2024, മാർച്ച് 13, ബുധനാഴ്‌ച

വിക്റ്റോർ യുഗോ - കവിതകൾ




ഒരുവൾ


ചക്രവർത്തിയായിരുന്നുവെങ്കിൽ ഞാനടിയറവയ്ക്കുമായിരുന്നു,

എന്റെ സാമ്രാജ്യവുമെന്റെ ചെങ്കോലുമെന്റെ പൊൻകിരീടവും,
എന്റെ സ്വർണ്ണരഥവുമെനിക്കു മുന്നിൽ മുട്ടുകുത്തുന്ന പ്രജകളെയും,
ഒരു കടൽ കവിഞ്ഞുപരക്കുന്നത്രയ്ക്കസംഖ്യമായ നൌകകളും,
-നിന്നിൽ നിന്നൊരേയൊരു കടാക്ഷത്തിനായി.

ദൈവമായിരുന്നു ഞാനെങ്കിൽ ഭൂമിയുമാകാശവുമഗാധസമുദ്രവും,
മാലാഖമാരെയുമെന്റെ ശാസനത്തിനു തലകുനിച്ച പിശാചുക്കളെയും,
ഭൂഗർഭത്തിൽ സ്വർണ്ണച്ചുമരുകൾക്കുള്ളിലെരിയുന്ന ഖനിജങ്ങളും,
നിത്യതയും സ്ഥലരാശിയുമാകാശവും ഗ്രഹങ്ങളും നക്ഷത്രങ്ങളും,
-നിന്നിൽ നിന്നൊരേയൊരു ചുംബനത്തിനായി.
*


രാത്രിയിൽ, എന്റെ മുറിയിൽ...


രാത്രിയിൽ, എന്റെ മുറിയിൽ
മൃതലോകത്തെന്നപോലെ കാറ്റിന്റെ പെരുമാറ്റം;
എങ്ങുമൊരു ശബ്ദമില്ല,
വെളിച്ചത്തിന്റെ തരി പോലുമില്ല.
ഉറങ്ങുന്നവർക്കരികിലൂടെ
നിഴൽരൂപങ്ങളലഞ്ഞുനടക്കുന്നു;
ഞാൻ വെറുമൊരചേതനവസ്തുവാകുന്നു,
എനിക്കരികിലുള്ള വസ്തുക്കൾക്കു ജീവൻ വയ്ക്കുന്നു.
എന്റെ മുറിയുടെ ചുമരിപ്പോൾ
കണ്ണു കാണുന്നൊരു മുഖമായിരിക്കുന്നു;
ധൂസരമായ ആകാശത്തിനെതിരിൽ
നിറം വിളർത്ത രണ്ടു ജനാലകൾ:
മയങ്ങുന്ന എന്നെത്തന്നെ
നോക്കിനില്ക്കുന്ന കണ്ണുകൾ.
*


മായക്കാഴ്ച്ച


തലയ്ക്കു മേലൊരു വെണ്മാലാഖ പറന്നുപോകുന്നതു ഞാൻ കണ്ടു;
അതിന്റെ ഉജ്ജ്വലഗമനത്തിൽ കൊടുങ്കാറ്റിന്റെ പ്രചണ്ഡതയൊടുങ്ങി,
വിദൂരസാഗരത്തിൽ തിരപ്പെരുക്കത്തിന്റെ ഗർജ്ജനമടങ്ങി.

‘മാലാഖേ, ഇന്നു രാത്രിയിൽ നീയെന്തിനു വന്നു?’ ഞാൻ ചോദിച്ചു.
‘നിന്റെയാത്മാവിനെ കൊണ്ടുപോകാൻ.’ അതു പറഞ്ഞു.

ഞാൻ നടുങ്ങി- അതിനു സ്ത്രീരൂപമാണെന്നു ഞാൻ കണ്ടു.
കാതരനായി, കൈ രണ്ടും നീട്ടി ഞാൻ പിന്നെ ചോദിച്ചു:
‘നീ പോയിക്കഴിഞ്ഞാൽ പിന്നെന്തു ശേഷിക്കും?’

അതൊന്നും മിണ്ടിയില്ല; ആകാശമിരുണ്ടുകൂടുകയായിരുന്നു.
‘എന്റെ ആത്മാവിനെ നീ എടുക്കുകയാണെങ്കിൽ,’ ഞാൻ കരഞ്ഞു,
‘എവിടെയ്ക്കാണു നീയതിനെ കൊണ്ടുപോവുക? പറയൂ!’

അപ്പോഴും അതൊന്നും മിണ്ടിയില്ല. ‘സ്വർഗ്ഗീയസഞ്ചാരീ,’
ഞാൻ ചോദിച്ചു, ‘നീ മരണമാണോ?- അതോ ജീവിതമോ?’

മന്ത്രമുഗ്ധമായ എന്റെ ആത്മാവിനു മേൽ സൂര്യവെളിച്ചമണഞ്ഞു;
തിരിഞ്ഞുനോക്കിക്കൊണ്ടു മാലാഖ പറഞ്ഞു: ‘ഞാൻ പ്രണയം.’

പകലിനെക്കാൾ സുന്ദരമായിരുന്നു പക്ഷേ, ആ ഇരുണ്ട നെറ്റിത്തടം,
വിഷാദഭരിതമെങ്കിലും കണ്ണുകൾ പ്രദീപ്തബിന്ദുക്കളായിരുന്നു,
അതിന്റെ തൂവലുകൾക്കിടയിലൂടെ നക്ഷത്രങ്ങളെയും ഞാൻ കണ്ടു.
*

ഒരു സഞ്ചാരിയോട്


സഞ്ചാരീ, രാത്രിയിൽ തെരുവുകൾ നിലയ്ക്കാതെ മാറ്റൊലിക്കുമ്പോൾ,
പേടിച്ചും വിറച്ചും നിന്റെ നായ നിന്റെ കാലടികൾ പിന്തുടരുമ്പോൾ,
പകലെരിഞ്ഞടങ്ങിയ നേരത്തെന്തിനു നീയിറങ്ങിത്തിരിക്കണം?
നിനക്കു വഴങ്ങിയ കുതിരക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

നിനക്കു പേടിയില്ലേ, ഇരുട്ടു കനത്ത രാത്രിയിൽ നിനക്കെതിരേ വരാം,
അരപ്പട്ടയിൽ കുറുവാളുമായി ദീർഘകായനൊരു കവർച്ചക്കാരനെന്ന്?
പോകും വഴിയിലൊരു കിഴവൻ ചെന്നായ പിന്നാലെ പാഞ്ഞെത്താമെന്ന്,
നിന്റെ കുതിരയുടെ കുളമ്പടി പാറിക്കുന്ന തീപ്പൊരികൾ കാര്യമാക്കാതെ
ഒറ്റക്കുതിപ്പെടുത്തവൻ നിന്നെ ജീനിയിൽ നിന്നു തള്ളിത്താഴെയിടാമെന്ന്,
നിന്റെയിരുണ്ട ചോരയിലവൻ തന്റെ പതയ്ക്കുന്ന പല്ലുകളാഴ്ത്താമെന്ന്?

പണ്ടുകാലത്തെന്ന പോലീയശുഭനേരത്തൊരു പൊട്ടിച്ചൂട്ടു മിന്നിയാലോ,
നിന്റെ കാലടികളെയതകലെയ്ക്കകലെയ്ക്കു നയിച്ചുകൊണ്ടുപോയാലോ?
വാൻകോഴികളും ചില്ലുജാലകങ്ങളും മിനുങ്ങുന്നൊരു മായക്കൊട്ടാരത്തിൽ
ഒരതിശയവെളിച്ചത്തിന്റെ വശ്യത്തിനു നീ നിത്യത്തടവുകാരനായാലോ?

ദുർമന്ത്രവാദിനികളൊരുമിക്കുന്ന വിഷച്ചതുപ്പുകൾ നിനക്കു പേടിയില്ലേ?
ദൈവശാപമേറ്റ മേടകളിൽ, സാത്താന്റെ കോയ്മയ്ക്കു കീഴിൽ,
ഓളിയിടുന്ന കൂളികളവിടെ മരണനൃത്തം ചവിട്ടാനെത്തില്ലേ?
ആ നരകമേടകളുടെ വിചിത്രചരിത്രം നിനക്കുമറിവുള്ളതല്ലേ:
പകലുനേരത്തവയിലധിവാസത്തിന്റെ ലക്ഷണമേയുണ്ടാവില്ല;
ഇരുളുമ്പോൾ പിന്നെ, ജനാലച്ചില്ലുകളൊന്നൊന്നായി തിളങ്ങുകയായി.

ഏകാകിയായ രാത്രിസഞ്ചാരീ, വിറളി പിടിച്ചു പായുന്നവനേ,
പേടിച്ചും വിറച്ചും നിന്റെ നായ നിനക്കനുയാത്ര ചെയ്യുമ്പോൾ,
പകലെരിഞ്ഞടങ്ങുമ്പോൾ, നിദ്ര നിന്നെ മാടിവിളിക്കുമ്പോൾ,
നിനക്കു വഴങ്ങിയ കുതിരയ്ക്കു മേലിത്ര വൈകി നീയെവിടെയ്ക്കു പോകുന്നു?

*


നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ...


നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ
നീയെന്നെക്കാത്തിരിക്കുമിടത്തേക്കു ഞാൻ യാത്രയാകും.
കാടുകൾ ഞാൻ കടക്കും, കുന്നുകൾ കയറി ഞാൻ പോകും.
ഇനിയും നിന്നിൽ നിന്നകന്നുകഴിയാനെനിക്കാവില്ല.

ഉള്ളിലുള്ളതല്ലാതൊന്നുമെന്റെ കണ്ണുകൾ കാണില്ല,
നടക്കുമ്പോളൊരു ശബ്ദവുമെന്റെ കാതുകൾ കേൾക്കില്ല.
ഏകാകിയായി, അജ്ഞാതനായി, കുനിഞ്ഞും കൈകൾ പിണച്ചും
വിഷാദിച്ചു നടക്കുമ്പോൾ പകലുമെനിക്കു രാത്രിയാകും.

പൊന്നു പോലന്തിയുരുകുന്നതെന്റെ കണ്ണുകൾ കാണില്ല,
അകലെ തുറയടുക്കുന്ന കപ്പല്പായകൾ ഞാൻ കാണില്ല.
അവിടെയെത്തുമ്പോൾ നിന്റെ കുഴിമാടത്തിൽ ഞാനർപ്പിക്കും,
പന്നലിലകളും മണിപ്പൂക്കളും കൊണ്ടൊരു പുഷ്പചക്രം.



1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

എല്ലാം നന്നായിട്ടുണ്ട്. 'സ്വർഗ്ഗീയസഞ്ചാരി' നല്ല പ്രയോഗം.