1. പൂച്ചയും ഇറച്ചിയും
വിരുന്നുകാർ വരുമ്പോൾ വിളമ്പാനായി നസ്രുദീൻ കുറേ ഇറച്ചി വാങ്ങി ഭാര്യയെ ഏൽപിച്ചു. വിഭവങ്ങൾ വന്നപ്പോൾ പക്ഷേ അതിൽ ഇറച്ചിയുണ്ടായിരുന്നില്ല. ഭാര്യ കൊതിനിൽക്കാതെ അതുമൊത്തം തിന്നുകളഞ്ഞിരുന്നു.
'ഒക്കെ പൂച്ച തിന്നുപോയി,' അവർ പറഞ്ഞു.
നസ്രുദീൻ പൂച്ചയെ തൂക്കിനോക്കി. കൃത്യം മൂന്നു റാത്തലുണ്ട്.
‘ഇതു പൂച്ചയാണെങ്കിൽ,' നസ്രുദീൻ തന്റെ സംശയം പ്രകടമാക്കി, 'എവിടെ ഇറച്ചി? ഇനിയഥവാ, ഇതിറച്ചിയാണെങ്കിൽ-പൂച്ചയെവിടെ?'
*
2. തിരയുമ്പോൾ വെളിച്ചമുള്ളിടത്തു തിരയുക
നസ്രുദീൻ തന്റെ വീട്ടുമുറ്റത്തിരുന്ന് എന്തോ തിരയുന്നത് അയൽക്കാരൻ കണ്ടു.
'എന്തെങ്കിലും കാണാതെപോയോ മുല്ലാ?' അയാൾ ചോദിച്ചു. 'ചാവി കാണാനില്ല,' മുല്ലാ പറഞ്ഞു. അങ്ങനെ രണ്ടുപേരും കുന്തിച്ചിരുന്ന് ചാവിതിരച്ചിലായി.
അൽപനേരംകഴിഞ്ഞ് അയൽക്കാരൻ ചോദിച്ചു: 'ശരിക്കും എവിടെവച്ചാണു തനിക്കതു കാണാതെപോയത്?'
'എന്റെ വീട്ടിനുള്ളിൽ.'
'പിന്നെ താനെന്തിനാ ഇവിടെക്കിടന്നു തിരയുന്നത്!'
'ഇവിടല്ലേ കൂടുതൽ വെളിച്ചമുള്ളത്!'
*
3. ആപത്തിന് ഇന്നാരെന്നില്ല
ഒരു സ്ത്രീ തന്റെ കൊച്ചുമകനെ മുല്ലായുടെ പാഠശാലയിൽ കൊണ്ടുചെന്നു.
'ഞാൻ പറഞ്ഞിട്ട് ഇവൻ കേൾക്കുന്നതേയില്ല,' സ്ത്രീ പറഞ്ഞു. 'മുല്ലാ ഇവനെയൊന്നു പേടിപ്പിക്കണേ.'
മുല്ലാ ഒരു പിശാചിന്റെ മട്ടെടുത്തുകൊണ്ട് മുഖം വക്രിപ്പിക്കുകയും കണ്ണു തുറിപ്പിക്കുകയും ചെയ്തു. എന്നിട്ടു പെട്ടെന്ന് പുറത്തേക്കോടിപ്പോയി. വന്ന സ്ത്രീ പേടിച്ചു ബോധം കെട്ടു വീണു. ബോധം വീണപ്പോൾ മുല്ലാ പതുക്കെ അടുത്തുചെന്നു.
'കുട്ടിയെ പേടിപ്പിക്കാനല്ലേ മുല്ലാ, ഞാൻ പറഞ്ഞത്? എന്നെ പേടിപ്പിക്കാനല്ലല്ലോ.'
'അമ്മേ,' മുല്ലാ പറഞ്ഞു, 'എനിക്കുതന്നെ എന്നെ എന്തു പേടിയായിരുന്നുവെന്ന് നിങ്ങൾ കണ്ടതല്ലേ? ആപത്തു വരുമ്പോൾ അതിനു വേർതിരിവൊന്നുമില്ല.
4. അവർക്കു വേണ്ടതു കിട്ടി
പാതിരാത്രിക്ക് തന്റെ വീടിനു പുറത്ത് ആരോ ശണ്ഠയിടുന്നത് നസ്രുദീൻ കേട്ടു. ആകെയുള്ള ഒരു പുതപ്പുമെടുത്തു പുതച്ചുകൊണ്ട് നസ്രുദീൻ ലഹള കേട്ടിടത്തേക്കു ചെന്നു. ശണ്ഠയൊതുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റു രണ്ടുപേരും പുതപ്പും തട്ടിയെടുത്ത് ഓടിമറഞ്ഞു.
'എന്തിനെച്ചൊല്ലിയായിരുന്നു അവരുടെ വഴക്ക്?' മുല്ലാ മടങ്ങിച്ചെന്നപ്പോൾ ഭാര്യ ചോദിച്ചു.
'അതാ പുതപ്പിനു വേണ്ടിയാണെന്നു തോന്നുന്നു. അതു കിട്ടിയപ്പോൾ അവരുടെ വഴക്കും തീർന്നു.'
*
5. കള്ളന്മാർ
പാതിരാത്രിക്ക് ആരോ വിട്ടിനുള്ളിൽ കയറിയതറിഞ്ഞു പേടിച്ചുപോയ മുല്ല്ലാ ഒരു അലമാരക്കുള്ളിൽ കയറി ഒളിച്ചു. കള്ളന്മാർ തിരച്ചിലിനിടയിൽ അലമാര തുറന്നപ്പോൾ മുല്ലാ അതിനുള്ളിൽ പേടിച്ചരണ്ട് കൂനിക്കൂടിയിരിക്കുന്നതു കണ്ടു.
'താനെന്താ ഇതിനുള്ളിൽ ഒളിച്ചിരിക്കുന്നത്?' കള്ളന്മാർ ചോദിച്ചു.
'നിങ്ങൾക്കു പറ്റിയതൊന്നും ഈ വീട്ടിലില്ലാത്തതിന്റെ നാണക്കേടുകൊണ്ട് ഒളിച്ചുപോയതാണ്.'
*
6. തിന്നാനുള്ള വക-വായിക്കാനുള്ള വക
ആട്ടിൻകരളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു മുല്ലാ. ആട്ടിൻകരളു കൊണ്ട് ഒരു വിശേഷവിഭവമുണ്ടാക്കാനുള്ള കുറിപ്പടി ഒരു ചങ്ങാതി എഴുതിക്കൊടുത്തയച്ചത് മറ്റേക്കൈയിലുമുണ്ട്.
പെട്ടെന്ന് ഒരു പരുന്തു വന്ന് ആട്ടിൻകരളും കൊത്തിയെടുത്തു പറന്നു.
'കൊണ്ടുപോ,കൊണ്ടുപോ!' മുല്ലാ പരുന്തിനെ നോക്കി പറഞ്ഞു. 'നിനക്കു കരളല്ലേ കൈയിൽക്കിട്ടിയുള്ളു; അതുകൊണ്ടു കറിവയ്ക്കാനുള്ള കുറിപ്പടി എന്റെ കൈയിലല്ലേ!'
7. മരുഭൂമിയിൽ നടന്നത്
'ഞാൻ മരുഭൂമിയിലൂടെ യാത്രചെയ്യുമ്പോൾ,' മുല്ലാ ഒരു ദിവസം പറഞ്ഞു, 'ക്രൂരന്മാരും രക്തദാഹികളുമായ ഒരു പറ്റം മുഷ്കരന്മാരെ ഞാനിട്ടോടിച്ചു.'
'അതെങ്ങനെ മുല്ലാ?'
'അതെളുപ്പമായിരുന്നെന്നേ. അവരെക്കണ്ടപ്പോൾ ഞാൻ ഒരോട്ടം വച്ചുകൊടുത്തു. അവർ എന്റെ പിന്നാലെയും ഓടി!'
8. ഇരുട്ടത്തെന്തിടത്തുവലത്ത്
മുല്ലാ ചങ്ങാതിയുമായി സംസാരിച്ചിരിക്കുകയായിരുന്നു; കുറേക്കഴിഞ്ഞപ്പോൾ ഇരുട്ടായി.
'ഇരുട്ടായില്ലേ, ഒരു മെഴുകുതിരി കൊളുത്ത്, ചങ്ങാതീ,' കൂട്ടുകാരൻ പറഞ്ഞു. 'തന്റെ ഇടതുഭാഗത്ത് ഒരു മെഴുകുതിരികിടപ്പുണ്ട്.'
'ഈയിരുട്ടത്ത് എന്റെ ഇടത്തും വലത്തും ഞാനെങ്ങനെയാടോ തിരിച്ചറിയുന്നത്!' മുല്ലാ ക്ഷോഭിച്ചു.
*
9. എന്തോ വീണു!
നസ്രുദീന്റെ മുറിയിൽ എന്തോ വീഴുന്ന ഒച്ച കേട്ട് ഭാര്യ ഓടിച്ചെന്നു.
'പേടിക്കാനൊന്നുമില്ല,' ഭാര്യയോട് മുല്ലാ പറഞ്ഞു. 'എന്റെ കുപ്പായം നിലത്തു വീണതാണ്.'
'കുപ്പായം നിലത്തു വീണാൽ ഇങ്ങനെ ഒച്ചയുണ്ടാകുമോ?'
'പിന്നില്ലാതെ, അതിനുള്ളിൽ ഞാനുമുണ്ടായിരുന്നു!'
*
10. ഒമ്പതെങ്കിൽ ഒമ്പത്
ആരോ തനിക്ക് വെള്ളിനാണയങ്ങൾ എണ്ണിത്തരുന്നതായി നസ്രുദീൻ സ്വപ്നം കണ്ടു. ഒമ്പതു നാണയങ്ങൾ കൈയിലായപ്പോൾ അദൃശ്യനായ ദാതാവ് തന്റെ ദാനകർമ്മം നിർത്തിക്കളഞ്ഞു.
'പത്തു തികച്ചുതാ!' നസ്രുദീൻ ഒച്ചയിട്ടു; അതോടെ അയാളുടെ സ്വപ്നവും മുറിഞ്ഞു.
നിരാശനായ നസ്രുദീൻ വീണ്ടും കണ്ണുകളടച്ചുകൊണ്ട് ഇങ്ങനെ പിറുപിറുത്തു: 'ശരി ശരി, ഒമ്പതെങ്കിൽ ഒമ്പത്; അതിങ്ങു തന്നാട്ടെ!'
*
11. പ്രയോഗം
നസ്രുദീൻ തന്റെ വീടിനു ചുറ്റും അപ്പക്കഷണങ്ങൾ വിതറുകയായിരുന്നു.
'താനെന്തായീ ചെയ്യുന്നത്?' ആരോ ചോദിച്ചു.
'കടുവകൾ അടുക്കാതിരിക്കാനുള്ള വഴിയാണ്.'
'അതിന് ഈ ഭാഗത്തൊന്നും കടുവയില്ലല്ലോ.'
'കണ്ടോ, എന്റെ പ്രയോഗം ഫലിച്ചില്ലേ!'
*
12. ജനിക്കുന്ന കലങ്ങൾ മരിക്കുന്ന കലങ്ങൾ
അയൽവീട്ടിൽ ഒരു സദ്യ ഒരുക്കാൻ നസ്രുദീൻ തന്റെ കലം കടംകൊടുത്തു. ആവശ്യം കഴിഞ്ഞ് കലം തിരിച്ചുകൊടുക്കുമ്പോൾ അയൽക്കാരൻ ഒരു കുഞ്ഞുകലം കൂടി ഒപ്പം കൊടുത്തു.
'ഇതെന്താ?' മുല്ലാ ചോദിച്ചു.
'നിങ്ങളുടെ സ്വത്ത് എന്റെ കൈവശമായിരുന്നപ്പോൾ അതിനു ജനിച്ച സന്തതിയാണിത്; നിയമമനുസരിച്ച് അതിന്റെ അവകാശി നിങ്ങളാണ്,' അയൽക്കാരൻ മുല്ലായെ കളിയാക്കാനായി ചെയ്തതാണത്.
പിന്നൊരിക്കൽ നസ്രുദീൻ തന്റെ അയൽക്കാരന്റെ പക്കൽ നിന്ന് കുറേ കലങ്ങൾ കടം വാങ്ങി; പക്ഷേ പിന്നെ തിരിച്ചുകൊടുക്കാൻ പോയില്ല.
ഒടുവിൽ അയാൾ മുല്ലായുടെ വീട്ടിൽച്ചെന്ന് തന്റെ കലങ്ങൾ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.
'എന്തു ചെയ്യാനാ കൂട്ടേ!,' മുല്ലാ പരിതപിച്ചു. 'ഒക്കെ ചത്തുപോയി. കലങ്ങൾ ജീവനുള്ളവയാണെന്ന് നമുക്കു മനസ്സിലായിട്ടുള്ളതല്ലേ! ജനിച്ചവ മരിക്കുകയും വേണമല്ലോ!'
*
13. ചുറ്റുപാടുകൾക്കനുസരിച്ച്
മഴ കോരിച്ചൊരിയുകയാണ്. നാട്ടിലെ ഒരു പ്രമാണി നനയാതെ കേറിനിൽക്കാൻ ഒരിടം തേടി ഓടുകയായിരുന്നു. നസ്രുദീൻ ഇതു കണ്ട് അയാളെ ശാസിച്ചു: 'ദൈവത്തിന്റെ അനുഗ്രഹത്തിൽ നിന്നൊളിച്ചോടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു! മഴയെന്നു പറയുന്നത് എല്ലാ സൃഷ്ടികൾക്കും മേലുള്ള അനുഗ്രഹവർഷമാണെന്ന് നിങ്ങൾ മനസ്സ്സിലാക്കേണ്ടതല്ലേ?'
താനൊരു മോശക്കാരനാണെന്നു വരുത്താൻ പ്രമാണിക്കു താൽപ്പര്യമുണ്ടായിരുന്നില്ല. 'ഓ, അതുകൊണ്ടൊന്നുമല്ല,' എന്നു പിറുപിറുത്തുകൊണ്ട് അയാൾ നടത്തം മന്ദഗതിയിലാക്കി; ഒടുവിൽ നനഞ്ഞുകുളിച്ചുകൊണ്ട് അയാൾ വീട്ടിൽച്ചെന്നുകേറി; ജലദോഷം പിടിച്ചുവെന്ന് പിന്നെ പറയേണ്ടല്ലോ.
അധികനേരം കഴിഞ്ഞില്ല, മൂടിപ്പുതച്ച് ജനാലയ്ക്കലിരിക്കുമ്പോൾ അതേ നസ്രുദീൻ മഴയത്തോടിപ്പോകുന്നത് പ്രമാണി കണ്ടു. അയാൾ മുല്ലായെ കൈകൊട്ടി വിളിച്ചു; 'താനല്ലേ പറഞ്ഞത് ദൈവത്തിന്റെ അനുഗ്രഹവർഷമാണ് മഴയെന്നും അതിൽനിന്നോടിപ്പോകരുതെന്നും? എന്നിട്ടു താനെന്താണീ കാണിക്കുന്നത്?'
'ഓ അതോ,' നസ്രുദീൻ കൂസലില്ലാതെ പറഞ്ഞു, 'ദൈവാനുഗ്രഹത്തെ എന്റെ കാലുകൊണ്ടു ചവിട്ടി അശുദ്ധമാക്കരുതെന്നു കരുതിയിട്ടല്ലേ ഞാനങ്ങനെ ചെയ്തത്!'
14. നസ്രുദീന്റെ പ്രസംഗം
നസ്രുദീനെ ഒന്നു കളിയാക്കണമെന്ന് നാട്ടിൽ ചിലർക്കു തോന്നി. പള്ളിയിൽ ഒരു പ്രസംഗം നടത്താൻ അവർ ചെന്ന് മുല്ലായെ വിളിച്ചു. മുല്ലാ സമ്മതിച്ചു.
നസ്രുദീൻ പ്രസംഗപീഠത്തിൽ കയറിനിന്ന് ഇങ്ങനെ തുടങ്ങി:
'സഹോദരന്മാരേ, ഞാൻ എന്തിനെക്കുറിച്ചാണു സംസാരിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'
'ഇല്ല!' എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചുകൂവി.
'അപ്പോൾപ്പിന്നെ ഞാനെന്തു ചെയ്യാൻ? ഒന്നുമറിയാത്തവരോട് എന്തിനെക്കുറിച്ചാണു പറഞ്ഞുതുടങ്ങുക!' തന്റെ സമയം നഷ്ടപ്പെടുത്തിയ അജ്ഞാനികൾക്കുമേൽ തന്റെ അവജ്ഞ പ്രകടമാക്കിക്കൊണ്ട് മുല്ലാ പ്രസംഗവേദിയിൽ നിന്നിറങ്ങി നേരേ വീട്ടിലേക്കു പോയി.
നാട്ടുകാർ പക്ഷേ വിട്ടില്ല; ഒരു സംഘം വീണ്ടും മുല്ലായെ ചെന്നുകണ്ടു; അടുത്ത വെള്ളിയാഴ്ച ഒന്നുകൂടി പ്രസംഗിക്കാൻ വരണമെന്ന് അവർ അപേക്ഷിച്ചു.
നസ്രുദീൻ പ്രസംഗം തുടങ്ങിയത് തന്റെ പഴയ ചോദ്യം ആവർത്തിച്ചുകൊണ്ടാണ്.
ഇത്തവണ എല്ലാവരുടെയും ഉത്തരം ഇതായിരുന്നു:
'ഉവ്വുവ്വ്, ഞങ്ങൾക്കെല്ലാം അറിയാം!'
'അങ്ങനെയാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ഇവിടെപ്പിടിച്ചിരുത്തുന്നതെന്തിനാണ്?' മുല്ലാ പറഞ്ഞു. 'എല്ലാവരും വീട്ടിൽപ്പൊയ്ക്കോ!'
ഒരുതവണ കൂടി പ്രസംഗിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ച് മുല്ലാ അടുത്ത വെള്ളിയാഴ്ചയും പ്രസംഗിക്കാൻ കയറി.
'ഞാൻ എന്തിനെക്കുറിച്ചാണു പ്രസംഗിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'
സദസ്യർ തയാറായിട്ടിരിക്കുകയായിരുന്നു.
'ഞങ്ങളിൽ ചിലർക്കറിയാം, ചിലർക്കറിയില്ല.'
'അതു നന്നായി!' നസ്രുദീൻ പറഞ്ഞു. 'അറിയാവുന്നവർ അറിയാത്തവർക്കു പറഞ്ഞുകൊടുക്കട്ടെ!'
എന്നിട്ടയാൾ തന്റെ വീട്ടിലേക്കും പോയി.
*
15. അറിയേണ്ടതേത്
നസ്രുദീൻ ഒരിക്കൽ വലിയൊരു പണ്ഡിതനെയും വഞ്ചിയിലിരുത്തി പുഴ കടക്കുകയായിരുന്നു. വർത്തമാനത്തിനിടയിൽ നസ്രുദീൻ എന്തോ വ്യാകരണപ്പിഴ വരുത്തി.
'താൻ വ്യാകരണം പഠിച്ചിട്ടില്ലേ?' പണ്ഡിതൻ ചോദിച്ചു.
'ഇല്ല.'
'അപ്പോൾ തന്റെ പാതിജീവിതം തുലഞ്ഞു.'
അൽപനേരം കഴിഞ്ഞ് നസ്രുദീൻ പണ്ഡിതനെ നോക്കി ചോദിച്ചു, 'അങ്ങെക്കു നീന്തലറിയുമോ?'
'ഇല്ല. എന്താ കാര്യം?'
'അപ്പോൾ അങ്ങയുടെ മുഴുവൻ ജീവിതവും തുലഞ്ഞു-നമ്മുടെ വഞ്ചിയിൽ വെള്ളം കേറുകയാണ്!'
*
16. കാര്യവും കാരണവും
മുല്ലാ നസ്രുദീൻ ഒരിക്കൽ ഒരിടവഴിയിലൂടെ നടന്നുപോകുമ്പോൾ അടുത്ത വീടിന്റെ മേൽക്കൂരയിൽ നിന്ന് ഒരാൾ നേരെ നസ്രുദീന്റെ മേൽ ചെന്നുവീണു. വീണയാൾക്ക് ഒന്നും പറ്റിയില്ല; പക്ഷേ മുല്ലായെ ആശുപത്രിയിലേക്കെടുക്കേണ്ടിവന്നു.
'ഇതിൽനിന്ന് എന്തു പാഠമാണു പഠിക്കാനുള്ളതു ഗുരോ?' ഒരു ശിഷ്യൻ ചോദിച്ചു.
'ഇന്നതിന്റെ തുടർച്ചയായി ഇന്നതു സംഭവിക്കും എന്നു വാശിപിടിക്കരുത്; ഒരാൾ മേൽക്കൂരയിൽ നിന്നു വീണാൽ അയാളുടെ കഴുത്തൊടിയില്ലേ എന്നുള്ള സൈദ്ധാന്തികവിചാരം വേണ്ടേ വേണ്ട; വീണതയാൾ, കഴുത്തൊടിഞ്ഞത് എന്റേതും!'
*
17. മാറ്റിവച്ച മുഖം
നസ്രുദീൻ ഒരിക്കൽ ഒരു ധനികന്റെ വീട്ടിൽ ധർമ്മം ചോദിച്ചുചെന്നു. യജമാനൻ പുറത്തുപോയിരിക്കുകയാണെന്ന് വേലക്കാരൻ വന്നറിയിച്ചു.
'അതായിക്കോട്ടെ,' നസ്രുദീൻ പറഞ്ഞു; 'അദ്ദേഹം ഒന്നും തന്നില്ലെങ്കിലും എന്റെവക ഈ ഉപദേശം നീ അദ്ദേഹത്തിനു കൊടുക്കാൻ മറക്കരുത്: "ഇനി പുറത്തുപോകുമ്പോൾ മുഖം ജനാലപ്പടിയിൽ വച്ചിട്ടുപോകരുത്-ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകും."
18. അയക്കോലിലും മാവുണക്കാം
ഒരയൽക്കാരൻ നസ്രുദീന്റെ വീട്ടിൽ അയക്കോൽ വായ്പവാങ്ങാൻ ചെന്നു.
'അയ്യോ, ഇപ്പോഴത് ഒഴിവില്ലല്ലോ; ഞാനതിൽ ഗോതമ്പുമാവുണക്കാനിട്ടിരിക്കുകയാണ്.'
'അതെങ്ങനെ മുല്ലാ, ചരടിന്മേൽ മാവുണക്കാൻ പറ്റുമോ?'
'അതു വായ്പ കൊടുക്കാൻ ഒരാൾക്കിഷ്ടമില്ലെങ്കിൽ താൻ വിചാരിക്കും പോലെ അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല അത്!'
*
19. വെള്ളത്തിൽ വീണ മുല്ല
നസ്രുദീൻ ഒരിക്കൽ കുളത്തിൽ വീഴാൻപോയി. വഴിയേപോയ ഒരാൾ തക്കസമയത്തു കേറിപ്പിടിച്ചതുകൊണ്ട് മുല്ലാ നനയാതെ രക്ഷ്പ്പെട്ടു. പക്ഷേ പിന്നീടെപ്പോൾ കണ്ടാലും താനുണ്ടായതുകൊണ്ട് മുല്ലാ നനഞ്ഞില്ല എന്ന് മറ്റേയാൾ പറഞ്ഞുനടക്കാൻ തുടങ്ങി. ഒടുവിൽ സഹികെട്ട മുല്ലാ അയാളെ കുളത്തിനടുത്തേക്കു പിടിച്ചുകൊണ്ടുപോയി നിർത്തിയിട്ട് താൻ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നു; എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: 'താൻ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇത്രയും നനഞ്ഞേനേ; ഇനി തനിക്കെന്നെയൊന്നു വെറുതേവിടാമോ!'
*
20. ഭയമുണ്ടായാൽ മതി
'താൻ വലിയ സിദ്ധനാണെന്നല്ലേ ആളുകൾ പറയുന്നത്? മറഞ്ഞുകിടക്കുന്നതു കാണാനുള്ള തന്റെ കഴിവ് എനിക്കിപ്പോൾ കാണണം; ഇല്ലെങ്കിൽ ഞാൻ തന്നെ തൂക്കിലേറ്റാൻ പോവുകയാണ്!' ക്രൂരനായ ഒരു രാജാവ് നസ്രുദീനെ ഭീഷണിപ്പെടുത്തി. താൻ ആകാശത്തൊരു സ്വർണ്ണപ്പക്ഷിയേയും ഭൂമിക്കടിയിൽ പിശാചുക്കളേയും കാണുന്നുവെന്ന് നസ്രുദീൻ ഉടനേ ചാടിക്കയറിപ്പറഞ്ഞു. 'തനിക്കിതെങ്ങനെ സാധിക്കുന്നു?' രാജാവു ചോദിച്ചു. 'ഭയമുണ്ടായാൽ എന്തും സാധിക്കും തമ്പുരാനേ!' നസ്രുദീൻ പറഞ്ഞു.
21. ചെവി കടിച്ച ഒരാൾ
ഒരിക്കൽ നസ്രുദീൻ ന്യായാധിപനായിരിക്കുമ്പോൾ രണ്ടുപേർ കോടതിയിലെത്തി. 'ഈയാൾ എന്റെ ചെവി കടിച്ചുപറിച്ചു-എനിക്കതിനു നഷ്ടപരിഹാരം കിട്ടണം,' ഒരാൾ പറഞ്ഞു.
'ഞാനൊന്നും ചെയ്തില്ല, അയാൾ തന്നെ സ്വന്തം ചെവി കടിച്ചുമുറിച്ചതാണ്' എന്നാണു മറ്റേയാളുടെ വാദം.
നസ്രുദീൻ കോടതി പിരിച്ചുവിട്ടിട്ട് സ്വന്തം മുറിയിലേക്കു പോയി; എന്നിട്ട് ഒരര മണിക്കൂർ സ്വന്തം ചെവിയിൽ കടിക്കാൻ പറ്റുമോയെന്ന് ശ്രമിച്ചുനോക്കി. അതിനിടയിൽ താഴെവീണ് നെറ്റിയിൽ ഒരു പാടുമായി.
കോടതി വീണ്ടും കൂടിയപ്പോൾ ചെവി മുറിഞ്ഞയാളെ പരിശോധിക്കാൻ നസ്രുദീൻ ഉത്തരവിട്ടു: 'അയാളുടെ നെറ്റിയിൽ പാടുണ്ടെങ്കിൽ അയാൾ തന്നെ സ്വന്തം ചെവി കടിച്ചുമുറിച്ചതാണ്; അയാളുടെ കേസ് നിലനിൽക്കില്ല. നെറ്റിയിൽ പാടില്ലെങ്കിൽ കൃത്യം ചെയ്തതു മറ്റേയാൾ തന്നെ; അയാൾക്കു മൂന്നു വെള്ളിനാണയം പിഴയും വിധിക്കുന്നു.'
22. വസ്തുതയും സൂചനയും
തന്റെ കൈയ്യിൽ എന്താണുള്ളതെന്നറിയാമോയെന്ന് ഒരിക്കൽ ഒരാൾ മുല്ലായോടു ചോദിച്ചു.
'ഒരു സൂചന തരൂ,' മുല്ലാ പറഞ്ഞു.
'ഒന്നല്ല, എത്രയെങ്കിലും തരാം,' എന്നായി മറ്റേയാൾ. 'അതിനൊരു മുട്ടയുടെ ആകൃതിയാണ്, മുട്ടയുടെ വലിപ്പമാണ്, രുചിയും മണവും മുട്ടയുടേതു തന്നെയാണ്. വേവിക്കുന്നതിനു മുമ്പ് അതിനുള്ളിൽ ദ്രാവകരൂപത്തിലുള്ള ഒരു വസ്തുവാണുള്ളത്; പക്ഷേ വേവിച്ചുകഴിഞ്ഞാൽ അത് ഉറഞ്ഞുകൂടുകയും ചെയ്യും. അതിനൊക്കെപ്പുറമേ ഒരു പിടക്കോഴിയാണതിടുന്നത്...'
'ഇപ്പോഴെനിക്കു മനസ്സിലായി!' മുല്ലാ ഇടയ്‌ക്കുകയറിപ്പറഞ്ഞു. 'അതൊരുതരം അപ്പമാണ്!'
*
23. മരിച്ചൊരാൾ
നസ്രുദീന്റെ ആത്മഗതം അൽപം ഉച്ചത്തിലായിപ്പോയി: 'എനിക്കു ജീവനുണ്ടോ ഇല്ലയോയെന്ന് എനിക്കെങ്ങനെയറിയാം?'
'അതേതു വിഡ്ഢിക്കും അറിയാവുന്നതല്ലേ?' ഭാര്യ പറഞ്ഞു. 'മരിച്ചുപോയാൽ നിങ്ങളുടെ കൈയും കാലും മരവിച്ചിരിക്കും.'
അൽപനേരം കഴിഞ്ഞ് മുല്ലാ കാട്ടിൽ മരം വെട്ടാൻ പോയി. നല്ല മഞ്ഞുകാലമായിരുന്നു. തന്റെ കൈയും കാലും തണുത്തുമരവിച്ചിരിക്കുന്നതായി പെട്ടെന്നു മുല്ലായ്ക്കു തോന്നി.
'ഞാൻ മരിച്ചുപോയി എന്നതിൽ ഒരു സംശയവുമില്ല,' അയാൾ മനസ്സിൽ പറഞ്ഞു; 'ഞാനിനി പണിയും നിർത്തണം, ശവങ്ങൾ പണിയെടുക്കാറില്ലല്ലോ.'
ശവങ്ങൾ നടക്കുക പതിവില്ലാത്തതുകൊണ്ട് അയാൾ നിലത്തു മലർന്നുകിടക്കുകയും ചെയ്തു.
ഈ സമയത്ത് കുറേ ചെന്നായ്ക്കൾ വന്ന് മുല്ലായുടെ കഴുതയെ ആക്രമിച്ചു.
'ആയിക്കോ,ആയിക്കോ; ചത്തയൊരാളെ വച്ച് നീയൊക്കെ മുതലെടുത്തോ!' കിടന്നകിടപ്പിൽ കിടന്നുകൊണ്ട് മുല്ലാ വിളിച്ചുപറഞ്ഞു. 'എനിക്കു ജീവനുണ്ടായിരുന്നെങ്കിൽ ഞാനിതു സമ്മതിക്കുമായിരുന്നില്ല.'
24. ഒന്നും പലതും
അതുമിതുമൊക്കെ വിൽക്കുന്ന ഒരു കടയിൽക്കയറി നസ്രുദീൻ ഇങ്ങനെ ചോദിച്ചു:
'ഇവിടെ തോലുണ്ടോ?'
'ഉണ്ട്.'
'ആണിയുണ്ടോ?'
'ഉണ്ട്.'
'ചായമുണ്ടോ?'
'അതുമുണ്ട്.'
'എന്നാൽ തനിക്കൊരു ചെരുപ്പുണ്ടാക്കിക്കൂടേ!'
*
25.ഞാനാര്
നസ്രുദീൻ ഒരു കടയിൽ കയറിച്ചെന്നു.
എന്തുവേണമെന്നു ചോദിച്ചുകൊണ്ട് കടക്കാരൻ പുറത്തേക്കുവന്നു.
'ഓരോന്നും വഴിക്കുവഴിയേ ആവട്ടെ,' നസ്രുദീൻ പറഞ്ഞു. 'ഞാൻ കടയിലേക്കു കയറിവരുന്നതു നിങ്ങൾ കണ്ടോ?'
'തീർച്ചയായും.'
'നിങ്ങൾ എന്നെ മുമ്പു കണ്ടിട്ടുണ്ടോ?'
'അതില്ല, ഞാൻ നിങ്ങളെ ജീവിതത്തിൽ ആദ്യമായിട്ടാണു കാണുന്നത്.'
'അപ്പോൾപ്പിന്നെ ഇതു ഞാനാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?'
*
26. ചന്ദ്രനും നക്ഷത്രങ്ങളും
'ചന്ദ്രനു പ്രായമാകുമ്പോൾ അതിനെ എന്തു ചെയ്യും?' ഒരു വിവരദോഷി മുല്ലായോടു ചോദിച്ചു.
'അതിനെ കഷണങ്ങളാക്കി മുറിച്ച് നാൽപതു നക്ഷത്രങ്ങളാക്കും.'
27. ഇരുട്ടത്തു കാണാൻ
തനിക്ക് ഇരുട്ടത്തും കണ്ണുകാണാമെന്ന് മുല്ലാ പറഞ്ഞുനടന്നു.
'എങ്കിൽപ്പിന്നെ മുല്ലാ, നിങ്ങളെന്തിനാണു രാത്രിയിൽ ചിലപ്പോൾ മെഴുകുതിരിയും പിടിച്ചുനടക്കുന്നത്?'
'അതു മറ്റുള്ളവർ എന്നെ വന്നു മുട്ടാതിരിക്കാനല്ലേ.'
*
28. ഒരു സൗന്ദര്യപ്പിശക്
നസ്രുദീനെ ഒരിക്കൽ ഒരു ശിഷ്യൻ മനോഹരമായ ഒരു തടാകം കാണിക്കാൻ കൊണ്ടുപോയി.
'ഹാ, എന്തു ഭംഗി!' നസ്രുദീൻ ആശ്ചര്യംകൊണ്ടു. 'പക്ഷേ...'
'എന്തു പക്ഷേ?'
'അവരിതിൽ വെള്ളം കോരിയൊഴിക്കാതിരുന്നെങ്കിൽ ഇതിലും ഭംഗിയായേനേ!'
*
29. ആരെ വിശ്വസിക്കണം
ഒരയൽക്കാരൻ ചന്തയ്ക്കുപോകാനായി നസ്രുദീന്റെ കഴുതയെ വായ്പ ചോദിച്ചു. അതിനെ മറ്റൊരാൾ കൊണ്ടുപോയിരിക്കുകയാണെന്ന് നസ്രുദീൻ പറഞ്ഞു. ഈ സമയത്ത് തൊഴുത്തിൽ നിന്ന് കഴുത കരയുന്നതു കേട്ടു. 'ഇവിടെ എവിടെയോ കഴുത കരയുന്നതു കേട്ടല്ലോ' എന്നായി അയൽക്കാരൻ. 'നിങ്ങൾക്കാരെയാണു വിശ്വാസം?' നസ്രുദീൻ ചോദിച്ചു. 'എന്നെയോ എന്റെ കഴുതയേയോ?'
30. നാം ഇവിടെ എങ്ങനെയെത്തി?
ഒരുദിവസം രാത്രിയിൽ ആളൊഴിഞ്ഞ വഴിയിലൂടെ ഒറ്റയ്ക്കു നടക്കുമ്പോൾ കുതിരപ്പുറത്തു കുറേപ്പേർ തനിക്കെതിരേ വരുന്നത് നസ്രുദീൻ കണ്ടു. അയാളുടെ ഭാവന ഉണർന്നുപ്രവർത്തിച്ചു; തന്നെ അവർ ആട്ടിപ്പിടിക്കുന്നതായും അടിമയാക്കിക്കൊണ്ടുപോയി വിൽക്കുന്നതായുമൊക്കെ അയാൾ സങ്കൽപ്പിച്ചു.
പിന്നെന്താണു ചെയ്യാനുള്ളത്? അയാൾ ഒറ്റയോട്ടത്തിന് ഒരു ശവപ്പറമ്പിന്റെ മതിലു ചാടി മൂടിയിട്ടില്ലാത്ത ഒരു ശവക്കുഴിയിൽ ചെന്നു കിടന്നു.
നസ്രുദീന്റെ ഈ വിചിത്രമായ പെരുമാറ്റം കണ്ടമ്പരന്നുപോയ യാത്രക്കാർ- അവർ വെറും യാത്രക്കാർ മാത്രമായിരുന്നു, നസ്രുദീൻ ഭാവനയിൽക്കണ്ട ദുഷ്ടന്മാരൊന്നുമായിരുന്നില്ല-അയാളുടെ പിന്നാലെ ചെന്നു.
ശവക്കുഴിയിൽ പേടിച്ചുവിറച്ചുകിടക്കുകയാണയാൾ.
'താൻ ഇതിനകത്തെന്തെടുക്കുകയാണ്? താൻ ഓടുന്നത് ഞങ്ങൾ കണ്ടു. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?'
'ഒരു ചോദ്യം ചോദിച്ചതുകൊണ്ടുമാത്രം കൃത്യമായ ഒരു മറുപടി കിട്ടുമെന്നു പ്രതീക്ഷിക്കരുത്,' തനിക്കു പറ്റിയ അമളി മനസ്സിലായ മുല്ലാ പറഞ്ഞു. 'നിങ്ങൾ എവിടെനിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. അറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കിൽ ഞാൻ പറയാം: നിങ്ങൾ കാരണമാണ് ഞാൻ ഇവിടെയെത്തിയത്, ഞാൻ കാരണം നിങ്ങളും ഇവിടെയെത്തി.'
*
31. കള്ളക്കടത്തുകാരൻ
നസ്രുദീൻ ഇടയ്ക്കിടെ കഴുതയുമായി പേഴ്സ്യ കടന്ന് ഗ്രീസിലേക്കു പോകും. പോകുമ്പോൾ കഴുതപ്പുറത്ത് രണ്ടു വൈക്കോൽക്കൂടകൾ കാണും; തിരിയെ വരുമ്പോൾ ഒന്നുമുണ്ടാവില്ല. ഓരോ തവണയും അതിർത്തികാവൽക്കാർ കള്ളക്കടത്തെന്തെങ്കിലും നടത്തുന്നുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും; പക്ഷേ ഒരിക്കലും അങ്ങനെയെന്തെങ്കിലും കണ്ടുപിടിക്കാൻ അവർക്കു കഴിഞ്ഞതുമില്ല.
'താനെന്താ കൊണ്ടുപോകുന്നത് നസ്രുദീനേ? '
'ഞാനൊരു കള്ളക്കടത്തുകാരനാണേ!'
വർഷങ്ങൾക്കു ശേഷം നസ്രുദീൻ ഈജിപ്തിലേക്കു താമസം മാറ്റി; അപ്പോഴേക്കും അയാൾ വലിയൊരു ധനികനായിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ മുമ്പ് അതിർത്തിയിൽ കാവൽക്കാരനായിരുന്ന ഒരാൾ നസ്രുദീനെ കണ്ടുമുട്ടി.
'ഇപ്പോഴെന്തായാലും ഗ്രീസിന്റെയും പേഴ്സ്യയുടെയുമൊന്നും നിയമങ്ങളെ തനിക്കു പേടിക്കാനില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്, താനന്ന് എന്താണു കടത്തിക്കൊണ്ടുപോയിരുന്നത്?'
'കഴുതകളെ.'
*
32. പുതിയ രാശി
ജ്യോതിഷത്തിൽ താനൊരു വിജ്ഞാനിയാണെന്ന് നസ്രുദീൻ പറഞ്ഞുനടന്നു.
'താനേതു രാശിയിലാണു ജനിച്ചതു മുല്ലാ?' ആരോ ചോദിച്ചു.
'കഴുതരാശിയിൽ.'
'കഴുതരാശിയോ! അങ്ങനെയൊന്ന് എന്റെ ഓർമ്മയിലില്ലല്ലോ.'
'അതു നിങ്ങൾക്ക് എന്നെക്കാൾ പ്രായമുള്ളതുകൊണ്ടാവും; പുതിയതു കുറേ പിന്നീടുണ്ടായിട്ടുണ്ട്.'
*
33. അന്യനാട്ടിലെ പറവ
നസ്രുദീൻ ഒരിക്കൽ ഒരു പഴത്തോട്ടത്തിൽക്കയറി ആപ്പിൾ പറിച്ചുതിന്നു. ഈ സമയത്താണ് തോട്ടക്കാരൻ അതുവഴി വന്നത്. നസ്രുദീൻ ഉടനേ ഒരു മരത്തിനു മുകളിൽ കയറി ഇരുന്നു.
'താനവിടെ എന്തെടുക്കുകയാ?' തോട്ടക്കാരൻ ചോദിച്ചു.
'പാടുകയാണ്. ഞാനൊരു വാനമ്പാടിയാണേ!'
'അതുശരി, വാനമ്പാടിയാണല്ലേ. എന്നാലൊന്നു പാടിയാട്ടെ.'
നസ്രുദീൻ എന്തോ ചില സ്വരങ്ങളൊക്കെ തട്ടിവിട്ടു. തോട്ടക്കാരനു ചിരിവന്നു.
'ഇങ്ങനെയൊരു വാനമ്പാടിയുടെ പാട്ടു ഞാൻ കേട്ടിട്ടേയില്ല,' അയാൾ പറഞ്ഞു.
'അതു നിങ്ങൾ യാത്ര ചെയ്യാത്തതുകൊണ്ടാണ്,' നസ്രുദീൻ പറഞ്ഞു. 'വിദേശത്തുള്ള ഒരു വാനമ്പാടിയാണു ഞാൻ.'
34. കഴുതയ്ക്കൊരു സഹായം
നസ്രുദീൻ കഴുതപ്പുറത്തു വിറകുകെട്ടു കേറ്റിയിട്ട് ജീനിയിന്മേലിരിക്കാതെ വിറകിനു മുകളിൽ കയറിയിരുന്നു. 'തനിക്കെന്താ ജീനിയിലിരുന്നൂടേ?' ആരോ ചോദിച്ചു.
;അതുകൊള്ളാം,' നസ്രുദീൻ പറഞ്ഞു,'ആ പാവത്തെക്കൊണ്ട് എന്നെക്കൂടി ചുമപ്പിക്കാനോ!'
*
35. വിലയെങ്ങനെ?
നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിൽക്കുമ്പോൾ കിളികളെ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ടു; ഒന്നിനു പത്തു മോഹർ. 'ഇതിനെക്കാൾ വലിപ്പമുള്ള എന്റെ കിളിക്ക് ഇതിനെക്കാൾ വിലകിട്ടണമല്ലോ,' അയാൾ മനസ്സിൽ പറഞ്ഞു.
അടുത്ത ദിവസം അയാൾ തന്റെ പിടക്കോഴിയെയുമെടുത്ത് അങ്ങാടിയിൽ ചെന്നു. പക്ഷേ ഒരാളും കോഴിക്ക് ചില്ലറക്കാശല്ലാതെ കൊടുക്കാൻ തയാറായില്ല. മുല്ലാ ഒച്ചയെടുത്തു:
'ഇതെന്താ കളി! ഇന്നലെ ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള കിളികൾക്ക് നിങ്ങൾ നൂറിരട്ടി വില കൊടുത്തല്ലോ.'
'അതു തത്തകളായിരുന്നില്ലേ മുല്ലാ, സംസാരിക്കുന്ന പക്ഷികൾ-അവയ്ക്കു വില കൂടും' ആരോ പറഞ്ഞു.
'നന്നായി!' മുല്ലാ ക്ഷോഭിച്ചു. 'സംസാരിക്കുമെന്നുള്ളതുകൊണ്ട് നിങ്ങൾക്കവയെയാണു കാര്യം, അല്ലേ? മനസ്സിൽ ഉന്നതചിന്തകളും വച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ഈ പക്ഷിയെ നിങ്ങൾക്കു വിലയുമില്ല!'
36. കള്ളനു വഴി പറഞ്ഞുകൊടുക്കുക!
തന്റെ ചാക്കുകെട്ടെടുത്ത് വീട്ടിലെത്തിക്കാൻ അങ്ങാടിയിൽ വച്ച് മുല്ലാ ഒരു കൂലിക്കാരനോടു പറഞ്ഞു. വീട്ടിലേക്കുള്ള വഴി കൂടി പറഞ്ഞുകൊടുക്കാൻ അയാൾ അപേക്ഷിച്ചപ്പോൾ മുല്ലാ തറപ്പിച്ചുനോക്കിക്കൊണ്ടു പറഞ്ഞതിതാണ്:
'നീയൊരു കവർച്ചക്കാരനല്ലെന്നാരു കണ്ടു? നിനക്കു ഞാൻ വീട്ടിലേക്കുള്ള വഴിയും പറഞ്ഞുതരണം, അല്ലേ!'
*
37. തന്നെത്താൻ കാണുക
നടുപ്പാതിരയ്ക്ക് മുല്ലാ തന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ഒളിഞ്ഞുനോക്കുന്നത് വഴിയേ പോയ ഒരാൾ കണ്ടു.
'എന്താ നസ്രുദീനേ, പുറത്തുപെട്ടുപോയോ?' അയാൾ ചോദിച്ചു.
'മിണ്ടല്ലേ, ഞാൻ ഉറക്കത്തിൽ ഇറങ്ങിനടക്കുന്നുവെന്നാണ് ആളുകൾ പറയുന്നത്. എങ്കിൽ എനിക്കതൊന്നു കണ്ടുപിടിക്കണമല്ലോ!'
38. വലയുടെ ഉപയോഗം
ഗ്രാമത്തിലെ ന്യായാധിപനാകാൻ യോഗ്യതയുള്ള ഒരാളെ അന്വേഷിച്ച് രാജാവ് ദൂതന്മാരെ അയച്ചു; എളിമയുള്ള ഒരാളെയാണ് വേണ്ടത്. നസ്രുദീൻ ഇതെങ്ങനെയോ മണത്തറിഞ്ഞു.
സഞ്ചാരികളുടെ വേഷത്തിൽ വന്ന ദൂതന്മാർ ഒരു മീൻവലയും ചുമലിലിട്ടു നിൽക്കുന്ന നസ്രുദീനെയാണു കണ്ടത്.
'അല്ല, ഇതെന്തായിങ്ങനെ മീൻവലയും തോളത്തിട്ടു നിൽക്കുന്നത്?' ഒരു ദൂതൻ ചോദിച്ചു.
'ഓ, അതെന്റെ പഴയകാലം മറന്നുപോകാതിരിക്കാൻ വേണ്ടിയല്ലേ; ഞാനൊരു മുക്കുവനായിരുന്നു.'
ഇത്ര വിശിഷ്ടമായ ഒരു സ്വഭാവഗുണത്തിന്റെ പേരിൽ നസ്രുദീനെ രാജാവ് ഗ്രാമത്തിലെ ന്യായാധിപനായി നിയമിക്കുകയും ചെയ്തു.
കുറേ നാളുകൾക്കു ശേഷം ആ പഴയ ദൂതന്മാരിൽ ഒരാൾ കോടതിയിൽ വച്ച് നസ്രുദീനെ കണ്ടു. അന്നു പക്ഷേ ചുമലിൽ വലയുമൊന്നുമില്ല.
'വലയ്ക്കെന്തു പറ്റി, നസ്രുദീനേ?' അയാൾ ചോദിച്ചു.
'മീൻ വലയിലായിക്കഴിഞ്ഞാൽപ്പിന്നെ വലയുടെ ആവശ്യമെന്താ?' നസ്രുദീൻ ചോദിച്ചു.
*
39. മറിച്ചായിരുന്നെങ്കിൽ
അരണ്ട വെളിച്ചത്തിൽ മുറ്റത്തൊരു വെളുത്ത രൂപം നിൽക്കുന്നതു കണ്ട് മുല്ലാ ഭാര്യയോട് അമ്പും വില്ലും എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉന്നം തെറ്റിയില്ല; വീണുകിടക്കുന്ന രൂപത്തെ നോക്കാൻപോയ മുല്ലാ തിരിച്ചുവന്നത് ആകെ മനസ്സുലഞ്ഞിട്ടാണ്
'ഹൊ, കഷ്ടിച്ചു രക്ഷപ്പെട്ടു! ഉണങ്ങാനിട്ട ആ കുപ്പായത്തിനുള്ളിൽ ഞാനെങ്ങാനുമുണ്ടായിരുന്നെങ്കിൽ അക്ഷണം എന്റെ കഥ കഴിഞ്ഞേനേ. അമ്പുകൊണ്ടത് ചങ്കിൽത്തന്നെയാണ്.'
40. ചെയ്തു പഠിക്കുക
നസ്രുദീൻ തന്റെ വീടിന്റെ മേൽക്കൂരയിലിരുന്ന് എന്തോ പണി ചെയ്യുമ്പോൾ ഒരു ഫക്കീർ താഴെ നിന്നുകൊണ്ടു വിളിച്ചു. നസ്രുദീൻ താഴെയിറങ്ങിവന്നപ്പോൾ തനിക്കെന്തെങ്കിലും ധർമം തരണമെന്ന് ഫക്കീർ ആവശ്യപ്പെട്ടു.
'അതു താഴെ നിന്നങ്ങു വിളിച്ചുപറഞ്ഞാൽപ്പോരായിരുന്നോ?' മുല്ലായ്ക്കു നീരസം തോന്നി. മാനക്കേടു തോന്നിയിട്ടാണെന്നു ഫക്കീർ പറഞ്ഞപ്പോൾ മുല്ലാ അയാളെ വീടിന്റെ മേൽക്കൂരയിലേക്കു ക്ഷണിച്ചു. ഇരുവരും മേൽക്കൂരയിലെത്തി. മുല്ലാ തന്റെ പണി വീണ്ടും തുടങ്ങിക്കൊണ്ട് ഫക്കീറിനോടു പറഞ്ഞു: 'ഇതിനൊക്കെ മാനക്കേടു വിചാരിക്കാനുണ്ടോ? തൽക്കാലം ധർമം തരാൻ എന്റെ കൈയിൽ ഒന്നുമില്ല.'
*
41. ലോകാവസാനം
നസ്രുദീന്റെ വീട്ടിൽ കൊഴുത്തൊരാട്ടിൻകുട്ടിയുണ്ടായിരുന്നു. അതിനെ കറിയാക്കാൻ അയൽക്കാർ പലപാടു ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലോകം അവസാനിക്കാൻ പോവുകയാണെന്ന് അവർ മുല്ലായെ പറഞ്ഞുവിശ്വസിപ്പിച്ചു.
'ആ സ്ഥിതിക്ക് നമുക്കതിനെ തട്ടാം,' മുല്ലാ സമ്മതിച്ചു.
സദ്യ കഴിഞ്ഞ് എല്ലാവരും കുപ്പായങ്ങൾ ഊരിമാറ്റിയിട്ട് ഉറങ്ങാൻ കിടന്നു. ഉറക്കം കഴിഞ്ഞുവന്നപ്പോൾ ആരുടെയും കുപ്പായം കാണാനുണ്ടായിരുന്നില്ല; നസ്രുദീൻ അതൊക്കെ വാരിയിട്ട് തീയിട്ടുകളഞ്ഞു.
അതിഥികൾ ഒച്ചയും ബഹളവുമായപ്പോൾ നസ്രുദീൻ അക്ഷോഭ്യനായി ഇങ്ങനെ പറഞ്ഞു: 'എന്റെ ചങ്ങാതികളേ, നാളെ ലോകം അവസാനിക്കാൻ പോവുകയല്ലേ? പിന്നെ നമുക്കീ കുപ്പായവുമൊക്കെക്കൊണ്ട് എന്തു കാര്യം!'
42. പക്ഷിയായാൽ ഇങ്ങനെയിരിക്കണം
പറന്നുതളർന്ന ഒരു പ്രാപ്പിടിയൻ നസ്രുദീന്റെ ജനാലപ്പടിയിൽ വന്നിരുന്നു. ഇങ്ങനെയൊരു പക്ഷിയെ നസ്രുദീൻ മുമ്പു കണ്ടിട്ടില്ല.
'പാവം!' നസ്രുദീന് ദയ തോന്നി.'നീയെങ്ങനെ ഈ പടുതിയിലെത്തി?'
അയാൾ അതിന്റെ കൊക്കും നഖങ്ങളും ചിറകും വെട്ടിച്ചെറുതാക്കി.
'ഇപ്പോൾ നിനക്കൊരു പക്ഷിയുടെ ലക്ഷണമൊക്കെയുണ്ട്,' നസ്രുദീൻ പറഞ്ഞു.
43. അമാന്തക്കാരൻ
'നിയിങ്ങനെ അമാന്തമായാലെങ്ങനെയാ, നസ്രുദീനേ,' നസ്രുദീനെ വേലയ്ക്കു നിർത്തിയിരുന്ന ഒരാൾ ഒരിക്കൽ അയാളെ വിളിച്ചുശാസിച്ചു.'ഒരുകാര്യം ചെയ്യാൻ പറഞ്ഞാൽ ഒരുമിച്ചതങ്ങു ചെയ്തുകൂടേ? മൂന്നു മുട്ട വാങ്ങാൻ മൂന്നു തവണ ചന്തയിൽപ്പോകണമെന്നുണ്ടോ?' ഇനിമേലിൽ അങ്ങനെയായിക്കോളാമെന്ന് നസ്രുദീൻ സമ്മതിച്ചു. ഒരുദിവസം യജമാനന് സുഖമില്ലാതായി. വൈദ്യരെ വിളിച്ചുകൊണ്ടുവരാൻ നസ്രുദീനെ ഏൽപ്പിച്ചു. വൈദ്യരെ വിളിക്കാൻ പോയ ആൾ തിരിച്ചുവരുന്നത് ഒരുപറ്റം ആൾക്കാരോടൊപ്പമാണ്. 'വൈദ്യരെ കൊണ്ടുവന്നിട്ടുണ്ട് യജമാനനേ,' നസ്രുദീൻ പറഞ്ഞു. 'കൂടെ മറ്റുള്ളവരുമുണ്ട്.' 'ആരാ ഈ മറ്റുള്ളവർ?' 'വൈദ്യർ കഷായമുണ്ടാക്കാൻ പറഞ്ഞാൽ അതിനൊരാളു വേണ്ടേ?കഷായം വയ്ക്കാനുള്ള മരുന്നു വേണമെങ്കിൽ അതു വിൽക്കുന്നവരു വേണ്ടേ? മരുന്നരിഞ്ഞുകൂട്ടാൻ ഒരാളു വേണമല്ലോ? കഷായം തിളപ്പിക്കാനുള്ള വിറകു കീറാനും ആളു വേണം. ഇനിയഥവാ അങ്ങു മരിച്ചുപോവുകയാണെങ്കിൽ കുഴിവെട്ടാനുള്ളയാളെക്കൂടി ഞാൻ വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്.'
44. വിലകൂടിയ ചോദ്യങ്ങൾ
നസ്രുദീൻ വീട്ടിനു മുന്നിൽ ഇങ്ങനെയൊരു പരസ്യപ്പലക സ്ഥാപിച്ചു:"ഏതു വിഷയത്തെക്കുറിച്ചും രണ്ടു ചോദ്യം ചോദിക്കാം, വെറും നൂറു വെള്ളിനാണയം മാത്രം!"
അത്യാവശ്യമായി രണ്ടു കാര്യങ്ങൾ അറിയാനുണ്ടായിരുന്ന ഒരാൾ നാണയങ്ങൾ എണ്ണിക്കൊടുത്തുകൊണ്ട് നസ്രുദീനോടു ചോദിച്ചു; 'രണ്ടു ചോദ്യത്തിന് നൂറു നാണയം അൽപം കൂടുതലല്ലേ, നസ്രുദീനേ?'
'അതെ,' നസ്രുദീൻ പറഞ്ഞു. 'അടുത്ത ചോദ്യം?'
*
45. അതിഥി വിശിഷ്ടനാവുന്നതെപ്പോൾ
നസ്രുദീൻ ഒരിക്കൽ വലിയൊരു വീട്ടിൽ വിരുന്നിനു പോയി. ആൾ മുഷിഞ്ഞ വേഷത്തിലായതുകൊണ്ട് പടിക്കൽ വച്ചേ അയാളെ പറഞ്ഞുവിട്ടു. നസ്രുദീൻ നേരേ വീട്ടിലേക്കോടി തന്റെ ഏറ്റവും നല്ല പട്ടുകുപ്പായവുമെടുത്തിട്ട് വീണ്ടും ചെന്നു. ഇത്തവണ പക്ഷേ വീട്ടുകാരൻ തന്നെ ഇറങ്ങിവന്ന് നസ്രുദീനെ സ്വീകരിച്ചാനയിക്കുകയും വിരുന്നുമേശയ്ക്കു മുന്നിൽ പ്രഥമസ്ഥാനം നൽകുകയും ചെയ്തു. വിഭവങ്ങൾ വിളമ്പിക്കഴിഞ്ഞപ്പോൾ നസ്രുദീൻ ഒരു കരണ്ടി കൊണ്ട് അതിൽ അൽപമെടുത്ത് തന്റെ കുപ്പായത്തിനുള്ളിലേക്കിട്ടു: 'ഇതു നിനക്കാണെന്റെ കുപ്പായമേ! ഇന്നത്തെ വിശിഷ്ടാതിഥി ഞാനല്ല, നീയാണ്!'
46. അന്നും ഇന്നും ഒന്നുതന്നെ
യൗവനത്തെയും വാർദ്ധക്യത്തെയും കുറിച്ചു ചർച്ചചെയ്യുകയായിരുന്നു നസ്രുദീൻ ഉൾപ്പെട്ട ഒരു സംഘം. പ്രായമാകുന്നതോടെ മനുഷ്യന്റെ ശക്തി ക്ഷയിക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായില്ല, നസ്രുദീൻ ഒരാൾ ഒഴികെ.
'ഞാൻ വിയോജിക്കുന്നു,'നസ്രുദീൻ പറഞ്ഞു. 'ഈ പ്രായത്തിലും ചെറുപ്പത്തിലെ അതേ ശക്തി എനിക്കുണ്ട്.'
'താനെന്താ നസ്രുദീനേ, പറയുന്നത്?' ആരോ ചോദിച്ചു.
"എന്റെ മുറ്റത്ത് ഒരു വലിയ പാറക്കല്ലു കിടപ്പുണ്ട്,' നസ്രുദീൻ പറഞ്ഞു. 'അതവിടെനിന്ന് ഒന്നു മാറ്റിയിടാൻ എന്റെ ചെറുപ്പകാലത്ത് ഞാൻ കുറേ ശ്രമിച്ചു; നടന്നില്ല. ഇന്നും എന്നെക്കൊണ്ടതു പറ്റില്ല!'
47. കല്ലും നായയും
നസ്രുദീൻ ഒരിക്കൽ എന്തോ കാര്യത്തിനായി പട്ടണത്തിലേക്കു പോയി. കൊടിയ മഞ്ഞുകാലം; രാത്രിയുമായി. ഒരു വീട്ടിലെ നായ കുരച്ചുകൊണ്ടുചെന്നു. നസ്രുദീൻ നായയെ എറിയാൻ ഒരു കല്ലു പെറുക്കിയെടുക്കാൻ നോക്കി; പക്ഷേ കല്ലിളകിയില്ല, അതു മഞ്ഞിൽ ഉറഞ്ഞുകിടക്കുകയാണ്. 'ഇതെന്തു നാടാണപ്പാ!' നസ്രുദീൻ ആശ്ചര്യപ്പെട്ടു. 'കല്ലിനെ കെട്ടിയിടുക, നായയെ അഴിച്ചുംവിടുക!'
48. പേടിപ്പെടുത്തുന്ന ഒരു സ്ഥലം
നസ്രുദീനോട് ആരോ ഒരിക്കൽ ഇങ്ങനെ ചോദിച്ചു:
അല്ലാ നസ്രുദീനേ, നമ്മൾ മനുഷ്യന്മാർ വരുന്ന ഒരു സ്ഥലമുണ്ടല്ലോ? നമ്മളൊക്കെ പോകുന്നതും അങ്ങോട്ടുതന്നെ. എങ്ങനെയുണ്ടാ സ്ഥലം?'
'ഹൊ', നസ്രുദീൻ പറഞ്ഞു. 'വല്ലാണ്ടു പേടിയുണ്ടാക്കുന്ന ഒരു സ്ഥലമാണേയത്!'
'അതു തനിക്കെങ്ങനെയറിയാം?' എന്നായി ചോദിച്ചയാൾ.
'നമ്മൾ അവിടുന്നു വരുന്നതേ കുഞ്ഞുങ്ങളായി കരഞ്ഞുകൊണ്ടാണ് . ആരെങ്കിലും അങ്ങോട്ടു പോയാൽ നമ്മളൊക്കെ കരയുകയും ചെയ്യും. ശരിയല്ലേ?'
*
49. യഥാസ്ഥാനം
-മുല്ലാ, ശവപ്പെട്ടിയെടുക്കുമ്പോൾ ഞാനെവിടെ നിൽക്കണം, മുന്നിലോ പിന്നിലോ ഇടത്തോ വലത്തോ?
-ഉള്ളിലല്ലെങ്കിൽപ്പിന്നെ എവിടെയായാലെന്താ?
50. ലോകത്തിന്റെ കേന്ദ്രബിന്ദു
ഒരാൾ നസ്രുദീനോട് ഇങ്ങനെ ചോദിച്ചു:
'ലോകത്തിന്റെ കേന്ദ്രബിന്ദു കൃത്യമായിട്ടു പറയാൻ തനിക്കു പറ്റുമോ?'
'പിന്നെന്താ,' നസ്രുദീൻ പറഞ്ഞു. 'അതെന്റെ കഴുതയുടെ ഇടതുപിൻകാലിന്റെ ചുവട്ടിലാണ്.'
"അങ്ങനെയാവാം! പക്ഷേ എന്താ തെളിവ്?'
'സംശയമുണ്ടോ? ഉണ്ടെങ്കിൽ അളന്നുനോക്കിക്കോ!'
51. ചോദ്യങ്ങൾ മാത്രം
-മുല്ലാ നസ്രുദീൻ, തനെന്താണിങ്ങനെ? എന്തു ചോദിച്ചാലും ഒരു മറുചോദ്യമാണല്ലോ തന്റെ മറുപടി.
-അങ്ങനെയാണോ?
*
52. നിയമത്തിന്റെ വഴി
നടന്നുപോകുന്ന വഴി നസ്രുദീന് ഒരു വജ്രമോതിരം കളഞ്ഞുകിട്ടി. അതു വിട്ടുകളയാൻ അയാൾക്കു മനസ്സു വന്നില്ല. പക്ഷേ എന്തെങ്കിലും കളഞ്ഞുകിട്ടുന്നയാൾ ആ വിവരം അങ്ങാടിയിൽച്ചെന്ന് മൂന്നുതവണ എല്ലാവരും കേൾക്കെ വിളിച്ചുപറയണമെന്നാണല്ലോ നിയമം.
നസ്രുദീൻ പുലർച്ചെ മൂന്നുമണിക്ക് കവലയിൽച്ചെന്ന് മൂന്നുതവണ ഇങ്ങനെ വിളിച്ചുപറഞ്ഞു: 'എനിക്കൊരു വജ്രമോതിരം കളഞ്ഞുകിട്ടി!'
മൂന്നാമതു തവണയായപ്പോഴേക്കും ആളുകൾ എത്തിത്തുടങ്ങി.
'താനെന്താ പറഞ്ഞത്, നസ്രുദീനേ?' ആളുകൾ ചോദിച്ചു.
'മൂന്നു തവണ പറയണമെന്നാണല്ലോ നിയമത്തിലുള്ളത്,' നസ്രുദീൻ പറഞ്ഞു. 'എന്റെ അറിവു വച്ചു നോക്കുമ്പോൾ ഞാൻ നാലാമതും അതാവർത്തിച്ചാൽ നിയമം തെറ്റിക്കലാവുമത്. പക്ഷേ മറ്റൊരു കാര്യം ഞാൻ പറയാം: ഞാനിപ്പോൾ ഒരു വജ്രമോതിരത്തിന്റെ ഉടമയാണ്.'
53. അച്ഛന്റെ മകൻ
നസ്രുദീന്റെ മക്കൾ മുറ്റത്തോടിക്കളിക്കുമ്പോൾ ആരോ ഒരു കുട്ടിയോട് ചോദിച്ചു:
'വഴുതനങ്ങ എന്നു പറഞ്ഞാൽ എന്താടാ?'
'അവൻ എടുത്തവായക്ക് ഇങ്ങനെ പറഞ്ഞു:
'കണ്ണുവിരിയാത്ത പശുക്കുട്ടി, ചാരനിറത്തിലുള്ളത്.
നസ്രുദീന്റെ സന്തോഷം പറയേണ്ട; അയാൾ അവനെ വാരിയെടുത്ത് ഉമ്മവച്ചുകൊണ്ടു പറഞ്ഞു:
'കേട്ടോ? അവന്റച്ഛനെപ്പോലെ തന്നെ! ഒന്നും അവനോടു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല; ഒക്കെ അവനായിട്ടുണ്ടാക്കിക്കോളും!'
*
54. കാര്യമൊക്കെ അവനറിയാം
അയൽക്കാരന്റെ കാള വേലി പൊളിച്ച് നസ്രുദീന്റെ പറമ്പിൽ കയറി. അയാൾ അതിനെ അടിച്ചോടിക്കുമ്പോൾ അയൽക്കാരൻ ഭീഷണിയുമായിട്ടെത്തി.
'എന്റെ കാളയെ തല്ലാൻ തനിക്കെങ്ങനെ ധൈര്യം വന്നു!'
'ഇക്കാര്യത്തിൽ താൻ ഇടപെടേണ്ട കാര്യമില്ല,' നസ്രുദീൻ പറഞ്ഞു. 'അതൊക്കെ അവനറിയാം. ഞങ്ങൾ തമ്മിലുള്ള ഒരേർപ്പാടാണിത്.'
55. മൂടുപടം
നസ്രുദീന്റെ വിവാഹം അന്നായിരുന്നു. അന്നേവരെ അയാൾ ഭാര്യയുടെ മുഖം കണ്ടിട്ടുമില്ല. ചടങ്ങുകളൊക്കെക്കഴിഞ്ഞ് ഭാര്യ മൂടുപടം മാറ്റിയപ്പോഴാണ് അവൾ എത്ര വിരൂപയാണെന്ന് അയാൾ കാണുന്നത്.
അയാൾ അങ്ങനെ തരിച്ചിരിക്കുമ്പോൾ ഭാര്യ ചോദിക്കുകയാണ്, 'ആർക്കൊക്കെ മുന്നിലാണ് ഞാൻ മൂടുപടം ഇടേണ്ടത്? ആരെയൊക്കെ എന്റെ മുഖം കാണിക്കാം?'
'നീ ആരെ വേണമെങ്കിലും മുഖം കാണിച്ചോ,' നസ്രുദീൻ ഞരങ്ങി. 'എന്നെ മാത്രം കാണിക്കാതിരുന്നാൽ മതി.'
56. സന്തോഷം വരുന്ന വഴി
വഴിയരികിൽ ഒരാൾ വിഷാദിച്ചിരിക്കുന്നതുകണ്ട് നസ്രുദീൻ അടുത്തുചെന്ന് വിവരം അന്വേഷിച്ചു.
'ജീവിക്കാനുള്ള താൽപര്യമൊക്കെപ്പോയി, സഹോദരാ,' അയാൾ പറഞ്ഞു. 'പണി ചെയ്യാതെ ജീവിക്കാനുള്ള വകയൊക്കെ എനിക്കുണ്ട്; എന്നിട്ടും ജീവിതത്തിൽ ഒരു സന്തോഷമില്ലാത്തതു കൊണ്ട് വീടു വിട്ടിറങ്ങിയതാണ്; പക്ഷേ ഇത്രകാലമന്വേഷിച്ചിട്ടും അതുമാത്രം കിട്ടിയില്ല.'
നസ്രുദീൻ ഒരക്ഷരം മിണ്ടാതെ അയാളുടെ കൈയിലെ ഭാണ്ഡവും തട്ടിപ്പറിച്ചെടുത്ത് ഒറ്റയോട്ടം വച്ചുകൊടുത്തു. ഊടുവഴികളൊക്കെ അറിയാവുന്നതു കൊണ്ട് അതിലേയും ഇതിലേയുമൊക്കെയോടി ബഹുദൂരം ചെന്നിട്ട് അയാൾ ഭാണ്ഡം വഴിയരികിൽ നിക്ഷേപിച്ച് അടുത്തൊരു പൊന്തയിൽ മറഞ്ഞിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ മറ്റേയാൾ പ്രത്യക്ഷപ്പെട്ടു; ഭാണ്ഡവും കൂടി നഷ്ടപ്പോൾ അയാൾ ആകെ നൈരാശ്യത്തിലായെന്നു പറയേണ്ടല്ലോ. പക്ഷേ തന്റെ ഭാണ്ഡം കണ്ണിൽപ്പെടേണ്ട താമസം, അയാൾ സന്തോഷം കൊണ്ടു കൂവിവിളിച്ചുകൊണ്ട് അതിനടുത്തേക്കോടിച്ചെന്നു.
'സന്തോഷം വരുത്താനുള്ള ഒരു വഴിയാണിത്,' നസ്രുദീൻ പറഞ്ഞു.
*
57. ഞാനാര്?
ഒരു നീണ്ടയാത്രയ്ക്കൊടുവിൽ നസ്രുദീൻ ബാഗ്ദാദിലെത്തിപ്പെട്ടു. ഇത്ര വലിയ ഒരു സ്ഥലം ആൾ ആദ്യമായിട്ടു കാണുകയാണ്; തിരക്കു കണ്ടിട്ട് നസ്രുദീന്റെ തല തിരിഞ്ഞു.
"ഈ തിരക്കിനിടയിൽ ആളുകളെങ്ങനെയാണ് പരസ്പരം മാറിപ്പോകാതിരിക്കുന്നത്!' അയാൾ ഓർക്കുകയായിരുന്നു. 'ഞാനെന്തായാലും എന്നെ മറക്കാൻ പാടില്ല; അല്ലെങ്കിൽ എന്നെ കാണാതെ പോകും.'
അയാൾ നേരെ സത്രത്തിലേക്കു ചെന്നു. തനിക്കു കിട്ടിയ കട്ടിലിനു തൊട്ടടുത്ത് മറ്റൊരാൾ കിടപ്പുണ്ട്. ഒന്നു മയങ്ങിയാൽക്കൊള്ളാമെന്നു നസ്രുദീനു തോന്നി; പക്ഷേ ഒരു പ്രശ്നം: ഉണരുമ്പോൾ തന്നെ എങ്ങനെ കണ്ടുപിടിക്കും.
നസ്രുദീൻ മറ്റേയാളിനു മുന്നിൽ ഈ പ്രശ്നം അവതരിപ്പിച്ചു.
'അതു വളരെ എളുപ്പമല്ലേ,' അയാൾ പറഞ്ഞു. 'ഈ ചുവന്ന തുണി തന്റെ കാലിൽ കെട്ടിയിട്ട് ഉറങ്ങാൻ കിടന്നോളൂ. ഉണരുമ്പോൾ ആരുടെ കാലിലാണ് ചുവന്ന തുണിയെന്നു നോക്കിയാൽ മതി, അതു നിങ്ങളായിരിക്കും.'
'തന്നെ സമ്മതിച്ചു,' നസ്രുദീൻ അയാളെ അഭിനന്ദിച്ചു.
രണ്ടു മണിക്കൂർ കഴിഞ്ഞ് നസ്രുദീൻ എഴുന്നേറ്റു. ചുവന്ന തുണി നോക്കിയപ്പോൾ അതു പക്ഷേ മറ്റേയാളുടെ കാലിലാണു കെട്ടിയിരിക്കുന്നത്. അപ്പോൾ അതു ഞാനായിരിക്കണം,അയാൾ മനസ്സിൽ പറഞ്ഞു. വിരണ്ടുപോയ നസ്രുദീൻ മറ്റേയാളെ കുലുക്കിയുണർത്തി. 'എഴുന്നേൽക്ക്, എഴുന്നേൽക്ക്! ആകെ കുഴപ്പമായി! താൻ പറഞ്ഞതുപോലെയൊന്നുമല്ല നടന്നത്!'
അയാൾ എഴുന്നേറ്റ് കാര്യമെന്താണെന്നന്വേഷിച്ചു. നസ്രുദീൻ ചുവന്ന തുണി ചൂണ്ടിക്കൊണ്ടു പറഞ്ഞു: 'തന്റെ കാലിൽ ചുവന്ന തുണി കെട്ടിയിരിക്കുന്നതു കൊണ്ട് താൻ ഞാനാണെന്ന് എനിക്കു പറയാം; പക്ഷേ താനാണ് ഞാനെങ്കിൽ, എന്റെ ദൈവമേ ഞാനെവിടെ?'
*
58. ശകുനം
രാജാവ് അന്നെഴുന്നേറ്റത് ഇടംതിരിഞ്ഞാണ്; ആൾ ആകെ ദേഷ്യത്തിലാണ്. നായാട്ടിനിറങ്ങാൻ തുടങ്ങുമ്പോഴാണ് എതിരെ നസ്രുദീൻ വരുന്നതു കണ്ടത്.
'നായാട്ടിനു പോകുമ്പോൾ മുല്ലാമാരെ കാണുന്നതു ശകുനപ്പിഴയാണ്,' രാജാവ് ദേഷ്യം കൊണ്ടലറി. 'അടിച്ചോടിക്കയാളെ!'
നസ്രുദീന് പൊതിരെ തല്ലു കിട്ടി.
പക്ഷേ രാജാവിന്റെ നായാട്ട് അന്നു ഗംഭീരമായി.
അദ്ദേഹം നസ്രുദീന് ആളയച്ചു.
'തന്നെ തല്ലിയതു മോശമായി, മുല്ലാ,' രാജാവ് ക്ഷമ ചോദിച്ചു. 'താനെനിക്കൊരു ദുശ്ശകുനമായിരിക്കുമെന്നാണു ഞാൻ കരുത്തിയത്. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്.'
'ഞാൻ ഒരു ദുശ്ശകുനമാണെന്ന് അങ്ങു കരുതിയെന്നോ!' മുല്ല ചോദിച്ചു. 'എന്നെ കണ്ടിട്ട് അങ്ങേയ്ക്കു കിട്ടിയത് കൂട നിറയെ മൃഗങ്ങളെ; അങ്ങയെ കണ്ടിട്ട് എനിക്കു കിട്ടിയതോ, പൊതിരെ തല്ലും! ആര് ആർക്കാണു ദുശ്ശകുനമായത്?'
59. ഒരു നല്ല ശീലം
'നസ്രുദീനേ, മോനേ, രാവിലേ എഴുന്നേൽക്കെടാ.'
'അതെന്തിനാണച്ഛാ?'
'അതൊരു നല്ല ശീലമാണെടാ. പണ്ടൊരു ദിവസം ഞാൻ അതിരാവിലെ എഴുന്നേറ്റു നടക്കാൻ പോയതാണ്. വഴിയിൽക്കിടന്ന് ഒരു ചാക്കു പൊന്നാണ് അന്നെനിക്കു കിട്ടിയത്.'
എങ്കിലച്ഛാ, അച്ഛൻ പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നുന്നില്ല. അതു നഷ്ടപ്പെട്ടയാൾ അച്ഛനേക്കാൾ നേരത്തേ എഴുനേറ്റയാളായിരിക്കണം.'
60. കടലിന്റെ പ്രതാപം
വെള്ളനുരകൾ തലയിലണിഞ്ഞ നീലത്തിരകൾ പാറക്കെട്ടിൽ ആഞ്ഞടിക്കുകയായിരുന്നു. ആദ്യമായി കടലു കാണുന്ന നസ്രുദീൻ ആ കാഴ്ചയിൽ വ്യാമുഗ്ധനായിപ്പോയി.
അയാൾ അടുത്തുചെന്ന് ഒരു കുമ്പിൾ വെള്ളം കോരി വായിലൊഴിച്ചു.
'ഇത്രയൊക്കെ മട്ടും പ്രാതാപവുമൊക്കെ കാണിച്ചിട്ട് വായിൽ വയ്ക്കാൻ കൊള്ളില്ലെന്നു വന്നാലോ!' നസ്രുദീൻ കടലിനെ പ്‌രാകി.
61. അതു നിങ്ങളുടെ ചുമതല
നസ്രുദീൻ മാത്രം യാത്രക്കാരനായിട്ടുണ്ടായിരുന്ന ഒരു കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു. എന്തൊക്കെച്ചെയ്തിട്ടും കപ്പൽ രക്ഷിക്കാനാവില്ലെന്നു വന്നപ്പോൾ കപ്പിത്താനും മറ്റു ജോലിക്കാരും മുട്ടുകാലിൽ വീണ് പ്രാർത്ഥിക്കാൻ തുടങ്ങി. നസ്രുദീനു പക്ഷേ കുലുക്കമൊന്നുമുണ്ടായില്ല. കപ്പിത്താൻ കണ്ണു തുറന്നുനോക്കുമ്പോൾ കണ്ടത് നസ്രുദീൻ അവരുടെ പ്രാർത്ഥനയും വീക്ഷിച്ചു നിൽക്കുന്നതാണ്. അയാൾ ചാടിയെഴുന്നേറ്റ് അലറി: 'മുല്ലായാണെന്നു പറഞ്ഞിട്ട് നിങ്ങൾക്കെന്താ ഞങ്ങളോടൊപ്പം പ്രാർത്ഥിച്ചുകൂടേ?' നസ്രുദീൻ അനങ്ങിയില്ല. 'ഞാൻ വെറുമൊരു യാത്രക്കാരൻ. കപ്പലിന്റെ രക്ഷയൊക്കെ നിങ്ങളുടെ മാത്രം ചുമതല, എന്റെയല്ല. '
62. തലപ്പാവിന്റെ വില
നസ്രുദീൻ ഒരിക്കൽ മനോഹരമായ ഒരു തലപ്പാവും വച്ചുകൊണ്ട് രാജസഭയിലെത്തി. രാജാവിനു തലപ്പാവിഷ്ടമാകുമെന്നും അതദ്ദേഹത്തിനു വിൽക്കാമെന്നുമായിരുന്നു അയാളുടെ കണക്കുകൂട്ടൽ.
'ആ തലപ്പാവിന് എന്തു കൊടുത്തു, നസ്രുദീനേ?' രാജാവു ചോദിച്ചു.
'ഒരായിരം വരാഹൻ, തിരുമനസ്സേ.'
നസ്രുദീന്റെ കളി മനസ്സിലാക്കിയ ദിവാൻ രാജാവിന്റെ ചെവിയിൽ ഇങ്ങനെ മന്ത്രിച്ചു: 'ആ തലപ്പാവിന് അത്രയും കൊടുത്തവൻ ഒരു മണ്ടനായിരിക്കണം.'
'രാജാവു ചോദിച്ചു: 'താനെന്തിനാ അത്രയും കൊടുത്ത് അതു വാങ്ങിയത്? ആയിരം വരാഹൻ വിലയുള്ള ഒരു തലപ്പാവിനെക്കുറിച്ച് ഞാൻ ആദ്യമായിട്ടാണു കേൾക്കുന്നത്.'
'തിരുമനസ്സേ, ലോകത്തൊരു രാജാവേ അങ്ങനെയൊരു തലപ്പാവു വാങ്ങൂ എന്നറിഞ്ഞുകൊണ്ടാണ് ഞാനതു വാങ്ങിയത്.'
ആ പ്രശംശ കേട്ടു സന്തുഷ്ടനായ രാജാവ് നസ്രുദീന് രണ്ടായിരം വരാഹൻ കൊടുത്ത് തലപ്പാവ് സ്വന്തമാക്കി.
'നിങ്ങൾക്ക് തലപ്പാവുകളുടെ വിലയെക്കുറിച്ചൊക്കെ അറിയാമായിരിക്കും,' നസ്രുദീൻ പിന്നീട് ദിവാനോടു പറഞ്ഞു. 'പക്ഷേ എനിക്ക് രാജാക്കന്മാരുടെ ദൗർബല്യങ്ങളെക്കുറിച്ചും അറിയാം.'
*
63. വിപണിയുടെ തന്ത്രങ്ങൾ
നസ്രുദീൻ പുതുവസ്ത്രങ്ങൾ വാങ്ങാൻ കടയിൽ ചെന്നു. ആദ്യം ഒരു കാലുറയെടുത്തു നോക്കി; അതിഷ്ടപ്പെടാത്തതുകൊണ്ട് സംഗതി തിരിച്ചുകൊടുത്തു. പിന്നെ ഒരു കുപ്പായമെടുത്തു നോക്കി. അതു ശരിക്കു ബോധിച്ചു. കുപ്പായവുമെടുത്തുകൊണ്ട് ആൾ പുറത്തേക്കിറങ്ങി. കടക്കാരൻ പിന്നാലെ ചെന്നു:
'കുപ്പായത്തിന്റെ കാശു തന്നില്ലല്ലോ, മുല്ലാ!'
'അതിനു ഞാനൊരു കാലുറ തന്നില്ലേ?' നസ്രുദീൻ ചോദിച്ചു.
'ശരി, പക്ഷേ അതിന്റെ വിലയും തന്നിട്ടില്ല!'
'ഹ, അതെങ്ങനെ! വാങ്ങാത്ത ഒന്നിനു വില തരാൻ ഞാനെന്താ അത്ര വിഡ്ഡിയാണോ!'
64. വിട്ടുപഠിക്കൽ
നസ്രുദീൻ ഒരിക്കൽ ഒരു ഓടക്കുഴൽവായനക്കാരനെ കാണാൻ പോയി;ഓടക്കുഴൽ പഠിക്കാൻ ഒരു പൂതി.
'ഓടക്കുഴൽ പഠിക്കാൻ എന്തു ചെലവു വരും?' നസ്രുദീൻ അന്വേഷിച്ചു. 'ആദ്യപാഠത്തിന് മുന്നൂറു വെള്ളി; രണ്ടാമത്തതിന് നൂറു വെള്ളിയും,' ഓടക്കുഴൽവായനക്കാരൻ പറഞ്ഞു.
'അതു നന്നായി,' നസ്രുദീൻ പറഞ്ഞു. 'നമുക്കു രണ്ടാമത്തെ പാഠം തൊട്ടു തുടങ്ങാം; 'പണ്ടു ഞാൻ ആടുമേച്ചിലുകാരനായിരുന്നപ്പോൾ പീപ്പി വിളിച്ചു കുറച്ചു പരിചയമൊക്കെയുണ്ട്; അതൊക്കെ മതിയല്ലോ, പോരേ?'
*
65. എന്റെ ലോകാവസാനം
ലോകാവസാനം എന്നാണുണ്ടാവുകയെന്നന്വേഷിച്ച് കുറേ പണ്ഡിതന്മാർ അങ്ങുമിങ്ങും നടന്നു; എങ്ങുനിന്നും കൃത്യമായ ഒരുത്തരം ലഭിക്കാത്തതുകൊണ്ട് അവർ ഒടുവിൽ നസ്രുദീനെ ചെന്നുകണ്ടു.
'ലോകവസാനം എന്നാണുണ്ടാവുകയെന്ന് തനിക്കെന്തെങ്കിലും ഊഹമുണ്ടോ?'
'അതിനെന്താ സംശയം?' നസ്രുദീൻ പറഞ്ഞു. 'ഞാൻ മരിക്കുന്ന ദിവസം ലോകവും അവസാനിക്കും.'
'താൻ മരിക്കുന്നന്നോ? തനിക്കത്ര തീർച്ചയാണോ?'
'എല്ലാവർക്കുമില്ലെങ്കിലും എനിക്കെങ്കിലും അന്നു ലോകാവസാനമായിരിക്കുമല്ലോ!'
66. ജീവനും മരണവും നിങ്ങളുടെ കൈയിൽ
രണ്ടു കുട്ടികൾ ഒരു കിളിയെപ്പിടിച്ചു കൈയ്ക്കുള്ളിൽ വച്ചുകൊണ്ട് നസ്രുദീനെ ചെന്നുകണ്ടു. അതിനു ജീവനുണ്ടോ ഇല്ലയോ എന്ന് അയാളോടു ചോദിക്കണം; ജീവനുണ്ടെന്നു പറഞ്ഞാൽ അവർ അതിനെ കൈക്കുള്ളിലിട്ടു ഞെരിച്ചുകൊല്ലും; നസ്രുദിൻ പറഞ്ഞതു തെറ്റാവും; ഇനിയല്ല, ചത്തതാണെന്നാണ് അയാൾ പറയുന്നതെങ്കിൽ അവർ അതിനെ കൈക്കുള്ളിൽ നിന്നു പറത്തിവിടൂകയും ചെയ്യും. അപ്പോഴും നസ്രുദീൻ തോറ്റു.
'മുല്ലാ, ഞങ്ങളുടെ കൈയിലുള്ളതിനു ജീവനുണ്ടോ ഇല്ലയോ?'
മുല്ലാ ഒന്നാലോചിച്ചു.
'അതു നിങ്ങളുടെ കൈകളിലാണെന്റെ കുഞ്ഞുങ്ങളേ!'
67. വിധിയുടെ ന്യായം
നസ്രുദീൻ ഒരിക്കൽ തന്റെ ഗ്രാമത്തിലെ ന്യായാധിപനായിരിക്കുമ്പോൾ ഒരാൾ മുഷിഞ്ഞ വേഷത്തിൽ ഓടിക്കിതച്ചെത്തി'
'ഈ ഗ്രാമത്തിനു തൊട്ടുപുറത്തുവച്ച് ഒരുത്തനെന്നെ പിടിച്ചുപറിച്ചു,' അയാൾ വിളിച്ചുകൂവി. 'ഈ ഗ്രാമത്തിലെ ഏതോ ഒരുത്തനാണതു ചെയ്തത്. എന്റെ കുപ്പായവും വാളും ചെരുപ്പും വരെ അവൻ കൊണ്ടുപോയി. അവനെ കണ്ടുപിടിച്ചു ശിക്ഷിക്കണം.'
'അതൊക്കെ ശരി,' മുല്ലാ പറഞ്ഞു. 'അവൻ നിങ്ങളുടെ അടിയുടുപ്പ് കൊണ്ടുപോയില്ലേ? അതിപ്പോഴും ദേഹത്തുണ്ടല്ലോ. '
'ഇല്ല, അതവനെടുത്തില്ല.'
'അങ്ങനെയാണെങ്കിൽ നിങ്ങളെ പിടിച്ചുപറിച്ചവൻ ഈ നാട്ടിലുള്ളവനാവാൻ വഴിയില്ല,' നസ്രുദീൻ തന്റെ വിധി പ്രഖ്യാപിച്ചു. 'ഇവിടുള്ളവർ എന്തു ചെയ്താലും അതു വെടിപ്പായിട്ടു ചെയ്യും. നിങ്ങളുടെ കേസ് തള്ളിയിരിക്കുന്നു!'
*
68. വാളു കൊണ്ടുള്ള ഉപയോഗം
'താനെങ്ങോട്ടു പോകുന്നു, മുല്ലാ?'
'പട്ടണത്തിലേക്കൊന്നു പോകണം.'
'എന്നാൽ കഴുതയെ വീട്ടിൽ നിർത്തിയിട്ടു പോ; വഴി നിറയെ കവർച്ചക്കാരാണ്; തന്റെ കഴുത പോകും.'
മുല്ലാ ആലോചിച്ചപ്പോൾ കഴുതയെ വീട്ടിൽ നിന്നു വേണമെങ്കിലും കട്ടുകൊണ്ടുപോകാവുന്നതേയുള്ളു. അതിലും ഭേദം പട്ടണത്തിലേക്കു കഴുതപ്പുറത്തു പോവുക തന്നെ.
മുല്ലാ പോകാൻ തന്നെ തീരുമാനിച്ച സ്ഥിതിക്ക് ആവശ്യം വന്നാൽ ഉപയോഗിക്കാനായി ഒരു ചങ്ങാതി ഒരു വാളും അയാൾക്കു കൊടുത്തു.
അങ്ങനെ പോകുമ്പോൾ വിജനമായ ഒരു സ്ഥലത്തു വച്ച് എതിരെ ഒരാൾ വരുന്നതു മുല്ലാ കണ്ടു. 'ഇതു കവർച്ചക്കാരൻ ആയിരിക്കും,' മുല്ലാ മനസ്സിൽ പറഞ്ഞു.
പറഞ്ഞാൽ കേൾക്കാവുന്ന ദൂരത്തിലെത്തിയപ്പോൾ അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു:
'ഇതാ, ഈ വാളെടുത്തോ, കഴുതയെ കൊണ്ടുപോകരുത്.'
വന്നയാൾ ഒരു വെറും യാത്രക്കാരനായിരുന്നു. മുല്ലായുടെ വാഗ്ദാനം കേട്ട് അയാൾ ഒന്നമ്പരന്നുപോയെങ്കിലും കിട്ടിയ ഭാഗ്യം അയാൾ നിരസിക്കാൻ പോയില്ല.
തിരിച്ചു വീട്ടിലെത്തി മുല്ലാ തന്റെ ചങ്ങാതിയോട് യാത്രയിലെ വിശേഷങ്ങൾ പറയുകയായിരുന്നു:
'താൻ പറഞ്ഞതു ശരിയായിരുന്നു. വാളെടുത്തതു കാര്യമായി. അതു കാരണം എന്റെ കഴുത നഷ്ടമായില്ല.'
*
69. മനസ്സാന്നിധ്യമെന്നാൽ
നസ്രുദീനും ഒരു ചങ്ങാതിയും കൂടി ഒരു ഭക്ഷണശാലയിൽ കയറി; കൈയിൽ കാശു കുറവായതു കൊണ്ട് ഒരു പാത്രം വഴുതനങ്ങ വാങ്ങി പങ്കു വയ്ക്കാമെന്നായിരുന്നു തീരുമാനം.
പക്ഷേ വഴുതനങ്ങ പുഴുങ്ങണോ അതോ വാട്ടണോ എന്ന കാര്യത്തിൽ രണ്ടു പേരും തമ്മിൽ തർക്കമായി. ഒടുവിൽ വിശന്നു വശം കെട്ട നസ്രുദീൻ തന്നെ വഴങ്ങിക്കൊടുത്തു: വാട്ടിയതായിക്കോട്ടെ.
ഇതിനിടയിൽ കൂട്ടുകാരനെന്തോ അസ്വാസഥ്യം തോന്നി കുഴഞ്ഞുവീണു; ആൾ മരിച്ചുപോകുമെന്നു കണ്ടിട്ടു തോന്നിപ്പോയി. നസ്രുദീൻ ചാടിയെണീറ്റു.
'താനെങ്ങോട്ടു പോകുന്നു? വൈദ്യരെ വിളിക്കാനോ?' ആരോ ചോദിച്ചു.
'എവിടെ!' നസ്രുദീൻ പറഞ്ഞു. 'വഴുതനങ്ങ പുഴുങ്ങിയാൽ മതിയെന്നു പറയാൻ പോവുകയായിരുന്നു ഞാൻ.'
70. തൈരുകുളം
മുല്ലാ കുളത്തിനരികിൽ മുട്ടുകുത്തിയിരിക്കുന്നത് ആരോ കണ്ടു.
'മുല്ലാ, താനവിടെ എന്തെടുക്കുന്നു?'
'തൈരുണ്ടാക്കുകയാണ്.'
'അതു ശരി, കുളത്തിൽ ഉറയൊഴിച്ചാൽ തൈരുണ്ടാകുമോ?'
'ഇല്ലെന്ന് എനിക്കുമറിയാം. എന്നാലും ഒന്നു ശ്രമിച്ചുനോക്കാമല്ലോ? ഒരുവേള ഫലിച്ചാലോ. ഒരു കുളം തൈര്: എങ്ങനെയുണ്ടാവും!'
71. മുല്ലാ രാജാവിനെ കണ്ടവിധം
നസ്രുദീൻ രാജാധാനിയിൽ പോയി തിരിച്ചെത്തിയപ്പോൾ നാട്ടുകാർ ചുറ്റും കൂടി വിശേഷങ്ങൾ തിരക്കി. 'രാജാവെന്നോടു സംസാരിച്ചുവെന്നേ ഞാനിപ്പോൾ പറയുന്നുള്ളു,' മുല്ലാ ഒന്നും വിട്ടുപറയാൻ തയാറായില്ല. രാജാവു മുല്ലായോടു സംസാരിച്ചുവെന്ന അത്ഭുതവാർത്ത പരത്താനായി നാട്ടുകാർ പാഞ്ഞു. ഒരാൾ മാത്രം പോയില്ല; അയാൾക്കു കൂടുതൽ വിശേഷങ്ങൾ അറിയണം. 'അല്ല മുല്ലാ, രാജാവു തന്നോടെന്താ പറഞ്ഞത്?' 'ഓ അതോ, രാജാവു പറഞ്ഞതിതാണ്-'വഴിയിൽ നിന്നു മാറെടോ!'
72. രണ്ടും ശരി, മൂന്നാമതൊന്നുണ്ടെങ്കിൽ അതും ശരി
അന്നത്തേക്ക് നസ്രുദീനാണു ന്യായാധിപൻ. മുല്ലാ ഗൗരവത്തോടെ ആദ്യത്തെ കേസു വിളിച്ചു.
'താൻ പറഞ്ഞതു ശരി,' വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ടു മുല്ലാ പറഞ്ഞു.
'താൻ പറഞ്ഞതു ശരി,' മറുഭാഗത്തിന്റെ വാദവും മുല്ലാ ശരിവച്ചു.
'അതെങ്ങനെ, ഇരുപക്ഷവും ഒരേപോലെ ശരിയാവുന്നതെങ്ങനെ?' കേട്ടിരുന്നവരിൽ ഒരാൾ ചോദിച്ചു.
'താൻ പറഞ്ഞതും ശരി,' മുല്ലാ അതും ശരിവച്ചു.
*
73. മരിച്ചതാര്?
ശവഘോഷയാത്ര കടന്നുപോവുമ്പോൾ മരിച്ചതാരെന്ന് ആരോ നസ്രുദീനോടന്വേഷിച്ചു. 'ആരാണെന്നത്ര പിടിയില്ല,' നസ്രുദീൻ പറഞ്ഞു. 'എന്തായാലും ആ പെട്ടിയിൽ കിടക്കുന്നയാളായിരിക്കണം.'
74. കള്ളൻ കട്ട ഒട്ടകം
'കള്ളൻ! കള്ളൻ! എന്റെ ഒട്ടകത്തെ ആരോ മോഷ്ടിച്ചു!' നസ്രുദീൻ വിളിച്ചുകൂവി. ബഹളം ഒന്നടങ്ങിയപ്പോൾ ആരോ ചോദിച്ചു, 'നസ്രുദീനേ, തനിക്കെവിടെയാ ഒട്ടകം?' 'ശ് മിണ്ടാതിരിക്ക്! കള്ളൻ അതറിയാതെ ഒട്ടകത്തെ തിരിച്ചുകൊണ്ടുവന്നാലോ!'
75. ഇരുകരകൾ
നസ്രുദീൻ പുഴക്കരെ നിൽക്കുമ്പോൾ ആരോ അക്കരെനിന്നു വിളിച്ചുചോദിച്ചു, 'ഹേയ്, ഞാനെങ്ങനെയാ അക്കരെയെത്തുന്നത്?'
'താൻ അക്കരെത്തന്നെയാണല്ലോ!' നസ്രുദീൻ പറഞ്ഞു.
*
76. സത്യം
'ദൈവം സത്യമാണോ?'
'എല്ലാം സത്യമാണ്' നസ്രുദീൻ പറഞ്ഞു.
'ശരിയല്ലാത്തവയും?'
'അവയും.'
'അതെങ്ങനെ ശരിയാവാൻ?'
'അതൊന്നുമെനിക്കറിയില്ല; ഞാനല്ല അങ്ങനെയാക്കിയത്.'
77. പറഞ്ഞതു നുണയാണെങ്കിലും
നസ്രുദീനും കൂട്ടുകാരും കൂടി നാട്ടുകാരെ ഒന്നു കളിയാക്കാൻ തീരുമാനിച്ചു. അവർ അങ്ങാടിയിൽച്ചെന്ന് ഇന്ന സ്ഥലത്ത് ഒരു സ്വർണ്ണഖനിയുണ്ടെന്ന് വിളിച്ചുപറഞ്ഞു. അതു കേൾക്കേണ്ട താമസം, നാട്ടുകാർ ഒന്നൊഴിയാതെ അങ്ങോട്ടു പാഞ്ഞു. ഇതുകണ്ട് നസ്രുദീനും പിന്നാലെ പാഞ്ഞു. താനെന്താണീ ചെയ്യുന്നതെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതിതാണ്: 'ഇത്രയധികം ആൾക്കാർക്കു വിശ്വാസമായ സ്ഥിതിക്ക് അതെങ്ങാനും സത്യമായാലോ!'
*
78. അന്തിമാഭിലാഷം
നസ്രുദീനും ചങ്ങാതിമാരും മരണത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു: 'നിങ്ങൾ ചത്തു പെട്ടിയിൽക്കിടക്കുകയാണ്; കൂട്ടുകാരും ബന്ധുക്കളും ചുറ്റും കൂടിനിന്നു വിലപിക്കുകന്നു; അവരെന്തു പറയുന്നതു കേൾക്കണമെന്നാണ് തന്റെ ആഗ്രഹം?'
'അദ്ദേഹം എത്ര വലിയൊരു വൈദ്യരായിരുന്നുവെന്ന് അവർ പറഞ്ഞുകേൾക്കാനാണ് എനിക്കാഗ്രഹം,' ഒരാൾ പറഞ്ഞു.
'എത്രയോ പേരുടെ കണ്ണുതെളിയിച്ച ഒരു ഗുരുവാണീ കിടക്കുന്നതെന്ന് എന്നെക്കുറിച്ചു പറയണമെന്നാണെനിക്ക്,' മറ്റൊരാൾ പറഞ്ഞു.
'നോക്ക്, അയാളനങ്ങുന്നു! എന്നു കേൾക്കാനാണ് എന്റെയാഗ്രഹം,' നസ്രുദീൻ തന്റെ അഭിലാഷവും വ്യക്തമാക്കി.
79. വിശ്വാസം മലയെ ഇളക്കും
തന്റെ വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച് വീമ്പുപറയുകയായിരുന്നു മുല്ലാ.
'എങ്കിൽ തന്റെ പ്രാർത്ഥന കൊണ്ട് ആ മലയെ ഇവിടെ വരുത്താമോ?' ഒരവിശ്വാസി ചോദിച്ചു.
മുല്ലാ മുട്ടുകാലിൽ വീണ് പ്രാർത്ഥിച്ചു, ഉൽക്കടമായി പ്രാർത്ഥിച്ചു; പക്ഷേ മല ഇളകിയില്ല. വീണ്ടും പ്രാർത്ഥിച്ചു, മല അനങ്ങിയില്ല.
ഒടുവിൽ മുല്ലാ എഴുന്നേറ്റ് മലയ്ക്കടുത്തേക്കു നടന്നു. 'ഞാൻ അഹംഭാവമൊന്നുമില്ലാത്ത ഒരു മനുഷ്യനാണ്; മല എന്റെയടുത്തേക്കു വന്നില്ലെങ്കിൽ ഞാൻ മലയുടെയടുത്തേക്കു ചെല്ലും.
80. കടം
നസ്രുദീൻ അങ്ങാടിയിലൂടെ പോകുമ്പോൾ ഒരു കടക്കാരൻ അയാളെ പിടിച്ചുനിർത്തി തനിക്കു കിട്ടാനുള്ള കാശിന്റെ കാര്യവും പറഞ്ഞു വഴക്കിട്ടു.
'എന്റെ ചങ്ങാതീ, ഞാൻ തനിക്ക് എന്തു തരാനുണ്ട്?' നസ്രുദീൻ ചോദിച്ചു.
'എഴുപത്തഞ്ചു രൂപ.'
'അതു ശരി,' നസ്രുദീൻ പറഞ്ഞു. 'മുപ്പത്തഞ്ചു രൂപ തനിക്കു ഞാൻ അടുത്ത മാസം തരാമെന്നു വിചാരിക്കുന്നുണ്ട്; അതിനടുത്ത മാസം മുപ്പത്തഞ്ചു രൂപയും തരുന്നുണ്ട്. എന്നുവച്ചാൽ അഞ്ചു രൂപയേ തനിക്കു ഞാൻ കടമുള്ളു. വെറും അഞ്ചു രൂപയ്ക്ക് ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് എന്നെ അപമാനിക്കാൻ തനിക്കൊരു നാണവുമുണ്ടായില്ലല്ലോ!'
*
81. ഭൂമിക്കു നില തെറ്റാതിരിക്കാൻ
ഒരാൾ ചോദിച്ചു:
'മുല്ലാ, രാവിലെയാകുമ്പോൾ ചിലർ ആ വഴിക്കു പോകുന്നു, ചിലർ ഈ വഴിക്കും പോകുന്നു; എന്താണു കാരണം?'
'എല്ലാവരും ഒരേ ദിക്കിലേക്കു പോയാൽ ഭൂമി തകിടം മറിയില്ലേ?'
82. കഴുതയോടൊപ്പം ഞാനും
ഒരിക്കൽ നസ്രുദീന്റെ കഴുതയെ കാണാതെപോയി. അതിനെ നോക്കിനടക്കുന്നതിനിടയിൽ അയാൾ ദൈവത്തിനു നന്ദിയും പറയുന്നുണ്ടായിരുന്നു. 'എന്താ മുല്ലാ, സദാ നേരവും ഇങ്ങനെ ദൈവത്തിനു നന്ദി പറയുന്നത്?' ആളുകൾ ചോദിച്ചു. 'കഴുതയെ കാണാതെ പോകുന്ന സമയത്ത് ഞാനെങ്ങാനും അതിന്റെ പുറത്തുണ്ടായിരുന്നെങ്കിൽ എന്നെക്കൂടി കാണാതെ പോകുമായിരുന്നില്ലേ? അങ്ങനെ സംഭവിക്കാത്തതിനു ഞാൻ ദൈവത്തിനു കടപ്പെട്ടവനുമല്ലേ?' മുല്ലാ ചോദിച്ചു.
83. അറിവിരിക്കുന്നതെവിടെ?
ഒരിറാൻകാരൻ നാട്ടിൽ നിന്ന് ഒരു ചങ്ങാതി അയച്ച കത്തുമായി നസ്രുദീനെ കാണാനെത്തി; അയാൾക്കതൊന്നു വായിച്ചുകൊടുക്കണം. നസ്രുദീൻ നോക്കുമ്പോൾ കത്തെഴുതിയിരിക്കുന്നത് പാഴ്സിയിലാണ്; മോശം കൈപ്പടയും.
'മറ്റാരെകൊണ്ടെങ്കിലും വായിപ്പിക്കൂ,' നസ്രുദീൻ അയാളോടു പറഞ്ഞു.
അയാൾ പക്ഷേ വിട്ടില്ല.
'നോക്ക്,' നസ്രുദീൻ വീണ്ടും പറഞ്ഞു 'ഒന്നാമത് എനിക്കു പാഴ്സി അറിയില്ല. ഇനിയിത് തുർക്കിയിലാണ് എഴുതിയിരിക്കുന്നതെങ്കിൽപ്പോലും ഈ കൈപ്പട വച്ച് എനിക്കിതു വായിക്കാൻ പറ്റില്ല.'
മറ്റേയാൾ ക്ഷുഭിതനായി.
'ഹൊ, വലിയ അങ്കിയും തലപ്പാവുമൊക്കെ വച്ചു നിൽക്കുന്നു; എന്നിട്ട് ഒരു സാധാരണ കത്തു വായിക്കാനറിയില്ലത്രേ! നിങ്ങൾക്കു നാണമില്ലേ, ഹേ!'
നസ്രുദീൻ ഒന്നും മിണ്ടാതെ തന്റെ അങ്കിയും തലപ്പാവും അഴിച്ച് മറ്റേയാൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു:
'ഒരങ്കിയും തലപ്പാവും ധരിച്ചാൽ എന്തും ചെയ്യാൻ പറ്റുമെന്നാണു തന്റെ ധാരണയെങ്കിൽ ഇതാ, ഇതും വച്ചുകൊണ്ട് താനാ കത്തൊന്നു വായിക്കാൻ നോക്കിയാട്ടെ.'
*
84. അതിനു തന്റെ കുട്ടിക്കാലം ഓർമ്മ വന്നു
നസ്രുദീൻ ഒരിക്കൽ അങ്ങാടിയിലൂടെ പോകുമ്പോൾ കുറേ കുട്ടികൾ അയാളുടെ തൊപ്പി തട്ടിയെടുത്തു. അതു തിരിച്ചുപിടിക്കാൻ അയാൾ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; ഒടുവിൽ മുല്ലാ തൊപ്പി വേണ്ടെന്നു വച്ച് വീട്ടിലേക്കു പോയി.
വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു:
'മുല്ലാ, നിങ്ങളുടെ തൊപ്പിയെവിടെ?'
'എന്തു ചെയ്യാൻ, അതിനതിന്റെ കുട്ടിക്കാലം ഓർമ്മ വന്നു; അതിപ്പോൾ കുട്ടികളോടൊപ്പം വിളയാടുകയാണ്' മുല്ലാ പറഞ്ഞു.
85. അതെടുത്തു കളയൂ
'മുല്ലാ, വെട്ടിപ്പൊളിക്കുന്ന തലവേദന; എന്താ ചെയ്യേണ്ടത്?'
'കുറച്ചുദിവസം മുമ്പ് എനിക്കു വല്ലാത്തൊരു പല്ലുവേദന വന്നു; എന്തു ചെയ്തിട്ടും ഫലമുണ്ടായില്ല; ഒടുവിൽ ഞാനതു പറിച്ചുകളഞ്ഞു. ഇപ്പോഴെനിക്ക് യാതൊരസുഖവുമില്ല.'
*
86. ഞാനിറങ്ങുകയായിരുന്നു
നസ്രുദീൻ ഒരിക്കൽ കഴിതപ്പുറത്തുനിന്നു വീണു. കുട്ടികൾ ചുറ്റും കൂടി ആർത്തുവിളിച്ചു:
'മുല്ലാ കഴുതപ്പുറത്തുനിന്നു വീണേ! മുല്ലാ കഴുതപ്പുറത്തുനിന്നു വീണേ!'
മുല്ലാ ഒന്നും സംഭവിക്കാത്തതുപോലെ തട്ടിക്കുടഞ്ഞെഴുന്നേറ്റു നിന്നിട്ട് ഇങ്ങനെ പറഞ്ഞു:
'ഞാനേതായാലും ഇറങ്ങാൻ പോവുകയായിരുന്നല്ലോ!'
87. അയാൾക്കു തലയുണ്ടായിരുന്നില്ലേ?
നസ്രുദീൻ ഒരിക്കൽ ചങ്ങാതിയുമൊത്ത് കടുവയെ പിടിക്കാൻ പോയി. കടുവ ഓടിച്ചെന്നു കയറിയത് ഒരു ഗുഹയിൽ. കുറേ നേരം കഴിഞ്ഞിട്ടും കടുവ പുറത്തുവരാതിരുന്നപ്പോൾ ചങ്ങാതി ഗുഹക്കുള്ളിൽ തലയിട്ടു നോക്കി. പക്ഷേ പിന്നെ ചങ്ങാതിക്ക് ഒരനക്കവുമില്ല. നസ്രുദീൻ ക്ഷമകെട്ട് കാലിനു പിടിച്ചുവലിച്ച് അയാളെ പുറത്തേക്കിട്ടു. നോക്കുമ്പോൾ അയാളുടെ തല കാണാനില്ല! നസ്രുദീൻ അയാളെ അവിടെയിട്ടിട്ട് ഓടി അയാളുടെ വീട്ടിൽച്ചെന്ന് ഭാര്യയോടു ചോദിച്ചു:
'ഇന്നു കാലത്തു വീട്ടിൽ നിന്നിറങ്ങുമ്പോൾ നിങ്ങളുടെ ഭർത്താവിനു തലയുണ്ടായിരുന്നോ?'
88. വെളിച്ചം കണ്ടു പുറത്തേക്കു വരുന്നവർ
നസ്രുദീന്റെ ഭാര്യക്കു പ്രസവവേദന തുടങ്ങി. അയാൾ അയൽക്കാരെയും പേറ്റിച്ചിയേയും വരുത്തി. അൽപനേരം കഴിഞ്ഞ് പ്രസവമുറിയിൽ നിന്ന് അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു:
'മുല്ലാ, നിങ്ങൾക്കൊരു മകൻ പിറന്നു!'
മുല്ലായ്ക്കു സന്തോഷമായി.
അൽപസമയം കഴിഞ്ഞപ്പോൾ പേറ്റിച്ചി വീണ്ടും വിളിച്ചു:
'മുല്ലാ, നിങ്ങൾക്കൊരു പെൺകുട്ടിയുമായി!'
ഒരഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ അവർ വീണ്ടും വിളിക്കുകയായി:
'മുല്ലാ, ഇതാ ഒരു പെൺകുട്ടി കൂടി!'
മുല്ലാ നേരെ പ്രസവമുറിക്കുള്ളിൽ കടന്ന് മെഴുകുതിരി ഊതിക്കെടുത്തി.
'നിങ്ങളിതെന്താ ചെയ്യുന്നത്!' സ്ത്രീകൾ അമ്പരന്നുപോയി.
'അല്ല, വെളിച്ചം കണ്ട് ഓരോരുത്തരായിട്ടിങ്ങനെ പുറത്തേക്കു വരാൻ തുടങ്ങിയാൽപ്പിന്നെ ഞാനെന്തു ചെയ്യും?' മുല്ലാ ചോദിച്ചു.
89. മനസ്സു മണക്കുന്നവർ
ഒരുപാടുള്ളിയരിഞ്ഞിട്ട്, അതിൽ കുരുമുളകും പുതിനയിലയും ചേർത്തുണ്ടാക്കിയ സൂപ്പിനെക്കുറിച്ചു കിനാവു കാണുകയായിരുന്നു മുല്ലാ. ഈ സമയത്ത് അയൽക്കാരന്റെ മകൻ ഒരു പാത്രവും കൊണ്ട് കടന്നുവന്നിട്ടു പറഞ്ഞു:
'സൂപ്പുണ്ടെങ്കിൽ കുറച്ചു കൊടുക്കാൻ അച്ഛൻ പറഞ്ഞയച്ചു.'
മുല്ലായ്ക്കു ചിരി വന്നു:
'എന്റെ അയൽക്കാർ എന്റെ മനസ്സിലുള്ളതു പോലും മണത്തറിയും!'
*
90. എത്ര ദൂരം?
ഒരു ദിവസം രാത്രി കിടക്കുമ്പോൾ ഭാര്യ മുല്ലായോടു പറഞ്ഞു:
'ഒന്നു ദൂരെമാറിക്കിടന്നൂടേ!'
മുല്ലാ എഴുന്നേറ്റ് ചെരുപ്പും വലിച്ചുകേറ്റി തെരുവിലേക്കിറങ്ങിനടന്നു. ഒരു രണ്ടു മണിക്കൂർ നടന്നപ്പോൾ എതിരെ ഒരു ചങ്ങാതി വരുന്നു.
കുശലപ്രശ്നങ്ങൾക്കു ശേഷം മുല്ലാ അയാളോടു പറഞ്ഞു:
'നാട്ടിൽ ചെല്ലുമ്പോൾ എന്റെ വീട്ടിലും ഒന്നു കയറണം; എന്നിട്ട് എന്റെ ഭാര്യയോടു ചോദിക്കുക, ഞാൻ ഇത്രയും ദൂരെപ്പോയാൽ മതിയോയെന്ന്.'
*
91. ഈ വലിയ പാത്രത്തിൽ
നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:
'ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.'
നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത് ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:
'എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!'
92. കച്ചവടത്തിന്റെ രസം
നസ്രുദീൻ ഒമ്പതു മുട്ട വാങ്ങി അതേ വിലയ്ക്ക് പത്തെണ്ണം വിൽക്കും. ഇതെന്തു കച്ചവടമാണെന്നന്വേഷിച്ചവരോട് അയാൾ പറഞ്ഞതിതാണ്: 'എന്നെ നോക്ക്, മറ്റുള്ളവരെ നോക്ക്. എന്റെ ചുറ്റും ആളൊഴിയാതെ നിൽക്കുന്നതു കണ്ടില്ലേ? ഞാൻ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് മറ്റുള്ളവർ കാണണമെന്നേ എനിക്കുള്ളു.'
93. അത്തിയും മത്തനും
നസ്രുദീൻ ഒരു കൂട നിറയെ മത്തങ്ങയുമായി പോകുന്നതു കണ്ടിട്ട് ഒരു ചങ്ങാതി വിവരമന്വേഷിച്ചു. താനത് തിമൂറിനു കാഴ്ചവയ്ക്കാൻ പോവുകയാണെന്നു മുല്ലാ പറഞ്ഞു. തിമൂറിന് മത്തങ്ങ ഇഷ്ടമല്ലെന്നും പകരം അത്തിപ്പഴം കൊണ്ടുചെല്ലുന്നതാവും നല്ലതെന്നും ചങ്ങാതി ഉപദേശിച്ചു. അങ്ങനെ മുല്ലാ ഒരു കൂട അത്തിപ്പഴവുമായി തിമൂറിനെ മുഖം കാണിക്കാൻ ചെന്നു. പക്ഷേ അന്നെന്തോ രസക്കേടിലിരിക്കുകയായിരുന്ന തിമൂർ അത്തിപ്പഴം കണ്ടയുടനേ അതെടുത്ത് മുല്ലായുടെ തലയ്ക്കെറിയാൻ ഉത്തരവിട്ടു. ഓരോ അത്തിപ്പഴം വന്നുകൊള്ളുമ്പോഴും മുല്ലാ ദൈവത്തിനു നന്ദി പറയാൻ തുടങ്ങി. കാര്യമന്വേഷിച്ച തിമൂറിനോട് മുല്ലാ പറഞ്ഞു: 'ചങ്ങാതി പറഞ്ഞതു കേൾക്കാതെ ഞാൻ മത്തങ്ങയെങ്ങാനും കൊണ്ടുവന്നിരുന്നെങ്കിൽ എന്റെ ഗതി എന്തായിപ്പോയേനേ!'
*
94. അതിനു സ്വന്തം കഴുതയെ നോക്ക്!
കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട് മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത് ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട് തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. കൈവാക്കിന് ഒരു കഴുതയെ കിട്ടിയപ്പോൾ അവർ അതിനെത്തന്നെ ശിക്ഷ നടത്താൻ ഉപയോഗിക്കുകയും ചെയ്തു. മുല്ലാ തിരിച്ചുവന്ന് കഴുതയെ കാണാതെയായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.
അൽപകാലം കഴിഞ്ഞ് അതേ മനുഷ്യനെ അതേ കുറ്റത്തിന് അതേ ശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ നടപ്പാക്കാൻ കഴുത വേണമെന്നായപ്പോൾ കോടതിയധികാരികൾ കഴുതയെ വേണമെന്നു പറഞ്ഞ് മുല്ലായുടെയടുത്തേക്ക് ആളെയയച്ചു. മുല്ലാ പൊട്ടിത്തെറിച്ചു:
'എനിക്കെന്റെ കഴുതയെ തരാനൊന്നും പറ്റില്ല. ഒന്നുകിൽ ഈ പണി നിർത്താൻ അയാളോടു പോയിപ്പറയുക; അല്ലെങ്കിൽ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി ഒരു കഴുതയെ വാങ്ങിവയ്ക്കാൻ അയാളോടു പറയുക.'
95. എന്തു ചെയ്യണമെന്ന് എനിക്കറിയാം
ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.
'വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!' മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി.
അവർ കൊണ്ടുപിടിച്ചുതിരഞ്ഞ് ഒടുവിൽ എവിടുന്നോ സഞ്ചി കണ്ടെത്തി മുല്ലായ്ക്കു കൊണ്ടുകൊടുത്തു. മുല്ലാ സത്രം വിടുമ്പോൾ ഒരു ജിജ്ഞാസു ചോദിച്ചു:
'സഞ്ചി കിട്ടിയില്ലായിരുന്നെങ്കിൽ താങ്കളെന്തു ചെയ്യുമായിരുന്നു?'
'ഓ, അതോ,' മുല്ലാ തോളു വെട്ടിച്ചു. 'വീട്ടിൽ കുറേ പഴയ തുണി കിടപ്പുണ്ട്; ഞാൻ അതു വെട്ടി പുതിയൊരു സഞ്ചിയുണ്ടാക്കുമായിരുന്നു!'
96. ആശ നടത്തൽ
നസ്രുദീന്റെ അയൽക്കാരന് വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത് നസ്രുദീൻ കണ്ടു. അയാൾ ശബ്ദം കേൾപ്പിക്കാതെ അടുത്തുചെന്ന് കാളയുടെ കൊമ്പുകൾക്കിടയിൽ ഇരുപ്പു പിടിച്ചു. കാള ഞെട്ടിയുണർന്ന് നസ്രുദീനെ കുടഞ്ഞുവീഴ്ത്തി. തലയിടിച്ചുവീണ നസ്രുദീന് ബോധവും നഷ്ടപ്പെട്ടു. അയാൾ നിലത്ത് അനക്കമറ്റു കിടക്കുന്നതു കണ്ടപ്പോൾ ഭാര്യ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു. ബോധം വന്ന നസ്രുദീൻ ഭാര്യയെ സാന്ത്വനപ്പെടുത്തി: 'കരയാതെ പൊന്നേ,ബുദ്ധിമുട്ടിയാലും മുറിവു പറ്റിയാലും എന്റെയൊരാശ നടന്നില്ലേ!'
97. വലിയ തെറ്റുകൾ
തിമൂറിന്റെ കാലത്ത് ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനു വിലക്കുണ്ടായിരുന്നു. വലിയൊരു കത്തിയുമായി പാഠശാലയിലേക്കു പോയ നസ്രുദീനെ ഭടന്മാർ തടഞ്ഞുനിർത്തി.
'കത്തി കൊണ്ടുനടക്കാൻ പാടില്ലെന്നു തനിക്കറിയില്ലേ?'
'മറ്റൊന്നിനുമല്ലേ, പുസ്തകങ്ങളിലെ തെറ്റുകൾ ചുരണ്ടാനാണേ ഞാനിതുപയോഗിക്കുന്നത്.'
'അതിനിത്രയും വലിയ കത്തി വേണോ?'
'അത്രയും വലുതല്ലേ തെറ്റുകൾ!'
*
98. തിരിച്ചുകിട്ടുന്നതിന്റെ ആനന്ദം
മുല്ലായുടെ കഴുതയെ ഒരിക്കൽ കാണാതെപോയി. അയാൾ അങ്ങാടിയിലേക്കോടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
'എന്റെ കഴുതയെ കണ്ടുപിടിച്ചുകൊണ്ടുവരുന്നവന് ആ കഴുതയെ സമ്മാനമായി നൽകുന്നതാണ്!'
ആളുകൾക്കത്ഭുതമായി.
'കണ്ടുപിടിക്കുന്നവനു തന്നെ കൊടുക്കാനാണെങ്കിൽപ്പിന്നെ താനെന്തിനാ അതിനെ അന്വേഷിക്കുന്നത്?'
'ആഹാ, അതുകൊള്ളാം,' നസ്രുദീൻ പറഞ്ഞു, 'നഷ്ടപ്പെട്ട ഒരു സാധനം തിരിച്ചുകിട്ടുന്നതിന്റെ സന്തോഷം നിങ്ങൾക്കറിയില്ലേ!'
*
99. പോന്നതു ഭാഗ്യം!
നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു.
'നല്ല രസമായിരുന്നു,' അയാൾ പറയുകയാണ് 'ഞാൻ ചെന്ന തിങ്കളാഴ്ച ഒരു വീടിനു തീപ്പിടിച്ച് രണ്ടുപേർ ചത്തു. അടുത്ത ദിവസം ഒരു നായ പേയിളകി മൂന്നു പേരെ കടിച്ചു; ഞാനവരുടെ മുറിവിൽ ഇരുമ്പു പഴുപ്പിച്ചുവച്ചു. ബുധനാഴ്ച നല്ല മഴ; കുറേ വീടു തകർന്നു. വ്യാഴാഴ്ച ഒരു കാള ഭ്രാന്തിളകി ചന്തയിലോടിനടന്ന് രണ്ടുപേരെ കൊന്നു. വെള്ളിയാഴ്ച ഒരുത്തൻ വട്ടു പിടിച്ച് അവന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊത്തിനുറുക്കി. ഞാനവനെ അടിച്ചുശരിയാക്കി കവലയിൽ കൊണ്ടുപോയി തൂക്കിലിട്ടു. ശനിയാഴ്ച ഒരു വീടിടിഞ്ഞ് അകത്തുണ്ടായിരുന്നവരൊക്കെ ചത്തു. ഞായറാഴ്ച തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന ഒരു പെണ്ണ് ഒരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തതു കാണാനും പോയി. ഒരാഴ്ച പോയതറിഞ്ഞില്ല!'
നസ്രുദീന് തന്റെ വെറുപ്പു മറച്ചുപിടിക്കാൻ പറ്റിയില്ല:
'നിങ്ങൾ എത്രയും വേഗം ആ നാട്ടിൽ നിന്നു പോന്നതു നന്നായി. അല്ലെങ്കിൽ അവിടെ ഒറ്റ മനുഷ്യൻ ജീവനോടെ ശേഷിക്കുമായിരുന്നില്ല; ഒരു മരം പോലും നിവർന്നു നിൽക്കുമായിരുന്നില്ല!'
*
100. നാളെ രാവിലെ കേൾക്കാം!
നസ്രുദീനും ഒരു ചങ്ങാതിയും കൂടി രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ കള്ളന്മാർ ഒരു കട കുത്തിത്തുറക്കാൻ നോക്കുന്നതു കണ്ടു. ഒരു കള്ളൻ അരം കൊണ്ട് താഴ് അറുത്തുമുറിക്കാൻ നോക്കുകയാണ്. തങ്ങൾ രണ്ടുപേരെക്കൊണ്ട് അവർക്കു കിടനിൽക്കാനാകില്ലെന്നു മനസ്സിലായ നസ്രുദീൻ അവരെ കണ്ടില്ലെന്ന മട്ടിൽ നടന്നുപോയി.
'ഈ പാതിരാത്രിക്ക് അവരവിടെ എന്തു ചെയ്യുകയാണ്?' ചങ്ങാതി ചോദിച്ചു.
'ഒരുത്തൻ വയലിൻ വായിക്കുകയാണ്, മറ്റവന്മാർ അതു കേട്ടുകൊണ്ടുനിൽക്കുകയും.'
'അതിനു വയലിൻ കേൾക്കാനില്ലല്ലോ?'
'അതു നാളെ കാലത്തു കേൾക്കാം!' നസ്രുദീൻ പുഞ്ചിരിയോടെ പറഞ്ഞു.
*
101. ശവപ്പറമ്പിലേക്കുള്ള വഴി
നസ്രുദീൻ വലിയൊരു മരത്തിൽ കയറിയിരുന്ന് അതിന്റെ കൊമ്പു മുറിക്കാൻ തുടങ്ങി. അതുവഴി പോയ ഒരാൾ അലറിവിളിച്ചു:
'ഹേയ്, താനെന്താണീ കാണിക്കുന്നത്! ഇരിക്കുന്ന കൊമ്പു മുറിക്കുകയോ? താൻ താഴെ വീണു ചാവും!'
നസ്രുദീൻ അതു ഗൗനിക്കാതെ മരംവെട്ടു തുടർന്നു; അധികം താമസിയാതെ അയാൾ മരക്കൊമ്പിനൊപ്പം താഴെ വീഴുകയും ചെയ്തു. വീണയാൾ പക്ഷേ ചതവും മുറിവുമൊന്നും കണക്കാക്കാതെ തന്റെ വീഴ്ച മുൻകൂട്ടിക്കണ്ടയാളിന്റെ പിന്നാലെ പാഞ്ഞു. 'ഞാൻ വീഴാൻ പോവുകയാണെന്നു പ്രവചിച്ച നിങ്ങൾക്ക് ഞാൻ എന്നു മരിക്കുമെന്നുകൂടി പറയാൻ പറ്റും. അതെപ്പോഴാണെന്നൊന്നു പറയാമോ?' തനിക്കതൊന്നുമറിയില്ല എന്നു മറ്റേയാൾ പറഞ്ഞിട്ടും നസ്രുദീൻ വിട്ടില്ല. ഒടുവിൽ ശല്യം തീരട്ടെയെന്നുവച്ച് അയാൾ ഇങ്ങനെയൊരു പ്രവചനം നടത്തി: 'നസ്രുദീന്റെ കഴുത വലിയൊരു കെട്ടു വിറകുമായി കുന്നു കയറിപ്പോകുമ്പോൾ അതു മൂന്നുവട്ടം കരയും; അന്നയാൾ മരിക്കും.' അങ്ങനെ നസ്രുദീൻ കഴുതയുമായി കുന്നു കയറിപ്പോകുമ്പോൾ കഴുത മൂന്നുവട്ടം കരഞ്ഞു. അയാളുടനെ 'ഞാൻ ചത്തു!' എന്നു പറഞ്ഞുകൊണ്ട് തറയിൽ മലർന്നുകിടന്നുകിടക്കുകയും ചെയ്തു.
നാട്ടുകാർ അയാളെയെടുത്ത് വിട്ടിൽക്കൊണ്ടുപോയി കുളിപ്പിച്ച് ശവപ്പെട്ടിയിലാക്കി കുഴിച്ചിടാൻ കൊണ്ടുപോയി. പോകുന്നവഴിയ്ക്ക് പാത രണ്ടായിപ്പിരിയുന്നിടത്ത് അവർ നിന്നു; ഏതുവഴിയേ പോകണമെന്ന് അവർക്കു സംശയമായി. ക്ഷമ നശിച്ച നസ്രുദീൻ തല പുറത്തേക്കിട്ടുകൊണ്ട് വിളിച്ചുപറഞ്ഞു: 'ജീവിച്ചിരുന്നപ്പോൾ ഞാൻ ഈ വഴിയാണ് ശ്മശാനത്തിലേക്കു പോകാറുള്ളത്!'
*
102. ചെന്നായയെ എന്തിനു ശല്യപ്പെടുത്തണം
നസ്രുദീൻ മലയിൽ കയറി മരംവെട്ടുമ്പോൾ ഒരു ചെന്നായ വന്ന് അയാളുടെ കഴുതയെ കൊന്നു തിന്നുകളഞ്ഞു. ഇതു കണ്ട ആരോ അയാളെ വിളിച്ചുപറഞ്ഞു, 'നസ്രുദീനേ, തന്റെ കഴുതയെക്കൊന്ന ചെന്നായ അതാ ആ കുന്നു കയറി പോകുന്നു!'
നസ്രുദീൻ തന്റെ കഴുതയുടെ അവശിഷ്ടങ്ങൾ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: 'ഓ, ഇനിയെന്തു ചെയ്യാനാ? നിറഞ്ഞ വയറുമായി കുന്നു കയറാൻ നോക്കുന്ന ഒരു ചെന്നായയെ നമ്മളെന്തിനു ശല്യപ്പെടുത്തണം!'
*
103. മാറ്റമൊന്നുമില്ല
നസ്രുദീൻ ഒരിക്കൽ കഴുതപ്പുറത്തു കയറിപ്പോകുമ്പോൾ വഴിയേ പോയ ഒരാൾ ചോദിച്ചു,
'തന്റെ കഴുതയ്ക്ക് എത്ര കാലുണ്ട്, നസ്രുദീനേ?'
നസ്രുദീൻ കഴുതപ്പുറത്തു നിന്നിറങ്ങിവന്ന് കഴുതയുടെ കാലുകൾ ഓരോന്നായി എണ്ണിത്തിട്ടം വരുത്തിയിട്ടു പറഞ്ഞു: 'നാലുകാലുണ്ട്.'
ഇതു കണ്ടുനിന്ന ചിലർ ചോദിച്ചു,
'തന്റെ കഴുതയ്ക്ക് എത്ര കാലുണ്ടെന്ന് തനിക്കറിഞ്ഞൂടേടോ?'
'അറിയുകയൊക്കെച്ചെയ്യാം,' നസ്രുദീൻ പറഞ്ഞു. 'ഞാൻ ഏറ്റവും ഒടുവിൽ എന്റെ കഴുതയുടെ കാലുകളെണ്ണിയത് ഇന്നലെ രാത്രിയിലാണ്; അതിനു ശേഷം എന്തെങ്കിലും മാറ്റം വന്നോയെന്നുറപ്പുവരുത്തണമല്ലോ?'
*
104. നിരപരാധിയായ കള്ളൻ
നസ്രുദീന്റെ കഴുത മോഷണംപോയി. വന്നുകൂടിയവർ പക്ഷേ അയാളെ കുറ്റപ്പെടുത്താണാണു തുടങ്ങിയത് : 'തനിക്കെന്താ തൊഴുത്തു പൂട്ടിക്കൂടായിരുന്നോ? 'രാത്രിയിൽ അനക്കമൊന്നും കേട്ടില്ലേ?' 'കഴുതയെ നല്ലപോലെ കെട്ടിയിടണമായിരുന്നു.' നസ്രുദീൻ കുറെയൊക്കെ കേട്ടുക്ഷമിച്ച ശേഷം പറഞ്ഞു: 'ശരി, എല്ലാവരും കൂടി എന്നെയാണല്ലോ കുറ്റപ്പെടുത്തുന്നത്. കള്ളന്റെ മേൽ കുറ്റമൊന്നുമില്ല, അല്ലേ!'
*
105. മീനാരങ്ങൾ പണിയുന്ന രീതി
നസ്രുദീൻ ഒരിക്കൽ പട്ടണത്തിലേക്കു പോകുമ്പോൾ ഒരു ചങ്ങാതിയെക്കൂടിക്കൂട്ടി. പട്ടണത്തിലെ ഉത്തുംഗങ്ങളായ മീനാരങ്ങൾ കണ്ടപ്പോൾ ചങ്ങാതിക്കതിശയമായി.
'ഇത്രയും ഉയരത്തിൽ ഇവയെങ്ങിനെയാ പണിതൊപ്പിക്കുന്നത്?' അയാൾ ചോദിച്ചു.
'അതറിയില്ലേ,' നസ്രുദീൻ പറഞ്ഞു. 'കിണറുകളെടുത്ത് കുത്തിനിർത്തുന്നതാണ്!'
*
106. വാത്തിനെത്ര കാല്?
തിമൂർ നസ്രുദീന്റെ നാട്ടിലെത്തി. നസ്രുദീൻ സുൽത്താനു കാഴ്ചവയ്ക്കാനായി ഒരു വാത്തിനെയും പൊരിച്ചെടുത്തുകൊണ്ട് യാത്രയായി. പോകുന്ന വഴി അയാൾ കൊതി നിൽക്കാതെ വാത്തിന്റെ ഒരു കാലെടുത്തു തിന്നുകളഞ്ഞു.
ഒരു കാലു പോയ വാത്തിനെ കണ്ടപ്പോൾ തിമൂറിനു ദേഷ്യം പിടിച്ചു. മുടന്തനായ തന്നെ ആക്ഷേപിക്കാനായി മുല്ലാ മന:പൂർവം ചെയ്തതാണതെന്ന് അയാൾ ധരിച്ചു.
'വാത്തിന്റെ മറ്റേക്കാലെവിടെ?' തിമൂർ ഗർജ്ജിച്ചു.
'ഈ നാട്ടിലെ വാത്തുകൾക്ക് ഒറ്റക്കാലേയുള്ളു, സുൽത്താനേ,' നസ്രുദീൻ താഴ്മയോടെ ഉണർത്തിച്ചു. പാടത്തു വെയിലും കൊണ്ടുനിൽക്കുന്ന വാത്തുകളെ അയാൾ ചൂണ്ടിക്കാണിച്ചു. ഒക്കെ ഒറ്റക്കാലിൽ നിൽക്കുകയാണ്!
'കന്നത്തം പറയുന്നോ!' തിമൂറിന്റെ ദേഷ്യം ഇരട്ടിച്ചു. വാത്തുകളെ ഓടിക്കാൻ സുൽത്താൻ ഭടന്മാരോടാജ്ഞാപിച്ചു. അവർ ഒച്ചയും ബഹളവുമായി ഇരച്ചുചെന്നപ്പോൾ വാത്തുകൾ രണ്ടുകാലും വച്ച് ഓടിപ്പോവുകയും ചെയ്തു.
'ഇപ്പോൾ രണ്ടുകാൽ എവിടുന്നു വന്നു?' തിമൂർ നസ്രുദീനു നേരേ തിരിഞ്ഞു.
'ഇങ്ങനെ വിരട്ടാൻ ചെന്നാൽ അങ്ങായാലും രണ്ടല്ല, നാലുകാലും വച്ചോടിയേനേ!'
*
107. ചുമട്ടുകൂലി
നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിന്നു സാധനം വാങ്ങി വീട്ടിലേൽപ്പിക്കാനായി ഒരു ചുമട്ടുകാരന്റെ കൈയിൽ കൊടുത്തുവിട്ടു. അയാൾ പക്ഷേ അതും കൊണ്ട് എവിടെയോ മറഞ്ഞുകളഞ്ഞു. നസ്രുദീൻ കുറേ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. അത്ഭുതമെന്നു പറയട്ടെ, പത്തുദിവസം കഴിഞ്ഞ് അതേ ചുമട്ടുകാരൻ അതേ ചുമടുമായി നടക്കുന്നത് നസ്രുദീന്റെ കണ്ണിൽപ്പെട്ടു. ഇത്തവണ നസ്രുദീനാണ് ഒളിച്ചുപോയത്. 'താനെന്താ അവനെ കണ്ടിട്ടും പോയിപ്പിടിക്കാതിരുന്നത്?' ആളുകൾ ചോദിച്ചു. 'പത്തുദിവസം ചുമടും കൊണ്ടുനടന്നതിന് അവൻ കൂലി ചോദിച്ചാൽ ഞാനെന്തു ചെയ്യും?' നസ്രുദീന്റെ സംശയം അതായിരുന്നു.
*
108. സുൽത്താന്റെ വില
തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, 'ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?'
'അമ്പതു വരാഹൻ,' നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
'എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!' തിമൂറിനു നീരസമായി.
"അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!'
*
109. വാത്തു പൊരിച്ചത്
ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
'അതിനെനിക്കെന്താ?' നസ്രുദീൻ ചോദിച്ചു.
'അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്.'
'അതിനു തനിക്കെന്താ?'
*
110. ആരാണു നസ്രുദീൻ?
നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട് നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. തനിക്കാളെ അറിയാമെന്നും പക്ഷേ തനിക്കീ മതിലു വീഴാതെ താങ്ങിനിർത്തേണ്ടതു കൊണ്ട് തനിക്കു പോയി അന്വേഷിക്കാൻ പറ്റില്ലെന്നും, ഇനിയഥവാ അത്ര അത്യാവശ്യമാണെങ്കിൽ തനിക്കു പകരം മതിലൊന്നു താങ്ങി നിൽക്കാമെങ്കിൽ താൻ പോയി ആളെ തേടിപ്പിടിച്ചുകൊണ്ടുവരാമെന്നും മതിലുചാരിനിന്നയാൾ പറഞ്ഞു. മറ്റേയാൾ അതു സമ്മതിച്ച് മതിൽ താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞിട്ടും നസ്രുദീനെ അന്വേഷിച്ചുപോയ ചങ്ങാതി തിരിച്ചുവന്നില്ല. ഒടുവിൽ അയാൾ വഴിയേ പോയ ചിലരോട് കാര്യം പറഞ്ഞു. അവർക്കു ചിരി വന്നു:
'നസ്രുദീൻ വലിയ തമാശക്കാരനാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾ സംസാരിച്ചതു നസ്രുദീനോടു തന്നെയാണ്!’
111. പൂവനിട്ടൊരു പെട
നസ്രുദീൻ ഒരിക്കൽ ചന്തയിൽ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട് എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. സ്വതന്ത്രരായ കോഴികളൊക്കെ പറന്നുപോയെന്നു പറയേണ്ടല്ലോ. പക്ഷേ പാവം പൂവനെ അയാൾക്കു പിടികിട്ടി. അവനിട്ടൊന്നു കൊടുത്തുകൊണ്ട് മുല്ലാ അലറി: 'കഴുതേ, ആർക്കും കണ്ണു കണ്ടുകൂടാത്ത പുലർച്ചയ്ക്ക് നിനക്കു സമയം നോക്കി തൊള്ള തുറക്കാനറിയാം; എന്നിട്ട് എന്റെ നാട്ടിലേക്കുള്ള വഴി നിനക്കറിയില്ല, അല്ലേ!'
*
112. തിമൂറിനറിയാത്ത കാര്യം
തിമൂറിന്റെ കാലത്ത് ശിക്ഷാവിധികൾ നിർദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസ്രുദീൻ ഇതു കാണാനിടവന്നു. തിമൂർ ഒച്ചവയ്ക്കുകയാണ്: 'അവനഞ്ഞൂറ്! അവനായിരം!മറ്റവനായിരത്തഞ്ഞൂറ്!' അപ്പോൾ നസ്രുദീൻ ചോദിച്ചു: 'സുൽത്താനേ, അങ്ങെയ്ക്കു സകലതും അറിയാമോ?' 'പിന്നറിയില്ലേ!' തിമൂർ കോപത്തോടെ ചീറി. 'അങ്ങനെയല്ല,' നസ്രുദീൻ പറഞ്ഞു. 'അങ്ങേയ്ക്കറിയാത്ത ചിലതുണ്ട്. ആയിരത്തഞ്ഞൂറിന്റെ അർത്ഥമോ ചാട്ടയടിയുടെ ചൂടോ അങ്ങേയ്ക്കറിയില്ല!'
113. തിരിഞ്ഞതു കഴുത
എവിടെയോ യാത്രക്കിറങ്ങിയ നസ്രുദീൻ കഴുതപ്പുറത്തിരുന്നത് പുറം തിരിഞ്ഞ്. 'നസ്രുദീനേ, താൻ കഴുതയ്ക്കു പുറം തിരിഞ്ഞാണിരിക്കുന്നത്!' ആളുകൾ വിളിച്ചുപറഞ്ഞു. 'ഹേയ്, അങ്ങനെയല്ല,' നസ്രുദീൻ അവരെ ബോധ്യപ്പെടുത്തി. 'കഴുതയാണു തിരിഞ്ഞുനിൽക്കുന്നത്.'
*
114. കോട്ടുവായ വരാനുള്ള കാരണങ്ങൾ
നസ്രുദീൻ ഒരിക്കൽ അടുത്തൊരു ഗ്രാമത്തിൽ പോയി. ആളുകൾ പക്ഷേ ലുബ്ധന്മാരായിരുന്നു. നസ്രുദീനു വിശന്നു. പക്ഷേ ആർക്കും അനക്കമില്ല. ഒരാൾ ചോദിക്കുകയാണ്: 'മുല്ലാ, ആളുകൾ കോട്ടുവായയിടുന്നതെന്തുകൊണ്ടാണ്?' 'രണ്ടുകാരണങ്ങളുണ്ട്,' നസ്രുദീൻ പറഞ്ഞു. 'ഒന്നുകിൽ ക്ഷീണം, അല്ലെങ്കിൽ വിശപ്പ്; എനിക്കു ക്ഷീണമില്ല!
115. ചന്ദ്രന്റെ മതിപ്പുവില
നസ്രുദീൻ ഒരിക്കൽ അങ്ങാടിയിലൂടെ പോകുമ്പോൾ ഒരാൾ അടുത്തെചെന്ന് ഇങ്ങനെ ചോദിച്ചു: 'മുല്ലാ, ഇന്നത്തെ ചന്ദ്രനെങ്ങനെ, മൂന്നിലോ നാലിലോ?' 'അതെനിക്കെങ്ങനെയറിയാം? ഞാൻ ചന്ദ്രനെ കച്ചവടം ചെയ്യാറില്ല!'
*
116. ഏണിവിൽപ്പനക്കാരൻ
നസ്രുദീൻ തോട്ടത്തിന്റെ മതിലിൽ ഏണി ചാരി വച്ച് ഉള്ളിൽക്കടന്നു. എന്നിട്ട് ഏണിയും തോളിൽ വച്ചു നടക്കുമ്പോൾ തോട്ടക്കാരൻ ചെന്നു പിടികൂടി. 'താനാരാ? തനിക്കെന്താ ഇവിടെ കാര്യം?' 'ഏണി വിൽക്കാൻ വന്നതാണ്!' നസ്രുദീൻ കണ്ണു ചിമ്മാതെ പറഞ്ഞു. ' 'ഇതെന്താ ഏണി വിൽക്കാനുള്ള സ്ഥാലമാണോ?' തോട്ടക്കാരൻ വിടുന്ന മട്ടില്ല. 'മണ്ടച്ചാരേ,' നസ്രുദീനും വിട്ടില്ല 'ഇന്നയിടത്തേ ഏണി വിൽക്കാവൂ എന്നുണ്ടോ!'
117. പിടകൾക്കൊരു പൂവൻ
ഒരിക്കൽ കുറേ തെരുവുപിള്ളേർ നസ്രുദീനെ പിടിച്ച് സ്നാനഗൃഹത്തിലേക്കു കൊണ്ടുപോയി. അവർ വസ്ത്രത്തിനുള്ളിൽ രഹസ്യമായി ഒരോ മുട്ടയും കരുതിയിരുന്നു. ഉള്ളിൽക്കടന്നിട്ട് അവർ പറഞ്ഞു:'എല്ലാവരും മുട്ടയിട്ടാട്ടെ; മുട്ടയിടാത്തയാൾ ഇന്നത്തെ ചെലവു നടത്തണം.' എന്നിട്ടവർ പിടക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട് മുട്ടകളെടുത്തെറിയാൻ തുടങ്ങി. അവരുടെ കളി മനസ്സിലായ നസ്രുദീൻ പെട്ടെന്നു ചാടിയെഴുനേറ്റ് ഒരു പൂവൻകോഴിയെപ്പോലെ കൂവാൻ തുടങ്ങി. 'നിങ്ങൾക്കെന്തു പറ്റി, നസ്രുദീനേ!' പിള്ളേർ അമ്പരന്നുപോയി. 'ഇത്രയും പിടകളുള്ളിടത്ത് ഒരു പൂവനെങ്കിലും വേണ്ടേടാ മക്കളേ!' നസ്രുദീൻ ചിരിച്ചു.
*
118. കിണറ്റിൽ വീണ ചന്ദ്രൻ
നസ്രുദീൻ ഒരിക്കൽ കിണറ്റിൽ നിന്നു വെള്ളം കോരാൻ ചെന്നു. നോക്കുമ്പോൾ ചന്ദ്രൻ കിണറ്റിൽ വീണുകിടക്കുകയാണ്. ചന്ദ്രനെ പുറത്തെടുക്കേണ്ടേ!. അയാൾ വീട്ടിലേക്കോടി കയറും കൊളുത്തുമെടുത്തുകൊണ്ടുവന്ന് ചന്ദ്രനെ വെളിയിലെടുക്കാനുള്ള ശ്രമം തുടങ്ങി. അതിനിടയിൽ കൊളുത്ത് കിണറ്റിനുള്ളിൽ എതോ കല്ലിൽ ഉടക്കിപ്പിടിച്ചു. നസ്രുദീൻ സർവ്വശക്തിയുമെടുത്ത് ആഞ്ഞുവലിച്ചു. കയറു പൊട്ടി അയാൾ മലർന്നടിച്ചുവീഴുകയും ചെയ്തു. എന്നിട്ടു നോക്കുമ്പോൾ അതാ ആകാശത്തു ചന്ദ്രൻ വിളങ്ങിക്കൊണ്ടു നിൽക്കുന്നു! അയാൾ ആശ്വസിച്ചു, 'ഞാൻ വീണാലെന്ത്, ചന്ദ്രനെ അകാശത്തെത്തിച്ചില്ലേ!'
119. വാക്കു മാറാത്തയാൾ
'നസ്രുദീനേ, തനിക്കെത്ര വയസ്സായി?'
'നാൽപത്.'
ഇതുതന്നെയല്ലേ ആറുകൊല്ലം മുമ്പും താൻ പറഞ്ഞത്?'
'പറഞ്ഞതു മാറ്റിപ്പറയുന്നയാളല്ല ഞാ ന്‍!'
*
120. ഭാര്യയുടെ പേര്
നസ്രുദീനും ചങ്ങാതിയും കൂടി തങ്ങളുടെ ഭാര്യമാരെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. നസ്രുദീൻ ഒരിക്കലും തന്റെ ഭാര്യയുടെ പേരു പറഞ്ഞിട്ടില്ലെന്ന കാര്യം ചങ്ങാതിക്കോർമ്മ വന്നു.
'തന്റെ ഭാര്യയുടെ പേരെന്താ?' അയാൾ ചോദിച്ചു.
'അറിഞ്ഞുകൂടാ.' നസ്രുദീൻ സമ്മതിച്ചു.
'അതു കൊള്ളാം, തന്റെ കല്യാണം കഴിഞ്ഞിട്ടെത്ര കാലമായി?'
'ഇരുപതുകൊല്ലം,' നസ്രുദീൻ പറഞ്ഞു. 'പക്ഷെ അന്നെന്റെ വിചാരം ഈ കല്യാണം അധികകാലം നീണ്ടുനിൽക്കാൻ പോകുന്നില്ലെന്നായിരുന്നു; അതിനാൽ ഞാൻ അവളുടെ പേരു പഠിക്കാൻ ശ്രമിച്ചതുമില്ല!'
121. കാണാതായ കഴുത
ഒരു കൃഷിക്കാരനു തന്റെ കഴുതയെ നഷ്ടപ്പെട്ടു. അയാൾ ഒരു കയറുമായി അതിനെ അന്വേഷിച്ചു പുറപ്പെട്ടു; വഴിക്ക് അയാൾ നസ്രുദീനെ കണ്ടുമുട്ടി. നമുക്കൊരുമിച്ചന്വേഷിക്കാമെന്നു പറഞ്ഞ് നസ്രുദീനും കൂട്ടത്തിൽക്കൂടി. പോകുന്ന വഴി അവർ ഒരു സത്രത്തിൽ കയറി. അവിടെ കൂടിയിരുന്നവരോട് നസ്രുദീൻ വിളിച്ചുചോദിച്ചു:
'നിങ്ങളിൽ പുകവലിക്കാത്തവനും ചായ,കാപ്പികൾ കുടിക്കാത്തവനുമായി ആരെങ്കിലുമുണ്ടോ?'
ഒരാൾ കൈപൊക്കി. നസ്രുദീൻ കൃഷിക്കാരനോടു പറഞ്ഞു:
' കയർ ആ ചങ്ങാതിയുടെ കഴുത്തിലേക്കിട്ടേക്ക്; അവനാണൊന്നാന്തരം കഴുത!'
122. പല്ലുവേദന
നസ്രുദീൻ പല്ലുവേദനയുമായി തെരുവിലൂടെ നടക്കുകയാണ്. പെട്ടെന്നൊരു നിലവിളി കേട്ടു. 'എന്തുപറ്റി ചങ്ങാതീ?' നസ്രുദീൻ വിളിച്ചു ചോദിച്ചു. 'എന്നെയൊരു പാമ്പു കടിച്ചു!' 'അത്രേയുള്ളോ? ഞാൻ കരുതി പല്ലുവേദനയായിരിക്കുമെന്ന്!'
123. നസ്രുദീൻ കുലുക്കമില്ലാത്തയാളാണ്!
നസ്രുദീന്റെ വീടിനു തീപ്പിടിച്ചു. 'നസ്രുദീനേ, തന്റെ വീടിനു തീപ്പിടിച്ചു! ഓടിച്ചെന്ന് അതണയ്ക്കാൻ നോക്ക്!' അയൽക്കാർ ബഹളം കൂട്ടി. 'തീ പിടിച്ചോട്ടെന്നേ,' നസ്രുദീൻ അക്ഷോഭ്യനായിരുന്നു. 'താക്കോൽ എന്റെ കൈയിലല്ലേ!'
124. അല്ലാഹുവിന്റെ ഭവനം
ഒരു ഭിക്ഷക്കാരൻ നസ്രുദീന്റെ വീടിന്റെ വാതിൽക്കൽ മുട്ടിയിട്ടു പറഞ്ഞു: 'ഇവിടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു പറഞ്ഞ് അല്ലാഹു എന്നെ വിട്ടതാണ്.' 'തനിക്കു വീടു തെറ്റിയെന്നു തോന്നുന്നു; അല്ലാഹുവിന്റെ താമസം അവിടെയാണ്!' അടുത്ത പള്ളി ചൂണ്ടിക്കാണിച്ചുകൊണ്ട് നസ്രുദീൻ പറഞ്ഞു
125. അവസാനത്തെ ചിരി
നസ്രുദീൻ മരണക്കിടക്കയിലാണ്. ഭാര്യമാർ രണ്ടുപേരും കറുത്ത പർദ്ദയും ധരിച്ച് വിഷാദിച്ചിരിക്കുമ്പോൾ നസ്രുദീൻ അവരോടു പറഞ്ഞു: 'ഇതെന്താണിങ്ങനെ? ആ പർദ്ദയൊക്കെ ഊരിക്കളയൂ. മുഖം കഴുകി, മുടി കോതി, നല്ല വേഷവും ധരിച്ച് സുന്ദരികളായിട്ടിരിക്കൂ.' 'ഭർത്താവു മരിക്കാൻ കിടക്കുമ്പോൾ ഞങ്ങളെങ്ങനെ സന്തോഷിക്കും?' ഒരു ഭാര്യ ചോദിച്ചു. ഒരു വരണ്ട ചിരിയോടെ നസ്രുദീൻ തന്നോടെന്നപോലെ ഇങ്ങനെ പറഞ്ഞു: 'മരണത്തിന്റെ മാലാഖ കടന്നുവരുമ്പോൾ നവവധുക്കളെപ്പോലെ അണീഞ്ഞൊരുങ്ങിയിരിക്കുന്ന നിങ്ങളെക്കണ്ട് എനിക്കു പകരം നിങ്ങളിലൊരാളെ കൊണ്ടുപോയാലോ!'
എന്നിട്ടു മുല്ലാ നസ്രുദീൻ കണ്ണുകളടച്ചു.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ