യവ്ജെനി അലെക്സാൻഡ്രോവിച്ച് യവ്തുഷെങ്കോ Yevgeny Aleksandrovich Yevtushenko1933 ജൂലൈ 18ന് സൈബീരിയയിലെ ബൈക്കാൾ തടാകത്തിനടുത്തുള്ള ഇർക്കുട്സ്ക്കിൽ ജിയോഗ്രഫിസ്റ്റായ അച്ഛന്റെയും ഗായികയായ അമ്മയുടെയും മകനായി ജനിച്ചു. വൈകാതെ അവർ തമ്മിൽ പിരിഞ്ഞതിനാൽ അമ്മയോടൊപ്പം മോസ്ക്കോവിലാണ് യവ്തുഷെങ്കോയുടെ ബാല്യവും പഠനവും കഴിഞ്ഞത്. കൗമാരത്തിൽ തന്നെ എഴുത്തു തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ അക്കാലത്തെ പ്രധാനപ്പെട്ട പത്രങ്ങളിലും സാഹിത്യമാസികകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർവാദം കൂടി ഉണ്ടായിരുന്നതിനാൽ ഗോർക്കി ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ടിലും സോവിയറ്റ് റൈറ്റേഴ്സ് യൂണിയനിലും അംഗത്വം കിട്ടുകയും ചെയ്തു. പക്ഷേ സ്റ്റാലിന്റെ മരണശേഷം യവ്തുഷെങ്കോയുടെ കവിതകൾ ഔദ്യോഗികധാരയായ സോവിയറ്റ് റിയലിസത്തിനെതിരായ പ്രവണതകൾ പ്രകടിപ്പിച്ചുതുടങ്ങി. മർദ്ദകയന്ത്രമാവുന്ന സ്റ്റേറ്റിനെക്കുറിച്ചുള്ള ഭീതികൾക്കുമൊപ്പം വ്യക്തിജീവിതവും അതിന്റെ ഉത്തരവാദിത്തങ്ങളും കവിതയിൽ വിഷയമായി. 1956ൽ പ്രസിദ്ധീകരിച്ച ‘സീമ ജങ്ക്ഷൻ’ എന്ന ദീർഘകവിത തന്റെ ബാല്യത്തിനു പശ്ചാത്തലമായ സൈബീരിയൻ ഗ്രാമത്തെക്കുറിച്ചുള്ളതാണ്. അമ്പതുകളുടെ അവസാനമാവുമ്പോഴേക്കും അദ്ദേഹം ഏഴു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ക്യൂബ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ സാഹിത്യവൃത്തങ്ങളിൽ അദ്ദേഹം ഒരു പരിചിതനാമമാവുകയും ചെയ്തു. 1961ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കവിത ബബി യാർ (Baby Yar) പ്രസിദ്ധീകരിക്കുന്നത്. 20 കൊല്ലം മുമ്പ് നാസികൾ ജൂതരെ കൂട്ടക്കൊല നടത്തിയ കീവിനടുത്തുള്ള ഒരു കൊക്കയാണ് ആ കവിതയുടെ പശ്ചാത്തലം. ആന്റിസെമിറ്റിസത്തിനെതിരേയുള്ള ഏറ്റവും കടുത്ത ഒരു പ്രതിഷേധസ്വരമായിരുന്നു അത്. ഈ കവിതയാണ് ഷോസ്റ്റക്കോവിച്ച് തന്റെ പതിമൂന്നാം സിംഫണിയുടെ തുടക്കമായി ഉപയോഗിച്ചിരിക്കുന്നത്. 1962 ഏപ്രിലിൽ ടൈം വാരിക അവരുടെ കവറിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുകയും മാറുന്ന റഷ്യയുടെ മുഖങ്ങളിൽ ഒന്നായി അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തതോടെ ഒരു യവ്തുഷെങ്കോ കൾട്ട് തന്നെ രൂപപ്പെടാൻ തുടങ്ങി. ഇക്കാലത്തു പുറത്തുവന്ന അദ്ദേഹത്തിന്റെ കവിതകളുടെ ചെറിയ ഒരു സമാഹാരം ഇംഗ്ളീഷിൽ ഏറ്റവുമധികം വില്ക്കപ്പെടുന്ന വിദേശകവിയാക്കി അദ്ദേഹത്തെ മാറ്റി. 1963 സോവിയറ്റ് സാഹിത്യത്തിൽ പ്രതിസന്ധികളുടെ കാലമായിരുന്നു. പല ഉറവകളായി പുറത്തേക്കു വന്നുകൊണ്ടിരുന്ന റഷ്യൻ സർഗ്ഗാത്മകതയെ പ്രകടമായ അടിച്ചമർത്തലില്ലാതെ വരുതിയിൽ കൊണ്ടുവരാൻ അധികാരികൾ ശ്രമിക്കുകയായിരുന്നു. ഈ ആധുനികതാവിരുദ്ധ രഹസ്യയുദ്ധം വിചിത്രമായ പല ഏറ്റുമുട്ടലുകൾക്കും കാരണമായി. ഏൺസ്റ്റ് നെയ്സ്‌വെസ്റ്റ്നി (Ernst Neizvestny) എന്ന ആധുനികശില്പിയെ “കൂനന്റെ വളവ് നേരെയാക്കാൻ ശവക്കുഴി തന്നെ വേണം“ എന്ന പഴഞ്ചൊല്ലു പറഞ്ഞ് ക്രൂഷ്ചേവ് ആക്രമിച്ചപ്പോൾ യവ്തുഷെങ്കോ ഇങ്ങനെ തിരിച്ചടിച്ചു: ”ജീവനുള്ളവരെ നേരെയാക്കാൻ ശവക്കുഴി ഉപയോഗിക്കുന്ന കാലത്തു നിന്ന് നാം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് ഞാൻ കരുതിയത്!“ പില്ക്കാലകവിതകൾ പഴയപോലെ ശ്രദ്ധേയമാകാതായതോടെ അദ്ദേഹം നോവലെഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും തിരിഞ്ഞു. 1989ൽ ക്രാഖോവിന്റെ പ്രതിനിധിയായി സോവിയറ്റ് പാര്‍ലമെന്റിലെത്തിയ യവ്തുഷെങ്കോ മിഖയിൽ ഗോർബച്ചേവിനെ പിന്തുണയ്ക്കുന്ന ജനാധിപത്യവാദികളുടെ കൂട്ടത്തിലായിരുന്നു. 2007നു ശേഷം ഓക്ലഹോമയിലെ തുൾസയിൽ താമസമാക്കി. 2017 ഏപ്രിൽ ഒന്നിന് അദ്ദേഹം അന്തരിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിൽ അദ്ദേഹം തന്റെ പേരു പതിപ്പിക്കുന്നത് മോഹിപ്പിക്കുന്ന കാവ്യാത്മകതയും പൊള്ളുന്ന പ്രതിഷേധവും നിറഞ്ഞ രാഷ്ട്രീയകവിതകളിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഈ കലാപം വ്യവസ്ഥയെ തന്നെ വേട്ടയാടുന്നതിലേക്കെത്തിക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു എന്ന് വിമർശകർ പറയുന്നു. അതിനാൽ വ്യവസ്ഥിതിയെ തുറന്നെതിർക്കുന്ന എഴുത്തുകാർക്കു കിട്ടാതിരുന്ന സൗജന്യങ്ങൾ അധികാരികളുടെ ഭാഗത്തു നിന്ന് അദ്ദേഹത്തിനു ലഭിച്ചിരുന്നു. അവർ പ്രവാസികളോ ലേബർ ക്യാമ്പുകളിലെ തടവുകാരോ ആയപ്പോൾ യവ്തുഷെങ്കോയ്ക്ക് രാഷ്ട്രത്തിന്റെ ബഹുമതികൾ കിട്ടുകയായിരുന്നു, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തടസ്സമില്ലാതെ പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു, വിദേശപര്യടനങ്ങളിലൂടെ അദ്ദേഹം സാഹിത്യത്തിലെ സൂപ്പർസ്റ്റാർ ആവുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമർശകനായ ജോസഫ് ബ്രോഡ്സ്കി ഒരിക്കൽ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത് ‘അധികാരികൾ പറയുന്ന ദിക്കിലേക്കു മാത്രം കല്ലെറിയുന്നയാൾ’ എന്നാണ്.
നുണകൾ
യുവാക്കളോടു നുണ പറയുന്നതു തെറ്റാണ്.
നുണകൾ നേരുകളാണെന്നതിനു തെളിവുകൾ നിരത്തുന്നതു തെറ്റാണ്.
ദൈവം സ്വർഗ്ഗസ്ഥനാണെന്നും
ഭൂമിയിലെല്ലാം സ്വസ്ഥമാണെന്നും
അവരോടു പറയുന്നതും തെറ്റാണ്.
നിങ്ങളുടെ മനസ്സിലിരിപ്പ് അവർക്കറിയാം.
അവരും ജനങ്ങൾ തന്നെ.
എണ്ണമെടുക്കാവുന്നതല്ല വൈഷമ്യങ്ങളെന്നവരോടു പറയൂ.
വരാനുള്ളതു മാത്രമല്ല,
ഈ നടപ്പുകാലത്തെയും അവർ തെളിച്ചത്തോടെ കാണട്ടെ.
അവരോടു പറയൂ, കടമ്പകളുണ്ടെന്ന്,
ദുഃഖമുണ്ടാകുമെന്ന്, ദുരിതങ്ങൾ സംഭവിക്കുമെന്ന്.
അതാരു കണക്കാക്കുന്നു!
സന്തോഷത്തിന്റെ വില അറിയാത്തവൻ
സന്തോഷമറിയില്ലെന്നാർക്കാണറിയാത്തത്?
നിങ്ങൾ തിരിച്ചറിയുന്ന ഒരു പിശകിനും മാപ്പു കൊടുക്കാതിരിക്കുക;
അല്ലെങ്കിൽ നൂറു മടങ്ങായി അതാവർത്തിക്കും,
നാം മാപ്പു കൊടുത്തതിനെ നമ്മളിൽ കണ്ടാൽ
പിൽക്കാലം നമ്മുടെ ശിഷ്യന്മാർ നമുക്കു മാപ്പു തരികയുമില്ല.
1952
തീവണ്ടിമുറി
ലോകം കണ്ട ഒരു തീവണ്ടിമുറി
ഒരു കല്ക്കരിക്കൂനയുടെ ചരിവിൽ നില്ക്കുകയായിരുന്നു,
സ്പ്രിങ്ങുകളിൽ പുല്ലു മൂടി,
മണ്ണിലാണ്ട ചക്രങ്ങളുമായി.
ആളുകൾക്കതൊരു പാർപ്പിടമായിക്കഴിഞ്ഞിരുന്നു.
അല്പകാലം അവർക്കതിനോടൊരപരിചിതത്വം തോന്നിയിരുന്നുവെങ്കിലും
പിന്നീടവർ അതിനോടടുത്തു,
ആ അടുപ്പം കൂടാനായി അവരതിൽ അടുപ്പു കൂട്ടി,
പിന്നെ അവരതിൽ വാൾപേപ്പറൊട്ടിച്ചു,
ജനാലകളിൽ ജറേനിയം പൂക്കൾ വളർത്തി.
അവരതിൽ ഒരു മേശ പിടിച്ചിട്ടു,
പതയുന്ന തിരകളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ചിത്രങ്ങൾ
ആണിയടിച്ചിട്ടു.
താനൊരു തീവണ്ടിമുറിയാണെന്ന ഓർമ്മ അതിനുണ്ടാവരുതെന്നതിനായി
ജറേനിയവും വാൾ പേപ്പറുമൊക്കെയായി
പുറമ്പൂച്ചുകൾ അവർക്കു വേണ്ടിയിരുന്നു.
ഓർമ്മകൾ പക്ഷേ അദമ്യമാണെന്നിരിക്കെ,
തീയും പുകയും ചൂളം വിളികളുമായി
തീവണ്ടികൾ
പാ
ഞ്ഞു
പോ
കു
മ്പോ
ൾ
ഈ തീവണ്ടിമുറിയ്ക്കുറക്കം വരില്ല.
അവയുടെ നിശ്വാസങ്ങൾ അതിന്റെ ഉള്ളു തൊട്ടു.
കൂടെപ്പോരാൻ വിളിക്കുകയാണെന്നപോലെ
തീവണ്ടികൾ ചൂളം വിളിച്ചുപാഞ്ഞു.
എത്ര ബലം കൊടുത്തിട്ടും പക്ഷേ,
അതിനതിന്റെ ചക്രങ്ങളിളക്കാനായില്ല.
മണ്ണവയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു,
കാട്ടുവള്ളികൾ അവയെ തളച്ചിരുന്നു.
എന്നാൽ പണ്ടൊരു കാലത്തതു പൊന്തകളിലൂടെ,
കാറ്റിനും പാട്ടിനും തീനാളങ്ങൾക്കുമിടയിലൂടെ,
ഒച്ചയാൽ പത്തൽവേലികളെ വിറപ്പിച്ചും കൊണ്ട്
ആനന്ദം തേടി പാഞ്ഞുപോയിരുന്നു.
ഇനിയതെവിടെയ്ക്കും കുതിച്ചുപായില്ല.
ഇനിയതിവിടം വിട്ടെവിടെയ്ക്കും പോകില്ല.
ചെറുപ്പത്തിലെ എടുത്തുചാട്ടങ്ങൾക്കുള്ള ശിക്ഷയത്രെ
അനക്കമറ്റ ഈ കിടപ്പ്.
1952
പ്രണയത്തിൽ കേമിയാണു നീ
പ്രണയത്തിൽ കേമിയാണു നീ.
നീ ധൈര്യവതി.
എന്റെ ഓരോ ചുവടും പക്ഷേ കാതരം.
എന്റെ ഭാഗത്തു നിന്നൊരു മോശവും നിനക്കുണ്ടാവില്ല,
നല്ലതെന്തെങ്കിലുമുണ്ടാവണമെന്നുമില്ല.
കാട്ടിനുള്ളിലേക്കാണു നീയെന്നെ
കൊണ്ടുപോകുന്നതെന്നു തോന്നുന്നു
ആരും പോകാത്തൊരു വഴിയിലൂടെ.
അരയോളമിപ്പോൾ കാട്ടുപൂക്കൾ നമ്മെ മൂടുന്നു.
ഏതുതരം പൂക്കളാണവയെന്നു പോലും എനിക്കറിയുന്നില്ല.
പൂർവ്വകാലാനുഭവം കൊണ്ടു കാര്യവുമില്ല.
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയുന്നില്ല.
നീ തളർന്നിരിക്കുന്നു.
തന്നെ കൈയിലെടുത്തു നടക്കാൻ നീ പറയുന്നു.
നീയെന്റെ കൈകളിലേക്കു വീണും കഴിഞ്ഞു.
“ആകാശത്തിനെന്തു നീലനിറമാണെന്നു കണ്ടില്ലേ?
കാട്ടിനുള്ളിലെന്തൊക്കെക്കിളികളാണു പാടുന്നതെന്നു കേൾക്കുന്നില്ലേ?
നിങ്ങളെന്തു കാത്തു നില്‍ക്കുകയാണ്?
എന്നെയെടുക്കൂ!”
ഞാൻ, ഞാൻ നിന്നെയെടുത്തെവിടെയ്ക്കു കൊണ്ടുപോകാൻ?...
1953
അസൂയ
എനിക്കസൂയയുണ്ട്.
ഈ രഹസ്യം
ഇതേവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.
എനിക്കറിയാം
ഞാൻ കണക്കറ്റസൂയപ്പെടുന്ന ഒരു കുട്ടി
എവിടെയോ ഉണ്ടെന്ന്.
അവനെപ്പോലെ
ഇത്ര നിഷ്കളങ്കനും ധൈര്യശാലിയുമാവാൻ
എനിക്കിതേവരെ കഴിഞ്ഞിട്ടില്ല.
അവൻ ചിരിക്കുന്ന രീതി കാണുമ്പോൾ
ഞാൻ അസൂയപ്പെട്ടുപോകുന്നു-
അതുപോലെ ചിരിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.
ദേഹം മുഴുവൻ മുഴയും മുറിവുമായിട്ടാണവൻ നടക്കുക;
ഞാൻ മുടി ഭംഗിയായി കോതിവച്ചും ഉടവു തട്ടാതെയും.
പുസ്തകങ്ങളിൽ ഞാൻ കാണാതെപോയ ഭാഗങ്ങൾ
അവന്റെ കണ്ണിൽപ്പെടാതെപോയിട്ടില്ല.
ഇവിടെ കൂടുതൽ കരുത്തനും അവനായിരുന്നു.
ആർജ്ജവം കൂടുതൽ അവനായിരുന്നു,
നിശിതമായ സത്യസന്ധതയും.
അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെന്നു വന്നാല്ക്കൂടി
ഒരു തിന്മയ്ക്കും അവൻ മാപ്പു കൊടുത്തിരുന്നില്ല.
“ഇതു കൊണ്ടെന്തു കാര്യം?”
എന്നു പറഞ്ഞു ഞാൻ പേന താഴെ വച്ചിരുന്നിടത്തു നിന്ന്
“അതുകൊണ്ടു കാര്യമുണ്ട്!”
എന്നുറപ്പിച്ചു പറഞ്ഞുകൊണ്ട്
അവൻ പേനയെടുത്തിരുന്നു.
കുരുക്കഴിക്കാനായില്ലെങ്കിൽ
അവനതു വെട്ടിമുറിക്കുമായിരുന്നു,
എനിക്കാവട്ടെ, അഴിക്കാനുമായില്ല, മുറിക്കാനുമായില്ല.
അവന്റെ പ്രണയം ഉറച്ചതായിരുന്നു,
എനിക്കത് കയറിയിറങ്ങാനുള്ളതായിരുന്നു.
ഞാനെന്റെ അസൂയ മറച്ചുവയ്ക്കുന്നു.
മുഖത്തു ചിരി വരുത്തുന്നു.
ഒരു സാധുജന്മമാണു ഞാനെന്നു നടിക്കുന്നു:
“ചിരിക്കാനുമൊരാൾ വേണ്ടേ;
എല്ലാവരും ഒരേപോലെയല്ലല്ലോ ജീവിക്കേണ്ടതും...“
”ഓരോ ആൾക്കും ഓരോ തലയിലെഴുത്ത്“
എന്നുരുക്കഴിച്ചുകൊണ്ട്
സ്വയം വിശ്വസിപ്പിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും,
എനിക്കു മറക്കാൻ കഴിയുന്നില്ല,
എവിടെയോ ഒരു കുട്ടിയുണ്ട്,
എന്നെക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവനെന്ന്.
1955
സൌമനസ്യം
ഏതു കാലത്തേതു വിധമാണിതു നടപ്പുരീതിയായത്:
“ജീവിച്ചിരിക്കുന്നവരോടു മനഃപൂർവ്വമായ ഉദാസീനത,
മരിച്ചവർക്കു മനഃപൂർവ്വമായ പരിലാളന?”
ആളുകളുടെ തോളുകളിടിയുന്നു,
അവർ ചിലപ്പോൾ കുടിച്ചു മതികെടുന്നു,
ഒന്നൊന്നായവർ വിട്ടുപോകുന്നു,
പ്രഭാഷകന്മാർ ശവപ്പറമ്പുകളിൽ നിന്നുകൊണ്ട്
സൌമനസ്യം കലർന്ന വാക്കുകൾ ചരിത്രത്തോടു പറയുന്നു...
മയക്കോവ്സ്കിയുടെ ജീവനെടുത്തതെന്തായിരുന്നു?
അദ്ദേഹത്തിന്റെ കൈകളിൽ തോക്കു വച്ചുകൊടുത്തതെന്തായിരുന്നു?
ആ ശബ്ദത്തിനുടമയായൊരാൾ,
ആ രൂപത്തിനുടമയായൊരാൾ:
സൌമനസ്യത്തിന്റെ ഒരു തുണ്ടെങ്കിലും
ജീവിച്ചിരിക്കുമ്പോൾ അവർ അദ്ദേഹത്തിനു വച്ചുനീട്ടിയിരുന്നെങ്കിൽ.
മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ-
അവർ ശല്യക്കാരാണ്.
സൌമനസ്യം
ഒരു മരണാനന്തരബഹുമതിയത്രെ.
1955
അമ്മേ, നിങ്ങളെ ഞാനഭിനന്ദിക്കട്ടെ...
മകന്റെ പിറന്നാൾദിവസം, അമ്മേ,
നിങ്ങളെ ഞാനഭിനന്ദിക്കട്ടെ.
നിങ്ങൾ അവനെക്കുറിച്ചു വേവലാതിപ്പെടുന്നു,
അതിൽ കാര്യമില്ലാതെയുമില്ല.
അവന്റെ കിടപ്പു നോക്കൂ,
മെലിഞ്ഞും, ക്ഷീണിച്ചും,
ബുദ്ധിശൂന്യമായൊരു വിവാഹത്തിൽപ്പെട്ടും,
കുടുംബത്തിനുപകരിക്കാതെയും.
തെളിഞ്ഞതും, നനവൂറിയതുമായ കണ്ണുകളാൽ
നിങ്ങളവനെ നോക്കിനിൽക്കുന്നു.
നിങ്ങളുടെ വേവലാതിയുടെ പിറന്നാളിന്
അമ്മേ, നിങ്ങൾക്കഭിനന്ദനങ്ങൾ!
നിങ്ങളവനു സമ്മാനമായി നൽകിയല്ലോ,
ഇക്കാലത്തിന്റെ പേർക്കു നിഷ്ഠുരമായൊരു സ്നേഹം,
വിപ്ലവത്തിനോട്
ഉറച്ചതും,
ധൃഷ്ടവുമായൊരു
വിശ്വാസവും.
നിങ്ങളവനു നല്കിയതു പണമല്ല,
പ്രശസ്തിയല്ല,
പകരം നിങ്ങളവനു നിർഭയത്വം നല്കി.
എങ്കിൽ ജനാലകൾ തുറന്നിടൂ,
ഇലകൾക്കു നേർക്ക്,
ചിലയ്ക്കുന്ന കിളികൾക്കു നേർക്ക്.
ഒരു ചുംബനം കൊടുത്തവന്റെ കണ്ണുകളുണർത്തൂ.
ഒരു നോട്ടുബുക്കും ഒരു മഷിപ്പേനയും
അവനു സമ്മാനമായിക്കൊടുക്കൂ,
അവനു വയറു നിറയെ പാലു കൊടുക്കൂ,
യാത്രയിലവനെ ആശീർവദിച്ചുവിടൂ.
1956
എന്റെ കാമുകി കയറിവരും...
എന്റെ കാമുകി കയറിവരും,
തന്റെ കൈകളിലെന്നെപ്പൊതിയും,
മാറ്റങ്ങളൊക്കെയുമവൾ കണ്ടുവയ്ക്കും,
എന്റെയുത്കണ്ഠകളവൾ മനസ്സിലാക്കും.
ചൊരിഞ്ഞുവീഴുന്ന ഇരുട്ടിൽ നിന്ന്,
ടാക്സിക്കാറിന്റെ വാതിലടയ്ക്കാൻ മറന്ന്,
ഉറയ്ക്കാത്ത കോണിപ്പടികളവളോടിക്കയറും,
ആഹ്ളാദവുമാസക്തിയും കൊണ്ടാകെത്തുടുത്തും.
വിയർത്തുകുളിച്ച്, കതകു തള്ളിത്തുറന്നവൾ കയറിവരും,
എന്റെ മുഖമവൾ കൈകളിൽ കോരിയെടുക്കും,
ഒരു കസേരയിൽ നിന്നവളുടെ നീലിച്ച രോമക്കുപ്പായം
പ്രഹർഷത്തോടെ തറയിലേക്കൂർന്നുവീഴും.
1956
മന്ദഹാസങ്ങൾ
ഒരു കാലത്തെത്ര മന്ദഹാസങ്ങൾ നിനക്കുണ്ടായിരുന്നു:
വിസ്മയത്തിന്റെ, പ്രഹർഷത്തിന്റെ, തെമ്മാടിത്തത്തിന്റെ മന്ദഹാസങ്ങൾ,
ചിലനേരം വിഷാദത്തിന്റെ ഛായ കലർന്നതും, എന്നാലും മന്ദഹാസങ്ങളായിരുന്നവയും.
ഇന്നു നിന്റെ മന്ദഹാസങ്ങളിലൊന്നുപോലും ശേഷിക്കുന്നില്ല.
നൂറുനൂറു മന്ദഹാസങ്ങളുള്ളൊരു പാടം ഞാൻ കണ്ടുവരാം.
അതിമോഹനങ്ങളായ മന്ദഹാസങ്ങളൊരുപിടി ഞാനിറുത്തുവരാം.
ഇനി തനിയ്ക്കു മന്ദഹാസങ്ങളൊന്നും വേണ്ടെന്നു പക്ഷേ, നീ പറയും,
തന്റെയും അന്യരുടെയും മന്ദഹാസങ്ങൾ തനിയ്ക്കു മടുപ്പായെന്നു നീ പറയും.
എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
...
എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
ആത്മരക്ഷാർത്ഥമുള്ള മന്ദഹാസങ്ങളെത്രയുണ്ടായിരുന്നതാണെനിയ്ക്ക്,
മന്ദഹാസങ്ങളെനിയ്ക്കന്യമാക്കുന്ന മന്ദഹാസങ്ങൾ.
മന്ദഹാസങ്ങളെനിയ്ക്കില്ലെന്നതാണു പക്ഷേ, വസ്തുത.
നീയാണെന്റെ ജീവിതത്തിൽ ശേഷിച്ച മന്ദഹാസം,
മുഖത്തൊരു മന്ദഹാസവുമില്ലാത്ത ഒരു മന്ദഹാസം.
1959
വാതിലിൽ ആരോ മുട്ടി
“ആരാണത്?”
“ഞാനാണ്, വാർദ്ധക്യം,
തന്നെ കാണാൻ വന്നതാണ്.”
“ഇപ്പോൾ പറ്റില്ല,
ഞാൻ തിരക്കിലാണ്,
കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.”
ഞാൻ കുറച്ചെഴുതി,
ആഹാരം കഴിച്ചു,
പിന്നെ ഒന്നു ഫോൺ ചെയ്തു.
എന്നിട്ടു ഞാൻ ചെന്നു വാതിൽ തുറന്നു.
പുറത്താരുമുണ്ടായിരുന്നില്ല.
അതിനി എന്റെ ഏതെങ്കിലുമൊരു കൂട്ടുകാരനായിരിക്കുമോ?
ഒരു തമാശ കാണിച്ചതാണെന്നു വരുമോ?
അതോ ആ ശബ്ദം പറഞ്ഞതെനിക്കു മനസ്സിലായില്ലെന്നോ?
അതു വാർദ്ധക്യമായിരുന്നില്ല,
വന്നതു പക്വതയായിരുന്നു,
അതിനു കാത്തുനില്ക്കാൻ നേരമുണ്ടായിരുന്നില്ല
ഒരു നെടുവീർപ്പോടെ
അതു മടങ്ങിപ്പോവുകയായിരുന്നു...
1959
വിവർത്തനത്തെക്കുറിച്ച്
സ്വതന്ത്രവിവർത്തനത്തെ ഒരപരാധമെന്നു പറയാനില്ല.
കവിതയെ സ്നേഹിക്കുന്നൊരാൾക്ക് കവിതയിൽ സ്വാതന്ത്ര്യവുമെടുക്കാം.
എന്നാൽ അതിലോടുന്ന ഈണത്തെ നശിപ്പിച്ചാൽ
അതതിന്റെ കാതലിനെ ദുഷിപ്പിക്കും.
വഞ്ചകരുടെ വൈദഗ്ധ്യത്തിനു വേണ്ടിയല്ല ഞാൻ വാദിക്കുന്നത്,
തനിക്കിഷ്ടമുള്ളപോലെ ചെയ്യാനുള്ള കവിയുടെ സ്വാതന്ത്ര്യത്തിനാണ്.
ഒരു വിദ്യാർത്ഥി മുഷിഞ്ഞിരുന്നു ചെയ്തെടുക്കുന്ന കൃത്യതയല്ല,
സർഗ്ഗാത്മകമായ കൃത്യത.
പാണ്ഡിത്യം നിങ്ങളുടെ ശൈലിക്കു തടയാകാതിരിക്കട്ടെ,
വേണ്ടത് കൂടുതൽ സ്വാതന്ത്ര്യം, സംഗീതം, പ്രചോദനം!
കവിതയിൽ ഞാൻ വിശ്വസിക്കുന്നു,
കേവലവിവർത്തനത്തിലെനിക്കു വിശ്വാസവുമില്ല.
സംസാരം
നിങ്ങളാളൊരു ധീരൻ തന്നെ,
അവരെന്നോടു പറയുന്നു.
അതു സത്യമല്ല.
ഞാൻ ധീരനായിട്ടേയില്ല.
അന്യർ ചെയ്യുമ്പോലെ
ഭീരുത്വത്തിലേക്കു സ്വയമികഴ്ത്തുന്നതു
കെട്ടൊരേർപ്പാടാണെന്നു കരുതിയിരുന്നു
ഞാനെന്നു മാത്രം.
ഞാനൊരടിത്തറയും പിടിച്ചുലച്ചിട്ടില്ല.
തലക്കനക്കാരെയും വ്യാജന്മാരെയും കളിയാക്കിച്ചിരിച്ചുവെന്നതിലധികം
ഞാനൊന്നും ചെയ്തിട്ടുമില്ല.
ഞാൻ കവിതകളെഴുതിയിരുന്നു.
ഞാനാരെയും തള്ളിപ്പറഞ്ഞിട്ടുമില്ല.
എനിക്കു തോന്നിയതെഴുതിവയ്ക്കാൻ
ഞാൻ ശ്രമിച്ചുവെന്നു മാത്രം.
അതെ,
അർഹരായവർക്കു വേണ്ടി ഞാൻ വാദിച്ചിരുന്നു.
എഴുത്തുകാരെന്നു നടിച്ചിരുന്ന മദ്ധ്യമക്കാരെ
ഞാൻ ചാപ്പ കുത്തിയിരുന്നു.
അതു പക്ഷേ ചെയ്തിരിക്കേണ്ടതൊന്നായിരുന്നു,
അതിന്റെ പേരിൽ പക്ഷേ, എന്നെ ധീരനാക്കുകയാണവർ.
ഈ ബീഭത്സതകൾക്കെല്ലാം പ്രതികാരം ചെയ്തുകഴിഞ്ഞതിൽപ്പിന്നെ,
എത്ര കടുത്ത നാണക്കേടോടെയാവും
നമ്മുടെ സന്തതികളോർക്കുക,
വെറും സാധാരണമായ സത്യസന്ധത
ധൈര്യം കാട്ടലായിത്തോന്നിച്ചിരുന്ന വിചിത്രമായൊരു
കാലമുണ്ടായിരുന്നുവെന്ന്.
1960
നേർക്കു നേർ
കോപ്പൻ ഹേഗൻ വിമാനത്താവളത്തിലെ കഫേയിൽ
ബിയറു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ ചിലർ.
മടുപ്പിക്കുന്നത്ര മോടി കൂടിയതായിരുന്നു,
വെട്ടിത്തിളങ്ങുന്നതായിരുന്നു, സുഖപ്രദമായിരുന്നു സർവതുമവിടെ.
പെട്ടെന്നതാ, ഒരു വൃദ്ധനവിടെ വന്നുകേറുന്നു-
സാധാരണമട്ടിൽ ഒരു പച്ച ജാക്കറ്റും തൊപ്പിയുമായി,
കടല്ക്കാറ്റു വാട്ടിയ മുഖവുമായി.
വന്നുകയറുകയായിരുന്നില്ലയാൾ,
അയാളവിടെ ആവിർഭവിക്കുകയായിരുന്നു.
ആളു തിങ്ങിയ മുറിയിലൂടൊരു ചാലു കീറി അയാൾ കയറിവന്നു,
അമരം വിട്ടിറങ്ങിവരുന്നൊരു നാവികനെപ്പോലെ,
മുഖത്തിനു വെളുത്ത നുര കൊണ്ടരികു വയ്ക്കുന്ന
കടല്പത പോലത്തെ താടിയുമായി.
പുതുമോടികളെ അനുകരിക്കുന്ന പഴമോടികൾക്കിടയിലൂടെ,
പഴമോടികളെ അനുകരിക്കുന്ന പുതുമോടികൾക്കിടയിലൂടെ
അയാൾ നടന്നുകേറിയപ്പോൾ
ആ പരുക്കത്തരവും ജയിച്ചവന്റെ നിശ്ചയദാർഢ്യവും
അയാൾക്കു ചുറ്റുമൊരു തിരയിളക്കിവിട്ടിരുന്നു.
പരുക്കൻ ഷർട്ടിന്റെ ചുളിഞ്ഞ കോളർ ഉയർത്തിവച്ച്
ബാറിൽ ചെന്നയാളാവശ്യപ്പെട്ടത് വെർമൂത്തും പെർണോയുമല്ല,
ഒരു ഗ്ളാസ്സ് റഷ്യൻ വോഡ്ക്ക;
ഒരു “വേണ്ട!” കൊണ്ടയാൾ സോഡയും വിലക്കി.
വെയിലേറ്റു കറുത്ത കൈത്തണ്ടകൾ നിറയെ മുറിപ്പാടുകളുമായി,
ഒച്ച കനത്ത ഷൂസുകളുമായി,
മുഷിഞ്ഞുനാറിയ ട്രൌസറുമായി,
അവിടെക്കൂടിയവരിൽ വച്ചേറ്റവും സ്റ്റൈൽ അയാൾക്കായിരുന്നു.
ആ നടത്തയുടെ ഘനപ്രതാപത്തിനടിയിൽ
തറയിടിയുകയാണെന്നു തോന്നിയിരുന്നു.
കൂട്ടത്തിലൊരാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:
“നോക്കിയേ, ഹെമിംഗ് വേയെപ്പോലെതന്നെ!”
ആ കുറുക്കിയ ചേഷ്ടകളിലുണ്ടായിരുന്നു
ഒരു മുക്കുവന്റെ ആയാസമാർന്ന ചലനങ്ങൾ.
പരുക്കൻ പാറയിൽ നിന്നു ചെത്തിയെടുത്ത രൂപം പോലെ
അയാൾ നടന്നു;
വെടിയുണ്ടകൾക്കിടയിലൂടെ, നൂറ്റാണ്ടുകൾക്കിടയിലൂടെ
മനുഷ്യർ നടക്കുമ്പോലെ അയാൾ നടന്നു;
ട്രെഞ്ചിനുള്ളിലെന്നപോലെ മുതുകു കുനിച്ച്
ആളുകളെയും കസേരകളും തള്ളിമാറ്റി
അയാൾ നടന്നു...
ഹെമിംഗ് വേയുടെ തനിസ്വരൂപം തന്നെയായിരുന്നു അത്,
പിന്നീടു ഞാനറിഞ്ഞു അതു ഹെമിംഗ് വേ തന്നെയാണെന്നും.
1960
നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു
നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
സാവധാനം,
ഒച്ച കേൾപ്പിക്കാതെ,
മൂക്കു മുട്ടെത്തിന്നും കൊണ്ട്
കൂർക്കം വലിച്ചുറക്കമാണു പക്ഷേ നാം,
ആ ഭയാനകമുഹൂർത്തം നാമറിയാതെപോകുന്നു.
നമ്മുടെ അമ്മമാർ നമ്മെപ്പിരിഞ്ഞുപോകുന്നതു പെട്ടെന്നല്ല,
അല്ല-
പെട്ടെന്നാണെന്നു നമുക്കു തോന്നുന്നുവെന്നു മാത്രം.
അവർ വിട്ടുപോകുന്നതു സാവധാനം, വിചിത്രമായും,
വർഷങ്ങളുടെ കോണിപ്പടികളിൽ ചവിട്ടി
അവരിറങ്ങിപ്പോകുന്നു.
പിന്നെയൊരുകൊല്ലം,
പരിഭ്രാന്തിയോടെയോർമ്മവരുമ്പോൾ,
അവരുടെ പിറന്നാളാഘോഷിക്കാൻ നാം തിടുക്കപ്പെടുന്നു.
വൈകിവന്ന ആ ഉത്സാഹം അവരുടെ ആത്മാക്കളെ രക്ഷിക്കില്ല,
നമ്മുടെ ആത്മാക്കളെയും.
അവരകന്നുപോകുന്നു,
അകന്നകന്നുപോകുന്നു.
ഉറക്കം ഞെട്ടി,
നാമവരുടെ നേർക്കു കൈ നീട്ടുന്നു,
നമ്മുടെ കൈയിൽത്തടയുന്നതു ശൂന്യമായ വായു മാത്രം-
ഒരു കണ്ണാടിച്ചുമരവിടെ വളർന്നിരിക്കുന്നു!
നാമേറെ വൈകി.
ഭീതിയുടെ മുഹൂർത്തമെത്തിക്കഴിഞ്ഞു.
കണ്ണീരമർത്തി നാം നോക്കിനിൽക്കുമ്പോൾ
നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
നിശബ്ദരായി, വിരക്തരായി, നിരയായി...
1960
ആരുമില്ല...
ആരുമില്ല, താല്പര്യമുണർത്താത്തതായി.
ഗ്രഹങ്ങളുടെ ചരിത്രം പോലെയാണവരുടെ ജാതകങ്ങൾ.
സവിശേഷമല്ലാത്തതായിട്ടൊന്നുമില്ലവരിൽ,
ഒരു ഗ്രഹം മറ്റൊന്നുപോലെയുമല്ല.
ലോകത്തെയൊളിച്ചാണൊരാൾ ജീവിക്കുന്നതെങ്കിൽ,
ഒളിച്ചിരുപ്പിനെയാണയാൾ കൂട്ടു പിടിക്കുന്നതെങ്കിൽ,
ആളുകൾക്കയാളിൽ താല്പര്യമാകും.
അയാളുടെ ഒളിച്ചിരുപ്പു കൊണ്ടുതന്നെ.
എല്ലാവർക്കുമുണ്ട്, നിഗൂഢമായൊരു സ്വകാര്യലോകം.
ആ ലോകത്തുണ്ട്, ഒരു സുന്ദരനിമിഷം,
ആ ലോകത്തുണ്ട്, ഒരു ദാരുണമുഹൂർത്തം,
അതൊക്കെയും പക്ഷേ, നമുക്കജ്ഞാതവും.
ഒരാൾ മരിക്കുമ്പോൾ ഒപ്പം മരിക്കുന്നു,
അയാളുടെ ആദ്യത്തെ ഹിമപാതം,
ആദ്യത്തെ ചുംബനം, ആദ്യത്തെ യുദ്ധം.
ഒക്കെയുമയാൾ ഒപ്പം കൊണ്ടുപോകുന്നു.
അതെ, പുസ്തകങ്ങളും പാലങ്ങളും ശേഷിക്കുന്നുണ്ട്,
വരച്ച കാൻവാസുകളും, യന്ത്രങ്ങളും ശേഷിക്കുന്നുണ്ട്.
അതെ, ശേഷിക്കാൻ വിധിക്കപ്പെട്ടവ എത്രയോ,
അപ്പോഴുമെന്തോ ശരിക്കും വിട്ടുപോകുന്നുമുണ്ട്.
ഇപ്രകാരമത്രേ, ഈ കരുണയറ്റ കളിയുടെ നിയമം.
ആളുകളല്ല, മരിക്കുന്നത് ലോകങ്ങളത്രേ.
ആളുകളെ നാമോർക്കുന്നു, പാപികളെന്നും, ശുദ്ധരെന്നും;
അവരുടെ തനിപ്പൊരുൾ നാമെന്തറിയുന്നു?
നമ്മുടെ സഹോദരങ്ങളെ, സ്നേഹിതരെപ്പറ്റി നാമെന്തറിയുന്നു,
നമുക്കാകെയുള്ളൊരാളെപ്പറ്റി നാമെന്തറിയുന്നു,
നമ്മുടെ പിതാക്കന്മാരെപ്പറ്റിയും?
എല്ലാമറിഞ്ഞിട്ടും, നാം ഒന്നുമറിയുന്നില്ല.
അവർ മരിച്ചുപോകുന്നു. മടങ്ങിവരികയുമില്ലവർ.
അവരുടെ രഹസ്യലോകങ്ങൾക്കു പുനർജ്ജന്മവുമില്ല.
ഓരോ തവണയുമെനിക്കു തോന്നിപ്പോവുന്നു,
ഈ വീണ്ടെടുപ്പില്ലായ്മയ്ക്കെതിരെയൊന്നു വിളിച്ചുകൂവാൻ.
വേണ്ട, പാതിയായിട്ടൊന്നുമെനിക്കു വേണ്ട...
വേണ്ട, പാതിയായിട്ടൊന്നുമെനിയ്ക്കു വേണ്ട!
ആകാശം മുഴുവനായെനിയ്ക്കു തരൂ! വിശാലമായ ഭൂമിയും!
കടലും പുഴയും ഹിമവാഹിനികളും-
ഒക്കെയുമെന്റെ! അതിൽക്കുറഞ്ഞൊന്നുമെനിയ്ക്കു വേണ്ട!
വേണ്ട, ജീവിതമേ, ഒരംശം കാട്ടിക്കൊതിപ്പിക്കാൻ വരേണ്ട,
ഒന്നുകിലെല്ലാം, അല്ലെങ്കിലൊന്നും വേണ്ട!
പാതി മുറിച്ച സന്തോഷമെനിയ്ക്കു വേണ്ട,
ശോകവും പാതിയെങ്കിലെനിയ്ക്കു വേണ്ട.
എന്നിരിക്കിലുമൊരു തലയിണ ഞാൻ പങ്കുവയ്ക്കും:
അതിന്മേലൊരു കവിളത്തു മൃദുവായമർന്നിരിയ്ക്കും,
തുണയറ്റൊരു നക്ഷത്രം പോലെ, അടർന്നുവീഴുന്നൊരു നക്ഷത്രം പോലെ
നിന്റെ കൈവിരലിൽ തിളങ്ങുന്നൊരു മോതിരം.
1963
നിറങ്ങൾ
എന്റെ ചുളി വീണ ജീവിതത്തിനു മേൽ
നിന്റെ മുഖം വന്നുദിച്ചപ്പോൾ
എത്ര പരിതാപകരമാണെന്റെ കൈമുതലുകളെന്നേ
എനിക്കാദ്യം മനസ്സിലായുള്ളു.
പിന്നെ പുഴകൾക്കും കാടുകൾക്കും കടലിനും മേൽ
അതിന്റെ വിസ്മയവെളിച്ചം പരന്നപ്പോൾ
നിറങ്ങളുടെ ലോകത്തു തുടക്കം കുറിയ്ക്കാത്ത എനിക്ക്
അതൊരു തുടക്കവുമായി.
അത്ര പേടിയാണെനിക്ക്, അത്ര പേടിയാണെനിക്ക്,
ഈ അപ്രതീക്ഷിതസൂര്യോദയമവസാനിക്കുമോയെന്ന്,
വെളിപാടുകൾക്കും കണ്ണീരിനും പ്രഹർഷങ്ങൾക്കുമന്ത്യമാവുമോയെന്ന്.
ആ പേടിയോടു ഞാനെതിരിടുകയുമില്ല.
എനിക്കറിയാം,
ആ പേടി തന്നെയാണെന്റെ പ്രണയമെന്ന്.
ഒന്നിനെയും പരിപാലിക്കാനറിയാത്ത ഞാൻ,
കരുതലില്ലാത്ത പ്രണയത്തിന്റെ കാവല്ക്കാരൻ,
ആ പേടിയെ പരിപാലിച്ചു ഞാനിരിക്കുന്നു.
ഈ ഭീതി എന്നെ കൊട്ടിയടയ്ക്കുന്നു.
ഈ നിമിഷങ്ങൾക്കത്ര ദൈർഘ്യമില്ലെന്നെനിക്കറിയാം,
നിന്റെ മുഖമസ്തമിക്കുമ്പോൾ
എന്റെ കണ്ണുകൾക്കു മുന്നിൽ നിന്നു നിറങ്ങൾ മായുമെന്നും.
ആവാഹനം
വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.
ഇവിടല്ല,മറ്റൊരിടത്താണു ഞാനെന്നായിക്കോട്ടെ,
നിനക്കരികിലല്ല, പരദേശത്താണെന്നുമായിക്കോട്ടെ,
കുളിരുന്ന വിരിയിൽ നീ നിവർന്നുകിടക്കുക,
കടലിലെന്നപോലെ പൊന്തിമലർന്നൊഴുകുക,
സൗമ്യതരംഗങ്ങൾക്കലസം കീഴ്വഴങ്ങി,
എനിക്കൊപ്പമെന്നപോലെ കടലിലുമെത്രയുമേകാകിയായി.
ശുദ്ധശൂന്യമായിരിക്കട്ടെ, നിന്റെ മനസ്സു പകലാകെ.
പകലു സകലതും കീഴുമേൽ മറിയ്ക്കട്ടെ,
പുകയറ പറ്റിയ്ക്കട്ടെ, വീഞ്ഞു കൊണ്ടൊഴുക്കട്ടെ,
കാഴ്ചയിൽ നിന്നു ഞാൻ മറയുവോളം
നിന്റെ ശ്രദ്ധ തിരിക്കട്ടെ.
പകലെന്തിനെക്കുറിച്ചും നീ ചിന്തിച്ചോളൂ,
രാത്രിയിൽ പക്ഷേ- എന്നെക്കുറിച്ചു മാത്രം.
തീവണ്ടിയെഞ്ചിനുകളുടെ ചൂളം വിളികൾക്കും മേലെയായി,
മേഘങ്ങളെ തുണ്ടം തുണ്ടമാക്കുന്ന കാറ്റിനും മേലെയായി,
ദയവു ചെയ്തെനിക്കു നീയൊന്നു കാതോർക്കൂ:
ഇടുങ്ങിയ മുറിയിലൊരുവട്ടം കൂടിയെന്നെക്കാട്ടൂ,
ആനന്ദവും വേദനയും കൊണ്ടു പാതിയടഞ്ഞ നിന്റെ കണ്ണുകൾ,
നോവുവോളം ചെന്നികളിലമർത്തിവച്ച നിന്റെ കൈപ്പടങ്ങൾ.
ഞാൻ യാചിക്കുന്നു- അനക്കമറ്റ നിശബ്ദതയിൽ,
ഇനിയല്ല, നിന്റെ പുരപ്പുറത്തു മഴ ചരലെറിയുമ്പോഴാവട്ടെ,
നിന്റെ ജനാലച്ചില്ലുകളിൽ മഞ്ഞു തിളങ്ങുമ്പോഴാവട്ടെ,
ഉണർവിനുമുറക്കത്തിനുമിടയിലാണു നീയെന്നുമാവട്ടെ-
വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.
ദൈവനിന്ദയ്ക്കൊരു ശ്രമം
എന്റെ ആത്മാവിന്റെ കുറ്റാക്കുറ്റിരുട്ടിൽ
ആ നിത്യകാന്തത്തിനു നേർക്കു തിരിഞ്ഞും കൊണ്ട്
എനിക്കറിയുന്ന ഒരേയൊരു പ്രാർത്ഥന ഞാനുരുവിടുന്നു:
“ദൈവമേ, എന്നെ മാപ്പാക്കണേ, എന്നെത്തുണയ്ക്കണേ.”
ദൈവം മാപ്പാക്കുന്നു, തുണയ്ക്കുകയും ചെയ്യുന്നു,
തന്റെ കൃപാവരങ്ങളെത്രയൊക്കെയുണ്ടായിട്ടും
നന്ദി കെട്ടവനായിരുന്നിട്ടേയുള്ളൂ മനുഷ്യൻ
എന്നതോർത്തവൻ ചുമലൊന്നു വെട്ടിക്കുന്നുവെങ്കിലും.
തന്റെ സൃഷ്ടികൾ അവനെ ഭയപ്പെടുത്തുന്നുവെന്നതു സ്പഷ്ടം.
എന്തു പേരിട്ടുമവനെ വിളിച്ചോളൂ-
യഹോവ, ബുദ്ധൻ, അല്ലാഹു-
ഏകനാണവൻ, ദൈവമായിട്ടിരുന്നവനു മടുത്തും കഴിഞ്ഞു.
ഇല്ലാതെയാവാനവനായിരുന്നെങ്കിൽ,
ഒരു കീശയിലൊതുങ്ങുന്നൊരു വിഗ്രഹമാവാനായിരുന്നെങ്കിൽ,
നമ്മുടെ ചപ്പടാച്ചി കേട്ടുമടുക്കാൻ നിൽക്കാതെ
എത്രവേഗമവൻ പോയൊളിച്ചേനേ.
ഒളിച്ചിരിക്കുന്നതു പക്ഷേ, അവനു പറഞ്ഞിട്ടുള്ളതല്ല,
ആഫ്രിക്കൻ അടിമകളെപ്പോലെ കുനിയുന്നതും.
ദൈവത്തിനുമാഗ്രഹമുണ്ട്, ഒരു ദൈവത്തിൽ വിശ്വസിക്കാൻ;
ലോകത്തു പക്ഷേ, ദൈവത്തിനായൊരു ദൈവവുമില്ല.
നമ്മുടെ കർത്തവ്യങ്ങളെ വിസ്മൃതിയിൽത്തള്ളി,
നമ്മുടെ കെട്ട നിവേദനങ്ങളുമായി നാം തിക്കിത്തിരക്കുമ്പോൾ
ആരെ നോക്കി അവൻ പ്രാർത്ഥിയ്ക്കും:
“ ദൈവമേ, എന്നെ മാപ്പാക്കണേ, എന്നെത്തുണയ്ക്കണേ!”
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കാലമെന്ന ചടാക്കുവണ്ടിയിൽ യാത്ര ചെയ്യുന്നവരേ,
നിങ്ങളുടെ അറിവിലേക്കായി ഇതൊന്നു ഞാൻ പറഞ്ഞോട്ടെ:
നിങ്ങൾ ടിക്കറ്റെടുത്തിരിക്കുന്ന സ്റ്റേഷൻ
ഭൂപടത്തിലെവിടെയും കാണാനില്ല.
അന്വേഷണത്തിനൊടുവിൽ
അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുന്നു,
രണ്ടാം യൌവനം എന്നൊരു സ്റ്റേഷനില്ലെന്ന്.
നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ,
ആദ്യത്തെ യൌവനം നിങ്ങൾ കൊണ്ടുപോയിത്തുലച്ചുകളഞ്ഞു,
ബുദ്ധിയുറയ്ക്കാത്തവരായിരുന്നു നിങ്ങൾ,
കുഞ്ഞുങ്ങളെപ്പോലെ;
ഖേദപൂർവ്വം സമ്മതിക്കട്ടെ,
നിങ്ങളിലൊരുവൻ തന്നെ ഞാനും.
ഇനി മുന്നിലുള്ള സ്റ്റേഷനുകൾ
വാർദ്ധക്യവും മരണവുമാണെന്നും ഞാൻ പറഞ്ഞുകൊള്ളട്ടെ.
പക്ഷേ സ്വന്തം അമരത്വത്തിൽ അത്ര വിശ്വാസമായ നിങ്ങൾ
അതിനു നേർക്കു കണ്ണടച്ചുകളഞ്ഞു.
നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ,
നിങ്ങളുടെ സഞ്ചിയിൽ ആകെയുള്ളത്
കനച്ച പലഹാരങ്ങളും ചില തമാശക്കഥകളും മാത്രമാണെങ്കിൽ
മരണമെന്ന സ്റ്റേഷനിൽ നിങ്ങൾ എത്തിക്കഴിഞ്ഞു.
ഇനി എന്താണുണ്ടാവുകയെന്നും പറഞ്ഞുകൊള്ളട്ടെ:
കാലം നിങ്ങളെ ഓരോ ആളായി അകത്താക്കും;
അത്താഴത്തിനു നിങ്ങൾ വെട്ടിവിഴുങ്ങിയ കോഴികൾ മാത്രം
നിഴൽരൂപങ്ങളെപ്പോലെ
തീവണ്ടിക്കു പിന്നാലെ ചിറകടിച്ചുകൊണ്ടോടിവരും...
1971
മുറിവുകൾ
ഒരിക്കലല്ല, മാരകമായി ഞാൻ മുറിപ്പെട്ടിരിക്കുന്നു,
നാലു കാലിലിഴഞ്ഞിട്ടെന്നപോലെ ഞാൻ വീടെത്തിയിരിക്കുന്നു.
കുത്തിക്കോർക്കാൻ കൂർത്ത നാവുകൾ തന്നെ വേണമെന്നില്ല,
ചോര വീഴ്ത്താനൊരു പൂവിതളിന്റെ വായ്ത്തല തന്നെ മതി.
ഞാനും മുറിപ്പെടുത്തിയിരിക്കാം, ഞാനറിയാതെതന്നെ,
പോകും വഴിക്കൊരു തലോടലാൽ, ഒരു കള്ളനോട്ടത്താൽ;
അതിന്റെ വേദന പിന്നെ മറ്റൊരാളറിഞ്ഞുമിരിക്കുന്നു,
അതു കട്ടിമഞ്ഞിൽ കാലു പൊള്ളുമ്പോലെയുമായിരുന്നു.
എങ്കിലെന്തിനെന്റെ സഹോദരങ്ങളെ ഞാൻ ദ്രോഹിക്കുന്നു,
സ്നേഹിതരുടെ ശേഷിപ്പുകളിൽ ചവിട്ടി ഞാൻ നടക്കുന്നു,
ഞാൻ, അത്ര വേഗത്തിലുമാഴത്തിലും സ്വയം മുറിപ്പെടുന്നവൻ,
അത്ര നിസ്സാരമെന്നോണമന്യരെ മുറിപ്പെടുത്തുന്നവൻ?
1973
പ്രതിഭാസങ്ങളുടെ പരസ്പരാശ്രിതത്വം
ക്ഷീണിതനായ ഒരാനയെപ്പോലെ ഒരു പാറക്കെട്ടുറങ്ങുന്നു,
താരാവൃതമായ പ്രപഞ്ചത്തിൽ ഒരു കടുകുമണി പോലെ.
ഇര തേടിത്തളർന്ന ക്ഷീണത്തിൽ ഒരു പെരുമ്പാമ്പുറങ്ങുന്നു,
പാറക്കെട്ടിനുള്ളിൽ, ഒരു ശിലാകോടരത്തിനുള്ളിൽ.
പെരുമ്പാമ്പിനുള്ളിൽ ഒരു മുയൽ സുഖമായുറങ്ങുന്നു,
ഒരു നേർത്ത കൂർക്കംവലിയുമായി.
മുയലിനുള്ളിൽ ഒരു കാരറ്റുറങ്ങുന്നു,
തിരിഞ്ഞും മറിഞ്ഞും കിടന്ന്.
കാരറ്റിനുള്ളിൽ ഒച്ചയില്ലാതൊരു പുഴു,
ഒരു വശം ചരിഞ്ഞ് അതു കിടന്നുകഴിഞ്ഞു.
1974
മറയരുത്
മറയരുത്...എന്നിൽ നിന്നു മറയുമ്പോൾ
നീ നിന്നിൽ നിന്നു തന്നെ മറയുകയാവും,
നിന്നോടു തന്നെ നിത്യവഞ്ചന കാട്ടുകയാവും,
അതാവും എത്രയുമധമമായ നെറികേടും.
മറയരുത്...അത്രയെളുപ്പമാണു മറയാൻ.
പിന്നെയന്യോന്യമുയിർപ്പിക്കുക അസാദ്ധ്യം.
മരണം നമ്മെ അത്രയാഴത്തിലേക്കു വലിച്ചിഴയ്ക്കുന്നു.
അത്ര ദീർഘമാണു മരണം, ഒരു നിമിഷത്തേക്കായാലും.
മറയരുത്...മൂന്നാമത്തെ നിഴലിനെ മറന്നേക്കൂ.
പ്രണയത്തിൽ രണ്ടാളുകളേയുള്ളു, മൂന്നാമതൊരാളില്ല.
അന്ത്യവിധിനാളിൽ കാഹളങ്ങൾ നമ്മെ വിളിച്ചുവരുത്തുമ്പോൾ
കറ പറ്റാത്തവരായിരിക്കും നാമിരുവരും.
മറയരുത്...പാപത്തിന്റെ കടം നാം വീട്ടിക്കഴിഞ്ഞു.
നിയമത്തിന്റെ മുന്നിൽ സ്വതന്ത്രരാണു നാം, പാപമറ്റവരാണു നാം.
അറിയാതെ നാം മുറിവേല്പിച്ചവർ നമുക്കു മാപ്പു തരട്ടെ,
അതിനർഹരാണു നാമിരുവരും.
മറയരുത്...മറയാൻ ഒരു നിമിഷമേ വേണ്ടു,
വരാനുള്ള നൂറ്റാണ്ടുകളിൽ പക്ഷേ, നാമെങ്ങനെ കണ്ടുമുട്ടും?
നിന്നെപ്പോലൊരാൾ ലോകത്തു വേറെ കാണുമോ,
എന്നെപ്പോലൊരാളും? നമ്മുടെ കുട്ടികളിൽ കണ്ടാലായി.
മറയരുത്...നിന്റെ കൈത്തലം തരൂ.
അതിൽ എന്നെ എഴുതിയിരിക്കുന്നു- എന്നു ഞാൻ വിശ്വസിക്കുന്നു.
ഒരാളുടെ അന്ത്യപ്രണയത്തെ ഭയാനകമാക്കുന്നത്
അതു പ്രണയമല്ലെന്നതല്ല, നഷ്ടഭീതിയാണ്.
1977
അന്തിമവിശ്വാസം
അത്ര വക്രതയാണു നമുക്കെന്നതിനാൽ
മോക്ഷം നമുക്കു പറഞ്ഞിട്ടുള്ളതല്ലെന്നു വരുമോ,
റോക്കറ്റുകൾ ചിറകു വച്ചുയരുന്ന ഒരു കാലത്ത്
ചിറകു മുളയ്ക്കാത്തവയാണു നമ്മുടെ ചിന്തകളെന്നും?
അവസാനത്തെ പുഴയിലേക്കു നോക്കിനില്ക്കുന്ന
വളർച്ച മുരടിച്ച ബിർച്ചുമരം
കുമിളയിടുന്ന തിളവെള്ളത്തിൽ കാണുന്നത്
അവസാനത്തെ മനുഷ്യനെയാണെന്നു വരുമോ?
ബിഗ് ബൻ, സെയിന്റ് ബാസിൽ, നോത്രുദാം
ഇതൊന്നും ശേഷിക്കില്ലെന്നു വരുമോ,
നമ്മുടെ അവസാനത്തെ കാൽവയ്പ്പുകളിൽ
ന്യൂട്രോൺ നുരകളാണു വന്നലയ്ക്കുന്നതെന്നും?
എനിക്കു വിശ്വാസമല്ല പക്ഷേ,
ഈ ഗ്രഹം, ചെറിമരങ്ങൾ, കിളികൾ, കുഞ്ഞുങ്ങൾ,
നശിക്കാനുള്ളവയാണവയെന്ന്.
ഈ അവിശ്വാസമാണെന്റെ അന്തിമവിശ്വാസം.
ഇനി മേൽ ഗോപുരങ്ങൾക്കുള്ളിൽ
തലയോട്ടികൾ കൂമ്പാരം കൂടില്ല.
യുദ്ധത്തിനു ശേഷമല്ല, അതിനു മുമ്പായിരിക്കും
അവസാനത്തെ ന്യൂറംബർഗുണ്ടാവുന്നതും.
ഭൂമിയിലെ അവസാനത്തെ പട്ടാളക്കാരൻ
തോൾവാറു വലിച്ചൊരു ചാലിലേക്കെറിയും,
അതിന്മേൽ തുമ്പികൾ വന്നിരിക്കുന്നത്
ശാന്തനായി കണ്ടുനില്ക്കും.
തെമ്മാടിത്തരങ്ങളെല്ലാം അവസാനിക്കും.
ജനങ്ങളറിയും- നാമൊരേ കുടുംബം.
അവസാനത്തെ ഭരണകൂടം
സ്വയം പിരിച്ചുവിടുകയും ചെയ്യും.
അവസാനത്തെ ചൂഷകൻ
പല്ലില്ലാത്ത വായ തുറന്ന്
അവസാനത്തെ നാണയമെടുത്തു വിഴുങ്ങും,
ആരും കാണാതൊരു നാരങ്ങാമിട്ടായി പോലെ.
അവസാനത്തെ ഭീരുവായ പത്രാധിപരാവട്ടെ,
താൻ നശിപ്പിച്ച സർവതും
സ്റ്റേജിൽ കയറിനിന്നൊന്നായി വായിക്കാൻ
നിത്യശിക്ഷക്കു വിധിക്കപ്പെടും.
അവസാനത്തെ ബ്യൂറോക്രാറ്റിന്റെ തൊള്ളയിൽ
അയാളിനി മിണ്ടരുത്, അനങ്ങരുത് എന്നതിനായി,
അയാൾക്കുള്ള ശമ്പളമായി,
അവസാനത്തെ റബ്ബർ സ്റ്റാമ്പ് കുത്തിത്തിരുകും.
അവസാനനാളുകളെക്കുറിച്ചുള്ള ഭീതിയില്ലാതെ
ഭൂഗോളം പിന്നെയും തിരിയും;
അവസാനത്തെ മഹാകവി എന്നൊരാൾ
ഭാഷയിൽ ജനിക്കുകയുമില്ല.
1982
കാലത്തിന്റെ മേൽക്കെട്ടിയ്ക്കു നേർക്ക്...
കാലത്തിന്റെ മേൽക്കെട്ടിയ്ക്കു നേർക്കു പറക്കുമ്പോൾ
തുറസ്സിലൊരിടത്തൊന്നു വിശ്രമിക്കാനെനിയ്ക്കു മോഹം;
മഴവില്ലു കമാനം വയ്ക്കുന്ന ഏദൻതോട്ടത്തിലല്ല,
വെറുമൊരു പച്ചക്കറിപ്പാടത്ത്!
എന്റെ മുഖത്തിനു ചുറ്റുമങ്ങനെ
ജീവൻ പച്ചയാർന്നു വളരട്ടെ,
വെള്ളരിയുടെ മുഖക്കുരുക്കളുമായി,
നേർത്തുനീലിച്ച പൂക്കളുമായി.
എന്റെ പല്ലുകളിലുരസ്സട്ടെ,
എന്റെ ചുണ്ടുകളിലേക്കു ചാടിക്കയറട്ടെ,
ലോലവും സുന്ദരവുമായൊരു കാരറ്റും,
തുടുത്ത ചുളിവുകളിൽ മൺതരികളുമായി.
ഉദ്ധതനായൊരു കൊച്ചുകൂമ്പ്,
പ്രായത്തിൽ കവിഞ്ഞ മിടുക്കൻ,
എന്റെ വാരിയ്ക്കിട്ടൊന്നു കുത്തട്ടെ,
ഒരു മര്യാദയുമില്ലാതെന്നോടു പറയട്ടെ:
‘താനൊന്നു മാറുന്നുണ്ടോ!
എന്റെ വളർച്ച തടയുകയാണു താൻ!’
ഞാനവനോടു ചോദിക്കും: ‘സഖാവേ,
ആരാണു താങ്കൾ- ഉള്ളിയോ, വെള്ളുള്ളിയോ?‘
അമ്മ
അമ്മയ്ക്കും മകനുമിടയിൽ
മാരകമായൊരു തുല്യതക്കുറവുണ്ട്,
മുതിർന്നവനാണെങ്കിൽ, ഒറ്റമകനാണെങ്കിൽ
വിശേഷിച്ചും.
ഒരു സ്ത്രീ ആകർഷിക്കാൻ ശ്രമിക്കുന്ന അവസാനത്തെ പുരുഷൻ
-അതവളുടെ മകനായിരിക്കും.
അമ്മ വന്നെന്റെ കിടക്കയുടെ വിളുമ്പിൽ സാവധാനമിരിക്കുമ്പോൾ,
നനഞ്ഞ ഷൂസുകളൂരിമാറ്റുമ്പോൾ,
മാരകമായൊരാർദ്രതയോടെ
ഒരു ചോദ്യമവരുടെ ചുണ്ടുകളിലേക്കുയരുന്നു:
സന്തോഷം നിറഞ്ഞതല്ലത്, നീരസവുമതിലില്ല:
“മോനേ, നിനക്കെന്തു പറ്റി?”
ഹൃദയാലുത്വമാണു ചൂണ്ടയെങ്കിൽപോലും
മകനിൽ നിന്നൊരു മറുപടി പിടിച്ചെടുക്കാൻ നിങ്ങൾക്കാവില്ല.
ഭൂമി പിളർന്നു മറയാനും തയ്യാറായിക്കൊണ്ടു ഞാൻ പിറുപിറുക്കുന്നു,
ഭീരുവായ മകന്റെ കള്ളക്കളിയെടുക്കുന്നു:
“എനിക്കൊന്നുമില്ലമ്മേ,
അമ്മ നന്നായിരിക്കുന്നല്ലോ...”
എനിക്കെന്റെ അമ്മയോടു ശരിക്കും യാതൊന്നും പറയാനില്ലേ,
എന്നെ ഉയർത്തിക്കൊണ്ടുവന്നവളോട്,
ഇപ്പോൾ ഇടിഞ്ഞുവീണുകിടക്കുകയാണു ഞാനെങ്കിലും?
ഞാൻ വാക്കുകളിലൊളിക്കുന്നു:
“വിഷമിക്കാനൊന്നുമില്ല...”
എനിക്കു പറയാനുണ്ട്, എന്നാൽ പറയാനാവുന്നില്ല.
ഞങ്ങൾക്കിടയിലെ അന്തരാളം കണ്ണീരു കൊണ്ടു നിറയുന്നു,
എന്നാൽ ഞങ്ങളെ അപരിചിതരാക്കുന്ന ആ അന്തരാളത്തിനു മേൽ
പാലം പണിയാൻ എനിക്കാവില്ല.
എനിക്കുതന്നെ താങ്ങാൻ പറ്റാത്ത ഭാരങ്ങൾ
അമ്മയുടെ ചുമലുകളിൽ വച്ചുകൊടുക്കാനുമാവില്ല.
അച്ഛന്മാർ ആകസ്മികതകളാണ്.
അമ്മമാർ മാത്രമേ എന്നും യഥാർത്ഥമായിട്ടുള്ളു.
അവർക്കു പകരം വയ്ക്കാൻ ഭൂമിയിൽ ഒരു ശക്തിയുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ