2024, മാർച്ച് 17, ഞായറാഴ്‌ച

വ്ളാദിമിർ ഹോലാൻ - കവിതകൾ




വ്ളാദിമിർ ഹോലാൻ Vladimir Holan(1905-1980) - പ്രാഗിൽ ജനിച്ച ചെക്കോസ്ലോവാക്ക്യൻ കവി. അറുപതുകളിൽ നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു.

ഹൊലാന്റെ കാവ്യലോകം ഇരുളടഞ്ഞതും വിഷണ്ണവും അദൃശ്യസാന്നിദ്ധ്യങ്ങൾ കുടിയേറിയതുമാണ്‌. മരണം ആവർത്തിച്ചുവരുന്ന പ്രമേയമാണ്‌. മനുഷ്യഭാഷയുടെ പരിമിതികൾ അദ്ദേഹം നന്നായറിഞ്ഞിരിക്കുന്നു. ഏകാകികതയെ ഇത്ര തീവ്രതയോടെ ചിത്രീകരിച്ച മറ്റൊരു ആധുനികകവി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കവിതയിൽ മനുഷ്യൻ പറുദീസയിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവനാണ്‌; അതിന്റെ വേദന ലോകാവസാനത്തോളം അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ്‌. തനിക്കു നഷ്ടപ്പെട്ട നിഷ്കളങ്കത വീണ്ടെടുക്കാൻ അവൻ നടത്തുന്ന യത്നങ്ങളാണ്‌ അദ്ദേഹത്തിന്റെ പ്രധാനവിഷയം. മറ്റൊരു പ്രമേയമാണ്‌ അമ്മയും കുഞ്ഞും: അതിവൈകാരികത തീണ്ടാത്ത മാതൃസ്നേഹത്തിന്റെ ലാളിത്യവും കുഞ്ഞുങ്ങളുടെ പുതുമ നിറഞ്ഞ ലോകവും. പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും ദേവകളായി ഹോലാൻ കണുന്നതിവരെയാണ്‌.

അവസാനത്തേത്


അവസാനത്തെ ഇല മരത്തിൽ നിന്നു വിറയ്ക്കുന്നു,
അതിനു നന്നായറിയാം, ഇളക്കമില്ലാതുറപ്പില്ലെന്ന്.
ഞാൻ വിറയ്ക്കുന്നു, ദൈവമേ,
വൈകാതെ ഞാൻ മരിക്കുമെന്നെനിക്കു തോന്നുന്നതിനാൽ,
ഉറപ്പെനിക്കു വേണമെന്നതിനാൽ.
എല്ലാ മരത്തിൽ നിന്നും അവസാനത്തെ ഇല പതിക്കുന്നു,
മണ്ണിനെ വിശ്വസിക്കാമെന്നതിനറിയാം.
എല്ലാ മനുഷ്യരിൽ നിന്നും അവസാനത്തെ നാട്യവും കൊഴിഞ്ഞുവീഴുന്നു,
അനാർഭാടമാണല്ലോ ശവമുറിയുടെ തറപ്പലക.
ഇലയ്ക്കു, ദൈവമേ, നിന്നോടൊന്നും ചോദിക്കാനില്ല,
നീ അതിനെ വളർത്തി, അതു നിന്റെ കൈകളെ മലിനമാക്കിയുമില്ല.
പക്ഷേ ഞാൻ...

പൈൻ

എത്ര മനോഹരമാണത്,
നിന്റെ ബാല്യത്തിന്റെ കുന്നിൻപുറത്തെ
വൃദ്ധനായ വെളുത്ത പൈന്മരം;
ഇന്നു നീയതിനെ കാണാൻ പോയിരുന്നു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ
നിന്റെ പരേതരെ നിനക്കോർമ്മ വന്നു,
എന്നാണു തന്റെ ഊഴമെന്നു നീ മനസ്സിൽ പറയുകയും ചെയ്തു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ നിനക്കു തോന്നി,
തന്റെ അവസാനത്തെ പുസ്തകം താൻ എഴുതിക്കഴിഞ്ഞുവെന്ന്,
ഇനി മൌനിയായി തേങ്ങിക്കരയുക, വാക്കുകൾക്കു വളരാനെന്ന്.
എന്തു ജീവിതമാണു നീ ജീവിച്ചത്?
അറിയാത്തതിനായി അറിവുള്ളതിനെ നീ വിട്ടുപോയി.
നിന്റെ വിധി? അതൊരിക്കൽ നിന്നെ നോക്കി പുഞ്ചിരിച്ചിരുന്നു,
അന്നു നീ അവിടെയില്ലാതെയും പോയി...

അമ്മ

പ്രായം ചെന്ന അമ്മ നിങ്ങൾക്കായി കിടക്ക വിരിച്ചിടുന്നത്
ഒരിക്കലെങ്കിലും നോക്കിനിന്നിട്ടുണ്ടോ നിങ്ങൾ?
ഒരു ചുളിവു പോലും നിങ്ങളറിയാതിരിക്കാൻ പാകത്തിൽ
വലിച്ചും നീർത്തിയും ചൊരുകിയും വിരിപ്പു മിനുസപ്പെടുത്തുന്നത്?
അത്രയും സ്നേഹനിർഭരമാണവരുടെ നിശ്വാസം,
ആ കൈകളുടെയും കൈത്തലങ്ങളുടെയുമിളക്കം,
പെഴ്സിപ്പൊളീസിൽ പണ്ടെരിഞ്ഞ തീയണച്ചുകൊണ്ടിരിക്കുകയാണിന്നുമവ,
ചീനക്കടലിൽ, പേരറിയാത്ത മറ്റൊരു കടലിലുരുണ്ടുകൂടുന്ന കൊടുങ്കാറ്റിനെ
ശമിപ്പിക്കുകയാണീ നിമിഷത്തിലവ.


ഉയിർത്തെഴുന്നേല്പ്

 

നമ്മുടെ ഈ ജീവിതത്തിനൊടുവിലൊരുനാൾ
കാഹളങ്ങളുടെ പ്രചണ്ഡാരവം കേട്ടു നാമുണരുമെന്നതു ശരിയോ?
എങ്കിൽ പൊറുക്കണേ, ദൈവമേ,
ഞങ്ങൾ മരിച്ചവരുടെ ഉയിർത്തെഴുന്നേല്പുദ്ഘോഷിക്കാൻ
വെറുമൊരു പൂവൻകോഴി കൂവുമെങ്കിൽ
അതു കൊണ്ടു ഞാനാശ്വാസം കണ്ടോളാം.

അല്പനേരം കൂടി ഞങ്ങളങ്ങനെ കിടക്കും...
ആദ്യമെഴുന്നേൽക്കുന്നതമ്മയായിരിക്കും,
അവരടുക്കളയിൽ തീ പൂട്ടുന്നതു ഞങ്ങൾ കേൾക്കും,
അടുപ്പിനു മേൽ ചായപ്പാത്രം കേറ്റിവയ്ക്കുന്നതും,
അലമാരയിൽ നിന്നു ചായക്കപ്പുകളെടുക്കുന്നതും.
വീടിന്റെ സ്വസ്ഥതയിലേക്കു വീണ്ടും ഞങ്ങൾ മടങ്ങും.


കുട്ടി

പാളത്തിൽ ചെവി ചേർത്ത കുട്ടി
തീവണ്ടിക്കു കാതോർക്കുകയാണ്‌.
സർവവ്യാപിയായ സംഗീതത്തിൽ ലയിച്ചിരിക്കെ
കുട്ടി കാര്യമാക്കുന്നതേയില്ല,
തീവണ്ടി വന്നടുക്കുകയാണോ,
അകന്നുപോവുകയാണോയെന്ന്...
നിങ്ങൾ പക്ഷേ, എന്നും ആരെയോ കാത്തുനില്ക്കുകയായിരുന്നു,
ആരിൽ നിന്നോ വേർപെടുകയായിരുന്നു;
ഒടുവിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുമ്പോൾ
നിങ്ങൾ എവിടെയുമെത്തിയിരുന്നില്ല.


അഭിപ്രായങ്ങളൊന്നുമില്ല: