2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ഇറ്റാലോ കാൽവിനോ- ആരാണ്‌ കടലിൽ മൈൻ കൊണ്ടിട്ടത്?



ബാങ്കർ പോമ്പോണിയോയുടെ വില്ലയിൽ വരാന്തയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വിരുന്നുകാർ. അതാ, ജനറൽ അമലസുന്റ; മൂന്നാം ലോകമഹായുദ്ധം എങ്ങനെയിരിക്കുമെന്ന് കപ്പുകളുടേയും സ്പൂണുകളുടേയും സഹായത്തോടെ വിശദീകരിക്കുകയാണയാൾ. അതു കേട്ടിട്ട് സിനോറ പോമ്പോണിയോ പറയുന്നു: “എത്ര ഘോരം!” അങ്ങനെയിങ്ങനെ കുലുങ്ങുന്ന പ്രകൃതമായിരുന്നില്ലല്ലോ അവർ.

സിനോറ അമലസുന്റ മാത്രമേ എന്തെങ്കിലും പരിഭ്രമം പുറത്തു കാണിച്ചുള്ളു; അതിനവരെ കുറ്റം പറയാനുമില്ല; എന്തെന്നാൽ നാലു മുന്നണികളിലൂടെയും ഇരച്ചുകയറി അടച്ചുകെട്ടിയുള്ള ഒരാക്രമണം എന്ന ആശയം സധൈര്യം മുന്നോട്ടു വയ്ക്കുകയായിരുന്നല്ലോ, അവരുടെ ഭർത്താവ്. “അതധികകാലം നീണ്ടുനില്ക്കാതിരിക്കട്ടെ,” അവർ പറഞ്ഞു.

പത്രപ്രവർത്തകനായ സ്ട്രബോണിയോ സംശയാലുവായിരുന്നു. “ഓ, അതൊക്കെ പണ്ടേ ആളുകൾ പറഞ്ഞതല്ലേ,” അയാൾ പറഞ്ഞു. “സാറിനോർമ്മയില്ലേ, കഴിഞ്ഞ കൊല്ലം ഒരു ലേഖനത്തിൽ ഞാൻ...”

“അതേയതെ,” പോമ്പോണിയോ കോട്ടുവായിട്ടു; അയാൾക്ക് ആ ലേഖനം ഓർമ്മയുണ്ടായിരുന്നു, സ്ട്രബോണിയോ അതെഴുതിയത് താനുമായി ഒരു ഇന്റർവ്യൂ നടത്തിയതിനു ശേഷമാണെന്നതിനാൽ വിശേഷിച്ചും.

“അതേ സമയം, ഒരു കാര്യം നാം വിട്ടുകളയരുത്...” സെനറ്റർ ഉച്ചെല്ലിനി പറയാൻ തുടങ്ങി; അനിവാര്യമായ ആ സംഘർഷത്തിനു മുമ്പും ഇടയ്ക്കും പിന്നീടും വത്തിക്കാന്റെ സമാധാനദൗത്യം വഹിക്കാൻ പോകുന്ന പങ്കിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നല്കാൻ ശ്രമിച്ച് അയാൾ പരാജയപ്പെട്ടത് അല്പം മുമ്പായിരുന്നു.

“പിന്നല്ലാതെ, തീർച്ചയായും...”തങ്ങൾക്കും അതേ അഭിപ്രായമാണെന്ന മട്ടിൽ മറ്റുള്ളവർ അയാളെ പിന്താങ്ങി. സെനറ്ററുടെ ഭാര്യയെ പോമ്പോണിയോ വച്ചുകൊണ്ടിരിക്കുകയാണെന്നതിനാൽ അയാൾ സഹതാപമർഹിക്കുന്നു എന്ന് അവർ കരുതി.

വരയൻ തുണി കൊണ്ടുള്ള മേല്ക്കെട്ടിയുടെ വിടവുകളിലൂടെ കടൽ കാണാമായിരുന്നു; തീരത്തു മേലുരുമ്മിക്കിടക്കുകയാണത്; ഇളംകാറ്റു കടന്നുപോകുമ്പോൾ മുതുകു വളയ്ക്കുന്ന, അന്യമനസ്കനായ, സ്വസ്ഥനായ ഒരു പൂച്ചയെപ്പോലെ.

ആർക്കെങ്കിലും ഞണ്ടോ കക്കയോ വേണമോയെന്ന് ഒരു വേലക്കാരൻ കടന്നുവന്നു ചോദിച്ചു. രണ്ടു കൂട നിറയെ മേല്പറഞ്ഞതുമായി ഒരു കിഴവൻ വന്നിട്ടുണ്ട്. യുദ്ധം മൂലമുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ച പെട്ടെന്ന് പകർച്ചപ്പനിയെക്കുറിച്ചായി. ജനറൽ ആഫ്രിക്കയിലെ സംഭവങ്ങളെക്കുറിച്ചു പറഞ്ഞു, സ്ട്രബോണിയോ സാഹിത്യകൃതികളിലെ പരാമർശങ്ങൾ ഉദാഹരിച്ചു, സെനറ്റർ എല്ലാവരും പറഞ്ഞത് ശരി വയ്ക്കുകയും ചെയ്തു. കടൽമീനിന്റെ കാര്യത്തിൽ ഒരു വിദഗ്ധനെന്നു പരിഗണിക്കാവുന്ന പോമ്പോണിയോ നല്ലത് താൻ നോക്കിയെടുത്തുകൊള്ളാമെന്നു പറഞ്ഞുകൊണ്ട് കിഴവനെ കൂടകളുമായി ഉള്ളിലേക്കു പറഞ്ഞുവിടാൻ ഉത്തരവിട്ടു.

കിഴവന്റെ പേര്‌ ബാച്ചി ഡെല്ല റോച്ചെ എന്നായിരുന്നു. ആരും തന്റെ കൂടകളിൽ തൊടുന്നത് ഇഷ്ടമല്ലാത്തതിനാൽ വേലക്കാരനുമായി ഒരു കശപിശ കഴിഞ്ഞിട്ടാണ്‌ ആളുടെ വരവ്. രണ്ടു കൂടകളുണ്ടായിരുന്നത് രണ്ടും പാതി പൊളിഞ്ഞിട്ടും ദ്രവിച്ചിട്ടുമാണ്‌. ഇടുപ്പിൽ വച്ചിരുന്ന ഒരെണ്ണം കയറിവന്നപാടെ അയാൾ താഴേക്കിട്ടു; മറ്റേത് അയാളുടെ തോളത്തായിരുന്നു- അതിനു നല്ല കനമുണ്ടായിരുന്നിരിക്കണം, കാരണം, ഭാരം കൊണ്ട് ഒന്നു വളഞ്ഞിട്ടാണ്‌ അയാൾ കയറിവന്നത്; അയാൾ അത് വളരെ പതുക്കെ നിലത്തു വച്ചു. പഴയ ഒരു ചാക്കു കൊണ്ട് അത് മൂടിക്കെട്ടിയിരുന്നു.

ബാച്ചിയുടെ തല മുഴുവൻ പതുപതുത്ത വെളുത്ത മുടിയായിരുന്നു; മുടിയും താടിയും തമ്മിൽ വേർതിരിവുമില്ല. അവിടവിടെ പുറത്തേക്കു കണ്ടിരുന്ന തൊലിയ്ക്ക് കടുംചുവപ്പുനിറമായിരുന്നു; സൂര്യൻ ഇത്ര കൊല്ലം പണിയെടുത്തിട്ടും അതിനെ ഒന്നു പൊള്ളിച്ചുവെന്നല്ലാതെ കരുവാളിപ്പിക്കാൻ ആയിട്ടില്ല എന്നപോലെ. കണ്ണുകൾ കലങ്ങിച്ചുവന്നു കിടക്കുന്നു, അവയിലെ നനവു പോലും മണലായി മാറിയപോലെ. ദേഹം ഉയരം കുറഞ്ഞ് കുട്ടികളുടേതു കണക്കെ; ഷർട്ടു പോലുമിടാത്ത ദേഹത്തൊട്ടിപ്പിടിച്ചുകിടക്കുന്ന പുരാതനമായ ഓവർക്കോട്ടിന്റെ കീറലുകൾക്കിടയിലൂടെ ആകെ മുട്ടും മുഴയുമായ കൈകാലുകൾ എറിച്ചുനില്ക്കുന്നു. അയാളിട്ടിരിക്കുന്ന ഷൂസു പോലും കടലിൽ നിന്നു കോരിയെടുത്തതാണെന്നേ തോന്നൂ; അത്രയ്ക്കു വികൃതവും പഴന്തോലുമായ ആ ചെരുപ്പുകൾ ഒരേ ജോഡി പോലുമായിരുന്നില്ല. ചീയുന്ന കടല്പായലിന്റെ കുത്തുന്ന മണമാണ്‌ അയാളുടെ ദേഹത്തു നിന്നു വമിച്ചുകൊണ്ടിരുന്നത്.

“ആഹ, എന്താ ചേല്‌!” സ്ത്രീജനങ്ങൾ ഒന്നാകെ അഭിപ്രായപ്പെട്ടു.

ബാച്ചി ഡെല്ല റോച്ചെ ഭാരം കുറഞ്ഞ കൂടയുടെ മൂടി തുറന്ന് അതിലുണ്ടായിരുന്ന ഞണ്ടുകൾ എല്ലാവരെയും കൊണ്ടുനടന്നു കാണിച്ചു. ചെവിക്കു തൂക്കിപ്പിടിച്ചെടുക്കേണ്ട മുയലുകളെപ്പോലെയാണ്‌ അയാൾ അവയെ കൈകാര്യം ചെയ്തത്; അവയുടെ ചുവന്നു പതുപതുത്ത അടിഭാഗം കാണുന്നതിനായി അയാൾ അവയെ മറിച്ചിട്ടു. ഞണ്ടിനടിയിലെ ചാക്കിനു താഴെ കക്കകളായിരുന്നു.

പോമ്പോണിയോ എല്ലാം ശ്രദ്ധയോടെ തൊട്ടും മണത്തും പരിശോധിച്ചു. “തന്റെ നാട്ടിലെ ഓടയിലൊന്നും വളരുന്നതല്ലല്ലോ, അല്ലേ?” അയാൾ ചോദിച്ചു.

ബാച്ചി താടിക്കിടയിലൂടെ പുഞ്ചിരിച്ചു. “അയ്യോ, അല്ലേ, ഞാനങ്ങ് മലമ്പ്രദേശത്താണേ, ഓടയൊക്കെ ഇവിടത്തെ കുളിമുറികളിൽ നിന്നല്ലേ...”

വിരുന്നുകാർ പെട്ടെന്ന് വിഷയം മാറ്റി. അവർ കുറേ ഞണ്ടും കക്കയും വാങ്ങിയിട്ട് വരുന്ന ദിവസം കൂറേക്കൂടി കൊണ്ടുവരാൻ ബാച്ചിയോടു പറഞ്ഞു. ചിലർ തങ്ങളുടെ വിസിറ്റിംഗ് കാർഡു കൂടി അയാൾക്കു കൊടുത്തു; അയാൾക്കു വേണമെങ്കിൽ തങ്ങളുടെ വില്ലകളിൽ നേരിട്ടു വരാമല്ലോ.

“അതിരിക്കട്ടെ, തന്റെ മറ്റേക്കൂടയിൽ എന്താണ്‌?” അവർ അന്വേഷിച്ചു.

“അതോ,” കിഴവൻ ഒന്നു കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു, “അതൊരു മുട്ടൻ മീനാണ്‌. പക്ഷേ വില്ക്കാനല്ല.”

“എന്നിട്ടു താനതെന്തു ചെയ്യാൻ പോകുന്നു? താൻ തന്നെയങ്ങു തിന്നുമോ?“

”തിന്നാനോ! ഇരുമ്പു കൊണ്ടുള്ള മീനാണത്...എനിക്കതിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ചു തിരിച്ചുകൊടുക്കാനുള്ളതാണ്‌. എന്തു വേണമെന്ന് പിന്നെ അയാൾക്കു തന്നെയങ്ങു തീരുമാനിക്കാമല്ലോ, അല്ലേ?“

മറ്റുള്ളവർക്ക് ഒന്നും മനസ്സിലായില്ല.

”ഞാൻ പറയാം,“ അയാൾ വിശദീകരിച്ചു, ”കടലിൽ നിന്നു കിട്ടുന്നതൊക്കെ ഞാൻ തരം തിരിച്ചു വയ്ക്കാറുണ്ട്. പാട്ടയൊക്കെ ഒരു വശത്ത്, ഷൂസെല്ലാം വേറൊരിടത്ത്, എല്ലുകളൊക്കെ ഇനിയൊരിടത്ത്. അപ്പോഴാണ്‌ ഈ സംഗതി പൊങ്ങിവരുന്നത്. ഞാൻ ഇതെന്തു ചെയ്യാൻ? പാതി വെള്ളത്തിനു മുകളിലായിട്ടാണ്‌ ഞാനിത് കടലിൽ ഒഴുകിനടക്കുന്നതു കണ്ടത്; തുരുമ്പിച്ച്, പായലു പിടിച്ചു പച്ചനിറമായിരുന്നു. ഈ സാധനങ്ങളൊക്കെ കടലിൽ കൊണ്ടു തള്ളുന്നതെന്തിനാണെന്നാണ്‌ എനിക്കു മനസ്സിലാകാത്തത്. നിങ്ങളുടെ മെത്തയ്ക്കടിയിൽ ഇതു കണ്ടാൽ നിങ്ങൾക്കെന്തു തോന്നും? അല്ലെങ്കിൽ അലമാരയിൽ? എനിക്കിതു കടലിൽ നിന്നു കിട്ടിയതാണ്‌; അതു കടലിൽ കൊണ്ടിട്ടയാളെ നോക്കിനടക്കുകയാണ്‌ ഞാനിപ്പോൾ; ആളെ കണ്ടാൽ ഞാൻ അയാളോടു പറയും, ‘ഇതു പിടിച്ചോ, ഇനി കുറച്ചു നേരം നിങ്ങളുടെ കൈയിലിരിക്കട്ടെ!’“

പറയുന്നതിനിടയിൽ അയാൾ കൂടയ്ക്കടുത്തു ചെന്ന് മുകളിലത്തെ ചാക്കു മാറ്റിയിട്ട് വലിപ്പമുള്ള, ബീഭത്സമായ ഒരു ഇരുമ്പുസാധനം കാണിച്ചുകൊടുത്തു. അതെന്താണെന്ന് സ്ത്രീകൾക്ക് ആദ്യം മനസ്സിലായില്ല; എന്നാൽ ”അതൊരു മൈനാണ്‌!“ എന്ന് ജനറൽ അമലസുന്റ ഉറക്കെപ്പറഞ്ഞപ്പോൾ അവർ ഒരുമിച്ചലമുറയിട്ടു; സിനോറ പോമ്പോണിയക്കു മോഹാലസ്യവും വന്നു.

ആകെ കൂട്ടക്കുഴപ്പമായി; ഒരാൾ സിനോറയ്ക്കു വീശിക്കൊടുക്കുന്നു, വേറൊരാൾ എല്ലാവരെയും സമാധാനിപ്പിക്കുന്നു: “ഇങ്ങനെ പേടിക്കാനൊന്നുമില്ലെന്നേ, ഇത്രയും കാലം കടലിൽ കിടന്നതല്ലേ”; മറ്റൊരാൾ പറയുകയായിരുന്നു: “എത്രയും പെട്ടെന്ന് അതെടുത്തു വെളിയിലാക്കണം, ആ കിഴവനെ അറസ്റ്റു ചെയ്യുകയും വേണം.” പക്ഷേ കിഴവൻ മറഞ്ഞുകഴിഞ്ഞിരുന്നു, ഒപ്പം പേടിപ്പെടുത്തുന്ന ആ കൂടയും.

ആതിഥേയൻ വേലക്കാരെ വിളിച്ചു. “അയാളെ കണ്ടോ? എങ്ങോട്ടാണയാൾ പോയത്?” അയാൾ ശരിക്കും സ്ഥലം വിട്ടോയെന്ന് ആർക്കും ഉറപ്പുണ്ടായില്ല. “വീട്ടിനകമെല്ലാം പരിശോധിക്കുക; എല്ലാ അലമാരയും വലിപ്പുമെല്ലാം തുറന്നുനോക്കുക, സ്റ്റോർ മുറി ഒഴിപ്പിക്കുക!”

“അവനവന്റെ തടി നോക്കിക്കോ!” പെട്ടെന്നു വിളറിവെളുത്തുകൊണ്ട് അമലസുന്റ അലറി. “ഈ വീട് അപകടത്തിലാണ്‌- എല്ലാവരും പുറത്തേക്കിറങ്ങുക!”

“എന്റെ വീടു മാത്രമാണൊ അങ്ങനെ?” പോമ്പോണിയോ പ്രതിഷേധിച്ചു. “തന്റെ കാര്യമോ, ജനറലേ?”

“എനിക്കൊന്നു വീട്ടിൽ പോകണം,” വിലപിടിപ്പുള്ള ചില സാധനങ്ങളുടെ കാര്യം ഓർമ്മിച്ചുകൊണ്ട് സ്ട്രബോണിയോ പറഞ്ഞു.

“പീത്രോ!” ഓടിവന്ന് ഭർത്താവിന്റെ ദേഹത്തു വീണുകൊണ്ട് സിനോറ പോമ്പോണിയോ കരഞ്ഞു.

“പിയേറിനോ!” പോമ്പോണിയോയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച്, അയാളുടെ നിയമാനുസൃതമായ ഭാര്യയെ നേരിട്ടുകൊണ്ടും സിനോറ ഉച്ചെല്ലിനിയും നിലവിളിച്ചു.

“ലൂയിസാ!” സെനറ്റർ ഉച്ചെല്ലിനി നിരൂപിച്ചു. “നമുക്കു വീട്ടിൽ പോകാം!”

“നിങ്ങളുടെ വീടത്ര സുരക്ഷിതാണെന്നു തോന്നുന്നുണ്ടോ?” മറ്റുള്ളവർ പറഞ്ഞു. “നിങ്ങളുടെ പാർട്ടിയുടെ നയം നോക്കിയാൽ ഞങ്ങളാരെക്കാളും അപകടത്തിലാണ്‌ നിങ്ങളുടെ സ്ഥിതി!”

അപ്പോഴാണ്‌ ഉച്ചെല്ലിനിക്ക് തലയ്ക്കുള്ളിൽ ഒരു മിന്നലുണ്ടായത്. “നമുക്ക് പോലീസിനെ വിളിക്കാം!”
***


മൈനും കൊണ്ടു നടക്കുന്ന ഒരു കിഴവനെ തേടി പോലീസ് ആ കടലോരനഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. പോമ്പോണിയോയുടെയും ജനറൽ അമലസുന്റയുടേയും സ്ട്രബോണിയോയുടേയും സെനറ്റർ ഉച്ചെല്ലിനിയുടേയും വില്ലകൾക്കു മുന്നിൽ സായുധരായ പോലീസുകാരുമായി പിക്കറ്റുകൾ സ്ഥാപിക്കപ്പെട്ടു; ആർമ്മിയിലെ എഞ്ചിനീയറിംഗ് യൂണിറ്റ് മൈൻ ഡിറ്റക്റ്ററുകളുമായി നിലവറ മുതൽ തട്ടുമ്പുറം വരെ പരിശോധിച്ചു.
പോമ്പോണിയോയുടെ വീട്ടിൽ അന്നു രാത്രിയിൽ ഉണ്ടായിരുന്നവരൊക്കെ പുറത്തു തമ്പടിച്ചു കഴിച്ചുകൂട്ടി.

ഇതിനിടെ ഗ്രിംപാന്റെ എന്നു പേരുള്ള ഒരു കള്ളക്കടത്തുകാരൻ, എവിടെ എന്തു നടന്നാലും അതയാൾ തന്റെ ആൾക്കാർ വഴി മണത്തറിഞ്ഞിരുന്നു, സ്വന്തനിലയ്ക്ക് കിഴവൻ ബാച്ചിയെ കണ്ടുപിടിക്കാൻ ഇറങ്ങി. നാവികരുടെ വെളുത്ത ഡ്രിൽ ക്യാപ്പും വച്ചു നടക്കുന്ന ഈ ഗ്രിംപാന്റെ ഒരു കൂറ്റൻ രൂപമായിരുന്നു; കടലിലോ കരയിലോ നടക്കുന്ന ഏതു കറുത്ത ഇടപാടും അയാളുടെ കൈകളിലൂടെയല്ലാതെ കടന്നുപോയിട്ടില്ല. ഗ്രിംപാന്റെ സമയം കളയാതെ ടൗണിലെ ചാരായക്കടകളിലൂടെ ഒരു സന്ദർശനം നടത്തി; കൂടുതൽ അലയേണ്ടിവന്നില്ല, ബാച്ചി കുടിച്ചു ലക്കു കെട്ട്, തോളത്ത് ആ രഹസ്യക്കൂടയുമായി ഒരു ചാരായക്കടയിൽ നിന്നിറങ്ങിവരുന്നത് അയാൾ കണ്ടു.
അയാൾ കിഴവനെ ഒരു ചാരായക്കടയിലേക്കു ക്ഷണിച്ചു; ഒഴിച്ചുകൊടുക്കുന്നതിനിടയിൽ അയാൾ തന്റെ പ്ലാൻ പറഞ്ഞുതുടങ്ങി.

“മൈനിന്റെ ഉടമയെ അന്വേഷിച്ചു നടക്കുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ല,” അയാൾ പറഞ്ഞു, “അയാൾ പിന്നെയും അതേ സ്ഥലത്തുതന്നെ കൊണ്ടിടും. മറിച്ച്, ഞാൻ പറയുന്നതു കേട്ടാൽ, ഈ കടപ്പുറത്തുള്ള ചന്തകൾ മുഴുവൻ നമുക്ക് മീൻ കൊണ്ടു തട്ടാം, ഒന്നുരണ്ടു ദിവസം കൊണ്ട് നമ്മൾ രണ്ടും ലക്ഷപ്രഭുക്കളാവുകയും ചെയ്യും.”

സെഫെറിനോ എന്നു പേരായി, പ്രത്യേകിച്ചു വേലയും കൂലിയുമൊന്നുമില്ലാത്ത ഒരു പയ്യൻ ആ ഭാഗത്തുണ്ടായിരുന്നു; എവിടെയും നുഴഞ്ഞുകയറാൻ നല്ല മിടുക്കാണവന്‌; ഈ രണ്ടുപേരും ചാരായക്കടയിലേക്കു കയറിപ്പോകുന്നതു കണ്ടപ്പോൾ അവൻ അവരുടെ മേശയ്ക്കടിയിൽ കയറി ഒളിച്ചിരുന്നു. ഗ്രിംപാന്റേയുടെ ഉള്ളിലിരുപ്പു മനസ്സിലായപ്പോൾ അവൻ ഓടി ചേരിയിലേക്കു ചെന്നിട്ട് അവിടുത്തെ പാവങ്ങൾക്കിടയിൽ കാര്യം പറഞ്ഞുപരത്തി.
“ഇന്നു പൊരിക്കാൻ ആർക്കെങ്കിലും മീൻ വേണോ?”

ഇടുങ്ങിവളഞ്ഞ ജനാലകൾക്കുള്ളിൽ നിന്ന് തലകൾ പുറത്തേക്കു നീണ്ടു: കുഞ്ഞുങ്ങൾക്കു മുല കൊടുത്തും കൊണ്ട് മെലിഞ്ഞ്, മുടി പാറിയ സ്ത്രീകൾ, ചെവിയിൽ കുഴലുകളുമായി വൃദ്ധജനങ്ങൾ, പച്ചക്കറി അരിയുന്ന വീട്ടമ്മമാർ, മുഖം വടിക്കുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാർ.

“കാര്യമെന്താ, കാര്യമെന്താ?”

“ശ്ശ്, ശ്ശ്, എന്റെ കൂടെ വാ,” സെഫെറിനോ പറഞ്ഞു.

ഗ്രിംപാന്റെ വീട്ടിൽ ചെന്ന് പഴയ ഒരു വയലിൻ പെട്ടിയുമെടുത്ത് ബാച്ചിയുടെ കൂടെ പോയി. കടലോരത്തു കൂടിയുള്ള വഴിയിലൂടെയാണ്‌ അവർ പോയത്. ചേരിയിലെ സകല പാവപ്പെട്ടവരും ഒച്ചയുണ്ടാക്കാതെ അവരെ പിന്തുടർന്നു: തോളത്തു ചട്ടികളുമായി സ്ത്രീകൾ, ഇരുന്നുകുളിക്കാനുള്ള സ്റ്റൂളുകളുമായി തളർവാതം പിടിച്ച വൃദ്ധന്മാർ, താങ്ങുവടികളുമായി ഞൊണ്ടികൾ, ഇവരെല്ലാവരെയും ചുറ്റി കുട്ടിപ്പട്ടാളങ്ങളും.

മുനമ്പത്തെ പാറക്കെട്ടിനു മുകളിലെത്തിയപ്പോൾ ബാച്ചിയും ഗ്രിംപാന്റെയും കൂടി മൈനെടുത്തു കടലിലേക്കെറിഞ്ഞു; കടൽ അപ്പോൾത്തന്നെ അത് ഉള്ളിലേക്കു വലിച്ചെടുക്കുകയും ചെയ്തു. ഗ്രിംപാന്റെ വയലിൻപെട്ടിയിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്ത് പാറകൾക്കു പിന്നിലായി സ്ഥാപിച്ചു. മൈൻ വെടി കൊള്ളുന്ന ദൂരത്തെത്തിയപ്പോൾ അയാൾ വെടി വയ്ക്കാൻ തുടങ്ങി; വെള്ളത്തിൽ നിന്ന് കൊച്ചുകൊച്ചു ജലധാരകൾ പൊന്തി. റോഡു നീളെ കമിഴ്ന്നുകിടന്നിരുന്ന പാവപ്പെട്ടവർ ചെവി പൊത്തി.

പെട്ടെന്ന്, മൈൻ അവസാനമായി കണ്ട സ്ഥലത്തു നിന്ന്, ഒരു ജലസ്തംഭം മുകളിലേക്കുയർന്നു. അത്യുഗ്രമായ ഒരു സ്ഫോടനമാണുണ്ടായത്. ചുറ്റുമുള്ള വില്ലകളുടെ ജനാലച്ചില്ലുകൾ തകർന്നു. പിന്നാലെയുണ്ടായ കൂറ്റൻ തിര റോഡു വരെയെത്തി. കടലടങ്ങിയതും ജലപ്പരപ്പാകെ  വെളുത്ത വിരിപ്പു കൊണ്ടു മൂടിയതുപോലെ ചത്തുമലച്ച മീൻ കൊണ്ടു നിറഞ്ഞു. കിഴവൻ ബാച്ചിയും ഗ്രിംപാന്റെയും കൂടി വലിയൊരു വലയെടുത്തെറിയാൻ പോകുമ്പോഴേക്കും റോഡിൽ നിന്നിരച്ചിറങ്ങിയ ആൾക്കൂട്ടം അവരെ പിന്നിലാക്കി കടലിലേക്കോടിയിറങ്ങി.

ആ പാവപ്പെട്ടവർ ഇട്ടിരുന്ന വേഷത്തോടെയാണ്‌ വെള്ളത്തിലേക്കു ചാടിയത്; ചിലർ കാലുറകൾ തെറുത്തുകയറ്റി, ചെരുപ്പൂരി കൈയിൽ പിടിച്ചിട്ടായിരുന്നു, വേറേ ചിലർ തുണിയും ചെരുപ്പുമൊന്നും ഊരാതെതന്നെയായിരുന്നു, സ്ത്രീകൾക്കു ചുറ്റും അവരുടെ പാവാടകൾ വൃത്തങ്ങളായി പൊന്തിക്കിടന്നിരുന്നു; എല്ലാവരും ചത്ത മീനുകളെ വാരിയെടുക്കുകയായിരുന്നു.

കൈയിലും തൊപ്പിയിലും ചെരുപ്പിലുമൊക്കെയായി അവർ മീൻ കോരിയെടുത്തു; പോക്കറ്റിലും സഞ്ചിയിലും അവർ അതു കുത്തിനിറച്ചു. കുട്ടികൾക്കായിരുന്നു വേഗത കൂടുതൽ. എന്നാൽ ആരും ഉന്താനും തള്ളാനുമൊന്നും പോയില്ല; കിട്ടുന്നത് ഒരേപോലെ വീതിച്ചെടുക്കാമെന്ന് അവർ മുമ്പേതന്നെ തീരുമാനത്തിലെത്തിയതായിരുന്നല്ലോ. അവർ പ്രായമായവരെ സഹായിക്കുകകൂടി ചെയ്തു; ഇടയ്ക്കു തെന്നി വെള്ളത്തിൽ വീഴുന്ന കിഴവന്മാർ പൊങ്ങിവരുന്നത് താടിയിൽ കുരുങ്ങിയ പായലും കൊഞ്ചുമായിട്ടായിരുന്നു. ഏറ്റവും ഭാഗ്യവതികൾ കന്യാസ്ത്രീകളായിരുന്നു; രണ്ടു പേർ കൂടി തട്ടമെടുത്തു നിവർത്തിപിടിച്ചാൽ കടൽ അരിച്ചെടുക്കാൻ അതു മതി. ഇടയ്ക്കിടെ ഒരു സുന്ദരിക്കൊച്ചിന്റെ “ശോ! ശോ!” എന്ന സീല്ക്കാരം ഉയർന്നുകേൾക്കാം; ഒരു ചത്ത മീൻ അവളുടെ പാവാടയുടെ അടിയിലേക്കു നുഴഞ്ഞുകയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ അതു വീണ്ടെടുക്കാൻ ഊളിയിട്ടതാണത്.

പിന്നെ കടപ്പുറത്തു കൂട്ടിയ അടുപ്പുകളിൽ ഉണങ്ങിയ കടല്പായലെരിഞ്ഞു; ചിലർ ചട്ടികൾ കൊണ്ടുവന്നു. കീശകളിൽ നിന്ന് ചെറിയ എണ്ണക്കുപ്പികൾ പുറത്തുവന്നു; പൊരിച്ച മീനിന്റെ മണം വായുവിലെങ്ങും പരന്നു. തോക്കിന്റെ പേരിൽ പോലീസ് പിടിക്കുമോയെന്ന പേടി കാരണം ഗ്രിംപാന്റെ ആരുമറിയാതെ കടന്നുകളഞ്ഞിരുന്നു. എന്നാൽ കിഴവൻ ബാച്ചി ആൾക്കൂട്ടത്തിന്റെ ഒത്ത നടുക്കുണ്ടായിരുന്നു; സംതൃപ്തിയോടെ ഒരു നന്തൽ പച്ചയ്ക്കു ചവയ്ക്കുമ്പോൾ അയാൾ ഉടുത്തിരുന്നതിന്റെ ഓരോ കീറലിൽ നിന്നും മീനുകളും ഞണ്ടുകളും കൊഞ്ചുകളും അടർന്നുവീണിരുന്നു.
***

(Adam, One Afternoon എന്ന സമാഹാരത്തില്‍ നിന്ന് )