2017, ഡിസംബർ 3, ഞായറാഴ്‌ച

ബ്രഷ്റ്റ്–കവിതകള്‍ (1913-1920)


index


ഇഷ്ടങ്ങളുടെ പട്ടിക


ആഹ്ളാദങ്ങളിൽ, മിതമല്ലാത്തത്.
തോലുകളിൽ, ഉരിച്ചെടുക്കാത്തത്.

കഥകളിൽ, പിടി കിട്ടാത്തത്.
നിര്‍ദ്ദേശങ്ങളിൽ, തള്ളിക്കളയാനാവാത്തത്.

പെൺകുട്ടികളിൽ, പുതുമ മാറാത്തവള്‍.
സ്ത്രീകളിൽ, വിശ്വസ്തയല്ലാത്തവള്‍.

രതിമൂർച്ഛകളിൽ,  എകോപിപ്പിക്കാത്തത്.
വൈരങ്ങളിൽ, പരസ്പരമുള്ളത്.

പാർപ്പിടങ്ങളിൽ, താല്ക്കാലികമായത്.
വേർപാടുകളിൽ, ആഘോഷമാക്കാത്തത്.

കലകളിൽ, മുതലെടുക്കാനാവാത്തത്.
അദ്ധ്യാപകരിൽ, മറക്കാവുന്നവര്‍.

ആനന്ദങ്ങളിൽ, ഒളിപ്പിക്കാത്തത്.
ലക്ഷ്യങ്ങളിൽ, വീണുകിട്ടിയത്.

ശത്രുക്കളിൽ, മൃദുപ്രകൃതികള്‍.
മിത്രങ്ങളിൽ, ശിശുപ്രകൃതികള്‍.

പച്ചകളിൽ, മരതകപ്പച്ച.
സന്ദേശങ്ങളില്‍, വിളംബരം.

പ്രകൃതിശക്തികളിൽ, അഗ്നി.
ദേവന്മാരിൽ, ഉയർന്നവന്‍.

അടിമകളിൽ, മുട്ടിലിഴയുന്നവന്‍.
കാലങ്ങളിൽ, പെരുമഴക്കാലം.

ജീവിതങ്ങളിൽ, പ്രസന്നമായത്.
മരണങ്ങളിൽ, തല്ക്ഷണമായത്.


ലോകത്തിന്റെ സൌമനസ്യത്തെക്കുറിച്ച്


1
കൊടിയ ശോകത്തിന്റെ ശീതക്കാറ്റൂതുന്ന ഈ ലോകത്ത്
ഒരു നൂലിഴയുടെ മറ പോലുമില്ലാതെ നിങ്ങൾ വന്നു,
അഗതിയായി, തണുത്തു വെറുങ്ങലിച്ചു നിങ്ങൾ കിടന്നു,
പിന്നെയാണൊരു സ്ത്രീ വന്നു നിങ്ങളെ പൊതിഞ്ഞെടുക്കുന്നതും.

2
ഒരാളും നിങ്ങളെ വിളിച്ചില്ല, അടുത്തേക്കു നിങ്ങളെ വിളിച്ചില്ല,
നിങ്ങളെക്കൊണ്ടുപോകാന്‍ വണ്ടിയും വിളിച്ചാരും വന്നതുമില്ല.
ഈ ലോകത്തൊരപരിചിതനായിരുന്നു നിങ്ങൾ,
പിന്നെയാണൊരാൾ വന്നു നിങ്ങളുടെ കൈ പിടിക്കുന്നതും.

3
ഈ ലോകത്തിനിന്നതെന്നൊരു കടപ്പാടും നിങ്ങളോടില്ല:
നിങ്ങൾക്കു വേണമെങ്കിൽ പോകാം, ആരും നിങ്ങളെ തടയില്ല,
എന്റെ സുഹൃത്തേ, പലർക്കും നിങ്ങളാരുമല്ല, പക്ഷേ,
വേറേ പലരും നിങ്ങളെയോർത്തു കരയുകയും ചെയ്തു.

4
കൊടിയ ശോകത്തിന്റെ കാറ്റൂതുന്ന ഈ ലോകത്തു നിന്ന്
അഴുക്കിലും പൊടിയിലും കുളിച്ചു നിങ്ങൾ വിട്ടുപോകും.
ഒരാളൊഴിയാതെ നിങ്ങളീ ലോകത്തെ സ്നേഹിച്ചിരുന്നു,
അപ്പോഴാണു രണ്ടു പിടി മണ്ണു നിങ്ങൾക്കു മേൽ വന്നു വീഴുന്നതും.
 


അമ്മയെക്കുറിച്ചൊരു ഗാനം


1. പ്രാണവേദനയെടുക്കും മുമ്പ് അമ്മയുടെ മുഖമിന്നതായിരുന്നുവെന്ന് എനിക്കിപ്പോഴോർമ്മ വരുന്നില്ല. എല്ലു തെഴുത്ത നെറ്റിയിൽ നിന്ന് കറുത്ത മുടി ക്ഷീണത്തോടെ മാടിയൊതുക്കുന്ന കൈ ഞാനിപ്പോഴും പക്ഷേ കണ്മുന്നിൽ കാണുന്നു.

2. ഇരുപതു ഹേമന്തങ്ങൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നു; അവരനുഭവിച്ച യാതനകൾ എണ്ണമറ്റവയായിരുന്നു;  അവർക്കടുത്തേക്കു ചെല്ലാൻ മരണത്തിനു നാണമായിരുന്നു. പിന്നെ അവർ മരിച്ചു; ഒരു കുഞ്ഞിന്റേതു പോലെയേയുള്ളു അവരുടെ ഉടലെന്ന് പിന്നെ ഞങ്ങൾ കണ്ടു.

3. അവർ വളർന്നതു കാട്ടിലായിരുന്നു.

4. താൻ മരിക്കുന്നതു നോക്കിനോക്കി നിന്നു കല്ലിച്ച മുഖങ്ങൾക്കിടയിൽ കിടന്ന് അവർ മരിച്ചു. ജീവൻ വെടിയും മുമ്പ് ആ മുഖങ്ങളിലൂടലയുകയായിരുന്നു അവർ.

5.നമ്മെ വിട്ടുപോകുന്ന പലരുമുണ്ട്, പോകാതെ തടുക്കണമെന്നു നമുക്കു തോന്നാത്തവര്‍. പറയേണ്ടതൊക്കെ നാം പറഞ്ഞുകഴിഞ്ഞു, അവർക്കും നമുക്കുമിടയിൽ ഇനി വ്യവഹാരങ്ങളൊന്നുമില്ല, അവർ പിരിഞ്ഞുപോകുമ്പോൾ നമ്മുടെ മുഖം കല്ലിക്കുകയും ചെയ്തു. പക്ഷേ പ്രധാനപ്പെട്ട കാര്യങ്ങൾ നാമവരോടു  .പറഞ്ഞില്ല, സാരമായിട്ടുള്ളതു നാം പിടിച്ചുവയ്ക്കുകയായിരുന്നു.

6. ഹാ, പ്രധാനപ്പെട്ട കാര്യങ്ങൾ നാം എന്തുകൊണ്ടവരോടു പറഞ്ഞില്ല? അതെന്തെളുപ്പവുമായിരുന്നു. അതു ചെയ്തില്ലെന്നതിനാൽ അഭിശപ്തരുമായിപ്പോയി നാം. നമ്മുടെ പല്ലുകളിൽ തട്ടി നിൽക്കുകയായിരുന്നു അവ, അത്രയെളുപ്പമുള്ള ആ വാക്കുകൾ. നാം ചിരിച്ചപ്പോൾ അവ പുറത്തേക്കു തെറിച്ചു വീണു; ഇന്ന് അവ നമ്മെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

7. ഇപ്പോൾ എന്റെ അമ്മ മരിച്ചിരിക്കുന്നു, ഇന്നലെ, മേയ് ഒന്നിന്‌, സന്ധ്യയോടടുപ്പിച്ച്.  കൈനഖങ്ങൾ കൊണ്ട് ഇനിയുമവരെ മാന്തിയെടുക്കാൻ എനിക്കു കഴിയില്ല.


അഭിപ്രായങ്ങളൊന്നുമില്ല: