2019, ജൂൺ 30, ഞായറാഴ്‌ച

പുഷ്കിൻ - കവിതകൾ





റഷ്യൻ ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരൻ അലക്സാണ്ടർ പുഷ്കിൻ ജനിച്ചിട്ട് ഇന്ന് 223 കൊല്ലമാകുന്നു. 1799 ജൂൺ 5ന്‌ മോസ്ക്കോയിലെ ഏറ്റവും പഴക്കം ചെന്ന പ്രഭുകുടുംബങ്ങളിലൊന്നിൽ ജനിച്ച പുഷ്കിന്റെ പൈതൃകം ആഫ്രിക്കൻ അടിമകളുടേതുകൂടിയാണ്‌. അദ്ദേഹത്തിന്റെ മുത്തശ്ശന്റെ അച്ഛൻ അബ്രാം ഗന്നിബാൾ അബീസീനിയൻ നീഗ്രോ ആയിരുന്നു. ചിത്രങ്ങളിൽ കാണുന്ന പുഷ്കിന്റെ തടിച്ച ചുണ്ടുകളും ചുരുണ്ട മുടിയും ആ വിദൂരപാരമ്പര്യത്തിന്റേതാണ്‌. 


പുഷ്കിൻ റഷ്യൻ ഭാഷ പഠിക്കുന്നത്, അക്കാലത്തെ മിക്ക പ്രഭുകുടുംബങ്ങളിലുമെന്നപോലെ, വീട്ടുപണിക്കാരിൽ നിന്നാണ്‌. ഇരുപത്തൊന്നാമത്തെ വയസ്സിൽ രാഷ്ട്രീയകവിതകളുടെ പേരിൽ അദ്ദേഹത്തെ കാക്കസസ്സിലേക്കും പിന്നീട് ഒഡേസയിലേക്കും നാടുകടത്തി. 1825ലെ പരാജയപ്പെട്ട ഡിസംബർ കലാപത്തിൽ അദ്ദേഹത്തിന്റെ പല സ്നേഹിതന്മാരും പങ്കെടുത്തിരുന്നു; എന്നാൽ പുഷ്കിൻ അതിൽ ഇല്ലായിരുന്നു- അതിനി അദ്ദേഹത്തിന്റെ രക്ഷയ്ക്കു വേണ്ടി അവർ അദ്ദേഹത്തെ ഒഴിവാക്കിയതായിരിക്കാം, അല്ലെങ്കിൽ കലാപത്തിന്റെ വിവരം അദ്ദേഹത്തിൽ നിന്നു ചോർന്നുപോകാം എന്ന് അവർ ഭയന്നതുകൊണ്ടുമാകാം. 1826ൽ അദ്ദേഹത്തിന്‌ പീറ്റേഴ്സ്ബർഗ്ഗിലേക്കു മടങ്ങാനുള്ള അനുവാദം കിട്ടി. കടങ്ങളും തന്റെ സുന്ദരിയായ ഭാര്യ നതാലിയ ഗൊഞ്ചാറോവയെക്കുറിച്ചുള്ള സംശയങ്ങളും അലട്ടിയ കാലമായിരുന്നു അദ്ദേഹത്തിന്റെ അവസാനവർഷങ്ങൾ. നതാലിയയുമായി രഹസ്യബന്ധമുണ്ടായിരുന്ന Georges-Charles d’Anthèsഉമായി 1837 ജനുവരി 29നു നടന്ന ഒരു ദ്വന്ദ്വയുദ്ധത്തിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 


ജർമ്മനിയിൽ ഗയ്ഥേക്കുള്ള സ്ഥാനമാണ്‌ റഷ്യനിൽ പുഷ്കിനുള്ളത് എന്നു പറയാം. റഷ്യനിലെ ഏറ്റവും മഹാനായ കവി മാത്രമല്ല, ആ ഭാഷയിൽ പല സാഹിത്യവിഭാഗങ്ങളും ആദ്യമായി പരീക്ഷിക്കുന്നതും അദ്ദേഹമാണ്‌. ‘യൂജിൻ ഒനേഗിൻ,’ ‘അശ്വാരൂഢന്റെ വെങ്കലപ്രതിമ’ എന്നീ ദീർഘകവിതകളാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകൾ. ‘ബോറിസ് ഗോഡുനോവ്’ റഷ്യൻ ഭാഷയിലെ ആദ്യത്തെ പ്രധാനപ്പെട്ട നാടകമാണ്‌; ‘ഇസ്പേഡ് റാണി,’ ‘കപ്പിത്താന്റെ പുത്രി’ എന്നിവ കഥാസാഹിത്യത്തിലെ ക്ലാസിക്കുകളും. സ്പഷ്ടവും സംക്ഷിപ്തവുമായിരുന്നു അദ്ദേഹത്തിന്റെ ഗദ്യശൈലി. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ “കൃത്യതയും സംക്ഷിപ്തതയുമാണ്‌ ഗദ്യത്തിനു വേണ്ട പ്രധാനപ്പെട്ട ഗുണങ്ങൾ. ചിന്തകൾ, കൂടുതൽ ചിന്തകളാണ്‌ ഗദ്യം ആവശ്യപ്പെടുന്നത്- ചിന്തകളില്ലെങ്കിൽ കണ്ണഞ്ചിക്കുന്ന പ്രയോഗങ്ങൾ കൊണ്ട് ഒരു ഫലവുമില്ല.”




ഗായകൻ


നീ കേട്ടുവോ, രാത്രിയിൽ കാടുകൾക്കുമപ്പുറം
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
പുലർവെളിച്ചം കാത്തു പാടങ്ങൾ മൌനം പൂണ്ടു കിടക്കുമ്പോൾ
ഒരു പുല്ലാങ്കുഴലിന്റെ സരളവും തരളവുമായ ഗാനം-
നീയതു കേട്ടുവോ?

നീ കണ്ടുവോ, കാടിരുളുന്ന രാത്രിയിൽ
പ്രണയത്തെയും ശോകത്തെയും കുറിച്ചു പാടുന്നവനെ?
അവന്റെ കണ്ണീരു നീ കണ്ടുവോ, അവന്റെ പുഞ്ചിരി നീ കണ്ടുവോ,
നിത്യശോകം സ്ഫുരിക്കുന്ന ശാന്തമായൊരു നോട്ടം-
നീയതു കണ്ടുവോ?

നീ നിശ്വസിച്ചുവോ, ഒരു സൌമ്യവിലാപം പോലെ
പ്രണയത്തെയും ശോകത്തെയും കുറിച്ചവൻ പാടുമ്പോൾ?
കാടുകളിലേകനായവനലയുന്നതു കാണുമ്പോൾ,
ഒരുനാളുമാനന്ദമറിയാത്ത കണ്ണുകൾ നിന്റെ മേൽ വീഴുമ്പോൾ-
നീയൊന്നു നിശ്വസിച്ചുവോ?
(1816)

മുന്തിരിപ്പഴങ്ങൾ


ക്ഷണികവസന്തത്തിന്റെ നാളുകളൊടുങ്ങുമ്പോൾ
വാടുന്ന പനിനീർപ്പൂക്കളെച്ചൊല്ലി ഞാൻ ഖേദിക്കയില്ല;
ചരിവുകളിൽ വെയിലു കുടിച്ചു മുതിർക്കുന്ന വള്ളികളിൽ
കുല കുത്തിയ മുന്തിരിപ്പഴങ്ങളോടാണെനിക്കു പ്രിയം.
എന്റെ ദേശത്തിന്റെ മഹിതസമൃദ്ധിയാണവ,
ശരല്ക്കാലദീപ്തിയുടെ പൊൻകുമിളകളാണവ,
സുതാര്യമാണവ, നേർത്തുനീണ്ടവയാണവ,
ഒരു പെൺകിടാവിന്റെ മെല്ലിച്ച വിരലുകൾ പോലെ.

(1820)


എന്റെ അഭിലാഷങ്ങളെ...


എന്റ അഭിലാഷങ്ങളെയൊക്കെയും ഞാനതിജീവിച്ചുകഴിഞ്ഞു,
സ്വപ്നങ്ങളെ താലോലിക്കാതിരിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു
പീഡനാനുഭവമായിരിക്കുന്നു ഇന്നെന്റെ ജീവിതാനുഷ്ഠാനം,
ഹൃദയത്തിനു പെറുക്കാൻ ശേഷിച്ചതുതിർമണികൾ മാത്രവും.
നിശിതമായൊരു ദുർവിധിയുടെ ശീതക്കാറ്റു വീശിയടിച്ചപ്പോൾ
ഞാൻ കൊരുത്ത പൂമാല വാടിക്കൊഴിഞ്ഞുപോയിരിക്കുന്നു;
പിന്നെയും ഞാൻ ജീവിക്കുന്നു, ഏകനായി, പരിത്യക്തനായി,
ഇനിയെന്നാണെന്റെ അവസാനമുണ്ടാവുകയെന്ന ചിന്തയുമായി.
ശിശിരത്തിന്റെ നിർദ്ദയപ്രഹരമേറ്റു പരാജയം സമ്മതിച്ചവൻ,
ഏകൻ, ആരുമോർക്കാത്തവൻ, ജീവിതം കൊണ്ടുതുലച്ചവൻ,
മഞ്ഞുകാലം ചൂളം കുത്തുമ്പോൾ ഞാനിരുന്നു വിറയ്ക്കുന്നു,
ഒരു പടുമരത്തിന്റെ നഗ്നമായ ചില്ലയിൽ ശേഷിച്ചൊരിലയായി.
(1821)

പ്രവാചകൻ 


ഒരന്തർദ്ദാഹത്താലുള്ളുപൊരിഞ്ഞും വലഞ്ഞും
ഒരു മരുപ്പറമ്പിന്റെ മ്ളാനതയിലൂടെ ഞാനലഞ്ഞു.
പാതകൾ കൂടിപ്പിരിയുന്നിടത്തു പിന്നെ ഞാൻ കണ്ടു,
ആറു ചിറകുള്ളവൻ, അഗ്നിമാനൊരു മാലാഖയെ.
ഒരു സ്വപ്നനിദ്ര പോലെ ലോലമായ വിരലുകളാൽ
തൂവൽ പോലെന്റെ കണ്ണുകളിലവനൊന്നു തൊട്ടു;
ഒരു ഗരുഢന്റെ വിസ്മിതനേത്രങ്ങൾ പോലെ
ദീർഘദർശനങ്ങൾക്കായവ മലർക്കെത്തുറന്നു.
കാതിലവന്റെ കൈ തൊടുമ്പോൾ ഞാൻ കേട്ടു,
ഒരു പെരുംകടലലയ്ക്കുന്ന പ്രചണ്ഡാരവങ്ങൾ,
ഭ്രമണപഥങ്ങളിൽ ഗ്രഹങ്ങളുടെ പ്രകമ്പനങ്ങൾ,
മാലാഖമാർ ചിറകെടുക്കുന്ന ഇടിമുഴക്കങ്ങൾ,
അടിക്കടലിളക്കിമറിയ്ക്കുന്ന കടലുരുവങ്ങൾ,
മരച്ചാറിരച്ചുകേറുന്ന വിദൂരവൃക്ഷനിരകൾ.
പിന്നെയെന്റെ മുഖത്തേക്കവൻ കുനിഞ്ഞുനിന്നു,
എന്റെ പാപിഷ്ഠമായ നാവവൻ പിഴുതെടുത്തു,
അതിന്റെ പെരുംനുണകളെ, അലസവാചാലതയെ.
ചോരക്കൈ കൊണ്ടെന്റെ വായവൻ വലിച്ചുകീറി,
ഒരു സർപ്പത്തിന്റെ പിളർനാവുള്ളിലവൻ തിരുകിക്കേറ്റി.
പാളുന്ന വാളെടുത്തെന്റെ നെഞ്ചവൻ വെട്ടിപ്പിളർന്നു,
എന്റെ പിടയ്ക്കുന്ന ഹൃദയമവൻ പറിച്ചെടുത്തു,
എരിയുന്നൊരു കനല്ക്കട്ടയവൻ പകരം വച്ചു.
ആ മരുപ്പറമ്പിലസ്തപ്രജ്ഞനായി ഞാൻ കിടക്കെ
ദൈവകല്പന വിളിച്ചുപറയുന്നതിങ്ങനെ ഞാൻ കേട്ടു:
“എഴുന്നേല്ക്ക, പ്രവാചകാ! കണ്ണും കാതും തുറക്കുക.
എന്റെ ഹിതം നടത്തുക, എനിക്കു സാക്ഷ്യം നില്ക്കുക.
ഇരുളുന്ന കടലും മങ്ങുന്ന കരകളുമലയുക,
ജീവിക്കുന്ന വചനം കൊണ്ടു ഹൃദയങ്ങളെരിക്കുക!“
(1826)

പുഷ്പം 

ഒരു പുസ്തകത്തിന്റെ താളുകൾക്കിടയിൽ
ഒരു പൂവു  ഞാൻ കണ്ടു;
ഉണങ്ങിയും മണം വറ്റിയും
ആരുടെയുമോർമ്മയിലില്ലാതെയും.
വിചിത്രമായൊരു മനോരാജ്യത്തി-
ലെന്റെ മനസ്സലയുകയായി.
അതു വിടർന്നുനിന്നതെവിടെ?
എപ്പോ,ളേതു വസന്തത്തിൽ?
എത്ര നാളതു വിരിഞ്ഞുനിന്നു?
പിന്നയാരതിറുത്തെടുത്തു?
അപരിചിതമായൊരു കൈ,
അതോ എനിക്കറിയുന്നൊരാൾ?
എന്തിനാണയാളതിനെ
ഈ താളുകൾക്കിടയിൽ വച്ചതും?
ഒരു പ്രണയസല്ലാപത്തിന്റെ ഓർമ്മയ്ക്കോ,
ഒരു വിടപറയലിന്റെ ഓർമ്മയ്ക്കോ?
ഒരു പാടത്തിന്റെ മൌനത്തിലൂടെ,
ഒരു കാടിന്റെ തണലിനടിയിൽ
ഒരേകാന്തസഞ്ചാരത്തിന്റെ ഓർമ്മയ്ക്കോ?
എവിടെയാണയാളിപ്പോൾ, അവളും?
ലോകത്തിന്റെ ഏതു കോണിൽ?
അവരുമതോ മാഞ്ഞുപോയോ,
ഈ താളുകൾക്കിടയിലെ പൂവു പോലെ?
(1828)

ഓർമ്മ


മനുഷ്യന്റെ കാതുകളിൽ പകലിന്റെ ആരവങ്ങളൊടുങ്ങിയതില്പിന്നെ,
നിശബ്ദനഗരത്തിനു മേൽ രാത്രിയുടെ കരിമ്പടമിഴഞ്ഞുവീണതില്പിന്നെ,
ഒരു നാളു മുഴുവനുമുഴുതുമറിച്ചവരുറക്കത്തിന്റെ വിള കൊയ്തതില്പിന്നെ,
എന്റെ നേരം തുടങ്ങുകയായി: നിദ്രാവിഹീനങ്ങൾ, അസ്വസ്ഥയാമങ്ങൾ.
രാത്രിയിഴഞ്ഞുനീളവെ പശ്ചാത്താപത്തിന്റെ സർപ്പദംശനം ഞാനറിയുന്നു,
വിഷച്ചൂടിലെന്റെ ഭാവന തിളയ്ക്കുന്നു, നീറിനീറി നെഞ്ചു മരയ്ക്കുന്നു.
ഉറക്കം വരാത്ത കണ്ണുകൾക്കു മുന്നിലപ്പോൾ ഓർമ്മ വച്ചുകാട്ടുകയായി,
മൌനത്തിന്റെ ഭാഷയിൽ വരിവരിയായി ചുരുൾ നിവരുന്നൊരു ചുരുണ.
ഞാൻ ജീവിച്ച ജീവിതത്തിന്റെ ബീഭത്സരേഖ  വായിച്ചുനോക്കുമ്പോൾ
ഈ ലോകത്തെയാകെ ഞാൻ പഴിയ്ക്കുന്നു, എനിയ്ക്കുടലു വിറയ്ക്കുന്നു,
നെഞ്ചു ചുടുന്ന കണ്ണീരുമൊഴുക്കി ഞാൻ പരിതപിക്കുന്നു; പക്ഷേ,
ആ ശോകകഥയിലൊരു  വരി പോലും ഞാൻ മായ്ച്ചെഴുതുകയുമില്ല.

(1828)

എന്റെ പേരു നിനക്കെന്താവാൻ...


എന്റെ പേരു നിനക്കെന്താവാൻ?
ഒരു ദാരുണശബ്ദം പോലതു മാഞ്ഞുപോകും,
ഏതോ വിദൂരതീരത്തലച്ചുവീഴുന്ന തിര പോലെ,
ഇരുളു വീഴുന്ന കാടിന്റെ നെടുവീർപ്പു പോലെ.

പഴയൊരാൽബത്തിലെ പേരുകൾക്കിടയിൽ
ജീവനറ്റ പാടായതു വീണുകിടക്കും,
വള്ളികൾ പിണഞ്ഞുകൂടിയ ശവമാടത്തിന്മേൽ
അറിയാത്ത ഭാഷയിലെഴുതിയ വരി പോലെ.

എങ്കിലെന്റെ പേരിലെന്തിരിക്കുന്നു?-
പുതുസ്വപ്നങ്ങളിരച്ചുകേറുമ്പോളെന്നോ മറന്ന ഭൂതകാലം;
സൌമ്യമായൊരോർമ്മയുടെ തെളിഞ്ഞ കതിരുകൾ
നിന്റെയാത്മാവിലതു വീശുകയുമില്ല.

എന്നാലൊരിക്കൽ, മൂകശോകവുമായിരിക്കുമ്പോൾ
നെടുവീർപ്പോടെ നീയെന്റെ പേരുച്ചരിക്കും,
അയാളെന്നെ മറന്നിട്ടില്ലെന്നു നീ മന്ത്രിക്കും,
എന്നെയോർത്തൊരു ഹൃദയം മിടിക്കുന്നുവെന്നും.
(1830)

മേഘം 


വീശിക്കടന്നൊരു ചണ്ഡവാതത്തിന്റെ ശേഷിച്ച മേഘമേ,
മാനത്തിന്റെ ദീപ്തനീലിമയിലിപ്പോളേകനായി നീയൊഴുകുന്നു,
വിഷാദത്തിന്റെ നിഴലുമിഴച്ചേകനായി നീയലഞ്ഞുനടക്കുന്നു,
തിമിർക്കുന്ന പകലിനുമേലേകാന്തശോകത്തിന്റെ കരി പുരട്ടുന്നു.
അല്പം മുമ്പായിരുന്നില്ലേ, ആകാശമാകെ നീ പിടിച്ചുലച്ചതും
മിന്നല്പിണറിന്റെ പിളർന്ന നാവുകളുമായി നീയോടിനടന്നതും,
കാടിനും തടത്തിനും മേൽ നിഗൂഢതടിതങ്ങൾ മുഴക്കിയതും,
വരണ്ടുണങ്ങിയ മണ്ണിന്റെ ദാഹമടക്കാൻ പെയ്തിറങ്ങിയതും?
മതി, ഇനി പൊയ്ക്കോളൂ! നിന്റെ കരുത്തിന്റെ കാലം കഴിഞ്ഞു!
മണ്ണിനു നവോന്മേഷമായിരിക്കുന്നു, മഴ തോർന്നും കഴിഞ്ഞു;
മരങ്ങളിൽ തളിരിലകളെ തഴുകിയെത്തുന്ന തെന്നലാവട്ടെ,
ശമം കൊണ്ട മാനത്തു നിന്നെ ആട്ടിയോടിക്കുകയും ചെയ്യും.
(1835)


1 അഭിപ്രായം:

അമ്പി പറഞ്ഞു...

നല്ല കവിതകൾ! നല്ല പരിഭാഷ!