2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

റമോൺ ഗോമസ് ഡി ല സെർന - ഗ്രിഗെറിയ

de la Serna


റമോൺ ഗോമസ് ഡി ല സെർന Ramon Gomes de la Serna (1888-1963) അർജ്ജന്റീനയിൽ ജനിച്ചസ്പാനിഷ് എഴുത്തുകാരൻ. ജീവചരിത്രങ്ങളും നോവലുകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും ഗ്രിഗെറിയ (greguería) എന്ന അതിഹ്രസ്വകവിതാരൂപത്തിന്റെ പേരിലാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. ഹാസ്യം+രൂപകം = ഗ്രിഗെറിയ എന്നാണ്‌ 1910ൽ താൻ കണ്ടുപിടിച്ച ഈ പുതിയ കവിതയെ അദ്ദേഹം നിർവചിക്കുന്നത്. ഉദാ: മരങ്ങൾ വിസിറ്റിംഗ് കാർഡും പിടിച്ചു നില്ക്കുന്നത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ മാത്രമാണ്‌. ഈ ഒറ്റവരിക്കവിതകൾ മിക്കതും ഗഹനമായ ഏതെങ്കിലും ജീവിതതത്ത്വങ്ങൾ പ്രതിപാദിക്കുന്നവയല്ല, അങ്ങനെയൊരു ലക്ഷ്യവും അവയ്ക്കില്ല. നിത്യജീവിതസന്ദർഭങ്ങളുടെ ഹാസ്യാത്മകനിരീക്ഷണങ്ങൾ, വാക്കുകളും വസ്തുക്കളും ആശയങ്ങളും തോന്നുമ്പടി ചേർത്തുവയ്ക്കുമ്പോൾ ജനിക്കുന്ന പുതുമകൾ, സാധാരണയുക്തിയെ തിരിച്ചിടൽ ഇതൊക്കെയാണ്‌ ‘ചെകുത്താൻ തുമ്മുമ്പോൾ തെറിക്കുന്ന ഈ തീപ്പൊരികൾ.’


finger

*
അങ്ങു മുകളിൽ നക്ഷത്രങ്ങൾക്കിടയിൽ ഒരു രാപ്പാടി പോലുമില്ല.
*
ഒരു നടത്തം കഴിഞ്ഞു മടങ്ങുന്ന pയാണ്‌ q.
*
പട്ടുതൂവാലയെന്നത് ഒരാശ്ളേഷത്തിന്റെ യാത്രാമൊഴിയാണ്‌.
*
രാത്രിയിൽ ഏകാന്തമായൊരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ നമുക്കൊപ്പം രണ്ടു സ്ത്രീകൾ: കൂടെയിരിക്കുന്നവളും ജനാലച്ചില്ലിൽ പ്രതിഫലിക്കുന്നവളും.
*
ജയിൽ കടന്നുപോകുമ്പോൾ നമുക്കു തോന്നിപ്പോകുന്നു, നമ്മുടെ നിഴൽ - നമ്മുടെ നിഴലുകളിൽ ഒന്ന്- അതിനുള്ളിലെ സെല്ലിലേതിലോ ഉണ്ടെന്ന്.
*
എത്ര ദാരുണമാണത്! അവളുടെ കൈകൾക്കു പ്രായമേറി, വളകളതേപോലെയും.
*
പിടിക്കാനേറ്റവും ബുദ്ധിമുട്ടുള്ള മീനാണ്‌ കുളിത്തൊട്ടിയില്‍ നീന്തുന്ന സോപ്പ്.
*
ഒരു സ്ത്രീ രണ്ടു പേർക്ക് ഫ്രൂട്ട് സലാഡ് ഓർഡർ ചെയ്യുമ്പോൾ ആദിപാപത്തെ പരിപൂര്‍ണ്ണതയിലെത്തിക്കുകയാണവള്‍.
*
പറക്കാൻ നൂറിലേറെ ചിറകുള്ള പക്ഷിയാണ്‌ പുസ്തകം.
*
മരണത്തിന്റെ ചുംബനമാണ്‌ മടുപ്പ്.ramon-libros
*

നമ്മൾ ഡോക്ടർമാരാണെന്നു കരുതിയിട്ടാണോ നായ്ക്കൾ നമ്മെ കാണുമ്പോൾ നാക്കു നീട്ടുന്നത്?
*
പിയാനോക്കട കണ്ടാൽ സംഗീതത്തിന്റെ ശവമുറി പോലെ.
*
തൊപ്പി നിങ്ങളുടെ കുപ്പായത്തിന്റെ തലയാണ്‌ .
*
കാറ്റിനെ പിടിക്കുന്നത് നക്ഷത്രങ്ങളെ തൊടുന്നതു പോലെയാണ്‌.
*
നീലിച്ച കണ്ണിമകൾക്കിടയിൽ രാത്രി.
*
ഇല പൊഴിയും കാലത്ത് പഴുക്കിലകൾക്കൊപ്പം പൂമ്പാറ്റകളും പുറത്തുവരുന്നു, ഒരേ കാറ്റിലവ പാറിപ്പോവുകയും ചെയ്യുന്നു.
*
കുറേ നേരം കഴിഞ്ഞാൽ ടൈപ്പ്റൈറ്ററിന്റെ ശബ്ദം ചിന്തകളിൽ ചരലു വിതറുന്നപോലെയാണ്‌.
*

ഓരോ കണ്ണാടിക്കു പിന്നിലും ഒരു ഫോട്ടോഗ്രാഫർ പമ്മിയിരുപ്പുണ്ട്.
*
പൂക്കളുടെ മണം ഒരു മാറ്റൊലിയാണ്‌.lying-down
*
വെളുത്തുള്ളിയുടെ അല്ലികൾ: മന്ത്രവാദിനിയുടെ പല്ലുകൾ.
*
മറക്കാൻ നമ്മൾ കൂടുതൽ കാലമെടുക്കണം, എങ്കിൽ കൂടുതൽ കാലം നാം ജീവിക്കും.
*
വാക്കുകൾ വസ്തുക്കളുടെ അസ്ഥികൂടങ്ങളാണ്‌, അതിനാൽ വസ്തുക്കളേക്കാൾ ആയുസ്സും അവയ്ക്കുണ്ട്.
*
കടലിന്റെ കൈയുറകളാണ്‌ കിനാവള്ളികൾ.
*
ചന്ദ്രൻ ചിറയിൽ എന്തു ചെയ്യുന്നു? അത് മുഖം കഴുകുന്നു.
*
മഴ പെയ്യുമ്പോൾ നമുക്കു വിഷാദം തോന്നുന്നത് നാം മീനുകളായിരുന്ന ഒരു കാലം അതു നമ്മെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ്‌.
*
ഇടിവെട്ടിപ്പെയ്യുന്ന മഴ നമ്മളുടെ ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസത്തിന്റെ പുനരവതരണമാണ്‌.
*
ഒരു ഡ്രൈക്ളീനറുടെ നിയോൺ പരസ്യമാണ്‌ മഴവില്ല്.
*
പൊടി നിറയെ പണ്ടത്തെ തുമ്മലുകളാണ്‌. ramon-on-swing
*
കൊളുത്തില്ലാത്ത നെക്ലസ്സാണ്‌ ആശ്ളേഷം.
*
ചില മുഷിഞ്ഞ ആകാശങ്ങൾ കണ്ടാൽ ചിത്രകാരന്മാർ ബ്രഷ് വൃത്തിയാക്കിയത് അതിലാണെന്നപോലെ.
*
അക്ഷരമാലയുടെ വയ്പുപല്ലാണ്‌ കീബോഡ്.
*
പ്രകൃതിയിൽ വിഷാദമേയുള്ളു. ഒരു മരത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ?
*
കടലിന്റെ ചപ്ലാങ്കട്ടകളാണ്‌ കക്കകൾ.
*
ഭിക്ഷയ്ക്കു കൈ നീട്ടുന്ന അന്ധനായ ഭിക്ഷക്കാരനാണ്‌ ഏതു പ്രതിമയും.
*
കടൽ ഏതു നേരവും കരയുടെ മുഖത്ത് തൊട്ടിക്കണക്കിനു വെള്ളമെടുത്തൊഴിക്കുകയാണ്‌, അതിനു ബോധം വരാൻ.
*
എല്ലാ ശവക്കുഴിയിലും ഒരു ടൈംപീസുണ്ട്, അന്ത്യവിധിയുടെ നാളിൽ അതിന്റെ അലാറമടിക്കും.
*
സാന്ത്വനം നല്കുന്ന ചിന്ത: പുഴുക്കളും മരിക്കും.
*
സൈക്കിളിന്റെ ഏറ്റവും സുന്ദരമായ സംഗതി അതിന്റെ നിഴലാണ്‌.
*
ചാട്ടവാർ ദുഷ്പ്രഭുവിന്റെ കൈയൊപ്പ് വായുവിൽ വരച്ചിടുന്നു.
*
പാടങ്ങളിൽ വിഷാദം വിതയ്ക്കുന്നുവെന്നൊരു ഗുണമേയുള്ളു, തീവണ്ടികളുടെ ചൂളം വിളിക്ക്.
*
ഇവിടെ നിന്നവിടേയ്ക്ക് എത്ര പടവുകളുണ്ടെന്നെണ്ണിയാൽ നാമവിടെ എത്തുക തന്നെയില്ല.
*
ജലത്തിന്‌ ഓർമ്മയെന്നതില്ല; അതിനാലാണ്‌ അതിത്ര തെളിഞ്ഞിരിക്കുന്നതും.
*
കള്ളന്മാരെപ്പോലെ നാം വീടിന്റെ വാതിൽ തുറക്കുന്നു, കുറ്റാന്വേഷകരെപ്പോലെ ഉള്ളിൽ കയറുന്നു
*
നമുക്കൊരാൾ ഒരു കുട കടം തരുമ്പോഴാണ്‌ നമ്മുടെ വിധിയുടെ പാതകൾ ആകെ കെട്ടുപിണഞ്ഞുപോകുന്നത്.
*
ലോകത്ത് സോസറുകൾ ഏറെയാണ്‌, കപ്പുകൾ കുറവും.
*
മഴയിൽ ഒരുപാടച്ചടക്കമുണ്ട്.self-mirror
*

ഇടിമുഴക്കം: ആകാശത്തിന്റെ കോണിപ്പടിയിൽ ഒരിരുമ്പുപെട്ടി വീണത്.
*
ആ മനുഷ്യന്‌ ഒരു ടിക്കുണ്ടായിരുന്നു, എന്നാലൊരു ടോക്കിന്റെ കുറവുമുണ്ടായിരുന്നു; അതുകൊണ്ടാണയാൾ  ഒരു ക്ളോക്കാകാതെപോയതും.
*
നമ്മുടെ ഗ്ലാസ്സ് നിറഞ്ഞതല്ലെന്നതു കാര്യമാക്കേണ്ട; കുപ്പി നിറഞ്ഞതായിരിക്കുക എന്നതാണ്‌ പ്രധാനം.
*
ജീവിതത്തിൽ പ്രധാനപ്പെട്ടത് മരിക്കാതിരിക്കുക എന്നതാണ്‌.
*
ജനിച്ചപ്പോൾ നാം വിഴുങ്ങിയ ചൂരൽവടിയാണ്‌ തണ്ടെല്ല്.
*
ആദാമിന്റെ വാരിയെല്ലിൽ നിന്നാണ്‌ ഹവ്വ ഉണ്ടായത്; ഹവ്വ പിന്നീടത് പലിശ സഹിതം തിരിച്ചുകൊടുത്തു, കുട്ടികളുടെ രൂപത്തിൽ.
*
നിങ്ങൾക്കറിയില്ലേ, പാകത്തിനു വെന്തുകഴിഞ്ഞാൽ കോഴിയിറച്ചിക്കു വയലിന്റെ നിറമാണ്‌.
*
ഒരു ബാങ്കിലുള്ള ഡോളറിനെക്കാൾ കൂടുതലാണ്‌ ഒരു നോട്ടിലുള്ള രോഗാണുക്കൾ.
*
ടൂത്ത് പേസ്റ്റ് പോലെ ഒരു ശലഭപ്പുഴു.
*
രാപ്പാടിയുടെ പാട്ടു നാം ശരിക്കും ആസ്വദിക്കാറില്ല, കാരണം, പാടുന്നതു രാപ്പാടിയാണോയെന്ന് നമുക്കെപ്പോഴും സംശയമാണ്‌.
*
ഒരേസമയം നാവികനും വൈമാനികനുമാണ്‌, കടലിനു മേൽ ചന്ദ്രൻ.

*loveseat

ചക്രവാളത്തിലെ ചന്ദ്രനല്ല, അംബരചുംബികളുടെ ചന്ദ്രൻ.
*
ഒരു ഗ്ലാസ്സ് വിസ്ക്കിയിൽ ഐസ്കട്ട മയങ്ങുന്നു, ആടിന്റെ പളുങ്കുമണി പോലെ.
*
ആകാശത്തെ വേട്ടനായ്ക്കളാണ്‌ പ്രാപ്പിടിയന്മാർ.
*
കടുവയുടെ ചർമ്മത്തിലുണ്ട്, അവന്റെ രോഷത്തിന്റെ കുടിലദുർഗ്ഗം.
*


സ്കെച്ചുകൾ കവി തന്നെ വരച്ചത്