1910 മുതൽ 1922 വരെയുള്ള കാഫ്കയുടെ ഡയറിക്കുറിപ്പുകൾ 1951ലാണ് മാക്സ് ബ്രോഡ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നത്. ഇവയെ ഡയറി എന്നു പറഞ്ഞാൽ ഭാഗികമായേ ശരിയാവൂ. സ്വകാര്യമായ അനുഭവങ്ങളും ചിന്തകളും മാത്രമല്ല, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ, ഉദ്ധരണികൾ, കത്തുകൾ, കഥകൾക്കുള്ള ആശയങ്ങൾ, പൂർണ്ണരൂപത്തിൽ തന്നെയുള്ള ചില കഥകൾ ഇവയെല്ലാം ചേർന്ന നോട്ടുബുക്കുകളാണവ.
1910
ഒരു സ്വപ്നത്തിൽ *ഡാൻസർ എഡ്വാർഡോവയോട് ഒരു തവണ കൂടി സർദാസ് നൃത്തം വയ്ക്കാൻ ഞാനപേക്ഷിച്ചു. അവരുടെ മുഖമദ്ധ്യത്ത്, നെറ്റിയുടെ കീഴ്ഭാഗത്തിനും താടിയിലെ മടക്കിനുമിടയിലായി നിഴലോ വെളിച്ചമോ വീതിയേറിയൊരു ചീളായി വീണുകിടന്നിരുന്നു. ഈ സമയത്താണ്, ബോധശൂന്യനായ ഒരുപജാപകന്റെ അറയ്ക്കുന്ന ചേഷ്ടകളുമായി ഒരുവൻ അടുത്തുചെന്ന് ട്രെയിൻ വിടാറായി എന്ന് അവരോടു പറയുന്നത്. ഈ അറിയിപ്പിന് അവർ കാതു കൊടുത്ത രീതി കണ്ടപ്പോൾ കിടിലം കൊള്ളുന്ന വിധം എനിക്കു ബോദ്ധ്യമായി, അവരിനി നൃത്തം ചെയ്യാൻ പോകുന്നില്ലെന്ന്. ‘ഞാനൊരു ദുഷ്ടത്തിയാണല്ലേ?’ അവർ ചോദിച്ചു. ‘ഹേയ്, അല്ല,’ ഞാൻ പറഞ്ഞു. പിന്നെ ഞാൻ ലക്ഷ്യഹീനനായി അവിടെനിന്നു മാറിപ്പോയി.
അതിനും മുമ്പ് ഞാൻ അവരോടു ചോദിച്ചിരുന്നു, അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരുന്ന പൂക്കളെപ്പറ്റി. ‘അതു യൂറോപ്പിലെങ്ങുമുള്ള രാജാക്കന്മാർ തന്നതാണ്,’ അവർ പറഞ്ഞു. എന്തായിരിക്കും അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചുനോക്കി. അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരിക്കുന്ന ആ പുതുപൂക്കളത്രയും യൂറോപ്പിലെ രാജാക്കന്മാർ ഡാൻസർ എഡ്വാർഡോവയ്ക്കു സമ്മാനിച്ചതാണെന്നോ?
സംഗീതപ്രേമിയായ ഡാൻസർ എഡ്വാർഡോവ ട്രാമിൽ യാത്ര ചെയ്യുമ്പോൾ ഊർജ്ജസ്വലരായ രണ്ടു വയലിനിസ്റ്റുകളെ ഒപ്പം കൂട്ടും. അവരെക്കൊണ്ട് ഇടയ്ക്കിടെ വയലിൻ വായിപ്പിക്കുകയും ചെയ്യും. ട്രാമിൽ വയലിൻ വായിക്കരുതെന്നതിന് മതിയായ കാരണങ്ങളൊന്നുമില്ല, വായന നന്നായിട്ടുണ്ടെങ്കിൽ, സഹയാത്രികർക്ക് അതിഷ്ടപ്പെടുന്നുവെങ്കിൽ, അതിനു ചെലവൊന്നുമില്ലെങ്കിൽ; എന്നു പറഞ്ഞാൽ, പിന്നീടൊരാൾ തൊപ്പിയും നീട്ടിപ്പിടിച്ചു പണം പിരിക്കാനായി നടക്കുന്നില്ലെങ്കിൽ. ആദ്യമൊക്കെ ഒരമ്പരപ്പു തോന്നിയേക്കാമെന്നതു ശരിതന്നെ, അല്പനേരത്തേക്ക് അതനുചിതമായി എല്ലാവർക്കും തോന്നിയെന്നും വരാം. പക്ഷേ കുതിച്ചോടുന്നൊരു ട്രാമിനുള്ളിൽ, പുറത്തു കാറ്റു കനക്കുമ്പോൾ, തെരുവു നിശ്ശബ്ദമായിരിക്കുമ്പോൾ അതിമനോഹരമായിരിക്കും അതു കേട്ടിരിക്കാൻ.
പുറമേ കാണുമ്പോൾ അരങ്ങത്തു കാണുന്നത്ര ഭംഗിയില്ല, ഡാൻസർ എഡ്വാർഡോവയെ കാണാൻ. അവരുടെ നിറം മങ്ങിയ ചർമ്മം, മുഖത്തു ചലനത്തിന്റെ ലാഞ്ഛന പോലും വരാത്ത വിധം, ഒരു യഥാർത്ഥമുഖം പിന്നെ അസാദ്ധ്യമാകും വിധം ചർമ്മത്തെ വലിച്ചുമുറുക്കുന്ന കവിളെല്ലുകൾ, ഒരു ഗഹ്വരത്തിൽ നിന്നെന്ന പോലെ ഉന്തിനിൽക്കുന്ന വലിയ നാസിക- അതിനോടങ്ങനെ സ്വാതന്ത്ര്യമെടുക്കാൻ പറ്റില്ല; തുമ്പത്തു തൊട്ടുനോക്കി കാഠിന്യം പരിശോധിക്കാനോ, മൂക്കിന്റെ പാലത്തിൽ മൃദുവായി പിടിച്ചുകൊണ്ട് ‘എന്റെയൊപ്പം വരില്ലേ’ എന്നു പറയാനുമാവില്ല. ആവശ്യത്തിലധികം മടക്കുകളുള്ള പാവാടകളുമായി- ആരതിഷ്ടപ്പെടാൻ?- ഇടുപ്പുയർന്ന അവരെക്കാണുമ്പോൾ എന്റെ ഒരമ്മായിയെപ്പോലെ തോന്നും; പ്രായം ചെന്ന ഒരു സ്ത്രീ. പലരുടെയും പല അമ്മായിമാരും കാണാൻ ഇതുപോലെയുണ്ടാവും. പുറത്തു വച്ചു കാണുമ്പോൾ ഈ കുറവുകൾ നികത്തുന്നതായി യാതൊന്നുമില്ല എഡ്വാർഡോവയിൽ, ആ നല്ല കാലടികളല്ലാതെ. ഒരു സംഗതിയുമില്ല, ആവേശത്തിനോ, വിസ്മയത്തിനോ, പോട്ടെ, ബഹുമാനത്തിനെങ്കിലും ഇടകൊടുക്കുന്നതായി. അതു കാരണം ആളുകൾ അവരോട് ഒരുതരം ഉദാസീനതയോടെ പെരുമാറുന്നതും ഞാൻ കണ്ടിരിക്കുന്നു; അതും മറ്റു വിധത്തിൽ അതിനിപുണരും, ഒരിക്കലും തെറ്റു പറ്റാത്തവരുമായ മാന്യദേഹങ്ങൾക്കു പോലും മറച്ചുപിടിയ്ക്കാൻ പറ്റാത്ത ഒരുദാസീനത, എഡ്വാർഡോവയെപ്പോലെ പേരെടുത്ത ഒരു നർത്തകിയ്ക്കു മുന്നിൽ അങ്ങനെയാവാതിരിക്കാൻ സ്വാഭാവികമായും അവർ ജാഗ്രത കാണിക്കാറുണ്ടെങ്കിൽക്കൂടി.
*
എന്റെ ഉടലിനെയോർത്ത്, ഈയുടലും വച്ചുകൊണ്ടുള്ള ഒരു ഭാവിയെയോർത്തുള്ള കൊടുംനൈരാശ്യത്തിൽ നിന്നാണ് ഞാനിതെഴുതുന്നത്.
**
എത്ര നാളുകൾ നിശ്ശബ്ദമായി കടന്നുപോയി. ഇന്ന് മേയ് 28. ഒരു നാളും വിടാതെ ഈ പെൻ ഹോൾഡർ, ഈ മരക്കഷണം കൈയിലെടുക്കാനുള്ള നിശ്ചയദാർഢ്യം പോലുമെനിക്കില്ലേ? ഇല്ലെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ വഞ്ചി തുഴയുന്നുണ്ട്, കുതിരസവാരി ചെയ്യുന്നുണ്ട്, നീന്തുന്നുണ്ട്, വെയിലു കൊള്ളുന്നുണ്ട്. അതിനാൽ എന്റെ കാല്‍വണ്ണകൾ കൊള്ളാം, തുടകൾ മോശമല്ല, വയറു തരക്കേടില്ല; പക്ഷേ എന്റെ നെഞ്ചു മുഷിഞ്ഞതാണ്, തോളുകൾക്കിടയിൽ ഇറക്കിവച്ചപോലെ തല-
**
എഡ്വാർഡോവ (Eduardova)- പ്രാഗിലെ ജർമ്മൻ തിയേറ്ററിൽ റഷ്യൻ ബാലേ അവതരിപ്പിച്ച സംഘത്തിലെ ഒരു നർത്തകി.
സർദാസ് (Czardas)- ഹംഗേറിയൻ നൃത്തരൂപം
നവംബർ 15, 10 മണി
തളർന്നുപോകാൻ ഞാനെന്നെ വിടില്ല; എന്റെ കഥയിലേക്കു ഞാൻ ചാടിക്കയറും, അതിനി എന്റെ മുഖത്തെ തുണ്ടുതുണ്ടായി കീറിമുറിച്ചാലും.
നവംബർ 27
ബർണാർഡ് കെല്ലർമൻ ഉറക്കെ വായിച്ചു. ‘വെളിച്ചം കാണാത്ത ചില സംഗതികൾ, എന്റെ തൂലികയിൽ നിന്ന്,’ അയാൾ തുടങ്ങി. കാണുമ്പോൾ ദയാലുവായ ഒരാൾ, മിക്കവാറും നരച്ച മുടി, സമയമെടുത്തു പറ്റെ വടിച്ച മുഖം, കൂർത്ത നാസിക, കവിളെല്ലുകൾക്കു മേലുള്ള പേശികൾ ഇടയ്ക്കിടെ ഓളം വെട്ടുന്നു. ഒരിടത്തരം എഴുത്തുകാരനാണയാൾ; ചില ഭാഗങ്ങൾ നന്നാവാം (ഒരാൾ ഇടനാഴിയിലേക്കു പോകുന്നു, ചുമയ്ക്കുന്നു, ആരെങ്കിലും അവിടെയുണ്ടോയെന്നറിയാൻ ചുറ്റും നോക്കുന്നു); താൻ വാഗ്ദാനം ചെയ്തതു വായിക്കാനാഗ്രഹിക്കുന്നതിനാൽ വാക്കിനു നെറിയുള്ളയാളും; സദസ്യർ പക്ഷേ അതിനയാളെ അനുവദിക്കുകയുമില്ല. മാനസികവൈകല്യമുള്ളവരെ ചികിത്സിക്കുന്ന ഒരാശുപത്രിയെക്കുറിച്ചുള്ള ആദ്യത്തെ കഥ കൊണ്ടുതന്നെ വിരണ്ടതു കാരണം, വായനയുടെ മുഷിപ്പൻ രീതി കാരണം, ആളുകൾ, കഥയുടെ വിലകുറഞ്ഞ പരിണാമഗുപ്തി ഇരിക്കെത്തന്നെ, ഓരോരുത്തരായി ഇറങ്ങിപ്പോവുകയായിരുന്നു, തൊട്ടപ്പുറത്തു നടക്കുന്ന മറ്റാരുടെയോ കഥാവായന കേൾക്കാനുള്ള ഉത്സാഹം കൊണ്ടെന്നപോലെ. കഥയുടെ മൂന്നിലൊന്നു തീർത്ത് അല്പം വെള്ളം കുടിയ്ക്കാനായി അയാൾ ഒന്നു നിർത്തിയപ്പോൾ ഒരുകൂട്ടമാളുകൾ അങ്ങനെതന്നെ സ്ഥലം വിട്ടു. ആൾ വിരണ്ടുപോയി. ‘ഇതു കഴിയാറായി,’ അയാൾ പച്ചക്കള്ളം തട്ടിവിട്ടു. ഒടുവിൽ വായന കഴിഞ്ഞപ്പോൾ സർവ്വരും എഴുന്നേറ്റുനിന്നു. ചെറിയൊരു കൈയടിയുണ്ടായി; അതു കേട്ടിട്ട്, എഴുന്നേറ്റുനിൽക്കുന്ന അത്രയുമാളുകൾക്കിടയിൽ ഒരാൾ മാത്രം ഇരുപ്പുണ്ടെന്നും, അയാളാണു കൈയടിക്കുന്നതെന്നും തോന്നിപ്പോയി. കെല്ലർമന്നു പക്ഷേ പിന്നെയും വായിക്കണം മറ്റൊരു കഥ, പറ്റിയാൽ പല കഥകൾ. പക്ഷേ, വേലിയിറക്കം പോലെയുള്ള ആ ഒഴിഞ്ഞുപോക്കിനു മുന്നിൽ വായ പൊളിച്ചുനിൽക്കാനേ അയാൾക്കു കഴിഞ്ഞുള്ളു. ഒടുവിൽ ആരോ ഉപദേശിച്ചതു കാരണം അയാൾ പറഞ്ഞു, ‘പതിനഞ്ചു മിനുട്ടു മാത്രമെടുക്കുന്ന ഒരു കഥ കൂടി വായിക്കണമെന്നെനിക്കുണ്ട്. അതിനു മുമ്പ് ഒരഞ്ചു മിനുട്ട് വിശ്രമം.’ പലരും പിന്നെയും ശേഷിച്ചു. തുടർന്ന് അയാൾ വായിച്ച കഥയിലെ ഭാഗങ്ങൾ തന്നെ മതിയായ ന്യായീകരണമായിരുന്നു, സദസ്സിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഒരാൾക്ക് സദസ്സിന്റെ നടുവിലൂടെ, അവർക്കു മുകളിലൂടെയും ചാടിയോടുന്നതിന്.
ഡിസംബർ 15
എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് (അതൊരു കൊല്ലം നീണ്ടുനിന്നിരിക്കുന്നു) ഞാൻ സ്വരൂപിച്ച നിഗമനങ്ങളിൽ എനിക്ക് ഒരു വിശ്വാസവുമില്ല; അതിലും എത്രയോ ഗൗരമമേറിയതാണ് എന്റെ അവസ്ഥ. ഇതൊരു പുതിയ അവസ്ഥയാണെന്നു പറയാമോ എന്നുപോലും എനിക്കറിയില്ല എന്നതാണു വാസ്തവം. എന്റെ യഥാർത്ഥ അഭിപ്രായം പക്ഷേ, ഇതൊരു പുതിയ അവസ്ഥയാണ് എന്നു തന്നെയാണ്; സമാനമായവ പണ്ടുണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമാണ്. എന്നെ സൃഷ്ടിച്ചിരിക്കുന്നത് കല്ലുകൊണ്ടാണെന്നപോലെ, ഞാൻ തന്നെയാണ് എന്റെ സ്മാരകശില എന്നതു പോലെ; സംശയം വിശ്വാസം,സ്നേഹം വെറുപ്പ്, ധൈര്യം, ഉത്കണ്ഠ- ഒന്നിനുമുള്ള പഴുതില്ല, ഒന്നിനോടു പ്രത്യേകിച്ചായാലും പൊതുവേ ആയാലും. അസ്പഷ്ടമായ ഒരു പ്രതീക്ഷ മാത്രം പുലരുന്നു, അതും ചിതാലേഖങ്ങൾ പോലെ. ഞാനെഴുതുന്ന ഓരോ വാക്കും അടുത്തതിൽ ചെന്നിടിച്ച് അപസ്വരമുണ്ടാക്കുന്നു; വ്യഞ്ജനങ്ങൾ തമ്മിലുരയുന്ന ചതഞ്ഞ ശബ്ദം എന്റെ കാതുകളിൽപ്പെടുന്നു, സ്വരങ്ങൾ നീഗ്രോഗായകരെപ്പോലെ അകമ്പടി പാടുന്നു. ഓരോ വാക്കിനു ചുറ്റും എന്റെ സന്ദേഹങ്ങൾ വട്ടമിട്ടു നിൽക്കുന്നു; വാക്കിനെക്കാൾ മുമ്പേ ഞാൻ കാണുന്നത് അവയെയാണ്; പിന്നെയോ! വാക്കിനെ ഞാൻ കാണുന്നുമില്ല, അതിനെ ഞാൻ സൃഷ്ടിച്ചെടുക്കുകയാണ്. അതുമല്ല വലിയ ദൗർഭാഗ്യം; ശവങ്ങൾ ചീയുന്ന നാറ്റം എന്റെയും വായനക്കാരുടെയും മുഖത്തേക്ക് നേരേ വന്നടിക്കാതെ മാറ്റിവിടാൻ ശക്തമായ വാക്കുകളെ കണ്ടെത്താൻ എനിക്കു കഴിയേണ്ടിയിരിക്കുന്നു. എഴുത്തുമേശയ്ക്കു മുന്നിൽ ചെന്നിരിക്കുന്ന എന്റെ അവസ്ഥ ഇരുകാലുകളുമൊടിഞ്ഞ് ട്രാഫിക്കിനിടയിൽ കിടക്കുന്ന ഒരാളുടേതു പോലെയാണ്. വണ്ടികൾ അവയുടെ ഒച്ചപ്പാടിരിക്കെത്തന്നെ നാലു ദിക്കിലും നിന്നുവന്ന് നാലു ദിക്കിലേക്കും നിശബ്ദമായി വന്നു തിരക്കുന്നു; പക്ഷേ അവിടെ ക്രമം സ്ഥാപിക്കാൻ പൊലീസിനെക്കാൾ കഴിയുന്നത് ആ മനുഷ്യന്റെ വേദനയ്ക്കാണ്; അത് അയാളുടെ കണ്ണുകളെ അടയ്ക്കുകയും വണ്ടികൾ വളയ്ച്ചെടുത്തു തിരിയ്ക്കേണ്ട ആവശ്യമില്ലാത്ത മാതിരി അവയെ മാറ്റി തെരുവ് ഒഴിച്ചെടുക്കുകയും ചെയ്യുന്നു. ആ വലിയ കോലാഹലം അയാൾക്കു വേദനയുണ്ടാക്കുന്നതാണ് ,കാരണം അയാൾ ശരിക്കും ഒരു ഗതാഗതതടസ്സമാണല്ലോ; അതേസമയം ഈ സമയത്തെ ശൂന്യത വിഷാദപൂർണ്ണവുമാണ്,കാരണം അതയാളുടെ യഥാർത്ഥവേദനയെ അഴിച്ചുവിടുകയാണ്.
ഡിസംബർ 16
ഞാനിനി ഡയറി ഉപേക്ഷിക്കില്ല. ഇതിലെ പിടി വിടരുത്, കാരണം എനിക്കു ഞാനാകാൻ ഈയൊരിടമേയുള്ളു.
ഇപ്പോഴെന്നപോലെ ഇടയ്ക്കിടെ എന്നിലുണ്ടാകുന്ന ഉന്മേഷത്തെ വിശദീകരിക്കാൻ എനിക്കു സന്തോഷമേയുള്ളു. നുരഞ്ഞുപൊന്തുന്ന എന്തോ ഒന്ന് മൃദുലവും പ്രീതിദവുമായ ഒരു വിറ കൊണ്ടെന്നെ നിറയ്ക്കുകയാണ്; ഏതു നിമിഷവും, ഇപ്പോൾപ്പോലും, എനിക്കില്ലെന്ന് അത്ര തീർച്ചയോടെ ഞാൻ സ്വയം ബോധ്യപ്പെടുത്തുന്ന ഗുണങ്ങൾ എനിക്കുണ്ടെന്നു വിശ്വസിക്കാൻ അതെനിക്കു പ്രേരണയാവുകയുമാണ്.
*ഡബ്ല്യു.ഫ്രെഡിന്റെ ഡൈ സ്റ്റ്‌റാസ്സെ ഡർ വെർലാസേൻഹൈറ്റ്. ഈതരം പുസ്തകങ്ങൾ എഴുതപ്പെടുന്നതെങ്ങനെ? തരക്കേടില്ലെന്നു പറയാവുന്ന ചിലതൊക്കെ ചെറിയ തോതിൽ നിർമ്മിച്ചുവിടുന്ന ഒരു മനുഷ്യൻ ഇവിടെ തന്റെ കഴിവിനെ ഒരു നോവലിന്റെ വലിപ്പത്തിലേക്ക് ഊതിവീർപ്പിക്കുകയാണ്; അതിന്റെ ദയനീയത കാണുമ്പോൾ നിങ്ങൾക്കു മനംപുരട്ടൽ തോന്നുന്നു; സ്വന്തം വാസനയെ ദുരുപയോഗപ്പെടുത്തുന്നതിന് അയാൾ ചെലവഴിക്കുന്ന ഊർജ്ജത്തെ പ്രശംസിക്കാൻ നിങ്ങൾ മറക്കുന്നുമില്ല.
നോവലുകളിലും നാടകങ്ങളിലും കാണുന്ന അപ്രധാനകഥാപാത്രങ്ങളുടെ പിന്നാലെയുള്ള എന്റെയീ പോക്ക്. ആ സമയത്ത് എനിക്കവരോടു തോന്നുന്ന മമത! *ജങ്ങ്ഫെം വോം ബിഷോഫ്സ്ബെർഗിൽ (പേരതു തന്നെയോ?) നാടകത്തിലെ വധുവിന്റെ വേഷം തയാറാക്കുന്ന രണ്ടു തുന്നൽക്കാരികളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ആ പെൺകുട്ടികൾക്ക് പിന്നെന്തു പറ്റുന്നു? എവിടെയാണവർ താമസിക്കുന്നത്? അവർ നാടകത്തിന്റെ ഭാഗമാകരുതെന്നു വയ്ക്കാൻ വേണ്ടി അവർ എന്തു ചെയ്തു? പുറത്ത്, നോഹയുടെ പെട്ടകത്തിനു മുന്നിൽ , കോരിച്ചൊരിയുന്ന മഴയിൽ അവർ മുങ്ങിത്താഴുകയാണ്; പെട്ടകത്തിന്റെ ഒരറയുടെ ജനാലയിൽ അവസാനമായി അവർ ഒന്നു കവിളമർത്തുമ്പോൾ അകത്തിരിക്കുന്നവർക്ക് തെളിച്ചം കുറഞ്ഞ എന്തോ ഒന്ന് കണ്ണിൽപ്പെട്ടപോലെ തോന്നുകയും ചെയ്യുന്നു.
*W. Fred- Die Strasse der Verlassenheit
*Jungfern von Bischosberg – G. Hauptmann
ഡിസംബർ 22
സ്വയം കുറ്റപ്പെടുത്താനുള്ള ധൈര്യം പോലും ഇന്നു തോന്നുന്നില്ല. ശൂന്യമായ ഈ ദിവസത്തിലേക്കൊന്നു കൂക്കിയാൽ അറയ്ക്കുന്ന മാറ്റൊലിയേ തിരിച്ചെത്തു.
ഡിസംബർ 26
രണ്ടര ദിവസം, പൂർണ്ണമായിട്ടല്ലെങ്കിലും, ഞാൻ ഒറ്റയ്ക്കായിരുന്നു; മറ്റൊരാളായെന്നു പറയാറായിട്ടില്ലെങ്കിലും ഞാൻ ആ വഴിക്കു കാലെടുത്തു വച്ചുകഴിഞ്ഞു. ഒറ്റയ്ക്കാവുക എന്നത് എന്റെ മേൽ ചെലുത്തുന്ന പ്രഭാവം അത്ര വിപുലമാണ്. എന്റെ അകം അലിഞ്ഞുപോവുകയും(തൽക്കാലത്തേക്കത് പുറമേ തോന്നുന്നതാണെങ്കിൽക്കൂടി) അതിനുമാഴത്തിൽക്കിടന്നതൊന്നിനെ സ്വതന്ത്രമാക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. എന്റെ ആന്തരജിവിതത്തിൽ എന്തോ ചെറിയ അടുക്കും ചിട്ടയും വന്നുചേരുന്നു; എനിക്കതേ വേണ്ടു, കാരണം, ചെറിയ കഴിവുകൾ മാത്രമുള്ളവർ ഏറ്റവും പേടിക്കേണ്ടത് ചിട്ടയില്ലായ്മയെയാണ്.
ഡിസംബർ 27
ഇനിയൊരു വരിയെഴുതാനുള്ള ശക്തി ബാക്കിയില്ല. അതെ, വാക്കുകളായിരുന്നു വിഷയമെങ്കിൽ; ഒരു വാക്കെഴുതി വച്ചാൽ മതി, ആ വാക്കിൽ തന്നെത്തന്നെ പൂർണ്ണമായും നിവേശിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ തിരിഞ്ഞുനടക്കാം എന്നായിരുന്നുവെങ്കിൽ.
1911
ജനുവരി 19
തമ്മിൽ കലഹിക്കുന്ന രണ്ടു സഹോദരന്മാരെക്കുറിച്ച് ഒരിക്കൽ ഞാനൊരു നോവൽ വിഭാവന ചെയ്യുകയുണ്ടായി; അതിലൊരാൾ അമേരിക്കയിലേക്കു പോവുകയും, മറ്റേയാൾ യൂറോപ്പിലെ ഒരു തടവറയിൽ കിടക്കുകയുമാണ്. ഇടയ്ക്കെപ്പോഴെങ്കിലുമേ ചില വരികൾ ഞാനെഴുതിയിരുന്നുള്ളു, കാരണം എനിക്കതു വേഗം തന്നെ മടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ച തിരിഞ്ഞ നേരത്ത് ഞാൻ ചില വരികളെഴുതി; ഞങ്ങളന്ന് എന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ ചെന്നിരിയ്ക്കുകയാണ്; ആ ഭാഗത്തു പതിവുള്ള പതുപതുത്ത ഒരുതരം റൊട്ടി, വെണ്ണ പുരട്ടിയത്, ഞങ്ങൾ കഴിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ മൂഢാഭിമാനം കൊണ്ടുതന്നെയാവണം, മേശവിരി മേൽ കടലാസു നിവർത്തിവച്ചും, പെൻസിലു കൊണ്ടു താളം പിടിച്ചും, വിളക്കിനു ചോട്ടിലേക്കു കുനിഞ്ഞുനോക്കിയും ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുകയായിരുന്നു ഞാൻ: അയാൾ ഞാനെഴുതിയത് എന്റെ കൈയിൽ നിന്നു വാങ്ങിനോക്കണം, എന്നെ അഭിനന്ദിക്കണം. ആ കുറച്ചു വരികളിലുണ്ടായിരുന്നത് മുഖ്യമായും തടവറയുടെ ഒരു വിവരണമായിരുന്നു, വിശേഷിച്ചും അതിന്റെ നിശ്ശബ്ദതയും തണുപ്പും; പിന്നിലായിപ്പോയ സഹോദരനെക്കുറിച്ച് സഹതാപരൂപത്തിലുള്ള ചിലതും അതിലുണ്ടായിരുന്നു; അയാളായിരുന്നല്ലോ, കൂട്ടത്തിൽ നല്ലവൻ. എന്റെ വിവരണം ഒരു വിലയുമില്ലാത്തതാണെന്ന് നൈമിഷികമായ ഒരു തോന്നൽ എനിക്കുണ്ടായിരുന്നുവെന്നു വരാം; പക്ഷേ ഉച്ചയ്ക്കു മുമ്പ് അങ്ങനെയുള്ള തോന്നലുകളെ ഞാൻ കാര്യമായി ശ്രദ്ധിക്കാൻ പോയിരുന്നില്ല; കാരണം, എനിക്കു പരിചയമുള്ള (പരിചയം കൊണ്ടു തന്നെ പാതി സന്തോഷം കിട്ടുന്ന രീതിയിൽ കാതരമനസ്സായിരുന്നു ഞാൻ) ബന്ധുക്കൾക്കിടയിലാണു ഞാൻ; എനിക്കു പരിചിതമായ ഒരു മുറിയിലെ വട്ടമേശയ്ക്കരികിലിരിക്കുകയാണ്; ഞാൻ ചെറുപ്പമാണെന്നും, ഇപ്പോഴത്തെ പ്രശാന്തതയിൽ നിന്നിറങ്ങിപ്പോയി ഭാവിയിൽ വലിയ ഉദ്യമങ്ങളേറ്റെടുക്കാനുള്ളയാളാണു ഞാനെന്നും എനിക്കോർമ്മയുമുണ്ട്. അന്യരെ കളിയാക്കുന്നതിൽ തല്പരനായ ഒരമ്മാവൻ ഒടുവിൽ എന്റെ കൈയിൽ നിന്ന് ആ കടലാസ്സു വാങ്ങി ഒന്നോടിച്ചു നോക്കിയിട്ട് ഒരു ചിരി പോലുമില്ലാതെ അതെനിയ്ക്കു മടക്കിത്തരികയും, കണ്ണുകൾ കൊണ്ട് തന്നെ പിന്തുടരുകയായിരുന്ന മറ്റുള്ളവരോട് ‘ പതിവുസാധനം തന്നെ’ എന്നു മാത്രം പറഞ്ഞ്, എന്നോടു യാതൊന്നും പറയാതിരിക്കുകയും ചെയ്തു. ശരിതന്നെ, നിരുപയോഗമായിത്തീർന്ന എന്റെ കടലാസ്സിനു മുന്നിൽ പണ്ടേപ്പോലെ കുനിഞ്ഞിരിക്കുകയായിരുന്നു ഞാൻ; പക്ഷേ ഒറ്റ ഉന്തൽ കൊണ്ട് സമൂഹത്തിൽ നിന്നു ഞാൻ ബഹിഷ്കൃതനായിക്കഴിഞ്ഞു; എന്റെ അമ്മാവന്റെ വിലയിരുത്തൽ അതിന്റെ ശരിക്കുള്ള പ്രാധാന്യത്തോടെ എന്റെയുള്ളിൽ ആവർത്തിക്കുകയായിരുന്നു; ഒരു കുടുംബത്തിൽ ഉൾപ്പെട്ടവനാണെന്ന തോന്നലിനിടയിലും നമ്മുടെ ലോകമെന്ന തണുത്ത സ്ഥലത്തേക്ക് ഒരുൾക്കാഴ്ച എനിയ്ക്കു കിട്ടുകയായിരുന്നു; ഞാൻ തന്നെ തേടിക്കണ്ടെത്തേണ്ട ഒരഗ്നി കൊണ്ടു വേണം എനിക്കതിനു ചൂടു പകരുവാനും.
ഫെബ്രുവരി 21
എനിക്കു രണ്ടാമതൊരു ജന്മം തീർച്ചയായിട്ടുണ്ടെന്ന മട്ടിലാണ് ഇവിടത്തെ എന്റെ ജീവിതം.
മേയ് 27
ഇന്നു നിന്റെ പിറന്നാളാണ്; പക്ഷേ പതിവുള്ള പുസ്തകം പോലും ഞാനയക്കുന്നില്ല; കാരണം, അതൊരു നാട്യമാവുകയേയുള്ളു. നിനക്കു പുസ്തകം സമ്മാനിക്കാനുള്ള അവസ്ഥയിലല്ല ഞാനെന്നതാണു വാസ്തവം. ഞാനിതെഴുന്നുവെങ്കിൽ, അത് ഇന്നത്തെ ദിവസം ഒരു നിമിഷമെങ്കിലും നിന്റെ അരികിലിരിക്കുക എനിക്കത്രയുമത്യാവശ്യമായതുകൊണ്ടും, അതിനി ഈ കാർഡു വഴിയ്ക്കാണെങ്കിൽ അങ്ങനെ. ഒരു പരാതി കൊണ്ടു തുടങ്ങിയത് നിനക്കെന്നെ അത്രവേഗം മനസ്സിലായിക്കോട്ടെ എന്നു കരുതിയും.
ആഗസ്റ്റ് 26
നാളെ ഞാൻ ഇറ്റലിയ്ക്കു പുറപ്പെടുമെന്നാണു വച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ രാത്രികളായി അച്ഛന് ഉറക്കമേയില്ല; തന്റെ ബിസിനസ്സിനെക്കുറിച്ചുള്ള ആധികളിലും, അവ വഷളാക്കിയ രോഗത്തിലും പൂർണ്ണമായും നിമഗ്നനാണദ്ദേഹം. നെഞ്ചത്തു നനച്ചിട്ട തുണി, ഛർദ്ദി, വിമ്മിഷ്ടം, നെടുവീർപ്പുകളുടെ അകമ്പടിയോടെയുള്ള ചാലിടൽ. അമ്മ തന്റെ ഉത്കണ്ഠയിൽ പുതിയൊരു സാന്ത്വനം കണ്ടെത്തിയിരിക്കുന്നു. അദ്ദേഹത്തിന് എന്നും നല്ല ചുറുചുറുക്കായിരുന്നു, എന്തുമദ്ദേഹം മറികടന്നിരിക്കുന്നു. ഇനിയിപ്പോൾ...ബിസിനസ്സു സംബന്ധമായിട്ടുള്ള വൈഷമ്യമൊക്കെ ഇനിയൊരു മൂന്നു മാസമേ നീണ്ടുനിൽക്കൂയെന്നും, അതു കഴിഞ്ഞാൽ ഒക്കെ ശരിയായിത്തന്നെയാവണമെന്നും ഞാൻ. അദ്ദേഹം നടപ്പു തന്നെയാണ്, നെടുവീർപ്പുകളുതിർത്തും, തലയിട്ടിളക്കിയും. സ്വന്തം വീക്ഷണത്തിൽ അദ്ദേഹത്തിനു വ്യക്തമാണ്, തന്റെ വേവലാതികൾ താൻ തന്നെ ചുമക്കണമെന്നും, ഞങ്ങളെക്കൊണ്ട് അതിന്റെ ഭാരമൊന്നു കുറയ്ക്കാൻ പോലുമാവില്ലെന്നും. ഞങ്ങളുടെ വീക്ഷണത്തിൽ നിന്നു നോക്കിയാലും ഞങ്ങൾ ഒരാശ്വാസവുമാവാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം; ഞങ്ങളുടെ ഏതു സദുദ്ദേശ്യത്തിലുമുണ്ടാവും, അദ്ദേഹം തന്നെ വേണം കുടുംബത്തെ രക്ഷിക്കാനെന്ന വിഷാദം കലർന്ന ബോദ്ധ്യം...
സെപ്തംബർ 26
ചിത്രകാരൻ കുബിൻ: ബലിഷ്ഠവും, അതേസമയം ഭാവഭേദമില്ലാത്തതുമായ മുഖം. ഒന്നിനൊന്നു വൈവിദ്ധ്യമുള്ള കാര്യങ്ങൾ പറയുമ്പോഴും പക്ഷേ, മുഖപേശികളുടെ ചലനം സമാനം തന്നെ. പ്രായത്തിൽ, വലിപ്പത്തിൽ, ബലത്തിൽ വ്യത്യസ്തനായി തോന്നും, ആൾ ഇരിക്കുകയാണോ, നിൽക്കുകയാണോ, ഷർട്ടു മാത്രമേ ധരിച്ചിട്ടുള്ളോ അതോ ഓവർക്കോട്ടു കൂടി ഇട്ടിട്ടുണ്ടോയെന്നതിനെ ആശ്രയിച്ച്.
സെപ്തംബർ 27
ഒരു പെൺകുട്ടിയുടെ വേഷത്തിൽ കണ്ട, കൈയ്ക്കു താഴെയായി തുന്നിപ്പിടിപ്പിച്ച മനോഹരമായ വലിയ ബട്ടൺ. വേഷവും മനോഹരമായിരിക്കുന്നു; അമേരിക്കൻ ബൂട്ടുകൾക്കു മേൽ അതു പാറിക്കിടക്കുന്നു. എത്ര ചുരുക്കമായിട്ടാണ് മനോഹരമായതൊന്നു സൃഷ്ടിക്കാൻ എനിക്കു കഴിയുക? ശ്രദ്ധയിൽ പെടാത്ത ഈ ബട്ടണും, അതു തുന്നിപ്പിടിപ്പിച്ച അജ്ഞാതയായ തയ്യൽക്കാരിയും അതിൽ വിജയിച്ചിരിക്കുന്നു.
ഒക്റ്റോബർ 2
ഉറക്കമില്ലാത്ത രാത്രി. തുടർച്ചയായി മൂന്നാമത്തേത്. നല്ല ഉറക്കത്തിലേക്കു ഞാൻ വീഴുകയാണ്; പക്ഷേ ഒരു മണിക്കൂർ കഴിയുമ്പോൾ ഞാനുണർന്നുപോകുന്നു, ഞാൻ തല കൊണ്ടുവച്ചിടം പിശകിപ്പോയെന്നപോലെ. നല്ല ബോധത്തിലാണു പിന്നെ ഞാൻ, ഒട്ടുമുറങ്ങിയിട്ടില്ലെന്നാണെന്റെ തോന്നൽ, ഇനിയുറങ്ങിയെങ്കിൽത്തന്നെ ലഘുനിദ്രയാണതെന്നും. ഉറങ്ങുക എന്ന അദ്ധ്വാനം രണ്ടാമതും തുടങ്ങേണ്ടിവരികയാണെനിയ്ക്ക്; ഉറക്കം എന്നെ തള്ളിക്കളഞ്ഞ പോലെയുമെനിയ്ക്കു തോന്നുന്നു. ശേഷിച്ച രാത്രി, അഞ്ചു മണിവരെയും, ഇങ്ങനെ പോകും. അതായത് ഉറങ്ങുമ്പോൾത്തന്നെ വിശദമായ സ്വപ്നങ്ങൾ എന്നെ ഉണർത്തിയിരുത്തുകയുമാണ്. എനിക്കരികിൽ കിടന്നു ഞാനുറങ്ങുകയാണെന്നു പറയാം; മറ്റൊരു ഞാൻ സ്വപ്നങ്ങളുമായി മല്ലു പിടിയ്ക്കുകയും. അഞ്ചുമണിയാവുന്നതോടെ ഉറക്കത്തിന്റെ അവസാനലാഞ്ഛനയും ഒഴിഞ്ഞുപോവുകയായി; പിന്നെ ശേഷിക്കുന്നതു സ്വപ്നം മാത്രം; അതാവട്ടെ, ഉണർന്നിരിക്കുന്നതിനെക്കാൾ തളർത്തുന്നതും. ചുരുക്കത്തിൽ ആരോഗ്യവാനായ ഒരാൾ ഉറക്കം പിടിയ്ക്കുന്നതിനു മുമ്പുള്ള അല്പനേരം അനുഭവിക്കുന്ന അവസ്ഥയാണ് എനിക്കു രാത്രി മുഴുവൻ സഹിക്കേണ്ടിവരുന്നത്. ഉണരുമ്പോൾ കണ്ട സ്വപ്നങ്ങളൊക്കെയും ചുറ്റും വന്നു തിരക്കിക്കൂടും; പക്ഷേ അവയെക്കുറിച്ചാലോചിക്കാതിരിക്കാൻ ഞാൻ ജാഗ്രത കാണിക്കാറുണ്ട്. പുലർച്ചയാവുമ്പോൾ ഒരു നെടുവീർപ്പോടെ ഞാൻ തലയിണയിൽ മുഖമമർത്തുന്നു, കാരണം ഈ രാത്രി ഞാനിനി പ്രത്യാശ വയ്ക്കേണ്ടതില്ലെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. ഗാഢനിദ്രയിൽ നിന്നെഴുന്നേറ്റുവന്ന രാത്രികളെയും, ഒരടയ്ക്കയ്ക്കുള്ളിലെന്നപോലെ ചുരുണ്ടുകൂടിയ രാത്രികളെയും കുറിച്ച് ഞാനപ്പോളോർത്തുപോകും.
ഒക്റ്റോബർ 3
സ്ഥലത്തെ പോലീസ് മേധാവിക്ക് അല്പം നീളമുള്ള ഒരു റിപ്പോർട്ട് പറഞ്ഞുകൊടുത്തെഴുതിക്കെ, അവസാനഭാഗമെത്തിയപ്പോൾ (അവിടെ ഒരു ക്ളൈമാക്സും ഉദ്ദേശിക്കപ്പെട്ടിരുന്നു) എന്റെ മനസ്സു പെട്ടെന്നു ശൂന്യമായി; ടൈപ്പിസ്റ്റ് കെ.യെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവളാകട്ടെ, ഉടനെ വളരെ ഊർജ്ജസ്വലയാവുകയും, കസേര ഒന്നു പിന്നിലേക്കു നിരക്കി, ഒരു ചുമയും, മേശപ്പുറത്ത് ഒരു തട്ടലും കൊണ്ട് ഓഫീസിന്റെയാകെ ശ്രദ്ധ എന്റെ ഗതികേടിലേക്കു തിരിക്കുകയും ചെയ്തു. ഞാൻ അന്വേഷിച്ചുനടന്ന ആശയത്തിന് അവളെ അടക്കിയിരുത്തുക എന്ന അധികമൂല്യം കൂടി കൈവന്നിരിക്കുന്നുവെങ്കിലും, മൂല്യമേറുന്തോറും കണ്ടുകിട്ടാൻ വിഷമമാവുകയുമാണതിനെ. ഒടുവിൽ ‘ദുഷ്കീർത്തി വരുത്തുക’ എന്ന പ്രയോഗം എനിക്കു വീണുകിട്ടുന്നു, അതിനനുയോജ്യമായ വാക്യവും; പക്ഷേ അതിനെ വായിൽത്തന്നെ പിടിച്ചുവച്ചിരിക്കുകയാണു ഞാൻ, അറപ്പോടെയും ഒരുതരം ലജ്ജയോടെയും; പച്ചമാംസമാണതെന്നപോലെ, എന്നിൽ നിന്നുതന്നെ മുറിച്ചെടുത്തതാണതെന്നപോലെ (അത്രയും യത്നമെടുക്കേണ്ടിവന്നിരിക്കുന്നു എനിക്കതിന്). അവസാനം ഞാനതു പറയുകതന്നെ ചെയ്യുന്നുണ്ട്; പക്ഷേ കാവ്യാത്മകമായൊരു സൃഷ്ടിയ്ക്ക് എന്റെ ഉള്ളിലുള്ളതാകെ ഒരുങ്ങിയിരിക്കെ, ദൈവദത്തമായൊരു വെളിപാടായിരിക്കും, ഒരു പ്രത്യക്ഷജാഗരണമായിരിക്കും അതെന്നു വ്യക്തമായിരിക്കെ, ഞാൻ ഇവിടെ, ഈ ഓഫീസിൽ ഹീനമായ ഒരൌദ്യോഗികരേഖയ്ക്കായി അത്രയും ആനന്ദത്തിനു സമർത്ഥമായ ഒരുടലിൽ നിന്ന് ഒരു കഷണം മാംസം തട്ടിപ്പറിക്കുകയാണെന്ന ഭീതി ബാക്കി നിൽക്കുകയും ചെയ്യുന്നു.
നവംബർ 2
കുറേ നാളുകൾ കൂടി ആദ്യമായി ഇന്നു രാവിലെ എന്റെ ഹൃദയത്തിനുള്ളിൽ ഒരു കത്തി കടത്തി തിരിക്കുന്നതു ഭാവനയിൽ കാണുന്നതിന്റെ ആനന്ദം വീണ്ടും.
നവംബർ 5
ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ് വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.
നവംബർ 11
എന്റെയുള്ളിലുള്ളതിനെയൊക്കെ തീർച്ചയായത്, വിശ്വാസയോഗ്യമായത്, സാധ്യമായത് എന്നിങ്ങനെ തരം തിരിക്കാൻ ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ. പുസ്തകങ്ങളോടുള്ള ആർത്തി തീർച്ചയായതൊന്നു തന്നെ. അവ സ്വന്തമാക്കാനോ, വായിക്കാനോ അല്ല, മറിച്ച്, അവയെ കണ്ടുകൊണ്ടിരിക്കാൻ, ഒരു പുസ്തകക്കടയിലെ അലമാരക്കള്ളികളിൽ അവയുടെ പ്രത്യക്ഷം സ്വയം ബോദ്ധ്യപ്പെടുത്താൻ മാത്രം. ഒരേ പുസ്തകത്തിന്റെ പല കോപ്പികൾ എവിടെയെങ്കിലും കണ്ടാൽ ഓരോന്നിന്റെ പേരിലും ആനന്ദമനുഭവിക്കുകയാണു ഞാൻ. ആമാശയത്തിൽ നിന്നു മുളയ്ക്കുമ്പോലെയാണ് ഈ ആർത്തി, വികലമായൊരു വിശപ്പു പോലെ. എനിക്കു സ്വന്തമായിട്ടുള്ള പുസ്തകങ്ങളെക്കാളേറെ എന്റെ സഹോദരിമാരുടെ പുസ്തകങ്ങളാണ് എനിക്കാഹ്ളാദമേകുന്നത്. അവ സ്വന്തമാക്കാനുള്ള ആഗ്രഹം താരതമ്യേന കുറവാണ്, ഇല്ലെന്നുതന്നെ പറയാം.
നവംബർ 14
ഉറക്കം വരുന്നതിനു മുമ്പ്.
ഭയാനകമായിത്തോന്നുന്നു, ഒരവിവാഹിതനായിക്കഴിയേണ്ടിവരിക; ഒരു വൈകുന്നേരം അന്യരോടൊപ്പം ചെലവഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ, അതിനവരുടെ ക്ഷണത്തിനു യാചിക്കെത്തന്നെ സ്വന്തം അന്തസ്സിടിയാതെ നോക്കാൻ പാടു പെടേണ്ടിവരുന്ന ഒരു വൃദ്ധനായിപ്പോവുക; ഭക്ഷണം വാങ്ങി കൈയിലെടുക്കേണ്ടിവരിക; അലസവും പ്രശാന്തവുമായ ഒരാത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരിക്കാൻ ആരുമില്ലാതെവരിക; ആർക്കെങ്കിലും ഒരു സമ്മാനം കൊടുക്കേണ്ടിവരുമ്പോൾ അതു വൈഷമ്യത്തോടെ, മനഃക്ളേശത്തോടെയാവുക; മുൻവാതിൽക്കൽ വച്ചുതന്നെ യാത്ര പറഞ്ഞുപോരേണ്ടിവരിക; ഒരിക്കലും അരികിൽ സ്വന്തം ഭാര്യയുമൊത്ത് കോണിപ്പടി ഓടിക്കയറാനാവാതെവരിക; സുഖമില്ലാതെ കിടക്കുമ്പോൾ, എഴുന്നേറ്റിരിക്കാനാവുന്ന നേരത്ത് ജനാലയിലൂടെ കാണുന്ന കാഴ്ച മാത്രം സാന്ത്വനമാവുക; സ്വന്തം മുറിയ്ക്ക് അന്യരുടെ സ്വീകരണമുറികളിലേക്കു തുറക്കുന്ന വാതിലുകൾ മാത്രമുണ്ടാവുക; സ്വന്തം കുടുംബത്തിൽ നിന്നന്യനായിപ്പോവുക (അതിനോടടുപ്പം വയ്ക്കണമെങ്കിൽ അതു വിവാഹം വഴിയേ കഴിയൂ, ആദ്യം അച്ഛനമ്മമാരുടേതും, അതിന്റെ ശക്തി ക്ഷയിക്കുമ്പോൾ തന്റെയും); അന്യരുടെ കുട്ടികളെ പുകഴ്ത്തേണ്ടി വരുമ്പോൾത്തന്നെ ‘എനിക്കൊരു കുട്ടിയില്ല’ എന്നു പറയാനും കൂടി സമ്മതം കിട്ടാതെവരിക; തനിയ്ക്കു ചുറ്റും ഒരു കുടുംബം വളർന്നുവരുന്നില്ലെന്നതിനാൽ തനിയ്ക്കു പ്രായമേറുകയാണെന്നറിയാതെ വരിക; തന്റെ രൂപവും പെരുമാറ്റവും ചെറുപ്പത്തിൽ കണ്ട ഓർമ്മയുള്ള ഒന്നോ രണ്ടോ അവിവാഹിതരുടെ മട്ടിലാക്കേണ്ടി വരിക.
ഇതൊക്കെ ശരിതന്നെ; അതേ സമയം, ഭാവിയിൽ വരാനിരിക്കുന്ന യാതനകളെ സ്വന്തം കണ്ണുകൾക്കു മുന്നിൽ അത്രദൂരം നിരത്തിയിടുക എന്ന പിശകു വരുത്താനും വളരെയെളുപ്പമാണ്; കണ്ണുകൾ അവിടവും കടന്നുപോവുകയും, പിന്നെയൊരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യാം; അതേ സമയം വാസ്തവമെന്തെന്നാൽ, ഇന്നും ഇനി വരാനുള്ള നാളുകളും നിങ്ങൾ നിൽക്കും, തൊട്ടറിയാവുന്ന ഒരുടലും ഒരു യഥാർത്ഥശിരസ്സുമായി, എന്നു പറഞ്ഞാൽ, സ്വന്തം കൈത്തലം കൊണ്ടടിയ്ക്കാൻ യഥാർത്ഥത്തിലുള്ള ഒരു നെറ്റിത്തടവുമായി.
നവംബർ 21
എന്നെ പണ്ടു വളർത്തിയ സ്ത്രീ, മുഖം മഞ്ഞയും കറുപ്പുമായ, ചതുരമൂക്കായ, പണ്ടു ഞാൻ തിരുപ്പിടിച്ചു കളിച്ചിരുന്ന അരിമ്പാറ വളർന്ന കവിളുള്ള സ്ത്രീ, അവരെന്നെ കാണാൻ രണ്ടാമതും ഇന്നു വീട്ടിൽ വന്നു. അവർ ആദ്യം വരുമ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല; ഇത്തവണ, ഒന്നു സമാധാനത്തോടെ കിടന്നുറങ്ങണമെന്നെനിക്കുണ്ടായിരുന്നതിനാൽ, ഞാൻ പുറത്തുപോയിരിക്കുകയാണെന്നു പറയാൻ ഞാൻ വീട്ടുകാരോടു പറയുകയും ചെയ്തിരുന്നു. എന്തു കൊണ്ടാണ് അവരെന്നെ ഇത്രയും മോശമായി വളർത്തിക്കൊണ്ടുവന്നത്, അനുസരണയുള്ള കുട്ടിയായിരുന്നു ഞാൻ, എന്നിട്ടും? ഇപ്പോൾ അടുക്കളക്കാരിയോടും, വേലക്കാരിയോടും ഞാൻ നല്ല കുട്ടിയായിരുന്നുവെന്നും, ശാന്തപ്രകൃതമായിരുന്നു എന്റേതെന്നും അവർ പറയുന്നതും ഞാൻ കേട്ടു. ഇതൊക്കെ അന്നവർ എന്റെ ഗുണത്തിനായി എന്തുകൊണ്ടുപയോഗപ്പെടുത്തിയില്ല, ഇതിലും നല്ലൊരു ഭാവി ഒരുക്കിത്തന്നില്ല? അവരിപ്പോൾ വിവാഹിതയോ, വിധവയോ ആണ്, കുട്ടികളുണ്ട്, അവരുടെ ചടുലമായ സംസാരം കാരണം എനിക്കുറക്കം കിട്ടുന്നില്ല; അവർ കരുതുന്നു, ഇരുപത്തൊമ്പത് എന്ന സുന്ദരമായ പ്രായത്തിൽ നല്ല ഉയരവും ആരോഗ്യവുമുള്ള , സ്വന്തം ചെറുപ്പത്തെക്കുറിച്ചോർക്കാനിഷ്ടപ്പെടുന്ന, തന്റെ ജീവിതത്തെ എങ്ങനെ കൊണ്ടുപോകണമെന്നറിയുന്ന ഒരു മാന്യദേഹമാണു ഞാനെന്ന്. അങ്ങനെയല്ല പക്ഷേ; ഞാൻ ഈ സോഫയിൽ കിടക്കുകയാണ്, ലോകത്തിൽ നിന്നു തൊഴിച്ചെറിയപ്പെട്ടവനായി, എന്നിലേക്ക് വരാൻ മടിയ്ക്കുന്ന, അതിനു തോന്നുമ്പോൾ മാത്രം അരികിൽ വരാൻ ദയവു കാട്ടുന്ന ആ ഉറക്കത്തെ കാത്തും കൊണ്ട്; എന്റെ സന്ധികളാകെ തളർന്നുകടയുന്നു; ഞാൻ കണ്ണു മലർക്കെത്തുറന്നു നോക്കാൻ ഭയപ്പെടുന്ന പ്രക്ഷുബ്ധതകളിലൂടെ സ്വന്തം നാശത്തിലേക്കു വിറച്ചുകൊണ്ടടുക്കുകയാണ് എന്റെ ശുഷ്കിച്ച ശരീരം; എന്റെ തലയ്ക്കുള്ളിലാകെ അത്ഭുതപ്പെടുത്തുന്ന കോച്ചിവലികളുമാണ്. എന്റെ മുറിയുടെ വാതിലിനു മുന്നിൽ അതാ നിൽക്കുന്നു, മൂന്നു സ്ത്രീകൾ, ഒരാൾ അന്നത്തെ എന്നെ സ്തുതിക്കുന്നു, രണ്ടു പേർ ഇന്നത്തെ എന്നെയും. അടുക്കളക്കാരി പറയുന്നു ഞാൻ നേരേ - വളഞ്ഞ വഴിയൊന്നുമില്ലാതെ എന്നാണ് അവർ ഉദ്ദേശിക്കുന്നത്- സ്വർഗ്ഗത്തേക്കു പോകുമെന്ന്. അതു തന്നെയാണു നടക്കാൻ പോകുന്നതും.
നവംബർ 22
എന്റെ പുരോഗതിക്കു വലിയൊരു വിഘാതം എന്റെ ശാരീരികാവസ്ഥയാണെന്നതു തീർച്ച തന്നെ. ഇങ്ങനെയൊരു ശരീരം വച്ചുകൊണ്ടു യാതൊന്നും ഞാൻ കൈവരിക്കാൻ പോകുന്നില്ല. അതിന്റെ നിരന്തരമായ വഴുതിപ്പോകലിനോടു ഞാൻ പൊരുത്തപ്പെട്ടുപോകേണ്ടിവരും. കഴിഞ്ഞ ചില രാത്രികൾ ഉറക്കം തീരെ കിട്ടാതെ കാടൻസ്വപ്നങ്ങളും കണ്ടു കിടന്നതിന്റെ ഫലമായി ഇന്നു രാവിലെ എഴുന്നേൽക്കുമ്പോൾ ചിന്തയുടെ അടുക്കും ചിട്ടയുമൊക്കെ പോയിരിക്കുന്നു, നെറ്റിത്തടമല്ലാതെ മറ്റൊന്നും ഞാനറിയാതെപോയിരിക്കുന്നു; പകുതിയെങ്കിലും സഹിക്കാവുന്നൊരവസ്ഥ കണ്ണിൽപ്പെടുന്നുണ്ടെങ്കിൽ അതെന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു വളരെവളരെയകലെ; മരിക്കാനുള്ള കേവലമായ ആഗ്രഹത്തോടെ ഫയലുകളും കൈയിൽപ്പിടിച്ച് ഇടനാഴിയുടെ സിമന്റുതറയിൽ ഒരു പന്തുപോലെ ചുരുണ്ടുകൂടി കിടക്കുകയും ചെയ്തേനെ ഞാൻ. എന്റെ ശരീരത്തിന്റെ ബലക്കുറവിനു നിരക്കുന്നതല്ല, അതിന്റെ നീളക്കൂടുതൽ; കൊഴുപ്പെന്നത് അതിലില്ല, സുഖകരമായ ഒരൂഷ്മളത ജനിപ്പിക്കാനായി, ഒരാന്തരാഗ്നി കെടാതെ നിർത്തുന്നതിനായി; ആത്മാവിന് അതിന്റെ ദൈനന്ദിനാവശ്യങ്ങൾക്കുമപ്പുറം ഇടയ്ക്കെങ്കിലും സ്വയമൊന്നു പുഷ്ടിപ്പെടുത്തണമെങ്കിൽ അതിനുള്ള കൊഴുപ്പില്ല, എന്റെ ഉടലിൽ. എങ്ങനെയാണ്, അടുത്തകാലത്തായി പലപ്പോഴും എന്നെ ശല്യപ്പെടുത്തുന്ന എന്റെ ദുർബലമായ ഹൃദയം എന്റെ കാലുകളുടെ ഇക്കണ്ട നീളമുടനീളം ചോരയൊഴുക്കിയെത്തിക്കുക? മുട്ടുകളിലേക്കെത്തിക്കുക തന്നെ മതിയായ പണിയായിരിക്കെ, കാലുകളുടെ തണുത്ത താഴ്വാരങ്ങളിലേക്ക് മന്ദിച്ചൊരു ശക്തിയോടെ തുള്ളിയിറ്റിക്കാനേ അതിനു കഴിയൂ. പക്ഷേ അപ്പോഴേക്കും മേൽഭാഗത്ത് അതിനാവശ്യം വന്നിരിക്കുന്നു, ഇങ്ങു താഴെ അതു സ്വയം പാഴാക്കുമ്പോൾ കാത്തുനിൽക്കുകയാണതിനെയവിടെ. എന്റെ ദേഹമുടനീളം സർവതും പിരിഞ്ഞുമാറുകയാണ്. ഇങ്ങനെയായിരിക്കെ, അതെന്തു കൈവരിക്കാൻ, ഇനിയഥവാ, ഇതിലും നീളം കുറഞ്ഞതും ഒതുങ്ങിയതുമായിരുന്നു എന്റെ ദേഹമെങ്കിൽക്കൂടി ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതിനു മതിയായ ബലം അതിനില്ല്ലെങ്കിൽ?
ഡിസംബർ 3
ഒരവിവാഹിതന്റെ സന്തോഷമില്ലായ്മ, അതിനി പുറമേ തോന്നുന്നതോ യഥാർത്ഥമോ ആവട്ടെ, അയാൾക്കു ചുറ്റുമുള്ള ലോകം അത്ര പെട്ടെന്നൂഹിച്ചെടുക്കുന്നതു കാണുമ്പോൾ അയാൾ താനെടുത്ത തീരുമാനത്തെ ശപിക്കുക തന്നെ ചെയ്യും, നിഗൂഢതയിൽ ആനന്ദം കാണുക കാരണമാണ് അവിവാഹിതനാവാൻ അയാൾ തീരുമാനിച്ചതെങ്കിൽ പ്രത്യേകിച്ചും. അയാൾ നടക്കുന്നത് കോട്ട് കഴുത്തറ്റം വരെ ബട്ടണിട്ടും, കൈകൾ പോക്കറ്റിലാഴ്ത്തിയും, തൊപ്പി കണ്ണുകൾക്കു മേൽ വലിച്ചിട്ടുമാണ്; ജന്മനാ കിട്ടിയതെന്ന മട്ടിലായിപ്പോയ ഒരു കള്ളപ്പുഞ്ചിരി അയാളുടെ വായയെ മറയ്ക്കുമെന്നു വച്ചിരിക്കുന്നു, കണ്ണട കണ്ണുകളെയും; മെലിഞ്ഞ കാലുകൾക്കു നിരക്കാത്ത മാതിരി പിടിച്ചുകിടക്കുന്നതാണ് അയാളുടെ ട്രൗസറും. പക്ഷേ ഓരോ മനുഷ്യനുമറിയാം അയാളുടെ അവസ്ഥ; അയാളുടെ ദുരിതങ്ങൾ അവർ എണ്ണിയെണ്ണിപ്പറയും. ഉള്ളിൽ നിന്ന് അയാളുടെ നേർക്കു വീശുകയാണ് ഒരു ശീതക്കാറ്റ്; തന്റെ ഇരട്ടമുഖങ്ങളിൽ വിഷാദത്തിന്റെ മുഖം വച്ച് ഉള്ളിലേക്കു കണ്ണോടിക്കുകയാണയാൾ. ഒരിക്കലും സ്ഥിരതാമസമല്ല അയാളെങ്കിലും മുൻകൂട്ടിക്കാണാവുന്ന ചിട്ടയോടെ വീടു വിട്ടു വീടു മാറുകയാണയാൾ. ജീവിച്ചിരിക്കുന്നവർക്കിടയിൽ നിന്നു മാറിപ്പോകുന്തോറും - തന്റെ മനസ്സിലുള്ളതു പുറത്തു പറയാൻ ധൈര്യം വരാത്ത ബോധവാനായ ഒരടിമയെപ്പോലെ അപ്പോഴും അവർക്കായി അയാൾ പണിയെടുക്കണമെന്നുള്ളതാണ് ഏറ്റവും വലിയ തമാശ- അത്രയും കുറഞ്ഞ ഇടം മതി അയാൾക്കെന്ന് തീരുമാനമാവുകയാണ്. മരണം തന്നെ വേണം മറ്റുള്ളവരെ അടിച്ചിടാനെന്നാലും, രോഗശയ്യയിൽ കിടന്നാണ് അവർ ആയുസ്സു മൊത്തം കഴിച്ചതെങ്കിൽക്കൂടി- സ്വന്തം ബലക്ഷയം കൊണ്ടുതന്നെ വളരെപ്പണ്ടേ അടിഞ്ഞുപോകേണ്ടവരായിട്ടുകൂടി, രക്തബന്ധവും വിവാഹവും കൊണ്ട് തങ്ങളെ സ്നേഹിക്കുന്നവരും ആരോഗ്യം കൂടിയവരുമായ ബന്ധുക്കളിൽ അള്ളിപ്പിടിച്ചുകിടക്കുകയാണവർ-, ഇയാൾ, ഈ അവിവാഹിതൻ, ജിവിതത്തിന്റെ മദ്ധ്യത്തിലായിരിക്കെത്തന്നെ, ചെറിയൊരിടം മതി തനിയ്ക്കെന്ന് സ്വമനസ്സാലെയെന്നവണ്ണം ഒതുങ്ങുകയാണ്; മരിക്കുമ്പോൾ ശവപ്പെട്ടി കൃത്യമായും അയാൾക്കൊതുങ്ങുന്നതുമായിരിക്കും.
ഡിസംബർ 18
ഞാൻ വെർഫലിനെ* വെറുക്കുന്നു, അതു പക്ഷേ അവനോട് എനിക്കസൂയ ഉള്ളതുകൊണ്ടല്ല, അവനോടും എനിക്കസൂയ ഉള്ളതു കൊണ്ടാണ്. അവൻ ആരോഗ്യവാനാണ്, ചെറുപ്പക്കാരനാണ്, പണക്കാരനുമാണ്, ഞാനല്ലാത്തതൊക്കെ. അതിനും പുറമേ, സംഗീതബോധം കൊണ്ട് അനുഗൃഹീതനുമാണവൻ; സ്തുത്യർഹമായ ജോലി ചെയ്തു കഴിഞ്ഞിരിക്കുന്നു അവൻ, വളരെ നേരത്തേ, വളരെ അനായാസമായും. അതിസന്തുഷ്ടമായ ഒരു ജീവിതമാണ് അവനു പിന്നിലുള്ളത്, മുന്നിലുള്ളതും; ഞാനോ, കുടഞ്ഞെറിയാനാവാത്ത ഭാരങ്ങളും വച്ചു വേണം ഞാൻ ജോലി ചെയ്യാൻ; സംഗീതമാകട്ടെ, എനിയ്ക്കു തീരെ വിലക്കപ്പെട്ടതും.
*Franz Werfel(1890-1945)- കാഫ്കയുടെ സമകാലീനനായ ഓസ്ട്രിയൻ നോവലിസ്റ്റും കവിയും.
ഡിസംബർ 24
ഇന്നു രാവിലെ എന്റെ മരുമകന്റെ പരിഛേദനം. ഉയരമധികമില്ലാത്ത, കാലു വില്ലുപോലെ വളഞ്ഞ ഓസ്റ്റർലിറ്റ്സ് -2800 പരിഛേദനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞിരിക്കുന്നു അയാൾ- വളരെ വിദഗ്ധമായി ആ സംഗതി നിർവഹിച്ചു. കുട്ടി മേശപ്പുറത്തല്ല, അവന്റെ മുത്തശ്ശന്റെ മടിയിലാണു കിടക്കുന്നതെന്നതിനാലും, ക്രിയ നടത്തുന്ന വ്യക്തിയ്ക്ക് അതിൽ മാത്രം ശ്രദ്ധിക്കാതെ ചില പ്രാർത്ഥനകൾ ഉരുവിടേണ്ടതുണ്ട് എന്നതിനാലും വൈഷമ്യമേറിയൊരു ശസ്ത്രക്രിയയാണത്. ആദ്യം തന്നെ കുട്ടിയെ അവന്റെ അവയവം മാത്രം പുറത്തു കാണത്തക്ക വിധം കെട്ടിപ്പൊതിഞ്ഞ് അനങ്ങാൻ പറ്റാതെയാക്കുന്നു. പിന്നെ മുറിക്കേണ്ട ഭാഗം കൃത്യമായി തിരിക്കാൻ തുളയുള്ള ഒരു ലോഹത്തകിട് വയ്ക്കുന്നു; പിന്നെ വെറുമൊരു സാധാരണ കത്തി കൊണ്ട്, ഒരുതരം മീൻകത്തി കൊണ്ട് മുറിക്കൽ നടത്തുകയാണ്. ചോരയും പച്ചമാംസവും നിങ്ങൾ കാണുന്നു; കർമ്മി, നഖം നീണ്ട, വിറയാർന്ന വിരലുകൾ കൊണ്ട് എന്തോ പരതുകയും, മുറിവിനു മേൽ എവിടുന്നോ തൊലി വലിച്ചിടുകയും ചെയ്യുന്നു, കൈയുറയുടെ വിരലുപോലെ. അതോടെ ഒക്കെ ഭംഗിയായി നടന്നുകഴിഞ്ഞു, കുട്ടി കരഞ്ഞിട്ടുപോലുമില്ല. ഇനി ശേഷിക്കുന്നത് ചെറിയൊരു പ്രാർത്ഥന മാത്രം; ഈ സമയത്ത് കർമ്മി അല്പം വീഞ്ഞു കുടിക്കുന്നുണ്ട്, ചോര പറ്റിയിരിക്കുന്ന വിരലുകൾ കൊണ്ട് കുട്ടിയുടെ ചുണ്ടുകളിലും വീഞ്ഞു തൊട്ടുതേയ്ക്കുന്നുണ്ട്. വന്നുകൂടിയവർ പ്രാർത്ഥിക്കുന്നു: “ഇതാ, ദൈവത്തിന്റെ വാഗ്ദത്തം നേടിയപോലെ, അവൻ നേടുമാറാകട്ടെ, തോറാജ്ഞാനവും, സന്തുഷ്ടദാമ്പത്യവും, സൽപ്രവൃത്തികളും.”
ഡിസംബർ 27
നിർഭാഗ്യവാനായ ഒരു മനുഷ്യൻ, സന്തതികളില്ലാതിരിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ, തന്റെ ദൗർഭാഗ്യത്തിന്റെ ഭയാനകതയിൽ തടവിലാവുകയാണയാൾ. എവിടെയുമില്ല ഒരു പ്രത്യാശ, ഒരു പുനരുത്ഥാനത്തിനായി, ഒരു ഭാഗ്യനക്ഷത്രത്തിന്റെ തുണയ്ക്കായി. ദൗർഭാഗ്യം ബാധിച്ച തന്റെ ജീവിതം ജീവിച്ചുതീർക്കുക തന്നെവേണം അയാൾ. ആ വൃത്തം പൂർത്തിയായാൽ അതിനു കീഴ്വഴങ്ങുകയും വേണമയാൾ; ഒരുങ്ങിപ്പുറപ്പെടുകയുമരുതയാൾ, ദീർഘമായ മറ്റൊരു പാതയിൽ, ശരീരവും കാലവും മറ്റൊന്നായിരിക്കെ, താനിതുവരെയനുഭവിച്ച ദൗർഭാഗ്യം മറഞ്ഞുപോവുകയോ, നല്ലതെന്തെങ്കിലും സൃഷ്ടിക്കുമോ എന്നറിയാൻ.
1912
ഫെബ്രുവരി 26
ഒന്നു നടക്കാനിറങ്ങാൻ കാലാവസ്ഥ എന്നെ പ്രലോഭിപ്പിക്കുമോയെന്നറിയാനായി ഞാൻ മുൻവാതിൽ തുറന്നുനോക്കി. നീലാകാശമുണ്ടായിരുന്നുവെന്നതു ഞാൻ നിഷേധിക്കുന്നില്ല; അതേ സമയം, നീലിമ അരിച്ചിറങ്ങുന്ന വന്മേഘങ്ങൾ ധൂസരനിറത്തിൽ, അരികു മടങ്ങിയ പാളികളായി താഴ്ന്നിറങ്ങി നിൽക്കുന്നുമുണ്ടായിരുന്നു; അരികിലെ കാടു പിടിച്ച കുന്നുകൾക്കെതിരെയായി അവയെ നിങ്ങൾക്കു കാണാം. എന്നിട്ടുകൂടി നടക്കാനിറങ്ങിയവരെക്കൊണ്ടു തെരുവു നിറഞ്ഞിരിക്കുകയായിരുന്നു. അമ്മമാരുടെ ഉറച്ച കൈകൾ കുട്ടികളെ കിടത്തിയ ഉന്തുവണ്ടികളെ നിയന്ത്രിച്ചുകൊണ്ടു നടന്നിരുന്നു. അവിടെയുമിവിടെയുമൊക്കെ ഓരോ വണ്ടികൾ ചാടിത്തുള്ളുന്ന കുതിരകൾക്ക് ആളുകൾ വഴി മാറിക്കൊടുക്കുന്നതുവരെ മുന്നോട്ടു നീങ്ങാനാവാതെ നിന്നിരുന്നു. ഈ നേരത്ത് വണ്ടിക്കാരൻ ഒന്നും മിണ്ടാതെ വിറയ്ക്കുന്ന കടിഞ്ഞാണുകളും കൈയിൽ പിടിച്ച് നേരേ മുന്നോട്ടു നോക്കുകയും, യാതൊന്നും വിടാതെ പലതവണ സൂക്ഷ്മപരിശോധന ചെയ്യുകയും ചെയ്തിട്ട് പറ്റിയ മുഹൂർത്തം നോക്കി വണ്ടി ഇളക്കിവിടുകയാണ്. കിട്ടിയ അല്പസ്ഥലത്ത് കുട്ടികൾക്ക് ഓടിക്കളിക്കാൻ പറ്റുന്നുണ്ട്. നേർത്ത വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടികൾ തപാൽ മുദ്രകളെപ്പോലെ നിറം കനത്ത തൊപ്പികളുമായി ചെറുപ്പക്കാരുടെ കൈകളിൽ കൈ ചേർത്തു നടക്കുന്നു; അവരുടെ ആ നൃത്തച്ചുവടിൽ വെളിപ്പെടുന്നുണ്ട്, അവർ തൊണ്ടകളിൽ അമർത്തിപ്പിടിച്ച ഒരു ഗാനം. കുടുംബങ്ങൾ ഒരുമിച്ചുകൂടി നിന്നിരുന്നു; ഇനിയവർ എപ്പോഴെങ്കിലും പിരിഞ്ഞ് ഒരാളൊരാൾക്കു പിന്നിൽ നടക്കേണ്ടി വന്നാലും, അപ്പോഴും കൈകൾ പിന്നിലേക്കു പോകുന്നുണ്ട്, കൈകൾ വീശുന്നുണ്ട്, ചെല്ലപ്പേരുകൾ വിളിച്ചുകേൾക്കുന്നുമുണ്ട്, കൂട്ടം തെറ്റിയവരെ തിരിച്ചു കൊണ്ടുവരാൻ. ഇതിലൊന്നിലും ഒരു പങ്കുമില്ലാതിരുന്ന പുരുഷന്മാർ കൈകൾ കീശയിലാഴ്ത്തി തങ്ങളെ പിന്നെയും ഒറ്റപ്പെടുത്തുകയാണ്. അതു ശുദ്ധ അസംബന്ധം തന്നെ. ആദ്യം ഞാൻ വാതിൽക്കൽ നിന്നു നോക്കുകയായിരുന്നു; പിന്നെ നല്ല നോട്ടം കിട്ടാനായി ഞാൻ കട്ടിളയിൽ ചാരിനിന്നു. വസ്ത്രങ്ങൾ എന്നെ ഉരുമ്മിപ്പോയി; ഒരു തവണ ഒരു പെൺകുട്ടിയുടെ പിൻവശമലങ്കരിച്ചിരുന്ന ഒരു റിബണിൽ ഞാൻ പിടി കൂടുകയും, നടന്നുപോകുന്ന വഴി അവൾ എന്റെ കൈയിൽ നിന്ന് അതു വലിച്ചൂരുകയുമുണ്ടായി. മറ്റൊരു തവണ ഒരു പെൺകുട്ടിയുടെ തോളത്തു ഞാനൊന്നു തലോടിയപ്പോൾ, അവളെയൊന്നു പുകഴ്ത്താനായിട്ടാണ് ഞാനതു ചെയ്തതും, അവളുടെ പിന്നാലെ വന്ന ഒരാൾ എന്റെ വിരലുകൾക്കു മേൽ ഒന്നടിച്ചു. ഞാനയാളെ കുറ്റിയിട്ട കതകിന്റെ പിന്നിലേക്കു പിടിച്ചുവലിച്ചു. ഞാനയാളെ ശകാരിച്ചു, പൊക്കിപ്പിടിച്ച കൈയുമായി, കൺകോണിലൂടെയുള്ള നോട്ടങ്ങളിലൂടെ, ഒരടി മുന്നിലേക്കു വച്ച്, ഒരടി പിന്നിലേക്കു വച്ച്; ഒരു തള്ളും കൊടുത്ത് ഞാനയാളെ പറഞ്ഞുവിടുമ്പോൾ അയാൾക്കു സന്തോഷമായിരുന്നു. അതിനു ശേഷം സ്വാഭാവികമായും പിന്നെ പലപ്പോഴും ഞാൻ ആളുകളെ അരികിലേക്കു വിളിക്കും; വിരലൊന്നു വളച്ചാൽ മതിയായിരുന്നു അതിന്, അതല്ലെങ്കിൽ അറയ്ക്കാതെ പെട്ടെന്നൊരു നോട്ടം.
എത്ര ഉറക്കച്ചടവോടെയാണ്, ഒരു യത്നവുമെടുക്കാതെയാണ്, നിരുപയോഗമായ, പൂർണ്ണത വരാത്ത ഈ വസ്തു ഞാനെഴുതിയത്.
മാർച്ച് 2
ഇതിന്റെ യാഥാർത്ഥ്യത്തിനോ, സംഭാവ്യതയ്ക്കോ ആരെനിക്കൊരു സ്ഥിരീകരണം തരും, എന്റെ സാഹിത്യപരമായ ദൌത്യമൊന്നു കാരണമാണ് മറ്റൊന്നിലും എനിക്കു താല്പര്യമില്ലാതെ പോയതെന്നതിന്, അങ്ങനെയാണു ഞാൻ ഹൃദയശൂന്യനായതെന്നതിന്?
മാർച്ച് 12
അതിവേഗം പാഞ്ഞുപോകുന്ന ട്രാമിന്റെ ഒരു കോണിൽ, ജനാലയിൽ കവിളമർത്തി, ഇടതുകൈ സീറ്റിന്റെ പിന്നിൽ നീട്ടിവച്ച്, ബട്ടണിടാത്ത ഓവർക്കോട്ട് തനിയ്ക്കു ചുറ്റും പറത്തിവിട്ട്, മുന്നിലെ ആളൊഴിഞ്ഞ നീണ്ട ബഞ്ചിലേക്കു നോക്കിക്കൊണ്ടും ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു. ഇന്നയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു; ഇപ്പോഴയാളുടെ മനസ്സിൽ അതു മാത്രമേയുള്ളു. തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നുവെന്നത് സുഖകരമായ ഒരനുഭൂതിയായി അയാളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്; ആ സുഖാനുഭൂതിയുമായി അയാൾ ചിലനേരം ട്രാമിന്റെ മച്ചിനു നേർക്ക് ഉദാസീനമായ ഒരു നോട്ടമയക്കുന്നുമുണ്ട്. കണ്ടക്റ്റർ ടിക്കറ്റുമായി വരുമ്പോൾ പോക്കറ്റിൽ അധികം പരതാതെ കൃത്യമായ ചില്ലറ തന്നെ അയാൾക്കു കിട്ടുന്നുണ്ട്, ഒരേയൊരു കൈയിളക്കത്താൽ കണ്ടക്റ്ററുടെ കൈയിലേക്ക് അയാൾ അതു വച്ചുമാറുന്നുണ്ട്, കത്രിക പോലെ തുറന്നുപിടിച്ച ഇരുവിരലുകളിൽ അയാൾ ടിക്കറ്റ് കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. അയാളും ട്രാമും തമ്മിൽ ഒരു ബന്ധവുമില്ല; പ്ളാറ്റുഫോമോ, ചവിട്ടുപടിയോ ഉപയോഗിക്കാതെതന്നെ തെരുവിലാണു പിന്നെ അയാൾ കാണപ്പെടുന്നതെങ്കിൽ, അതേ മുഖഭാവത്തോടെ അയാൾ തന്റെ വഴിയ്ക്കു പോവുകയാണെങ്കിൽ അതിൽ ആശ്ചര്യപ്പെടാൻ ഒന്നുമുണ്ടാകുമായിരുന്നില്ല.
പാറിക്കിടക്കുന്ന ഓവർക്കോട്ടു മാത്രമേ ശേഷിക്കുന്നുള്ളു, ബാക്കിയൊക്കെ കെട്ടിച്ചമച്ചതും.
മാർച്ച് 16
ശനിയാഴ്ച. വീണ്ടുമൊരുൾപ്രേരണ. വീണ്ടും ഞാനെന്നെത്തന്നെ പിടിച്ചെടുക്കുന്നു, താഴേക്കു വരുന്നൊരു പന്തു പിടിച്ചെടുക്കുമ്പോലെ. നാളെ, ഇന്ന്, വിപുലമായൊരു രചനയ്ക്ക് ഞാൻ തുടക്കമിടും, എവിടെ നിന്നുമൊരു നിർബന്ധവുമില്ലാതെ എന്റെ കഴിവുകൾക്കൊത്തു രൂപം പ്രാപിക്കുന്നതൊന്ന്. എനിക്കു പിടിച്ചുനിൽക്കാനാവുന്നിടത്തോളം കാലം ഞാനതിന്റെ പിടി വിടില്ല. ഈ രീതിയിൽ ജീവിക്കുന്നതിനെക്കാൾ ഉറക്കമില്ലാതെ കിടക്കുക തന്നെ ഭേദം.
മാർച്ച് 18
ജ്ഞാനിയെന്നെന്നെപ്പറഞ്ഞോളൂ, ഏതു നിമിഷവും മരിക്കാൻ തയാറായിരുന്നു ഞാനെന്നതിനാൽ; പക്ഷേ, എന്നോടു ചെയ്യാൻ പറഞ്ഞതൊക്കെ ചെയ്തുതീർത്തു ഞാനെന്നതിനാലല്ല, മറിച്ച്, അതിലൊന്നുപോലും ചെയ്തിട്ടില്ല ഞാനെന്നതിനാലും, അതിലേതെങ്കിലുമൊന്ന് എന്നെങ്കിലും ചെയ്യാമെന്നു ഞാൻ പ്രതീക്ഷിക്കേണ്ടെന്നതിനാലും.
മാർച്ച് 27
തിങ്കളാഴ്ച. തങ്ങൾക്കു മുന്നിൽ നിരാലംബയായി നടന്നുപോകുന്ന ഒരു വേലക്കാരിപ്പെൺകുട്ടിക്കു നേരെ വേറേ പലരുമായിച്ചേർന്ന് പന്തെടുത്തെറിയുന്ന പയ്യൻ; പന്ത് പെൺകുട്ടിയുടെ പിന്നാലെ പായുമ്പോൾ ഞാൻ അവന്റെ കഴുത്തിനു കയറിപ്പിടിച്ച് ഉഗ്രകോപത്തോടെ അവനെ ശ്വാസം മുട്ടിച്ചു, ഒരു വശത്തേക്കു പിടിച്ചുതള്ളി, അവനെ ശപിക്കുകയും ചെയ്തു. പിന്നെ ഞാൻ നേരേ നടന്നുപോയി; ആ പെൺകുട്ടിയുടെ നേർക്ക് ഞാനൊന്നു നോക്കുക കൂടിച്ചെയ്തില്ല. ഈ ഭൂമിയിൽ തന്റെ അസ്തിത്വം തന്നെ നിങ്ങൾ മറന്നുപോവുകയാണ്; എന്തെന്നാൽ, അത്രയും രോഷം തിങ്ങിനിൽക്കുകയാണു നിങ്ങൾക്കുള്ളിൽ; സന്ദർഭം കിട്ടിയാൽ ഇതിലും സുന്ദരമായ വികാരങ്ങൾ കൊണ്ടു നിറയും താനെന്നു വിശ്വസിക്കാൻ നിങ്ങൾക്കു വരുതി കിട്ടിയപോലെയുമാണ്.
ആഗസ്റ്റ് 21
ഒരു തെരുവ് മുന്നിൽ വയ്ക്കുന്ന അസംതൃപ്തിയുടെ ചിത്രം: താൻ നിൽക്കുന്നിടത്തു നിന്നു രക്ഷപ്പെടാൻ നിരന്തരം കാലുയർത്തുകയാണു സർവ്വരും.
സെപ്തംബർ 21
സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹം- അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ ആവർത്തനം.
1913
ജൂൺ 21
ഞാൻ എന്റെ തലയ്ക്കുള്ളിൽ കൊണ്ടുനടക്കുന്ന ബൃഹത്തായ ലോകം. പക്ഷേ എങ്ങനെ ഞാനെന്നെ സ്വതന്ത്രനാക്കും, അതിനെ സ്വതന്ത്രമാക്കും, ചീളുകളായി സ്വയം ചിതറിപ്പോകാതെ. അതിനെ എന്റെയുള്ളിൽ കൊണ്ടുനടക്കുകയോ, കുഴിച്ചിടുകയോ ചെയ്യുന്നതിനെക്കാൾ ആയിരം മടങ്ങു ഭേദമാണ്, അങ്ങനെ ചിതറിപ്പോവുക. അതുകൊണ്ടു തന്നെയാണ്, ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതും; അതെനിക്കു വ്യക്തവുമാണ്.
ജൂലൈ 21
എന്റെ വിവാഹത്തിനനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളെ സംഗ്രഹിക്കുമ്പോൾ:
1. താനൊറ്റയ്ക്കു ജീവിതം കഴിച്ചുകൂട്ടാനുള്ള കഴിവില്ലായ്മ; എന്നു പറഞ്ഞാൽ ജീവിക്കാനുള്ള കഴിവില്ലായ്മ എന്നു ധ്വനിക്കുന്നുമില്ല, നേരേ മറിച്ച്; മറ്റൊരാളോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് എനിക്കറിയില്ലെന്നുപോലും വരാം; എന്തായാലും ഒറ്റയ്ക്കെനിയ്ക്കു ത്രാണിയില്ല, എന്റെ സ്വന്തം ജീവിതത്തിന്റെ ആക്രമണത്തെ, എന്റെ സ്വന്തം ശരീരം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെ, കാലത്തിന്റെയും വാർദ്ധക്യത്തിന്റെയും ആക്രമണങ്ങളെ, എഴുതാനുള്ള ആഗ്രഹത്തിന്റെ അസ്പഷ്ടമായ പ്രേരണയെ, ഉറക്കമില്ലായ്മയെ, ഭ്രാന്തിന്റെ ആസന്നതയെ- ഇവയൊക്കെ ഒറ്റയ്ക്കു താങ്ങാൻ. സ്വാഭാവികമായും ഒരു ‘ഒരുപക്ഷേ’ ഇതിനോടു ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്യും. എഫ്.മായുള്ള ബന്ധം എന്റെ ചെറുത്തുനില്പിന് കൂടുതൽ കരുത്തു നൽകും.
2. എന്തും പെട്ടെന്നെന്നെ അറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയാണ്. പത്രങ്ങളിലെ ഓരോ തമാശയും, ഫ്ളോബേറിനെയും ഗ്രില്പാഴ്സറെയും കുറിച്ച് ഞാനോർമ്മിക്കുന്നതും, എന്റെ അച്ഛനമ്മമാരുടെ കട്ടിലുകളിൽ രാത്രിയിലേക്കു വേണ്ടിയുള്ള വേഷങ്ങൾ കാണുന്നതും, മാക്സിന്റെ വിവാഹവും. ഇന്നലെ സഹോദരി പറയുകയായിരുന്നു, ‘വിവാഹം കഴിഞ്ഞവരൊക്കെ (നമ്മളറിയുന്നവർ) വളരെ സന്തോഷത്തിലാണ്, എനിക്കതു മനസ്സിലാവുന്നുമില്ല.’ അവളുടെ ആ അഭിപ്രായവും എനിക്കൊരു തടയായി, ഞാൻ വീണ്ടും ഭീതനായി.
3. ഏറെയേറെ ഒറ്റയ്ക്കാവണം ഞാൻ. ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതു ഞാൻ ഒറ്റയ്ക്കായതിന്റെ ഫലമായിട്ടു തന്നെയായിരുന്നു.
4. സാഹിത്യവുമായി ബന്ധപ്പെടാത്തതെന്തിനെയും ഞാൻ വെറുക്കുന്നു, സംഭാഷണങ്ങൾ എന്നെ മടുപ്പിക്കുന്നു (അവയിനി സാഹിത്യത്തെ സംബന്ധിക്കുന്നതാണെങ്കിൽക്കൂടി), ആളുകളെ ചെന്നുകാണുന്നത് എന്നെ മടുപ്പിക്കുന്നു, എന്റെ ബന്ധുക്കളുടെ സുഖദുഃഖങ്ങൾ ആത്മാവിന്റെ കടയോളം എന്നെ മടുപ്പിക്കുന്നു. ഞാൻ ചിന്തിക്കുന്നതിന്റെയൊക്കെ പ്രാധാന്യത്തെ, ഗൗരവത്തെ, യാഥാർത്ഥ്യത്തെ കവർന്നെടുക്കുകയാണ് സംഭാഷണങ്ങൾ.
5. ബന്ധത്തെക്കുറിച്ചുള്ള, അപരനിലേക്കു കടക്കുന്നതിനെക്കുറിച്ചുള്ള ഭയം. പിന്നെ ഞാനൊരിക്കലും ഒറ്റയ്ക്കായിപ്പോകില്ല.
6. പണ്ടൊക്കെ പ്രത്യേകിച്ചും, അന്യരുടെ കൂട്ടത്തിൽ കാണുന്ന ഞാനായിരിക്കില്ല, എന്റെ സഹോദരിമാരുടെ കൂട്ടത്തിൽ കാണുന്ന ഞാൻ. ഭയമില്ലാത്തവനും, കരുത്തനും, അത്ഭുതപ്പെടുത്തുന്നവനും, എഴുതുമ്പോൾ മാത്രം എനിക്കു കൈവരുന്ന ആ ഹൃദയാലുത്വമുള്ളവനുമാവുകയാണു ഞാൻ. എന്റെ ഭാര്യയുടെ മാദ്ധ്യസ്ഥത്തിലൂടെ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ അങ്ങനെയൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ! അപ്പോഴതു പക്ഷേ, എന്റെ എഴുത്തിനെ കുരുതി കൊടുത്തു കൊണ്ടു വേണ്ടേ? അതു പറ്റില്ല, അതു പറ്റില്ല!
7. ഞാനൊറ്റയ്ക്കാണെങ്കിൽ എന്നെങ്കിലുമൊരുദിവസം ജോലി ഉപേക്ഷിക്കാൻ എനിക്കായെന്നു വരാം. വിവാഹം കഴിഞ്ഞാൽ അതൊരിക്കലും നടക്കാൻ പോകുന്നില്ല.
ആഗസ്റ്റ് 14
ലൈംഗികബന്ധം, ഒരുമിച്ചു കഴിയുന്നതിന്റെ ആനന്ദത്തിനുള്ള ശിക്ഷ. സാദ്ധ്യമായത്ര വൈരാഗ്യത്തോടെ ജീവിക്കുക, ഒരവിവാഹിതനെക്കാൾ വൈരാഗ്യത്തോടെ ജീവിക്കുക, വിവാഹജീവിതം കൊണ്ടുനടക്കാൻ ഏതെങ്കിലുമൊരു മാർഗ്ഗം എനിക്കുണ്ടെങ്കിൽ അതിതു മാത്രം.
നവംബർ 19
ഡയറി വായിച്ചുനോക്കുമ്പോൾ മനസ്സു പിടയ്ക്കുന്നു. എന്റെ എല്ലാ ആത്മവിശ്വാസവും പൊയ്പ്പോയി എന്നതാണോ കാരണം? സകലതും മനസ്സിന്റെ കൃത്രിമസൃഷ്ടികളായിത്തോന്നുന്നു. മറ്റൊരാളുടെ ഒരഭിപ്രായം,മറ്റൊരാളുടെ യാദൃച്ഛികമായ ഒരു നോട്ടം-അതെന്നിലെ സർവ്വതിനെയും കീഴ്മേൽ മറിയ്ക്കുന്നു, ഞാൻ മറന്നവയെപ്പോലും, തീർത്തും അപ്രധാനമായവയെപ്പോലും. മുമ്പില്ലാത്ത മാതിരി ഞാൻ സന്ദിഗ്ധാവസ്ഥയിലായിപ്പോകുന്നു, ജീവിതത്തിന്റെ ശക്തി മാത്രമേ ഞാനറിയുന്നുള്ളു. നിരർത്ഥകമായ പൊള്ളത്തരമാണു ഞാൻ. രാത്രിയിൽ മലയിൽ വച്ചു വഴി തെറ്റിയ ഒരാടാണു ഞാൻ; അല്ലെങ്കിൽ അങ്ങനെയൊരാടിനു പിന്നാലെ ഓടുന്ന മറ്റൊരാട്. അത്രയ്ക്കു നഷ്ടബോധം തോന്നുക, അതിൽ ദുഃഖം തോന്നാനുള്ള ത്രാണി പോലുമില്ലാതിരിക്കുക.
വേശ്യകളുള്ള തെരുവിലൂടെ ഞാൻ മനഃപൂർവ്വം കടന്നുപോകുന്നു. അവരെക്കടന്നുപോകുമ്പോൾ ഞാൻ ത്രസിച്ചുപോകുന്നു-അവരിലൊരാളെ കൂട്ടിപ്പോവുക എന്ന വിദൂരമെങ്കിലും നിലനിൽക്കുന്ന സാധ്യത. ആഭാസത്തരമാണോ അത്? എനിക്കിത്രയേ അറിയൂ, തികച്ചും നിഷ്കളങ്കമായ ഒരു പ്രവൃത്തിയായിട്ടേ എനിക്കതു തോന്നിയിട്ടുള്ളു; കുറ്റബോധമൊന്നും തോന്നുന്നതുമില്ല. തടിച്ചു, പ്രായമായവരെയേ എനിക്കു വേണ്ടു; ഫാഷനല്ലാത്തതെങ്കിലും അതുമിതുമൊക്കെ തുന്നിച്ചേർത്ത് ഒരുതരം പകിട്ടു കാണിക്കുന്ന വേഷം ധരിച്ചവരെ. ഒരു സ്ത്രീയ്ക്ക് ഇതിനകം എന്നെ പരിചയമായിക്കാണണം. അവളെ ഇന്നുച്ച തിരിഞ്ഞ് ഞാൻ കണ്ടതാണ്; അവൾ തന്റെ തൊഴിലിനു പോകാനുള്ള വേഷത്തിലായിരുന്നില്ല; മുടി ചീകിയിരുന്നില്ല, തലയിൽ തൊപ്പിയുണ്ടായിരുന്നില്ല; അടുക്കളക്കാരികളുടേതു പോലെ ഒരു ബ്ലൗസ്; അലക്കാൻ കൊടുക്കാനുള്ളതാവാം, കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു. അവളെക്കണ്ടാൽ വികാരം കൊള്ളാൻ ഞാനേയുണ്ടാവൂ. ഞങ്ങളുടെ കണ്ണുകൾ ഒന്നിടയുകയും ചെയ്തു. ഇന്നു രാത്രിയിൽ, തണുപ്പായിരിക്കുന്നു, സെൽനെർസ്റ്റ്‌റാസെയിൽ നിന്നു പിരിഞ്ഞുപോകുന്ന ഇടുങ്ങിയ തെരുവിന്റെ മറ്റേ വശത്ത് ഇറുകിപ്പിടിച്ച, മഞ്ഞയും തവിട്ടുനിറവുമുള്ള ഒരു കോട്ടും ധരിച്ച് അവളെ ഞാൻ കണ്ടു; അവിടെയായിരിക്കണം അവൾ പതിവുകാരെ നോക്കിനിൽക്കാറുള്ളത്. ഞാൻ രണ്ടുതവണ തിരിഞ്ഞുനോക്കി; ഒരിക്കൽ അവൾ അതു കാണുകയും ചെയ്തു; പക്ഷേ പിന്നെ ഞാൻ ശരിക്കും ഓടിമറയുകയായിരുന്നു.
എഫിനെക്കുറിച്ചുള്ള ചിന്തയായിരിക്കണം എന്റെ ഈ അനിശ്ചിതത്വത്തിനു കാരണം.
ഡിസംബർ 4
പുറമേ നിന്നു നോക്കുമ്പോൾ ഭീകരമാണ്, പക്വതയെത്തിയെങ്കിലും ചെറുപ്പമായ ഒരാൾ മരിച്ചാൽ, അല്ലെങ്കിൽ അയാൾ സ്വയം ജീവനൊടുക്കിയാൽ. നിരാശയോടെ ഇവിടം വിട്ടുപോവുക, യാതൊന്നും തെളിഞ്ഞുകിട്ടാതെ, അല്ലെങ്കിൽ വരാനിരിക്കുന്ന കണക്കെടുപ്പിൽ ഇങ്ങനെയൊരു ജീവന്റെ ആവിർഭാവം നടന്നിട്ടേയില്ലെന്നാവും രേഖപ്പെടുത്തുക എന്ന ഒരേയൊരാശയോടെ. മരിക്കുക എന്നാൽ ഇല്ലായ്മയ്ക്ക് മറ്റൊരില്ലായ്മയെ അടിയറ വയ്ക്കുക എന്നൊരർത്ഥമേ വരുന്നുള്ളു; അതു പക്ഷേ നമ്മുടെ ധാരണകൾക്കുമതീതമായിരിക്കും; എങ്ങനെയാണൊരു വ്യക്തി, ഒരില്ലായ്മയായിട്ടെങ്കിലും, ബോധപൂർവം മറ്റൊരില്ലായ്മയ്ക്ക് സ്വയം അടിയറ വയ്ക്കുക, അതും ശൂന്യമായ ഇല്ലായ്മയ്ക്കല്ല, മുഖരമായ ഒരില്ലായ്മയ്ക്ക്, ഗ്രഹണാതീതമായതു കൊണ്ടു മാത്രം ഇല്ലായ്മയായതൊന്നിന്?
ഡിസംബർ 9
ലോകം കീഴടങ്ങിയിരിക്കുന്നു, കണ്ണുകൾ തുറന്നുപിടിച്ച് നാമതു കാണുകയും ചെയ്തു. ഇനി നമുക്ക് പതുക്കെ മാറിപ്പോവുക, നമ്മുടെ ജീവിതം തുടരുക.
ആത്മപരിശോധനയോടുള്ള വെറുപ്പ്. സ്വന്തം ആത്മാവിനെ ഇതുമാതിരി വിശദീകരിക്കുക: ഇന്നലെ ഞാൻ അങ്ങനെയായിരുന്നു, അത് ഈ കാരണം കൊണ്ട്; ഇന്നു ഞാൻ ഇങ്ങനെയാണ്, അത് ആ കാരണം കൊണ്ട്. അതു സത്യമല്ല, ഈ കാരണവും ആ കാരണവും കൊണ്ടല്ല, അതിനാൽ ഇങ്ങനെയും അങ്ങനെയും ആയതുമല്ല. താൻ എന്താണോ, അതിനോടു പൊരുത്തപ്പെടുക, അക്ഷോഭ്യനായി, തിടുക്കങ്ങളില്ലാതെ, താനേതുവിധം ജീവിക്കേണമോ, അതുപോലെ ജീവിക്കുക, നായയെപ്പോലെ സ്വന്തം വാലിൽ തിരിഞ്ഞുകടിയ്ക്കാൻ ശ്രമിക്കാതിരിക്കുക.
ഒരടിക്കാടിൽ കിടന്നു ഞാൻ ഉറങ്ങിപ്പോയി. ഒരൊച്ച കേട്ടു ഞാനുണർന്നു. നേരത്തേ വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം ഞാൻ എന്റെ കൈകളിൽ കണ്ടു. അതു വലിച്ചെറിഞ്ഞിട്ട് ഞാൻ ചാടിയെഴുന്നേറ്റു. ഉച്ച തിരിഞ്ഞിട്ടേയുള്ളു; ഞാൻ നിൽക്കുന്ന കുന്നിനു മുന്നിലായി വലിയൊരു താഴ്വാരം പരന്നുകിടന്നിരുന്നു, ഗ്രാമങ്ങളും ചിറകളും, ഇടയിൽ ഒരേ രൂപത്തിൽ പൊക്കത്തിൽ വളർന്നുനിൽക്കുന്ന ഈറ പോലത്തെ പൊന്തകളുമായി. ഞാൻ ഇടുപ്പിൽ കൈ കുത്തി സർവതും കണ്ണുകൾ കൊണ്ടു നിരീക്ഷണം ചെയ്തു, ഒപ്പം, ആ ഒച്ചയെന്താണെന്നു കാതോർക്കുകയും ചെയ്തു.
ഡിസംബർ 12
അല്പനേരം മുമ്പ് കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ ഒന്നു സൂക്ഷിച്ചുനോക്കി- കൃത്രിമവെളിച്ചത്തിലായിരുന്നുവെങ്കിലും, പിന്നിൽ നിന്നാണു വെളിച്ചം വീഴുന്നതെന്നതിനാൽ കാതരികുകളിലെ രോമങ്ങളേ തിളങ്ങുന്നുള്ളുവെന്നിരുന്നാലും- എന്റെ മുഖം സൂക്ഷ്മപരിശോധനയ്ക്കു ശേഷവും എനിക്കറിവുള്ളതിനെക്കാൾ ഭേദമായിട്ടെനിക്കു തോന്നി. തെളിഞ്ഞതും, വടിവൊത്തതും, സുന്ദരമെന്നുതന്നെ പറയാവുന്ന ബാഹ്യരേഖകളോടു കൂടിയതുമായ ഒരു മുഖം. മുടിയുടെ കറുപ്പും, പുരികങ്ങളും, കൺകുഴികളും ശേഷിച്ച നിശ്ചേഷ്ടപിണ്ഡത്തിൽ നിന്ന് ഓജസ്സോടെ വേറിട്ടു കാണപ്പെടുന്നു. ഒരു വിധത്തിലും മുഷിഞ്ഞതും ക്ഷീണിതവുമല്ല, നോട്ടവും; അതിന്റെ ഒരു ലാഞ്ഛന പോലുമില്ല, എന്നാൽ ബാലിശമെന്നു പറയാനുമില്ല; അവിശ്വസനീയമാം വിധം ഊർജ്ജസ്വലമാണത്; അതെന്നെ നിരീക്ഷിക്കുകയായിരുന്നു എന്നതു കൊണ്ടാവാം അങ്ങനെയായത്; കാരണം ഞാനപ്പോൾ എന്നെത്തന്നെ നിരീക്ഷിക്കുകയായിരുന്നല്ലോ, സ്വയം പേടിപ്പിക്കാൻ നോക്കുകയുമായിരുന്നല്ലോ.
ഡിസംബർ 17
സ്വാതന്ത്ര്യത്തിനും അടിമത്തത്തിനുമിടയിലുള്ള പാതകൾ അന്യോന്യം മുറിച്ചു കടന്നുപോകുന്നു, മുന്നോട്ടു പോകാൻ ദിശാസൂചനകളൊന്നുമില്ലാതെ; പിന്നിട്ട വഴികൾ തൽക്ഷണം തന്നെ മാഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. പാതകൾ അസംഖ്യമാണ്, ഒന്നേയുള്ളുവെന്നും വരാം, എനിക്കു തീർച്ചയില്ല; കാരണം, കയറിനിന്നുനോക്കാൻ ഉയർന്നൊരിടം എനിക്കു കിട്ടിയിട്ടില്ലല്ലോ. ഈ അവസ്ഥയിലാണു ഞാൻ. വിട്ടുപോരാനും എനിക്കാവില്ല. എനിക്കു പരാതിപ്പെടാനുമവകാശമില്ല. ക്രമാധികമൊന്നുമല്ല എന്റെ യാതന; കാരണം ഞാൻ യാതനപ്പെടുന്നുവെങ്കിൽ അതു തുടർച്ചയില്ലാതെയാണ്, അതു കൂമ്പാരം കൂടുന്നില്ല, തൽക്കാലത്തേക്കെങ്കിലും എനിക്കതനുഭവമാകുന്നുമില്ല. ഞാനനുഭവിക്കുന്ന യാതനയുടെ തോത് എനിക്കു നീക്കിവച്ച യാതനയെക്കാൾ കുറവാണെന്നും വരാം.
ഡിസംബർ 20
പ്രശാന്തമായ ഒരു മുഖം, അക്ഷോഭ്യമായ സംസാരം- അതുണ്ടാക്കുന്ന പ്രഭാവം, തനിക്കിനിയും പൂർണ്ണമായും മനസ്സിലായിട്ടില്ലാത്ത ഒരപരിചിതനിൽ നിന്നാണതു വരുന്നതെങ്കിൽ പ്രത്യേകിച്ചും. ഒരു മനുഷ്യവദനത്തിൽ നിന്ന് ഒരു ദൈവശബ്ദം.
1914
ജനുവരി 8
ജൂതന്മാർക്കും എനിക്കും തമ്മിൽ പൊതുവായിട്ടെന്തിരിക്കുന്നു? എനിക്കെന്നോടു തന്നെ പൊതുവായിട്ടെന്തിരിക്കുന്നു? ശ്വാസം കഴിക്കാനാവുന്നുണ്ടെന്നതു കൊണ്ടുതന്നെ തൃപ്തനായി, ഒരു കോണിൽ ഞാൻ ഒഴിഞ്ഞുനിൽക്കണം.
ജനുവരി 26
തുർഹെയ്മിന്റെ അച്ഛന്റെ മരണം: “പിന്നെ ഡോക്ടർമാർ വന്നു നോക്കുമ്പോൾ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് വളരെ നേർത്തതായിരുന്നു; വളരെക്കുറച്ചു മണിക്കൂറുകൾ മാത്രമേ ആൾ ജീവനോടിരിക്കൂ എന്നവർ വിധിക്കുകയും ചെയ്തു. എന്റെ ദൈവമേ, എന്റെ അച്ഛനെക്കുറിച്ചാണ് അവരിങ്ങനെ പറയുന്നത്! കുറച്ചു മണിക്കൂറുകൾ മാത്രം, അതു കഴിഞ്ഞാൽ മരിച്ചു.”
ഫെബ്രുവരി 11
ഡിൽത്തീയുടെ ’ഗെയ്ഥേ‘ ഓടിച്ചൊന്നു വായിച്ചു. പ്രക്ഷുബ്ധമായ പ്രഭാവം; നിങ്ങളെ അതു വശീകരിച്ചു കൊണ്ടുപോകുന്നു; നിങ്ങൾക്കെന്തുകൊണ്ടു സ്വയം തീ കൊളുത്തി അതിൽ ദഹിച്ചുതീർന്നുകൂടാ? അല്ലെങ്കിൽ എന്തുകൊണ്ടനുസരിച്ചുകൂടാ, കല്പനകളൊന്നും കേട്ടില്ലെങ്കിൽത്തന്നെ? അതുമല്ലെങ്കിൽ ശൂന്യമായ സ്വന്തം മുറിയുടെ നടുക്ക് ഒരു കസേരയുമിട്ട്, തറയിൽ നോക്കി ഇരുന്നുകൂടാ? ഒരു മലയിടുക്കിൽ നിന്നുകൊണ്ട് ”മുന്നോട്ട്!“ എന്നാക്രോശിച്ചുകൂടാ, മറുവിളികൾക്കു കാതോർത്തുകൂടാ, പാറക്കെട്ടുകളിലെ ഇടവഴികളിൽ നിന്ന് ആളുകൾ പുറത്തേക്കു വരുന്നതു കാണുകയും ചെയ്തുകൂടാ?
ഫെബ്രുവരി 14
ഞാൻ സ്വയം ജീവനൊടുക്കുകയാണെങ്കിൽ അതിന്റെ പേരിൽ ആരും പഴി കേൾക്കേണ്ടിവരില്ലെന്നതു തീർച്ച; അതിനു പെട്ടെന്നുണ്ടായ കാരണം ഉദാഹരണത്തിന്, *എഫിന്റെ പെരുമാറ്റമാണെന്നു തോന്നിയാലും. ഒരിക്കൽ പാതിമയക്കത്തിൽ കിടന്നുകൊണ്ട് ഞാൻ ഭാവന ചെയ്യുകയുണ്ടായി, അന്ത്യം മനസ്സിൽ കണ്ടുകൊണ്ട്, വിടവാങ്ങൽ കത്തും പോക്കറ്റിലിട്ട്, അവളുടെ വീട്ടിൽ ചെന്നിട്ട് എന്റെ വിവാഹാഭ്യർത്ഥന നിരസിക്കപ്പെടുമ്പോഴുണ്ടാവുന്ന രംഗം: ഞാൻ കത്തു മേശപ്പുറത്തു വയ്ക്കുന്നു, ബാൽക്കണിയിലേക്കോടുന്നു, എന്നെ പിടിച്ചു നിർത്താൻ പിന്നാലെ വരുന്നവരിൽ നിന്നു കുതറിമാറുന്നു, ഓരോ കൈയുടെയും പിടുത്തം ഓരോന്നായി വിടുവിച്ചുകൊണ്ട് പിന്നെ ഞാൻ കൈവരിയ്ക്കു മേൽ കൂടി എടുത്തുചാടുകയാണ്. കത്തിൽ എഴുതിയിരിക്കുന്നതു പക്ഷേ, എഫ് കാരണമാണ് ഞാൻ ചാടിച്ചാവുന്നതെന്നായിരിക്കും; അതേ സമയം, എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കപ്പെട്ടാൽത്തന്നെയും എന്നെ സംബന്ധിച്ചിടത്തോളം മാറ്റമെന്തെങ്കിലും വന്നുവെന്നുമില്ല. എന്റെ ഇടം അങ്ങു താഴെയാണ്; മറ്റൊരു പരിഹാരവും എനിക്കു കണ്ടെത്താനില്ല. എഫ് എന്റെ നിയോഗത്തിന് പ്രകടരൂപം പ്രാപിക്കാനുള്ള ഒരുപാധിയായെന്നു മാത്രം; എഫില്ലാതെ എനിക്കു ജീവിക്കാനാവില്ല, അതിനാൽ ഞാൻ ചാടിച്ചാവണം; എന്നാൽ - എഫ് അതു സംശയിക്കുന്നുണ്ട്- അവളോടൊപ്പം ജീവിക്കാനും എനിക്കു കഴിയില്ല. എന്തുകൊണ്ട് ഈ രാത്രി തന്നെ ആ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിക്കൂടാ? പക്ഷേ ഞാൻ അമൂർത്തതകളിൽ അള്ളിപ്പിടിച്ചു കഴിയുന്നു; ജീവിതവുമായി ആകെ കെട്ടുപിണഞ്ഞാണ് ഞാൻ ജീവിക്കുന്നത്; ഞാൻ അതു ചെയ്യാൻ പോകുന്നില്ല, ഞാനൊരു തണുപ്പനാണ്, ഷർട്ടിന്റെ കോളർ കഴുത്തിൽ ഇറുകിപ്പിടിക്കുന്നതാണ് എന്റെ ഏറ്റവും വലിയ ശോകം, ശപിക്കപ്പെട്ടവനാണു ഞാൻ, മൂടൽമഞ്ഞിൽ ശ്വാസം കഴിക്കാൻ വിമ്മിഷ്ടപ്പെടുകയാണു ഞാൻ.
*ഫെലിസ്
ഞാനാകെ തളർന്നിരിക്കുന്നു, വിശ്രമിക്കാനും ഉറങ്ങാനുമുള്ള വഴി ഞാൻ നോക്കണം, അല്ലെങ്കിൽ ഞാൻ തുലഞ്ഞതു തന്നെ. ജീവനോടിരിക്കാൻ എന്തുമാത്രം പ്രയത്നമാവശ്യമായിവരുന്നു! ഇത്രയും കരുത്തിന്റെ വിനിയോഗം വേണ്ടിവരുന്നില്ല, ഒരു സ്മാരകമുയർത്താൻ.
മേയ് 6
എഫിനും എനിക്കും താമസിക്കാൻ എന്റെ അച്ഛനമ്മമാർ നല്ലൊരു വീടു കണ്ടുപിടിച്ചുവെന്നു തോന്നുന്നു; മനോഹരമായ ഒരു വൈകുന്നേരം മുഴുവൻ ഞാൻ ഓടിയലഞ്ഞു തുലച്ചു. തങ്ങളുടെ വാത്സല്യാതിരേകം കൊണ്ടു സന്തുഷ്ടമാക്കിയ ഒരു ജീവിതത്തിനൊടുവിൽ ശവക്കുഴിയിലും അവരെന്നെ കൊണ്ടുവയ്ക്കുമോയെന്നാണ് എന്റെ സംശയം.
ഒരു വിവാഹനിശ്ചയം നടക്കുകയാണ്. വിരുന്നു കഴിയാറായിരിക്കുന്നു, ആളുകൾ മേശയ്ക്കു മുന്നിൽ നിന്നെഴുന്നേൽക്കുകയാണ്. ജനാലകളൊക്കെ തുറന്നിട്ടിരിക്കുന്നു, ജൂൺ മാസത്തിലെ ഊഷ്മളവും, സുന്ദരവുമായ ഒരു സന്ധ്യയുമായിരുന്നു. കൂട്ടുകാരുടെയും പരിചയക്കാരുടെയും നടുക്കു നിൽക്കുകയാണ് പെൺകുട്ടി, മറ്റുള്ളവർ അവിടവിടെയായി കൂട്ടം കൂടി നിൽക്കുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരികൾ മുഴങ്ങുന്നുമുണ്ട്. അവൾ വിവാഹം കഴിക്കേണ്ടയാൾ മാറിനിൽക്കുകയാണ്, ബാൽക്കണിയിലേക്കുള്ള വാതിലിൽ ചാരിനിന്നുകൊണ്ട് പുറത്തേക്കു നോക്കുകയാണയാൾ.
അല്പസമയം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ അമ്മ അതു ശ്രദ്ധിച്ചു; അവർ അയാൾക്കടുത്തു ചെന്നു പറഞ്ഞു, “ഇതെന്താ, ഒറ്റയ്ക്കിവിടെ നിൽക്കുന്നത്? ഓൾഗായുടടുത്തു പോകുന്നില്ലേ? നിങ്ങൾ തമ്മിൽ പിണങ്ങിയോ?”
“ഏയ്,” അയാൾ പറഞ്ഞു, “ ഞങ്ങൾ പിണങ്ങിയിട്ടൊന്നുമില്ല.”
“എന്നാൽ ശരി,” അമ്മ പറഞ്ഞു, “പോയി അവളുടെയടുത്തു ചെന്നു നില്ക്കൂ. നിന്റെ പെരുമാറ്റം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
മേയ് 27
എ. എന്ന നഗരത്തിലെ വലുതെങ്കിലും അത്ര തിരക്കില്ലാത്ത ഒരു തെരുവിൽ ഒരു ശരൽക്കാലസായാഹ്നത്തിലാണ് ആ വെള്ളക്കുതിര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു വീടിന്റെ ഗെയ്റ്റു കടന്നാണ് അതു പുറത്തേക്കു വന്നത്; ആ വീടിന്റെ മുറ്റത്തു തന്നെ ഒരു ട്രാൻസ്പോർട്ടുകമ്പനിയുടെ വലിയ ഗോഡൌണുകളും പ്രവർത്തിക്കുന്നുണ്ട്. വണ്ടികളിൽ കെട്ടാനായി കുതിരകളെ, ഇടയ്ക്കൊക്കെ ഒരു കുതിരയെ മാത്രമായും, അതുവഴി കടത്തിക്കൊണ്ടുവരാറുള്ളതിനാൽ ഈ വെള്ളക്കുതിര ആരുടെയും ശ്രദ്ധയിൽപ്പെടാതെപോയി. ഇതു പക്ഷേ, ആ കമ്പനിയുടെ കുതിരകളിൽ പെട്ടതായിരുന്നില്ല. ഗെയിറ്റിനു മുന്നിൽ ചരക്കുകെട്ടുകൾ മുറുക്കിക്കെട്ടിക്കൊണ്ടിരുന്ന ഒരു ജോലിക്കാരൻ കുതിരയെ ശ്രദ്ധിച്ചു; അയാൾ മുഖമുയർത്തി നോക്കി; പിന്നെ, വണ്ടിക്കാരൻ പിന്നാലെ വരുന്നുണ്ടോയെന്നറിയാൻ മുറ്റത്തേക്കു നോക്കി. ആരും വന്നില്ല. കുതിര റോഡിലേക്കു കടന്നില്ല, അതിനു മുമ്പേ അതു വെട്ടിപ്പിന്മാറി; നടപ്പാതയിൽ തീപ്പൊരികൾ പാറി, അതിടറി വീഴാനും പോയതാണ്; പെട്ടെന്നു തന്നെ പക്ഷേ അതു സമനില വീണ്ടെടുക്കുകയും, സന്ധ്യനേരമായതിനാൽ മിക്കവാറും ആളൊഴിഞ്ഞ ആ തെരുവിലൂടെ അത്ര വേഗത്തിലല്ലാതെയും, എന്നാൽ വളരെപ്പതുക്കെയല്ലാതെയും ഓടിപ്പോവുകയും ചെയ്തു. ജോലിക്കാരൻ വണ്ടിക്കാരന്റെ അശ്രദ്ധയെ ശപിച്ചു; മുറ്റത്തേക്കു നോക്കി പല പേരുകളും വിളിച്ചുപറഞ്ഞു. അതു കേട്ട് ചിലർ പുറത്തേക്കു വന്നു; പക്ഷേ കുതിര തങ്ങളുടേതല്ലന്നു കണ്ടപ്പോൾ അവർ അല്പം ആശ്ചര്യത്തോടെ ഗെയ്റ്റിനുള്ളിൽത്തന്നെ കൂട്ടം കൂടി നോക്കിനിന്നതേയുള്ളു. എന്തു ചെയ്യണമെന്നു ചിലർക്കു ചിന്തയുദിക്കുന്നതിനു മുമ്പേ സമയം കുറച്ചു കഴിഞ്ഞിരുന്നു; അവർ കുറേ ദൂരം കുതിരയുടെ പിന്നാലെ ഓടിയിട്ട് അതിനെ വീണ്ടും കണ്ടുകിട്ടാത്തതിനാൽ പെട്ടെന്നുതന്നെ മടങ്ങിപ്പോരുകയും ചെയ്തു.
ഈ നേരം കൊണ്ട് കുതിര ആരും തടയാതെ നഗരപ്രാന്തത്തിലെ തെരുവുകളിലെത്തി ക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്കോടിപ്പോകുന്ന കുതിരകൾക്കു സാധാരണ കഴിയുന്നതിനേക്കാൾ ഭംഗിയായി അത് തെരുവുജീവിതത്തോടിണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ മിതമായ വേഗത ആരെയും പേടിപ്പെടുത്താൻ പോകുന്നില്ല; പോകുന്ന വഴിയിൽ നിന്നോ, തെരുവിൽ തന്റെ വശത്തു നിന്നോ അതു വ്യതിചലിക്കുന്നില്ല; ഒരിടത്തെരുവിൽ നിന്നു കയറിവന്ന ഒരു വണ്ടിയ്ക്കു കടന്നുപോകേണ്ടി വന്നപ്പോൾ അതു നിന്നുകൊടുത്തു; എത്രയും ശ്രദ്ധാലുവായ ഒരു കുതിരക്കാരന്റെ കൈയിലാണു കടിഞ്ഞാണെന്നിരിക്കട്ടെ, ഇതിലും കുറ്റമറ്റതാകാൻ പോകുന്നില്ല അതിന്റെ പെരുമാറ്റം. എന്നാൽക്കൂടി, കണ്ണിൽപ്പെടാതെ പോവുകയുമില്ല ഈ കാഴ്ച; അവിടെയുമിവിടെയുമൊക്കെ ചിലർ നടത്തം നിർത്തി ഒരു പുഞ്ചിരിയോടെ അതിനെ നോക്കുന്നുണ്ട്; ബിയറു കേറ്റിപ്പോകുന്ന ഒരു വണ്ടിക്കാരൻ പോകുന്ന വഴി തമാശയ്ക്ക് ചാട്ട കൊണ്ട് അതിനെ ഒന്നു തല്ലുകയും ചെയ്തു; അതൊന്നു വിരണ്ടു പിന്നോട്ടടിച്ചുവെങ്കിലും ഓട്ടത്തിന്റെ വേഗത കൂട്ടിയതുമില്ല.
ഈ സംഭവമാണു പക്ഷേ, ഒരു പോലീസുകാരന്റെ കണ്ണിൽപ്പെട്ടത്; അയാൾ കുതിരയ്ക്കടുത്തു ചെന്ന് ( ആ സമയത്താണ് അതു മറ്റൊരു ദിശയിലേക്കു പോകാനായി തിരിയുന്നതും) കടിഞ്ഞാണിൽ കയറിപ്പിടിച്ചിട്ട് സൗഹൃദഭാവത്തിൽ പറഞ്ഞു , ‘ഹേയ്, എങ്ങോട്ടാണോ ഈ ഒളിച്ചോട്ടം?’ അതിനെ പിടിച്ചുകൊണ്ട് റോഡിനു നടുക്ക് അയാൾ അല്പനേരം നിന്നു; ആ ഒളിച്ചോട്ടക്കാരന്റെ പിന്നാലെ അതിന്റെ ഉടമസ്ഥൻ ഉടനേ വരുന്നുണ്ടാവണം എന്നായിരുന്നു അയാളുടെ ചിന്ത.
ഇതിനൊരർത്ഥമുണ്ട്, പക്ഷേ ദുർബലമാണിത്; ചോരയൊഴുക്കിനു കട്ടി പോരാ, ഹൃദയത്തിൽ നിന്നു വളരെ ദൂരെയുമാണത്. നല്ല ചില ദൃശ്യങ്ങൾ മനസ്സിലുണ്ടെങ്കിലും ഞാൻ നിർത്തുകയാണ്. ഇന്നലെ ഉറക്കം പിടിയ്ക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് ഈ വെള്ളക്കുതിര എനിക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്; ചുമരിലേക്കു തിരിച്ചുവച്ച എന്റെ തല്യ്ക്കുള്ളിൽ നിന്ന് അതു കാലെടുത്തു വച്ചിറങ്ങുന്നതും, എനിക്കു മേൽ കൂടി കട്ടിലിൽ നിന്നു ചാടിയിറങ്ങുന്നതും പിന്നെ അപ്രത്യക്ഷമാകുന്നതും എന്റെ മനസ്സിലുണ്ട്. ഞാൻ കഥ തുടങ്ങിവച്ചു എന്നത് ദൗർഭാഗ്യവശാൽ അവസാനം നടന്നതിനെ നിഷേധിക്കുന്നുമില്ല.
എനിക്കധികം പിശകിയിട്ടില്ലെങ്കിൽ അടുത്തടുത്തു വരികയാണു ഞാൻ. കാട്ടിനുള്ളിലെവിടെയോ ഒരു വെളിയിടത്ത് ഒരാത്മീയയുദ്ധം നടക്കുന്ന പോലെയാണ്. ഞാൻ കാട്ടിനുള്ളിലേക്കു കയറിച്ചെല്ലുന്നു, ഒന്നും കാണുന്നില്ല, ബലഹീനത കാരണം അപ്പോൾത്തന്നെ ഞാൻ കാട്ടിൽ നിന്നു തിരിച്ചിറങ്ങുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചുപോരുമ്പോൾ ഞാൻ കേൾക്കുന്നുണ്ട്, അല്ലെങ്കിൽ കേട്ടെന്നെനിയ്ക്കു തോന്നുന്നുണ്ട്, ആ യുദ്ധത്തിൽ ആയുധങ്ങളിടയുന്നത്. കാട്ടിനുള്ളിലെ ഇരുട്ടിനിടയിലൂടെ ഭടന്മാരുടെ കണ്ണുകൾ എന്നെ തിരയുകയാണെന്നു വരാം; പക്ഷേ എനിക്കവരെക്കുറിച്ചു വളരെക്കുറച്ചേ അറിയൂ; ആ കുറച്ചാകട്ടെ, തെറ്റിദ്ധരിപ്പിക്കുന്നതും.
ജൂലൈ 28
ഞാൻ ആളുകളെ ഒഴിഞ്ഞുമാറിനടക്കുന്നുവെങ്കിൽ അതു സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയല്ല, സമാധാനത്തോടെ മരിക്കാൻ വേണ്ടിയാണ്.
ഒരെഴുത്തുകാരനെന്ന നിലയിൽ എനിക്കു സംഭവിക്കാനിരിക്കുന്നത് ഇത്രേയുള്ളു. സ്വപ്നസദൃശമായ ആന്തരജീവിതത്തെ ചിത്രീകരിക്കാൻ എനിക്കുള്ള വാസന മറ്റെല്ലാ പരിഗണനകളെയും പിന്നിലേക്കു തള്ളിയിരിക്കുന്നു. എന്റെ ജീവിതം ഭയാനകമാം വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു, അതിനിയും ചുരുങ്ങിക്കൊണ്ടുമിരിക്കും. മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല. പക്ഷേ ആ ചിത്രീകരണത്തിനു ഞാൻ സ്വരുക്കൂട്ടുന്ന ബലത്തെ ആശ്രയിക്കാനും പറ്റില്ല: ഒരുവേള ഇതിനകം തന്നെ അതു തിരോഭവിച്ചിട്ടുണ്ടാകാം; ഇനിയൊരുവേള അതു മടങ്ങിവന്നുവെന്നുമാകാം, എന്റെ ജീവിതസാഹചര്യം വച്ചു നോക്കുമ്പോൾ അതിനു സാധ്യത കാണുന്നില്ലെങ്കിലും. ഞാനങ്ങനെ ചഞ്ചലപ്പെടുകയാണ്, മലയുടെ മുകളിലേക്കു പറക്കുന്ന ഞാൻ അടുത്ത നിമിഷം താഴേക്കു വീഴുകയാണ്. ഉറപ്പുള്ളവരല്ല മറ്റുള്ളവരെങ്കിലും, താഴ്വാരങ്ങളിലാണ് അവർ നില്ക്കുന്നത്, എന്നെക്കാൾ ബലവുമുണ്ടവർക്ക്; വീഴുമെന്നു വന്നാൽ താങ്ങാനായിത്തന്നെ ബന്ധുവൊരാൾ കൂടെനടക്കുന്നുമുണ്ട്. പക്ഷേ ഉയരങ്ങളിലാണ് എന്റെ ഇടർച്ചകൾ; അതു മരണമല്ല, ഒരുനാളുമൊടുങ്ങാത്ത പ്രാണവേദനയത്രെ.
ഡിസംബർ 19
അപഹാസ്യമായിരിക്കും ഏതു കഥയുടെയും തുടക്കം. ഒരു പ്രതീക്ഷയുമില്ല, പൂർണ്ണത പ്രാപിക്കാത്തതും, സന്ധികളുറയ്ക്കാത്തതുമായ ഈ നവജാതവസ്തുവിന് ലോകമെന്ന പൂർണ്ണതയെത്തിയ ഘടനയിൽ (അതാകട്ടെ, പൂർണ്ണത പ്രാപിച്ച ഏതൊരു ഘടനയും പോലെ മറ്റൊന്നിനെയും അകത്തു കടത്താതിരിക്കാനുള്ള നിരന്തരയത്നത്തിലുമാണ്) ജീവനോടിരിക്കാൻ കഴിയുമെന്ന്. എന്നാൽക്കൂടി നാം മറക്കരുത്, കഥ, നിലനിൽക്കാനുള്ള എന്തെങ്കിലും ന്യായീകരണം അതിനുണ്ടെങ്കിൽ, അതിന്റെ പൂർണ്ണമായ ഘടന തനിയ്ക്കുള്ളിൽ വഹിക്കുന്നുണ്ടെന്ന്, അതു പൂർണ്ണരൂപം പ്രാപിക്കുന്നതിനു മുമ്പുതന്നെ; ഈ കാരണത്താൽ കഥയുടെ തുടക്കത്തെക്കുറിച്ചുള്ള വേവലാതികൾക്ക് അടിസ്ഥാനവുമില്ല. സമാനമായ വിധത്തിൽ അച്ഛനമ്മമാർക്ക് മുലകുടി മാറാത്ത കുഞ്ഞിനെച്ചൊല്ലി വേവലാതിപ്പെടുകയുമാവാം; കാരണം, കഷ്ടം തോന്നിക്കുന്നതും, അപഹാസ്യവുമായ ഈ ജീവിയെ ലോകത്തേക്കു കൊണ്ടുവരണമെന്ന് അവരാഗ്രഹിച്ചിരുന്നില്ലല്ലോ. ശരിതന്നെ, നമ്മുടെ വേവലാതികൾ അടിസ്ഥാനമുള്ളതോ, അല്ലയോ എന്ന് നാമറിയാനും പോകുന്നില്ല. അതേസമയം, അതിനെക്കുറിച്ചാലോചിക്കുക എന്നത് നമുക്കൊരു പിൻബലം നൽകുന്നപോലെയുമാണ്; ഈ അറിവില്ലാത്തതിന്റെ ദുഷ്ഫലം മുമ്പു ഞാൻ അനുഭവിച്ചിരിക്കുന്നു.
ഡിസംബർ 20
ദസ്തയേവ്സ്കിയെക്കുറിച്ച് മാക്സിന്റെ പരാതി. അദ്ദേഹം കണ്ടമാനം മനോരോഗികളെ കഥയിലേക്കു കൊണ്ടുവരുന്നുവെന്ന്. തീർത്തും തെറ്റാണത്. അവർ രോഗികളല്ല. അവരുടെ രോഗം പാത്രാവിഷ്കാരത്തിനുള്ള ഒരു മാർഗ്ഗം മാത്രമാണ്, അതും വളരെ സൂക്ഷ്മവും ഫലപ്രദവും. ഒരാളോട് അയാൾ ശുദ്ധനും വിഡ്ഡിയുമാണെന്ന് തോരാതോതിക്കൊണ്ടിരുന്നാൽ മതി, ഒരു ദസ്തയേവ്സ്കിയൻ കാതൽ അയാളിലുണ്ടെങ്കിൽ, ആ വിശേഷണങ്ങളോട് തനിക്കാവുന്നത്ര നീതി പുലർത്താനായി അയാൾ ഇറങ്ങിപ്പുറപ്പെടാൻ. സ്നേഹിതന്മാർ തമ്മിലുള്ള കളിയാക്കലുകളുടെ സ്ഥാനമേ, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പാത്രാവിഷ്കാരങ്ങൾക്കുള്ളു. അവർ ഒരാളോട് ‘നീയൊരു മരത്തലയനാണ്’ എന്നു പറയുമ്പോൾ അയാൾ ശരിക്കുമൊരു മരത്തലയനാണെന്നും, അയാളുമായുള്ള കൂട്ടുകെട്ടു കൊണ്ട് തങ്ങൾക്കു നാണക്കേടേ ഉണ്ടായിട്ടുള്ളൂ എന്നുമല്ല അവർ ഉദ്ദേശിക്കുന്നത്. എണ്ണാനാവാത്തത്ര സൂചനകൾ അതിൽ കലർന്നുകിടപ്പുണ്ട്, വെറുമൊരു തമാശയല്ല ആ കളിയാക്കലെങ്കിൽ, ഇനിയഥവാ, അങ്ങനെയാണെങ്കിൽത്തന്നെയും. അപ്പോൾ, അച്ഛൻകാരമസോവ്, ഒരു ദുഷ്ടജന്തുവാണയാളെങ്കിൽത്തന്നെ, ആളൊരു വിഡ്ഡിയുമല്ല, മറിച്ച് അതിസമര്‍ത്ഥനാണയാൾ, ഇവാനോളം സമർത്ഥൻ; ഒന്നുമല്ലെങ്കിൽ നോവലിസ്റ്റു വെറുതേ വിടുന്ന ആ കസിനെക്കാൾ, അയാളെക്കാൾ വളരെ കേമനാണെന്നു സ്വയം ഭാവിക്കുന്ന ആ അനന്തരവൻ ജന്മിയെക്കാൾ എത്രയോ സമർത്ഥനാണയാൾ.
1915
ജനുവരി 4
പുതിയൊരു കഥ തുടങ്ങാൻ വല്ലാത്ത പ്രലോഭനം; വഴങ്ങിയില്ല. ഒരു കാര്യവുമില്ല. കഥകൾക്കു പിന്നാലെ പോകാൻ രാത്രിയിൽ എനിക്കു കഴിയുന്നില്ലെങ്കിൽ അവ ഓടിയൊളിക്കുകയാണ്; ജൂനിയർ വക്കീലിന്റെ കാര്യത്തിൽ പറ്റിയതുപോലെ. നാളെ ഫാക്റ്ററിയിൽ പോകണം,പി. വന്നുചേർന്നാൽ എന്നും വൈകിട്ടു പോകേണ്ടിവരുമെന്നും തോന്നുന്നു. അതോടെ എല്ലാം അവസാനിച്ചു. ഫാക്റ്ററിയെക്കുറിച്ചുള്ള ചിന്ത അവസാനിക്കാത്ത *യോം കിപ്പർ ആണെനിക്ക്.
*യോം കിപ്പർ(പാപശാന്തിയുടെ ദിനം) - ജൂതർക്ക് ഏറ്റവും പാവനമായ ദിവസം; ഉപവാസവും പ്രാർത്ഥനയുമായി അവർ അന്ന് സിനഗോഗിൽ തന്നെയായിരിക്കും.
ജനുവരി 6
തൽക്കാലത്തേക്ക് ഗ്രാമത്തിലെ സ്കൂൾ മാസ്റ്ററും ജൂനിയർ വക്കീലും ഉപേക്ഷിച്ചു. വിചാരണയും പക്ഷേ മുമ്പോട്ടു കൊണ്ടുപോകാനുള്ള കഴിവുണ്ടെന്നു തോന്നുന്നില്ല. ലംബർഗിൽ നിന്നു വന്ന ആ പെൺകുട്ടിയെക്കുറിച്ചാലോചിച്ചു. ഏതെങ്കിലുമൊരു സന്തോഷം തരാമെന്ന വാഗ്ദാനം എവിടെ നിന്നെങ്കിലുമുണ്ടായാൽ അതു മതി നിത്യജീവിതത്തിൽ പ്രതീക്ഷയർപ്പിക്കാൻ. ഒരു ദൂരത്തു നിന്നു നോക്കുമ്പോൾ അതിനൊരുറപ്പുണ്ട്, കൂടുതൽ അടുത്തു ചെല്ലാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ല.
ജനുവരി 17
ശനിയാഴ്ച. എഫിനെ കാണണം. അവളെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഞാനതിനർഹനുമല്ല. എത്രയിടുങ്ങിയതാണ് സ്വന്തം പരിധികളെന്ന് ഞാനിന്നു കാണുന്നു- സർവതിലും, അതിനാൽ എന്റെ എഴുത്തിലും. ഒരാൾക്കു തന്റെ പരിധികളെക്കുറിച്ചുള്ള ബോധം അത്ര ഉത്കടമാണെങ്കിൽ അയാൾ പൊട്ടിത്തെറിക്കുക തന്നെ വേണം. ഇതിനെക്കുറിച്ച് എന്നെ ബോധവാനാക്കിയത് ഓട്ട്യുലടെ കത്തായിരിക്കണം. അടുത്ത കാലത്തായി വളരെ ആത്മസംതൃപ്തിയിലായിരുന്നു ഞാൻ; എഫിനോട് സ്വയം ന്യായീകരിക്കാനും, അവൾക്കെതിരെ പിടിച്ചുനിൽക്കാനുമായി പലവിധമായ വാദമുഖങ്ങൾ ഞാൻ പഠിച്ചുവച്ചിരുന്നു. അതൊന്നും എഴുതിവയ്ക്കാനുള്ള നേരമില്ലാതെപോയതു കഷ്ടം തന്നെ, ഇന്നെനിക്കതു കഴിയുകയുമില്ല.
ജനുവരി 18
ആറര വരെ ഫാക്റ്ററിയിൽ; പതിവുപോലെ ജോലി ചെയ്തു, വായിച്ചു, പറഞ്ഞുകൊടുത്തു, പറയുന്നതു കേട്ടു, ഫലമില്ലാതെ എഴുതി. എല്ലാറ്റിനുമൊടുവിൽ അർത്ഥശൂന്യമായ ആ സംതൃപ്തിയും. തലവേദന, ഉറക്കം ശരിയായില്ല. ഒന്നും മനസ്സു ചെലുത്തി തുടർച്ചയായി ചെയ്യാൻ കഴിയുന്നില്ല. കുറച്ചുനേരം പുറത്തുമായിരുന്നു. എന്നിട്ടും പുതിയൊരു കഥ തുടങ്ങി; പഴയതു ഞാൻ നശിപ്പിക്കുമെന്നു പേടിയായി. നാലഞ്ചു കഥകൾ എന്റെ മുന്നിൽ പിൻകാലിൽ നിവർന്നുനിൽക്കുകയാണ്, സർക്കസ്സിന്റെ തുടക്കത്തിൽ റിംഗ്‌മാസ്റ്റർ ഷൂമാന്റെ മുന്നിൽ കുതിരകളെപ്പോലെ.
ജനുവരി 19
ഒരു സ്വപ്നം:
ഞായറാഴ്ച രണ്ടു സ്നേഹിതന്മാരുമൊത്ത് പിക്നിക്കിനു പോകാമെന്നു സമ്മതിച്ചിരുന്നു; പക്ഷേ പതിവിനു വിപരീതമായി ഞാൻ കിടന്നുറങ്ങിപ്പോയി. സാധാരണഗതിയിൽ ഞാനെത്ര കൃത്യനിഷ്ഠയുള്ളയാളാണെന്നറിയാവുന്ന എന്റെ ചങ്ങാതിമാർ അത്ഭുതത്തോടെ എന്നെ തിരക്കി വീട്ടിലെത്തി; അൽപനേരം പുറത്തു കാത്തുനിന്നശേഷം അവർ കോണി കയറിവന്ന് കതകിൽ മുട്ടി. ഞാൻ ഞെട്ടിയുണർന്ന് കിടക്കയിൽ നിന്നു ചാടിയെഴുന്നേറ്റു. എത്രയും വേഗം പുറപ്പെടാൻ തയ്യാറാവുക എന്നതേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു. വേഷമൊക്കെ മാറി മുറിയിൽ നിന്നു പുറത്തുവന്ന എന്നെക്കണ്ട് ചങ്ങാതിമാർ പരിഭ്രമിച്ചു പിന്നോട്ടു മാറി. 'തന്റെ തലയ്ക്കു പിന്നിലിതെന്താണ്?' അവർ ഉറക്കെച്ചോദിച്ചു. എന്തോ ഒരു തടസ്സം കാരണം തല തിരിക്കാൻ പറ്റുന്നില്ലെന്ന് ഉണർന്നപ്പോൾ മുതൽ എനിക്കു തോന്നിയിരുന്നു. ഞാൻ പിന്നിലേക്കു കൈയെത്തിച്ചു തപ്പിനോക്കി. പരിഭ്രമം അൽപ്പം കൈവിട്ട ചങ്ങാതിമാർ 'സൂക്ഷിക്കണേ, തനിക്കു മുറിയും!' എന്നു വിളിച്ചുപറയുമ്പോൾ തലയ്ക്കു പിന്നിൽ ഒരു വാൾപ്പിടിയിൽ എന്റെ കൈ തടഞ്ഞു. കൂട്ടുകാർ അടുത്തുവന്ന് എന്നെ പരിശോധിച്ചിട്ട് മുറിയിലെ കണ്ണാടിയ്ക്കു മുന്നിലേക്ക് എന്നെ നടത്തിക്കൊണ്ടുപോയി. അവർ എന്റെ ഷർട്ടൂരിമാറ്റി. പണ്ടുകാലത്തെ പ്രഭുക്കന്മാരുപയോഗിച്ചിരുന്ന, കുരിശ്ശാകൃതിയിൽ പിടിയുള്ള വലിയൊരു വാൾ എന്റെ മുതുകത്ത് പിടിയോളം ആണ്ടിറങ്ങിയിരിക്കുകയാണ്; പക്ഷേ അത്രയ്ക്കവിശ്വസനീയമായ കൃത്യതയോടെയാണ് തൊലിയ്ക്കും മാംസത്തിനുമിടയിലൂടെ വാളിറക്കിയിരിക്കുന്നതെന്നതിനാൽ എനിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. വാൾ ഉള്ളിലേക്കു കടന്ന പിടലിയുടെ ഭാഗത്ത് മുറിവുമില്ല. ഒരു വാളിനു കയറാവുന്ന വലിപ്പത്തിൽ ഒരു ദ്വാരമുണ്ടെന്നും പക്ഷേ ചോരയുടെ ഒരു പാടും കാണാനില്ലെന്നും കൂട്ടുകാർ എന്നെ ആശ്വസിപ്പിച്ചു. അവർ പിന്നെ എനിക്കും ചുറ്റും കസേരകളിൽ കയറിനിന്ന് വളരെ സാവധാനം, ഇഞ്ചിഞ്ചായി വാളു വലിച്ചൂരി; ചോര പൊടിഞ്ഞതേയില്ല; പിടലിയിലെ ദ്വാരമാകട്ടെ, അത്ര സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു വിടവു ബാക്കിയാക്കി മുറികൂടുകയും ചെയ്തു. 'ഇതാ, തന്റെയൊരു വാൾ,' കൂട്ടുകാർ ചിരിച്ചുകൊണ്ട് അതെന്റെ കൈയിൽ തന്നു. ഞാൻ രണ്ടു കൈയും കൊണ്ട് അതെടുത്തുയർത്തി. ഒന്നാന്തരമൊരായുധം; കുരിശുയുദ്ധക്കാർ ഉപയോഗിച്ചിട്ടുണ്ടാവണമത്.
സ്വപ്നങ്ങളിലിങ്ങനെ കറങ്ങിനടക്കാൻ പ്രാചീനരായ ആ പ്രഭുക്കന്മാർക്ക് ആരനുവാദം നൽകി? അവർ നിരുത്തരവാദപരമായി വാളുകളെടുത്തു വീശുകയും ഉറങ്ങിക്കിടക്കുന്ന നിരപരാധികൾക്കു മേൽ അതു കുത്തിയിറക്കുകയുമാണ്; അവർക്കു സാരമായ മുറിവു പറ്റുന്നില്ലെങ്കിൽ അതിനു കാരണം ജീവനുള്ള ദേഹങ്ങളിൽ ആ ആയുധങ്ങൾ ഒന്നുരുമ്മുകയേ ചെയ്തുള്ളു എന്നതു തന്നെയാവണം; പിന്നെ, സഹായിക്കാൻ തയാറായി കതകിൽ മുട്ടാൻ വിശ്വസിക്കാവുന്ന കൂട്ടുകാരുണ്ടായി എന്നതു മറ്റൊരു കാരണവുമായി.
ജനുവരി 20
*കറുത്ത കൊടികൾ. എത്ര മോശമാണ് എന്റെ വായന പോലും. എന്തുമാത്രം വിദ്വേഷവും മനോദൗർബല്യവും നിറഞ്ഞതാണ് എന്റെ ആത്മനിരീക്ഷണം. ലോകത്തിലേക്കൊരുമ്പെട്ടിറങ്ങാൻ എനിക്കു കഴിയാത്തപോലെയാണ്; അനക്കമറ്റുകിടന്ന് കിട്ടുന്നതെന്തായാലും അതിനെ കൈനീട്ടി വാങ്ങുക, കിട്ടിയതിനെ എന്റെയുള്ളിൽ പരത്തിയിടുക, എന്നിട്ടുപിന്നെ പതുക്കെ ലോകത്തിലേക്കു കാലെടുത്തുവയ്ക്കുക, അതേ എനിക്കാകൂ.
*സ്ട്രിൻഡ്ബർഗിന്റെ നാടകം
ഫെബ്രുവരി 7
ആത്മജ്ഞാനത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ, സ്വരക്ഷയെ തുണയ്ക്കുന്ന മറ്റു ചുറ്റുപാടുകളൊക്കെ സന്നിഹിതമായിരിക്കെത്തന്നെ, താൻ അഭിശപ്തനാണെന്ന് അനിവാര്യമായും നിങ്ങൾ കണ്ടെത്തും. സദാചാരത്തെ സംബന്ധിച്ച ഏതു മാനദണ്ഡവും - അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എത്ര വ്യത്യസ്തമായിക്കൊള്ളട്ടെ - തനിക്കു കൈയെത്താത്ത ഉയരത്തിലായി നിങ്ങൾക്കു തോന്നും.നികൃഷ്ടമായ വ്യാജങ്ങളുടെ ഒരെലിമാളമല്ലാതെ യാതൊന്നുമല്ല താനെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ എത്ര നിസ്സാരമായ ഒരു പ്രവൃത്തിയുമുണ്ടാവില്ല, ആ വ്യാജങ്ങളാൽ മലിനപ്പെടാത്തതായി. അത്രയും വൃത്തികെട്ടതാണ് ആ വ്യാജങ്ങളെന്നതിനാൽ ആത്മപരിശോധനയുടെ നേരത്ത് അവയെ അടുത്തുവച്ചു നിരീക്ഷിക്കാൻ തന്നെ നിങ്ങൾക്കാഗ്രഹമുണ്ടാവില്ല; ദൂരെ നിന്നൊന്നു കണ്ണോടിക്കുന്നതു കൊണ്ടുതന്നെ നിങ്ങൾ തൃപ്തനാവും. വെറും സ്വാർത്ഥത മാത്രമല്ല, ആ വ്യാജങ്ങളുടെ ചേരുവ; അതു വച്ചു നോക്കുമ്പോൾ നന്മയുടെയും സൗന്ദര്യത്തിന്റെയും ആദർശരൂപമാണു സ്വാർത്ഥതയെന്നു തോന്നിപ്പോവും. നിങ്ങൾ കണ്ടെത്തുന്ന ആ മാലിന്യത്തിന് സ്വന്തമായ ഒരസ്തിത്വമുണ്ടായിരിക്കും; ഈ ചുമടും പേറിയാണ് താൻ ഈ ലോകത്തിലേക്കു വന്നതെന്ന് നിങ്ങൾ തിരിച്ചറിയും; ആ മാലിന്യം കാരണമായിത്തന്നെ തിരിച്ചറിയപ്പെടാതെ- അല്ലെങ്കിൽ ആർക്കും തിരിച്ചറിയാവുന്നതായി- നിങ്ങൾ ഇവിടം വിട്ടു പോവുകയും ചെയ്യും. ഈ മാലിന്യമാണ് നിങ്ങൾ കണ്ടെത്താൻ പോകുന്ന അത്യഗാധത; അത്യഗാധതയിൽ ലാവയല്ല ഉണ്ടാവുക, അല്ല, മാലിന്യം. അതു തന്നെ അത്യഗാധതയും അത്യുന്നതവും; ആത്മപരിശോധന ജനിപ്പിച്ച സന്ദേഹങ്ങൾ പോലും വൈകാതെ ദുർബലമാവും; ചെളിയിൽ കിടന്നു പുളയ്ക്കുന്ന പന്നിയെപ്പോലെ നിങ്ങൾ ആത്മസംതൃപ്തിയിലാവുകയും ചെയ്യും.
ഫെബ്രുവരി 14
റഷ്യയോടുള്ള തീരാത്ത ആകർഷണം. അതിനെ പ്രതിനിധാനം ചെയ്യാൻ ഏറ്റവും അനുയോജ്യം ട്രോയ്ക്കയല്ല, മഞ്ഞനിറത്തിൽ പരന്നൊഴുകുന്ന ഒരു നദിയാണ്; അതിലെങ്ങും (അത്ര വലുതല്ലാത്ത) തിരകൾ അലയ്ക്കുന്നുണ്ട്. അതിന്റെ ഓരങ്ങളിൽ നിശ്ശൂന്യവും വന്യവുമായ ചതുപ്പുകൾ, മഞ്ഞിച്ച പുല്ലുകൾ. പക്ഷേ ഒന്നിനുമതിനെ പ്രതിനിധാനം ചെയ്യാനാവില്ല, സകലതുമതിനെ മായ്ച്ചുകളയുകയേയുള്ളു.
*ട്രോയ്ക- റഷ്യയിൽ പ്രചാരത്തിലുള്ള മൂന്നു കുതിരകളെ പൂട്ടിയ വണ്ടി
ഫെബ്രുവരി 16
എന്റെ വഴി തെളിഞ്ഞുകാണുന്നില്ല. എനിക്കുണ്ടായിരുന്നതൊക്കെ എന്നെ വിട്ടുപോയപോലെ; ഇനിയവ തിരിയെ വന്നാലും തൃപ്തനാവില്ല ഞാനെന്നപോലെ.
ഫെബ്രുവരി 22
എല്ലാ അർത്ഥത്തിലും അശക്തൻ, അതും പൂർണ്ണമായ തോതിലും.
ഫെബ്രുവരി 25
തീരാത്ത തലവേദനകൾ നിറഞ്ഞ നാളുകൾക്കു ശേഷം അൽപം സ്വസ്ഥത, കുറച്ചുകൂടി ആത്മവിശ്വാസവും. എന്നെ, എന്റെ ജീവിതത്തിന്റെ ഗതിയെ നിരീക്ഷിക്കുന്ന മറ്റൊരാളായിരുന്നു ഞാനെങ്കിൽ നിഷ്ഫലമായിട്ടാണ് ഇതവസാനിക്കാൻ പോകുന്നതെന്ന്, തീരാത്ത സംശയങ്ങളിൽ വീണിതു ദഹിക്കുമെന്ന്, ആത്മപീഡനമൊന്നുമാത്രമാണ് അതിന്റെ ഗുണവശമെന്നു പറയാൻ പ്രേരിതനാകുമായിരുന്നു ഞാൻ. പക്ഷേ തൽപരകക്ഷിയായ സ്ഥിതിയ്ക്ക് എനിക്കു പ്രതീക്ഷ കൈവിടാനാകില്ല.
മാർച്ച് 13
ഒരു രാത്രി. ആറു മണിയ്ക്ക് സോഫയിൽ ചെന്നു കിടന്നു. എട്ടു മണി വരെ ഉറങ്ങി. എഴുന്നേൽക്കാൻ തോന്നിയില്ല, മണിയടിക്കുന്നതും കാത്തു കിടന്നു, ഉറക്കച്ചടവിൽ മണിയടിച്ചതു കേൾക്കാതെയും പോയി. ഒമ്പതു മണിയ്ക്കെഴുന്നേറ്റു. അത്താഴത്തിന് വീട്ടിലേക്കു പോയില്ല, മാക്സിന്റെ വീട്ടിലും പോയില്ല; അവിടെ ഇന്നൊരു കൂടിച്ചേരലുള്ളതുമായിരുന്നു. കാരണങ്ങൾ: വിശപ്പില്ലായ്മ, മടങ്ങാൻ വൈകുമെന്ന പേടി; അതിനൊക്കെയുപരി, ഇന്നലെ ഞാൻ ഒരു വരി പോലുമെഴുതിയിട്ടില്ലെന്ന ചിന്ത, ഞാനതിൽ നിന്നകന്നകന്നു പോവുകയാണെന്ന, കഴിഞ്ഞ ആറു മാസം കൊണ്ട് ഞാൻ കഷ്ടപ്പെട്ടു സമ്പാദിച്ചതൊക്കെ നഷ്ടപ്പെടാൻ പോവുകയാണെന്ന വിചാരം. അതിനു ഞാൻ തെളിവും നൽകി, ഉപേക്ഷിക്കാമെന്നു നേരത്തേ ഞാൻ തീരുമാനിച്ചിരുന്ന പുതിയൊരു കഥയുടെ ഹീനമായ ഒന്നരപ്പേജെഴുതിക്കൊണ്ട്; പിന്നെ നൈരാശ്യത്തോടെ, എന്റെ സ്വസ്ഥത കെട്ട വയറിനും അതിലൊരു പങ്കുണ്ട്, *ഹെഴ്സെൻ വായിച്ചു, അദ്ദേഹം ഏതെങ്കിലും വിധത്തിൽ എന്നെ രക്ഷപ്പെടുത്തുമെന്ന ചിന്തയോടെ. വിവാഹം കഴിഞ്ഞ ആദ്യത്തെ വർഷത്തെ അദ്ദേഹത്തിന്റെ ആഹ്ളാദം, അങ്ങനെയൊരു സന്തുഷ്ടാവസ്ഥയിൽ സ്വയം നിർത്തിനോക്കുന്നതിൽ എനിക്കുള്ള ഭീതി; അദ്ദേഹത്തിനു ചുറ്റുമുള്ള അഭിജാതജീവിതം; *ബലിൻസ്കി; രോമക്കുപ്പായമൂരാതെ തന്നെ പകലു മുഴുവൻ സോഫയിൽ കിടക്കുന്ന *ബക്കുനിൻ.
*Herzen(1812-1870)- റഷ്യന്‍ ചിന്തകനും എഴുത്തുകാരനും.
Belinsky(1811-1848)- റഷ്യന്‍ സാഹിത്യവിമര്‍ശകൻ
Bakunin(1814-1876)-റഷ്യന്‍ അനാര്‍ക്കിസ്റ്റ്
ഏപ്രിൽ 27
നാഗി മിഹാലിയിൽ സഹോദരിയോടൊപ്പം. മനുഷ്യരോടൊപ്പം ജീവിക്കാൻ, അവരോടു സംസാരിക്കാൻ കഴിയുന്നില്ല. പൂർണ്ണമായും തന്നിൽത്തന്നെ നിമഗ്നൻ, തന്നെക്കുറിച്ചുമാത്രം ചിന്ത. വികാരശൂന്യനായി, ജഡബുദ്ധിയായി, ഭയചകിതനായി. ആരോടും ഒന്നും പറയാനില്ല-ഒരിക്കലും.
മേയ് 3
തികഞ്ഞ ഉദാസീനത, വികാരശൂന്യത. വരണ്ട ഒരു കിണർ, എത്താനാവാത്ത ആഴത്തിലാണു വെള്ളം; ഉണ്ടെന്നു തീർച്ചയുമില്ല. ഒന്നുമില്ല, ഒന്നുമില്ല. സ്റ്റ്‌റിൻഡ്ബർഗിന്റെ പിരിഞ്ഞവരിലെ ജീവിതം മനസ്സിലാവുന്നില്ല. അദ്ദേഹം മനോഹരമെന്നു പറയുന്നതിനെ എന്റെ ജീവിതത്തോടു ബന്ധപ്പെടുത്തി നോക്കുമ്പോൾ മനംപുരട്ടുന്നു. എഫിനെഴുതിയ കത്ത്, ആകെ തെറ്റി, പോസ്റ്റു ചെയ്യാൻ പറ്റില്ലതിനെ. ഭൂതകാലത്തോട്, ഭാവിയോടും, എന്നെ ബന്ധപ്പെടുത്താൻ എന്താണുള്ളത്? വർത്തമാനകാലമാവട്ടെ, ഒരു മായികാവസ്ഥയും. ഞാൻ മേശയ്ക്കു മുന്നിൽ ഇരിക്കുന്നില്ല, അതിനു മുകളിൽ വട്ടമിട്ടു പറക്കുകയാണ്. ഒന്നുമില്ല, ഒന്നുമില്ല. ശൂന്യത, മടുപ്പ്, അല്ല, മടുപ്പല്ല, വെറും ശൂന്യത, അർത്ഥശൂന്യത,ദൗർബല്യം.
മേയ് 4
സ്ട്രിൻഡ്ബർഗിന്റെ പിരിഞ്ഞവർ വായിച്ചതു കാരണം അൽപ്പം കൂടി ഭേദപ്പെട്ട ഒരവസ്ഥയിൽ. വായിക്കാൻ വേണ്ടിയല്ല ഞാൻ സ്ട്രിൻഡ്ബർഗിനെ എടുക്കുന്നത്, ആ നെഞ്ചത്തു ചാഞ്ഞുകിടക്കാൻ വേണ്ടിയാണ്. ഒരു ശിശുവിനെയെന്നപോലെ ഇടംകൈ കൊണ്ട് അദ്ദേഹമെന്നെ താങ്ങിപ്പിടിക്കുന്നു. പ്രതിമ മേലിരിക്കുന്ന ഒരാളെപ്പോലെ ഞാൻ അവിടെയിരിക്കുന്നു. പത്തു തവണ ഞാൻ വഴുതി വീഴാൻ പോകുന്നുണ്ട്; പക്ഷേ പതിനൊന്നാമത്തെ ശ്രമത്തിൽ എനിക്കവിടെ ഉറച്ചിരിക്കാൻ പറ്റുന്നു, എനിക്കൊരു സുരക്ഷിതത്വം തോന്നുന്നു, വിശാലമായ ഒരു വീക്ഷണവും എനിക്കു കിട്ടുന്നു.
മറ്റുള്ളവർക്ക് ഞാനുമായുള്ള ബന്ധത്തെക്കുറിച്ചു ചിന്തിച്ചു. അഗണ്യനാണു ഞാനെങ്കിൽക്കൂടി ഇവിടെയാരും എന്നെ എന്റെ സമഗ്രതയിൽ മനസ്സിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കുന്ന ഒരാൾ, ഒരു ഭാര്യ, ഉണ്ടാവുക എന്നാൽ,എല്ലാ വശത്തു നിന്നും ഒരു താങ്ങു കിട്ടുന്ന പോലെയാണത്, ദൈവം സ്വന്തമാകുന്ന പോലെയാണ്. ഓട്‌ല പലതും മനസ്സിലാക്കുന്നുണ്ട്, വളരെയധികം തന്നെ; മാക്സും ഫെലിക്സും കുറേയൊക്കെ ; ഈ യെപ്പോലെ മറ്റുള്ളവർ ചില വിശദാംശങ്ങളേ അറിയുന്നുള്ളു, പക്ഷേ അത്ര ഭീതിദമായ തീവ്രതയോടെ. എഫ് ഒന്നും മനസ്സിലാക്കുന്നില്ലെന്നാണു കരുതേണ്ടത്. പക്ഷേ ഞങ്ങൾ തമ്മിലുള്ള തള്ളിക്കളയാനാവാത്ത ആന്തരബന്ധം കാരണം പ്രത്യേകിച്ചൊരു സ്ഥാനമാണല്ലോ അവൾക്കുള്ളത്. താനറിയാതെ തന്നെ അവൾക്കെന്നെ മനസ്സിലാവുന്നുണ്ടെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഉദാഹരണത്തിന് അവൾ എന്നെ യു-ബാൺ സ്റ്റേഷനിൽ കാത്തുനിന്ന സമയം- അവൾക്കു വേണ്ടി അത്ര പൊറുതികെട്ടു ദാഹിച്ചിരുന്ന ഞാൻ എത്രയും വേഗത്തിൽ അവൾക്കടുത്തെത്തണമെന്ന വ്യഗ്രതയോടെ , അവൾ മുകളിലായിരിക്കുമെന്ന ചിന്തയിൽ ഏണിപ്പടി ഓടിക്കയറിയപ്പോൾ അവൾ സാവധാനം എന്നെ കൈക്കു പിടിച്ചു നിർത്തി.
സെപ്തംബർ 14
ശനിയാഴ്ച മാക്സിന്റെയും ലാംഗറുടെയുമൊപ്പം അത്ഭുതപ്രവർത്തകനായ റബ്ബിയെ കാണാൻ പോയി. സിസ്കോവ്, ഹരാന്റോവാ തെരുവ്. നടപ്പാതയിലും കോണിപ്പടിയിലുമായി കുറേയധികം കുട്ടികൾ. ഒരു സത്രം. തീരെ വെളിച്ചമില്ലാത്ത മേൽനില; കുറേ പടികൾ അന്ധനെപ്പോലെ കൈ കൊണ്ടു തപ്പിപ്പിടിക്കേണ്ടിവന്നു. നിറം മങ്ങിയ, വെളിച്ചം കുറഞ്ഞ ഒരു മുറി, നരച്ചുവെളുത്ത ചുമരുകൾ, കുറേ ചെറുപ്പക്കാരികളും പെൺകുട്ടികളും കൂടിനിൽക്കുന്നു, വെളുത്ത തൂവാലകൾ അവരുടെ തലയ്ക്കു മേൽ, വിളർത്ത മുഖങ്ങൾ, നേർത്ത ചലനങ്ങൾ. ജീവനില്ലായ്മയുടെ ഒരു പ്രതീതി. അടുത്ത മുറി. ആകെയിരുട്ട്, നിറയെ പുരുഷന്മാരും ചെറുപ്പക്കാരും. ഉച്ചത്തിലുള്ള പ്രാർത്ഥനകൾ. ഞങ്ങൾ ഒരു കോണിലേക്ക് ഒതുങ്ങിക്കൂടിനിന്നു. ഞങ്ങൾ ചുറ്റിനുമൊന്നു കണ്ണോടിക്കുമ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു, മുറി ശൂന്യമായി. മൂലയ്ക്കൊരു മുറി, ഇരുവശവും ജനാലകൾ, രണ്ടു ജനാലകൾ വീതം. റബ്ബിയുടെ വലതുഭാഗത്തുള്ള ഒരു മേശയ്ക്കരികിലേക്ക് ഞങ്ങളെ തള്ളിനീക്കി. ഞങ്ങൾ പിടിച്ചുനിന്നു. “നിങ്ങളും ജൂതന്മാരാണല്ലേ?” പിതാക്കന്മാരുടെ സ്വഭാവകാർശ്യമെത്രയ്ക്കുണ്ടോ, അത്രയ്ക്കൊരു റബ്ബിയായി. റബ്ബിമാരൊക്കെ കിരാതന്മാരാണ്, ലാംഗർ പറഞ്ഞു. ഇദ്ദേഹം സിൽക്കു കൊണ്ടുള്ള നീളൻകുപ്പായത്തിലായിരുന്നു, അടിയിൽ കാലുറകൾ കാണാം. മൂക്കിന്റെ പാലത്തിന്മേൽ രോമം. രോമത്തൊപ്പി അദ്ദേഹം പിടിച്ചുവലിച്ചുകൊണ്ടിരുന്നു. വൃത്തിശൂന്യവും നിർമ്മലവും- ഗാഢമായി ചിന്തിക്കുന്നവരുടെ ലക്ഷണമാണത്. അദ്ദേഹം താടി ചൊറിഞ്ഞു, വിരലുകൾക്കിടയിലൂടെ മൂക്കു ചീറ്റി, വിരലു കൊണ്ട് ഭക്ഷണത്തിൽ തൊട്ടു; പക്ഷേ ഒരു നിമിഷത്തേക്ക് മേശ മേൽ കൈ തങ്ങുമ്പോൾ ആ തൊലിയുടെ വെണ്മ നിങ്ങൾ കാണുന്നു, സ്വന്തം ബാല്യകാലഭാവനയിൽ മാത്രം പണ്ടു കണ്ടതായി നിങ്ങൾക്കോർമ്മയുള്ള ഒരു വെണ്മ - നിങ്ങളുടെ അമ്മയച്ഛന്മാരും അന്നു നൈർമ്മല്യമുള്ളവരായിരുന്നു.
സെപ്തംബർ 16
തൊണ്ടയ്ക്കും കീഴ്ത്താടിയ്ക്കുമിടയിലാണ് കുത്തിക്കേറ്റാൻ ഏറ്റവും യോഗ്യമായതെന്നു തോന്നാം. താടി പൊക്കുക, വലിഞ്ഞ പേശികളിലേക്ക് കത്തി കയറ്റുക. പക്ഷേ സ്വന്തം ഭാവനയിലേ ഈ ഭാഗം യോഗ്യമായിത്തോന്നുന്നുള്ളൂ എന്നു വരാം. ചോരയുടെ ഉജ്ജ്വലമായ കുത്തിയൊഴുക്കു നിങ്ങൾ പ്രതീക്ഷിക്കുന്നു, കെട്ടുപിണഞ്ഞ സ്നായുക്കളും, പൊരിച്ച ടർക്കിയുടെ കാലിൽ കാണുന്ന തരം കുഞ്ഞുകുഞ്ഞെല്ലുകളും.
സെപ്തംബർ 28
ചോദ്യം ചോദിക്കുക എന്നാൽ അർത്ഥശൂന്യമാണത്, എന്തുകൊണ്ട്? പരാതിപ്പെടുക എന്നതിനർത്ഥം ഒരു ചോദ്യം എടുത്തിട്ടിട്ട് അതിനൊരുത്തരത്തിനു വേണ്ടി കാക്കുക എന്നതാണ്. അതേസമയം ചോദിക്കുന്ന നിമിഷത്തിൽത്തന്നെ ചോദ്യങ്ങൾക്കുത്തരം കിട്ടുന്നില്ലെങ്കിൽപ്പിന്നെ ഉത്തരം കിട്ടലുണ്ടാവില്ല. ചോദിക്കുന്നവനും ഉത്തരം തരുന്നവനും തമ്മിൽ ഒരകലവുമില്ല.ഒരു ദൂരവും കടന്നുപോകാനില്ല. അതിനാൽ ചോദിച്ചിട്ടു കാക്കുന്നതിൽ അർത്ഥവുമില്ല.
ഒക്റ്റോബർ 6
പലതരം ഉത്കണ്ഠകൾ.ഞാനിപ്പോൾ യാതൊന്നും എഴുതുന്നില്ലെന്നതു ശരിയാണെങ്കിൽക്കൂടി ഒച്ചകൾക്ക് ഇനിയെന്നെ ശല്യപ്പെടുത്താനാവില്ലെന്നു തോന്നുന്നു. താൻ കുഴിക്കുന്ന കുഴിയുടെ ആഴം കൂടുംതോറും ചുറ്റും ശാന്തത കൂടിവരുന്നു; പേടി കുറഞ്ഞുവരുംതോറും ചുറ്റും ശാന്തവുമാവുന്നു.
1916
ഏപ്രിൽ 20
ഒരു സ്വപ്നം:
രണ്ടു സംഘം ആളുകൾ തമ്മിൽപ്പൊരുതുകയാണ്. ഞാനുൾപ്പെട്ട സംഘം എതിർപക്ഷത്തു നിന്നൊരാളെ പിടിച്ചുവച്ചിരുന്നു: ഉടുതുണിയില്ലാത്ത, കൂറ്റനൊരു മനുഷ്യൻ. ഞങ്ങൾ അഞ്ചുപേർ അയാളെ പൊത്തിപ്പിടിച്ചു നിൽക്കുകയാണ്, ഒരാൾ തലയ്ക്കും ഈരണ്ടുപേർ ഇരുവശത്ത് കൈകാലുകളിലുമായി. അയാളെ കുത്തിക്കൊല്ലാൻ ഭാഗ്യക്കേടിന് ഞങ്ങളുടെ കൈയിൽ കത്തിയില്ലാതെപോയി. ഞങ്ങൾ ധൃതിയിൽ പരസ്പരം കത്തിയുണ്ടോയെന്നു ചോദിക്കുകയാണ്; ആരുടെ കൈയിലുമില്ല പക്ഷേ. എന്തു കാരണം കൊണ്ടെന്നറിയില്ല, ഞങ്ങൾക്കു സമയം കളയാനുമില്ല. അടുത്തുതന്നെ ഒരു ബോർമ്മ കണ്ടു; അതിന്റെ ഇരുമ്പുമൂടി ചുട്ടുപഴുത്തിരിക്കുകയാണ്. ഞങ്ങൾ ആ മനുഷ്യനെ അങ്ങോട്ടു വലിച്ചിഴച്ചു കൊണ്ടുപോയി അയാളുടെ ഒരു കാലടി അതിനടുത്തു വച്ചു. കാലു പുകഞ്ഞു തുടങ്ങിയപ്പോൾ വലിച്ചെടുത്ത് പുകയടങ്ങിയപ്പോൾ വീണ്ടും വച്ചു. ഇതിങ്ങനെ ആവർത്തിക്കെ ഞാൻ ഞെട്ടിയുണർന്നു; വിയർത്തൊഴുകുകയായിരുന്നു ഞാൻ, പല്ലുകൾ കൂട്ടിയിടിക്കുകയും.
ജൂൺ 19
എല്ലാം മറക്കുക. ജനാലകൾ തുറന്നിടുക. മുറി ഒഴിച്ചിടുക. കാറ്റതിൽക്കൂടി വീശിക്കടക്കുന്നുണ്ട്. നിങൾ അതിനുള്ളിലെ ശൂന്യതയേ കാണുന്നുള്ളു. സകലമൂലയും തിരഞ്ഞിട്ടും നിങ്ങൾക്കു നിങ്ങളെ കണ്ടെത്താനാവുന്നില്ല.
ജൂലൈ 5
ഒരുമിച്ചുള്ള ജീവിതത്തിന്റെ ദുരിതങ്ങൾ. അതിനു നമ്മെ നിർബ്ബന്ധിക്കുകയാണ് അപരിചിതത്വം,സഹതാപം,ആസക്തി,ഭീരുത്വം,ദുരഭിമാനം; ആഴത്തിനുമാഴത്തിൽ, കണ്ടെടുക്കാനസാധ്യമായ, സ്നേഹമെന്ന പേരിനർഹമായ നേർത്തൊരു ചാൽ ഒരു നിമിഷാർദ്ധനേരത്തേക്ക് കണ്ണിൽപ്പെട്ടെന്നാലുമായി.
പാവം എഫ്.
ജൂലൈ 6
സന്തോഷമില്ലാത്ത രാത്രി. എഫിനോടൊപ്പം ജീവിക്കുക അസാദ്ധ്യം. ഇനി ആരോടൊത്തായാലും അസഹ്യമാണത്. അതിലെനിക്കു ഖേദമില്ല; ഒറ്റയ്ക്കു ജീവിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ എന്നതിലാണ് എനിക്കു ഖേദം. പക്ഷേ എന്തസംബന്ധമാണിത്: ഖേദിക്കുക, വഴങ്ങുക, എന്നിട്ടു പിന്നെ ബോധ്യം വരിക. നിലത്തു നിന്നെഴുന്നേൽക്കൂ. പുസ്തകം മുറുകെപ്പിടിയ്ക്കൂ. അപ്പോൾപ്പിന്നെ മറ്റുള്ളതൊക്കെ മടങ്ങി വരികയായി: ഉറക്കമില്ലായ്മ, തലവേദനകൾ; ഉയരത്തിലുള്ള ഈ ജനാല വഴി പുറത്തേക്കു ചാടുക; പക്ഷേ മഴ നനഞ്ഞു കുതിർന്ന നിലത്തേക്കുള്ള വീഴ്ചയിൽ മരിക്കാനും പോകുന്നില്ല. കണ്ണുമടച്ച് കിടന്നുരുളുക, തെന്നിയെത്തുന്ന ഒരു നോട്ടത്തിനു വിധേയനാവുക.
ജൂലൈ 13
നിങ്ങൾ നിങ്ങളെ തുറന്നിടൂ. നിങ്ങളിലെ മനുഷ്യജീവി പുറത്തേക്കു പോരട്ടെ.
ജൂലൈ 20
അടുത്തൊരു ചിമ്മിനിയ്ക്കുള്ളിൽ നിന്ന് ചെറിയൊരു കിളി പുറത്തുവന്ന് അതിന്റെ അരികത്തിരുന്നു. എന്നിട്ടുപിന്നെ ചുറ്റുമൊന്നു നോക്കിയിട്ട് മാനത്തേക്കുയർന്ന് പറന്നുപോയി. ചിമ്മിനിക്കുള്ളിൽ നിന്നു പറന്നുവരണമെങ്കിൽ അതൊരു സാധാരണ കിളിയല്ല. ഒന്നാംനിലയുടെ ഒരു ജനാലയ്ക്കൽ നിന്ന പെൺകുട്ടി ആകാശത്തേക്കു നോക്കി കിളി പറക്കുന്നതു കണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു:'അതാ പോകുന്നു, പെട്ടെന്നോടിവാ, അതാ പോകുന്നു!' ഉടനേ രണ്ടു കൊച്ചുകുട്ടികൾ കിളിയെ കാണാനായി അവളുടെ സമീപത്തു വന്ന് തിക്കിത്തിരക്കുകയും ചെയ്തു.
എന്നോടു കരുണ വേണമേ. ആത്മാവിന്റെ ഓരോ മുക്കും മൂലയും പാപം കൊണ്ടു നിറഞ്ഞ വനാണു ഞാൻ. എന്റെ കഴിവുകൾ പക്ഷേ, അത്രയ്ക്കങ്ങു തള്ളിക്കളയാനുള്ളവയുമാ യിരുന്നില്ല. വലുതല്ലാത്ത ചില കഴിവുകൾ എനിക്കുണ്ടായിരുന്നു, വഴി കാട്ടാൻ ആരുമില്ലാ തിരുന്ന ഞാൻ അവ കൊണ്ടുപോയി തുലച്ചു; ഒടുവിൽ എല്ലാം നന്നായിവരികയാണെന്ന് പുറമേയ്ക്കെങ്കിലും തോന്നിത്തുടങ്ങിയപ്പോൾ ഇതാ, ജീവിതാന്ത്യവുമായി. പാപികൾ ക്കിടയിലേക്കെന്നെ കൊണ്ടുപോയിത്തള്ളരുതേ. അപഹാസ്യമായ ആത്മാനുരാഗമാണ്( അക ലത്തു നിന്നു നോക്കിയാലും കൈയകലത്തു നിന്നു നോക്കിയാലും അപഹാസ്യം തന്നെയാണത്) ഈ സംസാരിക്കുന്നതെന്ന് എനിക്കറിയാത്തതല്ല. പക്ഷേ ഞാൻ ജീവിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് എന്റെ ജീവിതത്തിന് തന്നോടുതന്നെയുള്ള സ്നേഹവുമുണ്ടാകും; അപഹാസ്യമല്ല ജീവിതമെങ്കിൽ അതിന്റെ അവശ്യാവിഷ്കാരങ്ങൾ അങ്ങനെയാകുന്ന തെങ്ങനെ?-ദുർബലമായ യുക്തി!
മരണശിക്ഷ വിധിക്കപ്പെട്ടവനാണു ഞാനെങ്കിൽ മരിക്കാൻ മാത്രമല്ല ആ വിധി, മരിക്കും വരെ വേദന തിന്നാന്‍ കൂടിയാണ്.
ഞായറാഴ്ച രാവിലെ, ഞാനിറങ്ങുന്നതിനു തൊട്ടു മുമ്പ്, നിനക്കെന്നെ സഹായിക്കണമെന്നുള്ളതായി എനിക്കു തോന്നി. ഞാൻ കാത്തിരുന്നു. ഈ നിമിഷം വരെ വൃഥാവിലായി ആ പ്രതീക്ഷ.
എന്റേത് എന്തു പരാതിയുമായിക്കോട്ടെ, ബോധ്യമില്ലാത്തതാണത്, യഥാർത്ഥവ്യഥ പോലുമില്ലാത്തതാണത്. ദിശതെറ്റിയ ഒരു കപ്പലിന്റെ നങ്കൂരം പോലെ പിടിച്ചുകിടക്കേണ്ട അടിത്തട്ടിൽ നിന്ന് വളരെ ഉയരത്തിൽ തൂങ്ങിനിൽക്കുകയാണത്.
രാത്രിയിലെങ്കിലും എനിക്കൊരു വിശ്രമം കിട്ടട്ടെ- ബാലിശമായ പരാതി.
ജൂലൈ 22
അപൂർവ്വമായ ഒരു നീതിനടത്തൽ. വധശിക്ഷയ്ക്കു വിധിച്ച ഒരു മനുഷ്യനെ തന്റെ തടവറയിൽ വച്ചു കുത്തിക്കൊല്ലുകയാണ് ആരാച്ചാർ; ആ സമയത്ത് മറ്റാരും അവിടെയുണ്ടാകരുതെന്ന് വിലക്കപ്പെട്ടുമിരിക്കുന്നു. മേശക്കരികിലിരുന്ന് ഒരു കത്തെഴുതിത്തീർക്കുകയോ തന്റെ അവസാനത്തെ ആഹാരം കഴിക്കുകയോ ചെയ്യുകയാണയാൾ. ഈ നേരത്ത് കതകിലാരോ മുട്ടുന്നു, ആരാച്ചാരാണത്.
'താൻ തയാറാണോ?' അയാൾ ചോദിക്കുകയാണ്. അയാളുടെ ചോദ്യങ്ങളുടെയും പ്രവൃത്തികളുടെയും ക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്, അതിൽ നിന്നു വ്യതിചലിക്കാൻ അയാൾക്കനുവാദമില്ല. വിധിക്കപ്പെട്ട മനുഷ്യൻ ആദ്യം ചാടിയെഴുന്നേറ്റുവെങ്കിലും ഇപ്പോഴയാൾ നേരേ മുന്നിലേക്കു നോക്കിയിരിക്കുകയാണ്, കൈകളിൽ മുഖം പൂഴ്ത്തുകയാണ്. മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ആരാച്ചാർ തന്റെ ഉപകരണങ്ങൾ നിറച്ച പെട്ടി കട്ടിലിലേക്കു വച്ച് അതു തുറക്കുന്നു; അയാൾ കഠാരകൾ നോക്കിയെടുക്കുന്നു, അവയുടെ തലപ്പുകൾക്കു മൂർച്ചയുണ്ടോയെന്ന് തൊട്ടുനോക്കുകയും ചെയ്യുന്നു. നല്ല ഇരുട്ടായിക്കഴിഞ്ഞിരിക്കുന്നു; അയാൾ ചെറിയൊരു റാന്തലെടുത്ത് കൊളുത്തിവയ്ക്കുന്നു. മരിക്കേണ്ട മനുഷ്യൻ പതുക്കെ തലയൊന്നു തിരിച്ച് ആരാച്ചാരെ ഒളിഞ്ഞുനോക്കുന്നു; പക്ഷേ അയാൾ ചെയ്യുന്നതെന്താണെന്നു കാണുമ്പോൾ അയാൾ കിടുങ്ങിപ്പോവുകയാണ്; അയാൾ നോട്ടം മാറ്റുന്നു; ഇനി അയാൾക്കു കാണണമെന്നുമില്ല.
'തയാർ' അൽപനേരത്തിനു ശേഷം ആരാച്ചാർ പറയുന്നു.
"തയാർ?' വിധിക്കപ്പെട്ട മനുഷ്യൻ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നെൽക്കുന്നു; ഇപ്പോഴയാൾ പക്ഷേ, ആരാച്ചാരെ നേർക്കുനേർ നോക്കിനിൽക്കുകയാണ്. 'നിങ്ങൾക്കെന്നെ അങ്ങനെയങ്ങു കൊല്ലാൻ പറ്റില്ല; എന്നെ കട്ടിലിൽ കിടത്തി കുത്തിക്കൊല്ലാൻ നിങ്ങൾക്കു പറ്റില്ല; മജിസ്റ്റ്‌റേറ്റുമാരുടെ സാന്നിദ്ധ്യത്തിൽ, സഹായികളുമൊക്കെയായി തൂക്കുമരത്തിൽ കയറ്റി ഒരാളെ കൊല്ലാം; ഈ മുറിയിൽ വച്ചു പക്ഷേ പറ്റില്ല, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുകയോ!' തന്റെ പെട്ടിക്കു മേൽ കുനിഞ്ഞുനിൽക്കുന്ന ആരാച്ചാർ മറുപടിയൊന്നും പറയാത്തതു കാണുമ്പോൾ അയാൾ അൽപ്പം കൂടി സമാധാനത്തോടെ ഇങ്ങനെ പറയുന്നു:'അതു നടപ്പില്ല.' അപ്പോഴും ആരാച്ചാർ നിശ്ശബ്ദനായിരിക്കുന്നതു കണ്ടപ്പോൾ അയാൾ പറയുകയാണ്, 'ഇങ്ങനെയൊരു നീതിനടത്തൽ ഏർപ്പെടുത്തിയിരിക്കുന്നത് അതു നടപ്പാക്കാൻ പറ്റില്ലെന്നു മുൻകൂട്ടിക്കണ്ടുകൊണ്ടു തന്നെയാണ്.'
ആരാച്ചാർ പുത്തനൊരു കഠാര ഉറയിൽ നിന്നൂ വലിച്ചൂരിക്കൊണ്ടു പറയുകയാണ്:'നിങ്ങളുടെ മനസ്സിലുള്ളത് ആ കുട്ടിക്കഥകളായിരിക്കും; ഏതോ ശിശുവിനെ വിജനമായ സ്ഥലത്തു കൊണ്ടുപോയി ഉപേക്ഷിക്കാൻ പറഞ്ഞുവിടുന്ന വേലക്കാരൻ അതിനു മനസ്സു വരാതെ അവനെ ഏതെങ്കിലും ചെരുപ്പുകുത്തിയുടെ കൂടെ നിർത്തിയിട്ടു മടങ്ങുന്ന കഥകൾ; അതൊക്കെ കുട്ടിക്കഥകളാണ്; ഇതുപക്ഷേ കുട്ടിക്കഥയല്ല'-
ആഗസ്റ്റ് 27
ഭയാനകമായ രണ്ടു രാവുകൾക്കും പകലുകൾക്കും ശേഷം ഒരന്തിമതീരുമാനം: എഫിനു കാർഡയയ്ക്കാത്തതിന് ഒരുദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള സ്വഭാവദൂഷ്യങ്ങൾക്കു നന്ദി പറയുക-തളർച്ച, പിശുക്ക്, ചാഞ്ചല്യം, കണക്കുകൂട്ടൽ, ജാഗ്രത. നിങ്ങൾ അത് അയയ്ക്കുകതന്നെ ചെയ്തു എന്നു വയ്ക്കുക(അങ്ങനെയൊരു സാധ്യത ഞാൻ സമ്മതിച്ചുതരുന്നു),എന്തായിരുന്നിരിക്കും ഫലം? നിങ്ങളുടെ ഭാഗത്തു നിന്ന് നിർണ്ണായകമായ ഒരു ചുവടുവയ്പ്പ്, ഒരുണർവ്വ്? ഒന്നുമില്ല. ഇതിനു മുമ്പും പലതവണ നിങ്ങൾ നിർണ്ണായകമായ ചുവടുവയ്പ്പുകൾ പലതും നടത്തിക്കഴിഞ്ഞിരിക്കുന്നു, ഒരു ഫലവുമുണ്ടായിട്ടില്ല പക്ഷേ. വിശദീകരിക്കാനൊന്നും മുതിരരുത്. ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾ വരെ നിരത്തിക്കൊണ്ട് സ്വന്തം ഭൂതകാലത്തെ ന്യായീകരിക്കാൻ നിങ്ങൾ വിദഗ്ധനാണെന്ന് എനിക്കറിയാം; കൃത്യമായിട്ടു വിശദീകരിച്ചുതന്നാലല്ലാതെ(അതസാധ്യമാണെന്നു പറയാനുമില്ലല്ലോ) ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ ചങ്കുറപ്പില്ലാത്ത ഒരാളാണു നിങ്ങളെന്നറിയാവുന്ന സ്ഥിതിയ്ക്കു പ്രത്യേകിച്ചും. നിങ്ങളുടെ ഭാഗത്തുള്ളതായി കാണുന്ന ആ ചുമതലാബോധം (അത്രയ്ക്കതു മാന്യവുമാണ്) ശരിക്കു പറഞ്ഞാൽ ഒരുദ്യോഗസ്ഥപ്രകൃതമത്രെ, ബാലിശസ്വഭാവം, നിങ്ങളുടെ പിതാവു തകർത്ത ഇച്ഛാശക്തി. രക്ഷ വേണമെങ്കിൽ അതു മാറ്റാൻ നോക്കുക,അതിനു വേണ്ടിയുള്ളതു ചെയ്യുക,എത്രയും വേഗം ചെയ്യേണ്ടതും അതു തന്നെ. അതിനർത്ഥം നിങ്ങളെ വിട്ടുകൊടുക്കരുതെന്നാണ്( നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ജീവിതത്തിന്റെ,എഫിന്റെ,ചെലവിൽ പ്രത്യേകിച്ചും);നിങ്ങളെ വിട്ടുകൊടുക്കാൻ കഴിയുകയില്ല എന്നതു തന്നെയാണ് അതിനു കാരണം; ഈ സ്വയം വിട്ടുകൊടുക്കൽ തന്നെയാണ് ഇന്നു നിങ്ങളെ ആത്മനാശത്തിന്റെ വക്കത്തു കൊണ്ടെത്തിച്ചിരിക്കുന്നതും. എഫ്,വിവാഹം,കുട്ടികൾ,ചുമതലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കൽ തന്നെയല്ല വിഷയം; നിങ്ങൾ ജഡബുദ്ധിയായിക്കഴിയുന്ന, നിങ്ങൾക്കു പുറത്തേക്കിറങ്ങാൻ കഴിയാത്ത ഓഫീസുമായി ബന്ധപ്പെട്ടുള്ള വിട്ടുകൊടുക്കലും വരുന്നുണ്ട്. സർവ്വതും. എങ്കിൽ അതിനൊക്കെ ഒരു വിരാമമിടുക. നിങ്ങൾക്കു സ്വയം വിട്ടുകൊടുക്കാനാവില്ല,കാര്യങ്ങൾ മുൻകൂട്ടി കാണാനാവില്ല. തന്നെ സംബന്ധിച്ചു നല്ലതെന്താണെന്നതിനെക്കുറിച്ച് നേരിയൊരു ധാരണ പോലും നിങ്ങൾക്കില്ല.
ഉദാഹരണത്തിന് ഇന്നു രാത്രിയിൽ ഒരേ ശക്തിയും മൂല്യവുമുള്ള രണ്ടു പരിഗണനകൾ നിങ്ങളുടെ ഹൃദയത്തെയും മസ്തിഷ്കത്തെയും അപകടപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കുള്ളിൽക്കിടന്നു മല്ലടിച്ചു; തുല്യഅളവിലായിരുന്നു രണ്ടിന്റെ കാര്യത്തിലുമുള്ള നിങ്ങളുടെ ആകാംക്ഷ. അതിനാൽ ഒരു കണക്കുകൂട്ടലിനു നിങ്ങൾക്കു കഴിയാതെയും പോയി. എന്തുണ്ടു ബാക്കി? നിങ്ങളൊരാളുണ്ടെന്ന ഭാവമില്ലാതെ നടക്കുന്ന സംഘർഷങ്ങളുടെ യുദ്ധഭൂമിയായി നിന്നുകൊടുക്കാൻ(ഭടന്മാരുടെ കൊടുംപ്രഹരങ്ങളേ നിങ്ങൾക്കതിൽ നിന്നനുഭവിക്കാനുമുള്ളു) ഇനിയൊരു തവണ കൂടി നിങ്ങൾ സ്വയം താഴ്‌ന്നുകൊടുക്കരുത്. എഴുന്നേറ്റു നിൽക്കൂ. തെറ്റുകൾ തിരുത്തൂ, ജോലിയിൽ നിന്നു രക്ഷപ്പെടൂ, താൻ എന്താവണമെന്നു കണക്കു കൂട്ടുന്നതു നിർത്തി താൻ എന്താണെന്നു കാണാൻ തുടങ്ങൂ. നിങ്ങളുടെ ഒന്നാമത്തെ ഉദ്യമം എന്താണെന്നതിനെക്കുറിച്ച് സംശയിക്കാനൊന്നുമില്ലല്ലോ: സൈന്യത്തിൽ ചേരുക. പിന്നെ നിങ്ങൾ ഇഷ്ടപ്പെട്ടു ചെയ്യുന്ന മറ്റൊന്നുണ്ടല്ലോ-ഒരു ഫ്ലാബേറുമായോ, ഒരു കീർക്കേഗോറുമായോ, ഒരു *ഗ്രിൽപാഴ്സറുമായോ സ്വയം താരതമ്യം ചെയ്യുന്ന ആ അസംബന്ധം, അതും ദൂരെക്കളയുക. വെറും ബാലചാപല്യമാണത്. കണക്കുകൂട്ടലിനിടയിലെ കണ്ണികളെന്ന നിലയിൽ പ്രയോജനപ്രദമായ ഉദാഹരണങ്ങളാണവരെന്നു ഞാനും സമ്മതിക്കുന്നു-പ്രയോജനപ്രദം എന്നു പറയാനും പറ്റുമോ? എന്തെന്നാൽ കണക്കുകൂട്ടൽ എന്ന പ്രയോജനശുന്യമായ പ്രക്രിയയിലെ കണ്ണികളാണല്ലോ അവർ. അവരുടെ കാര്യത്തിൽ അങ്ങനെയൊരു താരതമ്യം തന്നെ അനാവശ്യമാണ്. ഫ്ലാബേറും കീർക്കേഗാറും തങ്ങളുടെ അവസ്ഥയെക്കുറിച്ചു കൃത്യമായ ബോധ്യമുള്ളവരായിരുന്നു, തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരായിരുന്നു, കണക്കുകൂട്ടലുകൾക്കു നിൽക്കാതെ പ്രവൃത്തിയിലേക്കിറങ്ങിയവരായിരുന്നു. പക്ഷേ നിങ്ങളുടെ കാര്യമോ-കണക്കുകൂട്ടലുകളുടെ കണ്ണിമുറിയാത്ത തുടർച്ച, നാലുകൊല്ലത്തെ ബീഭത്സമായ കയറ്റിറക്കങ്ങൾ. ഗ്രിൽപാഴ്സറുമായുള്ള താരതമ്യം സാധുവാണെന്നു പറയാം, പക്ഷേ ഗ്രിൽപാഴ്സർ അനുകരിക്കാൻ പറ്റിയ ഒരാളാണെന്നു നിങ്ങൾക്കു വിചാരമില്ലല്ലോ, ഉണ്ടോ? തങ്ങൾക്കു വേണ്ടി യാതന തിന്നതിന് ഭാവിതലമുറകൾ നന്ദി പറയേണ്ട സന്തോഷശൂന്യമായ ഒരുദാഹരണം.
*Franz Grillparzer(1791-1872)- ഓസ്ട്രിയന്‍ കവിയും നാടകകൃത്തും
ഒക്റ്റോബർ 8
കുട്ടികളെ വളർത്തൽ മുതിർന്നവരുടെ ഭാഗത്തു നിന്നുള്ള ഒരു ഗൂഢാലോചനയെന്ന നിലയിൽ. പലതരം കപടങ്ങൾ കാട്ടി വശീകരിച്ച് കുട്ടികളെ നാം അവരുടെ വിലക്കുകളില്ലാത്ത ക്രീഡകളിൽ നിന്നു മാറ്റി നമ്മുടെ ഇടുങ്ങിയ പാർപ്പിടങ്ങളിലേക്കു കൊണ്ടുപോകുന്നു; നാമെടുക്കുന്ന കപടങ്ങളിൽ നമുക്കു വിശ്വാസമുണ്ടായിരിക്കാമെങ്കിലും ഏതർത്ഥത്തിലാണോ കുട്ടികൾക്കു മുന്നിൽ നാമവ പ്രദർശിപ്പിക്കുന്നത്, ആ അർത്ഥത്തിൽത്തന്നെയാവില്ല നമുക്കവയിലുള്ള വിശ്വാസം. (പ്രഭുവാകാൻ ആർക്കാണിഷ്ടമില്ലാത്തത്? വാതിലടയ്ക്കൂ.)
സ്വന്തം ദുഷ്ടതകളെ യഥേഷ്ടം മേഞ്ഞുനടക്കാൻ അനുവദിക്കുന്നതു കൊണ്ടുള്ള ഗുണം അവയുടെ ശരിക്കുള്ള ശക്തിയിലും വലിപ്പത്തിലും അവ കാഴ്ചയിലേക്കു വരുന്നു എന്നതാണ്; അവയിൽ മുഴുകാനുള്ള ആർത്തിയ്ക്കിടയിൽ നമുക്കവയുടെ അസ്പഷ്ടമായ ഒരു നിമിഷദർശനമേ കിട്ടുന്നുള്ളുവെന്നുമുണ്ട്. ചെളിക്കുളത്തിൽക്കിടന്നു തുടിച്ചിട്ടല്ല, നാവികനാവാൻ നാം അഭ്യസിക്കുന്നത്; മറിച്ചു് ചെളിക്കുളത്തിലെ അമിതമായ പരിശീലനം നാവികജോലിയ്ക്ക് നമ്മെ അയോഗ്യരാക്കിയെന്നും വരാം.
ഒക്റ്റോബർ 16
എന്റെ ഭാവി ഇന്നതായിരിക്കുമെന്നതിന്റെ കേവലമായ ഒരു രൂപരേഖ യുക്തിയും ആഗ്രഹവും എനിക്കു കാട്ടിത്തന്നിട്ടുണ്ടെന്നും, ഞാനിപ്പോൾ അവയുടെ തല്ലുകളും കൊളുത്തിവലിയ്ക്ക ലുകളും സഹിച്ചുകൊണ്ട് അതേ ഭാവിയിലേക്ക് ഓരോ പടിയായി അടുത്തുകൊണ്ടിരിക്കുക യാണെന്നുമാണോ വരുന്നത്?
ഇച്ഛ എന്ന ആ ചാട്ടവാർ പ്രയോഗിക്കാൻ നമുക്കനുവാദം നൽകപ്പെട്ടിരിക്കുന്നു, നമുക്കു മേൽ, നമ്മുടെ സ്വന്തം കൈകൊണ്ടുതന്നെ.
1917
ജൂലൈ 31
ഒരു ട്രെയിനിൽക്കയറി ഇരിക്കുക, ആ സംഗതി മറക്കുക, സ്വന്തം വീട്ടിലെന്നപോലെ ഭാവിക്കുക; പെട്ടെന്നു നിങ്ങൾക്കോർമ്മ വരിക നിങ്ങളെവിടെയാണെന്ന്, കുതിയ്ക്കുന്ന ട്രെയിനിന്റെ ഊറ്റമറിയുക, ഒരു യാത്രക്കാരനായി മാറുക, സഞ്ചിയിൽ നിന്നൊരു തൊപ്പിയെടുക്കുക, അൽപ്പം കൂടി ആത്മവിശ്വാസമുറ്റ സ്വാതന്ത്ര്യത്തോടെ, മനസ്സുറപ്പോടെ സഹയാത്രികരെ നേരിടുക, തന്റെ ഭാഗത്തു നിന്നുള്ള യാതൊരു യത്നവും കൂടാതെ തന്നെ ലക്ഷ്യസ്ഥാനത്തേക്കെത്തുവാൻ സ്വയം വിട്ടുകൊടുക്കുക, ഒരു കുട്ടിയെപ്പോലെ ആ സന്തോഷം നുകരുക, സ്ത്രീകൾക്കു ലാളിക്കാനൊരാളാവുക, ജനാലയുടെ തീരാത്ത വശീകരണത്തിനു വിധേയനാവുക, ഒരു കൈയെങ്കിലും മാറാതെ ജനാലപ്പടിയിൽ വച്ചുകൊണ്ടിരിക്കുക. ഇതേ സ്ഥിതി തന്നെ അൽപ്പം കൂടി കൃത്യമായി വിവരിക്കുമ്പോൾ: താൻ മറന്നുപോയെന്നതു മറക്കുക, ഒരു എക്സ്പ്രസ് ട്രെയിനിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരു കുട്ടിയായി ഒരു നിമിഷം കൊണ്ടു മാറുക, പ്രകമ്പനത്തോടെ പാഞ്ഞുപോകുന്ന ആ തീവണ്ടിമുറി നിങ്ങൾക്കു ചുറ്റുമായി അതിന്റെ എല്ലാ മോഹിപ്പിക്കുന്ന വിശദാംശങ്ങളോടെയും ഒരിന്ദ്രജാലക്കാരന്റെ കൈകളിൽ നിന്നെന്നപോലെ രൂപമെടുക്കുകയും ചെയ്യുന്നു.
ആഗസ്റ്റ് 2
നിങ്ങൾ തേടുന്നയാൾ സാധാരണഗതിയിൽ തൊട്ടടുത്ത വീട്ടിൽത്തന്നെ താമസിക്കുന്നുണ്ടാവും. അതെങ്ങനെയെന്നു വിശദീകരിക്കുക പ്രയാസമാണ്, അതാണു വസ്തുതയെന്ന് അംഗീകരിക്കുകയേ ഗതിയുള്ളു. അത്രയ്ക്കാഴത്തിലാണ് അതിന്റെ വേരുകളെന്നതിനാൽ നിങ്ങൾക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല, അതിനൊന്നു ശ്രമിച്ചുനോക്കാമെന്ന് നിങ്ങൾക്കൊരു വിചാരമുണ്ടെങ്കിൽക്കൂടി. താൻ അന്വേഷിക്കുന്ന ഈ അയൽക്കാരനെക്കുറിച്ച് നിങ്ങൾക്കു യാതൊന്നും അറിയില്ല എന്നതാണതിനു കാരണം. എന്നു പറഞ്ഞാൽ, നിങ്ങൾ അയാളെ അന്വേഷിക്കുകയാണെന്ന് നിങ്ങൾക്കറിയില്ല, അടുത്ത വീട്ടിലാണയാളുടെ താമസമെന്നും നിങ്ങൾക്കറിയില്ല(അടുത്ത വീട്ടിൽത്തന്നെയാണ് അയാളുടെ താമസമെന്ന് അപ്പോൾ ഉറപ്പിക്കുകയും ചെയ്യാം). സ്വന്തം അനുഭവത്തിലെ പൊതുവായ ഒരു വസ്തുതയാണിതെന്ന് നിങ്ങൾക്കറിയാമായിരിക്കും; ഈതരം അറിവു കൊണ്ട് കാര്യമൊന്നും ഇല്ലെന്നതാണ് നേര്, അതിനി അത്ര സ്പഷ്ടമായി നിങ്ങൾ മനസ്സിൽ കൊണ്ടുനടന്നാൽപ്പോലും. ഒരുദാഹരണം പറയാം-
ദൈവം പ്രത്യക്ഷപ്പെടുന്നതിനു മുമ്പായി *പാസ്കൽ സകലതും വെടിപ്പായി ഒരുക്കിവയ്ക്കുന്നു; പക്ഷേ സുന്ദരമായ കത്തികൾ കൊണ്ട് ഒരു കശാപ്പുകാരന്റെ ശാന്തതയോടെ സ്വയം കൊത്തിനുറുക്കുന്ന ഒരു മനുഷ്യന്റേതിനെക്കാൾ ആഴത്തിലുള്ളതും സ്വസ്ഥത കെട്ടതുമായ ഒരു സന്ദേഹമാണാവശ്യം. എവിടുന്നു കിട്ടി ഈ ശാന്തത? കത്തികളെടുത്തു പെരുമാറാനുള്ള ഈ ആത്മവിശ്വാസം? നാടകവേദിയിലേക്കു ചരടു കെട്ടി വലിച്ചു കൊണ്ടുവരേണ്ട ഒരു തേരാണോ (ജോലിക്കാരുടെ കഷ്ടപ്പാടുകൾ ഞാൻ മറക്കുന്നില്ല) ദൈവം?
*Blaise Pascal(1623-1662)- ഫ്രഞ്ച് ഗണിതജ്ഞന്‍
ആഗസ്റ്റ് 3
ലോകത്തിനു മുന്നിൽ ഇന്നും ഞാൻ ആവുന്നത്ര ഒച്ചയിൽ വിളിച്ചുകൂവി. അവരെന്റെ വായിൽ തുണി കുത്തിക്കേറ്റുകയും കൈയും കാലും കെട്ടിയിടുകയും കണ്ണു മൂടിക്കെട്ടുകയും ചെയ്തു. അവരെന്നെ പലതവണ അങ്ങോട്ടുമിങ്ങോട്ടും തട്ടിയുരുട്ടി, നേരേ പിടിച്ചുനിർത്തിയിട്ട് തട്ടിത്താഴെയിട്ടു, അതും പലതവണ, വേദന കൊണ്ട് ഞാൻ പുളയാൻ വേണ്ടി അവരെന്റെ കാൽമുട്ടുകളിൽ ഇടിച്ചു; ഒരു നിമിഷത്തേക്ക് അവരെന്നെ ഒന്നും ചെയ്യാതെ താഴെയിട്ടു, എന്നിട്ടു പിന്നെ ഓർത്തിരിക്കാതെ കൂർത്ത എന്തോ കൊണ്ട് തലങ്ങും വിലങ്ങും എന്നെ കുത്തി.
സെപ്റ്റംബർ 13
പുതിയൊരു തുടക്കം കുറിക്കാൻ, ഇനിയഥവാ അങ്ങനെയൊന്നു സാധ്യമാണെങ്കിൽ, നിങ്ങൾക്ക് അവസരം കിട്ടിയിരിക്കുന്നു. അതു വേണ്ടെന്നു വയ്ക്കരുത്. തന്നിലേക്കുതന്നെ ആഴത്തിൽ കുഴിച്ചിറങ്ങണമെന്നു നിർബ്ബന്ധമാണെങ്കിൽ പൊന്തിവരുന്ന കുഴഞ്ഞ ചെളി ഒഴിവാക്കാനും നിങ്ങൾക്കു പറ്റില്ല. പക്ഷേ അതിൽ ചെന്നുകിടന്നുരുളരുത്. നിങ്ങളുടെ ശ്വാസകോശത്തിലെ അണുബാധ നിങ്ങൾ പറയുന്ന പോലെ ഒരു പ്രതീകമാണെന്നു വയ്ക്കുക; അതിന്റെ വീക്കത്തിന് എഫ് എന്നാണു പേരെന്നും അതിന്റെ ആഴം അതിന്റെ സാധൂകരണമാണെന്നും വയ്ക്കുക; അങ്ങനെയെങ്കിൽ വൈദ്യോപദേശവും(വെളിച്ചം, വായു,സൂര്യൻ,വിശ്രമം) ഒരു പ്രതീകമത്രെ. ആ പ്രതീകത്തെ കൈവശപ്പെടുത്തുക.
സെപ്റ്റംബർ 19
ദുർബലവും മനസ്സുറപ്പില്ലാത്തതും ഫലം കെട്ടതുമായ ഒരു ജീവി-ഒരു ടെലഗ്രാം അതിനെ തട്ടിയിടുന്നു, ഒരു കത്ത് അതിനെ നേരേ പിടിച്ചുനിർത്തുന്നു, അതിനു വീണ്ടും ജീവൻ കൊടുക്കുന്നു, കത്തിനെ തുടർന്നുള്ള നിശ്ശബ്ദതയാവട്ടെ, അതിനെ ജാഡ്യത്തിലേക്കു വീഴ്ത്തുകയും ചെയ്യുന്നു.
എനിക്കിതുവരെ മനസ്സിലാകാത്ത കാര്യമാണ്, യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ അവയെ വിഷയമാക്കി എഴുതാൻ മിക്കവാറുമെല്ലാ എഴുത്തുകാർക്കും എങ്ങനെ കഴിയുന്നു? ഉദാഹരണത്തിന്, എന്റെ അസന്തുഷ്ടിയുടെ മധ്യത്തു നിന്നുകൊണ്ട്, അസന്തുഷ്ടി കാരണം എന്റെ തല ആ സമയവും പെരുത്തിരിക്കാനാണ് സാധ്യത, ഒരാൾക്കു ഞാനെഴുതുകയാണ്: ഞാൻ അസന്തുഷ്ടനാണ്. അതെ, എനിക്കു വേണമെങ്കിൽ അതിനുമപ്പുറവും പോകാം; എന്റെ കഴിവിനു സാധ്യമായ അലങ്കാരപ്രയോഗങ്ങൾ കൊണ്ട്, അവയ്ക്കെന്റെ അസന്തുഷ്ടിയുമായി ഒരു ബന്ധവുമുണ്ടാകണമെന്നുമില്ല, എന്റെ പ്രമേയത്തെ കൊഴുപ്പിക്കാം. അതൊരസത്യമല്ല, അതെന്റെ വേദന ശമിപ്പിക്കുന്നുമില്ല, യാതന എന്റെ ആത്മാവിനെ അടിയോളം കരണ്ടുതീർത്തൊരു നേരത്ത്, എന്റെ സകലശക്തിയും തിന്നുതീർത്ത നേരത്ത് മിച്ചം വന്ന അൽപ്പമൊരു ശക്തിയാണത്. എന്തു മാതിരി ശക്തിയാണതു പക്ഷേ?
ശാന്തിയുടെ കാലത്ത് നിങ്ങൾ എവിടെയുമെത്തുന്നില്ല, യുദ്ധകാലത്ത് നിങ്ങൾ ചോര വാർന്നു മരിക്കുകയും ചെയ്യുന്നു.
സെപറ്റംബർ 25
കാട്ടിലേക്കു പോകുന്ന വഴി. സ്വന്തമാക്കാതെ തന്നെ നിങ്ങൾ സകലതും നശിപ്പിച്ചുകഴിഞ്ഞു. ഇനിയെങ്ങനെയാണ് നിങ്ങൾ അവയൊന്നു ശരിപ്പെടുത്തിയെടുക്കുക? സകല ഉദ്യമങ്ങളിലും വച്ചു വലുതായ അതു നിറവേറ്റാൻ ഈ അലഞ്ഞ ആത്മാവിനു ശക്തി ശേഷിച്ചിട്ടുണ്ടോ?
നാട്ടുമ്പുറത്തെ ഡോക്ടർ പോലെയുള്ള രചനകളിൽ നിന്ന് ഒരുവിധമുള്ള സംതൃപ്തി ഇപ്പോഴും കിട്ടാം, അങ്ങനെയുള്ളവ എഴുതാൻ എനിക്കിന്നും കഴിയുമെങ്കിൽ മാത്രം(അതിനു സാധ്യതയുമില്ല). പക്ഷേ ലോകത്തെ ശുദ്ധവും സത്യവും അവിനാശവുമായതിലേക്കുയർത്താൻ എനിക്കു കഴിഞ്ഞാലേ സന്തോഷമാകൂ.
ഒക്റ്റോബർ 21
മിക്ക നായ്ക്കളും ആവശ്യമില്ലാതെ കിടന്നു കുരയ്ക്കും, ദൂരേകൂടി ഒരാൾ വെറുതേ നടന്നുപോ യാൽക്കൂടി; പക്ഷേ ചില നായ്ക്കളുണ്ട്, കേമന്മാരായ കാവൽനായ്ക്കളാവണമെന്നില്ലെ ങ്കിൽക്കൂടി ചിന്താശേഷിയുള്ളവ, അവർ പരിചയമില്ലാത്തവരുടെ അടുത്തേക്ക് പതുക്കെ നടന്നു ചെല്ലും, മണത്തുനോക്കും, സംശയിക്കേണ്ടതെന്തെങ്കിലും മണത്താൽ മാത്രം കുരയ്ക്കുകയും ചെയ്യും.
നവംബർ 10
എഴുതേണ്ട എഴുത്ത് ഇനിയും ഞാൻ എഴുതിയിട്ടില്ല. ഇപ്പോഴും രണ്ടു ദിശകളിലേക്കാണ് എന്റെ പോക്ക്. എന്നെ കാത്തിരിക്കുന്ന ജോലി അതിഭീമവും.
1920
ജനുവരി 9
അന്ധവിശ്വാസവും ആദർശവും ജീവിതത്തെ സാധ്യമാക്കുന്ന വസ്തുതയും: പാപങ്ങളുടെ സ്വർഗ്ഗം വഴി നന്മകളുടെ നരകം പ്രാപിക്കുക. അത്ര അനായാസമായി? അത്ര വൃത്തികെട്ട രിതിയിൽ? അത്ര അവിശ്വസനീയമായി? അന്ധവിശ്വാസം എളുപ്പമാണ്.
അയാളുടെ തലയ്ക്കു പിന്നിൽ നിന്ന് ഒരു കഷണം ചെത്തിമാറ്റിയിരുന്നു. സുര്യനും, പിന്നാലെ സകലലോകവും വന്നെത്തിനോക്കി. അയാളുടെ മനസ്സമാധാനം പോവുകയാണ്, അയാൾക്കു തന്റെ ജോലിയിൽ ശ്രദ്ധ നിൽക്കാതാവുകയാണ്, അതിനേക്കാളുപരി താനൊരാൾക്കു മാത്രം ആ കാഴ്ച വിലക്കപ്പെട്ടിരിക്കുന്നുവെന്നത് അയാൾക്കു നീരസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
തന്റെ ആത്യന്തികമോചനത്തെക്കുറിച്ച് ഒരാൾക്കുണ്ടായ വെളിപാടിനെ ഖണ്ഡിക്കുന്ന തെളിവല്ല, അടുത്ത ദിവസവും അയാളുടെ ബന്ധനം മാറ്റമില്ലാതെ തുടർന്നുപോകുന്നുവെന്നത്, ഇനിയതു കൂടുതൽ കർശനമാക്കിയെന്നത്, അതുമല്ല അതൊരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന് വെളിവായി പ്രഖ്യാപിക്കപ്പെടുന്നതു പോലും. ഒരാത്യന്തികമോചനത്തിന് അവശ്യം ആവശ്യമായ പ്രാരംഭനടപടികളായിരിക്കാം അതൊക്കെ.
ഫെബ്രുവരി 15
കാസിനെല്ലീസിന്റെ ചില്ലലമാരകൾക്കു മുന്നിൽ ചുറ്റിപ്പറ്റിനില്ക്കുകയായിരുന്നു രണ്ടു കുട്ടികൾ; ആറു വയസ്സുള്ള ഒരാൺകുട്ടിയും ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയും; വിലകൂടിയ വേഷമാണ് ഇരുവർക്കും. ദൈവത്തെയും പാപത്തെയും കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഞാൻ അവരുടെ പിന്നിൽ ചെന്നുനിന്നു. പെൺകുട്ടിയുടെ അഭിപ്രായത്തിൽ, അവൾ കത്തോലിക്കാവിശ്വാസിയാകാം, ദൈവത്തെ കബളിപ്പിക്കലാണ് ശരിക്കുള്ള പാപം. കുട്ടികൾക്കു സഹജമായ വാശിയോടെ ആൺകുട്ടിയ്ക്കപ്പോളറിയണം, അവൻ പ്രൊട്ടസ്റ്റന്റുകാരനായിരിക്കാം, മനുഷ്യരെ കബളിപ്പിക്കുന്നതോ മോഷ്ടിക്കുന്നതോ പിന്നെയെന്താണെന്ന്. ‘അതും വലിയ പാപം തന്നെ,’ പെൺകുട്ടി പറഞ്ഞു, ‘അതുപക്ഷേ ഏറ്റവും വലിയ പാപമല്ല, ദൈവത്തിനെതിരെ ചെയ്യുന്ന പാപമാണ് ഏറ്റവും വലുത്. മനുഷ്യനെതിരെ ചെയ്യുന്ന പാപത്തിനു കുമ്പസാരമുണ്ടല്ലോ. ഞാൻ കുമ്പസാരിക്കുമ്പോൾ എനിക്കു തൊട്ടുപിന്നിൽ ഒരു മാലാഖ നില്ക്കുന്നുണ്ടാവും; പക്ഷേ ഞാൻ പാപം ചെയ്യുമ്പോൾ പിശാച് പിന്നിൽ വന്നു നില്ക്കും, നാമതു കാണുന്നില്ലെന്നേയുള്ളു.’ എന്നിട്ട് ആ കപടഗൗരവം മതിയാക്കി അവൾ തമാശയായി ഉപ്പൂറ്റിയൂന്നി ഒന്നു തിരിഞ്ഞു കൊണ്ടു പറഞ്ഞു: ‘നോക്കൂ, എന്റെ പിന്നിൽ ആരുമില്ല.’ ആൺകുട്ടിയും ഒന്നു വട്ടം തിരിഞ്ഞു; അവൻ എന്നെ കാണുകയും ചെയ്തു. ‘നോക്കൂ,’ താൻ പറയുന്നത് എന്റെ ചെവിയിൽ വീഴാതെവരില്ല എന്നതൊന്നും ശ്രദ്ധിക്കാതെ, ഇനിയഥവാ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെയുമാവാം, അവൻ പറഞ്ഞു, ‘എന്റെ പിന്നിൽ നില്പ്പുണ്ടല്ലോ പിശാച്.’ ‘അതു ഞാനും കണ്ടു,’ പെൺകുട്ടി പറഞ്ഞു, ‘പക്ഷേ ഞാനുദ്ദേശിച്ച പിശാചു വേറെയാണ്.’
1921
ഒക്റ്റോബർ 15
ഒരോർമ്മയ്ക്കു ജീവൻ വച്ചതാണു ഞാൻ, എനിക്കുറക്കമില്ലാത്തതും അതുകൊണ്ടു തന്നെ.
ഒക്റ്റോബർ 16
ഞായറാഴ്ച. എന്നും പുതുതായി തുടങ്ങേണ്ടി വരുന്നതിന്റെ മനഃക്ലേശം; തുടക്കത്തിനേക്കാൾ കൂടുതലില്ല, അത്രതന്നെയില്ല, യാതൊന്നും എന്ന തിരിച്ചറിവ്; ഇതറിയാതെ പന്തുകളിക്കാൻ പോകുന്നവരുടെ,പന്തൊന്നു തട്ടി മുന്നോട്ടാക്കാമല്ലോയെന്ന വിചാരക്കാരുടെ ബുദ്ധിമോശം; സ്വന്തം ബുദ്ധിമോശം തന്‍റെ തന്നെ ഉള്ളിൽ ഒരു ശവപ്പെട്ടിയിലെന്ന പോലെ മൂടിക്കിടക്കൽ; കൊണ്ടുപോകാവുന്ന, തുറക്കാവുന്ന, നശിപ്പിക്കാവുന്ന, കൈമാറ്റം ചെയ്യാവുന്ന ഒരു ശവപ്പെട്ടി.
പാർക്കിൽ ചെറുപ്പക്കാരികൾക്കിടയിൽ. ഒരസൂയയുമില്ല. അവരുടെ സന്തോഷത്തിൽ പങ്കു ചേരാനും വേണ്ടിയുള്ള ഭാവനാശേഷിയുണ്ട്; അത്രയും സന്തോഷം അനുഭവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ട്; തന്റെയും അവരുടെയും അവസ്ഥകൾ അടിയോളം പോയിക്കാണുന്നുവെന്നു വിചാരിക്കുന്നതിൽ ബുദ്ധിശൂന്യതയുമുണ്ട്. ബുദ്ധിശൂന്യതയെന്നല്ല; ഇവിടെ ചെറിയൊരു വിടവു വരുന്നു, അതിലൂടെ കാറ്റു ചൂളം വിളിച്ചുകേറുകയും ഒക്കെ നശിപ്പിക്കുകയും ചെയ്യുന്നു.
ഒരത്‌ലറ്റാകാൻ ഞാൻ ആശിക്കുന്നുവെന്നിരിക്കട്ടെ, സ്വർഗ്ഗത്തിലേക്കെന്നെ പ്രവേശിപ്പിക്കണമെന്നും ഇവിടത്തെപ്പോലെത്തന്നെ അവിടെയും നിരാശയിൽ മുങ്ങിക്കഴിയാൻ അനുവദിക്കണമെന്നും ആശിക്കുന്നതു പോലെയായിരിക്കും അത്.
എന്റെ ശരീരപ്രകൃതം എത്ര ശോചനീയമായിക്കോട്ടെ, ലോകത്തിലേക്കും വച്ചേറ്റവും ശോചനീയമായിക്കോട്ടെ(എന്റെ ഓജസ്സിലായ്മ വച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും) അതുവച്ചു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യണം(ഞാൻ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ); ഇങ്ങനെയൊരു ശരീരപ്രകൃതി വച്ചു ചെയ്യാവുന്നതായി ഒന്നേയുള്ളുവെന്നും അതാവാം അതിനേറ്റവും ഭംഗിയായി ചെയ്യാവുന്നതെന്നും, നൈരാശ്യം കൊള്ളലാണ് ആ ഒന്നെന്നും വാദിക്കുക പൊള്ളയായ കുതർക്കം മാത്രമാണ്.
ഒക്റ്റോബർ 17
പ്രയോജനമുള്ള യാതൊന്നും ഞാൻ പഠിച്ചില്ല എന്നതിനും സ്വന്തം ശരീരം ഇങ്ങനെ കൊണ്ടുപോയി തുലയ്ക്കാൻ വിട്ടതിനും പിന്നിൽ-രണ്ടും തമ്മിൽ ബന്ധപ്പെട്ടിരിക്കുകയുമാണ്- ഒരു ലക്ഷ്യം ഒളിച്ചിരിപ്പുണ്ടാവാം; മനസ്സു വ്യതിചലിച്ചുപോകാൻ, പ്രയോജനമുള്ള, ആരോഗ്യമുള്ള ഒരു മനുഷ്യന് ജീവിതം നൽകുന്ന ആനന്ദങ്ങൾ കൊണ്ട് മനസ്സു വ്യതിചലിച്ചുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഈ രോഗവും നൈരാശ്യവും ചെയ്യുന്നതും അതുതന്നെയല്ലേ!
ഈ ആലോചന കൊണ്ടുപോയി അവസാനിപ്പിക്കാനും എന്നെ സംബന്ധിച്ചു സന്തോഷകരമായ ഒരു നിഗമനത്തിലെത്താനും വഴികൾ പലതുണ്ട്; അതിനു പക്ഷേ ധൈര്യം വരുന്നില്ല; സന്തോഷകരമായ ഒരു പരിഹാരം ഉണ്ടെന്ന് എനിക്കു വിശ്വാസമില്ല-ഇന്നെങ്കിലും, അതേപോലെ മിക്കസമയത്തും.
വിവാഹിതരായ ചിലരോടല്ല എന്റെ അസൂയ, വിവാഹിതരായ എല്ലാവരോടും ഒരുമിച്ചാണ് എന്റെ അസൂയ; വിവാഹിതരായ രണ്ടുപേരോടു മാത്രം അസൂയ തോന്നുമ്പോൾത്തന്നെ അനന്തവൈവിധ്യങ്ങൾ ചേർന്ന വൈവാഹികജീവിതത്തിനോടു പൊതുവെയാണ് എന്റെ അസൂയ- ഒരു വൈവാഹികജീവിതത്തിൽ കാണുന്ന ആനന്ദം തന്നെ എന്നെ നൈരാശ്യത്തിൽ ആഴ്ത്തിക്കളഞ്ഞേക്കും.
എന്റേതിനു സമാനമായ ആന്തരദുരവസ്ഥയുള്ള മറ്റൊരാളുള്ളതായി എനിക്കു വിശ്വാസമില്ല; അങ്ങനെയുള്ളവരെ സങ്കൽപ്പിക്കാൻ എനിക്കു കഴിഞ്ഞെന്നിരിക്കും-പക്ഷേ നിഗൂഢനായ ഒരു കാക്ക എന്റെ തലയ്ക്കു മേലെന്നപോലെ അവരുടെ തലയ്ക്കു മുകളിലും സദാസമയം വട്ടം ചുറ്റിക്കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക അസാധ്യം.
ഈ ആയുസ്സിന്നിടയ്ക്ക് ചിട്ടയായി ഞാൻ സ്വയം നശിപ്പിച്ചതോർക്കുമ്പോൾ വിസ്മയം തോന്നിപ്പോവുന്നു; ഒരണക്കെട്ടിലെ വിള്ളൽ വലുതായി വരുന്നതു പോലെയായിരുന്നു അത്, ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവൃത്തി. അതു വരുത്തിവച്ച സത്വം തന്റെ വിജയം ആഘോഷിക്കുകയാവണം; അതിലൊന്നു പങ്കു ചേരാൻ അതെന്നെ എന്തു കൊണ്ടനുവദിക്കുന്നില്ല? അതു തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞിട്ടില്ലായിരിക്കാം, അതുകാരണം മറ്റൊന്നും അതിന്റെ ചിന്തയിൽ വരുന്നില്ലെന്നുമാകാം.
ഒക്റ്റോബർ 18
നിത്യബാല്യം. ജീവിതം വീണ്ടും വിളിക്കുന്നു.
ജീവിതത്തിന്റെ ഔജ്ജ്വല്യം അതിന്റെ സമഗ്രതയിൽ നമ്മെക്കാത്തു കിടക്കുകയാണെന്നു സങ്കൽപ്പിക്കാവുന്നതേയുള്ളു, പക്ഷേ കാഴ്ചയിൽ വരാതെ, അങ്ങടിയിൽ, അദൃശ്യമായി, അകലെയായി. അതവിടെയുണ്ട്, അതിനു നിങ്ങളോടു വിരോധമില്ല, വരാൻ അതിനു വിസമ്മതമില്ല, അതു കാതുകൾ തുറന്നു വച്ചിരിക്കുകയുമാണ്. നിങ്ങളതിനെ ശരിയായ വാക്കുപയോഗിച്ചു വിളിച്ചാൽ, ശരിക്കുള്ള പേരുപയോഗിച്ചു വിളിച്ചാൽ അതു വരും. അതാണ് മന്ത്രവാദത്തിന്റെ അന്തസ്സത്ത; സൃഷ്ടിക്കുകയല്ല, വിളിച്ചുവരുത്തുകയാണതു ചെയ്യുന്നത്.
ഒക്റ്റോബർ 19
മരുഭൂമിയിലെ പലായനത്തിന്റെ അന്തസ്സത്ത. എന്താണു സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു നുറുങ്ങു ബോധം മാത്രമുള്ള( അതിലധികം അചിന്ത്യമാണ്) ഒരു മനുഷ്യൻ തന്റെ ജനതയെ ഈ വഴിയിലൂടെ നയിച്ചുകൊണ്ടുപോവുകയാണ്. തന്റെ ആയുസ്സു മൊത്തം കാനാനിലേക്കുള്ള പാതയിലാണയാൾ; മരണത്തിന്റെ വക്കത്തെത്തുമ്പോഴേ അയാൾ ആ ദേശം കാണൂ എന്നത് അവിശ്വസനീയമാണ്. മനുഷ്യജീവിതമെന്നത് എത്ര അപൂർണ്ണമാണെന്ന്, ഇതുപോലൊരു ജീവിതം അമരത്വം പൂകാമെങ്കിലും അതേസമയം തന്നെ വെറുമൊരു നിമിഷം മാത്രമാകാമെന്നും കാണിച്ചുകൊടുക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മരണത്തിലെ ഈ ദർശനം എന്നു പറയേണ്ടിയിരിക്കുന്നു. മോശയ്ക്ക് കാനാൻദേശത്തു കടക്കാൻ കഴിയാതെ പോയത് തന്റെ ജീവിതം അത്ര ഹ്രസ്വമായതു കൊണ്ടല്ല, അതു മനുഷ്യജീവിതമായതു കൊണ്ടാണ്. പെന്റാറ്റ്യൂക്കിന്റെ ഈ അന്ത്യം *പ്രണയപാഠത്തിന്റെ അവസാനരംഗത്തോട് സാദൃശ്യം വഹിക്കുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്റെ ജീവിതവുമായി പൊരുത്തപ്പെടാനാവാത്ത ഒരാൾക്ക് തന്റെ വിധിയെ ഓർത്തുള്ള നൈരാശ്യത്തെ അൽപ്പമൊന്നു തള്ളിമാറ്റാൻ -അതിലയാൾ വിജയിക്കുന്നുമില്ല- ഒരു കൈ വേണം; അതേസമയം മറ്റേ കൈ കൊണ്ട് നാശാവശിഷ്ടങ്ങൾക്കിടയിൽ തന്റെ കണ്ണിൽപ്പെടുന്നതിനെ രേഖപ്പെടുത്താനും അയാൾക്കു കഴിയും; എന്തെന്നാൽ മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായ (അധികവുമായ)കാര്യങ്ങൾ അയാൾ കാണുന്നുണ്ടല്ലോ. എന്തൊക്കെയായാലും ജീവിതകാലത്തു തന്നെ മരിച്ചയാളായ സ്ഥിതിയ്ക്ക് അയാളാണ് യഥാർത്ഥത്തിൽ അതിജീവിക്കുന്നതും. നൈരാശ്യവുമായുള്ള സമരത്തിൽ അയാൾക്കു തന്റെ ഇരുകൈകളും, അല്ലെങ്കിൽ ഇപ്പോഴുള്ളതിലധികം, വേണ്ടിവരില്ല എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലേ ഇതുതന്നെ പറയാനും പറ്റൂ.
* Education Sentimentale ഫ്ലാബേറിന്റെ നോവൽ
ഒക്റ്റോബർ 21
വീട്ടിനുള്ളിലേക്കു കടക്കാൻ അയാൾക്കു പറ്റില്ല, കാരണം ഒരു ശബ്ദം തന്നോടിങ്ങനെ വിളിച്ചുപറഞ്ഞത് അയാൾ കേട്ടിരിക്കുന്നു:'ഞാൻ നിന്നെ ഉള്ളിലേക്കു കൊണ്ടുപോകുന്നതു വരെ കാത്തുനിൽക്കൂ!' അങ്ങനെ അയാൾ വീടിനു മുന്നിലെ പൊടിമണ്ണിൽ കാത്തുകിടന്നു, പ്രതീക്ഷയ്ക്കു വകയില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും.
എല്ലാം സാങ്കൽപ്പികം-കുടുംബം, ജോലി,സുഹൃത്തുക്കൾ, തെരുവ്,സർവ്വതും സാങ്കൽപ്പികം, അകലെയോ അത്രയടുത്തോ ഉള്ള സ്ത്രീകൾ; നിങ്ങൾക്കേറ്റവും സമീപസ്ഥമായ സത്യം ഇതു മാത്രമാണ്, ജനാലയില്ലാത്തതും വാതിലില്ലാത്തതുമായ ഒരു തടവറയുടെ ചുമരിൽ സ്വന്തം തല കൊണ്ടിടിക്കുകയാണു നിങ്ങൾ.
ഒക്റ്റോബർ 22
തന്റെ മേഖലയിൽ നിഷ്ണാതനായ ഒരാൾ, ഒരഭിജ്ഞൻ, ഒരു വിദഗ്ധൻ; പകർന്നു കൊടുക്കാനാവാത്തതാണ് അയാളുടെ അറിവ്; ഭാഗ്യത്തിനു പക്ഷേ, അതിനാവശ്യക്കാരുമില്ല.
ഒക്റ്റോബർ 25
എന്റെ അച്ഛനും അമ്മയും ചീട്ടുകളിക്കുകയാണ്. തീർത്തും അപരിചിതനായി ഞാൻ മാറിയിരിക്കുന്നു; ഒരു കൈ എടുക്കാൻ, ഒന്നുമില്ലെങ്കിൽ വെറുതേ നോക്കിയിരിക്കാൻ അച്ഛൻ പറയുന്നു; ഞാൻ എന്തോ ഒന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. എന്റെ ബാല്യം മുതൽ പലപ്പോഴായി തുടർന്നുപോന്ന ഈ തിരസ്കാരങ്ങൾക്കെന്താണർത്ഥം? സാമൂഹ്യജീവിതത്തിൽ, ഒരു പരിധി വരെ പൊതുജീവിതത്തിലും, പങ്കു കൊള്ളാനുള്ള ക്ഷണങ്ങളെ എനിക്കു സ്വീകരിക്കാവുന്നതേയുണ്ടായിരുന്നുള്ളു. എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതൊക്കെ എനിക്കു ചെയ്യാമായിരുന്നു, നന്നായിട്ടല്ലെങ്കിൽ തരക്കേടില്ലാതെയെങ്കിലും. ചീട്ടുകളി പോലും എന്നെ അത്രയങ്ങു ബോറടിപ്പിക്കാൻ സാധ്യതയില്ല- എന്നിട്ടും ഞാൻ നിരസിച്ചു. ഇതു വച്ചു നോക്കുമ്പോൾ, ഞാൻ ഒരിക്കലും ജീവിതധാരയിൽ പെട്ടിട്ടില്ലെന്ന്, എനിക്കിതേവരെ പ്രാഗിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാനായിട്ടില്ലെന്ന്, ഒരു കളിയോ തൊഴിലോ പഠിക്കാൻ തന്നെ അനുവദിച്ചിട്ടില്ലെന്നു പരാതി പറയുന്നത് തെറ്റാണ്-സകല ക്ഷണങ്ങളും ഞാൻ നിരസിച്ചിട്ടുണ്ടാവണം, ചീട്ടു കളിക്കാനുള്ള ഈ ക്ഷണം പോലെ തന്നെ. അസംബന്ധങ്ങൾക്കു കവരാനായി ഞാനെന്റെ ശ്രദ്ധയെ വിട്ടുകൊടുത്തു, നിയമപഠനം, ഓഫീസ്ജോലി, പിന്നീട് അൽപം തോട്ടപ്പണിയും മരപ്പണിയും അങ്ങനെ ചില അർത്ഥമില്ലാത്ത അധികജോലികൾ; ഈ രണ്ടാമതു പറഞ്ഞ ജോലികളെ കാണേണ്ടത് ധർമ്മം ചോദിച്ചുവന്ന ഒരു ഭിക്ഷക്കാരനെ അടിച്ചോടിക്കുകയും പിന്നെ തന്റെ വലതു കൈ കൊണ്ട് ഇടതു കൈയ്ക്കു ധർമ്മം കൊടുത്ത് ദാനശീലൻ ചമയുകയും ചെയ്യുന്ന ഒരാളിന്റെ പ്രവൃത്തികളായിട്ടാണ്.
ഞാനെന്നും വേണ്ടെന്നുവച്ചു നിന്നു; പൊതുവേയുള്ള ക്ഷീണം കൊണ്ടാകാം, പ്രത്യേകിച്ചും ഇച്ഛാശക്തിയില്ലാഞ്ഞിട്ടുമാവാം-ഇത്രയും ബോധ്യമാകുമ്പോൾത്തന്നെ കാലമേറെക്കഴി ഞ്ഞിരിക്കുന്നു. ഈ തിരസ്കാരം നല്ലൊരു ലക്ഷണമായി ഞാൻ എടുത്തിരുന്നു (ഞാൻ വച്ചു താലോലിച്ചിരുന്ന അവ്യക്തമായ വൻപ്രതീക്ഷകൾ കാരണമായി); ഇന്നു പക്ഷേ ബാക്കിയുള്ളത് ഉദാരമായ ആ വ്യാഖ്യാനത്തിന്റെ ഒരവശിഷ്ടം മാത്രം.
ഒക്റ്റോബർ 30
തീർത്തും നിസ്സഹായമായ ഒരവസ്ഥ.
മറ്റൊന്നിനോടുമില്ലാത്ത മാതിരി, ഉദാഹരണത്തിന് നിങ്ങളുടെ കൈയിലെ ഈ പേനയോടില്ലാത്ത മാതിരി ഉള്ളുതുറക്കാത്ത, സംസാരിക്കുന്ന, കണ്ണുചിമ്മുന്ന ഈ ദേഹങ്ങളോട് നിങ്ങളെ അത്രയ്ക്കങ്ങു കെട്ടിയിടുന്നതേതൊന്നാണ്? നിങ്ങളും അതേ ജീവിവർഗ്ഗത്തിൽപ്പെട്ടതാണെന്നതാണോ കാരണം? പക്ഷേ നിങ്ങൾ അതേ വർഗ്ഗത്തിൽപ്പെടുന്നയാളല്ല, അതുകൊണ്ടാണല്ലോ നിങ്ങൾ ഈ ചോദ്യമുയർത്തിയതും.
നവംബർ 2
മങ്ങിയ പ്രതീക്ഷ, മങ്ങിയ ആത്മവിശ്വാസം.
അവസാനമില്ലാത്ത, വിരസമായ ഒരു ഞായറാഴ്ച സായാഹ്നം, വർഷങ്ങളെ അപ്പാടെ വിഴുങ്ങുന്ന ഒരു സായാഹ്നം, അതിന്റെ ഓരോ മണിക്കൂറും ഓരോ വർഷം. ഇടയ്ക്ക് മനസ്സു നീറ്റി ആളൊഴിഞ്ഞ തെരുവുകളിലൂടെ നടന്നു, ഇടയ്ക്ക് കട്ടിലിൽ ചെന്ന് അനങ്ങാതെ കിടന്നു. ഇടതടവില്ലാതെന്നപോലെ ഒഴുകിനീങ്ങുന്ന അർത്ഥശൂന്യമായ, കനം തൂങ്ങുന്ന മേഘങ്ങളെ നോക്കി ഇടയ്ക്കിടയ്ക്കു വിസ്മയപ്പെട്ടു. 'സുന്ദരമായൊരു തിങ്കളാഴ്ചയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണു നിങ്ങളെ!' നല്ലതു തന്നെ, പക്ഷേ ഞായറാഴ്ച അവസാനിക്കാൻ പോകുന്നില്ല.
നവംബർ 7
സ്വയം നിരീക്ഷിക്കുക എന്ന ഒഴിവാക്കാനാവാത്ത കടമ: മറ്റൊരാൾ എന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായി ഞാനും സ്വയം നിരീക്ഷിക്കുക തന്നെ വേണം; ആരും എന്നെ നിരീക്ഷിക്കാനില്ലെങ്കിൽ അത്രയ്ക്കു ഞാൻ സ്വയം നിരീക്ഷിക്കുകയും വേണം.
എന്നോടു പിണങ്ങുന്നവർ, എന്നോടടുപ്പം കുറഞ്ഞുവരുന്നവർ,അല്ലെങ്കിൽ എന്നെ ഒരു ശല്യമായി കാണുന്നവർ ഇവരൊക്കെ എത്ര അനായാസമായി എന്നെ കുടഞ്ഞുകളയുന്നുവെന്നു കാണുമ്പോൾ ഞാൻ അസൂയപ്പെട്ടുപോകുന്നു-എനിക്കതൊരു ജീവന്മരണപ്രശ്നമല്ലെങ്കിൽ; എഫിന് ഒരിക്കൽ എന്നെ കുടഞ്ഞുകളയാൻ വിഷമിക്കേണ്ടിവന്നു; അതൊരു ജീവന്മരണപ്രശ്നമായിട്ട് അന്നു തോന്നിയിരുന്നു; അന്നുപക്ഷേ ഞാൻ ചെറുപ്പമായിരുന്നു, ബലവാനായിരുന്നു, എന്റെ തൃഷ്ണകളും കടുത്തതായിരുന്നു.
ഡിസംബർ 6
ഒരു കത്തിൽ നിന്ന്:'വിരസമായ ഈ മഞ്ഞുകാലത്ത് ഞാൻ അതിന്റെ തന്നെ ചൂടു കായുന്നു.' എഴുതാൻ എനിക്കു മടി തോന്നുന്നതിനുള്ള പല കാരണങ്ങളിൽ ഒന്നാണ് രൂപകങ്ങൾ. എഴുത്തിന് ലോകവുമായുള്ള പാരതന്ത്ര്യം, തീ പൂട്ടുന്ന വേലക്കാരിയോടും അടുപ്പിനരികിൽ തീ കായുന്ന പൂച്ചയോടുമുള്ള ആശ്രിതത്വം; അടുപ്പിനടുത്തു ചൂടു പറ്റിയിരിക്കുന്ന പാവം മനുഷ്യജീവിയോടു പോലും പരാധീനമാണത്. ഇവയൊക്കെ സ്വന്തം നിയമങ്ങളാൽ നിർണ്ണീതമായ പ്രവൃത്തികളാണ്; എഴുത്തു മാത്രമാണു നിസ്സഹായം, അതിനു തനതായി ഒരു ജീവിതമില്ല, ഒരു ഫലിതമാണത്, ഒരു നൈരാശ്യവും.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന രണ്ടു കൊച്ചുകുട്ടികൾ ഒരു വലിയ പെട്ടിയ്ക്കുള്ളിൽ ചാടിക്കയറി; പെട്ടിയുടെ മൂടി വീണടഞ്ഞു, അതു തുറക്കാൻ പറ്റാതെ അവർ അതിനുള്ളിൽക്കിടന്നു ശ്വാസം മുട്ടി മരിച്ചു.
1922
ജനുവരി 19
തിന്മ എന്നൊന്നില്ല; വാതിൽ കടന്നുകഴിഞ്ഞാൽപ്പിന്നെ എല്ലാം നല്ലതത്രെ. പരലോകത്തെത്തിയാൽ പിന്നെ വായ തുറക്കരുത്.
ജനുവരി 20
മരണത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിൽ ശരിതെറ്റുകളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാവാത്ത പോലെയാണ്, ജീവിതത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിലും നിങ്ങൾക്കതിനു കഴിയാത്തത്. അമ്പുകൾ അവയുണ്ടാക്കുന്ന മുറിവുകളിൽ കൃത്യമായി കൊണ്ടിരിക്കണമെന്നേയുള്ളു.
ജനുവരി 21
എന്റെ അറിവിൽ പെട്ടിടത്തോളം ഇത്ര ദുഷ്കരമായ ഒരുദ്യമം മറ്റൊരാൾക്കും നൽകിയിട്ടില്ല. അതൊരുദ്യമമേ അല്ലെന്ന് നിങ്ങൾക്കു പറയാം, അസാധ്യമായതു പോലുമല്ല, അസാധ്യതയുമല്ല, ഒന്നുമല്ലത്, കുട്ടിയുണ്ടാകാനുള്ള വന്ധ്യയുടെ മോഹത്തോളം പോലുമില്ല. എന്നാൽക്കൂടി ഞാൻ ശ്വസിക്കുന്ന വായുവാണത്, എനിക്കു ശ്വാസമുള്ളിടത്തോളം കാലം.
പൂർവ്വികരില്ല, വിവാഹമില്ല, അനന്തരാവകാശികളില്ല; അടങ്ങാത്ത ദാഹമുണ്ടെന്നാൽ പൂർവ്വികർക്കായി, വിവാഹത്തിനായി, അനന്തരാവകാശികൾക്കായി. അവർ എനിക്കു നേരെ കൈ നീട്ടുകയാണ്: പുർവ്വികർ, വിവാഹം, അനന്തരാവകാശികൾ; പക്ഷേ എനിക്കെത്തി പ്പിടിക്കാൻ പറ്റാത്ത അകലത്തിലാണവർ.
കൃത്രിമവും നികൃഷ്ടവുമായ ഒരു പകരംവയ്ക്കൽ സകലതിനുമുണ്ട്, പൂർവ്വികർക്കും വിവാഹത്തിനും അനന്തരാവകാശികൾക്കും. പനിക്കോളു പിടിച്ച വ്യഗ്രതയോടെ നിങ്ങൾ ഈ പകരംവയ്ക്കലുകൾ തട്ടിക്കൂട്ടുന്നു; പനി നിങ്ങളെ നശിപ്പിച്ചിട്ടില്ലെങ്കിൽ, ആ പണിയ്ക്ക് അവ മതിയാവും.
ജനുവരി 24
വിവാഹം കഴിച്ചവർ എന്തു സന്തുഷ്ടരാണ് ഓഫീസിൽ, ചെറുപ്പക്കാരായാലും പ്രായമായവരായാലും. എനിക്കെത്തിപ്പിടിക്കാവുന്നതിനപ്പുറത്താണത്; ഇനിയഥവാ കൈയിൽ കിട്ടിയാലും എനിക്കതസഹ്യമായി തോന്നിയെന്നും വരാം; എങ്കിൽക്കൂടി എന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ ഞാൻ ഉപയോഗപ്പെടുത്തിയേക്കാവുന്നത് അതൊന്നു മാത്രമാണ്.
ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കൽ. ആത്മാക്കളുടെ കൂടുമാറ്റം എന്നൊന്നുണ്ടെങ്കിൽ ആദ്യത്തെ പടി പോലും എത്തിയിട്ടില്ല ഞാൻ. ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കലാണ് എന്റെ ജീവിതം.
സ്ഥൈര്യം. പ്രത്യേകിച്ചൊരു വഴിയിലൂടെയുള്ള വികാസമല്ല എനിക്കാവശ്യം, ലോകത്ത് എന്റെ സ്ഥാനം മറ്റൊന്നായി മാറണം. മറ്റൊരു ഗ്രഹത്തിലേക്കു പോകാനാണ് എനിക്കാഗ്രഹം എന്നാണ് അതിന്റെ ശരിക്കുള്ള അർത്ഥം. എനിക്കെന്നോടൊപ്പം മറ്റൊരാളായി നിന്നാൽ മതി, ഇനിയഥവാ, ഞാൻ നിൽക്കുന്ന സ്ഥാനം മറ്റൊരു സ്ഥാനമായി കാണാൻ എനിക്കു കഴിഞ്ഞാലും മതി.
നീ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതൊരനീതിയായേക്കും; ഞാൻ ഒഴിവാകുകയായിരുന്നു- അതാണു സത്യം, ഭീകരവുമാണത്.
ഫെബ്രുവരി 3
ഉറങ്ങാൻ കഴിയുന്നതേയില്ല. സ്വപ്നങ്ങൾ വന്നു വേട്ടയാടുകയാണ്. എന്റെ മേൽ, കടുപ്പമുള്ള ഏതോ വസ്തുവിന്മേൽ അവ കോറിയിടുകയാണെന്നു തോന്നുന്നു.
ഫെബ്രുവരി 18
എല്ലാം ഒന്നേയെന്നു തുടങ്ങേണ്ടിവരുന്ന ഒരു നാടകസംവിധായകൻ; അയാൾക്കു തന്റെ അഭിനേതാക്കളെയും ജനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു സന്ദർശകന് സംവിധായകനെ കാണാൻ അനുമതി കിട്ടുന്നില്ല; അദ്ദേഹം നാടകവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു ജോലിയിലാണ്. എന്താണത്? അദ്ദേഹം ഒരു ഭാവിനടന്റെ ഡയപ്പർ മാറ്റുകയാണ്.
മാർച്ച് 9
എവിടെയോ സഹായം എന്നെ കാത്തുകിടപ്പുണ്ട്, അവിടെയ്ക്കടിച്ചോടിയ്ക്കുകയാണെന്നെ.
മാർച്ച് 20
അത്താഴസമയത്ത് സംഭാഷണം കൊലപാതകികളെയും വധശിക്ഷകളെയും കുറിച്ച്. പ്രശാന്തമായി ശ്വാസമെടുക്കുന്ന നെഞ്ചിന് ഭീതിയറിയില്ല. ആസൂത്രണം ചെയ്ത കൊലപാതകവും നടപ്പിലാക്കിയ കൊലപാതകവും തമ്മിൽ എന്തു വ്യത്യാസമുണ്ടെന്നും അറിയില്ല.
ഏപ്രിൽ 4
എന്റെയുള്ളിലെ ആധിയിൽ നിന്ന് മുറ്റത്തു കാണുന്ന ഒരു രംഗത്തിലേക്കുള്ള വഴി എത്ര ദിർഘം-തിരിച്ചുള്ള വഴി എത്ര ഹ്രസ്വം. സ്വന്തം വീട്ടിലെത്തിച്ചേർന്ന സ്ഥിതിയ്ക്ക് അതിനി വിട്ടുപോരലുമില്ല.
ഏപ്രിൽ 11
നിത്യയൗവനം അസാധ്യമാണ്. മറ്റൊരു തടസ്സവുമില്ലെങ്കിൽ ആത്മപരിശോധന കൊണ്ടുതന്നെ അതസാധ്യമായിക്കോളും.
മേയ് 8
ഉണങ്ങാത്ത ഒരു വ്രണം മുറികൂടിയേക്കാമെന്നപോലെ ഒരു കൃതി അവസാനിക്കുന്നു.
മറ്റേയാൾ നിശ്ശബ്ദനെങ്കിൽ നിങ്ങളതിനെ ഒരു സംഭാഷണമെന്നു വിളിക്കുമോ? ഒരു സംഭാഷണം നടക്കുന്നുവെന്ന പ്രതീതി വരുത്താൻ വേണ്ടി നിങ്ങൾ അയാളുടെ ഭാഗവും എടുത്തുനോക്കുകയാണ്,അങ്ങനെ അയാളെ അനുകരിക്കുകയാണ്, അയാളെ വികൃതമായി അനുകരിക്കുകയാണ്, സ്വയം വികൃതമായി അനുകരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ