2021, ജൂൺ 5, ശനിയാഴ്‌ച

മുരീദ് ബർഗൂസി- കവിതകൾ

 

തലയിണ


തലയിണ പറഞ്ഞു:

നീണ്ട പകലിനൊടുവിൽ
എനിക്കേ അറിയൂ,
ആത്മവിശ്വാസമുറ്റവന്റെ ആശയക്കുഴപ്പം,
കന്യാസ്ത്രീയുടെ ആസക്തി,
സ്വേച്ഛാധിപതിയുടെ കണ്ണിമയുടെ നേർത്ത വിറ,
ഉപദേശിയുടെ വഷളത്തരം,
പാറിവീണ തീപ്പൊരികൾ കനലായിത്തിളങ്ങുന്ന
ഊഷ്മളമായ ഒരുടലിനായി
ആത്മാവിന്റെ ദാഹം.
എനിക്കേ അറിയൂ,
ഗൗനിക്കപ്പെടാതെപോകുന്ന കൊച്ചുകാര്യങ്ങളുടെ പെരുമ;
എനിക്കേ അറിയൂ,
പരാജിതന്റെ കുലീനത,
വിജയിയുടെ ഏകാന്തത,
ഒരാഗ്രഹം സാധിച്ചുകിട്ടുമ്പോൾ തോന്നുന്ന
മൂഢമായ നിർവ്വികാരതയും.
***

 

എനിക്കൊരു കുഴപ്പവുമില്ല

ഞാൻ എന്നെത്തന്നെ നോക്കുന്നു
എനിക്കൊരു കുഴപ്പവുമില്ല
കാഴ്ച്ചയിൽ എനിക്കൊരു പ്രശ്നവുമില്ല
ചില ചെറുപ്പക്കാരികൾക്കാവട്ടെ,
എന്റെ നരച്ച മുടിയോട്
ഒരാകർഷണം തോന്നിയെന്നും വരാം,
എന്റെ കണ്ണടകൾ നല്ലതരമാണ്‌,
എന്റെ ശരീരോഷ്മാവ് കൃത്യം മുപ്പത്തേഴാണ്‌,
എന്റെ ഷർട്ട് ഇസ്തിരിയിട്ടതാണ്‌,
എന്റെ ചെരുപ്പുകൾ പാകത്തിനുമാണ്‌,
എനിക്കൊരു കുഴപ്പവുമില്ല.
എന്റെ കൈകളിൽ വിലങ്ങുകളില്ല,
എന്റെ നാവിനിനിയും പൂട്ടു വീണിട്ടില്ല,
ഇതേവരെ എനിക്കു ശിക്ഷകളൊന്നും കിട്ടിയിട്ടില്ല,
എന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിട്ടുമില്ല.
എനിക്കെന്റെ ബന്ധുക്കളെ ജയിലിൽ പോയി കാണാൻ അനുവാദമുണ്ട്,
ചില രാജ്യങ്ങളിൽ അവരുടെ ശവമാടങ്ങൾ സന്ദർശിക്കാൻ അനുവാദമുണ്ട്,
എനിക്കൊരു കുഴപ്പവുമില്ല.
എന്റെ കൂട്ടുകാരനു തലയിൽ കൊമ്പു മുളച്ചിരിക്കുന്നതു കാണുമ്പോൾ
എനിക്കു നടുക്കം തോന്നുന്നില്ല,
തെളിഞ്ഞുകാണാവുന്ന വാൽ ഉടുപ്പിനടിയിലൊളിപ്പിക്കാൻ
അവനുള്ള മിടുക്കെനിക്കിഷ്ടമാണ്‌,
പുറമേ ശാന്തമായ അവന്റെ കൈപ്പത്തികളും എനിക്കിഷ്ടമാണ്‌,
അവനെന്നെ കൊന്നുവെന്നു വന്നേക്കാം,
എന്നാലും ഞാനവനു മാപ്പു കൊടുക്കും,
അവനെന്റെ കൂട്ടുകാരനാണല്ലോ,
ഇടയ്ക്കൊക്കെ അവനെന്നെ മുറിപ്പെടുത്തിക്കോട്ടെ,
എനിക്കൊരു കുഴപ്പവുമില്ല.
ടെലിവിഷൻ അവതാരകയുടെ ചിരി കാണുമ്പോൾ
എനിക്കിപ്പോൾ മനംപുരട്ടൽ വരാറില്ല.
എന്റെ നിറങ്ങളെ കാക്കി തടഞ്ഞുനിർത്തുന്നത്
എനിക്കിപ്പോൾ പരിചയമായിക്കഴിഞ്ഞു,
അതുകൊണ്ടാണ്‌ നീന്തൽക്കുളത്തിൽ പോലും
ഞാൻ ഐഡിക്കാർഡ് കൂടെക്കൊണ്ടുനടക്കുന്നത്,
എനിക്കൊരു കുഴപ്പവുമില്ല.
ഇന്നലെ എന്റെ സ്വപ്നങ്ങൾ ഒരു രാത്രിവണ്ടിയിൽ കയറിപ്പോയി,
അവരോടെങ്ങനെ യാത്ര പറയണമെന്ന്
എനിക്കറിവുണ്ടായില്ല,
ഊഷരമായൊരു താഴ്വരയിൽ
ട്രെയിൻ അപകടത്തിൽ പെട്ടുവെന്നു ഞാൻ കേട്ടു,
(ഡ്രൈവർ മാത്രമേ ജീവനോടെ ശേഷിച്ചുള്ളുവത്രെ)
ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു,
ഞാനതു കാര്യമായിട്ടെടുക്കുകയും ചെയ്തില്ല,
ചെറിയ പേടിസ്വപ്നങ്ങൾ ചിലതെനിക്കു ബാക്കിയുണ്ടല്ലോ,
അവ കൂറ്റൻ സ്വപ്നങ്ങളായി വിടരുമെന്നെനിക്കു മോഹിക്കാമല്ലോ,
എനിക്കൊരു കുഴപ്പവുമില്ല.
ഞാൻ എന്നെത്തന്നെ നോക്കുന്നു,
ജനിച്ച നാൾ മുതൽ ഇന്നാൾ വരെ.
നൈരാശ്യത്തിന്റെ നെറുകയിലിരുന്നു ഞാനോർക്കുന്നു,
മരണത്തിനു ശേഷവും ജീവിതമുണ്ടല്ലോ,
മരണത്തിനു ശേഷവും ജീവിതമുണ്ട്,
അതിനാൽ എനിക്കൊരു കുഴപ്പവുമില്ല.
എന്നാലും ഞാൻ ചോദിക്കുകയാണ്‌,
എന്റെ ദൈവമേ,
മരണത്തിനു മുമ്പൊരു ജീവിതമുണ്ടോ?
***

 

വ്യാഖ്യാനങ്ങൾ


ഒരു കവി കാപ്പിക്കടയിലിരുന്ന് എഴുതുകയാണ്‌,

പ്രായം ചെന്ന സ്ത്രീ കരുതുന്നു,
അയാൾ അമ്മയ്ക്കൊരു കത്തെഴുതുകയാണെന്ന്,
ചെറുപ്പക്കാരി കരുതുന്നു,
അയാൾ തന്റെ കാമുകിക്കൊരു കത്തെഴുതുകയാണെന്ന്,
കുട്ടി കരുതുന്നു,
അയാൾ എന്തോ വരയ്ക്കുകയാണെന്ന്,
ബിസിനസ്സുകാരൻ കരുതുന്നു,
അയാളേതോ ഇടപാടിന്റെ ലാഭനഷ്ടങ്ങൾ കണക്കു കൂട്ടുകയാണെന്ന്,
വിനോദസഞ്ചാരി കരുതുന്നു,
അയാളൊരു പോസ്റ്റ് കാർഡിൽ വിലാസമെഴുതുകയാണെന്ന്,
ജോലിക്കാരൻ കരുതുന്നു,
അയാൾ തന്റെ കടങ്ങളുടെ കണക്കെടുക്കുകയാണെന്ന്,
രഹസ്യപ്പോലീസുകാരൻ
അയാൾക്കടുത്തേക്കു സാവധാനം നടന്നുചെല്ലുന്നു.
***

 

കരുണയില്ലാതെ


ഒരു മധുരസംഗീതം നിങ്ങൾ കേൾക്കുന്നുണ്ട്,

എന്നാൽ നിങ്ങളെ ആശ്വസിപ്പിക്കാൻ ആ മാധുര്യത്തിനാവുന്നില്ല.
കാലം നിങ്ങളെ പഠിപ്പിച്ചതിതാണ്‌:
നീണ്ടുനീണ്ടുപോകുന്ന ഏതു യുദ്ധത്തിലുമുണ്ടാവും,
പതറിയ മുഖവും നിരയൊത്ത പല്ലുകളുമുള്ള ഒരു പട്ടാളക്കാരൻ,
ഒച്ച തെളിഞ്ഞ ഒരു ഹാർമോണിക്കയുമായി
അയാൾ ടെന്റിനു പുറത്തു വന്നിരിക്കുന്നു,
പൊടിയും ചോരയും പറ്റാതെ അയാൾ കാത്തുസൂക്ഷിക്കുന്നതാണതിനെ,
ഈ സംഘർഷത്തിലൊന്നും പങ്കില്ലാത്ത ഒരു കിളിയെപ്പോലെ
കള്ളം പറയാത്ത ഒരു പ്രണയഗാനം
അയാളതിൽ വായിക്കുന്നു.
ഒരു നിമിഷം അയാളൊന്നന്ധാളിക്കുന്നു,
നിലാവിനെന്തു തോന്നും,
നരകത്തിൽ ഹാർമോണിക്ക കൊണ്ടെന്തു കാര്യം?
ഒരു നിഴൽ വന്നടുക്കുന്നു,
പിന്നെ വേറെയും നിഴലുകൾ,
അയാളുടെ കൂട്ടത്തിലുള്ള പട്ടാളക്കാരാണവർ,
അവർ അയാളുടെ പാട്ടിൽ പങ്കുചേരുന്നു,
പാട്ടുകാരൻ റെജിമെന്റിനെയൊന്നാകെ
റോമിയോയുടെ ബാല്ക്കണിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു,
പിന്നവിടെ നിന്ന്,
കരുണയില്ലാതെ,
സംശയങ്ങളില്ലാതെ,
അവർ കൊല തുടരുകയും ചെയ്യും!
***

 

പലസ്തീൻ കവി മുരീദ് ബർഗൂസി Mourid Barghouti 1944ൽ റമള്ളയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ജനിച്ചു. പഠിക്കാനായി കെയ്റോയിൽ പോയ ബർഗൂസിക്ക് പിന്നീട് സ്വദേശത്തേക്കു മടങ്ങാൻ കഴിഞ്ഞില്ല; അപ്പോഴേക്കും ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവിൽ മുപ്പതുകൊല്ലത്തിനു ശേഷം 1996ലാണ്‌ അദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. ആ മടക്കത്തിന്റെ അനുഭവങ്ങളാണ്‌ പ്രശ്സ്തമായ “ഞാൻ റമള്ള കണ്ടു” എന്ന ആത്മകഥാപരമായ നോവൽ.

അഭിപ്രായങ്ങളൊന്നുമില്ല: