2018, മാർച്ച് 31, ശനിയാഴ്‌ച

നെരൂദ - ഈസ്ല നെഗ്ര: ഒരു നോട്ടുബുക്ക്



നെരൂദ തന്റെ അറുപതാം വയസ്സിൽ തനിക്കുതന്നെ ഉപഹാരമായി നല്കിയ പുസ്തകമാണ്‌ “ഈസ്ല നെഗ്ര: ഒരു നോട്ടുബുക്ക്.” ഒരായുസ്സിനുള്ളതെഴുതിത്തീർത്ത ഒരു കവി തന്റെ എഴുത്തുജീവിതത്തിൽ താൻ വിട്ടുപോന്ന വ്യത്യസ്തമായ ‘ജന്മ’ങ്ങളെ, അല്ലെങ്കിൽ ‘സ്വത്വ’ങ്ങളെ നോക്കിക്കാണുകയാണ്‌; ആ വിധത്തിൽ കാവ്യാത്മകമായ ഒരാത്മകഥ എന്ന് ഇതിനെ പറയാം. തന്റെ മൂന്നാമത്തെ ഭാര്യ, മാറ്റിൽഡെ ഉറുഷ്യെയുമൊത്ത് ചിലിയുടെ പസഫിക് തീരത്തുള്ള ഈസ്ല നെഗ്ര എന്ന ദ്വീപിൽ താമസിക്കുമ്പോഴാണ്‌ ഈ പുസ്തകം അദ്ദേഹം എഴുതിയത്.


1.  പിറവി


പിറവിയെടുത്ത പലർക്കിടയിൽ
ഒരാൾ പിറവിയെടുത്തു.
പലരും ജീവിച്ച കൂട്ടത്തിൽ
അയാളും ജീവിച്ചു.
അത്രയുമായിട്ടൊരു ചരിത്രമാകുന്നില്ല,
ചിലിയുടെ നടുത്തുണ്ടമായ ഈ ദേശം
അതിലുമധികമായിരുന്നു:
മുന്തിരിവള്ളികൾ
പച്ചമുടിക്കുത്തഴിക്കുന്നതവിടെ,
മുന്തിരിക്കുലകൾ
വെളിച്ചം കുടിച്ചു തെഴുക്കുന്നതവിടെ,
മനുഷ്യരുടെ ചവിട്ടടിയിൽ
വീഞ്ഞു പിറക്കുന്നതവിടെ.

പറാൽ,
ദേശത്തിനു പേരത്,
മഞ്ഞുകാലത്തൊരുനാൾ
അയാൾ പിറന്നതവിടെ.

ഇന്നവയൊന്നുമില്ല,
വീടുമില്ല, തെരുവുമില്ല.
മലനിരകളതിന്റെ
കുതിരകളെ കെട്ടഴിച്ചുവിട്ടു,
കുഴിച്ചിട്ട ബലങ്ങളുരുണ്ടുകൂടി,
മലകൾ തുള്ളിവിറച്ചു,
ഭൂകമ്പത്താലാകെ മൂടി
പട്ടണം അടിപണിഞ്ഞു.
അങ്ങനെ,
ഇഷ്ടികച്ചുമരുകൾ,
ചുമരുകളിലെ ചിത്രങ്ങൾ,
ഇരുളടഞ്ഞ മുറികളിലെ
ചേർപ്പു വിട്ട കസേരകൾ,
ഇച്ചകൾ പുള്ളി കുത്തിയ നിശ്ശബ്ദത,
ഒക്കെയും മടങ്ങി,
പൊടിയിലേക്കു മടങ്ങി.
ഞങ്ങൾ ചിലർക്കേ
ഞങ്ങളുടെ രൂപവും ഞങ്ങളുടെ ചോരയും
നഷ്ടപ്പെടാതെ ശേഷിച്ചുള്ളു,
ഞങ്ങൾ ചിലർക്കു മാത്രം,
പിന്നെ വീഞ്ഞിനും.

വീഞ്ഞ് പണ്ടേപ്പോലെ ജീവിച്ചുപോയി,
നാടോടിയായ ശരല്ക്കാലം ചിതറിച്ച
മുന്തിരിപ്പഴങ്ങളിലിരച്ചുകേറി,
പിന്നെ ബധിരമായ ചക്കുകളിലൂടെ
അതിന്റെ സ്നിഗ്ധരക്തം പറ്റിയ
വീപ്പകളിലേക്കിറങ്ങി,
അവിടെ, ആ കരാളദേശത്തെ ഭയന്ന്
അതു ജീവിച്ചു, നഗ്നമായി.

ഭൂപ്രകൃതിയോ കാലമോ
എനിക്കോർമ്മയില്ല,
മുഖങ്ങളോ രൂപങ്ങളോ
എനിക്കോർമ്മയില്ല-
ഓർമ്മയുള്ളത്
പിടി തരാത്ത പൊടി മാത്രം,
വേനലറുതി മാത്രം,
കുഴിമാടങ്ങൾക്കിടയിൽ
എന്റമ്മയുറങ്ങുന്ന കുഴിമാടം കാണിക്കാൻ
അവരെന്നെ കൊണ്ടുപോയ
സിമിത്തേരി മാത്രം.
അമ്മയുടെ മുഖം കണ്ടിട്ടില്ലെന്നതിനാൽ
മരിച്ചവർക്കിടയിൽ നിന്നു ഞാൻ
അമ്മയുടെ പേരു വിളിച്ചു.
എന്നാൽ
കുഴിയിലടങ്ങിയ മറ്റെല്ലാവരെയും പോലെ
അമ്മയും ഒന്നുമറിയുന്നില്ല,
ഒന്നും കേൾക്കുന്നില്ല,
അമ്മയും മറുപടി പറഞ്ഞില്ല.
അവിടെ, പ്രേതങ്ങൾക്കൊപ്പം,
താനൊറ്റയ്ക്ക്,
തന്റെ മകനടുത്തില്ലാതെ,
തന്നിലേക്കു പിന്‌വലിഞ്ഞ്,
തന്നെത്തന്നെ മറച്ച്
അമ്മയൊതുങ്ങി.
ഞാൻ ജനിച്ചതവിടെ,
ഭൂമി വിറയ്ക്കുന്ന പറാലിൽ,
മരിച്ച എന്റമ്മയിൽ നിന്നു ജീവനെടുത്ത
മുന്തിരിക്കുലകൾ കുലകുത്തിയ ദേശത്ത്.

(Parral- ചിലിയിലെ ഈ നഗരത്തിലാണ്‌ 1904 ജൂലൈ 12ന്‌ നെരൂദ ജനിച്ചത്)


2. അച്ഛൻ

എന്റെ അച്ഛൻ, പച്ചമനുഷ്യൻ
തീവണ്ടികളിൽ നിന്നു തിരിച്ചുവരുന്നു.
അലഞ്ഞുപോകുന്നൊരു രോദനത്തോടെ
രാത്രിയിൽ തുള വീഴ്ത്തുന്ന
ആവിയെഞ്ചിന്റെ ചൂളം
ഞങ്ങൾ തിരിച്ചറിയുന്നു,
പിന്നെ,
വാതിൽ കിടുങ്ങിത്തുറക്കുന്നതും.
അച്ഛനോടൊപ്പം
ഒരു കാറ്റും തള്ളിക്കയറിവന്നു;
കാലൊച്ചകൾക്കും കാറ്റിനുമിടയിൽ
വീടു കിടന്നു വിറച്ചു,
അമ്പരന്നുപോയ വാതില്പാളികൾ
കൈത്തോക്കുകളുടെ കാസക്കുരയോടെ
തുറന്നടഞ്ഞു,
ഏണിപ്പടി ഞരങ്ങി,
വലിയൊരൊച്ച
പരാതികൾ മുറുമുറുത്തു,
പുറത്തു കുറ്റിരുട്ടും
കൊട്ടിച്ചൊരിയുന്ന മഴയും
പുരപ്പുറത്തിരമ്പുകയായിരുന്നു,
കാണെക്കാണെ
ലോകത്തെ മുക്കിത്താഴ്ത്തുകയായിരുന്നു,
കാതിൽ വീണതത്രയും
മഴയോടു പടവെട്ടുന്ന കാറ്റു മാത്രമായിരുന്നു.

അദ്ദേഹം പക്ഷേ, ഒരു നിത്യസംഭവമായിരുന്നു.
തന്റെ തീവണ്ടിക്ക്,
തണുത്ത പുലർച്ചയ്ക്കു കപ്പിത്താൻ.
സൂര്യൻ മുഖം പുറത്തു കാട്ടേണ്ട താമസം,
അദ്ദേഹമെത്തുകയായി,
തന്റെ താടിയുമായി,
ചുവപ്പും പച്ചയും കൊടികളുമായി,
മിനുക്കിവച്ച വിളക്കുകളുമായി,
എഞ്ചിന്റെ കുഞ്ഞുനരകത്തീയിൽ കല്ക്കരിയുമായി,
തീവണ്ടികൾ മഞ്ഞിൽ മറഞ്ഞ സ്റ്റേഷനുമായി,
ഭൂമിശാസ്ത്രത്തോടുള്ള തന്റെ കടമയുമായി.

കരയിലെ നാവികനാണ്‌ റയിൽവേക്കാരൻ,
കടലില്ലാത്ത കൊച്ചുതുറമുഖങ്ങളിലൂടെ
-കാട്ടുപട്ടണങ്ങളിലൂടെ-
തീവണ്ടിയോടുന്നു,
ജൈവലോകത്തെ കെട്ടഴിച്ചുവിട്ടുംകൊണ്ട്,
ഭൂപ്രയാണം പൂർത്തിയാക്കിക്കൊണ്ട്.
നീണ്ട തീവണ്ടി ഓട്ടം നിർത്തുമ്പോൾ
ചങ്ങാതിമാർ ഒത്തുകൂടുന്നു,
വീട്ടിലേക്കു കടന്നുവരുന്നു,
എന്റെ ബാല്യത്തിന്റെ വാതിലുകൾ തുറക്കുന്നു,
റയിൽവേക്കാരന്റെ കൈപ്രഹരത്തിൽ
മേശ കുലുങ്ങിയാടുന്നു,
കൂട്ടുകാരുടെ കട്ടിഗ്ലാസ്സുകൾ തുള്ളുന്നു,
വീഞ്ഞിന്റെ കണ്ണുകളിൽ നിന്ന്
ഒളി പറക്കുന്നു.

സാധുവായ, പരുക്കനായ എന്റെ അച്ഛൻ,
സൗഹൃദത്തിന്റെ ഓജസ്സുമായി,
നിറഞ്ഞ ഗ്ലാസ്സുമായി,
സൗഹൃദത്തിന്റെ അച്ചുതണ്ടിലായിരുന്നു അവിടെ അദ്ദേഹം.
തീരാത്ത സമരമായിരുന്നു ആ ജീവിതം,
അതികാലത്തുണരലുകൾക്കും യാത്രകൾക്കുമിടയിൽ,
വരവുകൾക്കും തിരക്കിട്ടിറങ്ങിപ്പോകലുകൾക്കുമിടയിൽ,
ഒരു നാൾ, മറ്റേതു നാളെക്കാളും മഴ കനത്തൊരു നാൾ,
ഹൊസ്സെ ഡെൽ കാർമെൻ റെയ്സ് എന്ന റയിൽവേക്കാരൻ
മരണത്തിന്റെ തീവണ്ടിയിൽ കയറിപ്പോയി,
ഇന്നാൾ വരെ പിന്നെ മടങ്ങിയിട്ടുമില്ല.


3. രതി


വേനൽ,
അന്തി മയങ്ങും നേരത്തെ വാതിൽ.
റെഡ് ഇന്ത്യാക്കാരുടെ വൈകാൻ മടങ്ങിയ വണ്ടികൾ,
നാളമിളകുന്ന റാന്തൽ,
ചുവപ്പിന്റെ ഗന്ധവുമായി,
വിദൂരദഹനത്തിന്റെ ചാരവുമായി
തെരുവുകളോളമെത്തുന്ന
കാട്ടുതീയുടെ പുകയും.

ഞാൻ,
മരണം കൊണ്ടു ദുഃഖിച്ചവൻ,
ഗൗരവക്കാരൻ,
ഉൾവലിഞ്ഞവൻ,
വള്ളിനിക്കർ,
മെലിഞ്ഞ കാലുകൾ,
കാല്മുട്ടുകൾ,
അപ്രതീക്ഷിതനിധികൾ തേടുന്ന കണ്ണുകളും.
തെരുവിനങ്ങേപ്പുറത്ത്
റോസിറ്റയും ജോസഫീനയും,
കണ്ണും പല്ലും മാത്രമായവർ,
വെളിച്ചം നിറഞ്ഞവർ,
കാണാത്ത ഗിത്താറുകൾ പോലൊച്ചപ്പെടുന്നവർ,
അവർ എന്നെ വിളിക്കുകയാണ്‌.
തെരുവു മുറിച്ചു ഞാൻ ചെന്നു,
പകച്ചും പേടിച്ചും;
ഞാനെത്തേണ്ട താമസം,
അവരെന്റെ ചെവിയിൽ മന്ത്രിച്ചു,
അവരെന്റെ കൈക്കു പിടിച്ചു,
അവരെന്റെ കണ്ണുകൾ പൊത്തി,
എന്നെയും കൊണ്ട്,
എന്റെ നിഷ്കളങ്കതയും കൊണ്ട്
ബേക്കറിക്കടയിലേക്കവരോടി.

കൂറ്റൻ മേശകളുടെ മൗനം,
അപ്പത്തിന്റെ പവിത്രദേശം,
ജനശൂന്യം;
അവിടെ ആ രണ്ടുപേർ,
പിന്നെ ഞാനും,
ആദ്യത്തെ റോസിറ്റയുടെയും
ഒടുക്കത്തെ ജോസഫീനയുടെയും കൈകളിലെ
തടവുകാരൻ.
അവർക്കെന്റെ തുണിയഴിക്കണം.
വിറച്ചുംകൊണ്ടു ഞാനോടി,
എന്നാലെനിക്കനങ്ങാനായില്ല,
എന്റെ കാലുകളനങ്ങിയില്ല.
പിന്നെയാ മന്ത്രവാദിനികൾ
എന്റെ കണ്ണുകൾക്കു മുന്നിൽ
ഒരിന്ദ്രജാലമെടുത്തുകാട്ടി:
ഏതോ കാട്ടുകിളിയുടെ
കുഞ്ഞിക്കൂട്,
അതിലുണ്ട്
അഞ്ചു കുഞ്ഞുമുട്ടകൾ,
അഞ്ചു വെളുത്ത മുന്തിരിപ്പഴങ്ങൾ,
ആരണ്യജീവിതത്തിന്റെ
ഒരു കുഞ്ഞുസഞ്ചയം.
ഞാനതിലേക്കു കൈ നീട്ടുമ്പോൾ
അവരെന്റെ ഉടുപ്പിനുള്ളിൽ പരതി,
അവരെന്നെ തൊട്ടു,
തങ്ങൾക്കാദ്യമായിക്കിട്ടിയ കൊച്ചുപുരുഷനെ
വിടർന്ന കണ്ണുകൾ കൊണ്ടവർ പഠിച്ചു.

കനത്ത കാൽവയ്പ്പുകൾ, ചുമ,
അപരിചിതരുമായി കയറിവരുന്ന
എന്റെ അച്ഛൻ,
ഇരുട്ടിലേക്കു ഞങ്ങളൂളിയിട്ടു,
രണ്ടു കടല്ക്കൊള്ളക്കാരും
അവർ തടവിൽ പിടിച്ച ഞാനും;
മാറാലകൾക്കിടയിൽ
കൂനിപ്പിടിച്ചു ഞങ്ങളിരുന്നു,
ഒരു കൂറ്റൻ മേശയ്ക്കടിയിൽ
വിറച്ചും കൊണ്ടു ഞങ്ങൾ ഞെരുങ്ങിക്കൂടി;
ഇതിനിടയിൽ,
ആ ഇന്ദ്രജാലം,
നീലിച്ച കുഞ്ഞുമുട്ടകളുടെ കിളിക്കൂട്,
അതു താഴെ വീണു,
വന്നുകയറിയവരുടെ കാലടികൾക്കടിയിൽ
അതിന്റെ രൂപവും ഗന്ധവും ഞെരിഞ്ഞമർന്നു.
ആ ഇരുട്ടത്ത്,
രണ്ടു പെൺകുട്ടികൾക്കും
പേടിക്കുമൊപ്പമിരിക്കെ,
ഗോതമ്പിന്റെ ഗന്ധത്തിനും
ഉടലുകളില്ലാത്ത കാലടികൾക്കുമിടയിൽ,
സാവധാനമിരുളുന്ന സന്ധ്യയിൽ,
എന്റെ ചോരയിലെന്തോ മാറുന്നതു ഞാനറിഞ്ഞു,
എന്റെ വായിലേക്ക്,
എന്റെ കൈകളിലേക്ക്
ഒരാലക്തികപുഷ്പമുയരുന്നതു
ഞാനറിഞ്ഞു,
തൃഷ്ണയുടെ
വിശക്കുന്ന,
തിളങ്ങുന്ന
പുഷ്പം.


4. കവിത

ആ പ്രായത്തിലൊരുനാളത്രേ...
കവിത എന്നെത്തേടി വന്നു.
എനിക്കറിയില്ല,
എവിടെ നിന്നാണതു വന്നതെന്നെനിക്കറിയില്ല,
ഏതു പുഴയിൽ നിന്നേതു ഹേമന്തത്തിൽ നിന്നെന്നോ,
എവിടെ നിന്നെങ്ങനെയെന്നോ എനിക്കറിയില്ല.
അല്ല, വാക്കുകളായിരുന്നില്ലവ,
ശബ്ദങ്ങളായിരുന്നില്ല, നിശ്ശബ്ദതയുമായിരുന്നില്ല,
ഒരു തെരുവിൽ നിന്നതെന്നെ വിളിച്ചു,
രാത്രിയുടെ ചില്ലകളിലിരുന്നതെന്നെ വിളിച്ചു,
ആളുന്ന തീയ്ക്കിടയിൽ നില്ക്കുമ്പോഴോ
ഒറ്റയ്ക്കു മടങ്ങുമ്പോഴോ ,
പൊടുന്നനേയതാ, മുഖമില്ലാതെയത്,
അതെന്നെ തൊട്ടു.

എന്തു പറയണമെന്നെനിക്കറിയുമായിരുന്നില്ല,
എന്റെ നാവിനു പേരുകൾ പരിചയമായിരുന്നില്ല,
എന്റെ കണ്ണുകൾ അന്ധവുമായിരുന്നു.
എന്റെയാത്മാവിൽ എന്തോ വന്നിടിച്ചു,
ജ്വരമോ മറവിയില്പെട്ട ചിറകുകളോ?
ഞാനൊരു വഴി വെട്ടിത്തുറന്നു,
ആ അഗ്നിയുടെ പൊരുളറിയാൻ ശ്രമിച്ചു,
അങ്ങനെ ആദ്യത്തെ വരി ഞാനെഴുതി:
തെളിയാത്ത, കാതരമായ,
കാതലില്ലാത്ത ഒരു വരി,
ഒന്നുമറിയാത്തവന്റെ ശുദ്ധജ്ഞാനം.
പൊടുന്നനേ ഞാൻ കണ്ടു,
താഴുകൾ പൊട്ടിത്തുറക്കുന്ന വാനം,
ആകാശഗോളങ്ങൾ,
തുടിക്കുന്ന തോപ്പുകൾ,
അമ്പുകളും പൂക്കളും തീയും കൊണ്ടരിപ്പക്കണ്ണികളായ
അന്ധകാരം,
കീഴമർത്തുന്ന രാത്രി, പ്രപഞ്ചം.

ഞാൻ, നിസ്സാരൻ,
താരാവൃതശൂന്യതയുടെ ലഹരി തലയ്ക്കു പിടിച്ചവൻ,
നിഗൂഢതയുടെ പ്രതിരൂപമതിൽ കണ്ടവൻ,
ആദിമഗർത്തത്തിന്റെ കേവലാംശമാണു ഞാനെന്നെനിക്കു തോന്നി.
നക്ഷത്രങ്ങൾക്കൊപ്പം ഞാൻ ഭ്രമണം ചെയ്തു,
എന്റെ ഹൃദയം കെട്ടുകളറുത്തു കാറ്റിനൊപ്പം പോയി.


5. ലജ്ജ

ഞാനെന്നൊരാൾ ജീവനോടെയുണ്ടെന്ന്
ഞാനായിട്ടെനിക്കറിയുമായിരുന്നില്ല,
ജീവിക്കാൻ, ജീവിച്ചുപോകാനെനിക്കാവുമെന്നും
എനിക്കറിയുമായിരുന്നില്ല.
എനിക്കതിനെ ഭയമായിരുന്നു, ജീവിതത്തെ.
ഞാൻ കാണപ്പെടുന്നതെനിക്കിഷ്ടമായിരുന്നില്ല,
ഞാനുണ്ടെന്നറിയപ്പെടുന്നതെനിക്കിഷ്ടമായിരുന്നില്ല.
ഞാൻ വിളറി, ഞാൻ മെലിഞ്ഞു,
എനിക്കു ശ്രദ്ധ നില്ക്കാതെയായി.
എന്റെ ശബ്ദം കേട്ടാരുമെന്നെയറിയരുത്,
അതിനാൽ ഞാൻ മിണ്ടിയതേയില്ല,
ആരുമെന്നെ കാണരുതെന്നതിനാൽ
ഞാനൊന്നും കണ്ടതുമില്ല.
ഒരു നിഴൽ പതുങ്ങിപ്പോകുന്നതുപോലെ
ചുമരോരം പറ്റി ഞാൻ നടന്നു.

ചെമ്പിച്ച മേച്ചിലോടുകളിൽ, പുകയിൽ
സ്വയം മറയ്ക്കാൻ ഞാൻ കൊതിച്ചു;
എനിക്കവിടെ നില്ക്കണമായിരുന്നു,
എന്നാലാരും കാണാതെ,
എനിക്കെവിടെയും ചെന്നുകൂടണം,.
എന്നാലൊരകലത്തിൽ;
വസന്തത്തിന്റെ താളത്തിൽ
എന്റെയിരുണ്ട സാന്നിദ്ധ്യമെനിക്കു തളയ്ക്കണമായിരുന്നു.

ഒരു പെൺകുട്ടിയുടെ മുഖം,.
ഒരു മധുരനാരങ്ങയുടെ അർദ്ധഗോളങ്ങൾ പോലെ
പകലിനെ നെടുകേ പകുക്കുന്ന
ഒരു ചിരിയുടെ ശുദ്ധവിസ്മയം-
കാതരനായി, നിർവീര്യനായി
ആ തെരുവിൽ നിന്നു ഞാൻ മാറിപ്പോയി.
വെള്ളത്തിനത്രയരികത്തായിട്ടും
അതിന്റെ കുളിർമ്മ നുകരാതെ,
തീയ്ക്കത്രയരികത്തായിട്ടും
അതിന്റെ നാളത്തെ മുകരാതെ;
അഭിമാനത്തിന്റെ പൊയ്മുഖമണിഞ്ഞു ഞാൻ നടന്നു,
ഒരു കുന്തം പോലെ മെലിഞ്ഞവനായിരുന്നു,
ധൃഷ്ടനായിരുന്നു ഞാൻ.
എനിക്കു പറയാനുള്ളതാരും കേട്ടില്ല
(ഞാനതിനവസരവും നല്കിയില്ല).

പൊട്ടക്കിണറ്റിൽ വീണുകിടക്കുന്ന നായയുടെ
ആഴം മൂടിയ മോങ്ങലായിരുന്നു,
എന്റെ വിലാപം.


6. പരിത്യക്തൻ

കടലല്ല, കടല്ക്കരയല്ല, കടല്പതയല്ല,
അഭേദ്യസാന്നിദ്ധ്യങ്ങളായ പക്ഷികളല്ല,
അവ മാത്രമല്ല, മറ്റു വിടർന്ന കണ്ണുകളുമല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവജാലങ്ങൾ തിങ്ങുന്ന കാടു മാത്രവുമല്ല,
വേദന, വേദന, മനുഷ്യനപ്പം വേദന.
എന്നാലെന്താണിതിങ്ങനെ?
അക്കാലമൊരു വാളു പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
സഹനത്തിന്റെ പരമാവധി ഞാനെത്തിയിരുന്നു,
ഒറ്റപ്രഹരം കൊണ്ടീ ഗ്രഹത്തെ മാറ്റിപ്പണിയാൻ ഞാൻ കൊതിച്ചു.
അപരാധങ്ങളുടെ കറ പറ്റിയ മൗനത്തിൽ
പങ്കു പറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ, കാര്യങ്ങൾ പിറക്കും, മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളരുന്നു, പക്ഷേ പനിനീർപ്പൂവാകുന്നില്ല.
ലോകത്തിനുപയോഗപ്പെടാത്ത പൊടിയാണേകാന്തത,
മണ്ണോ വെള്ളമോ മനുഷ്യനോ ഇല്ലാതെ
വെറുതേ കറങ്ങുന്ന കുംഭാരന്റെ ചക്രം.
സ്വന്തം പരാജയത്തിൽ ഞാൻ നിലവിളിച്ചതങ്ങനെയായിരുന്നു.
എന്റെ ബാല്യത്തിന്റെ ചുണ്ടുകളിലെ ആ രോദനത്തിനെന്തു പറ്റി?
ആരതു കേട്ടു? ആരതിനൊരുത്തരം കൊടുത്തു?
ഏതു വഴിക്കു പിന്നെ ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെനിക്കെന്തു മറുപടി നല്കി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുകൊണ്ടേയിരിക്കുന്നു, ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതു പുറത്തേക്കു പോകുന്നു, തന്നിലേക്കുതന്നെ മടങ്ങുന്നു,
ആ രോദനം, ആരുമതറിഞ്ഞില്ല,
പരിത്യക്തനായവൻ പോലും.


7. പുസ്തകങ്ങൾ


വിശുദ്ധവും പഴകിമുഷിഞ്ഞതുമായ പുസ്തകങ്ങൾ,
വെട്ടിവിഴുങ്ങിയ, വെട്ടിവിഴുങ്ങുന്ന പുസ്തകങ്ങൾ,
കീശയിലൊളിപ്പിച്ച രഹസ്യങ്ങൾ:
മാതളം മണക്കുന്ന നീച്ച, പിന്നെ ഗോർക്കി,
അവരായിരുന്നു എന്റെ സഹചാരികൾ,
വെളിച്ചപ്പെടാത്തവർ,
ഗൂഢവൃത്തിക്കാർ.
ഹാ, വിക്തോർ യൂഗോയെന്ന പാറക്കെട്ടിൽ
കിനാവള്ളിയെ സംഹരിച്ചതിന്റെ ശേഷം
ഇടയൻ തന്റെ പ്രണയഭാജനത്തെ വേൾക്കുന്ന ആ മുഹൂർത്തം;
ഗോത്തിക് ശരീരശാസ്ത്രത്തിന്റെ സിരകളിലൂടെ
നോത്രുദാമിലെ കൂനൻ ഒഴുകിനടന്നിരുന്ന കാലം.
ഹൊര്‌​‍ീ  ഇസാക്സിന്റെ മരിയ,
സ്വർഗ്ഗം പോലത്തെ ബംഗ്ളാവുകളിൽ
കെട്ട കാലത്തെ വെളുത്ത ആശ്ലേഷങ്ങൾ,
ആ നുണകളുടെ പഞ്ചാരമധുരത്തിൽ ബുദ്ധി മന്ദിച്ച ഞങ്ങൾ
കപടമില്ലാത്ത കണ്ണീരൊഴുക്കി.

പുസ്തകങ്ങൾ മെടഞ്ഞുപോയി,
പിളർന്നിറങ്ങി, സർപ്പച്ചുറ്റുകളിട്ടു,
പിന്നെ, പതിയെപ്പതിയെ,
വസ്തുക്കൾക്കു പിന്നിൽ,
ചെയ്തികൾക്കു പിന്നിൽ,
ഒരു തിക്തഗന്ധം പോലെ,
ഉപ്പിന്റെ തെളിച്ചത്തോടെ
അറിവിന്റെ വൃക്ഷം
വളർന്നുവന്നു.


8. മരൂരിത്തെരുവിലെ വാടകവീട്


മരൂരി എന്നൊരു തെരുവ്.
പരസ്പരം നോക്കാത്ത, പരസ്പരം ഇഷ്ടമില്ലാത്ത വീടുകൾ.
എന്നാല്ക്കൂടിയവ ചുമരോടു ചുമരൊട്ടിനില്ക്കുന്നു,
വയുടെ ജനാലകൾ തെരുവു കാണുന്നില്ല,
അവയ്ക്കുരിയാട്ടവുമില്ല.
മൗനമാണവ.

ഹേമന്തത്തിന്റെ വൃക്ഷത്തിൽ നിന്നഴുകിയൊരില പോലെ
ഒരു കടലാസ്സുതുണ്ട് പറന്നുപോകുന്നു.

സായാഹ്നം ഒരസ്തമയത്തിനു തിരി കൊളുത്തുന്നു.
വിരണ്ടുപോയ ആകാശം
പലായനത്തിന്റെ അഗ്നിച്ചിറകുകൾ വിടർത്തുന്നു.

മട്ടുപ്പാവുകൾ കറുത്ത മൂടല്മഞ്ഞു കൈയേറുന്നു.

ഞാനെന്റെ പുസ്തകം നിവർത്തുന്നു.
ഒരു ഖനിക്കുള്ളിലെന്നപോലെ,
നനഞ്ഞാളൊഴിഞ്ഞ ഒരു ഗ്യാലറിയിലെന്നപോലെ
ഞാനിരുന്നെഴുതുന്നു.

വീട്ടിൽ, തെരുവിൽ, വേദനിപ്പിക്കുന്ന നഗരത്തിൽ
ഇപ്പോഴാരുമില്ലെന്നെനിക്കറിയാം.
തടവറയുടെ വാതിലുകൾ തുറന്നുകിടക്കുന്ന,
ലോകം തുറന്നുകിടക്കുന്ന
ഒരു തടവുകാരനാണു ഞാൻ.
അന്തിവെട്ടത്തിലാഴ്ന്നുപോയ
ചിന്താവിഷ്ടനായ ഒരു വിദ്യാർത്ഥി.
ഞാൻ പിന്നെ ഒരു നൂലപ്പത്തിന്റെ ഇഴയിൽ പിടിച്ചുകയറുന്നു,
എന്റെ കിടക്കയിലേക്കിറങ്ങുന്നു,
നാളെ എന്ന നാളിലേക്കും.


9. റംഗൂൺ 1927


റംഗൂണിൽ ഞാനെത്താൻ വൈകി.
സർവ്വതും എന്നെക്കാത്തുകിടക്കുകയായിരുന്നു-
ചോരയുടെ, പൊന്നിന്റെ, കിനാവുകളുടെ
ഒരു നഗരം,
ഒരു കിരാതവനത്തിൽ നിന്ന്
ശ്വാസം മുട്ടുന്ന നഗരത്തിലേക്കും
അതിന്റെ ദുഷിച്ച തെരുവുകളിലേക്കുമൊഴുകുന്ന
ഒരു നദി,
വെളുത്തവർക്ക് ഒരു വെളുത്ത ഹോട്ടൽ,
സ്വർണ്ണനിറമുള്ളവർക്ക് ഒരു സ്വർണ്ണപ്പഗോഡയും.
അവിടെ നടപ്പതായിരുന്നു,
അവിടെ നടക്കാത്തതും.
വെറ്റിലമുറുക്കുന്നവർ തുപ്പി കറപറ്റിച്ച പടവുകൾ,
നഗ്നതയ്ക്കു മേൽ
പട്ടുകൾ മുറുക്കിയുടുത്ത
ബർമ്മീസ് പെൺകുട്ടികൾ,
അവരുടെ നൃത്തത്തിൽ
ചുവന്ന തീനാവുകളുമൊപ്പമെന്നപോലെ;
അങ്ങാടിയിലേക്കു നൃത്തം ചെയ്യുന്ന ചുവടുകൾ,
തെരുവുകളിൽ നൃത്തം ചെയ്യുന്ന കാലുകൾ.
കടുംവെളിച്ചം, ഉച്ചിയിലെത്തിയ സൂര്യൻ,
എന്റെ തലയിൽ വീണ്‌,
കണ്ണുകളിൽ കടന്ന്,
എന്റെ സിരകളിലൂടെപ്പാഞ്ഞ്,
എന്റെയുടലിന്റെ ഓരോ കോണിലുമെത്തുന്നു,
അപരിമിതമായ ഒരു ഭ്രഷ്ടപ്രണയം
എനിക്കേകുന്നു.

അതങ്ങനെയായിരുന്നു.
മർത്തബാനിലെ ചെളിവെള്ളത്തിനരികെ,
ഇരുമ്പുകപ്പലുകൾക്കരികെ
അവളെ ഞാൻ കണ്ടു;
അവളുടെ കണ്ണുകൾ
ഒരാണിനെത്തേടുകയായിരുന്നു.
അവൾക്കും ഇരുമ്പിന്റെ വിവർണ്ണമിനുക്കമായിരുന്നു,
അവളുടെ മുടിയിഴകൾ
ഇരുമ്പുനൂലുകളായിരുന്നു,
ഇരുമ്പുലാടത്തിലെന്നപോലെ
അതിൽ വെയിലു വീണുതിളങ്ങി.

അതെന്റെ കാമുകിയായിരുന്നു,
എനിക്കറിയാത്തവൾ.

അവളെ നോക്കാതെ
അവൾക്കരികിൽ ഞാനിരുന്നു,
ഞാൻ ഏകനായിരുന്നു,
എനിക്കു വേണ്ടത് പുഴകളോ സന്ധ്യയോ
വിശറികളോ പണമോ ചന്ദ്രനോ ആയിരുന്നില്ല-
എനിക്കു വേണ്ടത് ഒരു പെണ്ണിനെയായിരുന്നു,
കൈകളിലെടുക്കാൻ, മാറോടടുക്കാൻ ഒരു പെണ്ണ്‌,
പ്രേമിക്കാനൊരു പെണ്ണ്‌, കൂടെക്കിടക്കാനൊരു പെണ്ണ്‌,
വെളുത്തത്, കറുത്തത്, വേശ്യ, കന്യക,
മാംസഭോജി, നീലനിറം, ഓറഞ്ചുനിറം,
ഏതുമാവട്ടെ,
എനിക്കവളെ പ്രേമിക്കണം, വെറുക്കണം,
തീന്മേശയിലും കിടക്കയിലും അവളെ വേണം,
എന്നോടത്രയടുത്തായി,
ചുംബിക്കുമ്പോളവളുടെ പല്ലുകൾ കൊള്ളുന്നത്ര അടുത്തായി
അവളെ വേണം,
അവളുടെ പെണ്മണമെനിക്കു വേണം.
നഷ്ടബുദ്ധിയായി അവൾക്കായി ഞാനെരിഞ്ഞു.

ഞാൻ ദാഹിച്ചതിനാവാം
അവളും ദാഹിച്ചത്. അല്ലെന്നുമാവാം.
എന്നാലവിടെ, ആ മാർത്തബാനിൽ,
ഇരുമ്പിൻപുഴക്കരെ,
പെരുമീൻ നിറഞ്ഞു പള്ള വീർത്തൊരു വലപോലെ
പുഴ കയറി രാത്രിയെത്തുമ്പോൾ
ഹതാശരുടെ കയ്ക്കുന്ന ആനന്ദങ്ങളിൽ
മുങ്ങിത്താഴാൻ പോയി,
അവളും ഞാനും.

(നെരൂദ 1920കളിൽ റംഗൂണിൽ ചിലിയുടെ കോൺസൽ ആയിരുന്നു; അക്കാലത്ത് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ജോസി ബ്ളിസ്സ് എന്ന ബർമ്മക്കാരിയെക്കുറിച്ചുള്ളതാണ്‌ ഈ കവിത.)


10. മതം കിഴക്ക്


അവിടെ, റംഗൂണിൽ വച്ചെനിക്കു മനസ്സിലായി,
പാവം മനുഷ്യന്റെ ശത്രുക്കളാണ്‌
ഏകദൈവത്തെപ്പോലെ ദൈവങ്ങളുമെന്ന്.
വെള്ളത്തിമിംഗലങ്ങളെപ്പോലെ പതിഞ്ഞുകിടക്കുന്ന
വെൺകല്ലിൽ പടുത്ത ദൈവങ്ങൾ,
ഗോതമ്പു പോലെ പൊന്നു പൂശിയ ദൈവങ്ങൾ,
ജനിച്ചുപോയ അപരാധത്തിനു മേൽ ചുരുട്ടയിട്ട സർപ്പദൈവങ്ങൾ,
ഭീഷണമായ കുരിശ്ശിലെ ക്രിസ്തുവിനെപ്പോലെ
പൊള്ളയായ നിത്യതയുടെ മദിരോത്സവങ്ങൾ നോക്കി മന്ദഹസിക്കുന്ന
നഗ്നരും സുഭഗരുമായ ബുദ്ധന്മാർ,
എല്ലാവരും, ഒരാളൊഴിയാതെല്ലാവരും ഒരുമ്പെട്ടുനില്ക്കുകയായിരുന്നു-
പീഡനമോ പിസ്റ്റളോ കൊണ്ട്
നമുക്കു മേലവരുടെ സ്വർഗ്ഗങ്ങൾ കെട്ടിയേല്പിക്കാൻ,
നമ്മുടെ ഭക്തി വിലയ്ക്കു വാങ്ങാൻ,
അല്ലെങ്കിൽ നമ്മുടെ ചോരയ്ക്കു തീയിടാൻ.
സ്വന്തം ഭീരുത്വം മൂടിവയ്ക്കാൻ മനുഷ്യർ പണിതെടുത്ത ഘോരദൈവങ്ങൾ...
അവിടെ, റംഗൂണിൽ, കാര്യങ്ങളങ്ങനെയായിരുന്നു,
എവിടെയും നാറ്റമായിരുന്നു, സ്വർഗ്ഗത്തിന്റെ,
സ്വർഗ്ഗീയവാണിഭത്തിന്റെ.


11. ആ ജീവിതങ്ങൾ


ഇതെല്ലാമാണു ഞാൻ,
ഇങ്ങനെയൊരു ന്യായീകരണമെഴുതിവച്ചുംകൊണ്ടു
ഞാൻ പറയും. ഇതാണെന്റെ ജീവിതം.
ഇങ്ങനെയല്ല പക്ഷേ, കാര്യങ്ങളെന്ന്
ആർക്കാണറിയാത്തത്?-
ഈ വലയിൽ ഇഴകൾ മാത്രമല്ല പ്രധാനമെന്ന്,
കണ്ണി നൂഴുന്ന വായുവും പ്രധാനമാണെന്ന്.
ശേഷിച്ചതെല്ലാം പതിവുപോലെ പിടി കിട്ടാതെയും പോയി-
ഫെബ്രുവരി മഞ്ഞിലൂടെ മുയലു പോലെ പായുന്ന കാലം,
പിന്നെ പ്രണയം, അതിനെക്കുറിച്ചെന്തു പറയാൻ?
ഒരു നിതംബചലനമായി അതു കടന്നുപോയി,
അതിന്റെ തീച്ചൂടിൽ നിന്നൊരു പിടി ചാരം മാത്രം ശേഷിപ്പിച്ചുകൊണ്ട്.
വന്നുപോകുന്ന പലതിന്റെയും കാര്യം ഇതുതന്നെ:
ഒരായുസ്സു മൊത്തം വിശ്വാസത്തോടെ കാത്തിരുന്ന പുരുഷൻ,
ജീവനില്ലാതെ ജീവിച്ചിരുന്ന ഒരു സ്ത്രീ.
അവരൊക്കെക്കരുതി,
പല്ലും കാലും കൈയും ഭാഷയുമുള്ള സ്ഥിതിക്ക്
യോഗ്യരായി കടന്നുപോകേണ്ടൊരേർപ്പാടു മാത്രമാണ്‌
ജീവിതമെന്ന്.
ഈ മനുഷ്യന്റെ കണ്ണ്‌ ചരിത്രത്തിലായിരുന്നു,
പോയകാലത്തെ വിജയങ്ങളെല്ലാമയാൾ അടുക്കിപ്പിടിച്ചുവച്ചു,
നിത്യജീവിതം തനിക്കുണ്ടെന്നയാൾ വിശ്വസിക്കുകയും ചെയ്തു;
പക്ഷേ ജീവിതമയാൾക്കു നല്കിയതയാൾക്കുള്ള മരണം മാത്രമായിരുന്നു,
ജീവിക്കാതെപോയ കാലവും
ഒടിവിലടക്കാൻ മാത്രമുള്ള മണ്ണും.

ആകാശത്തെ നക്ഷത്രങ്ങൾ പോലത്ര കണ്ണുകൾ
ഇവൾക്കുണ്ടായിരുന്നു,
താൻ കൊതിച്ചതിനെ വിഴുങ്ങാനവൾ കൊളുത്തിയ അഗ്നി
പക്ഷേ, ദഹിപ്പിച്ചതിവളെത്തന്നെ.

ജീവിതത്തിൽ ഞാനെന്തെങ്കിലും ഓർമ്മിക്കുന്നുണ്ടെങ്കിൽ അതിതാണ്‌:
ഒരു നദിയുടെ കരയിൽ, ഇന്ത്യയിൽ ഒരപരാഹ്നം.
മജ്ജയും മാംസവുമുള്ള ഒരു സ്ത്രീയെ ദഹിപ്പിക്കുകയാണവർ,
ചിതയിൽ നിന്നുയർന്നത് പുകയോ ആത്മാവോ എന്നെനിക്കറിയില്ല;
ഒടുവിൽ ഒന്നും ശേഷിച്ചില്ല, സ്ത്രീയും തീയും ചിതയും ചാരവും.
ആ മരണത്തിൽ ജീവിച്ചത് രാത്രിയും ജലവും
പുഴയും ഇരുട്ടും മാത്രമായിരുന്നു.


12. മണ്ണേ, എന്നെക്കാത്തുകിടക്കുക


എന്റെ ഗ്രാമ്യനിയോഗത്തിലേക്കെന്നെക്കൊണ്ടുപോവുക, സൂര്യ,
പ്രാക്തനവനങ്ങളിലെ മഴയിലേക്കെന്നെക്കൊണ്ടുപോവുക.
എനിക്കു തിരിയെത്തരികയതിന്റെ പരിമളം,
മാനം പൊഴിക്കുന്ന വാളുകൾ,
പുല്മേടുകളിലെയും കല്പുറങ്ങളിലെയും നിർജ്ജനശൂന്യത,
ആറ്റിറമ്പുകളുടെ നനവും ദേവതാരങ്ങളുടെ ഗന്ധവും,
പെരുമരങ്ങളുടെ വിദൂരനിബിഡതയിൽ
ഹൃദയം പോലെ ത്രസിക്കുന്ന കാറ്റും.

മണ്ണേ, നിന്റെ നിർമ്മലോപഹാരങ്ങളെനിക്കു തിരിയെത്തരിക,
വേരുകളുടെ പ്രൗഢിയിലൂന്നിയുയർന്ന മൗനത്തിന്റെ ഗോപുരങ്ങൾ.
ഞാനാകാതെപോയതിലേക്കെനിക്കു മടങ്ങിപ്പോകണം,
അത്രയുമാഴങ്ങളിൽ നിന്നു മടങ്ങാനെനിക്കു പഠിക്കണം,
പ്രകൃതിയിൽ ജീവിക്കാൻ, ജീവിക്കാതിരിക്കാനെനിക്കാകട്ടെ.
കല്ലുകൾക്കിടയിൽ മറ്റൊരു കല്ലാവാം, ഒരിരുണ്ട കല്ലാവാം ഞാൻ,
പുഴയൊഴുക്കിക്കൊണ്ടുപോകുന്ന വെറുമൊരു വെള്ളാരങ്കല്ല്.


13. കാവ്യകല

അത്രയും പ്രണയങ്ങൾ, അത്രയും പ്രയാണങ്ങൾ,
ഗ്രന്ഥങ്ങൾ പിറവിയെടുക്കുന്നതവയിൽ നിന്ന്.
ചുംബനങ്ങളില്ല, ദേശങ്ങളില്ല അവയിലെങ്കിൽ,
ദൗത്യങ്ങൾ തീരാത്തൊരാണവയിലില്ലെങ്കിൽ,
ഓരോ തുള്ളിയിലുമൊരു പെണ്ണവയിലില്ലെങ്കിൽ,
വിശപ്പും തൃഷ്ണയും രോഷവും പാതകളുമില്ലെങ്കിൽ,
പരിചയാവാൻ, അല്ലെങ്കിലൊരു മണിയാവാനവ പോര.
അവയ്ക്കു കണ്ണുകളില്ല, മറ്റു കണ്ണുകളവ തുറക്കുകയുമില്ല,
അനുശാസനങ്ങളുടെ കല്ലിച്ച നാവുകളാണവ.

ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണയലെനിക്കിഷ്ടമായിരുന്നു,
ചോരയിലും പ്രണയത്തിലും നിന്നു ഞാൻ കവിതകൾ കൊത്തി.
പരുക്കൻ മണ്ണിൽ ഞാനൊരു പനിനീർച്ചെടി നട്ടുവച്ചു,
മഞ്ഞിനോടും തീയിനോടും പട വെട്ടി ഞാനൊരു പൂ വിരിയിച്ചു.

പാടിപ്പാടിപ്പോകാനെനിക്കായതുമങ്ങനെ.


14. രാത്രി


യാതൊന്നുമെനിക്കറിയേണ്ട,
സ്വപ്നങ്ങളെനിക്കു കാണേണ്ട,
ഇല്ലാതെയാവാൻ, ജീവനില്ലാതെ ജീവിക്കാൻ
ആരെന്നെപ്പഠിപ്പിക്കും?

ചോലയൊഴുകുന്നതെങ്ങനെ?
ശിലകൾക്കു സ്വർഗ്ഗമെവിടെ?

ദേശാന്തരം ഗമിക്കുന്ന പറവകൾ
ആകാശത്തു പാതകൾ ഗണിച്ച്,
ഉറഞ്ഞ കടലുകൾക്കു മേൽ
ചിറകേറും വരെ നിശ്ചേഷ്ടനാവുക.

ഒരു ഭൂഗർഭനഗരം പോലെ
അനക്കമറ്റുകിടക്കുക,
സ്വന്തം തെരുവുകൾ മടുത്ത,
മണ്ണിനടിയിൽ മറഞ്ഞ,
ഉണ്ടെന്നാർക്കുമറിയാത്ത നഗരം.
അതിനു കൈകളില്ല, ചന്തകളില്ല,
അതിനു തിന്നാൻ സ്വന്തം മൗനം.

പിന്നെയൊരു ബിന്ദുവിൽ വച്ചദൃശ്യനാവുക,
വാക്കുകളില്ലാതെ സംസാരിക്കുക,
ചില മഴത്തുള്ളികൾ പതിക്കുന്നതു മാത്രം,
ഒരു നിഴലിന്റെ ചിറകടി മാത്രം കേൾക്കുക.


15. ചൂളമടിക്കേണമെന്നില്ല

ഒറ്റയ്ക്കാവാൻ,
ഇരുട്ടത്തു ജീവിക്കാൻ
ചൂളമടിക്കേണമെന്നില്ല.

പുറത്തു ജനക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോൾ,
പരന്ന മാനത്തിനടിയിൽ നില്ക്കുമ്പോൾ,
പൊടുന്നനേ നമുക്ക്
നമ്മുടെ നമ്മുടെ സ്വത്വങ്ങൾ ഓർമ്മ വരുന്നു,
നമ്മുടെ സ്വകാര്യസ്വത്വം, നമ്മുടെ നഗ്നസ്വത്വം,
തന്റെ നഖങ്ങൾ വളരുന്നതറിയുന്നതതുമാത്രം,
തന്റെ മൗനമേതുവിധമെന്നറിയുന്നതതുമാത്രം,
തന്റെ എളിയ വാക്കുകൾ വരുന്നതെവിടുന്നെന്നും.
ഇതാ, ഏവർക്കുമറിയുന്നൊരു പെഡ്രോ,
പകൽവെളിച്ചത്തിൽ കാണപ്പെടുന്നയാൾ,
ഇതാ, പര്യാപ്തയായൊരു ബെരെനീസ്,
എന്നാലുള്ളിൽ,
പ്രായത്തിനും വേഷത്തിനുമടിയിൽ,
നമുക്കിപ്പോഴും പേരില്ല,
പുറമേ കാണുന്നപോലെയുമല്ല നാം.
കണ്ണുകളടയുന്നതുറങ്ങാൻ മാത്രമല്ല,
ഒരേ ആകാശം കാണാതിരിക്കാൻ കൂടിയാണ്‌.

നമുക്കു മടുപ്പാകുന്നു,
പള്ളിക്കൂടത്തിൽ മണിയടിക്കുന്നതു കേട്ടപോലെ
നാം മടങ്ങുന്നു,
മറഞ്ഞിരിക്കുന്ന പൂവിലേക്ക്,
എല്ലിലേക്ക്, പാതിമറഞ്ഞ വേരിലേക്ക്;
അവിടെ നാം പിന്നെയും നാം തന്നെയാവുന്നു,
നിർമ്മലമായ, നാം മറന്ന സ്വത്വങ്ങൾ,
അവനവന്റെ ചർമ്മത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ,
ജനനമരണങ്ങളുടെ ഇരട്ടബിന്ദുക്കൾക്കിടയിൽ,
അവനവന്റെ നേരുറ്റ സത്തകൾ.


16. ഓർമ്മ


എല്ലാം ഞാനോർമ്മിച്ചെടുക്കണം,
പുല്ക്കൊടികൾ,
അടുക്കു തെറ്റിയ സംഭവങ്ങളുടെ തുടർച്ചകൾ,
ഇളവെടുത്തയിടങ്ങൾ,
അനന്തതയിലേക്കു പോകുന്ന തീവണ്ടിപ്പാളങ്ങൾ,
വേദനയുടെ പ്രതലങ്ങൾ-
എല്ലാറ്റിനും ഞാൻ കണക്കു വയ്ക്കണം.

ഒരു പനിനീർപ്പൂമൊട്ടു ഞാനൊന്നു സ്ഥാനം മാറ്റി വച്ചുപോയാൽ,
രാത്രിയെ മുയലെന്നു ധരിച്ചുപോയാൽ,
അല്ലെങ്കിലെന്റെ ഓർമ്മയുടെ ഒരു ചുമരങ്ങനെതന്നെ
ഇടിഞ്ഞുവീണാലും,
എല്ലാം വീണ്ടും ഞാൻ കരുപ്പിടിപ്പിക്കണം,
വായു, ആവി, ഇലകൾ, ഭൂമി, മുടിയിഴകൾ,
ഇഷ്ടികകൾ, തറച്ചുകേറിയ മുള്ളുകൾ,
ചിറകുകളുടെ വേഗതയും.

കവിയോടു കരുണ വേണമേ!
മറവിയിലെന്നും ഞാൻ മുമ്പനായിരുന്നു,
പിടി കിട്ടാത്തവയേ
എന്റെ കൈകൾക്കു പിടി കിട്ടിയുള്ളു,
ഇല്ലാതായിക്കഴിഞ്ഞതിനു ശേഷം മാത്രം
ഉപമകൾ കണ്ടെത്താവുന്ന
അസ്പൃശ്യവസ്തുക്കൾ.

പുക ഒരു പരിമളമായിരുന്നു,
പരിമളമോ, പുക പോലെ ചിലതും,
എന്റെ ചുംബനങ്ങൾ കൊണ്ടു ജീവൻ വച്ചിരുന്ന
നിദ്രാധീനമായൊരുടലിന്റെ ചർമ്മം.
എന്നാലെന്നോടേതുനാളെന്നു ചോദിക്കരുതേ,
ഞാൻ കണ്ട കിനാവിന്റെ പേരും ചോദിക്കരുതേ-
ഒരു നാടുമെത്താത്ത പാതകളളക്കാനെനിക്കാവില്ല,
സത്യത്തിന്റെ രൂപം മാറിയെന്നാവാം,
പകലതിനെ കെടുത്തിവച്ചുവെന്നാകാം,
അലയുന്നൊരു വെളിച്ചമാവാൻ,
രാത്രിയിലൊരു മിന്നാമിന്നിയാവാൻ.


17. മേശപ്പുറത്തെ വിഭവങ്ങൾ


മൃഗങ്ങൾ തീറ്റയെടുക്കുന്നതെത്ര ചന്തത്തോടെ

ഞാനൊരിക്കൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതു നോക്കിനിന്നു.
പുള്ളിപ്പുലിയെ ഞാൻ കണ്ടു,
ഗർവിഷ്ഠൻ, ദ്രുതപാദങ്ങൾ ചേർന്നവൻ,
കണ്ണഞ്ചിക്കുന്ന സൗന്ദര്യം കെട്ടുപൊട്ടിച്ചു കുതിക്കുന്നു,
ഷഡ്ഭുജങ്ങൾ പുള്ളി കുത്തിയൊരുടൽ
പൊന്നും പുകയും പോലെ ഒളിവെട്ടിപ്പായുന്നു,
ഇരയുടെ മേല്ച്ചെന്നുവീഴുന്നു,
തീ വിഴുങ്ങുമ്പോലതിനെ വിഴുങ്ങുന്നു,
വെടിപ്പായി, അലമ്പുകളില്ലാതെ,
പിന്നെയവൻ മടങ്ങുന്നു,
അഴുക്കുകൾ പറ്റാതെ, നിവർന്നുനടന്ന്, ശുദ്ധനായി,
ഇലകളുടേയും ചോലകളുടേയും ലോകത്തേക്ക്,
വാസനിക്കുന്ന പച്ചപ്പിന്റെ കുടിലദുർഗ്ഗത്തിലേക്ക്.

അതികാലത്തിറങ്ങുന്ന ജന്തുക്കളെ
പുല്പരപ്പിൽ ഞാൻ കണ്ടു,
മഞ്ഞുതുള്ളിയിറ്റുന്ന കവരക്കൊമ്പുകൾ വെളിച്ചത്തിൽ കാട്ടി,
പുഴ പാടുന്ന പാട്ടിൻ താളത്തിലവ മേഞ്ഞുനടക്കുന്നു.

ഇളമ്പുല്ലു കൊറിക്കുന്ന മുയലിനെ ഞാൻ കണ്ടു,
തളർച്ചയറിയാത്ത, മൃദുലമായ മുഖങ്ങൾ,
കറുപ്പും വെളുപ്പും നിറത്തിൽ,
പൊൻനിറത്തിൽ, മണൽനിറത്തിൽ,
പച്ചത്തകിടിക്കു മേല്കൂടി നീങ്ങിനീങ്ങിപ്പോകുന്ന ശുചിത്വം.

പിന്നെ ഞാൻ വമ്പനായ ആനയെ കണ്ടു-
ഒളിഞ്ഞിരിക്കുന്ന കൂമ്പുകൾ
അവൻ തന്റെ തുമ്പി കൊണ്ടു മണത്തുപിടിക്കുന്നതും
പിഴുതെടുക്കുന്നതും ഞാൻ കണ്ടു.
കൂടാരം പോലുള്ള അവന്റെ മനോഹരമായ ചെവികൾ
ആനന്ദം പൂണ്ടു ത്രസിക്കുമ്പോൾ എനിക്കു മനസ്സിലായി,
സസ്യലോകവുമായി സമ്പർക്കപ്പെടുകയാണവനെന്ന്,
കന്നിമണ്ണു തനിക്കായി കരുതിവച്ചതു കൈക്കൊള്ളുകയാണ്‌
നിഷ്കളങ്കനായ ആ ജീവിയെന്ന്.

മനുഷ്യർ ഇങ്ങനെയല്ല

ഇങ്ങനെയായിരുന്നില്ല പക്ഷേ, മനുഷ്യന്റെ പെരുമാറ്റം.
അവൻ തിന്നുമിടങ്ങൾ ഞാൻ കണ്ടു,
അവന്റെ അടുക്കളകൾ,
അവന്റെ കപ്പലിന്റെ തീന്മുറി,
ക്ലബ്ബുകളിലും നഗരപ്രാന്തങ്ങളിലും അവന്റെ ഭക്ഷണശാലകൾ,
അവന്റെ ജീവിതത്തിലെ ലക്കുകെട്ട ആർത്തികളിൽ
ഈ ഞാനും പങ്കു ചേർന്നിരുന്നു.
അവൻ തന്റെ ഫോർക്കെടുത്തു വീശുന്നു,
എണ്ണയ്ക്കു മേൽ വിന്നാഗിരിയെടുത്തു തൂവുന്നു,
മാനിന്റെ വാരിയിറച്ചിയിൽ അവൻ വിരലുകളാഴ്ത്തുന്നു,
ഘോരമായ ചാറുകളിൽ അവൻ മുട്ടകൾ പൊട്ടിച്ചൊഴിക്കുന്നു,
ജീവന്റെ തുടിപ്പു മാറാത്ത അടിക്കടല്ജീവികളെ
അവൻ പച്ചയ്ക്കു കടിച്ചുകീറി വിഴുങ്ങുന്നു,
ചെന്തൂവലുകാരനായ കിളിയെ അവൻ വേട്ടയാടിപ്പിടിക്കുന്നു,
പതറുന്ന മീനിനെ അവൻ മുറിപ്പെടുത്തി,
പാവം ചെമ്മരിയാടിന്റെ കരളിൽ ഇരുമ്പു കുത്തിയിറക്കി,
തലച്ചോറുകളും നാവുകളും വൃഷണങ്ങളും അരച്ചുപൊടിച്ചു,
കോടിക്കോടി മൈലുകൾ നീളുന്ന നൂലപ്പങ്ങളിൽ,
ചോര വാലുന്ന മുയലുകളിൽ, കുടല്മാലകളിൽ
അവൻ തന്നെത്തന്നെ കൂട്ടിപ്പിണച്ചു.

എന്റെ ബാല്യത്തിൽ ഒരു പന്നിയെ കൊല്ലുന്നതു കണ്ടു

എന്റെ ബാല്യത്തിനിനിയും കണ്ണീരു തോർന്നിട്ടില്ല.
സംശയങ്ങൾ തീരാത്ത ആ തെളിഞ്ഞ നാളുകളിൽ
ഒരു പന്നിയുടെ ഇരുണ്ട ചോര കറ പറ്റിച്ചിരിക്കുന്നു,
കേറിക്കേറിപ്പോകുന്നൊരാർത്തനാദം
പേടിപ്പെടുത്തുന്ന ദൂരങ്ങളിൽ നിന്നിന്നുമെത്തുന്നു.

മീനിനെ കൊല്ലൽ

പിന്നെ സിലോണിൽ വച്ചു ഞാൻ മീൻ മുറിക്കുന്നതു കണ്ടു,
നീലമീൻ, തെളിഞ്ഞ മഞ്ഞനിറത്തിലെ മീൻ,
തിളങ്ങുന്ന വയലറ്റ് മീൻ, മിനുങ്ങുന്ന ചെതുമ്പലുകൾ.
ജീവനോടവയെ വെട്ടിമുറിച്ചുവില്ക്കുന്നതു ഞാൻ കണ്ടു,
ജീവനുള്ള ഓരോ മീൻതുണ്ടവും
നിധി പോലെ കൈകളിൽ കിടന്നു തുടിച്ചു,
കത്തിയുടെ വിളർത്ത, കൊല്ലുന്ന വായ്ത്തലയിലൂടെ
അവ ചോര വാർത്തു,
പ്രാണവേദനയ്ക്കിടയിലും അവയ്ക്കാഗ്രഹം
ദ്രവാഗ്നിയും മാണിക്യങ്ങളും ചൊരിയാനാണെന്നപോലെ.




അഭിപ്രായങ്ങളൊന്നുമില്ല: