2017, നവംബർ 4, ശനിയാഴ്‌ച

ആഗസ്റ്റോ മോണ്ടെറോസ്സോ - ഗ്രഹണം



ആഗസ്റ്റോ മോണ്ടെറോസ്സോ Augusto Monterrosso (1921-2003)- ചെറുകഥയിൽ മാത്രം ശ്രദ്ധയൂന്നിയ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ. സാഹിത്യചരിത്രത്തിലെ ഏറ്റവും ചെറിയ ചെറുകഥ ഇദ്ദേഹത്തിന്റെ “ഡൈനോസാർ” എന്ന കഥയാണ്‌. ഇതാണത്: “ഞാൻ ഉണർന്നപ്പോൾ ഡൈനോസാർ അവിടെത്തന്നെയുണ്ടായിരുന്നു.”

ഹോണ്ടുറാസ്സിലാണ്‌ ജനിച്ചതെങ്കിലും ഗ്വാട്ടിമാലക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചെറുപ്പത്തിൽത്തന്നെ രാഷ്ട്രീയത്തിലിറങ്ങി. ഗ്വാട്ടിമാലയിലെ വാഴത്തോട്ടങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലാക്കിയിരുന്ന അമേരിക്കൻ ഫ്രൂട്ട് കമ്പനിക്കെതിരെയുള്ള സമരത്തിൽ അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. വിമതബുദ്ധിജീവികളുടെ താവളമായിരുന്ന Acento എന്ന പ്രസിദ്ധീകരണം അദ്ദേഹം സ്ഥാപിച്ചതാണ്‌. ഗ്വാട്ടിമാല ഭരിച്ചിരുന്ന പട്ടാളമേധാവികളുടെ പീഡനത്തിൽ നിന്നു രക്ഷ നേടാനായി 1944ൽ അദ്ദേഹം മെക്സിക്കോയിലേക്കു കുടിയേറി. പട്ടാളഭരണത്തിനു ശേഷം വന്ന ജേക്കെബോ അർബെൻസിന്റെ ലിബറൽ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ 1951 മുതൽ 54 വരെ അദ്ദേഹം മെക്സിക്കോയിൽ വൈസ് കോൺസൽ ആയി. എന്നാൽ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക നടത്തിയ  അട്ടിമറിയിൽ അർബെൻസ് സ്ഥാനഭ്രഷ്ടനായപ്പോൾ മോണ്ടെറോസ്സോ ചിലിയിലേക്കു താമസം മാറ്റി. അവിടെ പാബ്ളോ നെരൂദയുടെ സ്നേഹിതനും സെക്രട്ടറിയായുമായിരുന്നു അദ്ദേഹം.  1996ലാണ്‌ പിന്നീടദ്ദേഹം ഗ്വാട്ടിമാലയിലേക്കു വരുന്നത്, ആ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സ്വീകരിക്കാൻ.

ലളിതവും സംക്ഷിപ്തവും ഇരുണ്ട ഹാസ്യം നിറഞ്ഞതുമാണ്‌ മോണ്ടെറോസ്സോയുടെ ശൈലി. “എന്റെ വായനക്കാർക്ക് ഞാനവരെ ഒന്നു പിടിച്ചുകുലുക്കണം, എത്ര പരിഹാസ്യമായ ഒരു ലോകത്താണ്‌ തങ്ങൾ ജീവിക്കുന്നതെന്ന് അവർക്കു ഞാൻ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം.” അദ്ദേഹത്തിന്റെ എഴുത്തിൽ രൂപകങ്ങൾക്കു സ്ഥാനമില്ല; മോശം എഴുത്തുകാർക്ക് സന്തോഷം തോന്നുമെന്നല്ലാതെ മറ്റൊരുപയോഗവും അതുകൊണ്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.



ചെറുകഥകളെക്കുറിച്ച് ചെറുതായി


നോവൽ ഇഷ്ടപ്പെടുന്നയാൾ നോവലെഴുതുന്നു; ചെറുകഥ ഇഷ്ടപ്പെടുന്നയാൾ ചെറുകഥ എഴുതുന്നു. ഞാൻ രണ്ടാമത്തെ മതക്കാരനാണെന്നതിനാൽ ഞാൻ ചെറുകഥകളാണെഴുതുന്നത്. അതും അത്രയധികമൊന്നുമില്ല: ഒമ്പതു കൊല്ലത്തിനുള്ളിൽ ആറ്‌, പന്ത്രണ്ടിൽ എട്ട്. അങ്ങനെ.

ചെറുകഥകൾ അത്രയധികം എഴുതാനൊന്നും പറ്റില്ല. ആകെ മൂന്നോ നാലോ അഞ്ചോ വിഷയങ്ങളേ ഉള്ളു; ചിലർ ഏഴുണ്ടെന്നു പറയും. അതിന്മേലാണല്ലോ പണിയെടുക്കേണ്ടത്.

പേജിന്റെ എണ്ണം പറയാനാണെങ്കിൽ അതും കുറഞ്ഞിരിക്കണം; കാരണം, ചെറുകഥ പോലെ ഇത്ര എളുപ്പം നശിപ്പിക്കാവുന്ന മറ്റൊന്നില്ല. പത്തു വാക്യങ്ങൾ അധികമായി- കഥ ദരിദ്രമായിക്കഴിഞ്ഞു; പത്തു കുറഞ്ഞോ, കഥ വെറുമൊരു ഉപാഖ്യാനം മാത്രമാവുന്നു;  ആകെത്തുറന്ന ഒരുപാഖ്യാനം പോലെ വെറുപ്പു തോന്നുന്ന മറ്റൊന്നില്ല, എഴുത്തിലായാലും പറച്ചിലിലായാലും.

ചെറുകഥ എഴുതേണ്ടത് എങ്ങനെയെന്ന് ആർക്കുമറിയില്ല എന്നതാണ്‌ സത്യം. അതറിയാവുന്ന എഴുത്തുകാരൻ മോശം കഥാകാരനായിരിക്കും; അയാളുടെ അറിവ് അയാളുടെ രണ്ടാമത്തെ കഥ മുതൽ പ്രകടമായിരിക്കും, സർവ്വതിനേയും കപടവും മുഷിപ്പനും തട്ടിപ്പുമാക്കിക്കൊണ്ട്. അറിവിന്റേയും ആത്മവിശ്വാസത്തിന്റെയും പ്രലോഭനങ്ങളെ ചെറുക്കാൻ നല്ല തോതിൽ വിവേകമുണ്ടായാലേ കഴിയൂ.


അപൂർണ്ണമായ പറുദീസ


“ശരി തന്നെ,” ആ മഞ്ഞുകാലരാത്രിയിൽ നൃത്തം ചെയ്യുന്ന തീനാളങ്ങളിൽ കണ്ണു നട്ടുകൊണ്ട് വിഷാദച്ഛായയോടെ അയാൾ പറഞ്ഞു, “പറുദീസയിൽ സുഹൃത്തുക്കളുണ്ട്, സംഗീതമുണ്ട്, ചില പുസ്തകങ്ങളുമുണ്ട്. സ്വർഗ്ഗത്തു പോകുന്നതിൽ ഒരു കാര്യമേ മോശമായിട്ടുള്ളു- അവിടെ നിന്ന് മുകളിലേക്കു നോക്കാൻ പറ്റില്ല.”


സ്വപ്നം കാണുന്ന പാറ്റ


ഒരിക്കൽ ഒരിടത്ത്, താനൊരു പാറ്റയായെന്നു സ്വപ്നം കണ്ട ഗ്രിഗർ സംസ എന്നു പേരുള്ള ഒരു ക്ലർക്കിനെക്കുറിച്ചെഴുതിയ എഴുത്തുകാരനാണു താനെന്നു സ്വപ്നം കണ്ട ഫ്രാൻസ് കാഫ്ക എന്നു പേരുള്ള പാറ്റയാണു താനെന്നു സ്വപ്നം കണ്ട ഗ്രിഗർ സംസ എന്നു പേരുള്ള ഒരു പാറ്റ ഉണ്ടായിരുന്നു.


ഒരേയിടത്തു രണ്ടു തവണ പതിച്ച ഇടിമിന്നൽ


ഒരേയിടത്തു രണ്ടു തവണ പതിച്ച ഒരു ഇടിമിന്നലുണ്ടായിരുന്നു. എന്നാൽ ആദ്യത്തെത്തവണ തന്നെ താൻ വേണ്ടത്ര നാശം വരുത്തിക്കഴിഞ്ഞുവെന്നും പിന്നെയും അവിടെപ്പതിച്ചത് അനാവശ്യമായിപ്പോയെന്നും കണ്ടപ്പോൾ അതിനു വല്ലാത്ത വിഷാദമായിപ്പോയി.


വിശ്വാസവും മലകളും


ആദ്യമൊക്കെ തികച്ചും അനിവാര്യമാണെന്നു വരുമ്പോഴേ വിശ്വാസം മലകളെ ഇളക്കിയിരുന്നുള്ളു; അതിനാൽ സഹസ്രാബ്ദങ്ങളോളം ഭൂമുഖം മാറ്റമൊന്നുമില്ലാതെതന്നെയിരുന്നു. എന്നാൽ വിശ്വാസം പടർന്നുപിടിക്കാൻ തുടങ്ങുകയും മലകളെ ഇളക്കുന്നത് ആളുകൾ ഒരു തമാശയായി കാണാൻ തുടങ്ങുകയും ചെയ്തപ്പോൾ മലകൾ സ്ഥാനം മാറാൻ തുടങ്ങുകയും തലേ ദിവസം അവ എവിടെയായിരുന്നുവെന്നു കണ്ടുപിടിക്കുക പ്രയാസമായിത്തുടങ്ങുകയും ചെയ്തു. പരിഹരിക്കാൻ കഴിയുന്നതിലധികം വൈഷമ്യങ്ങളാണ്‌ ഇതു കൊണ്ടുണ്ടായത്. അതിനാൽ വിശ്വാസം വെടിയുകയാണ്‌ ഭേദം എന്ന് ആളുകൾ കണ്ടു. ഇപ്പോൾ മലകൾ പൊതുവേ സ്വസ്ഥാനത്തു തന്നെ ഉറച്ചുനില്ക്കുന്നുണ്ട്.

എന്നാൽ ഇടക്കെന്നെങ്കിലും ഹൈവേ ഇടിഞ്ഞുതാഴുകയും കുറേ ഡ്രൈവർമാർ കൂട്ടിയിടിയിൽ മരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം, വളരെയകലെയോ തൊട്ടടുത്തോ ആരോ ഒരാൾക്ക് വിശ്വാസത്തിന്റെ ചെറിയൊരു വെളിച്ചം കിട്ടി എന്നാണ്‌.


കുതിരകളുടെ ദൈവം


കുതിരകൾ വസിക്കുന്ന ഒരു സ്വർഗ്ഗമുണ്ടെന്നും ഒരു കുതിരദൈവമാണ്‌ അതിനധിപനെന്നുമുള്ള ആശയം, ആരെന്തൊക്കെപ്പറഞ്ഞാലും, സാമാന്യയുക്തിക്കും സംസ്കൃതമായ അഭിരുചിക്കും നിരക്കുന്നതല്ല എന്ന് കഴിഞ്ഞൊരു ദിവസം ഒരു കുതിര  ന്യായവാദം ചെയ്യുകയായിരുന്നു. ആർക്കാണറിയാത്തത്, അവൻ പറയുകയായിരുന്നു, കുതിരകൾക്ക് ഒരു ദൈവത്തെ ഭാവന ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ  അതിന്‌ ഒരു കുതിരസവാരിക്കാരന്റെ രൂപമാവും ഉണ്ടായിരിക്കുക എന്ന്.


ഗ്രഹണം


വഴി തെറ്റിയെന്നറിഞ്ഞപ്പോൾ ഇനി തനിക്കു രക്ഷയില്ലെന്ന യാഥാർത്ഥ്യത്തിന്‌ ബ്രദർ ബാർത്തലോമി അറസോള വഴങ്ങിക്കൊടുത്തു. പ്രബലമായ ഗ്വാട്ടിമാലൻ വനം നിർദ്ദയമായി, നിസ്സംശയമായി അയാളെ കെണിയില്പെടുത്തിക്കഴിഞ്ഞിരുന്നു. സ്ഥലപരമായ തന്റെ അജ്ഞതയ്ക്കു മുന്നിൽ നിശ്ശബ്ദനായി അയാളിരുന്നു, മരണം വരുന്നതും കാത്ത്. അവിടെക്കിടന്നു മരിക്കാൻ അയാളാഗ്രഹിച്ചു, ആശയറ്റവനായി, ഏകാകിയായി, വിദൂരമായ സ്പെയിനിൽ കേന്ദ്രീകരിച്ച ചിന്തകളുമായി; അവിടെ, ലോസ് അബ്രോഹോ കോൺവെന്റിൽ വച്ചാണ്‌ ചാൾസ് അഞ്ചാമൻ തന്റെ പ്രാമാണ്യത്തിൽ നിന്ന് ഒരു പടി താഴെയിറങ്ങാൻ സൗമനസ്യം കാട്ടുകയും പ്രേഷിതപ്രവൃത്തിയിൽ അയാൾക്കുള്ള ആവേശത്തെ തനിക്കു വിശ്വാസമാണെന്നു പറയുകയും ചെയ്തത്.

കണ്ണു തുറന്നപ്പോൾ മുഖങ്ങൾ നിർവികാരമായ ഒരു കൂട്ടം തദ്ദേശീയർക്കു നടുവിലാണ്‌ താനെന്നയാൾ കണ്ടു; ഒരു ബലിപീഠത്തിനു മുന്നിൽ അയാളെ ബലി കൊടുക്കാൻ തയാറെടുക്കുകയാണവർ. തന്റെ ഭീതികളിൽ നിന്ന്, തന്റെ ഭാഗധേയത്തിൽ നിന്ന്, തന്നിൽ നിന്നു തന്നെ താൻ അന്തിമമായി വിടുതി നേടുന്നയിടമാണാ ബലിപീഠമെന്ന് ബാർത്ത്ലോമിക്കു തോന്നി.

മൂന്നു കൊല്ലമായി അവിടെയാണെന്നതിനാൽ നാട്ടുഭാഷകളിൽ തരക്കേടില്ലാത്ത പരിജ്ഞാനം അയാൾക്കു കിട്ടിയിരുന്നു. അയാൾ ഒരു ശ്രമം നടത്തി. അയാൾ പറഞ്ഞ ചില വാക്കുകൾ അവർക്കു മനസ്സിലായി.

അപ്പോഴാണ്‌, തന്റെ ബുദ്ധിശക്തിക്കും സംസ്കാരത്തിനും തന്റെ അഗാധമായ അരിസ്റ്റോട്ടിൽ പഠനത്തിനും നിദർശനമാണെന്നയാൾ കരുതിയ ഒരു ചിന്ത അയാൾക്കുണ്ടായത്. അന്നേ ദിവസം ഒരു പൂർണ്ണസൂര്യഗ്രഹണം ഉണ്ടാകുമെന്നുള്ളത് അയാൾക്കോർമ്മവന്നു. ആ അറിവു വച്ച് തന്റെ പീഡകരെ കബളിപ്പിക്കാനും സ്വന്തം ജീവൻ രക്ഷപ്പെടുത്താനും ഉള്ളിന്റെയുള്ളിൽ അയാൾ തീരുമാനിച്ചു.

“നിങ്ങൾ എന്നെ കൊന്നാൽ”- അയാൾ അവരോടു പറഞ്ഞു, “സൂര്യനെ ഞാൻ ആകാശത്തു വച്ചണച്ചുകളയും.”

അവർ അയാളെ തറപ്പിച്ചു നോക്കി; അവരുടെ നോട്ടത്തിൽ ഒരവിശ്വാസം അയാൾ കണ്ടു. അവർ ചെറിയൊരു കൂടിയാലോചനക്കൊരുങ്ങുന്നത് അയാൾ ശ്രദ്ധിച്ചു; അല്പമൊരവജ്ഞയില്ലാതെയുമല്ല, വിശ്വാസത്തോടെ അയാൾ കാത്തുകിടന്നു.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ബ്രദർ ബാർത്തലോമി അറസോളയുടെ ഹൃദയം ബലിക്കല്ലിൽ (ഗ്രഹണസൂര്യന്റെ അതാര്യവെളിച്ചത്തിൽ അത് പ്രദീപ്തമായിരുന്നു) അതിന്റെ ചുടുചോര ചൊരിയുകയായിരുന്നു. ആ നേരം തദ്ദേശീയരിൽ ഒരാൾ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരൊച്ചയിൽ, തിടുക്കമേതുമില്ലാതെ സൂര്യചന്ദ്രഗ്രഹണങ്ങൾ വരാൻ പോകുന്ന അനന്തമായ നാളുകൾ ഒന്നൊന്നായി ഉരുക്കഴിക്കുകയായിരുന്നു; മായൻ സമൂഹത്തിലെ ജ്യോതിശാസ്ത്രജ്ഞന്മാർ അരിസ്റ്റോട്ടിലിന്റെ വിലയേറിയ സഹായമില്ലാതെ തന്നെ അവ മുൻകൂട്ടിക്കാണുകയും തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തിരുന്നു.

--------------------------------------------------------------------------------------------------

മനുഷ്യനാകാൻ കൊതിച്ച നായ

---------------------------------------------------------------------------------------------------

മെക്സിക്കോ സിറ്റിയിലെ ധനികനായ ഒരു വ്യാപാരിയുടെ,  എല്ലാ സുഖസൗകര്യങ്ങളും എല്ലാതരം വിചിത്രോപകരണങ്ങളും കൊണ്ടു നിറഞ്ഞ വീട്ടിൽ, അധികകാലം മുമ്പല്ലാതെ ഒരു നായ ജീവിച്ചിരുന്നു; അങ്ങനെയിരിക്കെ തനിക്കൊരു മനുഷ്യനാകണം എന്നൊരു ഭ്രമം അവന്റെ തലയിൽ കയറിക്കൂടുകയും തന്റെ ലക്ഷ്യത്തിനായി അവൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ തുടങ്ങുകയും ചെയ്തു.

കുറേ വർഷങ്ങൾക്കും നിരന്തരമായ സ്വയംപരിശീലനത്തിനും ശേഷം അവന്‌ അനായാസമായി രണ്ടു കാലിൽ നടക്കാമെന്നായി; താനൊരു മനുഷ്യനാകുന്നതിന്റെ വക്കത്തെത്തിയതായി ചിലപ്പോഴൊക്കെ അവനു തോന്നലുണ്ടാവുകയും ചെയ്തിരുന്നു- എന്നു പറഞ്ഞാൽ, അവൻ തന്റെ തരക്കാരെ കടിച്ചിരുന്നില്ല, പരിചയമുള്ള ആരെയെങ്കിലും മുന്നിൽ കണ്ടാൽ അവൻ വാലാട്ടിയിരുന്നു, കിടക്കുന്നതിനു മുമ്പായി മൂന്നു വട്ടം അവൻ വട്ടം കറങ്ങിയിരുന്നു, പള്ളിമണികൾ മുഴങ്ങുന്നതു കേൾക്കുമ്പോൾ അവൻ ഉമിനീരൊഴുക്കിയിരുന്നു, രാത്രിയിൽ പിൻചുമരിൽ കയറിയിരുന്ന് അവൻ ചന്ദ്രനെ നോക്കി ഓരിയിട്ടിരുന്നു എന്നീ വസ്തുതകൾ ഒഴിവാക്കിയാൽ.

*


Complete Works and Other Stories

അഭിപ്രായങ്ങളൊന്നുമില്ല: