ട് തന്റെ നടപ്പു തുടർന്നു, ഒരു നിമിഷത്തെപോലും ഇടർച്ചയില്ലാതെ.

*

സ്വാതന്ത്ര്യത്തിന്റെ തൂവാല


ഏകാധിപതിയ്ക്കു തുമ്മൽ വന്നു. അയാൾ പാന്റിന്റെ കീശയിൽ നിന്ന് സ്വാതന്ത്ര്യത്തെ വലിച്ചെടുത്ത് മൂക്കു ചീറ്റി. എന്നിട്ടയാൾ അവളെ ഒരു ചവറ്റുകുട്ടയിലേക്കെറിഞ്ഞു.

*

(1968ൽ ജനിച്ച സിറിയൻ കവിയും ലേഖകനുമായ ഉസാമ അലോമർ Osama Alomar തീരെച്ചെറിയ കഥകളുടെ പേരിൽ പ്രശസ്തനാണ്‌.)

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ലിയോ ടോൾസ്റ്റോയ് - അല്യോഷ

 


ആൺകുട്ടികളിൽ ഇളയതായിരുന്നു അല്യോഷ. ‘കലം’ എന്നൊരു ഇരട്ടപ്പേര്‌ അവനുണ്ടായിരുന്നു. ഒരിക്കൽ അവന്റെ അമ്മ ഡീക്കന്റെ ഭാര്യക്കു കൊടുക്കാനായി ഒരു കലം നിറയെ പാൽ അവന്റെ കയ്യിൽ കൊടുത്തയച്ചിരുന്നു; കഷ്ടകാലത്തിന്‌ എന്തിലോ തടഞ്ഞുവീണ്‌ കലം പൊട്ടി; പാലു നഷ്ടപ്പെടുത്തിയതിന്‌ അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും അവനു കിട്ടി. ‘കലം’ എന്നു വിളിച്ച് ഗ്രാമത്തിലെ കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അതവന്റെ ഇരട്ടപ്പേരായത് അങ്ങനെയാണ്‌.

അല്യോഷ ഇത്തിരിയോളം പോന്ന ഒരു കുട്ടിയായിരുന്നു; പാള പോലത്തെ ചെവികളും എറിച്ചുനില്ക്കുന്ന വലിയൊരു മൂക്കും. ‘അല്യോഷയുടെ മൂക്കു കണ്ടാൽ കുന്നുമ്പുറത്തൊരു പട്ടി നില്ക്കുന്നപോലുണ്ട്!’ കുട്ടികൾ കളിയാക്കും.
അല്യോഷയുടെ ഗ്രാമത്തിലും ഒരു സ്കൂളുണ്ടായിരുന്നു; എന്നാൽ എഴുത്തും വായനയും അവനത്ര എളുപ്പമായിരുന്നില്ല; അതിനും പുറമേ പഠിക്കാനുള്ള നേരവും കിട്ടേണ്ടേ? അവന്റെ മൂത്ത സഹോദരൻ ടൗണിൽ ഒരു വ്യാപാരിയുടെയൊപ്പം താമസിച്ച് ജോലി ചെയ്യുകയാണ്‌; അതിനാൽ അല്യോഷയ്ക്ക് കുട്ടിക്കാലം മുതലേ അച്ഛനെ സഹായിക്കേണ്ടിവന്നു. 

ആറു വയസ്സായപ്പോഴേ അവൻ ഇളയ പെങ്ങളോടൊപ്പം ആടിനേയും പശുവിനേയും തീറ്റിക്കാൻ കൊണ്ടുപോയിത്തുടങ്ങിയിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ കുതിരകളെ നോക്കുന്നതും അവനായി. പന്ത്രണ്ടാം വയസ്സു മുതൽ അവൻ ഉഴാനും വണ്ടി തെളിക്കാനും തുടങ്ങി. ഇതെല്ലാം ചെയ്യാനുള്ള ശരീരബലം അവനുണ്ടായിരുന്നു എന്നല്ല; എന്നാലും ഒരിക്കലും അവനെ മുഖം മുഷിഞ്ഞു കണ്ടിട്ടില്ല. കുട്ടികൾ അവനെ കളിയാക്കുമ്പോൾപ്പോലും അവൻ അവരോടൊപ്പം ചേർന്നു ചിരിക്കുകയേയുള്ളു; അല്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കും. അച്ഛൻ വഴക്കു പറയുമ്പോൾ അവൻ മിണ്ടാതെനിന്ന് എല്ലാം കേൾക്കും; എന്നിട്ട് ഒരു പുഞ്ചിരിയോടെ തന്റെ ജോലിയിലേക്കു മടങ്ങും.

അല്യോഷയ്ക്കു പത്തൊമ്പതു വയസ്സായപ്പോൾ അവന്റെ ജ്യേഷ്ഠന്‌ പട്ടാളത്തിൽ ചേരേണ്ടിവന്നു.അച്ഛൻ അവനെ പട്ടണത്തിലെ വ്യാപാരിയുടെ അടുത്തു കൊണ്ടുപോയി. ജ്യേഷ്ഠന്റെ പഴയ ബൂട്ടും അച്ഛന്റെ തൊപ്പിയുമൊക്കെ ധരിപ്പിച്ചാണ്‌ അവനെ അയാളുടെ മുന്നിൽ ഹാജരാക്കിയത്. അയാൾക്കു പക്ഷേ, അവനെ കണ്ടിട്ട് അത്ര ഹിതമായില്ല.

“സിമിയോണെപ്പോലെ ഒരാളെ കൊണ്ടുവരുമെന്നാണല്ലോ ഞാൻ കരുതിയത്,” അല്യോഷയെ അടിമുടി ഒന്നു നോക്കിയിട്ട് വ്യാപാരി പറഞ്ഞു. “എന്നിട്ട് കൊണ്ടുവന്നത് ഇതിനെയും! ഇവനെ എന്തിനു കൊള്ളിക്കാൻ?”

“അവൻ എന്തുവേണമെങ്കിലും ചെയ്തോളും- കുതിരകളെ നോക്കും, വണ്ടി തെളിക്കും. കാണാൻ നരുന്തു പോലുണ്ടെന്നേയുള്ളു, പണി ചെയ്യാൻ മിടുക്കനാണ്‌.”

“കണ്ടിട്ട് അങ്ങനെ തോന്നുന്നു; ആകട്ടെ, നോക്കാം.“

അങ്ങനെ അല്യോഷ വ്യാപാരിയുടെ വീട്ടിൽ ജോലിക്കാരനായി.

വ്യാപാരിയുടെ കുടുംബം അങ്ങനെ വലുതൊന്നുമായിരുന്നില്ല. ഭാര്യ, അയാളുടെ പ്രായമായ അമ്മ, മൂന്നു മക്കൾ. വലിയ വിദ്യാഭ്യാസമില്ലാത്ത മൂത്ത മകൻ കല്യാണം കഴിച്ച് അച്ഛന്റെ ബിസിനസ്സിലാണ്‌; പഠിത്തക്കാരനായ രണ്ടാമത്തെ മകൻ ഹൈസ്ക്കൂൾ കഴിഞ്ഞ് കോളേജിൽ ചേർന്നെങ്കിലും അവിടെ നിന്നു പുറത്താക്കിയതിനാൽ ഇപ്പോൾ വീട്ടിലുണ്ട്. ഒരു മകളുള്ളത് ഹൈസ്ക്കൂളിൽ പഠിക്കുന്നു.

ആദ്യമൊക്കെ എല്ലാവർക്കും അല്യോഷയോട് ഒരകൽച്ചയായിരുന്നു. അവനെ കാണാൻ ഒരു ചേലില്ല, വേഷം ഒരുമാതിരിയാണ്‌, പെരുമാറാനും അറിയില്ല. എന്നാൽ വൈകാതെ ആ അകൽച്ച കുറഞ്ഞു. ജോലി ചെയ്യുന്ന കാര്യത്തിൽ ജ്യേഷ്ഠനേക്കാൾ ശുഷ്കാന്തിയായിരുന്നു അവന്‌; അവനത് ഇഷ്ടത്തോടെ ചെയ്തു എന്നതാണു കാര്യം. എല്ലാത്തരം പണിയും അവർ അവനെക്കൊണ്ടു ചെയ്യിച്ചിരുന്നു. ഒരു വിസമ്മതവും ഇല്ലാതെ അവൻ എല്ലാം ചെയ്യുകയും ചെയ്തു. വീട്ടിലെപ്പോലെയായിരുന്നു ഇവിടെയും; എല്ലാ ഭാരവും അവന്റെ ചുമലിലായിരുന്നു. യജമാനത്തി, വയസ്സായ അമ്മ, മകൻ, മകൾ, കാര്യസ്ഥൻ, വേലക്കാരി- ആജ്ഞാപിക്കാൻ എല്ലാവരും ഉണ്ടായിരുന്നു; ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അവർ അവനെ ഓടിച്ചുകൊണ്ടിരുന്നു.

”അല്യോഷാ, ഇതു ചെയ്യൂ! അല്യോഷാ, അതു ചെയ്യൂ! എന്ത്! അതു മറന്നോ, അല്യോഷാ! ഇനി മറക്കരുത്, പറഞ്ഞേക്കാം!“ എന്ന് രാവിലെ മുതൽ രാത്രി വരെ കേൾക്കാം. അല്യോഷയാവട്ടെ, അങ്ങോട്ടുമിങ്ങോട്ടുമോടി, അതുമിതും ചെയ്തു, എല്ലാറ്റിനും നേരം കണ്ടെത്തി- അവൻ ഒരിക്കലും ദുർമ്മുഖം കാണിച്ചതുമില്ല.

ജ്യേഷ്ഠന്റെ പഴയ ബൂട്ടുകൾ വൈകാതെ തേഞ്ഞുതീർന്നു; കീറീപ്പറിഞ്ഞതുമിട്ടു നടക്കുന്നതിന്‌ വ്യാപാരി അവനെ ശാസിക്കുകയും പുതിയൊരു ജോഡി ബൂട്ടുകൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊടുക്കുകയും ചെയ്തു. പുതിയ ചെരുപ്പു കണ്ടപ്പോൾ അല്യോഷ സന്തോഷവാനായി; എന്നാൽ പകലത്തെ പരക്കംപാച്ചിലുകൾക്കൊടുവിൽ കാലു നോവാൻ തുടങ്ങിയപ്പോൾ അവനു ദേഷ്യം തോന്നിയത് തന്റെ കാലിനോടാണ്‌;  ശമ്പളം വാങ്ങാൻ വരുമ്പോൾ ബൂട്ടിന്റെ വില അതിൽ കുറച്ചിട്ടുണ്ടെന്ന് അച്ഛൻ അറിയുമ്പോഴത്തെ കാര്യമോർത്തപ്പോൾ അവനു പേടിയും വന്നു. മഞ്ഞുകാലത്തവൻ പുലരും മുമ്പേ എഴുന്നേല്ക്കും. എന്നിട്ടവൻ വിറകു കീറും, മുറ്റമടിക്കും, പശുക്കൾക്കും കുതിരകൾക്കും തീറ്റ കൊടുക്കും, അടുപ്പിൽ തീ കത്തിക്കും, ചെരുപ്പുകൾ വൃത്തിയാക്കും, സമോവർ ചൂടാക്കും. ഇതിനിടയിൽ കാര്യസ്ഥന്റെ വിളികൾ കേൾക്കണം, വേലക്കാരി മാവു കുഴയ്ക്കാനോ പാത്രം കഴുകാനോ വിളിക്കും; അതു കഴിഞ്ഞാൽ എന്തെങ്കിലും ആവശ്യവുമായി പട്ടണത്തിൽ പോവുകയോ കുട്ടിയെ സ്കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരികയോ വൃദ്ധയ്ക്ക് ഒലീവെണ്ണ വങ്ങുകയോ ചെയ്യാനുണ്ടാവും. “നീ ഇത്രനേരം എവിടെപ്പോയി കിടക്കുകയായിരുന്നു?” ഒരാളല്ലെങ്കിൽ മറ്റൊരാൾ വിളിച്ചുചോദിച്ചുകൊണ്ടേയിരിക്കും. തങ്ങളെന്തിനു പോകണം, അല്യോഷ ഉണ്ടല്ലോ. “അല്യോഷാ! അല്യോഷാ!” അല്യോഷ അങ്ങോട്ടോടി, ഇങ്ങോട്ടോടി. അവന്റെ ആഹാരം കഴിക്കലൊക്കെ ഈ ഓട്ടത്തിനിടയിലായിരുന്നു. നേരം വൈകി കഴിക്കാൻ ചെല്ലുന്നതിന്റെ പേരിൽ വേലക്കാരി വഴക്കു പറയാറുണ്ടായിരുന്നെങ്കിലും അവനോടു കുറച്ചു മനസ്സലിവുള്ളതിന്റെ പേരിൽ ചൂടായിട്ടെന്തെങ്കിലും അവൾ മാറ്റിവയ്ക്കാറുണ്ടായിരുന്നു.

അവധിക്കാലം അല്യോഷയ്ക്കു ജോലി കൂടുതലുള്ള കാലവുമായിരുന്നു; എന്നാല്ക്കൂടി അതൊരു സന്തോഷക്കൂടുതലിന്റെ കാലവുമായിരുന്നു. കാരണം എല്ലാവരും അവനെന്തെങ്കിലും ടിപ്പ് കൊടുക്കുന്നത് അക്കാലത്താണ്‌. കാര്യമായ ഒരു തുക എന്നു പറയാൻ ഒന്നുമില്ലെങ്കിലും ഇതേവരെ അത് അറുപതു കോപ്പെക്കിനടുത്തായിട്ടുണ്ട്- അതവന്റെ സ്വന്തം പണമാണ്‌. അല്യോഷ ഒരിക്കലും അവന്റെ ശമ്പളത്തിൽ നിന്നൊന്നും അവകാശപ്പെട്ടിട്ടില്ല. അതവന്റെ അച്ഛൻ വന്ന് വ്യാപാരിയിൽ നിന്നു വാങ്ങിപ്പോവുകയാണു പതിവ്; ബൂട്ട് തേയിച്ചതിന്‌ ഒരു ശകാരം മാത്രമാണ്‌ അച്ഛനിൽ നിന്നവനു കിട്ടുക.

ടിപ്പുകൾ പിടിച്ചുവച്ച് രണ്ടു റൂബിൾ ആയപ്പോൾ വേലക്കാരിയുടെ ഉപദേശപ്രകാരം അവൻ ഒരു ചുവന്ന സ്വെറ്റർ വാങ്ങി. ആദ്യമായി അതുമിട്ട് തന്നെത്തന്നെ ഒന്നു നോക്കിയപ്പോൾ സന്തോഷം കൊണ്ട് അവൻ വാ പൊളിച്ചുപോയി; ശ്വാസം കിട്ടാതെയും തൊണ്ട വിക്കിയും ഏറെ നേരം അടുക്കളയിൽ അവൻ ആ നില്പു നില്ക്കുകയും ചെയ്തു.

അല്യോഷ ഒരു മിണ്ടാപ്രാണിയായിരുന്നു; അത്യാവശ്യത്തിനല്ലാതെ അവൻ വായ തുറക്കാറില്ല; അതാകട്ടെ ഒറ്റ വീർപ്പിനു പറഞ്ഞുതീർക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാമോ എന്നു ചോദിച്ചാൽ “ചെയ്യാം” എന്നു മാത്രമേ അവൻ പറയൂ; അടുത്ത പടി അതു ചെയ്യുകയാണ്‌.

അല്യോഷയ്ക്കു പ്രാർത്ഥനകളൊന്നും വശമില്ലായിരുന്നു. പണ്ടെന്നോ അമ്മ അവനെ ഏതോ പ്രാർത്ഥന ചൊല്ലാൻ പഠിപ്പിച്ചതായിരുന്നു; അതുപക്ഷേ, അപ്പോൾത്തന്നെ അവന്റെ മനസ്സിൽ നിന്നു പോവുകയും ചെയ്തു. എന്നാലും തന്റേതായ ഒരു രീതിയിൽ വൈകിട്ടും രാത്രിയിലും അവൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു: ചുണ്ടനക്കാതെ, കൈകൾ കൊണ്ടു മാത്രമുള്ള ഒരു പ്രാർത്ഥന.

*

ഒന്നരക്കൊല്ലം അല്യോഷയുടെ ജീവിതം ഈവിധം കടന്നുപോയി. രണ്ടാമത്തെ കൊല്ലം അവസാനത്തോടടുപ്പിച്ച് അവന്റെ ജീവിതത്തിലെ ഏറ്റവും അസാധാരാണമായ ഒരു അനുഭവം ഉണ്ടായി. ഒരാൾക്ക് മറ്റൊരാളെക്കൊണ്ടുണ്ടാകുന്ന ഉപയോഗത്തിൽ നിന്നു രൂപപ്പെടുന്ന ബന്ധങ്ങളല്ലാതെ തീർത്തും വ്യത്യസ്തമായ സ്വഭാവത്തിലുള്ള ചില ബന്ധങ്ങളും ഉണ്ടെന്നതായിരുന്നു അവനെ അത്യധികം ആശ്ചര്യപ്പെടുത്തിയ ആ കണ്ടുപിടുത്തം. ചെരുപ്പു തുടയ്ക്കാനും കുതിരയെ പൂട്ടാനും വിളിപ്പുറത്തു നില്ക്കാനുമല്ലാതെ ഒരാൾക്ക് മറ്റൊരാളെ ആവശ്യമായിവരുന്ന ഒരു ബന്ധം; ഒരാളെക്കൊണ്ട് ഒരാവശ്യവുമില്ലെങ്കിലും അയാളെ സ്നേഹിക്കാനും ഓമനിക്കാനും മറ്റൊരാൾക്കു തോന്നുന്നു എന്നതിൽ നിന്നുണ്ടാകുന്ന ഒരു ബന്ധം. താൻ അങ്ങനെയൊരാൾ ആയതായി പെട്ടെന്നവന്‌ അനുഭവപ്പെട്ടു. അവൻ ഈ കണ്ടുപിടുത്തം നടത്തുന്നത് വേലക്കാരിയായ ഉസ്തീനിയയിലൂടെയാണ്‌. അവൾ ചെറുപ്പമായിരുന്നു, അനാഥയായിരുന്നു, അവനെപ്പോലെതന്നെ കഠിനാദ്ധ്വാനിയുമായിരുന്നു. ജീവിതത്തിൽ ഇതാദ്യമായി അവനറിഞ്ഞു, താൻ, താൻ ചെയ്യുന്ന കാര്യങ്ങൾ, താനെന്ന വ്യക്തി മറ്റൊരു വ്യക്തിക്ക് ആവാശ്യമായി വന്നിരിക്കുന്നുവെന്ന്. അമ്മ അവനെയോർത്തു വിഷമിച്ചിരുന്നപ്പോൾ അല്ലെങ്കിൽ അവർ അവനോടു സ്നേഹം കാണിച്ചിരുന്നപ്പോൾ അവൻ അതു ശ്രദ്ധിക്കാറുതന്നെ ഇല്ലായിരുന്നു; അതൊക്കെ വളരെ സ്വാഭാവികമെന്ന മട്ടിലാണ്‌ അവനെടുത്തിരുന്നത്, അവന്‌ അവനോടുതന്നെ തോന്നിയിരുന്ന വിഷമമെന്നപോലെ. എന്നാൽ ഇവിടെ അവനു തീർത്തും അന്യയായ ഉസ്തീനിയക്കാണ്‌ അവനെയോർത്തു വിഷമം തോന്നുന്നത്. അവൾ അവനു ചൂടുള്ളതെന്തെങ്കിലും കഴിക്കാൻ കൊടുത്തിട്ട് താടിക്കു കയ്യും കൊടുത്ത് അവൻ കഴിക്കുന്നതും നോക്കി ഇരിക്കും. അവൻ അവളെ മുഖമുയർത്തി നോക്കുമ്പോൾ അവളൊന്നു പുഞ്ചിരിക്കും; അപ്പോൾ അവനും പുഞ്ചിരിക്കും.

ഇതൊക്കെ അവനു തീർത്തും പുതിയതും അപരിചിതവുമായ കാര്യങ്ങൾ ആണെന്നതിനാൽ അല്യോഷ ആദ്യമൊക്കെ വല്ലാതെ പേടിച്ചുപോയി. തന്റെ ജോലിക്കതു വിഘാതമാകുമോ എന്നായിരുന്നു അവന്റെ പേടി. എന്നാലും ഉള്ളിലൊരു സന്തോഷം അവനു തോന്നിയിരുന്നു. ഉസ്തീനിയ കീറൽ തുന്നിക്കൊടുത്ത ട്രൗസറുമിട്ടു നില്ക്കുമ്പോൾ തലയാട്ടിക്കൊണ്ട് അവനൊന്നു ചിരിക്കും. പലപ്പോഴും, ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ എവിടെയ്ക്കെങ്കിലും ഓടുമ്പോഴോ അവന്‌ ഉസ്തീനിയയെ ഓർമ്മ വരും. “ഉസ്തീനിയ!” എന്ന് അവൻ ഊഷ്മളമായി ഉരുവിടും.

ഉസ്തീനിയ തനിക്കായ വിധം അവനെ സഹായിച്ചുപോന്നു; അവൻ അവളേയും. ഒരിക്കൽ അവൾ തന്റെ ജീവിതകഥ അവനെ പറഞ്ഞുകേൾപ്പിച്ചു: അവൾക്ക് അച്ഛനമ്മമാരെ നഷ്ടമായത്, ഒരമ്മായി അവളെ എടുത്തുവളർത്തിയത്, പിന്നെ അവളെ പട്ടണത്തിൽ ജോലിക്കു കൊണ്ടാക്കിയത്, വ്യാപാരിയുടെ മകൻ ഒരിക്കൽ അവളെ വശപ്പെടുത്താൻ നോക്കിയത്, അവൾ അതിനെ ചെറുത്തത്. അവൾക്കു സംസാരിക്കാൻ ഇഷ്ടമായിരുന്നു; അവന്‌ അതു കേൾക്കാനും ഇഷ്ടമായിരുന്നു. പട്ടണത്തിലെ വീടുകളിൽ ജോലിക്കു വരുന്ന ചെറുപ്പക്കാർ അവിടുത്തെ വേലക്കാരികളെ കല്യാണം കഴിക്കാറുണ്ടെന്നും അവൻ കേട്ടിരുന്നു. അവന്റെ വീട്ടുകാർ ഉടനെങ്ങാനും അവന്റെ കല്യാണത്തെക്കുറിച്ചാലോചിക്കുമോയെന്ന് ഒരിക്കൽ അവൾ ചോദിച്ചു. അതു തനിക്കറിയില്ലെന്നും നാട്ടിലെ ഒരു പെണ്ണിനേയും തനിക്കിഷ്ടമല്ലെന്നും അവൻ മറുപടി പറയുകയും ചെയ്തു.

“അപ്പോൾ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?”

“ഉണ്ട്, നിന്നെ. എന്താ, നിനക്കിഷ്ടമാണോ?”

“അയ്യട! നല്ല മിടുക്കനാണല്ലോ!എന്തായാലും നിന്റെ വായിൽ നാവുണ്ടെന്നായല്ലോ!” തവിക്കണ കൊണ്ട് അവന്റെ പുറത്തൊന്നു മേടിയിട്ട് അവൾ പറഞ്ഞു, “എനിക്കെന്താ വിരോധം?”

നൊയമ്പുകാലത്തിനു മുമ്പ് ശമ്പളം വാങ്ങിക്കാൻ അവന്റെ അച്ഛൻ വന്നു. അല്യോഷയ്ക്ക് ഉസ്തീനിയയെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന വാർത്ത വ്യാപാരിയുടെ ഭാര്യയുടെ ചെവിയിൽ എത്തിയിരുന്നു. അവർക്കത് തീരെ ഇഷ്ടപ്പെട്ടില്ല. അവൾക്കു ഗർഭമുണ്ടാകും; പിന്നെ അവളെക്കൊണ്ടെന്തിനു കൊള്ളാം? അവർ ഭർത്താവിനെ വിവരമറിയിച്ചു.

വ്യാപാരി ശമ്പളം എണ്ണിക്കൊടുക്കുമ്പോൾ അല്യോഷയുടെ അച്ഛൻ ചോദിച്ചു: “എന്റെ പയ്യൻ എങ്ങനുണ്ട്? എന്തു ചെയ്യാനും അവനൊരു മടിയുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ?”

“അതൊക്കെ ശരിതന്നെ; പക്ഷേ അവന്റെ തലയിൽ എന്തോ കയറിക്കൂടിയിട്ടുണ്ട്. അവനിപ്പോൾ ഞങ്ങളുടെ വേലക്കാരിയെ കെട്ടണമത്രെ. കല്യാണം കഴിഞ്ഞ വേലക്കാരെ ഞങ്ങൾ വീട്ടിൽ നിർത്താറില്ല. ഞങ്ങൾക്കതു ചേർന്നതല്ല.”

“കഴുത! അങ്ങനെയൊരു ചിന്ത അവനുണ്ടാകുമെന്ന് ആരുകണ്ടു!” വൃദ്ധൻ അത്ഭുതത്തോടെ പറഞ്ഞു. “പേടിക്കേണ്ട. അതു ഞാൻ ശരിയാക്കിക്കോളാം.”

അയാൾ അടുക്കളയിൽ കയറി മകൻ തിരിച്ചുവരുന്നതും കാത്തിരുന്നു. അവൻ എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. ഓടിക്കിതച്ചുകൊണ്ട് അവൻ കയറിവന്നു.

“ഒരു തരി ബുദ്ധി നിനക്കില്ലാതായിപ്പോയല്ലോ! എന്താ നിന്റെ തലയിൽ കയറിക്കൂടിയത്?” അച്ഛൻ തുടക്കമിട്ടു.

“ഒന്നുമില്ല.”

“ഒന്നുമില്ലെന്നോ? നീ കല്യാണം കഴിക്കാൻ പോവുകയാണെന്നാണല്ലോ അവർ പറഞ്ഞത്. നിന്റെ കല്യാണം അതിന്റെ സമയമാവുമ്പോൾ ഞാൻ നടത്തിത്തരും. ഏതെങ്കിലും തേവിടിശ്ശിയോടല്ല, നല്ല ഡീസന്റായ ഒരു പെണ്ണിനോട്.”

വൃദ്ധൻ ഈ മട്ടിൽ സംസാരം തുടർന്നു. അല്യോഷ അതെല്ലാം മിണ്ടാതെ കേട്ടുനിന്നിട്ട് നെടുവീർപ്പിട്ടു.

അച്ഛൻ പറഞ്ഞുനിർത്തിയപ്പോൾ ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു:

“ശരി, ഞാനതു വിട്ടു.”

“അതിനാണ്‌ ബുദ്ധി എന്നു പറയുന്നത്!”

അച്ഛൻ പോയിക്കഴിഞ്ഞപ്പോൾ അല്യോഷ ഉസ്തീനിയയോട് കാര്യം പറഞ്ഞു. (അവൾ അടുക്കളവാതിലിനു പിന്നിൽ നിന്ന് എല്ലാം കേട്ടിരുന്നു.)

“നമ്മൾ വിചാരിച്ചപോലൊന്നും നടക്കാൻ പോകുന്നില്ല. നീ കേട്ടില്ലേ? അച്ഛൻ നല്ല ദേഷ്യത്തിലാണ്‌- എന്തു പറഞ്ഞാലും കേൾക്കില്ല.”

ഉസ്തീനിയ ഒച്ച പൊന്തിക്കാതെ കരഞ്ഞു. അല്യോഷ തലയാട്ടിക്കൊണ്ടു പറഞ്ഞു, “ഞാനെങ്ങനെയാണ്‌ അച്ഛൻ പറഞ്ഞതു കേൾക്കാതിരിക്കുക? നമുക്കതെല്ലാം മറന്നുകളയാം.”

വൈകുന്നേരത്ത് അവൻ ജനാലകൾ അടയ്ക്കുമ്പോൾ വ്യാപാരിയുടെ ഭാര്യ ചോദിച്ചു, “അച്ഛൻ പറഞ്ഞതെല്ലാം കേട്ടില്ലേ?”

“കേട്ടു; ഞാനതെല്ലാം മറന്നുകളഞ്ഞു,” എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് അവൻ തേങ്ങിക്കരഞ്ഞു.
*

അന്നു മുതൽ അല്യോഷ പതിവു പോലെ തന്റെ ജോലി ചെയ്യുകയല്ലാതെ ഉസ്തീനിയയോട് കല്യാണത്തെക്കുറിച്ചൊന്നും മിണ്ടാതായി. നാല്പതു നൊയമ്പിനിടയിൽ ഒരു ദിവസം കാര്യസ്ഥൻ അവനോട് പുരപ്പുറത്തു കയറി മഞ്ഞു വീണുകിടക്കുന്നത് വാരിക്കളയാൻ പറഞ്ഞു. അല്യോഷ മുകളിൽ കയറി മഞ്ഞെല്ലാം തൂത്തുകളഞ്ഞു; എന്നിട്ട് ഓവുചാലിൽ കട്ടിപിടിച്ചുകിടന്ന മഞ്ഞുകട്ടകൾ കുത്തിയിളക്കുമ്പോൾ കാൽ വഴുതി അവൻ താഴെ വീണു. ഭാഗ്യക്കേടിന്‌ അവൻ ചെന്നു വീണത് മുറ്റത്തെ മഞ്ഞിലല്ല, വാതിലിനു മുകളിൽ നിന്നു തള്ളിനിന്നിരുന്ന ഒരു ഇരുമ്പുകമ്പിയിലാണ്‌. വ്യാപാരിയുടെ മകളേയും വിളിച്ചുകൊണ്ട് ഉസ്തീനിയ ഓടിച്ചെന്നു.

“എന്തെങ്കിലും പറ്റിയോ, അല്യോഷാ?”

“ചെറുതായി; കാര്യമാക്കാൻ ഒന്നുമില്ല.”

എന്നാൽ എഴുന്നേല്ക്കാൻ നോക്കിയിട്ട് ഒറ്റയ്ക്കവനു പറ്റിയില്ല. അവനൊന്നു പുഞ്ചിരിച്ചു.

അവനെ എല്ലാവരും കൂടി ചായ്പിലേക്കെടുത്തു കിടത്തി. ഡോക്ടർ വന്നു; എവിടെയാണവനു വേദനിക്കുന്നതെന്നു ചോദിച്ചു.

“എല്ലായിടത്തും,” അവൻ പറഞ്ഞു. “അതു കാര്യമാക്കാനില്ല. യജമാനനു നീരസം തോന്നുമോയെന്നാണ്‌ എന്റെ പേടി. അച്ഛനെ അറിയിക്കണം.”

അല്യോഷ രണ്ടു ദിവസം ആ കിടപ്പു കിടന്നു; മൂന്നാമത്തെ ദിവസം പുരോഹിതനെ വരുത്തി.

“നീ മരിക്കാൻ പോവുകയാണോ?” ഉസ്തീനിയ ചോദിച്ചു.

“അതെ; എന്നും ജീവിച്ചിരിക്കാൻ പറ്റില്ലല്ലോ. സമയമാകുമ്പോൾ നമുക്കു പോകേണ്ടേ?” പതിവുപോലെ വേഗത്തിൽ അവൻ പറഞ്ഞു. “നന്ദി, ഉസ്തീനിയ; നീ എന്നോട് എന്നും നന്നായിട്ടേ പെരുമാറിയിട്ടുള്ളു. നമ്മുടെ കല്യാണം നടക്കാതിരുന്നത് എത്ര നന്നായി! നമ്മുടെ ഗതി എന്താകുമായിരുന്നു? ഇപ്പോൾ ഒരു പ്രശ്നവുവില്ല.”

പുരോഹിതൻ വന്നപ്പോൾ അവനും പ്രാർത്ഥിച്ചു; കൈ കൊണ്ടും ഹൃദയം കൊണ്ടും മാത്രം. ‘ഇവിടെ താൻ നല്ലവനായിരുന്നെങ്കിൽ, അനുസരിക്കുകയും ആരെയും ഉപദ്രവിക്കാതിരിക്കുകയുമാണ്‌ താൻ ചെയ്തിരുന്നതെങ്കിൽ, അവിടെയും അങ്ങനെതന്നെ ആയിരിക്കും’ എന്നായിരുന്നു അതിന്റെ പൊരുൾ.

അവൻ പിന്നെ അധികമൊന്നും സംസാരിച്ചില്ല. തനിക്കു ദാഹിക്കുന്നു എന്നു മാത്രം അവൻ പറഞ്ഞു; എന്തോ കണ്ടത്ഭുതപ്പെടുന്നപോലെയായിരുന്നു അവന്റെ മുഖം.

അവന്റെ മുഖത്തൊരു പുഞ്ചിരി പരന്നു. പിന്നെ, അത്ഭുതം നിറഞ്ഞ അതേ മുഖഭാവത്തോടെ, ആ കിടപ്പിൽ കിടന്ന് അവൻ ജീവൻ വെടിഞ്ഞു.
(1905)

സ്റ്റെഫാൻ സ്വെയ്ഗ്- വിസ്മൃതസ്വപ്നങ്ങൾ

 


ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു.

ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ,  മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെ ആ രംഗം തെളിഞ്ഞ ബാഹ്യരേഖകളോടെ തിളങ്ങിനിന്നു. അകലെ ഒറ്റപ്പെട്ട വഞ്ചിപ്പായകൾ മാത്രം വെളുത്ത പുള്ളി കുത്തിയിരുന്ന കടൽ ബംഗ്ലാവു നില്ക്കുന്ന തട്ടുതട്ടായ ചരിവിൽ തിരകൾ കൊണ്ടു തലോടിയിരുന്നു. വീട്ടുമുറ്റം പിന്നെ വിശാലവും തണലു നിറഞ്ഞതുമായ ഒരു തോട്ടത്തിലേക്കുയർന്നുയർന്നൊടുവിൽ ഒരു പാർക്കിലേക്കലിഞ്ഞുചേർന്നു- ഏതോ യക്ഷിക്കഥയിലെ വശീകൃതദേശം പോലെ നിദ്രാണവും നിശ്ചലവുമായ ഒരു ദൃശ്യം.

രാവിലത്തെ വെയിൽച്ചൂടിൽ മയങ്ങിക്കിടക്കുന്ന വീടിനു വെളിയിൽ ഒരു ചരല്പാത കുളിരുള്ള കുന്നുമ്പുറത്തേക്കൊരു വെളുത്ത വര വരച്ചു. അതിനടിയിൽ കടൽത്തിരകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു; കൊടുംവെയിലിൽ വജ്രങ്ങൾ പോലെ വെട്ടിത്തിളങ്ങിക്കൊണ്ട് വെള്ളത്തുള്ളികൾ പൊട്ടിച്ചിതറി. രഹസ്യം പറയാനെന്നപോലെ അടുത്തുകൂടി നിന്നിരുന്ന പൈന്മരങ്ങളുടെ തലപ്പുകളിൽ സൂര്യൻ ചിതറി; തുറന്നുവച്ചിരുന്ന ഒരു ജാപ്പനീസ് കുടയിലെ കടുംവർണ്ണങ്ങളിലുള്ള വിചിത്രരൂപങ്ങളിലും വെയിലു വീണു.

ആ കുടയുടെ തണലിൽ, പതുപതുത്ത ഒരു ചൂരൽക്കസേരയിൽ ഒരു സ്ത്രീ ചാരിക്കിടന്നിരുന്നു; അതിന്റെ വഴങ്ങുന്ന മെടച്ചിലിൽ അവളുടെ സുന്ദരമായ രൂപം അമർന്നൊതുങ്ങിക്കിടന്നു. മറന്നുപോയപോലെ തൂങ്ങിക്കിടക്കുന്ന, വളകളില്ലാത്ത ഒരു മെലിഞ്ഞ കൈ ഒരു നായയുടെ തിളങ്ങുന്ന പട്ടുപോലത്തെ രോമക്കുപ്പായം തഴുകിക്കൊണ്ടിരുന്നു;  കറുത്ത കണ്ണിമകളും ഒരു പുഞ്ചിരിയുടെ ലാഞ്ഛനയുമുള്ള ഇരുണ്ട കണ്ണുകൾ മറുകൈയിൽ പിടിച്ചിരുന്ന പുസ്തകത്തിൽ ദത്തശ്രദ്ധമായിരുന്നു. വലിപ്പമുള്ള, ഇളകിക്കൊണ്ടേയിരിക്കുന്ന ആ കണ്ണുകളുടെ സൗന്ദര്യം ഒരിരുണ്ട ശോഭയാൽ വർദ്ധിച്ചതുപോലെ തോന്നി. ബാഹ്യരേഖകൾ തെഴുത്തുനില്ക്കുന്ന ദീർഘവൃത്താകാരമായ മുഖം ആകപ്പാടെ നോക്കിയാൽ സരളസൗന്ദര്യത്തിന്റെ ഒരു ഭാവമല്ല നല്കുന്നത്; ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത ഒരു വശീകരണസ്വഭാവമാണ്‌ അതിൽ തെളിഞ്ഞുനില്ക്കുന്നത്. അവളുടെ വാസനിക്കുന്ന, മിനുങ്ങുന്ന കുറുനിരകളുടെ അശ്രദ്ധമായ   കലാപം ഒരു കലാകാരന്റെ അതീവശ്രദ്ധയോടുള്ള രചനയാണ്‌; അതുപോലെ, വായിക്കുമ്പോൾ വെളുത്ത പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട് ചുണ്ടുകൾക്കു ചുറ്റും തങ്ങിനില്ക്കുന്ന ആ നേർത്ത പുഞ്ചിരി കണ്ണാടിക്കു മുന്നിൽ വർഷങ്ങളായുള്ള പരിശീലനത്തിന്റെ ഫലമായിരുന്നു; ആകെക്കൂടിയുള്ള വിധാനത്തിന്റെ ഭാഗമായി സ്ഥിരപ്രതിഷ്ഠ നേടിയതിനാൽ ഇനി ഒഴിവാക്കാൻ പറ്റാത്തതായിരിക്കുന്നു എന്നു മാത്രം.

മണല്പരപ്പിൽ കാലുരയുന്നപോലെ ഒരൊച്ച കേട്ടു.

കിടന്ന കിടപ്പിൽ നിന്നിളകാതെ അവൾ നോക്കുന്നു, കണ്ണഞ്ചിക്കുമ്പോലെ കുത്തിയൊഴുകുന്ന ഊഷ്മളമായ വെയിൽ കാഞ്ഞുകൊണ്ട് നവാഗതനെ ഉദാസീനമായി നോക്കിക്കിടക്കുന്ന ഒരു പൂച്ചയെപ്പോലെ.

കാല്ച്ചുവടുകൾ വേഗത്തിൽ അടുത്തടുത്തു വരുന്നു; അംഗവസ്ത്രം ധരിച്ച ഒരു വേലക്കാരൻ മുന്നിൽ വന്ന് ചെറിയൊരു വിസിറ്റിങ്ങ് കാർഡ് അവളുടെ കയ്യിൽ കൊടുത്തിട്ട് അല്പം പിന്നിലേക്കു മാറി നില്ക്കുന്നു.

മുഖത്ത് ഒരത്ഭുതഭാവത്തോടെ അവൾ പേരു വായിക്കുന്നു; നിങ്ങൾക്കറിയാത്ത ഒരാൾ തെരുവിൽ വച്ച് വളരെ പരിചയത്തോടെ നിങ്ങളോടു സംസാരിക്കാൻ വരുമ്പോൾ അതേ അത്ഭുതമാണ്‌ നിങ്ങൾക്കുണ്ടാവുക. അവളുടെ കൂർപ്പിച്ചുവരച്ച പുരികങ്ങൾക്കു മുകളിൽ ഒരു നിമിഷത്തേക്ക് നേർത്ത രേഖകൾ പ്രത്യക്ഷപ്പെടുന്നു; അവളുടെ മനസ്സ് കഠിനചിന്തയിലാണെന്ന് അതു കണ്ടാൽ മനസ്സിലാകും. പിന്നെ ഒരു സന്തുഷ്ടവെളിച്ചം അവളുടെ മുഖമാകെ പ്രകാശമാനമാക്കുന്നു, ഇന്ന് മിക്കവാറും മറവിയിലായ യൗവ്വനത്തിന്റെ ആ വിദൂരദിനങ്ങളെക്കുറിച്ചോർക്കുമ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നു. ആ പേര്‌ അവളിൽ പിന്നെയും ചില ദീപ്തചിത്രങ്ങൾക്കു ജീവൻ നല്കിയിരിക്കുന്നു. സ്വപ്നങ്ങളും രൂപങ്ങളും ഒരിക്കൽക്കൂടി സ്പഷ്ടമായ ആകൃതി കൈവരിക്കുകയും യാഥാർത്ഥ്യം പോലെ വ്യക്തവും വിശദവുമാവുകയും ചെയ്യുന്നു.

“ഓ,” പെട്ടെന്നോർമ്മവന്നപോലെ അവൾ വേലക്കാരനോടു പറഞ്ഞു, “അദ്ദേഹത്തെ ഇപ്പോൾത്തന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരൂ.”

വേലക്കാരൻ ശബ്ദമുണ്ടാക്കാതെ, അമിതദാസ്യം കാണിച്ചുകൊണ്ട് നടന്നുപോയി. ഒരു നിമിഷത്തേക്ക് എങ്ങും നിശ്ശബ്ദമായിരുന്നു; പകലിന്റെ മത്തു പിടിപ്പിക്കുന്ന പൊൻവെയിൽ നിറഞ്ഞ മരത്തലപ്പുകളിൽ തളർച്ചയറിയാത്ത തെന്നൽ മാത്രം പതിഞ്ഞ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു.

പിന്നെ ചടുലമായ, ഊർജ്ജം നിറഞ്ഞ കാലൊച്ചകൾ ചരല്പാതയിൽ നിന്നു കേട്ടു; ഒരു നീണ്ട നിഴൽ അവളുടെ കാൽച്ചുവട്ടിൽ വന്നുവീണു; നല്ല ഉയരമുള്ള ഒരാൾ അവൾക്കു മുന്നിൽ വന്നു നില്ക്കുകയും ചെയ്തു. അവൾ കസേരയിൽ നിന്നു ചാടിപ്പിടഞ്ഞെഴുന്നേറ്റുകഴിഞ്ഞിരുന്നു.

ആദ്യം അവരുടെ കണ്ണുകൾ തമ്മിൽ കണ്ടു. അയാൾ ഒറ്റനോട്ടത്തിൽ അവളുടെ രൂപസൗഭഗം ഉൾക്കൊണ്ടുകഴിഞ്ഞു; അവളുടെ കണ്ണുകളിൽ കളിയാക്കുന്ന മട്ടിൽ ഒരു നേർത്ത പുഞ്ചിരി നിറഞ്ഞു. “ഇപ്പോഴും എന്നെക്കുറിച്ചോർമ്മയുണ്ടെന്നു വന്നതു നന്നായി,” മനോഹരമായ മെലിഞ്ഞ കൈ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു; അയാൾ ബഹുമാനത്തോടെ അതിൽ പതുക്കെ ചുംബിച്ചു.

“മദാം, നിങ്ങളോടു ഞാൻ ഒന്നുമൊളിക്കുന്നില്ല, കാരണം, എത്രയോ വർഷങ്ങൾക്കു ശേഷം ഇത് നമ്മുടെ ആദ്യത്തെ കണ്ടുമുട്ടലാണ്‌; വരാനുള്ള എത്രയോ വർഷങ്ങളിൽ ഇതവസാനത്തേതാകാമെന്നും എനിക്കു പേടിയുണ്ട്. ഞാനിപ്പോൾ ഇവിടെ നില്ക്കാൻ ഇടയായത് യാദൃച്ഛികമായിട്ടാണെന്നു പറയണം; വിസ്മയിപ്പിക്കുന്ന ലൊക്കേഷൻ കാരണം ഞാൻ അന്വേഷിച്ചുവന്ന ഒരു ദുർഗ്ഗത്തിൻ്റെ ഉടമയുടെ പേരു കേട്ടപ്പോൾ എനിക്കു നിങ്ങളെ ഓർമ്മ വന്നതാണ്‌. അങ്ങനെ ശരിക്കു പറഞ്ഞാൽ ഞാൻ ഇവിടെ വന്നിരിക്കുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണ്‌.“

”ആയിക്കോട്ടെ, എന്നാലും സ്വാഗതത്തിനു കുറവൊന്നുമില്ല; വാസ്തവം പറഞ്ഞാൽ ആദ്യം എനിക്കുതന്നെ നിങ്ങളുടെ കാര്യം ഓർമ്മ വന്നില്ല, മുമ്പൊരിക്കൽ എനിക്കത് കുറച്ചു പ്രധാനമായിരുന്നെങ്കിലും.“

രണ്ടുപേർക്കും ഒരു പുഞ്ചിരി വന്നു. പാതി വെളിപ്പെടുത്താത്ത ഒരാദ്യാനുരാഗത്തിന്റെ നേർത്ത മധുരസൗരഭം അതിന്റെ മത്തുപിടിപ്പിക്കുന്ന ആർദ്രതകളെല്ലാമായി ഒരു സ്വപ്നം പോലെ അവരിൽ നാമ്പെടുത്തുകഴിഞ്ഞു; ഉണർന്നുകഴിഞ്ഞാൽ ചുണ്ടു കോട്ടിപ്പിടിച്ചുകൊണ്ട് നിങ്ങൾ ചിന്തിക്കുമെങ്കിലും പിന്നെയും സ്വപ്നം കാണാൻ, ആ സ്വപ്നത്തിൽത്തന്നെ ജീവിക്കാൻ മാത്രം നിങ്ങൾ ആഗ്രഹിച്ചുപോകുന്ന ഒരു സ്വപ്നം. മുന്നോട്ടൊരു ചുവടു വയ്ക്കാനറയ്ക്കുകയും ആഗ്രഹിക്കുകയും ആ ആഗ്രഹങ്ങൾ ചോദിക്കാൻ മടിക്കുകയും വാഗ്ദാനം ചെയ്യുകയും അതു പാലിക്കാതിരിക്കുകയും ചെയ്യുന്ന തരുണപ്രണയമെന്ന സുന്ദരസ്വപ്നം.

അവർ സംസാരം തുടർന്നു. എന്നാൽ അവരുടെ ശബ്ദങ്ങളിൽ ഒരൂഷ്മളതയുണ്ടായിരുന്നു;  അവരുടേതുപോലെ പാതി മാഞ്ഞുപോയെങ്കിലും ശോഭ കെടാത്ത ഒരു രഹസ്യത്തിനു മാത്രം പകർന്നുനല്കാൻ കഴിയുന്നതുമാണത്. ഒച്ച താഴ്ത്തിയ വാക്കുകളിൽ, ഇടയ്ക്കിടെ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട്, അവർ പോയ കാലത്തെക്കുറിച്ച്, അല്ലെങ്കിൽ മറന്നുപോയ കവിതകളെക്കുറിച്ച്, വാടിപ്പോയ പൂക്കളെക്കുറിച്ച്, നഷ്ടപ്പെട്ടുപോയ റിബണുകളെക്കുറിച്ചു സംസാരിച്ചു- തങ്ങൾ യൗവ്വനം കഴിച്ച ചെറുപട്ടണത്തിൽ വച്ച് അവർ കൈമാറിയ കൊച്ചുകൊച്ചു പ്രണയചിഹ്നങ്ങൾ. അവരുടെ ഹൃദയങ്ങളിൽ  പൊടി കൊണ്ടു മൂടി വളരെപ്പണ്ടേ നിശ്ശബ്ദമായിക്കഴിഞ്ഞ മണികളെ തട്ടിയുണർത്തിയ, പാതി മറന്ന ആ പഴങ്കഥകൾക്ക് സാവധാനം, വളരെ സാവധാനം, വിഷാദം പുരണ്ട ഒരു ഗൗരവഭാവം കൈവരികയായിരുന്നു. ഇന്നു മൃതമായിക്കഴിഞ്ഞ അവരുടെ താരുണ്യസ്നേഹത്തിന്റെ അന്തിമനാദങ്ങൾ അവരുടെ സംഭാഷണത്തിന്‌ ഗഹനവും ദാരുണം തന്നെയുമായ ഒരു ഗൗരവമണച്ചു.

അയാളുടെ നിഗൂഢമധുരമായ സ്വരം ഒന്നു പതറി; ‘അങ്ങ് അമേരിക്കയിൽ വച്ചാണ്‌ ഞാൻ അറിയുന്നത് നിങ്ങളുടെ വിവാഹം നിശ്ചയിച്ചുവെന്ന്; - അപ്പോഴേക്കും വിവാഹം കഴിഞ്ഞുവെന്നുതന്നെ എനിക്കു തോന്നുന്നു.“

അതിനവൾ മറുപടി പറഞ്ഞില്ല. അവളുടെ ചിന്തകളപ്പോൾ പത്തുകൊല്ലം പിന്നിലായിരുന്നു. കുറേയേറെ നേരത്തേക്ക് പൊള്ളുന്ന ഒരു നിശ്ശബ്ദത അവർക്കിടയിൽ തങ്ങിനിന്നു.

പിന്നെ, അടക്കം പറയുന്നപോലെ അവൾ ചോദിച്ചു, “അപ്പോൾ എന്നെക്കുറിച്ച് എന്താണു ചിന്തിച്ചത്?”

അയാൾ അത്ഭുതത്തോടെ മുഖമുയർത്തി. “എനിക്ക് ഒളിക്കാതെ പറയാം, കാരണം, നാളെ ഞാൻ എന്റെ പുതിയ രാജ്യത്തേക്കു മടങ്ങിപ്പോവുകയാണ്‌. എനിക്കു നിങ്ങളോടു ദേഷ്യം തോന്നിയില്ല; വിദ്വേഷം നിറഞ്ഞ ആശയക്കുഴപ്പത്തിന്റെ നിമിഷങ്ങൾ ഉണ്ടായില്ല; കാരണം, അപ്പോഴേക്കും ജീവിതം പ്രണയത്തിന്റെ ദീപ്തജ്വാലയെ സൗഹൃദത്തിന്റെ എരിഞ്ഞടങ്ങുന്ന കനലായി തണുപ്പിച്ചുകഴിഞ്ഞിരുന്നു. എനിക്കു നിങ്ങൾ അങ്ങനെ ചെയ്തത് എന്തിനാണെന്നു മനസ്സിലായില്ല- എനിക്കു നിങ്ങളുടെ പേരിൽ ഒരു സങ്കടം തോന്നി, അത്രമാത്രം.”

ചുവപ്പിന്റെ ഒരു നേർത്ത ലാഞ്ഛന അവളുടെ കവിളത്തേക്കോടിക്കയറി. കണ്ണുകളിൽ ഒരു മിന്നലോടെ അവൾ ഉറക്കെപ്പറഞ്ഞു, “എന്റെ പേരിൽ സങ്കടം! എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല!”

“കാരണം ഞാൻ നിങ്ങളുടെ ഭാവിഭർത്താവിനെക്കുറിച്ചോർക്കുകയായിരുന്നു, പണമുണ്ടാക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തയുള്ള അലസനായ ആ ബാങ്കറെ-  എനിക്ക് നിങ്ങളുടെ ഭർത്താവിനെ അപമാനിക്കണമെന്നൊന്നുമില്ല, ആളുടെ രീതിയിൽ എനിക്കയാളെ ബഹുമാനവുമാണ്‌- ഞാൻ നിങ്ങളെക്കുറിച്ചും, ഞാൻ നാട്ടിലാക്കിപ്പോകുന്ന ഒരു പെൺകുട്ടിയെക്കുറിച്ചും, ഓർക്കുകയായിരുന്നു. കാരണം, ആവർത്തനവിരസമായ ദൈനന്ദി നജീവിതത്തിനോട് അവജ്ഞ മാത്രമുണ്ടായിരുന്ന സ്വതന്ത്രയായ ഒരാദർശവാദിയെ ഒരു സാധാരണമനുഷ്യന്റെ സാധാരണക്കാരിയായ ഭാര്യയായി കാണാൻ എനിക്കു കഴിഞ്ഞില്ല.“

”നിങ്ങൾ പറയുന്നതുപോലെയാണ്‌ കാര്യങ്ങളെങ്കിൽ ഞാനെന്തിന്‌ അയാളെ വിവാഹം കഴിക്കാൻ പോയി?“

”എനിക്കതു കൃത്യമായി മനസ്സിലായില്ല. ഒറ്റനോട്ടത്തിൽ വെളിപ്പെടാത്ത ഗുണങ്ങൾ അയാൾക്കുണ്ടായിരുന്നുവെന്നു വരാം; ഒരുമിച്ചുള്ള നിങ്ങളുടെ ജീവിതത്തിലെ അടുപ്പത്തിലും സ്നേഹത്തിലുമാണ്‌ അതു വെളിച്ചത്തിലേക്കു വന്നതെന്നു വരാം. ഒരു കടങ്കഥയുടെ എളുപ്പത്തിലുള്ള ഉത്തരമായി ഞാനതു കണ്ടു; കാരണം, ഒരു കാര്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല, എനിക്കതു വിശ്വസിക്കാനും തോന്നിയില്ല.“

”അതെന്തായിരുന്നു?“

”പ്രഭു എന്ന അയാളുടെ സ്ഥാനത്തിനും അയാളുടെ കോടികൾക്കും വേണ്ടിയാണ്‌ നിങ്ങൾ അയാളെ സ്വീകരിച്ചതെന്നത്. തീർത്തും അസാദ്ധ്യമായി ഞാൻ കരുതിയ കാര്യം അതായിരുന്നു.“

അവസാനം പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നി; കാരണം, അവളപ്പോൾ ഒരു ചുവന്ന ശംഖു പോലെ നിറം പകർന്ന തന്റെ വിരലുകൾക്കിടയിലൂടെ വിദൂരതയിലേക്കുറ്റുനോക്കുകയായിരുന്നു; ആകാശമതിന്റെ വിളറിയ നീലനിറമുള്ള ഉടയാട തിരകളുടെ ഇരുണ്ട പ്രൗഢിയിൽ മുക്കിയെടുക്കുന്ന ചക്രവാളത്തിലെ മഞ്ഞിന്റെ മൂടുപടങ്ങളിലേക്ക്.

അയാളും താൻ ഒടുവിൽ പറഞ്ഞതു മറന്നുപോയിട്ടെന്നപോലെ ചിന്തയിൽ മുഴുകി; അപ്പോഴവൾ അയാളിൽ നിന്നു നോട്ടം മാറ്റിക്കൊണ്ട് പെട്ടെന്ന്, കേൾക്കാൻ പറ്റാത്തപോലെ, പറഞ്ഞു, “അതാണ്‌ സംഭവിച്ചതും.”

അത്ഭുതത്തോടെ, ഒരു നടുക്കത്തോടെയെന്നു പറയാം, അയാൾ അവളെ നോക്കി. മനഃപൂർവ്വമെന്നു വ്യക്തമായ ഒരു പ്രശാന്തതയോടെ അവൾ സാവധാനം കസേരയിൽ ഇരുന്നുകഴിഞ്ഞിരുന്നു; പിന്നെ വിഷാദം കലർന്നതും ഏകതാനവുമായ ഒരു സ്വരത്തിൽ അവൾ ഒട്ടും ഒച്ച ഉയർത്താതെ ഇങ്ങനെ പറഞ്ഞു:

“ഞാൻ നാണക്കാരിയും പെട്ടെന്നു പേടിപ്പിക്കാവുന്ന ഒരു പെൺകുട്ടിയുമായിരുന്ന കാലത്ത് നിങ്ങൾക്കാർക്കും, എന്നോടത്രയും അടുപ്പമുണ്ടായിരുന്ന നിങ്ങൾക്കു പോലും, എന്നെ മനസ്സിലായില്ല. എനിക്കുതന്നെ എന്നെ മനസ്സിലായിരുന്നില്ലെന്നും വരാം. ഇപ്പോൾ ഞാൻ അതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്; അക്കാലത്ത് എനിക്കെന്നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന തങ്ങളുടെ കൗമാരഹൃദയങ്ങളെക്കുറിച്ച് സ്ത്രീകൾക്കെന്തറിയാൻ? യാഥാർത്ഥ്യത്തിന്റെ ആദ്യനിശ്വാസം തട്ടുമ്പോൾത്തന്നെ വാടിക്കരിഞ്ഞുവീഴുന്ന വെളുത്ത കുഞ്ഞിപ്പൂക്കളെപ്പോലെയല്ലേ അവരുടെ സ്വപ്നങ്ങൾ? തങ്ങളുടെ അഭിലാഷങ്ങളെ ദീപ്താഹ്ലാദങ്ങളും അടക്കിയൊതുക്കിവച്ച സങ്കല്പങ്ങളെ ഹൃദ്യമായ ജ്ഞാനവുമാക്കിമാറ്റുകയും അനിശ്ചിതവും പിടി കിട്ടാത്തതും എന്നാൽ അവരുടെ കൗമാരദിനങ്ങളിൽ നിഴൽ വീഴ്ത്തുകയും കാലം പോകെ കൂടുതൽ കൂടുതൽ ഭീഷണമായി വരികയും ചെയ്യുന്ന യാതനയിൽ നിന്നു തങ്ങൾക്കു മോചനം നേടിത്തരികയും ചെയ്യുന്ന ആണത്തവും കരുത്തുമുള്ള യുവധീരന്മാരെ സ്വപ്നം കാണുന്ന മറ്റു പെൺകുട്ടികളെപ്പോലെയായിരുന്നില്ല ഞാൻ. അത്തരം ചിന്തകൾ എനിക്കുണ്ടായിരുന്നതേയില്ല; വരാനുള്ള നാളുകളെ വലയം ചെയ്തുകിടക്കുന്ന മൂടല്മഞ്ഞിനപ്പുറത്തെ ഭാവികാലത്തെക്കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല. എന്റെ സ്വപ്നങ്ങൾ എന്റെ സ്വന്തമായിരുന്നു. ആ പഴയ യക്ഷിക്കഥാപുസ്തകങ്ങളിലൊന്നിൽ നിന്നിറങ്ങിവരുന്ന ഒരു രാജകീയസന്തതിയായിട്ടാണ്‌ ഞാനെന്നും എന്നെ സ്വപ്നം കണ്ടിരുന്നത്; എന്റെ കളിപ്പാട്ടങ്ങൾ വെട്ടിത്തിളങ്ങുന്ന രത്നങ്ങളായിരുന്നു, ഞാൻ ഇഴച്ചുനടന്നിരുന്നത് അമൂല്യമായ ഉടയാടകളായിരുന്നു- ഞാൻ സ്വപ്നം കണ്ടതു മുഴുവൻ ആഡംബരവും പ്രൗഢിയുമായിരുന്നു; കാരണം, അതു രണ്ടും എനിക്കിഷ്ടമായിരുന്നു. ഹാ, വിറ കൊള്ളുന്ന, മൃദുമർമ്മരം പൊഴിക്കുന്ന പട്ടുതുണിയ്ക്കു മേൽക്കൂടി കൈകളോടിക്കുന്നതിന്റെ, അല്ലെങ്കിൽ, സ്വപ്നത്തിലെന്നപോലെ കുമിഞ്ഞുകിടക്കുന്ന കനത്ത വെൽവെറ്റിനടിയിൽ വിരലുകളാഴ്ത്തുന്നതിന്റെ സുഖം! എന്റെ മെലിഞ്ഞ വിരലുകളിൽ രത്നാഭരണങ്ങൾ അണിയാൻ പറ്റിയാൽ എനിക്കെന്തു സന്തോഷമാകുമായിരുന്നു! ജലപാതം പോലുള്ള എന്റെ മുടിക്കെട്ടിൽ നിന്ന് നുരയുടെ മുത്തുകൾ പോലെ രത്നക്കല്ലുകളെത്തിനോക്കുമ്പോൾ ഞാനെന്തു സന്തോഷവതിയാകുമായിരുന്നു! മനോഹരമായ ഒരു വാഹനത്തിന്റെ പതുപതുത്ത സീറ്റിൽ ചാരിക്കിടക്കുക എന്നതായിരുന്നു എന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യം. അക്കാലത്ത് കലാസൗന്ദര്യവുമായി ഉന്മത്തസ്നേഹത്തിലായിരുന്നു ഞാൻ; അതിനാൽ എന്റെ യഥാർത്ഥമായ ദൈനന്ദിനജിവിതത്തെ ഞാൻ അവജ്ഞയോടെ കണ്ടു. സാധാരണവേഷം ധരിച്ച, കാഴ്ചയിൽ ഒരു കന്യാസ്ത്രീയെപ്പോലെ ഒതുങ്ങിയ എന്നെ ഞാൻ വെറുത്തു; ദിവസങ്ങളോളം ഞാൻ പുറത്തിറങ്ങാറില്ലായിരുന്നു; എന്റെ നിത്യസാധാരണമായ രൂപം പുറത്തുകാണിക്കാൻ എനിക്കത്ര നാണക്കേടായിരുന്നു. എന്റെ ഇടുങ്ങിയ, അസുന്ദരമായ മുറിയിൽ ഞാൻ സ്വയം ഒളിപ്പിച്ചു; കടല്ക്കരയോടു ചേർന്ന്, കലാപരമെന്നപോലെ പ്രൗഢവുമായ ഒരു വീട്ടിൽ ഒറ്റയ്ക്കു താമസിക്കുക എന്നതായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ട സ്വപ്നം. ശരാശരിലോകത്തിന്റെ അഴുക്കു പിടിച്ച കൈകൾ ഒരിക്കലും തൊടാത്ത അതിന്റെ പൂന്തോട്ടത്തിൽ തണൽ നിറഞ്ഞ നടപ്പാതകളിൽ പരമശാന്തത നിറഞ്ഞുനില്ക്കും- സത്യം പറഞ്ഞാൽ, ഈ സ്ഥലം പോലെ. എന്റെ ഭർത്താവ് ആ സ്വപ്നം സഫലമാക്കി; അതിനാൽ ഞാൻ അദ്ദേഹത്തെ വിവാഹവും ചെയ്തു.“

അവൾ മൗനിയായി; അവളുടെ മുഖത്തൊരു മാദകസൗന്ദര്യം നിറഞ്ഞു. അവളുടെ കണ്ണുകളിലെ തിളക്കം അഗാധവും ഭീഷണവുമായി മാറിയിരിക്കുന്നു; അവളുടെ കവിളുകളിലെ ചുവപ്പുനിറത്തിനു തീക്ഷ്ണതയേറിയിരിക്കുന്നു.

ആഴമേറിയ നിശ്ശബ്ദതയെ ഭഞ്ജിക്കാൻ താഴെ തിളങ്ങുന്ന തിരകളുടെ ഏകതാനമായ താളം മാത്രമേയുള്ളു; പ്രിയപ്പെട്ടൊരു മാറത്തേക്കു വന്നുവീഴുന്നപോലെ കരയിലേക്കവ വന്നലച്ചുകൊണ്ടിരുന്നു.

അയാൾ ഒട്ടും ശബ്ദമുയർത്താതെ, തന്നോടെന്നപോലെ ചോദിക്കുന്നു: “അപ്പോൾ പ്രണയം?”

അവൾ അതു കേട്ടു. അവളുടെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി പടർന്നു.

“നിങ്ങൾക്കിപ്പോഴും ആ ആദർശങ്ങളൊക്കെയുണ്ടോ, ആ വിദൂരലോകത്തേക്കു നിങ്ങൾ കൂടെക്കൊണ്ടുപോയ ആദർശങ്ങൾ? ആ ആദർശങ്ങളെല്ലാം ഇപ്പോഴും ഭദ്രമായിത്തന്നെയുണ്ടോ, അതോ അതിൽ ചിലതെല്ലാം മരിച്ചുപോവുകയോ വാടിപ്പോവുകയോ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കൈകളിൽ നിന്നവ വലിച്ചുപറിച്ചെടുത്തു ചെളിയിലേക്കെറിഞ്ഞിട്ടില്ലേ, ജീവിതലക്ഷ്യങ്ങൾ നേടാനായി പാഞ്ഞുപോകുന്ന ആയിരക്കണക്കിനു വണ്ടിച്ചക്രങ്ങൾക്കടിയിൽ കിടന്നവ ചതഞ്ഞരഞ്ഞിട്ടില്ലേ? അതോ അതിലൊന്നുപോലും നിങ്ങൾക്കു നഷ്ടപ്പെട്ടിട്ടില്ലെന്നാണോ?”

വിഷാദത്തോടെ തലയാട്ടിക്കൊണ്ട് അയാൾ ഒന്നും മിണ്ടുന്നില്ല.

പെട്ടെന്നയാൾ അവളുടെ കൈ കടന്നുപിടിച്ച് തന്റെ ചുണ്ടുകളിലേക്കുയർത്തി മൗനമായി അതിൽ ചുംബിക്കുന്നു. പിന്നെ ഊഷ്മളമായ ഒരു ശബ്ദത്തിൽ പറയുന്നു, “ഞാൻ പോകുന്നു, നിങ്ങളുടെ ഭാവി ശോഭനമാവട്ടെ.”

ഉറച്ചതും നിഷ്കപടവുമായ വാക്കുകളോടെ അവൾ അയാളെ യാത്രയാക്കുന്നു. വർഷങ്ങളായി തനിക്കപരിചിതനായ ഒരു പുരുഷനു മുന്നിൽ തന്റെ ഉള്ളിന്റെയുള്ളിലെ രഹസ്യങ്ങൾ അനാവരണം ചെയ്തതിലും തന്റെ ആത്മാവു തുറന്നുകാട്ടിയതിലും അവൾക്കൊരു നാണക്കേടും തോന്നുന്നില്ല. അയാൾ പോകുന്നത് ഒരു പുഞ്ചിരിയോടെ അവൾ നോക്കിനില്ക്കുന്നു; പ്രണയത്തെക്കുറിച്ച് അയാൾ പറഞ്ഞ വാക്കുകൾ അവൾ ഓർത്തുനോക്കുന്നു; അവൾക്കും വർത്തമാനകാലത്തിനുമിടയിലേക്ക് ഒച്ചയില്ലാത്ത ചുവടുകളുമായി ഭൂതകാലം കയറിവരുന്നു. തന്റെ ജീവിതത്തിനു വഴി കാണിക്കാൻ അയാൾക്കു കഴിഞ്ഞേനേ എന്ന് പെട്ടെന്നവൾ ചിന്തിക്കുന്നു, ആ വിചിത്രധാരണയെ അവളുടെ ചിന്തകൾ ദീപ്തവർണ്ണങ്ങൾ പൂശുന്നു.

മെല്ലെ, മെല്ലെ, കണ്ണിൽപെടാനില്ലാതെ അവളുടെ സ്വപ്നം കാണുന്ന ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മാഞ്ഞുപോകുന്നു.
*

സ്റ്റെഫാൻ സ്വെയ്ഗ് (Stefan Zweig) 1881ൽ വിയന്നയിലെ ഒരു ധനികജൂതകുടുംബത്തിൽ ജനിച്ചു. ആദ്യകാലപ്രശസ്തി കവിയും വിവർത്തകനും എന്ന നിലയിലായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലത്തെഴുതിയ  ‘ഒരജ്ഞാതയായ സ്ത്രീയുടെ കത്ത്,’ ‘ഭീതി’ ഉൾപ്പെടെയുള്ള നോവെല്ലകൾ വളരെ ജനപ്രിയമായി. നാസിസം ബലത്തതോടെ 1934ൽ അദ്ദേഹം ഓസ്ട്രിയ വിട്ട് ലണ്ടനിലും പിന്നീട് ന്യൂയോർക്കിലും താമസമാക്കി. ഇക്കാലത്താണ്‌ ഒരേയൊരു നോവലായ ‘കരുണയെ കരുതിയിരിക്കുക,’ ‘ഇന്നലെയുടെ ലോകം’ എന്ന ഓർമ്മക്കുറിപ്പുകൾ എന്നിവ എഴുതുന്നത്. പിന്നീടദ്ദേഹം ബ്രസീലിൽ സ്ഥിരതാമസമാക്കി. 1942ൽ അദ്ദേഹവും ഭാര്യയും ആത്മഹത്യ ചെയ്തു.

2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

എമിൽ ചൊറാൻ- നൈരാശ്യത്തിന്റെ ദാർശനികൻ


ജീവിതത്തിന്റെ നശ്വരതയും അയുക്തികതകളും ക്രൂരതയോടും തിന്മയോടുമുള്ള മനുഷ്യന്റെ തീരാത്ത ആഭിമുഖ്യവും സർവ്വസാധാരണമായ വേദനയും യാതനയും ഒഴിയാബാധകളായി കൊണ്ടുനടക്കുന്ന ചില ചിന്തകരുണ്ട്. അവരുടെ കണ്ണിൽ ക്ഷണികവും അപൂർണ്ണവുമായ ഈ ലോകത്ത് മനുഷ്യന്റെ ഏതുദ്യമവും അവശ്യം പരാജയപ്പെടാനുള്ളതാണ്‌. ശൂന്യതയുടെ പടുകുഴിയുമായുള്ള തങ്ങളുടെ മല്പിടുത്തം തുടരുമ്പോൾത്തന്നെ ഐറണി കലർന്ന ഒരാർദ്രതയോടെ ആ വിഫലയുദ്ധം ചിത്രീകരിക്കാനുള്ള വൈഭവവും അവർ കാണിക്കുന്നുണ്ട്. നൊവാലിസ്, ഓസ്വാൾഡ് സ്പെൻഗ്ളർ, കീർക്കെഗോർ, നീച്ച, ഷോപ്പൻഹോവർ ഇങ്ങനെ പോകുന്നു അതിലെ ക്ലാസിക്കൽ നിര. ആ വിഫലദാർശനികതയുടെ സമകാലികപ്രതിനിധാനമാണ്‌ റൊമേനിയൻ-ഫ്രഞ്ച് ചിന്തകനായ എമിൽ ചൊറാൻ (Emil Cioran). 

എമിൽ മിഹായ് ചൊറാൻ 1911 ഏപ്രിൽ 8ന്‌ അക്കാലത്ത് ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന റെസിനാറിൽ (പിന്നീട് റെസിനാരി എന്ന പേരിൽ റൊമേനിയയുടെ ഭാഗമായി) ഒരു ഓർത്തൊഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. അച്ഛൻ എമിലിയൻ ചൊറാൻ പുരോഹിതനായിരുന്നു. അമ്മ എൽവിര കൊമാനിച്യു. ബാലനായ ചൊറാന്‌ റെസിനാരി ഒരു പറുദീസയായിരുന്നു. അച്ഛൻ വികാരിയായിരുന്ന പള്ളിയിലെ ശവക്കുഴിവെട്ടുകാരൻ സമ്മാനിച്ചിരുന്ന തലയോടുകൾ കൊണ്ട് പന്തു തട്ടിക്കളിച്ചിരുന്നതിനെക്കുറിച്ച് പില്ക്കാലത്തദ്ദേഹം ഓർക്കുന്നുണ്ട്. സഹോദരങ്ങൾക്കൊപ്പം ഓടിക്കളിക്കാൻ മനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. ഇതിനൊക്കെപ്പുറമേ റെസിനാരിക്കു മേൽ തല പൊക്കി നിന്നിരുന്ന കോസ്റ്റ ബോക്കു എന്ന കുന്നുമുണ്ടായിരുന്നു. ചൊറാൻ പിന്നീടെഴുതുന്നുണ്ട്: “ജനിച്ചിടത്തു തന്നെയാണ്‌ നാം ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടത്. ഞാൻ പോയ സ്ഥലങ്ങളൊക്കെ മടുപ്പേ എനിക്കു തന്നിട്ടുള്ളു. കോസ്റ്റ ബോക്കു വിട്ടതുകൊണ്ട് എന്തു ഗുണമാണ്‌ എനിക്കുണ്ടായത്?”

1983ൽ നല്കിയ ഒരഭിമുഖത്തിൽ ചൊറാൻ ഓർക്കുന്നു: “ഞാനെപ്പോഴും സിമിത്തേരിയെ ചുറ്റിപ്പറ്റിയാണു നടന്നിരുന്നത്. ഞാൻ നിത്യവും കണ്ടിരുന്നത് അസ്ഥികൂടങ്ങളും ശവങ്ങളുമാണ്‌. മരണം എനിക്ക് അത്രയും സ്വാഭാവികമായ ഒരു സംഗതിയായിരുന്നതിനാൽ എന്റെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അത്. ഞാൻ ഹാംലെറ്റായി നടിക്കാൻ തുടങ്ങി എന്നല്ല; എന്നാൽ, അസ്ഥികൂടങ്ങളും മരണം എന്ന പ്രതിഭാസവും എന്റെ മനസ്സിനെ വിട്ടൊഴിയാതായി എന്നതു സത്യമാണ്‌. അതിനർത്ഥം മരണചിന്ത ഒഴിയാബാധ ആയ ഒരാൾക്ക് ജീവിതത്തിന്റെ അയാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകുന്നു എന്നാണ്‌.”

തന്റെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും അതേ അഭിമുഖത്തിൽ ചൊറാൻ പരാമർശിക്കുന്നുണ്ട്. “എനിക്കന്ന് 22 വയസ്സായിക്കാണും. ഞാൻ മാനസികമായി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ആ ദിവസം വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു; ഉച്ച തിരിഞ്ഞു രണ്ടു മണിയായിക്കാണും; മറ്റുള്ളവരെല്ലാം പുറത്തുപോയിരുന്നു. പെട്ടെന്ന് നൈരാശ്യത്തിന്റെ ഒരിരച്ചുകേറ്റത്തിൽ ഞാൻ സോഫയിലേക്കു ചെന്നുവീണുകൊണ്ടുപറഞ്ഞു, ”ഇനിയെനിക്കു താങ്ങാൻ പറ്റില്ല.“ അപ്പോൾ അമ്മ പറഞ്ഞു, ”ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഗർഭച്ഛിദ്രം നടത്തിയേനെ.“ അതെന്റെ മനസ്സിൽ ആഴമേറിയ ഒരു മുദ്രയാണു പതിപ്പിച്ചത്. അതെന്നെ വേദനിപ്പിച്ചില്ല, ഒട്ടുമില്ല. എന്നാൽ പിന്നീട് ഞാനോർത്തു, ‘എത്ര പ്രധാനമാണത്. ഞാൻ വെറുമൊരു യാദൃച്ഛികതയാണ്‌. എന്തിനു ഞാനെല്ലാം ഗൗരവത്തിലെടുക്കണം?’

 സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠിക്കാൻ ചേർന്നു. പില്ക്കാലത്ത് നാടകകൃത്തായി പേരെടുത്ത യൂജെൻ യോനെസ്കോ, പിന്നീട് പ്രശസ്തചരിത്രകാരനായ മിർച്ച എലിയാഡ് എന്നിവർ അദ്ദേഹത്തിന്റെ സഹപാഠികളും അടുത്ത കൂട്ടുകാരുമായിരുന്നു. ആന്റി-സെമിറ്റിക്കും തീവ്രവലതുപക്ഷക്കാരനുമായിരുന്ന നായെ യോനെസ്കോയുടെ ചിന്തകളോടായിരുന്നു ചൊറാന്റെ ആഭിമുഖ്യം. ചെറുപ്പത്തിലേ ജർമ്മൻ നല്ല വശമുണ്ടായിരുന്ന ചൊറാൻ നീച്ച, ഷോപ്പൻഹോവർ, ജോർജ് സിമ്മെൽ, ഹൈഡിഗർ തുടങ്ങിയവരെ മൂലഭാഷയിൽത്തന്നെ പരിചയപ്പെട്ടു. റഷ്യൻ ചിന്തകനായ ലെവ് ഷെസ്റ്റോവും യൂണിവേഴ്സിറ്റി കാലത്തെ ഒരു സ്വാധീനമായിരുന്നു. ചൊറാന്റെ ബിരുദപ്രബന്ധം ഹെൻറി ബർഗ്സണെക്കുറിച്ചുള്ളതായിരുന്നു; ജീവിതത്തിന്റെ ദുരന്തസ്വഭാവം അദ്ദേഹത്തിനു പിടികിട്ടിയിട്ടില്ല എന്നു പറഞ്ഞ് പില്ക്കാലത്ത് അദ്ദേഹം ബർഗ്സണെ തള്ളിപ്പറയുന്നുണ്ട്.

ഇരുപതാമത്തെ വയസ്സു മുതലാണ്‌ അദ്ദേഹത്തെ ഉറക്കമില്ലായ്മ പിടികൂടുന്നത്. എഴുത്തും ഉറക്കമില്ലായ്മയും തമ്മിലുള്ള ഒരു ഗാഢബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. 1934ൽ, 23 വയസ്സുള്ളപ്പോഴാണ്‌, ഉറക്കമില്ലാത്ത ഏതാനും ആഴ്ചകൾക്കിടയിൽ അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകമായ Pe culmile disperării (നൈരാശ്യത്തിന്റെ നെറുകയിൽ) എഴുതിത്തീർക്കുന്നത്. “നിദ്രാരഹിതമായ രാത്രികളുടെ ഫലമായ വിഷാദത്തിന്റെ പിടിയിലല്ലാതെ ഇന്നേവരെ എനിക്കെഴുതാൻ കഴിഞ്ഞിട്ടില്ല. ഏഴു കൊല്ലം എനിക്കുറങ്ങാനേ പറ്റിയില്ല. ഇപ്പോഴും എഴുതാനിരിക്കുമ്പോൾ എനിക്ക് ജിപ്സി വിഷാദഗാനങ്ങളുടെ ഡിസ്ക് പശ്ചാത്തലത്തിൽ വേണം.“ 

റൊമേനിയനിൽ എഴുതിയ തീരെച്ചെറിയ ലേഖനങ്ങളുടെ ഈ സമാഹാരത്തിൽ ”മനുഷ്യൻ, നിദ്രാരഹിതനായ ജീവി“ എന്ന പേരിൽ ഒരു കുറിപ്പുണ്ട്. ”ഉറക്കമില്ലായ്മയുടെ പ്രാധാന്യമോർക്കുമ്പോൾ ഉറങ്ങാത്ത ജീവി എന്ന് മനുഷ്യനെ നിർവ്വചിക്കാനുള്ള പ്രലോഭനത്തിന്‌ ഞാൻ വിധേയനായിപ്പോകുന്നു. മറ്റു ജീവികൾക്കും ഇത്രതന്നെ യുക്തിയുണ്ടായിരിക്കെ മനുഷ്യനെ ചിന്തിക്കുന്ന ജീവി എന്ന് എന്തിനു നിർവ്വചിക്കണം? സൃഷ്ടിയാകെയെടുത്താൽ ഉറങ്ങാൻ ആഗ്രഹമുണ്ടായിട്ടും അതിനു പറ്റാത്ത മറ്റൊരു ജന്തു ഉണ്ടാവില്ല.“ സ്വാതന്ത്ര്യം, ഒറ്റപ്പെടൽ, മടുപ്പ്, അർത്ഥശൂന്യത, മൃത്യുബോധം എന്നിവപോലെ മനുഷ്യാവസ്ഥയുടെ ഏറ്റവും വേദനാജനകമായ ഒരു മുഖമാണതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ”നിദ്ര വിസ്മൃതിയാണ്‌: ജീവിതനാടകവും അതിന്റെ സങ്കീർണ്ണതകളും ഒഴിയാബാധകളും ഒരു പാടും ശേഷിപ്പിക്കാതെ മാഞ്ഞുപോകുന്നു; ഓരോ ഉണർച്ചയും പുതിയൊരു തുടക്കമാണ്‌, ഒരു പുതിയ പ്രതീക്ഷ. ജീവിതം അതുവഴി സന്തുഷ്ടമായ ഒരു തുടർച്ചയില്ലായ്മ നിലനിർത്തുന്നു: നിരന്തരമായ പുനർജ്ജന്മത്തിന്റെ ഒരു പ്രതീതി. ഉറക്കമില്ലായ്മ, നേരേ മറിച്ച്, കടുത്ത വിഷാദത്തിനും നൈരാശ്യത്തിനും ആത്മപീഡനത്തിനുമാണ്‌ ജന്മം നല്കുന്നത്. ആരോഗ്യവാനായ ഒരാൾ വല്ലപ്പോഴുമേ അതിന്റെ പിടിയിലാകുന്നുള്ളു; ഒരു മണിക്കൂർ നേരത്തെ ബോധം കെട്ടുള്ള ഉറക്കത്തിനു പകരമായി ഒരു രാജ്യം തന്നെ കൊടുക്കാൻ തയാറാവുന്നവരെക്കുറിച്ച്, കിടക്കയുടെ കാഴ്ച ഒരു പീഡനയന്ത്രത്തിന്റെ കാഴ്ചയാവുന്നവരെക്കുറിച്ച് അയാൾക്കു യാതൊന്നുമറിയില്ല.“

അതേ സമയം, ഉറങ്ങാൻ പറ്റാതിരിക്കുക എന്ന നാരകീയാവസ്ഥയുടെ ആത്മീയവും സർഗ്ഗാത്മകവുമായ വശങ്ങളെക്കുറിച്ച് ചൊറാൻ ബോധവാനായിരുന്നു. എങ്ങനെയെങ്കിലും ഉറങ്ങാൻ വേണ്ടി പലപ്പോഴും മോർഫീൻ പോലും ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും രോഗാതുരമായ പുലർവെളിച്ചത്തിലേക്കുള്ള തന്റെ ദീർഘയാത്രകൾ സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. A Short History of Decayയിൽ അദ്ദേഹം ഉറക്കമില്ലായ്മയെ ഇങ്ങനെ വാഴ്ത്തുന്നു: ”ഇരുട്ടത്തെ ഉറക്കമൊഴിക്കലുകളിൽ യഥാർത്ഥജ്ഞാനം വന്നവതരിക്കുന്നു. ജന്തുക്കളിൽ നിന്നും സഹജീവികളിൽ നിന്നും നമ്മെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഉറക്കമില്ലായ്മകളുടെ ആകെത്തുകയാണ്‌. ഉജ്ജ്വലവും വിചിത്രവുമായ ഏതൊരാശയമുണ്ട്, ഉറങ്ങുന്നവന്റെ സംഭാവനയായി?“ ഉറക്കമില്ലായ്മ അങ്ങനെ സർഗ്ഗാത്മകതയുടേയും പ്രചോദനത്തിന്റെയും ഉൾക്കാഴ്ചയുടേയും അപൂർവ്വചിന്തയുടേയും സ്രോതസ്സായി മാറുകയാണ്‌. ഒരു പടി കൂടിക്കടന്ന് ഉറക്കമില്ലായ്മയിൽ ആത്മീയത കൂടി അദ്ദേഹം കണ്ടെത്തുന്നു. 1983ൽ പീറ്റർ വെയ്സുമായി നടത്തിയ ഇന്റർവ്യൂവിൽ അദ്ദേഹം അതിങ്ങനെ വിശദീകരിക്കുന്നു: ”കടുത്ത മാനസികസംഘർഷത്തിലായിരിക്കുന്ന സന്ദർഭങ്ങളിൽ ചില നിമിഷങ്ങളിൽ പെട്ടെന്നു നാം തന്നെ ശരിക്കും ദൈവമായ ഒരു തോന്നൽ നമുക്കുണ്ടാകുന്നു. പ്രപഞ്ചമാകെ നമ്മളിൽ കേന്ദ്രീകരിക്കുന്നതുപോലെ. അത്തരം പരമാനന്ദാവസ്ഥകൾ എനിക്കുണ്ടായിട്ടുണ്ട്. അസാധാരണമായ ഒരു പ്രകാശം അകത്തും പുറത്തും നിറയുന്ന ഒരനുഭൂതിയായിട്ടാണ്‌ എന്റെ കാര്യത്തിൽ അതാവിഷ്കൃതമായിട്ടുള്ളത്. മിസ്റ്റിക്കുകളെ എനിക്കു ശരിക്കും മനസ്സിലായത് ആ ഘട്ടത്തിലാണ്‌.“

ഉറക്കമില്ലാതെ കിടന്ന രാത്രികളിൽ ഒരു ‘നിഗൂഢസാന്നിദ്ധ്യം’ താൻ അനുഭവിച്ചിരുന്നതായി ചൊറാൻ സാക്ഷ്യപ്പെടുത്തുന്നു. ചിന്തയുടെ അഗാധത്തിലേക്കിറങ്ങാൻ തന്നെ സഹായിച്ചത് അതാണ്‌. ”ഞാൻ ചിന്തിച്ചതൊക്കെ ഉറക്കമില്ലായ്മയുടെ ഫലമാണോ അല്ലയോ എന്നതല്ല, അതില്ലായിരുന്നെങ്കിൽ എന്റെ ചിന്തകൾക്ക് ഒരുന്മത്താവേശത്തിന്റെ കുറവുണ്ടാകുമായിരുന്നു എന്നത് നിസ്തർക്കമാണ്‌. ഉറക്കമില്ലായ്മയിലൂടെ എന്റെ ചിന്താരീതിയ്ക്ക് മറ്റൊരു മാനം കൈവന്നു.“ ഇരുപതാമത്തെ വയസ്സിലാണ്‌ ചൊറാന്റെ ഉറക്കം പോയത്. ഒരു പ്രേതത്തെപ്പോലെ താൻ തെരുവുകളിലൂടെ മണിക്കൂറുകൾ അലഞ്ഞുനടന്നിരുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ആ ‘പ്രേതാസ്തിത്വ’മാണ്‌ തന്റെ ദാർശനികചിന്തയെ നിർണ്ണയിച്ചതെന്നും പില്ക്കാലത്തദ്ദേഹം വിലയിരുത്തുന്നു. ”എത്രയോ കാലം കഴിഞ്ഞ് ഞാനെഴുതിയതെല്ലാം ആ രാത്രികളിൽ ചിന്തിച്ചുകൂട്ടിയതായിരുന്നു.“ A Short History of Decayയിൽ ഒരു സഹചാരിയായിട്ടാണ്‌, തന്റെ muse ആയിട്ടാണ്‌ അദ്ദേഹം ഉറക്കമില്ലായ്മയെ ചിത്രീകരിക്കുന്നത്. 

1933ൽ, കോളേജ് പഠനം കഴിഞ്ഞയുടനേ, ബർലിനിലെ ഫ്രീഡ്രിക് വിൽഹെം യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള ഒരു സ്കോളർഷിപ് അദ്ദേഹത്തിനു കിട്ടി. ജർമ്മനിയിൽ എത്തിയ ചൊറാനെ ആദ്യം തന്നെ ആകർഷിച്ചത് ആയിടയ്ക്ക് ഭരണം പിടിച്ചെടുത്ത നാസിസമാണ്‌. റൊമേനിയയെ അദ്ദേഹം കണ്ടിരുന്നത് പരാജിതന്റെ ദേശമായിട്ടാണ്‌. സ്വാഭാവികമായും ജർമ്മനിയെ ആവേശിച്ചിരുന്ന രാഷ്ട്രീയോന്മാദവും ആൾക്കൂട്ടഭ്രാന്തും യുവാവായ ചൊറാനെ ആകർഷിച്ചു. നാസി ഭരണം ജർമ്മൻ ജനതയിൽ കുത്തിവച്ച ‘ചരിത്രദൗത്യ’ത്തെക്കുറിച്ചുള്ള ബോധത്തിനു പകരം നില്ക്കാൻ റൊമേനിയയുടെ ജനാധിപത്യം മതിയായില്ല. ചരിത്രമാനങ്ങളുള്ള ഒരു ദുരന്തത്തിന്റെ തുടക്കമാണ്‌ മറ്റുള്ളവർ ജർമ്മനിയിൽ കണ്ടതെങ്കിൽ ചൊറാനത് ഭാവിയുടെ വാഗ്ദാനവും ചരിത്രപരമായ മഹത്വവുമായിരുന്നു. ഹിറ്റ്ലറെ ഇത്ര മഹാനാക്കിയത് എന്താണ്‌? ജർമ്മൻ ജനതയുടെ ദേശീയചോദനകളെ ഇളക്കിവിടാനുള്ള കഴിവ്, ചൊറാൻ ഉത്തരം നല്കുന്നു. തന്റെ ഒരു സുഹൃത്തിനെഴുതിയ കത്തിൽ റൊമേനിയക്കും ജർമ്മനിയെ അനുകരിക്കാമെന്ന് അദ്ദേഹം എഴുതുന്നുണ്ട്: ”ഇവിടെക്കണ്ട പലതിനോടും ഞാൻ യോജിക്കുന്നു; വകയ്ക്കു കൊള്ളാത്ത നമ്മുടെ നാടിനെ മറ്റൊന്നിനുമല്ലെങ്കിൽ ഒന്നു ശ്വാസം മുട്ടിക്കാനെങ്കിലും ഒരേകാധിപത്യഭരണം നല്ലതായിരിക്കും. റൊമേനിയയിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ അതിന്‌ ഭീകരതയും ക്രൂരതയും ശമനമില്ലാത്ത ഉത്കണ്ഠയും തന്നെ വേണം. സകല റൊമേനിയക്കാരെയും അറസ്റ്റു ചെയ്ത് ഇഞ്ചപ്പരുവമാക്കി ചതച്ചെടുക്കണം; അങ്ങനെയൊരു പ്രഹരത്തിനു ശേഷമേ അന്തസ്സാരമില്ലാത്ത ഒരു ജനത ചരിത്രം സൃഷ്ടിക്കുകയുള്ളു.“

1936ൽ ജർമ്മനിയിൽ നിന്നു തിരിച്ചുവന്നയുടനേ ചൊറാൻ എഴുതിയ പുസ്തകമാണ്‌ Romania's Transfiguration (റൊമേനിയയുടെ രൂപാന്തരം.) ലോകഗതിയിൽ ഒരു പങ്കും വഹിക്കാനില്ലാത്ത ഒരു ചെറിയ  രാഷ്ട്രത്തിലെ പ്രജയുടെ വിലാപമാണത്. ഒരു ‘ചെറിയ സംസ്കാര’ത്തിലേക്കു പിറന്നുവീണവരുടെ വിധിയാണത്: മുറിപ്പെട്ട അഭിമാനവും പേറി ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുന്നു അവർക്ക്. ”ഒരു രണ്ടാം തരം രാജ്യത്തു ജനിക്കുക എന്നത് ഒട്ടും സുഖകരമായ ഒരവസ്ഥയല്ല,“ അദ്ദേഹം എഴുതുന്നു. ”സുബോധം തന്നെ ദുരന്തമാവുകയാണ്‌.“ തനിക്കനുഭവിക്കേണ്ടിവരുന്ന വേദന ഒന്നു കുറയാനായി മാത്രം സ്വന്തം ആത്മാവിനെത്തന്നെ പണയം വയ്ക്കാൻ തയാറാവുകയാണ്‌ അദ്ദേഹം: ”ഗ്രീസിന്റെയോ റോമിന്റെയോ ഫ്രാൻസിന്റെയോ ചരിത്രത്തിന്റെ ഉച്ചകോടിയിൽ അതിലെ ഏറ്റവും അഗണ്യനായ വ്യക്തി ഒരു നിമിഷത്തേക്കെങ്കിലും അനുഭവിച്ചിരിക്കാവുന്നത് അതേ തീവ്രതയോടെ അനുഭവിക്കാൻ ആയുസ്സിന്റെ പകുതി വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറാണ്‌.“ ഒരു റൊമേനിയക്കാരനായിപ്പോയതിന്റെ നൈരാശ്യത്തെ നേരിടാൻ ‘മറ്റെന്തെകിലും’ ആവുക എന്നത് ചൊറാന്റെ ജീവിതകാലമുടനീളം നടന്നുപോന്ന ഒരതിജീവനോപായം ആയിരുന്നു. The Trouble with Being Born എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്: ”എന്റെ വംശപാരമ്പര്യത്തോടുള്ള നിരന്തരകലഹമായിരുന്നു എന്റെ ജീവിതകാലം മുഴുവൻ നടന്നത്. എനിക്ക് മറ്റെന്തെങ്കിലും ആയാൽ മതിയായിരുന്നു- സ്പെയിൻകാരനോ റഷ്യക്കാരനോ നരഭോജിയോ, എന്തുമാകാം, ഞാൻ എന്താണോ, അതൊഴികെ.“

ഒരു രണ്ടാംകിട രാജ്യത്തെ എങ്ങനെയാണ്‌ ‘ചരിത്രത്തിലേക്കു തള്ളിവിടുക?’ ലക്ഷ്യം അത്രയും മഹത്തരമായിരിക്കെ ഏതു വഴിയും ന്യായമാണ്‌. ചൊറാന്റെ വാക്കുകളിൽ “ലോകത്തിലേക്ക് സ്വന്തമായി ഒരു വഴി വെട്ടുന്ന ഒരു ജനതയ്ക്ക് അവർ തിരഞ്ഞെടുക്കുന്ന ഏതു മാർഗ്ഗവും സാധുവാണ്‌. ഭീകരതയും അക്രമവും മൃഗീയതയും വഞ്ചനയുമൊക്കെ ചരിത്രത്തിന്റെ ജീർണ്ണകാലത്തേ ഹീനവും അസാന്മാർഗ്ഗികവുമാകുന്നുള്ളു; ഒരു ജനതയുടെ ആരോഹണത്തിനു തുണയാവുന്നുണ്ടെങ്കിൽ അവ നന്മകൾ തന്നെയാണ്‌. എല്ലാ ജയിച്ചടക്കലുകളും ധാർമ്മികമാണ്‌.” ജർമ്മനിയിൽ താൻ കണ്ട തരത്തിലുള്ള അയുക്തികതയുടെ ഒരേകാധിപത്യത്തിനേ ഈ രാജ്യത്തെ അതിൽ നിന്നുതന്നെ രക്ഷിക്കാനാവൂ. 

അധികം വൈകാതെ ചൊറാൻ സ്വപ്നം കണ്ട ആ റൊമേനിയ രൂപമെടുക്കുകയും ചെയ്തു. മറയില്ലാത്ത ജൂതവിരോധം മുഖമുദ്രയാക്കിയ Iron Guard എന്ന ഫാസിസ്റ്റ് കക്ഷി 1940 ഒടുവിൽ റൊമേനിയയിൽ അധികാരം പിടിച്ചു. ഫാസിസത്തിന്റെ ആ റൊമേനിയൻ അവതാരം ബീഭത്സമായ ഒരു കാഴ്ചയായിരുന്നു: അവർ ജൂതന്മാരെ തിരഞ്ഞുപിടിച്ച് വധിക്കാൻ തുടങ്ങി; അവരുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. സമാധാനപ്രിയരായ ഒരു ജനതയെ മതതീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം ക്രൂരമായ ഒരു മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയമാക്കുകയായിരുന്നു. ഈ സമയത്തു പക്ഷേ, ചൊറാൻ ഫ്രാൻസിലിരുന്ന് ഒരന്യഭാഷയിലൂടെ സ്വയം പുനരാവിഷ്കരിക്കുകയായിരുന്നു. എന്നാൽ പിന്നീട് നാട്ടിൽ ഒരു ഹ്രസ്വസന്ദർശനത്തിനെത്തിയപ്പോൾ അയൺ ഗാർഡുകളുടെ സ്ഥാപകപിതാവായ Corneliu Zelea Codreanu വിനെക്കുറിച്ച് റേഡിയോയിൽ ഒരനുസ്മരണപ്രഭാഷണം നടത്തുകയും ചെയ്തു അദ്ദേഹം. കോഡ്രിയാനുവിനു മുമ്പ് ആൾത്താമസമുള്ള ഒരു സഹാറ മാത്രമായിരുന്നു റൊമേനിയ എന്നും അടിമട്ടുകളായ മനുഷ്യരുടെ ഒരു ദേശത്ത് സംസാരിക്കാൻ പറ്റിയ ഒരാളായി അയാളെ മാത്രമേ താൻ കണ്ടിട്ടുള്ളു എന്നും ചൊറാൻ അയാളെ പുകഴ്ത്തുന്നുണ്ട്. എന്നാൽ ‘ക്യാപ്റ്റൻ’ എന്നു വിളിപ്പേരുള്ള ഈ തീവ്രജൂതവിരോധിയാവട്ടെ, രാഷ്ട്രീയകൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, രാഷ്ട്രീയകൊലപാതകം നടത്തിയ മനുഷ്യൻ കൂടിയായിരുന്നു. 1930കളിലെ അരാജകത്വത്തിലേക്ക് സ്വന്തം രാജ്യത്തെ തള്ളിവിട്ട ഒരാളെയാണ്‌ ഒരു ചിന്തകൻ പരസ്യമായി പ്രകീർത്തിക്കുന്നത്! എങ്ങനെയാണ്‌ ഒരു ചിന്തകൻ, അരാജകത്വം തലയ്ക്കു പിടിച്ചുനടക്കുന്ന യൗവ്വനകാലത്താണയാളെങ്കിൽപ്പോലും, ഇത്രയും താഴുക? ജനാധിപത്യവാദികളായ അദ്ദേഹത്തിന്റെ സ്നേഹിതർക്ക് അക്കാലത്തു തോന്നിയ ആ സംശയം പിന്നീട് അദ്ദേഹത്തെയും വേട്ടയാടാൻ തുടങ്ങി. യുദ്ധത്തിന്റെ ഭീകരതയും ഹോളോക്കാസ്റ്റും ചൊറാന്റെ ഫാസിസ്റ്റനുകൂലമനോഭാവത്തിനേറ്റ പ്രഹരങ്ങളായിരുന്നു. ‘റൊമേനിയയുടെ രൂപാന്തരം’ എഴുതിയ ചൊറാനെ അദ്ദേഹത്തിനുതന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. “ആ പിച്ചും പേയും എഴുതിവച്ചത് ശരിക്കും ഞാൻ തന്നെയാണോ എന്ന് ചിലനേരം ഞാൻ സ്വയം ചോദിക്കാറുണ്ട്,” 1973ൽ സ്വന്തം സഹോദരനയച്ച ഒരു കത്തിൽ അദ്ദേഹം എഴുതുന്നു. “അമിതോത്സാഹം ഭ്രാന്തിന്റെ ഒരു രൂപമാണ്‌. നമുക്കൊരിക്കൽ ആ രോഗം വന്നുവെന്നിരിക്കട്ടെ, പിന്നീടതു സുഖപ്പെട്ടു എന്നു നാം പറഞ്ഞാൽ ആളുകൾ അതു വിശ്വസിക്കുകയേയില്ല.” സ്വന്തം രാഷ്ട്രീയഭൂതകാലം അദ്ദേഹം മറക്കാൻ ശ്രമിക്കുന്നതൊന്നായിരുന്നു. എന്നാൽ അത് മറക്കാൻ എളുപ്പവുമായിരുന്നില്ല. സഹോദരനെഴുതിയ മറ്റൊരു കത്തിൽ ആ കറ മായാത്തതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്: “ചെറുപ്പത്തിൽ എന്തെങ്കിലും വിഡ്ഢിത്തം കാണിച്ച ഒരെഴുത്തുകാരൻ നാണക്കേടിന്റെ ഭൂതകാലമുള്ള ഒരു സ്ത്രീയെപ്പോലെയാണ്‌. പൊറുക്കപ്പെടുകയില്ല, മറക്കപ്പെടുകയുമില്ല.”

1936ൽ ജർമ്മനിയിൽ നിന്നു മടങ്ങിവന്നതിനു ശേഷം കുറച്ചു കാലം ചൊറാൻ ഒരു ഹൈസ്കൂളിൽ ഫിലോസഫി പഠിപ്പിക്കാൻ പോയിരുന്നു. ‘എന്താണ്‌ എത്തിക്സ്?’ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന്‌ ‘എത്തിക്സ് എന്നൊരു സംഗതി ഇല്ല!’ എന്നുത്തരം പറയുന്ന അദ്ധ്യാപകന്‌ എത്ര നാൾ ആ ഉദ്യോഗത്തിൽ തുടർന്നുപോകാൻ പറ്റും! ചൊറാന്റെ ഔദ്യോഗികജീവിതം ഹ്രസ്വായുസ്സായിരുന്നു. തോൽവിയുടെ ദേശമായ റൊമേനിയയിൽ താൻ ഒരിക്കലും ഗതി പിടിക്കില്ല എന്നുറപ്പായതോടെ അദ്ദേഹം ഫ്രാൻസിലേക്കു കുടിയേറാൻ തീരുമാനിച്ചു. അദ്ദേഹം നാടുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയും പേരു പോലും ഇ. എം. ചൊറാൻ എന്നാക്കി മാറ്റുകയും ചെയ്തു. എഴുത്തും സംസാരവും ഫ്രഞ്ചിൽ തന്നെയാക്കി. സാങ്കേതികമായി പറഞ്ഞാൽ ഒരു ഗ്രാജ്വേറ്റ് സ്കോളർഷിപ്പിൽ സോർബോൺ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണ്‌ ചൊറാൻ പാരീസിൽ എത്തിയത്. പഠനത്തിനൊടുവിൽ ഏതോ ദാർശനികവിഷയത്തിൽ പ്രബന്ധവും സമർപ്പിക്കേണ്ടിയിരുന്നു. എന്നാൽ താനൊരിക്കലും ഇപ്പറഞ്ഞതൊന്നും ചെയ്യാൻ പോകുന്നില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഒരു പരാന്നഭുക്കിന്റെ ജീവിതം- അതാണ്‌ തന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു. ഫ്രാൻസിൽ സുരക്ഷിതമായി ജീവിക്കാൻ ആകെ വേണ്ടിയിരുന്നത് വിദ്യാർത്ഥിയാണെന്നു തെളിയിക്കുന്ന ഒരു തിരിച്ചറിയൽ കാർഡ് മാത്രമായിരുന്നു; അതിന്റെ ബലത്തിൽ ഏതു കോളേജ് കഫറ്റേരിയയിലും കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം! ഈ മട്ടിൽ ജീവിതാന്ത്യം വരെയും ജീവിച്ചുപോകാം. അങ്ങനെ നാല്പതാം വയസ്സിലും ചൊറാൻ സോർബോണിലെ വിദ്യാർത്ഥിയായിരുന്നു. എന്നാൽ ഇതിനിടയിൽ ഇരുപത്തേഴു വയസ്സു കഴിഞ്ഞവർക്ക് വിദ്യാർത്ഥിയായി പ്രവേശനം കിട്ടില്ല എന്നൊരു നിയമം വന്നതോടെ ‘പരാദങ്ങളുടെ പറുദീസ’യിൽ നിന്ന് അദ്ദേഹം നിഷ്കാസിതനായി. പിന്നീടദ്ദേഹത്തിന്റെ ഉപജീവനം കൂട്ടുകാരെയും വൃദ്ധകളായ പരീസിയൻ സ്ത്രീകളേയും ആശ്രയിച്ചായിരുന്നു. റൊമേനിയൻ ഓർത്തഡോക്സ് പള്ളിയിൽ സൗജന്യഭക്ഷണത്തിനു പോകാനും ദൈവനിഷേധിയായ ചൊറാന്‌ വിസമ്മതം ഉണ്ടായില്ല. ഒരു ജോലി ഏറ്റെടുക്കുക എന്നതൊഴികെ എന്തും ചെയ്യാം. “എന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതായിരുന്നു എനിക്കു പ്രധാനം,” പില്ക്കാലത്ത് ചൊറാൻ ഓർമ്മിക്കുന്നുണ്ട്. “ജീവിക്കാൻ വേണ്ടി ഒരു ഓഫീസ് ജോലി എറ്റെടുത്താൽ അതെന്റെ പരാജയമാകുമായിരുന്നു...പരാജിതനാകുന്നതിനെക്കാൾ ഭേദം പരാന്നഭോജിയാവുക എന്നതാണെന്നു ഞാൻ നിശ്ചയിച്ചു.” നിഷ്ക്രിയതയിലും ഒരു പൂർണ്ണതയുണ്ടല്ലോ. ചൊറാന്‌ അതിനെക്കുറിച്ചു നല്ല ബോധമുണ്ടായിരുന്നു എന്നുമാത്രമല്ല, ജീവിതകാലം മുഴുവൻ അതദ്ദേഹം പൂർണ്ണതോതിൽ നടപ്പാക്കുകയും ചെയ്തു. എന്താണദ്ദേഹത്തിന്റെ ദിനചര്യ എന്നൊരു അഭിമുഖകാരൻ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: “മിക്ക സമയവും ഞാൻ ഒന്നും തന്നെ ചെയ്യാറില്ല. പാരീസിലെ ഏറ്റവും അലസനായ മനുഷ്യനായിരിക്കും ഞാൻ. എന്നെക്കാൾ കുറച്ചു പണി ചെയ്യുന്ന ഒരാളുണ്ടെങ്കിൽ അത് കസ്റ്റമറെ കിട്ടാത്ത ഒരു വേശ്യ ആയിരിക്കും.”

അത്രയും പൂർണ്ണമായി നിഷ്ക്രിയത ആചരിച്ചിരുന്ന ഒരാൾ സ്വാഭാവികമായും ‘ജീവിതവിജയം’ നേടുന്നവരുടെ കാര്യത്തിൽ സംശയാലു ആയിരിക്കുമല്ലോ. “ഏതു മേഖലയാവട്ടെ, അതിൽ വിജയം നേടുന്ന ഒരാളിൽ തട്ടിപ്പുകാരന്റെ ഒരംശം ഒളിഞ്ഞുകിടപ്പുണ്ടാവും,” അദ്ദേഹം എഴുതി. അതുകൊണ്ടാണ്‌ റിവറോൾ പുരസ്കാരമൊഴികെ ഫ്രഞ്ച് സാഹിത്യലോകം വച്ചുനീട്ടിയ എല്ലാ സമ്മാനങ്ങളും അദ്ദേഹം നിരസിച്ചു. ബോർഹസ്സിനെക്കുറിച്ച് അദ്ദേഹമൊരിക്കൽ പറഞ്ഞു: “തിരിച്ചറിയപ്പെടുക എന്ന നിർഭാഗ്യം അദ്ദേഹത്തിനു മേൽ പതിച്ചുകഴിഞ്ഞു. അതിലും നല്ലൊരു വിധി അദ്ദേഹം അർഹിച്ചിരുന്നു.” പരാജയം കൊണ്ട് നിരന്തരം രൂപാന്തരപ്പെടുന്ന ഒരസ്തിത്വത്തെക്കുറിച്ച് The Trouble with Being Born-ൽ ചൊറാൻ പറയുന്നുണ്ട്. അസൂയാർഹമായ രു ജീവിതപരിപാടിയാണത്. രൂപമെടുത്ത പ്രശാന്തതയാണ്‌ അവ്വിധമൊരസ്തിത്വം, ജ്ഞാനത്തിന്റെ ഉടൽരൂപം. “ആത്മീയാന്വേഷണത്തിന്റെ പ്രവണതയുള്ള ഒരാളെ ഈ ലക്ഷണം കൊണ്ടു നിങ്ങൾക്കറിയാം: ഏതു വിജയത്തിനും മേലെ അയാൾ പരാജയത്തെ പ്രതിഷ്ഠിച്ചിരിക്കും.” എങ്ങനെയാണത്? “പരാജയം നമ്മളെ നമുക്കുതന്നെ വെളിവാക്കിത്തരുന്നു, ദൈവം നമ്മെ കാണുന്നപോലെ സ്വയം കാണാൻ നമ്മെ അനുവദിക്കുന്നു; എന്നാൽ വിജയമാവട്ടെ, നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ളതിൽ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോവുകയാണ്‌, അതിൽ നിന്നെന്നല്ല, സർവ്വതിൽ നിന്നും.” പരാജയത്തെ നിങ്ങൾ എങ്ങനെയാണു നേരിടുന്നതെന്നു കാണിച്ചുതരൂ, നിങ്ങൾ എങ്ങനെയുള്ളയാളാണെന്ന് ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. “പരാജയത്തിലൂടെ, ഒരു വൻദുരന്തത്തിലൂടെ മാത്രമേ നിങ്ങൾക്കൊരാളെ അടുത്തറിയാൻ പറ്റുകയുള്ളു.”

1942ലാണ്‌ ചൊറാൻ സിമോങ്ങ് ബൂയി (Simone Boue)യെ കണ്ടുമുട്ടുന്നത്. അവരും ചൊറാനെപ്പോലെ ഉറക്കം വരാത്ത ഒരു ജീവിയായിരുന്നു. ജീവിതാന്ത്യം വരെ നീണ്ടുനിന്ന ആ ബന്ധം അദ്ദേഹം തീർത്തും സ്വകാര്യമായിട്ടാണ്‌ കൊണ്ടുനടന്നത്. തന്റെ എഴുത്തുകളിലോ അഭിമുഖങ്ങളിലോ അതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടുതന്നെയില്ല. 

1949ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഫ്രഞ്ച് പുസ്തകമായ A Short History of Decay പുറത്തുവന്നു. ഫ്രഞ്ചുകാരനല്ലാത്ത ഒരാൾ എഴുതുന്ന ഏറ്റവും നല്ല ഫ്രഞ്ചു പുസ്തകത്തിന്‌ 1950ലെ Prix Rivarol ആ പുസ്തകത്തിനായിരുന്നു. അതൊന്നൊഴികെ മറ്റൊരു സാഹിത്യപുരസ്കാരവും അദ്ദേഹം വാങ്ങിയിട്ടില്ല. 

പാരീസിലെ ലാറ്റിൻ ക്വാർട്ടറിലായിരുന്നു ചൊറാന്റെ സ്ഥിരതാമസം. പൊതുജീവിതത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതേയില്ല. ബാഹ്യലോകവുമായുള്ള ബന്ധം യോനെസ്കോ, പാൾ ചെലാൻ, സാമുവൽ ബക്കെറ്റ് അടക്കമുള്ള സുഹൃത്തുക്കളുമായുള്ള കത്തിടപാടുകളിൽ ഒതുങ്ങിനിന്നു.

എമിൽ ചൊറാന്റെ മരണം 1995 ജൂൺ 20നായിരുന്നു. ഒരർത്ഥത്തിൽ, മരിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം ലോകത്തു നിന്നു പൊയ്ക്കഴിഞ്ഞിരുന്നു. കുറച്ചു വർഷങ്ങളായി അദ്ദേഹം അല്ഷെയ്മേഴ്സിന്റെ പിടിയിലായിരുന്നു. തന്റെ അന്ത്യം ഏതു വിധത്തിലായിരിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ആത്മഹത്യ ചെയ്യാൻ  അദ്ദേഹം ആലോചിച്ചിരുന്നു. ഒരുമിച്ചു ജീവിതം അവസാനിപ്പിക്കാമെന്ന് ജീവിതപങ്കാളിയായ Simone Boue-യുമായി തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. എന്നാൽ രോഗം അതിലും വേഗത്തിൽ തീരുമാനമെടുത്തു, ആത്മഹത്യാശ്രമം നടന്നില്ല, മരണങ്ങളിൽ വച്ചേറ്റവും നാണം കെട്ട ഒരു മരണം, ഏറെക്കാലമെടുത്തുള്ള ഒരു മരണം മരിക്കേണ്ടിവരികയും ചെയ്തു അദ്ദേഹത്തിന്‌. അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളാണ്‌ ആദ്യം കണ്ടുതുടങ്ങിയത്. ഒരു ദിവസം അദ്ദേഹത്തിന്‌ വീട്ടിലേക്കുള്ള വഴി നിശ്ചയമില്ലാതായി; വലിയ നടത്തക്കാരനായ അദ്ദേഹത്തിന്‌ നഗരം സ്വന്തം കൈവെള്ള പോലെ സുപരിചിതമായിരുന്നല്ലോ. പിന്നീട് ഓർമ്മകൾ ഒന്നൊന്നായി നഷ്ടപ്പെട്ടുതുടങ്ങി; താൻ ആരാണെന്നുപോലും ചിലപ്പോൾ മറന്നുതുടങ്ങി. ആ ഫലിതബോധമാണ്‌ ഒടുവിൽ നഷ്ടപ്പെട്ടത്: തെരുവിൽ വച്ച് ഒരാൾ ചോദിച്ചു: “ചൊറാൻ അല്ലേ താങ്കൾ?” “അതെ, ഒരുകാലത്ത്.” ഒടുവിൽ അദ്ദേഹത്തിന്റെ നില തീരെ വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്തു. അവസാനമായി വാക്കുകളും അദ്ദേഹത്തെ വെടിഞ്ഞുപോയി. ഒടുവിൽ താൻ ആരാണെന്നുതന്നെ അദ്ദേഹം മറന്നു.

നൈരാശ്യത്തിൻ്റെ നെറുകയിൽ

ആത്മാവിന്റെ തന്നോടു തന്നെയും ദൈവത്തിനോടും പ്രപഞ്ചത്തോടുമുള്ള മല്പിടുത്തങ്ങളുടെ ഒരു കാവ്യാത്മകവിവരണമാണ്‌ ‘നൈരാശ്യത്തിന്റെ നെറുകയിൽ;’ വിറ്റ്മാന്റെ ‘എന്നെക്കുറിച്ചുള്ള ഗാനം’ പോലെ ഒന്ന്. ഇതിൽ കുമ്പസാരം ദാർശനികധ്യാനമായി മാറുന്നുവെന്നു മാത്രം. താത്വികവിഷയങ്ങളായ മരണം, ദൈവം, അനന്തത, കാലം, നിത്യത, ചരിത്രം, സത്യം, നന്മ,. തിന്മ ഇതെല്ലാം വെറും അമൂർത്തതകളാവാതെ ഒരു ജൈവയാഥാർത്ഥ്യം, ഒരു ജീവനുള്ള അർത്ഥം കൈവരിക്കുന്നു. 

“ജീവിതത്തിൽ നമുക്കൊഴിച്ചുവിടാൻ പറ്റാത്ത ചില അനുഭവങ്ങളുണ്ട്. അവയെക്കുറിച്ചു തുറന്നുപറയുകതന്നെ ഒരു മോചനമല്ലേ?...ഏറ്റവും അഗാധമായ വ്യക്ത്യനുഭവങ്ങൾ ഏറ്റവും സാർവ്വജനീനവുമാണ്‌; കാരണം, അവയിലൂടെയാണ്‌ മനുഷ്യൻ ജീവന്റെ ആദിമസ്രോതസ്സിലേക്കെത്തുന്നത്...”

പകുതി ഹൃദയത്തിന്റെ ആക്രന്ദനവും പകുതി ദാർശനികധ്യാനവുമായ ഈ ഗാനത്ത്തിന്റെ ഉല്പത്തി ഭാഗികമായി ശരിക്കും ശാരീരികമായ ഒരു വ്യാധിയിൽ നിന്നും (ഉറക്കമില്ലായ്മ) ഭാഗികമായി അതുളവാക്കുന്ന നൈരാശ്യത്തിൽ നിന്നുമാണ്‌. “യാതനയുടെ കാവ്യാത്മകത രക്തത്തിന്റെ മാംസത്തിന്റെയും സിരകളുടേയും ഒരു ഗാനമാണ്‌” എന്ന് ചൊറാൻ എഴുതുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തിന്റെതന്നെ ഒരു നിർവ്വചനമാവുകയാണത്. ചൊറാന്റെ കാര്യത്തിൽ എഴുത്തും താത്ത്വികമനനവും യാതനയുമായി ജൈവപരമായിത്തന്നെ ബന്ധമുള്ളതാണ്‌. രോഗവും യാതനയും കാവ്യാത്മകമൂല്യങ്ങളാണെന്നും അവ മാത്രമാണ്‌ ദാർശനികവെളിപാടുകളിലേക്കു നയിക്കുന്നതെന്നുമുള്ളത് ‘നൈരാശ്യത്തിന്റെ നെറുക’യിലെ ഒരു പ്രധാനപ്രമേയമാണ്‌. അദ്ദേഹത്തിന്റെ ജീവിതവും രചനയും രൂപാന്തരം വന്ന കണ്ണീരാണ്‌. “അവർ നിങ്ങളോട് വസ്തുതകളും തെളിവുകളും പ്രവൃത്തികളും എവിടെ എന്നു ചോദിക്കുന്നു; നിങ്ങൾക്കെടുത്തുകാണിക്കാനുള്ളത് രൂപാന്തരം വന്ന കണ്ണീരു മാത്രം.”



എമിൽ ചൊറാൻ - കണ്ണീരും വിശുദ്ധരും

 മരണത്തിന്റെ ആസന്നത ലൈംഗികചോദനയ്ക്ക് പുതുജീവൻ നല്കുന്നു: യൗവ്വനസഹജമായ തൃഷ്ണകൾ രോഗാതുരമായ ചോരയിൽ കനലുകൾ വിതറുന്നു. പ്രാണസഞ്ചാരത്തിൽ മരണവും ലൈംഗികതയും ഇടകലർന്നൊന്നാവുകയും രണ്ടിനേയും ഭീതിദവും മാദകവുമാക്കുകയും ചെയ്യുന്നു. ലൈംഗികബന്ധത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരാൾ രണ്ടു പേർ രതിയിൽ ഏർപ്പെടുന്നത് അബദ്ധത്തിൽ കേൾക്കാനിടയായെന്നിരിക്കട്ടെ, ഒരു മരണരംഗത്തിനു സാക്ഷിയാവുകയാണു താൻ എന്നായിരിക്കും അയാൾ ചിന്തിക്കുക. അത്രയടുത്ത സാദൃശ്യമാണ്‌ മരണത്തിന്‌ ജീവിതത്തിന്റെ ഏറ്റവും പരമമായ നിമിഷത്തിനോടുള്ളത്. മരണത്തിന്റെയും ലൈംഗികതയുടേയും പ്രകൃതങ്ങളിലുള്ള സമാനതകൾ നമുക്കു നിഷേധിക്കാൻ പറ്റില്ല: ആ നേരത്തെ തൊണ്ട കുറുകൽ, നിഴലടഞ്ഞ അന്തരീക്ഷം, ലോലമായ ഒരാത്മാവിന്റെ ആനന്ദങ്ങൾക്കു മേൽ ഇരുണ്ട നിഴൽ വീഴ്ത്തുന്ന വിചിത്രവും ജുഗുപ്സാവഹവുമായ മൃഗീയത. മൃത്യുവാഞ്ഛ തീവ്രതരമാകുമ്പോൾ ജീവിതോത്തേജകവുമാകുന്നു, ഏതു പ്രതീക്ഷയെക്കാളും ജീവിതത്തിനുതകുന്നു, ഏതു വികാരത്തെക്കാളും നമ്മുടെ അഭിമാനത്തെ ഉണർത്തുന്നു.

*
മരണത്തിന്‌ എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ജീവിതത്തെ തീക്ഷ്ണമായി സ്നേഹിച്ചവരുടെ കാര്യത്തിൽ മാത്രമാണ്‌. വിട്ടുപോകാൻ എന്തെങ്കിലുമുണ്ടെങ്കിലല്ലാതെ എങ്ങനെയാണൊരാൾ മരിക്കുക? ജീവിതത്തിന്റേതെന്നപോലെ മരണത്തിന്റെയും നിഷേധമാണ്‌ വൈരാഗ്യം. മരണഭയത്തെ തരണം ചെയ്ത ഏതൊരാളും ജീവിതത്തിനു മേലും വിജയം നേടിക്കഴിഞ്ഞു. എന്തെന്നാൽ, ആ ഭയത്തിന്റെ മറ്റൊരു പേരല്ലാതെ മറ്റൊന്നുമല്ല ജീവിതം.
ധനികരായവരേ മരണം ‘അനുഭവിക്കുന്നുള്ളു’; പാവപ്പെട്ടവർ അതു പ്രതീക്ഷിച്ചുകഴിയുന്നു; ഒരു യാചകനും ഇന്നേവരെ മരിച്ചിട്ടില്ല. ഉടമസ്ഥർ മാത്രമേ മരിക്കുന്നുള്ളു.
പണക്കാരുടെ മരണവേദനയോടു തട്ടിച്ചുനോക്കുമ്പോൾ പാവപ്പെട്ടവരുടേത് ഒരു പുഷ്പശയ്യ പോലെയേയുള്ളു. കൊട്ടാരങ്ങളുടെ കൊടുംഭീതികളും യാതനകളുമെല്ലാം മരണം തന്നിൽ സഞ്ചയിച്ചുവച്ചിരിക്കുന്നു. സുഖഭോഗങ്ങൾക്കിടയിൽ കിടന്നു മരിക്കുക എന്നാൽ ലക്ഷോപലക്ഷം തവണ മരിക്കുക എന്നാണ്‌.
യാചകർ പ്രാണൻ വെടിയുന്നത് കിടക്കയിൽ കിടന്നിട്ടല്ല; അതുകൊണ്ടാണ്‌ അവർ മരിക്കാത്തതും. തിരശ്ചീനമായിട്ടേ നിങ്ങൾ മരിക്കുന്നുള്ളു; സുദീർഘമായ സന്നാഹങ്ങളിലൂടെ മരണം സാവധാനം ജീവിതത്തിലേക്കരിച്ചുകയറുകയാണ്‌. അന്ത്യമുഹൂർത്തത്തിൽ പ്രത്യേകിച്ചൊരിടത്തോടും അതിന്റെ ഓർമ്മകളോടും ബന്ധനസ്ഥനല്ലാത്ത ഒരാൾക്ക് വിട്ടുപോകുന്നതിൽ പിന്നെന്തു ഖേദമുണ്ടാവാനാണ്‌? യാചകർ തങ്ങളുടെ വിധി സ്വയം വരിച്ചതാണെന്നും വരാം; എന്തെന്നാൽ, ഖേദങ്ങളില്ലാത്തതിനാൽ അവയിൽ നിന്നുണ്ടാകുന്ന തീവ്രവേദനകൾ അവർ അനുഭവിക്കുന്നില്ലല്ലോ. ജീവിതത്തിന്റെ പ്രതലത്തിൽ അവർ നാടോടികളായിരുന്നു, മരണത്തിന്റെ പ്രതലത്തിലും അവർ അലഞ്ഞുനടക്കുകതന്നെയാണ്‌.
*
സംഗീതജ്ഞനെക്കുറിച്ച് എന്റെ നിർവ്വചനം: എല്ലാ ഇന്ദ്രിയങ്ങളിലൂടെയും കേൾക്കുന്ന ഒരാൾ. ബാഹിന്റെ രണ്ടാമത്തെ ഭാര്യ, അന്ന മഗദലീന, തന്റെ ഭർത്താവിന്റെ കണ്ണുകൾ കണ്ടപ്പോൾ തനിക്കു തോന്നിയത് മനസ്സിൽ തറയ്ക്കുന്ന വിധം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്: അവ കേൾക്കുന്ന കണ്ണുകളായിരുന്നു.
അവർ ഇങ്ങനെയും ഓർമ്മിക്കുന്നു: “ഒരിക്കൽ അദ്ദേഹം പാഷൻ ഒഫ് സെയ്ന്റ് മാത്ത്യൂവിലെ ‘ഗൊൽഗോത്ത’ എന്ന ഭാഗം രചിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിയിലേക്കു ചെല്ലാൻ ഇടയായി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി; സാധാരണഗതിയിൽ തുടുത്തു, പ്രശാന്തമായിരിക്കുന്ന ആ മുഖം വിളറി, കണ്ണീരിൽ കുതിർന്നിരുന്നു. ഞാൻ ചെന്നത് അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ല; ഞാൻ പതുക്കെ തിരിഞ്ഞുനടന്ന് വാതിലിനു മുന്നിലെ പടിയിലിരുന്ന് തേങ്ങിക്കരഞ്ഞു.” ബാഹിന്റെ സംഗീതം സ്വർഗ്ഗീയരൂപാന്തരത്തിന്റെ മാദ്ധ്യമമാണ്‌. അതിൽ വികാരങ്ങളില്ല, ദൈവവും ലോകവും മാത്രമേയുള്ളു, അവ രണ്ടിനേയും ഇണക്കുന്ന കണ്ണീരും.
*
ഏകാന്തത നമുക്കനുഭവമാകുന്നത് വസ്തുക്കളുടെ നിശ്ശബ്ദത നമുക്കു കേൾക്കാറാകുമ്പോൾ മാത്രമാണ്‌. അപ്പോൾ ഒരു കല്ലിൽ ഉറങ്ങിക്കിടക്കുകയും ഒരു ചെടിയിൽ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യുന്ന രഹസ്യം നമുക്കു കേൾക്കാമെന്നാകുന്നു- പ്രകൃതിയുടെ മറഞ്ഞതും തുറന്നതുമായ രീതികൾ. ഏകാന്തതയുടെ കാര്യത്തിൽ വിചിത്രമെന്നു പറയാവുന്ന കാര്യം, അതിനെ സംബന്ധിച്ചിടത്തോളം അചേതനമായ ഒരു വസ്തുവും ഇല്ല എന്നതാണ്‌. എല്ലാ വസ്തുക്കൾക്കുമുണ്ട്, ഒരു ഭാഷ; പൂർണ്ണനിശ്ശബ്ദതയിലേ നമുക്കതിന്റെ പൊരുളു തിരിക്കാൻ കഴിയൂ. സർവ്വതിലുമുണ്ട്, ജീവൻ നിറഞ്ഞ, തീക്ഷ്ണമായ ഒരേകാന്തത. പ്രകൃതിയിൽ ചേതന നിദ്രാണമാണ്‌; സസ്യങ്ങളുടെ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചെടുക്കാൻ എനിക്കാഗ്രഹമില്ലാതില്ല.
നിഴലുകൾക്കുമുണ്ട് ഒരു രഹസ്യജീവിതം. ആവശ്യമുള്ളത്ര കവികൾ ലോകത്തുണ്ടായിട്ടില്ല; അതുകൊണ്ടല്ലേ, ഇത്രയധികം വസ്തുക്കൾ വെളിപ്പെടുത്തപ്പെടാതെ കിടക്കുന്നത്, സ്വന്തം പൊരുളുകളിൽ നിന്നവ അകന്നുപോയത്!
*
നിശ്ശബ്ദത ചിലപ്പോഴത്രയ്ക്കഗാധമാവുമ്പോൾ മൂടിയിട്ടധികനേരമാവാത്ത ശവക്കുഴികളിൽ ചിന്തകൾക്കനക്കം വയ്ക്കുന്നതു നിങ്ങൾക്കു കേൾക്കാം. കാറ്റിന്റെ വിലാപമൊടുങ്ങുമ്പോൾ പൂമ്പാറ്റകളുടെ നേർത്ത ചിറകിളക്കം മലഞ്ചരിവുകളുടെ മൗനത്തിനസഹ്യമാവുന്നു. അങ്ങനെയുള്ള മുഹൂർത്തങ്ങളിലാണ്‌ വിദൂരാകാശത്തിന്റെ ഇളംനീലിമ നിങ്ങൾക്കു കണ്ണില്പെടുന്നതും അതിന്റെ ദിവ്യവും മൂകവുമായ മൂഢതയുമായി നിങ്ങൾ സ്നേഹത്തിലാവുന്നതും. ഞാൻ ആകാശത്തെ സ്നേഹിക്കുന്നത് അതിനു ബുദ്ധിയില്ല എന്നതുകൊണ്ടാണ്‌. നക്ഷത്രങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നെനിക്കു സംശയമുണ്ട്.
*
സംഗീതം മനുഷ്യസൃഷ്ടിയല്ലെന്നതിന്‌ ഇതിലും നല്ല തെളിവു വേണോ, അതൊരിക്കലും നരകത്തെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നിലുണർത്തിയിട്ടില്ല എന്നതല്ലാതെ? വിലാപയാത്രയ്ക്കകമ്പടിയായിട്ടുള്ള സംഗീതത്തിനുപോലും അതിനു കഴിഞ്ഞിട്ടില്ല. നരകം ഒരു വാസ്തവികതയാണ്‌; സ്വർഗ്ഗം ഒരോർമ്മയും. അനാദിയായ ഒരു ഭൂതകാലത്ത് നമുക്ക് നരകം പരിചയമുണ്ടായിരുന്നെങ്കിൽ ഇന്നു നാമൊരു ‘നരകനഷ്ട’ത്തെക്കുറിച്ചോർത്തു നെടുവീർപ്പിടില്ലേ? ഓർമ്മയുടെ പുരാവസ്തുശാസ്ത്രമാണ്‌ സംഗീതം. അതിന്റെ ഉത്ഖനനങ്ങളിൽ പ്രാഗ്സ്മൃതികാലത്തെ ഒരു നരകം ഇന്നുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. (എമിൽ ചൊറാൻ/കണ്ണീരും വിശുദ്ധരും)
(എമിൽ ചൊറാൻ- കണ്ണീരും വിശുദ്ധരും)

2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മാക്സ് ജേക്കബ് - ഗദ്യകവിതകൾ

നേപ്പിൾസിലെ ഭിക്ഷക്കാരി

ഞാൻ നേപ്പിൾസിൽ താമസിക്കുന്ന കാലത്ത് എന്റെ കൊട്ടാരത്തിന്റെ കവാടത്തിനു പുറത്ത് എന്നും ഒരു ഭിക്ഷക്കാരി കാത്തുനില്ക്കുന്നുണ്ടാവും; കുതിരവണ്ടിയിൽ കയറുന്നതിനു മുമ്പ് ഞാനവർക്ക് കുറച്ചു നാണയങ്ങൾ എറിഞ്ഞുകൊടുക്കുകയും ചെയ്യും. ഒരിക്കല്പ്പോലും അവരിൽ നിന്ന് ഒരു നന്ദിവാക്കു കേട്ടിട്ടില്ലെന്നതിൽ അത്ഭുതം തോന്നിയ ഞാൻ ഒരു ദിവസം അവരെ സൂക്ഷിച്ചു നോക്കി. അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടു, ഭിക്ഷക്കാരിയെന്നു ഞാൻ കരുതിയത് കുറച്ചു ചെമ്മണ്ണും പാതി ചീഞ്ഞ ചില വാഴപ്പഴങ്ങളുമിട്ടുവച്ചിരുന്ന,  പച്ചച്ചായമടിച്ച ഒരു പലകപ്പെട്ടിയാണെന്ന്...

*

ഗുണപാഠമില്ലാത്ത കഥ

ഒരിക്കൽ ഒരിടത്ത് ഒരാവിയെഞ്ചിൻ ഉണ്ടായിരുന്നു; കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കുന്ന മട്ടിൽ അത്ര നന്മ നിറഞ്ഞതായിരുന്നു അത്. ഒരു ദിവസം ഒരു മോട്ടോർക്കാർ പാളങ്ങളിൽ വന്നിടിച്ചു. എഞ്ചിൻ ഡ്രൈവർ തന്റെ പടക്കുതിരയുടെ കാതുകളിൽ മന്ത്രിച്ചു: “നമുക്കിവനെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കിയാലോ?” “അവനു ചെറുപ്പമല്ലേ?” ആവിയെഞ്ചിൻ പറഞ്ഞു. “അവൻ അറിയാതെ ചെയ്തതാണ്‌.” കിതച്ചുകൊണ്ടുനില്ക്കുന്ന ‘കായികാഭ്യാസി’യുടെ മുഖത്ത് അവജ്ഞയോടെ ഒരല്പം ആവി തുപ്പുന്നതുകൊണ്ട് അതു തൃപ്തിപ്പെട്ടു.

*

വീസ്വാവ ഷിംബോർസ്ക - എത്രയും നിഷ്കൃഷ്ടമായി...



എത്രയും നിഷ്കൃഷ്ടമായി ജീവിതം നയിക്കുന്നവരുണ്ട്.
ഉള്ളിലും പുറത്തും അവർക്കെല്ലാം ചിട്ടപ്പടി.
ഏതിനും അതിന്റേതായ ഒരു വഴിയുണ്ട്,
ഏതിനും ചേരുന്നൊരുത്തരവുമുണ്ട്.
ആര്‌ ആർക്കൊപ്പമെന്ന്,
ആര്‌ ആരുടെ പിടിയിലെന്ന്,
എന്തുദ്ദേശ്യത്തിനെന്ന്,
ഏതു വഴിയ്ക്കെന്ന്-
എല്ലാമവർ കൃത്യമായി ഊഹിച്ചെടുക്കും.

ഒറ്റയൊറ്റ സത്യങ്ങളിൽ അവർ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നു,
ആവശ്യമില്ലാത്ത വസ്തുതകളവർ അടുപ്പിലേക്കെറിയുന്നു,
പരിചയമില്ലാത്ത വ്യക്തികളെ 
നേരത്തേ പേരെഴുതിവച്ച ഫയലുകളിലൊതുക്കുന്നു.

ചിന്തിക്കാൻ വേണ്ടത്ര നേരമേ അവർ ചിന്തിക്കുന്നുള്ളു,
ഒരു സെക്കന്റധികമില്ല,
ആ സെക്കന്റിനു പിന്നിൽ സംശയം പതിയിരിക്കുകയല്ലേ.

അസ്തിത്വത്തിൽ നിന്നവരെ പിരിച്ചയച്ചാലോ,
പണി നിർത്തി അവർ പുറത്തേക്കു പോകുന്നു,
പുറത്തേക്കുള്ള വഴിയെന്നടയാളപ്പെടുത്തിയ
വാതിലിലൂടെതന്നെ.

ചിലപ്പോൾ എനിക്കവരോടസൂയ തോന്നാറുണ്ട്
-ഭാഗ്യത്തിന്‌, അതിനധികം ആയുസ്സുമുണ്ടാവാറില്ല.

മഹമൂദ് ദാർവിഷ് - പൂമ്പാറ്റയുടെ മാറാപ്പ്

സൈപ്രസ് വീണു


സൈപ്രസ് മരമല്ല, മരത്തിന്റെ ശോകമാണ്‌,
അതിനു നിഴലുമില്ല, മരത്തിന്റെ നിഴലാണതെന്നതിനാൽ

(ബസ്സം ഹജ്ജാബ്)


ഒരു മീനാരം പോലെ സൈപ്രസ് വീണു,
ഉടഞ്ഞ സ്വന്തം നിഴലിനു മേൽ പാതയിലതു കിടന്നു,
എന്നുമെന്ന പോലെ ഇരുണ്ടും പച്ചയായും.
ആർക്കും മുറിപ്പെട്ടില്ല.
ചില്ലകൾക്കു മേൽ കൂടി വാഹനങ്ങൾ ഇരച്ചുപാഞ്ഞു.
വിൻഡ്ഷീൽഡുകളിൽ പൊടി പാറി...
സൈപ്രസ് വീണു, പക്ഷേ
അടുത്ത വീട്ടിലെ പ്രാവ് അതിന്റെ കൂടു മാറ്റിക്കൂട്ടിയില്ല.
ആ ഇടത്തിന്റെ തുമ്പിനു മേൽ പാറിനിന്ന രണ്ടു ദേശാടനക്കിളികൾ
എന്തോ ചില പ്രതീകങ്ങൾ അന്യോന്യം കൈമാറി.
ഒരു സ്ത്രീ അയല്ക്കാരിയോടു ചോദിച്ചു:
വല്ല കൊടുങ്കാറ്റും വീശിയോ?
അവർ പറഞ്ഞു: ഇല്ല, ബുൾഡോസറും കണ്ടില്ല...
സൈപ്രസ് വീണു.
അവശിഷ്ടങ്ങൾക്കരികിലൂടെ കടന്നുപോയവർ പറഞ്ഞു:
ആരും തിരിഞ്ഞുനോക്കാനില്ലെന്നായപ്പോൾ
അതിനു മടുപ്പു തോന്നിയിരിക്കണം,
നാളുകൾ കടന്നുപോകെ അതിനു വാർദ്ധക്യമെത്തിയതാവണം,
ജിറാഫിനെപ്പോലെ ആകെ നീണ്ടിട്ടല്ലേ അത്,
ഒരു തുടപ്പ പോലെ കഴിയുന്നതതിനു നിരർത്ഥകമായി തോന്നിയിരിക്കണം,
രണ്ടു പ്രണയികൾക്കു തണലു കൊടുക്കാനതിനു കഴിഞ്ഞില്ലായിരിക്കാം.
ഒരാൺകുട്ടി പറഞ്ഞു: ഞാനതിനെ നന്നായി വരച്ചിരുന്നു,
അതിന്റെ രൂപം വരയ്ക്കാൻ വളരെ എളുപ്പമായിരുന്നു.
ഒരു പെൺകുട്ടി പിന്നെ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശമപൂർണ്ണമായ പോലെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശത്തിനിന്നു പൂർണ്ണത.
ഞാൻ എന്നോടു തന്നെ പറഞ്ഞു:
നിഗൂഢതയുമില്ല, വ്യക്തതയുമില്ല,
സൈപ്രസ് വീണു,
അതിൽ അത്രയ്ക്കേയുള്ളു:
സൈപ്രസ് വീണു.


എന്റെ അമ്മയുടെ വീട്ടിൽ


എന്റെ അമ്മയുടെ വീട്ടിൽ എന്റെ ഫോട്ടോ എന്നെത്തന്നെ നോക്കുന്നു,
എന്നോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു:
നീ, പ്രിയപ്പെട്ട വിരുന്നുകാരാ, ഞാനാണോ?
ഒരിക്കൽ നീയെന്റെ ഇരുപതുകൊല്ലമായിരുന്നോ,
കണ്ണടകളില്ലാതെ,
സൂട്ട്കേസുകളുമില്ലാതെ?
ചുമരിലെ ഒരു ദ്വാരം മതിയായിരുന്നു,
നക്ഷത്രങ്ങൾക്കു നിന്നെ നിത്യത പഠിപ്പിക്കാൻ...
(എന്താണ്‌ നിത്യത? ഞാൻ മനസ്സിൽ പറഞ്ഞു.)
പ്രിയപ്പെട്ട വിരുന്നുകാരാ...അന്നത്തെ നമ്മളാണോ നമ്മൾ?
നമ്മിലാരാണ്‌ അയാളുടെ മുഖലക്ഷണങ്ങൾ പരിത്യജിച്ചത്?
നിന്റെ നെറ്റിയിൽ ആ വാശിക്കാരൻ കുതിരയുടെ
കുളമ്പിൻപാടു നിനക്കോർമ്മയുണ്ടോ,
അതോ, ക്യാമറയ്ക്കു മുന്നിൽ സുന്ദരനായി കാണപ്പെടാൻ
ചമയത്തിനടിയിൽ നീയാ മുറിവു മറച്ചോ?
നീ ഞാനാണോ? 
പഴയൊരു പുല്ലാങ്കുഴൽ കൊണ്ടും ഫീനിക്സിന്റെ തൂവൽ കൊണ്ടും
ഹൃദയത്തിൽ തുള വീണതു നീയോർമ്മിക്കുന്നില്ലേ?
അതോ പാത മാറ്റിയപ്പോൾ നീ ഹൃദയവും മാറ്റിയെന്നോ?
ഞാൻ പറഞ്ഞു: കേൾക്കൂ, ഞാൻ അയാളും നിങ്ങളുമാണ്‌,
എന്നാൽ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങിയിരുന്നു,
വിധിയുടെ ഉദ്യാനത്തിൽ നിന്നാദരപൂർവ്വം ഞാൻ പൂക്കളിറുക്കുന്നതതുകണ്ടാൽ
എന്തു സംഭവിക്കുമെന്നറിയാൻ...
അതെന്നെ നോക്കി പറഞ്ഞുവെന്നാവാം:
അപായം പറ്റാതെ മടങ്ങിപ്പോകൂ...
ഈ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയും ചെയ്തു,
കാണാൻ പറ്റാത്തതിനെ കാണാൻ,
കൊടുംഗർത്തത്തിന്റെ ആഴമളക്കാൻ.